ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

മഹ്‌ര്‍ ‘കെട്ടിക്കൊടുക്കല്‍’


നിക്കാഹിനു ശേഷം ‘മഹ്‌റിന്റെ ചെയിന്‍ കെട്ടിക്കൊടുക്കല്‍’ എന്നൊരു ചടങ്ങ്‌ ഇന്ന്‌ പല വിവാഹങ്ങളിലും കാണുന്നു. അമുസ്‌ലിംകളുടെ താലികെട്ടല്‍ ചടങ്ങിന്‌ സമാനമല്ലേ ഇത്‌?

എ ആര്‍ അബ്‌ദുല്ല, മാത്തോട്ടം  

ഭര്‍ത്താവ്‌ ഭാര്യക്ക്‌ നല്‌കേണ്ടതാണല്ലോ മഹ്‌ര്‍. നിക്കാഹിന്റെ ചടങ്ങില്‍ വെച്ച്‌ അത്‌ അമ്മോശന്റെയോ അളിയന്റെയോ കൈയില്‍ ഏല്‌പിക്കേണ്ടതാണെന്ന്‌ ഇസ്‌ലാമിക പ്രമാണങ്ങളിലൊന്നും വ്യക്തമാക്കിയിട്ടില്ല. അത്‌ ഭാര്യയുടെ കൈയില്‍ കൊടുക്കുകയോ ചെയിനാണെങ്കില്‍ അവളുടെ കഴുത്തില്‍ അണിയിക്കുകയോ ചെയ്യുന്നതില്‍ യാതൊരു അപാകതയുമില്ല. എന്നാല്‍ ചെയിന്‍ അണിയിക്കല്‍ നിക്കാഹ്‌ ചടങ്ങിന്റെ ഭാഗമെന്നോണം ഒരു മതാചാരമാക്കി മാറ്റാന്‍ പാടില്ല. അത്‌ സദസ്സില്‍ ജനങ്ങളെ സാക്ഷ്യപ്പെടുത്തി ചെയ്യേണ്ടതുമില്ല.

ബഹുദൈവ വിശ്വാസികള്‍ എന്ന്‌ വിളിക്കാമോ?


ദൈവം ഒന്നേയുള്ളൂ എന്ന സത്യം മനുഷ്യരിലെ ദൈവസങ്കല്‌പം അറിയുന്നവരെല്ലാം വിശ്വസിക്കുന്നു. അത്‌ മക്കാമുശ്‌രിക്കുകളുടെ കാലത്തും ആധുനികതയുടെ ഈ കാലഘട്ടത്തിലും അങ്ങനെ തന്നെ. കാണിക്കകളും നേര്‍ച്ചകളും പൂജകളും വഴിപാടുകളും ദൈവേതര സൃഷ്‌ടികള്‍ക്ക്‌ (ദൈവത്തിന്റെ അവതാരം, മുരീദ്‌, പുത്രന്‍) മനുഷ്യന്‍ അര്‍പ്പിക്കുന്നുണ്ടെങ്കിലും ഇവരുടെ ഉദ്ദേശ്യം ഈ മഹാത്മാക്കള്‍ വഴി തങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ദൈവത്തിലേക്കെത്തിക്കുക എന്നതാണ്‌.

യഥാര്‍ഥത്തില്‍ ഇങ്ങനെ സംഭവിക്കുന്നത്‌ ദൈവസത്തയെക്കുറിച്ചറിയാത്തതിനാലോ അല്ലെങ്കില്‍ പണ്ഡിതന്മാരെ അന്ധമായി അനുകരിക്കുന്നതോ കൊണ്ടാണ്‌. ഇവരാരും തന്നെ രണ്ട്‌ ദൈവമുണ്ട്‌ എന്ന്‌ അവകാശപ്പെടുന്നില്ല. അതിനാല്‍ ഇവരെ അന്ധവിശ്വാസികളും അനാചാരകര്‍മകരും എന്ന്‌ വിളിക്കാമെന്നല്ലാതെ ബഹുദൈവവിശ്വാസികള്‍ എന്ന്‌ വിളിക്കാന്‍ പാടുണ്ടോ?

അബൂനുബ്‌ല, എറവറാംകുന്ന്‌ 

ഹൈന്ദവരില്‍ മഹാഭൂരിപക്ഷവും അവരുടെ ആരാധ്യരെ ദൈവങ്ങള്‍ എന്ന്‌ തന്നെയാണ്‌ വിളിക്കാറുള്ളത്‌. പല ലോകഭാഷകളിലും ദൈവങ്ങള്‍ എന്ന പദത്തിന്‌ സമാനമായ ബഹുവചനപദങ്ങളുണ്ട്‌. സാക്ഷാല്‍ പ്രപഞ്ചനാഥനെ കുറിക്കാന്‍ ദൈവം എന്ന ഏകവചനം പ്രയോഗിക്കുന്നുവെന്നതുകൊണ്ട്‌ ഹൈന്ദവര്‍ ബഹുദൈവാരാധകരല്ലാതാകുന്നില്ല. സര്‍വേശ്വരന്റെ താഴെയുള്ള ദൈവങ്ങള്‍ എന്ന നിലയില്‍ തന്നെയാണ്‌ അവര്‍ അവരുടെ ആരാധ്യരെ കണക്കാക്കുന്നത്‌. അതിനാലാണ്‌ അവരെ ബഹുദൈവ വിശ്വാസികളെന്ന്‌ വിശേഷിപ്പിക്കുന്നത്‌.


എന്നാല്‍ ലോകക്ഷിതാവിനെക്കൂടാതെ ഞങ്ങള്‍ക്ക്‌ വേറൊരു ദൈവവുമില്ല. എന്ന്‌ ഉറപ്പിച്ചു പറയുന്നതോടൊപ്പം തന്നെ മറ്റാരെയെങ്കിലും ആരാധിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യുന്ന ചിലര്‍ പല മതക്കാരിലുമുണ്ട്‌. അവരെ ബഹുദൈവവിശ്വാസികള്‍ എന്ന്‌ വിശേഷിപ്പിക്കാതെ വ്യതിയാനം സംഭവിച്ച വിശ്വാസികള്‍ എന്ന നിലയില്‍ വിലയിരുത്തുന്നതാണ്‌ ഉചിതമായിട്ടുള്ളത്‌. ഈസാനബി(അ) ദൈവപുത്രനാണെന്ന്‌ വാദിച്ച ക്രിസ്‌ത്യാനികളെയും ഉസൈര്‍(അ) അഥവാ എസ്‌റാ പ്രവാചകന്‍ ദൈവപുത്രനാണെന്ന്‌ വാദിച്ച യഹൂദരെയും വിശുദ്ധ ഖുര്‍ആനില്‍ വിമര്‍ശിച്ചിട്ടുണ്ട്‌. അതുപോലെ തന്നെ ക്രൈസ്‌തവരുടെ ത്രിയേക ദൈവസങ്കല്‌പത്തെയും എതിര്‍ത്തിട്ടുണ്ട്‌. എന്നിട്ടും ഖുര്‍ആനിലെ 98:6 സൂക്തത്തില്‍ വേദക്കാരെ (യഹൂദരെയും ക്രിസ്‌ത്യാനികളെയും) ബഹുദൈവ വിശ്വാസികളില്‍ നിന്ന്‌ വ്യത്യസ്‌തമായ ഒരു വിഭാഗമായിട്ടാണ്‌ ഗണിച്ചിട്ടുള്ളത്‌. എന്നാലും കണിശമായ ഏകദൈവ വിശ്വാസത്തില്‍ നിന്ന്‌ വ്യതിചലിച്ച വേദക്കാര്‍ ശാശ്വതമായ നരകശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന്‌ ഈ സൂക്തത്തില്‍ വ്യക്തമാക്കിയിരിക്കയാല്‍, അവരെ ബഹുദൈവ വിശ്വാസികള്‍ എന്ന വകുപ്പില്‍ ഉള്‍പ്പെടുത്താതിരുന്നതുകൊണ്ട്‌ അവര്‍ക്ക്‌ പ്രത്യേക മഹത്വമൊന്നും ഇല്ലെന്ന്‌ ഉറപ്പാകുന്നു. കണിശമായ ഏകദൈവ വിശ്വാസത്തില്‍ നിന്ന്‌ വ്യതിചലിച്ചുപോയ മുസ്‌ലിം സമുദായാംഗങ്ങളുടെ അവസ്ഥ ഇതില്‍ നിന്ന്‌ വ്യത്യസ്‌തമാകാനിടയില്ല.

അനുസരണംകൊണ്ട്‌ പ്രവാചകത്വമോ?

“മുഹമ്മദ്‌ നബി(സ)യുടെ അനുസാരിത്വം കൊണ്ട്‌ മനുഷ്യന്‌ പ്രവാചകത്വ പദവിവരെ ലഭ്യമാകും. ഖാത്തമുന്നബിയ്യീന്‍ എന്ന അഭിധാനത്തിലെ അര്‍ഥവിവക്ഷ സജീവമായതും ഒരിക്കലും നിലക്കാത്തതുമായ ഈ അനുഗ്രഹത്തെ സൂചിപ്പിക്കുന്നു... അല്ലാഹുവും അവന്റെ റസൂലും ഹദ്‌റത്ത്‌ ഇമാം മഹ്‌ദി(അ)യെ നബിയെന്ന നാമത്തിലാണ്‌ സംബോധന ചെയ്‌തിട്ടുള്ളത്‌. എന്നാല്‍ താന്‍ എപ്രകാരത്തിലുള്ള പ്രവാചകനാണെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. തനിക്ക്‌ ഒരു പുതിയ ശരീഅത്തില്ലെന്നും തന്റെ പ്രവാചകത്വം തിരുനബി(സ)യെ അനുസരിച്ചുകൊണ്ട്‌ മാത്രം കിട്ടിയതാണെന്നും അദ്ദേഹം വ്യക്തമാക്കിയത്‌.” (സത്യദൂതന്‍, പേജ്‌ 17). ഇതിനെക്കുറിച്ച്‌ മുസ്‌ലിം എന്ത്‌ പറയുന്നു.

അന്‍സാര്‍ ഒതായി 

മുഹമ്മദ്‌ നബി(സ)യെ അനുസരിക്കുന്നതുകൊണ്ട്‌ പ്രവാചകത്വ പദവി കൈവരുമെന്ന്‌ അല്ലാഹുവോ നബി(സ)യോ പറഞ്ഞിട്ടില്ല. വിശുദ്ധ ഖുര്‍ആനിലെ 4:69 സൂക്തം ദുര്‍വ്യാഖ്യാനം ചെയ്‌തുകൊണ്ടാണ്‌ ഖാദിയാനികള്‍ അപ്രകാരം ജല്‌പിക്കുന്നത്‌. ആ സൂക്തത്തിന്റെ ശരിയായ പരിഭാഷ ഇപ്രകാരമാണ്‌: “ആര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാര്‍, സത്യസന്ധന്മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍.” അല്ലാഹുവെയും റസൂലി(സ)നെയും യഥോചിതം അനുസരിക്കുന്ന എല്ലാവര്‍ക്കും അല്ലാഹുനല്‍കുന്ന വാഗ്‌ദാനമാണിത്‌. സ്വര്‍ഗത്തില്‍ പ്രവാചകന്മാരുടെയും മറ്റും കൂടെ വസിക്കാനുള്ള സൗഭാഗ്യം. പ്രവാചകന്മാരുടെ കൂടെയായിരിക്കുക എന്നാല്‍ പ്രവാചകന്മാരായിത്തീരുക എന്നല്ല അര്‍ഥം. അങ്ങനെയാണെങ്കില്‍ അല്ലാഹുവെയും റസൂലി(സ)നെയും അനുസരിക്കുന്നവരൊക്കെ പ്രവാചകന്മാരായിത്തീരുമെന്ന്‌ പറയേണ്ടിവരും. അങ്ങനെ ഖാദിയാനികള്‍ക്ക്‌ വാദമില്ലല്ലോ.


‘ഖാത്തമുന്നബിയ്യീന്‍’ എന്ന വാക്കിന്‌ പ്രവാചകന്മാരില്‍ അവസാനത്തെ ആള്‍ എന്നാണര്‍ഥം. പ്രവാചകത്വം നിലക്കാത്ത അനുഗ്രഹമാണെന്ന സൂചന ആ വാക്കില്‍ അടങ്ങിയിട്ടുണ്ടെന്ന്‌ യാതൊരു നിഘണ്ടുവിലും പറഞ്ഞിട്ടില്ല. അല്ലാഹു ഹദ്‌റത്ത്‌ ഇമാം മഹ്‌ദി എന്നൊരാളെപ്പറ്റി യാതൊന്നും പറഞ്ഞിട്ടില്ല. അദ്ദേഹത്തെ നബിയെന്ന്‌ വിളിച്ചിട്ടുമില്ല. ഇത്‌ തനികള്ളമാണ്‌. ഖുര്‍ആനിലോ ഖുദ്‌സിയായ ഹദീസുകളിലോ ഇങ്ങനെയൊരു കാര്യമില്ല. മഹ്‌ദിയെപ്പറ്റി ചില ഹദീസുകളുണ്ടെങ്കിലും അവ പ്രബലമാണോ അല്ലേ എന്ന കാര്യത്തില്‍ ഹദീസ്‌ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്‌. ആ ഹദീസുകളിലും മഹ്‌ദി നബിയാണെന്ന്‌ പറഞ്ഞിട്ടില്ല. യാതൊരു തെളിവിന്റെയും പിന്‍ബലമില്ലാത്ത പ്രവാചകത്വവാദം മുസ്‌ലിംസമൂഹത്തിന്‌ ഒരിക്കലും സ്വീകാര്യമാവുകയില്ലെന്ന്‌ അറിയാവുന്നതുകൊണ്ട്‌ മീര്‍സ സൃഷ്‌ടിച്ച ഒരു ജാടയാണ്‌ ശരീഅത്തില്ലാത്ത പ്രവാചകന്‍ എന്ന വാദം. അത്തരമൊരു പ്രവാചകനെപ്പറ്റിയും അല്ലാഹുവോ റസൂലോ(സ) പരാമര്‍ശിച്ചിട്ടില്ല. സകല വ്യാജവാദങ്ങളും എഴുതി നിറക്കുന്ന മാസികയ്‌ക്ക്‌ ‘സത്യദൂതന്‍’ എന്ന്‌ പേരിട്ടതുതന്നെ വല്ലാത്തൊരു അട്ടിമറിയത്രെ.

കൃത്രിമ കാലഗണനാ സമ്പ്രദായത്തെ അവലംബിക്കാമോ?

അല്ലാഹു മനുഷ്യര്‍ക്ക്‌ കാലനിര്‍ണയത്തിന്‌ മാനദണ്ഡമാക്കിത്തന്നത്‌ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളാണ്‌ (വി.ഖു 2:189). സൂര്യന്‌ ചുറ്റും ഭൂമി കറങ്ങുന്ന സമയത്തെയല്ല. എങ്കില്‍ ചന്ദ്രന്റെ വൃദ്ധിക്ഷയത്തെ അവഗണിച്ച്‌ അല്ലാഹു പഠിപ്പിക്കാത്ത, മനുഷ്യര്‍ കൃത്രിമമായി ഉണ്ടാക്കിയ കാലഗണനാ സമ്പ്രദായത്തെ (കലണ്ടര്‍) മുസ്‌ലിംകള്‍ നിത്യജീവിതത്തിലെ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നത്‌ ശരിയാണോ?

കെ കെ അബ്‌ദുര്‍റഹീം, തിരുവനന്തപുരം 

ചന്ദ്രനെ അടിസ്ഥാനമാക്കി മാസവും സൂര്യനെ അടിസ്ഥാനമാക്കി ദിവസവും കണക്കാക്കുക എന്നതാണ്‌ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള കാലഗണന. നമസ്‌കാര സമയത്തെ സംബന്ധിച്ച്‌ സൂചിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ പരിഭാഷ ഇപ്രകാരമാകുന്നു: “സൂര്യന്‍ (ആകാശ മധ്യത്തില്‍ നിന്ന്‌) തെറ്റിയത്‌ മുതല്‍ രാത്രി ഇരുട്ടുന്നതുവരെ (നിശ്ചിത സമയങ്ങളില്‍) നീ നമസ്‌കാരം മുറ പ്രകാരം നിര്‍വഹിക്കുക. ഖുര്‍ആന്‍ പാരായണം ചെയ്‌തുകൊണ്ടുള്ള പ്രഭാത നമസ്‌കാരവും (നിര്‍വഹിക്കുക). തീര്‍ച്ചയായും പ്രഭാത നമസ്‌കാരത്തിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു”(17:78). സൂര്യന്‌ ചുറ്റും ഭൂമി കറങ്ങുന്നതിന്റെ അടിസ്ഥാനത്തില്‍ നമുക്ക്‌ അനുഭവപ്പെടുന്ന ഉദയം, അസ്‌തമയം, മധ്യാഹ്നം, അസ്‌തമയശേഷം ചക്രവാളത്തില്‍ അവശേഷിക്കുന്ന ശോഭ മറയല്‍, ഉദയത്തിനു മുമ്പ്‌ ചക്രവാളത്തില്‍ ശോഭ പ്രത്യക്ഷപ്പെടല്‍, മധ്യാഹ്നത്തിലെ നിഴലിന്‌ പുറമെ ഒരു വസ്‌തുവിന്റെ നിഴല്‍ അതിന്റെ വലിപ്പത്തോളമാകല്‍ എന്നീ കാര്യങ്ങളാണ്‌ നമസ്‌കാരസമയ നിര്‍ണയത്തിന്‌ നിദാനം.


കലണ്ടറുകള്‍ നിലവില്‍ വരുന്നതിന്‌ മുമ്പുതന്നെ ജനങ്ങള്‍ക്ക്‌, ഒരു മാസപ്പിറവി മുതല്‍ അടുത്ത മാസപ്പിറവി വരെയുള്ള ചാന്ദ്രമാസവും, ഒരു സൂര്യോദയം മുതല്‍ അടുത്ത സൂര്യോദയം വരെയുള്ള സൗരദിവസവും ഗണിച്ചെടുക്കാന്‍ കഴിയുമായിരുന്നു. ഈ സമയ/കാലഗണന ശാസ്‌ത്രീയഗണനാ രീതികളിലൂടെ കണിശമാക്കുകയാണ്‌ കലണ്ടറുകള്‍ തയ്യാറാക്കുന്നവര്‍ ചെയ്യുന്നത്‌. കലണ്ടര്‍ തയ്യാറാക്കുന്നവര്‍ക്ക്‌ നിസ്സാരമായ തെറ്റുകള്‍ പറ്റാറുണ്ടെങ്കിലും അവര്‍ ബോധപൂര്‍വം ഇസ്‌ലാംവിരുദ്ധ നീക്കങ്ങള്‍ നടത്തുന്നു എന്ന്‌ പറയാവുന്നതല്ല. സൂര്യ-ചന്ദ്ര ഉദയാസ്‌തമയങ്ങള്‍ ഒട്ടൊക്കെ കൃത്യമായി തന്നെയാണ്‌ കലണ്ടറുകളില്‍ രേഖപ്പെടുത്തുന്നത്‌. ഓരോ സൗരമാസത്തിലെയും ദിവസങ്ങളുടെ എണ്ണം നിര്‍ണയിച്ചതിനാണ്‌ ശാസ്‌ത്രീയമായ അടിസ്ഥാനമില്ലാത്തത്‌. സൗരമാസത്തെ ആധാരമാക്കിയുള്ള അനുഷ്‌ഠാനങ്ങളൊന്നും ഇസ്‌ലാമില്‍ ഇല്ലാത്തതിനാല്‍ ഇത്‌ ഇസ്‌ലാമിക ജീവിതത്തെ ബാധിക്കുന്ന കാര്യമല്ല. ലൗകികമായ ജീവിത വ്യവഹാരങ്ങള്‍ക്ക്‌ വേണ്ടി സൗരകലണ്ടര്‍ ഉപയോഗിക്കുന്നത്‌ നിഷിദ്ധമാണെന്ന്‌ പറയാന്‍ തെളിവൊന്നുമില്ല.

വേദങ്ങളും വീഡിയോ ഫിലിമുകളും

ഇസ്‌ലാമിക പ്രബോധകര്‍ അവരുടെ ക്ലാസുകളിലും പ്രസംഗങ്ങളിലും അനിസ്‌ലാമിക വേദഗ്രന്ഥങ്ങളിലെ ഉദ്ധരണികള്‍ ദൈവികവചനങ്ങളാണ്‌ എന്ന ധ്വനിയില്‍ ഉദ്ധരിച്ചുകാണുന്നു. ഉദാ: ബൈബിള്‍, ഗീത. ഇതിന്‌ പ്രവാചകമാതൃകയുണ്ടോ? ചിലര്‍ പ്രബോധനാവശ്യാര്‍ഥം ചിത്രങ്ങളോ വീഡിയോ ഫിലിമുകളോ ഉപയോഗിക്കുന്നത്‌ സുന്നത്തിനെതിരല്ലേ?

അബ്‌ദുര്‍റശീദ്‌, സേലം

പൂര്‍വ പ്രവാചകന്മാര്‍ക്ക്‌ അല്ലാഹു വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചുകൊടുത്ത കാര്യം അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. ആ വേദാവതരണത്തില്‍ വിശ്വസിക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്‌. പൂര്‍വവേദങ്ങളെ സത്യപ്പെടുത്തിക്കൊണ്ടാണ്‌ ഖുര്‍ആന്‍ അവതീര്‍ണമായിട്ടുള്ളതെന്ന്‌ 2:41, 2:89, 2:91 തുടങ്ങിയ ധാരാളം സൂക്തങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. പൂര്‍വവേദങ്ങള്‍ അവയുടെ സാക്ഷാല്‍രൂപത്തില്‍ പൂര്‍ണ സത്യമാണെന്നത്രെ ഇവയില്‍ നിന്നൊക്കെ ഗ്രഹിക്കാവുന്നത്‌. എന്നാല്‍ പൂര്‍വപ്രവാചകന്മാര്‍ക്ക്‌ അല്ലാഹു അവതരിപ്പിച്ചുകൊടുത്ത രൂപത്തില്‍ ഒരു വേദവും ഇപ്പോള്‍ നിലനില്‌ക്കുന്നില്ല. അവ പലതരത്തിലുള്ള മാറ്റത്തിരുത്തലുകള്‍ക്ക്‌ വിധേയമായിട്ടുണ്ട്‌.


ഇസ്‌റാഈല്യരെപ്പറ്റി വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പറയുന്നു: “വേദവാക്യങ്ങളെ അവയുടെ സ്ഥാനങ്ങളില്‍ നിന്ന്‌ അവര്‍ തെറ്റിക്കുന്നു”(വി.ഖു 5:13). “വേദക്കാരേ, വേദഗ്രന്ഥത്തില്‍ നിന്ന്‌ നിങ്ങള്‍ മറച്ചുവെച്ചുകൊണ്ടിരുന്ന പലതും നിങ്ങള്‍ക്ക്‌ വെളിപ്പെടുത്തിത്തന്നുകൊണ്ട്‌ നമ്മുടെ ദൂതന്‍ നിങ്ങളുടെ അടുത്തുവന്നിരിക്കുന്നു.” (വി.ഖു 5:15). “എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട്‌ ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട്‌ അത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിച്ചതാണെന്ന്‌ പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം.” (വി. ഖു 2:79). ഇന്നുള്ള ബൈബിള്‍ ഏതെങ്കിലുമൊരു പ്രവാചകന്‌ ദൈവം അവതരിപ്പിച്ചുകൊടുത്ത ഗ്രന്ഥമാണെന്ന്‌ ബൈബിളിന്റെ വക്താക്കള്‍പോലും പറയുന്നില്ല എന്ന കാര്യവും ഇതോടൊപ്പം ഓര്‍ക്കേണ്ടതാണ്‌. ഇന്ത്യന്‍ വേദങ്ങളെപ്പറ്റി ഖുര്‍ആനില്‍ പ്രത്യേക പരാമര്‍ശമൊന്നും ഇല്ല. അവയുടെ വക്താക്കളാകട്ടെ അവ സാക്ഷാല്‍ ദൈവം അവതരിപ്പിച്ചതാണെന്ന്‌ അവകാശപ്പെടുന്നില്ല. അതിനാല്‍ പൂര്‍വ വേദങ്ങളില്‍ ദൈവിക വചനങ്ങളും മനുഷ്യരുടെ വാക്യങ്ങളും കൂടിക്കലര്‍ന്നിട്ടുണ്ടാകുമെന്നാണ്‌ മനസ്സിലാക്കാവുന്നത്‌.


