ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

`വലിയ്യ് മുര്‍ശിദ്‌' എന്നാല്‍ ത്വരീഖത്ത്‌ ശൈഖോ?

ത്വരീഖത്തുകാര്‍ പറയുന്നത്‌ ഒരു ശൈഖിനെ തുടരാതെ സ്വര്‍ഗത്തിലെത്താന്‍ കഴിയില്ലെന്നാണ്‌. ഒരു ശൈഖിന്‌ ബൈഅത്ത്‌ ചെയ്യാത്തവന്റെ ശൈഖ്‌ ശൈത്വാനാണെന്നും അവരില്‍ ചിലര്‍ പറയുന്നു. സൂറത്തുല്‍ കഹ്‌ഫിലെ 17-ാം സൂക്തത്തില്‍ പറഞ്ഞ `വലിയ്യ്‌ മുര്‍ശിദി'ന്റെ വിവക്ഷ `മുറബ്ബിയായ ശൈഖ്‌' അഥവാ നേര്‍വഴി കാണിക്കുന്ന ഗുരുവാണെന്ന്‌ ഒരു ത്വരീഖത്ത്‌ മാസികയില്‍ കണ്ടു. ഇത്‌ സംബന്ധിച്ച യഥാര്‍ഥ വസ്‌തുത എന്താണ്‌?

മുഹമ്മദ്‌ റശാദ്‌ തിരൂര്‍

പ്രസ്‌തുത ഖുര്‍ആന്‍ സൂക്തത്തിന്റെ ശരിയായ പരിഭാഷ ഇപ്രകാരമാകുന്നു: ``സൂര്യന്‍ ഉദിക്കുമ്പോള്‍ അതവരുടെ ഗുഹ വിട്ട്‌ വലതുഭാഗത്തേക്ക്‌ മാറിപ്പോകുന്നതായും, അത്‌ അസ്‌തമിക്കുമ്പോള്‍ അതവരെ വിട്ടുകളഞ്ഞ്‌ ഇടതുഭാഗത്തേക്ക്‌ പോകുന്നതായും നിനക്ക്‌ കാണാം. അവരാകട്ടെ (ഗുഹയുടെ) വിശാലമായ ഒരു ഭാഗത്താകുന്നു. അത്‌ അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതത്രെ. അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ്‌ സന്മാര്‍ഗം പ്രാപിച്ചവന്‍. അവന്‍ ആരെ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ അവനെ നേര്‍വഴിയിലേക്ക്‌ നയിക്കുന്ന ഒരു രക്ഷാധികാരിയെയും നീ കണ്ടെത്തുകയേ ഇല്ല.''

മുന്നൂറു വര്‍ഷക്കാലം അല്ലാഹു ഒരു ഗുഹയില്‍ ഉറക്കിക്കിടത്തിയ സത്യവിശ്വാസികളായ ചെറുപ്പക്കാരെ സംബന്ധിച്ചാണ്‌ ഈ സൂക്തത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്‌. അസ്വ്‌ഹാബുല്‍ കഹ്‌ഫ്‌ എന്ന പേരിലാണ്‌ അവര്‍ അറിയപ്പെടുന്നത്‌. അവരെ അല്ലാഹു നേര്‍വഴിയിലാക്കിയത്‌ അവര്‍ ഏതെങ്കിലും ത്വരീഖത്ത്‌ ശൈഖിനെ പിന്തുടര്‍ന്നത്‌ കൊണ്ടാണെന്ന്‌ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ പറഞ്ഞിട്ടില്ല. അവരുടെ കാലത്ത്‌ ഏതെങ്കിലും സൂഫീതരീഖത്ത്‌ ഉണ്ടായിട്ടു പോലുമില്ല. അവര്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യരായത്‌ എന്തുകൊണ്ടാണെന്ന്‌ ഖുര്‍ആനില്‍ നിന്ന്‌ തന്നെ വ്യക്തമാണ്‌:

``അവരുടെ വര്‍ത്തമാനം നാം നിനക്ക്‌ യഥാര്‍ഥ രൂപത്തില്‍ വിവരിച്ചു തരാം. തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ച ഏതാനും യുവാക്കളായിരുന്നു അവര്‍. അവര്‍ക്ക്‌ നാം സന്മാര്‍ഗബോധം വര്‍ധിപ്പിക്കുകയും ചെയ്‌തു. `ഞങ്ങളുടെ രക്ഷിതാവ്‌ ആകാശഭൂമികളുടെ രക്ഷിതാവാകുന്നു. അവനു പുറമെ യാതൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ഥിക്കുകയേ ഇല്ല.' എങ്കില്‍ (അങ്ങനെ ചെയ്യുകയാണെങ്കില്‍) തീര്‍ച്ചയായും ഞങ്ങള്‍ അന്യായമായ വാക്ക്‌ പറഞ്ഞവരായിപ്പോകും' എന്ന്‌ അവര്‍ എഴുന്നേറ്റ്‌ നിന്ന്‌ പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ അവരുടെ ഹൃദയങ്ങള്‍ക്ക്‌ നാം കെട്ടുറപ്പ്‌ നല്‌കുകയും ചെയ്‌തു'' (വി.ഖു 18:13,14). ഗുഹാവാസികള്‍ ത്വരീഖത്തില്‍ ചേര്‍ന്നതുകൊണ്ട്‌ അല്ലാഹു അവരുടെ ഹൃദയങ്ങള്‍ക്ക്‌ കെട്ടുറപ്പ്‌ നല്‌കി എന്നല്ല ഇവിടെ പറഞ്ഞത്‌. `ഞങ്ങള്‍ അല്ലാഹുവിന്‌ പുറമെ യാതൊരു ദൈവത്തോടും പ്രാര്‍ഥിക്കുകയില്ല' എന്ന്‌ അവര്‍ പ്രഖ്യാപിച്ചതിനാലാണ്‌ അല്ലാഹു അവരെ നേര്‍വഴിയിലാക്കിയത്‌. `വലിയ്യ്‌ മുര്‍ശിദ്‌' (നേര്‍വഴി കാണിക്കുന്ന രക്ഷാധികാരി) മുഖേനയാണ്‌ അല്ലാഹു ആളുകളെ നേര്‍വഴിയിലാക്കുന്നതെന്ന്‌ 18:17ലോ മറ്റു ഖുര്‍ആന്‍ സൂക്തങ്ങളിലോ പറഞ്ഞിട്ടില്ല.

18:17ല്‍, അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കിയവരെക്കുറിച്ച്‌ പരാമര്‍ശിച്ച ശേഷമാണ്‌ വലിയ്യ്‌ മുര്‍ശിദിനെക്കുറിച്ച്‌ പറഞ്ഞത്‌. വലിയ്യ് മുര്‍ശിദ്‌ മുഖേന അവര്‍ക്ക്‌ സന്മാര്‍ഗത്തിലെത്താന്‍ കഴിയുമെന്നല്ല; അവരെ നേര്‍വഴിയിക്കേ്‌ നയിക്കാന്‍ കഴിയുന്ന യാതൊരു രക്ഷാധികാരിയെയും കണ്ടെത്താന്‍ കഴിയില്ല എന്നാണ്‌ പറഞ്ഞത്‌. ചുരുക്കത്തില്‍, ഏതെങ്കിലും ത്വരീഖത്ത്‌ ശൈഖ്‌ മുഖേന അല്ലാഹു ആരെയെങ്കിലും നേര്‍വഴിയിലാക്കി എന്നോ, അല്ലാഹു പിഴപ്പിച്ചവരെ ഏതെങ്കിലും ശൈഖ്‌ നേര്‍വഴിക്ക്‌ തിരിച്ചുവിട്ടുവെന്നോ ഖുര്‍ആനില്‍ പറഞ്ഞിട്ടേയില്ല. ഇങ്ങനെ ശൈഖിലേക്ക്‌ വളഞ്ഞ വഴി കണ്ടെത്തുന്നതിനേക്കാള്‍ ത്വരീഖത്തുകാര്‍ക്ക്‌ നല്ലത്‌ ഖുര്‍ആനില്‍ ത്വരീഖത്ത്‌, ശൈഖ്‌ എന്നീ പദങ്ങള്‍ ഉണ്ടെന്ന്‌ വാദിക്കുകയായിരുന്നു. പക്ഷെ, അതൊന്നും അവര്‍ ഉദ്ദേശിക്കുന്ന അര്‍ഥത്തിലല്ലെന്ന്‌ എല്ലാവര്‍ക്കും വ്യക്തമാകുമെന്നറിയാവുന്നതു കൊണ്ടായിരിക്കും അവര്‍ അതിന്‌ മുതിരാത്തത്‌.

