ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label ഇസ്‌ലാം. Show all posts
Showing posts with label ഇസ്‌ലാം. Show all posts

ലൈംഗികബന്ധം സന്താനോല്‍പാദനത്തിന്‌ മാത്രമോ?



``സന്താനോല്‌പാദനത്തിന്‌ മാത്രമേ സ്‌ത്രീകളുമായി ലൈംഗികബന്ധം പാടുള്ളൂ. മൃഗങ്ങളെല്ലാം തന്നെ വര്‍ഷത്തിലൊരിക്കലോ അല്ലെങ്കില്‍ അവയ്‌ക്ക്‌ നിശ്ചയിക്കപ്പെട്ട സമയത്തോ ആണ്‌ ഇണചേരുക. മനുഷ്യനും അതുപോലെ സന്താനോല്‌പാദനത്തിന്‌ മാത്രമേ ഇണചേരാന്‍ പാടുള്ളൂ'' -ഒരു ശ്രീനാരായണ ഗുരു ഭക്തന്റെ പ്രഭാഷണത്തില്‍ നിന്നാണ്‌ ഈ ഉദ്ധരണി. ഈ അഭിപ്രായത്തോട്‌ `മുസ്‌ലിം' എങ്ങനെ പ്രതികരിക്കുന്നു?
അബ്‌ദുല്‍അഹദ്‌, മലപ്പുറം

ഇസ്‌ലാം മനുഷ്യനെ മൃഗകുടുംബത്തിലെ ഒരു മെമ്പറായിട്ടല്ല ഗണിക്കുന്നത്‌. വിശുദ്ധഖുര്‍ആന്‍ പറയുന്നു: ``തീര്‍ച്ചയായും ആദം സന്തതികളെ (മനുഷ്യരെ) നാം ആദരിക്കുകയും കരയിലും കടലിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും വിശിഷ്‌ടമായ വസ്‌തുക്കളില്‍ നിന്ന്‌ നാം അവര്‍ക്ക്‌ ഉപജീവനം നല്‌കുകയും നാം സൃഷ്‌ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക്‌ നാം സവിശേഷമായ ശ്രേഷ്‌ഠത നല്‌കുകയും ചെയ്‌തിരിക്കുന്നു'' (17:50). ``തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയില്‍ സൃഷ്‌ടിച്ചിരിക്കുന്നു'' (95:4). ഭൂമിയില്‍ ധാരാളം ഉത്തരവാദിത്വങ്ങള്‍ സ്വാതന്ത്ര്യത്തോടെ നിര്‍വഹിക്കേണ്ടതിനായി നിയോഗിക്കപ്പെട്ട സ്ഥാനപതി എന്നതാണ്‌ ഖുര്‍ആനിക വീക്ഷണത്തില്‍ മനുഷ്യന്റെ സവിശേഷത.

മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ലഭിക്കുന്ന ദൈവദത്തമായ സ്വാതന്ത്ര്യം ലൈംഗികജീവിതത്തിനും ബാധകമാകുന്നു. ദൈവദത്തമായ സ്വാതന്ത്ര്യം അനിയന്ത്രിതമായി കൈയാളാനുള്ളതല്ല. സര്‍വജ്ഞനായ ദൈവത്തിന്റെ അന്യൂനമായ മാര്‍ഗദര്‍ശനത്തിന്‌ വിധേയമായിട്ടാണ്‌ സ്വാതന്ത്ര്യം വിനിയോഗിക്കേണ്ടത്‌. സ്വന്തം ജീവിതപങ്കാളിയുമായി ലൈംഗികവേഴ്‌ച ആര്‍ത്തവവേളയിലും ചില പ്രത്യേക ആരാധനാ കര്‍മങ്ങള്‍ക്കിടയിലും മാത്രമേ ഇസ്‌ലാം വിലക്കിയിട്ടുള്ളൂ. വ്യഭിചാരവും പ്രകൃതിവിരുദ്ധ രതിയും കര്‍ശനമായി വിലക്കിയിരിക്കുന്നു.

സ്രഷ്‌ടാവും രക്ഷിതാവുമായ ദൈവം അനുവദിച്ച കാര്യങ്ങള്‍ വിലക്കാന്‍ മറ്റാര്‍ക്കും അധികാരമില്ല. മനുഷ്യന്‌ ഗുണകരമായ കാര്യങ്ങളാണ്‌ പരമകാരുണികനായ ദൈവം കല്‌പിക്കുകയും അനുവദിക്കുകയും ചെയ്‌തിട്ടുള്ളത്‌. മനുഷ്യന്‌ ദോഷകരമായ കാര്യങ്ങളാണ്‌ ദൈവം നിഷിദ്ധമായി വിധിച്ചിട്ടുള്ളത്‌. ദോഷകരമായിത്തീരുന്ന ലൈംഗികവേഴ്‌ചകളെല്ലാം സര്‍വജ്ഞനായ ദൈവം നിരോധിച്ചിട്ടുണ്ട്‌. മനുഷ്യന്‌ പരിമിതമായ അറിവേ ഉള്ളൂ. പരമമായ ജ്ഞാനം ദൈവത്തിന്‌ മാത്രമേയുള്ളൂ.

ഇസ്‌ലാമിക ദൃഷ്‌ട്യാ ലൈംഗികവികാരം സന്താനോല്‌പാദനത്തിലേക്ക്‌ നയിക്കുന്ന ഒരു രാസത്വരകം മാത്രമല്ല. മനുഷ്യബന്ധങ്ങളെയൊക്കെ സമ്പുഷ്‌ടമാക്കുന്ന സ്‌നേഹം, കാരുണ്യം എന്നീ വികാരങ്ങളുടെ സാഫല്യത്തിന്‌ ആധാരമായി വര്‍ത്തിക്കുന്ന ഒരു ഘടകവും കൂടിയാണത്‌. മനുഷ്യജീവിതം സംതൃപ്‌തവും സമാധാനപൂര്‍ണവും വിജയകരവുമായിത്തീരുന്നതില്‍ വൈകാരിക സാഫല്യത്തിനുള്ള പങ്ക്‌ മനശ്ശാസ്‌ത്രജ്ഞര്‍ക്കിടയിലും സാമൂഹ്യശാസ്‌ത്രജ്ഞര്‍ക്കിടയിലും പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാകുന്നു. വിശുദ്ധഖുര്‍ആന്‍ ഈ വിഷയത്തിലേക്ക്‌ വെളിച്ചം വീശുന്നത്‌ നോക്കൂ: ``നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വം ഒത്തുചേരേണ്ടതിന്നായി നിങ്ങളില്‍ നിന്ന്‌ തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്‌ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്‌തതും അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളുണ്ട്‌.'' (30:21)

സന്താനോല്‌പാദനത്തിന്‌വേണ്ടി മാത്രമേ ഇണചേരാന്‍ പാടുള്ളൂവെന്ന്‌ നിഷ്‌കര്‍ഷിച്ചാല്‍ ഒന്നിലധികം സന്തതികള്‍ക്ക്‌ ജന്മം നല്‌കാന്‍ പാടില്ല എന്ന്‌ നിയമമുള്ള ചൈനയിലെ യുവ ദമ്പതിമാര്‍ കഷ്‌ടത്തിലായിപ്പോവും. പ്രജനനശേഷി ഒട്ടുമില്ലാത്ത ദമ്പതിമാരുടെ കാര്യവും തഥൈവ. ശ്രീ ശങ്കരന്റെയും ശ്രീനാരായണഗുരുവിന്റെയും ദര്‍ശനങ്ങള്‍ അദൈ്വതത്തില്‍ അധിഷ്‌ഠിതമാണല്ലോ. എല്ലാം ദൈവമാണെന്നും ദൈവമല്ലാതൊന്നുമില്ലെന്നും സിദ്ധാന്തിക്കുന്ന അദൈ്വതവാദ പ്രകാരം, ലൈംഗികബന്ധത്തെ അനുവദനീയമെന്നും നിഷിദ്ധമെന്നും വേര്‍തിരിക്കാനുള്ള ന്യായമൊന്നും `മുസ്‌ലിം' കണ്ടിട്ടില്ല.

ദേശസ്‌നേഹവും സ്വാതന്ത്ര്യസമരവും

ദേശസ്‌നേഹത്തെ സംബന്ധിച്ച്‌ ഇസ്‌ലാമിന്റെ കാഴ്‌ചപ്പാട്‌ എന്താണ്‌? ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത്‌ മരണംവരിച്ച മുസ്‌ലിംകള്‍ക്ക്‌ അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുമോ?
അബ്‌ദുല്‍അലീം, കോഴിക്കോട്‌

തന്റെ ജന്മദേശമായ മക്കയോട്‌ തനിക്കുള്ള സ്‌നേഹം നബി(സ) വ്യക്തമായി പ്രകടിപ്പിച്ചുവെന്ന്‌ പ്രബലമായ ഹദീസില്‍ കാണാം. സ്വദേശത്തോടുള്ള സ്‌നേഹം ന്യായവും സ്വാഭാവികവുമായ കാര്യമാണെന്നത്രെ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത സത്യവിശ്വാസികള്‍ക്ക്‌ അല്ലാഹുവിങ്കല്‍ സ്വീകാര്യമാകുന്ന സദുദ്ദേശ്യം ഉണ്ടായിരുന്നെങ്കില്‍ അവര്‍ അല്ലാഹുവിന്റെ പ്രതിഫലത്തിന്‌ അര്‍ഹരാകും. അക്രമഭരണത്തെ ചെറുക്കുക എന്നതും മര്‍ദിതജനതയുടെ മോചനത്തിനുവേണ്ടി പൊരുതുക എന്നതും അല്ലാഹു പ്രോത്സാഹിപ്പിച്ചിട്ടുള്ള കാര്യങ്ങളാണ്‌. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട്‌ ഈ കാര്യങ്ങള്‍ ചെയ്‌തവര്‍ അവന്റെ പ്രതിഫലത്തിന്‌ അര്‍ഹരായിരിക്കും.

ഇസ്‌ലാമില്‍ കുടുംബാധിപത്യമോ?



`സച്ചരിതരായ ഖലീഫമാര്‍ എന്ന്‌ വിളിക്കപ്പെടുന്ന നാലുപേരും നബിയുടെ ബന്ധുക്കള്‍ എന്ന നിലയിലാണ്‌ അധികാരത്തിലെത്തിയത്‌. ഒന്നാം ഖലീഫ അബൂബക്കര്‍ നബിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ട ഭാര്യയായ ആഇശയുടെ പിതാവായിരുന്നു. നബിയുടെ മറ്റൊരു ഭാര്യയായ ഹഫ്‌സയുടെ പിതാവായിരുന്നു രണ്ടാം ഖലീഫ ഉമര്‍. നബിയുടെ പുത്രി ഉമ്മുകുല്‍സുവിന്റെ ഭര്‍ത്താവായിരുന്നു മൂന്നാം ഖലീഫ ഉസ്‌മാന്‍. നബിയുടെ മറ്റൊരു മകളായ ഫാത്വിമയുടെ ഭര്‍ത്താവായിരുന്നു നാലാം ഖലീഫ അലി. ഇവരുടെ അധികാര ലബ്‌ധിക്കോ ഭരണത്തിനോ ജനാധിപത്യ മൂല്യങ്ങളുമായി യാതൊരു ബന്ധവുമില്ല'' -ഒരു ഇസ്‌ലാം വിമര്‍ശകന്‍ എഴുതിയ കുറിപ്പിന്റെ സംഗ്രഹമാണിത്‌. ഇതെക്കുറിച്ച്‌ `മുസ്‌ലിം' എന്തുപറയുന്നു?