ഇസ്‌ലാമിക പ്രബോധകര്‍ സംശയരഹിതമായ സത്യത്തിലേക്ക്‌ ജനങ്ങളെ ക്ഷണിക്കാന്‍ ബാധ്യസ്ഥരായിട്ടുള്ളവരാണ്‌. അല്ലാഹുവും അവന്‍ നിയോഗിച്ച പ്രവാചകന്മാരും പഠിപ്പിച്ചതാണെന്ന്‌ ഉറപ്പുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉദ്‌ബോധനം നടത്തുമ്പോഴേ ഈ ബാധ്യത നിറവേറുകയുള്ളൂ. സത്യവും അസത്യവും കൂടിക്കലര്‍ന്ന ഗ്രന്ഥങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ പൂര്‍ണ സത്യമാണെന്ന്‌ തോന്നാന്‍ ഇടയാക്കുന്ന വിധത്തില്‍ പ്രബോധകര്‍ ഉദ്ധരിക്കരുത്‌. എന്നാല്‍ തെളിവായി ഉദ്ധരിക്കുന്നതും എതിര്‍ തെളിവ്‌ എന്ന നിലയില്‍ ഉദ്ധരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്‌. ത്രിയേക ദൈവസങ്കല്‌പത്തിനെതിരായി ബൈബിള്‍ വാക്യങ്ങളും ബഹുദൈവവാദത്തിനെതിരായി ഇന്ത്യന്‍ വേദങ്ങളില്‍ നിന്നുള്ള വാക്യങ്ങളും ഉദ്ധരിക്കുന്നതുകൊണ്ട്‌ ജനങ്ങള്‍ക്ക്‌ ആശയക്കുഴപ്പമുണ്ടാകാന്‍ സാധ്യതയില്ല. അങ്ങനെ ഉദ്ധരിക്കുമ്പോഴും പൂര്‍വവേദങ്ങളുടെ ഇന്ന്‌ ലഭ്യമാകുന്ന പകര്‍പ്പുകള്‍ സംബന്ധിച്ച യാഥാര്‍ഥ്യം വ്യക്തമാക്കുന്നതാണ്‌ അഭികാമ്യം. സ്വഹാബികളോ സച്ചരിതരായ പൂര്‍വികരോ അവരുടെ പ്രസംഗങ്ങളിലും ഗ്രന്ഥങ്ങളിലും ഖുര്‍ആനല്ലാത്ത വേദങ്ങളില്‍ നിന്ന്‌ യാതൊന്നും ഉദ്ധരിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.


മനുഷ്യനടക്കമുള്ള ജീവികളുടെ രൂപമുണ്ടാക്കുന്നത്‌ നബി(സ) കര്‍ശനമായി വിലക്കുകയും രൂപ നിര്‍മാതാക്കള്‍ക്ക്‌ പരലോകത്ത്‌ കഠിനശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന്‌ മുന്നറിയിപ്പ്‌ നല്‌കുകയും ചെയ്‌തതായി ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത പ്രബലമായ ഹദീസുകളില്‍ കാണാം. സ്വൂറത്ത്‌ (രൂപം) എന്ന പദത്തിന്റെ അര്‍ഥപരിധിയില്‍ വിഗ്രഹങ്ങളും പ്രതിമകളും ത്രിമാന ചിത്രങ്ങളും ഉള്‍പ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. സാധാരണ ദ്വിമാനചിത്രങ്ങളും അതില്‍ ഉള്‍പ്പെടുമെന്ന്‌ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ രൂപനിര്‍മിതി കൂടാതെ ജീവികളുടെ പ്രതിച്ഛായ ലെന്‍സില്‍ പകര്‍ത്തുക മാത്രം ചെയ്യുന്ന ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും നിഷിദ്ധമായ സ്വൂറത്തില്‍ ഉള്‍പ്പെടുകയില്ലെന്നാണ്‌ ആധുനിക പണ്ഡിതന്മാരില്‍ പലരുടെയും വീക്ഷണം. കുട്ടികള്‍ക്ക്‌ കളിക്കാനുള്ള പാവകള്‍ നബി(സ) വിലക്കിയിട്ടില്ലെന്ന്‌ പ്രബലമായ ഹദീസില്‍ നിന്ന്‌ വ്യക്തമാകുന്നുണ്ട്‌. കുട്ടികള്‍ക്ക്‌ പഠിക്കാനുള്ള ചിത്രങ്ങളെ പല പണ്ഡിതന്മാരും വിലക്കില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.

ഖുത്വ്‌ബയും ഇമാമത്തും രണ്ടുപേര്‍ നിര്‍വഹിക്കാമോ?ഖുത്വ്‌ബ നിര്‍വഹിക്കുന്നത്‌ ഒരാളും നമസ്‌കാരസമയത്ത്‌ ഇമാമായി മറ്റൊരാളും നിന്ന്‌ ജുമുഅ നിര്‍വഹിക്കുന്ന പതിവ്‌ ചിലയിടങ്ങളില്‍ കണ്ടുവരുന്നു. ഇത്‌ ശരിയാണോ?


അബൂനസീം, തലശ്ശേരി

ഒരാള്‍ ഖുത്വ്‌ബ നിര്‍വഹിക്കുകയും അതിനു ശേഷം ജുമുഅ നമസ്‌കാരത്തന്‌ മറ്റൊരാള്‍ ഇമാമാവുകയും ചെയ്യുന്ന സമ്പ്രദായം നബി(സ)യുടെ കാലത്ത്‌ ഉണ്ടായിട്ടില്ല. അത്‌ സംബന്ധിച്ച്‌ അദ്ദേഹം എന്തെങ്കിലും അഭിപ്രായം പറഞ്ഞതായി വിശ്വസനീയമായി ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. എന്നാല്‍ അത്‌ പാടില്ലെന്ന്‌ അദ്ദേഹം പറഞ്ഞിട്ടില്ലാത്തതിനാല്‍ അത്‌ ഹറാമാണെന്ന്‌ പറയാന്‍ ന്യായവുമില്ല. നബി(സ)യുടെ കാലത്ത്‌ നിലവിലുണ്ടായിരുന്നതു പോലെ ഖുത്വ്‌ബയും ഇമാമത്തും ഒരാള്‍ തന്നെ നിര്‍വഹിക്കുന്നതാണ്‌ ഉത്തമം എന്ന കാര്യത്തില്‍ സംശയത്തിന്നവകാശമില്ല. ഖുത്വ്‌ബ കഴിഞ്ഞ ശേഷം ഖത്വീബിന്‌ എന്തെങ്കിലും വിഷമം നേരിട്ടാല്‍ മറ്റൊരാള്‍ ഇമാമായി നമസ്‌കരിക്കുക തന്നെയാണ്‌ വേണ്ടത്‌.

ചുംബനംകൊണ്ട്‌ നോമ്പ്‌ മുറിയുമോ?പകല്‍സമയത്ത്‌ ഭാര്യയെ ചുംബിച്ചാല്‍ നോമ്പ്‌ മുറിയുമോ? അല്ലെങ്കില്‍ അതു കാരണം നോമ്പിന്റെ പ്രതിഫലം കുറയുമോ?


നസീല്‍, പാലക്കാട്‌

നബി(സ) നോമ്പുകാരനായിരിക്കെ ഭാര്യമാരെ ചുംബിക്കാറുണ്ടായിരുന്നുവെന്ന്‌ അവിടുത്തെ പത്‌നിമാരായ ആഇശ(റ), ഹഫ്‌സ്വ(റ), ഉമ്മുസലമ(റ) എന്നിവരില്‍ നിന്ന്‌ വിശ്വാസ്യമായ നിവേദക പരമ്പരയോടെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. അതുകൊണ്ട്‌ നോമ്പിന്റെ പ്രതിഫലം കുറയുമെന്ന്‌ പറയാന്‍ തെളിവൊന്നും കാണുന്നില്ല. എന്നാല്‍ വികാരം നിയന്ത്രിക്കാന്‍ പ്രയാസമുള്ളവര്‍ ചുംബനം ഉള്‍പ്പെടെ ലൈംഗികവേഴ്‌ചയിലേക്ക്‌ നയിക്കാന്‍ ഇടയുള്ള കാര്യങ്ങളെല്ലാം ഉപേക്ഷിക്കുകയാണ്‌ വേണ്ടത്‌. നബി(സ) നോമ്പുള്ളപ്പോള്‍ ചുംബിക്കാറുണ്ടായിരുന്നുവെന്ന്‌ പറഞ്ഞ ആഇശ(റ) അദ്ദേഹം വികാരം നിയന്ത്രിക്കാന്‍ ഏറ്റവും കഴിവുള്ള ആളായിരുന്നുവെന്ന്‌ കൂടി പറഞ്ഞതായി മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

നോമ്പും പ്രായശ്ചിത്തവും സാധിക്കാത്തവര്‍ എന്തുചെയ്യണം?റമദ്വാനില്‍ നോമ്പെടുക്കാനോ പിന്നീട്‌ നോറ്റുവീട്ടാനോ കഴിയാത്ത വിധം രോഗിയായ ഒരാള്‍ക്ക്‌ സാമ്പത്തിക ഞെരുക്കം നിമിത്തം പ്രായശ്ചിത്തം നല്‌കാനും സാധിക്കാത്ത പക്ഷം അയാളുടെ കാര്യത്തിലുള്ള ഇസ്‌ലാമിക വിധി എന്താണ്‌?


വി കെ എസ്‌, തിരുവനന്തപുരം

ഇസ്‌ലാമിലെ ഏത്‌ ആജ്ഞയും അത്‌ നിറവേറ്റാന്‍ കഴിവുള്ളവനു മാത്രമേ ബാധകമാവുകയുള്ളൂ. "അല്ലാഹു യാതൊരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല" (2:286), "നിങ്ങള്‍ക്ക്‌ സാധിക്കുന്നേടത്തോളം അല്ലാഹുവെ (അവന്റെ വിധിവിലക്കുകളെ) നിങ്ങള്‍ സൂക്ഷിക്കുക" (64:16) എന്നീ ഖുര്‍ആന്‍ വചനങ്ങളുടെ അടിസ്ഥാനത്തില്‍ കഴിവിന്നതീതമായ കാര്യങ്ങള്‍ ചെയ്യാന്‍ ആരും ബാധ്യസ്ഥരല്ല. നോമ്പും പ്രായശ്ചിത്തവും ചെയ്യാന്‍ കഴിവില്ലാത്തവന്‍ മറ്റെന്തെങ്കിലും ചെയ്യണമെന്ന്‌ നബി(സ) നിര്‍ദേശിച്ചിട്ടുമില്ല.വലിയ അശുദ്ധിയോടെ വ്രതമനുഷ്‌ഠിക്കാമോ?രാത്രിയില്‍ ഒരാള്‍ക്ക്‌ ജനാബത്ത്‌ (വലിയ അശുദ്ധി) ഉണ്ടായാല്‍ സ്വുബ്‌ഹിന്റെ സമയമാകുന്നതിനുമുമ്പ്‌ കുളിച്ചാലേ നോമ്പെടുക്കാവൂ എന്ന്‌ നിബന്ധനയുണ്ടോ? വലിയ അശുദ്ധിയോടെ നോമ്പില്‍ പ്രവേശിക്കുന്നത്‌ കുറ്റകരമാണോ?

പി കെ നസീം, തൃശൂര്‍

നോമ്പെടുക്കണമെങ്കില്‍ സ്വുബ്‌ഹ്‌ ബാങ്കിനു മുമ്പ്‌ കുളിച്ചു ശുദ്ധിയാകണമെന്ന്‌ നിര്‍ബന്ധമില്ല. സൂര്യോദയത്തിന്റെ കുറച്ചുമുമ്പ്‌ കുളിച്ച്‌ സ്വുബ്‌ഹ്‌ നമസ്‌കരിച്ചാലും മതിയാകുന്നതാണ്‌. നോമ്പിന്റെ സമയത്തിനുമുമ്പ്‌ സംഭവിച്ച അശുദ്ധി തുടരുന്നത്‌ നോമ്പിന്റെ സാധുതയെ ബാധിക്കുകയില്ല. നബി(സ) വലിയ അശുദ്ധിയില്‍ ആയിരിക്കെ ഫജ്രര്‍ (പുലരി) ആവുകയും തുടര്‍ന്ന്‌ അദ്ദേഹം കുളിച്ച്‌ നോമ്പനുഷ്‌ഠിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന്‌ പ്രവാചക പത്‌നിമാരായ ആഇശ(റ)യും ഉമ്മുസലമ(റ)യും പറഞ്ഞതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

നഷ്‌ടപ്പെട്ട നോമ്പ്‌ അതേ വര്‍ഷത്തില്‍തന്നെ നോറ്റുവീട്ടേണ്ടതുണ്ടോ?
ഓരോ വര്‍ഷവും നഷ്‌ടമാകുന്ന നോമ്പ്‌ ആഇശ(റ)യും മറ്റും അതേ വര്‍ഷത്തില്‍ തന്നെ നോറ്റ്‌ വീട്ടിയിരുന്നുവെങ്കിലും അപ്രകാരം തന്നെ നോറ്റ്‌ വീട്ടല്‍ നിര്‍ബന്ധമുണ്ടോ? നോമ്പനുഷ്‌ഠിക്കാന്‍ കഴിയാതെ പ്രായശ്ചിത്തം നല്‌കാന്‍ ബാധ്യതയുള്ളവര്‍ ഓരോ വ്രതത്തിനും പ്രായശ്ചിത്തമായി ഒരു അഗതിക്ക്‌ ഭക്ഷണം നല്‌കുന്നതിന്‌ പകരം പണം നല്‌കിയാല്‍ മതിയാകുമോ?


പി ടി ഇഖ്‌ബാല്‍, മലപ്പുറം.

നിര്‍ബന്ധമായ നോറ്റുവീട്ടേണ്ട നോമ്പ്‌ കഴിയും വേഗം നിര്‍വഹിക്കുക തന്നെയാണ്‌ അഭികാമ്യം. കാരണം, മരണം എപ്പോഴാണെന്ന്‌ ആര്‍ക്കും അറിയില്ല. അല്ലാഹുവോടുള്ള ബാധ്യത നിര്‍വഹിക്കാന്‍ അവസരം ലഭിച്ചിട്ടും അത്‌ ചെയ്യാത്ത നിലയില്‍ മരിച്ചുപോകാന്‍ ഇടയാകുന്നത്‌ വലിയ നഷ്‌ടമായിരിക്കും. എന്നാല്‍ അടുത്ത റമദ്വാനിന്‌ മുമ്പ്‌ തന്നെ നോറ്റുവീട്ടല്‍ നിര്‍ബന്ധമാണെന്നതിന്‌ ഖണ്ഡിതമായ തെളിവൊന്നുമില്ല.


വിശുദ്ധഖുര്‍ആനില്‍ നിര്‍ദേശിച്ച പ്രായശ്ചിത്തം അഗതിക്ക്‌ ആഹാരം നല്‌കുക എന്നതാണ്‌. അല്ലാഹുവിന്റെ കല്‌പന അക്ഷരം പ്രതി പാലിച്ചുകൊണ്ട്‌ ഭക്ഷ്യപദാര്‍ഥം തന്നെ നല്‌കുന്നതാണ്‌ ഉത്തമം. എന്നാല്‍ അഗതികള്‍ക്ക്‌ ഇഷ്‌ടമുള്ള ആഹാരം വാങ്ങിക്കഴിക്കാന്‍ സൗകര്യപ്പെടുംവിധം പണം നല്‌കിയാലും മതിയാകുമെന്ന്‌ തന്നെയാണ്‌ മനസ്സിലാകുന്നത്‌. അല്ലാഹുവിന്റെ കല്‌പനകൊണ്ട്‌ ഉദ്ദേശിക്കപ്പെട്ട കാര്യം ഭക്ഷ്യപദാര്‍ഥത്തിന്റെ വില നല്‌കുന്നതു മുഖേനയും നിറവേറുമല്ലോ.

നോമ്പ്‌ നോറ്റുവീട്ടേണ്ട ആള്‍ മരിച്ചാല്‍?നോമ്പ്‌ നോറ്റു വീട്ടാന്‍ ബാധ്യതയുള്ള നിലയില്‍ ഒരാള്‍ മരിച്ചാല്‍ ബന്ധുക്കള്‍ ആ നോമ്പ്‌ വീട്ടേണ്ടതുണ്ടോ?


അബ്‌ദുല്‍മലിക്ക്‌ കൊച്ചി.

"വല്ലവനും നോമ്പ്‌ ബാധ്യതയുള്ള നിലയില്‍ മരിച്ചാല്‍ അയാള്‍ക്ക്‌ പകരം അയാളുടെ അടുത്ത ബന്ധു നോമ്പനുഷ്‌ഠിക്കേണ്ടതാണെന്ന്‌" നബി(സ) പറഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഈ വിഷയകമായി ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത മറ്റൊരു ഹദീസ്‌ ഇപ്രകാരമാകുന്നു: ഒരു സ്‌ത്രീ റസൂലി(സ)ന്റെ അടുത്ത്‌ വന്നു "ഒരു മാസത്തെ നോമ്പ്‌ ബാധ്യതയുള്ള നിലയില്‍ എന്റെ മാതാവ്‌ മരിച്ചിരിക്കുന്നു. അവര്‍ക്ക്‌ പകരം ഞാനത്‌ നോല്‍ക്കേണ്ടതുണ്ടോ" എന്ന്‌ ചോദിച്ചു. "അവര്‍ക്ക്‌ കട ബാധ്യതയുണ്ടായിരുന്നെങ്കില്‍ നീ വീട്ടുമായിരുന്നോ?" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. അവള്‍ അതെയെന്ന്‌ പറഞ്ഞപ്പോള്‍ അദ്ദേഹം പ്രതിവചിച്ചു: "എങ്കില്‍ അല്ലാഹുവിനുള്ള കടമാണ്‌ വീട്ടാന്‍ ഏറ്റവും അവകാശപ്പെട്ടത്‌."

മതമൂല്യങ്ങള്‍ മര്‍ദനോപാധികളോ?


"ഏറ്റവും വലിയ മര്‍ദനോപാധികള്‍ മതം പ്രദാനംചെയ്യുന്ന സന്മാര്‍ഗിക സംഹിതകളാണ്‌. അതില്‍നിന്നും നിയമവ്യവസ്ഥയിലേക്ക്‌ നീണ്ടുപരന്നവ. സങ്കുചിതവും സാന്മാര്‍ഗികബോധങ്ങളുടെ ശിക്ഷാധിഷ്‌ഠിത പ്രയോഗപാഠങ്ങളും ഉപയോഗിച്ചുകൊണ്ട്‌ മതത്തിനകത്ത്‌ മനുഷ്യസ്വഭാവങ്ങള്‍ വേണ്ടുവോളം ഹനിക്കപ്പെട്ടിട്ടുണ്ട്‌. അസ്‌പഷ്‌ടമായ ഏതോ ഭൂതകാലത്തില്‍ മതം മനുഷ്യസ്വഭാവങ്ങളെ ഘനീഭവിപ്പിക്കുന്നു. അതാകട്ടെ, കായികമോ വൈകാരികമോ ആത്മീയമോ ആയി മനുഷ്യര്‍ സഹസ്രാബ്‌ദങ്ങളിലൂടെ നേടിയ പുരോഗതികളെ ശ്രദ്ധിക്കാതെ രൂപപ്പെടുത്തുന്നതുമാണ്‌." (ചരിത്രംകുറിച്ച വിധി, സമകാലിക മലയാളം വാരിക, പേജ്‌ 102-103)സ്വവര്‍ഗരതി അനുവദിച്ചുകൊണ്ട്‌ ഡല്‍ഹി കോടതി വിധിപ്രസ്‌താവിച്ചപ്പോള്‍ അതിനെ പരാമര്‍ശിച്ചുകൊണ്ട്‌ എഴുതിയ ഈ വരികളില്‍, ഇസ്‌ലാമിക സ്വഭാവമൂല്യങ്ങള്‍ മര്‍ദനോപാധിയായിട്ടാണ്‌ പരാമര്‍ശിച്ചത്‌. മാത്രവുമല്ല, സകല പുരോഗതിയെയും ഹനിക്കുന്നതും ഘനീഭവിപ്പിക്കുന്നതുമാണ്‌ ഇസ്‌ലാമിക സ്വഭാവങ്ങള്‍ എന്നും പറയുന്നു. എത്രമാത്രം യാഥാര്‍ഥ്യമുണ്ട്‌?

അന്‍സാര്‍ ഒതായി.

എഴുതാനും പ്രസംഗിക്കാനും കഴിവുള്ള മനുഷ്യര്‍ക്ക്‌ ബൗദ്ധികമായ കുഴമറിച്ചില്‍ സംഭവിച്ചാല്‍ ദൈവികമായ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ഉപാധികള്‍ മര്‍ദനോപാധികളാണെന്ന്‌ തോന്നും. ബുദ്ധിഭ്രമം എന്ന്‌ പറയുന്നത്‌ മസ്‌തിഷ്‌കത്തിന്റെ ഘടനയ്‌ക്ക്‌ അപചയം സംഭവിക്കുന്നതുകൊണ്ട്‌ മാത്രം ഉണ്ടാകുന്നതല്ല. മൃഗീയമെന്ന്‌ പോലും വിശേഷിപ്പിക്കാന്‍ കൊള്ളാത്ത കാമനകളുടെയും ആസക്തികളുടെയും പിന്നാലെ നിരന്തരപ്രയാണം ചെയ്യുന്ന ചില മനുഷ്യര്‍ക്ക്‌ നല്ലതെല്ലാം ദുഷിച്ചതായും ദുഷിച്ചതെല്ലാം ശ്രേഷ്‌ഠമായും തോന്നും. ഇത്‌ സൈക്യാട്രിയിലെ ഔഷധങ്ങള്‍ കൊണ്ട്‌ ചികിത്സിച്ചു മാറ്റാന്‍ പറ്റാത്ത രോഗമാണ്‌.


മതങ്ങള്‍ മനുഷ്യനെ എല്ലാ ജന്തുക്കള്‍ക്കും ഉപരിയായി പ്രതിഷ്‌ഠിക്കുന്നുവെന്നും അതുകൊണ്ടാണ്‌ മതവിശ്വാസികള്‍ മറ്റു ജന്തുക്കളെ കൊല്ലാനും തിന്നാനും പ്രോത്സാഹനം നല്‌കുന്നതെന്നും, യഥാര്‍ഥത്തില്‍ മനുഷ്യന്‍ ജന്തുസമൂഹത്തിന്റെ ഭാഗമാണെന്നുമാണ്‌ ഭൗതികവാദികള്‍ സമര്‍ഥിക്കാറുള്ളത്‌. എന്നാല്‍ യാതൊരു ജന്തുവും പ്രകൃതിവിരുദ്ധമായ രീതിയില്‍ കാമനിവൃത്തി വരുത്തുന്നില്ല എന്ന സത്യം മറന്നുകൊണ്ടോ മറച്ചുവെച്ചുകൊണ്ടോ ആണ്‌ അവര്‍ സ്വവര്‍ഗരതിയെ വൈകാരിക പുരോഗതിയായി ചിത്രീകരിക്കുന്നത്‌. "അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ്‌ കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ്‌ ശ്രദ്ധയില്ലാത്തവര്‍" എന്ന ഖുര്‍ആനിക പരാമര്‍ശം (7:179) ഇത്തരക്കാരുടെ കാര്യത്തില്‍ തികച്ചും പ്രസക്തമാകുന്നു.


സ്വവര്‍ഗരതിയെ എക്കാലത്തെയും സദ്‌ബുദ്ധിയുള്ള മനുഷ്യര്‍ പ്രകൃതിവിരുദ്ധമായാണ്‌ ഗണിച്ചിട്ടുള്ളത്‌. കെട്ടുറപ്പുള്ള ദാമ്പത്യത്തിലൂടെ വൈകാരിക സാഫല്യം നേടുകയും സ്‌നേഹവും കാരുണ്യവും പങ്കുവെക്കുകയും പുതിയ തലമുറയെ ലക്ഷണമൊത്ത വ്യക്തികളായി വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതാണ്‌ മാനവപ്രകൃതിയുടെ താല്‌പര്യമെന്നത്രെ സംസ്‌കാര സമ്പന്നരായ മനുഷ്യരെല്ലാം കരുതുന്നത്‌. ശുദ്ധമായ മാനവപ്രകൃതിക്ക്‌ ഇണങ്ങിയ ജീവിതം നയിക്കാനാണ്‌ വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു അനുശാസിക്കുന്നത്‌. "ആകയാല്‍ ഋജുമനസ്‌കനായിക്കൊണ്ട്‌ നിന്റെ മുഖത്തെ നീ മതത്തിലേക്ക്‌ തിരിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്‌ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്റെ സൃഷ്‌ടിവ്യവസ്ഥയ്‌ക്ക്‌ യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല" (30:30). ദൈവത്തെയും മതത്തെയും അംഗീകരിക്കാത്ത പ്രകൃതിവാദികള്‍ പോലും അടുത്തകാലം വരെയും ആണും പെണ്ണും ഇണചേരലാണ്‌ മനുഷ്യപ്രകൃതി എന്ന യാഥാര്‍ഥ്യം നിഷേധിച്ചിരുന്നില്ല.


