ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label സുന്നത്ത്. Show all posts
Showing posts with label സുന്നത്ത്. Show all posts

ഹജ്ജ്‌ സല്‍ക്കാരം

ചില പ്രദേശങ്ങളില്‍ ഹജ്ജിനു പോകുന്നവര്‍ തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച്‌ ഭക്ഷണം നല്‍കുന്നു. ഇതിന്‌ `യാത്രാച്ചോറ്‌' എന്ന പേരാണ്‌ പറയുന്നത്‌. ഇത്തരം ഒരു സമ്പ്രദായം നബി(സ)യുടെ ചര്യയില്‍ കാണുന്നുണ്ടോ? ഇല്ലെങ്കില്‍ ഇത്‌ ഒരു ബിദ്‌അത്തല്ലേ?
അക്‌ബറലി കോഴിക്കോട്‌
ഹജ്ജിനു പോകുന്നവര്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ച്‌ സല്‍ക്കാരം നടത്തണമെന്ന്‌ അല്ലാഹുവോ റസൂലോ(സ) നിര്‍ദേശിച്ചിട്ടില്ല. അതുകൊണ്ട്‌ ഒരു മതാചാരം എന്ന നിലയില്‍ അങ്ങനെയൊരു സല്‍ക്കാരം നടത്താവുന്നതല്ല. ഒരു പ്രത്യേക മാതാചാരം എന്ന നിലയിലല്ലാതെ ഒരാള്‍ ആരെയെങ്കിലും വീട്ടിലേക്ക്‌ വിളിച്ച്‌ സല്‍ക്കരിക്കുകയാണെങ്കില്‍ അത്‌ ആചാരവല്‍കരണത്തിന്‌ വഴിവെക്കാത്ത വിധത്തിലാണെങ്കില്‍ നിഷിദ്ധമാവുകയില്ല. പക്ഷെ, ഹജ്ജിന്‌ പോകുന്നവരെല്ലാം ഇങ്ങനെയൊരു സല്‍ക്കാരം നടത്തുമ്പോള്‍ അത്‌ പ്രധാനപ്പെട്ട ഒരു മാതാചാരമാണെന്ന ധാരണ സമൂഹത്തില്‍ സാര്‍വത്രികമാകും. അതിനാല്‍ അനാചാരങ്ങള്‍ക്കെതിരായ പ്രതിബദ്ധത പുലര്‍ത്തുന്നവരൊക്കെ ഇത്തരം സല്‍ക്കാരം ഒഴിവാക്കുകയാണ്‌ വേണ്ടത്‌.
 

ഇരട്ടകള്‍ക്ക്‌ ഒരു അഖീഖത്ത്‌ മതിയോ?

ഇരട്ട കുട്ടികള്‍ ജനിച്ചാല്‍ രണ്ട്‌ കുട്ടികള്‍ക്കും വേണ്ടി ഒരു അഖീഖത്ത്‌ അറുത്താല്‍ മതിയോ? അതല്ല രണ്ട്‌ കുട്ടികള്‍ക്കും ഓരോന്ന്‌ വീതം അറുക്കണമോ?
ഇബ്‌നുഅലി ഒതായി
ഇരട്ടക്കുട്ടികളുടെ പേരില്‍ അഖീഖഃ അറുക്കുന്നത്‌ സംബന്ധിച്ച്‌ നബി(സ) പ്രത്യേകമായി എന്തെങ്കിലും പറഞ്ഞതായി പ്രാമാണികമായ ഹദീസുകളില്‍ കാണുന്നില്ല. ഒന്നിലേറെ കുട്ടികളുടെ പേരില്‍ ഒരു അഖീഖഃ അറുക്കുക എന്നൊരു നടപടി നബി(സ)യുടെ കാലത്ത്‌ ഉണ്ടായിട്ടില്ല. ആണ്‍കുട്ടിയുടെ പേരില്‍ രണ്ടു ആടുകളെ അവിടുന്ന്‌ അറുത്തതായും അറുക്കാന്‍ കല്‌പിച്ചതായുമാണ്‌ ഹദീസുകളില്‍ കാണുന്നത്‌.

