ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

എന്താണ്‌ മീലാദ്‌ ആഘോഷത്തിലെ തെറ്റ്‌?

     
എന്തുകൊണ്ടാണ്‌ മീലാദ്‌ ആഘോഷം തെറ്റാണെന്ന്‌ മുജാഹിദുകള്‍ വാദിക്കുന്നത്‌? ഒരാള്‍ തനിക്കുള്ളതിലേറ്റവും കൂടുതല്‍ സ്‌നേഹിക്കേണ്ടത്‌ അല്ലാഹുവിന്റെ റസൂലിനെയാണെന്ന്‌ പ്രവാചകവചനത്തില്‍ തന്നെ ഉണ്ടല്ലോ. പിന്നെ എങ്ങനെയാണ്‌ മീലാദ്‌ ആഘോഷം തെറ്റാവുന്നത്‌?

എന്‍ അബ്‌ദുസ്സലാം എടക്കര

സ്വന്തത്തെക്കാള്‍ പ്രവാചകനെ സ്‌നേഹിച്ചവരായിരുന്നു അദ്ദേഹത്തിന്റെ അനുചരന്മാരായ സ്വഹാബികള്‍. അവരാരും മീലാദ്‌ അഥവാ പ്രവാചക ജന്മദിനം ആഘോഷിച്ചിട്ടില്ല. ഹദീസ്‌ ഗ്രന്ഥങ്ങളിലോ പ്രാമാണികമായ ചരിത്രഗ്രന്ഥങ്ങളിലോ സ്വഹാബികള്‍ മീലാദ്‌ ആഘോഷിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. നബി(സ) സ്വന്തം ജന്മദിനം ആഘോഷിച്ചതായും ഇസ്‌ലാമിക പ്രമാണങ്ങളിലൊന്നും കാണുന്നില്ല. റബീഉല്‍ അവ്വല്‍ മാസത്തിനോ ആ മാസത്തിലെ പന്ത്രണ്ടാം തിയ്യതിക്കോ ഇസ്‌ലാമില്‍ പ്രത്യേക മഹത്വമുണ്ടെന്ന്‌ അല്ലാഹുവോ റസൂലോ(സ) വ്യക്തമാക്കിയിട്ടില്ല. നബി(സ)യുടെയും സ്വഹാബികളുടെയും ജീവിതത്തില്‍ റബീഉല്‍ അവ്വല്‍ 12 എന്ന തിയ്യതി പല പ്രാവശ്യം കഴിഞ്ഞുപോയിട്ടുണ്ട്‌. അവരാരും അന്ന്‌ മൗലൂദ്‌ ഓതുകയോ ഓതിക്കുകയോ വിരുന്നൊരുക്കുകയോ ജാഥ നടത്തുകയോ ദഫ്‌ മുട്ടി തുള്ളുകയോ പള്ളികള്‍ അലങ്കരിക്കുകയോ ചെയ്‌തിട്ടില്ല.

മതാചാരങ്ങളുടെ കാര്യത്തില്‍ ഇസ്‌ലാമിക നിലപാടെന്താണെന്ന്‌ നബി(സ) സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്‌. ``നമ്മുടെ ഈ കാര്യത്തില്‍ (ഇസ്‌ലാമില്‍) അതിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി കൂട്ടിച്ചേര്‍ത്താല്‍ അത്‌ തള്ളിക്കളയേണ്ടതാണ്‌'' എന്നാണ്‌ അവിടുന്ന്‌ പറഞ്ഞത്‌. സമസ്‌തക്കാരായ ചില പണ്ഡിതന്മാര്‍ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്‌, സച്ചരിതരായ പൂര്‍വികരുടെ കാലത്തൊന്നും നബിദിനാഘോഷം ഉണ്ടായിരുന്നില്ലെന്ന്‌. സ്വഹാബികളും അവരുടെ അടുത്ത തലമുറകളും നബിദിനാഘോഷം നടത്താതിരുന്നത്‌ പ്രവാചക സ്‌നേഹം പ്രകടിപ്പിക്കാനുള്ള മാര്‍ഗം അനാചാരങ്ങള്‍ ഉണ്ടാക്കലല്ല എന്ന്‌ അവര്‍ക്ക്‌ ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ്‌.