സ്വവര്‍ഗരതി സഹസ്രാബ്‌ദങ്ങളിലൂടെ കൈവന്ന പുരോഗതിയല്ല. നാലു സഹസ്രാബ്‌ദങ്ങള്‍ക്ക്‌ മുമ്പ്‌ മനുഷ്യപ്രകൃതിയെ തള്ളിപ്പറഞ്ഞ സൊദോം ദേശക്കാര്‍ക്ക്‌ നേരിട്ട അധോഗതിയുടെ തനിയാവര്‍ത്തനമാണ്‌. വിവാഹമോ സ്‌ത്രീകളുമായുള്ള ബന്ധമോ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന്‌ പ്രഖ്യാപിക്കുകയും കാണാന്‍ കൊള്ളാവുന്ന പുരുഷന്മാരുമായെല്ലാം ലൈംഗികവേഴ്‌ചയ്‌ക്ക്‌ ശ്രമിക്കുകയും ചെയ്‌ത ഒരു സമൂഹമാണ്‌ സൊദോം ദേശത്തുണ്ടായിരുന്നത്‌. തങ്ങളെ ഉപദേശിച്ചു മാറ്റിയെടുക്കാന്‍ ശ്രമിച്ച ലൂത്വ്‌ നബി(അ)യെ ആക്രമിക്കാന്‍ മുതിര്‍ന്ന ആ ജനതയെ, ചരല്‍ക്കല്ലുകള്‍ വര്‍ഷിച്ച്‌ നശിപ്പിക്കുകയും അവരുടെ നാട്‌ കീഴ്‌മേല്‍ മറിക്കുകയുമാണ്‌ അല്ലാഹു ചെയ്‌തത്‌. ഇപ്പോള്‍ ചാവുകടല്‍ സ്ഥിതിചെയ്യുന്ന പ്രദേശമായിരുന്നു അത്‌. വിശുദ്ധ ഖുര്‍ആനിലെ പല അധ്യായങ്ങളില്‍ ഈ കാര്യം വിവരിച്ചിട്ടുണ്ട്‌. യഥാര്‍ഥത്തില്‍ മാനവ പുരോഗതിയുടെ പൂര്‍ണ നിരാകരണമാണ്‌ സ്വവര്‍ഗവിവാഹം. മനുഷ്യരെല്ലാം ഈ ദുരാചാരം സ്വീകരിച്ചാല്‍ ആരാണിവിടെ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‌കി പോറ്റിവളര്‍ത്തുക? പ്രസവവും സന്താനപരിപാലനവും നിലച്ചുപോയാല്‍ പുരോഗതിയുടെ സാരഥികളാകാന്‍ ഇവിടെ ആരാണുണ്ടാവുക? സ്വവര്‍ഗരതി ഒരു പുരോഗതിയാണെങ്കില്‍ അത്‌ നിലനിര്‍ത്താനും ഇവിടെ തലമുറകള്‍ ജനിച്ചുവളരണമല്ലോ!


മതം മനുഷ്യസ്വഭാവങ്ങളെ ഘനീഭവിപ്പിക്കുന്നു എന്നെഴുതിയ ലേഖകന്‍ എന്താണ്‌ ഉദ്ദേശിച്ചതെന്ന്‌ വ്യക്തമല്ല. മനുഷ്യ തലമുറകള്‍ ഉത്തമസ്വഭാവഗുണമുള്ളവരായി വളരുന്നത്‌ ഉത്തരവാദിത്തബോധവും സ്‌നേഹവുമുള്ള രക്ഷിതാക്കളുടെ സംരക്ഷണത്തിലാണ്‌. സ്വഭാവരൂപവത്‌കരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഘടകങ്ങളാണ്‌ വാത്സല്യവും ശിക്ഷണവും ശിക്ഷയും. ലൈംഗിക അരാജകത്വവാദം ഇതിനൊക്കെയുള്ള സാധ്യതയെ ഹനിക്കുകയാണ്‌ ചെയ്യുക. വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നതുപോലെ സ്‌നേഹവും കാരുണ്യവും പങ്കുവെക്കുന്ന, ഇണക്കവും പൊരുത്തവുമുള്ള ദാമ്പത്യത്തിന്റെ തണലിലേ സ്വഭാവശുദ്ധിയുള്ള കുഞ്ഞുങ്ങള്‍ വളര്‍ന്നുവരുകയുള്ളൂ.


"നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന്‌ തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്‌ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്‌തതും അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളുണ്ട്‌." (വി.ഖു 30:21) സമാധാനവും സ്‌നേഹവും കാരുണ്യവും മര്‍ദനോപാധികളായി തോന്നുന്നത്‌ സകലവിധ അധോഗതിയുടെയും തുടക്കലക്ഷണമായിരിക്കും.

നോമ്പിന്റെ നിയ്യത്ത്‌ എങ്ങനെ?

നോമ്പിന്‌ നിയ്യത്ത്‌ നിര്‍ബന്ധമല്ലേ? നബി(സ) പഠിപ്പിച്ച നിയ്യത്തിന്റെ രൂപം എങ്ങനെയാണ്‌? സുന്നി പള്ളികളില്‍ തറാവീഹിന്‌ ശേഷം ‘നവയ്‌തു സൗമ ഗദിന്‍....’ എന്നിങ്ങനെ ആളുകള്‍ക്ക്‌ നിയ്യത്ത്‌ ചൊല്ലിക്കൊടുക്കാറുണ്ട്‌. നബി(സ) ഇങ്ങനെ ചൊല്ലിക്കൊടുത്തിട്ടുണ്ടോ?


പി കെ മുഹമ്മദ്‌ നാദിര്‍, കണ്ണൂര്‍ .

എല്ലാ കര്‍മങ്ങളും അല്ലാഹു പരിഗണിക്കുന്നത്‌ നിയ്യത്തുകളനുസരിച്ചാണ്‌ അഥവാ ചെയ്യുന്ന ആളുകളുടെ ഉദ്ദേശമനുസരിച്ചാണ്‌ എന്ന്‌ വ്യക്തമാക്കുന്ന നബിവചനം തന്നെയാണ്‌ നോമ്പിന്റെ നിയ്യത്തിനുമുള്ള പ്രധാന തെളിവ്‌. ഇതിനുപുറമെ അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: “വല്ലവനും റമദ്വാനില്‍ നോമ്പനുഷ്‌ഠിക്കുന്നത്‌ (അല്ലാഹുവിലുള്ള) വിശ്വാസത്തോടെയും അവന്റെ പ്രതിഫലം മാത്രം കാംക്ഷിച്ചുമാണെങ്കില്‍ അവന്‍ മുമ്പ്‌ ചെയ്‌തുപോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്‌‌.” അല്ലാഹുവിന്റെ മാത്രം പ്രതിഫലം കാംക്ഷിച്ചുകൊണ്ട്‌ നോമ്പനുഷ്‌ഠിക്കുക എന്നത്‌ നിയ്യത്തിന്റെ ഒരു വശമാകുന്നു.

പ്രവാചകപത്‌നി ഹഫ്‌സ(റ)യില്‍ നിന്ന്‌ അബൂദാവൂദും തിര്‍മിദിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു നബിവചനം ഇപ്രകാരമാകുന്നു. “നോമ്പനുഷ്‌ഠിക്കണമെന്ന്‌ ഫജ്‌റിന്‌ (പുലരിക്ക്‌) മുമ്പായി രാത്രിയില്‍ തന്നെ തീരുമാനിക്കാത്തവന്റെ നോമ്പ്‌ സാധുവല്ല.” ഒരു ദിവസം നോമ്പെടുക്കണമെന്ന്‌ അന്നത്തെ സ്വുബ്‌ഹിന്‌ മുമ്പുതന്നെ തീരുമാനിക്കുക എന്നത്‌ നിയ്യത്തിന്റെ ഒരു വശമാണെന്ന്‌ ഈ ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാം. എന്നാല്‍ സുന്നത്ത്‌ നോമ്പുകള്‍ക്ക്‌ രാവിലെ തീരുമാനിച്ചാല്‍ മതിയെന്ന്‌ മറ്റു ചില ഹദീസുകളില്‍ നിന്ന്‌ ഗ്രഹിക്കാം.
നിയ്യത്ത്‌ മനസ്സിലാണ്‌ ഉണ്ടാകേണ്ടത്‌. അത്‌ നാവ്‌കൊണ്ട്‌ ഉച്ചരിക്കണമെന്നതിനോ, തറാവീഹിന്‌ ശേഷം ഇമാം ചൊല്ലിക്കൊടുത്ത്‌ മഅ്‌മൂമുകള്‍ ഏറ്റുചൊല്ലുന്നതിനോ പ്രാമാണികമായ തെളിവൊന്നുമില്ല. നബി(സ) സ്വഹാബികള്‍ക്ക്‌ രാത്രിയില്‍ നോമ്പിന്റെ നിയ്യത്ത്‌ ചൊല്ലിക്കൊടുത്തതായി പ്രബലമായ ഹദീസിലൊന്നും കാണുന്നില്ല.

ഓര്‍മയില്ലാതെ തിന്നാല്‍?


നോമ്പാണെന്ന ഓര്‍മയില്ലാതെ റമദ്വാനിന്റെ പകലില്‍ വല്ലതും തിന്നാനോ കുടിക്കാനോ ഇടയായാല്‍ എന്തു ചെയ്യണം? നോമ്പ്‌ മുറിയുമോ? പകരം നോമ്പ്‌ വേണമോ? പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ടോ?

നാസിയ, കൊച്ചി .

നബി(സ) ഇപ്രകാരം പറഞ്ഞതായി അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നു. “മറവി നിമിത്തം വല്ലവനും തിന്നാനോ കുടിക്കാനോ ഇടയായാല്‍ അവന്‍ തന്റെ നോമ്പ്‌ പൂര്‍ത്തിയാക്കിക്കൊള്ളട്ടെ. അല്ലാഹു അവന്‌ തിന്നാനും കുടിക്കാനും കൊടുത്തു എന്ന്‌ മാത്രമേയുള്ളൂ” ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ അയാളുടെ നോമ്പ്‌ മുറിയുകയില്ലെന്നും, ആ നോമ്പ്‌ നോറ്റുവീട്ടേണ്ടതില്ലെന്നുമാണ്‌ മുസ്‌ലിം പണ്ഡിതന്മാരില്‍ ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്‌. മറവി നിമിത്തം, ചെയ്യാനിടയാകുന്ന തെറ്റിന്‌ സത്യവിശ്വാസികള്‍ കുറ്റക്കാരാവുകയില്ലെന്ന്‌ വ്യക്തമാക്കുന്ന ഹദീസും ഈ അഭിപ്രായത്തിന്‌ പിന്‍ബലമേകുന്നു. എന്നാലും വിശുദ്ധ ഖുര്‍ആനിലെ 2:286 സൂക്തത്തില്‍ അല്ലാഹു പഠിപ്പിക്കുന്നതുപോലെ, മറവിയുടെയും അബദ്ധത്തിന്റെയും പേരില്‍ ശിക്ഷിക്കാതിരിക്കാന്‍ അല്ലാഹുവോട്‌ പ്രാര്‍ഥിക്കുന്നതിന്‌ പ്രസക്തിയുണ്ട്‌.

നോമ്പ്‌ നിര്‍ബന്ധമല്ലാത്തവര്‍ ആരെല്ലാം?റമദ്വാനില്‍ നോമ്പ്‌ നിര്‍ബന്ധമല്ലാത്തവരും ഉപേക്ഷിക്കേണ്ടവരും ആരൊക്കെയാണ്‌? പിന്നീട്‌ നോമ്പ്‌ നോറ്റുവീട്ടേണ്ടത്‌ ആരെല്ലാമാണ്‌? നോറ്റുവീട്ടാതെ പ്രായശ്ചിത്തം ചെയ്യേണ്ടവര്‍ ആരെല്ലാം?

കെ കെ ഫിറോസ്‌ കൊച്ചി .

രോഗികള്‍ക്കും യാത്രക്കാര്‍ക്കും നോമ്പ്‌ ഉപേക്ഷിക്കാന്‍ അനുവാദമുണ്ട്‌. കടുത്തരോഗവും ഏറെ ക്ഷീണമുണ്ടാക്കുന്ന യാത്രയുമാണെങ്കില്‍ ശരീരത്തിന്‌ അപകടമുണ്ടാക്കും വിധം നോമ്പെടുക്കുന്നത്‌ കുറ്റകരമാകുന്നു. രോഗികള്‍ സുഖം പ്രാപിച്ച ശേഷവും യാത്രക്കാര്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷവും വിട്ടുപോയ നോമ്പുകള്‍ നോറ്റുവീട്ടേണ്ടതുണ്ട്‌. രോഗം സുഖമാകുമെന്ന പ്രതീക്ഷയില്ലാത്ത രോഗികള്‍ ഓരോ നോമ്പിനും പകരം ഓരോ അഗതിക്ക്‌ ആഹാരം നല്‌കി പ്രായശ്ചിത്തം ചെയ്യുകയാണ്‌ വേണ്ടത്‌.

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്‌ത്രീകള്‍ക്കും നോമ്പ്‌ ഉപേക്ഷിക്കാവുന്നതാണ്‌. അവര്‍ നോറ്റുവീട്ടേണ്ടതില്ല; പ്രായശ്ചിത്തം ചെയ്‌താല്‍ മതി എന്ന്‌ ഇബ്‌നുഉമര്‍, സഈദുബ്‌നു ജുബൈര്‍ എന്നീ സ്വഹാബികള്‍ പറഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. അവര്‍ നോറ്റുവീട്ടുകയും പ്രായശ്ചിത്തം ചെയ്യുകയും വേണമെന്നാണ്‌ ഇമാം ശാഫിഈ, അഹ്‌മദ്‌(റ) എന്നിവരുടെ അഭിപ്രായം. പ്രായശ്ചിത്തം വേണ്ട; നോറ്റുവീട്ടിയാല്‍ മതി എന്നാണ്‌ ഹനഫികളുടെ വീക്ഷണം; വാര്‍ധക്യസഹജമായ അവശതകളുള്ളവര്‍ നോമ്പുപേക്ഷിച്ച്‌ പ്രായശ്ചിത്തം ചെയ്യുകയാണ്‌ വേണ്ടത്‌.

ആര്‍ത്തവവും പ്രസവാനന്തര രക്തസ്രാവവുമുള്ള സ്‌ത്രീകള്‍ക്ക്‌ നോമ്പനുഷ്‌ഠിക്കാന്‍ പാടില്ല. അവര്‍ അതിന്നുപകരം ശുദ്ധിയുള്ള അവസരത്തില്‍ നോമ്പനുഷ്‌ഠിക്കുകയാണ്‌ വേണ്ടത്‌. പകല്‍സമയത്ത്‌ കഠിനമായ ശാരീരികാധ്വാനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്കും നോമ്പ്‌ ഉപേക്ഷിക്കാവുന്നതാണെന്ന്‌ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ആ ജോലി വേണ്ടെന്ന്‌ വെച്ചാല്‍ മറ്റൊരു ഉപജീവനമാര്‍ഗവും കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക്‌ മാത്രമേ നിര്‍ബന്ധിതാവസ്ഥയുടെ ആനുകൂല്യത്തിന്‌ അര്‍ഹതയുണ്ടാവുകയുള്ളൂ.

അത്താഴവും നോമ്പുതുറയുംനോമ്പുകാരന്റെ രാത്രിയിലെ ഭക്ഷണം സംബന്ധിച്ച നബിചര്യ എപ്രകാരമാണ്‌? നോമ്പ്‌ തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും ഏറ്റവും ചുരുങ്ങിയ ഭക്ഷണം മാത്രം കഴിക്കുന്നതാണോ പുണ്യകരം? അത്താഴത്തിന്റെ ശരിയായ സമയം എപ്പോഴാണ്‌?

പി പി ആശിഖ്‌, എറണാകുളം .

സുബ്‌ഹിന്റെ അല്‌പം മുമ്പ്‌ അത്താഴം കഴിക്കുകയും സൂര്യന്‍ അസ്‌തമിച്ചാല്‍ ഉടനെ നോമ്പുതുറക്കുകയുമാണ്‌ നബിചര്യ. അതിന്നിടയില്‍ (രാത്രിയില്‍) എപ്പോഴൊക്കെ ഭക്ഷണം കഴിക്കണമെന്ന കാര്യത്തില്‍ പ്രത്യേകിച്ച്‌ നിര്‍ദേശമൊന്നുമില്ല. അത്താഴം കഴിക്കാന്‍ നബി(സ) പ്രേരിപ്പിച്ചിട്ടുണ്ട്‌. അത്‌ അനുഗൃഹീതമായ ഭക്ഷണമാണെന്ന്‌ പഠിപ്പിച്ചിട്ടുമുണ്ട്‌. നബി(സ)യുടെ അത്താഴത്തിനും സുബ്‌ഹ്‌ നമസ്‌കാരത്തിനും ഇടയില്‍ അമ്പത്‌ ആയത്ത്‌ ഓതാനുള്ള സമയമേ ഉണ്ടായിരുന്നുള്ളൂവെന്ന്‌ സൈദുബ്‌നുസാബിതി(റ)ല്‍ നിന്ന്‌ ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അത്താഴമോ നോമ്പുതുറക്കുന്ന ഭക്ഷണമോ തീരെ ചുരുങ്ങിയതായിരിക്കണമെന്ന്‌ നബി(സ) നിര്‍ദേശിച്ചിട്ടില്ല. അത്താഴം ആവശ്യത്തിന്‌ കഴിച്ചുകൊള്ളാന്‍ അവിടുന്ന്‌ നിര്‍ദേശിച്ചതായിത്തന്നെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. സമയമായാല്‍ ഒട്ടും വൈകാതെ നോമ്പുതുറക്കുന്നതാണ്‌ ഏറ്റവും ഉത്തമമെന്ന്‌ വ്യക്തമാക്കുന്ന ഒന്നിലേറെ ഹദീസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. നോമ്പ്‌ അവസാനിപ്പിക്കുന്നത്‌ ഈന്തപ്പഴമോ വെള്ളമോ കഴിച്ചുകൊണ്ടായിരിക്കലാണ്‌ ഉത്തമമെന്ന്‌ റസൂല്‍(സ) പഠിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ അതിനുശേഷം എന്തൊക്കെ ഭക്ഷണങ്ങള്‍ എത്രത്തോളം കഴിക്കണമെന്ന്‌ അവിടുന്ന്‌ നിഷ്‌കര്‍ഷിച്ചിട്ടില്ല. അമിതഭോജനം വിശുദ്ധ ഖുര്‍ആനില്‍ വിലക്കിയിട്ടുണ്ട്‌.

ആദ്യം കഴിക്കേണ്ടത്‌ കാരയ്‌ക്കയോ വെള്ളമോ?


നോമ്പു തുറക്കുമ്പോള്‍ വെള്ളമാണോ കാരയ്‌ക്കയാണോ കൂടുതല്‍ പുണ്യകരം?


പി അന്‍വര്‍ സാദത്ത്‌, വയനാട്‌ .

സുലൈമാനുബ്‌നു ആമിര്‍(റ) പറയുന്നു: നബി(സ) പറഞ്ഞു: “നിങ്ങളോരോരുത്തരും നോമ്പ്‌ തുറക്കുന്നത്‌ ഈത്തപ്പഴം കൊണ്ടായിരിക്കണം. അത്‌ കിട്ടാനില്ലെങ്കില്‍ വെള്ളംകൊണ്ട്‌ നോമ്പ്‌ തുറക്കാം. അത്‌ ശുദ്ധീകരണക്ഷമമത്രെ” (അബൂദാവൂദ്‌, തിര്‍മിദി, നസാഈ, ഇബ്‌നുമാജ, അഹ്മദ്‌). നോമ്പ്‌ തുറക്കുമ്പോള്‍ ഏറ്റവുമാദ്യമായി ഈത്തപ്പഴം കഴിക്കുന്നതാണ്‌ ഏറ്റവും ശ്രേഷ്‌ഠമെന്നത്രെ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. ഈ ഹദീസില്‍ തംറ്‌ എന്ന അറബി പദമാണ്‌ പ്രയോഗിച്ചിട്ടുള്ളത്‌. ഇതിന്‌ പലരും കാരയ്‌ക്ക എന്നാണ്‌ അര്‍ഥം പറയാറുള്ളതെങ്കിലും ഉണക്കി ജലാംശം തീര്‍ത്തും വറ്റിച്ചതിന്‌ മാത്രമല്ല ഈത്തപ്പഴം എന്ന പേരില്‍ വിപണനം ചെയ്യപ്പെടുന്ന പഴുത്തുപാകമായ പഴത്തിനും അറബികള്‍ തംറ്‌ എന്നുതന്നെയാണ്‌ പറയുന്നത്‌. നോമ്പ്‌ തുറക്കാന്‍ അതും ഉപയോഗിക്കാവുന്നതാണ്‌. കടിച്ചു ചവയ്‌ക്കാന്‍ പ്രയാസമുള്ള ഉറപ്പേറിയ കാരയ്‌ക്ക നോമ്പ്‌ തുറക്കാന്‍ കൂടുതല്‍ വിശേഷപ്പെട്ടതാണെന്നതിന്‌ പ്രത്യേക തെളിവൊന്നുമില്ല.

മണ്ണ്‌ മന്ത്രിച്ചിടല്‍മയ്യിത്ത്‌ മറവ്‌ ചെയ്യുന്ന സന്ദര്‍ഭത്തില്‍ മണ്ണു വാരി അതില്‍ മന്ത്രിച്ചൂതിയ ശേഷം ഖബ്‌റിലേക്ക്‌ ഇടുന്ന ഒരു ആചാരം കാണാനിടയായി. ഖബ്‌റിലേക്ക്‌ വാരിയിടുന്ന മണ്ണില്‍ മന്ത്രിച്ച്‌ ഊതുന്നതിന്‌ നബിചര്യയില്‍ തെളിവുണ്ടോ?

വാരിസ്‌ തലശ്ശേരി .

ഇല്ല, ഖുര്‍ആനിലോ ഹദീസിലോ മണ്ണില്‍ മന്ത്രിച്ച്‌ ഊതാനുള്ള നിര്‍ദേശമില്ല. നബി(സ)യോ സ്വഹാബികളോ അപ്രകാരം ചെയ്‌തതായി വിശ്വസനീയമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. അടിസ്ഥാനമില്ലാത്ത ആചാരങ്ങള്‍ വര്‍ധിപ്പിക്കുന്നത്‌ പരേതനോട്‌ കൂടുതല്‍ സ്‌നേഹവും ബഹുമാനവും ഉണ്ടെന്നതിന്‌ തെളിവായി ഗണിക്കപ്പെടുമെന്നാണ്‌ ചിലര്‍ കരുതുന്നത്‌.

അഹ്‌മദിയാക്കളും മുസ്‌ലിംകളും

അഹ്മദിയ്യാക്കളില്‍ (ഖാദിയാനി) പെട്ടവര്‍ക്കു കുടുംബാംഗങ്ങളോ മറ്റുള്ളവരോ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിക്കുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്‌? മതനിയമങ്ങള്‍ക്കനുസൃതമായി നിര്‍വഹിക്കപ്പെടുന്ന വിവാഹം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളില്‍ മുസ്‌ലിംകള്‍ക്ക്‌ അവരോടുള്ള നിലപാട്‌ എന്തായിരിക്കണം?


റുദൈഫുസ്സലാം, വെണ്ണാലൂര്‍ .