ബോണസും പലിശയും

ലൈഫ്‌ ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട ചില സംശയങ്ങളുണ്ട്‌. മൂന്നുമാസം കൂടുമ്പോള്‍ 3725 രൂപ അടക്കുന്ന സ്‌കീമില്‍ ഞാന്‍ ചേര്‍ന്നിട്ടുണ്ട്‌. വര്‍ഷത്തില്‍ 14900 രൂപ. പതിനാറ്‌ വര്‍ഷത്തെ സ്‌കീമാണിത്‌. പതിനാറ്‌ വര്‍ഷം കൊണ്ട്‌ 2,38,400 രൂപ അടയ്‌ക്കണം. എന്റെ സ്‌കീം രണ്ട്‌ ലക്ഷമാണ്‌. എനിക്ക്‌ പതിനാറ്‌ വര്‍ഷം മുഴുവന്‍ അടച്ചിട്ട്‌ മുഴുവന്‍ സംഖ്യ കിട്ടണമെങ്കില്‍ ബോണസ്‌ വാങ്ങണം. അത്‌ പലിശയാകും. രണ്ട്‌ ലക്ഷം അടച്ചതും അതിനു പുറമെ രണ്ട്‌ ലക്ഷം ബോണസും കിട്ടും എന്നാണ്‌ ഏജന്‍സി പറഞ്ഞത്‌. ഇത്‌ പലിശയാകില്ലേ? ബോണസ്‌ വാങ്ങിയില്ലെങ്കില്‍ എനിക്ക്‌ 38,400 രൂപ നഷ്‌ടം വരും. ഇതാണ്‌ ഒരുവിധം ലൈഫ്‌ ഇന്‍ഷൂറന്‍സിന്റെയെല്ലാം അവസ്ഥ. ഇത്‌ ശരിയാണോ?

ഷൗക്കത്തലി തടത്തില്‍

ജീവനക്കാര്‍ക്ക്‌ വര്‍ഷത്തിലൊരിക്കല്‍ ശമ്പളത്തിന്‌ പുറമെ സൗജന്യമായി നല്‌കുന്ന തുകയ്‌ക്കാണ്‌ സാധാരണ ബോണസ്‌ എന്ന പദം പ്രയോഗിക്കാറുള്ളത്‌. ഇതുപോലെ ഒരു നിശ്ചിത തുകയുടെ പോളിസി എടുക്കുന്നവര്‍ക്ക്‌ കമ്പനി സൗജന്യമായി നല്‌കുന്നതാണ്‌ ബോണസെങ്കില്‍ അത്‌ ഹറാമാണെന്ന്‌ ഉറപ്പിച്ചുപറയാന്‍ തെളിവില്ല. ഇന്‍ഷൂറന്‍സ്‌ കമ്പനി ബിസിനസ്സില്‍ പണം മുടക്കിയിട്ട്‌ ലഭിക്കുന്ന ലാഭത്തില്‍ നിന്നുള്ള വിഹിതമെന്ന നിലയിലാണ്‌ ബോണസ്‌ നല്‌കുന്നതെങ്കിലും അത്‌ ഹറാമാണെന്ന്‌ പറയാവുന്നതല്ല. എന്നാല്‍ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ ബിസിനസില്‍ മൂലധന നിക്ഷേപം നടത്തുന്നത്‌ ഇസ്‌ലാം അനുവദിക്കുന്ന ലാഭ-നഷ്‌ട പങ്കാളിത്ത വ്യവസ്ഥയിലല്ല; നിശ്ചിത ശതമാനം പലിശ മുന്‍കൂട്ടി നിശ്ചയിച്ചുകൊണ്ടാണെന്നാണ്‌ `മുസ്‌ലിമി'ന്‌ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്‌. അങ്ങനെയാണെങ്കില്‍ ആ പലിശയില്‍ നിന്ന്‌ ഒരു വിഹിതമാണ്‌ അവര്‍ ബോണസ്സായി നല്‌കുന്നത്‌. അത്‌ ഹലാലാവുകയില്ല. ബോണസ്‌ ഉള്‍പ്പെടെയുള്ള തുക വാങ്ങിയിട്ട്‌ താങ്കള്‍ അടച്ചതിനു പുറമെയുള്ള തുക പലിശ കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്ക്‌ നല്‌കുകയായിരിക്കും നല്ലത്‌.

ശ്രീനാരായണഗുരുവും ഇസ്‌ലാമിലെ തൗഹീദും


``ഗുരുവിന്റെ ശിഷ്യനും ജീവചരിത്രകാരനുമായ ധര്‍മതീര്‍ഥര്‍ അല്ലാഹുവിനെ ഗുരു പരിചയപ്പെടുത്തിയ ഒരു രംഗം വിവരിക്കുന്നത്‌ നോക്കൂ:

ശ്രീനാരായണഗുരു വര്‍ക്കലയില്‍ വിശ്രമിക്കുകയാണ്‌. സമയം സന്ധ്യയായി. സ്ഥലത്തുള്ള ഉദ്യോഗസ്ഥരും പ്രമാണിമാരും സന്ദര്‍ശനാര്‍ഥം വന്നിരിക്കുന്നു. ഗുരുവിന്‌ നല്ല സുഖമില്ല. ഒരു കട്ടിലില്‍ ഇരിക്കുകയാണ്‌. മുറിയില്‍ മൂന്നു വശത്തും സന്ദര്‍ശകര്‍ ഇരിക്കുന്നുണ്ട്‌. ഗുരു മൃദുസ്വരത്തില്‍ ഇവരോട്‌ സംഭാഷണം തുടര്‍ന്നുകൊണ്ടിരുന്നു. ഭക്തനായ ഒരു മുസല്‍മാന്‍ ഉദ്യോഗസ്ഥന്‍ ഗുരുവുമായി ഒറ്റയ്‌ക്ക്‌ സംസാരിക്കാന്‍ കാത്തിരിക്കയാണ്‌. രാത്രി ഏകദേശം പത്തു മണിയായപ്പോള്‍ ജനങ്ങളെല്ലാം പോയതിനു ശേഷം മുഹമ്മദ്‌ മതത്തെപ്പറ്റി ഗുരു പലതും അയാളോട്‌ പറയുന്നു.

ഗുരുദേവന്‍: അല്ലാഹു എന്നാല്‍ എന്താണെന്ന്‌ അറിയാമോ?

മുസല്‍മാന്‍: അത്‌ നമ്മുടെ സ്രഷ്‌ടാവിന്റെ പേരാണ്‌.

ഗുരുദേവന്‍: ഇല്ല എന്ന അര്‍ഥമാണ്‌ അതില്‍ അടങ്ങിയിരിക്കുന്നത്‌. ഇല്ലാത്തവനാണ്‌ അവന്‍ എന്നുവെച്ചാല്‍, ഈ ബാഹ്യപ്രപഞ്ചത്തില്‍ നിന്ന്‌ അന്യമായ, ഒരു വസ്‌തു പ്രാപഞ്ചിക അളവുകളും വര്‍ണനകളും വെച്ചു നോക്കിയാല്‍ ഇല്ലാത്തവനും എന്നുള്ള അര്‍ഥമാണ്‌ ഈ ദൈവശബ്‌ദത്തിനുള്ളത്‌. ഇങ്ങനെ തന്നെയാണോ ആ വാക്കിന്റെ അര്‍ഥം?

മുസല്‍മാന്‍: അറബിഭാഷ വ്യാകരണപ്രകാരം അങ്ങനെ ഒരര്‍ഥമില്ലെന്ന്‌ പറയാന്‍ തരമില്ല. അല്ലാഹു എന്നത്‌ മൂന്നു ധാതുക്കള്‍ ഉള്ള ഒരു വാക്കാണ്‌. അല്‍-എന്നാല്‍ തല്‍ അല്ലെങ്കില്‍ ആ എന്ന ശബ്‌ദത്തെ കുറിക്കുന്നു. ല്ല -ഇല്ല എന്നുള്ളതിനെ കാണിക്കുന്നു. ഹു-അവന്‍ എന്നതിനെ കാണിക്കുന്നു. ഇപ്രകാരം അല്ലാഹു എന്നാല്‍ ഏതില്ലാത്തതോ അത്‌ അവന്‍ തന്നെ എന്നാണര്‍ഥം.

