ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

സജദ ഓതുന്നത്‌ പുണ്യകരമോ?

എല്ലാ വെള്ളിയാഴ്‌ചകളിലെയും സുബ്‌ഹ്‌ നമസ്‌കാരത്തില്‍ സൂറതുസജദ ഓതുന്ന ചില ഇമാമുമാരെ കാണുന്നു. ഇങ്ങനെ ഓതുന്നതിന്‌ പുണ്യമുണ്ടോ?

കെ പി അബൂബക്കര്‍ മുത്തന്നൂര്‍.

വെള്ളിയാഴ്‌ച സുബ്‌ഹ്‌ നമസ്‌കാരത്തില്‍ റസൂല്‍(സ) അലിഫ്‌ലാമീം സജദ സൂറത്തും ഹല്‍അതാ അലല്‍ ഇന്‍സാനി എന്ന സൂറത്തും ഓതാറുണ്ടായിരുന്നുവെന്ന്‌ അബൂഹുറയ്‌റയില്‍(റ) നിന്ന്‌ ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌

ഹന്‍ബലീമദ്‌ഹബും സലഫീ ആശയവും

ഇമാം അഹ്മദുബ്‌നു ഹന്‍ബല്‍ സ്വന്തമായി ഒരു മദ്‌ഹബ്‌ ആവിഷ്‌കരിച്ചിട്ടുണ്ടോ? ശാഫിഈ, അബൂഹനീഫ എന്നീ ഇമാമുകളെപ്പോലെ അദ്ദേഹം ഹിഖ്‌ഹ്‌ ഗ്രന്ഥം രചിച്ചിട്ടുണ്ടോ? അദ്ദേഹം സലഫീ ആശയക്കാരനായിരുന്നുവെന്ന്‌ ചിലര്‍ പറയുന്നത്‌ ശരിയാണോ?

അദ്‌നാന്‍ കൊച്ചി.

സലഫീ ആശയം എന്ന്‌ പറയുന്നത്‌ ഒരു പ്രത്യേക മദ്‌ഹബല്ല. മതവിധികള്‍ നിര്‍ധാരണം ചെയ്യുന്നതിന്‌ ഒന്നാമതായി വിശുദ്ധ ഖുര്‍ആനിനെയും രണ്ടാമതായി നബി(സ)യില്‍ നിന്ന്‌ വിശ്വസനീയമായി ഉദ്ധരിക്കപ്പെട്ട ഹദീസുകളെയും അവലംബിച്ച പൂര്‍വിക പണ്ഡിതന്മാരെല്ലാം സലഫീ ആശയഗതിക്കാരായിരുന്നു. നാലു ഇമാമുകളും അവരുടെ മുന്‍ഗാമികളും സമകാലീനരുമായ പല പ്രമുഖ പണ്ഡിതന്മാരും സലഫീ ആശയഗതിക്കാരായിരുന്നു. എന്നാല്‍ ഇവരില്‍ ഇമാം അബൂഹനീഫയും ശാഫിഈയും കര്‍മശാസ്‌ത്രഗ്രന്ഥങ്ങള്‍ രചിച്ചിരുന്നു. ഇമാം അഹ്മദാകട്ടെ ഖുര്‍ആനും സുന്നത്തുമല്ലാത്ത യാതൊന്നും മതഗ്രന്ഥമെന്ന നിലയില്‍ എഴുതുകയോ ക്രോഡീകരിക്കുകയോ വേണ്ട എന്ന അഭിപ്രായക്കാരനായിരുന്നു. പല പ്രശ്‌നങ്ങളെ സംബന്ധിച്ചും പ്രമാണങ്ങളുടെ പിന്‍ബലത്തോടെ അദ്ദേഹം ഫത്വകള്‍ നല്‌കിയിരുന്നെങ്കിലും അതൊന്നും രേഖപ്പെടുത്തുകയോ ക്രോഡീകരിക്കുകയോ ചെയ്യരുതെന്ന്‌ അദ്ദേഹം വിലക്കിയിരുന്നു. തന്റെ വാക്കുകളെ ജനങ്ങള്‍ ഇസ്‌ലാമികപ്രമാണങ്ങളായി ഗണിക്കാന്‍ ഇടവരരുതെന്ന സദുദ്ദേശ്യമായിരുന്നു ഈ നിലപാടിന്‌ പ്രേരകം. അദ്ദേഹത്തിന്റെ മക്കളായ സ്വാലിഹ്‌, അബ്‌ദുല്ലാഹ്‌ എന്നിവരും ശിഷ്യന്മാരായ അബൂബക്കര്‍ അഥ്‌റം, അബ്‌ദുല്‍മലിക്‌ മൈമൂനി തുടങ്ങിയവരുമാണ്‌ അദ്ദേഹം നല്‌കിയ മതവിധികള്‍ രേഖപ്പെടുത്തുകയും ഉദ്ധരിക്കുകയും ചെയ്‌തത്‌. അദ്ദേഹം സ്വന്തമായി ഒരു മദ്‌ഹബ്‌ ആവിഷ്‌കരിക്കുകയോ അത്‌ പിന്തുടരാന്‍ ആഹ്വാനം നല്‌കുകയോ ചെയ്‌തിട്ടില്ല.

ഭാര്യ ഗര്‍ഭിണിയെങ്കില്‍ ബലി നിഷിദ്ധമോ?

ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ബലിമൃഗത്തെ അറുക്കുന്നത്‌ നിഷിദ്ധമാണോ? നിഷിദ്ധമാണ്‌ എന്ന വിശ്വാസത്താല്‍ ഒരാള്‍ തന്റെ ബലിമൃഗത്തെ അറുക്കാന്‍ മറ്റൊരാളെ ഏല്‌പിക്കുകയുണ്ടായി. ഈ നടപടി ശരിയാണോ?