മുഹമ്മദ്‌നബി(സ) അന്തിമ പ്രവാചകനാണെന്ന്‌ വിശുദ്ധ ഖുര്‍ആനിലും അദ്ദേഹത്തിന്‌ ശേഷം മറ്റൊരു പ്രവാചകനുമില്ലെന്ന്‌ പ്രാമാണികമായ ഹദീസുകളിലും വ്യക്തമാക്കിയിട്ടുള്ളതിന്‌ വിരുദ്ധമായി മീര്‍സാ ഗുലാം അഹ്മദ്‌ എന്നയാള്‍ പ്രവാചകനാണെന്ന്‌ വിശ്വസിക്കുന്നവരാണ്‌ ഖാദിയാനികള്‍. ഇക്കാരണത്താല്‍ അവരെ മുസ്‌ലിംകളായി ഗണിക്കാന്‍ പറ്റില്ലെന്നാണ്‌ മുസ്‌ലിംലോകത്തെ പ്രമുഖ പണ്ഡിതന്മാരെല്ലാം അഭിപ്രായപ്പെട്ടിട്ടുള്ളത്‌. അതിനാല്‍ അവരുടെ പേരില്‍ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിക്കാവുന്നതല്ല. ഒരു മുസ്‌ലിംസ്‌ത്രീയെ ഒരു ഖാദിയാനിക്ക്‌ നികാഹ്‌ ചെയ്‌തുകൊടുക്കാവുന്നതുമല്ല. ഇസ്‌ലാമിലെ അനന്തരാവകാശ നിയമവും മുസ്‌ലിംകള്‍ക്ക്‌ മാത്രം ബാധകമായിട്ടുള്ളതാണ്‌.

ഫസ്‌ഖ്‌ ചെയ്‌ത സ്‌ത്രീ ഇദ്ദ ആചരിക്കണമോ?എട്ടു വര്‍ഷമായി ഭര്‍ത്താവ്‌ ബന്ധപ്പെടുകയോ ചെലവിന്‌ കൊടുക്കുകയോ ചെയ്യാത്തതിന്റെ പേരില്‍ ഒരു സ്‌ത്രീ വിവാഹം ഫസ്‌ഖ്‌ ചെയ്‌തിരിക്കുകയാണ്‌. അവള്‍ക്ക്‌ ഇപ്പോള്‍ ഒരു വിവാഹാലോചന വന്നിട്ടുണ്ട്‌. അതിന്‌ ഇദ്ദ കഴിയുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടോ? ഒരു സുന്നീപണ്ഡിതന്‍ പറഞ്ഞത്‌ ഇദ്ദ കഴിയാതെ വിവാഹം കഴിക്കാന്‍ പാടില്ലെന്നാണ്‌. അതിന്‌ ഖുര്‍ആനിന്റെയോ ഹദീസിന്റെയോ പിന്‍ബലമുണ്ടോ?


പി കെ മുഹമ്മദ്‌ സലീം, തിരൂര്‍ .

ഫസ്‌ഖിന്‌ ആധാരമായ തെളിവ്‌, തന്റെ പിതാവ്‌ തനിക്ക്‌ ഇഷ്‌ടമില്ലാത്ത ഒരാള്‍ക്ക്‌ തന്നെ വിവാഹം ചെയ്‌തു കൊടുത്തിരിക്കുകയാണെന്ന്‌ ഖന്‍സാഅ്‌ എന്ന സ്വഹാബി വനിത പരാതിപ്പെട്ടതിനെത്തുടര്‍ന്ന്‌ റസൂല്‍(സ) ആ വിവാഹം റദ്ദാക്കിയ സംഭവമാണ്‌. ഇത്‌ പ്രബലമായ ഹദീസിലുള്ളതാണ്‌. ഖന്‍സാഇനോട്‌ നബി(സ) ഇദ്ദ ആചരിക്കാന്‍ കല്‌പിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം ആ വനിതക്ക്‌ സ്വയം വിവാഹം റദ്ദാക്കാന്‍ നബി(സ) അനുവാദം നല്‌കുകയല്ല ഉണ്ടായത്‌ എന്നതാണ്‌. മുസ്‌ലിം സമൂഹത്തിന്റെ നേതാവ്‌ എന്ന നിലയില്‍ റസൂല്‍(സ) ആ വിവാഹം റദ്ദാക്കുകയാണുണ്ടായത്‌. നമ്മുടെ നാട്ടില്‍ ചില ആളുകള്‍ വിചാരിക്കുന്നതുപോലെ ഭാര്യക്ക്‌ സ്വന്തം നിലയില്‍ വിവാഹബന്ധം റദ്ദാക്കാവുന്നതല്ല. ഇന്നത്തെ സാഹചര്യത്തില്‍ ഖാദ്വിക്കും കോടതിക്കും മാത്രമാണ്‌ ഫസ്‌ഖ്‌ ചെയ്‌ത്‌ വിവാഹം റദ്ദാക്കാന്‍ അധികാരമുള്ളത്‌. ഇങ്ങനെ നിയമാനുസൃതം വിവാഹം റദ്ദാക്കിയാല്‍ ഭാര്യ ഇദ്ദ ആചരിക്കണം, അഥവാ പുനര്‍വിവാഹത്തിന്‌ മുമ്പ്‌ മൂന്ന്‌ മാസമുറക്കാലം കാത്തിരിക്കണം എന്നതിന്‌ ഖണ്ഡിതമായ തെളിവൊന്നുമില്ല. ഭര്‍ത്താവ്‌ മൊഴിചൊല്ലുകയോ ഭര്‍ത്താവ്‌ മരിക്കുകയോ ചെയ്‌താല്‍ ഭാര്യ ഇദ്ദ ആചരിക്കണമെന്നേ ഖുര്‍ആനിലും ഹദീസിലും പറഞ്ഞിട്ടുള്ളൂ.

ഇദ്ദ: കൊണ്ട്‌ പ്രധാനമായി രണ്ടു കാര്യങ്ങളാണ്‌ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. ബന്ധം പുന:സ്ഥാപിക്കപ്പെടാന്‍ സാധ്യതയുണ്ടോ എന്ന്‌ നോക്കുകയും വിവാഹമുക്തയായ ഭാര്യ മൊഴിചൊല്ലിയ ഭര്‍ത്താവിനാല്‍ ഗര്‍ഭിണിയായിട്ടില്ല എന്ന്‌ ഉറപ്പ്‌ വരുത്തുകയും. ദീര്‍ഘകാലം അകന്നുനിന്ന ശേഷം വിവാഹം ഫസ്‌ഖ്‌ ചെയ്യുന്ന സാഹചര്യത്തില്‍ ഈ രണ്ടു കാര്യങ്ങള്‍ക്കും പ്രസക്തിയില്ല. ഇദ്ദ: നിര്‍ബന്ധമാണെന്ന്‌ പറയുന്ന പണ്ഡിതന്മാര്‍ ഫസ്‌ഖും ത്വലാഖും സമാനമാണെന്ന്‌ വാദിച്ചുകൊണ്ടാണ്‌ രണ്ടിനും ഒരേ വിധി ബാധകമാക്കുന്നത്‌.

ഖുത്വ്‌ബയും സ്വലാത്തും

ജുമുഅ ഖുത്വ്‌ബയുടെ അര്‍കാനുകളില്‍ സാധാരണയായി ഹംദും സ്വലാത്തും തഖ്വാ കൊണ്ടുള്ള വസ്വിയ്യത്തും നടത്തിവരാറാണല്ലോ പതിവ്‌. എന്നാല്‍ ഇതില്‍ നബി(സ)യുടെ പേരില്‍ സ്വലാത്ത്‌ ചൊല്ലേണ്ടതില്ലെന്നും അങ്ങനെ ചെയ്യുന്നത്‌ ബിദ്‌അത്താണെന്നും ഒരു ഖുത്വ്‌ബയില്‍ കേള്‍ക്കാനിടയായി. ഖുത്വ്‌ബയിലും മറ്റു പ്രസംഗങ്ങളിലും നബിയുടെ പേരില്‍ സ്വലാത്ത്‌ ചൊല്ലുന്നത്‌ ബിദ്‌അത്താണോ? നബി(സ)യുടെ ഖുത്വ്‌ബയില്‍ നബി എങ്ങനെയായിരുന്നു ചെയ്‌തിരുന്നത്‌. നബി(സ) സ്വന്തം പേരില്‍ സ്വലാത്ത്‌ ചൊല്ലുക എന്നത്‌ അനൗചിത്യമല്ലേ?ശഫീഖ്‌ അലി, ഒതായി.


ഖുത്വ്‌ബയുടെ റുക്‌നുകള്‍ അഥവാ ഫര്‍ദ്വുകള്‍ എന്ന പദപ്രയോഗം നബി(സ)യില്‍ നിന്ന്‌ ഉദ്ധരിക്കപ്പെട്ടിട്ടില്ല. എല്ലാ ഖുത്വ്‌ബയിലും നബി(സ) ഉള്‍പ്പെടുത്തിയിരുന്ന കാര്യങ്ങളെ പില്‌ക്കാല പണ്ഡിതന്മാരാണ്‌ റുക്‌നുകള്‍ എന്ന്‌ വിശേഷിപ്പിച്ചത്‌. ഖുത്വ്‌ബയുടെ തുടക്കത്തില്‍ ഹംദും ശഹാദത്ത്‌ കലിമയും നബി(സ) ഒഴിവാക്കാറുണ്ടായിരുന്നില്ലെന്ന്‌ ചില ഹദീസുകളില്‍ നിന്ന്‌ വ്യക്തമാകുന്നുണ്ട്‌. എന്നാല്‍ ജുമുഅ ഖുത്വ്‌ബയുടെ ആരംഭത്തില്‍ നബി(സ) സ്വലാത്ത്‌ ചൊല്ലുകയോ ചൊല്ലാന്‍ കല്‌പിക്കുകയോ ചെയ്‌തതായി പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. എങ്കിലും വിശുദ്ധ ഖുര്‍ആനിലെ 33:56 സൂക്തത്തില്‍ അല്ലാഹു കല്‌പിച്ചിട്ടുള്ള സ്വലാത്ത്‌, ഖുത്വ്‌ബ തുടങ്ങുമ്പോള്‍ ചൊല്ലുന്നത്‌ ബിദ്‌അത്താണെന്ന്‌ പറയാവുന്നതല്ലെന്നാണ്‌ ‘മുസ്‌ലിം’ കരുതുന്നത്‌. സ്വലാത്ത്‌ ഏതെങ്കിലും സന്ദര്‍ഭത്തില്‍ വര്‍ജിക്കേണ്ടതാണെന്ന്‌ അല്ലാഹുവോ റസൂലോ പഠിപ്പിച്ചിട്ടില്ല. നബി(സ)യുടെ മേല്‍ കാരുണ്യം ചൊരിയാന്‍ അല്ലാഹുവോട്‌ പ്രാര്‍ഥിക്കുകയാണ്‌ സ്വലാത്ത്‌. അല്ലാഹുവേ, എന്റെ മേല്‍ കരുണ ചൊരിയണമേ എന്നോ മുഹമ്മദിന്റെ മേല്‍ കരുണ ചൊരിയണമേ എന്നോ നബി(സ) പ്രാര്‍ഥിച്ചാല്‍ അതില്‍ അസാംഗത്യമൊന്നുമില്ല.

നബി(സ)യുടെ അവസാന വാക്ക്‌

“അവസാന വാക്യം ലാഇലാഹ... ആവുന്നത്‌ ശുഭലക്ഷണമായി പഠിപ്പിച്ച തിരുമേനി, അതു ചൊല്ലാതെ പകരം ‘റഫീഖുല്‍ അഅ്‌ലാ’ എന്നു പറഞ്ഞ്‌ മരിച്ചതില്‍ യുക്തി സാധ്യതകള്‍ പലതുണ്ട്‌.” (സുന്നിവോയ്‌സ്‌ -2009, മാര്‍ച്ച്‌) നബി(സ) മരണസമയത്ത്‌ അവസാനമായി പറഞ്ഞത്‌ മേല്‍ വാചകമാണെന്ന്‌ ആഇശ(റ) പറയുന്നതായി ഇതില്‍ എഴുതുന്നു. എത്രമാത്രം സത്യമുണ്ട്‌?


ശൗക്കത്തലി, ചങ്ങരംകുളം.


വല്ലവന്റെയും അവസാനത്തെ വാക്ക്‌ ലാഇലാഹ ഇല്ലല്ലാഹു എന്നായാല്‍ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും എന്ന്‌ നബി(സ) പറഞ്ഞതായി അഹ്മദ്‌, അബൂദാവൂദ്‌ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. സഹീഹു മുസ്‌ലിമിലും മറ്റുമുള്ള കൂടുതല്‍ പ്രബലമായ റിപ്പോര്‍ട്ടുകളില്‍ ലാഇലാഹ ഇല്ലല്ലാഹ്‌ എന്ന യാഥാര്‍ഥ്യം ബോധ്യമുള്ളവനായ നിലയില്‍ മരിച്ചാല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും എന്നാണുള്ളത്‌. ഇത്‌ പ്രകാരം അവസാനത്തെ വാക്ക്‌ ലാഇലാഹ ഇല്ലല്ലാഹ്‌ എന്നാകണമെന്നില്ല. തൗഹീദ്‌ എന്ന ആശയം മുറുകെ പിടിച്ചുകൊണ്ട്‌ ജീവിക്കുകയും മരിക്കുകയും ചെയ്യണം എന്നേയുള്ളൂ.


ആഇശ(റ)യില്‍ നിന്ന്‌ ബുഖാരിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസനുസരിച്ച്‌ റഫീഖുല്‍ അഅ്‌ലാ എന്ന്‌ മാത്രമായിരുന്നില്ല അല്ലാഹുമ്മ ഫിര്‌റഫീഖില്‍ അഅ്‌ലാ എന്നായിരുന്നു നബി(സ)യുടെ അവസാനത്തെ വാക്ക്‌. “അല്ലാഹുവേ, എന്നെ ഉന്നതരായ കൂട്ടുകാരില്‍ ഉള്‍പ്പെടുത്തണമേ” എന്നാണ്‌ ഇതിന്റെ അര്‍ഥം. പ്രവാചകന്മാര്‍, സത്യസന്ധര്‍, രക്തസാക്ഷികള്‍, സച്ചരിതര്‍ എന്നിവര്‍ നല്ല കൂട്ടുകാരാണെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 4:69 സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. പ്രവാചകന്മാരാണ്‌ ഇവരില്‍ ഉന്നത സ്ഥാനീയര്‍. മരണാനന്തര ജീവിതത്തില്‍ അവരോടൊപ്പം സ്ഥാനം നല്‌കാനാണ്‌ അല്ലാഹുവോട്‌ നേരിട്ട്‌ നബി(സ) അവസാനമായി പ്രാര്‍ഥിച്ചത്‌. ഇതില്‍ സൃഷ്‌ടികളോട്‌ പ്രാര്‍ഥിക്കലോ സൃഷ്‌ടികളെ മധ്യവര്‍ത്തികളാക്കി പ്രാര്‍ഥിക്കലോ ഇല്ല. സുന്നീ ലേഖകന്‍ അല്ലാഹുമ്മ എന്ന പദം ഒഴിവാക്കിയത്‌ നബി(സ) സമസ്‌തക്കാരുടെ കൂട്ടത്തില്‍ ചേര്‍ന്ന്‌ ഇസ്‌തിഗാസയോ തവസ്സുലോ നടത്തിയിട്ടുണ്ട്‌ എന്ന്‌ പൊഹ പരത്താന്‍ വേണ്ടിയായിരിക്കാം.

ഹദീസിന്റെ പ്രാമാണികതയും ചില സംശയങ്ങളും

ചില സ്വഹാബികളുടെ ജനനമരണങ്ങള്‍, നബി(സ)യുടെ തന്നെ ജനനവും മരണവും, ഇസ്‌റാഅ്‌, മിഅ്‌റാജ്‌ പോലെയുള്ള ചില പ്രധാന സംഭവങ്ങള്‍ തുടങ്ങിയവയുടെ കാലഗണന, ഹദീസ്‌ റിപ്പോര്‍ട്ടുകളില്‍ കാണുന്ന പദവ്യത്യാസം, ഹദീസ്‌ പ്രാമാണികതയെക്കുറിച്ച്‌ ഹദീസ്‌ പണ്ഡിതന്മാരുടെ അഭിപ്രായഭേദങ്ങള്‍ എന്നിവയൊക്കെ ഹദീസിന്റെ സ്വീകാര്യത സംബന്ധിച്ച്‌ സംശയമുളവാക്കുന്നില്ലേ? ഇതൊക്കെ ഉണ്ടായിരിക്കെ ഹദീസ്‌ ഖണ്ഡിതമായ തെളിവാണെന്ന്‌ എങ്ങനെ പറയാന്‍ കഴിയും?


അബൂനാജിയ, ഷാര്‍ജ.


ഒരു പ്രശസ്‌ത മലയാള കവിയുടെ ജനന തിയ്യതിയോ ചരമദിനമോ ജനന-മരണ സ്ഥലങ്ങളോ സംബന്ധിച്ച്‌ വല്ല കാരണത്താലും ആര്‍ക്കെങ്കിലും അഭിപ്രായഭേദമുണ്ടായാലും അദ്ദേഹത്തിന്റെ കവിതയുടെ മൗലികതയെ അത്‌ ബാധിക്കുകയില്ല. ഇതുപോലെ ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെ ജന്മദിനവും ചരമദിനവും സംബന്ധിച്ച്‌ ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായഭേദം ഉണ്ടായാലും അദ്ദേഹം ഉദ്ധരിച്ച നബിവചനത്തിന്റെ വിശ്വാസ്യതയെ അത്‌ ബാധിക്കുകയില്ല. കാരണം അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ പ്രാമാണികതയ്‌ക്ക്‌ ആധാരം അദ്ദേഹത്തിന്റെ സത്യസന്ധതയും ആദര്‍ശപ്രതിബദ്ധതയും സംബന്ധിച്ച ബോധ്യമാകുന്നു.


നബിചര്യ അഥവാ പ്രവാചക തിരുമേനിയുടെ വാക്കും പ്രവൃത്തിയും അംഗീകാരവുമാണ്‌ ഇസ്‌ലാമിലെ രണ്ടാം പ്രമാണം. ജനനവും മരണവും ചര്യയുടെ പരിധിയില്‍ പെടുന്ന കാര്യങ്ങളല്ല. മുഹമ്മദ്‌ നബി(സ)യുടെ പ്രവാചകത്വത്തില്‍ വിശ്വസിക്കുന്ന ഏതൊരാളെ സംബന്ധിച്ചേടത്തോളവും അദ്ദേഹത്തിന്റെ ചര്യ അനുകരണീയവും മാതൃകായോഗ്യവുമായിരിക്കും. ജനനമരണത്തിയ്യതികള്‍ ഉറപ്പായി അറിയുക എന്നത്‌ ഇതിന്‌ അനിവാര്യമായ ഉപാധിയല്ല. കലണ്ടര്‍ ഉപയോഗിക്കാതിരുന്ന, തിയ്യതികള്‍ എഴുതിവെക്കാറില്ലായിരുന്ന സ്വഹാബികള്‍ ഇസ്‌റാഉം മിഅ്‌റാജും റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോള്‍ നല്‌കിയ സമയവിവരണത്തില്‍ വ്യത്യാസം വന്നുപോയതുകൊണ്ട്‌ ആ സംഭവങ്ങള്‍ ശരിയല്ലെന്ന്‌ വരുന്നില്ല.


എല്ലാ ഹദീസുകളും ഒരുപോലെ അനിഷേധ്യ പ്രമാണമാണെന്നല്ല പൂര്‍വിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത്‌. സ്വഹാബികള്‍ മുതല്‍ ഹദീസ്‌ ഗ്രന്ഥകാരന്മാര്‍ വരെ റിപ്പോര്‍ട്ടര്‍മാര്‍ മുഴുവന്‍ സത്യസന്ധരായി അറിയപ്പെട്ടിട്ടുണ്ടെങ്കിലേ അവര്‍ ഹദീസുകള്‍ക്ക്‌ പ്രാമാണികത കല്‌പിച്ചിരുന്നുള്ളൂ. ചില ഹദീസുകളുടെ നിവേദക പരമ്പരയില്‍ സത്യസന്ധരാണോ, അല്ലേ എന്ന്‌ സംശയമുള്ള ചിലര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാവുന്നതാണ്‌. സത്യസന്ധരെന്ന്‌ ചില നിരൂപകര്‍ അഭിപ്രായപ്പെട്ട റിപ്പോര്‍ട്ടര്‍ മറ്റു നിരൂപകരുടെ വീക്ഷണത്തില്‍ അയോഗ്യനാണെന്നും വരാം. നിവേദകപരമ്പര പ്രബലമാണോ, അല്ലേ എന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാകാന്‍ ഇതൊക്കെയാണ്‌ കാരണം. സത്യസന്ധത സംശയാതീതമായിട്ടുള്ളവരുടെ റിപ്പോര്‍ട്ടിന്‌ മാത്രമേ ആധികാരികത കല്‌പിക്കേണ്ടതുള്ളൂ.

മഹ്‌റും വിവാഹവും

രക്തം, ആന്തരികാവയവം, സേവനം, അറിവ്‌, ആശയം, ബൗദ്ധിക സ്വത്ത്‌, പകര്‍പ്പവകാശം എന്നിവ മഹ്‌റായി പരിഗണിക്കാമോ? മഹ്രര്‍ മൂല്യം എന്തായിരിക്കണം? എയ്‌ഡ്‌സ്‌, എബോള പോലുള്ള മാരകരോഗ, പകര്‍ച്ചവ്യാധി ബാധിതര്‍ക്ക്‌ വിവാഹബന്ധം അനുവദനീയമാണോ? യൗവനം പിന്നിട്ട അവിവാഹിതരുടെ അവിഹിത ബന്ധങ്ങളില്‍ സമൂഹം ഏതു വിധത്തില്‍ ഉത്തരവാദികളാണ്‌?

അലക്‌സ്‌ അബ്ബാസ്‌, കൊല്ലം-പരവൂര്‍.


വിവാഹവേളയില്‍ വരന്‍ വധുവിന്‌ നിര്‍ബന്ധമായി നല്‌കേണ്ട സമ്മാനമാണ്‌ മഹ്രര്‍ എന്നത്രെ വിവിധ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌. വധു ഇഷ്‌ടപ്പെടുന്നതും മൂല്യമുള്ളതുമായ എന്തും മഹ്‌റായി നല്‌കാം എന്നത്രെ പ്രാമാണികമായ ഹദീസുകളില്‍ നിന്ന്‌ മനസ്സിലാക്കാവുന്നത്‌. മഹ്രര്‍ നല്‌കാന്‍ ഒരു ഇരുമ്പ്‌ മോതിരമെങ്കിലും കിട്ടുമോ എന്ന്‌ നോക്കാന്‍ നബി(സ) ഒരു അനുചരനോട്‌ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. വരന്‌ അറിയാവുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ വധുവിനു പഠിപ്പിച്ചു കൊടുക്കുക എന്നത്‌ മഹ്‌റായി നിശ്ചയിച്ചുകൊണ്ടുള്ള ഒരു വിവാഹം നബി(സ)യുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടതായി പ്രബലമായ ഹദീസില്‍ കാണാം. സേവനവും മഹ്‌റാകാമെന്നാണ്‌ ഇതില്‍ വ്യക്തമാകുന്നത്‌.


മഹ്‌റിന്റെ കൂടിയ മൂല്യം ഇത്രയേ ആകാവൂ എന്ന്‌ അല്ലാഹുവോ റസൂലോ(സ) നിര്‍ണയിച്ചിട്ടില്ല. അതുപോലെ തന്നെ ഏറ്റവും ചുരുങ്ങിയ മഹ്രര്‍ ഇത്രയായിരിക്കണമെന്നും നിര്‍ണയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ മഹ്രര്‍ എത്ര വേണമെന്ന്‌ സ്‌ത്രീയോ അവള്‍ക്കുവേണ്ടി രക്ഷിതാവോ ആവശ്യപ്പെടുന്നതില്‍ തെറ്റില്ല. മഹ്രര്‍ വരന്റെ ബാധ്യതയും വധുവിന്റെ അവകാശവുമാണ്‌. ``സ്‌ത്രീകള്‍ക്ക്‌ അവരുടെ വിവാഹമൂല്യങ്ങള്‍ മനസ്സംതൃപ്‌തിയോടുകൂടി നിങ്ങള്‍ നല്‌കുക. ഇനി അതില്‍ നിന്ന്‌ വല്ലതും സന്മനസ്സോടെ അവര്‍ വിട്ടുതരുന്ന പക്ഷം നിങ്ങളത്‌ സന്തോഷപൂര്‍വം സുഖമായി ഭക്ഷിച്ചുകൊള്ളുക.'' (വി.ഖു. 4:4)


പകര്‍ച്ചവ്യാധികളുള്ളവര്‍ വിവാഹം കഴിക്കുന്നത്‌ നിഷിദ്ധമാണെന്ന്‌ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ പറഞ്ഞിട്ടില്ല. എന്നാല്‍ ഇതരരെ വഞ്ചിക്കാനോ അവര്‍ക്ക്‌ ദ്രോഹം ചെയ്യാനോ പാടില്ല എന്ന ഇസ്‌ലാമിക നിയമം ഈ വിഷയത്തില്‍ പ്രസക്തമായിരിക്കും. ഒരു എയ്‌ഡ്‌സ്‌ രോഗി രോഗം മറച്ചുവെച്ചുകൊണ്ട്‌ വിവാഹം കഴിക്കുകയാണെങ്കില്‍ അത്‌ ജീവിതപങ്കാളിയെ വഞ്ചിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന നടപടിയായിരിക്കും. എന്നാല്‍ പകര്‍ച്ചവ്യാധി ചികിത്സിച്ചു മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ഉഭയ സമ്മതപ്രകാരം വിവാഹം നടത്തുന്നതില്‍ തെറ്റില്ല.


