ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label സ്വലാത്ത്‌. Show all posts
Showing posts with label സ്വലാത്ത്‌. Show all posts

എന്തുകൊണ്ട്‌ പല രീതിയില്‍ `ഹംദ്‌' ചൊല്ലുന്നു?

നബി(സ) കാണിച്ച്‌, പ്രവര്‍ത്തിച്ച്‌, അംഗീകരിച്ച്‌ തന്ന കാര്യങ്ങളാണല്ലോ നബിചര്യ. നബി(സ) പറഞ്ഞതിലോ പ്രവര്‍ത്തിച്ചതിലോ അംഗീകരിച്ചു തന്നതിലോ കൂട്ടുകയോ കുറക്കുകയോ ചെയ്യാനുള്ള അധികാരം മുസ്‌ലിംകള്‍ക്ക്‌ ഇല്ല. അതിനാല്‍ മുജാഹിദുകള്‍ നബി(സ)യുടെ മേല്‍ സ്വലാത്ത്‌ ചൊല്ലുമ്പോഴും, നബി(സ) പഠിപ്പിച്ച പ്രാര്‍ഥന ചൊല്ലുമ്പോഴും ഒരു അക്ഷരം കൂട്ടുകയോ കുറക്കുകയോ ഇല്ല എന്ന്‌ പറയുന്നു. എന്നാല്‍ പ്രസംഗത്തിന്‌ മുമ്പുള്ള `ഹംദ്‌' മുജാഹിദ്‌ പ്രസംഗകര്‍ വ്യത്യസ്‌ത രൂപത്തില്‍ ചൊല്ലുന്നത്‌ കാണുന്നു. ഇത്‌ നബിയുടെ ചര്യക്ക്‌ എതിരല്ലേ?

പി എം ഇസ്‌ഹാഖ്‌ തിരുനാവായ

നബി(സ) എല്ലാ പ്രസംഗങ്ങളുടെ കൂട്ടത്തിലും ഒരേ രീതിയില്‍ തന്നെയായിരുന്നു ഹംദ്‌ ചൊല്ലിയിരുന്നതെന്ന്‌ പ്രാമാണികമായ ഹദീസുകളില്‍ വ്യക്തമാക്കിയിട്ടില്ല. നബി(സ) ഖുത്വ്‌ബയുടെ ആരംഭത്തില്‍ ചൊല്ലിയിരുന്ന ഹംദിന്റെ വിശദമായ രൂപം ഒരു ഹദീസില്‍ കാണാമെങ്കിലും ആ ഹദീസ്‌ പ്രാമാണികമാണോ എന്ന കാര്യത്തില്‍ ഹദീസ്‌ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്‌. നബി(സ)യുടെ പ്രസംഗങ്ങള്‍ സംബന്ധിച്ച പല റിപ്പോര്‍ട്ടുകളിലും അദ്ദേഹം അല്ലാഹുവെ സ്‌തുതിക്കുകയും അവനെ പുകഴ്‌ത്തുകയും ശഹാദത്ത്‌ ചൊല്ലുകയും ചെയ്‌തിരുന്നുവെന്നേ പറഞ്ഞിട്ടുള്ളൂ. സ്‌തുതിക്കാനും മറ്റും ഉപയോഗിച്ച പദങ്ങള്‍ കൃത്യമായി എടുത്തുപറഞ്ഞിട്ടില്ല.