ഈ സംഭാഷണത്തിനു ശേഷം ആ മുസല്‍മാന്‍ ഗുരുദേവനെ ജീവിച്ചിരിക്കുന്ന മുഹമ്മദീയരില്‍ വെച്ച്‌ അഗ്രഗണ്യനായി അദ്ദേഹത്തെ ഭക്തിയോടെ കരുതുന്നുണ്ട്‌..... അല്ലാഹുവിനെപ്പറ്റിയുള്ള ശരിയായ ഒരു ആഖ്യാനം കേള്‍ക്കാനിടവന്നത്‌, ഇസ്‌ലാമിക പണ്ഡിതരില്‍ നിന്നല്ല, ശ്രീനാരായണ ഗുരുവില്‍ നിന്നാണ്‌.''

സൂഫിപക്ഷക്കാരനായ ഒരു മുസ്‌ലിം ഒരു പ്രമുഖ വാരികയില്‍ എഴുതിയ ലേഖനത്തില്‍ നിന്ന്‌. അല്ലാഹു എന്ന പദത്തിന്റെ അര്‍ഥം ഇല്ലാത്തവന്‍ എന്നാണെന്ന ഈ വീക്ഷണം അറബിഭാഷാ തത്വപ്രകാരം ശരിയാണോ?


ജമാല്‍ കോഴിക്കോട്‌

അല്ലാഹു എന്നത്‌ മൂന്ന്‌ ധാതുക്കള്‍ ഉള്ള വാക്കാണെന്നോ അത്‌ മൂന്നുംകൂടി ചേരുമ്പോഴുള്ള അര്‍ഥം `ഏത്‌ ഇല്ലാത്തതാണോ അത്‌ അവന്‍ തന്നെ' എന്നാണെന്നോ അറബി വ്യാകരണത്തിന്റെയോ ഭാഷാ തത്വവിജ്ഞാനീയങ്ങളുടെയോ അടിസ്ഥാനഗ്രന്ഥങ്ങളിലൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇംഗ്ലീഷിലെ The യുടെ അര്‍ഥമുള്ള `അല്‍' എന്ന അവ്യയവും, ദൈവം അഥവാ ആരാധ്യന്‍ എന്നര്‍ഥമുള്ള `ഇലാഹ്‌' എന്ന നാമവും കൂടി ചേര്‍ന്നതാണ്‌ അല്ലാഹു എന്ന പദം. സാക്ഷാല്‍ ദൈവം എന്നര്‍ഥം. `അല്‍ ഇലാഹു' എന്ന്‌ പ്രയോഗമില്ല. `അല്‍' ചേര്‍ക്കുമ്പോള്‍ `ഇ' ഉപേക്ഷിക്കുന്നു. `ഇംറഅഃ' (സ്‌ത്രീ) എന്ന പദത്തില്‍ `അല്‍' ചേര്‍ക്കുമ്പോള്‍ `അല്‍മര്‍അഃ' എന്നാണ്‌ പറയുക. `അല്‍ഇംറഅഃ' എന്ന്‌ പറയുകയില്ല. അറബി ഭാഷ അറിയാവുന്നവര്‍ അല്ലാഹുവെപ്പറ്റി പറഞ്ഞതൊന്നും സ്വീകാര്യമല്ലാതാകുന്നതും, അറബി അറിയാത്തവര്‍ അല്ലാഹുവെ ഏതോ വിധത്തില്‍ `ഇല്ലാത്തവനാ'ക്കുന്നത്‌ മാത്രം സ്വീകാര്യമാകുന്നതും വല്ലാത്തൊരു വൈചിത്ര്യമാകുന്നു.

സ്വര്‍ഗം ചുട്ടുചാമ്പലാക്കാന്‍ തീ കൊള്ളിയും നരകം കെടുത്താന്‍ വെള്ളവുമായി നടക്കുന്ന പല സൂഫികളും രേഖപ്പെടുത്തിക്കണ്ടിട്ടുള്ളത്‌ യഥാര്‍ഥത്തില്‍ ഉള്ളവന്‍ അല്ലാഹു മാത്രമാണെന്നും മറ്റു യാതൊന്നിനും ഉണ്മയില്ലെന്നുമാണ്‌. ഉള്ളവനായ അല്ലാഹുവില്‍ ലയിച്ചുചേര്‍ന്ന്‌ സ്വയം ഇല്ലാതാവുകയാണ്‌ സൃഷ്‌ടികള്‍ ചെയ്യേണ്ടതെന്നും അവര്‍ സമര്‍ഥിക്കാറുണ്ട്‌. അതിനൊക്കെ വിരുദ്ധമാണ്‌ ഇല്ലാത്ത അല്ലാഹുവോടുള്ള സ്‌നേഹത്തില്‍ വിലയം പ്രാപിച്ച്‌ സ്വയം ഇല്ലാതാവുക എന്ന സൂഫീ അഭ്യാസം. നിരീശ്വര വാദത്തെ കൂടി ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ സൂഫിസം വളരുകയായിരിക്കാം!

ശ്രീനാരായണ ഗുരുവിന്റെ പേരില്‍ രേഖപ്പെടുത്തിയിട്ടുള്ള ഈ കഥ തന്നെ ഉള്ളതാണോ ഇല്ലാത്തതാണോ എന്ന്‌ പരിശോധിക്കുന്നത്‌ നന്നാകുമെന്ന്‌ തോന്നുന്നു. ഇല്ലാത്ത കഥയായിരിക്കും ഒരുപക്ഷെ സൂഫികള്‍ക്ക്‌ കൂടുതല്‍ പ്രിയംകരം! മുഹമ്മദ്‌ മത(?)ത്തെ പറ്റി `മുസല്‍മാന്‍ ഉദ്യോഗസ്ഥന്‍' എന്ന ഊരും പേരുമില്ലാത്ത കക്ഷിയോട്‌ ഗുരു സംസാരിച്ചപ്പോള്‍ അവിടെ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണല്ലോ കഥ. ഗുരുവോ മേപ്പടി ഉദ്യോഗസ്ഥനോ ധര്‍മതീര്‍ഥരോട്‌ ഇക്കാര്യം പറഞ്ഞുവെന്ന്‌ കഥയിലില്ല താനും. അപ്പോള്‍ കഥ എങ്ങനെ വെളിച്ചം കണ്ടു? അദൈ്വത`മായ' അഥവാ സൂഫി ഫിക്‌ഷന്‍ തന്നെയായിരിക്കും അതിന്റെ വഴി.

സകാത്തിന്റെ അവകാശികള്‍ക്ക്‌ പൂര്‍ണ അവകാശമില്ലേ?


ഞങ്ങളുടെ പ്രദേശങ്ങളിലെ സകാത്ത്‌ കമ്മറ്റികള്‍ അവകാശികള്‍ക്ക്‌ നിര്‍മിച്ച്‌ നല്‌കുന്ന വീടുകള്‍ ക്രയവിക്രയ അധികാരമില്ലാതെ താമസസൗകര്യം പൂര്‍ണമായും നല്‌കുന്നവയാണ്‌. ഇതിന്റെ പ്രമാണങ്ങളും മറ്റും സക്കാത്ത്‌ കമ്മിറ്റിയുടെ പേരിലാണ്‌ നിലനില്‌ക്കുന്നത്‌. സകാത്ത്‌ സ്വീകരിക്കുന്ന ആളുകള്‍ അത്‌ നഷ്‌ടപ്പെടുത്താതിരിക്കാനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌ എന്നാണ്‌ സകാത്ത്‌ കമ്മിറ്റികളുടെ വിശദീകരണം. ഇത്‌ ഉചിതമായ പ്രവണതയാണോ?

