ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

മഹ്‌ര്‍ ‘കെട്ടിക്കൊടുക്കല്‍’


നിക്കാഹിനു ശേഷം ‘മഹ്‌റിന്റെ ചെയിന്‍ കെട്ടിക്കൊടുക്കല്‍’ എന്നൊരു ചടങ്ങ്‌ ഇന്ന്‌ പല വിവാഹങ്ങളിലും കാണുന്നു. അമുസ്‌ലിംകളുടെ താലികെട്ടല്‍ ചടങ്ങിന്‌ സമാനമല്ലേ ഇത്‌?

എ ആര്‍ അബ്‌ദുല്ല, മാത്തോട്ടം  

ഭര്‍ത്താവ്‌ ഭാര്യക്ക്‌ നല്‌കേണ്ടതാണല്ലോ മഹ്‌ര്‍. നിക്കാഹിന്റെ ചടങ്ങില്‍ വെച്ച്‌ അത്‌ അമ്മോശന്റെയോ അളിയന്റെയോ കൈയില്‍ ഏല്‌പിക്കേണ്ടതാണെന്ന്‌ ഇസ്‌ലാമിക പ്രമാണങ്ങളിലൊന്നും വ്യക്തമാക്കിയിട്ടില്ല. അത്‌ ഭാര്യയുടെ കൈയില്‍ കൊടുക്കുകയോ ചെയിനാണെങ്കില്‍ അവളുടെ കഴുത്തില്‍ അണിയിക്കുകയോ ചെയ്യുന്നതില്‍ യാതൊരു അപാകതയുമില്ല. എന്നാല്‍ ചെയിന്‍ അണിയിക്കല്‍ നിക്കാഹ്‌ ചടങ്ങിന്റെ ഭാഗമെന്നോണം ഒരു മതാചാരമാക്കി മാറ്റാന്‍ പാടില്ല. അത്‌ സദസ്സില്‍ ജനങ്ങളെ സാക്ഷ്യപ്പെടുത്തി ചെയ്യേണ്ടതുമില്ല.

ബഹുദൈവ വിശ്വാസികള്‍ എന്ന്‌ വിളിക്കാമോ?


ദൈവം ഒന്നേയുള്ളൂ എന്ന സത്യം മനുഷ്യരിലെ ദൈവസങ്കല്‌പം അറിയുന്നവരെല്ലാം വിശ്വസിക്കുന്നു. അത്‌ മക്കാമുശ്‌രിക്കുകളുടെ കാലത്തും ആധുനികതയുടെ ഈ കാലഘട്ടത്തിലും അങ്ങനെ തന്നെ. കാണിക്കകളും നേര്‍ച്ചകളും പൂജകളും വഴിപാടുകളും ദൈവേതര സൃഷ്‌ടികള്‍ക്ക്‌ (ദൈവത്തിന്റെ അവതാരം, മുരീദ്‌, പുത്രന്‍) മനുഷ്യന്‍ അര്‍പ്പിക്കുന്നുണ്ടെങ്കിലും ഇവരുടെ ഉദ്ദേശ്യം ഈ മഹാത്മാക്കള്‍ വഴി തങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ദൈവത്തിലേക്കെത്തിക്കുക എന്നതാണ്‌.

യഥാര്‍ഥത്തില്‍ ഇങ്ങനെ സംഭവിക്കുന്നത്‌ ദൈവസത്തയെക്കുറിച്ചറിയാത്തതിനാലോ അല്ലെങ്കില്‍ പണ്ഡിതന്മാരെ അന്ധമായി അനുകരിക്കുന്നതോ കൊണ്ടാണ്‌. ഇവരാരും തന്നെ രണ്ട്‌ ദൈവമുണ്ട്‌ എന്ന്‌ അവകാശപ്പെടുന്നില്ല. അതിനാല്‍ ഇവരെ അന്ധവിശ്വാസികളും അനാചാരകര്‍മകരും എന്ന്‌ വിളിക്കാമെന്നല്ലാതെ ബഹുദൈവവിശ്വാസികള്‍ എന്ന്‌ വിളിക്കാന്‍ പാടുണ്ടോ?