ഇബ്‌തിസാം, കോഴിക്കോട്‌

ഇവരൊക്കെ നബി(സ)യുടെ ബന്ധുക്കളാണെന്നത്‌ ശരി തന്നെ. എന്നാല്‍ പ്രവാചകബന്ധുക്കള്‍ എന്ന നിലയിലല്ല മുസ്‌ലിം സമൂഹം ഇവരുടെ നേതൃത്വം അംഗീകരിച്ചത്‌ എന്നതും അതുപോലെ തന്നെ ശരിയാണ്‌. ഒരു ആദര്‍ശ സമൂഹത്തിലെ ഏറ്റവും പ്രതിബദ്ധതയുള്ള വ്യക്തികള്‍ എന്ന നിലയിലും, പല തരം വെല്ലുവിളികളെ അതിവര്‍ത്തിച്ചുകൊണ്ട്‌ സമൂഹത്തെ മുന്നോട്ട്‌ നയിക്കാന്‍ കഴിവുള്ളവര്‍ എന്ന നിലയിലുമാണ്‌ മുസ്‌ലിംകള്‍ അവര്‍ക്ക്‌ ബൈഅത്ത്‌ (അനുസരണ പ്രതിജ്ഞ) ചെയ്‌തത്‌. പ്രവാചകപത്‌നി ആഇശ(റ)യുടെ പിതാവ്‌ എന്നതാണ്‌ നബി(സ)ക്ക്‌ ശേഷം മുസ്‌ലിം സമൂഹത്തിന്റെ മതപരവും ലൗകികവുമായ കാര്യങ്ങളില്‍ നേതൃത്വം നല്‌കാന്‍ തനിക്കുള്ള യോഗ്യതയെന്ന്‌ ഒരിക്കല്‍ പോലും അബൂബക്കര്‍ സിദ്ദീഖ്‌(റ) പറഞ്ഞിട്ടില്ല. അദ്ദേഹത്തെ ഖലീഫയായി അംഗീകരിച്ച്‌ അനുസരിച്ചവരും `പ്രവാചകന്റെ അമ്മോശന്‍' എന്നത്‌ അതിനുള്ള യോഗ്യതയായി ചൂണ്ടിക്കാണിച്ചിട്ടില്ല. ഇതു തന്നെയാണ്‌ രണ്ടാം ഖലീഫ ഉമറി(റ)ന്റെ അവസ്ഥയും. അമ്മോശന്‍ ബന്ധത്തെ അദ്ദേഹമോ മറ്റുള്ളവരോ ഖിലാഫത്തുമായി ബന്ധപ്പെടുത്തിയിട്ടില്ല. ഒന്നാം ഖലീഫ അബൂബക്കറാണ്‌(റ) തന്റെ പിന്‍ഗാമിയായി ഉമറി(റ)ന്റെ പേര്‍ നിര്‍ദേശിച്ചത്‌. നബി(സ)യുടെ ഭാര്യാപിതാവായതിനാല്‍ ഖിലാഫത്തിന്‌ ഉമറാണ്‌(റ) അര്‍ഹനെന്ന്‌ അബൂബക്കര്‍(റ) ഒരിക്കലും ചൂണ്ടിക്കാണിച്ചിട്ടില്ല.

മൂന്നാം ഖലീഫ ഉസ്‌മാന്‍ ആദ്യമായി പ്രവാചക പുത്രി റുഖിയ്യാ(റ)യെയും അവരുടെ മരണശേഷം നബി(സ)യുടെ മറ്റൊരു മകളായ ഉമ്മുകുല്‍സൂമി(റ)നെയും വിവാഹം കഴിച്ചിരുന്നു. അതിനാല്‍ അദ്ദേഹം `ദുന്നൂറൈന്‍' (രണ്ടു പ്രകാശത്തിന്റെ ഉടമ) എന്ന്‌ വിളിക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രവാചകന്റെ മരുമകന്‍ എന്ന നിലയില്‍ അദ്ദേഹത്തെ ഖലീഫയാക്കണമെന്ന്‌ പ്രവാചകശിഷ്യന്മാരാരെങ്കിലും അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ ഒരു ആറംഗസമിതി രൂപീകരിക്കുകയാണ്‌ രണ്ടാം ഖലീഫ ഉമര്‍(റ) ചെയ്‌തത്‌. അവരില്‍ ചിലര്‍ പ്രമുഖ സ്വഹാബിമാരുടെയെല്ലാം അഭിപ്രായമാരാഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്‌ ഉസ്‌മാനെ(റ) ഖലീഫയായി തെരഞ്ഞെടുത്തത്‌.

ഉസ്‌മാന്‍(റ) വധിക്കപ്പെട്ടത്‌ മുസ്‌ലിം സമൂഹത്തെ അസ്ഥിരീകരിക്കാന്‍ വേണ്ടി ശ്രമിച്ച ചില ദുശ്ശക്തികളുടെ ഗൂഢാലോചനകളുടെ ഫലമായിട്ടായിരുന്നു. അന്ന്‌ ജീവിച്ചിരുന്ന പ്രമുഖ സ്വാഹാബികളുടെ പൊതു അഭിപ്രായ പ്രകാരമാണ്‌ അലി(റ) ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടത്‌. ശീഅകള്‍ മാത്രമാണ്‌ അദ്ദേഹത്തിന്റെ ഖിലാഫത്തിനെ മരുമകന്‍ സ്ഥാനവുമായി ബന്ധപ്പെടുത്തിയത്‌. ഭൂരിപക്ഷ മുസ്‌ലിംകള്‍ അദ്ദേഹത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്‌തത്‌ ഏറ്റവും ആദ്യമായി ഇസ്‌ലാം ആശ്ലേഷിച്ച ചുരുക്കം പേരില്‍ ഒരാളെന്ന നിലയിലും മുസ്‌ലിം സമൂഹത്തിന്‌ വിലപ്പെട്ട സേവനങ്ങള്‍ അര്‍പ്പിച്ച വ്യക്തി എന്ന നിലയിലുമായിരുന്നു.

ഈ നാലു ഖലീഫമാരും സച്ചരിതര്‍ എന്നറിയപ്പെട്ടത്‌ പ്രവാചകനുമായി അവര്‍ക്കുള്ള കുടുംബബന്ധത്തിന്റെ പേരിലല്ല. ആദര്‍ശ പ്രതിബദ്ധതയോടും നീതിനിഷ്‌ഠയോഠും കൂടി അവര്‍ ഇസ്‌ലാമിക സമൂഹത്തിനും മുസ്‌ലിം രാഷ്‌ട്രത്തിനും നേതൃത്വം നല്‌കിയതിന്റെ പേരിലാണ്‌. മുസ്‌ലിം ചരിത്രകാരന്മാര്‍ മാത്രമല്ല, മറ്റു പാശ്ചാത്യ-പൗരസ്‌ത്യ ചരിത്രകാരന്മാരും ഈ ഖലീഫമാരുടെ നീതിനിഷ്‌ഠയെയും നിഷ്‌പക്ഷതയെയും ശ്ലാഘിച്ചിട്ടുണ്ട്‌. `ജനങ്ങളുടെ കാര്യം അവരുമായി കൂടിയാലോചിച്ച്‌ തീരുമാനിക്കേണ്ടതാണ്‌' എന്ന ഖുര്‍ആനിക അധ്യാപനമനുസരിച്ച്‌ ഭരണം നടത്തിയ ഈ ഖലീഫമാര്‍ ജനാധിപത്യം എന്നര്‍ഥമുള്ള ഏതെങ്കിലും പദം പ്രയോഗിച്ചിട്ടില്ലെങ്കിലും അവരുടെ ഭരണം ജനഹിതം മാനിച്ചു കൊണ്ടുള്ളതായിരുന്നു എന്ന കാര്യം ചരിത്രകാരന്മാര്‍ക്കിടയില്‍ അവിതര്‍ക്കിതമാകുന്നു.

ഖാദിയാനികള്‍ മുസ്‌ലിംകളിലെ ഒരു വിഭാഗമാണോ?


ഖാദിയാനികളെ സംബന്ധിച്ച ഇസ്‌ലാമിക വിധിയെന്താണ്‌? തബ്‌ലീഗ്‌, ജമാഅത്ത്‌, സുന്നി പോലുള്ള സംഘടനകളെപ്പോലെ അവരെ പരിഗണിക്കാമോ? അവരെ തുടര്‍ന്ന്‌ നമസ്‌കരിക്കാമോ?
കെ നൗഫല്‍ - ചേളന്നൂര്‍

മുഹമ്മ്‌ദ നബി(സ) അവസാനത്തെ പ്രവാചകനാണെന്നും അദ്ദഹത്തിന്‌ ശേഷം പ്രവാചകനിയോഗം ഉണ്ടാവുകയില്ലെന്നും മിസ്‌ലിംകളെല്ലാം വിശ്വസിക്കുന്നു. വിശുദ്ധ ഖുര്‍ആനിലെ 33:40 സൂക്തത്തിലും ബുഖാരിയിലും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസുകളിലും ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ ഇതിന്‌ വിരുദ്ധമായി മീര്‍സാ ഗുലാം അഹ്‌മദ്‌ എന്നയാള്‍ പ്രവാചകനാണെന്നത്രെ ഖാദിയാനികളുടെ വിശ്വാസം. മുസ്‌ലിംകളുടേതില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌ അവരുടെ വിശ്വാസമെന്നതിനാല്‍ അവരെ മുസ്‌ലിംകളില്‍ ഒരു വിഭാഗമായി ഗണിക്കാവുന്നതല്ല. അന്തിമ പ്രവാചകന്‍ പഠിപ്പിച്ച നമസ്‌കാരത്തിന്‌ വ്യാജ പ്രവാചകന്റെ അനുയായിയെ ഇമാമാക്കുന്നത്‌ ഒട്ടും ന്യായമല്ല.

ഖുര്‍ആന്‍ കാലാതിവര്‍ത്തിയല്ലെന്നോ?

