ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഖുര്‍ആന്‍ കാലാതിവര്‍ത്തിയല്ലെന്നോ?

`വസഖ്‌ഖറശ്ശംസ വല്‍ഖമറ കുല്ലുന്‍ യജ്‌രീ ഇലാ അജലിന്‍ മുസമ്മാ', `ജന്നാത്തിന്‍ തജ്‌രീ മിന്‍ തഹ്‌തിഹല്‍ അന്‍ഹാര്‍' തുടങ്ങിയ വാചകങ്ങള്‍ ഖുര്‍ആനില്‍ വളരെയധികം തവണയുണ്ടല്ലോ. പതിനാല്‌ നൂറ്റാണ്ടു മുമ്പവതരിച്ച, ലോകാവസാനം വരെയുള്ള ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനമായി നിലകൊള്ളേണ്ട, അമാനുഷികത അവകാശപ്പെടുന്ന ഒരു ഗ്രന്ഥത്തില്‍ ഇത്തരത്തില്‍ ഒരേ വാചകങ്ങള്‍ തന്നെ പലവുരു ആവര്‍ത്തിച്ചിരിക്കുന്നതിന്റെ സാംഗത്യമെന്താണ്‌? കാര്യങ്ങള്‍ സംക്ഷിപ്‌തമായും കാര്യമാത്ര പ്രസക്തമായും വൃഥാസ്ഥൂലത വരാതെയും സമര്‍പ്പിക്കുകയായിരുന്നില്ലേ ഖുര്‍ആന്‍ വേണ്ടിയിരുന്നത്‌?
അബൂഅമാന (ഷാര്‍ജ)

ആരെ പ്രവാചകനാക്കണം, ഏത്‌ ഭാഷയില്‍ വേദഗ്രന്ഥമവതരിപ്പിക്കണം, വേദഗ്രന്ഥത്തിന്റെ ഉള്ളടക്കം എങ്ങനെയായിരിക്കണം എന്നൊക്കെ അല്ലാഹുവാണ്‌ തീരുമാനിച്ചത്‌. ആ തീരുമാനത്തിന്റെ ന്യായവും പ്രസക്തിയും നമുക്ക്‌ പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന്‌ വരാം. നമ്മുടെ അറിവിന്‌ ഏറെ പരിമിതിയുണ്ട്‌. മനുഷ്യര്‍ രചിക്കുന്ന വൈജ്ഞാനികവും കാല്‌പനികവും മറ്റുമായ ഗ്രന്ഥങ്ങളുടെ രൂപവും ക്രമവുമാണ്‌ നമുക്ക്‌ പരിചയമുള്ളത്‌. ഇതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്‌തമായ മാര്‍ഗദര്‍ശക ഗ്രന്ഥമാണ്‌ വിശുദ്ധഖുര്‍ആന്‍. ആദര്‍ശാധിഷ്‌ഠിതമായ ജീവിതം നയിച്ചാല്‍ ഇഹത്തിലും പരത്തിലും ധന്യത നല്‌കി പ്രപഞ്ചനാഥന്‍ അനുഗ്രഹിക്കുമെന്ന്‌ സന്തോഷവാര്‍ത്ത അറിയിക്കാനും നിഷേധിയും ധിക്കാരിയുമായി ജീവിച്ചാല്‍ നാഥന്‍ ശാശ്വത ശിക്ഷ നല്‌കാന്‍ സാധ്യതയുണ്ടെന്ന്‌ താക്കീത്‌ നല്‌കാനുമായി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ ഘടനാപരമായി മറ്റു ഗ്രന്ഥങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമാവുക സ്വാഭാവികമാണ്‌.

`വസഖ്‌ഖറശ്ശംസ-അജലിന്‍ മുസമ്മാ' എന്ന ഖുര്‍ആന്‍ വാക്യം ഭൂമിയിലെ ജീവിതത്തെ സംബന്ധിച്ചേടത്തോളം നിര്‍ണായകമായ രണ്ടു ഘടകങ്ങളെക്കുറിച്ചാണ്‌ പ്രതിപാദിക്കുന്നത്‌. ``സൂര്യനെയും ചന്ദ്രനെയും അവന്‍ വിധേയമാക്കിത്തന്നിരിക്കുന്നു. അവ ഓരോന്നും നിര്‍ണിതമായ ഒരു അവധി വരെ സഞ്ചരിച്ചുകൊണ്ടിരിക്കും'' എന്നാണ്‌ ഈ വാക്യത്തിന്റെ പരിഭാഷ. സൂര്യനെ ഭൂമിയില്‍ നിന്ന്‌ നിശ്ചിത അകലത്തില്‍ നിലകൊള്ളുന്നതും വ്യവസ്ഥാപിതമായി സഞ്ചരിക്കുന്നതുമായി പ്രപഞ്ചനാഥന്‍ വിധേയമാക്കിയതുകൊണ്ടാണ്‌ ഭൂമിയിലെ ജീവ-സസ്യജാലങ്ങള്‍ സമൃദ്ധമായി വളരുന്നതും നിലനില്‌ക്കുന്നതും. ചന്ദ്രഗതിയാണ്‌ ഭൂമിയിലെ ഒട്ടേറെ പ്രതിഭാസങ്ങള്‍ക്ക്‌ നിദാനമായിട്ടുള്ളത്‌. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ കാലഗണനയ്‌ക്ക്‌ അടിസ്ഥാനമാകുന്നു. നിലാവിന്റെ മനോഹാരിത ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. അതിനാല്‍ നാഥന്റെ അറിവിന്റെയും കഴിവിന്റെയും അനുഗ്രഹത്തിന്റെയും തെളിവെന്ന നിലയില്‍ സൗര-ചാന്ദ്ര വ്യവസ്ഥകളെ ചൂണ്ടിക്കാണിക്കുന്നതിന്‌ പ്രത്യേക പ്രസക്തിയുണ്ട്‌. ഖുര്‍ആനിലെ 104 അധ്യായങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമേ ഈ വാക്യം വന്നിട്ടുള്ളൂ. ആകാശഗോളങ്ങളില്‍ നമ്മുടെ ജീവിതവുമായി ഏറ്റവും ബന്ധപ്പെട്ട രണ്ടെണ്ണത്തിന്റെ നിശ്ചിതമായ ഭ്രമണ പരിക്രമണങ്ങളെ സംബന്ധിച്ച്‌ നാലു തവണ ആവര്‍ത്തിച്ച്‌ ഓര്‍മിപ്പിച്ചത്‌ അസംഗതമാണെന്ന്‌ പറയാന്‍ യാതൊരു ന്യായവും കാണുന്നില്ല.

`ജന്നാത്തിന്‍ തജ്‌രീമിന്‍ തഹ്‌തിഹല്‍ അന്‍ഹാര്‍' എന്നതിന്‌ `താഴ്‌ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന ഉദ്യാനങ്ങള്‍' എന്നാണര്‍ഥം. പരലോകത്തെ സ്വര്‍ഗീയ ഉദ്യാനങ്ങളെക്കുറിച്ചാണ്‌ ഈ പരാമര്‍ശം. അനന്ത കാലത്തേക്ക്‌ നല്ല മനുഷ്യര്‍ക്ക്‌ അല്ലാഹു നല്‌കുന്ന സ്വര്‍ഗീയ സൗഭാഗ്യങ്ങളെ സംബന്ധിച്ച്‌ സന്തോഷവാര്‍ത്ത നല്‌കുക എന്നതാണ്‌ വിശുദ്ധ ഖുര്‍ആനിന്റെ അവതരണോദ്ദേശ്യങ്ങളില്‍ അതിപ്രധാനമായ ഒന്ന്‌. ധര്‍മനിഷ്‌ഠയുള്ള വിശ്വാസികളുടെ മഹത്വങ്ങള്‍ വിവരിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ അവര്‍ക്ക്‌ ലഭിക്കാനിരിക്കുന്ന അനര്‍ഘമായ സമ്മാനങ്ങളെക്കുറിച്ച്‌ അനേകം സൂക്തങ്ങളില്‍ പരാമര്‍ശിക്കുന്നത്‌. സ്വര്‍ഗീയ ഉദ്യാനങ്ങളുടെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്‌ അവയ്‌ക്ക്‌ കീഴിലൂടെ അരുവികള്‍ ഒഴുകുന്നു എന്നതാണ്‌. ഭൂമിയിലെ ഉദ്യാനങ്ങള്‍ക്കും ഏറ്റവും ആകര്‍ഷകത്വം ഉളവാക്കുന്നത്‌ പൊയ്‌കകളുടെയും ജലധാരകളുടെയും മറ്റും സാന്നിധ്യമാണല്ലോ. സല്‍കര്‍മകാരികളായ സത്യവിശ്വാസികള്‍ക്ക്‌ അല്ലാഹു നല്‌കുന്ന ശാശ്വത സൗഭാഗ്യത്തെ സംബന്ധിച്ച്‌ വിശുദ്ധ ഖുര്‍ആനില്‍ ആവര്‍ത്തിച്ച്‌ സന്തോഷവാര്‍ത്ത അറിയിക്കുക എന്നത്‌ തികച്ചും ഉചിതമായ കാര്യമാകുന്നു. ആദര്‍ശജീവിതത്തിന്റെ വിവിധ തലങ്ങളെ സംബന്ധിച്ച്‌ പരാമര്‍ശിക്കുമ്പോള്‍ ആദര്‍ശനിഷ്‌ഠയുടെ സദ്‌ഫലത്തെപ്പറ്റി യാതൊന്നും പറയാതിരിക്കുന്നതാണ്‌ അനൗചിത്യം.
 

സ്‌ത്രീകള്‍ക്ക്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമോ?


സ്‌ത്രീകളുടെ മേലധികാരവും മേല്‍നോട്ടവും പുരുഷന്മാര്‍ക്കാണുള്ളത്‌ എന്ന ഖുര്‍ആനികാശയത്തിന്റെയും ലക്ഷത്തില്‍പരം പ്രവാചകരില്‍ ഒരാളെപോലും സ്‌ത്രീകളില്‍ നിന്ന്‌ നിയമിക്കാതിരുന്നതിന്റെയും ഭരണാധികാരം സ്‌ത്രീയെ ഏല്‍പിച്ച ജനത വിജയിക്കുകയില്ല എന്ന തിരുവചനത്തിന്റെയും അടിസ്ഥാനത്തില്‍ അന്യപുരുഷന്മാരോട്‌ ഇടകലര്‍ന്നും അല്ലാതെയും സ്‌ത്രീകള്‍ മത-രാഷ്‌ട്രീയ പൊതുവേദികളില്‍ പ്രസംഗകരായും പ്രബോധകരായും മറ്റും പ്രത്യക്ഷപ്പെടുന്നതും തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച്‌ വിജയിച്ച്‌ അധികാരം കയ്യാളുന്നതും ഇസ്‌ലാം എങ്ങനെ നോക്കിക്കാണുന്നു?
ഉമര്‍ കെ ആമയൂര്‍ (മഞ്ചേരി)

സ്‌ത്രീകളുടെ സംരക്ഷണത്തിന്റെയും ഉപജീവനത്തിന്റെയും ഉത്തരവാദിത്തം വഹിക്കേണ്ടത്‌ പിതാവ്‌, ഭര്‍ത്താവ്‌, സഹോദരന്‍ എന്നിങ്ങനെയുള്ള അടുത്ത പുരുഷബന്ധുക്കളാണ്‌. എന്നാല്‍ സ്‌ത്രീകള്‍ ജോലി ചെയ്യുന്നതോ മതപ്രബോധനം, സാമൂഹ്യപ്രവര്‍ത്തനം എന്നിവ നടത്തുന്നതോ തെറ്റാണെന്ന്‌ അതിന്‌ അര്‍ഥമില്ല. അന്യപുരുഷന്മാരെ മോഹത്തോടെ നോക്കുക, അവരുടെ കൂടെ തനിച്ചാവുക എന്നിങ്ങനെ വിലക്കപ്പെട്ട കാര്യങ്ങള്‍ വര്‍ജിക്കുകയും ഇസ്‌ലാമിക പെരുമാറ്റ മര്യാദകള്‍ പാലിക്കുകയും ചെയ്‌തുകൊണ്ട്‌ ഹലാലായ എല്ലാ പ്രവര്‍ത്തനങ്ങളിലും മുസ്‌ലിംസ്‌ത്രീകള്‍ക്ക്‌ ഏര്‍പ്പെടാവുന്നതാണ്‌. എന്നാലും പുരുഷന്മാരുടെ സമൂഹത്തില്‍ സ്‌ത്രീകള്‍ ഇടപെടുന്നതിന്‌ പല പരിമിതികളും ഉണ്ടാവുക സ്വാഭാവികമാണ്‌. അതുകൊണ്ടായിരിക്കാം അല്ലാഹു പ്രവാചകന്മാരായ സ്‌ത്രീകളെ നിയോഗിക്കാതിരുന്നത്‌.

ഭരണാധികാരം സ്‌ത്രീയെ ഏല്‌പിച്ച ജനതയെ സംബന്ധിച്ച ഹദീസ്‌ എക്കാലത്തേക്കും എല്ലാ സമൂഹങ്ങളിലേക്കും ബാധകമാണോ എന്നത്‌ സൂക്ഷ്‌മപഠനം ആവശ്യമുള്ള കാര്യമാണ്‌. സബഇലെ (ഷേബാ) രാജ്ഞിയെ സംബന്ധിച്ച വിശുദ്ധ ഖുര്‍ആനിലെ 27:33 മുതല്‍ 27:44 കൂടിയുള്ള വചനങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. ആ സൂക്തങ്ങളിലൊന്നും ഒരു സ്‌ത്രീ അധികാരിയായതോ സ്‌ത്രീയെ അധികാരിയാക്കിയതോ തെറ്റാണെന്ന്‌ പറഞ്ഞിട്ടില്ല. സ്‌ത്രീകള്‍ രാഷ്‌ട്രീയ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നത്‌ തീര്‍ത്തും നിഷിദ്ധമാണെന്ന്‌ പറയാന്‍ വിശുദ്ധ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസുകളിലോ തെളിവ്‌ കാണുന്നില്ല.

നോമ്പ്‌ നോറ്റുവീട്ടുകയോ പ്രായശ്ചിത്തം ചെയ്യുകയോ?

എന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നതിനാല്‍ കഴിഞ്ഞ റമദാനില്‍ ഏതാനും നോമ്പുകള്‍ ഒഴിവാക്കേണ്ടിവന്നു. പ്രസവവും മുലകുടിയും കാരണം ഈ റമദാനിനു മുമ്പ്‌ നഷ്‌ടപ്പെട്ട നോമ്പുകള്‍ നോറ്റുവീട്ടാനും പറ്റിയില്ല. അസുഖം കാരണം ഈ റമദാനിലും ഏതാനും നോമ്പുകള്‍ ഉപേക്ഷിക്കേണ്ടിവരും. നഷ്‌ടപ്പെടുത്തിയ നോമ്പിനുള്ള പ്രായശ്ചിത്തമെന്താണ്‌? ഭാര്യക്ക്‌ പ്രയാസമായതിനാല്‍ നഷ്‌ടപ്പെട്ട നോമ്പ്‌ ഭര്‍ത്താവിന്‌ നോറ്റുവീട്ടാം എന്ന്‌ കേള്‍ക്കാനിടയായി. ഇത്‌ ശരിയാണോ?
അബ്‌ദുര്‍റശീദ്‌ (കോഴിക്കോട്)

നോമ്പ്‌ നോറ്റുവീട്ടുക ഏറെ പ്രയാസകരമായിത്തീരുന്ന സാഹചര്യത്തില്‍ പ്രായശ്ചിത്തം നല്‍കിയാല്‍ മതിയാകും. ഒരു ദിവസത്തെ നോമ്പിന്‌ പകരം ഒരു പാവപ്പെട്ടവനുള്ള ഭക്ഷണം എന്ന നിലയില്‍. 2:184 ഖുര്‍ആന്‍ സൂക്തത്തില്‍ നിന്നും ഹദീസുകളില്‍ നിന്നും ഇതാണ്‌ ഗ്രഹിക്കാവുന്നത്‌. എന്നാല്‍ കുറച്ചുകാലം കഴിഞ്ഞിട്ടെങ്കിലും വലിയ പ്രയാസം കൂടാതെ നോറ്റുവീട്ടാന്‍ കഴിയുമെങ്കില്‍ പ്രായശ്ചിത്തം നല്‍കേണ്ടതില്ല. നോമ്പ്‌ നോറ്റുവീട്ടിയാല്‍ മതി. നോറ്റുവീട്ടുന്നതിനു പുറമെ പ്രായശ്ചിത്തം നല്‍കുകയും വേണമെന്‌ ചുരുക്കം ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഗര്‍ഭിണിയും മുലയൂട്ടുന്ന സ്‌ത്രീയും നോമ്പ്‌ ഉപേക്ഷിച്ചാല്‍ അടുത്ത റമദാനിനു മുമ്പ്‌ നോറ്റ്‌ വീട്ടിയേ തീരൂ എന്ന്‌ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ പറഞ്ഞിട്ടില്ല. നോമ്പ്‌ നോറ്റുവീട്ടാന്‍ ബാക്കിയുള്ള നിലയില്‍ ഒരാള്‍ മരിച്ചാല്‍ ആ നോമ്പ്‌ ഏറ്റവും അടുത്ത ബന്ധു നോറ്റുവീട്ടേണ്ടതാണ്‌ എന്നതിന്‌ ഹദീസില്‍ തെളിവുണ്ട്‌. എന്നാല്‍ ജീവിച്ചിരിക്കുന്ന ആള്‍ക്കു വേണ്ടി മക്കളോ ഭര്‍ത്താവോ മറ്റോ നോമ്പ്‌ നോല്‍ക്കണമെന്ന്‌ അല്ലാഹുവോ റസൂലോ കല്‍പിച്ചിട്ടില്ല. നോമ്പെടുക്കാന്‍ ഏറെ പ്രയാസമുള്ള ഭാര്യയ്‌ക്കു വേണ്ടി ഭര്‍ത്താവിന്‌ ചെയ്യാനുള്ളത്‌ പ്രായശ്ചിത്തം നല്‍കുകയാണ്‌.

കുടുംബശ്രീ അംഗത്വവും ബാങ്ക്‌ലോണും


ഞാന്‍ ഒരു കുടുംബശ്രീ പ്രവര്‍ത്തകയാണ്‌. ഞങ്ങളുടെ കുടുംബശ്രീ യൂനിറ്റിന്‌ ബാങ്ക്‌ വായ്‌പയായി സഹായം നല്‍കുന്ന ഒരു പദ്ധതിയുണ്ട്‌. ഇതിന്‌ യൂനിറ്റിലെ എല്ലാ അംഗങ്ങളും ഒപ്പ്‌ വെക്കണം. ഒരു മുസ്‌ലിമായ ഞാന്‍ ഒപ്പ്‌ വെക്കാത്തതുകൊണ്ട്‌ ഒരുകൂട്ടം ആളുകള്‍ക്ക്‌ സഹായം കിട്ടാതെ പോവുന്നു. ഒപ്പിട്ടാല്‍ ഞാന്‍ പലിശക്ക്‌ സാക്ഷി നില്‍ക്കുന്നയാളാകും. ഞാന്‍ ഒപ്പിടാത്തതുകൊണ്ട്‌ മുസ്‌ലിമായ വ്യക്തികള്‍ സമൂഹ നന്മക്ക്‌ തടസ്സം നില്‍ക്കുന്നവരാണ്‌ എന്ന ധാരണ വരുന്നു. എന്താണ്‌ ചെയ്യേണ്ടത്‌?

ഉമ്മു ഇബ്‌നു അബ്‌ദുര്‍റഹ്‌മാന്‍ (പുത്തൂര്‍)

കടുത്ത സാമ്പത്തിക പ്രയാസംകൊണ്ടും പലിശരഹിത വായ്‌പ ലഭ്യമല്ലാത്തതുകൊണ്ടും നിര്‍ബന്ധിതാവസ്ഥയിലാണ്‌ ഒരാള്‍ ബാങ്ക്‌ വായ്‌പയ്‌ക്ക്‌ ശ്രമിക്കുന്നതെങ്കില്‍ അപേക്ഷാഫോറത്തില്‍ സാക്ഷിയായി ഒപ്പിടുന്നതില്‍ തെറ്റില്ല. അത്യാവശ്യമില്ലാതെ, ലോണ്‍കിട്ടും എന്നതുകൊണ്ട്‌ മാത്രം അപേക്ഷിക്കുന്നവര്‍ക്ക്‌ വേണ്ടി സാക്ഷിയാകുന്നത്‌ നബിവചനത്തില്‍ വിലക്കിയിട്ടുള്ള `പലിശയ്‌ക്ക്‌ സാക്ഷ്യം വഹിക്കല്‍' എന്ന വകുപ്പിലാണ്‌ ഉള്‍പ്പെടുക. കിട്ടുന്നത്ര ലോണ്‍ വാങ്ങി തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യചെയ്യുന്നവരുടെ എണ്ണം പെരുകുന്ന കാലത്ത്‌ എല്ലാ ലോണും സമൂഹനന്മയ്‌ക്ക്‌ ഉപകരിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്‌. പാവപ്പെട്ടവരെ സഹായിക്കുകയാണ്‌ സര്‍ക്കാറിന്റെ ലക്ഷ്യമെങ്കില്‍ അവര്‍ക്ക്‌ പലിശയില്ലാത്ത സഹായം നല്‍കുകയല്ലേ വേണ്ടത്‌? ഹറാമായ കാര്യങ്ങളില്‍ സഹകരിക്കുന്ന കൂട്ടായ്‌മകളില്‍ നിന്ന്‌ അകന്നുനില്‍ക്കുകയാണ്‌ യഥാര്‍ഥ വിശ്വാസികള്‍ ചെയ്യേണ്ടത്‌. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിക്കുന്നവര്‍ക്ക്‌ അവന്‍ ഐശ്വര്യം നല്‍കുമെന്ന്‌ പ്രതീക്ഷിക്കാം.

പ്രായശ്ചിത്തം സ്‌ത്രീക്ക്‌ ബാധകമോ?


വ്രതമനുഷ്‌ഠിച്ചുകൊണ്ടിരിക്കെ പകല്‍ സമയത്ത്‌ ഭാര്യയുമായി ലൈംഗിക വേഴ്‌ചയിലേര്‍പ്പെട്ടാല്‍ അവരുടെ മേല്‍ ഇസ്‌ലാം പ്രായശ്ചിത്തം നിശ്ചയിക്കുന്നുണ്ടല്ലോ. ഇത്‌ പുരുഷനു മാത്രമാണോ ബാധകം?
എ അലിഅക്‌ബര്‍   -എറണാകുളം

ഈ വിഷയത്തില്‍ പൂര്‍വകാലം മുതല്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്‌. നോമ്പുകാരനായിരിക്കെ ഭാര്യയുമായി ലൈംഗികവേഴ്‌ചയില്‍ ഏര്‍പ്പെട്ടുപോയ കാര്യത്തെ സംബന്ധിച്ച്‌ റസൂലി(സ)നോട്‌ ഖേദപൂര്‍വം സംസാരിച്ച വ്യക്തിക്ക്‌ അവിടുന്ന്‌ പ്രായശ്ചിത്തം വിധിച്ചപ്പോള്‍ അയാളുടെ ഭാര്യയും പ്രായശ്ചിത്തം ചെയ്യണമെന്ന്‌ നിര്‍ദേശിച്ചിട്ടില്ലാത്തതിനാല്‍ പുരുഷന്‍ മാത്രമേ പ്രായശ്ചിത്തം ചെയ്യേണ്ടതുള്ളൂവെന്ന്‌ ഇമാം ഔസാഇയും ശാഫിഈ മദ്‌ഹബുകാരില്‍ ഒരു വലിയ വിഭാഗവും അഭിപ്രായപ്പെട്ടിരിക്കുന്നു.

എന്നാല്‍ മനപ്പൂര്‍വം ലൈംഗികവേഴ്‌ചയിലേര്‍പ്പെടുക എന്ന കുറ്റത്തിനാണ്‌ പ്രായശ്ചിത്തമെന്നും, അത്‌ സ്‌ത്രീക്ക്‌ മാത്രം ബാധകമാകാതിരിക്കാന്‍ ന്യായമൊന്നും ഇല്ലെന്നുമാണ്‌ ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം. എന്നാല്‍ അവരില്‍ തന്നെ ചിലര്‍ അടിമസ്‌ത്രീകള്‍ ഈ വിഷയകമായി പ്രായശ്ചിത്തം ചെയ്യേണ്ടതില്ലെന്ന്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. അവരുടെ പാരതന്ത്ര്യം പരിഗണിച്ചായിരിക്കാം അത്‌. ലൈംഗികവേഴ്‌ചയ്‌ക്ക്‌ നിര്‍ബന്ധിതയാകുന്ന സ്‌ത്രീ പ്രായശ്ചിത്തം ചെയ്യേണ്ടതില്ലെന്ന്‌ പല പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുണ്ട്‌. വ്രതമല്ലാത്ത പ്രായശ്ചിത്തമാണ്‌ സ്‌ത്രീ ചെയ്യുന്നതെങ്കില്‍ അതിന്റെ ചെലവ്‌ അവളാണോ ഭര്‍ത്താവാണോ വഹിക്കേണ്ടതെന്ന വിഷയത്തിലും പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരല്ല.

സ്‌ത്രീ പ്രായശ്ചിത്തം ചെയ്യണമെന്ന്‌ നബി(സ) കല്‌പിക്കാതിരുന്നിട്ടും അവള്‍ക്ക്‌ പ്രായശ്ചിത്തം ബാധകമാക്കുന്നത്‌ ന്യായമാണോ എന്ന ചോദ്യത്തിന്‌ ഭൂരിപക്ഷം പണ്ഡിതന്മാര്‍ വിശദമായ മറുപടി നല്‍കിയിട്ടുണ്ട്‌. അത്‌ ഇങ്ങനെ സംഗ്രഹിക്കാം: ഒന്നുകില്‍ അവള്‍ എന്തെങ്കിലും കാരണത്താല്‍ നോമ്പ്‌ നിര്‍ബന്ധമില്ലാത്തവളായിരിക്കാം. അല്ലെങ്കില്‍ താന്‍ മനപ്പൂര്‍വം ലൈംഗികവേഴ്‌ചയിലൂടെ നോമ്പ്‌ മുറിച്ചുവെന്ന്‌ അവള്‍ തുറന്നുപറയാത്ത സ്ഥിതിക്ക്‌ അവള്‍ക്ക്‌ പ്രായശ്ചിത്തം വിധിക്കേണ്ടതില്ലെന്ന്‌ നബി(സ) തീരുമാനിച്ചതായിരിക്കാം. അല്ലെങ്കില്‍ ലൈംഗിക വേഴ്‌ചയിലൂടെ നോമ്പ്‌ മുറിച്ചതിന്‌ പ്രായശ്ചിത്തം വിധിച്ചാല്‍ അത്‌ പുരുഷനും സ്‌ത്രീക്കും ഒരുപോലെ- ജനാബത്ത്‌ കുളി ഇരുവര്‍ക്കും നിര്‍ബന്ധമാണെന്നതുപോലെ- ബാധകമാണെന്ന്‌, കേള്‍ക്കുന്നവരൊക്കെ ഗ്രഹിച്ചുകൊള്ളുമെന്ന്‌ നബി(സ) കരുതിയിരിക്കാം. ഈ വിഷയകമായ വിശദാംശങ്ങള്‍ക്ക്‌ സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാനമായ ഫത്‌ഹുല്‍ബാരി (വാ. 5 പേ. 674, 675) നോക്കുക.
 