അബൂനുബ്‌ല, എറവറാംകുന്ന്‌ 

ഹൈന്ദവരില്‍ മഹാഭൂരിപക്ഷവും അവരുടെ ആരാധ്യരെ ദൈവങ്ങള്‍ എന്ന്‌ തന്നെയാണ്‌ വിളിക്കാറുള്ളത്‌. പല ലോകഭാഷകളിലും ദൈവങ്ങള്‍ എന്ന പദത്തിന്‌ സമാനമായ ബഹുവചനപദങ്ങളുണ്ട്‌. സാക്ഷാല്‍ പ്രപഞ്ചനാഥനെ കുറിക്കാന്‍ ദൈവം എന്ന ഏകവചനം പ്രയോഗിക്കുന്നുവെന്നതുകൊണ്ട്‌ ഹൈന്ദവര്‍ ബഹുദൈവാരാധകരല്ലാതാകുന്നില്ല. സര്‍വേശ്വരന്റെ താഴെയുള്ള ദൈവങ്ങള്‍ എന്ന നിലയില്‍ തന്നെയാണ്‌ അവര്‍ അവരുടെ ആരാധ്യരെ കണക്കാക്കുന്നത്‌. അതിനാലാണ്‌ അവരെ ബഹുദൈവ വിശ്വാസികളെന്ന്‌ വിശേഷിപ്പിക്കുന്നത്‌.


എന്നാല്‍ ലോകക്ഷിതാവിനെക്കൂടാതെ ഞങ്ങള്‍ക്ക്‌ വേറൊരു ദൈവവുമില്ല. എന്ന്‌ ഉറപ്പിച്ചു പറയുന്നതോടൊപ്പം തന്നെ മറ്റാരെയെങ്കിലും ആരാധിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യുന്ന ചിലര്‍ പല മതക്കാരിലുമുണ്ട്‌. അവരെ ബഹുദൈവവിശ്വാസികള്‍ എന്ന്‌ വിശേഷിപ്പിക്കാതെ വ്യതിയാനം സംഭവിച്ച വിശ്വാസികള്‍ എന്ന നിലയില്‍ വിലയിരുത്തുന്നതാണ്‌ ഉചിതമായിട്ടുള്ളത്‌. ഈസാനബി(അ) ദൈവപുത്രനാണെന്ന്‌ വാദിച്ച ക്രിസ്‌ത്യാനികളെയും ഉസൈര്‍(അ) അഥവാ എസ്‌റാ പ്രവാചകന്‍ ദൈവപുത്രനാണെന്ന്‌ വാദിച്ച യഹൂദരെയും വിശുദ്ധ ഖുര്‍ആനില്‍ വിമര്‍ശിച്ചിട്ടുണ്ട്‌. അതുപോലെ തന്നെ ക്രൈസ്‌തവരുടെ ത്രിയേക ദൈവസങ്കല്‌പത്തെയും എതിര്‍ത്തിട്ടുണ്ട്‌. എന്നിട്ടും ഖുര്‍ആനിലെ 98:6 സൂക്തത്തില്‍ വേദക്കാരെ (യഹൂദരെയും ക്രിസ്‌ത്യാനികളെയും) ബഹുദൈവ വിശ്വാസികളില്‍ നിന്ന്‌ വ്യത്യസ്‌തമായ ഒരു വിഭാഗമായിട്ടാണ്‌ ഗണിച്ചിട്ടുള്ളത്‌. എന്നാലും കണിശമായ ഏകദൈവ വിശ്വാസത്തില്‍ നിന്ന്‌ വ്യതിചലിച്ച വേദക്കാര്‍ ശാശ്വതമായ നരകശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന്‌ ഈ സൂക്തത്തില്‍ വ്യക്തമാക്കിയിരിക്കയാല്‍, അവരെ ബഹുദൈവ വിശ്വാസികള്‍ എന്ന വകുപ്പില്‍ ഉള്‍പ്പെടുത്താതിരുന്നതുകൊണ്ട്‌ അവര്‍ക്ക്‌ പ്രത്യേക മഹത്വമൊന്നും ഇല്ലെന്ന്‌ ഉറപ്പാകുന്നു. കണിശമായ ഏകദൈവ വിശ്വാസത്തില്‍ നിന്ന്‌ വ്യതിചലിച്ചുപോയ മുസ്‌ലിം സമുദായാംഗങ്ങളുടെ അവസ്ഥ ഇതില്‍ നിന്ന്‌ വ്യത്യസ്‌തമാകാനിടയില്ല.