മക്കയിലെ മസ്‌ജിദുല്‍ ഹറാമിലോ മദീനയിലെ മസ്‌ജിദുന്നബവിയിലോ മൗലൂദ്‌ പാരായണം എന്നൊരു ആചാരം റബീഉല്‍ അവ്വലിലോ മറ്റു മാസങ്ങളിലോ നിര്‍വഹിക്കപ്പെടുന്നില്ല. അത്‌ യഥാര്‍ഥ ഇസ്‌ലാമികാചാരമാണെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ പള്ളികളില്‍ അത്‌ നിര്‍വഹിക്കപ്പെടാതിരിക്കുകയില്ലല്ലോ. പ്രമുഖ ഇസ്‌ലാമിക ഗ്രന്ഥങ്ങളിലൊന്നും ഇസ്‌ലാമിലെ ആരാധനാകര്‍മങ്ങള്‍ വിവരിക്കുന്ന കൂട്ടത്തില്‍ നബിദിനാഘോഷം എന്നൊരു ഇബാദത്തിനെ സംബന്ധിച്ച്‌ പരാമര്‍ശിച്ചിട്ടേയില്ല എന്ന കാര്യവും പ്രസ്‌താവ്യമാകുന്നു.
പ്രവാചകനോട്‌ സ്‌നേഹമുള്ളവര്‍ ചെയ്യേണ്ടത്‌ അദ്ദേഹം കൊണ്ടുവന്ന സത്യമതം അതേപടി, യാതൊന്നും കൂട്ടുകയോ കുറയ്‌ക്കുകയോ ചെയ്യാതെ സ്വീകരിക്കുകയും പിന്തുടരുകയുമാണ്‌. അല്ലാഹുവോ റസൂലോ(സ) പഠിപ്പിക്കാത്ത ആചാരങ്ങള്‍ മതത്തില്‍ കൂട്ടിച്ചേര്‍ക്കുന്നവര്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത്‌ റസൂല്‍(സ) കൊണ്ടുവന്ന മതത്തില്‍ പോരായ്‌മയുണ്ടെന്ന്‌ പരോക്ഷമായി സ്ഥാപിക്കുകയാണ്‌. അത്‌ റസൂലി(സ)നെ അപമാനിക്കലാണ്‌.

എന്തുകൊണ്ട്‌ നബിദിനാഘോഷത്തെ മാത്രം എതിര്‍ക്കുന്നു?


ഇസ്‌ലാമില്‍ രണ്ട്‌ ആഘോഷം മാത്രമേയുള്ളൂ (ബലിപെരുന്നാള്‍, ചെറിയ പെരുന്നാള്‍). എന്നാല്‍ ഇസ്‌ലാമിക സമൂഹത്തില്‍, വിവാഹം, പുതുവത്‌സരം, കുട്ടിയുടെ ജനനം, ഓണനാളുകള്‍, ക്രിസ്‌തുമസ്‌ തുടങ്ങിയവ ആഘോഷിക്കപ്പെടാറുണ്ട്‌. എന്നാല്‍ ഇതിനെ ആരും നിഷിദ്ധമെന്ന്‌ പറയാറുമില്ല. എന്നാല്‍ നബിദിനാഘോഷത്തെ മുജാഹിദുകള്‍ എതിര്‍ക്കുന്നു. മേല്‌പറഞ്ഞ ആഘോഷങ്ങള്‍ ആവാമെങ്കില്‍ നബിദിനാഘോഷവും കൊണ്ടാടുന്നതില്‍ എന്താണ്‌ തെറ്റ്‌?
സ്വാലിഹ്‌ ഈരാറ്റുപേട്ട

മുസ്‌ലിം സമൂഹത്തില്‍ എക്കാലത്തും ആദര്‍ശപ്രതിബദ്ധതയുള്ളവരും ഇല്ലാത്തവരും ഉണ്ടായിട്ടുണ്ട്‌. ആദര്‍ശ പ്രതിബദ്ധതയുള്ളവര്‍ ആഘോഷം ഉള്‍പ്പെടെ ഏത്‌ കാര്യം ചെയ്യുമ്പോഴും അത്‌ അല്ലാഹുവും റസൂലും (സ) അനുവദിച്ചതാണോ എന്ന്‌ നോക്കണം. വിവാഹം അല്‌പമൊക്കെ ആഘോഷമായി നടത്തുന്ന സമ്പ്രദായം നബി(സ)യുടെ കാലത്തും ഉണ്ടായിരുന്നു. ധൂര്‍ത്ത്‌, പൊങ്ങച്ചം തുടങ്ങിയ വിലക്കപ്പെട്ട കാര്യങ്ങള്‍ വര്‍ജിച്ചുകൊണ്ടാവണം വിവാഹാഘോഷം. ക്രിസ്‌തുമസും ഓണവും ഓരോ വിഭാഗങ്ങളുടെ മതപരമായ ആഘോഷങ്ങളാണ്‌. മുസ്‌ലിംകള്‍ ഇസ്‌ലാമികമല്ലാത്ത മതാഘോഷങ്ങളൊന്നും നടത്താന്‍ പാടില്ല.