ഷഫീഖ്‌ ഈരാറ്റുപേട്ട

സകാത്ത്‌ തുകയും അതുകൊണ്ട്‌ വാങ്ങിയ വസ്‌തുക്കളും ഗുണഭോക്താക്കള്‍ക്ക്‌ പൂര്‍ണമായി വിട്ടുകൊടുക്കുകയാണ്‌ വേണ്ടത്‌. ഉടമസ്ഥത സകാത്ത്‌ കമ്മിറ്റിയില്‍ നിക്ഷിപ്‌തമാക്കിക്കൊണ്ട്‌ വീട്ടില്‍ താമസിക്കാനുള്ള അവകാശം മാത്രം ഗുണഭോക്താവിന്‌ കൈമാറുന്നതിന്‌ ഖുര്‍ആനിന്റെയോ സുന്നത്തിന്റെയോ പിന്‍ബലമില്ല. സകാത്തായി നല്‌കിയ വീട്‌ ഗുണഭോക്താവ്‌ വിറ്റു തുലയ്‌ക്കുമെന്ന്‌ ആശങ്കയുണ്ടെങ്കില്‍ സകാത്ത്‌ ഫണ്ടില്‍ നിന്ന്‌, വീട്‌ നിര്‍മിക്കാന്‍ ആവശ്യമായ നിര്‍മാണ സാമഗ്രികളുടെ ഒരു ഭാഗം മാത്രം നല്‌കുകയായിരിക്കും നല്ലത്‌. ഗുണഭോക്താവ്‌ മറ്റു തരത്തില്‍ സമാഹരിച്ച തുകയും കൂടി ചേര്‍ത്താണ്‌ വീടുണ്ടാക്കുന്നതെങ്കില്‍ അയാള്‍ അത്‌ പെട്ടെന്ന്‌ വിറ്റു കാശാക്കാന്‍ സാധ്യത കുറവാണ്‌.

ദൈവം നീതിമാനാണെന്നോ?


വിശ്വാസികള്‍ക്കെന്നും ദാരിദ്ര്യം, കഷ്‌ടപ്പാട്‌, മനോവിഷമം, വിഭവ നഷ്‌ടം, വേര്‍പാട്‌, ധനനഷ്‌ടം എന്നാണല്ലോ ഇസ്‌ലാമിക പരാമര്‍ശം. അവിശ്വാസികള്‍ക്ക്‌ നേരെ മറിച്ചും. `ഇസ്‌ലാം നീതിക്ക്‌ നന്മയ്‌ക്ക്‌' എന്ന്‌ കൊട്ടിഘോഷിച്ചുനടന്നവര്‍ക്ക്‌ ഇത്‌ ഏറ്റവും വലിയ അനീതിയായിട്ട്‌ തോന്നിയിട്ടില്ലേ. ദൈവം നീതിമാനാണെങ്കില്‍ നേരെ മറിച്ചാണല്ലോ സംഭവിക്കേണ്ടത്‌. ഇങ്ങനെയാണെങ്കില്‍ അവിശ്വാസികള്‍ എന്നും അവിശ്വാസികളും വിശ്വാസികള്‍ തന്നെ വിശ്വാസത്തില്‍ നിന്നും തെന്നിമാറുന്ന അവസ്ഥയുമല്ലേ സംജാതമാകുക?

ബനീഷ്‌ കുമാര്‍ കണ്ണൂര്‍

വിശ്വാസികള്‍ക്കെല്ലാം എക്കാലത്തും കഷ്‌ടപ്പാടായിരിക്കുമെന്ന്‌ ഖുര്‍ആനിലോ നബിവചനങ്ങളിലോ പറഞ്ഞിട്ടില്ല. ചില കഷ്‌ട നഷ്‌ടങ്ങളിലൂടെ വിശ്വാസികളെ അല്ലാഹു പരീക്ഷിക്കുമെന്ന്‌ വ്യക്തമാക്കിയ വിശുദ്ധ ഖുര്‍ആനില്‍ തന്നെ വിശ്വാസികള്‍ക്ക്‌ ഈ ലോകത്ത്‌ അല്ലാഹു നല്‌കുന്ന വിജയത്തെയും അനുഗ്രഹങ്ങളെയും സംബന്ധിച്ചു പറഞ്ഞിട്ടുണ്ട്‌. ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണുക:

``നിങ്ങളില്‍ നിന്ന്‌ വിശ്വസിക്കുകയും സത്‌കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തവരോട്‌ അല്ലാഹു വാഗ്‌ദാനം ചെയ്‌തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക്‌ പ്രാതിനിധ്യം നല്‌കിയതുപോലെത്തന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക്‌ പ്രാതിനിധ്യം നല്‌കുകയും അവര്‍ക്ക്‌ അവന്‍ തൃപ്‌തിപ്പെട്ടു കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക്‌ അവന്‍ സ്വാധീനം നല്‌കുകയും അവരുടെ ഭയപ്പാടിനു ശേഷം അവര്‍ ക്ക്‌ നിര്‍ഭയത്വം പകരം നല്‌കുകയും ചെയ്യുന്നതാണെന്ന്‌, എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്‌. എന്നോട്‌ യാതൊന്നിനെയും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിനു ശേഷം ആരെങ്കിലും നന്ദികേട്‌ കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍.'' (24:55)

നൂഹ്‌നബി(അ)യുടെ വാക്കുകള്‍ വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം ഉദ്ധരിക്കുന്നു: ``അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക്‌ മഴ സമൃദ്ധമായി അയച്ചുതരും. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട്‌ നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും നിങ്ങള്‍ക്കവന്‍ തോട്ടങ്ങളും അരുവികളും ഉണ്ടാക്കിത്തരികയും ചെയ്യും'' (71:10-12).

ദാവൂദ്‌, സുലൈമാന്‍(അ) എന്നീ പ്രവാചകന്മാര്‍ക്ക്‌ അല്ലാഹു നല്‌കിയ വിപുലമായ അധികാരത്തെയും അനുഗ്രഹങ്ങളെയും സംബന്ധിച്ച്‌ 21:78-82, 27:36-44, 34:10-13, 38:17-39 എന്നീ ഖുര്‍ആന്‍ സൂക്തങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. മുഹമ്മദ്‌ നബി(സ)ക്കും അനുചരന്മാര്‍ക്കും അല്ലാഹു നല്‌കിയ വിജയങ്ങളെയും അനുഗ്രഹങ്ങളെയും സംബന്ധിച്ചും അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌.

മനുഷ്യര്‍ക്കാര്‍ക്കും ദാരിദ്ര്യമോ കഷ്‌ടപ്പാടോ മനോവിഷമമോ വിരഹമോ ധനനഷ്‌ടമോ സംഭവിക്കാതിരുന്നാല്‍ ഭൂമിയില്‍ നന്മയും നീതിയും പുലരുമെന്നാണ്‌ ചോദ്യകര്‍ത്താവിന്റെ ധാരണയെങ്കില്‍ അത്‌ തികച്ചും തെറ്റാണ്‌. മറ്റുള്ളവരെപ്പോലെ സമ്പന്നരായിരിക്കുന്നതില്‍ മിക്കവരും സംതൃപ്‌തരാവുകയില്ല. അവരേക്കാള്‍ വളരെ കൂടുതല്‍ സമ്പത്ത്‌ തനിക്കു വേണം എന്ന മോഹമുള്ള കുറച്ചു പേരുണ്ടാകും. അവര്‍ കുതന്ത്രങ്ങളും ചൂഷണ പദ്ധതികളുമായി മുന്നോട്ടു നീങ്ങും. അധികാരമുള്ളവര്‍ തന്നെ കൂടുതല്‍ അധികാരം വെട്ടിപ്പിടിക്കാന്‍ വേണ്ടി ശ്രമിക്കും. ധനമോ അധികാരമോ ഉള്ളവര്‍ക്ക്‌ മനോവിഷമം ഒഴിവാക്കാന്‍ ഏറെ പ്രയാസമായിരിക്കും. ദൈവത്തിന്റെ പദ്ധതിയില്‍ നന്മയില്ലാത്തതുകൊണ്ടോ ദൈവം എല്ലാവരോടും നീതി പുലര്‍ത്താത്തതുകൊണ്ടോ അല്ല ഇങ്ങനെ സംഭവിക്കുന്നത്‌. ഒരാള്‍ക്ക്‌ ദാരിദ്ര്യം നേരിടുന്നതോടെ ദൈവം തന്നോട്‌ അനീതി കാണിക്കുന്നു എന്ന്‌ അയാള്‍ കരുതുന്നതാണ്‌ കുഴപ്പം. മനുഷ്യചരിത്രം പരിശോധിച്ചാല്‍ ദാരിദ്ര്യത്തില്‍ നിന്ന്‌ പടിപടിയായി ഉയര്‍ന്ന്‌ ഉന്നത സ്ഥാനങ്ങളിലെത്തിയ ധാരാളം പേരെ കാണാം. സമ്പന്നതയുടെ മടിത്തട്ടില്‍ വളര്‍ന്നതു കൊണ്ട്‌ ധാരാളികളും ദുര്‍വൃത്തരുമായിത്തീര്‍ന്ന്‌ ജീവിതം തന്നെ തുലഞ്ഞവരും ഏറെയുണ്ടാകും. സൗന്ദര്യം പലര്‍ക്കും വിനയായിത്തീരുന്നതായി വാര്‍ത്തകള്‍ നമുക്ക്‌ വ്യക്തമാക്കിത്തരുന്നു. കരുത്തുറ്റ ശരീരം ചിലര്‍ക്കെങ്കിലും പോക്കിരിത്തവും അക്രമവും ചെയ്യാന്‍ പ്രേരകമായിത്തീരുന്നു.