ടി പി മൊയ്‌തീന്‍കുട്ടി എകരൂല്‍ .

ഗര്‍ഭിണിയായ സ്‌ത്രീയോ അവളുടെ ഭര്‍ത്താവോ ബലിമൃഗത്തെ അറുക്കാന്‍ പാടില്ലെന്ന്‌ അല്ലാഹുവോ റസൂലോ(സ) വിലക്കിയിട്ടില്ല. അതിനാല്‍ ഈ വിഷയത്തില്‍ ആശങ്ക പുലര്‍ത്തുന്നതിന്‌ യാതൊരു അടിസ്ഥാനവുമില്ല. എന്നാലും അറുക്കാന്‍ മറ്റൊരാളെ ഏല്‌പിക്കുന്നതില്‍ അപാകതയില്ല. ഹജ്ജ്‌വേളയില്‍ ബലിയര്‍പ്പിക്കാന്‍ കൊണ്ടുപോയ ഒട്ടകങ്ങളെ അറുക്കാന്‍ നബി(സ) മരുമകന്‍ അലി(റ)യോട്‌ കല്‌പിച്ചതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇപ്പോള്‍ സഊദി ഭരണകൂടത്തിന്റെയും അവിടത്തെ പണ്ഡിതന്മാരുടെയും അംഗീകാരത്തോടെ ഇസ്‌ലാമിക്‌ ബാങ്കുകളും മറ്റു ചില സ്ഥാപനങ്ങളും ഹാജിമാര്‍ക്കുവേണ്ടി ബലിയറുക്കുന്ന ചുമതല ഏറ്റെടുത്ത്‌ നിര്‍വഹിക്കുന്നുണ്ട്‌.

തലകുനിച്ചു വണങ്ങല്‍

കോടതികളില്‍ കയറുമ്പോള്‍ വക്കീല്‍മാരും അല്ലാത്തവരും കോടതിയെ തലകുനിച്ച്‌ വണങ്ങുന്നത്‌ കാണാം. ഇത്‌ മുസല്‍മാന്‌ പറ്റുമോ?

റഫീഖ്‌ പൂതപ്പാറ.

കൈകൂപ്പലും തലകുനിക്കലും ചില ആളുകള്‍ ചെയ്യുന്നത്‌ കേവലം ഉപചാരം എന്ന രീതിയിലാണ്‌. എന്നാല്‍ വിഗ്രഹങ്ങള്‍, ശവകുടീരങ്ങള്‍, സിദ്ധന്മാര്‍ എന്ന്‌ വിളിക്കപ്പെടുന്നവര്‍ എന്നിവര്‍ക്ക്‌ മുമ്പില്‍ കുമ്പിടുന്നവര്‍ പരമമായ വണക്കം അഥവാ ആരാധന എന്ന നിലയിലാണ്‌ അത്‌ ചെയ്യുന്നത്‌. ഉപചാരം മാത്രമായിട്ടുള്ള തലകുനിക്കല്‍ മുസ്‌ലിംകള്‍ക്ക്‌ നിഷിദ്ധമല്ല. എന്നാല്‍ ആരാധനാപരമായ തല കുനിക്കല്‍ ശരിയായ ഏകദൈവവിശ്വാസത്തിന്‌ വിരുദ്ധവും മുസ്‌ലിംകള്‍ക്ക്‌ തീര്‍ത്തും നിഷിദ്ധവുമാകുന്നു. കോടതിയുടെയോ ജഡ്‌ജിയുടെയോ നേരെ യഥാര്‍ഥ വിശ്വാസികള്‍ക്ക്‌ പരമമായ വണക്കം ഉണ്ടാകാന്‍ സാധ്യതയില്ല. അതിനാല്‍ ഒരു അഭിവാദനം എന്ന നിലയില്‍ ജഡ്‌ജിയുടെ മുമ്പില്‍ തല കുനിക്കുന്നത്‌ നിഷിദ്ധമാവില്ല. എന്നാലും ഒരു മുസ്‌ലിം ആരുടെയും മുമ്പില്‍ തല കുനിക്കാതിരിക്കുക തന്നെയാണ്‌ ഏറ്റവും നല്ലത്‌.

മറ്റുള്ളവര്‍ കേള്‍ക്കാന്‍ വേണ്ടി ഓത്ത്‌ നന്നാക്കാമോ?

അബൂമൂസായുടെ(റ) ഖിറാഅത്ത്‌ ശ്രദ്ധിച്ചുകേട്ട മുഹമ്മദ്‌ നബി(സ)യോട്‌ അബൂമൂസാ(റ) പറയുന്നതായി ഹദീസില്‍ കാണാം: “താങ്കളെന്നെ ശ്രദ്ധിക്കുമെന്ന്‌ നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ താങ്കള്‍ക്കുവേണ്ടി ഒരുങ്ങി ഞാന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമായിരുന്നു.” ഇങ്ങനെ മറ്റുള്ള ആളുകള്‍ കേള്‍ക്കണമെന്ന ആഗ്രഹത്തോടെ തന്റെ ഖിറാഅത്ത്‌ നന്നാക്കുന്നത്‌ രിയാഇന്റെ പരിധിയില്‍ പെടുമോ? ഇങ്ങനെ ആഗ്രഹിക്കുന്നത്‌ മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റാനാവുമ്പോള്‍ അത്‌ മുസ്‌ലിമിന്‌ ഭൂഷണമാണോ? നല്ല ഓത്തുകാരനാണ്‌ എന്ന്‌ സ്വയം മതിപ്പ്‌ തോന്നുന്നതില്‍ തെറ്റുണ്ടോ?

ജംഷിദ്‌ നരിക്കുനി .

ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിശ്ശബ്‌ദമായി ശ്രദ്ധിച്ചുകേള്‍ക്കണമെന്ന്‌ അല്ലാഹു കല്‌പിച്ചിട്ടുണ്ട്‌. ഓത്ത്‌ നല്ല നിലയിലായാല്‍ കേള്‍ക്കുന്നവര്‍ക്ക്‌ അത്‌ ശ്രദ്ധിക്കാനും അതിന്റെ ആശയം ഉള്‍ക്കൊള്ളാനും പ്രചോദനമുണ്ടാകും. ഇത്‌ ഓതുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഒരുപോലെ പ്രതിഫലാര്‍ഹമായിത്തീരും. ഈ നല്ല ഉദ്ദേശത്തോടെയാണ്‌ ഖുര്‍ആന്‍ പാരായണം മെച്ചപ്പെടുത്തുന്നതെങ്കില്‍ അത്‌ രിയാഇന്റെ (പ്രകടനപരതയുടെ) വകുപ്പില്‍ പെടുകയില്ല. നല്ല ഓത്തുകാരന്‍ എന്ന പ്രസിദ്ധിയുണ്ടാകണമെന്നതാണ്‌ ഒരാളുടെ ലക്ഷ്യമെങ്കില്‍ അത്‌ പ്രകടനപരതയുടെ വകുപ്പില്‍ തന്നെയാണ്‌ ഉള്‍പ്പെടുക.

നബി(സ)യെ കേള്‍പിക്കാന്‍ വേണ്ടി ഖുര്‍ആന്‍ കൂടുതല്‍ ശ്രദ്ധാപൂര്‍വം പാരായണം ചെയ്യുന്നതിനെ സംബന്ധിച്ച്‌ അബൂമൂസാ(റ) സംസാരിച്ചത്‌ പ്രകടനപരത എന്ന ലക്ഷ്യത്തോടെ ആയിരിക്കാന്‍ സാധ്യതയില്ല. പ്രകടനപരത ഗുരുതരമായ തെറ്റാണെന്ന ധാരണ ഖുര്‍ആനും നബിചര്യയുമായി അടുത്ത ബന്ധമുള്ള ആ സ്വഹാബിവര്യന്‌ തീര്‍ച്ചയായും ഉണ്ടായിരിക്കും. അദ്ദേഹം ഉച്ചത്തിലും സാവധാനത്തിലും ശ്രദ്ധിച്ച്‌ ഓതിയാല്‍ നബി(സ)ക്ക്‌ തെറ്റ്‌ ചൂണ്ടിക്കാണിക്കാന്‍ കൂടുതല്‍ സൗകര്യമാകുമെന്നും നബി(സ) അദ്ദേഹത്തിനുവേണ്ടി അല്ലാഹുവോട്‌ പ്രാര്‍ഥിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചിട്ടുണ്ടാകാം. ഖുര്‍ആന്‍ നന്നായി ഓതുന്ന വിഷയത്തില്‍ ആത്മസംതൃപ്‌തിയുണ്ടാകുന്നത്‌ തെറ്റല്ല. എന്നാല്‍ അതിന്റെ പേരില്‍ സ്വയം മഹത്വവത്‌കരണം പാടില്ല.

ശിര്‍ക്ക്‌ ചെയ്‌ത മാതാപിതാക്കള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാമോ?


മാതാപിതാക്കള്‍ ശിര്‍ക്കു ചെയ്‌താണ്‌ മരിക്കുന്നതെങ്കില്‍ അവര്‍ക്കു പാപമോചനത്തിനായി പ്രാര്‍ഥിക്കാന്‍ പാടില്ല എന്നുള്ളത്‌ ഇന്നത്തെ സമൂഹത്തിനും ബാധകമാണോ?

ടി എം അബ്‌ദുല്‍കരീം ഇടുക്കി .

ഈ വിഷയകമായി വിശുദ്ധ ഖുര്‍ആനില്‍ പറയുന്നത്‌ ഇപ്രകാരമാണ്‌: ``ബഹുദൈവവിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന്‌ തങ്ങള്‍ക്ക്‌ വ്യക്തമായിക്കഴിഞ്ഞതിനുശേഷം അവര്‍ക്ക്‌ വേണ്ടി പാപമോചനം തേടാന്‍ -അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും- പ്രവാചകന്നും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല. ഇബ്‌റാഹീം അദ്ദേഹത്തിന്റെ പിതാവിനുവേണ്ടി പാപമോചനം തേടിയത്‌ അദ്ദേഹം പിതാവിനോട്‌ അങ്ങനെ വാഗ്‌ദാനം ചെയ്‌തതുകൊണ്ട്‌ മാത്രമായിരുന്നു. എന്നാല്‍ അയാള്‍ (പിതാവ്‌) അല്ലാഹുവിന്റെ ശത്രുവാണെന്ന്‌ അദ്ദേഹത്തിന്‌ വ്യക്തമായപ്പോള്‍ അദ്ദേഹം അയാളെ വിട്ടൊഴിഞ്ഞു. തീര്‍ച്ചയായും ഇബ്‌റാഹീം ഏറെ താഴ്‌മയുള്ളവനും സഹനശീലനുമാകുന്നു.''(വി.ഖു 9:113,114)