`വസഖ്‌ഖറശ്ശംസ വല്‍ഖമറ കുല്ലുന്‍ യജ്‌രീ ഇലാ അജലിന്‍ മുസമ്മാ', `ജന്നാത്തിന്‍ തജ്‌രീ മിന്‍ തഹ്‌തിഹല്‍ അന്‍ഹാര്‍' തുടങ്ങിയ വാചകങ്ങള്‍ ഖുര്‍ആനില്‍ വളരെയധികം തവണയുണ്ടല്ലോ. പതിനാല്‌ നൂറ്റാണ്ടു മുമ്പവതരിച്ച, ലോകാവസാനം വരെയുള്ള ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനമായി നിലകൊള്ളേണ്ട, അമാനുഷികത അവകാശപ്പെടുന്ന ഒരു ഗ്രന്ഥത്തില്‍ ഇത്തരത്തില്‍ ഒരേ വാചകങ്ങള്‍ തന്നെ പലവുരു ആവര്‍ത്തിച്ചിരിക്കുന്നതിന്റെ സാംഗത്യമെന്താണ്‌? കാര്യങ്ങള്‍ സംക്ഷിപ്‌തമായും കാര്യമാത്ര പ്രസക്തമായും വൃഥാസ്ഥൂലത വരാതെയും സമര്‍പ്പിക്കുകയായിരുന്നില്ലേ ഖുര്‍ആന്‍ വേണ്ടിയിരുന്നത്‌?
അബൂഅമാന (ഷാര്‍ജ)

ആരെ പ്രവാചകനാക്കണം, ഏത്‌ ഭാഷയില്‍ വേദഗ്രന്ഥമവതരിപ്പിക്കണം, വേദഗ്രന്ഥത്തിന്റെ ഉള്ളടക്കം എങ്ങനെയായിരിക്കണം എന്നൊക്കെ അല്ലാഹുവാണ്‌ തീരുമാനിച്ചത്‌. ആ തീരുമാനത്തിന്റെ ന്യായവും പ്രസക്തിയും നമുക്ക്‌ പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന്‌ വരാം. നമ്മുടെ അറിവിന്‌ ഏറെ പരിമിതിയുണ്ട്‌. മനുഷ്യര്‍ രചിക്കുന്ന വൈജ്ഞാനികവും കാല്‌പനികവും മറ്റുമായ ഗ്രന്ഥങ്ങളുടെ രൂപവും ക്രമവുമാണ്‌ നമുക്ക്‌ പരിചയമുള്ളത്‌. ഇതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്‌തമായ മാര്‍ഗദര്‍ശക ഗ്രന്ഥമാണ്‌ വിശുദ്ധഖുര്‍ആന്‍. ആദര്‍ശാധിഷ്‌ഠിതമായ ജീവിതം നയിച്ചാല്‍ ഇഹത്തിലും പരത്തിലും ധന്യത നല്‌കി പ്രപഞ്ചനാഥന്‍ അനുഗ്രഹിക്കുമെന്ന്‌ സന്തോഷവാര്‍ത്ത അറിയിക്കാനും നിഷേധിയും ധിക്കാരിയുമായി ജീവിച്ചാല്‍ നാഥന്‍ ശാശ്വത ശിക്ഷ നല്‌കാന്‍ സാധ്യതയുണ്ടെന്ന്‌ താക്കീത്‌ നല്‌കാനുമായി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ ഘടനാപരമായി മറ്റു ഗ്രന്ഥങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമാവുക സ്വാഭാവികമാണ്‌.

`വസഖ്‌ഖറശ്ശംസ-അജലിന്‍ മുസമ്മാ' എന്ന ഖുര്‍ആന്‍ വാക്യം ഭൂമിയിലെ ജീവിതത്തെ സംബന്ധിച്ചേടത്തോളം നിര്‍ണായകമായ രണ്ടു ഘടകങ്ങളെക്കുറിച്ചാണ്‌ പ്രതിപാദിക്കുന്നത്‌. ``സൂര്യനെയും ചന്ദ്രനെയും അവന്‍ വിധേയമാക്കിത്തന്നിരിക്കുന്നു. അവ ഓരോന്നും നിര്‍ണിതമായ ഒരു അവധി വരെ സഞ്ചരിച്ചുകൊണ്ടിരിക്കും'' എന്നാണ്‌ ഈ വാക്യത്തിന്റെ പരിഭാഷ. സൂര്യനെ ഭൂമിയില്‍ നിന്ന്‌ നിശ്ചിത അകലത്തില്‍ നിലകൊള്ളുന്നതും വ്യവസ്ഥാപിതമായി സഞ്ചരിക്കുന്നതുമായി പ്രപഞ്ചനാഥന്‍ വിധേയമാക്കിയതുകൊണ്ടാണ്‌ ഭൂമിയിലെ ജീവ-സസ്യജാലങ്ങള്‍ സമൃദ്ധമായി വളരുന്നതും നിലനില്‌ക്കുന്നതും. ചന്ദ്രഗതിയാണ്‌ ഭൂമിയിലെ ഒട്ടേറെ പ്രതിഭാസങ്ങള്‍ക്ക്‌ നിദാനമായിട്ടുള്ളത്‌. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ കാലഗണനയ്‌ക്ക്‌ അടിസ്ഥാനമാകുന്നു. നിലാവിന്റെ മനോഹാരിത ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. അതിനാല്‍ നാഥന്റെ അറിവിന്റെയും കഴിവിന്റെയും അനുഗ്രഹത്തിന്റെയും തെളിവെന്ന നിലയില്‍ സൗര-ചാന്ദ്ര വ്യവസ്ഥകളെ ചൂണ്ടിക്കാണിക്കുന്നതിന്‌ പ്രത്യേക പ്രസക്തിയുണ്ട്‌. ഖുര്‍ആനിലെ 104 അധ്യായങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമേ ഈ വാക്യം വന്നിട്ടുള്ളൂ. ആകാശഗോളങ്ങളില്‍ നമ്മുടെ ജീവിതവുമായി ഏറ്റവും ബന്ധപ്പെട്ട രണ്ടെണ്ണത്തിന്റെ നിശ്ചിതമായ ഭ്രമണ പരിക്രമണങ്ങളെ സംബന്ധിച്ച്‌ നാലു തവണ ആവര്‍ത്തിച്ച്‌ ഓര്‍മിപ്പിച്ചത്‌ അസംഗതമാണെന്ന്‌ പറയാന്‍ യാതൊരു ന്യായവും കാണുന്നില്ല.

`ജന്നാത്തിന്‍ തജ്‌രീമിന്‍ തഹ്‌തിഹല്‍ അന്‍ഹാര്‍' എന്നതിന്‌ `താഴ്‌ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന ഉദ്യാനങ്ങള്‍' എന്നാണര്‍ഥം. പരലോകത്തെ സ്വര്‍ഗീയ ഉദ്യാനങ്ങളെക്കുറിച്ചാണ്‌ ഈ പരാമര്‍ശം. അനന്ത കാലത്തേക്ക്‌ നല്ല മനുഷ്യര്‍ക്ക്‌ അല്ലാഹു നല്‌കുന്ന സ്വര്‍ഗീയ സൗഭാഗ്യങ്ങളെ സംബന്ധിച്ച്‌ സന്തോഷവാര്‍ത്ത നല്‌കുക എന്നതാണ്‌ വിശുദ്ധ ഖുര്‍ആനിന്റെ അവതരണോദ്ദേശ്യങ്ങളില്‍ അതിപ്രധാനമായ ഒന്ന്‌. ധര്‍മനിഷ്‌ഠയുള്ള വിശ്വാസികളുടെ മഹത്വങ്ങള്‍ വിവരിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ അവര്‍ക്ക്‌ ലഭിക്കാനിരിക്കുന്ന അനര്‍ഘമായ സമ്മാനങ്ങളെക്കുറിച്ച്‌ അനേകം സൂക്തങ്ങളില്‍ പരാമര്‍ശിക്കുന്നത്‌. സ്വര്‍ഗീയ ഉദ്യാനങ്ങളുടെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്‌ അവയ്‌ക്ക്‌ കീഴിലൂടെ അരുവികള്‍ ഒഴുകുന്നു എന്നതാണ്‌. ഭൂമിയിലെ ഉദ്യാനങ്ങള്‍ക്കും ഏറ്റവും ആകര്‍ഷകത്വം ഉളവാക്കുന്നത്‌ പൊയ്‌കകളുടെയും ജലധാരകളുടെയും മറ്റും സാന്നിധ്യമാണല്ലോ. സല്‍കര്‍മകാരികളായ സത്യവിശ്വാസികള്‍ക്ക്‌ അല്ലാഹു നല്‌കുന്ന ശാശ്വത സൗഭാഗ്യത്തെ സംബന്ധിച്ച്‌ വിശുദ്ധ ഖുര്‍ആനില്‍ ആവര്‍ത്തിച്ച്‌ സന്തോഷവാര്‍ത്ത അറിയിക്കുക എന്നത്‌ തികച്ചും ഉചിതമായ കാര്യമാകുന്നു. ആദര്‍ശജീവിതത്തിന്റെ വിവിധ തലങ്ങളെ സംബന്ധിച്ച്‌ പരാമര്‍ശിക്കുമ്പോള്‍ ആദര്‍ശനിഷ്‌ഠയുടെ സദ്‌ഫലത്തെപ്പറ്റി യാതൊന്നും പറയാതിരിക്കുന്നതാണ്‌ അനൗചിത്യം.
 

ഇസ്‌ലാമില്‍ സ്‌ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യത്തിന്‌ വിലക്ക്‌?

`വളരെ ചെറുപ്പത്തില്‍ വിധവയാകേണ്ടി വന്ന ആഇശ(റ)ക്ക്‌ പ്രവാചകന്റെ ഭാര്യയായി എന്നതിന്റെ പേരില്‍ പുനര്‍വിവാഹം നിഷേധിക്കപ്പെടുകയായിരുന്നു. എന്നാല്‍ മുഹമ്മദ്‌ നബി(സ)ക്ക്‌ മധ്യവയസ്സ്‌ പിന്നിട്ടതിന്‌ ശേഷവും തരുണീമണികളായ പെണ്‍കുട്ടികളെ വിവാഹംചെയ്യാന്‍ ഇസ്‌ലാം അനുമതി നല്‌കുകയും ചെയ്‌തു. ഇവിടെ സ്‌ത്രീയുടെ ലൈംഗിക തൃഷ്‌ണയ്‌ക്ക്‌ കൂച്ചുവിലങ്ങിടുകയും പുരുഷന്‌ ലൈംഗിക സ്വാതന്ത്ര്യം അനുവദിക്കുകയുമല്ലേ ഇസ്‌ലാം ചെയ്യുന്നത്‌?'' -ഈ വരികള്‍ ഖദീജ മുംതാസിന്റെ ബര്‍സ എന്ന നോവലില്‍ നിന്നാണ്‌. ഈ വിമര്‍ശനത്തെ `മുസ്‌ലിം' എങ്ങനെ വിലയിരുത്തുന്നു?

