ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label ബിദ്‌അത്ത്. Show all posts
Showing posts with label ബിദ്‌അത്ത്. Show all posts

ഹജ്ജ്‌ സല്‍ക്കാരം

ചില പ്രദേശങ്ങളില്‍ ഹജ്ജിനു പോകുന്നവര്‍ തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച്‌ ഭക്ഷണം നല്‍കുന്നു. ഇതിന്‌ `യാത്രാച്ചോറ്‌' എന്ന പേരാണ്‌ പറയുന്നത്‌. ഇത്തരം ഒരു സമ്പ്രദായം നബി(സ)യുടെ ചര്യയില്‍ കാണുന്നുണ്ടോ? ഇല്ലെങ്കില്‍ ഇത്‌ ഒരു ബിദ്‌അത്തല്ലേ?
അക്‌ബറലി കോഴിക്കോട്‌
ഹജ്ജിനു പോകുന്നവര്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ച്‌ സല്‍ക്കാരം നടത്തണമെന്ന്‌ അല്ലാഹുവോ റസൂലോ(സ) നിര്‍ദേശിച്ചിട്ടില്ല. അതുകൊണ്ട്‌ ഒരു മതാചാരം എന്ന നിലയില്‍ അങ്ങനെയൊരു സല്‍ക്കാരം നടത്താവുന്നതല്ല. ഒരു പ്രത്യേക മാതാചാരം എന്ന നിലയിലല്ലാതെ ഒരാള്‍ ആരെയെങ്കിലും വീട്ടിലേക്ക്‌ വിളിച്ച്‌ സല്‍ക്കരിക്കുകയാണെങ്കില്‍ അത്‌ ആചാരവല്‍കരണത്തിന്‌ വഴിവെക്കാത്ത വിധത്തിലാണെങ്കില്‍ നിഷിദ്ധമാവുകയില്ല. പക്ഷെ, ഹജ്ജിന്‌ പോകുന്നവരെല്ലാം ഇങ്ങനെയൊരു സല്‍ക്കാരം നടത്തുമ്പോള്‍ അത്‌ പ്രധാനപ്പെട്ട ഒരു മാതാചാരമാണെന്ന ധാരണ സമൂഹത്തില്‍ സാര്‍വത്രികമാകും. അതിനാല്‍ അനാചാരങ്ങള്‍ക്കെതിരായ പ്രതിബദ്ധത പുലര്‍ത്തുന്നവരൊക്കെ ഇത്തരം സല്‍ക്കാരം ഒഴിവാക്കുകയാണ്‌ വേണ്ടത്‌.
 

കുഞ്ഞിന്റെ ചെവിയില്‍ ബാങ്ക്‌ കൊടുക്കുന്നത്‌ സുന്നത്തല്ലേ?

കുഞ്ഞ്‌ ജനിച്ചാല്‍ ചെവിയില്‍ ബാങ്ക്‌ കൊടുക്കുന്നത്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനം അംഗീകരിച്ച ഒരു സുന്നത്തായിട്ടാണ്‌ ഇതുവരെ മനസ്സിലാക്കിയിരുന്നത്‌. എന്നാല്‍ ഈയിടെ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ലേബലില്‍ ഒരു പണ്ഡിതന്‍, അതിനെപ്പറ്റി വന്ന ഹദീസുകളെല്ലാം ദുര്‍ബലമാണെന്നും അങ്ങനെ ഒരു സുന്നത്തില്ലെന്നും പറയുകയുണ്ടായി. കുഞ്ഞ്‌ ജനിച്ചാല്‍ ചെവിയില്‍ ബാങ്ക്‌ കൊടുക്കുന്നതിന്റെ വിധി എന്താണ്‌?
ശാസ്‌ത്രീയ സിദ്ധാന്തങ്ങളും കണ്ടുപിടുത്തങ്ങളും പോലെ ഹദീസുകളിലും പുതിയ പുതിയ കണ്ടെത്തലുകള്‍ ഉണ്ടാകുമോ? അങ്ങനെ കണ്ടെത്തുമ്പോള്‍ ഭാവിയില്‍ ഇനിയും സുന്നത്തുകളില്‍ മാറ്റത്തിരുത്തലുകള്‍ ഉണ്ടാകുമോ? ഇതുവരെ സുന്നത്താണെന്ന്‌ പറഞ്ഞിരുന്ന ഒരു കാര്യം മറ്റൊരിക്കല്‍ ഹദീസ്‌ ദുര്‍ബലമാണെന്ന്‌ പറയുന്നത്‌ ഏത്‌ പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും?
അബൂഅയ്‌മന്‍ കുമരനല്ലൂര്‍
ചില ഹദീസുകളുടെ പ്രാമാണികത സംബന്ധിച്ച്‌ പൂര്‍വികരായ പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ടായിട്ടുണ്ട്‌. ഹദീസ്‌ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ ഇതിന്‌ ധാരാളം ഉദാഹരണങ്ങള്‍ കാണാം. റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയിലെ ഒന്നോ രണ്ടോ പേരുടെ വിശ്വസ്‌തത സംബന്ധിച്ച സംശയമായിരിക്കും ഇതിനു കാരണം. ചില ഹദീസുകള്‍ക്ക്‌ ഒന്നിലേറെ പരമ്പരകളുണ്ടായിരിക്കും. അതിലൊന്ന്‌ പ്രബലവും മറ്റൊന്നു ദുര്‍ബലവുമായെന്ന്‌ വരാം. ഒരു പരമ്പര മാത്രമുള്ളത്‌ തന്നെ ഒരു പണ്ഡിതന്റെ വീക്ഷണത്തില്‍ പ്രബലവും മറ്റൊരാളുടെ വീക്ഷണത്തില്‍ ദുര്‍ബലവും ആകാനിടയുണ്ട്‌.
തന്റെ പൗത്രന്‍ ഹുസൈന്‍(റ) ജനിച്ചപ്പോള്‍ റസൂല്‍(സ) ചെവിയില്‍ ബാങ്ക്‌ വിളിക്കുന്നത്‌ കണ്ടുവെന്ന്‌ അബൂറാഫിഇല്‍ നിന്ന്‌ ഇമാം അഹ്‌മദ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. `പൗത്രന്‍ ഹസന്‍ ജനിച്ചപ്പോള്‍' എന്നാണ്‌ അബൂദാവൂദിന്റെയും തിര്‍മിദിയുടെയും റിപ്പോര്‍ട്ടില്‍. ഇത്‌ സഹീഹാണെന്ന്‌ തിര്‍മിദി പറഞ്ഞുവെന്ന്‌ ശൗക്കാനി രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ ആധുനിക ഹദീസ്‌ പണ്ഡിതന്‍ നാസിറുദ്ദീന്‍ അല്‍ബാനിയുടെ വീക്ഷണത്തില്‍ ഇതിന്റെ പരമ്പര സഹീഹ്‌ എന്ന്‌ വിശേഷിപ്പിക്കാന്‍ അര്‍ഹമല്ല. അല്‍ബാനിയുടെ അഭിപ്രായത്തിന്‌ മുന്‍ഗണന നല്‌കുന്നവരായിരിക്കും ഈ ബാങ്ക്‌ സുന്നത്തല്ലെന്ന്‌ പറയുന്നത്‌. അഹ്‌മദ്‌, അബൂദാവൂദ്‌, തിര്‍മിദി എന്നിവര്‍ക്ക്‌ പുറമെ ഹാകിം, ബൈഹഖി എന്നിവര്‍ കൂടി അബൂറാഫിഇന്റെ ഹദീസ്‌ ഉദ്ധരിച്ചിട്ടുള്ളതിനാല്‍ ഇത്‌ ബിദ്‌അത്താണെന്ന്‌ പറയാവുന്നതല്ലെന്നാണ്‌ `മുസ്‌ലിം' കരുതുന്നത്‌.

റുകൂഇലെയും സുജൂദിലെയും ദിക്‌ര്‍ ദുആകള്‍

റുകൂഇലും സുജൂദിലും നബി(സ) എല്ലായ്‌പ്പോഴും ഒരേ തരത്തിലുള്ള പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും തന്നെയാണോ ചൊല്ലിയിരുന്നത്‌? അതല്ല വ്യത്യസ്‌ത സന്ദര്‍ഭങ്ങളില്‍ പല തരത്തിലായിരുന്നുവോ?
മുഹമ്മദ്‌ നവാല്‍ കൊച്ചി
ഈ വിഷയകമായി നബി(സ)യില്‍ നിന്ന്‌ വ്യത്യസ്‌തമായ ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. ഒന്ന്‌, നബി(സ) റുകൂഇല്‍ സുബ്‌ഹാന റബ്ബിയല്‍ അദ്വീം എന്നും സുജൂദില്‍ സുബ്‌ഹാന റബ്ബിയല്‍ അഅ്‌ലാ എന്നും ചൊല്ലിയിരുന്നുവെന്ന്‌ മുസ്‌ലിം, തിര്‍മിദി, അബൂദാവൂദ്‌ തുടങ്ങിയവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതിന്റെ നിവേദകപരമ്പര അഥവാ സനദ്‌ അന്യൂനമാണെന്ന്‌ തിര്‍മിദി അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

ഫസബ്ബിഹ്‌ ബിസ്‌മി റബ്ബികല്‍ അദ്വീം (വി.ഖു. 56:96) എന്ന വചനം അവതരിച്ചപ്പോള്‍ അതനുസരിച്ചുള്ള കീര്‍ത്തനം (സുബ്‌ഹാന റബ്ബിയല്‍ അദ്വീം) നിങ്ങള്‍ റുകൂഇല്‍ ചൊല്ലണമെന്ന്‌ റസൂല്‍(സ) ഞങ്ങളോട്‌ പറഞ്ഞുവെന്നും, സബ്ബിഹിസ്‌മ റബ്ബികല്‍ അഅ്‌ലാ (വി.ഖു. 87:1) എന്ന വചനം അവതരിച്ചപ്പോള്‍ അത്‌ പ്രകാരമുള്ള കീര്‍ത്തനം (സുബ്‌ഹാന റബ്ബിയല്‍ അഅ്‌ലാ) സുജൂദില്‍ ചൊല്ലാന്‍ അവിടുന്ന്‌ ഞങ്ങളോട്‌ നിര്‍ദേശിച്ചുവെന്നും ഉഖ്‌ബത്തുബ്‌നു ആമിര്‍(റ) പറഞ്ഞതായി അഹ്‌മദ്‌, അബൂദാവൂദ്‌, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

`റുകൂഇല്‍ നിങ്ങള്‍ രക്ഷിതാവിന്റെ മഹത്വം വാഴ്‌ത്തണം' എന്ന്‌ നബി(സ) കല്‌പിച്ചതായി ഇബ്‌നു അബ്ബാസില്‍(റ) നിന്ന്‌ മുസ്‌ലിം, അഹ്‌മദ്‌, അബൂദാവൂദ്‌, നസാഈ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ കാണാം. റുകൂഇലും സുജൂദിലും ഈ ദിക്‌റുകള്‍ ചുരുങ്ങിയ പക്ഷം മൂന്നു പ്രാവശ്യം വീതം ചൊല്ലാന്‍ നബി(സ) നിര്‍ദേശിച്ചതായി ഇബ്‌നു മസ്‌ഊദില്‍ നിന്ന്‌ തിര്‍മിദിയും മറ്റും ഉദ്ധരിച്ചിട്ടുണ്ട്‌. എന്നാല്‍ ആ ഹദീസിന്റെ നിവേദക പരമ്പരയ്‌ക്ക്‌ ചില ന്യൂനതകള്‍ ഉള്ളതായി ചില ഹദീസ്‌ പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. ഈ ഹദീസിന്റെ ചില റിപ്പോര്‍ട്ടുകളില്‍ വബിഹംദിഹി എന്ന വാക്കു കൂടിയുണ്ട്‌. എന്നാല്‍ അവയുടെയെല്ലാം നിവേദക പരമ്പരയ്‌ക്ക്‌ ചില ബലഹീനതകളുണ്ട്‌.