ഇസ്‌ലാമിക വിശ്വാസമനുസരിച്ച്‌ ഓരോ വസ്‌തുവിനും അതിന്റെ ഘടനാവിശേഷങ്ങള്‍ നല്‌കിയത്‌ പ്രപഞ്ചനാഥനാണ്‌ (വി.ഖു 20:50). പരമകാരുണികനായ പ്രപഞ്ച നാഥന്‍ ഏതൊരു മനുഷ്യനെയും സൃഷ്‌ടിച്ചു സംവിധാനിച്ചിട്ടുള്ളത,്‌ കാര്യങ്ങള്‍ തിരിച്ചറിഞ്ഞ്‌ ജീവിതം നന്മ നിറഞ്ഞതാക്കിത്തീര്‍ക്കാനുള്ള കഴിവോടെയാണ്‌.

ദാരിദ്ര്യമോ വൈരൂപ്യമോ വൈകല്യമോ ഒന്നും തന്നെ ലക്ഷ്യബോധത്തോടെ ജീവിക്കുന്ന മനുഷ്യര്‍ക്ക്‌ ജീവിത സാഫല്യത്തിന്‌ തടസ്സമാവുകയില്ല. നാഥന്‍ നല്‌കിയ കഴിവുകള്‍ ഉപയോഗപ്പെടുത്താതിരിക്കുന്നതോ ദുരുപയോഗപ്പെടുത്തുന്നതോ, ആണ്‌ പരാജയങ്ങള്‍ക്കും പതനങ്ങള്‍ക്കും നിമിത്തമാകുന്നത്‌. ``മനുഷ്യാസ്‌തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം, അതിന്‌ അതിന്റെ ദുഷ്‌ടതയും അതിന്റെ സൂക്ഷ്‌മതയും സംബന്ധിച്ച്‌ അവന്‍ ബോധനം നല്‌കിയിരിക്കുന്നു. തീര്‍ച്ചയായും അതിനെ (അസ്‌തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്‌തു.'' (വി.ഖു 91:7-10) സന്മാര്‍ഗത്തിലൂടെ ചരിക്കാനോ ദുര്‍മാര്‍ഗത്തിലേക്ക്‌ തെറ്റിപ്പോകാനോ ആരെയും നിര്‍ബന്ധിതരാക്കാതെ എല്ലാവര്‍ക്കും ഇഷ്‌ടപ്പെട്ട പാത തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‌കിയ ദൈവം തികച്ചും നീതിമാനാകുന്നു.


കോടിക്കണക്കിലാളുകള്‍ നിഷേധികളായി മാറിയാലും ലോക രക്ഷിതാവിന്‌ യാതൊന്നും നഷ്‌ടപ്പെടാനില്ല. വിശ്വാസികളുടെ സംഖ്യ എത്ര വര്‍ധിച്ചാലും അതുകൊണ്ട്‌ അവന്റെ ശക്തിയോ പ്രതാപമോ വര്‍ധിക്കുന്ന പ്രശ്‌നവുമില്ല. ആരൊക്കെ തെന്നി മാറിയാലും ലോകരക്ഷിതാവിന്‌ ഒരു നഷ്‌ടവും സംഭവിക്കാനില്ലെങ്കില്‍ വിശ്വാസികള്‍ അതിനെക്കുറിച്ച്‌ ഉത്‌കണ്‌ഠപ്പെടേണ്ടതുമില്ല. തങ്ങളുടെ എന്തെങ്കിലും തെറ്റായ നിലപാട്‌ നിമിത്തം ആളുകള്‍ പിഴച്ചുപോകാന്‍ ഇടയാകരുതെന്നേ വിശ്വാസികള്‍ നിഷ്‌കര്‍ഷിക്കേണ്ടതുള്ളൂ. പിന്നെ ഒരു കാര്യം: ദൈവം നീതിമാനല്ലെങ്കില്‍ പകരം ആരെ ചുമതലയേല്‌പിച്ചാലാണ്‌ പ്രപഞ്ചത്തില്‍ നീതി പുലരുക?

ജുമുഅ നമസ്‌കാരം രണ്ടു തവണയായി നടത്താമോ?


റമദാന്‍ കാലത്ത്‌ പള്ളികളില്‍ (പ്രത്യേകിച്ച്‌ പട്ടണങ്ങളില്‍) പതിവില്‍ കവിഞ്ഞ്‌ ജനങ്ങള്‍ ഒരുമിച്ചുകൂടാറുണ്ട്‌. വെള്ളിയാഴ്‌ചകളിലെ ജുമുഅക്ക്‌ വരുന്നവര്‍ പള്ളിയും, മുറ്റവും കഴിഞ്ഞ്‌ റോഡുകളില്‍ പോലും നമസ്‌കരിക്കുന്ന വാര്‍ത്തയും ചിത്രവും സാധാരണയാണ്‌. പള്ളിപോലെ വഴികളും റോഡും വൃത്തിയുള്ളതാവണമെന്നില്ല. ഇത്തരം അവസ്ഥയില്‍ ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത്‌ ഒരേ പള്ളിയില്‍ രണ്ടു ജുമുഅ നടത്തുന്നതില്‍ തെറ്റുണ്ടോ? ആദ്യത്തേത്‌ ളുഹര്‍ ബാങ്ക്‌ കൊടുത്ത ഉടനെയും, രണ്ടാമത്തേത്‌ ഒരു മണിക്കൂര്‍ കഴിഞ്ഞും. രണ്ട്‌ ഇമാമുകളുടെ നേതൃത്വത്തില്‍ നടത്തിക്കൂടേ? ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത്‌ സമയം നിശ്ചയിക്കുന്ന സമ്പ്രദായം ഇപ്പോള്‍ തന്നെയുണ്ട്‌.

സ്‌കൂളുകളുടെ സൗകര്യാര്‍ഥം 12.30 നും വ്യവസായ ശാലകള്‍, ഓഫീസ്‌, കോടതി എന്നിവിടങ്ങളിലുള്ളവര്‍ക്ക്‌ ഒരു മണിയും ജുമുഅ സമയം നിശ്ചയിച്ച സ്ഥലങ്ങളുണ്ട്‌. നമസ്‌കാരം തന്നെ നഷ്‌ടപ്പെടുത്തുന്ന മലിനമായ സ്ഥലങ്ങളില്‍ നമസ്‌കരിക്കേണ്ടി വരുന്ന അവസ്ഥ കണക്കിലെടുത്ത്‌ രണ്ടു ജുമുഅക്ക്‌ സൗകര്യമൊരുക്കിക്കൂടെ?