കെ ഇ ശാഹുല്‍ ഹമീദ്‌ -പെരുമണ്ണ

ഇസ്‌ലാമില്‍ ഒരു പുരുഷന്‌ ഏത്‌ പ്രായത്തിലും ഒരു സ്‌ത്രീയെ വിവാഹം ചെയ്യാന്‍ സ്വാതന്ത്ര്യമുള്ളതുപോലെ ഒരു സ്‌ത്രീക്ക്‌ ഏത്‌ പ്രായത്തിലും ഒരു ഭര്‍ത്താവിനെ സ്വീകരിക്കാനും സ്വാതന്ത്ര്യമുണ്ട്‌. യാതൊരു വിധവയ്‌ക്കും ഇസ്‌ലാം പുനര്‍വിവാഹസ്വാതന്ത്ര്യം നിഷേധിച്ചിട്ടില്ല. എന്നാല്‍ പ്രവാചക പത്‌നിമാര്‍ക്ക്‌ അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ ഉമ്മഹാതുല്‍ മുഅ്‌മിനീന്‍ (സത്യവിശ്വാസികളുടെ മാതാക്കള്‍) എന്ന പദവി നല്‌കിയിട്ടുള്ളതു കൊണ്ടാണ്‌ പ്രവാചകന്റെ വിയോഗശേഷം അവര്‍ക്ക്‌ പുനര്‍വിവാഹത്തിനുള്ള സാധ്യത ഇല്ലാതായത്‌. ഒരാള്‍ക്കും തന്റെ മാതാവിന്റെ പദവിയുള്ള സ്‌ത്രീയെ ഭാര്യയായി സ്വീകരിക്കാന്‍ പറ്റില്ലല്ലോ. ``പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക്‌ സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു.'' (വി.ഖു 33:6). സത്യവിശ്വാസികള്‍ മറ്റെല്ലാ സൃഷ്‌ടികളെക്കാളും ഉപരിയായി സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ട അന്തിമ പ്രവാചകന്റെ പത്‌നിമാരെ മാതൃതുല്യം പരിഗണിക്കണമെന്ന്‌ അനുശാസിച്ചതില്‍ അസാംഗത്യമൊന്നുമില്ല. തങ്ങള്‍ക്ക്‌ പുനര്‍വിവാഹത്തിന്‌ അവസരം ഇല്ലാതായതിന്റെ പേരില്‍ പ്രവാചക തിരുമേനിയുടെ പത്‌നിമാരാരും പരാതിപ്പെട്ടതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

രാഷ്‌ട്രീയം ഇല്ലാത്ത ഇസ്‌ലാമോ?

"ഇസ്‌ലാം ഭൂമുഖത്തു വന്ന ഒന്നാം തിയ്യതി മുതല്‍ അതില്‍ (ഇസ്‌ലാമില്‍) രാഷ്‌ട്രീയം ഉണ്ട്‌. പ്രവാചകന്മാര്‍ ഒന്നടങ്കം രാഷ്‌ട്രീയം പറഞ ്ഞിട്ടുമുണ്ട്‌. ചിലര്‍ രാഷ്‌ട്രം തന്നെ സ്ഥാപിച്ചു. ഉദാഹരണം ദാവൂദും സുലൈമാനും(അ) മുഹമ്മദ്‌ നബി(സ)യും. ഇങ്ങനെയല്ലാത്ത ഒരു ഇസ്‌ലാം മുജാഹിദ്‌ മൗലവിമാരുടെ കൈവശം ഉണ്ടെങ്കില്‍ അവര്‍ അവതരിപ്പിക്കട്ടെ.'' (പ്രബോധനം വാരിക -2010 ജനുവരി 30). `മുസ്‌ലിം' എന്തുപറയുന്നു?

അബൂസഹ്‌ദ്‌ വണ്ടൂര്‍

ഇസ്‌ലാമില്‍ രാഷ്‌ട്രീയം ഇല്ല എന്നൊരു വാദം മുജാഹിദുകള്‍ ഒരിക്കലും ഉന്നയിച്ചിട്ടില്ല. `മുസ്‌ലിം' അങ്ങനെ എഴുതിയിട്ടുമില്ല. എന്നാല്‍ ഇസ്‌ലാം രാഷ്‌ട്രീയമാണ്‌ എന്ന്‌ പറയുന്നതും ഇസ്‌ലാമില്‍ രാഷ്‌ട്രീയമുണ്ട്‌ എന്ന്‌ പറയുന്നതും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട്‌. സയ്യിദ്‌ മൗദൂദി അദ്ദേഹത്തിന്റെ ഖുതുബാത്തില്‍ ദീന്‍ എന്നാല്‍ സ്റ്റെയ്‌റ്റാണ്‌ എന്ന്‌ പറഞ്ഞിട്ടുണ്ട്‌. രാഷ്‌ട്രം എന്ന അര്‍ഥത്തിലാണ്‌ അദ്ദേഹം സ്റ്റെയ്‌റ്റ്‌ എന്ന പദം പ്രയോഗിച്ചത്‌. വിശുദ്ധ ഖുര്‍ആനിനെ ആ രാഷ്‌ട്രത്തിന്റെ ഭരണഘടന എന്ന നിലയിലാണ്‌ അദ്ദേഹം പരിചയപ്പെടുത്തിയത്‌. നോമ്പും നമസ്‌കാരവുമൊക്കെ ആ രാഷ്‌ട്രം സ്ഥാപിക്കാനും നടത്താനുമുള്ള പരിശീലന കോഴ്‌സാണെന്ന്‌ അദ്ദേഹം വിശദീകരിച്ചിട്ടുമുണ്ട്‌. മുഹമ്മദ്‌ നബി(സ) ഉള്‍പ്പെടെയുള്ള പ്രവാചകന്മാരാരും ദീനിനെ രാഷ്‌ട്രമായും അല്ലാഹുവിനുള്ള ആരാധനകളെ രാഷ്‌ട്രീയ പരിശീലനമായും ചിത്രീകരിച്ചിട്ടില്ല. ദീനിനെ രാഷ്‌ട്രമാക്കുന്ന വ്യാഖ്യാനത്തോട്‌ മുജാഹിദുകള്‍ക്ക്‌ മാത്രമല്ല, ഇസ്‌ലാമിനെ അടിസ്ഥാനപരമായി പഠിച്ച പലര്‍ക്കും വിയോജിപ്പുണ്ടാവുക സ്വാഭാവികമാണ്‌.

ഇന്ത്യയിലെ പ്രശസ്‌ത പണ്ഡിതനായിരുന്ന അബുല്‍ഹസന്‍ അലി നദ്‌വി ഇസ്‌ലാമിനെ അടിമുടി രാഷ്‌ട്രീയവത്‌കരിക്കുന്ന സയ്യിദ്‌ മൗദൂദിയുടെയും അനുയായികളുടെയും വ്യാഖ്യാനത്തിലെ തെറ്റുകള്‍ അക്കമിട്ട്‌ വിശദീകരിക്കുന്ന ഒരു ഗ്രന്ഥം അത്തഫ്‌സീറുസ്സിയാസി ലില്‍ ഇസ്‌ലാം എന്ന പേരില്‍ രചിച്ചിട്ടുണ്ട്‌. അതിന്റെ മലയാള തര്‍ജമയും പുറത്തുവന്നിട്ടുണ്ട്‌. നബി(സ)യും സ്വഹാബിമാരും പില്‍ക്കാലത്തെ പ്രമുഖ പണ്ഡിതന്മാരും ഇസ്‌ലാമിനെ പരിചയപ്പെടുത്തിയതില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമായാണ്‌ സയ്യിദ്‌ മൗദൂദി തന്റെ രാഷ്‌ട്രീയ ഇസ്‌ലാമിനെ അവതരിപ്പിക്കുന്നതെന്ന്‌ നദ്‌വി സാഹിബ്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

വിശുദ്ധ ഖുര്‍ആനില്‍ നിന്നും പ്രാമാണികമായ ഹദീസുകളില്‍ നിന്നും വ്യക്തമായി ഗ്രഹിക്കാന്‍ കഴിയുന്നത്‌, പ്രവാചകന്മാരുടെയെല്ലാം മുഖ്യപ്രബോധനവിഷയം, അല്ലാഹുവല്ലാത്ത ദൈവങ്ങളെയൊന്നും ആരാധിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യാന്‍ പാടില്ല എന്നതാണെന്നത്രെ. എന്നാല്‍ ജമാഅത്ത്‌ സാഹിത്യങ്ങളില്‍ ഊന്നിപ്പറഞ്ഞിട്ടുള്ളതനുസരിച്ച്‌ എല്ലാ പ്രവാചകന്മാരും പ്രധാനമായി പ്രബോധനം ചെയ്‌ത വിഷയം, അല്ലാഹുവല്ലാത്ത ഒരു ഭരണാധികാരിയെയും അനുസരിക്കാന്‍ പാടില്ല എന്നതാണ്‌. പല പ്രവാചകന്മാരും വിഗ്രഹാരാധനയെ എതിര്‍ത്തത്‌ അവരുടെ നാട്ടിലെ രാഷ്‌ട്രീയ വ്യവസ്ഥിതിയില്‍ വിഗ്രഹങ്ങള്‍ക്ക്‌ സ്വാധീനമുണ്ടായിരുന്നതു കൊണ്ടാണെന്ന്‌ പോലും ചില ജമാഅത്ത്‌ ലേഖകര്‍ എഴുതിയിട്ടുണ്ട്‌. പ്രവാചകന്മാരുടെ ദൗത്യത്തെ സംബന്ധിച്ച്‌ പൂര്‍വിക പണ്ഡിതന്മാര്‍ ഈ വിധത്തില്‍ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. നോമ്പും നമസ്‌കാരവും രാഷ്‌ട്രീയ പരിശീലനമാണെന്ന്‌ തട്ടിവിടുന്നവര്‍ക്ക്‌ പ്രവാചകന്മാരെ ഫുള്‍ടൈം രാഷ്‌ട്രീയക്കാരായി ചിത്രീകരിക്കാന്‍ പ്രയാസമൊന്നും ഉണ്ടാവില്ല.

