ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

അഖീഖ സംബന്ധിച്ച പ്രശ്‌നങ്ങള്‍


അഖീഖ അറക്കുന്നതിനെ കുറിച്ച്‌ തെക്കന്‍ ജില്ലയിലെ ഒരു സലഫി പള്ളിയിലെ ഖുത്വ്‌ബയില്‍ വിവരിച്ചതിങ്ങനെ: ``അഖീഖ എന്നാല്‍ പിറന്നു വീണ കുഞ്ഞിന്റെ തലമുടി ഏഴാം ദിവസം കളയുകയും തുടര്‍ന്ന്‌ ബലിയറുക്കുകയും ചെയ്യുന്നതിനെ സംബന്ധിച്ചാണ്‌. അഖീഖ എന്നു പറയുന്നതിനെ നബി(സ) വെറുക്കുന്നതായും ഉഖൂഖ്‌ എന്നു പറഞ്ഞാല്‍ മാതാപിതാക്കളെ വെറുക്കുക എന്നാണ്‌ അര്‍ഥമെന്നും ആയതിനാല്‍ അഖീഖ എന്നു പറയുന്നതിനു പകരം നുസ്‌ക്ക്‌ അഥവാ ബലികര്‍മം എന്നാണ്‌ പറയേണ്ടതെന്നും പറയുകയുണ്ടായി. പിന്നീട്‌ ഈ ഹദീസ്‌ ഉദ്ധരിച്ചു: നിങ്ങളില്‍ ആരുടെയെങ്കിലും പിറന്നു വീഴുന്ന കുഞ്ഞിനെ ഏഴാം ദിവസം മുടികളയുകയും നുസ്‌ക്ക്‌ കൊടുക്കുകയും ചെയ്യട്ടെ. ജനിച്ചുവീഴുന്ന കുഞ്ഞ്‌ ആണാണെങ്കില്‍ രണ്ടാടിനെയും ഇനി അതല്ല പെണ്‍കുഞ്ഞാണെങ്കില്‍ ഒരാടിനെയും ബലികര്‍മം ചെയ്യട്ടെ. ഇനി അങ്ങനെ ചെയ്യാത്ത പക്ഷം ആ കുഞ്ഞ്‌ അതു നല്‌കും വരെ പണയ വസ്‌തുവായിരിക്കുന്നതാണ്‌.''
അങ്ങനെയെങ്കില്‍ സാമ്പത്തികമായി വളരെ ബുദ്ധിമട്ടുന്നവന്റെ കുഞ്ഞിന്‌ ഈ ബലികര്‍മം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവിതാവസാനം വരെ ആ കുഞ്ഞ്‌ പണയവസ്‌തുവായിരിക്കുമോ? ഇനി കുഞ്ഞ്‌ വലിയ ആളായിക്കഴിഞ്ഞാല്‍ അവന്റെ `ബലികര്‍മം' അവന്‍ തന്നെ നിര്‍വഹിച്ചാല്‍ മതിയോ? ഒന്നില്‍ കൂടുതല്‍ കുട്ടികളുടെ ബലികര്‍മം ഒന്നായി നിര്‍വഹിക്കാമോ? അതോ സാമ്പത്തിക സ്ഥിതിയനുസരിച്ച്‌ ഓരോന്നായി കടം വീട്ടിയാല്‍ മതിയോ?
ഫാത്തിമ മുഹമ്മദലി കൊളത്തറ
കീറി, മുറിച്ചു എന്നൊക്കെ അര്‍ഥമുള്ള അഖ്‌ഖ എന്ന ക്രിയയുമായി ബന്ധമുള്ള പദങ്ങളാണ്‌ ഉഖൂഖും അഖീഖയും. ഉഖൂഖ്‌ എന്നാല്‍ മാതാപിതാക്കളെ ധിക്കരിക്കലും ദ്രോഹിക്കലുമാണ്‌. അഖീഖ എന്ന പദത്തിന്‌ നവജാത ശിശുവിന്റെ തലമുടി എന്നും ആ മുടി നീക്കുന്ന സന്ദര്‍ഭത്തില്‍ നടത്തുന്ന ബലി എന്നും അര്‍ഥമുണ്ട്‌. അഖീഖ എന്ന പദം മാതാപിതാക്കളെ വെറുപ്പിക്കുകയോ ധിക്കരിക്കുകയോ ചെയ്യുക എന്ന അര്‍ഥത്തില്‍ അറബി ഭാഷയില്‍ ഒരിക്കലും പ്രയോഗിക്കപ്പെട്ടിട്ടില്ല. നവജാത ശിശുവിന്റെ പേരിലുള്ള ബലി എന്ന അര്‍ഥത്തില്‍ നബി(സ) അഖീഖ എന്ന പദം പല തവണ പ്രയോഗിച്ചതായി ബുഖാരി ഉള്‍പ്പെടെ പ്രമുഖ ഹദീസ്‌ ഗ്രന്ഥകര്‍ത്താക്കള്‍ ഉദ്ധരിച്ച ഹദീസുകളില്‍ കാണാം.
ഉഖൂഖ്‌ എന്ന പദത്തിന്റെ ധാതുവുമായി ബന്ധമുള്ളതിന്റെ പേരില്‍ അഖീഖ എന്ന വാക്കിനോട്‌ നബി(സ) അനിഷ്‌ടം പ്രകടിപ്പിച്ചതായുള്ള റിപ്പോര്‍ട്ട്‌ പ്രബലമാണെന്ന്‌ പൂര്‍വികരായ ഹദീസ്‌ പണ്ഡിതന്മാര്‍ ഉറപ്പിച്ചുപറഞ്ഞിട്ടില്ല. അഖീഖ എന്ന പദം പ്രബലമായ ഹദീസുകളില്‍ വന്നിട്ടുള്ളതിനാല്‍ ഇസ്‌ലാമിക ഗ്രന്ഥങ്ങളിലെല്ലാം വിപുലമായി പ്രയോഗിക്കപ്പെട്ടിട്ടുണ്ട്‌. നുസ്‌ക്‌, നുസുക്‌ എന്നീ പദങ്ങള്‍ക്ക്‌ അര്‍പ്പണമെന്നും ബലിയെന്നും അര്‍ഥമുണ്ട്‌. അഖീഖയെ കുറിക്കാന്‍ നുസുക്‌ എന്ന പദം ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ പ്രയോഗിച്ചു കണ്ടിട്ടില്ല. നസീക: എന്ന പദം ചുരുക്കത്തില്‍ പ്രയോഗിച്ചുകണ്ടിട്ടുണ്ട്‌. ഏതായാലും ഒരു പദപ്രയോഗം ഈ വിഷയത്തില്‍ നിര്‍ണായകമല്ല.

`ഇനി അങ്ങനെ ചെയ്യാത്ത പക്ഷം ആ കുഞ്ഞ്‌ അത്‌ നല്‌കും വരെ പണയ വസ്‌തുവായിരിക്കുന്നതാണ്‌' എന്നത്‌ ഹദീസിന്റെ ഏകദേശം ആശയമാണ്‌. കൃത്യമായ പരിഭാഷ `ഓരോ ആണ്‍കുട്ടിയും അവന്റെ അഖീഖയ്‌ക്ക്‌ പണയപ്പെട്ടവനാണ്‌' എന്നത്രെ. അഖീഖയുടെ പ്രാധാന്യം ഊന്നിപ്പറയുന്നതാണ്‌ ഈ നബിവചനമെങ്കിലും ഒരു കുട്ടിയുടെ പേരില്‍ അഖീഖ: അറുക്കപ്പെട്ടിട്ടില്ലെങ്കില്‍ അവന്‌ നരകത്തില്‍ നിന്ന്‌ മോചനമില്ലെന്നോ അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടുകയില്ലെന്നോ പൂര്‍വിക പണ്ഡിതന്മാര്‍ ഇതിന്‌ അര്‍ഥം കല്‌പിച്ചിട്ടില്ല.

ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ അഖീഖ: നിര്‍ബന്ധമാണെന്ന്‌ ദാഹിരിയ്യാ വിഭാഗം അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം അത്‌ ഐച്ഛികമായ (നിര്‍ബന്ധമല്ലാത്ത) പുണ്യകര്‍മമാണെന്നത്രെ. `വല്ലവനും തന്റെ കുട്ടിയുടെ പേരില്‍ ബലിയറുക്കാന്‍ ഇഷ്‌ടപ്പെടുന്നുവെങ്കില്‍ അങ്ങനെ ചെയ്യട്ടെ' എന്നര്‍ഥമുള്ള നബിവചനമാണ്‌ അത്‌ നിര്‍ബന്ധമല്ലെന്നതിന്‌ അവര്‍ ചൂണ്ടിക്കാണിച്ച തെളിവ്‌.