രണ്ട്‌, നബി(സ) ഖുര്‍ആനിനെ വ്യാഖ്യാനിച്ചുകൊണ്ട്‌ (110:3 സൂക്തത്തിലെ കല്‌പനയാണ്‌ ഉദ്ദേശ്യം) റുകൂഇലും സുജൂദിലും സുബ്‌ഹാനകല്ലാഹുമ്മ റബ്ബനാ വബിഹംദിക അല്ലാഹുമ്മഗ്‌ഫിര്‍ ലീ എന്ന്‌ ചൊല്ലാറുണ്ടായിരുന്നുവെന്ന്‌ ആഇശ(റ)യില്‍ നിന്ന്‌ ബുഖാരി, മുസ്‌ലിം, അബൂദാവൂദ്‌, നസാഈ, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതാണ്‌ ഈ വിഷയകമായി ഏറ്റവും പ്രബലമായ ഹദീസ്‌. റുകൂഇലും സുജൂദിലും ഈ ദിക്‌റാണ്‌ നബി(സ) കൂടുതല്‍ ചൊല്ലിയിരുന്നതെന്ന്‌ മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍, റസൂല്‍(സ) വിയോഗത്തിന്റെ മുമ്പ്‌ സുബ്‌ഹാനക വബിഹംദിക അസ്‌തഗ്‌ഫിറുക വഅതൂബു ഇലൈക എന്നാണ്‌ കൂടുതലായി ചൊല്ലിയിരുന്നതെന്ന്‌ കാണാം. മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍, സുബ്‌ഹാനക റബ്ബീ വബിഹംദിക അല്ലാഹുമ്മ ഗ്‌ഫീര്‍ലീ എന്നാണ്‌ 110-ാം സൂറത്ത്‌ അവതരിച്ചത്‌ മുതല്‍ നബി(സ) എല്ലാ നമസ്‌കാരത്തിലും പ്രാര്‍ഥിച്ചിരുന്നതെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ സുബ്‌ഹാനല്ലാഹി വബിഹംദിഹി അസ്‌തഗ്‌ഫിറുല്ലാഹവ അതൂബു ഇലൈഹി എന്ന്‌ റസൂല്‍(സ) ചൊല്ലിയിരുന്നുവെന്നാണുള്ളത്‌. പദങ്ങളില്‍ ചെറിയ വ്യത്യാസമുണ്ടെങ്കിലും ഈ ദിക്‌റുകളുടെയെല്ലാം സാരം ഒന്നുതന്നെയാകുന്നു.

മൂന്ന്‌, റസൂല്‍(സ) സുജൂദില്‍ അല്ലാഹുമ്മഗ്‌ഫിര്‍ലീ ദന്‍ബീക്കുല്ലഹു ദിക്വഹു വജില്ലഹു വഅവ്വലഹു വആഖിറഹു വഅലാനിയതഹു വസിര്‍തഹു (സാരം: അല്ലാഹുവേ, എനിക്ക്‌ എന്റെ എല്ലാ പാപവും പൊറുത്തു തരേണമേ (കുറഞ്ഞതും കൂടിയതും ആദിമവും അന്തിമവും പരസ്യവും രഹസ്യവുമായ എല്ലാ പാപങ്ങളും) എന്ന്‌ പ്രാര്‍ഥിക്കാറുണ്ടായിരുന്നുവെന്ന്‌ അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ മുസ്‌ലിം, അബൂദാവൂദ്‌ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

നാല്‌, റുകൂഇലും സുജൂദിലും റസൂല്‍(സ), സുബ്ബൂഹുന്‍ ഖുദ്ദൂസുന്‍ റബ്ബുല്‍ മലാഇകതിവര്‍റൂഹി എന്ന്‌ ചൊല്ലാറുണ്ടായിരുന്നുവെന്ന്‌ ആഇശ(റ) അറിയിച്ചതായി മുസ്‌ലിമും അബുദാവൂദും നസാഇയും ഉദ്ധരിച്ചിരിക്കുന്നു.

അഞ്ച്‌, ഒരിക്കല്‍ രാത്രി നമസ്‌കാരത്തിലെ സുജൂദില്‍ ഇങ്ങനെ ചൊല്ലിയിരുന്നു: അല്ലാഹുമ്മ അഊദുബിറിദ്വാക മിന്‍ സഖത്വിക അബി മുആഫാതിക മിന്‍ ഉക്വൂബതിക വഅഊദൂ ബിക മിന്‍ക ലാഉഹ്‌സ്വീ സനാഅന്‍ അലൈക അന്‍തകമാ അസ്‌നൈത അലാ നഫ്‌സിക്‌ (സാരം: അല്ലാഹുവേ, നിന്റെ തൃപ്‌തികൊണ്ട്‌ നിന്റെ കോപത്തില്‍ നിന്ന്‌ ഞാന്‍ അഭയം തേടുന്നു. നീ നല്‌കുന്ന സൗഖ്യം കൊണ്ട്‌ നിന്റെ ശിക്ഷയില്‍ നിന്ന്‌ ഞാന്‍ അഭയം തേടുന്നു. നിന്നില്‍ നിന്ന്‌ നിന്നോട്‌ തന്നെ ഞാന്‍ അഭയം തേടുന്നു. നിനക്കുള്ള സ്‌തുതി എനിക്ക്‌ ക്ലിപ്‌തപ്പെടുത്താന്‍ കഴിയില്ല. നിന്റെ അവസ്ഥ നീ തന്നെ സ്വയം വാഴ്‌ത്തിയതുപോലെയാകുന്നു.)

ഈ വിഷയകമായി ഇങ്ങനെ വൈവിധ്യപൂര്‍ണമായ ദിക്‌റുകളും പ്രാര്‍ഥനകളും നബി(സ)യില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌, അവിടുന്ന്‌ എല്ലായ്‌പ്പോഴും ഒരേ ദിക്‌റല്ല ചൊല്ലിയിരുന്നത്‌ എന്നതിന്‌ തെളിവാകുന്നു. സുജൂദില്‍ പ്രാര്‍ഥന വര്‍ധിപ്പിച്ചുകൊള്ളാന്‍ നബി(സ) നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ ന്യായമായ ഏത്‌ കാര്യത്തിന്‌ വേണ്ടിയും അല്ലാഹുവോട്‌ ആത്മാര്‍ഥമായി പ്രാര്‍ഥിക്കാവുന്നതാണ്‌. എന്നാല്‍ ഐഹികനേട്ടങ്ങള്‍ക്കായി മാത്രം പ്രാര്‍ഥിക്കുന്നത്‌ വിശുദ്ധ ഖുര്‍ആനിലെ 2:200 സൂക്തത്തിലെ മാര്‍ഗനിര്‍ദേശത്തിന്‌ വിരുദ്ധമാകുന്നു. റുകൂഇലും സുജൂദിലും ദീര്‍ഘമായി ദിക്‌റുകളും പ്രാര്‍ഥനകളും ചൊല്ലുന്നത്‌ നല്ലതാണെങ്കിലും രോഗികളും വൃദ്ധരും പങ്കെടുക്കുന്ന ജമാഅത്തുകളില്‍ ഇമാമുകള്‍ റുകൂഉം സുജൂദും ഏറെ ദീര്‍ഘിപ്പിക്കരുത്‌. ഈ വിഷയകമായി നബി(സ)യുടെ പ്രത്യേക മാര്‍ഗ നിര്‍ദേശമുണ്ട്‌.

സിയാറത്തിനു വേണ്ടി ഖബ്‌ര്‍ കെട്ടിപ്പൊക്കാമോ?


അല്‍കഹ്‌ഫ്‌ സൂറത്തിലെ 21ാം സൂക്തത്തില്‍ ഖബ്‌റിന്മേല്‍ കെട്ടിടമുണ്ടാക്കുന്നതിന്‌ തെളിവുണ്ടെന്നും ഇത്‌ പാടില്ലെന്ന്‌ പറയുന്ന ഹദീസ്‌ സജ്ജനങ്ങളുടെ ഖബ്‌റിന്‌ ബാധകമല്ലെന്നും സിയാറത്ത്‌ ചെയ്യുന്നവര്‍ക്ക്‌ വെയിലും മഴയും ഏല്‌ക്കാതിരിക്കാന്‍ വേണ്ടി സാലിഹീങ്ങളുടെ ഖബ്‌റിന്‌ മേല്‍പുരയുണ്ടാക്കുന്നത്‌ പുണ്യകര്‍മമാണെന്നും ചില പണ്ഡിതന്മാര്‍ പറയുന്നു? ഈ വാദത്തിന്‌ പ്രമാണങ്ങളുടെ പിന്‍ബലമുണ്ടോ?
എം അബ്‌ദുല്‍ഗഫൂർ, നല്ലളം

ഒരു കാര്യം ഇസ്‌ലാമില്‍ നിര്‍ബന്ധമാണെന്നോ പുണ്യകരമാണെന്നോ നിഷിദ്ധമാണെന്നോ ഉള്ള മതവിധി വിശുദ്ധഖുര്‍ആനില്‍ നിന്ന്‌ നേരിട്ട്‌ കണ്ടുപിടിക്കാന്‍ നാലു ഇമാമുകളുടെ കാലശേഷമുള്ള ആര്‍ക്കും അര്‍ഹതയില്ലെന്നാണ്‌ കേരളത്തിലെ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ എക്കാലത്തും ഉറപ്പിച്ചു പറഞ്ഞു പോന്നിട്ടുള്ളത്‌. ഖുര്‍ആനില്‍ നിന്നോ നബിചര്യയില്‍ നിന്നോ ഇമാം ശാഫിഈയും ഇമാം അബൂഹനീഫയും കണ്ടെത്തിയതല്ലാത്ത യാതൊരു മതവിധിയും ഈ അടിസ്ഥാനത്തില്‍ കേരളത്തിലെ യാഥാസ്ഥിതികര്‍ സ്വീകരിക്കാന്‍ പാടില്ല. എന്നാല്‍, അല്‍കഹ്‌ഫ്‌ സൂറത്തിലെ 21ാം സൂക്തം ജാറം നിര്‍മാണം പുണ്യകരമാണെന്നതിന്‌ തെളിവാണെന്ന്‌ ഒരു മദ്‌ഹബിന്റെ ഇമാമും പറഞ്ഞിട്ടില്ല എന്നതാണ്‌ സത്യം. അങ്ങനെ ഉണ്ടെങ്കില്‍ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ അത്‌ ഉദ്ധരിക്കട്ടെ.

കേരളത്തിലെ ഏറ്റവും പ്രശസ്‌തനായ ശാഫിഈ പണ്ഡിതന്‍ ശൈഖ്‌ സൈനുദ്ദീന്‍ മഖ്‌ദൂമാണ്‌. അദ്ദേഹത്തിന്റെ സുപ്രധാന ഗ്രന്ഥമാണ്‌ ഫത്‌ഹുല്‍മുഈന്‍. ഇസ്‌ലാമിക കര്‍മശാസ്‌ത്രത്തിലെ ആധികാരിക പ്രമാണമായിട്ടാണ്‌ കേരളത്തിലെ ശാഫിഈ മദ്‌ഹബുകാരെല്ലാം ഈ ഗ്രന്ഥത്തെ കണക്കാക്കുന്നത്‌. ഖബ്‌റിന്മേല്‍ കെട്ടിടമുണ്ടാക്കല്‍ നിഷിദ്ധമാണെന്നും പൊതുസ്ഥലത്താണ്‌ കെട്ടിടമുണ്ടാക്കിയതെങ്കില്‍ അത്‌ പൊളിച്ചുനീക്കേണ്ടതാണെന്നുമാണ്‌ ശൈഖ്‌ മഖ്‌ദൂം ഈ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. സജ്ജനങ്ങളുടെ ഖബ്‌റിന്മേല്‍ കെട്ടിടമുണ്ടാക്കല്‍ അനുവദനീയമാണെന്നോ പുണ്യകരമാണെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല.

നബിചര്യയ്‌ക്ക്‌ വില കല്‌പിക്കുന്ന ആരും തള്ളിപ്പറയാത്ത ആധികാരിക ഹദീസ്‌ ഗ്രന്ഥമാണ്‌ സ്വഹീഹ്‌ മുസ്‌ലിം. ``ഖബ്‌റിന്മേല്‍ കുമ്മായമിടുന്നതും അതിന്മേല്‍ ഇരിക്കുന്നതും റസൂല്‍(സ) നിരോധിച്ചിരിക്കുന്നു'' എന്ന്‌ ജാബിര്‍(റ) എന്ന സ്വഹാബി മുഖേന ഇമാം മുസ്‌ലിമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഇമാം ശാഫിഈ കഴിഞ്ഞാല്‍ ശാഫിഈ മദ്‌ഹബില്‍ ഏറ്റവും പ്രാധാന്യം കല്‌പിക്കപ്പെടുന്ന പണ്ഡിതനാണ്‌ ഇമാം നവവി. അദ്ദേഹത്തിന്റെ രിയാദുസ്സ്വാലിഹീന്‍ എന്ന ഹദീസ്‌ സമാഹാരത്തില്‍ 348ാം അധ്യായത്തില്‍ ഈ ഹദീസ്‌ എടുത്തു ചേര്‍ത്തിട്ടുണ്ട്‌. നവവിയുടെ ഈ ഹദീസ്‌ സമാഹാരം സമസ്‌തക്കാരുടെ മദ്‌റസകളിലും പള്ളിദര്‍സുകളിലും വ്യാപകമായി പഠിപ്പിച്ചുവരുന്നുണ്ട്‌. വിദ്യാര്‍ഥികള്‍ക്ക്‌ അവര്‍ എന്തു ദുര്‍വ്യാഖ്യാനമാണ്‌ പറഞ്ഞുകൊടുക്കാറുള്ളതെന്ന്‌ `മുസ്‌ലിമി'ന്‌ അറിയില്ല.