നോമ്പ്‌ തുറപ്പിക്കലും ഫിത്വ്‌ര്‍ സകാത്തും


ഗള്‍ഫ്‌ നാടുകളിലെ ചില മലയാളി മുസ്‌ലിം സംഘടനകള്‍ റമദാന്‍ തുടക്കത്തില്‍ തന്നെ, ഫിത്വ്‌ര്‍ സകാത്തിനും നോമ്പ്‌ തുറപ്പിക്കാനുമെന്ന്‌ പറഞ്ഞ്‌ ഒരു നിശ്ചിതസംഖ്യ മലയാളി മുസ്‌ലിംകളില്‍ നിന്നും പിരിച്ച്‌ നാട്ടിലേക്ക്‌ അയക്കുന്നു. നാട്ടില്‍ ആ പണം ഏത്‌ രീതിയില്‍ ചിലവഴിക്കുന്നു എന്നറിയില്ല. ചിലപ്പോള്‍ ദരിദ്രര്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കാനോ സമൂഹ നോമ്പുതുറയ്‌ക്കോ ഒക്കെ ആയിരിക്കാം അത്‌ വിനിയോഗിക്കുന്നത്‌. ഈദുല്‍ഫിത്‌്വറിന്‌ നല്‍കേണ്ട സകാത്ത്‌ മുന്‍കൂട്ടി നല്‍കാനും അത്‌ താന്‍ ഉള്ള സ്ഥലത്തല്ലാതെ മറ്റിടങ്ങളിലേക്ക്‌ അയക്കാനും വകമാറി ചെലവഴിക്കാനും അനുവാദമുണ്ടോ?
എം പി ജുനൈസ്‌  -മലപ്പുറം

ഫിത്വ്‌ര്‍ സകാത്ത്‌ നിര്‍ബന്ധബാധ്യതയാണ്‌. ഈദുല്‍ ഫിത്വ്‌റിനോടനുബന്ധിച്ചാണ്‌ നല്‍കേണ്ടത്‌. സകാത്ത്‌ നിര്‍ബന്ധമാകുന്ന സമയത്തിന്‌ മുമ്പ്‌ നല്‍കുന്നതിന്‌ വിരോധമില്ലെന്ന്‌ വ്യക്തമാക്കുന്ന ചില ഹദീസുകളുണ്ട്‌. പാവപ്പെട്ട നോമ്പുകാരന്‌ നോമ്പ്‌ തുറക്കാന്‍ ഭക്ഷണം നല്‍കുന്നതിന്‌ ഫിത്വ്‌ര്‍ സകാത്തിന്റെ വകുപ്പില്‍പ്പെട്ട തുകയോ ഭക്ഷ്യവസ്‌തുക്കളോ വിനിയോഗിക്കുന്നതില്‍ തെറ്റില്ല. അത്‌ സകാത്തുല്‍ ഫിത്വ്‌ര്‍ എന്ന പദത്തോടും, ഹദീസില്‍ വിവരിക്കപ്പെട്ട അതിന്റെ ഉദ്ദേശ്യങ്ങളോടും യോജിക്കുന്നത്‌ തന്നെയാണ്‌. എന്നാല്‍ സകാത്തുല്‍ ഫിത്വ്‌റിന്റെ തുക സമ്പന്നരായ ആളുകള്‍ കൂടി പങ്കെടുക്കുന്ന സമൂഹ നോമ്പ്‌തുറയ്‌ക്ക്‌ വിനിയോഗിക്കുന്നത്‌ ശരിയല്ല. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ഏറ്റവും നല്ലത്‌, ഫിത്വ്‌ര്‍ സകാത്തിന്റെ തുക വേറെയും അതല്ലാത്ത ഇഫ്‌ത്വാര്‍ ഫണ്ട്‌ വേറെയും സ്വരൂപിക്കുകയും വേറെത്തന്നെ വിനിയോഗിക്കുകയുമാണ്‌.

സകാത്ത്‌ നല്‍കുന്ന വ്യക്തി താമസിക്കുന്ന സ്ഥലത്ത്‌ തന്നെ അത്‌ വാങ്ങാന്‍ അര്‍ഹതയുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക്‌ തന്നെ നല്‍കുന്നതാണ്‌ ഏറ്റവും അനുയോജ്യം. എന്നാല്‍ ഗള്‍ഫ്‌ മലയാളികള്‍ അവരുടെയും സ്വദേശത്തോ വിദേശത്തോ താമസിക്കുന്ന കുടുംബാംഗങ്ങളുടെയും പേരിലുള്ള സകാത്ത്‌ സ്വദേശത്തെ അര്‍ഹരായ ആളുകള്‍ക്ക്‌ തന്നെ നല്‍കാന്‍ ഏര്‍പ്പാട്‌ ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല.

വാണിജ്യവിളകളുടെ സകാത്ത്‌


റബര്‍, കാപ്പി, ചായ തുടങ്ങിയ വാണിജ്യവിളകള്‍ക്ക്‌ ഏതളവിലാണ്‌ സകാത്ത്‌ നല്‌കേണ്ടത്‌? ഈ ഉത്‌പന്നങ്ങള്‍ എത്രത്തോളം ഉണ്ടായാലാണ്‌ സകാത്ത്‌ നല്‌കേണ്ടത്‌?
എ അബ്‌ദുര്‍റഹ്‌മാന്‍  -കാലടി

ഇവയില്‍നിന്നുള്ള ആദായം 590 ഗ്രാം വെള്ളിയുടെ വിലയ്‌ക്കുള്ളത്രയോ അതിലധികമോ ഉണ്ടെങ്കില്‍ ആദായത്തിന്റെ പത്ത്‌ ശതമാനം നല്‌കുകയാണ്‌ വേണ്ടത്‌. ഇവ വിറ്റുകിട്ടുന്ന പണമാണ്‌ നാം ഉപജീവനത്തിന്‌ എടുക്കുന്നത്‌ എന്നതിനാലാണ്‌ വെള്ളിയുടെ അഥവാ നാണയത്തിന്റെ പരിധി ഇതിന്‌ ബാധകമാക്കാമെന്ന്‌ കരുതുന്നത്‌. കാര്‍ഷികോത്‌പന്നങ്ങള്‍ക്ക്‌ നബി(സ) നിശ്ചയിച്ച സകാത്ത്‌ വിഹിതം പത്ത്‌ ശതമാനമായതുകൊണ്ടാണ്‌ ഇവയ്‌ക്കും ആ വിഹിതം നല്‌കണമെന്ന്‌ പറയുന്നത്‌. കൃഷിക്ക്‌ ജലസേചനവും വളംചേര്‍ക്കലും അനിവാര്യമാണെങ്കില്‍ അഞ്ചുശതമാനം സകാത്ത്‌ നല്‌കിയാല്‍ മതി.

അന്ന ദാനത്തിന്‌ പകരം കാശ്‌ കൊടുക്കാമോ?


റമദാനില്‍ നോമ്പനുഷ്‌ഠിക്കാന്‍ കഴിയാത്തവര്‍ സാധുക്കള്‍ക്ക്‌ അന്നദാനം ചെയ്യണമെന്നാണല്ലോ വിധി. എന്നാല്‍ അന്നദാനത്തിന്‌ പകരം കാശ്‌ കൊടുത്താല്‍ മതിയാകുമോ? അങ്ങനെയെങ്കില്‍ എത്ര രൂപ കൊടുക്കണം?
കെ പി അബൂബക്കര്‍  -മുത്തന്നൂര്‍

ഒരു നോമ്പ്‌ ഉപേക്ഷിക്കുന്നതിന്‌ പ്രായശ്ചിത്തമായി ഒരു പാവപ്പെട്ടവന്‌ ഭക്ഷണം (ത്വആമു മിസ്‌കീനിന്‍) നല്‌കണമെന്നാണ്‌ വിശുദ്ധ ഖുര്‍ആനിലെ (2:184) കല്‌പന. പല പണ്ഡിതന്മാരും നിര്‍ദേശിച്ചിട്ടുള്ളത്‌ ഒരു നോമ്പിന്‌ ഒരു മുദ്ദ്‌ (ഏകദേശം അര കിലോഗ്രാം) ഭക്ഷ്യവസ്‌തു എന്ന കണക്കില്‍ നല്‌കണമെന്നാണ്‌. അല്‌പം കൂടുതല്‍ കൊടുക്കുന്നത്‌ ഉത്തമമായിരിക്കും എന്നതില്‍ സംശയമില്ല. പണം കൊടുത്ത്‌ ആര്‍ക്കും യഥേഷ്‌ടം ഭക്ഷ്യവസ്‌തുക്കള്‍ വാങ്ങാന്‍ പറ്റുന്ന സാഹചര്യത്തില്‍ ഒരു നോമ്പിന്‌ പകരം ഒരു പാവപ്പെട്ടവന്റെ ഒരു ദിവസത്തെ മിതമായ ഭക്ഷണത്തിന്‌ മതിയാകുന്ന തുക നല്‌കാവുന്നതാണ്‌. ഇഷ്‌ടമുള്ള ഭക്ഷണം വാങ്ങാന്‍ ഗുണഭോക്താവിന്‌ സൗകര്യം ലഭിക്കും എന്നത്‌ പ്രായശ്ചിത്തം പണമായി നല്‌കുന്നതിന്റെ ഒരു പ്രയോജനമാകുന്നു. എന്നാല്‍ പണം അനാവശ്യകാര്യങ്ങള്‍ക്ക്‌ വേണ്ടി വിനിയോഗിക്കപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല. ഗുണഭോക്താവിന്‌ ഇഷ്‌ടപ്പെടുന്ന തരത്തില്‍ ഗുണമേന്മയുള്ള ഭക്ഷ്യവസ്‌തുക്കള്‍ നല്‌കുന്നത്‌ ഏത്‌ നിലയിലും ഉത്തമമായിരിക്കും.

പ്രവാചകപാരമ്പര്യം സംഘര്‍ഷമോ?


``പ്രവാചകന്മാര്‍ക്ക്‌ പറയാനുള്ളത്‌ പോരാട്ടങ്ങളുടെ ചരിത്രമാണ്‌. സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷത്തിലാണ്‌ അവര്‍ ജീവിച്ചത്‌. വിശ്വാസികളുടെ ജീവിതത്തില്‍ ഈ തുടര്‍ച്ച ഉണ്ടാവണം. സംയമനം പാലിക്കുക എന്ന മുദ്രാവാക്യം സുഖലോലുപതയില്‍ ജീവിക്കാനാഗ്രഹിക്കുന്ന ചില പണ്ഡിതന്മാരുടെയും നേതാക്കന്മാരുടെയും മുദ്രാവാക്യമാണ്‌'' -തീവ്രവാദ സ്വഭാവമുള്ള ചില കക്ഷികളുടെ ഈ ആരോപണത്തെക്കുറിച്ച്‌ `മുസ്‌ലിം' എന്തുപറയുന്നു.
ഇ കെ ശൗക്കത്തലി, ഓമശ്ശേരി

ആനയെ കണ്ട അന്ധന്മാരുടെ മാതൃക പിന്തുടരുന്നവര്‍ക്ക്‌ ഇസ്‌ലാം എന്നാല്‍ രാഷ്‌ട്രമാണെന്നോ പോരാട്ടമാണെന്നോ ദിക്‌റാണെന്നോ സ്വലാത്താണെന്നോ നമസ്‌കാരമാണെന്നോ ഭക്തിയാണെന്നോ സമാധാനമാണെന്നോ മറ്റോ പറയാവുന്നതാണ്‌. എന്നാല്‍ ഇപ്പറഞ്ഞ കാര്യങ്ങളും അതിനപ്പുറമുള്ള മറ്റു പലതും ഉള്‍ക്കൊള്ളുന്ന ദൈവിക ജീവിതദര്‍ശനമാണ്‌ ഇസ്‌ലാം എന്നതാണ്‌ യാഥാര്‍ഥ്യം. എല്ലാ പ്രവാചകന്മാരും നിയോഗിക്കപ്പെട്ടത്‌ ദൈവികമായ സത്യമതത്തിലേക്ക്‌ ജനങ്ങളെ ക്ഷണിക്കാന്‍ വേണ്ടിയാണ്‌. തെറ്റായ വിശ്വാസാചാരങ്ങളും ജീവിത രീതികളും പിന്തുടരുന്നവരായിരുന്നു ഏത്‌ നാട്ടിലെയും ഏത്‌ കാലത്തെയും ഭൂരിപക്ഷം. അതിനാല്‍ പ്രവാചകന്മാരുടെ പ്രബോധനത്തെ അവര്‍ എതിര്‍ക്കുക സ്വാഭാവികമായിരുന്നു. മുന്‍വിധികളില്ലാത്ത സത്യാന്വേഷികള്‍ മാത്രമാണ്‌ മിക്കപ്പോഴും പ്രവാചകന്മാരുടെ ആഹ്വാനം സ്വീകരിച്ചത്‌. പ്രവാചകന്മാരെയും സത്യവിശ്വാസികളെയും നിഷേധികള്‍ ശക്തമായി എതിര്‍ത്തതുകൊണ്ട്‌ പലപ്പോഴും സംഘര്‍ഷമുണ്ടായിട്ടുണ്ടെങ്കിലും പൂര്‍വ പ്രവാചകന്മാരാരും സ്വന്തം നിലയില്‍ സംഘര്‍ഷമുണ്ടാക്കിയതായി വിശുദ്ധ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസുകളിലോ കാണുന്നില്ല.

മുഹമ്മദ്‌ നബി(സ) പ്രവാചകത്വ ലബ്‌ധിക്കുശേഷം പതിമൂന്നു വര്‍ഷം മക്കയിലാണ്‌ ജീവിച്ചത്‌. അക്കാലത്ത്‌ അദ്ദേഹവും ന്യൂനപക്ഷമായിരുന്ന വിശ്വാസികളും പല തരത്തില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ അവര്‍ പോരാട്ടത്തിനൊന്നും ശ്രമിക്കാതെ സംയമനം പാലിക്കുകയാണ്‌ ചെയ്‌തതെന്ന്‌ ഇസ്‌ലാമിക ചരിത്രം സാമാന്യമായി പഠിച്ചവര്‍ക്കെല്ലാം അറിയാം. അവര്‍ സംയമനം പാലിച്ചത്‌ സുഖലോലുപ ജീവിതം നയിക്കാന്‍ വേണ്ടിയല്ല, സംഘര്‍ഷം വര്‍ധിക്കാന്‍ ഇടയാക്കാതെ സത്യപ്രബോധനം തുടരാന്‍ വേണ്ടിയാണ്‌. സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക്‌ സത്യമതത്തെക്കുറിച്ച്‌ അന്വേഷിക്കാനും മനസ്സിലാക്കാനുമുള്ള താല്‌പര്യം കുറയുകയാണ്‌ ചെയ്യുകയെന്ന്‌ യാഥാര്‍ഥ്യബോധമുള്ള ആര്‍ക്കും അറിയാം. മക്കയിലെ പീഡനം അസഹനീയമായപ്പോള്‍ നബി(സ)യും അനുചരരും മദീനയിലേക്ക്‌ പലായനം ചെയ്യുകയാണുണ്ടായത്‌. വീടും സ്വത്തും ജന്മനാടും വിട്ടുകൊണ്ടുള്ള പലായനത്തിലും സംയമനമാണ്‌, പോരാട്ടത്തിനുള്ള ഒരുക്കമല്ല തെളിഞ്ഞുകാണുന്നത്‌. മദീനയില്‍ നിന്ന്‌ നബി(സ)യും സ്വഹാബികളും നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം മിക്കവര്‍ക്കും അറിയാം. അതൊക്കെയും സത്യവിശ്വാസികള്‍ ഉന്മൂലനം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു.

അതിനിടയിലും സംയമനത്തിലൂടെ സമാധാനാന്തരീക്ഷം നിലനിര്‍ത്താനും അതു മുഖേന പ്രബോധന സാധ്യതകള്‍ വര്‍ധിപ്പിക്കാനും നബി(സ) ശ്രമിച്ചിട്ടുണ്ട്‌. മദീനയിലെ വിവിധ ഗോത്രങ്ങളുമായി അദ്ദേഹം സന്ധിയിലേര്‍പ്പെട്ടതും ഹുദയ്‌ബിയയില്‍, വലിയ വിട്ടുവീഴ്‌ചകള്‍ ചെയ്‌തുകൊണ്ട്‌ മക്കയിലെ ശത്രുക്കളുമായി സമാധാനക്കരാറില്‍ ഒപ്പുവെച്ചതും മക്കാ വിജയവേളയില്‍, മുമ്പ്‌ മുസ്‌ലിംകളെ ദ്രോഹിച്ചവര്‍ക്കെല്ലാം മാപ്പ്‌ നല്‌കിയതും സംയമനത്തിന്റെ അപാരമായ സാധ്യതകള്‍ സത്യപ്രബോധനത്തിന്‌ ഉപയോഗപ്പെടുത്താന്‍ വേണ്ടിയായിരുന്നു.

ഇതിന്റെയൊക്കെ ഫലമായി അറേബ്യയുടെ പല ഭാഗങ്ങളിലും സമാധാനാന്തരീക്ഷം സംജാതമാവുകയും ജനങ്ങള്‍ കൂട്ടത്തോടെ ഇസ്‌ലാമിലേക്ക്‌ കടന്നുവരികയും ചെയ്‌ത സംഭവം വിശുദ്ധ ഖുര്‍ആനില്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്‌. അവിവേകികള്‍ സംസാരിക്കാന്‍ വന്നാല്‍ അവരോട്‌ പോരാടാനല്ല, അവര്‍ക്ക്‌ സമാധാനമാശംസിക്കാനാണ്‌ വിശുദ്ധ ഖുര്‍ആനില്‍ (25:63) അല്ലാഹു ആജ്ഞാപിക്കുന്നത്‌. ഇത്‌ എക്കാലത്തേക്കുമുള്ള അധ്യാപനമാണ്‌. അറിയുന്നവരും അറിയാത്തവരുമായ ആരെക്കണ്ടാലും `അസ്സലാമു അലൈക്കും' (നിങ്ങള്‍ക്ക്‌ സമാധാനമുണ്ടായിരിക്കട്ടെ) എന്ന്‌ പറയാനാണ്‌ നബി(സ) നിര്‍ദേശിച്ചത്‌. ഇതിന്‌ പകരം `നിങ്ങളെ ഞാന്‍ പോരാട്ടത്തിന്‌ വെല്ലുവിളിക്കുന്നു' എന്ന്‌ പറയുകയോ വാക്കിലും പ്രവൃത്തിയിലും സദാ ശത്രുതാഭാവം പ്രകടിപ്പിക്കുകയോ ആണ്‌ പ്രവാചകന്മാരുടെ പാരമ്പര്യമെന്ന്‌ സമര്‍ഥിക്കുന്നവര്‍ ദൈവിക മതത്തെ കീഴ്‌മേല്‍ മറിക്കുകയാണ്‌ ചെയ്യുന്നത്‌.

നോമ്പ്‌ നോറ്റുവീട്ടേണ്ട ആള്‍ മരിച്ചാല്‍ ?


നോമ്പ്‌ നോറ്റു വീട്ടാന്‍ ബാധ്യതയുള്ള നിലയില്‍ ഒരാള്‍ മരിച്ചാല്‍ ബന്ധുക്കള്‍ ആ നോമ്പ്‌ വീട്ടേണ്ടതുണ്ടോ?
അബ്‌ദുല്‍ മലിക്ക്‌ (കൊച്ചി)

``വല്ലവനും നോമ്പ്‌ ബാധ്യതയുള്ള നിലയില്‍ മരിച്ചാല്‍ അയാള്‍ക്ക്‌ പകരം അയാളുടെ അടുത്ത ബന്ധു നോമ്പനുഷ്‌ഠിക്കേണ്ടതാണെന്ന്‌'' നബി(സ) പറഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഈ വിഷയകമായി ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത മറ്റൊരു ഹദീസ്‌ ഇപ്രകാരമാകുന്നു: ഒരു സ്‌ത്രീ റസൂലി(സ)ന്റെ അടുത്ത്‌ വന്നു ``ഒരു മാസത്തെ നോമ്പ്‌ ബാധ്യതയുള്ള നിലയില്‍ എന്റെ മാതാവ്‌ മരിച്ചിരിക്കുന്നു. അവര്‍ക്ക്‌ പകരം ഞാനത്‌ നോല്‍ക്കേണ്ടതുണ്ടോ'' എന്ന്‌ ചോദിച്ചു. ``അവര്‍ക്ക്‌ കട ബാധ്യതയുണ്ടായിരുന്നെങ്കില്‍ നീ വീട്ടുമായിരുന്നോ?'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. അവള്‍ അതെയെന്ന്‌ പറഞ്ഞപ്പോള്‍ അദ്ദേഹം പ്രതിവചിച്ചു: ``എങ്കില്‍ അല്ലാഹുവിനുള്ള കടമാണ്‌ വീട്ടാന്‍ ഏറ്റവും അവകാശപ്പെട്ടത്‌.''

വഹാബികള് കഴുത്തറുപ്പന്മാരോ?


``മുശ്‌രിക്കുകളെക്കുറിച്ച്‌ അവതരിപ്പിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍ വഹാബികള്‍ മുസ്‌ലിംകളുടെ മേല്‍ ആരോപിച്ച്‌ അവരെ കൊല്ലുകയും സ്വത്തുക്കള്‍ കവരുകയും ചെയ്‌തു. പിഞ്ചു പൈതങ്ങളെപ്പോലും കാഫിറുകള്‍ എന്നാക്രോശിച്ച്‌ അവര്‍ കഴുത്തറുത്തു നജ്‌ദില്‍ അധികാരമുറപ്പിച്ചു. പിടിച്ചെടുക്കല്‍ തുടര്‍ന്നു. ആദ്യം കിഴക്കന്‍ ഭാഗം. പിന്നെ ഇഖ്‌ലീമുല്‍ ഹസാഅ്‌, ബഹ്‌റൈന്‍, ഒമാന്‍, മസ്‌ക്കത്ത്‌, ബഗ്‌ദാദ്‌, ബസ്വറ ഇങ്ങനെ തെക്കോട്ട്‌. വടക്കു ഭാഗത്ത്‌ ഹറാര്‍, ഖുയൂഖ്‌, ഹര്‍ബിയ, ഫറത്ത്‌, ജുബാന അങ്ങനെ രക്തവിപ്ലവം തുടര്‍ന്നു.'' (ഖുലാഫത്തുല്‍ ഖലാം, രിസാലത്തുല്‍ വറാഖിയ)
മുസമ്പുലു (ഒതായി)

ഇങ്ങനെയുള്ള വഹ്‌ഹാബികള്‍ ഏത്‌ കാലത്താണ്‌ ഉണ്ടായിരുന്നത്‌? അതോ വഹ്‌ഹാബികള്‍ രണ്ടുതരം ഉണ്ടോ? ഒന്ന്‌, ശാന്തമായി ഖുര്‍ആനും പ്രവാചകചര്യയും അനുസരിച്ച്‌ പ്രബോധനം നടത്തുന്നവര്‍ (അഥവാ ഇന്നത്തെ അവസ്ഥ). രണ്ട്‌, ആയുധം കയ്യിലെടുത്ത്‌ രക്തവിപ്ലവം സൃഷ്‌ടിക്കുന്നവര്‍.


വഹാബികള്‍ എന്ന്‌ വിളിപ്പേരിട്ട്‌ യാഥാസ്ഥിതികര്‍ അപവദിച്ചുകൊണ്ടിരിക്കുന്ന ആളുകള്‍ തന്നെയാണ്‌ ഇപ്പോള്‍ സുഊദി ഭരണകൂടത്തിന്‌ മതപരവും രാഷ്‌ട്രീയവുമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‌കുന്നത്‌. മക്കയും മദീനയും ജിദ്ദയും റിയാദും ദമ്മാമും മറ്റും ഉള്‍ക്കൊള്ളുന്ന വിശാലമായ സുഊദി രാഷ്‌ട്രത്തില്‍ ധാരാളം അമുസ്‌ലിംകളും പല വിഭാഗക്കാരായ മുസ്‌ലിംകളും താമസിക്കുന്നുണ്ട്‌. ദശലക്ഷക്കണക്കില്‍ മലയാളികളും അവിടെ പലതരം തൊഴിലെടുത്ത്‌ പതിറ്റാണ്ടുകളായി താമസിച്ചുവരുന്നുണ്ട്‌. മുസ്‌ലിംകളില്‍ ഏതെങ്കിലും വിഭാഗക്കാരെയോ അമുസ്‌ലിംകളെയോ കാഫിര്‍-മുശ്‌രിക്ക്‌ എന്ന്‌ വിളിച്ച്‌ സുഊദികള്‍ അപവദിക്കുകയോ ആക്രമിക്കുകയോ ചെയ്‌ത യാതൊരു സംഭവവും വാര്‍ത്താമാധ്യമങ്ങളില്‍ വന്നിട്ടില്ല. ഏതെങ്കിലും അവിവേകി അങ്ങനെ ചെയ്യുന്ന പക്ഷം സുഊദി ഭരണകൂടം അയാള്‍ക്ക്‌ കടുത്ത ശിക്ഷ നല്‌കുക തന്നെ ചെയ്യും. രണ്ടു സമസ്‌തയുടെയും പണ്ഡിതന്മാര്‍ സുഊദി നഗരങ്ങളില്‍ സംഘടിത പ്രവര്‍ത്തനങ്ങള്‍ തന്നെ നടത്തുന്നുണ്ട്‌. വഹ്‌ഹാബികള്‍ അവരില്‍ ആരുടെയെങ്കിലും കഴുത്തറുക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ തെളിവ്‌ സഹിതം അതവര്‍ എഴുതട്ടെ. പണ്ടത്തെ വഹ്‌ഹാബികളൊക്കെ ആക്രോശികളും കഴുത്തറുപ്പന്മാരുമായിരുന്നുവെന്നും ഇപ്പോഴത്തെ വഹ്‌ഹാബികള്‍ സമാധാനകാംക്ഷികളാണെന്നുമാണ്‌ `നോട്ടീസ്‌ സുന്നി'കളുടെ വാദമെങ്കില്‍ എന്ന്‌ മുതലാണ്‌ വഹാബികള്‍ക്ക്‌ മാറ്റമുണ്ടായതെന്ന്‌ വ്യക്തമാക്കണം.


വഹ്‌ഹാബികളെപ്പറ്റി പരമാവധി പരദൂഷണം പറഞ്ഞാല്‍ സ്വര്‍ഗം ഉറപ്പാണെന്ന്‌ ബഹുജനങ്ങളെ പഠിപ്പിക്കുന്ന ചില പുരോഹിതന്മാരുണ്ട്‌. അവര്‍ പല ഭാഷകളിലും പച്ച നുണകള്‍ കോര്‍ത്ത്‌ കെട്ടി പുസ്‌തകങ്ങളും ലഘുലേഖകളും ധാരാളം അടിച്ചിറക്കിയിട്ടുണ്ട്‌. ആ കൂട്ടത്തില്‍ പെട്ടതായിരിക്കും `ഖുലാഫത്തുല്‍ ഖലാം.' അറബിഭാഷയില്‍ ഖുലാഫ, ഖലാം എന്നിങ്ങനെ ഒരു ഗ്രന്ഥത്തിന്റെ പേരായിരിക്കാവുന്ന പദങ്ങളേയില്ല. അല്‌പം വകതിരിവുള്ള വല്ലവരുമാണ്‌ ആ ഉദ്ധരണി എഴുതിയതെങ്കില്‍ ഒമാനും മസ്‌കത്തും രണ്ടു നാടുകളുടെ പേര്‍ എന്ന നിലയില്‍ എഴുതുമായിരുന്നില്ല. അതുപോലെ തന്നെ ബഗ്‌ദാദ്‌, ബസ്വറ എന്നിവയും. ഒമാന്‍ എന്ന രാഷ്‌ട്രത്തിന്റെ തലസ്ഥാന നഗരമാണ്‌ മസ്‌കത്ത്‌. ബാഗ്‌ദാദും ബസ്വറയും തമ്മിലുള്ള ബന്ധം ഒമാനും മസ്‌കത്തും തമ്മിലുള്ളതല്ല. ഒന്ന്‌ ഇറാഖിന്റെ തലസ്ഥാനനഗരവും മറ്റേത്‌ അവിടത്തെ തുറമുഖ നഗരവുമാണ്‌. ശൈഖ്‌ മുഹമ്മദുബ്‌നു അബ്‌ദില്‍ വഹ്‌ഹാബിന്റെ വീക്ഷണങ്ങളോട്‌ യോജിച്ച സുഊദികളോ, അതുപോലുള്ള മറ്റേതെങ്കിലും വിഭാഗമോ ഒരിക്കലും മസ്‌കത്തോ ബഗ്‌ദാദോ ബസ്വറയോ പിടിച്ചെടുത്തിട്ടില്ല. പിടിച്ചെടുക്കാന്‍ ശ്രമിച്ചിട്ടുപോലുമില്ല. ഒരു കൂട്ടര്‍ കാല്‍വെക്കുക പോലും ചെയ്യാത്ത നാടുകളില്‍ അവര്‍ സകലരുടെയും കഴുത്തറുത്തു എന്നു പറഞ്ഞാല്‍ പോലും അണ്ണാക്കുതൊടാതെ വിഴുങ്ങുന്ന കുഞ്ഞാടുകള്‍ക്ക്‌ വേണ്ടിയുള്ളതാണ്‌ സമസ്‌തക്കാരുടെ സാഹിത്യം മുഴുവന്‍.