ചെറുപ്പത്തില്‍ അഖീഖ: അറുത്തിട്ടില്ലെങ്കില്‍ പ്രായപൂര്‍ത്തിക്ക്‌ ശേഷം സ്വന്തം നിലയില്‍ അറുക്കണമെന്ന്‌ ഹദീസുകളിലൊന്നും പറഞ്ഞിട്ടില്ല. അഖീഖയുടെ പ്രായപരിധി പ്രായപൂര്‍ത്തി വരെ മാത്രമാണെന്ന്‌ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. അതിന്‌ ശേഷവും അറുക്കാവുന്നതാണെന്ന്‌ മറ്റു ചിലര്‍ പറഞ്ഞിട്ടുണ്ട്‌. ഒന്നില്‍ കൂടുതല്‍ കുട്ടികളുടെ പേരില്‍ ഒരു മൃഗത്തെ അറുക്കാം എന്ന്‌ പറയാന്‍ തെളിവൊന്നും കണ്ടിട്ടില്ല. സാമ്പത്തിക ശേഷിയില്ലാത്തവര്‍ കഴിവുണ്ടാകുമ്പോള്‍ അറുത്താല്‍ മതി. അഖീഖ: സംബന്ധിച്ച പല ഹദീസുകളും പ്രാമാണികമാണ്‌. അതിനാല്‍ അത്‌ സുന്നത്തല്ലെന്ന്‌ പറയാന്‍ ന്യായമില്ല. ഇമാം അബൂഹനീഫ അങ്ങനെ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇത്‌ സംബന്ധിച്ച ഹദീസുകള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടാതെ പോയതാകാനിടയുണ്ട്‌.

ഞാന്‍ വീണ്ടും ഹജ്ജ്‌ ചെയ്യേണമോ?

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഞാന്‍ ഹജ്ജ്‌ ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ഹജ്ജിന്റെ ശരിയായ കര്‍മങ്ങളെക്കുറിച്ച്‌ വ്യക്തമായ ബോധ്യമില്ലാതെയാണ്‌ ആ ഹജ്ജ്‌ ചെയ്‌തത്‌. എന്നാല്‍ ഇന്ന്‌, ഇസ്വ്‌ലാഹി പ്രസ്ഥാനവുമായി ബന്ധപ്പെട്ട്‌, തൗഹീദുള്‍ക്കൊണ്ട്‌ ഹജ്ജിനെക്കുറിച്ച്‌ കൂടുതല്‍ പഠിച്ചിരിക്കുന്നു. ഇപ്പോള്‍ മുമ്പ്‌ ചെയ്‌ത ഹജ്ജിനെക്കുറിച്ച്‌ വേണ്ടത്ര തൃപ്‌തി തോന്നുന്നില്ല. ജീവിതത്തിലൊരിക്കലേ ഹജ്ജ്‌ ചെയ്യല്‍ നിര്‍ബന്ധമുള്ളൂവെങ്കിലും വീണ്ടുമൊരു ഹജ്ജ്‌ ചെയ്യുന്നതിന്‌ തെറ്റുണ്ടോ? ആ ഹജ്ജിന്‌ നിര്‍ബന്ധ ഹജ്ജിന്റെ നിയ്യത്ത്‌ വെക്കാമോ?
കെ എം സീതി സുഊദി അറേബ്യ
മുമ്പ്‌ ഹജ്ജ്‌ ചെയ്‌ത കാലത്ത്‌ താങ്കളുടെ വിശ്വാസപരമായ അവസ്ഥ എപ്രകാരമായിരുന്നുവെന്ന്‌ താങ്കള്‍ക്ക്‌ തന്നെയാണ്‌ കൂടുതല്‍ അറിയാവുന്നത്‌. അല്ലാഹുവല്ലാത്തവര്‍ക്ക്‌ ആരാധന, പ്രാര്‍ഥന, നേര്‍ച്ച എന്നിങ്ങനെയുള്ള ഏതെങ്കിലും ഇബാദത്ത്‌ അര്‍പ്പിക്കുന്ന ആളായിരുന്നു താങ്കളെങ്കില്‍ ആ അവസ്ഥയില്‍ താങ്കള്‍ ചെയ്‌ത ഹജ്ജ്‌ നിഷ്‌ഫലമായിരിക്കുമെന്നാണ്‌ വിശുദ്ധഖുര്‍ആനിലെ 39:65 സൂക്തത്തില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. അങ്ങനെയാണെങ്കില്‍ അന്യൂനമായ ആദര്‍ശപ്രകാരം താങ്കള്‍ വീണ്ടും ഹജ്ജ്‌ ചെയ്യേണ്ടത്‌ നിര്‍ബന്ധമാകുന്നു. അപ്പോള്‍ നിര്‍ബന്ധമായ ഹജ്ജ്‌ ചെയ്യുന്നു എന്ന നിയ്യത്ത്‌ തന്നെയാണ്‌ വേണ്ടത്‌. ഒരിക്കല്‍ ശരിയാം വിധം ഹജ്ജ്‌ ചെയ്‌ത വ്യക്തി വീണ്ടും ഹജ്ജ്‌ ചെയ്യുന്നതില്‍ തെറ്റില്ലെങ്കിലും അത്‌ അല്ലാഹുവോ റസൂലോ (സ) പ്രോത്സാഹിപ്പിച്ചിട്ടുള്ള കാര്യമല്ല. എന്നാല്‍ സ്വന്തം നിലയില്‍ ഹജ്ജ്‌ ചെയ്‌ത ശേഷം ഹജ്ജ്‌ ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത ഉറ്റ ബന്ധുവിന്‌ പ്രതിഫലം ലഭിക്കാന്‍ വേണ്ടി ഹജ്ജ്‌ ചെയ്യുന്നത്‌ പുണ്യകരമാകുന്നു. ആ വിഷയത്തില്‍ പ്രവാചകനിര്‍ദേശമുണ്ട്‌.
 

ഹജ്ജ്‌ സല്‍ക്കാരം

ചില പ്രദേശങ്ങളില്‍ ഹജ്ജിനു പോകുന്നവര്‍ തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച്‌ ഭക്ഷണം നല്‍കുന്നു. ഇതിന്‌ `യാത്രാച്ചോറ്‌' എന്ന പേരാണ്‌ പറയുന്നത്‌. ഇത്തരം ഒരു സമ്പ്രദായം നബി(സ)യുടെ ചര്യയില്‍ കാണുന്നുണ്ടോ? ഇല്ലെങ്കില്‍ ഇത്‌ ഒരു ബിദ്‌അത്തല്ലേ?
അക്‌ബറലി കോഴിക്കോട്‌
ഹജ്ജിനു പോകുന്നവര്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ച്‌ സല്‍ക്കാരം നടത്തണമെന്ന്‌ അല്ലാഹുവോ റസൂലോ(സ) നിര്‍ദേശിച്ചിട്ടില്ല. അതുകൊണ്ട്‌ ഒരു മതാചാരം എന്ന നിലയില്‍ അങ്ങനെയൊരു സല്‍ക്കാരം നടത്താവുന്നതല്ല. ഒരു പ്രത്യേക മാതാചാരം എന്ന നിലയിലല്ലാതെ ഒരാള്‍ ആരെയെങ്കിലും വീട്ടിലേക്ക്‌ വിളിച്ച്‌ സല്‍ക്കരിക്കുകയാണെങ്കില്‍ അത്‌ ആചാരവല്‍കരണത്തിന്‌ വഴിവെക്കാത്ത വിധത്തിലാണെങ്കില്‍ നിഷിദ്ധമാവുകയില്ല. പക്ഷെ, ഹജ്ജിന്‌ പോകുന്നവരെല്ലാം ഇങ്ങനെയൊരു സല്‍ക്കാരം നടത്തുമ്പോള്‍ അത്‌ പ്രധാനപ്പെട്ട ഒരു മാതാചാരമാണെന്ന ധാരണ സമൂഹത്തില്‍ സാര്‍വത്രികമാകും. അതിനാല്‍ അനാചാരങ്ങള്‍ക്കെതിരായ പ്രതിബദ്ധത പുലര്‍ത്തുന്നവരൊക്കെ ഇത്തരം സല്‍ക്കാരം ഒഴിവാക്കുകയാണ്‌ വേണ്ടത്‌.
 

ദുഃഖാചരണമോ ഹജ്ജ്‌ യാത്രയോ ഉത്തമം?