ഇസ്‌ലാമും ചിന്താസ്വാതന്ത്ര്യവും

ഇസ്‌ലാം ചിന്താസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും നല്‌കിയ മതമാണെന്ന്‌ പറയുന്നു. എന്നാല്‍ ഖുര്‍ആനില്‍ തന്നെ മനുഷ്യന്റെ സ്വതന്ത്രചിന്തയെയും, യുക്തിയെയും ഖണ്ഡിക്കുന്നത്‌ കാണാന്‍ കഴിയും. ചിന്തിക്കുവാനുള്ള മനുഷ്യന്റെ സ്വതന്ത്രശേഷിയെ വിലങ്ങണിയിക്കുന്ന ഇസ്‌ലാമിന്‌ എങ്ങനെയാണ്‌ സ്വതന്ത്രമായ ചിന്തകള്‍ മാനവര്‍ക്ക്‌ മുമ്പില്‍ സമര്‍പ്പിക്കാനാവുക?
ആയത്ത്‌ ഇപ്രകാരമാണ്‌: ``അല്ലാഹുവും റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ പുരുഷനാകട്ടെ, സ്‌ത്രീക്കാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ `സ്വതന്ത്രമായ അഭിപ്രായം' ഉണ്ടായിരിക്കാവുന്നതല്ല (ഖുര്‍ആന്‍ 33:36). മുസ്‌ലിമിന്റെ അഭിപ്രായമെന്ത്‌?
ശൗക്കത്തലി ചങ്ങരംകുളം

മനുഷ്യന്‌ എന്തിനെക്കുറിച്ച്‌ ചിന്തിക്കാനും ഏത്‌ കാര്യം ആവിഷ്‌കരിക്കാനുമുള്ള സ്വാതന്ത്ര്യം അവരുടെ പ്രകൃതിയില്‍ സ്രഷ്‌ടാവും രക്ഷിതാവുമായ അല്ലാഹു ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. എന്നാല്‍ അനിയന്ത്രിതമായ ചിന്തയും ആവിഷ്‌കാരവും എല്ലായ്‌പ്പോഴും ഗുണദായകമായെന്ന്‌ വരില്ല. അന്യരുടെ ധനം മോഷ്‌ടിക്കുകയോ കൊള്ളയടിക്കുകയോ ചെയ്യാനുള്ള വഴികളെ സംബന്ധിച്ച്‌ ചിന്തിക്കുന്നത്‌ തിന്മകളിലേക്കാണ്‌ നയിക്കുക. വ്യഭിചരിക്കാനോ ബലാല്‍സംഗം നടത്താനോ ഉള്ള സാധ്യതകളെ സംബന്ധിച്ചു ചിന്തിക്കുന്നതിന്റെ ഫലവും അതുപോലെ തന്നെ. ഒരാള്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്നത്‌ അശ്ലീല സാഹിത്യം രചിക്കാനാണെങ്കില്‍ അയാള്‍ക്കും അനുവാചകര്‍ക്കും അത്‌ ദോഷമേ ചെയ്യൂ. ഈ കാര്യം പക്വമതികള്‍ക്കെല്ലാം സംശയരഹിതമായി ബോധ്യപ്പെടുന്നതാണ്‌.

അതിനാല്‍ പ്രകൃത്യാ ഉള്ള സ്വാതന്ത്ര്യത്തിന്മേല്‍ ധാര്‍മികതയുടെ നിയന്ത്രണമുണ്ടാകേണ്ടത്‌ മനുഷ്യരുടെ വ്യക്തിപരവും സാമൂഹികവുമായ സുസ്ഥിതിക്ക്‌ അനുപേക്ഷ്യമാകുന്നു. ധര്‍മവും അധര്‍മവും നന്മയും തിന്മയും തിരിച്ചറിയുന്നതിന്‌ മനുഷ്യബുദ്ധി പലപ്പോഴും അപര്യാപ്‌തമാകാറുണ്ട്‌. വ്യഭിചാരവും സ്വവര്‍ഗരതിയും അധാര്‍മികമാണെന്ന ദൈവിക നിയമത്തെ ചില ബുദ്ധിജീവികള്‍ ചോദ്യംചെയ്യുന്നതിന്റെ കാരണം അതാണ്‌. മനുഷ്യജീവിതത്തിന്റെ എല്ലാ അവസ്ഥാന്തരങ്ങളെയും സംബന്ധിച്ച സമ്പൂര്‍ണജ്ഞാനമുള്ള ലോകരക്ഷിതാവിന്‌ മാത്രമേ ധര്‍മത്തിന്റെയും നന്മയുടെയും കാര്യത്തില്‍ തെറ്റുപറ്റാത്ത വിവരം നല്‌കാന്‍ കഴിയൂ. അതിനാല്‍ സ്വന്തം അറിവിന്റെ പരിമിതിയും അല്ലാഹുവിന്റെ ജ്ഞാനത്തിന്റെ സമ്പൂര്‍ണതയും അംഗീകരിക്കുന്ന സത്യവിശ്വാസി തന്റെ ഇഹലോക ക്ഷേമത്തിനും പരലോക മോക്ഷത്തിനും വേണ്ടി ചെയ്യേണ്ടത്‌ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ മറികടക്കാതിരിക്കുകയാണ്‌. നിയമലംഘനത്തിനള്ള സ്വാതന്ത്ര്യം അല്ലാഹു നിഷേധിച്ചിട്ടില്ല. അതിന്റെ ദോഷഫലമോര്‍ത്ത്‌ വിശ്വാസികള്‍ അതില്‍ നിന്ന്‌ വിട്ടുനില്‌ക്കണമെന്ന്‌ മുന്നറിയിപ്പ്‌ നല്‌കുക മാത്രമാണ്‌ ചെയ്‌തിട്ടുള്ളത്‌.

ഈ ദുര്യോഗത്തിന്‌ അറുതിവരുത്തേണ്ടതല്ലേ?

കാലഹരണപ്പെട്ട നാണയംപോലെയാണ്‌ ഇന്നത്തെ മുസ്‌ലിം സമൂഹത്തിന്റെ അവസ്ഥ. മുസ്‌ലിംകളെ അത്രമാത്രം തെറ്റിദ്ധരിച്ചിരിക്കുന്നു ഇതരസമുദായങ്ങള്‍. ഇല്ലാത്തതും ഉള്ളതുമായ തീവ്രവാദത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും മുസ്‌ലിം സമുദായത്തിന്‌. മാധ്യമങ്ങളും ഇസ്‌ലാം വിരുദ്ധരും കൈകോര്‍ക്കുമ്പോള്‍ മുസ്‌ലിം സംഘടനകള്‍ മൗനംപാലിക്കുന്നു. സര്‍ക്കാറും നീതിന്യായ വ്യവസ്ഥയും പലപ്പോഴും സംഘപരിവാറിനെപ്പോലെ പെരുമാറുന്നു. ഈ ദുര്യോഗത്തിന്‌ അറുതിവരുത്തേണ്ടതല്ലേ? പ്രതിരോധ സംവിധാനം നമുക്ക്‌ എങ്ങനെ രൂപപ്പെടുത്താം?
അബൂഹിബനൂറണി, പാലക്കാട്‌

പ്രവാചകന്മാരും അവരുടെ അനുയായികളും എക്കാലത്തും പരിഹാസത്തെയും എതിര്‍പ്പുകളെയും നേരിടേണ്ടി വന്നിട്ടുണ്ട്‌. അപ്പോഴൊക്കെ ക്ഷമയും സഹനവും കൈക്കൊണ്ടതിനാലാണ്‌ ഇഹലോകത്തും പരലോകത്തും അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അവര്‍ക്ക്‌ കരഗതമായത്‌. ``നിനക്ക്‌ മുമ്പും ദൂതന്മാര്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്‌. എന്നിട്ട്‌ തങ്ങള്‍ നിഷേധിക്കപ്പെടുകയും മര്‍ദിക്കപ്പെടുകയും ചെയ്‌തത്‌, നമ്മുടെ സഹായം അവര്‍ക്ക്‌ വന്നെത്തുന്നതുവരെ അവര്‍ സഹിച്ചു. അല്ലാഹുവിന്റെ വചനങ്ങള്‍ക്ക്‌ മാറ്റംവരുത്താന്‍ ആരുംതന്നെയില്ല. ദൈവദൂതന്മാരുടെ വൃത്താന്തങ്ങളില്‍ ചിലത്‌ നിങ്ങള്‍ക്ക്‌ വന്നുകിട്ടിയിട്ടുണ്ടല്ലോ.'' (വി.ഖു 6:34)

യഥാര്‍ഥ വിശ്വാസികളായി ജീവിക്കുകയും സത്യത്തിലേക്ക്‌ ജനങ്ങളെ ക്ഷണിക്കുകയും ചെയ്യുന്നതിന്റെ പേരില്‍ എന്തൊക്കെ കഷ്‌ടപ്പാടുകള്‍ സഹിക്കേണ്ടിവന്നാലും അതിനൊക്കെ അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുമെന്ന്‌ വിശുദ്ധ ഖുര്‍ആനിലൂടെ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. അതിന്റെയൊന്നും പേരില്‍ മനസ്സ്‌ മടുത്ത്‌ സത്യമതത്തില്‍ നിന്ന്‌ പിന്തിരിയാനോ സത്യപ്രബോധനം ഉപേക്ഷിക്കാനോ പാടില്ല. അങ്ങനെ ചെയ്‌താല്‍ അല്ലാഹുവിന്റെ ശിക്ഷയ്‌ക്ക്‌ നാം അവകാശികളായിത്തീരും.

പരിഹാസത്തെ പരിഹാസംകൊണ്ടും അക്രമത്തെ അക്രമംകൊണ്ടും നേരിടുന്നത്‌ ഇസ്‌ലാമിക രീതിയല്ല. തിന്മയെ നന്മകൊണ്ട്‌ നേരിടുന്നതിനെയാണ്‌ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പ്രോത്സാഹിപ്പിച്ചിട്ടുള്ളത്‌. അതായത്‌ നമ്മെ പരിഹസിക്കുന്നവരോടും ശകാരിക്കുന്നവരോടും നാം മാന്യതയോടെ നല്ല വാക്കുകള്‍ പറയുക. നമ്മോട്‌ അനീതി കാണിക്കുന്നവരോടുപോലും നാം നീതിപാലിക്കുക. നമ്മെ ദ്രോഹിക്കുന്നവരെപ്പോലും നാം സഹായിക്കുക. വിമര്‍ശിക്കുന്നവര്‍ക്കും തെറ്റിദ്ധരിച്ചവര്‍ക്കും നാം കാര്യങ്ങള്‍ ഏറ്റവും നല്ല നിലയില്‍ വിശദീകരിച്ചുകൊടുക്കുക. ഇതൊക്കെ അസാധ്യമോ അപ്രായോഗികമോ ആണെന്ന്‌ തോന്നുന്നത്‌ വൈകാരികമായ സന്തുലിതത്വമില്ലാത്തതുകൊണ്ടാണ്‌. തീവ്രമായ വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ ഇതൊക്കെ സാധ്യമാകും.