റസൂലും(സ) ജാബിര്‍ എന്ന സ്വഹാബിയും അദ്ദേഹം ഉദ്ധരിച്ച ഹദീസ്‌ തെന്റ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ ഇമാം മുസ്‌ലിമും ആ ഹദീസ്‌ രിയാദുസ്സ്വാലിഹീന്‍ എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയ ഇമാം നവവിയുമെല്ലാം അല്‍കഹ്‌ഫിലെ 21ാം സൂക്തം അറിയുന്നവരാണ്‌. എന്നിട്ടും ഖബ്‌റിന്മേല്‍ കെട്ടിടമുണ്ടാക്കരുത്‌ എന്ന വിലക്ക്‌ ആ സൂക്തത്തിനെതിരാണെന്ന്‌ അവര്‍ക്കാര്‍ക്കും മനസ്സിലായില്ലെന്നല്ലേ സമസ്‌ത പുരോഹിതന്മാരുടെ വാദത്തിന്റെ ധ്വനി? ഖബ്‌ര്‍ സിയാറത്ത്‌ എന്ന പുണ്യകര്‍മത്തെപ്പറ്റി ധാരണയില്ലാത്തവരായിരുന്നില്ലല്ലോ റസൂലും(സ) സ്വഹാബികളും സച്ചരിതരായ പൂര്‍വികന്മാരും. സജ്ജനങ്ങളുടെ ഖബ്‌റും ദുര്‍ജനങ്ങളുടെ ഖബ്‌റും തമ്മില്‍ കെട്ടിടമുണ്ടാക്കുന്നത്‌ സംബന്ധിച്ച വിധിയുടെ കാര്യത്തില്‍ വ്യത്യാസമുണ്ടെന്ന്‌ ഇവരാരും പറഞ്ഞിട്ടില്ല.

ജമാഅത്തുകാരും ബിദ്‌അത്ത്‌ നിര്‍വചനവും

``ജമാഅത്ത്‌ മഹല്ലുകളിലും വൃത്തങ്ങളിലും ഒരുവിധ ശിര്‍ക്ക്‌ ബിദ്‌അത്തുകളും നടക്കുന്നില്ല. സലഫികള്‍ ശിര്‍ക്ക്‌ ബിദ്‌അത്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെല്ലാം അങ്ങനെത്തന്നെയാണോ എന്ന്‌ പരിശോധിക്കേണ്ടതുമുണ്ട്‌. നാലു സുന്നി മദ്‌ഹബുകളില്‍ ഏതെങ്കിലും ഒന്ന്‌ അംഗീകരിച്ച ചില ആചാരങ്ങള്‍ അപ്പടി ബിദ്‌അത്താണ്‌ എന്ന്‌ വിധി കല്‌പിക്കാന്‍ വയ്യ. റബീഉല്‍ അവ്വലില്‍ പ്രവാചകനെ അനുസ്‌മരിക്കുകയും തിരുമേനിയുടെ അധ്യാപനങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുന്ന പരിപാടികളെല്ലാം ബിദ്‌അത്താണെന്ന അഭിപ്രായം മറ്റു പലര്‍ക്കുമെന്ന പോലെ ജമാഅത്തിനുമില്ല.''

നബിദിനത്തിലെ ക്വിസ്‌ പ്രോഗ്രാം ന്യായീകരിച്ചുകൊണ്ട്‌ മാര്‍ച്ച്‌ 12ന്റെ പ്രബോധനത്തില്‍ (പേ. 30) പ്രസിദ്ധീകരിച്ചത്‌. മുസ്‌ലിമിന്റെ പ്രതികരണമെന്താണ്‌?

ഡോ. പി മുസ്‌തഫ, നീര്‍ചാല്‍, കണ്ണൂര്‍
ജമാഅത്തുകാര്‍ ശിര്‍ക്കും ബിദ്‌അത്തും ചെയ്യുന്നവരാണെന്നോ പ്രചരിപ്പിക്കുന്നവരാണെന്നോ മുജാഹിദുകള്‍ ആരോപിക്കാറില്ല. എന്നാല്‍ ശിര്‍ക്കിനും ബിദ്‌അത്തുകള്‍ക്കുമെതിരില്‍ മുജാഹിദുകള്‍ നടത്തുന്ന ബോധവത്‌കരണത്തെ, സമുദായത്തെ ഭിന്നിപ്പിക്കുന്ന നടപടിയായി ചിത്രീകരിച്ചുകൊണ്ട്‌ ജമാഅത്തുകാര്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്‌തിട്ടുണ്ട്‌. മുജാഹിദുകള്‍ രാഷ്‌ട്രീയശിര്‍ക്കില്‍ അകപ്പെട്ടിരിക്കുകയാണെന്ന്‌ സ്ഥാപിക്കാനും അവര്‍ ലേഖനങ്ങളിലൂടെ ശ്രമിച്ചിട്ടുണ്ട്‌. `മതമില്ലാത്ത ജീവന്റെ' വക്താക്കളായ ഭൗതികവാദികള്‍ക്ക്‌ നിരുപാധികം രാഷ്‌ട്രീയപിന്തുണ നല്‌കുന്നതിനെ തൗഹീദിന്റെ താല്‌പര്യമെന്നോണം അവര്‍ ന്യായീകരിച്ചിട്ടുണ്ട്‌. ജമാഅത്ത്‌ മഹല്ലുകളില്‍ യാതൊരു വിധ ബിദ്‌അത്തുകളും നടക്കുന്നില്ല എന്ന്‌ പറയുന്നതോടൊപ്പം ബിദ്‌അത്തിന്റെ നിര്‍വചനത്തില്‍ മായം കലര്‍ത്തുന്നത്‌ നെറികേടാണ്‌.

നാലു മദ്‌ഹബ്‌ ഇമാമുകളും ആ മദ്‌ഹബുകളിലെ പ്രമുഖ പണ്ഡിതന്മാരും അംഗീകരിച്ച നിലപാട്‌ ഒരു കാര്യം മതാചാരമായി സ്വീകരിക്കണമെങ്കില്‍ അത്‌ അല്ലാഹുവോ റസൂലോ(സ) പഠിപ്പിച്ചതായിരിക്കണമെന്നാണ്‌. അല്ലാഹുവോ റസൂലോ(സ) പഠിപ്പിക്കാത്ത വല്ല മതാചാരവും ആരെങ്കിലും നടപ്പാക്കിയാല്‍ അത്‌ ബിദ്‌അത്ത്‌ എന്ന നിലയില്‍ തള്ളിക്കളയേണ്ടതാണ്‌ എന്ന കാര്യത്തില്‍ മദ്‌ഹബ്‌ ഇമാമുകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. ഫത്‌ഹുല്‍മുഈന്‍ ഉള്‍പ്പെടെയുള്ള ശാഫിഈഫിഖ്‌ഹിന്റെ ഗ്രന്ഥങ്ങളില്‍ ചില നമസ്‌കാരങ്ങളും നോമ്പുകളും ബിദ്‌അത്താണെന്ന്‌ വ്യക്തമാക്കിയിട്ടുള്ളത്‌ അവയ്‌ക്ക്‌ നബിചര്യയില്‍ തെളിവില്ലാത്തതുകൊണ്ട്‌ തന്നെയാണ്‌. ഇതേ നിലപാട്‌ തന്നെയാണ്‌ ഈ വിഷയത്തില്‍ മുജാഹിദുകള്‍ക്കുള്ളത്‌. പ്രാമാണികമായ ഹദീസിനെക്കാള്‍ മദ്‌ഹബീ വീക്ഷണത്തിന്‌ മുന്‍ഗണന നല്‌കുന്ന രീതി നാലു മദ്‌ഹബിന്റെ ഇമാമുകളും അംഗീകരിച്ചിട്ടില്ല. പില്‌ക്കാലത്ത്‌ മദ്‌ഹബീ പക്ഷപാതിത്വത്തിന്‌ മുസ്‌ലിം സമൂഹത്തില്‍ വേരോട്ടമുണ്ടായപ്പോഴാണ്‌ ഇമാമിന്റെ വാക്കിന്‌ നബിവചനത്തെക്കാള്‍ പ്രാധാന്യം കല്‌പിക്കുന്ന ദുഷ്‌പ്രവണത വളര്‍ന്നുവന്നത്‌.

റബീഉല്‍അവ്വലില്‍ നബിദിനം ആചരിക്കണമെന്നോ മൗലീദ്‌ ഓതണമെന്നോ നബിദിന പ്രഭാഷണമോ ക്വിസ്സോ നടത്തണമെന്നോ നാലു ഇമാമുകളും അഭിപ്രായപ്പെട്ടിട്ടില്ല. നബി(സ) മാതൃക കാണിക്കാത്ത ഈ കാര്യങ്ങളെ മതാചാരമാക്കാന്‍ പാടില്ലെന്ന്‌ മുജാഹിദുകള്‍ പറയുന്നത്‌ പ്രബലമായ ഹദീസിന്റെയും നാലു ഇമാമുകള്‍ ഉള്‍പ്പെടെയുള്ള സച്ചരിതരായ പൂര്‍വികരുടെ നിലപാടിന്റെയും പിന്‍ബലത്തിലാണ്‌. എല്ലാതരം ബിദ്‌അത്തുകാരും കൂടി ഒരു രാഷ്‌ട്രീയ കോണ്‍ഫെഡറേഷന്‍ രൂപീകരിക്കുകയോ വോട്ടുകച്ചവടം നടത്തുകയോ ചെയ്യുക എന്ന അജണ്ട മദ്‌ഹബ്‌ ഇമാമുകളോ അവരുടെ പ്രമുഖ ശിഷ്യന്മാരോ അംഗീകരിക്കുന്നതല്ല. പ്രവാചക വ്യക്തിത്വത്തെ പരിചയപ്പെടുത്തുന്ന ക്ലാസുകളും പ്രഭാഷണങ്ങളും എല്ലാ കാലത്തും നടത്താം. അതുപോലെ തന്നെയാണ്‌ ക്വിസ്‌ പരിപാടികളും മറ്റും. അതൊക്കെ റബീഉല്‍ അവ്വലില്‍ മാത്രം അനുഷ്‌ഠിക്കുന്ന ആചാരങ്ങളാക്കുന്നതിനോടാണ്‌ വിയോജിപ്പ്‌.

മുടി പ്രവാചകന്റേതാണെന്ന്‌ ഉറപ്പുണ്ടെങ്കില്‍?


പ്രവാചകകേശത്തെക്കുറിച്ച്‌ നടക്കുന്ന ചര്‍ച്ചകളില്‍ മിക്കപ്പോഴും അതിന്റെ ആധികാരികത മാത്രമാണ്‌ ചര്‍ച്ചയാവുന്നത്‌. ആ മുടി പ്രവാചകന്റേതാണെന്നതിന്‌ തെളിവില്ല എന്ന രൂപത്തില്‍. എന്നാല്‍, അത്‌ പ്രവാചകന്റേതാണ്‌ എന്ന്‌ ഉറപ്പാണെങ്കില്‍ അതുമുഖേന ബര്‍കത്തെടുക്കുന്നതിന്‌ വിലക്കുണ്ടോ? നബിയുടെ ഉമിനീരും മറ്റും പലപ്പോഴും പല നിലയ്‌ക്കുള്ള ബര്‍കത്തുകള്‍ക്ക്‌ ഹേതുവായിട്ടുള്ളത്‌ ഹദീസുകളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടല്ലോ.
അമീന്‍ ചേന്നര, തിരൂര്‍
ഇത്‌ സംബന്ധമായി വിശദമായ ലേഖനങ്ങള്‍ ഇതിനകം ശബാബില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. രണ്ടു കാര്യങ്ങള്‍ മാത്രമേ ഈ വിഷയകമായി ഇവിടെ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ. 

ഒന്ന്‌: അല്ലാഹുവിന്‌ മാത്രമേ ബര്‍കത്ത്‌ അഥവാ അനുഗ്രഹം നല്‌കാന്‍ കഴിവുള്ളൂ. മറ്റുള്ളവര്‍ക്കോ മറ്റു വസ്‌തുക്കള്‍ക്കോ `അനുഗ്രഹദാതാവ്‌' ആകാന്‍ കഴിയില്ല. അത്തഹിയ്യാത്തിന്നു ശേഷമുള്ള സ്വലാത്തില്‍ നമ്മളൊക്കെ ചൊല്ലുന്നത്‌ അല്ലാഹുമ്മ ബാരിക്‌ അലാമുഹമ്മദ്‌ (അല്ലാഹുവേ, മുഹമ്മദ്‌ നബിയുടെ മേല്‍ നീ അനുഗ്രഹം ചൊരിയണമേ) എന്നാണല്ലോ നബി(സ)ക്കോ അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തിനോ സ്വന്തം നിലയില്‍ ബര്‍കത്ത്‌ നല്‌കാനുള്ള കഴിവുണ്ടെങ്കില്‍ ഇങ്ങനെ പ്രാര്‍ഥിക്കേണ്ട ആവശ്യമില്ലല്ലോ. അല്ലാഹു ഇഷ്‌ടപ്പെടുന്ന ഏത്‌ കാര്യം മുഖേനയും അവന്റെ അനുഗ്രഹം നമുക്ക്‌ ലഭിച്ചേക്കാം. അതിനായി അവനോട്‌ പ്രാര്‍ഥിക്കുകയും ചെയ്യാം. നബി(സ)യെ സ്‌നേഹിക്കുന്നതും അദ്ദേഹത്തിന്റെ ജീവിതമാതൃക പിന്തുടരുന്നതും അല്ലാഹു ഇഷ്‌ടപ്പെടുമെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌ വ്യക്തമാകുന്നു. അതിനാല്‍ അത്‌ മുഖേന അല്ലാഹുവിന്റെ ബര്‍കത്ത്‌ നമുക്ക്‌ ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കാം. നബി(സ)യെ സ്‌നേഹിക്കേണ്ടത്‌ എങ്ങനെയെന്ന്‌ വ്യക്തമാക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളും പ്രാമാണികമായ ഹദീസുകളും ഉണ്ട്‌. അതിലൊന്നും അദ്ദേഹത്തിന്റെ മുടിയിട്ട വെള്ളം കുടിക്കുകയോ ശരീരത്തില്‍ പുരട്ടുകയോ ചെയ്‌തുകൊണ്ടാണ്‌ സ്‌നേഹം പ്രകടിപ്പിക്കേണ്ടതെന്ന്‌ പറഞ്ഞിട്ടില്ല.