ഹജറുല്‍ അസ്‌വദ്‌ സ്വര്‍ഗത്തിലെ കല്ലോ?


``എന്താണ്‌ ഹജറുല്‍ അസ്‌വദ്‌? അതിന്റെ നിറം കറുപ്പ്‌ തന്നെയാണോ? ഉത്തരം: സ്വര്‍ഗത്തില്‍ നിന്നുള്ള കല്ല്‌. പാലിനേക്കാള്‍ വെളുത്ത നിറമായിരുന്നു. പക്ഷേ, മനുഷ്യ ദോഷങ്ങള്‍ അതിനെ കറുപ്പിച്ചു.'' (ഇസ്‌ലാം ക്വിസ്‌, പേജ്‌ 148)
ഇത്‌ ശരിയാണോ? ഹജറുല്‍ അസ്‌വദ്‌ സ്വര്‍ഗത്തില്‍ നിന്നാണെന്നതിനോ മനുഷ്യദോഷങ്ങള്‍ അതിനെ കറുപ്പിച്ചുവെന്നതിനോ പ്രവാചകവചനങ്ങളിലെവിടെയെങ്കിലും പരാമര്‍ശങ്ങളുണ്ടോ?

അന്‍സാര്‍ (ഒതായി)

ഹജറുല്‍ അസ്‌വദ്‌ സ്വര്‍ഗത്തില്‍ നിന്ന്‌ ഇറങ്ങിയതാണെന്ന്‌ റസൂല്‍(സ) പറഞ്ഞതായി തിര്‍മിദിയും നസാഈയും ഇബ്‌നുഅബ്ബാസി(റ)ല്‍ നിന്ന്‌ റോപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഈ ഹദീസ്‌ സ്വഹീഹാണെന്ന്‌ തിര്‍മിദിയും അല്‍ബാനിയും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഇതിന്റെ തുടര്‍ച്ചയായി ``അത്‌ പാലിനേക്കാള്‍ തൂവെള്ള നിറമുള്ളതായിരുന്നു. മനുഷ്യരുടെ പാപങ്ങളാണ്‌ അതിനെ കറുപ്പിച്ചുകളഞ്ഞത്‌'' എന്നു കൂടി റസൂല്‍(സ) പറഞ്ഞുവെന്ന്‌ തിര്‍മിദി, അഹ്‌മദ്‌ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഈ ഹദീസ്‌ സ്വഹീഹാണെന്ന്‌ ഇബ്‌നു ഖുസൈമ: അഭിപ്രായപ്പെട്ടിരിക്കുന്നു.

നബി(സ) ഹജറുല്‍ അസ്‌വദ്‌ ചുംബിച്ചുവെന്നും തൊട്ടുവന്ദിച്ചുവെന്നും വ്യക്തമാക്കുന്ന ബുഖാരിയുടെയും മുസ്‌ലിമിന്റെയും കൂടുതല്‍ പ്രബലമായ ഹദീസുകളില്‍ ആ കല്ല്‌ സ്വര്‍ഗത്തില്‍ നിന്ന്‌ കൊണ്ടുവന്നതാണെന്നോ മുമ്പ്‌ അതിന്റെ നിറം വെള്ളയായിരുന്നുവെന്നോ പറഞ്ഞിട്ടില്ല. ഈ വിഷയകമായി കൂടുതല്‍ വിവരങ്ങള്‍ ഹദീസുകളില്‍ നിന്ന്‌ ലഭ്യമല്ല.
 

കൈ പല രൂപത്തില്‍ കെട്ടുന്നവരും കെട്ടാത്തവരും


മസ്‌ജിദുല്‍ഹറാമിലെ ഒരു നമസ്‌കാരത്തില്‍ പല രൂപത്തില്‍ കൈ കെട്ടുന്നവരെയും കൈ കെട്ടാത്തവരെയും ഒരു മരക്കഷ്‌ണം കൊണ്ട്‌ പല്ല്‌ തേക്കുന്നവരെയും കണ്ടു. ഇതിന്റെയൊക്കെ ഇസ്‌ലാമിക കാഴ്‌ചപ്പാടെന്താണ്‌?
ജമീല (തേഞ്ഞിപ്പലം)

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള പല മദ്‌ഹബുകാരും പല വീക്ഷണക്കാരുമായ മുസ്‌ലിംകളാണ്‌ മക്കയിലെ മസ്‌ജിദുല്‍ ഹറാമിലും മദീനയിലെ മസ്‌ജിദുന്നബവിയിലും ഒരുമിച്ചു കൂടുന്നത്‌. പ്രധാനപ്പെട്ട നാലു മദ്‌ഹബുകാര്‍ക്ക്‌ പുറമെ ശീഅകളും ഇബാളീ മദ്‌ഹബുകാരും മറ്റുമുണ്ട്‌. ഹദീസുകള്‍ക്ക്‌ പ്രാമാണികത കല്‌പിക്കുന്നതിലും അവയെ വ്യാഖ്യാനിക്കുന്നതിലും ഇവരുടെ സമീപനങ്ങള്‍ വ്യത്യസ്‌തമായിരിക്കും. ചില ഇമാമുകള്‍ ഈ വിഷയകമായ എല്ലാ ഹദീസുകളും കണ്ടിട്ടില്ലെന്ന്‌ വരാം. ഹദീസുകളില്‍ ഏതിന്‌ മുന്‍ഗണന നല്‌കണമെന്ന കാര്യത്തില്‍ അവര്‍ അംഗീകരിച്ച മാനദണ്ഡങ്ങള്‍ വ്യത്യസ്‌തമായിരിക്കാനും സാധ്യതയുണ്ട്‌.

നമസ്‌കാരത്തിന്റെ തുടക്കത്തെ സംബന്ധിച്ച്‌ അബൂഹുമൈദി(റ)ല്‍ നിന്ന്‌ ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ റസൂല്‍(സ) തക്‌ബീര്‍ ചൊല്ലുമ്പോള്‍ കൈകള്‍ ചുമലിന്‌ നേരെ ഉയര്‍ത്തുമായിരുന്നു എന്നേ പറഞ്ഞിട്ടുള്ളൂ. അതിന്‌ ശേഷം കൈകള്‍ കെട്ടി എന്നോ താഴ്‌ത്തിയിട്ടു എന്നോ വ്യക്തമാക്കിയിട്ടില്ല. വാഇലുബ്‌നു ഹുജ്‌റി(റ)ല്‍ നിന്ന്‌ മുസ്‌ലിം, അബൂദാവൂദ്‌, അഹ്‌മദ്‌ എന്നിവര്‍ ഉദ്ധരിച്ച ഒരു ഹദീസില്‍ നബി(സ) നമസ്‌കാരം തുടങ്ങുമ്പോള്‍ കൈകള്‍ ഉയര്‍ത്തി തക്‌ബീര്‍ ചൊല്ലിയ ശേഷം വലതു കൈ ഇടതു കൈമേല്‍ വെച്ചു എന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ കൈകള്‍ വെച്ചത്‌ നെഞ്ചത്തോ വയറ്റത്തോ പൊക്കിളിന്‌ താഴെയോ എന്ന്‌ ഈ ഹദീസില്‍ പറഞ്ഞിട്ടില്ല. നമസ്‌കാരത്തില്‍ കൈപ്പടങ്ങള്‍ കൈപ്പടങ്ങളിന്മേലായി പൊക്കിളിന്‌ താഴെ വെക്കുകയാണ്‌ നബിചര്യയെന്ന്‌ അലി(റ) പറഞ്ഞതായി അഹ്‌മദും അബൂദാവൂദും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ടെങ്കിലും ആ ഹദീസിന്റെ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാള്‍ വിമര്‍ശന വിധേയനായിട്ടുണ്ട്‌. നമസ്‌കാരത്തില്‍ കൈകള്‍ എവിടെ വെക്കണം എന്നത്‌ സംബന്ധിച്ച്‌ താരതമ്യേന പ്രബലമായ ഹദീസ്‌ വാഇലുബ്‌നു ഹുജ്‌റി(റ)ല്‍ നിന്ന്‌ ഇബ്‌നുഖുസൈമ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളതാണ്‌. റസൂല്‍(സ) വലതുകൈ ഇടതു കയ്യിന്മേലായി നെഞ്ചത്ത്‌ വെച്ചുവെന്ന്‌ ഈ ഹദീസില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇത്‌ പ്രബലമാണെന്ന്‌ ഇബ്‌നു ഖുസൈമ പറഞ്ഞിട്ടുണ്ട്‌.

ഖുത്‌ബക്കിടയില്‍ ഇരിക്കാന്‍ മറന്നാല്‍


ഖുത്വുബക്കിടയില്‍ ഖത്വീബ്‌ ഇരിക്കാന്‍ മറക്കുകയാണെങ്കില്‍ അയാള്‍ ഒരു ഖുത്വുബ മാത്രമാണല്ലോ നിര്‍വഹിച്ചത്‌. എങ്കില്‍ ആ ഖുത്വുബയും ജുമുഅയും സാധുവാകുമോ? വ്യാഴാഴ്‌ച ഇശാ നമസ്‌കാരത്തിലും വെള്ളിയാഴ്‌ച സുബ്‌ഹിലും സൂറത്തുല്‍ അഅ്‌ലായും സൂറതു ഗാശിഅയും ചിലര്‍ പതിവാക്കുന്നു. ഇതിന്‌ പ്രത്യേക പുണ്യമുണ്ടോ?
കെ പി അബൂബക്കര്‍ (മുത്തനൂര്‍)

നബി(സ) വെള്ളിയാഴ്‌ച രണ്ട്‌ ഖുത്വ്‌ബ നിര്‍വഹിച്ചിരുന്നുവെന്നും അവക്കിടയില്‍ ഇരുന്നിരുന്നുവെന്നും പ്രാമാണികമായ ഹദീസുകളില്‍ കാണാം. അതേ നിലയില്‍ നിര്‍വഹിക്കുകയാണ്‌ സുന്നത്ത്‌. എന്നാല്‍ രണ്ടു ഖുത്വ്‌ബ നിര്‍വഹിക്കണമെന്ന്‌ നബി(സ) നിര്‍ബന്ധ സ്വരത്തില്‍ കല്‌പിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ ഒരു ഖുത്വ്‌ബയേ നിര്‍ബന്ധമുള്ളൂ എന്നാണ്‌ പൂര്‍വിക പണ്ഡിതന്മാരില്‍ ഭൂരിപക്ഷം പേര്‍ അഭിപ്രായപ്പെട്ടത്‌. രണ്ടാം ഖുത്വ്‌ബയും നിര്‍ബന്ധമാണെന്നാണ്‌ മറ്റു പണ്ഡിതന്മാരുടെ അഭിപ്രായം. രണ്ടു അഭിപ്രായപ്രകാരമാണെങ്കിലും ഖുത്വ്‌ബക്കിടയില്‍ ഇരിക്കാന്‍ മറന്നുപോയ ഇമാം കുറ്റക്കാരനല്ല. അബദ്ധവും മറവിയും നിമിത്തം വല്ല കാര്യവും വിട്ടുപോയാല്‍ അല്ലാഹു ശിക്ഷിക്കുകയില്ലെന്നാണ്‌ ഖുര്‍ആനില്‍ നിന്നും പ്രാമാണികമായ ഹദീസുകളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്‌. അതിനാല്‍ ജുമുഅയുടെയോ, ഖുത്വ്‌ബയുടെയോ സാധുതയെ സംബന്ധിച്ച്‌ ആശങ്കപ്പെടേണ്ടതില്ല. രണ്ടാം ഖുത്വ്‌ബ മറന്നാല്‍ അതിന്‌ പ്രായശ്ചിത്തമായി എന്തെങ്കിലും ചെയ്യാന്‍ നബി(സ) കല്‌പിച്ചിട്ടില്ല.

വ്യാഴാഴ്‌ച ഇശാനമസ്‌കാരത്തിലോ വെള്ളിയാഴ്‌ച സുബ്‌ഹിലോ ചോദ്യകര്‍ത്താവ്‌ എഴുതിയ സൂറത്തുകള്‍ നബി(സ) പതിവായി ഓതിയിരുന്നുവെന്നോ ഓതാന്‍ കല്‌പിച്ചിരുന്നുവെന്നോ പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. വെള്ളിയാഴ്‌ച സുബ്‌ഹ്‌ നമസ്‌കാരത്തില്‍ അലിഫ്‌ലാം തന്‍സീലു..., ഹല്‍അതാഅലല്‍ ഇന്‍സാനി എന്നീ സൂറത്തുകള്‍ നബി(സ) പാരായണം ചെയ്‌തിരുന്നുവെന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ എല്ലാവരും ഈ സൂറത്തുകള്‍ തന്നെ ഓതണമെന്ന്‌ കല്‌പിച്ചിട്ടില്ല. ഇശാനമസ്‌കാരത്തില്‍ പൊതുവെ ഏറെ ദൈര്‍ഘ്യമില്ലാത്ത സൂറത്തുകള്‍ ഓതാന്‍ നബി(സ) നിര്‍ദേശിച്ചതായി പ്രബലമായ ഹദീസുകളില്‍ കാണാം. അഅ്‌ലാ, ഗാശിയ പോലുള്ള സൂറത്തുകള്‍ ആ വിഭാഗത്തില്‍ ഉള്‍പ്പെടും. ഖുര്‍ആനില്‍ നിന്ന്‌ ഏത്‌ ഭാഗം ഓതുന്നതും തെറ്റാണെന്ന്‌ പറയാവുന്നതല്ല.

നോമ്പ്‌ നോല്‌ക്കാന്‍ ബാധ്യതയുണ്ടായിരിക്കെ മരിച്ചാല്‍


നോമ്പ്‌ നോറ്റു വീട്ടേണ്ടതുള്ള ഒരാള്‍ അത്‌ നിര്‍വഹിക്കാതെ മരിച്ചാല്‍ ബന്ധുക്കള്‍ അയാള്‍ക്ക്‌ പകരം നോറ്റു വീട്ടേണ്ടതുണ്ടോ?
സി പി നസീല്‍ (കോഴിക്കോട്‌ )

``നോമ്പ്‌ നിര്‍വഹിക്കാന്‍ ബാധ്യതയുള്ള നിലയില്‍ വല്ലവനും മരിച്ചാല്‍ അയാള്‍ക്ക്‌ പകരം അയാളുടെ ഉറ്റബന്ധു നോമ്പനുഷ്‌ഠിക്കേണ്ടതാണ്‌'' എന്ന്‌ നബി(സ) പറഞ്ഞതായി ആഇശ(റ)യില്‍ നിന്ന്‌ ബുഖാരിയിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌ത മറ്റൊരു ഹദീസ്‌ ഇപ്രകാരമാകുന്നു: ``ഒരാള്‍ നബി(സ)യുടെ അടുത്ത്‌ വന്നിട്ട്‌ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എന്റെ ഉമ്മ മരിക്കുമ്പോള്‍ അവര്‍ക്ക്‌ ഒരു മാസത്തെ നോമ്പ്‌ ബാധ്യതയുണ്ട്‌. അവര്‍ക്ക്‌ പകരം ഞാന്‍ അത്‌ നോറ്റു വീട്ടണമോ? നബി(സ) പറഞ്ഞു: ``അതെ, അല്ലാഹുവിനുള്ള കടമാണ്‌ വീട്ടാന്‍ ഏറ്റവും അവകാശപ്പെട്ടത്‌.'' ഇങ്ങനെ നോറ്റുവീട്ടുന്നത്‌ നിര്‍ബന്ധമല്ല; സുന്നത്താണ്‌ എന്നത്രെ പൂര്‍വിക പണ്ഡിതന്മാരില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ഒരു നോമ്പിന്‌ പകരം ഒരു പാവപ്പെട്ടവന്‌ ഭക്ഷണം നല്‌കുകയാണ്‌ ഉറ്റ ബന്ധു ചെയ്യേണ്ടതെന്നാണ്‌ പൂര്‍വ പണ്ഡിതന്മാരില്‍ പ്രമുഖരായ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. സ്വഹാബികളില്‍ ചിലരുടെ ഫത്‌വകളാണ്‌ അവര്‍ക്ക്‌ അവലംബം.

നോമ്പ്‌: നിയ്യത്തിന്റെ രൂപവും സമയവും

നോമ്പിന്‌ നിയ്യത്ത്‌ നിര്‍ബന്ധമാണോ? അതിന്റെ വാക്കുകള്‍ എപ്രകാരമാണ്‌? നിയ്യത്ത്‌ വെക്കേണ്ട സമയം എപ്പോഴാണ്‌?
പി ടി ആദില്‍ (മലപ്പുറം)

ഒരു കര്‍മം ചെയ്യുമ്പോള്‍ മനസ്സിലെ വിചാരഗതിയെന്താണോ അതാണ്‌ നിയ്യത്ത്‌. ഈ വിഷയകമായി പ്രസിദ്ധമായ നബിവചനം ഇപ്രകാരമാകുന്നു: ``കര്‍മങ്ങള്‍ ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ച്‌ മാത്രമാകുന്നു. അതിനാല്‍ വല്ലവന്റെയും ഹിജ്‌റ അല്ലാഹുവിലേക്കും റസൂലിലേക്കുമാണെങ്കില്‍ അവന്റെ ഹിജ്‌റ അല്ലാഹുവിലേക്കും റസൂലിലേക്കും തന്നെ. വല്ലവന്റെയും ഹിജ്‌റ ഐഹികനേട്ടങ്ങള്‍ക്കു വേണ്ടിയോ ഒരു സ്‌ത്രീയെ വിവാഹം കഴിക്കാന്‍ വേണ്ടിയോ ആണെങ്കില്‍ അവന്റെ ഹിജ്‌റ അവന്‍ ലക്ഷ്യമാക്കിയ കാര്യത്തിലേക്ക്‌ തന്നെയാകുന്നു.'' (ബുഖാരി, മുസ്‌ലിം) നബി(സ) മദീനാവാസമാരംഭിച്ചത്‌ മുതല്‍ മക്കാവിജയംവരെ ഏത്‌ നാട്ടുകാര്‍ ഇസ്‌ലാം സ്വീകരിക്കുകയാണെങ്കിലും അവര്‍ സ്വദേശം വെടിഞ്ഞ്‌ മദീനയിലേക്ക്‌ ഹിജ്‌റ പോകണമെന്നായിരുന്നു അല്ലാഹുവിന്റെ കല്‌പന. ഈ ഹിജ്‌റ അല്ലാഹുവിങ്കല്‍ സ്വീകാര്യമായ ഒരു സല്‍കര്‍മമാകണമെങ്കില്‍ ഉദ്ദേശ്യം ശരിയാകണമെന്നും എല്ലാ കര്‍മങ്ങള്‍ക്കും ഇത്‌ ബാധകമാണെന്നും ഈ നബിവചനത്തില്‍ നിന്ന്‌ ഗ്രഹിക്കാം.

നോമ്പിന്റെ നിയ്യത്ത്‌ സംബന്ധിച്ച്‌ പ്രത്യേകമായി പരാമര്‍ശിക്കുന്ന നബിവചനം ഇപ്രകാരമാകുന്നു: ``നോമ്പനുഷ്‌ഠിക്കണമെന്ന്‌ ഫജ്‌റിന്‌ (പുലരിക്ക്‌) മുമ്പായി തീരുമാനിക്കാത്തവന്റെ നോമ്പ്‌ സാധുവല്ല.'' (അബൂദാവൂദും തിര്‍മിദിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തത്‌) എന്നാല്‍ നിര്‍ബന്ധമല്ലാത്ത നോമ്പിന്റെ കാര്യത്തില്‍ നേരം പുലര്‍ന്നതിനു ശേഷം തീരുമാനമെടുക്കാവുന്നതാണെന്ന്‌ തെളിയിക്കുന്ന നബിവചനം ആഇശ(റ)യില്‍ നിന്നും മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഉദ്ദേശ്യശുദ്ധിയും തീരുമാനവുമൊക്കെ മനസ്സില്‍ ഉണ്ടാകേണ്ടതാണ്‌. അത്‌ ഏതെങ്കിലും ഭാഷയില്‍ പറയേണ്ടതില്ല. ഹജ്ജിലും ഉംറയിലും പ്രവേശിക്കുന്നത്‌ മാത്രമേ പ്രഖ്യാപിക്കണമെന്ന്‌ നബി(സ) പഠിപ്പിച്ചിട്ടുള്ളൂ. ഒരു റമദാന്‍ മാസം മുഴുവന്‍ നോമ്പെടുക്കാമെന്ന്‌ മനസ്സിലുറപ്പിച്ച വ്യക്തി ഓരോ രാത്രിയിലും ആ തീരുമാനം ആവര്‍ത്തിക്കണമെന്നില്ലെന്ന്‌ ചില പ്രമുഖ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

തറാവീഹ്‌ ഇശായ്‌ക്ക്‌ ശേഷമോ?

സാധാരണയായി പുലര്‍ച്ചെ മൂന്ന്‌ മണിക്ക്‌ എഴുന്നേറ്റ്‌ പതിനൊന്ന്‌ റക്‌അത്ത്‌ നമസ്‌കരിക്കുന്ന ഒരാള്‍ റമദാനില്‍ ഇത്‌ തുടരുന്നതാണോ, അതോ ഇശാക്ക്‌ ശേഷം പള്ളിയില്‍ നടക്കുന്ന തറാവീഹ്‌ ജമാഅത്തില്‍ പങ്കെടുക്കുന്നതാണോ പുണ്യകരം?
നജ്‌മ (കൊയിലാണ്ടി)

റമദാന്‍ രാത്രിയിലെ സുന്നത്ത്‌ നമസ്‌കാരം നബി(സ) രണ്ടോ മൂന്നോ പ്രാവശ്യം മാത്രം പള്ളിയില്‍ ജമാഅത്തായി നിര്‍വഹിച്ചുവെന്നാണ്‌ പ്രബലമായ ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌. പിന്നീട്‌ നബി(സ) അത്‌ നിര്‍ത്തിവെച്ചത്‌ സമൂഹത്തിന്‌ അത്‌ നിര്‍ബന്ധ ബാധ്യതയായിത്തീരുമോ എന്ന ആശങ്കകൊണ്ടാണ്‌. ഈ നമസ്‌കാരം പള്ളിയില്‍ വിപുലമായ ജമാഅത്തായി നിര്‍വഹിക്കുന്ന സമ്പ്രദായം പുനരാരംഭിച്ചത്‌ രണ്ടാം ഖലീഫ ഉമറി(റ)ന്റെ ഭരണകാലത്താണ്‌.

ഇത്‌ സംബന്ധമായ റിപ്പോര്‍ട്ട്‌ സ്വഹീഹുല്‍ ബുഖാരിയിലെ കിതാബുല്‍ ഇഅ്‌തികാഫില്‍ കാണാം. അദ്ദേഹം തറാവീഹ്‌ ജമാഅത്ത്‌ ഏര്‍പ്പെടുത്തിയത്‌ ഇശായ്‌ക്ക്‌ ശേഷമായിരുന്നുവെന്നും അദ്ദേഹം അങ്ങനെ ചെയ്യുന്നതിന്‌ മുമ്പ്‌ പള്ളിയില്‍ ആളുകള്‍ ഓരോരുത്തരായോ ചെറിയ സംഘങ്ങളായോ നമസ്‌കരിച്ചിരുന്നുവെന്നും അദ്ദേഹം അവരെ ഒരേ ഇമാമിന്റെ പിന്നില്‍ ഏകോപിപ്പിച്ചുവെന്നും അര്‍ധരാത്രിക്കു ശേഷമുള്ള സമയത്ത്‌ ഈ നമസ്‌കാരം നിര്‍വഹിക്കുന്നതാണ്‌ ഈ സമയത്ത്‌ നമസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാണിച്ചുവെന്നും ഈ റിപ്പോര്‍ട്ടില്‍ നിന്ന്‌ വ്യക്തമാകുന്നു.

അര്‍ധരാത്രിക്ക്‌ ശേഷം പള്ളിയില്‍ ജമാഅത്തായി ഈ നമസ്‌കാരം നിര്‍വഹിക്കുന്നതാണ്‌ കൂടുതല്‍ പുണ്യകരം എന്ന കാര്യത്തില്‍ സംശയത്തിന്നവകാശമില്ല. എന്നാല്‍ വീട്ടില്‍വെച്ച്‌ അര്‍ധരാത്രിക്ക്‌ ശേഷം തനിച്ച്‌ നമസ്‌കരിക്കുന്നത്‌ ഇശായ്‌ക്കു ശേഷം പള്ളിയില്‍ ജമാഅത്തായി നമസ്‌കരിക്കുന്നതിനേക്കാള്‍ പുണ്യകരമാണെന്ന്‌ ഉറപ്പിച്ചു പറയാന്‍ തെളിവിന്റെ പിന്‍ബലം കാണുന്നില്ല. സമയത്തിന്റെ പ്രാധാന്യം പോലെ പരിഗണിക്കേണ്ട വിഷയങ്ങളാണല്ലോ നമസ്‌കാരം പള്ളിയിലാകുന്നതിന്റെയും ജമാഅത്താകുന്നതിന്റെയും പ്രാധാന്യം. അര്‍ധരാത്രിക്ക്‌ ശേഷം പള്ളിയില്‍ തറാവീഹ്‌ ജമാഅത്തിന്‌ എത്തിച്ചേരാന്‍ പലര്‍ക്കും പ്രയാസമുണ്ടാകുമെന്ന്‌ കരുതിയാകാം ഖലീഫ ഉമര്‍(റ) ഈ ജമാഅത്ത്‌ ഇശാ ജമാഅത്തിന്‌ ശേഷമാക്കിയത്‌.
 

ഹറമും ഒതായിയും


സ്‌ത്രീകള്‍ ആദ്യമായി നമസ്‌കരിക്കാന്‍ പോയത്‌ ഒതായി പള്ളിയിലാണെന്ന്‌ ഒരു പ്രസംഗം കേട്ടിരുന്നു. എന്നാല്‍ മക്കത്തും മദീനത്തും ഹറമില്‍ സ്‌ത്രീകള്‍ കൂട്ടം കൂട്ടമായി ജമാഅത്ത്‌ നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നത്‌ കണ്ടപ്പോള്‍ എനിക്കൊരു സംശയം. ഒതായിയിലെ സ്‌ത്രീകളുടെ മാര്‍ഗം അവര്‍ പിന്തുടര്‍ന്നതാണോ അതല്ല ഹറമുകളില്‍ നമസ്‌കരിക്കുന്ന സ്‌ത്രീകളുടെ മാര്‍ഗം ഒതായിക്കാര്‍ പിന്തുടര്‍ന്നതാണോ എന്ന്‌.
കെ ജമീല (തേഞ്ഞിപ്പലം)

പ്രസംഗങ്ങളില്‍ പലതിന്റെയും ലക്ഷ്യം തന്നെ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണ്‌. ഒതായി എന്നൊരു നാടിനെക്കുറിച്ച്‌ കേട്ടുകേള്‍വി പോലും ഇല്ലാത്തവരായിരിക്കും മക്കയിലെ മസ്‌ജിദുല്‍ ഹറാമിലും മദീനയിലെ മസ്‌ജിദുന്നബവിയിലും ജമാഅത്ത്‌ നമസ്‌കാരങ്ങളില്‍ പങ്കെടുത്ത ലക്ഷക്കണക്കില്‍ സ്‌ത്രീകള്‍. അവരൊക്കെ നബിചര്യയാണ്‌ പിന്തുടരുന്നത്‌. നബി തിരുമേനി(സ)യുടെ കാലത്ത്‌ മദീനയിലെ പള്ളിയില്‍ ധാരാളം സ്‌ത്രീകള്‍ ജമാഅത്ത്‌ നമസ്‌കാരങ്ങളില്‍ പങ്കെടുത്തിരുന്നുവെന്ന്‌ ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത അനേകം ഹദീസുകളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌. സ്വഹാബികളുടെ കാലം മുതല്‍ ഇന്നുവരെയും ഇത്‌ നിരാക്ഷേപം തുടര്‍ന്നുവരുന്നുമുണ്ട്‌. പല ചിന്താഗതിക്കാരായ ഭരണാധികാരികള്‍ പല കാലങ്ങളില്‍ മക്കയിലും മദീനയിലും ഭരണം നടത്തിയിട്ടുണ്ട്‌. അവിടത്തെ പള്ളികളില്‍ സ്‌ത്രീകള്‍ നമസ്‌കരിക്കരുതെന്ന്‌ അവരാരും വിലക്കിയതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സമസ്‌തക്കാര്‍ക്കാണ്‌ ഇത്‌ ഹറാമാക്കണമെന്ന്‌ ആദ്യമായി തോന്നിയത്‌.