അങ്ങനെ സാധിച്ചാല്‍ അതിന്റെ ഫലം ആശ്ചര്യകരമായിരിക്കും. നമ്മുടെ സ്വഭാവമഹിമയും ആദര്‍ശത്തിന്റെ മഹത്വവും മനസ്സിലാക്കി ദുര്‍വാശിയില്ലാത്ത ആളുകള്‍ ശത്രുത കൈവെടിഞ്ഞ്‌ നമ്മുടെ മിത്രങ്ങളായി മാറും. അങ്ങനെ ക്ഷമാപൂര്‍വകമായ സമീപനങ്ങളിലൂടെ ശത്രുക്കളെ സുഹൃത്തുക്കളാക്കിത്തീര്‍ക്കാന്‍ കഴിയുന്നത്‌ മഹാഭാഗ്യമാണെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു (41:34,35). ഉന്മൂലന ഭീഷണി നേരിട്ട സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇതില്‍നിന്ന്‌ വ്യത്യസ്‌തമായി സായുധ പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും മാര്‍ഗം നബി(സ)യും അനുചരന്മാരും സ്വീകരിച്ചിട്ടുള്ളൂ. ഉന്മൂലന ഭീഷണി നേരിടുമ്പോള്‍ ഒറ്റപ്പെട്ട സംഘങ്ങളല്ല ഇസ്‌ലാമിക രാഷ്‌ട്രമാണ്‌ ശത്രുക്കള്‍ക്കെതിരില്‍ പോരാട്ടം നയിക്കേണ്ടത്‌. ഇപ്പോള്‍ ഇസ്‌റാഈലൊഴികെയുള്ള ഒരു രാഷ്‌ട്രത്തിലും മുസ്‌ലിംകള്‍ ഒരു വിശ്വാസി സമൂഹം എന്ന നിലയില്‍ ഉന്മൂലന ഭീഷണി നേരിടുന്നില്ല.

മറ്റു മതസമുദായങ്ങളും മതനിഷേധികളും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും രൂക്ഷമായി വിമര്‍ശിക്കുക എന്നത്‌ ഒരു പുതിയ സംഭവമല്ല. ചരിത്രത്തിലെ പല ദശാസന്ധികളിലും പല കാരണങ്ങളാലും എതിരാളികള്‍ ഇസ്‌ലാം വിമര്‍ശനത്തില്‍ മുഴുകിയിട്ടുണ്ട്‌. ഇസ്‌ലാം ശ്രദ്ധിക്കപ്പെടുകയും മുസ്‌ലിംകള്‍ ഏതെങ്കിലും രംഗത്ത്‌ സ്വാധീനം നേടുകയും ചെയ്യുമ്പോള്‍ വിമര്‍ശകര്‍ക്ക്‌ വാശികൂടാറുണ്ട്‌. ഇതിനെ ഫലപ്രദമായി നേരിടാന്‍ ഒന്നാമതായി വേണ്ടത്‌ മുസ്‌ലിംകള്‍ എല്ലാ വിഷയങ്ങളിലും തങ്ങളുടെ നിലപാട്‌ കുറ്റമറ്റതാക്കുകയാണ്‌. മുസ്‌ലിം പേരുള്ള ചിലര്‍, നിരപരാധികള്‍ കൊല്ലപ്പെടാന്‍ ഇടയാക്കുന്ന ചാവേറാക്രമണങ്ങള്‍ നടത്തുമ്പോള്‍ ഇസ്‌ലാം വിമര്‍ശകര്‍ അത്‌ പൊക്കിക്കാണിക്കുക സ്വാഭാവികമാണ്‌. ചാവേറാക്രമണം എന്ന ഏര്‍പ്പാടുതന്നെ ഇസ്‌ലാമിക ആദര്‍ശത്തിന്‌ വിരുദ്ധമാണ്‌. ഇസ്‌ലാമിനെ താറടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ക്ക്‌ ന്യായമുണ്ടാക്കിക്കൊടുക്കുകയാണ്‌ ചാവേറുകള്‍ ചെയ്യുന്നത്‌. അല്ലാഹുവോടും റസൂലിനോടും ദീനിനോടും ആത്മാര്‍ഥതയുള്ള എല്ലാവരും ഒന്നിച്ച്‌ ഇസ്‌ലാമിന്‌ ചീത്തപ്പേരുണ്ടാക്കുന്ന തീവ്രവാദികളെ എതിര്‍ക്കുകയാണ്‌ രണ്ടാമതായി വേണ്ടത്‌. അല്ലാഹുവും റസൂലും(സ) പഠിപ്പിച്ച സമാധാനത്തിന്റെ ആദര്‍ശമായ ഇസ്‌ലാമിനെ ലോകജനതയ്‌ക്ക്‌ യഥോചിതം പരിചയപ്പെടുത്തുക എന്ന ഉത്തരവാദിത്തം കഴിവിന്റെ പരമാവധി നല്ല നിലയില്‍ നിര്‍വഹിക്കുകയാണ്‌ മൂന്നാമതായി വേണ്ടത്‌.

മുസ്‌ലിംകളെക്കാളേറെ തീവ്രവാദം സംഘപരിവാരത്തിനുണ്ട്‌ എന്നത്‌ ഇന്ത്യയിലെ രാഷ്‌ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും വ്യക്തമായി അറിയാം. മുസ്‌ലിംകളോട്‌ പകപോക്കാന്‍ അവര്‍ ഒട്ടേറെ കലാപങ്ങളും കൂട്ടക്കൊലകളും നടത്തിയിട്ടുണ്ട്‌. മുസ്‌ലിംകളുടെ മേല്‍ ഭീകരത കെട്ടിയേല്‌പിക്കാന്‍ വേണ്ടി ഫാസിസ്റ്റു സംഘടനകള്‍ സ്വന്തം വകയായി ഒട്ടേറെ ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്‌. രാഷ്‌ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും സംഘപരിവാര ഭീകരതയെ യഥാര്‍ഥ പേരില്‍ പരിചയപ്പെടുത്താന്‍ പോലും സന്നദ്ധത കാണിക്കാറില്ല. ഹിന്ദുത്വവാദികളെ പിണക്കിയാല്‍ വോട്ട്‌ കുറയുമെന്ന്‌ രാഷ്‌ട്രീയക്കാരും പ്രചാരം കുറയുമെന്ന്‌ മാധ്യമ നടത്തിപ്പുകാരും ആശങ്കിക്കുന്നതാണ്‌ ഇതിന്‌ കാരണം. മുസ്‌ലിംകള്‍ക്ക്‌ തങ്ങളുടെ പ്രസിദ്ധീകരണങ്ങളില്‍ ഈ ഭീരുക്കളുടെ തനിനിറം തുറന്നുകാണിക്കാം എന്നതില്‍ കവിഞ്ഞ്‌ കാര്യമായെന്തെങ്കിലും ചെയ്യുക പ്രയാസകരമായിരിക്കും. മുസ്‌ലിംകളുടെ ജനാധിപത്യാവകാശങ്ങള്‍ ഹനിക്കുന്ന രാഷ്‌ട്രീയ കക്ഷികളെ അധികാരത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്താന്‍ കഴിയുംവിധം മുസ്‌ലിംവോട്ടുകള്‍ ഏകോപിപ്പിക്കാന്‍ ചില സംസ്ഥാനങ്ങളില്‍ സാധിച്ചേക്കും. അതിനുള്ള കരുനീക്കങ്ങള്‍ വളരെ കരുതലോടെ ചെയ്‌തില്ലെങ്കില്‍ വിപരീത രാഷ്‌ട്രീയ ധ്രുവീകരണത്തിന്‌ നിമിത്തമാകാനുമിടയുണ്ട്‌. ജനാധിപത്യ രാഷ്‌ട്രീയത്തില്‍ വോട്ടിന്റെ എണ്ണമാണല്ലോ ഏറ്റവും നിര്‍ണായകം

ഇസ്‌ലാം: മാര്‍ക്‌സിസം സംവാദം

എണ്‍പതുകളിലും തൊണ്ണൂറുകളിലം കേരളത്തില്‍ ഇസ്‌ലാം, മാര്‍ക്‌സിസം വിഷയത്തിലുള്ള സംവാദങ്ങള്‍ നിരന്തരമായി നടക്കാറുണ്ടായിരുന്നു. അങ്ങനെയൊരു സംവാദം നടക്കേണ്ടതില്ലാത്ത എന്ത്‌ സവിശേഷമായ സാഹചര്യമാണ്‌ അന്നത്തേതില്‍ നിന്നും വ്യത്യസ്‌തമായി ഇന്നിനുള്ളത്‌?
ഇ കെ ശൗക്കത്തലി ഓമശ്ശേരി

ഇപ്പോഴത്തെ മാര്‍ക്‌സിസ്റ്റുകള്‍ പ്രത്യയശാസ്‌ത്രത്തെപ്പറ്റി പൊതുവെ പ്രസംഗിക്കാറില്ല. മറ്റു രാഷ്‌ട്രീയക്കാരെ പോലെ തന്നെ അവരും ഇപ്പോള്‍ വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയം തന്നെയാണ്‌ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്‌. അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ നല്ലതെന്ന്‌ തോന്നുന്നത്‌ ഭൂരിപക്ഷപ്രീണനമാണെങ്കില്‍ ആ ലൈനില്‍ നീങ്ങും. ന്യൂനപക്ഷ പ്രീണനം കൊണ്ട്‌ ഗുണംകിട്ടുമെന്ന്‌ തോന്നിയാല്‍ ആ വഴിക്കും നീങ്ങും. മാര്‍ക്‌സോ ലെനിനോ എന്ത്‌ പറഞ്ഞുവെന്ന്‌ ഇതിനിടയില്‍ ആരും ശ്രദ്ധിക്കാറില്ല. വൈരുധ്യാത്മക ഭൗതിക വാദം, ചരിത്രപരമായ ഭൗതികവാദം തുടങ്ങിയ മാര്‍ക്‌സിയന്‍ സിദ്ധാന്തങ്ങള്‍ ഇപ്പോള്‍ മിക്കവാറും വിസ്‌മരിക്കപ്പെട്ടുവെന്നാണ്‌ തോന്നുന്നത്‌. ഇതാണ്‌ ഇസ്‌ലാം-മാര്‍ക്‌സിസം സംവാദത്തിന്‌ മുസ്‌ലിം സംഘടനകള്‍ വലിയ താല്‌പര്യം കാണിക്കാത്തതിന്റെ കാരണം. ഭരണത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്ന്‌ പരമാവധി പണം സമ്പാദിച്ച്‌ അടിപൊളി ജീവിതം നയിക്കുക എന്നതാണ്‌ ഇപ്പോള്‍ എല്ലാ രാഷ്‌ട്രീയക്കാരുടെയും ലക്ഷ്യം. അധസ്ഥിത ജനവിഭാഗങ്ങളുടെ ക്ഷേമത്തിന്‌ വേണ്ടി വകയിരുത്തുന്ന പണത്തിന്റെ അധിക ഭാഗവും ആവിയായി പോകുന്നത്‌ പ്രത്യയശാസ്‌ത്രങ്ങള്‍ക്കു മീതെ അടിപൊളി ഭ്രമം സ്ഥാനം പിടിച്ചതുകൊണ്ടാണ്‌. അതിനാല്‍ ഇപ്പോള്‍ ഇസ്‌ലാം-അടിപ ൊളി സംവാദത്തെക്കുറിച്ച്‌ ആലോചിക്കേണ്ട സമയമാണെന്ന്‌ തോന്നുന്നു.