എന്റെ സഹോദരിയും ഭര്‍ത്താവും ഈ വര്‍ഷത്തെ ഹജ്ജ്‌കര്‍മത്തിന്‌ പുറപ്പെടാന്‍ നിശ്ചയിച്ചിരുന്നു. വിസയും മറ്റു യാത്രാസൗകര്യങ്ങളുമെല്ലാം ശരിയാക്കി, ഹജ്ജിന്‌ മാനസികമായും തയ്യാറെടുത്തിരുന്നു. എന്നാല്‍ പെട്ടെന്ന്‌, സഹോദരിയുടെ ഭര്‍ത്താവ്‌ ഹൃദയസ്‌തംഭനം മൂലം മരണപ്പെട്ടു. ഈ സാഹചര്യത്തില്‍ എന്റെ സഹോദരിക്ക്‌ ഇദ്ദഃയാചരിക്കുകയാണോ, ഹജ്ജിന്‌ പുറപ്പെടുകയാണോ ഉത്തമമായിട്ടുള്ളത്‌?
എം അബ്‌ദുര്‍റഹ്‌മാന്‍ പാലക്കാട്‌
ഇത്തരമൊരു സന്ദര്‍ഭത്തില്‍ എന്തു ചെയ്യണമെന്ന്‌ നബി(സ) പ്രത്യേകം വിധി നല്‌കിയതായി പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. അതിനാല്‍ ഇത്‌ വീക്ഷണവ്യത്യാസത്തിന്‌ സാധ്യതയുള്ള വിഷയമാണ്‌. ഇദ്ദഃ കാലമായ നാലുമാസവും പത്തുദിവസവും ദുഃഖമാചരിക്കല്‍ ഭര്‍ത്താവ്‌ മരിച്ചതിനെത്തുടര്‍ന്നുള്ള കാലത്ത്‌ തന്നെ ചെയ്യേണ്ടതാണ്‌. അത്‌ മറ്റൊരു സന്ദര്‍ഭത്തിലേക്ക്‌ നീട്ടിവെക്കാവുന്നതല്ല. എന്നാല്‍ ഹജ്ജ്‌ ജീവിതത്തിലൊരിക്കല്‍ സൗകര്യങ്ങള്‍ ഒത്തുവരുമ്പോള്‍ മാത്രമേ നിര്‍ബന്ധമായി നിര്‍വഹിക്കേണ്ടതുള്ളൂ. അതിനാല്‍ യഥാസമയം നിര്‍വഹിക്കേണ്ട ദുഃഖാചരണത്തിന്‌ മുന്‍ഗണന നല്‌കുകയും ഹജ്ജിന്‌ അടുത്തവര്‍ഷം ഏതെങ്കിലും ഉറ്റബന്ധുവിന്റെ കൂടെ പോവുകയുമായിരിക്കും നല്ലത്‌.
 

എന്‍ ജി ഒ യൂണിയനില്‍ ചേരാമോ?

ഞാന്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനാണ്‌. ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ നേടിത്തരുന്നത്‌ എന്‍ ജി ഒ യൂണിയന്‍ എന്ന ഇടതുപക്ഷ സംഘടനയാണെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു. ഒരു മുസ്‌ലിമായ എനിക്ക്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ അടിസ്ഥാന ആശയത്തില്‍ വിശ്വസിക്കാതെ തന്നെ അവരുടെ എന്‍ ജി ഒ യൂണിയനില്‍ അംഗമായി ചേര്‍ന്നു പ്രവര്‍ത്തിച്ചുകൂടേ?
ഇസ്‌ഹാഖലി മലപ്പുറം
ഇവിടത്തെ ബഹുഭൂരിപക്ഷം ട്രേഡ്‌ യൂണിയനുകളും തൊഴിലാളികളുടെയും ജീവനക്കാരുടെയും അടിസ്ഥാന താല്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു പുറമെ അവരെ ഏതെങ്കിലും രാഷ്‌ട്രീയ കക്ഷിയുടെ സേവകരാക്കി മാറ്റാന്‍ വേണ്ടിയും കൂടിയാണ്‌ നിലകൊള്ളുന്നത്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ ഒരു പ്രത്യേക രാഷ്‌ട്രീയലൈനിലേക്ക്‌ മാത്രമല്ല ജനങ്ങളെ ക്ഷണിക്കുന്നത്‌. പ്രപഞ്ചത്തെയും മനുഷ്യചരിത്രത്തെയും സംബന്ധിച്ച ഭൗതികമായ ഒരു വീക്ഷണം പ്രചരിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്‌ അവര്‍. മാര്‍ക്‌സും ഏംഗല്‍സും അവതരിപ്പിച്ച വൈരുധ്യാധിഷ്‌ഠിത ഭൗതികവാദവും ചരിത്രപരമായ ഭൗതികവാദവും മതത്തിനും ദൈവവിശ്വാസത്തിനും തികച്ചും വിരുദ്ധമാകുന്നു. അതുകൊണ്ട്‌ തന്നെയാണ്‌ അടിയുറച്ച കമ്യൂണിസ്റ്റുകളില്‍ മഹാഭൂരിപക്ഷവും മതനിഷേധികളും നിരീശ്വരവാദികളും ആകുന്നത്‌.
ഒരു ഇടതുപക്ഷ യൂണിയന്റെ വാലില്‍ തൊടുന്നതോടെ ആരും ദൈവത്തെയും മതത്തെയും നിരാകരിക്കാന്‍ ബാധ്യസ്ഥരാകുന്നില്ല. മതവിശ്വാസികളായ ധാരാളം പേര്‍ ഇത്തരം യൂണിയനുകളില്‍ അംഗങ്ങളായി ചേരുന്നുണ്ട്‌. പക്ഷേ, ``നിങ്ങള്‍ പുണ്യത്തിലും ധര്‍മനിഷ്‌ഠയിലും പരസ്‌പരം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും പരസ്‌പരം സഹായിക്കരുത്‌'' (വി.ഖു. 5:2) എന്ന ദൈവിക അധ്യാപനത്തില്‍ നിന്ന്‌ വ്യതിചലിക്കാതെ ഒരു ഭൗതിക പ്രസ്ഥാനത്തിന്റെ വാലറ്റത്ത്‌ നിലകൊള്ളാന്‍ കഴിയുമോ എന്ന ചോദ്യം ആദര്‍ശപ്രതിബദ്ധതയുള്ള ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്‌. ഒരു രാഷ്‌ട്രീയ സംഘടനയിലോ ട്രേഡ്‌ യൂണിയനിലോ അംഗത്വമെടുക്കുന്ന വ്യക്തി സംഘടനയുടെ ശരികളെയും ന്യായങ്ങളെയും മാത്രമല്ല, തെറ്റുകളെയും അന്യായങ്ങളെയും കൂടി പിന്തുണക്കേണ്ടി വരുന്നതായാണ്‌ നാം മിക്കപ്പോഴും കാണുന്നത്‌.'

അമ്മ ജുസ്‌അ്‌ പഠിപ്പിക്കുന്നവര്‍ കാഫിറുകളോ??