അവിവാഹിതരെ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുത്തേണ്ടത്‌ അവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിന്റെ ബാധ്യതയാണെന്നത്രെ വിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌. ``നിങ്ങളിലുള്ള അവിവാഹിതരെയും നിങ്ങളുടെ അടിമകളില്‍ നിന്നും അടിമ സ്‌ത്രീകളില്‍ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുത്തണം. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന്‌ അവര്‍ക്ക്‌ ഐശ്വര്യം നല്‌കുന്നതാണ്‌. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വജ്ഞനുമത്രെ'' (വി.ഖു 24:32). ചെറുപ്പക്കാര്‍ അവിവാഹിതരായി തുടരുന്നത്‌ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനാസ്ഥ കൊണ്ടാണെങ്കില്‍ അവരുടെ സദാചാരഭ്രംശത്തിന്‌ ഇവരും ഉത്തരവാദികളായിരിക്കും.

പുരുഷനും ബുര്‍ഖയോ?

അന്യപുരുഷനെ അന്യസ്‌ത്രീ നോക്കുന്നതും അന്യസ്‌ത്രീയെ അന്യ പുരുഷന്‍ നോക്കുന്നതും ഹറാമാണല്ലോ. ഔറത്ത്‌ മറക്കാന്‍ സ്‌ത്രീകള്‍ ബുര്‍ഖ ധരിക്കുന്നുമുണ്ട്‌. എന്നാല്‍ അന്യസ്‌ത്രീകള്‍ പുരുഷനെ കാണാതിരിക്കാന്‍ പുരുഷനും ബുര്‍ഖ ധരിക്കേണ്ടതല്ലേ?


മുഹമ്മദ്‌ ഹനീഫ, കൊടിഞ്ഞി.

ദൃഷ്‌ടികള്‍ താഴ്‌ത്താന്‍ അഥവാ മോഹത്തോടെയുള്ള നോട്ടം ഒഴിവാക്കാന്‍ വിശുദ്ധഖുര്‍ആനില്‍ ആദ്യമായി കല്‌പിച്ചിട്ടുള്ളത്‌ പുരുഷന്മാരോടാണ്‌; പിന്നീട്‌ സ്‌ത്രീകളോടും. ``നീ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്‌ടികള്‍ താഴ്‌ത്താനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്‌മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തു സൂക്ഷിക്കുവാനും അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും പറയുക.'' (24:30,31) പലരും ആരോപിക്കുന്നതുപോലെ ഇസ്‌ലാം പുരുഷമേധാവിത്വത്തിന്റെ മതമാണെങ്കില്‍ ആദ്യമായി പുരുഷന്മാരുടെ നോട്ടത്തിന്‌ നിയന്ത്രണമേര്‍പ്പെടുത്താന്‍ സാധ്യതയില്ല.


പുരുഷന്മാര്‍ ഗോപ്യഭാഗങ്ങള്‍ മറയുന്ന മാന്യമായ വസ്‌ത്രം ധരിക്കണമെന്ന്‌ തന്നെയാണ്‌ അല്ലാഹുവും റസൂലും(സ) പഠിപ്പിച്ചിട്ടുള്ളത്‌. സ്‌ത്രീകള്‍ മുഖവും കൈപ്പടങ്ങളും ഒഴികെയുള്ള ഭാഗങ്ങള്‍ മുഴുവന്‍ മറയുന്ന വസ്‌ത്രം ധരിക്കണമെന്ന്‌ പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുള്ളത്‌ അവരുടെ തെന്ന സുരക്ഷിതത്വത്തിനുവേണ്ടിയാണ്‌. വിശുദ്ധഖുര്‍ആനില്‍ അല്ലാഹു പറയുന്നത്‌ നോക്കുക: ``നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്‌ത്രീകളോടും തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്‌ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ്‌ ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.'' (33:59)


അംഗലാവണ്യം തുറന്നു കാണിക്കുന്ന വസ്‌ത്രധാരണം സ്‌ത്രീകള്‍ ലൈംഗികകൈയേറ്റത്തിന്‌ ഇരയാകാന്‍ ഒരു പ്രധാനകാരണമാണെന്ന്‌ പല സാമൂഹ്യശാസ്‌ത്രജ്ഞരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. പുരുഷന്മാര്‍ ഏത്‌ തരത്തിലുള്ള വസ്‌ത്രം ധരിച്ചാലും സ്‌ത്രീകള്‍ അവരുടെ നേരെ ലൈംഗികകൈയേറ്റം നടത്തുന്നില്ല എന്നത്‌ അനിഷേധ്യ സത്യമാണ്‌. ലൈംഗികപീഡനത്തിന്‌ ഇരയാകുന്ന സ്‌ത്രീകള്‍ വര്‍ണനാതീതമായ കഷ്‌ടതകള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍, അവര്‍ വേഷത്തിലും വാക്കിലും നോക്കിലും സൂക്ഷ്‌മത പുലര്‍ത്തണമെന്ന്‌ അല്ലാഹു അനുശാസിച്ചത്‌ പക്വമതികള്‍ക്കൊക്കെ യുക്തിസഹമെന്ന്‌ ബോധ്യപ്പെടും. യാഥാര്‍ഥ്യ ബോധമില്ലാത്തവര്‍ മാത്രമേ അനാവശ്യ സംശയങ്ങളുമായി തര്‍ക്കിക്കാന്‍ വരൂ.

ജീലാനിയുടെ പോരിശകള്‍!


ഏപ്രില്‍ 2009 ലെ സുന്നത്ത്‌ മാസികയിലെ അബ്‌ദുല്‍ ഖാദര്‍ ജീലാനി(റ)യെക്കുറിച്ച്‌ വന്ന ലേഖനത്തിലെ ചില ഭാഗങ്ങളാണ്‌ താഴെ ഉദ്ധരിക്കുന്നത്‌:
1). ശൈഖ്‌(റ) ഫുറൂസുല്‍ അജമിയില്‍ ആരാധനയില്‍ മുഴുകി ഇരിക്കുന്ന കാലം, ചിലപ്പോഴൊക്കെ ബഗ്‌ദാദില്‍ പോകുമായിരുന്നു. വഴിമധ്യേ ഒരു വയോവൃദ്ധന്‍ വീണുകിടക്കുന്നതു കണ്ടു. ശൈഖവര്‍കള്‍ക്ക്‌ സങ്കടം തോന്നി. സലാം പറഞ്ഞു. ശേഷം ചോദിച്ചു: നിങ്ങള്‍ എത്ര നേരമായി ഇവിടെ കിടക്കുന്നു? ഞാന്‍ കാലങ്ങളേറെയായി ഇവിടെ കിടക്കുന്നു. എന്നെ എഴുന്നേല്‌പിക്കാന്‍ ശക്തരായ ആരെങ്കിലും ഈ ലോകത്ത്‌ വേണ്ടേ? ശൈഖ്‌(റ) പറഞ്ഞു: എന്നാല്‍ ഞാന്‍ അല്ലാഹുവിന്റെ കുദ്‌റത്ത്‌ കൊണ്ട്‌ നിങ്ങളെ എഴുന്നേല്‌പിക്കാം. തദവസരം പ്രകൃതിയില്‍ അതുവരെയില്ലാത്ത മാറ്റങ്ങള്‍ വന്നുതുടങ്ങി. ആ വയോവൃദ്ധന്‍ സുന്ദരനായ ഒരു യുവാവായി മാറി. ആ യുവാവ്‌ പറഞ്ഞു: ഞാന്‍ മതമാണ്‌. അവശനായ എനിക്ക്‌ നിങ്ങള്‍ പുതുജീവന്‍ നല്‌കിയിരിക്കുന്നു. ഇന്നു മുതല്‍ നിങ്ങള്‍ ‘മുഹ്‌യിദ്ദീന്‍’ ആണ്‌.

2). ശൈഖ്‌ അബൂസകരിയ്യ(റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ മന്ത്രത്താല്‍ ജിന്നുകളെ വരുത്തി. പതിവിനു വിപരീതമായി അന്നു ജിന്നുകള്‍ വൈകിയാണ്‌ വന്നത്‌. കാര്യം തിരക്കിയപ്പോള്‍ ജിന്നുകള്‍ പറഞ്ഞു: ഇന്ന്‌ ശൈഖ്‌ ജീലാനി(റ)വിന്റെ പ്രഭാഷണം ഉണ്ടായിരുന്നു. ഇനി മുതല്‍ ഞങ്ങളെ ശൈഖ്‌(റ) പ്രസംഗിക്കുന്ന ദിവസം വിളിക്കരുത്‌. ഞങ്ങള്‍ക്ക്‌ അതില്‍ പങ്കെടുക്കേണ്ടതുണ്ട്‌. നിങ്ങള്‍ പങ്കെടുക്കാറുണ്ടോ? എന്നു ഞാന്‍ ചോദിച്ചു. അവര്‍ മറുപടി പറഞ്ഞു: മനുഷ്യവര്‍ഗത്തേക്കാള്‍ കൂടുതല്‍ അവിടെ സന്നിഹിതരാവുന്നത്‌ ഞങ്ങളുടെ വര്‍ഗമാണ്‌. ഞങ്ങളില്‍ പലരും അദ്ദേഹം മുഖേന സത്യസരണി പുല്‍കിയവരാണ്‌.

ഇതുപോലെ ധാരാളം അത്ഭുതസംഭവങ്ങള്‍ ശൈഖ്‌ ജീലാനി(റ)യുടെ ജീവിതത്തിലെന്ന പോലെ മരണ ശേഷവും സംഭവിച്ചിട്ടുണ്ടെന്ന്‌ ലേഖകന്‍ പറയുന്നു. ‘മുസ്‌ലിം’ ഇതിനോട്‌ എങ്ങനെ പ്രതികരിക്കുന്നു.

പി എ ബക്കര്‍, കടലുണ്ടി‘മുഹ്‌യിദ്ദീന്‍’ എന്ന സ്ഥാനപ്പേരില്‍ പ്രസിദ്ധനായ അബ്‌ദുല്‍ ഖാദിര്‍ ജീലാനി പ്രസിദ്ധ പണ്ഡിതനും പ്രബോധകനും ആയിരുന്നു എന്നാണ്‌ ചരിത്രഗ്രന്ഥങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. എന്നാല്‍ മുഹ്‌യിദ്ദീന്‍ മാലയിലും മറ്റും അദ്ദേഹത്തിന്റെ പേരില്‍ ‘ഓവറാ’യി പലതും കെട്ടിച്ചമച്ചിട്ടുണ്ട്‌. അതൊക്കെ ശരിയായ സനദില്ലാതെ എഴുതിയുണ്ടാക്കിയതാണ്‌. ആ കൂട്ടത്തില്‍ പെട്ടത്‌ തന്നെയാണ്‌ ചോദ്യകര്‍ത്താവ്‌ ഉദ്ധരിച്ചിട്ടുള്ളവയും. ‘മുഹ്‌യിദ്ദീന്‍’ അഥവാ ദീനിന്‌ ജീവചൈതന്യം നല്‌കിയവന്‍ എന്ന സ്ഥാനപ്പേര്‌ അദ്ദേഹത്തിന്റെ ഉദ്‌ബോധനങ്ങളുടെ പേരില്‍ നല്‌കപ്പെട്ടതാണ്‌. അദ്ദേഹത്തിന്റെ മുമ്പില്‍ ദീന്‍ ഒരു വാതരോഗിയായി തളര്‍ന്ന്‌ കിടന്നിട്ട്‌ അത്ഭുത പ്രവൃത്തി കൊണ്ട്‌ യുവാവാക്കി മാറ്റിയതിന്റെ പേരിലല്ല. പല കാലങ്ങളില്‍ പല നാടുകളില്‍ ജനങ്ങളുടെ മതബോധം ദുര്‍ബലമായ സംഭവങ്ങളുണ്ടായിട്ടുണ്ട്‌. പൂര്‍വ പ്രവാചകന്മാരുടെ കാലത്തും മുഹമ്മദ്‌ നബി(സ)യുടെ കാലശേഷവുമെല്ലാം. അപ്പോഴൊന്നും എവിടെയും ദീന്‍ മനുഷ്യരൂപം പൂണ്ട്‌ തളര്‍ന്നുകിടന്ന സംഭവമുണ്ടായിട്ടില്ല. മന്ത്രിച്ച്‌ ജിന്നുകളെ വരുത്തുന്ന ശൈഖ്‌ ഏതോ ഇതിഹാസ കഥാപാത്രമാണ്‌. ഇത്തരം കെട്ടിച്ചമച്ച കഥകള്‍ മുഖേനയല്ല സുന്നത്ത്‌ ജമാഅത്ത്‌ നിലനിര്‍ത്തേണ്ടത്‌. ഇനി ഈ കഥകളൊക്കെ ശരിയാണെന്ന്‌ സങ്കല്‌പിച്ചാലും ശൈഖ്‌ ജീലാനിയെ വിളിച്ചു പ്രാര്‍ഥിക്കുന്നതിന്‌ അതൊന്നും തെളിവല്ല.

ഒന്നും ഉച്ചരിക്കാതെ അറുത്തത്‌ ഭക്ഷിക്കാമോ?

അല്ലാഹു അല്ലാത്തവരുടെ നാമം ഉച്ചരിച്ച്‌ അറുത്തത്‌ ഭക്ഷിക്കാന്‍ പാടില്ല എന്ന്‌ ഖുര്‍ആന്‍ പറയുന്നുണ്ട്‌. എന്നാല്‍ മുസ്‌ലിംകളല്ലാത്തവര്‍ ഒന്നും ഉച്ചരിക്കാതെ അറുക്കുന്നത്‌ ഭക്ഷിക്കാന്‍ പാടുണ്ടോ? ചില മുസ്‌ലിംകള്‍ അറുക്കുന്ന സമയത്ത്‌ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നുണ്ടോ എന്നും സംശയമാണ്‌. ഇങ്ങനെയുള്ളവയുടെ വിധിയെന്താണ്‌?


സി പി ജസീം, കോഴിക്കോട്‌വിശുദ്ധ ഖുര്‍ആനിലെ 5:5 സൂക്തത്തില്‍ ഇപ്രകാരം കാണാം: “എല്ലാ നല്ല വസ്‌തുക്കളും നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്‌കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക്‌ അനുവദനീയമാണ്‌. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്‌.”

ക്രൈസ്‌തവരും യഹൂദരുമാണ്‌ ‘വേദം നല്‌കപ്പെട്ടവര്‍’ എന്ന വാക്കുകൊണ്ട്‌ വിവക്ഷിക്കപ്പെടുന്നത്‌. അവരുടെ ഭക്ഷണത്തില്‍ അവര്‍ അറുത്ത ഉരുവിന്റെ മാംസവും ഉള്‍പ്പെടുന്നു. അവര്‍ ദൈവനാമം ഉച്ചരിച്ചുകൊണ്ട്‌ തന്നെയായിരിക്കും അറുത്തതെന്ന്‌ നമുക്ക്‌ ഉറപ്പുവരുത്താനാവില്ല. അങ്ങനെ ഉറപ്പ്‌ വരുത്തണമെന്ന്‌ വേറെ ആയത്തുകളിലോ പ്രാമാണികമായ ഹദീസുകളിലോ നിഷ്‌കര്‍ഷിച്ചിട്ടുമില്ല. വേദക്കാര്‍ യാതൊന്നും ഉച്ചരിക്കാതെ അറുക്കാനും സാധ്യതയുണ്ട്‌. അതുപോലെ തന്നെയാണ്‌ മതനിഷ്‌ഠയില്ലാത്ത ചില മുസ്‌ലിംകളുടെ അവസ്ഥയും. വിശിഷ്യാ, കോഴിക്കടകളിലെ ചില മുസ്‌ലിം ജോലിക്കാര്‍. യഹൂദരും ക്രൈസ്‌തവരും അറുത്തത്‌ ദൈവനാമം ഉച്ചരിച്ചാണോ ഒന്നും ഉച്ചരിക്കാതെയാണോ എന്ന്‌ അന്വേഷിച്ചു ഉറപ്പുവരുത്തണമെന്ന്‌ അല്ലാഹു കല്‌പിച്ചിട്ടില്ലാത്ത സ്ഥിതിക്ക്‌ മുസ്‌ലിംകള്‍ അറുത്തതിന്റെ കാര്യത്തിലും അങ്ങനെ ഉറപ്പു വരുത്തേണ്ടതില്ല. അല്ലാഹുവല്ലാത്തവരുടെ പേരില്‍ ബലിയായോ നേര്‍ച്ചയായോ അറുത്തതാണെന്ന്‌ ഉറപ്പുള്ളത്‌ ഭക്ഷിക്കരുതെന്നേ ഉള്ളൂ.

പ്രവാചകനെ ഇടയാളനാക്കുന്നതിന്‌ ഖുര്‍ആനില്‍ തെളിവോ?


“...ഇബ്‌റാഹിം നബി(അ)ന്റെ ജീവിതചരിത്രത്തിലെ ഒരു ചെറിയ ഭാഗമാണ്‌ ഇവിടെ സൂചിപ്പിച്ചത്‌. അല്ലാഹുവിന്റെ നിര്‍ദേശം മാനിച്ചുകൊണ്ട്‌ സ്വന്തം കൈക്കുഞ്ഞിനെയും അവന്റെ മാതാവിനെയും വിജനമായ ഒരു ഭൂമിയില്‍ ഉപേക്ഷിക്കുമ്പോഴുള്ള ഒരു വ്യാകുലത വിശുദ്ധ ഖുര്‍ആന്‍ എടുത്തുദ്ധരിച്ച (14:37) ആ പ്രാര്‍ഥനയില്‍ നിഴലിക്കുന്നുണ്ട്‌. ഇതില്‍ അടങ്ങിയിരിക്കുന്ന ഒരു വലിയ സത്യം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പുറത്തുകൊണ്ടുവരുന്നത്‌ ശ്രദ്ധിക്കുക: പ്രാര്‍ഥനക്ക്‌ ഉത്തരം ലഭിക്കുന്നതിനായി മുഹമ്മദ്‌ നബി(സ)യെ മധ്യവര്‍ത്തിയാക്കുകയാണിവിടെ. ‘ഹാജറയും ഇസ്‌മാഈലും നഷ്‌ടമായാല്‍ അതിലൂടെ മുഹമ്മദ്‌ നബിയെയാണ്‌ ഞാന്‍ നഷ്‌ടപ്പെടുത്തുന്നത്‌' എന്നു പറയുന്നതിനു സമാനമാണ്‌ ഈ പ്രാര്‍ഥന. ഒരു പ്രവാചകന്‍ മറ്റൊരു പ്രവാചകനെക്കൊണ്ട്‌ ഇടതേടി ദുആ ചെയ്‌തു എന്നതിനപ്പുറം ഇബ്‌റാഹീം നബി(അ)യുടെ ഈ പ്രാര്‍ഥന ഉദ്ധരിക്കുന്നതിലൂടെ വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്‌ നബി(സ)യുടെ മഹത്വമാണ്‌.


ഇനി വിശുദ്ധ ഖുര്‍ആനിലുള്ള മറ്റൊരു ഉദാഹരണം കാണുക: അവരുടെ കൂടെയുള്ള ഗ്രന്ഥത്തെ അംഗീകരിക്കുന്ന മറ്റൊരു ഗ്രന്ഥം (ഖുര്‍ആന്‍) അവര്‍ക്കു വേണ്ടി അവതരിച്ചപ്പോള്‍ നേരത്തെ അവിശ്വാസികള്‍ക്കെതിരില്‍ മാധ്യമമാക്കി പ്രാര്‍ഥിച്ച അവര്‍ സത്യം അറിയാവുന്നതോടു കൂടി തന്നെ അതിനെ തള്ളിപ്പറഞ്ഞു (അല്‍ബഖറ 89). മദീനയില്‍ വസിച്ചിരുന്ന ജൂതകുടുംബങ്ങള്‍ മുഹമ്മദ്‌ നബി(സ) ആഗതമാവുന്നതിനു മുമ്പ്‌ ഭാവിയില്‍ വരാനിരിക്കുന്ന പ്രവാചകനെ ഇടനിലക്കാരനാക്കി തങ്ങളുടെ ശത്രുക്കള്‍ക്കെതിരില്‍ പ്രാര്‍ഥന നടത്താറുണ്ടായിരുന്നുവെന്നതാണ്‌ ഖുര്‍ആന്‍ പറയുന്നത്‌.” (സുന്നിവോയ്‌സ്‌ -2009 മാര്‍ച്ച്‌ 16-31, പേജ്‌ 32,33)


മേല്‍ വാചകങ്ങളിലെ ഖുര്‍ആന്‍ ആയത്തുകള്‍ക്ക്‌ നല്‌കിയിരിക്കുന്ന അര്‍ഥമനുസരിച്ചും, വിശദീകരിച്ചതനുസരിച്ചും നബി(സ)യെ ഇടയാളനാക്കി പ്രാര്‍ഥിക്കാമെന്നല്ലേ തെളിയുന്നത്‌.
ഇബ്‌റാഹീം നബി മുഹമ്മദ്‌ നബി(സ)യെ ഇടയാളനാക്കി പ്രാര്‍ഥിച്ചിട്ടുണ്ടോ?


അന്‍സാര്‍, ഒതായിഇസ്‌ലാമില്‍ ഇടതേട്ടമോ സൃഷ്‌ടികളില്‍ ആരെയെങ്കിലും ഇടയാളനാക്കി പ്രാര്‍ഥിക്കലോ ഇല്ല. സ്രഷ്‌ടാവും രക്ഷിതാവുമായ അല്ലാഹുവോട്‌, അവന്റെ മഹത്വത്തിന്റെ പേരില്‍ സൃഷ്‌ടികള്‍ വിനയപൂര്‍വം പ്രാര്‍ഥിക്കുക എന്നതാണ്‌ ശരിയായ ഇസ്‌ലാമിക രീതി. പ്രവാചകന്മാരും മലക്കുകളും


ഉള്‍പ്പെടെയുള്ള സൃഷ്‌ടികളെല്ലാം അല്ലാഹുവെ ആശ്രയിക്കുന്നവരും അവന്റെ അനുഗ്രഹത്താല്‍ നിലനില്‍ക്കുന്നവരുമാണ്‌. ഏതെങ്കിലുമൊരു സൃഷ്‌ടിയുടെ മഹത്വം ചൂണ്ടിക്കാണിച്ച്‌
സ്രഷ്‌ടാവായ അല്ലാഹുവോട്‌ വല്ലതും ആവശ്യപ്പെടുന്നത്‌ യഥാര്‍ഥത്തില്‍ അവനെ അവഹേളിക്കലാണ്‌. സൃഷ്‌ടിയെ ഉയര്‍ത്തലും സ്രഷ്‌ടാവിനെ താഴ്‌ത്തലുമാണ്‌. സൃഷ്‌ടികള്‍ക്ക്‌ മഹത്വം കൈവരുന്നത്‌ അല്ലാഹു അവരെ അനുഗ്രഹിക്കുമ്പോഴാണ്‌. പരമമായ മഹത്വം അല്ലാഹുവിന്‌ മാത്രം അവകാശപ്പെട്ടതാണ്‌. അതിനാല്‍ അല്ലാഹുവിന്റെ സാമീപ്യം (+പ്പശ്ലക്കടവ) ആഗ്രഹിക്കുന്ന സൃഷ്‌ടികളെല്ലാം അവനോട്‌ മാത്രം പ്രാര്‍ഥിക്കുകയാണ്‌ ചെയ്യേണ്ടത്‌. സ്രഷ്‌ടാവായ അല്ലാഹുവാണ്‌ സൃഷ്‌ടികളോട്‌ ഏറ്റവും അടുത്തവന്‍. സ്രഷ്‌ടാവിനും സൃഷ്‌ടികള്‍ക്കുമിടയില്‍ ഒരു ഇടയാളന്‌ ഇരിക്കാനുള്ള ഇടമില്ല.

"തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്‌ടിച്ചിരിക്കുന്നു. അവന്റെ മനസ്സ്‌ മന്ത്രിച്ചുകൊണ്ടിരിക്കുന്നത്‌ നാം അറിയുകയും ചെയ്യുന്നു. നാം (അവന്റെ) കണ്‌ഠനാഡിയെക്കാള്‍ അവനോട്‌ അടുത്തവനും ആകുന്നു." (വി.ഖു 50:16)

"എന്റെ ദാസന്മാര്‍ നിന്നോട്‌ എന്നെക്കുറിച്ച്‌ ചോദിച്ചാല്‍ ഞാന്‍ അടുത്തു തന്നെയുള്ളവനാണെന്ന്‌ (പറയുക:) പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ചു പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക്‌ ഉത്തരം നല്‌കുന്നതാണ്‌. അതുകൊണ്ട്‌ എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കാന്‍ വേണ്ടിയാണിത്‌." (വി.ഖു 2:186)

അല്ലാഹുവിന്റെ അനുഗ്രഹം ആശിക്കുന്ന ദാസന്മാരെല്ലാം അവനോട്‌ നേരിട്ട്‌ പ്രാര്‍ഥിക്കണമെന്നാണ്‌ അവന്‍ തന്നെ ആഹ്വാനം ചെയ്‌തിട്ടുള്ളത്‌. പ്രാര്‍ഥനയില്‍ ഇടയാളനോ മധ്യസ്ഥനോ യാതൊരു സ്ഥാനവും ഇല്ലെന്നത്രെ ഉപര്യുക്ത സൂക്തങ്ങള്‍ തെളിയിക്കുന്നത്‌. ഇടയാളന്റെ മഹത്വം ചൂണ്ടിക്കാണിച്ച്‌ യജമാനനെ അവഹേളിച്ചുകൊണ്ട്‌ പ്രാര്‍ഥിക്കണം എന്നത്‌ അല്ലാഹുവിന്റെയും മാനവരാശിയുടെയും ശത്രുവായ പിശാചിന്റെ ആഹ്വാനമാണ്‌. പ്രവാചകന്മാരോ സത്യപ്രബോധകരോ അങ്ങനെ ആഹ്വാനം ചെയ്‌തിട്ടില്ല. യാതൊരു പ്രവാചകനും ഇടയാളന്റെ പേരുപറഞ്ഞു പ്രാര്‍ഥിച്ചിട്ടില്ല. പൂര്‍വ പ്രവാചകന്മാരുടെ പ്രാര്‍ഥന വിശുദ്ധ ഖുര്‍ആനിലും പ്രാമാണികമായ ഹദീസുകളിലും ഉദ്ധരിച്ചിട്ടുള്ളത്‌ സൂക്ഷ്‌മമായി പരിശോധിക്കുന്ന ഏതൊരാള്‍ക്കും ഈ യാഥാര്‍ഥ്യം ബോധ്യമാകും. മുഹമ്മദ്‌ നബി(സ)യുടെ ധാരാളം പ്രാര്‍ഥനകള്‍ പ്രാമാണികമായ ഹദീസുകളിലുണ്ട്‌. ഏതെങ്കിലും പൂര്‍വ പ്രവാചകനെയോ മലക്കിനെയോ മധ്യവര്‍ത്തിയാക്കിക്കൊണ്ടുള്ള യാതൊരു പ്രാര്‍ഥനയും ആ കൂട്ടത്തിലില്ല.

14:37 സൂക്തത്തില്‍ ഇടയാളന്റെയോ ഇടതേട്ടത്തിന്റെയോ ലാഞ്‌ഛന പോലുമില്ല. അതിന്റെ പരിഭാഷ നോക്കുക: "ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന്‌ (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്വരയില്‍ നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്‌ബയുടെ) അടുത്ത്‌ ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കാന്‍ വേണ്ടിയാണ്‌ (അങ്ങനെ ചെയ്‌തത്‌). അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട്‌ ചായ്‌വുള്ളതാക്കുകയും, അവര്‍ക്ക്‌ കായ്‌കനികളില്‍ നിന്ന്‌ നീ ഉപജീവനം നല്‌കുകയും ചെയ്യേണമേ. അവര്‍ നന്ദി കാണിച്ചേക്കാം."

വിജനമായ മക്കയില്‍ ജീവിതപങ്കാളി ഹാജറിനെയും മകന്‍ ഇസ്‌മാഈലി(അ)നെയും അല്ലാഹുവിന്റെ കല്‌പനപ്രകാരം അധിവസിപ്പിച്ച സന്ദര്‍ഭത്തില്‍ ഇബ്‌റാഹീം നബി(അ) വ്യാകുലചിത്തനായിരുന്നു എന്നതിന്‌ വിശുദ്ധ ഖുര്‍ആനില്‍ യാതൊരു തെളിവുമില്ല. അദ്ദേഹം ജീവിതത്തിലുടനീളം തികച്ചും നിര്‍ഭയനായിരുന്നു എന്നതിനാണ്‌ ഖുര്‍ആനില്‍ (6:81-83) തെളിവുള്ളത്‌. വ്യാകുലതക്ക്‌ തെളിവ്‌ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണ്‌ സുന്നീലേഖകന്‍ 'വ്യാകുലത നിഴലിക്കുന്നു' എന്നാക്കിയത്‌. തുടര്‍ന്ന്, വ്യാകുലതയുടെ നിഴലില്‍ നിന്ന്‌ ഒരു ഇടയാളന്റെ നിഴല്‍ കണ്ടുപിടിക്കാനുള്ള കുത്സിത ശ്രമമാണ്‌ ലേഖകന്‍ നടത്തുന്നത്‌. മുഹമ്മദ്‌ നബി(സ)യുടെ പേര്‌ പൂര്‍വ പിതാമഹനായ ഇബ്‌റാഹീം നബി(അ) വല്ലപ്പോഴും പറഞ്ഞതായി ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ ഉദ്ധരിച്ചിട്ടില്ല. ഇസ്‌മാഈല്‍(അ) നഷ്‌ടപ്പെട്ടാല്‍ മുഹമ്മദ്‌ നബി(സ) നഷ്‌ടപ്പെടുമെന്ന്‌ ഇബ്‌റാഹീം നബി(അ) പറയുകയോ സൂചിപ്പിക്കുകയോ ചെയ്‌തിട്ടില്ല. ഇതൊന്നും കൂടാതെ ഇബ്‌റാഹീം നബി(അ) ഇടതേട്ട പ്രാര്‍ഥന നടത്തിയെന്ന്‌ പറയുന്നത്‌ ആ പ്രവാചക ശ്രേഷ്‌ഠന്റെ പേരിലുള്ള വ്യാജാരോപണമാകുന്നു.

ഖുര്‍ആനില്‍ സൂചിപ്പിക്കുക പോലും ചെയ്യാത്ത കാര്യങ്ങള്‍ എഴുതി നിറച്ച ചില വ്യാഖ്യാന ഗ്രന്ഥങ്ങളുണ്ടാകാം. അതിനൊന്നും ഇസ്‌ലാമില്‍ പ്രമാണികതയില്ല. മറ്റു ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നോ പ്രാമാണികമായ ഹദീസുകളില്‍ നിന്നോ ഗ്രഹിക്കാവുന്നതോ ഭാഷാപരമായ അടിസ്ഥാനമുള്ളതോ അല്ലാത്ത 'എഴുതാപ്പുറം വായന'കള്‍ക്കൊന്നും സത്യദീനില്‍ യാതൊരു പ്രസക്തിയുമില്ല.

അല്‍ബഖറ 89ലും ഇടയാളന്റെ മഹത്വത്തിന്റെ പേരില്‍ അല്ലാഹുവോട്‌ പ്രാര്‍ഥിക്കുക എന്ന വിഷയമില്ല. ഞങ്ങളിലേക്ക്‌ ഒരു പ്രവാചകനെ നിയോഗിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യുദ്ധം ചെയ്‌ത്‌ സത്യനിഷേധികള്‍ക്കെതിരില്‍ വിജയം കൈവരിക്കാന്‍ ഞങ്ങളെ സഹായിക്കുകയും ചെയ്യേണമേ എന്ന്‌ യഹൂദര്‍ അല്ലാഹുവോട്‌ പ്രാര്‍ഥിച്ചിരുന്നു എന്നാണ്‌ ഈ സൂക്തത്തില്‍ പറഞ്ഞിട്ടുള്ളത്‌. മുഹമ്മദ്‌ നബി(സ) അന്തിമ പ്രവാചകനായതുകൊണ്ട്‌ ഇന്നത്തെ സത്യവിശ്വാസികള്‍ക്ക്‌ ഇപ്രകാരം പ്രാര്‍ഥിക്കാനുള്ള ന്യായം അവശേഷിക്കുന്നില്ല എന്ന കാര്യവും ഇതോടൊപ്പം വിലയിരുത്തേണ്ടതാകുന്നു.

ഇസ്‌ലാമിക ഭരണവ്യവസ്ഥ ഒരനാവശ്യകാര്യമോ?

ഇസ്‌ലാമിക സാമൂഹ്യവ്യവസ്ഥിതിക്ക്‌ വേണ്ടി മുസ്‌ലിംകള്‍ പരിശ്രമിക്കേണ്ടതല്ലേ? എന്ന ചോദ്യത്തിനുള്ള ഉത്തരത്തില്‍ (ലക്കം 28) `മുസ്‌ലിം' പറഞ്ഞു: ``ഇസ്‌ലാമിക ഭരണകൂടം എന്ന ശക്തികേന്ദ്രത്തിന്റെ അഭാവം കേരളത്തിലെ യഥാര്‍ഥ മുസ്‌ലിംകളുടെ തഖ്വയെയും ഇഖ്‌ലാസിനെയും പ്രതികൂലമായി ബാധിച്ചിട്ടില്ല. മദ്യഷാപ്പുകള്‍ തുറന്ന്‌ കിടക്കെതന്നെ അവര്‍ സമ്പൂര്‍ണ മദ്യവര്‍ജനം പാലിക്കുന്നു. ബാങ്കുകളും `ബ്ലേയ്‌ഡുകളും' സുലഭമായിരിക്കെ തന്നെ അവര്‍ പലിശ ഭുജിക്കാതെ ജീവിക്കുന്നു...''

മനുഷ്യനെ ദുഷിപ്പിക്കുന്നതില്‍ സാഹചര്യങ്ങള്‍ക്കും പങ്കുണ്ട്‌ എന്നതാണല്ലോ യാഥാര്‍ഥ്യം. ദേഹേച്ഛയുടെയും പിശാചിന്റെയും ശക്തമായ പ്രേരണയുണ്ടാവുന്ന പല തെറ്റുകളിലേക്കും വിശ്വാസികള്‍ പോലും വഴുതിപ്പോകാന്‍ തെറ്റുകള്‍ക്കനുകൂലമായ സാഹചര്യങ്ങള്‍ ഇടയാക്കുന്നു എന്ന്‌ കാണാം. മദ്യപാനത്തിന്റെ കാര്യം തന്നെയെടുക്കുക. മദ്യം എല്ലായിടത്തും നിയമാനുസൃതമായിത്തന്നെ ലഭ്യമാക്കുന്ന സാഹചര്യമൊരുക്കിയ ഭരണകൂടനയം മൂലം മുസ്‌ലിം സമുദായത്തില്‍ പോലും മദ്യപാനികളുടെ എണ്ണം കൂടിയിട്ടുണ്ട്‌ എന്ന്‌ സാമൂഹ്യനിരീക്ഷകര്‍ പറയുന്നു. ഇസ്‌ലാമിക ഭരണവ്യവസ്ഥയ്‌ക്കു കീഴില്‍ ദുര്‍വൃത്തികള്‍ക്കനുകൂലമായ സാഹചര്യം ഉണ്ടാവുകയില്ല. വസ്‌തുതകള്‍ ഇപ്രകാരമായിരിക്കെ ഇസ്‌ലാമിക ഭരണവ്യവസ്ഥയെ ഒരനാവശ്യകാര്യം എന്ന രീതിയില്‍ വിലയിരുത്തുന്നത്‌ ശരിയാണോ?

ടി മൊയ്‌തു മാസ്റ്റര്‍, പെരിമ്പലം

ഇസ്‌ലാമിക ഭരണവ്യവസ്ഥ അനാവശ്യമാണെന്ന്‌ `മുസ്‌ലിം' എഴുതിയിട്ടില്ല. ചോദ്യകര്‍ത്താവ്‌ എന്തോ മുന്‍വിധിയോടെ എന്റെ മറുപടി വായിച്ചതാണ്‌ തെറ്റിദ്ധാരണയ്‌ക്ക്‌ കാരണം. ഭരണമില്ലാത്ത ദീന്‍ ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഭവനം പോലെയാണെന്ന സയ്യിദ്‌ മൗദൂദിയുടെ ഖുത്വ്‌ബാത്തിലെ പരാമര്‍ശത്തോട്‌ സാമാന്യബുദ്ധിയുള്ള ആര്‍ക്കും യോജിക്കാന്‍ കഴിയില്ല. മൗദൂദിയുടെ നിഗമനം ശരിയാണെങ്കില്‍ കേരളത്തിലെ ഇസ്‌ലാം ആകാശകുസുമം മാത്രമാണെന്ന്‌ വരും. ലോകത്തിന്റെ മറ്റു പല ഭാഗങ്ങളെയും അപേക്ഷിച്ച്‌ കേരളത്തിലെ മുസ്‌ലിംകള്‍ ആദര്‍ശ നിഷ്‌ഠയില്‍ ഏറെ പിന്നിലാണെന്ന്‌ യാഥാര്‍ഥ്യബോധമുള്ള ആരും പറയില്ല.

മനുഷ്യനെ ദുഷിപ്പിക്കുന്നതില്‍ സാഹചര്യങ്ങള്‍ക്ക്‌ പങ്കുണ്ട്‌ എന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ഈ സാഹചര്യങ്ങള്‍ മാറ്റിയെടുക്കാന്‍ ഒരു ഇസ്‌ലാമിക ഭരണകൂടത്തിന്‌ കഴിയുന്നതുപോലെയോ അതിനോടടുത്ത അളവിലോ പ്രബോധന സംരംഭങ്ങള്‍ക്കും ശരിയായ മഹല്ല്‌ സംവിധാനത്തിനും കഴിയും. കേരളത്തിലെ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്കെല്ലാം വ്യക്തമായി അറിയാവുന്നതാണ്‌ ഈ യാഥാര്‍ഥ്യം. ജുമുഅ ഖുത്വ്‌ബകളിലൂടെയും ഖുര്‍ആന്‍ ക്ലാസുകളിലൂടെയും വ്യവസ്ഥാപിതമായ മഹല്ല്‌ പ്രവര്‍ത്തനത്തിലൂടെയും ശരിയായ ഇസ്‌ലാമിക അന്തരീക്ഷം നിലവില്‍ വന്നിട്ടുള്ള പല പ്രദേശങ്ങളും കേരളത്തിലുണ്ട്‌. ഇതൊന്നും മരീചികയോ ആകാശകുസുമമോ അല്ല.

ഇസ്‌ലാം എന്ന പദത്തിന്റെ അര്‍ഥം മനുഷ്യന്‍ സ്വമേധയാ ലോകരക്ഷിതാവിന്‌ ജീവിതം സമര്‍പ്പിക്കുക എന്നാണ്‌. `സമര്‍പ്പിപ്പിക്കുക' എന്നൊരു വാക്ക്‌ മലയാളത്തിലില്ല. അറബിഭാഷയിലും അത്തരം ഒരു ബലാല്‍ക്കാരപദം ഇല്ല. ജമാഅത്ത്‌ സാഹിത്യങ്ങളില്‍ മതത്തിന്റെ സംസ്ഥാപനം എന്നൊരു വാക്ക്‌ ധാരാളമായി പ്രയോഗിച്ചു കാണാം. ദീന്‍ അഥവാ അല്ലാഹുവിനുള്ള കീഴ്വണക്കം മുറപ്രകാരമാക്കുക/അന്യൂനമാക്കുക എന്നര്‍ഥമുള്ള ഇഖാമത്തുദ്ദീന്‍ എന്ന പദത്തിന്‌ തെറ്റായ തര്‍ജമ നല്‌കിയാണ്‌ `മതത്തിന്റെ സംസ്ഥാപന'മാക്കിയത്‌. ഭരണകൂടത്തിന്റെ ശക്തി ഉപയോഗിച്ച്‌ മതത്തെ എസ്റ്റാബ്ലിഷ്‌ ചെയ്യുക എന്നായിരിക്കാം സംസ്ഥാപനം എന്ന പദംകൊണ്ട്‌ ജമാഅത്തുകാര്‍ വിവക്ഷിക്കുന്നത്‌. ഇസ്‌ലാം എന്ന ആത്മസമര്‍പ്പണം അധികാരമുപയോഗിച്ച്‌ സംസ്ഥാപിക്കേണ്ട വിഷയമാണെന്ന്‌ ചോദ്യകര്‍ത്താവ്‌ കരുതുന്നുണ്ടോ എന്നറിയില്ല. ഈമാന്‍ എന്നാല്‍ ഓരോ മനുഷ്യന്റെയും മനസ്സില്‍ രൂഢമൂലമാകേണ്ട വിശ്വാസമാണ്‌. ഭരണകൂടശക്തി പ്രയോഗിച്ച്‌ മനസ്സില്‍ വിശ്വാസം എസ്റ്റാബ്ലിഷ്‌ ചെയ്യാന്‍ കഴിയുമെന്ന്‌ `മുസ്‌ലിം' കരുതുന്നില്ല. ഗുണകാംക്ഷാനിര്‍ഭരമായ ഉപദേശം കൊണ്ടു മത്രമേ മനുഷ്യരെ ആത്മസമര്‍പ്പണത്തിലേക്കും ദൃഢവിശ്വാസത്തിലേക്കും നയിക്കാന്‍ കഴിയൂ. ഗുണകാംക്ഷയുള്ള ഉപദേശി ഭരണകൂടത്താല്‍ നിയോഗിക്കപ്പെട്ടവനാകാം. ഒരു പ്രബോധന പ്രസ്ഥാനത്തില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ടവനാകാം. ദൈവിക ഗ്രന്ഥം പഠിച്ച്‌ പ്രചോദിതനായ ആളാകാം. ഉപദേശിക്ക്‌ അധികാരത്തിന്റെ പിന്‍ബലം ഉണ്ടോ ഇല്ലേ എന്നതിനേക്കാള്‍ ഉദ്ദേശശുദ്ധിയും ആത്മാര്‍ഥതയും ഉണ്ടോ എന്നതാണ്‌ നിര്‍ണായകം.

കുറ്റകൃത്യങ്ങള്‍ തടയുക, കുറ്റവാളികളെ ശിക്ഷിക്കുക എന്ന വിഷയത്തിലാണ്‌ ഇസ്‌ലാമിക ഭരണകൂടത്തിന്‌ നിര്‍ണായകമായ പങ്ക്‌ വഹിക്കാനുള്ളത്‌. അത്‌ പ്രാധാന്യമുള്ള വിഷയം തന്നെയാണ്‌. സ്വയം നിര്‍ണയാവകാശമുള്ള ഒരു മുസ്‌ലിം ഭൂ രിപക്ഷ രാഷ്‌ട്രത്തില്‍ ഭരണകൂടത്തിന്റെ അധിപന്‍ ഈ വിഷയത്തി ല്‍ അല്ലാഹുവിന്റെയും റസൂലി(സ)ന്റെയും ആജ്ഞകള്‍ നടപ്പിലാക്കുന്നില്ലെങ്കില്‍ അത്‌ ഗുരുതരമായ കുറ്റമാണ്‌. ദൈവികനിയമങ്ങളെ അയാ ള്‍ അലക്ഷ്യമാക്കുകയാണെങ്കില്‍ അയള്‍ സത്യനിഷേധിയായിരിക്കും.

എന്നാല്‍ മുസ്‌ലിംകള്‍ക്ക്‌ ആരാധനാ-പ്രബോധന സ്വാതന്ത്ര്യം നിഷേധിക്കാത്ത ഇന്ത്യയെപ്പോലുള്ള മതനിരപേക്ഷ രാഷ്‌ട്രങ്ങളിലെ ആദര്‍ശപ്രതിബദ്ധതയുള്ള മുസ്‌ലിംകള്‍ ചെയ്യേണ്ടത്‌ രാഷ്‌ട്രത്തെ മൊത്തമായോ ഏതെങ്കിലും പ്രദേശം മാത്രമായോ ഇസ്‌ലാമിക രാഷ്‌ട്രമാക്കിമാറ്റാന്‍ വേണ്ടി ശ്രമിക്കുകയല്ല. എല്ലാ വിഭാഗത്തില്‍ പെട്ട മനുഷ്യര്‍ക്കും ഇസ്‌ലാമിക ആദര്‍ശത്തിന്റെയും ദൈവിക നിയമങ്ങളുടെയും (രക്ഷാനിയമങ്ങളുടെയും ശിക്ഷാനിയമങ്ങളുടെയും) മൗലികത വ്യക്തമാക്കിക്കൊടുക്കുകയാണ്‌. എന്നിട്ട്‌ വിശുദ്ധ ഖുര്‍ആനിലെ 18:29ല്‍ പറഞ്ഞതുപോലെ വിശ്വസിക്കാന്‍ ഇഷ്‌ടമുള്ളവര്‍ വിശ്വസിക്കട്ടെ, അവിശ്വസിക്കാന്‍ ഇഷ്‌ടമുള്ളവര്‍ അവിശ്വസിക്കട്ടെ. ഇസ്‌ലാം പൂര്‍ണമായും ശരിയാണെന്ന്‌ വിശ്വാസമുള്ളവര്‍ ഭൂരിപക്ഷമാകുമ്പോള്‍ ഇസ്‌ലാമിക ഭരണകൂടം രൂപവത്‌കരിക്കാന്‍ അവര്‍ സ്വമേധയാ മുമ്പോട്ടുവരുമെന്ന്‌ പ്രതീക്ഷിക്കാം.

പ്രവാചകത്വവും പുരുഷാധിപത്യവും


"ജനസമൂഹങ്ങളെ ദൈവികമാര്‍ഗത്തിലേക്ക്‌ ക്ഷണിക്കാന്‍ ഒരു ലക്ഷത്തി ഇരുപതിനായിരം പ്രവാചകരെ അയച്ചിട്ടുണ്ടെന്ന്‌ ഇസ്ലാം പറയുന്നു. എങ്കിലും അതില്‍ ഒരു പെണ്‍പ്രവാചകന്‍ പോലും ഇല്ലാതെ പോയത്‌ എന്തുകൊണ്ട്‌?" ഇസ്ലാം പുരുഷാധിപത്യത്തിന്റെ മതമാണെന്ന്‌ സമര്‍ഥിക്കാന്‍ ഉദ്ധരിക്കാറുള്ള വരികളാണിത്‌. 'മുസ്‌ലിം' എന്തുപറയുന്നു?

കെ ഇ എസ്‌ ഹമീദ്‌ പരുമണ്ണ 


സോവിയറ്റ്‌ യൂണിയന്‍, ചൈന, ക്യൂബ, വിയറ്റ്‌നാം എന്നീ കമ്യൂണിസ്റ്റ്‌ രാഷ്‌ട്രങ്ങളിലൊന്നും ഇത:പര്യന്തം വനിതാപ്രസിഡന്റോ വനിതാ പ്രധാനമന്ത്രിയോ ഉണ്ടായിട്ടില്ല എന്നതും, ഇന്ത്യയില്‍ കമ്യൂണിസ്റ്റുകള്‍ ഭരിച്ച ബംഗാള്‍, കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നാളിതുവരെ ഒരു വനിത മുഖ്യമന്ത്രിയായിട്ടില്ല എന്നതും കമ്യൂണിസം പുരുഷാധിപത്യ പ്രത്യയശാസ്‌ത്രമാണെന്നതിന്‌ തെളിവാണെന്ന്‌ ആരെങ്കിലും അഭിപ്രായപ്പെട്ടാല്‍ ഇസ്ലാം വിമര്‍ശകര്‍ അത്‌ അംഗീകരിക്കുമോ?
അല്ലാഹു ആദ്യം സൃഷ്‌ടിച്ചത്‌ എന്താണ്‌?

അല്ലാഹു ആദ്യം സൃഷ്‌ടിച്ചത്‌ പേനയാണെന്നും, മറ്റൊരു ഹദീസില്‍ ബുദ്ധിയാണ്‌ ആദ്യം സൃഷ്‌ടിക്കപ്പെട്ടതെന്നും കാണുന്നു. ആദ്യം സൃഷ്‌ടിക്കപ്പെട്ടത്‌ മുഹമ്മദ്‌ നബിയാണെന്ന്‌ മറ്റു ചിലരും പറയുന്നു. അല്ലാഹു ആദ്യം സൃഷ്‌ടിച്ചത്‌ എന്തിനെയാണ്‌?