മതമൂല്യങ്ങള്‍ മര്‍ദനോപാധികളോ?


"ഏറ്റവും വലിയ മര്‍ദനോപാധികള്‍ മതം പ്രദാനംചെയ്യുന്ന സന്മാര്‍ഗിക സംഹിതകളാണ്‌. അതില്‍നിന്നും നിയമവ്യവസ്ഥയിലേക്ക്‌ നീണ്ടുപരന്നവ. സങ്കുചിതവും സാന്മാര്‍ഗികബോധങ്ങളുടെ ശിക്ഷാധിഷ്‌ഠിത പ്രയോഗപാഠങ്ങളും ഉപയോഗിച്ചുകൊണ്ട്‌ മതത്തിനകത്ത്‌ മനുഷ്യസ്വഭാവങ്ങള്‍ വേണ്ടുവോളം ഹനിക്കപ്പെട്ടിട്ടുണ്ട്‌. അസ്‌പഷ്‌ടമായ ഏതോ ഭൂതകാലത്തില്‍ മതം മനുഷ്യസ്വഭാവങ്ങളെ ഘനീഭവിപ്പിക്കുന്നു. അതാകട്ടെ, കായികമോ വൈകാരികമോ ആത്മീയമോ ആയി മനുഷ്യര്‍ സഹസ്രാബ്‌ദങ്ങളിലൂടെ നേടിയ പുരോഗതികളെ ശ്രദ്ധിക്കാതെ രൂപപ്പെടുത്തുന്നതുമാണ്‌." (ചരിത്രംകുറിച്ച വിധി, സമകാലിക മലയാളം വാരിക, പേജ്‌ 102-103)



സ്വവര്‍ഗരതി അനുവദിച്ചുകൊണ്ട്‌ ഡല്‍ഹി കോടതി വിധിപ്രസ്‌താവിച്ചപ്പോള്‍ അതിനെ പരാമര്‍ശിച്ചുകൊണ്ട്‌ എഴുതിയ ഈ വരികളില്‍, ഇസ്‌ലാമിക സ്വഭാവമൂല്യങ്ങള്‍ മര്‍ദനോപാധിയായിട്ടാണ്‌ പരാമര്‍ശിച്ചത്‌. മാത്രവുമല്ല, സകല പുരോഗതിയെയും ഹനിക്കുന്നതും ഘനീഭവിപ്പിക്കുന്നതുമാണ്‌ ഇസ്‌ലാമിക സ്വഭാവങ്ങള്‍ എന്നും പറയുന്നു. എത്രമാത്രം യാഥാര്‍ഥ്യമുണ്ട്‌?

അന്‍സാര്‍ ഒതായി.

എഴുതാനും പ്രസംഗിക്കാനും കഴിവുള്ള മനുഷ്യര്‍ക്ക്‌ ബൗദ്ധികമായ കുഴമറിച്ചില്‍ സംഭവിച്ചാല്‍ ദൈവികമായ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ഉപാധികള്‍ മര്‍ദനോപാധികളാണെന്ന്‌ തോന്നും. ബുദ്ധിഭ്രമം എന്ന്‌ പറയുന്നത്‌ മസ്‌തിഷ്‌കത്തിന്റെ ഘടനയ്‌ക്ക്‌ അപചയം സംഭവിക്കുന്നതുകൊണ്ട്‌ മാത്രം ഉണ്ടാകുന്നതല്ല. മൃഗീയമെന്ന്‌ പോലും വിശേഷിപ്പിക്കാന്‍ കൊള്ളാത്ത കാമനകളുടെയും ആസക്തികളുടെയും പിന്നാലെ നിരന്തരപ്രയാണം ചെയ്യുന്ന ചില മനുഷ്യര്‍ക്ക്‌ നല്ലതെല്ലാം ദുഷിച്ചതായും ദുഷിച്ചതെല്ലാം ശ്രേഷ്‌ഠമായും തോന്നും. ഇത്‌ സൈക്യാട്രിയിലെ ഔഷധങ്ങള്‍ കൊണ്ട്‌ ചികിത്സിച്ചു മാറ്റാന്‍ പറ്റാത്ത രോഗമാണ്‌.


മതങ്ങള്‍ മനുഷ്യനെ എല്ലാ ജന്തുക്കള്‍ക്കും ഉപരിയായി പ്രതിഷ്‌ഠിക്കുന്നുവെന്നും അതുകൊണ്ടാണ്‌ മതവിശ്വാസികള്‍ മറ്റു ജന്തുക്കളെ കൊല്ലാനും തിന്നാനും പ്രോത്സാഹനം നല്‌കുന്നതെന്നും, യഥാര്‍ഥത്തില്‍ മനുഷ്യന്‍ ജന്തുസമൂഹത്തിന്റെ ഭാഗമാണെന്നുമാണ്‌ ഭൗതികവാദികള്‍ സമര്‍ഥിക്കാറുള്ളത്‌. എന്നാല്‍ യാതൊരു ജന്തുവും പ്രകൃതിവിരുദ്ധമായ രീതിയില്‍ കാമനിവൃത്തി വരുത്തുന്നില്ല എന്ന സത്യം മറന്നുകൊണ്ടോ മറച്ചുവെച്ചുകൊണ്ടോ ആണ്‌ അവര്‍ സ്വവര്‍ഗരതിയെ വൈകാരിക പുരോഗതിയായി ചിത്രീകരിക്കുന്നത്‌. "അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ്‌ കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ്‌ ശ്രദ്ധയില്ലാത്തവര്‍" എന്ന ഖുര്‍ആനിക പരാമര്‍ശം (7:179) ഇത്തരക്കാരുടെ കാര്യത്തില്‍ തികച്ചും പ്രസക്തമാകുന്നു.


സ്വവര്‍ഗരതിയെ എക്കാലത്തെയും സദ്‌ബുദ്ധിയുള്ള മനുഷ്യര്‍ പ്രകൃതിവിരുദ്ധമായാണ്‌ ഗണിച്ചിട്ടുള്ളത്‌. കെട്ടുറപ്പുള്ള ദാമ്പത്യത്തിലൂടെ വൈകാരിക സാഫല്യം നേടുകയും സ്‌നേഹവും കാരുണ്യവും പങ്കുവെക്കുകയും പുതിയ തലമുറയെ ലക്ഷണമൊത്ത വ്യക്തികളായി വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതാണ്‌ മാനവപ്രകൃതിയുടെ താല്‌പര്യമെന്നത്രെ സംസ്‌കാര സമ്പന്നരായ മനുഷ്യരെല്ലാം കരുതുന്നത്‌. ശുദ്ധമായ മാനവപ്രകൃതിക്ക്‌ ഇണങ്ങിയ ജീവിതം നയിക്കാനാണ്‌ വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു അനുശാസിക്കുന്നത്‌. "ആകയാല്‍ ഋജുമനസ്‌കനായിക്കൊണ്ട്‌ നിന്റെ മുഖത്തെ നീ മതത്തിലേക്ക്‌ തിരിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്‌ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്റെ സൃഷ്‌ടിവ്യവസ്ഥയ്‌ക്ക്‌ യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല" (30:30). ദൈവത്തെയും മതത്തെയും അംഗീകരിക്കാത്ത പ്രകൃതിവാദികള്‍ പോലും അടുത്തകാലം വരെയും ആണും പെണ്ണും ഇണചേരലാണ്‌ മനുഷ്യപ്രകൃതി എന്ന യാഥാര്‍ഥ്യം നിഷേധിച്ചിരുന്നില്ല.


സ്വവര്‍ഗരതി സഹസ്രാബ്‌ദങ്ങളിലൂടെ കൈവന്ന പുരോഗതിയല്ല. നാലു സഹസ്രാബ്‌ദങ്ങള്‍ക്ക്‌ മുമ്പ്‌ മനുഷ്യപ്രകൃതിയെ തള്ളിപ്പറഞ്ഞ സൊദോം ദേശക്കാര്‍ക്ക്‌ നേരിട്ട അധോഗതിയുടെ തനിയാവര്‍ത്തനമാണ്‌. വിവാഹമോ സ്‌ത്രീകളുമായുള്ള ബന്ധമോ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന്‌ പ്രഖ്യാപിക്കുകയും കാണാന്‍ കൊള്ളാവുന്ന പുരുഷന്മാരുമായെല്ലാം ലൈംഗികവേഴ്‌ചയ്‌ക്ക്‌ ശ്രമിക്കുകയും ചെയ്‌ത ഒരു സമൂഹമാണ്‌ സൊദോം ദേശത്തുണ്ടായിരുന്നത്‌. തങ്ങളെ ഉപദേശിച്ചു മാറ്റിയെടുക്കാന്‍ ശ്രമിച്ച ലൂത്വ്‌ നബി(അ)യെ ആക്രമിക്കാന്‍ മുതിര്‍ന്ന ആ ജനതയെ, ചരല്‍ക്കല്ലുകള്‍ വര്‍ഷിച്ച്‌ നശിപ്പിക്കുകയും അവരുടെ നാട്‌ കീഴ്‌മേല്‍ മറിക്കുകയുമാണ്‌ അല്ലാഹു ചെയ്‌തത്‌. ഇപ്പോള്‍ ചാവുകടല്‍ സ്ഥിതിചെയ്യുന്ന പ്രദേശമായിരുന്നു അത്‌. വിശുദ്ധ ഖുര്‍ആനിലെ പല അധ്യായങ്ങളില്‍ ഈ കാര്യം വിവരിച്ചിട്ടുണ്ട്‌. യഥാര്‍ഥത്തില്‍ മാനവ പുരോഗതിയുടെ പൂര്‍ണ നിരാകരണമാണ്‌ സ്വവര്‍ഗവിവാഹം. മനുഷ്യരെല്ലാം ഈ ദുരാചാരം സ്വീകരിച്ചാല്‍ ആരാണിവിടെ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‌കി പോറ്റിവളര്‍ത്തുക? പ്രസവവും സന്താനപരിപാലനവും നിലച്ചുപോയാല്‍ പുരോഗതിയുടെ സാരഥികളാകാന്‍ ഇവിടെ ആരാണുണ്ടാവുക? സ്വവര്‍ഗരതി ഒരു പുരോഗതിയാണെങ്കില്‍ അത്‌ നിലനിര്‍ത്താനും ഇവിടെ തലമുറകള്‍ ജനിച്ചുവളരണമല്ലോ!