മറന്നു തിന്നവന്റെ നോമ്പ്‌


നോമ്പെടുക്കാന്‍ തീരുമാനമെടുത്തതിനുശേഷം ഓര്‍മയില്ലാതെ ഒരാള്‍ വല്ലതും തിന്നുകയോ കുടിക്കുകയോ ചെയ്‌താല്‍ അയാളുടെ നോമ്പ്‌ നിഷ്‌ഫലമാകുമോ?

അബ്‌ദുല്‍സലീം (കണ്ണൂര്‍ )

സത്യവിശ്വാസികളുടെ ഒരു പ്രാര്‍ഥന വിശുദ്ധഖുര്‍ആനില്‍ എടുത്തുകാണിച്ചിട്ടുള്ളത്‌ ഇപ്രകാരമാണ്‌. ``ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോവുകയോ ഞങ്ങള്‍ക്ക്‌ തെറ്റ്‌ പറ്റുകയോ ചെയ്‌താല്‍ ഞങ്ങളെ ശിക്ഷിക്കരുതേ'' (2:286). ``എന്റെ സമുദായത്തിന്‌ അബദ്ധത്തിന്റെയും മറവിയുടെയും കാര്യത്തില്‍ വിട്ടുവീഴ്‌ച നല്‌കപ്പെട്ടിരിക്കുന്നു'' എന്ന്‌ നബി(സ) പറഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.

നോമ്പിന്റെ കാര്യത്തില്‍ പ്രത്യേകമായുള്ള ഒരു നബിവചനം ഇപ്രകാരമാകുന്നു: ``നോമ്പുണ്ടായിരിക്കെ ആരെങ്കിലും മറന്നുകൊണ്ട്‌ വല്ലതും തിന്നുകയോ കുടിക്കുകയോ ചെയ്‌താല്‍ (അത്‌ പരിഗണിക്കാതെ) ആ ദിവസത്തെ നോമ്പ്‌ അവര്‍ പൂര്‍ത്തിയാക്കിക്കൊള്ളട്ടെ. അല്ലാഹുവാണ്‌ അവര്‍ക്ക്‌ ആ ഭക്ഷണമോ പാനീയമോ നല്‌കിയത്‌.'' (ബുഖാരിയും മുസ്‌ലിമും അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌) മറന്നുകൊണ്ട്‌ നോമ്പ്‌ മുറിക്കാന്‍ ഇടയായാല്‍ പകരം നോമ്പ്‌ നോറ്റുവീട്ടുകയോ പ്രായശ്ചിത്തം ചെയ്യുകയോ വേണ്ടതില്ലെന്ന്‌ വ്യക്തമാക്കുന്ന ഒരു ഹദീസ്‌ ഹാകിം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

ലൈംഗികബന്ധത്തിലൂടെ നോമ്പ്‌ മുറിച്ചാല്‍


ഒരാള്‍ ലൈംഗികവേഴ്‌ച മുഖേന നോമ്പ്‌ മുറിക്കാന്‍ ഇടയായാല്‍ എന്താണു ചെയ്യേണ്ടത്‌?
നസീല്‍ (കോഴിക്കോട്‌) 

ബുഖാരിയും മുസ്‌ലിമും മറ്റു പ്രമുഖ ഹദീസ്‌ ഗ്രന്ഥകര്‍ത്താക്കളും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ള ഒരു നബിവചനമനുസരിച്ച്‌ അയാള്‍ പ്രായശ്ചിത്തം ചെയ്യേണ്ടതാണ്‌. ഒന്നുകില്‍ ഒരു അടിമയെ മോചിപ്പിക്കുക, അല്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്‌ഠിക്കുക, അതും സാധ്യമല്ലെങ്കില്‍ അറുപത്‌ അഗതികള്‍ക്ക്‌ ആഹാരം നല്‌കുക. ആഹാരത്തിന്റെ അളവ്‌ നബി(സ) നിര്‍ണയിച്ചിട്ടില്ല. സംഭോഗം മുഖേന നോമ്പു മുറിച്ചവന്‍ അതിനു പകരം മറ്റൊരു ദിവസം നോമ്പെടുക്കണമെന്ന്‌ നബി(സ) പറഞ്ഞതായി അബൂദാവൂദ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

റാബിത്വ സി ഐ എയുടെ ഉപകരണമാണെന്നോ?

റാബിത്വ സി ഐ എയുടെ ഉപകരണമാണെന്നോ?       
ഇ കെ ശൗക്കത്തലി (ഓമശ്ശേരി)

"സി ഐ എയുടെ കാര്‍മികത്വത്തില്‍ ഫോര്‍ഡ്‌ ഫൗണ്ടേഷനും കാര്‍ണഗി എന്‍ഡോവ്‌മെന്റ്‌ ഫോര്‍ ഇന്റര്‍നാഷണല്‍ പീസ്‌ തുടങ്ങിയ അമേരിക്കന്‍ സ്ഥാപനങ്ങളും മുന്‍കൈ എടുത്താണ്‌ റാബിത്വത്തുല്‍ ആലമുല്‍ ഇസ്‌ലാമി രൂപീകരിച്ചത്‌. സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളില്‍ വിള്ളല്‍ സൃഷ്‌ടിക്കുന്ന നാനാവിധമായ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ റാബിത്വയെയും അതിന്റെ ബഹുമുഖമായ സംഘടനാശൃംഖലയെയും ഉപയോഗിച്ച്‌ സി ഐ എ ആസൂത്രണം നടത്തിയത്‌.''

കെ ടി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനിയില്‍ (2010 ജൂണ്‍ 24) എഴുതിയ ലേഖനത്തില്‍ നിന്ന്‌. ഇതില്‍ വല്ല ശരിയുമുണ്ടോ? ഉണ്ടെങ്കില്‍ സി ഐ എയുടെ സ്വാധീനം ഇത്രമേല്‍ ഉണ്ടെന്നാണോ നമ്മള്‍ മനസ്സിലാക്കേണ്ടത്‌?

യാതൊരു തെളിവുമില്ലാതെ, തങ്ങള്‍ക്ക്‌ ഇഷ്‌ടമില്ലാത്തവരെയൊക്കെ സാമ്രാജ്യത്വത്തിന്റെ ദല്ലാളുമാരായി ചിത്രീകരിക്കല്‍ ഇടതുപക്ഷത്തുള്ള പലരുടെയും പ്രചാരണതന്ത്രത്തിന്റെ ഭാഗമാണ്‌. അമേരിക്കയില്‍ ഒട്ടേറെ സന്നദ്ധ സംഘടനകളുണ്ട്‌. ആ നാട്ടിലായതുകൊണ്ട്‌ അവയെല്ലാം സി ഐ എയുടെ കാര്‍മികത്വത്തിലാണ്‌ പ്രവര്‍ത്തിക്കുന്നതെന്‌ പറയുന്നതില്‍ ന്യായമില്ല. ഇന്ത്യയില്‍ എല്ലാ മതക്കാര്‍ക്കും ഒട്ടേറെ സേവന സംഘടനകളുണ്ട്‌. അവയെല്ലാം `റോ' പോലെയുള്ള രഹസ്യാന്വേഷണ ഏജന്‍സിയുമായി ബന്ധമുള്ളതാണെന്ന്‌ ആരോപിക്കുന്നതിന്റെ അസാംഗത്യം ആര്‍ക്കും ഊഹിക്കാവുന്നതാണ്‌. ഫോര്‍ഡ്‌ ഫൗണ്ടേഷനുമായോ കാര്‍ണഗി എന്‍ഡോവ്‌മെന്റുമായോ റാബിത്വയ്‌ക്ക്‌ ബന്ധമുണ്ടെന്നതിന്‌ വസ്‌തുനിഷ്‌ഠമായ വല്ല തെളിവും ആരെങ്കിലും ഉന്നയിച്ചതായി ഈ ലേഖകന്‌ അറിയാന്‍ കഴിഞ്ഞിട്ടില്ല.

ശരിയായ ഇസ്‌ലാമിക പ്രബോധനത്തിനും ഇസ്‌ലാമിക സേവനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്‌ റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി. മുസ്‌ലിം സമൂഹത്തില്‍ മതനിഷ്‌ഠയില്ലാതെയാക്കാനും മുസ്‌ലിംകളെ പാശ്ചാത്യസംസ്‌കാരത്തിലേക്ക്‌ അടുപ്പിക്കാനുമാണ്‌ സി ഐ എയും അനുബന്ധ സംഘടനകളും ശ്രമിക്കുന്നത്‌. എന്നാല്‍ റാബിത്വയുടെ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ വിപരീത ദിശയിലാണ്‌. ആയതിനാല്‍ റാബിത്വയ്‌ക്ക്‌ ഈ ഇസ്‌ലാംവിരുദ്ധ സംഘടനകളുമായി ബന്ധമുണ്ടാകാനുള്ള സാധ്യത വളരെ വിദൂരമാകുന്നു.

പരിശീലനത്തിനിടെ ചുരുക്കി നമസ്‌കരിക്കാമോ?

പരിശീലനത്തിനിടെ ചുരുക്കി നമസ്‌കരിക്കാമോ?

അബ്‌ദുസ്സലാം തിരുവനന്തപുരം

മൂന്നുമാസത്തെ സൈനിക പരിശീലനത്തിന്നായി ഉത്തരേന്ത്യയില്‍ പോകുന്ന ഒരാള്‍ക്ക്‌ അവിടെ താമസിക്കുന്ന മൂന്നുമാസം ജംഉം ഖസ്വ്‌റുമായി നമസ്‌കരിച്ചുകൂടേ? പ്രത്യേകിച്ചും, ചില നമസ്‌കാരങ്ങളുടെ സമയം മുഴുവനും ഗ്രൗണ്ടില്‍ തീവ്രപരിശീലനങ്ങളില്‍ മുഴുകേണ്ടിവരുമ്പോള്‍?

യാത്രക്കിടയില്‍ സ്ഥിരതാമസം ഉദ്ദേശിക്കാതെ ഒരു സ്ഥലത്ത്‌ തങ്ങുമ്പോള്‍ പരമാവധി എത്ര ദിവസം നമസ്‌കാരം ഖസ്‌റാക്കി (ചുരുക്കി) നമസ്‌കരിക്കാം എന്ന കാര്യത്തില്‍ പൂര്‍വകാലം മുതല്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്‌. തബൂക്ക്‌ യുദ്ധയാത്രയില്‍ നബി(സ) അവിടെ ഇരുപത്‌ ദിവസം നമസ്‌കാരം ഖസ്‌റാക്കിക്കൊണ്ട്‌ താമസിച്ചുവെന്ന്‌ അഹ്‌മദ്‌, അബൂദാവൂദ്‌ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. മക്കാവിജയവേളയില്‍ നബി(സ) അവിടെ പത്തൊമ്പത്‌ ദിവസം താമസിച്ചപ്പോള്‍ നമസ്‌കാരം ചുരുക്കിയാണ്‌ നിര്‍വഹിച്ചിരുന്നതെന്ന്‌ ബുഖാരിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

സ്വഹാബികള്‍, താബിഉകള്‍ എന്നിവരില്‍ പലരും യാത്രക്കിടയില്‍ തങ്ങവെ പത്തൊമ്പതോ ഇരുപതോ ദിവസത്തില്‍ കൂടുതല്‍ നമസ്‌കാരം ഖസ്‌റ്‌ ചെയ്യാന്‍ പാടില്ലെന്നാണ്‌ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. എന്നാല്‍ ഒരു സ്വഹാബിയായ ഇബ്‌നുഉമര്‍(റ) ആറ്‌ മാസം അസര്‍ബൈജാനില്‍ താമസിച്ചപ്പോള്‍ നമസ്‌കാരം ഖസ്‌ര്‍ ചെയ്‌തിരുന്നുവെന്ന്‌ ബൈഹഖി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇത്ര ദിവസം വരെ മാത്രമേ ഖസ്‌ര്‍ പാടുള്ളൂവെന്ന്‌ നബി(സ) ഖണ്ഡിതമായി പറഞ്ഞിട്ടില്ലാത്തതുകൊണ്ട്‌ സ്ഥിരവാസ സ്ഥലമോ സ്വദേശമോ അല്ലാത്തേടത്ത്‌ യാത്രകള്‍ക്കിടയില്‍ തങ്ങുന്ന ഇടവേളകളില്‍ ഖസ്‌ര്‍ ചെയ്യുന്നതിന്‌ കാലപരിധി നിശ്ചയിക്കാന്‍ പ്രമാണങ്ങളുടെ പിന്‍ബലം കാണുന്നില്ല. എന്നാല്‍ ജംഅ്‌ (ദുഹ്‌റും അസ്‌റും കൂടിയും മഗ്‌രിബും ഇശാഉം കൂടിയും ഒന്നിച്ചു നമസ്‌കരിക്കല്‍) യാത്രയില്‍ മാത്രമല്ല, സ്വദേശത്ത്‌ വെച്ച്‌ കാര്യമായ അസൗകര്യങ്ങള്‍ നേരിടുമ്പോഴും ചെയ്യാമെന്നാണ്‌ പ്രബലമായ ഹദീസില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ദീര്‍ഘനേരം തീവ്രപരിശീലനങ്ങളില്‍ മുഴുകുമ്പോള്‍ ജംഅ്‌ ചെയ്യുന്നതിന്‌ നിയമതടസ്സമില്ല.
 

ഉച്ചയ്‌ക്ക്‌ മുമ്പ്‌ ജംറയില്‍ എറിയാമോ?

ഉച്ചയ്‌ക്ക്‌ മുമ്പ്‌ ജംറയില്‍ എറിയാമോ?

ഇ കെ സാജുദ്ദീന്‍ ഓമശ്ശേരി

"ഉച്ചയ്‌ക്ക്‌ ശേഷം കല്ലെറിയാനായി തിങ്ങിക്കൂടുന്ന ജനങ്ങള്‍ എത്ര മനുഷ്യാത്മാക്കളെയാണ്‌ ചവിട്ടിക്കൊല്ലുന്നത്‌. എന്നിട്ടും നമ്മുടെ മിക്ക പണ്ഡിതന്മാരും ഉച്ചക്ക്‌ ശേഷമേ എറിയാവൂ എന്നു വാശിപിടിക്കുന്നു. മരിക്കുന്നവര്‍ മരിക്കട്ടെ, ഇതാണവരുടെ വീക്ഷണം.'' ഡോ. യൂസുഫുല്‍ ഖറദാവിയുടെ `ഇജ്‌തിഹാദിന്റെ കാലികപ്രസക്തി' എന്ന ലേഖനത്തിലെ വരികളാണിവ (ബോധനം -2001 സപ്‌തംബര്‍) ഹജ്ജിലെ കര്‍മങ്ങള്‍ ക്രമംതെറ്റി ചെയ്‌ത ആളുകളോട്‌ `കുഴപ്പമില്ല' എന്നാണ്‌ നബി(സ) പറഞ്ഞത്‌ എന്ന ഹദീസും ഖറദാവി ഉദ്ധരിച്ചിട്ടുണ്ട്‌. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച്‌ ജംറയിലെ കല്ലേറ്‌ ഉച്ചക്ക്‌ മുമ്പ്‌ ആക്കാമോ?

പ്രാമാണികമായ ഹദീസുകളില്‍ നിന്ന്‌ വ്യക്തമാകുന്ന പ്രകാരം ദുല്‍ഹിജ്ജ 11,12,13 തിയ്യതികളിലെ കല്ലേറിന്റെ സമയം ഉച്ച മുതല്‍ സൂര്യാസ്‌തമയം വരെ തന്നെയാണ്‌. എന്നാല്‍ ഉച്ചയ്‌ക്കു മുമ്പ്‌ വല്ലവരും എറിഞ്ഞാല്‍ ഹജ്ജ്‌ സാധുവാകുകയില്ലെന്ന്‌ നബി(സ) പറഞ്ഞിട്ടില്ല. ``നിങ്ങളുടെ ഹജ്ജ്‌ കര്‍മങ്ങള്‍ എന്നില്‍ നിന്ന്‌ ഗ്രഹിക്കുക'' എന്ന പ്രവാചക നിര്‍ദേശപ്രകാരം കല്ലേറ്‌ ഉച്ചയ്‌ക്കു ശേഷം തന്നെ നിര്‍വഹിക്കണമെന്നും അതിന്‌ മുമ്പായാല്‍ മതിയാവില്ലെന്നുമാണ്‌ പൂര്‍വ പണ്ഡിതന്മാരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്‌. അവരില്‍ ചുരുക്കം പേര്‍ ഉച്ചയ്‌ക്കു മുമ്പ്‌ എറിഞ്ഞാലും മതിയാകുമെന്ന്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. മതാനുഷ്‌ഠാനങ്ങള്‍ ജനങ്ങള്‍ക്ക്‌ വലിയ പ്രയാസം ഉണ്ടാക്കാത്തവിധം നിര്‍വഹിക്കാന്‍ ഉപകരിക്കുന്ന ധാരാളം ഇളവുകള്‍ അല്ലാഹുവും റസൂലും(സ) നല്‌കിയിട്ടുണ്ട്‌. ``മതകാര്യത്തില്‍ യാതൊരു പ്രയാസവും അല്ലാഹു നിങ്ങളുടെ മേല്‍ ചുമത്തിയിട്ടില്ല'' എന്ന്‌ സൂറതുല്‍ ഹജ്ജിലെ 78-ാം സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മതത്തില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്നതിനെ നബി(സ) വിലക്കിയിട്ടുണ്ട്‌. അതിനാല്‍ ഉച്ചയ്‌ക്കു ശേഷം തിരക്ക്‌ നിമിത്തം കല്ലേറ്‌ നടത്താന്‍ വളരെ പ്രയാസമായിരിക്കുമെന്ന്‌ വ്യക്തമായാല്‍ ഉച്ചയ്‌ക്ക്‌ മുമ്പ്‌ എറിഞ്ഞാലും മതിയാകുമെന്നാണ്‌ ഇതില്‍ നിന്നൊക്കെ ഗ്രഹിക്കാവുന്നത്‌. ഇപ്പോള്‍ ജംറകളില്‍ ബഹുനിലപ്പാലമുള്ളതിനാല്‍ കല്ലേറിനിട
യില്‍ അപകടമുണ്ടാകാനുള്ള സാധ്യത കുറവാകുന്നു.

അല്ലാഹുവിന്റെ സംസാരം ആരിലൂടെ?

അല്ലാഹുവിന്റെ സംസാരം ആരിലൂടെ

എന്‍ എം എറവറാംകുന്ന്‌

പ്രവാചകന്മാരുടെ കാലഘട്ടത്തില്‍ അല്ലാഹുവിന്റെ സംസാരം പ്രവാചകന്മാരിലൂടെയായിരുന്നു. എന്നാല്‍ അന്ത്യപ്രവാചകനു ശേഷം അല്ലാഹുവിന്റെ സംസാരം ആരു മുഖേനയാണ്‌? ഒരു ഖാദിയാനി സുഹൃത്തിന്റെ ചോദ്യമാണിത്‌. `മുസ്‌ലിം' എന്തുപറയുന്നു?

മീര്‍സാഗുലാം പ്രവാചകനാണെന്ന്‌ സങ്കല്‌പിച്ചാല്‍ പോലും മുഹമ്മദ്‌ നബി(സ)യുടെ കാലശേഷം മീര്‍സയുടെ രംഗപ്രവേശം വരെയുള്ള കാലത്ത്‌ അല്ലാഹു ആരിലൂടെയാണ്‌ സംസാരിച്ചത്‌ എന്ന ചോദ്യത്തിന്‌ പ്രസക്തിയുണ്ടല്ലോ. അതുപോലെ തന്നെ മീര്‍സയുടെ കാലം മുതല്‍ വര്‍ത്തമാനകാലം വരെ അല്ലാഹുവിന്റെ സംസാരം ആരു മുഖേനയാണ്‌ എന്നൊരു ചോദ്യവും ഉന്നയിക്കപ്പെടാമല്ലോ. മുഹമ്മദ്‌ നബി(സ)യുടെ കാലശേഷം മീര്‍സാ പ്രവാചകത്വവാദവുമായി രംഗത്തുവരുന്നതുവരെ മറ്റേതെങ്കിലും പ്രവാചകനിലൂടെ അല്ലാഹു ലോകരോട്‌ സംസാരിച്ചിരുന്നുവെന്ന്‌ ഖാദിയാനികള്‍ക്ക്‌ വാദമില്ലല്ലോ. മീര്‍സയുടെ ശേഷമുള്ള സ്ഥിതിയും അതുപോലെ തന്നെ.

മുഹമ്മദ്‌ നബി(സ) അവസാനത്തെ പ്രവാചകനാണെന്ന്‌ ഏതെങ്കിലും പണ്ഡിതനോ പണ്ഡിതസംഘടനയോ പറഞ്ഞുണ്ടാക്കിയതല്ല. വിശുദ്ധ ഖുര്‍ആനില്‍ (33:40) അല്ലാഹു തന്നെ പറഞ്ഞതാണ്‌. ``എനിക്ക്‌ ശേഷം യാതൊരു പ്രവാചകനുമില്ല'' എന്ന്‌ മുഹമ്മദ്‌ നബി(സ) തന്നെ വ്യക്തമാക്കിയതായി വിശ്വസനീയമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുമുണ്ട്‌. ഖുര്‍ആനിനെയും നബിവചനങ്ങളെയും എതിര്‍ക്കാന്‍ വേണ്ടിയാണ്‌ ഖാദിയാനികള്‍ അല്ലാഹു ഇപ്പോള്‍ മൗനിയാണോ എന്ന കുയുക്തി ചോദ്യമുന്നയിക്കുന്നത്‌. അല്ലാഹു മലക്കുകള്‍ ഉള്‍പ്പെടെയുള്ള സൃഷ്‌ടികളോട്‌ അവന്‍ ഉദ്ദേശിക്കുമ്പോള്‍ സംസാരിക്കുമെന്നാണ്‌ ഖുര്‍ആനില്‍ നിന്നും പ്രാമാണികമായ ഹദീസുകളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്‌.

സ്വഹീഹുല്‍ ബുഖാരി നൂറ്‌ ശതമാനം സത്യമാണോ?

സ്വഹീഹുല്‍ ബുഖാരി നൂറ്‌ ശതമാനം സത്യമാണോ?       
എം റെജിമോന്‍ നിലമ്പൂര്‍

അല്ലാഹു പറയുന്നു: ``ഖുര്‍ആന്‍ ഒരു മനുഷ്യനാണ്‌ രചിച്ചിരുന്നതെങ്കില്‍ അവര്‍ അതില്‍ ധാരാളം വൈരുധ്യങ്ങള്‍ കാണുമായിരുന്നു. നിശ്ചയമായും നാമാണ്‌ ഇത്‌ ഇറക്കിയത്‌. നാം തന്നെ സംരക്ഷിക്കുകയും ചെയ്യും. അതിനാല്‍ ഖുര്‍ആന്‍ നൂറ്‌ ശതമാനം ശരിയാണെന്നും അതില്‍ യാതൊരു അബദ്ധവും കൈകടത്തലും വന്നിട്ടില്ലെന്നും ഒരു മുസ്‌ലിം വിശ്വസിക്കുന്നു. മനുഷ്യര്‍ രചിച്ച ഗ്രന്ഥങ്ങളില്‍ കൈകടത്തലുകളും അബദ്ധങ്ങളും സംഭവിക്കുമെന്ന്‌ ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഖുര്‍ആന്‍ കഴിഞ്ഞാല്‍ മുസ്‌ലിം ലോകത്ത്‌ ഏറ്റവും ആധികാരികമായതാണല്ലോ സ്വഹീഹുല്‍ ബുഖാരി. ഇത്‌ നൂറു ശതമാനം ശരിയാണെന്ന്‌ ലോകമുസ്‌ലിംകള്‍ വിശ്വസിക്കുന്നു.

എന്നാല്‍ ബുഖാരിയില്‍ മൂസാ(അ) മലക്കുല്‍മൗത്തിന്റെ കണ്ണ്‌ പൊട്ടിച്ചു, നബി(സ)ക്ക്‌ സിഹ്‌ര്‍ ബാധിച്ചു, മൂസാ(അ) നഗ്‌നനായി ബനൂഇസ്‌റാഈല്യരുടെ ഇടയിലൂടെ ഓടി തുടങ്ങിയ സംഭവങ്ങള്‍ പറയുന്നുണ്ട്‌. ഇത്‌ ഖുര്‍ആന്റെ അധ്യാപനങ്ങള്‍ക്ക്‌ എതിരല്ലേ? സ്വഹീഹുല്‍ ബുഖാരി മനുഷ്യന്‍ രചിച്ച ഗ്രന്ഥമെന്ന നിലക്ക്‌ അതില്‍ പിഴവ്‌ സംഭവിക്കാന്‍ സാധ്യതയില്ലേ? ഈ നിലക്ക്‌ മേല്‌പറഞ്ഞ ഹദീസുകള്‍ ഒരാള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അയാള്‍ ഹദീസ്‌ നിഷേധിയാകുമോ?

``ഖുര്‍ആന്‍ ഒരു മനുഷ്യനാണ്‌ രചിച്ചിരുന്നതെങ്കില്‍....'' എന്നല്ല ``അത്‌ അല്ലാഹുവല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതാണെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു'' എന്നാണ്‌ വിശുദ്ധ ഖുര്‍ആനിലുള്ളത്‌(4:82). ഖുര്‍ആന്‍ പൂര്‍ണമായി അല്ലാഹുവിന്റെ വചനങ്ങളാണെന്ന കാര്യത്തില്‍ യഥാര്‍ഥ മുസ്‌ലിംകള്‍ക്ക്‌ സംശയത്തിന്നവകാശമില്ല. എന്നാല്‍ സ്വഹീഹുല്‍ ബുഖാരി എന്ന ഗ്രന്ഥത്തിന്റെ അവസ്ഥ അങ്ങനെയല്ല. അതില്‍ ഇമാം ബുഖാരി പ്രകടിപ്പിച്ച അഭിപ്രായങ്ങളും അദ്ദേഹം ഉദ്ധരിച്ച ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളുമുണ്ട്‌. അതിലെ ഉള്ളടക്കത്തിന്റെ പ്രധാന ഭാഗം നബി(സ)യില്‍ നിന്ന്‌ സനദ്‌ (നിവേദക പരമ്പര) സഹിതം ഉദ്ധരിച്ച ഹദീസുകളാണ്‌. സ്വഹാബികളുടെ വാക്കുകള്‍ സനദ്‌ സഹിതം ഉദ്ധരിച്ച റിപ്പോര്‍ട്ടുകളും ചുരുക്കത്തിലുണ്ട്‌. സഹീഹുല്‍ ബുഖാരിയുടെ ശ്രദ്ധേയമായ സവിശേഷത ഓരോ ഹദീസും തനിക്ക്‌ കിട്ടിയത്‌ വിശ്വസ്‌തരായ റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയിലൂടെയാണെന്ന്‌ ഉറപ്പ്‌ വരുത്താന്‍ ഇമാം ബുഖാരി പരമാവധി ശ്രമിച്ചിട്ടുണ്ട്‌ എന്നതാണ്‌.

എന്നാലും തന്റെ ഗ്രന്ഥത്തില്‍ വൈരുധ്യങ്ങളൊന്നും കാണപ്പെടുകയില്ലെന്ന്‌ അദ്ദേഹം അവകാശപ്പെട്ടിട്ടില്ല. തനിക്കോ തന്റെ ഗുരുപരമ്പയിലുള്ളവര്‍ക്കോ മാനുഷികമായ തെറ്റുകളൊന്നും പറ്റാന്‍ സാധ്യതയില്ലെന്ന്‌ അദ്ദേഹം വാദിച്ചിട്ടുമില്ല. നബി(സ) ഒരു കാര്യം ചെയ്‌തുവെന്നോ പറഞ്ഞുവെന്നോ വിശ്വസ്‌തരായ റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയിലൂടെ ഉദ്ധരിക്കപ്പെട്ടാല്‍ അത്‌ വാസ്‌തവമാകാനാണ്‌ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത്‌. എന്നാലും സ്വഹാബികള്‍ക്ക്‌ ശേഷമുള്ള റിപ്പോര്‍ട്ടര്‍മാരില്‍ വിശ്വസ്‌തരായി പൊതുവെ അറിയപ്പെടുന്നവരുടെ കൂട്ടത്തില്‍ തന്നെ ഓര്‍മക്കുറവോ ആശയക്കുഴപ്പമോ ബാധിച്ച വല്ലവരും ഉള്‍പ്പെട്ടിരിക്കാനുള്ള സാധ്യത ഒട്ടുമില്ലെന്ന്‌ പറയാനാവില്ല.