നാം അല്ലാഹുവെ സ്‌തുതിക്കേണ്ടത്‌ എങ്ങനെയെന്ന്‌ ഒന്നാമതായി ഖുര്‍ആനില്‍ നിന്നാണ്‌ മനസ്സിലാക്കേണ്ടത്‌. നാം ആവര്‍ത്തിച്ച്‌ ഓതേണ്ട ഫാതിഹയില്‍ ഹംദും ഉണ്ടല്ലോ. അല്‍ ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍. ഈ വാക്കുകളിലൂടെ ഏത്‌ സന്ദര്‍ഭത്തിലും നമുക്ക്‌ അല്ലാഹുവെ സ്‌തുതിക്കാവുന്നതാണ്‌. 6:1 സൂക്തത്തില്‍ `ആകാശഭൂമികള്‍ സൃഷ്‌ടിച്ച അല്ലാഹുവിന്‌ സ്‌തുതി' എന്നു കാണാം. 7:43 സൂക്തത്തില്‍ `ഞങ്ങളെ ഈ സന്മാര്‍ഗത്തിലേക്ക്‌ നയിച്ച അല്ലാഹുവിന്‌ സ്‌തുതി' എന്നാണുള്ളത്‌. അല്‍ഹംദുലില്ലാഹ്‌ എന്ന്‌ പറയാനുള്ള നിര്‍ദേശം അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ കാണാം. `തന്റെ ദാസന്‌ വേദഗ്രന്ഥം അവതരിപ്പിച്ചുകൊടുത്ത അല്ലാഹുവിന്‌ സ്‌തുതി' എന്ന്‌ 18:1ല്‍ കാണാം. `ഞങ്ങളെ അക്രമികളില്‍ നിന്ന്‌ രക്ഷിച്ച അല്ലാഹുവിന്‌ സ്‌തുതി' എന്ന്‌ പറയാനുള്ള നിര്‍ദേശം കാണാം 23:28 സൂക്തത്തില്‍. `ഞങ്ങളില്‍ നിന്ന്‌ ദുഃഖം നീക്കിയ അല്ലാഹുവിന്‌ സ്‌തുതി' എന്നാണ്‌ 35:34 സൂക്തത്തിലെ പദപ്രയോഗം. അല്ലാഹുവിന്റെ ഗുണവിശേഷങ്ങളും അനുഗ്രഹങ്ങളും എടുത്തുപറഞ്ഞുകൊണ്ട്‌ വ്യത്യസ്‌ത രീതികളില്‍ അവന്‌ സ്‌തുതിയര്‍പ്പിക്കാവുന്നതാണ്‌ എന്നത്രെ ഈ ആയത്തുകളില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌.

ഒരു പ്രത്യേക രീതിയില്‍ മാത്രം നബി(സ) പഠിപ്പിച്ച ദിക്‌റോ ദുആയോ ആണെങ്കില്‍ നമ്മുടെ ഇഷ്‌ടപ്രകാരം അതില്‍ മാറ്റം വരുത്താവുന്നതല്ല. എന്നാല്‍ നബി(സ) തന്നെ വ്യത്യസ്‌ത രീതിയില്‍ ചൊല്ലിയതായി പ്രബലമായ ഹദീസുകളില്‍ ഉദ്ധരിച്ചിട്ടുള്ള പ്രാര്‍ഥനകളും കീര്‍ത്തനങ്ങളുമാണെങ്കില്‍ അവയില്‍ ഏതൊന്നും ചൊല്ലാന്‍ നമുക്ക്‌ സ്വാതന്ത്ര്യമുണ്ടായിരിക്കും. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എടുത്തുപറഞ്ഞ്‌ അവനെ സ്‌തുതിക്കുകയാണെങ്കില്‍ നമുക്ക്‌ ഓരോ സന്ദര്‍ഭത്തിലും ഏറ്റവും പ്രസക്‌തമായി തോന്നുന്ന അനുഗ്രഹങ്ങള്‍ എടുത്തുപറയാവുന്നതാണ്‌.