കുട്ടികളുടെ ജനനവും കൊല്ലങ്ങളുടെ മാറ്റവും നബി(സ)യുടെ കാലത്തും ഉണ്ടായിരുന്നല്ലോ. എന്നാല്‍ അദ്ദേഹമോ അനുചരന്മാരോ ഒരു കുഞ്ഞിന്റെയും ജന്മദിനം ആഘോഷിച്ചിട്ടില്ല. ചാന്ദ്രവര്‍ഷത്തിന്റെയോ സൗരവര്‍ഷത്തിന്റെയോ ആരംഭം ഉത്‌സവമാക്കിയിട്ടുമില്ല. നമ്മുടെ സച്ചരിതരായ പൂര്‍വികര്‍ ഈ ആഘോഷങ്ങള്‍ വേണ്ടെന്ന്‌ വെച്ചത്‌ ഇസ്‌ലാമിക സംസ്‌കാരത്തില്‍ അവയ്‌ക്ക്‌ സ്ഥാനമില്ലാത്തതുകൊണ്ടാണ്‌. ആദര്‍ശപ്രതിബദ്ധതയില്ലാത്തവര്‍ പല ആഘോഷങ്ങള്‍ നടത്തും. അതുകൊണ്ട്‌ അവയ്‌ക്ക്‌ ഇസ്‌ലാമികമായ സാധുത കൈവരുകയില്ല.

എന്നാല്‍ അല്ലാഹുവും റസൂലും(സ) പഠിപ്പിക്കാത്ത ഒരു കാര്യം മതപരമായ പുണ്യകര്‍മം എന്ന നിലയില്‍ ആചരിക്കുന്നതും മതത്തിന്റെ ഭാഗം എന്ന നിലയിലല്ലാതെ ഒരു ആഘോഷം നടത്തുന്നതും തമ്മില്‍ വ്യത്യാസമുണ്ട്‌. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെയോ വ്യാപാര സ്ഥാപനത്തിന്റെയോ വാര്‍ഷികം ആഘോഷിക്കുന്നത്‌ ഒരു മതാനുഷ്‌ഠാനം എന്ന നിലയിലല്ലാത്തതിനാല്‍ നിഷിദ്ധമാണെന്ന്‌ പറയാവുന്നതല്ല. ഈസാനബി(അ)യുടെയും മുഹമ്മദ്‌ നബി(സ)യുടെയും ജന്മദിനം ആഘോഷിക്കുന്നത്‌ മതാനുഷ്‌ഠാനം എന്ന നിലയിലാണ്‌. ഇങ്ങനെയൊരു ആഘോഷം നടത്താന്‍ അല്ലാഹുവോ ഈ പ്രവാചകന്മാരോ കല്‌പിച്ചിട്ടില്ല. അതിനാല്‍ ഈ ആഘോഷം മതത്തില്‍ മാതൃകയില്ലാത്ത നൂതനാചാരം അഥവാ ബിദ്‌അത്ത്‌ എന്ന നിലയില്‍ നിഷിദ്ധമാകുന്നു.

പ്രവാചകസ്‌നേഹം ശരിയായ ദിശയില്‍


``എന്താണ്‌ സ്‌നേഹത്തിന്റെ ലക്ഷണം. പ്രവാചക സ്‌നേഹത്തിന്റെ പ്രഥമ ലക്ഷണം അനുസരണവും അനുകരണവുമാണ്‌. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: നബീ, പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ അനുഗമിക്കുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കും. അപ്പോള്‍ നബിചര്യ ജീവിതത്തില്‍ പകര്‍ത്തണം. മനോധര്‍മങ്ങളില്‍ നബിയെ അനുകരിക്കണം. അതാണ്‌ സ്‌നേഹത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷണം. തിരുനബി അനസുബ്‌നു മാലിക്‌ എന്ന ശിഷ്യനു നല്‌കിയ ഉപദേശം കാണുക: കുഞ്ഞുമകനേ, നിന്റെ മനസ്സില്‍ ഒരാളോടും അസൂയയും പകയുമില്ലാതെ പ്രഭാതത്തെയും പ്രദോഷത്തെയും അഭിമുഖീകരിക്കാന്‍ ശ്രമിക്കുക. അതെന്റെ ചര്യയില്‍ പെട്ടതാണ്‌. എന്റെ ചര്യ വല്ലവനും ജീവിപ്പിച്ചാല്‍ അവന്‍ എന്നെ സ്‌നേഹിച്ചു. എന്നെ ആരെങ്കിലും സ്‌നേഹിച്ചാല്‍ അവന്‍ എന്നോടൊപ്പം സ്വര്‍ഗത്തിലായി.'' -കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ലേഖനത്തില്‍ നിന്ന്‌ (മാധ്യമം -2010 ഫെബ്രുവരി 15)