അല്ലാഹുവല്ലാത്തവരെ ആരാധിക്കാമെന്നോ അവരോട്‌ പ്രാര്‍ഥിക്കാമെന്നോ ഉള്ള നിലപാടോടുകൂടിയാണ്‌ മാതാപിതാക്കള്‍ മരിച്ചുപോയതെങ്കില്‍ അവര്‍ക്ക്‌ പാപമോചനത്തിനു വേണ്ടി സത്യവിശ്വാസികളായ മക്കള്‍ പ്രാര്‍ഥിക്കാന്‍ പാടില്ലെന്ന്‌ ഉപര്യുക്തസൂക്തങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നു. ഈ വിലക്ക്‌ ഏതെങ്കിലും കാലത്തേക്കോ സമൂഹത്തിലേക്കോ ബാധകമല്ലെന്ന്‌ അല്ലാഹുവോ റസൂലോ(സ) പറഞ്ഞിട്ടില്ല. എന്നാല്‍ മരിച്ചുപോയ മാതാപിതാക്കളുടെ ആദര്‍ശം സംബന്ധിച്ച്‌ അവ്യക്തതയുണ്ടെങ്കില്‍ ഈ വിലക്ക്‌ ബാധകമായിരിക്കുകയില്ല. എന്നാലും അല്ലാഹുവിങ്കല്‍ ആ മാതാപിതാക്കള്‍ പാപമോചനത്തിന്‌ അര്‍ഹതയുള്ളവരാണെങ്കില്‍ മാത്രമേ അവര്‍ക്ക്‌ വേണ്ടി വിശ്വാസികളായ മക്കള്‍ നടത്തുന്ന പ്രാര്‍ഥന പ്രയോജനപ്പെടുകയുള്ളൂ.

മൊഴിചൊല്ലിയ ഭാര്യയുടെ ജീവനാംശം എത്ര കാലേത്തക്ക്‌?

മൊഴിചൊല്ലിയ ഭാര്യക്ക്‌ ഭര്‍ത്താവ്‌ ചെലവ്‌ കൊടുക്കേണ്ടത്‌ എത്രകാലത്തേക്കാണ്‌? ഭാര്യ വേറെ വിവാഹം കഴിക്കുന്നതുവരെയോ ഇദ്ദയുടെ കാലാവധി കഴിയുന്നത്‌ വരെയോ? ഈ കാര്യത്തില്‍ ഇസ്ലാമികനിയമവും ഇന്ത്യന്‍നിയമവും ഒന്നുതന്നെയാണോ?

റിസ്‌വാന്‍ കോഴിക്കോട്‌.
വിവാഹമോചനം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണമെന്ന്‌ ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കിലും വിവാഹമുക്തയായ സ്‌ത്രീക്ക്‌ മുന്‍ ഭര്‍ത്താവ്‌ ആജീവനാന്തം ജീവനാംശം നല്‌കണമെന്ന്‌ വിധിച്ചിട്ടില്ല. വിവാഹമുക്തയ്‌ക്ക്‌ മതാഅ്‌ (ആശ്വാസധനം എന്ന നിലയില്‍ നല്‌കുന്ന മോശമല്ലാത്ത തുക), ഇദ്ദ കാലത്തേക്ക്‌ ജീവിതച്ചെലവ്‌ എന്നിവയാണ്‌ മുന്‍ ഭര്‍ത്താവ്‌ നല്‌കേണ്ടത്‌. മഹ്രര്‍ വിവാഹവേളയില്‍ നിയമപ്രകാരം നല്‌കിയിട്ടില്ലെങ്കില്‍ അതും വിവാഹമോചനസമയത്ത്‌ നല്‌കണം. മൂന്നു മാസമുറക്കാലമാണ്‌ ഇദ്ദ കാലാവധി. ഗര്‍ഭിണിയാണെങ്കില്‍ പ്രസവം വരെയും. ഈ കാലയളവില്‍ വിവാഹമുക്തയെ ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെയാണ്‌ താമസിപ്പിക്കേണ്ടത്‌. കുടുംബിനി എന്ന നിലയില്‍ ലഭിച്ചിരുന്ന ജീവിതച്ചെലവ്‌ തന്നെയാണ്‌ വിവാഹമുക്തയ്‌ക്ക്‌ ഇദ്ദ കാലത്ത്‌ ലഭിക്കേണ്ടത്‌.

ഇദ്ദ കാലാവധിക്കുള്ളില്‍ ദാമ്പത്യം പുനസ്ഥാപിക്കാന്‍ ഭര്‍ത്താവ്‌ ആഗ്രഹിക്കുന്നില്ലെങ്കില്‍ അവധി കഴിയുന്നതോടെ ഭര്‍ത്താവ്‌ മതാഅ്‌ നല്‌കി അവളെ പിരിച്ചയക്കുകയാണ്‌ വേണ്ടത്‌. മതാഅ്‌ നല്‌കണമെന്ന്‌ വിശുദ്ധഖുര്‍ആനില്‍ (2:236, 2:241) അനുശാസിച്ചിട്ടുണ്ടെങ്കിലും ഭക്തരായ ആളുകള്‍ പോലും വിവാഹമുക്തര്‍ക്ക്‌ യഥോചിതം മതാഅ്‌ നല്‌കാറുണ്ടായിരുന്നില്ല. ശാബാനു കേസിലെ സുപ്രീംകോടതിവിധിയെത്തുടര്‍ന്ന്‌ ഇതൊരു വിവാദവിഷയമാവുകയും അനന്തരം ഇന്ത്യന്‍ പാര്‍ലമെന്റ്‌ മുസ്ലിം വനിതാസംരക്ഷണ നിയമം പാസാക്കുകയും ചെയ്‌തതോടെയാണ്‌ മതാഅ്‌ ഒരു നിയമപ്രാബല്യമുള്ള വിഷയമായിത്തീര്‍ന്നത്‌.