രണ്ട്: നബി(സ)യെ സ്വന്തത്തേക്കാളേറെ സ്‌നേഹിച്ചവരായിരുന്നു സ്വഹാബികൾ; വിശിഷ്യാ സച്ചരിതരായ ഖലീഫമാർ‍. അവരാരും അദ്ദേഹത്തിന്റെ മുടിയിഴകളെ സ്‌നേഹപ്രകടനത്തിനുള്ള ഉപാധിയോ ഉപകരണമോ വരുമാനമാര്‍ഗമോ ആക്കിയിട്ടില്ല. അവരാരും മുടിപ്പള്ളികള്‍ ഉണ്ടാക്കിയിട്ടില്ല. നബി(സ) ധാരാളമായി നമസ്‌കരിച്ച മക്കയിലെ മസ്‌ജിദുല്‍ ഹറമിലോ മദീനയിലെ മസ്‌ജിദുന്നബവിയിലോ മഹാന്മാരായ ഖലീഫമാര്‍ ഒരിക്കലും തിരുകേശം പ്രതിഷ്‌ഠിച്ചിട്ടില്ല. ഹജ്ജിനും ഉംറയ്‌ക്കും സിയാറത്തിനും വരുന്ന ദശലക്ഷക്കണക്കിലാളുകള്‍ക്ക്‌ ഓരോ മുടിവെള്ളക്കുപ്പി വില്‌ക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നെങ്കില്‍ ഭരണാധികാരികള്‍ക്കും ഇമാമുകള്‍ക്കും കോടാനുകോടി ദിര്‍ഹമുകളും ദീനാറുകളും സമ്പാദിക്കാമായിരുന്നു. വികസന പദ്ധതികള്‍ക്ക്‌ ആ പണം ഉപയോഗപ്പെടുത്താനുള്ള വിപുലമായ സാധ്യതയുണ്ടായിരുന്നു. ഇക്കാലം വരെയും മുസ്‌ലിം സമൂഹത്തിന്റെ സാരഥികള്‍ അങ്ങനെയൊരു കേശചൂഷണത്തിന്‌ മുതിരാതിരുന്നത്‌ അത്‌ ഇസ്‌ലാമിന്റെ അടിസ്ഥാന പാഠങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ ബോധ്യമുണ്ടായതുകൊണ്ടാണ്‌. സച്ചരിതരായ നാലു ഖലീഫമാരുടെ കാലത്തും അവര്‍ക്ക്‌ ശേഷം അധികാരത്തില്‍ വന്ന ബനൂഉമയ്യാ-അബ്ബാസിയാ ഖിലാഫത്തുകളുടെ കാലത്തും ബസറ, കൂഫ, ബഗ്‌ദാദ്‌, ഡമസ്‌കസ്‌ തുടങ്ങിയ നഗരങ്ങളിലും മറ്റും ധാരാളം പള്ളികള്‍ സ്ഥാപിക്കപ്പെടുകയുണ്ടായി. അവിടെയൊന്നും മുടി പ്രതിഷ്‌ഠയോ മുടിവെള്ള വില്‌പനയോ നടന്നിട്ടില്ല.

കന്നിമൂല


നിര്‍മാണത്തിലിരിക്കുന്ന എന്റെ വീടിന്റെ കന്നിമൂല എന്ന പ്രത്യേക ഭാഗത്ത്‌ മാലിന്യക്കുഴി എടുക്കാന്‍ പണിക്കാര്‍ തയ്യാറാവുന്നില്ല. കന്നിമൂലയ്‌ക്ക്‌ ഇസ്‌ലാമിക പ്രമാണവുമായി എന്തെങ്കിലും ബന്ധമുണ്ടോ?
എന്‍ എച്ച്‌ കല്ലുരുട്ടി

ഇസ്‌ലാമിക ദൃഷ്‌ട്യാ എല്ലാ മൂലയും അല്ലാഹുവിന്റെ ഭൂമിയുടെ ഭാഗമാണ്‌. കന്നിമൂലയില്‍ മാലിന്യക്കുഴി ഉണ്ടാക്കിയാല്‍ അല്ലാഹു ശിക്ഷിക്കുമെന്ന്‌ അല്ലാഹുവോ റസൂലോ(സ) പറഞ്ഞിട്ടില്ല. മറ്റാരെങ്കിലും അഭൗതികമായ ശിക്ഷയോ ഉപദ്രവമോ ഏല്‌പിക്കുമെന്ന്‌ വിശ്വസിക്കുന്നത്‌ ഏകദൈവവിശ്വാസത്തിന്‌ തികച്ചും വിരുദ്ധമാണ്‌. നിങ്ങളുടെ പണിക്കാര്‍ക്ക്‌ ഈ വിഷയത്തില്‍ വല്ല ഭയവും ഉണ്ടെങ്കില്‍ ഭയമില്ലാത്ത വല്ലവരെയും വിളിച്ചു പണിയെടുപ്പിക്കുക.
മാലിന്യക്കുഴിയുണ്ടാക്കുമ്പോള്‍ പരിഗണിക്കേണ്ട പ്രധാന വിഷയം സ്വന്തം കിണറിലെയോ അയല്‍ക്കാരുടെ കിണറിലെയോ വെള്ളം അതു നിമിത്തം മലിനമായിത്തീരുമോ എന്നതാണ്‌. അങ്ങനെ സംഭവിക്കാന്‍ ഇടയാകുന്ന വിധത്തില്‍ മാലിന്യക്കുഴി ഉണ്ടാക്കരുത്‌. കുഴി നിറഞ്ഞൊഴുകി ദുര്‍ഗന്ധം കൊണ്ട്‌ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. വിശിഷ്യാ കുഴി വീട്ടിന്റെ മുന്‍ഭാഗത്താണെങ്കില്‍.

എന്താണ്‌ മീലാദ്‌ ആഘോഷത്തിലെ തെറ്റ്‌?

     
എന്തുകൊണ്ടാണ്‌ മീലാദ്‌ ആഘോഷം തെറ്റാണെന്ന്‌ മുജാഹിദുകള്‍ വാദിക്കുന്നത്‌? ഒരാള്‍ തനിക്കുള്ളതിലേറ്റവും കൂടുതല്‍ സ്‌നേഹിക്കേണ്ടത്‌ അല്ലാഹുവിന്റെ റസൂലിനെയാണെന്ന്‌ പ്രവാചകവചനത്തില്‍ തന്നെ ഉണ്ടല്ലോ. പിന്നെ എങ്ങനെയാണ്‌ മീലാദ്‌ ആഘോഷം തെറ്റാവുന്നത്‌?

എന്‍ അബ്‌ദുസ്സലാം എടക്കര

സ്വന്തത്തെക്കാള്‍ പ്രവാചകനെ സ്‌നേഹിച്ചവരായിരുന്നു അദ്ദേഹത്തിന്റെ അനുചരന്മാരായ സ്വഹാബികള്‍. അവരാരും മീലാദ്‌ അഥവാ പ്രവാചക ജന്മദിനം ആഘോഷിച്ചിട്ടില്ല. ഹദീസ്‌ ഗ്രന്ഥങ്ങളിലോ പ്രാമാണികമായ ചരിത്രഗ്രന്ഥങ്ങളിലോ സ്വഹാബികള്‍ മീലാദ്‌ ആഘോഷിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. നബി(സ) സ്വന്തം ജന്മദിനം ആഘോഷിച്ചതായും ഇസ്‌ലാമിക പ്രമാണങ്ങളിലൊന്നും കാണുന്നില്ല. റബീഉല്‍ അവ്വല്‍ മാസത്തിനോ ആ മാസത്തിലെ പന്ത്രണ്ടാം തിയ്യതിക്കോ ഇസ്‌ലാമില്‍ പ്രത്യേക മഹത്വമുണ്ടെന്ന്‌ അല്ലാഹുവോ റസൂലോ(സ) വ്യക്തമാക്കിയിട്ടില്ല. നബി(സ)യുടെയും സ്വഹാബികളുടെയും ജീവിതത്തില്‍ റബീഉല്‍ അവ്വല്‍ 12 എന്ന തിയ്യതി പല പ്രാവശ്യം കഴിഞ്ഞുപോയിട്ടുണ്ട്‌. അവരാരും അന്ന്‌ മൗലൂദ്‌ ഓതുകയോ ഓതിക്കുകയോ വിരുന്നൊരുക്കുകയോ ജാഥ നടത്തുകയോ ദഫ്‌ മുട്ടി തുള്ളുകയോ പള്ളികള്‍ അലങ്കരിക്കുകയോ ചെയ്‌തിട്ടില്ല.

മതാചാരങ്ങളുടെ കാര്യത്തില്‍ ഇസ്‌ലാമിക നിലപാടെന്താണെന്ന്‌ നബി(സ) സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്‌. ``നമ്മുടെ ഈ കാര്യത്തില്‍ (ഇസ്‌ലാമില്‍) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി കൂട്ടിച്ചേര്‍ത്താല്‍ അത്‌ തള്ളിക്കളയേണ്ടതാണ്‌'' എന്നാണ്‌ അവിടുന്ന്‌ പറഞ്ഞത്‌. സമസ്‌തക്കാരായ ചില പണ്ഡിതന്മാര്‍ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്‌, സച്ചരിതരായ പൂര്‍വികരുടെ കാലത്തൊന്നും നബിദിനാഘോഷം ഉണ്ടായിരുന്നില്ലെന്ന്‌. സ്വഹാബികളും അവരുടെ അടുത്ത തലമുറകളും നബിദിനാഘോഷം നടത്താതിരുന്നത്‌ പ്രവാചക സ്‌നേഹം പ്രകടിപ്പിക്കാനുള്ള മാര്‍ഗം അനാചാരങ്ങള്‍ ഉണ്ടാക്കലല്ല എന്ന്‌ അവര്‍ക്ക്‌ ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ്‌.

മക്കയിലെ മസ്‌ജിദുല്‍ ഹറാമിലോ മദീനയിലെ മസ്‌ജിദുന്നബവിയിലോ മൗലൂദ്‌ പാരായണം എന്നൊരു ആചാരം റബീഉല്‍ അവ്വലിലോ മറ്റു മാസങ്ങളിലോ നിര്‍വഹിക്കപ്പെടുന്നില്ല. അത്‌ യഥാര്‍ഥ ഇസ്‌ലാമികാചാരമാണെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ പള്ളികളില്‍ അത്‌ നിര്‍വഹിക്കപ്പെടാതിരിക്കുകയില്ലല്ലോ. പ്രമുഖ ഇസ്‌ലാമിക ഗ്രന്ഥങ്ങളിലൊന്നും ഇസ്‌ലാമിലെ ആരാധനാകര്‍മങ്ങള്‍ വിവരിക്കുന്ന കൂട്ടത്തില്‍ നബിദിനാഘോഷം എന്നൊരു ഇബാദത്തിനെ സംബന്ധിച്ച്‌ പരാമര്‍ശിച്ചിട്ടേയില്ല എന്ന കാര്യവും പ്രസ്‌താവ്യമാകുന്നു.
പ്രവാചകനോട്‌ സ്‌നേഹമുള്ളവര്‍ ചെയ്യേണ്ടത്‌ അദ്ദേഹം കൊണ്ടുവന്ന സത്യമതം അതേപടി, യാതൊന്നും കൂട്ടുകയോ കുറയ്‌ക്കുകയോ ചെയ്യാതെ സ്വീകരിക്കുകയും പിന്തുടരുകയുമാണ്‌. അല്ലാഹുവോ റസൂലോ(സ) പഠിപ്പിക്കാത്ത ആചാരങ്ങള്‍ മതത്തില്‍ കൂട്ടിച്ചേര്‍ക്കുന്നവര്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത്‌ റസൂല്‍(സ) കൊണ്ടുവന്ന മതത്തില്‍ പോരായ്‌മയുണ്ടെന്ന്‌ പരോക്ഷമായി സ്ഥാപിക്കുകയാണ്‌. അത്‌ റസൂലി(സ)നെ അപമാനിക്കലാണ്‌.

എന്തുകൊണ്ട്‌ നബിദിനാഘോഷത്തെ മാത്രം എതിര്‍ക്കുന്നു?