``.........ഖുര്‍ആന്‍ പാരായണം ചെയ്യേണ്ടതും ആശയം പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും അത്‌ ക്രോഡീകരിച്ച ക്രമത്തില്‍ ബഖറ മുതല്‍ താഴോട്ട്‌ തന്നെയാണ്‌. ഇതിന്‌ വിരുദ്ധമായി ഖുര്‍ആനിന്റെ അവസാനഭാഗമായ `അമ്മ' ജുസ്‌അ്‌ മുതല്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ തന്നെയാണ്‌ നബി(സ) ദീര്‍ഘവീക്ഷണം ചെയ്‌ത, ആലിഇംറാന്‍ 10ല്‍ പറഞ്ഞ കാഫിറുകള്‍....'' (മുഹ്‌യിദ്ദീന്‍ മുഹമ്മദ്‌ ഇരുമ്പുഴിയുടെ ഖുര്‍ആനിന്റെ ആത്മാവ്‌ എന്ന ഖുര്‍ആന്‍ പരിഭാഷയില്‍ നിന്ന്‌). ഇപ്പറഞ്ഞതിന്‌ പ്രവാചകചര്യയുടെ പിന്‍ബലമുണ്ടോ?
മുഹമ്മദ്‌ ശബീബ്‌ അരീക്കോട്‌
ആലിഇംറാനിലെ 10-ാം സൂക്തത്തില്‍ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ തുടങ്ങുന്നത്‌ ഏത്‌ സൂറത്തു മുതലായിരിക്കണം എന്ന വിഷയം പരാമര്‍ശിച്ചിട്ടേയില്ല. സത്യനിഷേധികളെ സംബന്ധിച്ച്‌ പ്രസ്‌തുത സൂക്തത്തില്‍ മാത്രമല്ല, മറ്റു നൂറുകണക്കില്‍ സൂക്തങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്‌. സത്യവിശ്വാസികളില്‍ നിന്ന്‌ തങ്ങള്‍ക്ക്‌ ഇഷ്‌ടമില്ലാത്തവരെയൊക്കെ കാഫിറുകളായി ചിത്രീകരിക്കാന്‍ വേണ്ടി ആരെങ്കിലും ആ സൂക്തങ്ങള്‍ ദുരുപയോഗപ്പെടുത്തുകയാണെങ്കില്‍ അത്‌ കടുത്ത പാതകമായിരിക്കും.
പ്രസ്‌തുത സൂക്തത്തിന്റെയും തൊട്ടടുത്ത സൂക്തത്തിന്റെയും പരിഭാഷ ഇവിടെ ചേര്‍ക്കുന്നു: ``സത്യനിഷേധികള്‍ക്ക്‌ അവരുടെ സ്വത്തുകളോ സന്താനങ്ങളോ അല്ലാഹുവിങ്കല്‍ യാതൊരു പ്രയോജനവും ചെയ്യുകയില്ല; തീര്‍ച്ച. അവരാകുന്നു നരകത്തിലെ ഇന്ധനമായിത്തീരുന്നവര്‍. ഫിര്‍ഔന്റെ ആള്‍ക്കാരുടെയും അവരുടെ മുന്‍ഗാമികളുടെയും അവസ്ഥ പോലെ തന്നെ. അവരൊക്കെ നമ്മുടെ ദൃഷ്‌ടാന്തങ്ങളെ തള്ളിക്കളഞ്ഞു. അപ്പോള്‍ അവരുടെ പാപങ്ങള്‍ കാരണമായി അല്ലാഹു അവരെ പിടികൂടി. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.''(വി.ഖു. 3:10,11) ഫിര്‍ഔനിനെയും മറ്റും പോലെ അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങള്‍ തള്ളിക്കളഞ്ഞവരെ സംബന്ധിച്ചാണ്‌ ഈ സൂക്തങ്ങളില്‍ പ്രതിപാദിക്കുന്നത്‌. പ്രസംഗിക്കുമ്പോഴോ ക്ലാസെടുക്കുമ്പോഴോ ആദ്യമായി അല്‍ബഖറയല്ലാത്ത സൂറതുകള്‍ ഓതുന്നതോ വിശദീകരിക്കുന്നതോ ഈ സൂക്തങ്ങളുടെ പരിധിയില്‍ ഉള്‍പെടുന്നേയില്ല.
ഖുര്‍ആന്‍ ക്രോഡീകരിച്ച ക്രമത്തില്‍ ഒന്നാമത്തെ സൂറത്ത്‌ അല്‍ബഖറയല്ല, ഫാതിഹയാണ്‌. അവസാനത്തേത്‌ സൂറതുന്നാസും. ചില ആളുകള്‍ `അമ്മ ജുസ്‌ഇ'നെ `ഒന്നാം ജുസ്‌അ്‌' എന്ന്‌ വിശേഷിപ്പിക്കാറുണ്ട്‌. അത്‌ ശരിയല്ല. ഫാതിഹ മുതല്‍ `സയഖൂലു' വരെയുള്ളതാണ്‌ ഒന്നാമത്തെ ജുസ്‌അ്‌. ക്രോഡീകരിച്ച വിധത്തില്‍ ഖുര്‍ആന്‍ ഓതുന്നതാണ്‌ ഏറ്റവും നല്ലത്‌. എന്നാല്‍ നമസ്‌കാരത്തിലോ മറ്റു സമയങ്ങളിലോ ഖുര്‍ആനിന്റെ നടുവിലോ ഒടുവിലോ ഉള്ള ഏത്‌ സൂറതുകളും ആയത്തുകളും ഓതുന്നതിന്‌ വിരോധമില്ല. ഖുര്‍ആന്‍ പഠനത്തിന്റെ കാര്യവും ഇതുപോലെ തന്നെ. ഖുര്‍ആനിലെ അവസാനത്തെ മൂന്നു സൂറതുകള്‍ നബി(സ) പല സന്ദര്‍ഭങ്ങളിലും പാരായണം ചെയ്‌തിരുന്നതായി പ്രാമാണികമായ ഹദീസുകളില്‍ കാണാം. സ്വഹാബികള്‍ ഏകകണ്‌ഠമായി അംഗീകരിച്ച ക്രമത്തിന്‌ വിരുദ്ധമായ ക്രമത്തില്‍ ഖുര്‍ആന്‍ ക്രോഡീകരിക്കുന്നത്‌ കുറ്റകരമാണെന്നതില്‍ സംശയമില്ല. എന്നാല്‍ അല്‍ബഖറ പഠിക്കുന്നതിന്‌ മുമ്പ്‌ സൂറതുല്‍ ഇഖ്‌ലാസ്‌ പഠിക്കുന്നത്‌ ഹറാമാണെന്നോ കുഫ്‌റാണെന്നോ വിധിക്കാന്‍ ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ന്യായമൊന്നും ഇല്ല.
 

ദരിദ്രരുമായി സഹവാസം

ദരിദ്രരുടെ കൂടെ സഹവസിക്കുന്നതിന്‌ മുൻ‍ഗണന നല്‌കണമെന്ന്‌ മുഹമ്മദ്‌ നബി(സ) പറഞ്ഞിട്ടുണ്ടോ?
കെ കെ മജീദ്‌ മലപ്പുറം
നബി(സ)ക്ക്‌ അല്ലാഹു തന്നെ വിശുദ്ധ ഖുര്‍ആനിലൂടെ ഈ വിഷയവുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങള്‍ നല്‌കിയിട്ടുണ്ട്‌. ``തങ്ങളുടെ രക്ഷിതാവിന്റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട്‌ കാലത്തും വൈകുന്നേരവും അവനോട്‌ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്റെ മനസ്സിനെ അടക്കി നിര്‍ത്തുക. ഇഹലോകജീവിതത്തിന്റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട്‌ നിന്റെ കണ്ണുകള്‍ അവരെ വിട്ട്‌ മാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്റെ ഹൃദയത്തെ നമ്മുടെ സ്‌മരണയെ സംബന്ധിച്ച്‌ നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്‌ടത്തെ പിന്‍തുടരുകയും അവന്റെ കാര്യം അതിരു കവിഞ്ഞതായിരിക്കുകയും ചെയ്‌തുവോ, അവനെ നീ അനുസരിച്ചുപോകരുത്‌.'' (18:28)
നബി(സ)യുടെ സന്തത സഹചാരികളായ പാവങ്ങളെ മാറ്റിനിര്‍ത്തിയാല്‍ തങ്ങള്‍ അദ്ദേഹത്തിന്റെ പക്ഷത്ത്‌ ചേര്‍ന്നുകൊള്ളാമെന്ന്‌ ചില ഖുറൈശി പ്രമാണിമാര്‍ വാഗ്‌ദാനം ചെയ്യുകയുണ്ടായി. അവരുടെ നിര്‍ദേശം സ്വീകരിക്കാതെ പാവപ്പെട്ട സത്യവിശ്വാസികളെ കൂടെ നിര്‍ത്തുകയും അവരോടൊപ്പം ക്ഷമാപൂര്‍വം കഴിച്ചു കൂട്ടുകയും ചെയ്യണമെന്ന്‌ ഈ സൂക്തത്തിലൂടെ അല്ലാഹു നബി(സ)യോട്‌ കല്‌പിക്കുന്നു. സമ്പന്നരായ സത്യവിശ്വാസികളുമായി സഹവാസം ഒഴിവാക്കണമെന്ന്‌ ഇതിന്‌ അര്‍ഥമില്ല. സമ്പന്നരും പ്രധാനികളുമായ അവിശ്വാസികളെ പ്രീതിപ്പെടുത്താന്‍ വേണ്ടി പാവപ്പെട്ട സത്യവിശ്വാസികളെ അവഗണിക്കരുത്‌ എന്നത്രെ ഈ സൂക്തത്തിന്റെ താല്‌പര്യം. ``തങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹം ലക്ഷ്യമാക്കിക്കൊണ്ട്‌ രാവിലെയും വൈകുന്നേരവും അവനോട്‌ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെ നീ ആട്ടിയകറ്റരുത്‌'' (6:52). എന്ന സൂക്തത്തിന്റെ അവതരണവും സമാന പശ്ചാത്തലത്തില്‍ തന്നെയാകുന്നു. പ്രമാണിമാരായ സത്യനിഷേധികളെ പ്രീതിപ്പെടുത്താന്‍ വേണ്ടി അവര്‍ ആഗ്രഹിക്കുന്നതുപോലെ പാവപ്പെട്ട സത്യവിശ്വാസികളെ നബി(സ)യുടെ സന്നിധിയില്‍ നിന്ന്‌ മാറ്റിനിര്‍ത്തരുത്‌ എന്നത്രെ ഈ സൂക്തം നിര്‍ദേശിക്കുന്നത്‌.
വിശുദ്ധ ഖുര്‍ആനിലെ 80-ാം അധ്യായത്തിലെ ആദ്യസൂക്തങ്ങള്‍ അവതരിച്ചത്‌ അന്ധനായ അബ്‌ദുല്ലാഹിബ്‌നു ഉമ്മി മക്‌തൂം എന്ന സഹാബിയുടെ കാര്യത്തിലാണ്‌. നബി(സ) ഒരിക്കല്‍ മക്കയിലെ ചില പ്രമുഖന്മാരുമായി ഇസ്‌ലാമിനെ സംബന്ധിച്ച്‌ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ സത്യമതം സ്വീകരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. ആ സന്ദര്‍ഭത്തിലാണ്‌ ഇബ്‌നു ഉമ്മിമക്‌തൂം ചില ഇസ്‌ലാമിക വിഷയങ്ങള്‍ പഠിപ്പിച്ചു തരണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ അങ്ങോട്ട്‌ കടന്നുചെന്നത്‌. ഒരു പാവപ്പെട്ട അന്ധന്‌ വലിയ പരിഗണന നല്‌കിയാല്‍ ആ പ്രമുഖന്മാര്‍ക്ക്‌ ഇഷ്‌ടപ്പെടാതെ വരികയും അവര്‍ ഇസ്‌ലാമിനോട്‌ വിമുഖത കാണിക്കാന്‍ അതൊരു കാരണമാവുകയും ചെയ്‌തെങ്കിലോ എന്ന ആശങ്ക നിമിത്തം നബി(സ) ആ അന്ധന്‌ ഏറെ പരിഗണന നല്‌കിയില്ല. ആ നിലപാട്‌ ശരിയായില്ലെന്നാണ്‌ ഈ സൂക്തങ്ങളിലൂടെ അല്ലാഹു നബി(സ)യെ ഉണര്‍ത്തിയത്‌. പാവപ്പെട്ടവരോ വികലാംഗരോ ആയ സത്യവിശ്വാസികളുമായി സഹവസിക്കുന്നതില്‍ വിമുഖത കാണിക്കാന്‍ പാടില്ലെന്നത്രെ ഈ സൂക്തങ്ങളുടെ താത്‌പര്യം.