അനുസരണംകൊണ്ട്‌ പ്രവാചകത്വമോ?

“മുഹമ്മദ്‌ നബി(സ)യുടെ അനുസാരിത്വം കൊണ്ട്‌ മനുഷ്യന്‌ പ്രവാചകത്വ പദവിവരെ ലഭ്യമാകും. ഖാത്തമുന്നബിയ്യീന്‍ എന്ന അഭിധാനത്തിലെ അര്‍ഥവിവക്ഷ സജീവമായതും ഒരിക്കലും നിലക്കാത്തതുമായ ഈ അനുഗ്രഹത്തെ സൂചിപ്പിക്കുന്നു... അല്ലാഹുവും അവന്റെ റസൂലും ഹദ്‌റത്ത്‌ ഇമാം മഹ്‌ദി(അ)യെ നബിയെന്ന നാമത്തിലാണ്‌ സംബോധന ചെയ്‌തിട്ടുള്ളത്‌. എന്നാല്‍ താന്‍ എപ്രകാരത്തിലുള്ള പ്രവാചകനാണെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. തനിക്ക്‌ ഒരു പുതിയ ശരീഅത്തില്ലെന്നും തന്റെ പ്രവാചകത്വം തിരുനബി(സ)യെ അനുസരിച്ചുകൊണ്ട്‌ മാത്രം കിട്ടിയതാണെന്നും അദ്ദേഹം വ്യക്തമാക്കിയത്‌.” (സത്യദൂതന്‍, പേജ്‌ 17). ഇതിനെക്കുറിച്ച്‌ മുസ്‌ലിം എന്ത്‌ പറയുന്നു.

അന്‍സാര്‍ ഒതായി 

മുഹമ്മദ്‌ നബി(സ)യെ അനുസരിക്കുന്നതുകൊണ്ട്‌ പ്രവാചകത്വ പദവി കൈവരുമെന്ന്‌ അല്ലാഹുവോ നബി(സ)യോ പറഞ്ഞിട്ടില്ല. വിശുദ്ധ ഖുര്‍ആനിലെ 4:69 സൂക്തം ദുര്‍വ്യാഖ്യാനം ചെയ്‌തുകൊണ്ടാണ്‌ ഖാദിയാനികള്‍ അപ്രകാരം ജല്‌പിക്കുന്നത്‌. ആ സൂക്തത്തിന്റെ ശരിയായ പരിഭാഷ ഇപ്രകാരമാണ്‌: “ആര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാര്‍, സത്യസന്ധന്മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍.” അല്ലാഹുവെയും റസൂലി(സ)നെയും യഥോചിതം അനുസരിക്കുന്ന എല്ലാവര്‍ക്കും അല്ലാഹുനല്‍കുന്ന വാഗ്‌ദാനമാണിത്‌. സ്വര്‍ഗത്തില്‍ പ്രവാചകന്മാരുടെയും മറ്റും കൂടെ വസിക്കാനുള്ള സൗഭാഗ്യം. പ്രവാചകന്മാരുടെ കൂടെയായിരിക്കുക എന്നാല്‍ പ്രവാചകന്മാരായിത്തീരുക എന്നല്ല അര്‍ഥം. അങ്ങനെയാണെങ്കില്‍ അല്ലാഹുവെയും റസൂലി(സ)നെയും അനുസരിക്കുന്നവരൊക്കെ പ്രവാചകന്മാരായിത്തീരുമെന്ന്‌ പറയേണ്ടിവരും. അങ്ങനെ ഖാദിയാനികള്‍ക്ക്‌ വാദമില്ലല്ലോ.