ഇസ്‌ലാമില്‍ രണ്ട്‌ ആഘോഷം മാത്രമേയുള്ളൂ (ബലിപെരുന്നാള്‍, ചെറിയ പെരുന്നാള്‍). എന്നാല്‍ ഇസ്‌ലാമിക സമൂഹത്തില്‍, വിവാഹം, പുതുവത്‌സരം, കുട്ടിയുടെ ജനനം, ഓണനാളുകള്‍, ക്രിസ്‌തുമസ്‌ തുടങ്ങിയവ ആഘോഷിക്കപ്പെടാറുണ്ട്‌. എന്നാല്‍ ഇതിനെ ആരും നിഷിദ്ധമെന്ന്‌ പറയാറുമില്ല. എന്നാല്‍ നബിദിനാഘോഷത്തെ മുജാഹിദുകള്‍ എതിര്‍ക്കുന്നു. മേല്‌പറഞ്ഞ ആഘോഷങ്ങള്‍ ആവാമെങ്കില്‍ നബിദിനാഘോഷവും കൊണ്ടാടുന്നതില്‍ എന്താണ്‌ തെറ്റ്‌?
സ്വാലിഹ്‌ ഈരാറ്റുപേട്ട

മുസ്‌ലിം സമൂഹത്തില്‍ എക്കാലത്തും ആദര്‍ശപ്രതിബദ്ധതയുള്ളവരും ഇല്ലാത്തവരും ഉണ്ടായിട്ടുണ്ട്‌. ആദര്‍ശ പ്രതിബദ്ധതയുള്ളവര്‍ ആഘോഷം ഉള്‍പ്പെടെ ഏത്‌ കാര്യം ചെയ്യുമ്പോഴും അത്‌ അല്ലാഹുവും റസൂലും (സ) അനുവദിച്ചതാണോ എന്ന്‌ നോക്കണം. വിവാഹം അല്‌പമൊക്കെ ആഘോഷമായി നടത്തുന്ന സമ്പ്രദായം നബി(സ)യുടെ കാലത്തും ഉണ്ടായിരുന്നു. ധൂര്‍ത്ത്‌, പൊങ്ങച്ചം തുടങ്ങിയ വിലക്കപ്പെട്ട കാര്യങ്ങള്‍ വര്‍ജിച്ചുകൊണ്ടാവണം വിവാഹാഘോഷം. ക്രിസ്‌തുമസും ഓണവും ഓരോ വിഭാഗങ്ങളുടെ മതപരമായ ആഘോഷങ്ങളാണ്‌. മുസ്‌ലിംകള്‍ ഇസ്‌ലാമികമല്ലാത്ത മതാഘോഷങ്ങളൊന്നും നടത്താന്‍ പാടില്ല.

കുട്ടികളുടെ ജനനവും കൊല്ലങ്ങളുടെ മാറ്റവും നബി(സ)യുടെ കാലത്തും ഉണ്ടായിരുന്നല്ലോ. എന്നാല്‍ അദ്ദേഹമോ അനുചരന്മാരോ ഒരു കുഞ്ഞിന്റെയും ജന്മദിനം ആഘോഷിച്ചിട്ടില്ല. ചാന്ദ്രവര്‍ഷത്തിന്റെയോ സൗരവര്‍ഷത്തിന്റെയോ ആരംഭം ഉത്‌സവമാക്കിയിട്ടുമില്ല. നമ്മുടെ സച്ചരിതരായ പൂര്‍വികര്‍ ഈ ആഘോഷങ്ങള്‍ വേണ്ടെന്ന്‌ വെച്ചത്‌ ഇസ്‌ലാമിക സംസ്‌കാരത്തില്‍ അവയ്‌ക്ക്‌ സ്ഥാനമില്ലാത്തതുകൊണ്ടാണ്‌. ആദര്‍ശപ്രതിബദ്ധതയില്ലാത്തവര്‍ പല ആഘോഷങ്ങള്‍ നടത്തും. അതുകൊണ്ട്‌ അവയ്‌ക്ക്‌ ഇസ്‌ലാമികമായ സാധുത കൈവരുകയില്ല.

എന്നാല്‍ അല്ലാഹുവും റസൂലും(സ) പഠിപ്പിക്കാത്ത ഒരു കാര്യം മതപരമായ പുണ്യകര്‍മം എന്ന നിലയില്‍ ആചരിക്കുന്നതും മതത്തിന്റെ ഭാഗം എന്ന നിലയിലല്ലാതെ ഒരു ആഘോഷം നടത്തുന്നതും തമ്മില്‍ വ്യത്യാസമുണ്ട്‌. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെയോ വ്യാപാര സ്ഥാപനത്തിന്റെയോ വാര്‍ഷികം ആഘോഷിക്കുന്നത്‌ ഒരു മതാനുഷ്‌ഠാനം എന്ന നിലയിലല്ലാത്തതിനാല്‍ നിഷിദ്ധമാണെന്ന്‌ പറയാവുന്നതല്ല. ഈസാനബി(അ)യുടെയും മുഹമ്മദ്‌ നബി(സ)യുടെയും ജന്മദിനം ആഘോഷിക്കുന്നത്‌ മതാനുഷ്‌ഠാനം എന്ന നിലയിലാണ്‌. ഇങ്ങനെയൊരു ആഘോഷം നടത്താന്‍ അല്ലാഹുവോ ഈ പ്രവാചകന്മാരോ കല്‌പിച്ചിട്ടില്ല. അതിനാല്‍ ഈ ആഘോഷം മതത്തില്‍ മാതൃകയില്ലാത്ത നൂതനാചാരം അഥവാ ബിദ്‌അത്ത്‌ എന്ന നിലയില്‍ നിഷിദ്ധമാകുന്നു.

പ്രവാചകസ്‌നേഹം ശരിയായ ദിശയില്‍


``എന്താണ്‌ സ്‌നേഹത്തിന്റെ ലക്ഷണം. പ്രവാചക സ്‌നേഹത്തിന്റെ പ്രഥമ ലക്ഷണം അനുസരണവും അനുകരണവുമാണ്‌. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: നബീ, പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ അനുഗമിക്കുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കും. അപ്പോള്‍ നബിചര്യ ജീവിതത്തില്‍ പകര്‍ത്തണം. മനോധര്‍മങ്ങളില്‍ നബിയെ അനുകരിക്കണം. അതാണ്‌ സ്‌നേഹത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷണം. തിരുനബി അനസുബ്‌നു മാലിക്‌ എന്ന ശിഷ്യനു നല്‌കിയ ഉപദേശം കാണുക: കുഞ്ഞുമകനേ, നിന്റെ മനസ്സില്‍ ഒരാളോടും അസൂയയും പകയുമില്ലാതെ പ്രഭാതത്തെയും പ്രദോഷത്തെയും അഭിമുഖീകരിക്കാന്‍ ശ്രമിക്കുക. അതെന്റെ ചര്യയില്‍ പെട്ടതാണ്‌. എന്റെ ചര്യ വല്ലവനും ജീവിപ്പിച്ചാല്‍ അവന്‍ എന്നെ സ്‌നേഹിച്ചു. എന്നെ ആരെങ്കിലും സ്‌നേഹിച്ചാല്‍ അവന്‍ എന്നോടൊപ്പം സ്വര്‍ഗത്തിലായി.'' -കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ലേഖനത്തില്‍ നിന്ന്‌ (മാധ്യമം -2010 ഫെബ്രുവരി 15)

നബിചര്യ പിന്‍പറ്റലാണ്‌ പ്രവാചകസ്‌നേഹമെങ്കില്‍ ഇന്ന്‌ സുന്നികള്‍ അനുഷ്‌ഠിക്കുന്ന നബിദിനമടക്കമുള്ള പല ആചാരങ്ങളും മാറ്റേണ്ടതല്ലേ?

പി അലി അബ്‌ദുര്‍റസ്സാഖ്‌ ഓമശ്ശേരി

പ്രവാചക സ്‌നേഹത്തിന്റെ പ്രഥമ ലക്ഷണം അനുസരണമാണെന്ന്‌ എഴുതിയതിനോട്‌ നീതി പുലര്‍ത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഈ മുസ്‌ലിയാരും അനുയായികളും ഒന്നാമതായി ചെയ്യേണ്ടത്‌ നബിദിനാഘോഷം എന്ന അനാചാരം അവസാനിപ്പിക്കുകയാണ്‌. താന്‍ പഠിപ്പിച്ച മതത്തിലുള്ളതല്ലാത്ത ഏത്‌ നൂതന ആചാരവും തള്ളിക്കളയണമെന്ന്‌ നബി(സ) കല്‌പിച്ചത്‌ അനുസരിച്ചുകൊണ്ടാണ്‌ സുന്നികളെന്ന്‌ അവകാശപ്പെടുന്നവര്‍ അദ്ദേഹത്തോട്‌ സ്‌നേഹം പ്രകടിപ്പിക്കേണ്ടത്‌. പ്രഥമ ലക്ഷണമായ അനുസരണം ഒഴിവാക്കിക്കൊണ്ടാണ്‌ പ്രവാചക സ്‌നേഹം പ്രകടിപ്പിക്കുന്നതെങ്കില്‍ അത്‌ ഒരു ലക്ഷണം കെട്ട ആചാരമേ ആവുകയുള്ളൂ.

അനുസരണത്തെക്കാള്‍ പുണ്യകരം സ്‌നേഹപ്രകടനമോ?

പ്രവാചകനെ അനുസരിക്കുന്നതിനെക്കാള്‍ പുണ്യം സ്‌നേഹപ്രകടനം നടത്തുന്നതിലാണെന്ന്‌ ഈയിടെ ഒരു സുന്നി പണ്ഡിതന്‍ പ്രസംഗിക്കുകയുണ്ടായി. അദ്ദേഹം ഉദാഹരിച്ചത്‌ ഇങ്ങനെ: ``മുതലാളിയെ അനുസരിക്കുന്ന ഒരു തൊഴിലാളിക്ക്‌ മുതലാളിയോട്‌ സ്‌നേഹമുണ്ടായിക്കൊള്ളണമെന്നില്ല. ഒരാള്‍ പ്രവാചകനോട്‌ പറഞ്ഞു: ഞാന്‍ ആരാധനകളൊന്നും ചെയ്‌തിട്ടില്ല. പക്ഷേ, അങ്ങയെ അതിരറ്റ്‌ സ്‌നേഹിക്കുന്നു. അപ്പോള്‍ പ്രവാചകന്‍ ചിരിക്കുകയും സന്തോഷിക്കുകയും ചെയ്‌തു. ഇതില്‍ നിന്നും സ്‌നേഹം മാത്രം മതിയെന്നല്ലേ മനസ്സിലാകുന്നത്‌. ഒരാള്‍ ഇസ്‌ലാം മതം സ്വീകരിക്കാതെ തന്നെ നബിയെ സ്‌നേഹിച്ചത്‌ കൊണ്ടു മാത്രം സ്വര്‍ഗത്തില്‍ പ്രവേശിച്ചിട്ടുണ്ട്‌. മൗലിദുകള്‍ പള്ളികളില്‍ നിന്നും വീടുകളില്‍ നിന്നും ചൊല്ലിക്കണമെന്ന്‌ ഇമാം സുയൂത്വി ലോകത്തിന്‌ പഠിപ്പിച്ചതാണ്‌. അങ്ങനെയുള്ള നബിദിനാഘോഷങ്ങളും മൗലിദുകളും മുജാഹിദുകള്‍ എതിര്‍ക്കുന്നതില്‍ യാതൊരര്‍ഥവുമില്ല.''

മന്‍ കാല ലാഇലാഹ ഇല്ലല്ലാഹ്‌ ദഖലല്‍ ജന്നഃ (ഒരാള്‍ അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന്‌ പറഞ്ഞാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു) എന്ന അബീഹുറയ്‌റയുടെ ഹദീസ്‌ കേട്ടവര്‍ എല്ലാ അമലും നിര്‍ത്തി ദിക്‌ര്‍ മാത്രം ചൊല്ലുന്നതില്‍ വ്യാപൃതരായതുപോലെ, ഉത്തമ സമുദായം എല്ലാ അമലുകളും നിര്‍ത്തി നബിദിനാഘോഷവും മൗലീദും മാത്രം കെങ്കേമമായി നടത്തുന്ന അവ സ്ഥ വന്നേക്കുമോ എന്ന്‌ ഭയപ്പെടുന്നു. മുസ്‌ലിം എന്തുപറയുന്നു?

എം എ അഹ്‌മദ്‌ തൃക്കരിപ്പൂര്‍

പ്രവാചക തിരുമേനി(സ)യെ മറ്റെല്ലാ മനുഷ്യരെക്കാളും ഉപരിയായി സ്‌നേഹിക്കുകയും അദ്ദേഹത്തിന്റെ കല്‌പനകള്‍ പൂര്‍ണമായി അനുസരിക്കുകയും ചെയ്യണമെന്നാണ്‌ വിശുദ്ധ ഖുര്‍ആനില്‍ നിന്നും പ്രാമാണികമായ ഹദീസുകളില്‍ നിന്നും സംശയാതീതമായി തെളിയുന്നത്‌. താന്‍ സ്‌നേഹിക്കുകയോ ബഹുമാനിക്കുകയോ ചെയ്യാത്ത മുതലാളിയുടെ കല്‌പന ഒരാള്‍ പണത്തിന്‌ വേണ്ടി അനുസരിക്കുന്നതു പോലെ നബി(സ)യെ അനുസരിച്ചാല്‍ പോരാ എന്ന കാര്യവും സംശയാതീതമാകുന്നു. പറയുന്നത്‌ അനുസരിക്കാതെ കുറെ സ്‌നേഹപ്രകടനം മാത്രം നടത്തുന്ന തൊഴിലാളിക്ക്‌ യാഥാര്‍ഥ്യബോധമുള്ള ഒരു മുതലാളിയും ശമ്പളം കൊടുക്കുകയില്ല.