ഇരട്ടകള്‍ക്ക്‌ ഒരു അഖീഖത്ത്‌ മതിയോ?

ഇരട്ട കുട്ടികള്‍ ജനിച്ചാല്‍ രണ്ട്‌ കുട്ടികള്‍ക്കും വേണ്ടി ഒരു അഖീഖത്ത്‌ അറുത്താല്‍ മതിയോ? അതല്ല രണ്ട്‌ കുട്ടികള്‍ക്കും ഓരോന്ന്‌ വീതം അറുക്കണമോ?
ഇബ്‌നുഅലി ഒതായി
ഇരട്ടക്കുട്ടികളുടെ പേരില്‍ അഖീഖഃ അറുക്കുന്നത്‌ സംബന്ധിച്ച്‌ നബി(സ) പ്രത്യേകമായി എന്തെങ്കിലും പറഞ്ഞതായി പ്രാമാണികമായ ഹദീസുകളില്‍ കാണുന്നില്ല. ഒന്നിലേറെ കുട്ടികളുടെ പേരില്‍ ഒരു അഖീഖഃ അറുക്കുക എന്നൊരു നടപടി നബി(സ)യുടെ കാലത്ത്‌ ഉണ്ടായിട്ടില്ല. ആണ്‍കുട്ടിയുടെ പേരില്‍ രണ്ടു ആടുകളെ അവിടുന്ന്‌ അറുത്തതായും അറുക്കാന്‍ കല്‌പിച്ചതായുമാണ്‌ ഹദീസുകളില്‍ കാണുന്നത്‌.

കുഞ്ഞിന്റെ ചെവിയില്‍ ബാങ്ക്‌ കൊടുക്കുന്നത്‌ സുന്നത്തല്ലേ?

കുഞ്ഞ്‌ ജനിച്ചാല്‍ ചെവിയില്‍ ബാങ്ക്‌ കൊടുക്കുന്നത്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനം അംഗീകരിച്ച ഒരു സുന്നത്തായിട്ടാണ്‌ ഇതുവരെ മനസ്സിലാക്കിയിരുന്നത്‌. എന്നാല്‍ ഈയിടെ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ലേബലില്‍ ഒരു പണ്ഡിതന്‍, അതിനെപ്പറ്റി വന്ന ഹദീസുകളെല്ലാം ദുര്‍ബലമാണെന്നും അങ്ങനെ ഒരു സുന്നത്തില്ലെന്നും പറയുകയുണ്ടായി. കുഞ്ഞ്‌ ജനിച്ചാല്‍ ചെവിയില്‍ ബാങ്ക്‌ കൊടുക്കുന്നതിന്റെ വിധി എന്താണ്‌?
ശാസ്‌ത്രീയ സിദ്ധാന്തങ്ങളും കണ്ടുപിടുത്തങ്ങളും പോലെ ഹദീസുകളിലും പുതിയ പുതിയ കണ്ടെത്തലുകള്‍ ഉണ്ടാകുമോ? അങ്ങനെ കണ്ടെത്തുമ്പോള്‍ ഭാവിയില്‍ ഇനിയും സുന്നത്തുകളില്‍ മാറ്റത്തിരുത്തലുകള്‍ ഉണ്ടാകുമോ? ഇതുവരെ സുന്നത്താണെന്ന്‌ പറഞ്ഞിരുന്ന ഒരു കാര്യം മറ്റൊരിക്കല്‍ ഹദീസ്‌ ദുര്‍ബലമാണെന്ന്‌ പറയുന്നത്‌ ഏത്‌ പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും?
അബൂഅയ്‌മന്‍ കുമരനല്ലൂര്‍
ചില ഹദീസുകളുടെ പ്രാമാണികത സംബന്ധിച്ച്‌ പൂര്‍വികരായ പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ടായിട്ടുണ്ട്‌. ഹദീസ്‌ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ ഇതിന്‌ ധാരാളം ഉദാഹരണങ്ങള്‍ കാണാം. റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയിലെ ഒന്നോ രണ്ടോ പേരുടെ വിശ്വസ്‌തത സംബന്ധിച്ച സംശയമായിരിക്കും ഇതിനു കാരണം. ചില ഹദീസുകള്‍ക്ക്‌ ഒന്നിലേറെ പരമ്പരകളുണ്ടായിരിക്കും. അതിലൊന്ന്‌ പ്രബലവും മറ്റൊന്നു ദുര്‍ബലവുമായെന്ന്‌ വരാം. ഒരു പരമ്പര മാത്രമുള്ളത്‌ തന്നെ ഒരു പണ്ഡിതന്റെ വീക്ഷണത്തില്‍ പ്രബലവും മറ്റൊരാളുടെ വീക്ഷണത്തില്‍ ദുര്‍ബലവും ആകാനിടയുണ്ട്‌.
തന്റെ പൗത്രന്‍ ഹുസൈന്‍(റ) ജനിച്ചപ്പോള്‍ റസൂല്‍(സ) ചെവിയില്‍ ബാങ്ക്‌ വിളിക്കുന്നത്‌ കണ്ടുവെന്ന്‌ അബൂറാഫിഇല്‍ നിന്ന്‌ ഇമാം അഹ്‌മദ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. `പൗത്രന്‍ ഹസന്‍ ജനിച്ചപ്പോള്‍' എന്നാണ്‌ അബൂദാവൂദിന്റെയും തിര്‍മിദിയുടെയും റിപ്പോര്‍ട്ടില്‍. ഇത്‌ സഹീഹാണെന്ന്‌ തിര്‍മിദി പറഞ്ഞുവെന്ന്‌ ശൗക്കാനി രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ ആധുനിക ഹദീസ്‌ പണ്ഡിതന്‍ നാസിറുദ്ദീന്‍ അല്‍ബാനിയുടെ വീക്ഷണത്തില്‍ ഇതിന്റെ പരമ്പര സഹീഹ്‌ എന്ന്‌ വിശേഷിപ്പിക്കാന്‍ അര്‍ഹമല്ല. അല്‍ബാനിയുടെ അഭിപ്രായത്തിന്‌ മുന്‍ഗണന നല്‌കുന്നവരായിരിക്കും ഈ ബാങ്ക്‌ സുന്നത്തല്ലെന്ന്‌ പറയുന്നത്‌. അഹ്‌മദ്‌, അബൂദാവൂദ്‌, തിര്‍മിദി എന്നിവര്‍ക്ക്‌ പുറമെ ഹാകിം, ബൈഹഖി എന്നിവര്‍ കൂടി അബൂറാഫിഇന്റെ ഹദീസ്‌ ഉദ്ധരിച്ചിട്ടുള്ളതിനാല്‍ ഇത്‌ ബിദ്‌അത്താണെന്ന്‌ പറയാവുന്നതല്ലെന്നാണ്‌ `മുസ്‌ലിം' കരുതുന്നത്‌.

ഭാര്യ പിണങ്ങി നില്‍ക്കുന്ന ഭര്‍ത്താവിന്റെ ഉംറ

ഭാര്യ പിണങ്ങി നില്‍ക്കുന്ന വേളയില്‍ ഭര്‍ത്താവിന്‌ ഉംറ നിര്‍വഹിക്കാമോ? പാടില്ല എന്ന്‌ കേള്‍ക്കുന്നു. ഇത്‌ ശരിയാണോ?
ഷൗക്കത്ത്‌ താനാളൂര്‍ ദുബൈ
ഭാര്യ പിണങ്ങിനില്‍ക്കുക എന്നത്‌ ഭര്‍ത്താവ്‌ ഉംറ നിര്‍വഹിക്കുന്നതിന്‌ ഒരു തടസ്സമല്ല. എന്നാല്‍ ഭാര്യ എന്തിന്റെ പേരില്‍ പിണങ്ങി എന്നത്‌ ഇതോടനുബന്ധിച്ച്‌ വിലയിരുത്തേണ്ട വിഷയമാണ്‌. അവളോടുള്ള ബാധ്യതകള്‍ നിറവേറ്റുന്നതില്‍ അയാള്‍ വീഴ്‌ചവരുത്തിയതിന്റെ പേരിലാണ്‌ പിണക്കമെങ്കില്‍ ആ തെറ്റു തിരുത്തിയ ശേഷം പോകുന്നതാണ്‌ ഉംറ സ്വീകാര്യമാകാനും പാപങ്ങള്‍ പൊറുക്കപ്പെടാനും ഏറ്റവും അനുയോജ്യമായിട്ടുള്ളത്‌. ന്യായമായ കാരണം കൂടാതെ അവള്‍ പിണങ്ങിപ്പോയതാണെങ്കില്‍ അത്‌ അയാളുടെ സല്‍ക്കര്‍മത്തെയോ തീര്‍ഥാടനത്തെയോ ദോഷകരമായി ബാധിക്കുകയില്ല.