എ ബീരാന്‍കോയ കാക്കൂര്‍

ജനത്തിരക്കുണ്ടാകുമ്പോള്‍ ജുമുഅയും ജമാഅത്തും പള്ളിയോട്‌ ചേര്‍ന്നുള്ള പറമ്പുകളിലോ റോഡുകളിലോ നമസ്‌കരിക്കുക എന്ന രീതി മക്കയിലും മദീനയിലും മറ്റുനാടുകളിലും നിരാക്ഷേപം നടന്നുവരാറുള്ളതാണ്‌. നമസ്‌കാരസ്ഥലത്ത്‌ പ്രത്യക്ഷത്തില്‍ മാലിന്യമൊന്നും ഇല്ലാതിരുന്നാല്‍ മതി. റോഡുകളൊക്കെ സ്വാഭാവികമായിത്തന്നെ മലിനമായിരിക്കും എന്നൊരു അശുഭ ചിന്ത പുലര്‍ത്തേണ്ടതില്ല. നബി(സ)യുടെ കാലത്ത്‌ പള്ളി തന്നെ ഇന്നത്തേതുപോലെ കഴുകിത്തുടച്ച്‌ വൃത്തിയാക്കി വെക്കുന്നതായിരുന്നല്ലല്ലോ. റോഡിലും മറ്റും അഴുക്കോ പൊടിയോ ഉണ്ടെങ്കില്‍ കടലാസോ തുണിയോ വിരിക്കാവുന്നതുമാണ്‌.

എന്നാല്‍ എല്ലാ നാടുകളിലും എല്ലായ്‌പ്പോഴും ഇങ്ങനെ പള്ളിക്കുപുറത്ത്‌ ജുമുഅ നമസ്‌കരിക്കാന്‍ സൗകര്യം ലഭിച്ചില്ലെന്ന്‌ വരാം. ഫ്രാന്‍സില്‍ ഇപ്പോള്‍ നിരോധം നിലവില്‍ വന്നിരിക്കയാണല്ലോ. മുംബൈയിലും ഡല്‍ഹിയിലും മറ്റും മുസ്‌ലിംകള്‍ റോഡുകളില്‍ നമസ്‌കരിക്കുന്നതിനെതിരില്‍ സംഘപരിവാര്‍ ചിലപ്പോള്‍ ശബ്‌ദമുയര്‍ത്താറുണ്ട്‌. മറ്റു രാഷ്‌ട്രീയ കക്ഷികള്‍ക്ക്‌ മുസ്‌ലിംകളെ വെറുപ്പിക്കാന്‍ പ്രയാസം തോന്നുന്നതുകൊണ്ട്‌ `റോഡ്‌ ജുമുഅ:' തടസ്സപ്പെടാറില്ലന്നേയുള്ളൂ. ചില സ്ഥലങ്ങളിലെങ്കിലും ഒരു ജുമുഅയില്‍ പരിസരവാസികള്‍ക്കെല്ലാം പങ്കെടുക്കാന്‍ സാധിക്കാത്ത അവസ്ഥ സംജാതമാകാനിടയുണ്ട്‌. അപ്പോള്‍ ഒരു പള്ളിയില്‍ രണ്ടു ജുമുഅ നടത്തുന്നതിന്‌ സാധുതയുണ്ടോ എന്നത്‌ വീക്ഷണ വ്യത്യാസത്തിന്‌ സാധ്യതയുള്ള വിഷയമാണ്‌. നബി(സ)യുടെയോ സച്ചരിതരായ പൂര്‍വികരുടെയോ കാലത്ത്‌ അങ്ങനെ ജുമുഅ നടത്തിയതായി വിശ്വസനീയമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

എന്നാലും ഇസ്‌ലാമില്‍ അനിവാര്യ സാഹചര്യങ്ങളില്‍ പല ഇളവുകള്‍ അനുവദിക്കപ്പെട്ടിട്ടുള്ളതില്‍ നിന്ന്‌ മനസ്സിലാക്കാവുന്നത്‌ ഒറ്റത്തവണയായി ജുമുഅ നമസ്‌കാരം അസാധ്യമാകുമ്പോള്‍ അത്‌ രണ്ട്‌ തവണയാക്കുന്നത്‌ ശരീഅത്തിന്‌ വിരുദ്ധമാവില്ലെന്നാണ്‌. യുദ്ധവേളയില്‍ പതിവ്‌ രീതിയില്‍ നിന്ന്‌ വ്യത്യസ്‌തമായിട്ടാണ്‌ നബി(സ) ജമാഅത്ത്‌ നമസ്‌കാരം നിര്‍വഹിച്ചത്‌. ജനത്തിരക്ക്‌ നിമിത്തം ഫര്‍ദ്വ്‌ നമസ്‌കാരങ്ങള്‍ ഒന്നിലേറെ ജമാഅത്തായി നിര്‍വഹിക്കുന്ന സമ്പ്രദായം വ്യാപകമാണല്ലോ. ജുമുഅ നമസ്‌കരിക്കാന്‍ സൗകര്യപ്പെടാത്തവര്‍ക്ക്‌ ദ്വുഹ്‌ര്‍ നമസ്‌കരിക്കാമല്ലോ എന്ന്‌ ചിലര്‍ ചൂണ്ടിക്കാണിക്കാനിടയുണ്ട്‌. അങ്ങനെയാണെങ്കില്‍ അത്‌ ഓരോരുത്തര്‍ തനിച്ച്‌ നമസ്‌കരിക്കേണ്ടിവരും. വെള്ളിയാഴ്‌ച ദ്വുഹ്‌ര്‍ ജമാഅത്തായി നമസ്‌കരിക്കുന്നതിന്‌ ഇസ്‌ലാമില്‍ മാതൃകയില്ല. അതിനേക്കാള്‍ ഉചിതമായത്‌ ജുമുഅ രണ്ട്‌ തവണയായി നിര്‍വഹിക്കുക തന്നെയാണ്‌. ഒരു ഖുത്വ്‌ബ എല്ലാവര്‍ക്കും കേള്‍ക്കാന്‍ സൗകര്യപ്പെടുമെങ്കില്‍ നമസ്‌കാരം മാത്രം രണ്ടു തവണയായി നിര്‍വഹിച്ചാല്‍ മതി. രണ്ടു നമസ്‌കാരങ്ങള്‍ക്കിടയില്‍ ചെറിയ ഇടവേളയുണ്ടായാല്‍ മതി. ഓരോ തവണയും വ്യത്യസ്‌ത ഇമാമുകളാകുന്നതാണ്‌ അഭികാമ്യം.

മുഹമ്മദ്‌നബി(സ) പ്രവാചകനാണെന്ന്‌ പരാമര്‍ശിച്ചതെവിടെ?

മൂസാനബി(അ)ക്ക്‌ തൗറാത്ത്‌ നല്‌കിയപ്പോള്‍, ഞാന്‍ നിന്നെ പ്രവാചകനായി തെരഞ്ഞെടുത്തിരിക്കുന്നു എന്നും നിങ്ങളിലേക്കയക്കപ്പെട്ട പ്രവാചകനാണ്‌ എന്നും പറയുന്നതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഈസാനബി(അ)യും തന്റെ ജനതയോട്‌ ഇപ്രകാരം പറയുന്നതായി ഖുര്‍ആനിലുണ്ട്‌. എന്നാല്‍ വിശുദ്ധഖുര്‍ആനിന്റെ അവതരണ ക്രമം പരിശോധിക്കുകയാണെങ്കില്‍ പ്രവാചകരേ, താങ്കളെ ഞാന്‍ പ്രവാചനകായി നിയോഗിച്ചിരിക്കുന്നു എന്ന്‌ ഖുര്‍ആനില്‍ എവിടെയാണ്‌ പരാമര്‍ശിച്ചിട്ടുള്ളത്‌ വ്യക്തമാക്കാമോ?

എം അലി അല്‍കോബാര്‍

``പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതന്‍.) അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍. നിങ്ങള്‍ക്ക്‌ നേര്‍മാര്‍ഗം പ്രാപിക്കാം'' (വി.ഖു. 7:158). മുഹമ്മദ്‌(സ) റസൂലും(ദൈവദൂതന്‍) നബി(പ്രവാചകന്‍)യും ആണെന്നും അദ്ദേഹത്തിന്റെ നിയോഗം മാനവരിലേക്ക്‌ മൊത്തമായിട്ടാണെന്നും ഈ ഖുര്‍ആന്‍ സൂക്തം സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കുന്നു.

``നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനും അല്ലാഹുവിന്റെ ഉത്തരവനുസരിച്ച്‌ അവങ്കലേക്ക്‌ ക്ഷണിക്കുന്നവനും പ്രകാശംനല്‌കുന്ന ഒരു വിളക്കും ആയിക്കൊണ്ട്‌ നിയോഗിച്ചിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക്‌ അല്ലാഹുവിങ്കല്‍നിന്ന്‌ വലിയ ഔദാര്യം ലഭിക്കാനുണ്ട്‌ എന്ന്‌ അവരെ നീ സന്തോഷവാര്‍ത്ത അറിയിക്കുക.'' (വി.ഖു. 33:45-47)

``നിന്നെ, നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത്‌ നല്‌കുന്നവനും ആയിക്കൊണ്ട്‌ തന്നെയാണ്‌ അയച്ചിട്ടുള്ളത്‌. പക്ഷേ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല'' (വി.ഖു. 34:28). ഈ സൂക്തങ്ങളിലൂടെയും അല്ലാഹു അദ്ദേഹത്തെ മാനവരാശിക്ക്‌ ആകമാനം ദൂതനും മാര്‍ഗദര്‍ശിയുമായി നിയോഗിച്ചിരിക്കുകയാണെന്ന്‌ വ്യക്തമാക്കുന്നു.

ഈ പ്രാര്‍ഥന ഹദീസ്‌ ഗ്രന്ഥങ്ങളിലില്ലേ?


``ഭക്ഷണത്തിനുശേഷം അല്‍ഹംദുലില്ലാഹില്ലദീ അത്വ്‌അമനീ വസക്വാനീ, വജഅലനീ മിനല്‍ മുസ്‌ലിമീന്‍ എന്ന പ്രാര്‍ഥന ഒരു ഹദീസ്‌ ഗ്രന്ഥങ്ങളിലും കാണുന്നില്ല. എവിടെ നിന്നാണ്‌ വന്നതെന്നറിയില്ല'' എന്ന്‌ വെള്ളിയാഴ്‌ച ഖുത്വ്‌ബയില്‍ കേള്‍ക്കാന്‍ കഴിഞ്ഞു. ഇത്‌ ശരിയാണോ?

അബ്‌ദുര്‍റശീദ്‌ മലപ്പുറം

നബി(സ) ഭക്ഷണം കഴിച്ച ശേഷം ചൊല്ലാറുണ്ടായിരുന്ന പല പ്രാര്‍ഥനകളും ഹദീസ്‌ ഗ്രന്ഥങ്ങളില്‍ കാണാം. അല്‍ഹംദുലില്ലാഹി കസീറന്‍ ത്വയ്യിബന്‍ മുബാറകന്‍ ഫീഹി ഗൈറ മക്‌ഫിയ്യിന്‍ വലാ മുവദ്ദഇന്‍ വലാ മുസ്‌തഗ്‌നന്‍ അന്‍ഹു റബ്ബനാ എന്ന്‌ ചൊല്ലിയിരുന്നതായി ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌ (5458). അല്‍ഹംദുലില്ലാഹില്ലദീ അത്വ്‌അമനാ വസക്വാനാ വജഅലനാ മിനല്‍ മുസ്‌ലിമീന്‍ എന്ന്‌ നബി(സ) ചൊല്ലിയിരുന്നതായി അബൂസഈദില്‍ നിന്ന്‌ അബൂദാവൂദ്‌ ഉദ്ധരിച്ചിട്ടുണ്ട്‌. ``ഞങ്ങള്‍ക്ക്‌ തിന്നാനും കുടിക്കാനും തരുകയും ഞങ്ങളെ മുസ്‌ലിംകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌ത അല്ലാഹുവിന്‌ സ്‌തുതി'' എന്നാണ്‌ ഇതിന്റെ അര്‍ഥം. അത്വ്‌അമനീ വസക്വാനീ... എന്നാകുമ്പോള്‍ ``എനിക്ക്‌ തിന്നാനും കുടിക്കാനും തരികയും...'' എന്നായിരിക്കും അര്‍ഥം. ഈ വ്യത്യാസം അത്ര ഗൗരവമുള്ളതല്ല. സമൂഹത്തിനൊന്നാകെ അല്ലാഹു ചെയ്‌ത അനുഗ്രഹങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ടും ഒരു വ്യക്തി എന്ന നിലയില്‍ അല്ലാഹുവില്‍ നിന്നു ലഭിച്ച അനുഗ്രഹങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടും നബി പ്രാര്‍ഥിച്ചതായും അല്ലാഹുവെ പ്രകീര്‍ത്തിച്ചതായും അനേകം ഹദീസുകളില്‍ കാണാം. എന്നാലും ഓരോ പ്രാര്‍ഥനയും കീര്‍ത്തനവും നബിയില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട അതേ രൂപത്തില്‍ ചൊല്ലുന്നതാണ്‌ കൂടുതല്‍ ഉത്തമം.

അല്‍ഹംദു ലില്ലാഹി ല്ലദീ അത്വ്‌അമ വസക്വ വസവ്വഗഹു വജഅല ലഹു മഖ്‌റജന്‍ എന്ന്‌ ഭക്ഷണം കഴിച്ച ശേഷം നബി(സ) ചൊല്ലിയിരുന്നുവെന്ന്‌ അബൂഅയ്യൂബില്‍ നിന്ന്‌ അബൂദാവൂദും തിര്‍മിദിയും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അല്ലാഹുമ്മ അത്‌അംത വസകൈ്വത വഅഗ്‌നൈത വ അക്വ്‌നൈത വഹദൈത വ അഹ്‌യൈത ഫലകല്‍ ഹംദു അലാ മാ ക്വദൈ്വത എന്ന്‌ ഭക്ഷണ ശേഷം നബി(സ) ചൊല്ലിയിരുന്നുവെന്നാണ്‌ നസാഈയുടെ ഒരു ഹദീസിലുള്ളത്‌. ``വല്ലവനും ഭക്ഷണം കഴിച്ചിട്ട്‌ അല്‍ഹംദുലില്ലാഹില്ലദീ അത്വ്‌അമനീ ഹാദാ വറസക്വനീഹി മിന്‍ ഗൈരി ഹൗലിന്‍ മിന്നീ വലാ ക്വുവ്വതിന്‍ എന്ന്‌ പറഞ്ഞാല്‍ അവന്‍ മുമ്പ്‌ ചെയ്‌ത പാപങ്ങള്‍ അവന്‌ പൊറുത്തുകൊടുക്കപ്പെടും'' എന്ന്‌ റസൂല്‍(സ) പറഞ്ഞതായി മുആദുബ്‌നു അനസി(റ)ല്‍ നിന്ന്‌ അബൂദാവൂദും തിര്‍മിദിയും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ``ആഹാരം കഴിക്കുമ്പോള്‍ അതിന്റെ പേരിലും പാനീയം കുടിക്കുമ്പോള്‍ അതിന്റെ പേരിലും അല്ലാഹുവെ സ്‌തുതിക്കുന്ന ദാസനെ സംബന്ധിച്ച്‌ തീര്‍ച്ചയായും അല്ലാഹു സംതൃപ്‌തനായിരിക്കും'' എന്ന്‌ റസൂല്‍ പറഞ്ഞതായി മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്‌.

നബി(സ)യോടുള്ള അഭിസംബോധനകള്‍ സത്യവിശ്വാസികള്‍ക്ക്‌ ബാധകമോ?


വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു മുഹമ്മദ്‌ നബി(സ)യെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുന്നുണ്ടല്ലോ. ഇത്തരം അഭിസംബോധനകള്‍ കേവലം നബിയോട്‌ മാത്രമുള്ളതല്ലേ? ഇത്‌ സത്യവിശ്വാസികള്‍ക്ക്‌ ബാധകമാവുന്നതെങ്ങനെ? സത്യവിശ്വാസികളോടുള്ള സംബോധനകള്‍ വേറെ കാണുന്നുണ്ടല്ലോ?