‘ഖാത്തമുന്നബിയ്യീന്‍’ എന്ന വാക്കിന്‌ പ്രവാചകന്മാരില്‍ അവസാനത്തെ ആള്‍ എന്നാണര്‍ഥം. പ്രവാചകത്വം നിലക്കാത്ത അനുഗ്രഹമാണെന്ന സൂചന ആ വാക്കില്‍ അടങ്ങിയിട്ടുണ്ടെന്ന്‌ യാതൊരു നിഘണ്ടുവിലും പറഞ്ഞിട്ടില്ല. അല്ലാഹു ഹദ്‌റത്ത്‌ ഇമാം മഹ്‌ദി എന്നൊരാളെപ്പറ്റി യാതൊന്നും പറഞ്ഞിട്ടില്ല. അദ്ദേഹത്തെ നബിയെന്ന്‌ വിളിച്ചിട്ടുമില്ല. ഇത്‌ തനികള്ളമാണ്‌. ഖുര്‍ആനിലോ ഖുദ്‌സിയായ ഹദീസുകളിലോ ഇങ്ങനെയൊരു കാര്യമില്ല. മഹ്‌ദിയെപ്പറ്റി ചില ഹദീസുകളുണ്ടെങ്കിലും അവ പ്രബലമാണോ അല്ലേ എന്ന കാര്യത്തില്‍ ഹദീസ്‌ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്‌. ആ ഹദീസുകളിലും മഹ്‌ദി നബിയാണെന്ന്‌ പറഞ്ഞിട്ടില്ല. യാതൊരു തെളിവിന്റെയും പിന്‍ബലമില്ലാത്ത പ്രവാചകത്വവാദം മുസ്‌ലിംസമൂഹത്തിന്‌ ഒരിക്കലും സ്വീകാര്യമാവുകയില്ലെന്ന്‌ അറിയാവുന്നതുകൊണ്ട്‌ മീര്‍സ സൃഷ്‌ടിച്ച ഒരു ജാടയാണ്‌ ശരീഅത്തില്ലാത്ത പ്രവാചകന്‍ എന്ന വാദം. അത്തരമൊരു പ്രവാചകനെപ്പറ്റിയും അല്ലാഹുവോ റസൂലോ(സ) പരാമര്‍ശിച്ചിട്ടില്ല. സകല വ്യാജവാദങ്ങളും എഴുതി നിറക്കുന്ന മാസികയ്‌ക്ക്‌ ‘സത്യദൂതന്‍’ എന്ന്‌ പേരിട്ടതുതന്നെ വല്ലാത്തൊരു അട്ടിമറിയത്രെ.

കൃത്രിമ കാലഗണനാ സമ്പ്രദായത്തെ അവലംബിക്കാമോ?

അല്ലാഹു മനുഷ്യര്‍ക്ക്‌ കാലനിര്‍ണയത്തിന്‌ മാനദണ്ഡമാക്കിത്തന്നത്‌ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളാണ്‌ (വി.ഖു 2:189). സൂര്യന്‌ ചുറ്റും ഭൂമി കറങ്ങുന്ന സമയത്തെയല്ല. എങ്കില്‍ ചന്ദ്രന്റെ വൃദ്ധിക്ഷയത്തെ അവഗണിച്ച്‌ അല്ലാഹു പഠിപ്പിക്കാത്ത, മനുഷ്യര്‍ കൃത്രിമമായി ഉണ്ടാക്കിയ കാലഗണനാ സമ്പ്രദായത്തെ (കലണ്ടര്‍) മുസ്‌ലിംകള്‍ നിത്യജീവിതത്തിലെ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നത്‌ ശരിയാണോ?

കെ കെ അബ്‌ദുര്‍റഹീം, തിരുവനന്തപുരം 

ചന്ദ്രനെ അടിസ്ഥാനമാക്കി മാസവും സൂര്യനെ അടിസ്ഥാനമാക്കി ദിവസവും കണക്കാക്കുക എന്നതാണ്‌ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള കാലഗണന. നമസ്‌കാര സമയത്തെ സംബന്ധിച്ച്‌ സൂചിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ പരിഭാഷ ഇപ്രകാരമാകുന്നു: “സൂര്യന്‍ (ആകാശ മധ്യത്തില്‍ നിന്ന്‌) തെറ്റിയത്‌ മുതല്‍ രാത്രി ഇരുട്ടുന്നതുവരെ (നിശ്ചിത സമയങ്ങളില്‍) നീ നമസ്‌കാരം മുറ പ്രകാരം നിര്‍വഹിക്കുക. ഖുര്‍ആന്‍ പാരായണം ചെയ്‌തുകൊണ്ടുള്ള പ്രഭാത നമസ്‌കാരവും (നിര്‍വഹിക്കുക). തീര്‍ച്ചയായും പ്രഭാത നമസ്‌കാരത്തിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു”(17:78). സൂര്യന്‌ ചുറ്റും ഭൂമി കറങ്ങുന്നതിന്റെ അടിസ്ഥാനത്തില്‍ നമുക്ക്‌ അനുഭവപ്പെടുന്ന ഉദയം, അസ്‌തമയം, മധ്യാഹ്നം, അസ്‌തമയശേഷം ചക്രവാളത്തില്‍ അവശേഷിക്കുന്ന ശോഭ മറയല്‍, ഉദയത്തിനു മുമ്പ്‌ ചക്രവാളത്തില്‍ ശോഭ പ്രത്യക്ഷപ്പെടല്‍, മധ്യാഹ്നത്തിലെ നിഴലിന്‌ പുറമെ ഒരു വസ്‌തുവിന്റെ നിഴല്‍ അതിന്റെ വലിപ്പത്തോളമാകല്‍ എന്നീ കാര്യങ്ങളാണ്‌ നമസ്‌കാരസമയ നിര്‍ണയത്തിന്‌ നിദാനം.