ഖുത്വ്‌ബയും സ്വലാത്തും

ജുമുഅ ഖുത്വ്‌ബയുടെ അര്‍കാനുകളില്‍ സാധാരണയായി ഹംദും സ്വലാത്തും തഖ്വാ കൊണ്ടുള്ള വസ്വിയ്യത്തും നടത്തിവരാറാണല്ലോ പതിവ്‌. എന്നാല്‍ ഇതില്‍ നബി(സ)യുടെ പേരില്‍ സ്വലാത്ത്‌ ചൊല്ലേണ്ടതില്ലെന്നും അങ്ങനെ ചെയ്യുന്നത്‌ ബിദ്‌അത്താണെന്നും ഒരു ഖുത്വ്‌ബയില്‍ കേള്‍ക്കാനിടയായി. ഖുത്വ്‌ബയിലും മറ്റു പ്രസംഗങ്ങളിലും നബിയുടെ പേരില്‍ സ്വലാത്ത്‌ ചൊല്ലുന്നത്‌ ബിദ്‌അത്താണോ? നബി(സ)യുടെ ഖുത്വ്‌ബയില്‍ നബി എങ്ങനെയായിരുന്നു ചെയ്‌തിരുന്നത്‌. നബി(സ) സ്വന്തം പേരില്‍ സ്വലാത്ത്‌ ചൊല്ലുക എന്നത്‌ അനൗചിത്യമല്ലേ?



ശഫീഖ്‌ അലി, ഒതായി.


ഖുത്വ്‌ബയുടെ റുക്‌നുകള്‍ അഥവാ ഫര്‍ദ്വുകള്‍ എന്ന പദപ്രയോഗം നബി(സ)യില്‍ നിന്ന്‌ ഉദ്ധരിക്കപ്പെട്ടിട്ടില്ല. എല്ലാ ഖുത്വ്‌ബയിലും നബി(സ) ഉള്‍പ്പെടുത്തിയിരുന്ന കാര്യങ്ങളെ പില്‌ക്കാല പണ്ഡിതന്മാരാണ്‌ റുക്‌നുകള്‍ എന്ന്‌ വിശേഷിപ്പിച്ചത്‌. ഖുത്വ്‌ബയുടെ തുടക്കത്തില്‍ ഹംദും ശഹാദത്ത്‌ കലിമയും നബി(സ) ഒഴിവാക്കാറുണ്ടായിരുന്നില്ലെന്ന്‌ ചില ഹദീസുകളില്‍ നിന്ന്‌ വ്യക്തമാകുന്നുണ്ട്‌. എന്നാല്‍ ജുമുഅ ഖുത്വ്‌ബയുടെ ആരംഭത്തില്‍ നബി(സ) സ്വലാത്ത്‌ ചൊല്ലുകയോ ചൊല്ലാന്‍ കല്‌പിക്കുകയോ ചെയ്‌തതായി പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. എങ്കിലും വിശുദ്ധ ഖുര്‍ആനിലെ 33:56 സൂക്തത്തില്‍ അല്ലാഹു കല്‌പിച്ചിട്ടുള്ള സ്വലാത്ത്‌, ഖുത്വ്‌ബ തുടങ്ങുമ്പോള്‍ ചൊല്ലുന്നത്‌ ബിദ്‌അത്താണെന്ന്‌ പറയാവുന്നതല്ലെന്നാണ്‌ ‘മുസ്‌ലിം’ കരുതുന്നത്‌. സ്വലാത്ത്‌ ഏതെങ്കിലും സന്ദര്‍ഭത്തില്‍ വര്‍ജിക്കേണ്ടതാണെന്ന്‌ അല്ലാഹുവോ റസൂലോ പഠിപ്പിച്ചിട്ടില്ല. നബി(സ)യുടെ മേല്‍ കാരുണ്യം ചൊരിയാന്‍ അല്ലാഹുവോട്‌ പ്രാര്‍ഥിക്കുകയാണ്‌ സ്വലാത്ത്‌. അല്ലാഹുവേ, എന്റെ മേല്‍ കരുണ ചൊരിയണമേ എന്നോ മുഹമ്മദിന്റെ മേല്‍ കരുണ ചൊരിയണമേ എന്നോ നബി(സ) പ്രാര്‍ഥിച്ചാല്‍ അതില്‍ അസാംഗത്യമൊന്നുമില്ല.