സ്വഹീഹുല്‍ ബുഖാരിയുടെ പ്രമുഖ വ്യാഖ്യാന ഗ്രന്ഥമായ ഫത്‌ഹുല്‍ബാരിയില്‍ ബുഖാരിയിലെ ചുരുക്കം ചില ഹദീസുകള്‍ വിമര്‍ശന വിധേയമായ കാര്യം പരാമര്‍ശിച്ചിട്ടുണ്ട്‌. ചില വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന്‌ അദ്ദേഹം സമര്‍ഥിച്ചിട്ടുമുണ്ട്‌. സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസുകള്‍ നൂറു ശതമാനം സത്യമാണെന്ന്‌ വിശ്വസിക്കല്‍ ഒരു ഈമാന്‍ കാര്യമെന്ന നിലയില്‍ പ്രമുഖ പണ്ഡിതന്മാര്‍ ഉയര്‍ത്തിക്കാണിച്ചിട്ടില്ല. ഇങ്ങനെയൊരു `വിശ്വാസ കാര്യ'ത്തെക്കുറിച്ച ധാരണപോലും ഇല്ലാതെയാണല്ലോ മഹാന്മാരായ സ്വഹാബികളും തൊട്ടടുത്ത തലമുറയും ജീവിച്ചത്‌. എന്നാല്‍ നബി(സ)യുടെ ഒരു വാക്ക്‌ നേരിട്ടു കേള്‍ക്കുകയോ വിശ്വസ്‌തര്‍ ഉദ്ധരിച്ചത്‌ കേള്‍ക്കുകയോ ചെയ്‌താല്‍ അത്‌ മുഖവിലയ്‌ക്ക്‌ എടുക്കുക എന്ന നിലപാടാണ്‌ സ്വഹാബികളുടെ കാലം മുതല്‍ ഇസ്‌ലാമിക പ്രതിബദ്ധതയുള്ളവര്‍ സ്വീകരിച്ചുപോന്നത്‌. മുഹമ്മദ്‌ നബി(സ) തന്നിഷ്‌ടപ്രകാരമല്ല, അല്ലാഹുവിന്റെ ബോധന പ്രകാരമാണ്‌ സംസാരിക്കുന്നത്‌ എന്ന്‌ വിശുദ്ധഖുര്‍ആനില്‍ (53:3,4) വ്യക്തമാക്കിയിട്ടുണ്ട്‌. ദിവ്യബോധനം ലഭിച്ച പ്രവാചകനില്‍ നിന്ന്‌ വിശ്വസ്‌തര്‍ മുഖേന ഉദ്ധരിക്കപ്പെട്ട വചനങ്ങളും നടപടികളും സമാഹരിച്ച ഗ്രന്ഥത്തെ കേവലമൊരു മനുഷ്യരചന എന്ന നിലയിലല്ല വിലയിരുത്തേണ്ടത്‌. അതുകൊണ്ടുതന്നെയാണ്‌ വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രാമാണികതയുള്ള ഗ്രന്ഥം എന്ന നിലയില്‍ സ്വഹീഹുല്‍ ബുഖാരിയെ മുസ്‌ലിംലോകം പരിഗണിച്ചുപോരുന്നത്‌. എന്നാല്‍ ബുഖാരി സ്വന്തം നിലയില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ക്കോ നബി(സ)ക്കു ശേഷമുള്ള ആരുടെയെങ്കിലും വാക്ക്‌ ഉദ്ധരിച്ചതിനോ ഈ പ്രാമാണികതയില്ല. പണ്ഡിതാഭിപ്രായം എന്ന പരിഗണനയേ അതിനൊക്കെ നല്‌കേണ്ടതുള്ളൂ.

ചോദ്യകര്‍ത്താവ്‌ ചൂണ്ടിക്കാണിച്ച ബുഖാരിയുടെ റിപ്പോര്‍ട്ടുകള്‍ ഖുര്‍ആനിലെ അധ്യാപനങ്ങള്‍ക്ക്‌ തികച്ചും വിരുദ്ധമാണോ അല്ലേ എന്നത്‌ സൂക്ഷ്‌മ പരിശോധന ആവശ്യമുള്ള കാര്യമാണ്‌. ഏതെങ്കിലുമൊരു ഹദീസ്‌ ഖുര്‍ആനിന്‌ വിരുദ്ധമാണെന്ന്‌ സൂക്ഷ്‌മ പരിശോധനയില്‍ തെളിയുകയാണെങ്കില്‍ ആ ഹദീസിന്‌ പ്രാമാണികത കല്‌പിക്കാവുന്നതല്ലെന്ന്‌ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഒന്നാം പ്രമാണത്തിനാണല്ലോ രണ്ടാം പ്രമാണത്തെക്കാള്‍ മുന്‍ഗണന നല്‌കേണ്ടത്‌. ഹദീസിന്റെ മൊത്തം പ്രാമാണികതയെ നിഷേധിക്കുന്നതും ഖുര്‍ആനിന്‌ വിരുദ്ധമാണെന്ന്‌ വ്യക്തമായ ഒന്നോ രണ്ടോ ഹദീസുകള്‍ അംഗീകരിക്കാതിരിക്കുന്നതും ഒരുപോലെയല്ല. ഒരു പണ്ഡിതന്‍ പ്രാമാണികമെന്ന്‌ അഭിപ്രായപ്പെട്ട ഹദീസ്‌ ഇന്ന കാരണത്താല്‍ പ്രാമാണികമല്ലെന്ന്‌ മറ്റൊരു പണ്ഡിതന്‍ ചൂണ്ടിക്കാണിക്കുക എന്നത്‌ പൂര്‍വകാലത്ത്‌ പലപ്പോഴും ഉണ്ടായിട്ടുണ്ട്‌. അതിന്റെ പേരില്‍ ആരും ആരെയും ഇസ്‌ലാമില്‍ നിന്ന്‌ പുറത്താക്കിയിട്ടില്ല.

ഈ സ്‌പര്‍ശനം ശിക്ഷാര്‍ഹമോ?


ഞാനൊരു കെ എസ്‌ ആര്‍ ടി സി കണ്ടക്‌ടറാണ്‌. എന്റെ ജോലിക്കിടയില്‍ സ്‌ത്രീകളുടെ ശരീരത്തില്‍ എന്റെ ശരീരം സ്‌പര്‍ശിക്കാറുണ്ട്‌. ബസ്സിലെ അനിയന്ത്രിതമായ തിരക്കു കാരണം ഇതില്‍ നിന്നും മാറിനില്‌ക്കാന്‍ കഴിയുന്നില്ല. ഇതിന്റെ പേരില്‍ എനിക്ക്‌ നാളെ പരലോകത്ത്‌ ശിക്ഷ ലഭിക്കുമോ? ഈ ജോലി ഞാന്‍ ഉപേക്ഷിക്കണമോ?

കെ പി ജെ കോട്ടയം

അന്യസ്‌ത്രീകളെ യാദൃച്ഛികമായി സ്‌പര്‍ശിക്കാനിടയാവുക എന്നത്‌ ആരുടെ ജീവിതത്തിലും സംഭവിക്കാന്‍ ഇടയുള്ളതാണ്‌. ബസ്സില്‍ യാത്ര ചെയ്യുന്നവര്‍ തന്നെ ചിലപ്പോള്‍ ബോധപൂര്‍വമല്ലാതെ അന്യസ്‌ത്രീകളെ തൊട്ടുപോകാനിടയുണ്ട്‌. വിദ്യാലയങ്ങള്‍, ഓഫീസുകള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളിലും ഇങ്ങനെ സംഭവിക്കാനിടയുണ്ട്‌. ഇസ്‌ലാമിലെ ഒരു സുപ്രധാന ആരാധനാകര്‍മമായ ത്വവാഫ്‌ (കഅ്‌ബാ പ്രദക്ഷിണം) ചെയ്യുമ്പോഴും അന്യസ്‌ത്രീ-പുരുഷന്മാര്‍ അബദ്ധത്തില്‍ തൊട്ടുപോകാന്‍ ഇടയുണ്ട്‌. അബദ്ധവശാല്‍ സംഭവിക്കുന്ന തെറ്റുകള്‍ക്കൊന്നും മുസ്‌ലിംകളെ അല്ലാഹു ശിക്ഷിക്കുകയില്ലെന്നാണ്‌ വിശുദ്ധ ഖുര്‍ആനില്‍ നിന്നും പ്രാമാണികമായ ഹദീസുകളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്‌. ഉദ്ദേശപൂര്‍വം അന്യസ്‌ത്രീകളെ സ്‌പര്‍ശിക്കാതെ സൂക്ഷിക്കുക. സോദ്ദേശമല്ലാതെ സംഭവിക്കുന്ന തെറ്റുകള്‍ പൊറുത്തുതരാന്‍ അല്ലാഹുവോട്‌ പ്രാര്‍ഥിക്കുക. വിശുദ്ധ ഖുര്‍ആനിലെ 2:286 സൂക്തത്തില്‍ അല്ലാഹു തന്നെ പഠിപ്പിച്ചു തരുന്ന പ്രാര്‍ഥന നോക്കുക.
 

ഫണ്ടമെന്റലിസത്തിന്റെ വക്താക്കള്‍ മുജാഹിദുകളോ?


"മങ്കോളുകാരുടെ ആക്രമണത്തിനു ശേഷം ഇബ്‌നു തൈമിയ്യ എന്നയാളാണ്‌ മതപരിഷ്‌കരണം കൊണ്ടുവന്നത്‌. ഞങ്ങള്‍ക്ക്‌ ഖുര്‍ആന്‍ മാത്രം മതി എന്ന ആശയം. വഹാബ്‌ ഈ ആശയത്തിന്റെ പിന്തുടര്‍ച്ചയാണ്‌. വഹാബ്‌ അതിനൊരു പ്രായോഗിക രൂപം നല്‌കി. മദീനയില്‍ പോയിട്ട്‌ പ്രവാചകന്റെ പൈതൃകം പോലും നശിപ്പിച്ച വിഭാഗമാണ്‌ വഹാബികള്‍. വലിയ കഷ്‌ടമാണ്‌. ക്രിസ്‌ത്യാനികളിലെ പ്രൊട്ടസ്റ്റന്റ്‌ ഗ്രൂപ്പ്‌ പോലെയാണ്‌ ഞങ്ങള്‍ എന്നാണ്‌ വഹാബികള്‍ ബ്രിട്ടീഷുകാരോട്‌ പറഞ്ഞത്‌. പ്രൊട്ടസ്‌റ്റന്റുകാര്‍ മതമൗലികവാദികളല്ല. വഹാബികള്‍ നൂറ്‌ ശതമാനവും ഫണ്ടമിന്റലിസ്റ്റുകളാണ്‌. സുഊദി കുടുംബവും വഹ്‌ഹാബികളുമായുള്ള ധാരണ പ്രകാരമാണ്‌ പിന്നീടത്‌ ആഗോള തലത്തില്‍ വളര്‍ന്നത്‌. എന്നാല്‍ കേരളത്തിലെ മുസ്‌ലിം നവോത്ഥാന നായകരായ വക്കം മൗലവി തുടങ്ങിയവരെയൊക്കെ സ്വാധീനിച്ചത്‌ അഫ്‌ഗാനി തുടങ്ങിയ കൂറേക്കൂടി വിശാലമായ ചിന്തകരാണ്‌. ഒരു അടഞ്ഞ സമൂഹമാണ്‌ മുജാഹിദുകള്‍. ഈയിടെ ഒരു മുജാഹിദ്‌ പണ്ഡിതന്‍ പ്രസംഗിക്കുന്നത്‌ ഞാന്‍ കേട്ടു: ഗാന്ധിജി ഒരു നല്ല മനുഷ്യനാണ്‌. പക്ഷേ, അദ്ദേഹം സ്വര്‍ഗത്തില്‍ പോവില്ല. കാരണം അദ്ദേഹത്തിന്‌ തൗഹീദില്ല! ഗാന്ധിജിക്ക്‌ പോലും സ്വര്‍ഗം നിഷേധിക്കപ്പെടുന്നത്രയും ഫണ്ടമെന്റലിസം കേരളത്തിലെ മുജാഹിദുകളിലുണ്ട്‌. ഫണ്ടമെന്റലിസത്തിന്റെ വേര്‌ മുജാഹിദുകളിലാണ്‌. ആഗോളതലത്തില്‍ പൊതുവെ അറിയപ്പെടുന്ന മുസ്‌ലിം ഫണ്ടമെന്റലിസ്റ്റുകള്‍ മുജാഹിദുകളാണ്‌.''
മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ എം ഗംഗാധരനുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്‌. ഈ പരാമര്‍ശത്തെക്കുറിച്ച്‌ `മുസ്‌ലിം' എന്തുപറയുന്നു?

കെ ഇ ശാഹുല്‍ ഹമീദ്‌, പെരുമണ്ണ

അന്ധന്മാര്‍ ആനയെ കണ്ടപോലെയാണ്‌ ഇവിടത്തെ പല ബുദ്ധിജീവികളും സാഹിത്യകാരന്മാരും ഇസ്‌ലാമിനെയും അതിന്റെ പൈതൃകങ്ങളെയും പ്രമാണങ്ങളെയും സംബന്ധിച്ച്‌ മനസ്സിലാക്കിയിട്ടുള്ളത്‌ എന്നത്രെ ശ്രീ ഗംഗാധരന്റെ ലേഖനം വായിച്ചപ്പോള്‍ തോന്നിയത്‌. പ്രമുഖ പണ്ഡിതനായ ഇബ്‌നു തൈമിയ്യ മതത്തില്‍ പരിഷ്‌കരണം കൊണ്ടുവന്ന ആളല്ല. മനുഷ്യര്‍ക്കാര്‍ക്കും ദൈവിക മതത്തില്‍ സ്വന്തമായി പരിഷ്‌കരണമോ ഭേദഗതിയോ കൊണ്ടുവരാന്‍ അവകാശമില്ലെന്ന്‌ ശക്തിയുക്തം സമര്‍ഥിക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. മുസ്‌ലിംകള്‍ക്ക്‌ ഖുര്‍ആന്‍ മാത്രം മതി എന്ന്‌ തന്റെ യാതൊരു ഗ്രന്ഥത്തിലും അദ്ദേഹം എഴുതിയിട്ടില്ല. ഖുര്‍ആന്‍, പ്രവാചകചര്യ, ഇജ്‌മാഅ്‌ (മുസ്‌ലിം സമൂഹത്തിന്റെ ഏകോപിത നിലപാട്‌) എന്നിവയ്‌ക്കുള്ള പ്രാമാണികത അദ്ദേഹം സംശയത്തിന്നിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്‌.

വഹാബ്‌ എന്നൊരാള്‍ ഇസ്‌ലാമില്‍ പരിഷ്‌കരണമോ ഭേദഗതിയോ കൊണ്ടുവന്നിട്ടില്ല എന്ന അനിഷേധ്യ യാഥാര്‍ഥ്യം പോലും സര്‍വജ്ഞഭാവം നടിക്കുന്ന ഈ ലേഖകന്‌ അറിയാത്തത്‌ കഷ്‌ടമാകുന്നു. വഹ്‌ഹാബ്‌ എന്ന പദം പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ ഒരു ഗുണനാമമാണ്‌. അത്യധികം ദാനംചെയ്യുന്നവന്‍ എന്നാണ്‌ ആ പദത്തിന്റെ അര്‍ഥം. `വഹ്‌ഹാബായ അല്ലാഹുവിന്റെ ദാസന്‍' എന്ന അര്‍ഥത്തില്‍ അബ്‌ദുല്‍ വഹ്‌ഹാബ്‌ എന്ന്‌ മുസ്‌ലിംകള്‍ മക്കള്‍ക്ക്‌ പേരിടാറുണ്ട്‌. ഈ പേരുള്ള ധാരാളം പേര്‍ എക്കാലത്തും മുസ്‌ലിം സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്‌. നജ്‌ദ്‌ എന്ന അറേബ്യന്‍ പ്രവിശ്യയില്‍ ജീവിച്ചിരുന്ന ഒരു അബ്‌ദുല്‍ വഹ്‌ഹാബിന്റെ മുഹമ്മദ്‌ എന്നു പേരുള്ള മകന്‍ (അദ്ദേഹം ഒരു പ്രമുഖ പണ്ഡിതനായിരുന്നു) മുസ്‌ലിം സമൂഹത്തില്‍ കടന്നുകൂടിയ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരില്‍ നിരന്തരമായ ബോധവല്‌കരണം നടത്തിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ പ്രബോധനത്തില്‍ സാധാരണക്കാര്‍ക്ക്‌ പുറമെ സുഊദ്‌ രാജകുടുംബാംഗങ്ങളും ആകൃഷ്‌ടരായി. അതോടൊപ്പം അദ്ദേഹത്തിന്‌ കുറെ എതിരാളികളും ഉണ്ടായി. അവരാണ്‌ മുഹമ്മദുബ്‌നു അബ്‌ദില്‍ വഹ്‌ഹാബിന്റെ അനുയായികളെ വഹാബി എന്ന വിളിപ്പേരിട്ട്‌ വിമര്‍ശിച്ചത്‌. അവര്‍ക്ക്‌ നീതിബോധമുണ്ടെങ്കില്‍ മുഹമ്മദിനെ അനുകൂലിച്ചവരെ മുഹമ്മദികള്‍ എന്നാണ്‌ വിളിക്കേണ്ടിയിരുന്നത്‌. അദ്ദേഹത്തിന്റെ പിതാവ്‌ അബ്‌ദുല്‍ വഹ്‌ഹാബ്‌ പരമ്പരാഗത യാഥാസ്ഥിതിക സമൂഹത്തിലെ അംഗമായിരുന്നു എന്ന യാഥാര്‍ഥ്യം അവഗണിച്ചുകൊണ്ടാണ്‌ അദ്ദേഹത്തിന്റെ പേരില്‍ നിന്ന്‌ ഒരു ഭാഗം അടര്‍ത്തിയെടുത്തുകൊണ്ട്‌ മുഹമ്മദിന്റെ വിമര്‍ശകര്‍ വഹ്‌ഹാബി എന്ന വിളിപ്പേരുണ്ടാക്കിയത്‌.

വഹ്‌ഹാബികള്‍ എന്ന്‌ മുദ്രയടിക്കപ്പെട്ട യഥാര്‍ഥ ഏകദൈവവിശ്വാസികള്‍ മദീനയിലെ ഇസ്‌ലാമിന്റെ യാതൊരു പൈതൃകവും നശിപ്പിച്ചിട്ടില്ല. മദീനയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു പൈതൃകങ്ങള്‍ അല്‍മസ്‌ജിദുന്നബവി, മസ്‌ജിദുഖുബാ എന്നീ പള്ളികളാണ്‌. വഹ്‌ഹാബികള്‍ എന്ന്‌ മുദ്രയടിക്കപ്പെട്ടവരോ അവരുടെ നിലപാടിനോട്‌ യോജിപ്പുള്ള സുഊദി ഭരണകൂടമോ ഒരിക്കലും ഈ പള്ളികള്‍ക്ക്‌ ഒരു പോറല്‍ പോലും ഏല്‌പിച്ചിട്ടില്ല. ഈ പള്ളികള്‍ നല്ല നിലയില്‍ സംരക്ഷിക്കുകയും വിപുലീകരിക്കുകയുമാണ്‌ സുഊദി ഭരണകൂടം എക്കാലത്തും ചെയ്‌തുപോന്നിട്ടുള്ളത്‌. മദീനയിലെ മസ്‌ജിദുന്നബവിയോട്‌ ചേര്‍ന്നാണ്‌ മുഹമ്മദ്‌ നബി(സ)യുടെയും ഒന്നാം ഖലീഫ അബൂബക്കര്‍(റ), രണ്ടാം ഖലീഫ ഉമര്‍(റ) എന്നിവരുടെയും ഖബ്‌റുകള്‍ സ്ഥിതി ചെയ്യുന്നത്‌. ഈ ഖബ്‌റുകള്‍ യാതൊരു കേടുപാടും കൂടാതെ സൂക്ഷിക്കുകയാണ്‌ സുഊദി ഭരണകൂടം ചെയ്യുന്നത്‌. മദീനയില്‍ മുമ്പുണ്ടായിരുന്ന എല്ലാ പള്ളികളും അവിടത്തെ പൊതു ശ്‌മശാനമായ ജന്നത്തുല്‍ ബഖീഉം എക്കാലത്തെയും പോലെ ഇപ്പോഴും അന്യൂനമായി നിലകൊള്ളുന്നുണ്ട്‌. പ്രവാചകപത്‌നിമാര്‍ ഉള്‍പ്പെടെ അനേകം സ്വഹാബികളുടെ (പ്രവാചക ശിഷ്യന്മാരുടെ) ഖബ്‌റുകള്‍ മദീനയിലെ ഖബ്‌റിസ്ഥാനില്‍ ഇപ്പോഴും കാണും. വഹ്‌ഹാബികള്‍ എന്ന്‌ വിളിക്കപ്പെടുന്നവര്‍ മുസ്‌ലിംകളുടെ ആരാധനാലയങ്ങളോ വിദ്യാലയങ്ങളോ ഇസ്‌ലാമിക ചരിത്ര സ്‌മാരകങ്ങളോ യാതൊന്നും നശിപ്പിച്ചിട്ടില്ല. സമസ്‌ത മുസ്‌ലിയാക്കള്‍ ബഹുജനങ്ങളെ യഥാര്‍ഥ ഏകദൈവ വിശ്വാസികള്‍ക്കെതിരില്‍ തിരിച്ചുവിടാന്‍ വേണ്ടി കെട്ടിച്ചമച്ച നുണക്കഥകള്‍ അതേപടി പ്രചരിപ്പിക്കുന്നത്‌ ഒരു ചരിത്രകാരന്‌ ഒട്ടും ഭൂഷണമല്ല. ഇന്ത്യയിലും മറ്റും നടക്കുന്നതു പോലുള്ള ആണ്ടു നേര്‍ച്ചകളും ഉറൂസുകളും മദീനയില്‍ ഒരിക്കലും നടത്തപ്പെട്ടിട്ടില്ല. വഹ്‌ഹാബികളുടെ വരവിന്‌ മുമ്പ്‌ അതൊക്കെ മദീനയില്‍ നടന്നിരുന്നുവെന്ന്‌ സമര്‍ഥിക്കാനാണ്‌ തല്‌പരകക്ഷികള്‍ ശ്രമിക്കുന്നതെങ്കില്‍ അവര്‍ക്കതിന്‌ വിശ്വസനീയമായ യാതൊരു തെളിവിന്റെയും പിന്‍ബലം ലഭിക്കുകയേ ഇല്ല.

`വഹ്‌ഹാബികള്‍ ബ്രിട്ടീഷുകാരോട്‌ പറഞ്ഞു' എന്നത്‌ ഒരു വാറോല പ്രസ്‌താവനയാണ്‌. ഏത്‌ വഹ്‌ഹാബി ഏത്‌ ബ്രിട്ടീഷുകാരനോട്‌ പറഞ്ഞുവെന്ന്‌ തെളിവ്‌ സഹിതം ഉദ്ധരിക്കുമ്പോഴേ ഒരു ചരിത്രകാരന്റെ ന്യായമായ പ്രസ്‌താവനയാകുകയുള്ളൂ. ഫണ്‍ഡമെന്റലിസ്റ്റുകള്‍ എന്ന്‌ ഇംഗ്ലീഷിലും മതമൗലിക വാദികള്‍ എന്ന്‌ മലയാളത്തിലും ധാരാളം പേര്‍ പ്രയോഗിക്കാറുണ്ടെങ്കിലും അതിനൊരു കണിശമായ നിര്‍വചനം എവിടെയും രേഖപ്പെടുത്തിക്കണ്ടിട്ടില്ല. അല്ലാഹു പ്രവാചകന്മാരിലൂടെ, വേദഗ്രന്ഥങ്ങളിലൂടെ അവതരിപ്പിച്ച മതം മൗലികമാണെന്ന്‌ തന്നെയാണ്‌ യഥാര്‍ഥ വിശ്വാസികളായ എല്ലാ മുസ്‌ലിംകളും കരുതുന്നത്‌. വിശ്വാസവും കര്‍മവും വിശുദ്ധ ഖുര്‍ആനിനും നബിചര്യയ്‌ക്കും അനുസരിച്ചായിരിക്കണം എന്ന മൗലികമായ നിലപാടില്‍ നിന്ന്‌ മാറാന്‍ മുജാഹിദുകള്‍ സന്നദ്ധരല്ല. അതിന്റെ പേരില്‍ ആരൊക്കെ ആക്ഷേപിച്ചാലും ശരി. കേരളത്തിലെ മുസ്‌ലിം നവോത്ഥാന നായകരെ ആരൊക്കെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും അവരൊക്കെ വിശുദ്ധ ഖുര്‍ആനും നബിചര്യയും തന്നെയാണ്‌ ജീവിത പ്രമാണമായി സ്വീകരിച്ചത്‌. എന്നാല്‍ അവര്‍ക്ക്‌ സാമുദായിക സങ്കുചിതത്വമോ വര്‍ഗീയ പക്ഷപാതമോ ഉണ്ടായിരുന്നില്ല. അടിസ്ഥാനപ്രമാണങ്ങള്‍ക്ക്‌ വിരുദ്ധമാകാത്ത വിഷയങ്ങളില്‍ വിശാലവും ഉദാരവുമായ നിലപാടാണ്‌ അവര്‍ സ്വീകരിച്ചിരുന്നത്‌. മുജാഹിദുകള്‍ സംഘടിപ്പിച്ച ഖത്തര്‍ മലയാളി സമ്മേളനത്തിലേക്ക്‌ വിശിഷ്‌ടാതിഥികളായി ശ്രീ ഗംഗാധരന്‍ മാഷ്‌ അടക്കമുള്ള സാമൂഹ്യ, സാംസ്‌കാരിക ചിന്തകരെ ക്ഷണിച്ചുകൊണ്ടുപോയതു തന്നെ മുജാഹിദുകള്‍ അടഞ്ഞ സമൂഹമല്ലെന്നതിന്‌ മതിയായ തെളിവാണെന്ന്‌ `മുസ്‌ലിം' കരുതുന്നു.

മുജാഹിദ്‌ പണ്ഡിതന്മാരെല്ലാം പ്രമാദമുക്തരാണെന്ന്‌ `മുസ്‌ലിം' കരുതുന്നില്ല. പണ്ഡിതന്മാരുടെ ചില വീക്ഷണങ്ങളില്‍ തെറ്റ്‌ സംഭവിക്കാന്‍ ഇടയുണ്ട്‌. ഏതെങ്കിലും വ്യക്തി സ്വര്‍ഗാവകാശിയാകുമോ നരകശിക്ഷ അനുഭവിക്കേണ്ടിവരുമോ എന്നൊന്നും പറയാന്‍ പണ്ഡിതന്മാര്‍ക്ക്‌ അവകാശമില്ല. പ്രവാചകന്മാര്‍ക്ക്‌ പോലും അല്ലാഹു അറിയിച്ചു കൊടുത്താല്‍ മാത്രമേ അക്കാര്യം പ്രഖ്യാപിക്കാന്‍ പറ്റൂ. `അപ്പോള്‍ മുന്‍ തലമുറകളുടെ അവസ്ഥയെന്താണ്‌' എന്ന്‌ ചോദിച്ചവരോട്‌ മൂസാനബി(അ) പറഞ്ഞ മറുപടി വിശുദ്ധ ഖുര്‍ആനില്‍ ഉദ്ധരിച്ചിട്ടുണ്ട്‌: ``അദ്ദേഹം പറഞ്ഞു: അവരെ സംബന്ധിച്ചുള്ള അറിവ്‌ എന്റെ രക്ഷിതാവിങ്കല്‍ ഒരു രേഖയിലുണ്ട്‌. എന്റെ രക്ഷിതാവിന്‌ പിഴവ്‌ പറ്റുകയില്ല. അവന്‍ മറന്നുപോവുകയും ഇല്ല'' (വി.ഖു 20:52). മരിച്ചുപോയ മനുഷ്യരുടെയൊക്കെ ഭാഗധേയം ലോകരക്ഷിതാവ്‌ നിശ്ചയിച്ച പ്രകാരമായിരിക്കും. ഏതൊക്കെ തരത്തില്‍ പെട്ടവര്‍ സ്വര്‍ഗാവകാശികളാകും, ഏതൊക്കെ നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ നരകാവകാശികളാകും എന്നത്‌ സംബന്ധിച്ച്‌ വിശുദ്ധ ഖുര്‍ആനിലും നബിവചനങ്ങളിലുമുള്ള പരാമര്‍ശങ്ങള്‍ ജനങ്ങളെ അറിയിക്കുകയാണ്‌ പ്രബോധകര്‍ ചെയ്യേണ്ടത്‌. ഒരു വ്യക്തി എവിടെയെത്തുമെന്ന കാര്യം അല്ലാഹു തീരുമാനിച്ചുകൊള്ളും.