വിവാഹമുക്തയ്‌ക്ക്‌ മരണം വരെയോ പുനര്‍വിവാഹം വരെയോ ജീവനാംശം നല്‌കണമെന്ന്‌ ക്രിമിനല്‍ നടപടിച്ചട്ടത്തില്‍ വ്യവസ്ഥയുണ്ട്‌. മുമ്പ്‌ ഇത്‌ മുസ്ലിംസ്‌ത്രീകള്‍ക്കും ബാധകമായിരുന്നു. എന്നാല്‍ മുകളില്‍ പറഞ്ഞ പ്രത്യേക നിയമം പ്രാബല്യത്തില്‍ വന്നതോടെ മുസ്ലിം സ്‌ത്രീകള്‍ക്ക്‌ ജീവനാംശത്തിനു പകരം മതാഅ്‌ ബാധകമാവുകയാണുണ്ടായത്‌. എന്നാല്‍ ഈ വിഷയകമായി ഇനിയും ചില അവ്യക്തതകള്‍ തുടരുന്നുണ്ടെന്നാണ്‌ ചില ജീവനാംശംന്യായാധിപന്മാരുടെയും നിയമജ്ഞരുടെയും അഭിപ്രായപ്രകടനങ്ങള്‍ സൂചിപ്പിക്കുന്നത്‌. ക്രിമിനല്‍ നടപടിച്ചട്ടപ്രകാരമുള്ള ജീവനാംശം ലഭിക്കാന്‍ ഇപ്പോഴും ഇന്ത്യയിലെ വിവാഹമുക്തരായ മുസ്ലിം സ്‌ത്രീകള്‍ക്ക്‌ അവകാശമുണ്ടെന്ന്‌ ചില നിയമജ്ഞര്‍ വാദിക്കുന്നുണ്ട്‌.

സ്വലാത്ത്‌ പ്രത്യേക സന്ദര്‍ഭത്തില്‍ മാത്രമോ?

പ്രവാചകന്റെ(സ) മേലുള്ള സ്വലാത്ത്‌ എല്ലാ സമയത്തും ചൊല്ലാന്‍ പറ്റുമോ? അതല്ല, പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമേ പാടുള്ളൂ എന്നുണ്ടോ?
റഫീഖ്‌ പൂതപ്പാറ

വിശുദ്ധ ഖുര്‍ആനിലെ 33:56 സൂക്തത്തില്‍ നബി(സ)യുടെ പേരില്‍ സ്വലാത്തും സലാമും ചൊല്ലാന്‍ അഥവാ അദ്ദേഹത്തിന്‌ അല്ലാഹുവിന്റെ അനുഗ്രഹവും സമാധാനവും ലഭിക്കുന്നതിനുവേണ്ടി പ്രാര്‍ഥിക്കാന്‍ സത്യവിശ്വാസികളോട്‌ കല്‌പിച്ചിട്ടുണ്ട്‌. ഇത്‌ ഏതെങ്കിലും പ്രത്യേക സന്ദര്‍ഭത്തിലേ ചൊല്ലാവൂ എന്ന്‌ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ പറഞ്ഞിട്ടില്ല. സാധാരണ നമസ്‌കാരങ്ങളില്‍ അത്തഹിയ്യാത്തിനു ശേഷവും മയ്യിത്ത്‌ നമസ്‌കാരത്തില്‍ രണ്ടാമത്തെ തക്‌ബീറിനു ശേഷവും സ്വലാത്ത്‌ ചൊല്ലാന്‍ ഹദീസുകളില്‍ നിര്‍ദേശമുണ്ട്‌. അതുപോലെ തന്നെ പ്രാര്‍ഥന തുടങ്ങുമ്പോഴും. നബി(സ)യുടെ പേര്‍ കേള്‍ക്കുമ്പോള്‍ സ്വലാത്ത്‌ ചൊല്ലണമെന്ന്‌ അവിടുന്ന്‌ പഠിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ സ്വലാത്ത്‌ ചൊല്ലുന്നത്‌ വിലക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്‌തിട്ടില്ല. സ്വലാത്ത്‌ വര്‍ധിപ്പിക്കുന്നതിനെ നബി(സ) പ്രോത്സാഹിപ്പിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. പക്ഷെ, നബി(സ)യോ ശിഷ്യന്മാരോ സ്വലാത്ത്‌ ചൊല്ലാന്‍ പ്രത്യേക സദസ്സ്‌ സംഘടിപ്പിക്കുകയോ, സ്വലാത്ത്‌ വാര്‍ഷികം പോലുള്ള പരിപാടികള്‍ നടത്തുകയോ ചെയ്‌തിട്ടില്ല. അതൊക്കെ എതിര്‍ക്കപ്പെടേണ്ട നൂതനാചാരങ്ങളാകുന്നു.