നബിചര്യ പിന്‍പറ്റലാണ്‌ പ്രവാചകസ്‌നേഹമെങ്കില്‍ ഇന്ന്‌ സുന്നികള്‍ അനുഷ്‌ഠിക്കുന്ന നബിദിനമടക്കമുള്ള പല ആചാരങ്ങളും മാറ്റേണ്ടതല്ലേ?

പി അലി അബ്‌ദുര്‍റസ്സാഖ്‌ ഓമശ്ശേരി

പ്രവാചക സ്‌നേഹത്തിന്റെ പ്രഥമ ലക്ഷണം അനുസരണമാണെന്ന്‌ എഴുതിയതിനോട്‌ നീതി പുലര്‍ത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഈ മുസ്‌ലിയാരും അനുയായികളും ഒന്നാമതായി ചെയ്യേണ്ടത്‌ നബിദിനാഘോഷം എന്ന അനാചാരം അവസാനിപ്പിക്കുകയാണ്‌. താന്‍ പഠിപ്പിച്ച മതത്തിലുള്ളതല്ലാത്ത ഏത്‌ നൂതന ആചാരവും തള്ളിക്കളയണമെന്ന്‌ നബി(സ) കല്‌പിച്ചത്‌ അനുസരിച്ചുകൊണ്ടാണ്‌ സുന്നികളെന്ന്‌ അവകാശപ്പെടുന്നവര്‍ അദ്ദേഹത്തോട്‌ സ്‌നേഹം പ്രകടിപ്പിക്കേണ്ടത്‌. പ്രഥമ ലക്ഷണമായ അനുസരണം ഒഴിവാക്കിക്കൊണ്ടാണ്‌ പ്രവാചക സ്‌നേഹം പ്രകടിപ്പിക്കുന്നതെങ്കില്‍ അത്‌ ഒരു ലക്ഷണം കെട്ട ആചാരമേ ആവുകയുള്ളൂ.

അനുസരണത്തെക്കാള്‍ പുണ്യകരം സ്‌നേഹപ്രകടനമോ?

പ്രവാചകനെ അനുസരിക്കുന്നതിനെക്കാള്‍ പുണ്യം സ്‌നേഹപ്രകടനം നടത്തുന്നതിലാണെന്ന്‌ ഈയിടെ ഒരു സുന്നി പണ്ഡിതന്‍ പ്രസംഗിക്കുകയുണ്ടായി. അദ്ദേഹം ഉദാഹരിച്ചത്‌ ഇങ്ങനെ: ``മുതലാളിയെ അനുസരിക്കുന്ന ഒരു തൊഴിലാളിക്ക്‌ മുതലാളിയോട്‌ സ്‌നേഹമുണ്ടായിക്കൊള്ളണമെന്നില്ല. ഒരാള്‍ പ്രവാചകനോട്‌ പറഞ്ഞു: ഞാന്‍ ആരാധനകളൊന്നും ചെയ്‌തിട്ടില്ല. പക്ഷേ, അങ്ങയെ അതിരറ്റ്‌ സ്‌നേഹിക്കുന്നു. അപ്പോള്‍ പ്രവാചകന്‍ ചിരിക്കുകയും സന്തോഷിക്കുകയും ചെയ്‌തു. ഇതില്‍ നിന്നും സ്‌നേഹം മാത്രം മതിയെന്നല്ലേ മനസ്സിലാകുന്നത്‌. ഒരാള്‍ ഇസ്‌ലാം മതം സ്വീകരിക്കാതെ തന്നെ നബിയെ സ്‌നേഹിച്ചത്‌ കൊണ്ടു മാത്രം സ്വര്‍ഗത്തില്‍ പ്രവേശിച്ചിട്ടുണ്ട്‌. മൗലിദുകള്‍ പള്ളികളില്‍ നിന്നും വീടുകളില്‍ നിന്നും ചൊല്ലിക്കണമെന്ന്‌ ഇമാം സുയൂത്വി ലോകത്തിന്‌ പഠിപ്പിച്ചതാണ്‌. അങ്ങനെയുള്ള നബിദിനാഘോഷങ്ങളും മൗലിദുകളും മുജാഹിദുകള്‍ എതിര്‍ക്കുന്നതില്‍ യാതൊരര്‍ഥവുമില്ല.''