ഇസ്‌ലാമിന്റെ പേരില്‍ തീവ്രവാദം ജനങ്ങളുടെ മേല്‍ അടിച്ചേല്‌പിക്കുന്ന അല്‍ഖാഇദയെയും താലിബാനെയും പോലുള്ള വിഭാഗങ്ങളെ ഉദ്ദേശിച്ചാണ്‌ ശ്രീ ഗംഗാധരന്‍ ഫണ്ടമെന്റലിസ്റ്റുകള്‍ എന്ന പദം പ്രയോഗിക്കുന്നതെങ്കില്‍, തീവ്രവാദത്തെ നീക്കുപോക്കില്ലാതെ എതിര്‍ക്കുന്ന കേരളത്തിലെ മുജാഹിദുകളെ ആ വകുപ്പില്‍ ഉള്‍പ്പെടുത്തുന്നത്‌ ഒരു നിഷ്‌പക്ഷ ചരിത്രകാരന്‌ ഭൂഷണമല്ലെന്നേ പറയാനുള്ളൂ. വിശ്വാസവും കര്‍മവും ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക്‌ അനുസൃതമാക്കുന്നതിലും അതിന്റെ ആവശ്യകതയെക്കുറിച്ച്‌ ജനങ്ങളെ ബോധവാന്മാരാക്കുന്നതിലുമാണ്‌ കേരളത്തിലെ മുജാഹിദുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗം പാടില്ലെന്ന ഖുര്‍ആനിക അധ്യാപനം (2:256) അവര്‍ ഊന്നിപ്പറയുന്നു. വിശുദ്ധ ഖുര്‍ആനിലെ 25:52 സൂക്തത്തില്‍ ആജ്ഞാപിച്ചിട്ടുള്ള ആശയപരമായ ജിഹാദാണ്‌ അവര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്‌. അതായത്‌ ഖുര്‍ആനിക ആദര്‍ശത്തിന്റെ ഊര്‍ജിതമായ പ്രബോധനം.

ജമാഅത്തിന്‌ ഇരട്ടമുഖം?


``സാമ്രാജ്യത്വ വിരുദ്ധവും സാമൂഹികനീതിയിലധിഷ്‌ഠിതവുമായ ഒരു ഭരണം ഇന്ത്യയിലുണ്ടാകണമെന്നതാണ്‌ ജമാഅത്തിന്റെ നിലപാട്‌. അത്തരമൊരു രാഷ്‌ട്രം ലക്ഷ്യം വെച്ചാണ്‌ ജമാഅത്ത്‌ രാഷ്‌ട്രീയത്തില്‍ രംഗപ്രവേശം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്‌. ദാര്‍ശനിക പ്രബോധനം ജമാഅത്തെ ഇസ്‌ലാമി സ്വന്തം നിലക്ക്‌ തുടരും. അത്‌ പ്രായോഗിക രാഷ്‌ട്രീയത്തിന്റെ ഭാഗമല്ല.'' (ജമാഅത്ത്‌ അമീര്‍ ടി ആരിഫലി, മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌-2010 ജൂണ്‍ 13, പേജ്‌ 14)
ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യത്തിന്റെ അവസാനത്തെ പോയന്റ്‌ ഹുകുമത്തെ ഇലാഹിയാണെന്നും ആരിഫലി മാതൃഭൂമിയിലെ അഭിമുഖത്തില്‍ പറയുന്നുണ്ട്‌ (പേജ്‌ 11). ജമാഅത്തെ ഇസ്‌ലാമിക്ക്‌ ഇരട്ടമുഖമുണ്ടെന്ന്‌ അതിന്റെ അമീര്‍ തന്നെ സൂചിപ്പിച്ച ഈ വരികളെപ്പറ്റി `മുസ്‌ലിമി'ന്റെ പ്രതികരണം?

ഇബ്‌നുഅബ്ബാസ്‌, തലശ്ശേരി

അമീറിന്റെ വാചകങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌ ജമാഅത്തുകാര്‍ക്ക്‌ ഇപ്പോള്‍ രണ്ടുതരം രാഷ്‌ട്രീയം ഉണ്ടെന്നാണ്‌. ഒന്ന്‌ പ്രായോഗികവും മറ്റൊന്ന്‌ അപ്രായോഗികവും. ഹുകൂമത്തെ ഇലാഹി അഥവാ ദൈവിക ഭരണം ദാര്‍ശനിക തലത്തില്‍ പ്രബോധനം ചെയ്യാന്‍ മാത്രം പറ്റിയതും രാഷ്‌ട്രീയത്തില്‍ പ്രായോഗികമായി നടപ്പാക്കാന്‍ പറ്റാത്തതുമാണെന്നും അപ്രായോഗിക രാഷ്‌ട്രീയ സിദ്ധാന്തത്തിന്മേലാണ്‌ ജമാഅത്തിന്റെ അസ്‌തിവാരമെന്നും അദ്ദേഹം ഇപ്പോള്‍ തുറന്നു സമ്മതിച്ചിരിക്കുകയാണ്‌.

മുജാഹിദുകളുടെ വീക്ഷണപ്രകാരം എക്കാലത്തും പ്രപഞ്ചത്തില്‍ നിലവിലുള്ളത്‌ അല്ലാഹുവിെന്റ ഭരണമാണ്‌. അല്ലാഹുവാണ്‌ ചിലര്‍ക്ക്‌ പരിമിതവും ക്ഷണികവുമായ അധികാരം നല്‌കുന്നത്‌. മറ്റു ചിലരെ അധികാരത്തില്‍ നിന്ന്‌ നീക്കുന്നതും അവന്‍ തന്നെയാണ്‌. വിശുദ്ധ ഖുര്‍ആനിലെ 3:26 സൂക്തത്തില്‍ നിന്ന്‌ ഈ കാര്യം സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാകുന്നുണ്ട്‌. അല്ലാഹുവിന്‌ ഭൂമിയിലെ അധികാരം നഷ്‌ടപ്പെട്ടിട്ടുണ്ടെന്നും നമ്മള്‍ അത്‌ തിരിച്ചുപിടിച്ചു കൊടുക്കണമെന്നും പറയുന്നത്‌ അസംബന്ധമാണ്‌. നമ്മുടെ കടമ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ വ്യക്തി-കുടുംബ-സാമൂഹ്യ ജീവിതരംഗങ്ങളില്‍ കഴിവിന്റെ പരമാവധി നടപ്പാക്കുകയാണ്‌. ഈ വിഷയത്തില്‍ സങ്കീര്‍ണതയോ അപ്രായോഗികതയോ ഇല്ല. അല്ലാഹു ഒരു മുസ്‌ലിമിന്‌ ഭരണാധികാരം നല്‌കുകയാണെങ്കില്‍ ഭരണസംബന്ധമായ ഇസ്‌ലാമിക നിയമങ്ങളും അയാള്‍ നടപ്പാക്കണം.

അല്ലാഹുവിന്റെ ആജ്ഞ നടപ്പാക്കുന്ന മുസ്‌ലിം ഭരണാധികാരിയുടെ റോള്‍ ഇലാഹി (ദൈവികം) എന്ന്‌ വിശേഷിപ്പിക്കപ്പെടാവുന്നതല്ല. അദ്ദേഹം തെറ്റുപറ്റാവുന്ന ഒരു മനുഷ്യന്‍ മാത്രമാണ്‌. ഒരു സത്യവിശ്വാസിയുടെ ഭരണത്തെ ദൈവിക ഭരണമായി ചിത്രീകരിക്കുന്നതിനോ അതിനെ ദാര്‍ശനിക അടിത്തറയായോ ലക്ഷ്യത്തിന്റെ അവസാനത്തെ പോയന്റായോ അവതരിപ്പിക്കുന്നതിനോ ഇസ്‌ലാമിക പ്രമാണങ്ങളുടെയൊന്നും പിന്‍ബലമില്ല.
 

ശിര്‍ക്ക്‌ ചെയ്യുന്നവരെ തുടര്‍ന്നു നമസ്‌കരിക്കല്‍


``മുജാഹിദുകളുടെ വാദപ്രകാരം സുന്നികള്‍ ശിര്‍ക്ക്‌ ചെയ്യുന്നവരാണ്‌. ഈ വാദം തെളിയിക്കുന്നതിനായി വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങള്‍ അവര്‍ ഓതുകയും ചെയ്യാറുണ്ട്‌. എന്നാല്‍ ഈ വാദം ഉന്നയിക്കുന്ന മുജാഹിദുകള്‍ക്ക്‌ ഈ വാദത്തില്‍ വിശ്വാസമില്ല. ഇത്‌ അവരുടെ പ്രവൃത്തികൊണ്ട്‌ മനസ്സിലാക്കാന്‍ സാധിക്കുന്നു. ഉദാഹരണമായി സുന്നികളായ മുസ്‌ലിയാക്കന്മാര്‍ ഇമാമായി നമസ്‌കരിക്കുമ്പോള്‍ മുജാഹിദുകളായ പലരും അവരെ തുടര്‍ന്ന്‌ നമസ്‌കരിക്കുന്നു. ശിര്‍ക്ക്‌ ചെയ്യുന്നവരാണ്‌ ഞങ്ങളെങ്കില്‍ എങ്ങനെയാണ്‌ അവര്‍ക്ക്‌ ഞങ്ങളെ തുടര്‍ന്ന്‌ നമസ്‌കരിക്കാന്‍ സാധിക്കുക. ശിര്‍ക്ക്‌ ചെയ്യുന്നവരെ തുടര്‍ന്ന്‌ നമസ്‌കരിച്ചാല്‍ നമസ്‌കാരം ശരിയാവുമോ? അതിനാല്‍ നമ്മള്‍ ശിര്‍ക്ക്‌ ചെയ്യുന്നു എന്ന മുജാഹിദുകളുടെ വാദത്തില്‍ അവര്‍ക്ക്‌ തന്നെ വിശ്വാസമില്ല'' -സുന്നികളുടെ പ്രഭാഷണത്തില്‍ കേട്ടതാണിത്‌. എന്താണ്‌ മുസ്‌ലിമിന്റെ അഭിപ്രായം?

അബൂസാബിക്‌, കാരക്കുന്ന്‌

സുന്നികള്‍ ശിര്‍ക്ക്‌ ചെയ്യുന്നവരാണ്‌ എന്ന്‌ സമര്‍ഥിക്കലല്ല മുജാഹിദുകളുടെ ജോലി. ആരാധനയും പ്രാര്‍ഥനയും അല്ലാഹുവിന്‌ മാത്രമേ അര്‍പ്പിക്കാവൂ എന്ന ഖുര്‍ആനിക സത്യം മുജാഹിദുകള്‍ ഊന്നിപ്പറയുന്നത്‌ ആരെയെങ്കിലും കാഫിറാക്കാനോ മുശ്‌രിക്കാക്കാനോ വേണ്ടിയല്ല. മനുഷ്യരെ പൊതുവായാണ്‌ മുജാഹിദുകള്‍ കണിശമായ ഏകദൈവത്വ ആദര്‍ശത്തിലേക്ക്‌ ക്ഷണിക്കുന്നത്‌. സല്‍ബുദ്ധിയുള്ള മനുഷ്യര്‍ക്ക്‌ സ്വര്‍ഗത്തിലേക്കുള്ള വഴി ചൂണ്ടിക്കാണിച്ചുകൊടുക്കുക എന്ന സദുദ്ദേശം മാത്രമാണ്‌ മുജാഹിദുകളുടെ പ്രബോധന യത്‌നങ്ങള്‍ക്ക്‌ പ്രേരകം. സുന്നികള്‍ ശിര്‍ക്ക്‌ ചെയ്യുന്നവരാണെന്ന്‌ സ്ഥാപിക്കാന്‍ വേണ്ടിയല്ല, അല്ലാഹുവോട്‌ മാത്രമേ പ്രാര്‍ഥിക്കാവൂ എന്ന മഹത്തായ ആശയത്തിന്റെ ദൈവിക പ്രമാണങ്ങള്‍ മനുഷ്യര്‍ക്ക്‌ വ്യക്തമാക്കിക്കൊടുക്കാനാണ്‌ മുജാഹിദുകള്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിക്കാറുള്ളത്‌. അതുപോലെ വിശുദ്ധ ഖുര്‍ആനിലെ എല്ലാ അധ്യാപനങ്ങളും പ്രഭാഷണങ്ങളും ഖുത്വ്‌ബകളിലും ക്ലാസുകളിലും സത്യപ്രബോധകര്‍ വിശദീകരിക്കാറുണ്ട്‌.

ഏതെങ്കിലും വിഭാഗക്കാരെയോ വ്യക്തികളെയോ തുടര്‍ന്നു നമസ്‌കരിക്കരുതെന്ന്‌ മുജാഹിദുകള്‍ ആഹ്വാനം ചെയ്യാറില്ല എന്നത്‌ ശരിയാണ്‌. ആരുടെയും വിശ്വാസത്തെക്കുറിച്ച്‌ ചുഴിഞ്ഞന്വേഷിക്കേണ്ട ആവശ്യമില്ല. അത്‌ പ്രായോഗികവുമല്ല. എന്നാല്‍ അല്ലാഹുവല്ലാത്തവരോട്‌ പരസ്യമായി പ്രര്‍ഥിക്കുന്ന ആളുകളെ യഥാര്‍ഥ ഏകദൈവ വിശ്വാസികള്‍ തുടരാവുന്നതല്ല. മുഹമ്മദ്‌ നബി(സ) പഠിപ്പിച്ച നമസ്‌കാരത്തില്‍ അല്ലാഹു അല്ലാത്ത ആരോടുമുള്ള പ്രാര്‍ഥന ഉള്‍പ്പെട്ടിട്ടില്ലോ. നമസ്‌കാരത്തിലല്ലാത്തപ്പോഴും നബി(സ) അല്ലാഹുവോട്‌ മാത്രമേ പ്രാര്‍ഥിച്ചിട്ടുള്ളൂ. പൂര്‍വപ്രവാചകന്മാരും അവരുടെ സച്ചരിതരായ ശിഷ്യന്മാരും സ്വഹാബികളും മദ്‌ഹബ്‌ ഇമാമുകളുമെല്ലാം അല്ലാഹുവോട്‌ മാത്രമാണ്‌ പ്രാര്‍ഥിച്ചത്‌. വിശുദ്ധ ഖുര്‍ആനിലെ എല്ലാ പ്രാര്‍ഥനകളും അല്ലാഹുവോട്‌ മാത്രമുള്ളതാണ്‌. ഈ കാര്യങ്ങള്‍ മുജാഹിദുകള്‍ ചൂണ്ടിക്കാണിക്കുന്നത്‌ ആരോടുമുള്ള വിരോധം കൊണ്ടല്ല. അല്ലാഹുവോട്‌ മാത്രം പ്രാര്‍ഥിച്ചാല്‍ ഇഹത്തിലോ പരത്തിലോ എന്തെങ്കിലും നഷ്‌ടം സംഭവിക്കുമെന്ന്‌ മുസ്‌ലിയാന്മാരും ഇതുവരെ തെളിയിച്ചിട്ടില്ല. പിന്നെ എന്തിനാണ്‌ അനാവശ്യവും അപ്രസക്തവുമായ വിവാദങ്ങള്‍ ഉയര്‍ത്തിവിടുന്നത്‌?

സ്‌ത്രീകളുടെ പൊതു പ്രവര്‍ത്തനം


പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കാനും രാഷ്‌ട്രീയ മേഖലയില്‍ നിലയുറപ്പിക്കാനും സ്‌ത്രീകള്‍ മുന്നോട്ട്‌ വരണമെന്ന്‌ ചിലയാളുകളും എന്നാല്‍ സ്‌ത്രീകള്‍ക്ക്‌ വീട്ടു ഭരണമാണ്‌ നല്ലതെന്നും രാഷ്‌ട്രീയരംഗത്ത്‌ അവര്‍ക്ക്‌ `ഇട'മില്ലെന്നും മറ്റു ചിലരും പറയുന്നു. ആധുനിക കാലത്ത്‌ സ്‌ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങളുടെയും വിവേചനങ്ങളുടെയും വെളിച്ചത്തില്‍ പ്രമാണബദ്ധമായി `സ്‌ത്രീയുടെ ഇട'ത്തെ വിശദീകരിക്കാമോ?

ജസ്‌ന, ചെറുവാടി

ഇത്‌ വളരെ വിശദമായി വിശകലനം ചെയ്യേണ്ട വിഷയമാണ്‌. ഈ പംക്തിയുടെ പരിമിതി അതിന്‌ അനുവദിക്കുകയില്ല. കുടുംബിനി എന്ന നിലയില്‍ ഒരു സ്‌ത്രീക്ക്‌ നിര്‍വഹിക്കാനുള്ള ബാധ്യതകളില്‍ വീഴ്‌ച വരുത്തിക്കൊണ്ട്‌ അവള്‍ മറ്റു മേഖലകളിലേക്ക്‌ തിരിയുന്നത്‌ തെറ്റാണെന്ന്‌ തന്നെയാണ്‌ ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ഭര്‍ത്താവിനോടും മക്കളോടും മറ്റു കുടുംബാംഗങ്ങളോടുമുള്ള ബാധ്യത നിര്‍വഹിക്കുന്നതോടൊപ്പം ജോലികളിലോ സേവനങ്ങളിലോ ഒരു സ്‌ത്രീ ഏര്‍പ്പെടുന്നത്‌ നിഷിദ്ധമാണെന്ന്‌ പറയാന്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍ തെളിവില്ല. മൂസാനബി(അ)യുടെ ഭാര്യ വിവാഹത്തിന്‌ മുമ്പ്‌ അജപാലനത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 28:23 സൂക്തത്തില്‍ നിന്ന്‌ വ്യക്തമാകുന്നു. സബഇലെ രാജ്ഞിയെ സംബന്ധിച്ച്‌ സൂറത്തുന്നംലിലെ 23-44 സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. രാജ്യഭരണം സ്‌ത്രീകള്‍ക്ക്‌ നിഷിദ്ധമാണെന്ന്‌ ഈ സൂക്തങ്ങളിലോ ഖുര്‍ആനിലെ മറ്റു സൂക്തങ്ങളിലോ പറഞ്ഞിട്ടില്ല. അധിക വായനയ്‌ക്ക്‌ അത്തൗഹീദ്‌ മാസിക 2010 ഏപ്രില്‍-മെയ്‌ ലക്കത്തിലെ `സ്‌ത്രീ: സംവരണം, ജോലി, അധികാരം' എന്ന ലേഖനം കാണുക.

മുജാഹിദ്‌ പ്രസ്ഥാനവും സാമൂഹ്യ അനീതികള്‍ക്കെതിരായ പോരാട്ടവും


ശിര്‍ക്കിനും ബിദ്‌അത്തിനുമെതിരെയുള്ള പോരാട്ടമാണ്‌ മുജാഹിദ്‌ പ്രസ്ഥാനം നടത്തിക്കൊണ്ടിരിക്കുന്നത്‌. എന്നാല്‍ പ്രവാചകന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ സാമൂഹ്യരംഗത്തെ അനീതികള്‍ക്കെതിരെയുള്ള പോരാട്ടവുമുണ്ടായിരുന്നു. മൂസാനബി ഇസ്‌റാഈല്യര്‍ക്കു വേണ്ടി ശബ്‌ദിച്ചതും ശുഐബ്‌ നബിയുടെ കച്ചവടത്തിലെ അനീതികള്‍ക്കെതിരെയുള്ള പോരാട്ടവും ഉദാഹരണം. സാമൂഹ്യരംഗത്തെ പ്രശ്‌നങ്ങള്‍ക്കെതിരെ നേരിട്ടുള്ള ഒരു പോരാട്ടത്തിന്‌ മുജാഹിദ്‌ പ്രസ്ഥാനം തയ്യാറാവുന്നില്ലെന്നും ഇത്‌ ഇസ്‌ലാമിന്റെ സമഗ്ര കാഴ്‌ചപ്പാടിന്‌ വിരുദ്ധമാണെന്നും ചില ആരോപണങ്ങളുണ്ട്‌. `മുസ്‌ലിമി'ന്റെ പ്രതികണം.

ഇ കെ ശൗക്കത്തലി, ഓമശ്ശേരി

വിശുദ്ധ ഖുര്‍ആനിലെയും പ്രബലമായ ഹദീസുകളിലെയും എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പിന്തുടരണമെന്നാണ്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനം ജനങ്ങളോട്‌ ആഹ്വാനം ചെയ്യുന്നത്‌. അല്ലാഹുവിന്റെ ഗ്രന്ഥം ജനങ്ങള്‍ക്ക്‌ മനസ്സിലാക്കേണ്ടതിന്‌ ഖുര്‍ആന്‍ പരിഭാഷകളും വ്യാഖ്യാനങ്ങളും മുജാഹിദുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഖുര്‍ആനിലെ ഏതെങ്കിലും ആയത്തോ സൂറത്തോ അപ്രധാനമാണെന്നോ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതില്ലെന്നോ മുജാഹിദുകള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. മൂസാനബി(അ)യുടെയും ശുഐബ്‌ നബി(അ)യുടെയും ചരിത്രമുള്‍പ്പെടെ ഖുര്‍ആനില്‍ വിവരിച്ച എല്ലാ ചരിത്ര സംഭവങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളാനാണ്‌ ക്ലാസുകളിലും ഖുത്വ്‌ബകളിലും മുജാഹിദുകള്‍ ജനങ്ങളോട്‌ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്‌.

മൂസാനബി(അ)യോ ശുഐബ്‌ നബി(അ)യോ കിനാലൂര്‍ മോഡല്‍ പോരാട്ടം നടത്തിയിട്ടില്ല. അക്രമവും അനീതിയും അധര്‍മവും വര്‍ജിക്കാന്‍ അധികാരികളും വ്യാപാരികളും ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം ജനങ്ങളോടും ആവശ്യപ്പെടുകയാണ്‌ ആ രണ്ടു പ്രവാചകന്മാരും ചെയ്‌തത്‌. അതു തന്നെയാണ്‌ മുജാഹിദുകളും ചെയ്യുന്നത്‌. ശിര്‍ക്കിനും ബിദ്‌അത്തിനും എതിരില്‍ മാത്രമല്ല സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരിലും കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണത്തിലെ അഴിമതികള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരിലും ഇസ്വ്‌ലാഹി പ്രബോധകര്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്യാറുണ്ട്‌. ശിര്‍ക്കിന്റെയും ബിദ്‌അത്തിന്റെയും കാര്യം പ്രത്യേകം ഊന്നിപ്പറയേണ്ടി വരുന്നത്‌ ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ള മുസ്‌ലിം സംഘടനകള്‍ ആ വിഷയങ്ങള്‍ അവഗണിക്കുന്നതുകൊണ്ടും കൂടിയാണ്‌.

മൂസാനബി(അ) ഫിര്‍ഔനും ശിങ്കിടികളുമായി സംവാദം നടത്തിയിട്ടുണ്ടെങ്കിലും അക്ഷരാര്‍ഥത്തിലുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. ഇസ്‌റാഈല്യരുടെ മോചനത്തിനു വേണ്ടി അദ്ദേഹം ചെയ്‌തത്‌ അവരെ ഒരു കൂട്ടപലായനത്തിനു പ്രേരിപ്പിക്കുകയാണ്‌. പലായനം ചെയ്യുന്ന ഇസ്‌റാഈലീ വംശജരെ പിന്തുടര്‍ന്ന്‌ പിടികൂടി കൊന്നൊടുക്കാന്‍ ഫിര്‍ഔനും സൈന്യവും പുറപ്പെട്ടപ്പോഴും മൂസാനബി(അ)യും കൂടെയുള്ളവരും പോരാട്ടം നടത്തിയിട്ടില്ല. അവര്‍ക്ക്‌ സുരക്ഷിതമായ പലായനത്തിന്‌ അല്ലാഹു അസാധാരണ രീതിയില്‍ വഴിയൊരുക്കിക്കൊടുക്കുകയും ഫിര്‍ഔനെയും സൈനികരെയും മുക്കി നശിപ്പിക്കുകയുമാണുണ്ടായത്‌. ശുഐബ്‌ നബി(അ) അളവിലും തൂക്കത്തിലും കമ്മി വരുത്തിയിരുന്ന വ്യാപാരികളോട്‌ പോരാടുകയല്ല, അല്ലഹുവെ മാത്രം ആരാധിക്കാനും വ്യാപാരത്തില്‍ സത്യസന്ധത പാലിക്കാനും അവരോട്‌ ആഹ്വാനം ചെയ്യുകയാണ്‌ ചെയ്‌തത്‌. ഇതൊക്കെ പ്രവാചകന്മാരുടെ ചരിത്രത്തെ സംബന്ധിച്ച്‌ സാമാന്യ ധാരണയുള്ള എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. ഇന്ത്യയില്‍ ഫിര്‍ഔന്റേതു പോലുള്ള ഭരണമല്ലാത്തതിനാല്‍ പലായനത്തിന്റെ ആവശ്യമില്ലാത്തതുകൊണ്ടാണല്ലോ ജമാഅത്തുകാരും മൂസാനബി(അ)യെപ്പോലെ കൂട്ട പലായനം സംഘടിപ്പിക്കാത്തത്‌.

ഇസ്‌ലാമിന്റെ യാതൊരു അധ്യാപനവും മുജാഹിദുകള്‍ അവഗണിക്കുകയോ മാറ്റിവെക്കുകയോ ചെയ്‌തിട്ടില്ലാത്തതുകൊണ്ട്‌ മുജാഹിദുകളുടെ നിലപാട്‌ സമഗ്രതയ്‌ക്ക്‌ വിരുദ്ധമാണെന്ന പ്രചാരണം ദുരുപദിഷ്‌ടിതമാണെന്ന്‌ പറയാതെ വയ്യ.

സ്‌ത്രീകള്‍ക്കു മാത്രം പള്ളി

നമ്മുടെ നാട്ടില്‍ വനിതാകോളേജ്‌, ഗേള്‍സ്‌ സ്‌കൂള്‍ തുടങ്ങിയവയൊക്കെ ധാരാളം ഉള്ളതുപോലെ മുസ്‌ലിം സ്‌ത്രീകള്‍ക്ക്‌ മാത്രമായി പള്ളികള്‍ നിര്‍മിച്ചുകൂടേ? സ്‌ത്രീകള്‍ക്ക്‌ പള്ളി സ്ഥാപിക്കാന്‍ പാടില്ല എന്ന്‌ ഖുര്‍ആനിലുണ്ടോ? സ്‌ത്രീകള്‍ക്ക്‌ മാത്രം പള്ളി നിര്‍മിച്ചാല്‍, സ്‌ത്രീപള്ളിപ്രവേശ വിവാദം അവസാനിപ്പിക്കാമല്ലോ.