മതം മനുഷ്യസ്വഭാവങ്ങളെ ഘനീഭവിപ്പിക്കുന്നു എന്നെഴുതിയ ലേഖകന്‍ എന്താണ്‌ ഉദ്ദേശിച്ചതെന്ന്‌ വ്യക്തമല്ല. മനുഷ്യ തലമുറകള്‍ ഉത്തമസ്വഭാവഗുണമുള്ളവരായി വളരുന്നത്‌ ഉത്തരവാദിത്തബോധവും സ്‌നേഹവുമുള്ള രക്ഷിതാക്കളുടെ സംരക്ഷണത്തിലാണ്‌. സ്വഭാവരൂപവത്‌കരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഘടകങ്ങളാണ്‌ വാത്സല്യവും ശിക്ഷണവും ശിക്ഷയും. ലൈംഗിക അരാജകത്വവാദം ഇതിനൊക്കെയുള്ള സാധ്യതയെ ഹനിക്കുകയാണ്‌ ചെയ്യുക. വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നതുപോലെ സ്‌നേഹവും കാരുണ്യവും പങ്കുവെക്കുന്ന, ഇണക്കവും പൊരുത്തവുമുള്ള ദാമ്പത്യത്തിന്റെ തണലിലേ സ്വഭാവശുദ്ധിയുള്ള കുഞ്ഞുങ്ങള്‍ വളര്‍ന്നുവരുകയുള്ളൂ.


"നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന്‌ തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്‌ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്‌തതും അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളുണ്ട്‌." (വി.ഖു 30:21) സമാധാനവും സ്‌നേഹവും കാരുണ്യവും മര്‍ദനോപാധികളായി തോന്നുന്നത്‌ സകലവിധ അധോഗതിയുടെയും തുടക്കലക്ഷണമായിരിക്കും.

അഹ്‌മദിയാക്കളും മുസ്‌ലിംകളും





അഹ്മദിയ്യാക്കളില്‍ (ഖാദിയാനി) പെട്ടവര്‍ക്കു കുടുംബാംഗങ്ങളോ മറ്റുള്ളവരോ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിക്കുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്‌? മതനിയമങ്ങള്‍ക്കനുസൃതമായി നിര്‍വഹിക്കപ്പെടുന്ന വിവാഹം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളില്‍ മുസ്‌ലിംകള്‍ക്ക്‌ അവരോടുള്ള നിലപാട്‌ എന്തായിരിക്കണം?


റുദൈഫുസ്സലാം, വെണ്ണാലൂര്‍ .

മുഹമ്മദ്‌നബി(സ) അന്തിമ പ്രവാചകനാണെന്ന്‌ വിശുദ്ധ ഖുര്‍ആനിലും അദ്ദേഹത്തിന്‌ ശേഷം മറ്റൊരു പ്രവാചകനുമില്ലെന്ന്‌ പ്രാമാണികമായ ഹദീസുകളിലും വ്യക്തമാക്കിയിട്ടുള്ളതിന്‌ വിരുദ്ധമായി മീര്‍സാ ഗുലാം അഹ്മദ്‌ എന്നയാള്‍ പ്രവാചകനാണെന്ന്‌ വിശ്വസിക്കുന്നവരാണ്‌ ഖാദിയാനികള്‍. ഇക്കാരണത്താല്‍ അവരെ മുസ്‌ലിംകളായി ഗണിക്കാന്‍ പറ്റില്ലെന്നാണ്‌ മുസ്‌ലിംലോകത്തെ പ്രമുഖ പണ്ഡിതന്മാരെല്ലാം അഭിപ്രായപ്പെട്ടിട്ടുള്ളത്‌. അതിനാല്‍ അവരുടെ പേരില്‍ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിക്കാവുന്നതല്ല. ഒരു മുസ്‌ലിംസ്‌ത്രീയെ ഒരു ഖാദിയാനിക്ക്‌ നികാഹ്‌ ചെയ്‌തുകൊടുക്കാവുന്നതുമല്ല. ഇസ്‌ലാമിലെ അനന്തരാവകാശ നിയമവും മുസ്‌ലിംകള്‍ക്ക്‌ മാത്രം ബാധകമായിട്ടുള്ളതാണ്‌.

അജ്ഞേയവാദവും ഇസ്‌ലാമികാശയങ്ങളും

അജ്ഞേയവാദവും ഇസ്‌ലാമികാശയങ്ങളും തമ്മിലുള്ള ബന്ധത്തെയോ ഭിന്നതയെയോ കുറിക്കുന്ന വല്ലതും ഇസ്‌ലാമിന്‌ പറയാനുണ്ടോ? ഉണ്ടെങ്കില്‍ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ അജ്ഞേയവാദത്തിന്റെ നിലനില്‌പ്‌ എപ്രകാരമാണ്‌?

ജംഷീദ്‌ നരിക്കുനി



അനുഭവാതീതമായ യാതൊന്നിനെയും സംബന്ധിച്ച്‌ അറിയുക സാധ്യമല്ല എന്ന സിദ്ധാന്തത്തിന്നാണ്‌ അജ്ഞേയതാവാദം എന്ന്‌ പറയുന്നത്‌. പഞ്ചേന്ദ്രിയങ്ങള്‍ മുഖേന മാത്രമേ മനുഷ്യര്‍ക്ക്‌ ഉറപ്പായ അറിവ്‌ നേടാന്‍ കഴിയുകയുള്ളൂവെന്നും ദൈവം, ആത്മാവ്‌, പരലോകം തുടങ്ങിയ കാര്യങ്ങള്‍ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട്‌ അനുഭവിച്ചറിയാന്‍ കഴിയാത്തതിനാല്‍ അവയെക്കുറിച്ച്‌ നമുക്ക്‌ അറിയാം എന്ന്‌ പറയുന്നത്‌ തെറ്റാണെന്നുമാണ്‌ ഈ സിദ്ധാന്തത്തിന്റെ വക്താക്കള്‍ പറയുന്നത്‌. പുരാതനകാലം മുതല്‍ തന്നെ ഇന്ത്യയിലും മറ്റു പല നാടുകളിലും സന്ദേഹവാദികള്‍ ഉണ്ടായിരുന്നുവെങ്കിലും ആജ്ഞേയവാദം എന്ന പദം ആദ്യമായി പ്രയോഗിക്കുകയും തല്‍സംബന്ധമായ വിശദാംശങ്ങള്‍ അവതരിപ്പിക്കുകയും ചെയ്‌തത്‌ ബ്രിട്ടീഷ്‌ ജീവശാസ്‌ത്രജ്ഞനായ ടി എച്ച്‌ ഹക്‌സലിയാണത്രെ. അജ്ഞേയതാവാദികളില്‍ അധികപേരും ഫലത്തില്‍ നാസ്‌തികരായിരുന്നുവെങ്കിലും ദൈവവിശ്വാസികളായ ചുരുക്കം ചിലരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അവരുടെ ദൃഷ്‌ടിയില്‍ അറിവും വിശ്വാസവും വ്യത്യസ്‌ത കാര്യങ്ങളത്രെ.

വിശുദ്ധ ഖുര്‍ആനില്‍ രണ്ടുതരം അറിവുകളെ സംബന്ധിച്ച്‌ പറയുന്നുണ്ട്‌. ഒന്ന്‌, ഇല്‍മുല്‍ഗൈബ്‌. രണ്ട്‌, ഇല്‍മുശ്ശഹാദ. പഞ്ചേന്ദ്രിയങ്ങളുടെ പരിധിയില്‍ വരാത്ത അഭൗതികയാഥാര്‍ഥ്യങ്ങളെ സംബന്ധിച്ച അറിവാണ്‌ ഇല്‍മുല്‍ഗൈബ്‌. ഈ ജ്ഞാനം സര്‍വജ്ഞനായ ജഗന്നിയന്താവിന്റെ അധീനത്തിലാണുള്ളത്‌. അവന്‍ അറിയിച്ചുതരുമ്പോള്‍ മാത്രമേ മനുഷ്യര്‍ക്ക്‌ അതില്‍ നിന്ന്‌ വല്ലതും അറിയാന്‍ കഴിയൂ. “അവന്‍ അഭൗതിക ജ്ഞാനമുള്ളവനാണ്‌. അവന്‍ തന്റെ അഭൗതികമായ അറിവ്‌ ആര്‍ക്കും വെളിപ്പെടുത്തിക്കൊടുക്കുകയില്ല; അവന്‍ തൃപ്‌തിപ്പെട്ട വല്ല ദൂതനുമല്ലാതെ. എന്നാല്‍ ആ ദൂതന്റെ മുമ്പിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തുക തന്നെ ചെയ്യുന്നതാണ്‌.''(വി.ഖു. 72:26,27)

പഞ്ചേന്ദ്രിയങ്ങളുടെ പരിധിയില്‍ വരുന്ന ഭൗതിക യാഥാര്‍ഥ്യങ്ങളെ സംബന്ധിച്ച അറിവാണ്‌ ഇല്‍മുശ്ശഹാദ. ഭൗതികപ്രപഞ്ചത്തിലെ സൂക്ഷ്‌മവും സ്ഥൂലവുമായ സകല വസ്‌തുക്കളെയും സംബന്ധിച്ച പരമവും പൂര്‍ണവുമായ അറിവ്‌ സ്രഷ്‌ടാവും രക്ഷിതാവുമായ അല്ലാഹുവിന്‌ മാത്രമാണുള്ളതെങ്കിലും മനുഷ്യര്‍ക്ക്‌ സ്ഥലകാല സാഹചര്യങ്ങളനുസരിച്ച്‌ അവയില്‍ പലതിനെയും പഞ്ചേന്ദ്രിയങ്ങളും ബുദ്ധിയും ഉപയോഗിച്ച്‌ പഠിക്കാനും വിലയിരുത്താനും കഴിയും. “പറയുക: അവനാണ്‌ നിങ്ങളെ സൃഷ്‌ടിച്ചുണ്ടാക്കുകയും നിങ്ങള്‍ക്ക്‌ കേള്‍വിയും കാഴ്‌ചകളും ഹൃദയങ്ങളും ഏര്‍പ്പെടുത്തിത്തരികയും ചെയ്‌തവന്‍. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ'' (വി.ഖു. 67:23). “നീ വായിക്കുക. നിന്റെ രക്ഷിതാവ്‌ പേനകൊണ്ട്‌ പഠിപ്പിച്ച അത്യുദാരനാകുന്നു. മനുഷ്യന്‌ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചിരിക്കുന്നു.'' (വി.ഖു. 96:3-5)

ദൈവവും ദിവ്യസന്ദേശവും ആത്മാവും മരണാനന്തരജീവിതവും മറ്റും ഭൗതികജ്ഞാനത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളാണെന്ന്‌ ഇസ്‌ലാം പഠിപ്പിക്കുന്നില്ല എന്നതിനാല്‍ അജ്ഞേയതാവാദികള്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ഇസ്‌ലാമിന്റെ അധ്യാപനങ്ങളെ നിരാകരിക്കാന്‍ ഒരിക്കലും പര്യാപ്‌തമാകുന്നില്ല.

Followers -NetworkedBlogs-

Followers