അത്തഹിയ്യാത്തും സ്വലാത്തും: പ്രാമാണികരൂപം

നമസ്‌കാരത്തിലെ അത്തഹിയ്യാത്ത്‌ എത്രവരെ ഓതണം. ലില്ലാഹി വരെ ഓതിയാല്‍ ശരിയാവില്ലേ? അതിനുശേഷമുള്ള അസ്സലാമുഅലൈക അയ്യുഹന്നബിയ്യു എന്ന വാക്യം ഒഴിവാക്കി ശഹാദത്തും നബിക്കുവേണ്ടിയുള്ള പ്രാര്‍ഥനയും കൊണ്ട്‌ അവസാനിപ്പിക്കാമോ? മുകളില്‍ ഒഴിവാക്കേണ്ട വാക്യം നബിയേ, താങ്കള്‍ക്കും സമാധാനവും ബര്‍കത്തും ഉണ്ടാവട്ടെ എന്നാണല്ലോ. അപ്പോള്‍ നബിയേ എന്ന്‌ വിളിക്കുന്നത്‌ ശിര്‍ക്കാവാന്‍ സാധ്യതയില്ലേ? `



അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദ്‌ എന്ന്‌ പറയുന്നിടത്ത്‌ ഫര്‍ദ്‌ മതിയാകുമോ? ബാക്കിയുള്ള കമാ സ്വല്ലൈത്ത എന്ന്‌ തുടങ്ങുന്ന പ്രാര്‍ഥന സുന്നത്തില്‍ പെട്ടതാണോ. ഫര്‍ദ്‌ വീട്ടാന്‍ മുഴുവനും പ്രാര്‍ഥിക്കേണ്ടതുണ്ടോ?

ടി പി സൈനബി തെക്കില്‍ഫെറി 


നമസ്‌കാരം പോലുള്ള അനുഷ്‌ഠാനങ്ങള്‍ നബി(സ) നിര്‍വഹിച്ചതായി നമുക്ക്‌ വിവരം കിട്ടിയിട്ടുള്ള അതേ രൂപത്തിലാണ്‌ നിര്‍വഹിക്കേണ്ടത്‌. `ഞാന്‍ എങ്ങനെ നമസ്‌കരിക്കുന്നതായി നിങ്ങള്‍ കണ്ടുവോ, അപ്രകാരം തന്നെ നിങ്ങള്‍ നമസ്‌കരിക്കണം' എന്ന്‌ നബി(സ) പറഞ്ഞതായി പ്രാമാണികമായ ഹദീസിലുണ്ട്‌. നിര്‍ത്തത്തിലും റുകൂഇലും ഇരുത്തത്തിലുമൊക്കെ ചൊല്ലേണ്ടത്‌ നബി(സ) അനുചരന്മാര്‍ക്ക്‌ വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്‌. അതിലൊന്നും സ്വന്തം നിലയില്‍ നമ്മള്‍ യാതൊരു മാറ്റവും വരുത്താതിരിക്കുക എന്നതാണ്‌ ന്യായമായ നിലപാട്‌. അത്തഹിയ്യാത്തിന്റെ വാക്കുകള്‍ നബി(സ) അനുചരന്മാര്‍ക്ക്‌ പറഞ്ഞുകൊടുത്തത്‌ അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദ്‌(റ) എന്ന സ്വഹാബിയില്‍ നിന്ന്‌ ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. പദങ്ങളില്‍ നേരിയ വ്യത്യാസത്തോടെ, ആശയത്തില്‍ മാറ്റമില്ലാതെ ഇബ്‌നുഅബ്ബാസ്‌(റ) എന്ന സ്വഹാബിയില്‍ നിന്ന്‌ മുസ്ലിമും ഇത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. `നബിയേ, താങ്കളുടെ മേല്‍ സമാധാനവും അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ' എന്നര്‍ഥമുള്ള വാക്യം രണ്ട്‌ റിപ്പോര്‍ട്ടുകളിലുമുണ്ട്‌. ഇത്‌ ഒഴിവാക്കിക്കൊണ്ടുള്ള അത്തഹിയ്യാത്തിന്റെ രൂപം  നബി(സ) പഠിപ്പിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. നബി(സ) പഠിപ്പിച്ച വാക്യം മോശമാണെന്ന്‌ കരുതുന്നതും അത്‌ ഒഴിവാക്കുന്നതും ഒട്ടും ശരിയല്ല.