കലണ്ടറുകള്‍ നിലവില്‍ വരുന്നതിന്‌ മുമ്പുതന്നെ ജനങ്ങള്‍ക്ക്‌, ഒരു മാസപ്പിറവി മുതല്‍ അടുത്ത മാസപ്പിറവി വരെയുള്ള ചാന്ദ്രമാസവും, ഒരു സൂര്യോദയം മുതല്‍ അടുത്ത സൂര്യോദയം വരെയുള്ള സൗരദിവസവും ഗണിച്ചെടുക്കാന്‍ കഴിയുമായിരുന്നു. ഈ സമയ/കാലഗണന ശാസ്‌ത്രീയഗണനാ രീതികളിലൂടെ കണിശമാക്കുകയാണ്‌ കലണ്ടറുകള്‍ തയ്യാറാക്കുന്നവര്‍ ചെയ്യുന്നത്‌. കലണ്ടര്‍ തയ്യാറാക്കുന്നവര്‍ക്ക്‌ നിസ്സാരമായ തെറ്റുകള്‍ പറ്റാറുണ്ടെങ്കിലും അവര്‍ ബോധപൂര്‍വം ഇസ്‌ലാംവിരുദ്ധ നീക്കങ്ങള്‍ നടത്തുന്നു എന്ന്‌ പറയാവുന്നതല്ല. സൂര്യ-ചന്ദ്ര ഉദയാസ്‌തമയങ്ങള്‍ ഒട്ടൊക്കെ കൃത്യമായി തന്നെയാണ്‌ കലണ്ടറുകളില്‍ രേഖപ്പെടുത്തുന്നത്‌. ഓരോ സൗരമാസത്തിലെയും ദിവസങ്ങളുടെ എണ്ണം നിര്‍ണയിച്ചതിനാണ്‌ ശാസ്‌ത്രീയമായ അടിസ്ഥാനമില്ലാത്തത്‌. സൗരമാസത്തെ ആധാരമാക്കിയുള്ള അനുഷ്‌ഠാനങ്ങളൊന്നും ഇസ്‌ലാമില്‍ ഇല്ലാത്തതിനാല്‍ ഇത്‌ ഇസ്‌ലാമിക ജീവിതത്തെ ബാധിക്കുന്ന കാര്യമല്ല. ലൗകികമായ ജീവിത വ്യവഹാരങ്ങള്‍ക്ക്‌ വേണ്ടി സൗരകലണ്ടര്‍ ഉപയോഗിക്കുന്നത്‌ നിഷിദ്ധമാണെന്ന്‌ പറയാന്‍ തെളിവൊന്നുമില്ല.

വേദങ്ങളും വീഡിയോ ഫിലിമുകളും

ഇസ്‌ലാമിക പ്രബോധകര്‍ അവരുടെ ക്ലാസുകളിലും പ്രസംഗങ്ങളിലും അനിസ്‌ലാമിക വേദഗ്രന്ഥങ്ങളിലെ ഉദ്ധരണികള്‍ ദൈവികവചനങ്ങളാണ്‌ എന്ന ധ്വനിയില്‍ ഉദ്ധരിച്ചുകാണുന്നു. ഉദാ: ബൈബിള്‍, ഗീത. ഇതിന്‌ പ്രവാചകമാതൃകയുണ്ടോ? ചിലര്‍ പ്രബോധനാവശ്യാര്‍ഥം ചിത്രങ്ങളോ വീഡിയോ ഫിലിമുകളോ ഉപയോഗിക്കുന്നത്‌ സുന്നത്തിനെതിരല്ലേ?