മന്‍ കാല ലാഇലാഹ ഇല്ലല്ലാഹ്‌ ദഖലല്‍ ജന്നഃ (ഒരാള്‍ അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന്‌ പറഞ്ഞാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു) എന്ന അബീഹുറയ്‌റയുടെ ഹദീസ്‌ കേട്ടവര്‍ എല്ലാ അമലും നിര്‍ത്തി ദിക്‌ര്‍ മാത്രം ചൊല്ലുന്നതില്‍ വ്യാപൃതരായതുപോലെ, ഉത്തമ സമുദായം എല്ലാ അമലുകളും നിര്‍ത്തി നബിദിനാഘോഷവും മൗലീദും മാത്രം കെങ്കേമമായി നടത്തുന്ന അവ സ്ഥ വന്നേക്കുമോ എന്ന്‌ ഭയപ്പെടുന്നു. മുസ്‌ലിം എന്തുപറയുന്നു?

എം എ അഹ്‌മദ്‌ തൃക്കരിപ്പൂര്‍

പ്രവാചക തിരുമേനി(സ)യെ മറ്റെല്ലാ മനുഷ്യരെക്കാളും ഉപരിയായി സ്‌നേഹിക്കുകയും അദ്ദേഹത്തിന്റെ കല്‌പനകള്‍ പൂര്‍ണമായി അനുസരിക്കുകയും ചെയ്യണമെന്നാണ്‌ വിശുദ്ധ ഖുര്‍ആനില്‍ നിന്നും പ്രാമാണികമായ ഹദീസുകളില്‍ നിന്നും സംശയാതീതമായി തെളിയുന്നത്‌. താന്‍ സ്‌നേഹിക്കുകയോ ബഹുമാനിക്കുകയോ ചെയ്യാത്ത മുതലാളിയുടെ കല്‌പന ഒരാള്‍ പണത്തിന്‌ വേണ്ടി അനുസരിക്കുന്നതു പോലെ നബി(സ)യെ അനുസരിച്ചാല്‍ പോരാ എന്ന കാര്യവും സംശയാതീതമാകുന്നു. പറയുന്നത്‌ അനുസരിക്കാതെ കുറെ സ്‌നേഹപ്രകടനം മാത്രം നടത്തുന്ന തൊഴിലാളിക്ക്‌ യാഥാര്‍ഥ്യബോധമുള്ള ഒരു മുതലാളിയും ശമ്പളം കൊടുക്കുകയില്ല.

``നിങ്ങള്‍ അല്ലാഹുവെയും റസൂലി(സ)നെയും അനുസരിക്കണം'' എന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 3:32, 3:132, 4:59, 5:92, 8:1, 8:20, 8:46, 24:54, 33:33, 47:33, 58:13, 64:12 എന്നീ ആയത്തുകളില്‍ അല്ലാഹു കല്‌പിച്ചിട്ടുണ്ട്‌. `അനുസരിച്ചില്ലെങ്കിലും ദോഷമില്ല; സ്‌നേഹിച്ചാല്‍ മതി' എന്ന്‌ ഒരു ആയത്തിലും പറഞ്ഞിട്ടില്ല. പ്രാമാണികമായ യാതൊരു ഹദീസിലും അങ്ങനെ പറഞ്ഞിട്ടില്ല. അല്ലാഹുവും റസൂലും(സ) കല്‌പിച്ച നമസ്‌കാരം, സകാത്ത്‌, നോമ്പ്‌, ഹജ്ജ്‌ തുടങ്ങിയ ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ അവസരവും സൗകര്യവും ലഭിച്ചിട്ടും അതൊന്നും ചെയ്യാതെ കേവലം സ്‌നേഹപ്രകടനം കൊണ്ട്‌ മതിയാക്കിയ ആരും സ്വഹാബികളുടെ കൂട്ടത്തിലുണ്ടായിരുന്നില്ല; കപടന്മാരല്ലാതെ.