``നിങ്ങള്‍ അല്ലാഹുവെയും റസൂലി(സ)നെയും അനുസരിക്കണം'' എന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 3:32, 3:132, 4:59, 5:92, 8:1, 8:20, 8:46, 24:54, 33:33, 47:33, 58:13, 64:12 എന്നീ ആയത്തുകളില്‍ അല്ലാഹു കല്‌പിച്ചിട്ടുണ്ട്‌. `അനുസരിച്ചില്ലെങ്കിലും ദോഷമില്ല; സ്‌നേഹിച്ചാല്‍ മതി' എന്ന്‌ ഒരു ആയത്തിലും പറഞ്ഞിട്ടില്ല. പ്രാമാണികമായ യാതൊരു ഹദീസിലും അങ്ങനെ പറഞ്ഞിട്ടില്ല. അല്ലാഹുവും റസൂലും(സ) കല്‌പിച്ച നമസ്‌കാരം, സകാത്ത്‌, നോമ്പ്‌, ഹജ്ജ്‌ തുടങ്ങിയ ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ അവസരവും സൗകര്യവും ലഭിച്ചിട്ടും അതൊന്നും ചെയ്യാതെ കേവലം സ്‌നേഹപ്രകടനം കൊണ്ട്‌ മതിയാക്കിയ ആരും സ്വഹാബികളുടെ കൂട്ടത്തിലുണ്ടായിരുന്നില്ല; കപടന്മാരല്ലാതെ.

അല്ലാഹുവെ സ്‌നേഹിക്കുന്ന ആളുകള്‍ പ്രവാചകന്റെ മാര്‍ഗനിര്‍ദേശം പിന്തുടരണമെന്നാണ്‌ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. ``(നബിയേ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ'' (വി.ഖു. 3:31). അല്ലാഹുവെയും റസൂലി(സ)നെയും അനുസരിക്കാത്തവരെ അല്ലാഹു ഇഷ്‌ടപ്പെടുകയില്ലെന്നാണ്‌ അടുത്ത സൂക്തത്തില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ``പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കണം. ഇനി അവര്‍ പിന്തിരിഞ്ഞു കളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്‌നേഹിക്കുകയില്ല, തീര്‍ച്ച.'' (വി.ഖു 3:32)

``തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ വിശ്വസ്‌തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യണം'' എന്ന്‌ നൂഹ്‌, ഹൂദ്‌, സ്വാലിഹ്‌, ലൂത്വ്‌, ശുഐബ്‌(അ) എന്നീ പ്രവാചകന്മാര്‍ അവരുടെ ജനതയെ ആഹ്വാനം ചെയ്‌തതായി വിശുദ്ധ ഖുര്‍ആനിലെ 26:107, 108, 125, 126, 143, 144, 163, 164, 178, 179 എന്നീ സൂക്തങ്ങളില്‍ കാണാം. `അനുസരണം അത്യാവശ്യമല്ല; സ്‌നേഹമാണ്‌ പരമ പ്രധാനം' എന്ന്‌ ഏതെങ്കിലും പ്രവാചകന്‍ പഠിപ്പിച്ചതായി വിശുദ്ധ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസുകളിലോ കാണുന്നില്ല. `അല്ലാഹുവെയും റസൂലി(സ)നെയും ഞാന്‍ അതിരറ്റ്‌ സ്‌നേഹിക്കുന്നു; എന്നാല്‍ ഞാന്‍ അവരെ അനുസരിക്കുകയില്ല' എന്ന്‌ ഒരാള്‍ പറഞ്ഞാല്‍ അനേകം ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌ ആ വാക്ക്‌. സ്‌നേഹത്തിന്റെ താല്‌പര്യം അനുസരണക്കേടാവുക എന്നത്‌ വിരോധാഭാസവുമാണ്‌. അല്ലാഹുവോടുള്ള പ്രേമം മൂത്തിട്ട്‌ റമദാന്‍ മാസത്തില്‍ പകല്‍ സമയത്ത്‌ പരസ്യമായി ചായ കഴിക്കുന്നത്‌ ഒരു തരം സൂഫിപ്പിരാന്താണ്‌.

നബി(സ)യോട്‌ സംസാരിച്ചിരുന്ന സ്വഹാബികളുടെ കൂട്ടത്തില്‍ അല്‌പം മുമ്പ്‌ മാത്രം ഇസ്‌ലാം സ്വീകരിച്ചവരുണ്ടാകും. അവര്‍ക്ക്‌ നിര്‍ബന്ധമോ പുണ്യകരമോ ആയ ആരാധനാകര്‍മങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ അവസരം ലഭിച്ചിട്ടുണ്ടാവില്ല. എന്നാല്‍ അല്ലാഹുവോടും റസൂലി(സ)നോടും അവരുടെ മനസ്സില്‍ നിഷ്‌കളങ്കമായ സ്‌നേഹമുണ്ടാകും. അതവര്‍ പ്രകടിപ്പിക്കുക സ്വാഭാവികമാണ്‌. അതില്‍ നബി(സ) സന്തോഷം പ്രകടിപ്പിച്ചു എന്നത്‌, ബോധപൂര്‍വം നമസ്‌കാരവും സകാത്തും നോമ്പും വിട്ടുകളഞ്ഞാലും ദോഷമില്ല; പ്രവാചകസ്‌നേഹമുണ്ടായാല്‍ മതി എന്ന്‌ പറയാന്‍ മതിയായ ന്യായമല്ല. `അനുസരണം കെട്ട സ്‌നേഹക്കാര്‍' എന്നൊരു വിഭാഗം സ്വഹാബികളുടെ കൂട്ടത്തില്‍ ഉണ്ടായിട്ടേയില്ല. മുസ്‌ലിംകളെ മുഴുവന്‍ ആ പരുവത്തിലാക്കാനാണ്‌ കുറെ പുരോഹിതന്മാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്‌.

നബി എന്ന സ്ഥാനം ലഭിച്ചത്‌ തന്നെ അല്ലാഹു സത്യദീന്‍ പഠിപ്പിക്കാന്‍ നിയോഗിച്ചതുകൊണ്ടാണ്‌. അതിനാല്‍ ദീന്‍ സ്വീകരിക്കാതെ മുഹമ്മദ്‌ നബി(സ) എന്ന വ്യക്തിയെ സ്‌നേഹിച്ചാല്‍ അത്‌ പ്രവാചക സ്‌നേഹത്തിന്റെ വകുപ്പില്‍ തന്നെ ഉള്‍പ്പെടുകയില്ല. പ്രവാചകത്വം എന്ന ആശയം അംഗീകരിച്ചുകൊണ്ട്‌ സ്‌നേഹിച്ചാലേ അത്‌ പ്രവാചക സ്‌നേഹമാവുകയുള്ളൂ. പ്രവാചകത്വം അംഗീകരിക്കുന്നതിന്റെ അനിവാര്യ താല്‌പര്യമാണ്‌ പ്രവാചകന്‍ കൊണ്ടുവന്ന സത്യമതം അംഗീകരിക്കല്‍. ഇസ്‌ലാം സ്വീകരിക്കാതെ സ്‌നേഹം കൊണ്ട്‌ മാത്രം സ്വര്‍ഗാവകാശിയായത്‌ ആരാണെന്നും അതിനുള്ള തെളിവ്‌ എന്താണെന്നും ആ പണ്ഡിതന്‍ തന്നെ വ്യക്തമാക്കട്ടെ. നബി(സ)യെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്‌ത പിതൃവ്യന്‍ അ ബൂത്വാലിബ്‌ സത്യമതം സ്വീകരിക്കാത്തതുകൊണ്ട്‌ നരകാവകാശിയായിത്തീര്‍ന്നുവെന്നാണ്‌ പ്രാമാണികമായ ഹദീസുകളില്‍ നിന്ന്‌ തെളിയുന്നത്‌.

നാലിലൊരു ഇമാമിന്റെ മദ്‌ഹബ്‌ സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്നാണല്ലോ സമസ്‌തക്കാരുടെ സിദ്ധാന്തം. എന്നാല്‍ പള്ളികളിലോ വീടുകളിലോ മൗലീദ്‌ ചൊല്ലണമെന്ന്‌ നാലു ഇമാമുകളില്‍ ഒരാള്‍ പോലും അഭിപ്രായപ്പെട്ടിട്ടില്ല. അല്ലാഹുവും റസൂലും നാലു ഇമാമുകളും ഫര്‍ദാണെന്നോ സുന്നത്താണെന്നോ പഠിപ്പിക്കാത്ത മൗലിദിനെപ്പറ്റി സുയൂത്വി വല്ലതും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്‌ ഇസ്‌ലാമികമായ യാതൊരു പ്രാമാണികതയുമില്ല. കേരളത്തിലെ പ്രശസ്‌ത പണ്ഡിതന്‍ സൈനുദ്ദീന്‍ മഖദൂം അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലൊന്നും മൗലീദ്‌ ചൊല്ലല്‍ പുണ്യകര്‍മമാണെന്ന്‌ രേഖപ്പെടുത്തിയിട്ടില്ല എന്ന കാര്യവും പ്രസ്‌താവ്യമാകുന്നു.

ലാഇലാഹ ഇല്ലല്ലാഹ്‌ സംബന്ധിച്ച ഹദീസ്‌ അബൂഹുറയ്‌റ പറഞ്ഞുണ്ടാക്കിയതല്ല, മുഹമ്മദ്‌ നബി(സ) പ്രസ്‌താവിച്ചതാണ്‌. യാന്ത്രികമായി ദിക്‌റ്‌ ഉരുവിടുന്നതിനെ സംബന്ധിച്ചല്ല ആ ഹദീസിലെ പരാമര്‍ശം. അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ല എന്ന ആദര്‍ശ പ്രഖ്യാപനമാണ്‌ ഏതൊരാളെയും സ്വര്‍ഗാവകാശിയാക്കിത്തീര്‍ക്കുന്ന നിര്‍ണായക വിഷയം എന്നത്രെ അതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. ഒരാള്‍ ആദര്‍ശ പ്രഖ്യാപനം നടത്തിയ ഉടനെ മരിച്ചുപോയാല്‍ അയാള്‍ സ്വര്‍ഗാവകാശിയാകും. നിര്‍ബന്ധ ആരാധനകളും സല്‍കര്‍മങ്ങളും ചെയ്യാന്‍ അവസരം ലഭിച്ചിട്ടും ചെയ്യാത്ത ആള്‍ മാത്രമേ അതിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടാനോ ശിക്ഷിക്കപ്പെടാനോ സാധ്യതയുള്ളൂ.

നബിദിനം ആശയപ്രചാരണത്തിന്‌ ഉപയോഗപ്പെടുത്തിക്കൂടേ?


പ്രത്യേക പുണ്യം ലഭിക്കുമെന്ന വിശ്വാസമില്ലെങ്കിലും സ്ഥാപനങ്ങളുടെയും, സംഘടനകളുടെയും വാര്‍ഷികം മുജാഹിദുകളും ആഘോഷിക്കാറുണ്ടല്ലോ? ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊന്നും പ്രതിഫലം ലഭിക്കരുതെന്ന്‌ മുജാഹിദുകള്‍ക്ക്‌ കടുംപിടുത്തവുമില്ല. ആ അര്‍ഥത്തില്‍ മുഹമ്മദ്‌ നബിയുടെ ജന്മദിനമോ, മാസമോ പ്രത്യേക ദിനാഘോഷം എന്ന പേരില്‍ നടത്തി അദ്ദേഹത്തിന്റെ യഥാര്‍ഥ ആശയം ജനങ്ങള്‍ക്ക്‌ എത്തിച്ചുകൊടുക്കാന്‍ നമുക്ക്‌ ഉപയോഗിക്കുന്നതില്‍ തെറ്റുകാണേണ്ടതുണ്ടോ?