ഒരാളെ വിളിച്ച്‌ അയാളോട്‌ പ്രാര്‍ഥിക്കുന്നതും അയാള്‍ക്ക്‌ വേണ്ടി അല്ലാഹുവോട്‌ പ്രാര്‍ഥിക്കുന്നതും വ്യത്യസ്‌തമായ കാര്യങ്ങളാണ്‌. നബിയേ, താങ്കള്‍ എന്നെ സഹായിക്കേണമേ എന്ന്‌ അവിടുത്തെ വിയോഗത്തിന്‌ ശേഷം തേടുന്നത്‌ അഥവാ പ്രാര്‍ഥിക്കുന്നത്‌ ശിര്‍ക്കാണ്‌. അല്ലാഹുവല്ലാത്ത ആരോടും, യാതൊന്നിനോടും പ്രാര്‍ഥിക്കരുതെന്ന്‌ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ വിലക്കിയിട്ടുണ്ട്‌. എന്നാല്‍ `നബിയേ, താങ്കളുടെ മേല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള സമാധാനമുണ്ടായിരിക്കട്ടെ' എന്ന്‌ പറയുന്നത്‌ ശിര്‍ക്കല്ല. കാരണം, ഈ വാക്യത്തില്‍ നബി(സ)യോടല്ല അല്ലാഹുവോടാണ്‌ പ്രാര്‍ഥന. ഇത്തരത്തിലുള്ള പ്രാര്‍ഥന പ്രാമാണികമായ ഹദീസുകളില്‍ വേറെയും കാണാം. ശ്‌മശാനങ്ങളില്‍ ചെന്നാല്‍ അവിടെ ഖബ്‌റടക്കപ്പെട്ടവര്‍ക്ക്‌ സലാം പറയാന്‍ നബി(സ) പഠിപ്പിച്ചത്‌ ഇപ്രകാരമാണ്‌: “ഈ ഖബ്‌റുകളിലുള്ള മുസ്ലിംകളേ, മുഅ്‌മിനുകളേ, നിങ്ങള്‍ക്ക്‌ സമാധാനമുണ്ടായിരിക്കട്ടെ. അല്ലാഹു ഉദ്ദേശിച്ചാല്‍ ഞങ്ങളും നിങ്ങളുടെ കൂട്ടത്തില്‍ ചേരാന്‍ പോവുകയാണ്‌. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും സൗഖ്യം നല്‍കാന്‍ അല്ലാഹുവോട്‌ ഞാന്‍ അപേക്ഷിക്കുന്നു.” (ബുറൈദ(റ)യില്‍നിന്ന്‌ മുസ്ലിം ഉദ്ധരിച്ചത്‌)