അല്ലാഹുവെ സ്‌നേഹിക്കുന്ന ആളുകള്‍ പ്രവാചകന്റെ മാര്‍ഗനിര്‍ദേശം പിന്തുടരണമെന്നാണ്‌ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. ``(നബിയേ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ'' (വി.ഖു. 3:31). അല്ലാഹുവെയും റസൂലി(സ)നെയും അനുസരിക്കാത്തവരെ അല്ലാഹു ഇഷ്‌ടപ്പെടുകയില്ലെന്നാണ്‌ അടുത്ത സൂക്തത്തില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ``പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കണം. ഇനി അവര്‍ പിന്തിരിഞ്ഞു കളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്‌നേഹിക്കുകയില്ല, തീര്‍ച്ച.'' (വി.ഖു 3:32)

``തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ വിശ്വസ്‌തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യണം'' എന്ന്‌ നൂഹ്‌, ഹൂദ്‌, സ്വാലിഹ്‌, ലൂത്വ്‌, ശുഐബ്‌(അ) എന്നീ പ്രവാചകന്മാര്‍ അവരുടെ ജനതയെ ആഹ്വാനം ചെയ്‌തതായി വിശുദ്ധ ഖുര്‍ആനിലെ 26:107, 108, 125, 126, 143, 144, 163, 164, 178, 179 എന്നീ സൂക്തങ്ങളില്‍ കാണാം. `അനുസരണം അത്യാവശ്യമല്ല; സ്‌നേഹമാണ്‌ പരമ പ്രധാനം' എന്ന്‌ ഏതെങ്കിലും പ്രവാചകന്‍ പഠിപ്പിച്ചതായി വിശുദ്ധ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസുകളിലോ കാണുന്നില്ല. `അല്ലാഹുവെയും റസൂലി(സ)നെയും ഞാന്‍ അതിരറ്റ്‌ സ്‌നേഹിക്കുന്നു; എന്നാല്‍ ഞാന്‍ അവരെ അനുസരിക്കുകയില്ല' എന്ന്‌ ഒരാള്‍ പറഞ്ഞാല്‍ അനേകം ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌ ആ വാക്ക്‌. സ്‌നേഹത്തിന്റെ താല്‌പര്യം അനുസരണക്കേടാവുക എന്നത്‌ വിരോധാഭാസവുമാണ്‌. അല്ലാഹുവോടുള്ള പ്രേമം മൂത്തിട്ട്‌ റമദാന്‍ മാസത്തില്‍ പകല്‍ സമയത്ത്‌ പരസ്യമായി ചായ കഴിക്കുന്നത്‌ ഒരു തരം സൂഫിപ്പിരാന്താണ്‌.

നബി(സ)യോട്‌ സംസാരിച്ചിരുന്ന സ്വഹാബികളുടെ കൂട്ടത്തില്‍ അല്‌പം മുമ്പ്‌ മാത്രം ഇസ്‌ലാം സ്വീകരിച്ചവരുണ്ടാകും. അവര്‍ക്ക്‌ നിര്‍ബന്ധമോ പുണ്യകരമോ ആയ ആരാധനാകര്‍മങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ അവസരം ലഭിച്ചിട്ടുണ്ടാവില്ല. എന്നാല്‍ അല്ലാഹുവോടും റസൂലി(സ)നോടും അവരുടെ മനസ്സില്‍ നിഷ്‌കളങ്കമായ സ്‌നേഹമുണ്ടാകും. അതവര്‍ പ്രകടിപ്പിക്കുക സ്വാഭാവികമാണ്‌. അതില്‍ നബി(സ) സന്തോഷം പ്രകടിപ്പിച്ചു എന്നത്‌, ബോധപൂര്‍വം നമസ്‌കാരവും സകാത്തും നോമ്പും വിട്ടുകളഞ്ഞാലും ദോഷമില്ല; പ്രവാചകസ്‌നേഹമുണ്ടായാല്‍ മതി എന്ന്‌ പറയാന്‍ മതിയായ ന്യായമല്ല. `അനുസരണം കെട്ട സ്‌നേഹക്കാര്‍' എന്നൊരു വിഭാഗം സ്വഹാബികളുടെ കൂട്ടത്തില്‍ ഉണ്ടായിട്ടേയില്ല. മുസ്‌ലിംകളെ മുഴുവന്‍ ആ പരുവത്തിലാക്കാനാണ്‌ കുറെ പുരോഹിതന്മാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്‌.