സബീന (കോഴിക്കോട്‌)

ലോകത്ത്‌ എല്ലാ സ്‌ത്രീകളെക്കാളും ഉല്‍കൃഷ്‌ടയായി അല്ലാഹു തെരഞ്ഞെടുത്ത മഹതിയാണ്‌ ഈസാനബി(അ)യുടെ മാതാവ്‌ മര്‍യം(റ). ആ മഹതിയോട്‌ അല്ലാഹു കല്‌പിച്ചത്‌ ഇപ്രകാരമാണ്‌: ``മര്‍യമേ, നിന്റെ രക്ഷിതാവിനോട്‌ നീ ഭയഭക്തി കാണിക്കുകയും, സാഷ്‌ടാംഗം ചെയ്യുകയും, തല കുനിക്കുന്നവരോടൊപ്പം തല കുനിക്കുകയും ചെയ്യുക''(വി ഖു 3:43). ആരാധനാലയത്തില്‍ വളര്‍ന്ന മര്‍യമി(റ)നോട്‌ അവിടെ കുമ്പിട്ടും സാഷ്‌ടാംഗം ചെയ്‌തും പ്രാര്‍ഥിക്കുന്നവരോടൊപ്പം പ്രാര്‍ഥനയില്‍ പങ്കെടുക്കാനാണ്‌ അല്ലാഹു കല്‌പിച്ചത്‌.

നബി(സ)യുടെ കാലത്ത്‌ സ്വഹാബി വനിതകള്‍ മദീനയിലെ പള്ളിയില്‍ ജമാഅത്ത്‌ നമസ്‌കാരത്തില്‍ പങ്കെടുത്തിരുന്നുവെന്നും, പ്രവാചക പത്‌നിമാര്‍ പള്ളിയില്‍ ഇഅ്‌തികാഫ്‌ (ആരാധനാനിരതരായി താമസിക്കല്‍) നിര്‍വഹിച്ചിരുന്നുവെന്നും ബുഖാരിയിലും മുസ്‌ലിമിലും മറ്റു പ്രമുഖ ഹദീസ്‌ ഗ്രന്ഥങ്ങളിലും ഉദ്ധരിച്ചിട്ടുണ്ട്‌. അതിനാല്‍ സ്‌ത്രീകള്‍ പെണ്‍പള്ളിയില്‍ മാത്രമേ നമസ്‌കരിക്കാന്‍ പാടുള്ളൂ എന്ന്‌ പറയുന്നത്‌ ഖുര്‍ആനിനും നബിചര്യക്കും വിരുദ്ധമായ നിലപാടാണ്‌.

അടിസ്ഥാന പ്രമാണങ്ങള്‍ക്ക്‌ വിരുദ്ധമായി ആരെങ്കിലും ഉന്നയിക്കുന്ന തര്‍ക്കങ്ങള്‍ക്ക്‌ ഇസ്‌ലാമില്‍ യാതൊരു സ്ഥാനവുമില്ല. പെണ്‍പള്ളി എന്നൊരു ഏര്‍പ്പാട്‌ നബി(സ)യുടെയോ സച്ചരിതരായ പൂര്‍വികരുടെയോ കാലത്ത്‌ ഉണ്ടായിട്ടില്ല. മക്കയിലെയും മദീനയിലെയും ഏറ്റവും വലിയ പള്ളികളില്‍ ലക്ഷക്കണക്കില്‍ സ്‌ത്രീകള്‍ ജുമുഅ ജമാഅത്തുകളില്‍ പങ്കെടുത്തുവരുന്നുണ്ട്‌. ശാഫീമദ്‌ഹബുകാരായ ഇന്തോനീഷ്യന്‍ വനിതകളും ആ കൂട്ടത്തില്‍ ധാരാളമായുണ്ട്‌.

മക്കത്തോ മദീനത്തോ പെണ്‍പള്ളി വേണമെന്ന്‌ ലോകത്താരും ഇത:പര്യന്തം ആവശ്യമുന്നയിച്ചിട്ടില്ല. സമസ്‌തക്കാര്‍ അനാവശ്യമായ തര്‍ക്കമുണ്ടാക്കുന്നതിന്റെ പേരില്‍ മഹല്ലുകള്‍ തോറും പെണ്‍പള്ളിയുണ്ടാക്കുന്നത്‌ പാഴ്‌ച്ചെലവാണ്‌. അതിന്‌ അല്ലാഹുവില്‍ നിന്ന്‌ പ്രതിഫലം ലഭിക്കുമെന്ന്‌ കരുതാന്‍ ന്യായം കാണുന്നില്ല.

വനിതാകോളെജും ഗേള്‍സ്‌ സ്‌കൂളും ആരാധനാലയങ്ങളല്ലാത്തതിനാല്‍ പള്ളിയെ അവയുമായി താരതമ്യം ചെയ്യുന്നത്‌ ശരിയല്ല. സ്‌ത്രീകള്‍ക്ക്‌ മാത്രമായി പള്ളി സ്ഥാപിക്കാന്‍ പാടില്ല എന്ന്‌ ഖുര്‍ആനില്‍ എഴുതിയിട്ടുണ്ടോ എന്നല്ല അങ്ങനെ സ്ഥാപിക്കാനും ആരാധനയില്‍ സ്‌ത്രീപുരുഷവിവേചനം നിലവില്‍ വരുത്തുവാനും ഖുര്‍ആനില്‍ തെളിവുണ്ടോ എന്നാണ്‌ അന്വേഷിക്കേണ്ടത്‌.
 

ഖുര്‍ആനിലെ രാഷ്‌ട്രീയവും മുസ്‌ലിം നവോത്ഥാനവും


``മതനിരപേക്ഷതയും രാഷ്‌ട്രീയവും മുന്നോട്ടുവെക്കുന്ന സമഗ്ര ജീവിതദര്‍ശനമാണ്‌ ഖുര്‍ആനെ ന്ന്‌ കേരള സര്‍വകലാശാല സം ഘടിപ്പിച്ച ഖുര്‍ആന്‍ സെമിനാറിനോടനുബന്ധിച്ച്‌ നടന്ന `ഞാനറിയുന്ന ഖുര്‍ആന്‍' സാംസ്‌കാരിക സംഗമം അഭിപ്രായപ്പെട്ടു. സാമ്പത്തികവും സാമൂഹികവുമായ നീ തി നിഷ്‌കര്‍ഷിക്കുകയും സാമ്പത്തിക സമത്വം ഉറപ്പുവരുത്തുകയും ചെയ്യുന്ന തത്വങ്ങളാണ്‌ ഖുര്‍ആന്റെ സവിശേഷതയെന്ന്‌ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ അഭിപ്രായെപ്പട്ടു. ഖുര്‍ആന്റെ തത്വങ്ങള്‍ രാഷ്‌ട്ര മീമാംസയാണ്‌. ഗാന്ധിജിയെ ഏറ്റവുമധികം സ്വാധീനിച്ചത്‌ പ്രവാചകനാണെന്ന്‌ അദ്ദേഹത്തിന്റെ ജീവചരിത്രം വായിച്ചാല്‍ ബോധ്യപ്പെടും. ഭരണ-സാമൂഹിക-സ്വകാര്യ മേഖലകളില്‍ സൂക്ഷ്‌മമായ ജീവിതം നയിക്കാനുള്ള വഴികാട്ടിയാണത്‌. ഖുര്‍ആന്‍ മതഗ്രന്ഥത്തെക്കാള്‍ വലിയ രാഷ്‌ട്രീയഗ്രന്ഥമാണെന്ന്‌ ആസൂത്രണ ബോര്‍ഡ്‌ മുന്‍ അംഗം സി പി ജോണ്‍ ചൂണ്ടിക്കാട്ടി. ഖുര്‍ആന്‌ വലിയ പൊളിറ്റിക്‌സുണ്ട്‌. അതുകൊണ്ടുതന്നെ ഖുര്‍ആന്‌ രാഷ്‌ട്രീയത്തില്‍ ഇടപെടാതിരിക്കാനാവില്ല. അഡ്‌മിനിസ്‌ട്രേഷന്‍ മുതല്‍ ബാങ്കിംഗ്‌ വരെ ഒരു ഭരണകൂടം നിര്‍വഹിക്കേണ്ട മുഴുവന്‍ ചുമതലകളും ഖുര്‍ആന്‍ ആശയപരമായി കൈകാര്യം ചെയ്യുന്നുണ്ട്‌. മുഹമ്മദ്‌ നബിയല്ലാതെ മറ്റൊരു മതാചാര്യനും ലോകത്ത്‌ രാഷ്‌ട്രാധിപതി ആയിട്ടില്ല.''(മാധ്യമം, 2010 ഏപ്രില്‍ 29)

ഇസ്‌ലാമിനെപ്പറ്റി സാമാന്യമായി പഠിക്കുന്നവര്‍ക്കുപോലും സുപരിചിതമായ അതിലെ രാഷ്‌ട്രീയം പ്രായോഗികമായി ആവിഷ്‌കരിക്കുന്നതില്‍ നവോത്ഥാന സാരഥികളായ മുജാഹിദുകള്‍ അശ്രദ്ധയില്‍ അകപ്പെട്ടിട്ടില്ലേ? മതപരമായ ഉണര്‍വും സാമൂഹികമായ സുസ്ഥിതിയും ആര്‍ജിച്ച കേരളത്തിലെങ്കിലും മുസ്‌ലിംകള്‍ ദൈവിക മൂല്യങ്ങള്‍ക്ക്‌ അനുസൃതമായ രാഷ്‌ട്രീയം ആവിഷ്‌കരിച്ച്‌ മാതൃകയാക്കേണ്ടതല്ലേ?

ടി കെ നിയാസ്‌ (വടകര)

ഖുര്‍ആനിനെ സംബന്ധിച്ച്‌ അമുസ്‌ലിം പ്രസംഗകരും എഴുത്തുകാരും പറഞ്ഞ കാര്യങ്ങളെ പ്രമാണമാക്കിയല്ല മുജാഹിദുകള്‍ ജീവിക്കുന്നത്‌. ഓരോ വിഷയത്തെയും സംബന്ധിച്ച്‌ അല്ലാഹു തന്നെ വിവിധ സൂക്തങ്ങളില്‍ പറഞ്ഞിട്ടുള്ളത്‌, ഖുര്‍ആനിലെ സൂക്തങ്ങള്‍ക്ക്‌ മുഹമ്മദ്‌ നബി(സ) നല്‌കിയ വിശദീകരണങ്ങള്‍, സ്വഹാബികളും സച്ചരിതരായ പൂര്‍വികരും നല്‌കിയ വ്യാഖ്യാനങ്ങള്‍ എന്നിവയെ ആധാരമാക്കിയാണ്‌ മുജാഹിദുകള്‍ ഇസ്‌ലാമികാധ്യാപനങ്ങള്‍ മനസ്സിലാക്കുകയും തദനുസൃതമായി ജീവിതം ക്രമീകരിക്കുകയും ചെയ്യുന്നത്‌. വ്യക്തിപരവും കുടുംബപരവും സാമൂഹികവും രാഷ്‌ട്രീയവുമായ എല്ലാ കാര്യങ്ങളിലും ഇസ്‌ലാമിക നിയമങ്ങള്‍ കഴിവിന്റെ പരമാവധി പാലിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്‌ മുസ്‌ലിംകളെല്ലാം. പക്ഷെ, എല്ലാ വിശ്വാസികളുടെയും കഴിവുകളും സാധ്യതകളും സാഹചര്യങ്ങളും ഒരുപോലെയായിരിക്കുകയില്ല. സമ്പത്തില്ലാത്തവന്‍ സകാത്ത്‌ പോലുള്ള ഇസ്‌ലാമിക ബാധ്യതകള്‍ നിര്‍വഹിക്കേണ്ടതില്ല. അവിവാഹിതന്‍ ദാമ്പത്യവുമായി ബന്ധപ്പെട്ട ബാധ്യതകളും അധികാരമില്ലാത്തവന്‍ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട കടമകളും നിറവേറ്റേണ്ടതില്ല എന്ന കാര്യവും സുവിദിതമാണ്‌.

ഖുര്‍ആനിലും ഹദീസിലും രാഷ്‌ട്രീയമില്ലെന്ന്‌ മുജാഹിദുകള്‍ക്ക്‌ അഭിപ്രായമില്ല. എന്നാല്‍ ഖുര്‍ആന്‍ ഒരു രാഷ്‌ട്രമീംമാസാ ഗ്രന്ഥമാണെന്ന്‌ ആരു പറഞ്ഞാലും അത്‌ അതിശയോക്തിയാണെന്ന്‌ പറയാതെ വയ്യ. ഖുര്‍ആനിന്റെ ഉള്ളടക്കത്തിന്റെ പ്രധാന ഭാഗം വിശ്വാസവും അവിശ്വാസവും ധര്‍മവും അധര്‍മവും പരലോകത്തെ രക്ഷാശിക്ഷകളുമായി ബന്ധപ്പെട്ട ഉല്‍ബോധനങ്ങളാണ്‌. ഭരണനിര്‍വഹണത്തില്‍ നീതി പാലിക്കുന്നതുപോലും അല്ലാഹുവിന്റെ പ്രീതിയും പരലോക മോക്ഷവും ലക്ഷ്യമാക്കിയായിരിക്കണം. എങ്കിലേ അതിന്‌ ഇസ്‌ലാമിക മൂല്യമുള്ളൂ. രണ്ടാം ഖലീഫ ഉമര്‍(റ) ചരിത്രത്തില്‍ ഏറെ ശ്രദ്ധേയനായത്‌ ഇസ്‌ലാമിക രാഷ്‌ട്രമീമാംസയെക്കുറിച്ച്‌ വാചാലമായി പ്രസംഗിക്കുകയോ എഴുതുകയോ ചെയ്‌തതുകൊണ്ടല്ല. തന്റെ രാഷ്‌ട്രത്തിന്റെ അതിരുകള്‍ക്കുള്ളില്‍ ആരെങ്കിലും പട്ടിണി കിടക്കുകയോ കഷ്‌ടപ്പാടുകള്‍ അനുഭവിക്കുകയോ ചെയ്‌താല്‍ താന്‍ അല്ലാഹുവിന്റെ വിചാരണക്കും ശിക്ഷക്കും വിധേയനാകേണ്ടിവരും എന്ന ബോധമാണ്‌ നീതിയുടെ ആള്‍രൂപമാകാന്‍ അദ്ദേഹത്തെ പ്രേരിതനാക്കിയത്‌. ഇതൊരു രാഷ്‌ട്രീയ പ്രക്രിയയെക്കാളുപരി ആദര്‍ശപ്രതിബദ്ധതയുടെ ഉദാത്തഭാവമാണ്‌. കിനാലൂര്‍ മോഡല്‍ രാഷ്‌ട്രീയ സ്റ്റണ്ടുകളും ഇതും തമ്മില്‍ ഈയവും തങ്കവും തമ്മിലുള്ളത്ര വ്യത്യാസമുണ്ട്‌.

സാമ്പത്തികവും സാമൂഹികവുമായ നീതി മുജാഹിദുകള്‍ അവരുടെ കര്‍മരംഗങ്ങളിലും മഹല്ലുകളിലും കഴിവിന്റെ പരമാവധി നിറവേറ്റിക്കൊണ്ടിരിക്കുന്നുണ്ട്‌. സകാത്തിന്റെയും സ്വദഖയുടെയും സംഘടിതമായ നിര്‍വഹണം, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസം, ആതുര ശുശ്രൂഷ എന്നീ മേഖലകളില്‍ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച്‌ മുജാഹിദുകള്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ അനര്‍ഘവും അനിതരവുമാണ്‌. അതൊക്കെ രാഷ്‌ട്രീയ പ്രോപഗാന്‍ഡയുടെ ഭാഗമാക്കിയാലേ അതിന്‌ നവോത്ഥാന മൂല്യമുണ്ടാകൂ എന്നാണ്‌ ചോദ്യകര്‍ത്താവിനെ പോലുള്ളവര്‍ കരുതുന്നതെങ്കില്‍ മുജാഹിദുകള്‍ അത്‌ അത്ര പരിഗണിക്കേണ്ടതില്ല. കാരണം, പുരനുത്ഥാനനാളില്‍ അല്ലാഹു സ്ഥാപിക്കുന്ന നീതിയുടെ തുലാസില്‍ നമ്മുടെ കര്‍മങ്ങള്‍ക്ക്‌ മൂല്യമുണ്ടാവുക എന്നതാണ്‌ അതിപ്രധാനം.

മുജാഹിദുകള്‍ മാത്രമല്ല, ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഭൂരിഭാഗവും പ്രായോഗിക രാഷ്‌ട്രീയത്തെ സംബന്ധിച്ച്‌ ഒട്ടൊക്കെ ധാരണയുള്ളവരാണ്‌. ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ശത്രുത പുലര്‍ത്താത്ത കക്ഷികള്‍ക്കേ വോട്ട്‌ നല്‌കൂ എന്ന നിലപാടില്‍ അവര്‍ ഒട്ടൊക്കെ ഉറച്ചുനില്‌ക്കുന്നു. മതനിരപേക്ഷ കക്ഷികളുടെ കൂട്ടത്തില്‍ തന്നെ പാവപ്പെട്ടവരോട്‌ കൂടുതല്‍ അനുഭാവം പുലര്‍ത്തുന്ന കക്ഷികള്‍ക്ക്‌ മുസ്‌ലിം സമ്മതിദായകര്‍ മുന്‍ഗണന നല്‌കുന്നു. സാമ്രാജ്യത്വ വിരുദ്ധ നിലപാട്‌ തന്നെയാണ്‌ ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഭൂരിപക്ഷം പേര്‍ക്കുള്ളത്‌. പക്ഷെ, കമ്യൂണിസ്റ്റുകള്‍ മതനിരാസത്തിന്റെയും ശരീഅത്ത്‌ വിരോധത്തിന്റെയും ഏക സിവില്‍കോഡ്‌ വാദത്തിന്റെയും ശക്തരായ വക്താക്കളായി തുടരുമ്പോള്‍ സാമ്രാജ്യത്വ വിരോധത്തിന്റെ മൂല്യം മാത്രം പരിഗണിച്ച്‌ അവരെ പിന്തുണയ്‌ക്കാന്‍ മുസ്‌ലിംകളില്‍ മിക്കവരും സന്നദ്ധരാകാതിരിക്കുക സ്വാഭാവികമത്രെ. ഗോവധ നിരോധം, മദ്യനിരോധം നീക്കല്‍, ലോട്ടറി, സ്വവര്‍ഗരതി, വിവാഹപൂര്‍വ ലൈംഗികത തുടങ്ങിയ വിഷയങ്ങളില്‍ ഇസ്‌ലാം വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച രാഷ്‌ട്രീയക്കാരെയും നിയമജ്ഞരെയും മറ്റും മുഖംനോക്കാതെ വിമര്‍ശിക്കുകയാണ്‌ മിക്ക മുസ്‌ലിം സംഘടനകളും ചെയ്‌തത്‌. ഇതൊക്കെ ഇസ്‌ലാമിക മനസ്സാക്ഷിയുള്ളവര്‍ സ്വീകരിക്കേണ്ട രാഷ്‌ട്രീയ നയനിലപാടുകളത്രെ.

എന്നാല്‍ ജമാഅത്തുകാര്‍ ഇത:പര്യന്തം വാദിച്ചുപോന്നത്‌ ഇന്ത്യന്‍ ഭരണവ്യവസ്ഥയെ ഇസ്‌ലാമികവത്‌കരിക്കാന്‍ വേണ്ടിയാണ്‌ മുസ്‌ലിംകള്‍ ശ്രമിക്കേണ്ടതെന്നത്രെ. ഇത്‌ അപ്രായോഗികമാണെന്ന്‌ മാത്രമല്ല, മുസ്‌ലിം സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നതുമാണ്‌. ഇന്ത്യയെ ഹിന്ദുത്വ രാഷ്‌ട്രമാക്കാന്‍ മുറവിളി കൂട്ടുന്നവര്‍ക്ക്‌ അത്‌ വലിയ വളര്‍ച്ചയ്‌ക്ക്‌ വഴിയൊരുക്കും. മുമ്പ്‌ ഒരു സംഘടന `ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ' എന്ന മുദ്രാവാക്യം പല സ്ഥലങ്ങളിലും എഴുതിവെച്ചതിന്റെ ഫലം എന്തായിരുന്നുവെന്ന്‌ പലരും ഓര്‍ക്കുന്നുണ്ടാകും. സംഘപരിവാര്‍ അതില്‍ നിന്ന്‌ പരമാവധി മുതലെടുപ്പ്‌ നടത്തുകയാണുണ്ടായത്‌. അവര്‍ക്ക്‌ സുവര്‍ണാവസരം നല്‌കാതിരിക്കുക എന്ന പ്രായോഗിക നിലപാടില്‍ ഉറച്ചുനില്‌ക്കുകയാണ്‌ മുജാഹിദുകള്‍.

മുഹമ്മദ്‌ നബിയല്ലാതെ മറ്റൊരു മതാചാര്യനും ലോകത്ത്‌ രാഷ്‌ട്രാധിപതി ആയിട്ടില്ല എന്ന അഭിപ്രായം തെറ്റാണ്‌. ദാവൂദ്‌, സുലൈമാന്‍(അ) എന്നീ പ്രവാചകന്മാര്‍ക്ക്‌ അല്ലാഹു വിപുലമായ രാജാധികാരം നല്‌കിയ കാര്യം വിശുദ്ധ ഖുര്‍ആനില്‍ തന്നെ എടുത്തുപറഞ്ഞിട്ടുണ്ട്‌. സുലൈമാന്‍ നബി(അ)യുടെ രാജാധികാരം അനിതരമായിരുന്നുവെന്നാണ്‌ 38:35-39 സൂക്തങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. ഇസ്‌ലാമില്‍ രാജപദവി പാടില്ല എന്ന ജമാഅത്ത്‌ വാദം തെറ്റാണെന്നും ഈ സൂക്തങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാം.

വഖഫ്‌ നിയമം ഖുര്‍ആനിന്‌ വിരുദ്ധമോ?


എന്റെ സുഹൃത്തിന്റെ മകളുടെ നിക്കാഹ്‌ കഴിഞ്ഞ ഏപ്രിലില്‍ നടന്നു. മൂന്ന്‌ ദിവസത്തിനു ശേഷം, അവള്‍ക്കിഷ്‌ടമില്ലാത്തതിനാല്‍ അവളുടെ ആവശ്യപ്രകാരം വിവാഹമോചനം നടത്തുകയും ചെയ്‌തു.

ഈ കാലയളവില്‍ അവര്‍ രണ്ടു പേരും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ കഴിഞ്ഞിട്ടില്ലെന്ന്‌ രണ്ടു പേരും സമ്മതിച്ചു. അപ്പോള്‍ അവള്‍ ഇദ്ദ ആചരിക്കേണ്ടതില്ല എന്ന്‌ (വി.ഖു. 33:49) വ്യക്തമാക്കുന്നു. എന്നാല്‍ അവള്‍ക്ക്‌ വേറെ കല്യാണം വന്നപ്പോള്‍ മൂന്ന്‌ മാസം കഴിയണമെന്ന്‌ വഖഫ്‌ ബോര്‍ഡ്‌ സെക്രട്ടറി അവരെ രേഖാമൂലം അറിയിച്ചു. ഇത്‌ ഇസ്‌ലാമിക വിരുദ്ധമല്ലേ?

അബൂജാബിറ (പള്ളിക്കല്‍ )

അവര്‍ തമ്മില്‍ ലൈംഗികബന്ധം ഉണ്ടായിട്ടില്ലെന്ന്‌ ഉറപ്പാണെങ്കില്‍ അവള്‍ ഇദ്ദ: ആചരിക്കേണ്ടതില്ല. ഏത്‌ സമയത്തും അവള്‍ക്ക്‌ പുനര്‍വിവാഹം ചെയ്യാവുന്നതാണ്‌. ഈ വിഷയത്തില്‍ വഖഫ്‌ ബോര്‍ഡ്‌ ഇടപെട്ടതിന്റെ സാഹചര്യം വ്യക്തമല്ല.
 

ഖബ്‌റിലെ ചോദ്യം?


ഖബ്‌റിലെ ചോദ്യവും രക്ഷാ ശിക്ഷയും ഉണ്ടെന്ന്‌ വിശ്വസിക്കല്‍ മുസ്‌ലിമിന്‌ നിര്‍ബന്ധമാണല്ലോ. എന്നാല്‍ മരിച്ച്‌ ഇത്ര മണിക്കൂര്‍ കഴിഞ്ഞാല്‍ ഇത്‌ സംഭവിക്കുമെന്ന്‌ വല്ല കണക്കുമുണ്ടോ? മണിക്കൂറുകള്‍ക്ക്‌ ശേഷവും ദിവസങ്ങള്‍ക്കു ശേഷവുമൊക്കെയാണ്‌ പല മയ്യിത്തുകളും മറമാടപ്പെടുന്നത്‌. അതുപോലെ ദഹിപ്പിക്കപ്പെടുന്ന മയ്യിത്തുകളും ധാരാളമുണ്ട്‌. വെള്ളത്തില്‍ പോയി കാണാതാവുന്നത്‌ വേറെയും. ഇവയൊക്കെ ചോദ്യംചെയ്യപ്പെടുന്നതും മറ്റും എങ്ങനെ? എപ്പോള്‍?

കെ പി അബൂബക്കര്‍ (മുത്തനൂര്‍)

വിശുദ്ധ ഖുര്‍ആനില്‍ നിന്നും പ്രബലമായ ഹദീസുകളില്‍ നിന്നും വ്യക്തമാകുന്നതനുസരിച്ച്‌ മരണം മുതല്‍ ഓരോ ആത്മാവും അല്ലാഹുവിന്റെ അധീനത്തിലാണ്‌. മരണത്തിനുശേഷം പരേതര്‍ക്ക്‌ എന്തു സംഭവിക്കുമെന്ന്‌ അറിയാന്‍ ജീവിച്ചിരിക്കുന്നവര്‍ക്ക്‌ ഭൗതികമായ യാതൊരു മാര്‍ഗവുമില്ല. വിശുദ്ധ ഖുര്‍ആനിലും പ്രബലമായ ഹദീസുകളിലും പറഞ്ഞിട്ടുള്ളതിനെ അവലംബിക്കാനേ കഴിയൂ. മരണത്തിനും ഉയിര്‍ത്തെഴുന്നേല്‌പിനും ഇടയിലുള്ള അവസ്ഥയെക്കുറിച്ച്‌ ഒരു ഖുര്‍ആന്‍ സൂക്തത്തില്‍ ഇപ്രകാരം കാണാം: ``അവരുടെ പിന്നില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‌പിക്കപ്പെടുന്ന ദിവസം വരെ ഒരു ബര്‍സഖ്‌ (മറ) ഉണ്ടായിരിക്കുന്നതാണ്‌'' (23:100). ജീവിച്ചിരിക്കുന്നവര്‍ക്ക്‌ മരിച്ചവരുമായോ മറിച്ചോ ബന്ധപ്പെടാന്‍ പറ്റാത്ത അവസ്ഥയാണ്‌ ബര്‍സഖ്‌. ഈ സൂക്തത്തിന്റെ അടിസ്ഥാനത്തിലാണ്‌ `ബര്‍സഖിയായ ജീവിതം' എന്ന പ്രയോഗം നിലവില്‍ വന്നത്‌.

മറ്റൊരു ഖുര്‍ആന്‍ സൂക്തത്തില്‍ ഇപ്രകാരം കാണാം: ``നരകം! രാവിലെയും വൈകുന്നേരവും അവര്‍ അതിന്‌ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസം ഫിര്‍ഔന്റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയില്‍ നിങ്ങള്‍ പ്രവേശിപ്പിക്കുക (എന്ന്‌ കല്‌പിക്കപ്പെടും.)'' (40:46)

അന്ത്യദിനത്തിനും ഉയിര്‍ത്തെഴുന്നേല്‌പിനും മുമ്പുള്ള ഘട്ടത്തിലെ ശിക്ഷ എന്ന നിലയിലാണ്‌ നരകം ദിവസേന രണ്ടുനേരം അവര്‍ക്ക്‌ കാണിച്ചുകൊടുക്കുന്നതിനെ സംബന്ധിച്ച്‌ ഈ സൂക്തത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്‌. പ്രബലമായ അനേകം ഹദീസുകളിലും ഖബ്‌റിലെ ശിക്ഷയെ സംബന്ധിച്ച പരാമര്‍ശമുണ്ട്‌. ബുഖാരിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാവുന്നതനുസരിച്ച്‌ ഖബ്‌റില്‍ മലക്കുകളുടെ ചോദ്യം ചെയ്യല്‍ ഖബ്‌റടക്കം കഴിഞ്ഞിട്ട്‌ ഏറെ വൈകാതെയായിരിക്കും.