ഇ കെ ശൗക്കത്തലി - ഓമശ്ശേരി

വിശുദ്ധ ഖുര്‍ആനില്‍ ഇബ്‌റാഹീം നബി(അ)യെ സംബന്ധിച്ച്‌ ധാരാളം പരാമര്‍ശങ്ങളുണ്ട്‌. അദ്ദേഹത്തിന്റെ ആദര്‍ശം പിന്തുടരാനുള്ള ആഹ്വാനവും ഖുര്‍ആനിലുണ്ട്‌. എന്നാല്‍ ആ പ്രവാചകശ്രേഷ്‌ഠന്റെ യഥാര്‍ഥ ആദര്‍ശം ജനങ്ങള്‍ക്ക്‌ അറിയിച്ചുകൊടുക്കാനുള്ള സന്ദര്‍ഭമെന്ന നിലയില്‍ അദ്ദേഹത്തിന്റെ ജന്മദിനം ആചരിക്കുക എന്നൊരു സമ്പ്രദായം മുഹമ്മദ്‌ നബി(സ) നടപ്പാക്കിയിട്ടില്ല. അങ്ങനെയൊരു ദിനാചരണം കൂടാതെ തന്നെ ഇബ്‌റാഹീം നബി(അ)യുടെ അധ്യാപനങ്ങള്‍ മുഹമ്മദ്‌ നബി(സ)യും ഉത്തമശിഷ്യന്മാരും എക്കാലത്തും സ്വീകരിച്ചു പ്രാവര്‍ത്തികമാക്കിപ്പോന്നിട്ടുണ്ട്‌. മുഹമ്മദ്‌ നബി(സ)യുടെ ജീവിതമാതൃക സഹാബികള്‍ പഠിച്ചതും പഠിപ്പിച്ചതും ജന്മദിനത്തോടനുബന്ധിച്ചല്ല. ദൈനം ദിന ജീവിതത്തില്‍ പലതവണ പ്രവാചകനെ അനുസ്‌മരിക്കുകയും അദ്ദേഹത്തിന്റെ മാതൃക പിന്തുടരുകയുമാണ്‌ അവര്‍ ചെയ്‌തത്‌. നബി(സ)യെ ഒരു ഏക്‌ദിന്‍ കാ പ്രവാചകനാക്കി ന്യൂനീകരിക്കുന്നതിനോട്‌ മുജാഹിദുകള്‍ക്ക്‌ യോജിക്കാന്‍ കഴിയില്ല. എല്ലാ പ്രഭാഷണങ്ങളിലും ഖുത്വ്‌ബകളിലും ലേഖനങ്ങളിലും അദ്ദേഹത്തിന്റെ യഥാര്‍ഥ അധ്യാപനങ്ങളാണ്‌ മുജാഹിദുകള്‍ വിശീദകരിക്കുന്നത്‌.

നോമ്പിന്റെ നിയ്യത്ത്‌ എങ്ങനെ?

നോമ്പിന്‌ നിയ്യത്ത്‌ നിര്‍ബന്ധമല്ലേ? നബി(സ) പഠിപ്പിച്ച നിയ്യത്തിന്റെ രൂപം എങ്ങനെയാണ്‌? സുന്നി പള്ളികളില്‍ തറാവീഹിന്‌ ശേഷം ‘നവയ്‌തു സൗമ ഗദിന്‍....’ എന്നിങ്ങനെ ആളുകള്‍ക്ക്‌ നിയ്യത്ത്‌ ചൊല്ലിക്കൊടുക്കാറുണ്ട്‌. നബി(സ) ഇങ്ങനെ ചൊല്ലിക്കൊടുത്തിട്ടുണ്ടോ?


പി കെ മുഹമ്മദ്‌ നാദിര്‍, കണ്ണൂര്‍ .

എല്ലാ കര്‍മങ്ങളും അല്ലാഹു പരിഗണിക്കുന്നത്‌ നിയ്യത്തുകളനുസരിച്ചാണ്‌ അഥവാ ചെയ്യുന്ന ആളുകളുടെ ഉദ്ദേശമനുസരിച്ചാണ്‌ എന്ന്‌ വ്യക്തമാക്കുന്ന നബിവചനം തന്നെയാണ്‌ നോമ്പിന്റെ നിയ്യത്തിനുമുള്ള പ്രധാന തെളിവ്‌. ഇതിനുപുറമെ അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: “വല്ലവനും റമദ്വാനില്‍ നോമ്പനുഷ്‌ഠിക്കുന്നത്‌ (അല്ലാഹുവിലുള്ള) വിശ്വാസത്തോടെയും അവന്റെ പ്രതിഫലം മാത്രം കാംക്ഷിച്ചുമാണെങ്കില്‍ അവന്‍ മുമ്പ്‌ ചെയ്‌തുപോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്‌‌.” അല്ലാഹുവിന്റെ മാത്രം പ്രതിഫലം കാംക്ഷിച്ചുകൊണ്ട്‌ നോമ്പനുഷ്‌ഠിക്കുക എന്നത്‌ നിയ്യത്തിന്റെ ഒരു വശമാകുന്നു.

പ്രവാചകപത്‌നി ഹഫ്‌സ(റ)യില്‍ നിന്ന്‌ അബൂദാവൂദും തിര്‍മിദിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു നബിവചനം ഇപ്രകാരമാകുന്നു. “നോമ്പനുഷ്‌ഠിക്കണമെന്ന്‌ ഫജ്‌റിന്‌ (പുലരിക്ക്‌) മുമ്പായി രാത്രിയില്‍ തന്നെ തീരുമാനിക്കാത്തവന്റെ നോമ്പ്‌ സാധുവല്ല.” ഒരു ദിവസം നോമ്പെടുക്കണമെന്ന്‌ അന്നത്തെ സ്വുബ്‌ഹിന്‌ മുമ്പുതന്നെ തീരുമാനിക്കുക എന്നത്‌ നിയ്യത്തിന്റെ ഒരു വശമാണെന്ന്‌ ഈ ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാം. എന്നാല്‍ സുന്നത്ത്‌ നോമ്പുകള്‍ക്ക്‌ രാവിലെ തീരുമാനിച്ചാല്‍ മതിയെന്ന്‌ മറ്റു ചില ഹദീസുകളില്‍ നിന്ന്‌ ഗ്രഹിക്കാം.
നിയ്യത്ത്‌ മനസ്സിലാണ്‌ ഉണ്ടാകേണ്ടത്‌. അത്‌ നാവ്‌കൊണ്ട്‌ ഉച്ചരിക്കണമെന്നതിനോ, തറാവീഹിന്‌ ശേഷം ഇമാം ചൊല്ലിക്കൊടുത്ത്‌ മഅ്‌മൂമുകള്‍ ഏറ്റുചൊല്ലുന്നതിനോ പ്രാമാണികമായ തെളിവൊന്നുമില്ല. നബി(സ) സ്വഹാബികള്‍ക്ക്‌ രാത്രിയില്‍ നോമ്പിന്റെ നിയ്യത്ത്‌ ചൊല്ലിക്കൊടുത്തതായി പ്രബലമായ ഹദീസിലൊന്നും കാണുന്നില്ല.

മണ്ണ്‌ മന്ത്രിച്ചിടല്‍



മയ്യിത്ത്‌ മറവ്‌ ചെയ്യുന്ന സന്ദര്‍ഭത്തില്‍ മണ്ണു വാരി അതില്‍ മന്ത്രിച്ചൂതിയ ശേഷം ഖബ്‌റിലേക്ക്‌ ഇടുന്ന ഒരു ആചാരം കാണാനിടയായി. ഖബ്‌റിലേക്ക്‌ വാരിയിടുന്ന മണ്ണില്‍ മന്ത്രിച്ച്‌ ഊതുന്നതിന്‌ നബിചര്യയില്‍ തെളിവുണ്ടോ?

വാരിസ്‌ തലശ്ശേരി .

ഇല്ല, ഖുര്‍ആനിലോ ഹദീസിലോ മണ്ണില്‍ മന്ത്രിച്ച്‌ ഊതാനുള്ള നിര്‍ദേശമില്ല. നബി(സ)യോ സ്വഹാബികളോ അപ്രകാരം ചെയ്‌തതായി വിശ്വസനീയമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. അടിസ്ഥാനമില്ലാത്ത ആചാരങ്ങള്‍ വര്‍ധിപ്പിക്കുന്നത്‌ പരേതനോട്‌ കൂടുതല്‍ സ്‌നേഹവും ബഹുമാനവും ഉണ്ടെന്നതിന്‌ തെളിവായി ഗണിക്കപ്പെടുമെന്നാണ്‌ ചിലര്‍ കരുതുന്നത്‌.

ബിദ്‌അത്ത്‌ എന്നാല്‍ രാജാധിപത്യമോ?


“യഥാര്‍ഥത്തില്‍ ബിദ്‌അത്ത്‌ അടിസ്ഥാന കാര്യങ്ങളില്‍ സുന്നത്തിന്‌ വിരുദ്ധമായ നടപടികളുണ്ടാക്കലാണ്‌. അതില്‍ പ്രധാനം ഭരണമാണ്‌. നിങ്ങള്‍ ഉമൂറിലെ പുത്തന്‍ രീതികള്‍ സൂക്ഷിക്കുക എന്നാണു നബി(സ) പറഞ്ഞിരിക്കുന്നത്‌. (ഇയ്യാക്കും വ മുഹ്‌ദസാത്തുല്‍ ഉമൂര്‍). ഉമൂര്‍ എന്നു പറഞ്ഞാല്‍ പ്രധാനമായും ഭരണമാണ്‌. നബിയും ഖുലഫാഉ റാഷിദുകളും കാണിച്ച മാതൃകയില്‍ നിന്നും ഇസ്‌ലാമിക ഭരണം രാജാധിപത്യലേക്കു മാറിയതാണ്‌ ആദ്യത്തെ ബിദ്‌അത്ത്‌. അതാണ്‌ ഗുരുതരമായിട്ടുള്ളത്‌.” (പ്രബോധനം 6-12-2008 പേജ്‌ 41-42)
‘മന്‍ അഹ്‌ദസ ഫീ അംറിനാ ഹാദാ' എന്ന ഹദീസിന്‌ നാളിതുവരെ കേട്ടുവന്ന വ്യാഖ്യാനം മതകാര്യങ്ങളിലെ പുത്തന്‍ നിര്‍മിതികള്‍ എന്നാണ്‌. ശബാബ്‌ 2009 ജനുവരി 9 ലെ ഹദീസ്‌ പംക്തിയിലും ഈ വിശദീകരണം വായിക്കാന്‍ സാധിച്ചു. ഒരു സ്ഥലത്ത്‌ അംറിനാ എന്നും മറ്റൊരു സ്ഥലത്ത്‌ അതിന്റെ ബഹുവചനരൂപം ഉമൂര്‍ എന്നും പ്രയോഗിച്ചു എന്നല്ലാതെ ഉമൂര്‍ എന്നാല്‍ ഭരണമാണെന്നു ഹദീസ്‌ പണ്ഡിതന്മാര്‍ വ്യാഖ്യാനിച്ചിട്ടുണ്ടോ?

ഡോ. മുസ്‌തഫ കണ്ണൂര്‍


അംറ്‌ എന്ന അറബി പദത്തിന്‌ കാര്യം എന്നും കല്‌പന എന്നും അര്‍ഥമുണ്ട്‌. കല്‌പന എന്ന അര്‍ഥത്തിലുള്ള അംറിന്റെ ബഹുവചനം അവാമിര്‍ എന്നും കാര്യം എന്ന അര്‍ഥത്തിലുള്ള അംറിന്റെ ബഹുവചനം ഉമൂര്‍ എന്നുമാണ്‌. അംറ്‌ എന്ന പദം കാര്യം, കല്‌പന എന്നീ അര്‍ഥങ്ങളില്‍ ഖുര്‍ആനിലും ഹദീസുകളിലും പ്രയോഗിച്ചിട്ടുണ്ട്‌. ഇതുപോലെ തന്നെ കാര്യങ്ങള്‍ എന്നര്‍ഥമുള്ള ഉമൂര്‍ എന്ന പദവും. അവാമിര്‍ എന്ന പദം ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടില്ല. അംറ്‌ എന്ന പദം ഖുര്‍ആനില്‍ കല്‌പന എന്ന അര്‍ഥത്തില്‍ പ്രയോഗിച്ച സന്ദര്‍ഭങ്ങളില്‍ ഭരണവും രാഷ്‌ട്രീയവുമായി ബന്ധമുള്ളതും അല്ലാത്തതുമായ അര്‍ഥങ്ങള്‍ വിവക്ഷിക്കപ്പെട്ടിട്ടുണ്ട്‌.
“അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും അത്‌ അഴകാര്‍ന്നതാവുകയും അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക്‌ കഴിയുമാറായെന്ന്‌ അതിന്റെ ഉടമസ്ഥന്‍ വിചാരിക്കുകയും ചെയ്‌തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കല്‌പന (അംറ്‌) അതിന്‌ വന്നെത്തുകയും തലേ ദിവസം അവയൊന്നും അവിടെ നിലനിന്നിട്ടില്ലാത്ത വിധത്തില്‍ നാം അവയെ ഉന്മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു.''
(വി.ഖു 10:24)
“അപ്പോള്‍ അദ്ദേഹത്തിന്‌ (സുലൈമാന്‍ നബിക്ക്‌) കാറ്റിനെ നാം കീഴ്‌പ്പെടുത്തിക്കൊടുത്തു. അദ്ദേഹത്തിന്റെ കല്‌പന (അംറ്‌) പ്രകാരം അദ്ദേഹം ലക്ഷ്യമാക്കിയേടത്തേക്ക്‌ സൗമ്യമായ നിലയില്‍ അത്‌ സഞ്ചരിക്കുന്നു'' (വി.ഖു 38:36). സുലൈമാന്‍ നബി(അ) മഹാരാജാവായിരുന്നെങ്കിലും അദ്ദേഹത്തിന്റെ രാഷ്‌ട്രീയമായ കല്‌പനയെ സംബന്ധിച്ചല്ല ഇവിടെ പരാമര്‍ശിച്ചിട്ടുള്ളത്‌.