നബി എന്ന സ്ഥാനം ലഭിച്ചത്‌ തന്നെ അല്ലാഹു സത്യദീന്‍ പഠിപ്പിക്കാന്‍ നിയോഗിച്ചതുകൊണ്ടാണ്‌. അതിനാല്‍ ദീന്‍ സ്വീകരിക്കാതെ മുഹമ്മദ്‌ നബി(സ) എന്ന വ്യക്തിയെ സ്‌നേഹിച്ചാല്‍ അത്‌ പ്രവാചക സ്‌നേഹത്തിന്റെ വകുപ്പില്‍ തന്നെ ഉള്‍പ്പെടുകയില്ല. പ്രവാചകത്വം എന്ന ആശയം അംഗീകരിച്ചുകൊണ്ട്‌ സ്‌നേഹിച്ചാലേ അത്‌ പ്രവാചക സ്‌നേഹമാവുകയുള്ളൂ. പ്രവാചകത്വം അംഗീകരിക്കുന്നതിന്റെ അനിവാര്യ താല്‌പര്യമാണ്‌ പ്രവാചകന്‍ കൊണ്ടുവന്ന സത്യമതം അംഗീകരിക്കല്‍. ഇസ്‌ലാം സ്വീകരിക്കാതെ സ്‌നേഹം കൊണ്ട്‌ മാത്രം സ്വര്‍ഗാവകാശിയായത്‌ ആരാണെന്നും അതിനുള്ള തെളിവ്‌ എന്താണെന്നും ആ പണ്ഡിതന്‍ തന്നെ വ്യക്തമാക്കട്ടെ. നബി(സ)യെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്‌ത പിതൃവ്യന്‍ അ ബൂത്വാലിബ്‌ സത്യമതം സ്വീകരിക്കാത്തതുകൊണ്ട്‌ നരകാവകാശിയായിത്തീര്‍ന്നുവെന്നാണ്‌ പ്രാമാണികമായ ഹദീസുകളില്‍ നിന്ന്‌ തെളിയുന്നത്‌.

നാലിലൊരു ഇമാമിന്റെ മദ്‌ഹബ്‌ സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്നാണല്ലോ സമസ്‌തക്കാരുടെ സിദ്ധാന്തം. എന്നാല്‍ പള്ളികളിലോ വീടുകളിലോ മൗലീദ്‌ ചൊല്ലണമെന്ന്‌ നാലു ഇമാമുകളില്‍ ഒരാള്‍ പോലും അഭിപ്രായപ്പെട്ടിട്ടില്ല. അല്ലാഹുവും റസൂലും നാലു ഇമാമുകളും ഫര്‍ദാണെന്നോ സുന്നത്താണെന്നോ പഠിപ്പിക്കാത്ത മൗലിദിനെപ്പറ്റി സുയൂത്വി വല്ലതും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്‌ ഇസ്‌ലാമികമായ യാതൊരു പ്രാമാണികതയുമില്ല. കേരളത്തിലെ പ്രശസ്‌ത പണ്ഡിതന്‍ സൈനുദ്ദീന്‍ മഖദൂം അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലൊന്നും മൗലീദ്‌ ചൊല്ലല്‍ പുണ്യകര്‍മമാണെന്ന്‌ രേഖപ്പെടുത്തിയിട്ടില്ല എന്ന കാര്യവും പ്രസ്‌താവ്യമാകുന്നു.

ലാഇലാഹ ഇല്ലല്ലാഹ്‌ സംബന്ധിച്ച ഹദീസ്‌ അബൂഹുറയ്‌റ പറഞ്ഞുണ്ടാക്കിയതല്ല, മുഹമ്മദ്‌ നബി(സ) പ്രസ്‌താവിച്ചതാണ്‌. യാന്ത്രികമായി ദിക്‌റ്‌ ഉരുവിടുന്നതിനെ സംബന്ധിച്ചല്ല ആ ഹദീസിലെ പരാമര്‍ശം. അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ല എന്ന ആദര്‍ശ പ്രഖ്യാപനമാണ്‌ ഏതൊരാളെയും സ്വര്‍ഗാവകാശിയാക്കിത്തീര്‍ക്കുന്ന നിര്‍ണായക വിഷയം എന്നത്രെ അതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. ഒരാള്‍ ആദര്‍ശ പ്രഖ്യാപനം നടത്തിയ ഉടനെ മരിച്ചുപോയാല്‍ അയാള്‍ സ്വര്‍ഗാവകാശിയാകും. നിര്‍ബന്ധ ആരാധനകളും സല്‍കര്‍മങ്ങളും ചെയ്യാന്‍ അവസരം ലഭിച്ചിട്ടും ചെയ്യാത്ത ആള്‍ മാത്രമേ അതിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടാനോ ശിക്ഷിക്കപ്പെടാനോ സാധ്യതയുള്ളൂ.