ഈച്ചയുടെ ചിറകിന്റെ പ്രശ്‌നം

ഇമാം ബുഖാരി ഉദ്ധരിച്ച ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ``നിങ്ങളുടെ പാത്രത്തില്‍ ഈച്ചവീണാല്‍ അതിനെ മുക്കിയെടുക്കുക. കാരണം അതിന്റെ ഒരു ചിറകില്‍ രോഗവും മറുചിറകില്‍ ഔഷധവുമുണ്ട്‌.'' രോഗം പരത്തുന്ന ഒരു ജീവിയായ ഈച്ചയുടെ ഒരു ചിറകില്‍ ഔഷധമുണ്ടെന്ന ഈ ഹദീസ്‌ വൈദ്യശാസ്‌ത്രം അംഗീകരിക്കുന്നുണ്ടോ? ഈ ഹദീസ്‌ സ്വീകരിക്കാതിരുന്നാല്‍ അത്‌ സത്യനിഷേധമായി കണക്കാക്കപ്പെടുമോ? ഹദീസ്‌ നിഷേധത്തിന്റെ പരിധിയില്‍ അത്‌ വരുമോ?
ജെ എം കോഴിക്കോട്‌ .
ഒരു വചനം നബി(സ) പറഞ്ഞതാണെന്ന്‌ ബോധ്യമായ ശേഷം അതിനെ നിഷേധിക്കുന്നത്‌ വിശ്വാസത്തിന്റെ തന്നെ നിരാകരണമാണ്‌. റിപ്പോര്‍ട്ടര്‍മാരില്‍ ആരെയെങ്കിലും സംബന്ധിച്ച്‌ സംശയമുള്ളതുകൊണ്ട്‌ പ്രാമാണികത ബോധ്യംവരാതിരിക്കുകയാണെങ്കില്‍ അത്‌ സത്യനിഷേധത്തിന്റെ വകുപ്പില്‍ ഉള്‍പ്പെടുകയില്ല. നമ്മുടെ യുക്തിക്ക്‌ യോജിക്കാത്ത ഹദീസുകളൊക്കെ തള്ളിക്കളയുന്നത്‌ സത്യവിശ്വാസത്തിന്റെ താല്‌പര്യത്തിന്‌ നിരക്കുന്നതല്ല.
ഈച്ചയെ അല്ലാഹു സൃഷ്‌ടിച്ചത്‌ രോഗംപരത്താന്‍ വേണ്ടിയാണെന്ന്‌ `മുസ്ലിം' കരുതുന്നില്ല. അല്ലാഹു സൃഷ്‌ടിച്ചതെല്ലാം വിശിഷ്‌ടമാണെന്ന്‌ വിശുദ്ധഖുര്‍ആനില്‍ (32:7) വ്യക്തമാക്കിയിട്ടുണ്ട്‌. അപ്പോള്‍ ഈച്ചയും ഒരു വിശിഷ്‌ട സൃഷ്‌ടിയാണ്‌. ബാക്‌ടീരിയകളും വൈറസുകളും പോലും അല്ലാഹുവിന്റെ ഉത്തമ സൃഷ്‌ടികളാണ്‌. ഒരാളുടെ രോഗപ്രതിരോധശേഷി ഭദ്രമാണെങ്കില്‍ ഈച്ചകളെക്കൊണ്ടോ രോഗാണുക്കളെക്കൊണ്ടോ അയാള്‍ക്ക്‌ യാതൊരു ദോഷവും ബാധിക്കുകയില്ലെന്ന്‌ മാത്രമല്ല, രോഗാണുവിന്റെ വരവോടെ അയാളുടെ പ്രതിരോധ സംവിധാനം കൂടുതല്‍ ജാഗ്രത്താവുകയും ചെയ്യും. പ്രതിരോധ വ്യവസ്ഥ ദുര്‍ബലമായിട്ട്‌ രോഗബാധയുണ്ടായാല്‍ തന്നെ ശരീരത്തിലെ ചില സൂക്ഷ്‌മാണുക്കള്‍ ശമനസഹായികളായി വര്‍ത്തിക്കുകയും ചെയ്യും. അതായത്‌ രോഗകാരണങ്ങളും ശമനകാരണങ്ങളും നമ്മുടെ കൂടെത്തന്നെയുണ്ടാകും. ഈച്ചകള്‍ക്ക്‌ വംശനാശം സംഭവിക്കാത്തത്‌ രോഗാണുക്കളെ പ്രതിരോധിക്കാന്‍ അവയ്‌ക്ക്‌ കഴിവുള്ളതുകൊണ്ടാണല്ലോ.
പാമ്പിന്റെ വിഷം തന്നെ ചില രാസപ്രക്രിയകള്‍ക്ക്‌ വിധേയമാക്കിയിട്ടാണ്‌ വിഷത്തിനുള്ള മരുന്ന്‌ നിര്‍മിക്കുന്നത്‌. രോഗകാരണം തന്നെ പ്രതിരോധം ശക്തിപ്പെടാനുള്ള കാരണവുമായി മാറുന്നുവെങ്കില്‍ വിഷം തന്നെ മരുന്നാക്കുന്നുവെങ്കില്‍ ഈച്ചയുടെ ചിറകില്‍ അണുബാധയെ പ്രതിരോധിക്കാനുള്ള ഔഷധമുണ്ടാകുമെന്ന്‌ പറയുന്നത്‌, അവിശ്വസനീയമായി `മുസ്‌ലിമി'ന്‌ തോന്നുന്നില്ല. ഈച്ച വീണ വെള്ളം കുടിച്ചേ തീരൂ എന്ന്‌ നബി(സ) ആരെയും നിര്‍ബന്ധിച്ചിട്ടില്ലാത്തതുകൊണ്ട്‌ ഈച്ചയെ ദുര്‍മൂര്‍ത്തിയായി ഗണിക്കുന്നവര്‍ക്കും വേവലാതി തോന്നേണ്ട കാര്യമില്ല.


രണ്ടു സഹോദരിമാരെ ഒന്നിച്ചു വിവാഹംചെയ്യല്‍

ബഹുഭാര്യാത്വം (പരിമിതികളില്‍ തന്നെയും) അനുവദിക്കുന്ന, ദൈവത്തിങ്കല്‍ സ്വീകാര്യമായ ജീവിതചര്യ വിഭാവനംചെയ്യുന്ന, ഇസ്‌ലാംമതത്തില്‍ സഹോദരിമാരെ ഒരേസമയം ഭാര്യമാരായി സ്വീകരിക്കുന്നത്‌ നിഷിദ്ധമാക്കുന്ന പ്രകൃതിചര്യ അഥവാ ധര്‍മ-സദാചാരനിഷ്‌ഠ എന്താണ്‌? അല്ലെങ്കില്‍ പുരുഷന്‌ തന്റെ ഭാര്യാസഹോദരിയിലുള്ള അമാനത്ത്‌ എന്താണ്‌?
നസീല്‍, അലക്‌സ്‌ അബ്ബാസ്‌ കൊല്ലം പരവൂര്‍.