അത്തഹിയ്യാത്തിനുശേഷം സ്വലാത്ത്‌ ചൊല്ലേണ്ട രൂപം നബി(സ) പഠിപ്പിച്ചത്‌ ബുഖാരിയും മുസ്ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അല്ലാഹുമ്മ സ്വല്ലി...... ഇന്നക ഹമീദുന്‍ മജീദ്‌ എന്നതാണ്‌ ആ രൂപം. അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ എന്ന്‌ മാത്രമായി നമസ്‌കാരത്തില്‍ ചൊല്ലാന്‍ നബി(സ) പഠിപ്പിച്ചുവെന്ന്‌ പ്രാമാണികമായ ഹദീസുകളിലൊന്നും കാണുന്നില്ല. അതിനാല്‍ ഫര്‍ദ്‌ അത്രത്തോളമാണെന്നും ബാക്കി സുന്നത്താണെന്നും പറയാന്‍ പ്രത്യേക തെളിവൊന്നുമില്ല. ഈ സ്വലാത്തിനെ ഫര്‍ദും സുന്നത്തുമായി വിഭജിച്ചത്‌ പില്‍ക്കാല പണ്ഡിതന്മാരാണ്‌. റസൂല്‍(സ) അങ്ങനെ വിഭജിച്ചിട്ടില്ല. അതിനാല്‍ നാം ചെയ്യേണ്ടത്‌ അവിടുന്ന്‌ പഠിപ്പിച്ചതുപോലെ അല്ലാഹുമ്മ സ്വല്ലി എന്നതു മുതല്‍ ഹമീദുന്‍ മജീദ്‌ എന്നുവരെ പൂര്‍ണരൂപത്തില്‍ സ്വലാത്ത്‌ ചൊല്ലുകയാണ്‌.




സ്വലാത്ത്‌ പ്രത്യേക സന്ദര്‍ഭത്തില്‍ മാത്രമോ?

പ്രവാചകന്റെ(സ) മേലുള്ള സ്വലാത്ത്‌ എല്ലാ സമയത്തും ചൊല്ലാന്‍ പറ്റുമോ? അതല്ല, പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമേ പാടുള്ളൂ എന്നുണ്ടോ?
റഫീഖ്‌ പൂതപ്പാറ

വിശുദ്ധ ഖുര്‍ആനിലെ 33:56 സൂക്തത്തില്‍ നബി(സ)യുടെ പേരില്‍ സ്വലാത്തും സലാമും ചൊല്ലാന്‍ അഥവാ അദ്ദേഹത്തിന്‌ അല്ലാഹുവിന്റെ അനുഗ്രഹവും സമാധാനവും ലഭിക്കുന്നതിനുവേണ്ടി പ്രാര്‍ഥിക്കാന്‍ സത്യവിശ്വാസികളോട്‌ കല്‌പിച്ചിട്ടുണ്ട്‌. ഇത്‌ ഏതെങ്കിലും പ്രത്യേക സന്ദര്‍ഭത്തിലേ ചൊല്ലാവൂ എന്ന്‌ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ പറഞ്ഞിട്ടില്ല. സാധാരണ നമസ്‌കാരങ്ങളില്‍ അത്തഹിയ്യാത്തിനു ശേഷവും മയ്യിത്ത്‌ നമസ്‌കാരത്തില്‍ രണ്ടാമത്തെ തക്‌ബീറിനു ശേഷവും സ്വലാത്ത്‌ ചൊല്ലാന്‍ ഹദീസുകളില്‍ നിര്‍ദേശമുണ്ട്‌. അതുപോലെ തന്നെ പ്രാര്‍ഥന തുടങ്ങുമ്പോഴും. നബി(സ)യുടെ പേര്‍ കേള്‍ക്കുമ്പോള്‍ സ്വലാത്ത്‌ ചൊല്ലണമെന്ന്‌ അവിടുന്ന്‌ പഠിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ സ്വലാത്ത്‌ ചൊല്ലുന്നത്‌ വിലക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്‌തിട്ടില്ല. സ്വലാത്ത്‌ വര്‍ധിപ്പിക്കുന്നതിനെ നബി(സ) പ്രോത്സാഹിപ്പിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. പക്ഷെ, നബി(സ)യോ ശിഷ്യന്മാരോ സ്വലാത്ത്‌ ചൊല്ലാന്‍ പ്രത്യേക സദസ്സ്‌ സംഘടിപ്പിക്കുകയോ, സ്വലാത്ത്‌ വാര്‍ഷികം പോലുള്ള പരിപാടികള്‍ നടത്തുകയോ ചെയ്‌തിട്ടില്ല. അതൊക്കെ എതിര്‍ക്കപ്പെടേണ്ട നൂതനാചാരങ്ങളാകുന്നു.

Followers -NetworkedBlogs-

Followers