കെ പി ജംഷീദ്‌ അരീക്കോട്‌

എല്ലാ നന്മകളിലേക്കും പ്രബോധിതര്‍ക്ക്‌ വഴികാണിക്കേണ്ട വ്യക്തിയാണല്ലോ പ്രവാചകന്‍. അതിനാല്‍ സമൂഹത്തോട്‌ എന്തൊക്കെ ആജ്ഞാപിക്കണമെന്ന്‌ അദ്ദേഹത്തെ അഭിസംബോധനം ചെയ്‌തുകൊണ്ട്‌ അല്ലാഹു പറയുക സ്വാഭാവികമാകുന്നു. നബി(സ)യുടെ നേതൃത്വത്തില്‍ സമൂഹം നിര്‍വഹിക്കേണ്ട ബാധ്യതകളെ സംബന്ധിച്ച്‌ അദ്ദേഹത്തോട്‌ ആജ്ഞാപിക്കുന്നതും അതുപോലെതന്നെ. നബിയേ എന്ന്‌ വിളിച്ചുകൊണ്ട്‌, സത്യനിഷേധികളോടും കപടന്മാരോടും ജിഹാദ്‌ ചെയ്യണമെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 9:73, 66:9 എന്നീ സൂക്തങ്ങളില്‍ അല്ലാഹു കല്‌പിച്ചിട്ടുണ്ട്‌. എന്നാല്‍ നബി(സ) തനിച്ചല്ല സത്യവിശ്വാസികള്‍ ഒന്നിച്ചാണ്‌ ജിഹാദ്‌ നിര്‍വഹിക്കേണ്ടതെന്ന്‌ മറ്റു അനേകം സൂക്തങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നു. ഒരു ഖുര്‍ആന്‍ സൂക്തം ആരംഭിക്കുന്നത്‌ യാ അയ്യുഹന്നബിയ്യു എന്നായതുകൊണ്ട്‌ അതിന്റെ ഉള്ളടക്കം നബിയല്ലാത്തവര്‍ക്ക്‌ ബാധകമല്ലെന്ന്‌ കരുതുന്നത്‌ തെറ്റാണെന്നത്രെ ഇതില്‍ നിന്ന്‌ തെളിയുന്നത്‌. 65:1 സൂക്തത്തില്‍ നബിയേ എന്ന്‌ വിളിച്ച ശേഷം ത്വലാഖ്‌ സംബന്ധിച്ച്‌ സമൂഹത്തിന്നാകെ ബാധകമായിട്ടുള്ള കല്‍പനകളാണ്‌ നല്‍കിയിട്ടുള്ളത്‌. നബി(സ)യെ അഭിസംബോധനം ചെയ്‌തുകൊണ്ട്‌ പത്‌നിമാരുടെ കാര്യത്തില്‍ അല്ലാഹു നല്‍കിയിട്ടുള്ള കല്‌പനകള്‍ അദ്ദേഹം മാത്രമാണ്‌ പ്രാവര്‍ത്തികമാക്കേണ്ടത്‌. എന്നാല്‍, അതില്‍ നിന്ന്‌ സത്യവിശ്വാസികള്‍ക്ക്‌ പല കാര്യങ്ങളും ഗ്രഹിക്കാനുണ്ട്‌.

ഹജ്‌ജിലെ കല്ലേറും വിഗ്രഹാരാധനയും


ഹജ്ജില്‍ പൈശാചികതയെ അകറ്റാന്‍ വേണ്ടി സാത്താന്റെ പ്രതീകമായി നിശ്ചയിച്ച മൂന്ന്‌ സ്‌തൂപങ്ങളില്‍ കല്ലെറിയുന്നതും ഹജ്‌റുല്‍ അസ്‌വദുമായി ബന്ധപ്പെട്ട കര്‍മങ്ങളും വിഗ്രഹാരാധനയുമായി സാമ്യമുള്ളതല്ലേ?

അമീന്‍ ശ്രീമൂലനഗരം

ഹജ്ജിന്റെ ഭാഗമായ കല്ലേറ്‌ നടത്തുന്ന ജംറകള്‍ പിശാചിന്റെ പ്രതീകങ്ങളാണെന്ന്‌ അല്ലാഹുവോ നബി(സ)യോ പറഞ്ഞിട്ടില്ല. നബി(സ) ഹജ്ജ്‌ വേളയില്‍ അവിടെ കല്ലെറിയുകയും, `നിങ്ങളുടെ തീര്‍ഥാടനകര്‍മങ്ങള്‍ എന്നില്‍ നിന്ന്‌ നിങ്ങള്‍ സ്വീകരിക്കണം' എന്ന്‌ അദ്ദേഹം പഠിപ്പിക്കുകയും ചെയ്‌തതുകൊണ്ടാണ്‌ യഥാര്‍ഥ വിശ്വാസികള്‍ ആ കര്‍മം അനുഷ്‌ഠിക്കുന്നത്‌. ദുശ്ശക്തികളെയൊക്കെ ആട്ടിയകറ്റുക എന്നതാണ്‌ കല്ലേറിലൂടെ പ്രതീകവത്‌കരിക്കപ്പെടുന്നതെങ്കിലും അതിന്‌ വിഗ്രഹാരാധനയോട്‌ സാമ്യമുണ്ടാവുകയില്ലല്ലോ. ആരാധന എന്നാല്‍ പരമമായ വണക്കമാണ്‌. അതിന്റെ വിപരീതമാണ്‌ വെറുപ്പോടെ എറിഞ്ഞോടിക്കല്‍.

ഹജറുല്‍ അസ്‌വദ്‌ എന്ന കറുത്ത കല്ല്‌ കഅ്‌ബയുടെ തെക്കുകിഴക്കെ മൂലയിലെ ഒരു അടയാളക്കല്ലാണ്‌. ആ കല്ലിന്റെ ഭാഗത്തുനിന്നാണ്‌ ത്വവാഫ്‌ അഥവാ പ്രദക്ഷിണം തുടങ്ങേണ്ടത്‌. ത്വവാഫ്‌ സമാപിക്കേണ്ടതും അവിടെത്തന്നെ. ആ കല്ലിനെ ചുംബിക്കുന്നത്‌ ഹജ്ജിന്റെ ഒരു നിര്‍ബന്ധകര്‍മമല്ല. ഏകദൈവാരാധനയുടെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായ കഅ്‌ബയോടുള്ള സ്‌നേഹബഹുമാനങ്ങള്‍ പ്രകടിപ്പിക്കാന്‍ വേണ്ടി അതിന്റെ മൂലയിലുള്ള അടയാളക്കല്ലില്‍ ചുംബനമര്‍പ്പിക്കുകയോ അതിനെ കൈകൊണ്ട്‌ തൊട്ടുമുത്തുകയോ അതിന്റെ നേരെ കൈ ഉയര്‍ത്തുകയോ ചെയ്‌തുകൊണ്ട്‌ ത്വവാഫ്‌ തുടങ്ങുന്നതാണ്‌ പ്രവാചകമാതൃക. ആ കല്ലിന്‌ ദൈവികമായ കഴിവുകളുണ്ടെന്നോ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയുമെന്നോ മുസ്‌ലിംകളാരും വിശ്വസിക്കുന്നില്ല. ആ കല്ലിനെ ആരാധിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യുന്നില്ല. അല്ലാഹു മഹത്വം കല്‌പിക്കുന്ന സ്ഥലങ്ങളെയോ ദിനങ്ങളെയോ വ്യക്തികളെയോ ആദരിക്കുന്നത്‌ ഏകദൈവാരാധനയുടെ താല്‌പര്യം തന്നെയാണ്‌; ബഹുദൈവാരാധനയല്ല.

മഖ്‌ബറയുള്ള പള്ളിയിലെ നമസ്‌കാരം

മഖ്‌ബറയുള്ള ഒരു പള്ളിയില്‍ വെച്ച്‌ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിക്കേണ്ടി വന്നു. ഇതിന്റെ ഇസ്‌ലാമിക വിധി എന്ത്‌?
ശാഹിദ്‌ നല്ലളം

ഖബറിന്മേലോ ഖബ്‌റിലേക്ക്‌ തിരിഞ്ഞോ നമസ്‌കരിക്കരുതെന്ന്‌ നബി(സ) വിലക്കിയതായി മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ഒരു പള്ളിയുടെ ഏതെങ്കിലും ഭാഗത്ത്‌ ഖബ്‌റുണ്ടെങ്കില്‍ പള്ളിയുടെ മറ്റു ഭാഗങ്ങളിലും നമസ്‌കരിക്കാന്‍ പാടില്ലെന്ന്‌ പറയാന്‍ അനിഷേധ്യമായ തെളിവൊന്നും കണ്ടിട്ടില്ല. ഖബ്‌റിന്മേലും ഖബ്‌റിലേക്ക്‌ തിരിഞ്ഞും നമസ്‌കരിക്കാന്‍ പാടില്ല എന്ന വിധിയില്‍ മയ്യിത്ത്‌ നമസ്‌കാരത്തെയും മറ്റു നമസ്‌കാരങ്ങളെയും വേര്‍തിരിച്ചിട്ടില്ല.

Followers -NetworkedBlogs-

Followers