ബഹുഭാര്യാത്വം അനുവദിച്ചത്‌ എന്തുകൊണ്ട്‌, നാലിലേറെ പാടില്ലെന്ന്‌ പറഞ്ഞത്‌ എന്തുകൊണ്ട്‌ എന്നൊന്നും അല്ലാഹുവോ നബി(സ)യോ വിശദീകരിച്ചിട്ടില്ല. മറ്റു കല്‌പനകളുടെയും വിലക്കുകളുടെയും കൂട്ടത്തിലും കാരണം വ്യക്തമാക്കിയതും അല്ലാത്തതുമുണ്ട്‌. നിങ്ങള്‍ രണ്ടു സഹോദരിമാരെ ഒന്നിച്ച്‌ ഭാര്യമാരാക്കുന്നത്‌ അല്ലാഹു നിരോധിച്ചിരിക്കുന്നു എന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 4:23 സൂക്തത്തില്‍ സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്‌. അല്ലാഹു ഒരു കാര്യം നിഷിദ്ധമാക്കിയാല്‍ അതിന്റെ ന്യായം ബോധ്യമായില്ലെങ്കില്‍ പോലും അത്‌ വര്‍ജിക്കുകയാണ്‌ യഥാര്‍ഥ വിശ്വാസികള്‍ ചെയ്യേണ്ടത്‌.
വിശുദ്ധ ഖുര്‍ആനില്‍ വിവാഹം വിലക്കിയിട്ടുള്ളത്‌ രക്തബന്ധത്താലോ മുലകുടി ബന്ധത്താലോ ഏറ്റവും അടുത്തവരുമായിട്ടാണ്‌. സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം ലൈംഗിക പങ്കാളിത്തത്തിനതീതമായ പവിത്രബന്ധമാണ്‌. രണ്ടു സഹോദരിമാര്‍ ഒരു പുരുഷനെ ലൈംഗിക പങ്കാളിയായി സ്വീകരിക്കുന്നതും സാഹോദര്യത്തിന്റെ ഉത്തമതാല്‌പര്യങ്ങള്‍ക്ക്‌ ഹാനികരമാകാന്‍ സാധ്യതയുണ്ട്‌. ഭാര്യാ സഹോദരിയോടുള്ള അമാനത്ത്‌ അവളോട്‌ മാന്യമായി പെരുമാറുകയും ഒരു ബന്ധു എന്ന നിലയില്‍ ഗുണകാംക്ഷ പുലര്‍ത്തുകയും അവള്‍ക്ക്‌ എന്തെങ്കിലും സഹായം ആവശ്യമായാല്‍ അത്‌ നല്‌കുകയുമാകുന്നു. ബന്ധുക്കള്‍ക്ക്‌ നന്മചെയ്യണമെന്ന ഖുര്‍ആനിക കല്‌പനയുടെ പരിധിയില്‍ ഭാര്യയുടെ ഉറ്റ ബന്ധുക്കളും ഉള്‍പ്പെടും.

മൈക്കില്‍ ബാങ്ക്‌ വിളിക്കുമ്പോള്‍

ബാങ്ക്‌ വിളിക്കുമ്പോള്‍ `ഹയ്യ അലസ്സലാത്ത്‌' എന്ന്‌ പറയുമ്പോള്‍ വലത്തോട്ടും `ഹയ്യഅലല്‍ഫലാഹ്‌' എന്ന്‌ പറയുമ്പോള്‍ ഇടത്തോട്ടും തിരിയണമെന്ന്‌ നിര്‍ദേശമുണ്ട്‌. കൂടുതല്‍ ആളുകള്‍ ബാങ്ക്‌ കേള്‍ക്കാന്‍ വേണ്ടി നബി(സ) നിര്‍ദേശിച്ചതാണല്ലോ ഇങ്ങനെ. ഇന്ന്‌ മൈക്കിലൂടെയാണ്‌ ബാങ്ക്‌ വിളിക്കുതെന്നിരിക്കെ വലത്തോട്ടും ഇടത്തോട്ടും തിരിയേണ്ടതുണ്ടോ?
കെ പി അബൂബക്കര്‍,
മുത്തനൂര്‍.

ബാങ്കില്‍ ഹയ്യഅലല്‍... പറയുമ്പോള്‍ വലത്തോട്ടും ഇടത്തോട്ടും തിരിയണമെന്ന്‌ നബി(സ) നിര്‍ദേശിച്ചുവെന്ന്‌ പ്രാമാണികമായ ഹദീസില്‍ വ്യക്തമാക്കപ്പെട്ടിട്ടില്ല. ബിലാല്‍(റ) ബാങ്ക്‌ വിളിക്കുമ്പോള്‍ അപ്രകാരം ചെയ്യാറുണ്ടായിരുന്നുവെന്നാണ്‌ ഹദീസ്‌ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. നബി(സ) ബിലാലിനോട്‌ അങ്ങനെ നിര്‍ദേശിച്ചിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നേ പറയാനൊക്കൂ. അങ്ങനെ ഇരുവശത്തേക്കും തിരിയുന്നതുകൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കപ്പെട്ടതെന്ന്‌ ഉറപ്പിച്ചുപറയാന്‍ തെളിവൊന്നും ലഭ്യമല്ല. ഇടത്തും വലത്തുമുള്ള ആളുകളെക്കൂടി കേള്‍പിക്കുക എന്ന ഉദ്ദേശമുണ്ടാകാം. `നമസ്‌കാരത്തിലേക്ക്‌ വരൂ, വിജയത്തിലേക്ക്‌ വരൂ' എന്ന്‌ പറയുമ്പോള്‍ മുമ്പിലുള്ള ആളുകളെ മാത്രമല്ല, ഇടതും വലതും ഭാഗങ്ങളിലുള്ളവരെയും ഉദ്ദേശിക്കുന്നുണ്ടെന്ന്‌ ഭാവത്തിലൂടെ സൂചിപ്പിക്കുക എന്നതും ഉദ്ദേശമാകാം. അതിനാല്‍ മൈക്കിലൂടെ ബാങ്ക്‌ വിളിക്കുന്ന ആള്‍ വലത്തോട്ടും ഇടത്തോട്ടും തിരിയേണ്ട ആവശ്യമില്ലെന്ന്‌ ഉറപ്പിച്ചുപറയാവുന്നതല്ല.