കെ പി ജംഷിദ്‌ നരിക്കുനി 


"അല്ലാഹുവാണ്‌ ഏതൊരു വസ്‌തുവിന്റെയും സ്രഷ്‌ടാവ്‌'' എന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ (39:62) വ്യക്തമാക്കിയിട്ടുണ്ട്‌. ഇതനുസരിച്ച്‌ അല്ലാഹുവല്ലാത്തതെല്ലാം സൃഷ്‌ടിക്കപ്പെട്ടവയാണ്‌. ഇതില്‍ മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്ക്‌ ഗോചരമാകുന്നതും അല്ലാത്തവയും ഉണ്ടാകും. ആകാശഗോളങ്ങളും ഭൂമിയും ദൃശ്യപ്രപഞ്ചത്തിന്റെ ഭാഗമാണ്‌. അവയുടെ സൃഷ്‌ടിപ്പിനെ സംബന്ധിച്ച്‌ ഒരു ഖുര്‍ആന്‍ സൂക്തത്തില്‍ ഇപ്രകാരം കാണാം: "ആറു ദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്‌ടിച്ചത്‌ അവനത്രെ. അവന്റെ അര്‍ശ്‌ വെള്ളത്തിന്മേലായിരുന്നു'' (11:7). ആകാശങ്ങളും ഭൂമിയും സൃഷ്‌ടിക്കുന്നതിനു മുമ്പ്‌ അല്ലാഹുവിന്റെ അര്‍ശ്‌ ഉണ്ടായിരുന്നു എന്നത്രെ ഈ സൂക്തത്തില്‍ നിന്നും ചില നബിവചനങ്ങളില്‍ നിന്നും ഗ്രഹിക്കാവുന്നത്‌.എന്താണ്‌ അര്‍ശ്‌? അതിന്റെ ഘടന എങ്ങനെയാണ്‌? ഇതിനൊന്നും വ്യക്തമായ ഉത്തരം വിശുദ്ധ ഖുര്‍ആനില്‍ നിന്നോ പ്രാമാണികമായ ഹദീസുകളില്‍ നിന്നോ ലഭിക്കുന്നില്ല. രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും ഇരിപ്പിടത്തെ അഥവാ അധികാരപീഠത്തെ കുറിക്കാന്‍ മലയാളത്തില്‍ പ്രയോഗിക്കുന്ന സിംഹാസനം എന്ന പദമാണ്‌ അര്‍ശിന്‌ തര്‍ജമയായി പലരും നല്‍കിക്കാണുന്നത്‌. ഈ പദപ്രയോഗത്തിന്റെ സാധുതയെ സംബന്ധിച്ച്‌ 'മുസ്ലിമി'ന്‌ ഉറപ്പിച്ചു പറയാനാവില്ല. അര്‍ശ്‌ ദൃശ്യപ്രപഞ്ചത്തിന്റെ ഭാഗമല്ലെന്നാണ്‌ 11:7 സൂക്തത്തിന്റെ സൂചന.ഇംറാനുബ്‌നു ഹുസൈനില്‍ നിന്ന്‌ ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: "യമന്‍കാര്‍ നബി(സ)യുടെ അടുത്ത്‌ വന്നിട്ട്‌ പറഞ്ഞു: മതപരമായ അറിവ്‌ നേടാനാണ്‌ ഞങ്ങള്‍ താങ്കളുടെ അടുക്കല്‍ വന്നത്‌. ഈ കാര്യത്തിന്റെ ആരംഭത്തെക്കുറിച്ച്‌ ഞങ്ങള്‍ അങ്ങയോട്‌ ചോദിക്കട്ടെ. അവിടുന്ന്‌ പറഞ്ഞു: അല്ലാഹു ഉണ്ടായിരുന്നു. അവന്‌ മുമ്പ്‌/അവന്റെ കൂടെ/അവനല്ലാതെ യാതൊരു വസ്‌തുവും ഉണ്ടായിരുന്നില്ല. അവന്റെ അര്‍ശ്‌ വെള്ളത്തിന്മേലായിരുന്നു. ദിക്‌റില്‍ അവന്‍ എല്ലാ കാര്യവും എഴുതിവെച്ചു. ആകാശങ്ങളും ഭൂമിയും അവന്‍ സൃഷ്‌ടിക്കുകയും ചെയ്‌തു.'' ദൃശ്യപ്രപഞ്ചം സൃഷ്‌ടിക്കുന്നതിന്‌ മുമ്പ്‌ അര്‍ശ്‌ ഉണ്ടായിരുന്നുവെന്ന്‌ ഈ ഹദീസും സൂചിപ്പിക്കുന്നുണ്ട്‌. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ അര്‍ശാണ്‌ അല്ലാഹു സൃഷ്‌ടിച്ച ആദ്യവസ്‌തുവെന്ന്‌ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ അര്‍ശ്‌ വെള്ളത്തിന്മേലായിരുന്നുവെന്ന്‌ ഖുര്‍ആനിലും ഹദീസിലും വ്യക്തമാക്കിയിട്ടുള്ളതുകൊണ്ട്‌ ആദ്യം സൃഷ്‌ടിക്കപ്പെട്ടത്‌ വെള്ളമാണെന്നത്രെ മറ്റുചില പണ്ഡിതന്മാരുടെ അഭിപ്രായം. വെള്ളവും അര്‍ശും ഒരേ സമയത്തുതന്നെ സൃഷ്‌ടിക്കപ്പെട്ടിരിക്കാനും സാധ്യതയുണ്ട്‌. ആകാശഭൂമികള്‍ക്ക്‌ മുമ്പ്‌ അല്ലാഹു സൃഷ്‌ടിച്ച ജലം ദൃശ്യപ്രപഞ്ചത്തിന്റെ ഭാഗമായ, നമുക്ക്‌ പരിചിതമായ ജലമായിരിക്കാന്‍ സാധ്യതയില്ല. സ്ഥിതി ചെയ്യാന്‍ പാത്രത്തിന്റെയോ പ്രതലത്തിന്റെയോ ആവശ്യമില്ലാത്ത വാതകസമാനമായ ഒരുതരം സവിശേഷജലമായിരിക്കാനാണ്‌ സാധ്യത.അല്ലാഹു ഏറ്റവും ആദ്യമായി സൃഷ്‌ടിച്ചത്‌ 'പേന'യാണെന്നും, അതിനോട്‌ എഴുതൂ എന്ന്‌ അവന്‍ കല്‍പിച്ചപ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാള്‍വരെ ഉണ്ടാകാനുള്ള കാര്യങ്ങളെല്ലാം ആലേഖനം ചെയ്യപ്പെട്ടുവെന്നും റസൂല്‍(സ) പറഞ്ഞതായി അഹ്മദ്‌, അബൂദാവൂദ്‌, തിര്‍മിദി എന്നിവര്‍ ഉബാദത്തുബ്‌നുസ്സാമിതില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. എന്നാല്‍, അര്‍ശിനെക്കാള്‍ മുമ്പ്‌ പേനയാണ്‌ അല്ലാഹു സൃഷ്‌ടിച്ചതെന്ന്‌ ഉറപ്പിച്ചുപറയാന്‍ മാത്രം പ്രബലമായ തെളിവല്ല ഈ ഹദീസ്‌. നേരത്തെ ഉദ്ധരിച്ച ബുഖാരിയുടെ ഹദീസിന്റെ വാചകഘടനപ്രകാരം പേനയുടെ സൃഷ്‌ടിപ്പും സര്‍വകാര്യങ്ങളുടെയും ആലേഖനവും അര്‍ശിനെ സൃഷ്‌ടിച്ചതിനു ശേഷമായിരിക്കാന്‍ സാധ്യതയുണ്ട്‌. ആദ്യം സൃഷ്‌ടിക്കപ്പെട്ടത്‌ ബുദ്ധിയാണെന്നോ മുഹമ്മദ്‌ നബി(സ)യാണെന്നോ വ്യക്തമാക്കുന്ന പ്രബലമായ തെളിവ്‌ `മുസ്ലിം' കണ്ടിട്ടില്ല.
അത്തഹിയ്യാത്തും സ്വലാത്തും: പ്രാമാണികരൂപം

നമസ്‌കാരത്തിലെ അത്തഹിയ്യാത്ത്‌ എത്രവരെ ഓതണം. ലില്ലാഹി വരെ ഓതിയാല്‍ ശരിയാവില്ലേ? അതിനുശേഷമുള്ള അസ്സലാമുഅലൈക അയ്യുഹന്നബിയ്യു എന്ന വാക്യം ഒഴിവാക്കി ശഹാദത്തും നബിക്കുവേണ്ടിയുള്ള പ്രാര്‍ഥനയും കൊണ്ട്‌ അവസാനിപ്പിക്കാമോ? മുകളില്‍ ഒഴിവാക്കേണ്ട വാക്യം നബിയേ, താങ്കള്‍ക്കും സമാധാനവും ബര്‍കത്തും ഉണ്ടാവട്ടെ എന്നാണല്ലോ. അപ്പോള്‍ നബിയേ എന്ന്‌ വിളിക്കുന്നത്‌ ശിര്‍ക്കാവാന്‍ സാധ്യതയില്ലേ? `അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദ്‌ എന്ന്‌ പറയുന്നിടത്ത്‌ ഫര്‍ദ്‌ മതിയാകുമോ? ബാക്കിയുള്ള കമാ സ്വല്ലൈത്ത എന്ന്‌ തുടങ്ങുന്ന പ്രാര്‍ഥന സുന്നത്തില്‍ പെട്ടതാണോ. ഫര്‍ദ്‌ വീട്ടാന്‍ മുഴുവനും പ്രാര്‍ഥിക്കേണ്ടതുണ്ടോ?

ടി പി സൈനബി തെക്കില്‍ഫെറി 


നമസ്‌കാരം പോലുള്ള അനുഷ്‌ഠാനങ്ങള്‍ നബി(സ) നിര്‍വഹിച്ചതായി നമുക്ക്‌ വിവരം കിട്ടിയിട്ടുള്ള അതേ രൂപത്തിലാണ്‌ നിര്‍വഹിക്കേണ്ടത്‌. `ഞാന്‍ എങ്ങനെ നമസ്‌കരിക്കുന്നതായി നിങ്ങള്‍ കണ്ടുവോ, അപ്രകാരം തന്നെ നിങ്ങള്‍ നമസ്‌കരിക്കണം' എന്ന്‌ നബി(സ) പറഞ്ഞതായി പ്രാമാണികമായ ഹദീസിലുണ്ട്‌. നിര്‍ത്തത്തിലും റുകൂഇലും ഇരുത്തത്തിലുമൊക്കെ ചൊല്ലേണ്ടത്‌ നബി(സ) അനുചരന്മാര്‍ക്ക്‌ വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്‌. അതിലൊന്നും സ്വന്തം നിലയില്‍ നമ്മള്‍ യാതൊരു മാറ്റവും വരുത്താതിരിക്കുക എന്നതാണ്‌ ന്യായമായ നിലപാട്‌. അത്തഹിയ്യാത്തിന്റെ വാക്കുകള്‍ നബി(സ) അനുചരന്മാര്‍ക്ക്‌ പറഞ്ഞുകൊടുത്തത്‌ അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദ്‌(റ) എന്ന സ്വഹാബിയില്‍ നിന്ന്‌ ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. പദങ്ങളില്‍ നേരിയ വ്യത്യാസത്തോടെ, ആശയത്തില്‍ മാറ്റമില്ലാതെ ഇബ്‌നുഅബ്ബാസ്‌(റ) എന്ന സ്വഹാബിയില്‍ നിന്ന്‌ മുസ്ലിമും ഇത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. `നബിയേ, താങ്കളുടെ മേല്‍ സമാധാനവും അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ' എന്നര്‍ഥമുള്ള വാക്യം രണ്ട്‌ റിപ്പോര്‍ട്ടുകളിലുമുണ്ട്‌. ഇത്‌ ഒഴിവാക്കിക്കൊണ്ടുള്ള അത്തഹിയ്യാത്തിന്റെ രൂപം  നബി(സ) പഠിപ്പിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. നബി(സ) പഠിപ്പിച്ച വാക്യം മോശമാണെന്ന്‌ കരുതുന്നതും അത്‌ ഒഴിവാക്കുന്നതും ഒട്ടും ശരിയല്ല.


ഒരാളെ വിളിച്ച്‌ അയാളോട്‌ പ്രാര്‍ഥിക്കുന്നതും അയാള്‍ക്ക്‌ വേണ്ടി അല്ലാഹുവോട്‌ പ്രാര്‍ഥിക്കുന്നതും വ്യത്യസ്‌തമായ കാര്യങ്ങളാണ്‌. നബിയേ, താങ്കള്‍ എന്നെ സഹായിക്കേണമേ എന്ന്‌ അവിടുത്തെ വിയോഗത്തിന്‌ ശേഷം തേടുന്നത്‌ അഥവാ പ്രാര്‍ഥിക്കുന്നത്‌ ശിര്‍ക്കാണ്‌. അല്ലാഹുവല്ലാത്ത ആരോടും, യാതൊന്നിനോടും പ്രാര്‍ഥിക്കരുതെന്ന്‌ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ വിലക്കിയിട്ടുണ്ട്‌. എന്നാല്‍ `നബിയേ, താങ്കളുടെ മേല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള സമാധാനമുണ്ടായിരിക്കട്ടെ' എന്ന്‌ പറയുന്നത്‌ ശിര്‍ക്കല്ല. കാരണം, ഈ വാക്യത്തില്‍ നബി(സ)യോടല്ല അല്ലാഹുവോടാണ്‌ പ്രാര്‍ഥന. ഇത്തരത്തിലുള്ള പ്രാര്‍ഥന പ്രാമാണികമായ ഹദീസുകളില്‍ വേറെയും കാണാം. ശ്‌മശാനങ്ങളില്‍ ചെന്നാല്‍ അവിടെ ഖബ്‌റടക്കപ്പെട്ടവര്‍ക്ക്‌ സലാം പറയാന്‍ നബി(സ) പഠിപ്പിച്ചത്‌ ഇപ്രകാരമാണ്‌: “ഈ ഖബ്‌റുകളിലുള്ള മുസ്ലിംകളേ, മുഅ്‌മിനുകളേ, നിങ്ങള്‍ക്ക്‌ സമാധാനമുണ്ടായിരിക്കട്ടെ. അല്ലാഹു ഉദ്ദേശിച്ചാല്‍ ഞങ്ങളും നിങ്ങളുടെ കൂട്ടത്തില്‍ ചേരാന്‍ പോവുകയാണ്‌. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും സൗഖ്യം നല്‍കാന്‍ അല്ലാഹുവോട്‌ ഞാന്‍ അപേക്ഷിക്കുന്നു.” (ബുറൈദ(റ)യില്‍നിന്ന്‌ മുസ്ലിം ഉദ്ധരിച്ചത്‌)അത്തഹിയ്യാത്തിനുശേഷം സ്വലാത്ത്‌ ചൊല്ലേണ്ട രൂപം നബി(സ) പഠിപ്പിച്ചത്‌ ബുഖാരിയും മുസ്ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അല്ലാഹുമ്മ സ്വല്ലി...... ഇന്നക ഹമീദുന്‍ മജീദ്‌ എന്നതാണ്‌ ആ രൂപം. അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ എന്ന്‌ മാത്രമായി നമസ്‌കാരത്തില്‍ ചൊല്ലാന്‍ നബി(സ) പഠിപ്പിച്ചുവെന്ന്‌ പ്രാമാണികമായ ഹദീസുകളിലൊന്നും കാണുന്നില്ല. അതിനാല്‍ ഫര്‍ദ്‌ അത്രത്തോളമാണെന്നും ബാക്കി സുന്നത്താണെന്നും പറയാന്‍ പ്രത്യേക തെളിവൊന്നുമില്ല. ഈ സ്വലാത്തിനെ ഫര്‍ദും സുന്നത്തുമായി വിഭജിച്ചത്‌ പില്‍ക്കാല പണ്ഡിതന്മാരാണ്‌. റസൂല്‍(സ) അങ്ങനെ വിഭജിച്ചിട്ടില്ല. അതിനാല്‍ നാം ചെയ്യേണ്ടത്‌ അവിടുന്ന്‌ പഠിപ്പിച്ചതുപോലെ അല്ലാഹുമ്മ സ്വല്ലി എന്നതു മുതല്‍ ഹമീദുന്‍ മജീദ്‌ എന്നുവരെ പൂര്‍ണരൂപത്തില്‍ സ്വലാത്ത്‌ ചൊല്ലുകയാണ്‌.
ഫാസിസവും പ്രതിരോധവും

ഫാസിസ്റ്റ്‌ ഭീകരതയെ ചെറുക്കാന്‍ യുവാക്കളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പ്രതിരോധസംഘടനകളെ മുസ്‌ലിംസമൂഹം എതിര്‍ക്കേണ്ടതുണ്ടോ? ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ സമുദായം വളരെ ഭീതിയിലും ആശങ്കയിലും കഴിയുന്ന സാഹചര്യത്തില്‍ പ്രതിരോധ സമിതികള്‍ സമുദായത്തിന്‌ തുണയും മുതല്‍ക്കൂട്ടുമല്ലേ? രൂക്ഷമായ വിമര്‍ശനത്തിന്‌ വിധേയരായിക്കൊണ്ടിരിക്കുന്ന പ്രതിരോധ സംഘടനയ്‌ക്ക്‌ പകരമായി ബദല്‍ നിര്‍ദേശം വെക്കാന്‍ പ്രതിരോധ സംഘടനാ വിരുദ്ധകര്‍ക്ക്‌ എന്താണുള്ളത്‌? 

എഫ്‌ എന്‍ പാലക്കാട്‌ ഇന്ത്യയിലെ മുസ്‌ലിംകളുടെ അവസ്ഥയെ സംബന്ധിച്ച്‌ വ്യത്യസ്‌ത കാഴ്‌ചപ്പാടുകളുണ്ടാകാം. മുഴുവന്‍ മുസ്‌ലിംകളും തീര്‍ത്തും അരക്ഷിതരാണെന്നായിരിക്കും തികച്ചും ദോഷൈകദൃക്കുകളായിട്ടുള്ള ആളുകള്‍ കരുതുന്നത്‌. സര്‍ക്കാര്‍ സര്‍വത്ര അവഗണിക്കുന്നു, ജനപ്രതിനിധി സഭകളിലും ഉദ്യോഗങ്ങളിലും അര്‍ഹമായ സ്ഥാനം ലഭിക്കുന്നില്ല, വര്‍ഗീയ വിവേചനത്തിന്‌ ഇരയാകുന്നു, കലാപങ്ങള്‍ക്കും കയ്യേറ്റങ്ങള്‍ക്കും ഇരയാകുന്നു എന്നിങ്ങനെ ധാരാളം പരാതികള്‍ അവര്‍ക്ക്‌ ഉന്നയിക്കാനുണ്ടാകും. ദോഷങ്ങള്‍ മാത്രമേ അവരുടെ ശ്രദ്ധയില്‍ പെടൂ. ഇന്ത്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന സൗഭാഗ്യങ്ങള്‍ അവര്‍ക്ക്‌ ശ്രദ്ധേയമായോ പ്രസ്‌താവ്യമായോ തോന്നുകയില്ല. കടുത്ത അശുഭചിന്തയില്ലാത്ത ആളുകളുടെ കാഴ്‌ചപ്പാട്‌ ഇതില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തമായിരിക്കും. പല രാഷ്‌ട്രങ്ങളെയും അപേക്ഷിച്ച്‌ മുസ്‌ലിംകള്‍ക്ക്‌ അഭിപ്രായപ്രകടനത്തിനും സംഘടിക്കാനും പ്രബോധനംനടത്താനും കൂടുതല്‍ സ്വാതന്ത്ര്യമുള്ള നാടാണ്‌ ഇന്ത്യ എന്ന വസ്‌തുതയിലായിരിക്കും അവരുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. ഏറ്റവും കടുത്ത മുസ്‌ലിംവിരോധം പുലര്‍ത്തുന്ന മോഡി ഭരിക്കുന്ന ഗുജറാത്തില്‍ പോലും മുസ്‌ലിംകള്‍ക്ക്‌ ആരാധനാ-പ്രബോധന സ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടില്ല. എന്നാല്‍ കമ്യൂണിസ്റ്റുരാഷ്‌ട്രങ്ങളിലും ചില ജനാധിപത്യ മതേതര രാഷ്‌ട്രങ്ങളിലും ചില മുസ്‌ലിംഭൂരിപക്ഷ രാഷ്‌ട്രങ്ങളില്‍ പോലും ഇന്ത്യയിലുള്ളത്ര വിപുലമായ സ്വാതന്ത്ര്യം മുസ്‌ലിംകള്‍ക്ക്‌ ലഭിക്കുന്നില്ല എന്നതാണ്‌ സത്യം.ഇന്ത്യയിലെ ഹിന്ദുസമൂഹത്തിലെ ഒരു ന്യൂനപക്ഷം മാത്രമാണ്‌ ഫാസിസ്റ്റ്‌ പ്രവണതകള്‍ പ്രകടിപ്പിക്കുന്നവര്‍. ബഹുഭൂരിപക്ഷം ഹിന്ദുക്കളും മതനിരപേക്ഷ ജനാധിപത്യത്തിന്റെ പക്ഷത്ത്‌ നില്‌ക്കുന്നവരും മുസ്‌ലിംകളെ ശത്രുതയോടെ വീക്ഷിക്കാത്തവരുമാണ്‌. എന്നാല്‍ ഫാസിസ്റ്റുകളെ പ്രതിരോധിക്കാന്‍ മുസ്‌ലിംകള്‍ സംഘടിച്ചാല്‍ അതിനെ ഒരു ഹിന്ദുവിരുദ്ധ നീക്കമായി ചിത്രീകരിക്കുക എന്നതാണ്‌ ഫാസിസ്റ്റ്‌ മറുതന്ത്രം. വര്‍ഗീയമായി ചിന്തിക്കാത്ത ഹിന്ദുക്കളുടെ മനസ്സില്‍ പോലും മുസ്‌ലിംവിരോധം വളരുകയത്രെ ഇതിന്റെ ഫലം. മാറാട്‌ സംഭവം വര്‍ഗീയ ധ്രുവീകരണത്തിന്‌ എത്രമാത്രം ആക്കം കൂട്ടിയിട്ടുണ്ട്‌ എന്ന കാര്യം ശരാശരി പത്രവായനക്കാര്‍ക്കെല്ലാം അറിയാവുന്നതാണ്‌. ഇസ്‌ലാമിക പ്രബോധനസംരംഭങ്ങളും തെറ്റുധാരണകള്‍ നീക്കാനുള്ള ശ്രമങ്ങളും ഒട്ടൊക്കെ വിഫലമാകാനും വര്‍ഗീയ ധ്രുവീകരണം ഒരു നിമിത്തമായിത്തീരും. വര്‍ഗീയസംഘര്‍ഷം സമൂഹത്തിനും രാഷ്‌ട്രത്തിനും കഷ്‌ടനഷ്‌ടങ്ങള്‍ വരുത്തിവെക്കുമെന്നതിനാല്‍ അതിന്‌ വഴിയൊരുക്കുന്നവരെ ഭരണകൂടം കര്‍ക്കശമായി നേരിടുമ്പോഴും വിവിധ മതക്കാരായ ധാരാളം പേര്‍ക്ക്‌ കഷ്‌ടനഷ്‌ടങ്ങള്‍ നേരിടും. ചുരുക്കത്തില്‍ സാമുദായിക പ്രതിരോധശ്രമങ്ങള്‍ കൊണ്ട്‌ വെളുക്കാന്‍ തേച്ചത്‌ പാണ്ഡാകുന്ന അനുഭവമേ ഉണ്ടാകൂ. ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ശത്രുത പുലര്‍ത്താത്ത മതേതര സംഘടനകളുമായി സഹകരിച്ചുകൊണ്ട്‌ മാത്രമേ സംഘപരിവാറിന്റെ വിദ്രോഹനടപടികളെ പരാജയപ്പെടുത്താന്‍ കഴിയൂ. മുസ്‌ലിം പ്രതിരോധസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സംഘപരിവാറിന്‌ കരുത്ത്‌ പകരുകയേയുള്ളൂ. മുസ്‌ലിം ഭീകരതയുടെ പേരുപറഞ്ഞ്‌ സഹതാപ തരംഗം സൃഷ്‌ടിക്കാന്‍ എല്ലാ അടവുകളും അവര്‍ പയറ്റും.
രണ്ടാം റക്‌അത്തില്‍ താഴെയുള്ള സൂറത്തോ?