റുകൂഇലെയും സുജൂദിലെയും ദിക്‌ര്‍ ദുആകള്‍

റുകൂഇലും സുജൂദിലും നബി(സ) എല്ലായ്‌പ്പോഴും ഒരേ തരത്തിലുള്ള പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും തന്നെയാണോ ചൊല്ലിയിരുന്നത്‌? അതല്ല വ്യത്യസ്‌ത സന്ദര്‍ഭങ്ങളില്‍ പല തരത്തിലായിരുന്നുവോ?
മുഹമ്മദ്‌ നവാല്‍ കൊച്ചി
ഈ വിഷയകമായി നബി(സ)യില്‍ നിന്ന്‌ വ്യത്യസ്‌തമായ ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. ഒന്ന്‌, നബി(സ) റുകൂഇല്‍ സുബ്‌ഹാന റബ്ബിയല്‍ അദ്വീം എന്നും സുജൂദില്‍ സുബ്‌ഹാന റബ്ബിയല്‍ അഅ്‌ലാ എന്നും ചൊല്ലിയിരുന്നുവെന്ന്‌ മുസ്‌ലിം, തിര്‍മിദി, അബൂദാവൂദ്‌ തുടങ്ങിയവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതിന്റെ നിവേദകപരമ്പര അഥവാ സനദ്‌ അന്യൂനമാണെന്ന്‌ തിര്‍മിദി അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

ഫസബ്ബിഹ്‌ ബിസ്‌മി റബ്ബികല്‍ അദ്വീം (വി.ഖു. 56:96) എന്ന വചനം അവതരിച്ചപ്പോള്‍ അതനുസരിച്ചുള്ള കീര്‍ത്തനം (സുബ്‌ഹാന റബ്ബിയല്‍ അദ്വീം) നിങ്ങള്‍ റുകൂഇല്‍ ചൊല്ലണമെന്ന്‌ റസൂല്‍(സ) ഞങ്ങളോട്‌ പറഞ്ഞുവെന്നും, സബ്ബിഹിസ്‌മ റബ്ബികല്‍ അഅ്‌ലാ (വി.ഖു. 87:1) എന്ന വചനം അവതരിച്ചപ്പോള്‍ അത്‌ പ്രകാരമുള്ള കീര്‍ത്തനം (സുബ്‌ഹാന റബ്ബിയല്‍ അഅ്‌ലാ) സുജൂദില്‍ ചൊല്ലാന്‍ അവിടുന്ന്‌ ഞങ്ങളോട്‌ നിര്‍ദേശിച്ചുവെന്നും ഉഖ്‌ബത്തുബ്‌നു ആമിര്‍(റ) പറഞ്ഞതായി അഹ്‌മദ്‌, അബൂദാവൂദ്‌, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

`റുകൂഇല്‍ നിങ്ങള്‍ രക്ഷിതാവിന്റെ മഹത്വം വാഴ്‌ത്തണം' എന്ന്‌ നബി(സ) കല്‌പിച്ചതായി ഇബ്‌നു അബ്ബാസില്‍(റ) നിന്ന്‌ മുസ്‌ലിം, അഹ്‌മദ്‌, അബൂദാവൂദ്‌, നസാഈ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ കാണാം. റുകൂഇലും സുജൂദിലും ഈ ദിക്‌റുകള്‍ ചുരുങ്ങിയ പക്ഷം മൂന്നു പ്രാവശ്യം വീതം ചൊല്ലാന്‍ നബി(സ) നിര്‍ദേശിച്ചതായി ഇബ്‌നു മസ്‌ഊദില്‍ നിന്ന്‌ തിര്‍മിദിയും മറ്റും ഉദ്ധരിച്ചിട്ടുണ്ട്‌. എന്നാല്‍ ആ ഹദീസിന്റെ നിവേദക പരമ്പരയ്‌ക്ക്‌ ചില ന്യൂനതകള്‍ ഉള്ളതായി ചില ഹദീസ്‌ പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. ഈ ഹദീസിന്റെ ചില റിപ്പോര്‍ട്ടുകളില്‍ വബിഹംദിഹി എന്ന വാക്കു കൂടിയുണ്ട്‌. എന്നാല്‍ അവയുടെയെല്ലാം നിവേദക പരമ്പരയ്‌ക്ക്‌ ചില ബലഹീനതകളുണ്ട്‌.

രണ്ട്‌, നബി(സ) ഖുര്‍ആനിനെ വ്യാഖ്യാനിച്ചുകൊണ്ട്‌ (110:3 സൂക്തത്തിലെ കല്‌പനയാണ്‌ ഉദ്ദേശ്യം) റുകൂഇലും സുജൂദിലും സുബ്‌ഹാനകല്ലാഹുമ്മ റബ്ബനാ വബിഹംദിക അല്ലാഹുമ്മഗ്‌ഫിര്‍ ലീ എന്ന്‌ ചൊല്ലാറുണ്ടായിരുന്നുവെന്ന്‌ ആഇശ(റ)യില്‍ നിന്ന്‌ ബുഖാരി, മുസ്‌ലിം, അബൂദാവൂദ്‌, നസാഈ, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതാണ്‌ ഈ വിഷയകമായി ഏറ്റവും പ്രബലമായ ഹദീസ്‌. റുകൂഇലും സുജൂദിലും ഈ ദിക്‌റാണ്‌ നബി(സ) കൂടുതല്‍ ചൊല്ലിയിരുന്നതെന്ന്‌ മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍, റസൂല്‍(സ) വിയോഗത്തിന്റെ മുമ്പ്‌ സുബ്‌ഹാനക വബിഹംദിക അസ്‌തഗ്‌ഫിറുക വഅതൂബു ഇലൈക എന്നാണ്‌ കൂടുതലായി ചൊല്ലിയിരുന്നതെന്ന്‌ കാണാം. മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍, സുബ്‌ഹാനക റബ്ബീ വബിഹംദിക അല്ലാഹുമ്മ ഗ്‌ഫീര്‍ലീ എന്നാണ്‌ 110-ാം സൂറത്ത്‌ അവതരിച്ചത്‌ മുതല്‍ നബി(സ) എല്ലാ നമസ്‌കാരത്തിലും പ്രാര്‍ഥിച്ചിരുന്നതെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ സുബ്‌ഹാനല്ലാഹി വബിഹംദിഹി അസ്‌തഗ്‌ഫിറുല്ലാഹവ അതൂബു ഇലൈഹി എന്ന്‌ റസൂല്‍(സ) ചൊല്ലിയിരുന്നുവെന്നാണുള്ളത്‌. പദങ്ങളില്‍ ചെറിയ വ്യത്യാസമുണ്ടെങ്കിലും ഈ ദിക്‌റുകളുടെയെല്ലാം സാരം ഒന്നുതന്നെയാകുന്നു.

മൂന്ന്‌, റസൂല്‍(സ) സുജൂദില്‍ അല്ലാഹുമ്മഗ്‌ഫിര്‍ലീ ദന്‍ബീക്കുല്ലഹു ദിക്വഹു വജില്ലഹു വഅവ്വലഹു വആഖിറഹു വഅലാനിയതഹു വസിര്‍തഹു (സാരം: അല്ലാഹുവേ, എനിക്ക്‌ എന്റെ എല്ലാ പാപവും പൊറുത്തു തരേണമേ (കുറഞ്ഞതും കൂടിയതും ആദിമവും അന്തിമവും പരസ്യവും രഹസ്യവുമായ എല്ലാ പാപങ്ങളും) എന്ന്‌ പ്രാര്‍ഥിക്കാറുണ്ടായിരുന്നുവെന്ന്‌ അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ മുസ്‌ലിം, അബൂദാവൂദ്‌ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

നാല്‌, റുകൂഇലും സുജൂദിലും റസൂല്‍(സ), സുബ്ബൂഹുന്‍ ഖുദ്ദൂസുന്‍ റബ്ബുല്‍ മലാഇകതിവര്‍റൂഹി എന്ന്‌ ചൊല്ലാറുണ്ടായിരുന്നുവെന്ന്‌ ആഇശ(റ) അറിയിച്ചതായി മുസ്‌ലിമും അബുദാവൂദും നസാഇയും ഉദ്ധരിച്ചിരിക്കുന്നു.