അവിശ്വാസികളും അധര്‍മകാരികളും സകാത്തിന്‌ അര്‍ഹരാകുമോ?

അല്ലാഹുവിനെയും റസൂലിനെയും നിഷേധിക്കുന്ന പാവപ്പെട്ടവരായ കമ്യൂണിസ്റ്റുകാര്‍ക്കും നിരീശ്വരവാദികള്‍ക്കും വ്യഭിചരിക്കുകയും മദ്യംസേവിക്കുകയും അനര്‍ഹമായ രീതിയില്‍ പണം സമ്പാദിക്കുകയും ചെയ്‌തുവരുന്ന ദരിദ്രരായ `മുസ്‌ലിംകള്‍ക്കും' മുസ്‌ലിംകളോട്‌ ശത്രുതയില്ലാത്ത അമുസ്‌ലിംകള്‍ക്കും ഇസ്‌ലാമിലെ സകാത്ത്‌ നല്‌കുന്നതിന്റെ മതവിധി എന്താണ്‌? `മുഅല്ലഫത്തുല്‍ ഖുലൂബി'ന്റെ പരിധിയില്‍ വരുന്നവര്‍ ഇസ്‌ലാം ആശ്ലേഷിക്കാന്‍ സാധ്യതയുള്ളവര്‍ ആണോ? അതല്ല, ഇസ്‌ലാം സ്വീകരിക്കാന്‍ സാധ്യതയില്ലാത്തവരാണോ? മുഹമ്മദ്‌ നബി അമുസ്‌ലിംകള്‍ക്ക്‌ സകാത്ത്‌ നല്‌കിയിരുന്നോ?

ജംഷിദ്‌ നരിക്കുനി.

സകാത്തില്‍ നിന്നും അമുസ്‌ലിംകള്‍ക്ക്‌ നല്‌കുന്നത്‌ നിഷിദ്ധമാണെന്ന്‌ അല്ലാഹുവോ റസൂലോ(സ) വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സകാത്ത്‌ ലഭിക്കാന്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ മുസ്‌ലിംകളില്‍ പെട്ട ദരിദ്രരും അഗതികളും കടബാധിതരും സകാത്തിന്റെ ജോലിക്കാരും മറ്റും തന്നെയാണ്‌. സകാത്തിനെ സംബന്ധിച്ച ഒരു നബിവചനത്തില്‍ `അവരിലെ ധനികരില്‍ നിന്ന്‌ അത്‌ വാങ്ങുകയും അവരിലെ ദരിദ്രര്‍ക്ക്‌ അത്‌ നല്‌കുകയും' ചെയ്യേണ്ടതാണെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. മുസ്‌ലിംകളിലെ അധര്‍മകാരികള്‍ക്ക്‌ അവര്‍ ദരിദ്രരോ അഗതികളോ ആണെങ്കില്‍ സകാത്ത്‌ നല്‌കുന്നതിന്‌ നബി(സ) വിലക്കേര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ധര്‍മനിഷ്‌ഠയുള്ള പാവങ്ങള്‍ക്ക്‌ മുന്‍ഗണന നല്‌കുന്നതിന്‌ ന്യായമുണ്ട്‌.

`മുഅല്ലഫത്തുല്‍ ഖുലൂബ്‌' എന്ന വാക്കിന്‌ മനസ്സ്‌ ഇണക്കപ്പെട്ടവര്‍ എന്നും ഇണക്കപ്പെടേണ്ടവര്‍ എന്നും അര്‍ഥമാക്കാവുന്നതാണ്‌. എന്നാല്‍ മനസ്സ്‌ ഇണക്കപ്പെട്ടവര്‍ മുസ്‌ലിംസമൂഹത്തിലെ മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്‌തരല്ലാത്തതുകൊണ്ടും അവര്‍ ദരിദ്രരോ അഗതികളോ മറ്റോ ആണെങ്കില്‍ സകാത്തിന്‌ അവകാശികളാണെന്നതുകൊണ്ടും `മുഅല്ലഫത്തുല്‍ ഖുലൂബ്‌' എന്ന പ്രത്യേക വിഭാഗം, സകാത്ത്‌ നല്‌കി മനസ്സ്‌ ഇണക്കപ്പെടേണ്ടവര്‍ ആയിരിക്കാനാണ്‌ കൂടുതല്‍ സാധ്യത. ഈ വിഭാഗത്തില്‍ പുതുതായി ഇസ്‌ലാം ആശ്ലേഷിച്ചവരും ഇനിയും ഇസ്‌ലാം സ്വീകരിച്ചിട്ടില്ലാത്തവരും ഉള്‍പ്പെടും. സകാത്തില്‍ നിന്നും യുദ്ധാര്‍ജിത സ്വത്തുക്കളില്‍ നിന്നും അവിശ്വാസികളായ ചിലര്‍ക്ക്‌ നബി(സ) നല്‌കിയതായി പ്രാമാണികമായ ഹദീസുകളില്‍ കാണാം. `ഇസ്‌ലാം സ്വീകരിക്കാന്‍ സാധ്യതയില്ലാത്തവര്‍' എന്നൊരു വിഭാഗത്തെ നബി(സ) വേര്‍തിരിച്ചു നിര്‍ത്തിയതായി പ്രാമാണികമായ ഹദീസുകളില്‍ കാണുന്നില്ല.

Followers -NetworkedBlogs-

Followers