ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

മൃതദേഹം വൈദ്യപഠനത്തിന്‌ വിട്ടുകൊടുക്കല്‍


ഒരു മുസ്‌ലിമിന്റെ അവയവം ദാനം ചെയ്യാം എന്ന അഭിപ്രായം വായിക്കാന്‍ ഇടയായി. അതുപോലെ ഒരു മുസ്‌ലിമിന്റെ മയ്യിത്ത്‌ മെഡിക്കല്‍ കോളെജുകളില്‍ പൂര്‍ണമായി പഠനത്തിന്‌ വിട്ടുകൊടുക്കാന്‍ പാടുണ്ടോ? പാടുണ്ടെങ്കില്‍ പ്രതിഫലം കൈപ്പറ്റാമോ? മരണപ്പെട്ടവര്‍ വസ്വിയത്ത്‌ ചെയ്‌താലോ?
ഹസനുല്‍ബന്ന വണ്ടൂര്‍

ഏതെങ്കിലും അവയവത്തിന്റെ കേട്‌ നിമിത്തം ജീവിതം ഏറെ ക്ലേശപൂരിതമാവുകയോ, ജീവിതം തന്നെ അപകടത്തിലാവുകയോ ചെയ്യുമ്പോള്‍ മരിച്ചയാളുടെ ഒരവയവം കൊണ്ട്‌ അയാളെ രക്ഷിക്കാന്‍ കഴിയുകയാണെങ്കില്‍ അത്‌ മഹത്തായ മാനുഷിക സേവനമാണ്‌. ``ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത്‌ മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന്‌ തുല്യമാകുന്നു'' (വി.ഖു 5:32). എന്നാല്‍ മൃതദേഹം മെഡിക്കല്‍ കോളെജിലേക്ക്‌ നല്‌കുക എന്നത്‌ അതുപോലെ ജീവല്‍പ്രധാനമായ സേവനമാണെന്ന്‌ പറയാനാവില്ല. വൈദ്യശാസ്‌ത്ര പഠനത്തിന്‌ ഇന്ന്‌ മനുഷ്യന്റെ ജഡം അനിവാര്യമല്ല. കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഏത്‌ അവയവത്തിന്റെയും ത്രിമാന രൂപങ്ങള്‍ ഏത്‌ വലിപ്പത്തിലും ഇപ്പോള്‍ ആവിഷ്‌കരിക്കാന്‍ കഴിയും. ക്ലോണിംഗിലൂടെ അവയവങ്ങള്‍ നിര്‍മിക്കാനുള്ള ജൈവ സാങ്കേതികവിദ്യയും      വ്യാപകമായിക്കൊണ്ടിരിക്കുകയാണ്‌. ഇനി ജഡം അത്യാവശ്യമാണെങ്കില്‍ തന്നെ ഒരു മെഡിക്കല്‍ കോളെജിന്‌ ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ ജഡത്തിന്റെ ആവശ്യമേ നേരിടുകയുള്ളൂ. അജ്ഞാത ജഡങ്ങളും ഉപേക്ഷിക്കപ്പെട്ട ജഡങ്ങളും കൊണ്ട്‌ ഈ ആവശ്യം നിറവേറും.
ഏതൊരു മുസ്‌ലിമിന്റെയും മൃതദേഹം കുളിപ്പിച്ച്‌ വസ്‌ത്രത്തില്‍ പൊതിഞ്ഞ്‌ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിച്ച്‌ ഖബ്‌റടക്കണമെന്നാണ്‌ നബി(സ) കല്‌പിച്ചിട്ടുള്ളത്‌. രക്തസാക്ഷികളുടെ മൃതദേഹം കുളിപ്പിക്കലോ മയ്യിത്ത്‌ നമസ്‌കാരമോ കൂടാതെ അവര്‍ ധരിച്ചിരുന്ന വസ്‌ത്രത്തോടെ മറവ്‌ ചെയ്യാനാണ്‌ നബി(സ)യുടെ നിര്‍ദേശം. സമുദ്രമധ്യത്തില്‍ മരിക്കുന്നവരുടെ ജഡം കരയിലെത്തിച്ച്‌ മറവ്‌ ചെയ്യാന്‍ പ്രയാസം നേരിടുന്ന സാഹചര്യത്തില്‍ വെള്ളത്തില്‍ ആഴ്‌ത്തുകയാണ്‌ വേണ്ടത്‌. മൃതദേഹങ്ങളൊക്കെ ജൈവവിഘടനം മുഖേന മണ്ണില്‍ ലയിച്ചുചേരുക എന്നതാണ്‌ പ്രകൃതിപരമായ മാര്‍ഗം. പ്രകൃതിക്കിണങ്ങുന്ന മതവിധി നടപ്പാക്കാതെ മൃതദേഹം രാസവസ്‌തുക്കള്‍ ചേര്‍ത്ത്‌ മെഡിക്കല്‍ വിദ്യാര്‍ഥികകളുടെ മുമ്പിലേക്ക്‌ വിടുന്നത്‌ നിര്‍ബന്ധിത സാഹചര്യത്തില്‍ മാത്രമേ അനുവദനീയമാവുകയുള്ളൂ. ഒരാളുടെ വസ്വിയ്യത്ത്‌ നടപ്പാക്കാന്‍ അയാളുടെ അവകാശികള്‍ ബാധ്യസ്ഥരാകുന്നത്‌ വസ്വിയ്യത്ത്‌ ചെയ്‌ത കാര്യം അല്ലാഹുവിന്റെയോ(സ) നബി(സ)യുടെയോ ആജ്ഞയ്‌ക്ക്‌ വിരുദ്ധമല്ലാതിരിക്കുമ്പോള്‍ മാത്രമാണ്‌. ജീവിച്ചിരിക്കുന്നവരുടെയോ മരിച്ചവരുടെയോ അവയവങ്ങളോ ജഡങ്ങളോ വില്‌പനച്ചരക്കാക്കാന്‍ പാടുള്ളതല്ല. അങ്ങനെ ചെയ്യുന്നത്‌ വിശുദ്ധ ഖുര്‍ആനില്‍ മനുഷ്യന്‌ കല്‌പിച്ചിട്ടുള്ള മഹത്വത്തിന്‌ വിരുദ്ധമാണ്‌.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers