ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

സിഹ്‌ര്‍ എന്തുകൊണ്ട് വിരോധിച്ചു?

'സിഹ്‌റിനെ ഇസ്‌ലാം മഹാപാപമായി പരിഗണിക്കുന്നു. അതിനെ നിഷിദ്ധമായി കാണുന്നു. സിഹ്‌ര്‍ ഫലിക്കുമെന്നും, അതിന്‍ യാഥാര്‍ഥ്യമുണ്ടെന്നും ഇത് വ്യക്തമാക്കുന്നില്ലേ?'

അടിസ്ഥാനരഹിതമായ ഒരു ദുര്‍ബല പുല്‍ക്കൊടി മാത്രമാണിത്. ഇസ്‌ലാം ഏറ്റവും വലിയ മഹാപാപമായി കാണുന്നത് ശിര്‍ക്കിനെയാണ്. ഇതുകൊണ്ട് ഇവര്‍ ശിര്‍ക്കിന്‍ യാഥാര്‍ഥ്യമുണ്ടെന്ന് പറയുമോ? യഥാര്‍ഥത്തില്‍ യാഥാര്‍ഥ്യമുള്ളത് ഏകദൈവത്തിന്‍ മാത്രമാകുന്നു. എന്നാല്‍ മനുഷ്യന്റെ വിശ്വാസത്തില്‍ ബഹുദൈവങ്ങളുണ്ട്. അവന്റെ പ്രവൃത്തിയില്‍ ബഹുദൈവാരാധനയുമുണ്ട്. അതിനാല്‍ ഇസ്‌ലാം ഈ മിഥ്യാ സങ്കല്‍പത്തെ മഹാപാപമായി കാണുകയും വിരോധിക്കുകയും ചെയ്തു. ഇതുപോലെ തന്നെയാണ് സിഹ്‌റിന്റെ അവസ്ഥയും. മനുഷ്യന്റെ വികലമായ വിശ്വാസത്തില്‍ കൂടോത്രമുണ്ട്. പ്രവൃത്തിയിലും ഉണ്ട്. ദുര്‍ബലവിശ്വാസികള്‍ക്ക് ഇത് ഫലിക്കുകയും ചെയ്യും. അവരെ സിഹ്‌ര്‍ കൊണ്ട് ഉപദ്രവിക്കാനും സാധിക്കും. ഇതൊരു മഹാവഞ്ചനയും ചതിയുമാണ്. മനുഷ്യന്റെ വിശ്വാസത്തെ ചൂഷണം ചെയ്യലുമാണ്. "അദൃശ്യകാര്യം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ; അഭൌതിക മാര്‍ഗത്തിലൂടെ അല്ലാഹുവിനെ മാത്രമെ ഭയപ്പെടാന്‍ പാടുള്ളൂ" മുതലായ ഏകദൈവ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ മായം ചേര്‍ക്കലാണത്. അനര്‍ഹമായ നിലക്കും അടിസ്ഥാനരഹിതമായ നിലക്കും മറ്റുള്ളവരുടെ ധനം ഭക്ഷിക്കലാണ്. ഇവയെല്ലാമാണ് സിഹ്‌റിനെ ഇസ്‌ലാം മഹാപാപമായി കണക്കാക്കാന്‍ കാരണം‌. ബുദ്ധി ഉപയോഗിക്കുവാന്‍ പാടില്ലെന്നു പറയുന്ന പുരോഹിതന്മാര്‍ക്ക് ഇതൊന്നും ഗ്രഹിക്കുവാന്‍ സാധ്യമല്ല. അല്ലാഹു പറയുന്നു: "നീ പറയുക: ഇതാണ് എന്റെ മാര്‍ഗം. ഞാന്‍ അല്ലാഹുവിലേക്ക് വ്യക്തമായ തെളിവോടെ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും." (വിശുദ്ധ ക്വുര്‍ആന്‍. 12:108) വ്യക്തമായ തെളിവുകള്‍ എന്നതിനെ ഇബ്‌നുകസീര്‍ വ്യാഖ്യാനിക്കുന്നത് കാണുക:"ഭുദ്ധിപരവും ശറഇയ്യുമായ തെളിവുകള്‍ കൊണ്ട്." (ഇബ്‌നുകസീര്‍ 2644) അല്ലാഹു പറയുന്നു: " ബുദ്ധി ഉപയോഗിക്കാത്തവരുടെമേല്‍ അവന്‍ (അല്ലാഹു) മ്ളേച്ഛത വരുത്തി വെക്കുന്നതാണ്." (വി. ക്വു. 10:100) വിശ്വാസ പരമായും കര്‍മ്മപരമായും സര്‍വമ്ളേച്ഛതയും ബാധിക്കുക ബുദ്ധി ഉപയോഗിക്കാത്ത സ്ത്രീ-പുരുഷന്മാരെയാണെന്ന് അല്ലാഹു ഇവിടെ പ്രഖ്യാപിക്കുന്നു. ജാബിര്‍ (റ) നിവേദനം: നബി(സ്വ) അരുളി: മനുഷ്യന്റെ നിലനില്പ് അവന്റെ ബുദ്ധിയാണ്. ബുദ്ധിയില്ലാത്തവന് മതവും ഇല്ല." (ബൈഹഖി, 4644) പരിശുദ്ധ ക്വുര്‍ആനില്‍ ധാരാളം സൂക്തങ്ങള്‍ ഈ ആശയത്തെ ബലപ്പെടുത്തുന്നു.



കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍, 'യുവത' പ്രസിദ്ധീകരിച്ച, എ അബ്ദുസ്സലാം സുല്ലമിയുടെ 'ജിന്ന് പിശാച് സിഹ്‌ര്‍ വിശ്വാസവും അന്ധവിശ്വാസവും' എന്ന കൃതി കാണുക.

Followers -NetworkedBlogs-

Followers