അബ്‌ദുര്‍റശീദ്‌, സേലം

പൂര്‍വ പ്രവാചകന്മാര്‍ക്ക്‌ അല്ലാഹു വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചുകൊടുത്ത കാര്യം അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. ആ വേദാവതരണത്തില്‍ വിശ്വസിക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്‌. പൂര്‍വവേദങ്ങളെ സത്യപ്പെടുത്തിക്കൊണ്ടാണ്‌ ഖുര്‍ആന്‍ അവതീര്‍ണമായിട്ടുള്ളതെന്ന്‌ 2:41, 2:89, 2:91 തുടങ്ങിയ ധാരാളം സൂക്തങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. പൂര്‍വവേദങ്ങള്‍ അവയുടെ സാക്ഷാല്‍രൂപത്തില്‍ പൂര്‍ണ സത്യമാണെന്നത്രെ ഇവയില്‍ നിന്നൊക്കെ ഗ്രഹിക്കാവുന്നത്‌. എന്നാല്‍ പൂര്‍വപ്രവാചകന്മാര്‍ക്ക്‌ അല്ലാഹു അവതരിപ്പിച്ചുകൊടുത്ത രൂപത്തില്‍ ഒരു വേദവും ഇപ്പോള്‍ നിലനില്‌ക്കുന്നില്ല. അവ പലതരത്തിലുള്ള മാറ്റത്തിരുത്തലുകള്‍ക്ക്‌ വിധേയമായിട്ടുണ്ട്‌.


ഇസ്‌റാഈല്യരെപ്പറ്റി വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പറയുന്നു: “വേദവാക്യങ്ങളെ അവയുടെ സ്ഥാനങ്ങളില്‍ നിന്ന്‌ അവര്‍ തെറ്റിക്കുന്നു”(വി.ഖു 5:13). “വേദക്കാരേ, വേദഗ്രന്ഥത്തില്‍ നിന്ന്‌ നിങ്ങള്‍ മറച്ചുവെച്ചുകൊണ്ടിരുന്ന പലതും നിങ്ങള്‍ക്ക്‌ വെളിപ്പെടുത്തിത്തന്നുകൊണ്ട്‌ നമ്മുടെ ദൂതന്‍ നിങ്ങളുടെ അടുത്തുവന്നിരിക്കുന്നു.” (വി.ഖു 5:15). “എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട്‌ ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട്‌ അത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിച്ചതാണെന്ന്‌ പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം.” (വി. ഖു 2:79). ഇന്നുള്ള ബൈബിള്‍ ഏതെങ്കിലുമൊരു പ്രവാചകന്‌ ദൈവം അവതരിപ്പിച്ചുകൊടുത്ത ഗ്രന്ഥമാണെന്ന്‌ ബൈബിളിന്റെ വക്താക്കള്‍പോലും പറയുന്നില്ല എന്ന കാര്യവും ഇതോടൊപ്പം ഓര്‍ക്കേണ്ടതാണ്‌. ഇന്ത്യന്‍ വേദങ്ങളെപ്പറ്റി ഖുര്‍ആനില്‍ പ്രത്യേക പരാമര്‍ശമൊന്നും ഇല്ല. അവയുടെ വക്താക്കളാകട്ടെ അവ സാക്ഷാല്‍ ദൈവം അവതരിപ്പിച്ചതാണെന്ന്‌ അവകാശപ്പെടുന്നില്ല. അതിനാല്‍ പൂര്‍വ വേദങ്ങളില്‍ ദൈവിക വചനങ്ങളും മനുഷ്യരുടെ വാക്യങ്ങളും കൂടിക്കലര്‍ന്നിട്ടുണ്ടാകുമെന്നാണ്‌ മനസ്സിലാക്കാവുന്നത്‌.


ഇസ്‌ലാമിക പ്രബോധകര്‍ സംശയരഹിതമായ സത്യത്തിലേക്ക്‌ ജനങ്ങളെ ക്ഷണിക്കാന്‍ ബാധ്യസ്ഥരായിട്ടുള്ളവരാണ്‌. അല്ലാഹുവും അവന്‍ നിയോഗിച്ച പ്രവാചകന്മാരും പഠിപ്പിച്ചതാണെന്ന്‌ ഉറപ്പുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉദ്‌ബോധനം നടത്തുമ്പോഴേ ഈ ബാധ്യത നിറവേറുകയുള്ളൂ. സത്യവും അസത്യവും കൂടിക്കലര്‍ന്ന ഗ്രന്ഥങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ പൂര്‍ണ സത്യമാണെന്ന്‌ തോന്നാന്‍ ഇടയാക്കുന്ന വിധത്തില്‍ പ്രബോധകര്‍ ഉദ്ധരിക്കരുത്‌. എന്നാല്‍ തെളിവായി ഉദ്ധരിക്കുന്നതും എതിര്‍ തെളിവ്‌ എന്ന നിലയില്‍ ഉദ്ധരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്‌. ത്രിയേക ദൈവസങ്കല്‌പത്തിനെതിരായി ബൈബിള്‍ വാക്യങ്ങളും ബഹുദൈവവാദത്തിനെതിരായി ഇന്ത്യന്‍ വേദങ്ങളില്‍ നിന്നുള്ള വാക്യങ്ങളും ഉദ്ധരിക്കുന്നതുകൊണ്ട്‌ ജനങ്ങള്‍ക്ക്‌ ആശയക്കുഴപ്പമുണ്ടാകാന്‍ സാധ്യതയില്ല. അങ്ങനെ ഉദ്ധരിക്കുമ്പോഴും പൂര്‍വവേദങ്ങളുടെ ഇന്ന്‌ ലഭ്യമാകുന്ന പകര്‍പ്പുകള്‍ സംബന്ധിച്ച യാഥാര്‍ഥ്യം വ്യക്തമാക്കുന്നതാണ്‌ അഭികാമ്യം. സ്വഹാബികളോ സച്ചരിതരായ പൂര്‍വികരോ അവരുടെ പ്രസംഗങ്ങളിലും ഗ്രന്ഥങ്ങളിലും ഖുര്‍ആനല്ലാത്ത വേദങ്ങളില്‍ നിന്ന്‌ യാതൊന്നും ഉദ്ധരിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.


മനുഷ്യനടക്കമുള്ള ജീവികളുടെ രൂപമുണ്ടാക്കുന്നത്‌ നബി(സ) കര്‍ശനമായി വിലക്കുകയും രൂപ നിര്‍മാതാക്കള്‍ക്ക്‌ പരലോകത്ത്‌ കഠിനശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന്‌ മുന്നറിയിപ്പ്‌ നല്‌കുകയും ചെയ്‌തതായി ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത പ്രബലമായ ഹദീസുകളില്‍ കാണാം. സ്വൂറത്ത്‌ (രൂപം) എന്ന പദത്തിന്റെ അര്‍ഥപരിധിയില്‍ വിഗ്രഹങ്ങളും പ്രതിമകളും ത്രിമാന ചിത്രങ്ങളും ഉള്‍പ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. സാധാരണ ദ്വിമാനചിത്രങ്ങളും അതില്‍ ഉള്‍പ്പെടുമെന്ന്‌ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ രൂപനിര്‍മിതി കൂടാതെ ജീവികളുടെ പ്രതിച്ഛായ ലെന്‍സില്‍ പകര്‍ത്തുക മാത്രം ചെയ്യുന്ന ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും നിഷിദ്ധമായ സ്വൂറത്തില്‍ ഉള്‍പ്പെടുകയില്ലെന്നാണ്‌ ആധുനിക പണ്ഡിതന്മാരില്‍ പലരുടെയും വീക്ഷണം. കുട്ടികള്‍ക്ക്‌ കളിക്കാനുള്ള പാവകള്‍ നബി(സ) വിലക്കിയിട്ടില്ലെന്ന്‌ പ്രബലമായ ഹദീസില്‍ നിന്ന്‌ വ്യക്തമാകുന്നുണ്ട്‌. കുട്ടികള്‍ക്ക്‌ പഠിക്കാനുള്ള ചിത്രങ്ങളെ പല പണ്ഡിതന്മാരും വിലക്കില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.

Followers -NetworkedBlogs-

Followers