അഞ്ച്‌, ഒരിക്കല്‍ രാത്രി നമസ്‌കാരത്തിലെ സുജൂദില്‍ ഇങ്ങനെ ചൊല്ലിയിരുന്നു: അല്ലാഹുമ്മ അഊദുബിറിദ്വാക മിന്‍ സഖത്വിക അബി മുആഫാതിക മിന്‍ ഉക്വൂബതിക വഅഊദൂ ബിക മിന്‍ക ലാഉഹ്‌സ്വീ സനാഅന്‍ അലൈക അന്‍തകമാ അസ്‌നൈത അലാ നഫ്‌സിക്‌ (സാരം: അല്ലാഹുവേ, നിന്റെ തൃപ്‌തികൊണ്ട്‌ നിന്റെ കോപത്തില്‍ നിന്ന്‌ ഞാന്‍ അഭയം തേടുന്നു. നീ നല്‌കുന്ന സൗഖ്യം കൊണ്ട്‌ നിന്റെ ശിക്ഷയില്‍ നിന്ന്‌ ഞാന്‍ അഭയം തേടുന്നു. നിന്നില്‍ നിന്ന്‌ നിന്നോട്‌ തന്നെ ഞാന്‍ അഭയം തേടുന്നു. നിനക്കുള്ള സ്‌തുതി എനിക്ക്‌ ക്ലിപ്‌തപ്പെടുത്താന്‍ കഴിയില്ല. നിന്റെ അവസ്ഥ നീ തന്നെ സ്വയം വാഴ്‌ത്തിയതുപോലെയാകുന്നു.)

ഈ വിഷയകമായി ഇങ്ങനെ വൈവിധ്യപൂര്‍ണമായ ദിക്‌റുകളും പ്രാര്‍ഥനകളും നബി(സ)യില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌, അവിടുന്ന്‌ എല്ലായ്‌പ്പോഴും ഒരേ ദിക്‌റല്ല ചൊല്ലിയിരുന്നത്‌ എന്നതിന്‌ തെളിവാകുന്നു. സുജൂദില്‍ പ്രാര്‍ഥന വര്‍ധിപ്പിച്ചുകൊള്ളാന്‍ നബി(സ) നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ ന്യായമായ ഏത്‌ കാര്യത്തിന്‌ വേണ്ടിയും അല്ലാഹുവോട്‌ ആത്മാര്‍ഥമായി പ്രാര്‍ഥിക്കാവുന്നതാണ്‌. എന്നാല്‍ ഐഹികനേട്ടങ്ങള്‍ക്കായി മാത്രം പ്രാര്‍ഥിക്കുന്നത്‌ വിശുദ്ധ ഖുര്‍ആനിലെ 2:200 സൂക്തത്തിലെ മാര്‍ഗനിര്‍ദേശത്തിന്‌ വിരുദ്ധമാകുന്നു. റുകൂഇലും സുജൂദിലും ദീര്‍ഘമായി ദിക്‌റുകളും പ്രാര്‍ഥനകളും ചൊല്ലുന്നത്‌ നല്ലതാണെങ്കിലും രോഗികളും വൃദ്ധരും പങ്കെടുക്കുന്ന ജമാഅത്തുകളില്‍ ഇമാമുകള്‍ റുകൂഉം സുജൂദും ഏറെ ദീര്‍ഘിപ്പിക്കരുത്‌. ഈ വിഷയകമായി നബി(സ)യുടെ പ്രത്യേക മാര്‍ഗ നിര്‍ദേശമുണ്ട്‌.

എന്തുകൊണ്ട്‌ പല രീതിയില്‍ `ഹംദ്‌' ചൊല്ലുന്നു?

നബി(സ) കാണിച്ച്‌, പ്രവര്‍ത്തിച്ച്‌, അംഗീകരിച്ച്‌ തന്ന കാര്യങ്ങളാണല്ലോ നബിചര്യ. നബി(സ) പറഞ്ഞതിലോ പ്രവര്‍ത്തിച്ചതിലോ അംഗീകരിച്ചു തന്നതിലോ കൂട്ടുകയോ കുറക്കുകയോ ചെയ്യാനുള്ള അധികാരം മുസ്‌ലിംകള്‍ക്ക്‌ ഇല്ല. അതിനാല്‍ മുജാഹിദുകള്‍ നബി(സ)യുടെ മേല്‍ സ്വലാത്ത്‌ ചൊല്ലുമ്പോഴും, നബി(സ) പഠിപ്പിച്ച പ്രാര്‍ഥന ചൊല്ലുമ്പോഴും ഒരു അക്ഷരം കൂട്ടുകയോ കുറക്കുകയോ ഇല്ല എന്ന്‌ പറയുന്നു. എന്നാല്‍ പ്രസംഗത്തിന്‌ മുമ്പുള്ള `ഹംദ്‌' മുജാഹിദ്‌ പ്രസംഗകര്‍ വ്യത്യസ്‌ത രൂപത്തില്‍ ചൊല്ലുന്നത്‌ കാണുന്നു. ഇത്‌ നബിയുടെ ചര്യക്ക്‌ എതിരല്ലേ?

പി എം ഇസ്‌ഹാഖ്‌ തിരുനാവായ

നബി(സ) എല്ലാ പ്രസംഗങ്ങളുടെ കൂട്ടത്തിലും ഒരേ രീതിയില്‍ തന്നെയായിരുന്നു ഹംദ്‌ ചൊല്ലിയിരുന്നതെന്ന്‌ പ്രാമാണികമായ ഹദീസുകളില്‍ വ്യക്തമാക്കിയിട്ടില്ല. നബി(സ) ഖുത്വ്‌ബയുടെ ആരംഭത്തില്‍ ചൊല്ലിയിരുന്ന ഹംദിന്റെ വിശദമായ രൂപം ഒരു ഹദീസില്‍ കാണാമെങ്കിലും ആ ഹദീസ്‌ പ്രാമാണികമാണോ എന്ന കാര്യത്തില്‍ ഹദീസ്‌ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്‌. നബി(സ)യുടെ പ്രസംഗങ്ങള്‍ സംബന്ധിച്ച പല റിപ്പോര്‍ട്ടുകളിലും അദ്ദേഹം അല്ലാഹുവെ സ്‌തുതിക്കുകയും അവനെ പുകഴ്‌ത്തുകയും ശഹാദത്ത്‌ ചൊല്ലുകയും ചെയ്‌തിരുന്നുവെന്നേ പറഞ്ഞിട്ടുള്ളൂ. സ്‌തുതിക്കാനും മറ്റും ഉപയോഗിച്ച പദങ്ങള്‍ കൃത്യമായി എടുത്തുപറഞ്ഞിട്ടില്ല.

നാം അല്ലാഹുവെ സ്‌തുതിക്കേണ്ടത്‌ എങ്ങനെയെന്ന്‌ ഒന്നാമതായി ഖുര്‍ആനില്‍ നിന്നാണ്‌ മനസ്സിലാക്കേണ്ടത്‌. നാം ആവര്‍ത്തിച്ച്‌ ഓതേണ്ട ഫാതിഹയില്‍ ഹംദും ഉണ്ടല്ലോ. അല്‍ ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍. ഈ വാക്കുകളിലൂടെ ഏത്‌ സന്ദര്‍ഭത്തിലും നമുക്ക്‌ അല്ലാഹുവെ സ്‌തുതിക്കാവുന്നതാണ്‌. 6:1 സൂക്തത്തില്‍ `ആകാശഭൂമികള്‍ സൃഷ്‌ടിച്ച അല്ലാഹുവിന്‌ സ്‌തുതി' എന്നു കാണാം. 7:43 സൂക്തത്തില്‍ `ഞങ്ങളെ ഈ സന്മാര്‍ഗത്തിലേക്ക്‌ നയിച്ച അല്ലാഹുവിന്‌ സ്‌തുതി' എന്നാണുള്ളത്‌. അല്‍ഹംദുലില്ലാഹ്‌ എന്ന്‌ പറയാനുള്ള നിര്‍ദേശം അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ കാണാം. `തന്റെ ദാസന്‌ വേദഗ്രന്ഥം അവതരിപ്പിച്ചുകൊടുത്ത അല്ലാഹുവിന്‌ സ്‌തുതി' എന്ന്‌ 18:1ല്‍ കാണാം. `ഞങ്ങളെ അക്രമികളില്‍ നിന്ന്‌ രക്ഷിച്ച അല്ലാഹുവിന്‌ സ്‌തുതി' എന്ന്‌ പറയാനുള്ള നിര്‍ദേശം കാണാം 23:28 സൂക്തത്തില്‍. `ഞങ്ങളില്‍ നിന്ന്‌ ദുഃഖം നീക്കിയ അല്ലാഹുവിന്‌ സ്‌തുതി' എന്നാണ്‌ 35:34 സൂക്തത്തിലെ പദപ്രയോഗം. അല്ലാഹുവിന്റെ ഗുണവിശേഷങ്ങളും അനുഗ്രഹങ്ങളും എടുത്തുപറഞ്ഞുകൊണ്ട്‌ വ്യത്യസ്‌ത രീതികളില്‍ അവന്‌ സ്‌തുതിയര്‍പ്പിക്കാവുന്നതാണ്‌ എന്നത്രെ ഈ ആയത്തുകളില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌.