ഖബ്‌റില്‍ മറവ്‌ ചെയ്യാത്ത മയ്യിത്തുകളെ ചോദ്യംചെയ്യുന്നത്‌ എപ്പോഴായിരിക്കുമെന്ന്‌ പ്രബലമായ ഹദീസുകളില്‍ വ്യക്തമാക്കപ്പെട്ടിട്ടില്ല. അല്ലാഹു ഏത്‌ തരത്തിലും ചോദ്യവും ശിക്ഷയും നടപ്പാക്കാന്‍ കഴിവുള്ളവനാണ്‌. ബര്‍സഖ്‌ എന്ന പദം സൂചിപ്പിക്കുന്നതു പോലെയും ഹദീസില്‍ വ്യക്തമാക്കപ്പെട്ടതു പോലെയും ഈ ചോദ്യവും ശിക്ഷയും ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക്‌ കാണാനോ കേള്‍ക്കാനോ കഴിയുന്നതല്ല.

സലഫിസഫും സലഫുസ്സാലിഹും


"ഇബ്‌നു തൈമിയ്യയുടെയും മുഹമ്മദുബ്‌നു അബ്‌ദുല്‍ വഹാബിന്റെയും ചിന്തകളാണ്‌ സലഫിസത്തിന്റെ അടിസ്ഥാനം. അതാണ്‌ മുജാഹിദുകള്‍ കൊണ്ടുനടക്കുന്നത്‌. ജമാഅത്തെ ഇസ്‌ലാമിയാവട്ടെ ഇവരുടെയെല്ലാം കാഴ്‌ചപ്പാടില്‍ നിന്നും അകന്ന്‌ ഖുര്‍ആനിനോടും സുന്നത്തിനോടും അടുത്തതേതോ അതു സ്വീകരിക്കുന്നു.'' (പ്രബോധനം-2010 ജൂണ്‍ 5, പേജ്‌ 14). ഈ പ്രസ്‌താവനയില്‍ എത്ര ശതമാനം ശരിയുണ്ട്‌?

ഡോ. പി മുസ്‌തഫ (കണ്ണൂര്‍)

സലഫിസം എന്നൊരു ഇസമില്ല. സലഫ്‌ എന്ന പദത്തിന്‌ മുന്‍ഗാമികള്‍ അഥവാ പൂര്‍വികര്‍ എന്നാണര്‍ഥം. നബി(സ)യുടെ അനുചരരായ സ്വഹാബികള്‍, അവരുടെ തൊട്ടടുത്ത പിന്‍മുറക്കാരായ താബിഉകള്‍, അവരുടെ അടുത്ത തലമുറകള്‍ എന്നിവരെയാണ്‌ മുസ്‌ലിം ലോകം സലഫ്‌ എന്ന്‌ വിശേഷിപ്പിക്കുന്നത്‌. അസ്സലഫുസ്സാലിഹ്‌ (സച്ചരിതരായ മുന്‍ഗാമികള്‍) എന്ന പേരിലും ഇവര്‍ അറിയപ്പെടുന്നു. വിശുദ്ധ ഖുര്‍ആനിലെ 9:100 സൂക്തത്തില്‍ ഈ മുന്‍ഗാമികളെ അല്ലാഹു പ്രശംസിച്ചിട്ടുണ്ട്‌. വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങളില്‍ നിന്നും പ്രവാചകചര്യയില്‍ നിന്നും വ്യതിചലിക്കാത്തവരായതിനാലാണ്‌ ഈ മുന്‍ഗാമികള്‍ പ്രശംസാര്‍ഹരായത്‌.

പില്‌ക്കാലത്ത്‌ മുസ്‌ലിം സമൂഹത്തില്‍ വ്യാപകമായ ആദര്‍ശവ്യതിയാനങ്ങള്‍ക്കെതിരില്‍ ജനങ്ങളെ ബോധവല്‍കരിക്കുകയും നബി(സ)യുടെയും ഉത്തമ ശിഷ്യന്മാരുടെയും മാര്‍ഗത്തിലേക്ക്‌ മടങ്ങിപ്പോകണമെന്ന്‌ ആഹ്വാനം നല്‌കുകയും ചെയ്‌തവരാണ്‌ ഇബ്‌നു തൈമിയയും മുഹമ്മദുബ്‌നു അബ്‌ദില്‍ വഹാബും അവരെപ്പോലുള്ള പല പണ്ഡിതന്മാരും. ഞങ്ങളുടെ ആശയങ്ങളിലേക്ക്‌ നിങ്ങള്‍ വരണമെന്ന്‌ ഈ പണ്ഡിതന്മാര്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. ശാഫിഈകളും ഹനഫികളും അവരുടെ ഇമാമുകളുടെ അഭി്രപായങ്ങള്‍ സ്വീകരിക്കാന്‍ ജനങ്ങളോട്‌ ആവശ്യപ്പെടുന്നതുപോലെയോ മൗദൂദി സാഹിബിന്റെ രാഷ്‌ട്രീയ വീക്ഷണങ്ങള്‍ തൗഹീദിന്റെ സമഗ്രഭാഷ്യമാണെന്ന്‌ ജമാഅത്തുകാര്‍ സമര്‍ഥിക്കുന്നതു പോലെയോ ഇബ്‌നു തൈമിയ്യയുടെയും മുഹമ്മദുബ്‌നു അബ്‌ദില്‍ വഹ്‌ഹാബിന്റെയും ആശയങ്ങള്‍ തെറ്റുപറ്റാത്ത പ്രമാണങ്ങളാണെന്ന്‌ സ്ഥാപിക്കാന്‍ മുജാഹിദുകള്‍ ശ്രമിച്ചിട്ടില്ല. അവരുടെ ആശയങ്ങള്‍ ഏതെങ്കിലും ആയത്തിന്റെയോ പ്രബലമായ ഹദീസിന്റെയോ ഉള്ളടക്കത്തിന്‌ വിരുദ്ധമാണെന്ന്‌ തെളിഞ്ഞാല്‍ വ്യക്തിനിഷ്‌ഠമായ ആശയങ്ങള്‍ തള്ളിക്കളഞ്ഞ്‌ അല്ലാഹുവിന്റെയും റസൂലി(സ)ന്റെയും അധ്യാപനങ്ങളിലേക്ക്‌ മടുങ്ങുകയാണ്‌ മുജാഹിദുകള്‍ ചെയ്യുക. അത്തരമൊരു മടക്കത്തിന്‌ ജമാഅത്തുകാരോ സമസ്‌തക്കാരോ ത്വരീഖത്തുകാരോ തയ്യാറാവുകയാണെങ്കില്‍ അത്‌ തികച്ചും സ്വാഗതാര്‍ഹമാണ്‌.

ഇബ്‌നു തൈമിയ്യയും ഇബ്‌നു അബ്‌ദില്‍ വഹ്‌ഹാബും ഏറെ ഊന്നിപ്പറഞ്ഞ ഒരു വിഷയം അല്ലാഹുവല്ലാത്ത ആരോടും പ്രാര്‍ഥിക്കാന്‍ പാടില്ല എന്നതാണ്‌. ഈ ആശയം സയ്യിദ്‌ മൗദൂദി അദ്ദേഹത്തിന്റെ ഖുര്‍ആനിലെ നാലു സാങ്കേതിക ശബ്‌ദങ്ങള്‍ എന്ന ഗ്രന്ഥത്തിലും വ്യക്തമാക്കിയിട്ടുണ്ട്‌. പിന്നെ ആ ഗ്രന്ഥത്തില്‍ അദ്ദേഹം സമര്‍ഥിക്കുന്ന വിഷയം അല്ലാഹുവല്ലാത്ത ആരെ അനുസരിച്ചാലും അത്‌ അവര്‍ക്കുള്ള ഇബാദത്താണ്‌ അഥവാ ശിര്‍ക്കാണ്‌ എന്നാണ്‌.

ഇസ്‌റാഈല്യര്‍ നിര്‍ബന്ധിതാവസ്ഥയില്‍ ഫിര്‍ഔനിന്റെ ഭരണപരമായ കല്‌പനകള്‍ അനുസരിച്ചതുപോലും ആ സ്വേച്ഛാധിപതിക്കുള്ള ഇബാദത്താണെന്ന്‌ തോന്നിക്കുന്ന വിധമാണ്‌ മൗദൂദി സാഹിബ്‌ 23:47 ഖുര്‍ആന്‍ സൂക്തത്തിന്‌ വ്യാഖ്യാനം നല്‌കിയത്‌. ഫിര്‍ഔന്റെ അവകാശവാദം എന്ന നിലയില്‍ ഖുര്‍ആനില്‍ ഉദ്ധരിച്ച വാക്യത്തെ അല്ലാഹുവിന്റെ വിധിപ്രസ്‌താവം എന്ന നിലയില്‍ തെറ്റായ നിലയില്‍ വിലയിരുത്തുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. യഥാര്‍ഥത്തില്‍ ഈ വ്യാഖ്യാനം 29:8 സൂക്തത്തിന്‌ വിരുദ്ധമത്രെ.

ദീന്‍ എന്നാല്‍ സ്റ്റെയ്‌റ്റാണെന്ന്‌ സയ്യിദ്‌ മൗദൂദി അദ്ദേഹത്തിന്റെ ഖുത്വ്‌ബാത്തില്‍ സമര്‍ഥിച്ചതും, നമസ്‌കാരവും നോമ്പും മറ്റും രാഷ്‌ട്രീയ പരിശീലനമാണെന്ന്‌ സിദ്ധാന്തിച്ചതും വിശുദ്ധ ഖുര്‍ആനിനോടോ തിരുസുന്നത്തിനോടോ യോജിക്കുന്ന കാര്യങ്ങളല്ല. ഭരണമില്ലാത്ത ദീന്‍ ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഭവനം പോലെയാണെന്ന അദ്ദേഹത്തിന്റെ പ്രസ്‌താവവും അതുപോലെ തന്നെ. കൊക്കക്കോളയ്‌ക്കെതിരിലുള്ള പോരാട്ടം തൗഹീദിന്റെ ഭാഗമാണെന്ന്‌ ജമാഅത്ത്‌ ലേഖകരും പ്രസംഗകരും സമര്‍ഥിച്ചിട്ടുണ്ട്‌. എന്നാല്‍ കോളയ്‌ക്കു തുല്യമായ പെപ്‌സിയുടെ കാര്യത്തില്‍ അവര്‍ മൗനം പാലിക്കുകയാണ്‌ ചെയ്യുന്നത്‌. ഈ മൗനവും തൗഹീദിന്റെ ഭാഗം തന്നെയാണോ എന്ന്‌ അവര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇങ്ങനെയൊക്കെ തെളിവില്ലാത്ത വാദങ്ങള്‍ ഉന്നയിക്കുന്നത്‌ നിര്‍ത്തി പ്രമാണങ്ങളുടെ പിന്‍ബലമുള്ള നിലപാട്‌ മാത്രം സ്വീകരിക്കാന്‍ ജമാഅത്തുകാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ നല്ലതുതന്നെ.

വേദക്കാര്‍ ക്രിസ്‌ത്യാനികളും യഹൂദരും മാത്രമാണോ?

ഖുര്‍ആനില്‍ പ്രതിപാദിച്ച വേദക്കാര്‍ ക്രിസ്‌ത്യാനികളും യഹൂദരും മാത്രമാണോ? ഇന്ത്യയിലെ വേദപുരാണങ്ങളുടെ ആള്‍ക്കാര്‍ ഖുര്‍ആനിലെ വേദക്കാരില്‍ ഉള്‍പ്പെടുമോ? വേദപുരാണങ്ങള്‍ അവതരിച്ച കാലഘട്ടങ്ങള്‍ ചരിത്രപരമായി നിര്‍ണയിക്കപ്പെട്ടിട്ടുണ്ടോ?

ടി അബ്‌ദുന്നാസിര്‍ -കുറ്റിപ്പുറം


അഹ്‌ലുല്‍ കിതാബ്‌ ( വേദക്കാര്‍ ) എന്ന വാക്കിന്റെ പരിധിയില്‍ ക്രിസ്‌ത്യാനികളും യഹൂദരും മാത്രമേ ഉള്‍പ്പെടുകയുള്ളൂവെന്ന്‌ വിശുദ്ധ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ ഇത്‌ വീക്ഷണവ്യത്യാസത്തിന്‌ സാധ്യതയുള്ള വിഷയമാണ്‌. ഭാരതീയ വേദങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്നവരും `വേദക്കാര്‍' എന്ന വാക്കിന്റെ പരിധിയില്‍ വരുമെന്ന്‌ ചില ഇന്ത്യന്‍ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഖണ്ഡിതമായ തെളിവൊന്നും അവര്‍ ചൂണ്ടിക്കാണിച്ചിട്ടില്ല. വേദം എന്ന പേരിലറിയപ്പെടുന്നതിന്റെ വക്താക്കളെല്ലാം `വേദക്കാരി'ല്‍ ഉള്‍പ്പെടാനുള്ള സാധ്യതയാണ്‌ അവരുടെ വീക്ഷണത്തിന്‌ നിദാനം. എന്നാല്‍ ഇന്ത്യന്‍ വേദങ്ങളോ പുരാണങ്ങളോ ഉപനിഷത്തുകളോ ലോകരക്ഷിതാവ്‌ അവതരിപ്പിച്ച പ്രമാണങ്ങളാണെന്ന്‌ തെളിവുകളുടെ പിന്‍ബലത്തോടെ ആരും വാദിച്ചിട്ടില്ല എന്ന കാര്യം പ്രസ്‌താവ്യമാണ്‌. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച കാലത്തെ ക്രൈസ്‌തവരും യഹൂദരും അവകാശപ്പെട്ടിരുന്നത്‌ തങ്ങള്‍ ദൈവിക ഗ്രന്ഥങ്ങളായ ഇന്‍ജീലും തൗറാത്തും പ്രമാണമാക്കുന്നവരാണെന്നാണ്‌. അവര്‍ വേദഗ്രന്ഥങ്ങളില്‍ ചില മാറ്റത്തിരുത്തലുകള്‍ വരുത്തിയ കാര്യം ഖുര്‍ആനിലും ഹദീസുകളിലും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തൗറാത്തും ഇന്‍ജീലും അവയുടെ തനതായ രൂപത്തില്‍ ദൈവിക ഗ്രന്ഥങ്ങളാണെന്ന്‌ തന്നെയാണ്‌ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന്‌ തെളിയുന്നത്‌.


``പറയുക: വേദക്കാരേ, തൗറാത്തും ഇന്‍ജീലും നിങ്ങള്‍ക്ക്‌ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും നിങ്ങള്‍ നേരാംവണ്ണം നിലനിര്‍ത്തുന്നതുവരെ നിങ്ങള്‍ യാതൊരു അടിസ്ഥാനത്തിലുമല്ല'' (വി.ഖു 5:68). പൂര്‍വകാലത്ത്‌ അല്ലാഹു അവതരിപ്പിച്ച ഏതെങ്കിലും വേദഗ്രന്ഥത്തെ പിന്തുടരുന്നവരെയാണ്‌ `വേദക്കാര്‍' എന്ന്‌ വിശേഷിപ്പിക്കുന്നതെന്ന്‌ ഈ സൂക്തത്തില്‍ നിന്ന്‌ വ്യക്തമാകുന്നു. ഇബ്‌റാഹീം നബി(അ)ക്ക്‌ അല്ലാഹു പ്രമാണ രേഖകള്‍ നല്‍കിയതായി 87:19 സൂക്തത്തില്‍ നിന്ന്‌ വ്യക്തമാകുന്നുണ്ട്‌. എങ്കിലും ഇബ്‌റാഹീം നബി(അ)യുടെ പാരമ്പര്യം അവകാശപ്പെട്ടിരുന്ന അറേബ്യയിലെ വിഗ്രഹാരാധകരെ അഹ്‌ലുല്‍ കിതാബ്‌ (വേദക്കാര്‍) എന്നല്ല മുശ്‌രികൂന്‍ (ബഹുദൈവാരാധകര്‍) എന്നാണ്‌ ഖുര്‍ആനിലും ഹദീസുകളിലും വിശേഷിപ്പിച്ചിട്ടുള്ളത്‌. 98:6 സൂക്തത്തില്‍ വേദക്കാരെയും ബഹുദൈവാരാധകരെയും സംബന്ധിച്ച്‌ വ്യത്യസ്‌ത വിഭാഗങ്ങള്‍ എന്ന നിലയിലാണ്‌ പരാമര്‍ശിച്ചിട്ടുള്ളത്‌. ഇബ്‌റാഹീം നബി(അ)യുടെ പാരമ്പര്യം അവകാശപ്പെടുന്നവരായിട്ടും അറേബ്യയിലെ ബഹുദൈവാരാധകരെ വേദക്കാരില്‍ ഉള്‍പ്പെടുത്താതിരുന്നത്‌ അവര്‍ ദൈവിക പ്രമാണത്തെ പിന്തുടരാത്തവരും വിഗ്രഹങ്ങളെ പൂജിക്കുകയും അവയോട്‌ പ്രാര്‍ഥിക്കുകയും ചെയ്യുന്നവരും ആയതുകൊണ്ടായിരിക്കാം. അപ്പോള്‍ ഒരു പ്രവാചകന്റെയോ ദൈവിക ഗ്രന്ഥത്തിന്റെയോ പാരമ്പര്യം പോലും അവകാശപ്പെടാനില്ലാത്തവരെ നാമെങ്ങനെയാണ്‌ അഹ്‌ലുല്‍ കിതാബ്‌ എന്ന്‌ വിശേഷിപ്പിക്കുക?
 
എല്ലാ ജനസമൂഹങ്ങളിലേക്കും ദൂതന്മാരെ അല്ലാഹു നിയോഗിച്ചിട്ടുണ്ടെന്ന്‌ വിവിധ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാം. എന്നാല്‍ അവര്‍ക്കെല്ലാം വേദം നല്‌കിയിട്ടുണ്ടോ എന്ന്‌ വ്യക്തമല്ല. അതിനാല്‍ ഇന്ത്യയില്‍ ആര്‍ക്ക്‌ ഏത്‌ കാലത്ത്‌ അല്ലാഹു വേദം അവതരിപ്പിച്ചുവെന്ന്‌ നമുക്ക്‌ ഉറപ്പിച്ചു പറയാനാവില്ല.
 

തൗഹീദും ബി ഒ ടിയും ടോളും


"ജമാഅത്തെ ഇസ്‌ലാമി തൗഹീദിനെ മറ്റുള്ളവരേക്കാളേറെ വിശാലമായി മനസ്സിലാക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനമാണ്‌. മറ്റുള്ളവര്‍ അത്‌ ആശയതലത്തിലൊതുക്കുമ്പോള്‍ ജമാഅത്ത്‌ അതിനെ പ്രായോഗിക തലത്തിലേക്ക്‌ കൊണ്ടുവരുന്നു. അഥവാ ദൈവത്തിന്റെ പരമാധികാരമാണ്‌ കാര്യം. നാം ജീവിക്കുന്ന ഭൂമിയുടെ കാര്യം പരിശോധിച്ചാല്‍ അതിലെ കാര്യങ്ങളെല്ലാം അല്ലാഹു വൃത്തിയായി സംവിധാനിച്ചതായി കാണാം. ശുദ്ധജലം, ശുദ്ധവായു, ജീവിക്കാനുള്ള അവകാശം, ചൂഷണമുക്തമായ ലോകം, വഴിനടക്കാനുള്ള അവകാശം എന്നിവയൊക്കെ അല്ലാഹു അവന്റെ അടിമകള്‍ക്ക്‌ അനുവദിച്ചതാണ്‌. ഇതിന്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത്‌ അല്ലാഹുവിന്റെ പരമാധികാരത്തില്‍ കൈവെക്കലാവും. ബി ഒ ടി അടിസ്ഥാനത്തില്‍ ഒരു പാത നിര്‍മിച്ച്‌ സ്വകാര്യവ്യക്തികള്‍ ടോള്‍ പിരിക്കുന്നതു പോലും ഈ ഗണത്തില്‍ വരും" -ജമാഅത്ത്‌ പ്രഭാഷണത്തിലെ പ്രഭാഷകന്റെ ആശയങ്ങളാണ്‌ മേല്‍ ഉദ്ധരിച്ചത്‌. ജമാഅത്തിന്റെ തൗഹീദ്‌ വ്യാഖ്യാനത്തെപ്പറ്റി `മുസ്‌ലിം' എന്തുപറയുന്നു?

ഇ കെ ശൗക്കത്തലി   ഓമശ്ശേരി


ലാഇലാഹ ഇല്ലല്ലാഹു (അല്ലാഹുവല്ലാതെ യാതൊരു ദൈവവും ഇല്ല) എന്ന ആശയമാണ്‌ തൗഹീദ്‌. ഇതേ ആശയം ജനങ്ങളെ പഠിപ്പിക്കാനാണ്‌ പൂര്‍വ പ്രവാചകന്മാരെയെല്ലാം അല്ലാഹു നിയോഗിച്ചതെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്‌: ``ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന്‌ ബോധനം നല്‌കിക്കൊണ്ടല്ലാതെ നിനക്ക്‌ മുമ്പ്‌ ഒരു റസൂലിനെയും (ദൂതനെയും) നാം അയച്ചിട്ടില്ല'' (വി.ഖു 21:25). ഇലാഹ്‌ എന്ന അറബി പദത്തിന്‌ ദൈവമെന്നും ആരാധ്യനെന്നുമാണ്‌ സാധാരണയായി പരിഭാഷ നല്‌കാറുള്ളത്‌. പരമാധികാരി എന്നത്‌ ഇലാഹ്‌ എന്ന പദത്തിന്റെ അര്‍ഥമല്ല. പരമാധികാരി എന്ന അര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ (3:26) പ്രയോഗിച്ചിട്ടുള്ളത്‌ മാലികുല്‍ മുല്‍ക്‌ എന്ന പദമാണ്‌. പരമാധികാരി എന്ന വിശേഷണം ആത്യന്തികമായ അര്‍ഥത്തില്‍ അല്ലാഹുവിന്‌ മാത്രം അവകാശപ്പെട്ടതാണെന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്കാര്‍ക്കും സംശയം ഉണ്ടാകാവുന്നതല്ല. പരമാധികാരിയായ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ മുല്‍ക്‌ (ആധിപത്യം/രാജാധികാരം) നല്‌കുമെന്നാണ്‌ 3:26 സൂക്തത്തില്‍ നിന്ന്‌ വ്യക്തമാകുന്നത്‌.


നല്ലവരും ദുഷ്‌ടരുമായ എല്ലാ ഭരണാധികാരികള്‍ക്കും അല്ലാഹുവാണ്‌ ആധിപത്യം നല്‌കിയത്‌. അല്ലാഹുവിനു ഭൂമിയില്‍ പരമാധികാരം നഷ്‌ടപ്പെട്ടതുകൊണ്ടല്ല നിംറൂദും ഫിര്‍ഔനും ജാലൂത്തും ബുഖ്‌ത്‌നസറും സീസറും നെപ്പോളിയനും ഹിറ്റ്‌ലറും മറ്റും വലിയ അധികാരികളായത്‌. അല്ലാഹു അധികാരം നല്‌കി അവരെ പരീക്ഷിക്കുകയാണ്‌ ചെയ്‌തത്‌. സമ്പത്തും ജ്ഞാനവും കായികശേഷിയും മറ്റും നല്‌കി പലരെയും അല്ലാഹു പരീക്ഷിക്കുന്നതു പോലെ തന്നെ. ആകാശഭൂമികളുടെ ഉടമസ്ഥാവകാശം അല്ലാഹുവിന്‌ മാത്രമാണെന്ന്‌ പല ഖുര്‍ആന്‍ സൂക്തങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ ഏതെങ്കിലും സ്ഥലത്ത്‌ ഒരാള്‍ ഉടമസ്ഥതയോ അധികാരമോ സ്ഥാപിക്കുന്നത്‌ അല്ലാഹുവിന്റെ പരമമായ ഉടമസ്ഥതയെ നിരാകരിക്കലാകണമെന്നില്ല. അല്ലാഹുവിന്റെ പരമാധികാരം മനസ്സാ അംഗീകരിക്കാത്തവന്റെ അധികാര സംസ്ഥാപനമേ തൗഹീദിന്‌ വിരുദ്ധമാകൂ.


അല്ലാഹു ശുദ്ധമായി സൃഷ്‌ടിച്ച വെള്ളവും വായുവും മലിനമാക്കുന്നത്‌ തെറ്റാണെന്നതില്‍ സംശയമില്ല. എന്നാല്‍ നദിയില്‍ മാലിന്യം കലര്‍ത്തിയ ആള്‍ അതുമൂലം തൗഹീദിന്റെ പരിധിക്ക്‌ പുറത്താവുകയില്ല; ഏകദൈവവിശ്വാസിയല്ലാതാവുകയില്ല. വിശ്വാസത്തിന്റെ ശാഖകള്‍ എണ്ണിപ്പറഞ്ഞ കൂട്ടത്തില്‍ വഴിയില്‍ നിന്ന്‌ ശല്യം നീക്കംചെയ്യലും നബി(സ) ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ ഈ കാര്യത്തില്‍ ഉപേക്ഷവരുത്തിയ ആള്‍ അത്‌ നിമിത്തം അവിശ്വാസികളുടെ കൂട്ടത്തിലാവുകയില്ല. കോളക്കമ്പനിയും പെപ്‌സിയും ഒരുപോലെ മലിനീകരണവും ജലചൂഷണവും നടത്തിക്കൊണ്ടിരുന്നെങ്കിലും ജമാഅത്തുകാരുടെ വിശാലമായ തൗഹീദില്‍ പ്ലാച്ചിമടയേ ഉള്‍പ്പെട്ടുള്ളൂ. പെരിയാറിലെ വെള്ളം വന്‍തോതില്‍ ചൂഷണം ചെയ്യുകയും ഗുരുതരമായ മലിനീകരണം നടത്തുകയും ചെയ്യുന്ന ആലുവ മേഖലയിലെ വ്യവസായ ശാലകളുടെ കാര്യത്തിലും ജമാഅത്തുകാര്‍ ക്ഷുഭിതരായിക്കണ്ടില്ല.


ബി ഒ ടി എന്നാല്‍ നിര്‍മിച്ച്‌ പ്രവര്‍ത്തിപ്പിച്ചു കൈമാറുക എന്നാണ്‌ വിവക്ഷ. സര്‍ക്കാറിന്‌ റോഡോ പാലമോ നിര്‍മിക്കാന്‍ പണം വേണ്ടത്ര ഇല്ലാത്തതിനാല്‍ സ്വകാര്യവ്യക്തികളോ കമ്പനികളോ അവ നിര്‍മിച്ച്‌ കുറച്ചുകാലം ടോള്‍ പിരിച്ച ശേഷം പൊതുമേഖലയ്‌ക്ക്‌ കൈമാറുക എന്ന സമ്പ്രദായത്തില്‍ അനീതിയും ചൂഷണവും കടന്നുവരാന്‍ സാധ്യതയുണ്ട്‌ എന്നത്‌ ശരിയാണ്‌. എന്നാല്‍ ആ സമ്പ്രദായം ശിര്‍ക്കോ കുഫ്‌റോ (ബഹുദൈവത്വമോ മതനിഷേധമോ) ആണെന്ന്‌ പറയാന്‍ ന്യായം കാണുന്നില്ല. കോടിക്കണക്കില്‍ വ്യാജദൈവങ്ങളും ആള്‍ദൈവങ്ങളും ശവകുടീരങ്ങളും ജനങ്ങളെ തൗഹീദില്‍ നിന്ന്‌ തെറ്റിക്കുന്നതാണ്‌ ഇസ്‌ലാമിക പ്രബോധകര്‍ ഏറ്റവും ഗൗരവപൂര്‍വം വീക്ഷിക്കേണ്ട കാര്യം. സാക്ഷാല്‍ ശിര്‍ക്കില്‍ നിന്ന്‌ ജനങ്ങളെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനെ നിസ്സാരവല്‍കരിക്കുകയും പ്ലാച്ചിമട, ചെങ്ങറ-കിനാലൂര്‍ മോഡല്‍ `വിശാല തൗഹീദി'നെ മഹത്വവല്‍കരിക്കുകയും ചെയ്യുന്നതിനോട്‌ `മുസ്‌ലിമി'ന്‌ യോജിപ്പില്ല. ചൂഷണവും മലിനീകരണവും മര്‍ദനവും എതിര്‍ക്കപ്പെടുക തന്നെ വേണം. പക്ഷെ, അതിനു വേണ്ടി തൗഹീദിനും ശിര്‍ക്കിനും പുനര്‍നിര്‍വചനം നടത്തേണ്ടതില്ല.

Followers -NetworkedBlogs-

Followers