നബിദിനം ആശയപ്രചാരണത്തിന്‌ ഉപയോഗപ്പെടുത്തിക്കൂടേ?


പ്രത്യേക പുണ്യം ലഭിക്കുമെന്ന വിശ്വാസമില്ലെങ്കിലും സ്ഥാപനങ്ങളുടെയും, സംഘടനകളുടെയും വാര്‍ഷികം മുജാഹിദുകളും ആഘോഷിക്കാറുണ്ടല്ലോ? ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊന്നും പ്രതിഫലം ലഭിക്കരുതെന്ന്‌ മുജാഹിദുകള്‍ക്ക്‌ കടുംപിടുത്തവുമില്ല. ആ അര്‍ഥത്തില്‍ മുഹമ്മദ്‌ നബിയുടെ ജന്മദിനമോ, മാസമോ പ്രത്യേക ദിനാഘോഷം എന്ന പേരില്‍ നടത്തി അദ്ദേഹത്തിന്റെ യഥാര്‍ഥ ആശയം ജനങ്ങള്‍ക്ക്‌ എത്തിച്ചുകൊടുക്കാന്‍ നമുക്ക്‌ ഉപയോഗിക്കുന്നതില്‍ തെറ്റുകാണേണ്ടതുണ്ടോ?

ഇ കെ ശൗക്കത്തലി - ഓമശ്ശേരി

വിശുദ്ധ ഖുര്‍ആനില്‍ ഇബ്‌റാഹീം നബി(അ)യെ സംബന്ധിച്ച്‌ ധാരാളം പരാമര്‍ശങ്ങളുണ്ട്‌. അദ്ദേഹത്തിന്റെ ആദര്‍ശം പിന്തുടരാനുള്ള ആഹ്വാനവും ഖുര്‍ആനിലുണ്ട്‌. എന്നാല്‍ ആ പ്രവാചകശ്രേഷ്‌ഠന്റെ യഥാര്‍ഥ ആദര്‍ശം ജനങ്ങള്‍ക്ക്‌ അറിയിച്ചുകൊടുക്കാനുള്ള സന്ദര്‍ഭമെന്ന നിലയില്‍ അദ്ദേഹത്തിന്റെ ജന്മദിനം ആചരിക്കുക എന്നൊരു സമ്പ്രദായം മുഹമ്മദ്‌ നബി(സ) നടപ്പാക്കിയിട്ടില്ല. അങ്ങനെയൊരു ദിനാചരണം കൂടാതെ തന്നെ ഇബ്‌റാഹീം നബി(അ)യുടെ അധ്യാപനങ്ങള്‍ മുഹമ്മദ്‌ നബി(സ)യും ഉത്തമശിഷ്യന്മാരും എക്കാലത്തും സ്വീകരിച്ചു പ്രാവര്‍ത്തികമാക്കിപ്പോന്നിട്ടുണ്ട്‌. മുഹമ്മദ്‌ നബി(സ)യുടെ ജീവിതമാതൃക സഹാബികള്‍ പഠിച്ചതും പഠിപ്പിച്ചതും ജന്മദിനത്തോടനുബന്ധിച്ചല്ല. ദൈനം ദിന ജീവിതത്തില്‍ പലതവണ പ്രവാചകനെ അനുസ്‌മരിക്കുകയും അദ്ദേഹത്തിന്റെ മാതൃക പിന്തുടരുകയുമാണ്‌ അവര്‍ ചെയ്‌തത്‌. നബി(സ)യെ ഒരു ഏക്‌ദിന്‍ കാ പ്രവാചകനാക്കി ന്യൂനീകരിക്കുന്നതിനോട്‌ മുജാഹിദുകള്‍ക്ക്‌ യോജിക്കാന്‍ കഴിയില്ല. എല്ലാ പ്രഭാഷണങ്ങളിലും ഖുത്വ്‌ബകളിലും ലേഖനങ്ങളിലും അദ്ദേഹത്തിന്റെ യഥാര്‍ഥ അധ്യാപനങ്ങളാണ്‌ മുജാഹിദുകള്‍ വിശീദകരിക്കുന്നത്‌.

Followers -NetworkedBlogs-

Followers