ഒരു പ്രത്യേക രീതിയില്‍ മാത്രം നബി(സ) പഠിപ്പിച്ച ദിക്‌റോ ദുആയോ ആണെങ്കില്‍ നമ്മുടെ ഇഷ്‌ടപ്രകാരം അതില്‍ മാറ്റം വരുത്താവുന്നതല്ല. എന്നാല്‍ നബി(സ) തന്നെ വ്യത്യസ്‌ത രീതിയില്‍ ചൊല്ലിയതായി പ്രബലമായ ഹദീസുകളില്‍ ഉദ്ധരിച്ചിട്ടുള്ള പ്രാര്‍ഥനകളും കീര്‍ത്തനങ്ങളുമാണെങ്കില്‍ അവയില്‍ ഏതൊന്നും ചൊല്ലാന്‍ നമുക്ക്‌ സ്വാതന്ത്ര്യമുണ്ടായിരിക്കും. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എടുത്തുപറഞ്ഞ്‌ അവനെ സ്‌തുതിക്കുകയാണെങ്കില്‍ നമുക്ക്‌ ഓരോ സന്ദര്‍ഭത്തിലും ഏറ്റവും പ്രസക്‌തമായി തോന്നുന്ന അനുഗ്രഹങ്ങള്‍ എടുത്തുപറയാവുന്നതാണ്‌.

ദാമ്പത്യസുഖം അനുഭവിക്കാന്‍ നോമ്പ്‌ ഉപേക്ഷിക്കാമോ?

നോമ്പുകാരനായിരിക്കേ ലൈംഗിക ബന്ധത്തിലേർ‍പ്പെട്ടാൽ‍ രണ്ടു മാസം നിർ‍ബന്ധമായി നോമ്പനുഷ്‌ഠിക്കണമെന്നാണല്ലോ വിധി. എന്നാല്‍ ലൈംഗികാവശ്യങ്ങൾ‍ക്കു വേണ്ടി നോമ്പ്‌ ഉപേക്ഷിക്കാന്‍ അനുവാദമുണ്ടോ?

എന്റെ ബന്ധുവിന്റെ വരൻ‍ വിദേശത്താണ്‌. ഒരു വർഷത്തെ പ്രവാസത്തിനു ശേഷം അയാൾ റമദാനിൽ‍ പത്തു ദിവസത്തെ ലീവിന്‌ നാട്ടിലെത്തി. ഈ വേളയിൽ‍ റമദാനിനു ശേഷം നോറ്റുവീട്ടാം എന്ന നിയ്യത്തോടെ അവർ‍ക്ക്‌ നോമ്പ്‌ ഒഴിവാക്കാമോ?

അനസ്‌ മുഹമ്മദ്‌ മലപ്പുറം

പുരുഷന്മാര്‍ക്ക്‌ രോഗം, യാത്ര എന്നീ കാരണങ്ങളാല്‍ മാത്രമേ നോമ്പ്‌ ഉപേക്ഷിക്കാന്‍ അല്ലാഹുവും റസൂലും(സ) അനുവദിച്ചിട്ടുള്ളൂ. സ്‌ത്രീകള്‍ ആര്‍ത്തവകാലത്തും പ്രസവത്തെത്തുടര്‍ന്ന്‌ രക്തസ്രാവമുള്ളപ്പോഴും നോമ്പെടുക്കാന്‍ പാടില്ല. ഗര്‍ഭകാലത്തും കുട്ടിക്ക്‌ മുലയൂട്ടുമ്പോഴും നോമ്പ്‌ ഉപേക്ഷിക്കാവുന്നതാണ്‌. റമദാനിന്റെ രാവുകളില്‍ ദാമ്പത്യസുഖമനുഭവിക്കാന്‍ അല്ലാഹു പൂര്‍ണ അനുവാദം നല്‍കിയിട്ടുള്ളതിനാല്‍ ആ കാര്യത്തിനു വേണ്ടി നോമ്പ്‌ ഉപേക്ഷിക്കുക അനിവാര്യമല്ലല്ലോ. അനിവാര്യസാഹചര്യങ്ങളിലാണ്‌ നിര്‍ബന്ധ ബാധ്യതകള്‍ക്ക്‌ ഇസ്‌ലാം ഇളവനുവദിച്ചിട്ടുള്ളത്‌. നോമ്പുകാരനായിരിക്കെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടവന്‍ പ്രായശ്ചിത്തമായി ഒന്നുകില്‍ രണ്ടു മാസം വ്രതമനുഷ്‌ഠിക്കുകയോ അല്ലെങ്കില്‍ അറുപത്‌ അഗതികള്‍ക്ക്‌ ആഹാരം നല്‍കുകയോ ചെയ്യാം.

ആമീന്‍ എന്ന വാക്ക്‌ നമസ്‌കാരത്തില്‍ ഉപയോഗിക്കാമോ?


നമസ്‌കാരത്തില്‍ ഫാത്തിഹ സൂറത്ത്‌ ഓതിപ്പൂർ‍ത്തിയാക്കുമ്പോൾ‍ നാം ആമീൻ എന്നു ചൊല്ലാറുണ്ടല്ലോ. ഒറ്റക്കാണ്‌ നമസ്‌കരിക്കുന്നതെങ്കില്‍ പതുക്കെയും ജമാഅത്തായാണെങ്കില്‍ മഅ്‌മൂമുകള്‍ ഉച്ചത്തിലും ഇത്‌ ചൊല്ലുറുണ്ട്‌. എന്നാല്‍ ആമീൻ എന്ന വാക്ക്‌ ഖുര്‍ആനിൽ പരാമർ‍ശിക്കുന്നേയില്ല. പിന്നെ എങ്ങനെയാണിത്‌ ചൊല്ലിവന്നത്‌? ഖുര്‍ആനിലില്ലാത്ത വാക്കുകള്‍ നമസ്‌കാരത്തില്‍ പ്രയോഗിക്കുക എന്നത്‌ നമസ്‌കാരം ബാത്വിലാകാന്‍ ഇടയാക്കില്ലേ?


മുഹമ്മദ്‌ ഇംതിയാസ്‌ കണ്ണൂര്‍

ഖുർ‍ആനിൽ‍ ആമീൻ എന്ന വാക്ക്‌ ഇല്ല. എന്നാൽ ഖുർ‍ആനിലുള്ള വാക്കുകൾ മാത്രമേ നമസ്‌കാരത്തില്‍ ചൊല്ലാവൂ എന്ന്‌ അല്ലാഹുവോ റസൂലോ(സ) വിധിച്ചിട്ടില്ല. നിങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ റസൂലില്‍ ഉത്തമ മാതൃകയുണ്ട്‌ എന്ന്‌ വിശുദ്ധ ഖുര്‍ആനിൽ (33:21) വ്യക്തമാക്കിയിട്ടുണ്ട്‌. ``ഞാന്‍ എങ്ങനെ നമസ്‌കരിക്കുന്നതായി നിങ്ങള്‍ കണ്ടുവോ അതുപോലെ തന്നെ നിങ്ങള്‍ നമസ്‌കരിക്കണം'' എന്ന്‌ നബി(സ) പറഞ്ഞതായി ബുഖാരി, അഹ്‌മദ്‌ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ``ഇമാം ആമീന്‍ ചൊല്ലിയാല്‍ നിങ്ങളും ആമീന്‍ ചൊല്ലണം. വല്ലവനും ആമീന്‍ ചൊല്ലുന്നത്‌ മലക്കുകള്‍ ആമീന്‍ ചൊല്ലുന്നതുമായി യോജിച്ചുവന്നാല്‍ അവന്‍ മുമ്പ്‌ ചെയ്‌ത പാപങ്ങള്‍ പൊറുക്കപ്പെടും'' എന്ന്‌ റസൂല്‍(സ) പറഞ്ഞതായി ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഫാതിഹ ഓതിക്കഴിഞ്ഞാല്‍ നബി(സ) ആമീന്‍ ചൊല്ലാറുണ്ടായിരുന്നുവെന്ന്‌ അബൂദാവൂദും തിര്‍മിദിയും മറ്റും ഉദ്ധരിച്ചിട്ടുണ്ട്‌. ഇഅ്‌തിദാലിലും സുജൂദിനിടയിലെ ഇരുത്തത്തിലും അവസാനത്തെ ഇരുത്തത്തിലും മറ്റും ചൊല്ലാനുള്ള ദിക്‌റുകളും പ്രാര്‍ഥനകളും ഖുര്‍ആനിലുള്ളതല്ല. അതൊക്കെയും നബി(സ)യില്‍ നിന്ന്‌ വിശ്വസനീയമായി ഉദ്ധരിക്കപ്പെട്ടതാണ്‌. അതുപോലെ തന്നെയാണ്‌ ആമീന്റെ കാര്യവും.

Followers -NetworkedBlogs-

Followers