നമസ്‌കാരത്തില്‍ ഫാതിഹ പാരായണം ചെയ്‌ത ശേഷം ഏതെങ്കിലും സൂറത്ത്‌ പാരായണം ചെയ്യുന്നത്‌ സുന്നത്തുള്ള കാര്യമാണല്ലോ. അപ്രകാരം ചെയ്യുമ്പോള്‍ ഒന്നാം റക്‌അത്തില്‍ പാരായണം ചെയ്‌ത സൂറത്തിന്റെ താഴെയുള്ള സൂറത്തേ രണ്ടാം റക്‌അത്തില്‍ പാരായണം ചെയ്യാവൂ എന്ന്‌ നിബന്ധനയുണ്ടോ? അല്ലെങ്കിലും മേലെ സൂറത്ത്‌, താഴെ സൂറത്ത്‌ എന്നതിന്റെ അടിസ്ഥാനമെന്താണ്‌?


കെ പി അബൂബക്കര്‍ മുത്തനൂര്‍ 


ഒന്നാമത്തെ റക്‌അത്തില്‍ ഓതുന്ന സൂറത്തിന്റെ താഴെയുള്ള സൂറത്തായിരിക്കണം രണ്ടാമത്തെ റക്‌അത്തില്‍ ഓതുന്നതെന്ന്‌ നബി(സ) നിര്‍ദേശിച്ചതായി പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. രാത്രി നമസ്‌കാരത്തിലെ ഒന്നാമത്തെ റക്‌അത്തില്‍ തന്നെ ആദ്യമായി സൂറത്തു ബഖറയും രണ്ടാമതായി സൂറത്തുന്നിസാഉം മൂന്നാമതായി സൂറത്തു ആലുഇംറാനും നബി(സ) ഓതിയതായി ഹുദൈഫ(റ)യില്‍ നിന്ന്‌ മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. നമസ്‌കാരത്തില്‍ ഖുര്‍ആന്‍ ഓതുന്നത്‌ മുസ്‌ഹഫിലുള്ള അതേ ക്രമത്തില്‍ തന്നെ ആകണമെന്നില്ലെന്നാണ്‌ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌.ജനങ്ങള്‍ക്ക്‌ ഇമാമായി നമസ്‌കരിക്കുമ്പോള്‍ വശ്ശംസി വദ്വുഹാഹാ, സബ്ബിഹിസ്‌മ റബ്ബികല്‍ അഅ്‌ലാ, ഇഖ്‌റഅ്‌ ബിസ്‌മി റബ്ബിക്ക, വല്ലൈലി ഇദാ യഗ്‌ശാ എന്നീ ഏറെ ദൈര്‍ഘ്യമില്ലാത്ത സൂറത്തുകള്‍ ഓതണമെന്ന്‌ മുആദി(റ)നോട്‌ നബി(സ) കല്‌പിച്ചതായി മുസ്‌ലിമിന്റെ ഒരു ഹദീസില്‍ കാണാം. ഈ സൂറത്തുകള്‍ നബി(സ) എടുത്തുപറഞ്ഞത്‌ മുസ്‌ഹഫിലുള്ള ക്രമത്തിലല്ല. ഇവ ഏതേത്‌ റക്‌അത്തുകളില്‍ ഓതണമെന്ന്‌ നബി(സ) നിര്‍ണയിച്ചിട്ടുമില്ല.താഴെയുള്ള സൂറത്ത്‌, മേലെയുള്ള സൂറത്ത്‌ എന്നീ വാക്കുകള്‍ നബിവചനങ്ങളില്‍ കാണുന്നില്ല. മേലേ പതിനഞ്ച്‌, താഴേ പതിനഞ്ച്‌ എന്നീ പ്രയോഗങ്ങള്‍ മലയാളികള്‍ക്കിടയില്‍ മാത്രമുള്ളതാണെന്ന്‌ തോന്നുന്നു. ദീര്‍ഘമായ സൂറത്തുകള്‍, ചുരുങ്ങിയ സൂറത്തുകള്‍ എന്നീ പ്രയോഗങ്ങള്‍ ചില ഹദീസുകളില്‍ കാണാം. ഗ്രഹണനമസ്‌കാരത്തെ സംബന്ധിച്ച ഒരു ഹദീസില്‍ ഓരോ നിര്‍ത്തവും അതിന്റെ മുമ്പത്തേതിനേക്കാള്‍ ദൈര്‍ഘ്യം കുറഞ്ഞതായിരുന്നുവെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. രണ്ടാമത്തെ റക്‌അത്തില്‍ നബി(സ) ഓതിയ സൂറത്ത്‌ ഒന്നാമത്തേതില്‍ ഓതിയതിനേക്കാള്‍ ദൈര്‍ഘ്യം കുറഞ്ഞതായിരുന്നുവെന്ന്‌ ഈ ഹദീസില്‍ സൂചനയുണ്ട്‌. ഏതെങ്കിലുമൊരു സൂറത്ത്‌ താഴെ കിടയാണെന്ന്‌ കരുതാന്‍ യാതൊരു ന്യായവുമില്ല.


രണ്ടു ബാങ്കും റവാതിബ്‌ സുന്നത്തും

സുന്നികള്‍ ജുമുഅക്ക്‌ രണ്ട്‌ ബാങ്കുകള്‍ കൊടുക്കുന്നതുകൊണ്ട്‌, അവയ്‌ക്കിടയില്‍ രണ്ട്‌ റക്‌അത്ത്‌ റവാതിബ്‌ സുന്നത്ത്‌ നമസ്‌കരിക്കാന്‍ കഴിയുന്നു. മുജാഹിദുകള്‍ക്ക്‌ അതിനു കഴിയുന്നില്ല. അപ്പോള്‍ സുന്നികള്‍ ചെയ്യുന്നതല്ലേ ശരി?


കെ കെ അബ്‌ദുല്‍ മജീദ്‌ പൊന്നാനി 


സുന്നി എന്ന വാക്കിന്റെ ശരിയായ അര്‍ഥം നബിചര്യ അഥവാ നബിതിരുമേനി പറഞ്ഞതും പ്രവര്‍ത്തിച്ചതും അംഗീകരിച്ചതുമായ മാതൃക പിന്തുടരുന്നവന്‍ എന്നാണ്‌. നബി(സ)യുടെയും അബൂബക്കര്‍, ഉമര്‍(റ) എന്നീ ഖലീഫമാരുടെയും കാലത്ത്‌ ജുമുഅക്ക്‌ ഒരു ബാങ്ക്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന്‌ ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത പ്രാമാണികമായ ഹദീസില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌. ജുമുഅക്ക്‌ മുമ്പ്‌ നബി(സ) റവാതിബ്‌ സുന്നത്ത്‌ നമസ്‌കരിക്കുകയോ നമസ്‌കരിക്കാന്‍ അനുചരരോട്‌ കല്‌പിക്കുകയോ ചെയ്‌തിട്ടില്ല. എന്നാല്‍ പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ സുന്നത്തുള്ള തഹിയ്യത്ത്‌ നമസ്‌കാരം ജുമുഅക്ക്‌ എത്തുമ്പോഴും സുന്നത്താണ്‌. നബി(സ) ഖുത്വ്‌ബ നിര്‍വഹിക്കുന്നതിനിടയില്‍ പള്ളിയില്‍ കടന്ന്‌ ഇരുന്ന അനുചരനോട്‌ എഴുന്നേറ്റ്‌ രണ്ടു റക്‌അത്ത്‌ നമസ്‌കരിക്കാന്‍ അവിടുന്ന്‌ കല്‌പിച്ചതായി പ്രബലമായ ഹദീസില്‍ കാണാം.


വസ്‌ത്രധാരണവും നബിചര്യയും

മുസ്‌ലിംകള്‍ തങ്ങള്‍ ജീവിക്കുന്ന നാട്ടിലെ ആളുകള്‍ ധരിക്കുന്ന വസ്‌ത്രമല്ല ധരിക്കേണ്ടത്‌ എന്നും, നബി(സ) ധരിച്ചിരുന്ന (ഇന്ന്‌ അറബികള്‍ ധരിക്കുന്ന) വസ്‌ത്രധാരണരീതിയാണ്‌ പിന്തുടരേണ്ടത്‌, അതാകുന്നു സുന്നത്ത്‌ എന്നും ചിലര്‍ പ്രചരിപ്പിക്കുന്നു. യഥാര്‍ഥത്തില്‍ നബി(സ)യുടെ വസ്‌ത്രധാരണരീതി എങ്ങനെയായിരുന്നു? മുസ്‌ലിംകള്‍ സ്വന്തം രാജ്യത്തെ വസ്‌ത്രം ധരിക്കുന്നതില്‍ അനൗചിത്യമുണ്ടോ?

അന്‍സാര്‍ ഒതായി 


ഒരു പ്രത്യേക തരം വസ്‌ത്രം മാത്രമേ ധരിക്കാവൂ എന്ന്‌ നബി(സ) പറഞ്ഞതായി പ്രാമാണികമായ ഹദീസുകളിലൊന്നും കാണുന്നില്ല. നബി(സ)യും സ്വഹാബികളില്‍ ചിലരും ഇസാര്‍ അഥവാ മലയാളികള്‍ ധരിക്കുന്നതിനോട്‌ സാമ്യമുള്ള ഉടുതുണി ധരിച്ചിരുന്നതായി ചില ഹദീസുകളില്‍ നിന്ന്‌ ഗ്രഹിക്കാം. പൈജാമ പോലുള്ള വസ്‌ത്രം ധരിക്കുന്നവരും നബി(സ)യുടെ കാലത്തുണ്ടായിരുന്നു. ഏത്‌ വസ്‌ത്രമായാലും നെരിയാണി വിട്ട്‌ താഴോട്ട്‌ ഇറങ്ങരുതെന്ന്‌ നബി(സ) വിലക്കിയിട്ടുണ്ട്‌. അവയവങ്ങള്‍ മുഴപ്പിച്ചു കാണിക്കുന്ന തരത്തിലുള്ള ഇറുകിയ വസ്‌ത്രവും ശരീരം നല്ലവണ്ണം മറയാത്ത വിധത്തിലുള്ള വളരെ നേര്‍ത്ത വസ്‌ത്രവും അനഭിലഷണീയമാണെന്ന്‌ നബിവചനങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നു. കാവി വസ്‌ത്രം ധരിക്കുന്നത്‌ നബി(സ) വിലക്കിയിട്ടുണ്ട്‌. നമസ്‌കാരത്തിലും മറ്റുള്ളവര്‍ക്കിടയിലായിരിക്കുമ്പോഴും പൊക്കിളിനും കാല്‍മുട്ടുകള്‍ക്കും ഇടയിലുള്ള ഭാഗം വെളിപ്പെടാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും ഹദീസുകളില്‍ നിന്ന്‌ മനസ്സിലാക്കാം. ഉടുതുണിക്ക്‌ പുറമെ കുപ്പായവും തലപ്പാവും അദ്ദേഹം പലപ്പോഴും ധരിച്ചിരുന്നു. ഏത്‌ രാജ്യത്തെ വസ്‌ത്രധാരണരീതി സ്വീകരിക്കണമെന്നതല്ല നബി(സ)യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക്‌ വിരുദ്ധമല്ലാത്ത വസ്‌ത്രധാരണ രീതിയായിരിക്കണമെന്നതാണ്‌ സത്യവിശ്വാസികള്‍ നിഷ്‌കര്‍ഷിക്കേണ്ട കാര്യം.

പ്രബോധനവും രൂക്ഷവിമര്‍ശനവും

പല മതങ്ങളും വിശ്വാസങ്ങളും നിലനിര്‍ത്തുന്ന രാജ്യങ്ങളില്‍ വളച്ചുകെട്ടില്ലാതെ ഇസ്‌ലാമാണ്‌ സത്യമതം എന്നു പറയാന്‍ പ്രബോധകര്‍ക്ക്‌ ബാധ്യതയില്ലേ? സൂറതു ആലുഇംറാന്‍ 19,83,85 സൂക്തങ്ങള്‍ അതല്ലേ വ്യക്തമാക്കുന്നത്‌. എന്നാല്‍ മറ്റു മതങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട്‌ പ്രബോധനം നടത്തരുത്‌ എന്ന്‌ ചിലര്‍ പറയുന്നു. എന്താണ്‌ മുസ്‌ലിമിന്റെ അഭിപ്രായം?

മുഹമ്മദ്‌ ചാത്തോലി വണ്ടൂര്‍ ഇന്ന്‌ മുസ്‌ലിംകളും അമുസ്‌ലിംകളുമായ പലരും ഇസ്‌ലാമിനെ ഒരു സാമുദായിക മതം എന്ന നിലയിലാണ്‌ കാണുന്നത്‌. വിശുദ്ധ ഖുര്‍ആനില്‍ ഇസ്‌ലാം എന്ന പദം പ്രയോഗിച്ചിട്ടുള്ളത്‌ അല്ലാഹുവിന്‌ ജീവിതം സമര്‍പ്പിക്കുക എന്ന ആദര്‍ശപരമായ അര്‍ഥത്തിലാണ്‌. ആ മഹത്തായ ആദര്‍ശം മാത്രമാണ്‌ ആത്യന്തിക സത്യം എന്ന്‌ വളച്ചുകെട്ടില്ലാതെ പറയുക തന്നെ വേണം. അത്‌ പറയാന്‍ രൂക്ഷമായ വിമര്‍ശനശൈലിയുടെ ആവശ്യമില്ല. സത്യമതത്തിന്റെ കടുത്ത ശത്രുവായിരുന്ന ഫിര്‍ഔനോട്‌ സൗമ്യമായ ശൈലിയില്‍ സംസാരിക്കണമെന്നാണ്‌ മൂസാ(അ), ഹാറൂന്‍(അ) എന്നീ പ്രവാചകന്മാരോട്‌ അല്ലാഹു കല്‌പിച്ചത്‌ (20:44). അല്ലാഹുവിന്‌ പുറമെ ജനങ്ങള്‍ പ്രാര്‍ഥിക്കാറുള്ള ദൈവങ്ങളെ അഥവാ ആരാധ്യരെ ശകാരിക്കാന്‍ പാടില്ലെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ (6:108) വിലക്കിയിട്ടുണ്ട്‌. സാക്ഷാല്‍ ലോകരക്ഷിതാവായ അല്ലാഹുവല്ലാത്ത ആരെയും ആരാധിക്കാനോ പ്രാര്‍ഥിക്കാനോ പാടില്ലെന്നും അത്‌ കണിശമായ ഏകദൈവത്വത്തിന്‌ വിരുദ്ധമാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്‌ സത്യപ്രബോധകരുടെ സുപ്രധാന കടമ. കാര്യം ന്യായവും മാന്യവുമായ ശൈലിയില്‍ പറഞ്ഞാല്‍ മതി. രൂക്ഷമായ വിമര്‍ശനം നിമിത്തം ആളുകള്‍ സത്യത്തില്‍ നിന്ന്‌ കൂടുതല്‍ അകലാന്‍ ഇടയായാല്‍ അത്‌ പ്രബോധകന്റെ പരാജയമായിരിക്കും. സാമുദായികവും വര്‍ഗീയവുമായ സങ്കുചിത്വത്തിലേക്കാണ്‌ പ്രബോധകന്‍ ക്ഷണിക്കുന്നതെന്ന്‌ ഇതര സമുദായക്കാര്‍ക്ക്‌ തോന്നാന്‍ ഇടയായാല്‍ അത്‌ പ്രബോധനത്തിന്റെ ഫലപ്രാപ്‌തിയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്‌.

അല്ലാഹു ആകാശത്തിനുള്ളിലോ?


ഒരു വസ്‌തുവിനെ സൃഷ്‌ടിക്കുന്നവന്‍ ആ വസ്‌തുവിന്റെ ഉള്ളിലായിരിക്കും എന്നത്‌ അചിന്ത്യമാണല്ലോ. എന്നാല്‍ അല്ലാഹു ആകാശത്താണ്‌ എന്ന്‌ പ്രമാണങ്ങള്‍ പഠിപ്പിക്കുമ്പോള്‍ ആകാശത്തെ സൃഷ്‌ടിച്ചവന്‍ അല്ലാഹുവാണ്‌ എന്നും പറയുന്നത്‌ കാണാം. ആകാശത്തെ സൃഷ്‌ടിച്ചതിന്‌ മുമ്പ്‌ അല്ലാഹു എവിടെയായിരുന്നു? നിങ്ങള്‍ എവിടെയായിരുന്നാലും അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്‌ എന്ന്‌ പറയുമ്പോള്‍ അല്ലാഹുവിന്റെ സത്തയാണോ, അതല്ല അവന്റെ ദൃഷ്‌ടി (കാഴ്‌ച) യാണോ നമ്മോടൊപ്പമുള്ളത്‌?കെ പി ജംഷിദ്‌ നരിക്കുനിവിശുദ്ധഖുര്‍ആനിലെ 67:16, 17 സൂക്തങ്ങളിലാണ്‌ അല്ലാഹുവെ സംബന്ധിച്ച്‌ മന്‍ഫിസ്സമാഇ എന്ന്‌ പറഞ്ഞിട്ടുള്ളത്‌. സമാഅ്‌ എന്ന അറബി ഭാഷാപദത്തിന്‌ ഉന്നതി, ഉന്നതം, ഉപരിഭാഗം എന്നൊക്കെയാണ്‌ അര്‍ഥം. സാമാന്യമായി ആകാശം എന്ന്‌ അര്‍ഥം പറയുന്നു. മന്‍ഫിസ്സമാഇ എന്നതിന്‌ ആകാശത്തിനുള്ളിലുള്ളവന്‍ എന്നര്‍ഥം വരികയില്ല. ആകാശത്തുള്ളവന്‍ എന്നേ വരൂ. ഉപര്യുക്ത ഖുര്‍ആന്‍ സൂക്തങ്ങളില്‍ സമാഅ്‌ എന്ന പദത്തിന്‌ നാം ഉദ്ദേശിക്കുന്ന ഭൗതികമായ വാനലോകം എന്നു തന്നെയാണ്‌ അര്‍ഥമെന്ന്‌ ഉറപ്പിച്ചു പറയാനാവില്ല. 'അല്ലാഹു നിങ്ങളുടെ കൂടെ' 'കണ്‌ഠനാഡിയെക്കാള്‍ അടുത്തുള്ളവന്‍' മുതലായ ഖുര്‍ആനിക പരാമര്‍ശങ്ങള്‍ക്ക്‌ സ്വന്തം വകയായി വ്യാഖ്യാനം നല്‌കാന്‍ മുസ്‌ലിമിന്‌ അവകാശമില്ല. സ്ഥലകാല പരിമിതികള്‍ക്കുള്ളില്‍ കഴിയുന്ന നമ്മള്‍ അല്ലാഹുവെ നമ്മുടെ ധാരണയ്‌ക്ക്‌ അനുരൂപമായി വിലയിരുത്തുമ്പോള്‍ തെറ്റുപറ്റാന്‍ ഏറെ സാധ്യതയുണ്ട്‌.


‘ദൈവമാര്‍ഗം’ എന്നാല്‍ ജിഹാദ്‌ മാത്രമോ?

പള്ളിനിര്‍മാണം, മയ്യിത്ത്‌ സംസ്‌കരണം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം മറ്റു സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍, മതസംഘടനാ പ്രവര്‍ത്തനങ്ങള്‍ മുതലായവക്ക്‌ സകാത്തിന്റെ വിഹിതം മാറ്റിവെക്കുന്നതില്‍ തെറ്റുണ്ടോ? `ദൈവ മാര്‍ഗത്തില്‍' എന്ന വകുപ്പില്‍ പെടാവുന്ന മറ്റു ചില മേഖലകളേയും ഇതില്‍ ഉള്‍പ്പെടുത്തുന്നതിലും വല്ല തകരാറുമുണ്ടോ? ‘ദൈവമാര്‍ഗത്തില്‍’ എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ ജിഹാദ്‌ മാത്രമാണോ? കാലം മാറുന്നതിനനുസരിച്ച്‌ ഫീ സബീലില്ലാഹി എന്നതിന്റെ വ്യാപ്‌തി വര്‍ധിക്കുമല്ലോ, ആ നിലക്ക്‌ സകാത്തിന്റെ പണം വിനിയോഗിക്കുന്നതിന്റെ മതവിധിയെന്താണ്‌?


കെ പി ജംഷിദ്‌ നരിക്കുനി


ദരിദ്രരെയും അഗതികളെയും കടബാധിതരെയും സഹായിക്കലും അടിമകളെ മോചിപ്പിക്കലുമെല്ലാം വിശാലമായ അര്‍ഥത്തില്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്‌. എന്നാല്‍ വിശുദ്ധ ഖുര്‍ആനിലെ 9:60 സൂക്തത്തില്‍ സകാത്തിന്റെ അവകാശികളെക്കുറിച്ച്‌ വിവരിക്കുന്നേടത്ത്‌ ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുറമെയുള്ള ഒരു പ്രത്യേക ഇനമായിട്ടാണ്‌ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ഊര്‍ജിത ശ്രമത്തെ എടുത്തുപറഞ്ഞിട്ടുള്ളത്‌. കാലം മാറുന്നതിനനുസരിച്ച്‌ ഇതിന്റെ പരിധി വിപുലമാകാന്‍ സാധ്യതയുണ്ട്‌ എന്നതില്‍ സംശയമില്ല. എന്നാല്‍ പള്ളി നിര്‍മാണവും മയ്യിത്ത്‌ സംസ്‌കരണവും തൊഴില്‍ പരിശീലനവും നബി(സ)യുടെ കാലത്തും നിര്‍വഹിച്ചിരുന്ന കാര്യങ്ങളാണ്‌. അവയ്‌ക്കുവേണ്ടി അവിടുന്ന്‌ സകാത്ത്‌ ഫണ്ട്‌ വിനിയോഗിച്ചിരുന്നതായി പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും മതസംഘടനകളും നബി(സ)യുടെ കാലത്ത്‌ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവയ്‌ക്കുവേണ്ടി സകാത്ത്‌ ഫണ്ട്‌ വിനിയോഗിക്കുന്ന പ്രശ്‌നം അന്ന്‌ ഉത്ഭവിച്ചിട്ടില്ല.

എന്നാലും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ബോധവത്‌കരണവും ആദര്‍ശ പ്രചാരണവുമാണ്‌ ഒരു സ്ഥാപനത്തിന്റെയോ സംഘടനയുടെയോ കര്‍മപരിപാടിയെങ്കില്‍ അതിനുവേണ്ടി സകാത്ത്‌ ഫണ്ടില്‍ നിന്ന്‌ ഒരു വിഹിതം വിനിയോഗിക്കാവുന്നതാണ്‌. സകാത്തിന്റെ പ്രധാന അവകാശികള്‍ ഫഖീര്‍, മിസ്‌കീന്‍ എന്നീ വിഭാഗങ്ങളാണെന്നത്രെ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും ഹദീസുകളില്‍ നിന്നും മനസ്സിലാക്കാവുന്നത്‌. അതിനാല്‍ ആ വിഭാഗങ്ങളെ അവഗണിച്ചുകൊണ്ട്‌ മറ്റേതെങ്കിലും വിഭാഗത്തിലേക്ക്‌ മാത്രമായി സകാത്ത്‌ തുക വിനിയോഗിക്കാവുന്നതല്ല. `ദൈവമാര്‍ഗത്തില്‍' എന്നതുകൊണ്ട്‌ ജിഹാദ്‌ മാത്രമാണ്‌ ഉദ്ദേശ്യമെന്ന്‌ പറയാന്‍ ഖണ്ഡിതമായ തെളിവൊന്നും കണ്ടിട്ടില്ല. ജിഹാദ്‌ എന്നാല്‍ തന്നെ ആക്രമണകാരികള്‍ക്കെതിരിലുള്ള ചെറുത്തുനില്‌പും പോരാട്ടവും മാത്രമല്ല. ``ഈ ഖുര്‍ആന്‍ കൊണ്ട്‌ നീ അവരോട്‌ വലിയ ജിഹാദ്‌ നടത്തിക്കൊള്ളുക.'' (വി. ഖു 25:52) എന്ന സൂക്തത്തില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌ ഖുര്‍ആനിന്റെ പിന്‍ബലത്തോടെയുള്ള ഊര്‍ജിതമായ സത്യപ്രബോധനവും സുപ്രധാനമായ ജിഹാദാണെന്നത്രെ.

Followers -NetworkedBlogs-

Followers