കാര്യം എന്ന അര്‍ഥത്തിലുള്ള അംറ്‌, അതിന്റെ ബഹുവചനമായ ഉമൂര്‍ എന്നീ പദങ്ങളും രാഷ്‌ട്രീയ-രാഷ്‌ട്രീയേതര അര്‍ഥങ്ങളില്‍ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ട്‌. "(നബിയേ), കാര്യ(അംറ്‌)ത്തിന്റെ തീരുമാനത്തില്‍ നിനക്ക്‌ യാതൊരവകാശവുമില്ല. അല്ലാഹു ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവന്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു.''(വി ഖു 3:128) ഭരണപരമായ തീരുമാനമെടുക്കാന്‍ നബി(സ)ക്ക്‌ അവകാശമില്ലെന്നല്ല ഈ സൂക്തത്തിന്റെ താല്‌പര്യം.


“വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്ന്‌ അവന്റെ കാര്യത്തില്‍(അംറ്‌) അല്ലാഹു എളുപ്പമുണ്ടാക്കിക്കൊടുക്കുന്നതാണ്‌.'' (വി ഖു 65:4) ഭയഭക്തിയോടെ ജീവിക്കുന്നവര്‍ക്കെല്ലാം ഭരണവും അധികാരവും എളുപ്പമാക്കിക്കൊടുക്കുമെന്നല്ല ഈ സൂക്തത്തിന്റെ താല്‌പര്യം.


ലുഖ്‌മാന്‍(അ)ന്റെ ഉപദേശം വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം ഉദ്ധരിക്കുന്നു: "എന്റെ കുഞ്ഞുമകനേ, നീ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സദാചാരം കല്‌പിക്കുകയും ദുരാചാരം വിലക്കുകയും നിനക്ക്‌ ബാധിച്ച വിഷമങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഖണ്ഡിതമായി നിര്‍ദേശിക്കപ്പെട്ട കാര്യങ്ങളില്‍ (ഉമൂര്‍) പെട്ടതത്രെ അത്‌'' (31:17). ഈ സൂക്തത്തിലുള്ളത്‌ ഒരു രാഷ്‌ട്രീയ ആഹ്വാനമല്ല. `ഉമൂര്‍' എന്നാല്‍ പ്രധാനമായും ഭരണമാണെന്ന പ്രസ്‌താവം ശരിയല്ലെന്ന്‌ ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നു.


ബിദ്‌അത്ത്‌ എന്നാല്‍ 'സുന്നത്തിന്‌ വിരുദ്ധമായ ഉമൂറിലെ പുത്തന്‍ കാര്യങ്ങള്‍' എന്ന നിര്‍വചനം ആശയക്കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്‌. നബി(സ)യുടെ കാലശേഷം മുസ്‌ലിംകള്‍ പുതുതായി സ്വീകരിച്ച കാര്യങ്ങളില്‍ പുതിയ മതാചാരങ്ങളും പുതിയ ലൗകിക കാര്യങ്ങളുമുണ്ട്‌. നബി(സ)യുടെയോ മറ്റു മഹാന്മാരുടെയോ ജന്മദിനമാചരിക്കുക, അവരുടെ ഖബ്‌റുകളില്‍ ഉറൂസ്‌, ചന്ദനക്കുടം, കൊടികുത്തി നേര്‍ച്ച മുതലായ ആഘോഷങ്ങള്‍ നടത്തുക ഇതൊക്കെ മതപരമായ പുതിയ ആചാരങ്ങളാണ്‌. വിവിധ ഭരണവിഭാഗങ്ങള്‍ക്ക്‌ പ്രത്യേക ഓഫീസുകള്‍ സ്ഥാപിക്കുക, ഹൈവേകള്‍ നിര്‍മിക്കുക, മോട്ടോര്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ പുതുതായി ഏര്‍പ്പെടുത്തിയ ലൗകിക കാര്യങ്ങളാണ്‌.


അല്ലാഹു കല്‌പിക്കാത്തതും മുഹമ്മദ്‌ നബി(സ) മാതൃക കാണിക്കാത്തതുമായ മനുഷ്യനിര്‍മിത മതാചാരങ്ങള്‍ക്കാണ്‌ പൂര്‍വികരായ പണ്ഡിതന്മാര്‍ ബിദ്‌അത്ത്‌ എന്ന പദം പ്രയോഗിച്ചിട്ടുള്ളത്‌. ഖലീഫമാര്‍ ഭരണത്തില്‍ കാലോചിതമായി വരുത്തിയ മാറ്റങ്ങളെയും പരിഷ്‌കരണങ്ങളെയും പൂര്‍വിക പണ്ഡിതന്മാര്‍ ബിദ്‌അത്തിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സച്ചരിതരായ നാലു ഖലീഫമാരില്‍ നിന്ന്‌ വ്യത്യസ്‌തമായ രീതിയില്‍ ഭരണാധികാരം കരസ്ഥമാക്കുകയും തനിക്ക്‌ ശേഷം തന്റെ മകനായിരിക്കും ഭരണാധികാരിയെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌ത വ്യക്തിയാണ്‌ മുആവിയ(റ). എന്നാല്‍ സ്വഹാബികളോ താബിഉകളോ അദ്ദേഹത്തെ ഒരു ബിദ്‌അത്തുകാരനെന്ന്‌ വിശേഷിപ്പിച്ചിട്ടില്ല. ബുഖാരിയും മുസ്‌ലിമും ഉല്‍പ്പെടെയുള്ള പ്രമുഖ ഹദീസ്‌ പണ്ഡിതന്മാര്‍, മുആവിയ(റ)യില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട ഹദീസുകള്‍ക്ക്‌ പ്രാമാണികത കല്‌പിച്ചിട്ടുണ്ട്‌. രാജവാഴ്‌ചയോട്‌ കുറച്ചൊക്കെ സാമ്യമുള്ള അദ്ദേഹത്തിന്റെ ഭരണരീതിയെ ഗുരുതരമായ ആദര്‍ശ വ്യതിയാനമായി സച്ചരിതരായ മുന്‍ഗാമികള്‍ ഗണിച്ചിട്ടില്ല.


രാജാധിപത്യം ഗുരുതരമായ ബിദ്‌അത്താണെന്ന വാദത്തിന്‌ ഇസ്‌ലാമിക പ്രമാണങ്ങളുടെയൊന്നും പിന്‍ബലമില്ല. അല്ലാഹു അവന്റെ ശ്രേഷ്‌ഠരായ ചില പ്രവാചകന്മാര്‍ക്ക്‌ രാജാധിപത്യം നല്‌കിയ കാര്യം വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. "എന്നാല്‍ ഇബ്‌റാഹീം കുടുംബത്തിന്‌ നാം വേദവും ജ്ഞാനവും നല്‌കിയിട്ടുണ്ട്‌. അവര്‍ക്ക്‌ നാം മഹത്തായ രാജാധിപത്യവും നല്‌കിയിട്ടുണ്ട്‌''(വി.ഖു 4:54). പ്രബോധനം ലേഖകന്റെ ഭാഷ്യ പ്രകാരം അവര്‍ക്ക്‌ അല്ലാഹു `മഹത്തായ ബിദ്‌അത്ത്‌' നല്‌കി എന്ന്‌ പറയേണ്ടി വരും. 12:55 സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട്‌ സയ്യിദ്‌ മൗദൂദി തഫ്‌ഹിമുല്‍ ഖുര്‍ആനില്‍ സമര്‍ഥിച്ചിട്ടുള്ളത്‌ യൂസുഫ്‌ നബി(അ) ഈജിപ്‌തിലെ രാജാധികാരം ചോദിച്ചു വാങ്ങിയെന്നാണ്‌. `ഗുരുതരമായ ബിദ്‌അത്ത്‌' ഒരു പ്രവാചകന്‍ ചോദിച്ചു വാങ്ങുകയോ? ദാവൂദ്‌ നബി(അ)യെപ്പറ്റി അല്ലാഹു പറയുന്നു: "അദ്ദേഹത്തിന്റെ രാജാധിപത്യം നാം സുശക്തമാക്കുകയും അദ്ദേഹത്തിന്‌ നാം തത്വജ്ഞാനവും തീര്‍പ്പുകല്‌പിക്കാന്‍ വേണ്ട സംസാര വൈഭവവും നല്‌കുകയും ചെയ്‌തു.''(വി.ഖു 38:20)
സുലൈമാന്‍ നബി(അ) നിസ്‌തുലമായ രാജാധികാരത്തിനു വേണ്ടി പ്രാര്‍ഥിച്ചതും അല്ലാഹു ആ പ്രാര്‍ഥന സ്വീകരിച്ചതും വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം വിവരിച്ചിരിക്കുന്നു: "അദ്ദേഹം(സുലൈമാന്‍) പറഞ്ഞു: ``എന്റെ രക്ഷിതാവേ, നീ എനിക്ക്‌ പൊറുത്തു തരികയും എനിക്ക്‌ ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്‌ച നീ എനിക്ക്‌ പ്രദാനം ചെയ്യുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ്‌ ഏറ്റവും വലിയ ദാനശീലന്‍. അപ്പോള്‍ അദ്ദേഹത്തിന്‌ കാറ്റിനെ നാം കീഴ്‌പ്പെടുത്തിക്കൊടുത്തു... എല്ലാ കെട്ടിട നിര്‍മാണ വിദഗ്‌ധരും മുങ്ങല്‍ വിദഗ്‌ധരുമായ പിശാചുക്കളെയും (കീഴ്‌പ്പെടുത്തിക്കൊടുത്തു) ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട മറ്റു ചിലരെ (പിശാചുക്കളെ)യും. `ഇത്‌ നമ്മുടെ ദാനമാകുന്നു. ആകയാല്‍ നീ ഔദാര്യം ചെയ്യുകയോ കൈവശം വെച്ചുകൊള്ളുകയോ ചെയ്യുക. കണക്കു ചോദിക്കല്‍ ഉണ്ടാവില്ല.'' (എന്ന്‌ നാം സുലൈമാനോട്‌ പറയുകയും ചെയ്‌തു) വി.ഖു.38:35-39. തുല്യതയില്ലാത്ത ബിദ്‌അത്ത്‌ ഒരു പ്രവാചകന്‍ ചോദിച്ചുവാങ്ങിയെന്നും അല്ലാഹു അത്‌ നിറവേറ്റിക്കൊടുത്തുവെന്നുമല്ലേ പ്രബോധനം ലേഖകന്റെ വാദത്തിന്റെ അനിവാര്യ താല്‌പര്യം?




ഇസ്‌റാഈല്യരിലെ ശംവീല്‍ (ശമുവേല്‍) പ്രവാചകന്‍ പ്രാര്‍ഥിച്ചതിനെത്തുടര്‍ന്ന്‌ അല്ലാഹു അവര്‍ക്ക്‌ ത്വാലൂത്തിനെ രാജാവായി നിയോഗിച്ച സംഭവം വിശുദ്ധ ഖുര്‍ആനില്‍ വിവരിച്ചിട്ടുണ്ട്‌: "അവരോട്‌ അവരുടെ പ്രവാചകന്‍ പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക്‌ ത്വാലൂത്തിനെ രാജാവായി നിയോഗിച്ചിരിക്കുന്നു. അവര്‍ പറഞ്ഞു: അയാള്‍ക്കെങ്ങനെ ഞങ്ങളുടെ രാജാവാകാന്‍ പറ്റും? രാജാധികാരത്തിന്‌ അയാളേക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ളത്‌ ഞങ്ങള്‍ക്കാണല്ലോ. അയാള്‍ സാമ്പത്തിക സമൃദ്ധി ലഭിച്ച ആളല്ലല്ലോ. പ്രവാചകന്‍ പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ നിങ്ങളെക്കാള്‍ ഉല്‍കൃഷ്‌ടനായി തെരഞ്ഞെടുത്തിരിക്കുന്നു. കൂടുതല്‍ വിപുലമായ ജ്ഞാനവും ശരീരശക്തിയും നല്‌കുകയും ചെയ്‌തിരിക്കുന്നു. തന്റെ വകയായുള്ള ആധിപത്യം താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അല്ലാഹു കൊടുക്കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു''(2:247).


ഒരു പ്രവാചകന്റെ സാന്നിധ്യത്തില്‍ അല്ലാഹു ഒരു ബിദ്‌അത്തുകാരന്‌ അധികാരമേല്‌പിച്ചുകൊടുത്തുവെന്ന്‌ ഇസ്‌ലാമിനെക്കുറിച്ച്‌ സാമാന്യധാരണയുള്ള ആരും പറയാനിടയില്ല. ഭരണാധികാരിയുടെ പേര്‌ ഖലീഫ എന്നായാലും രാജാവ്‌ എന്നായാലും നീതിപൂര്‍വം ഭരിക്കുക എന്നതാണ്‌ നിര്‍ണായകമായ വിഷയം. നീതിക്ക്‌ വിരുദ്ധമായ ഭരണത്തിന്‌ ബിദ്‌അത്ത്‌ എന്നല്ല മഅ്‌സ്വിയത്ത്‌ (അധാര്‍മിക നടപടി) എന്നാണ്‌ പറയുക.

Followers -NetworkedBlogs-

Followers