കുഞ്ഞിന്റെ ചെവിയില്‍ ബാങ്ക്‌ കൊടുക്കുന്നത്‌ സുന്നത്തല്ലേ?

കുഞ്ഞ്‌ ജനിച്ചാല്‍ ചെവിയില്‍ ബാങ്ക്‌ കൊടുക്കുന്നത്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനം അംഗീകരിച്ച ഒരു സുന്നത്തായിട്ടാണ്‌ ഇതുവരെ മനസ്സിലാക്കിയിരുന്നത്‌. എന്നാല്‍ ഈയിടെ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ലേബലില്‍ ഒരു പണ്ഡിതന്‍, അതിനെപ്പറ്റി വന്ന ഹദീസുകളെല്ലാം ദുര്‍ബലമാണെന്നും അങ്ങനെ ഒരു സുന്നത്തില്ലെന്നും പറയുകയുണ്ടായി. കുഞ്ഞ്‌ ജനിച്ചാല്‍ ചെവിയില്‍ ബാങ്ക്‌ കൊടുക്കുന്നതിന്റെ വിധി എന്താണ്‌?
ശാസ്‌ത്രീയ സിദ്ധാന്തങ്ങളും കണ്ടുപിടുത്തങ്ങളും പോലെ ഹദീസുകളിലും പുതിയ പുതിയ കണ്ടെത്തലുകള്‍ ഉണ്ടാകുമോ? അങ്ങനെ കണ്ടെത്തുമ്പോള്‍ ഭാവിയില്‍ ഇനിയും സുന്നത്തുകളില്‍ മാറ്റത്തിരുത്തലുകള്‍ ഉണ്ടാകുമോ? ഇതുവരെ സുന്നത്താണെന്ന്‌ പറഞ്ഞിരുന്ന ഒരു കാര്യം മറ്റൊരിക്കല്‍ ഹദീസ്‌ ദുര്‍ബലമാണെന്ന്‌ പറയുന്നത്‌ ഏത്‌ പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും?
അബൂഅയ്‌മന്‍ കുമരനല്ലൂര്‍
ചില ഹദീസുകളുടെ പ്രാമാണികത സംബന്ധിച്ച്‌ പൂര്‍വികരായ പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ടായിട്ടുണ്ട്‌. ഹദീസ്‌ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ ഇതിന്‌ ധാരാളം ഉദാഹരണങ്ങള്‍ കാണാം. റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയിലെ ഒന്നോ രണ്ടോ പേരുടെ വിശ്വസ്‌തത സംബന്ധിച്ച സംശയമായിരിക്കും ഇതിനു കാരണം. ചില ഹദീസുകള്‍ക്ക്‌ ഒന്നിലേറെ പരമ്പരകളുണ്ടായിരിക്കും. അതിലൊന്ന്‌ പ്രബലവും മറ്റൊന്നു ദുര്‍ബലവുമായെന്ന്‌ വരാം. ഒരു പരമ്പര മാത്രമുള്ളത്‌ തന്നെ ഒരു പണ്ഡിതന്റെ വീക്ഷണത്തില്‍ പ്രബലവും മറ്റൊരാളുടെ വീക്ഷണത്തില്‍ ദുര്‍ബലവും ആകാനിടയുണ്ട്‌.
തന്റെ പൗത്രന്‍ ഹുസൈന്‍(റ) ജനിച്ചപ്പോള്‍ റസൂല്‍(സ) ചെവിയില്‍ ബാങ്ക്‌ വിളിക്കുന്നത്‌ കണ്ടുവെന്ന്‌ അബൂറാഫിഇല്‍ നിന്ന്‌ ഇമാം അഹ്‌മദ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. `പൗത്രന്‍ ഹസന്‍ ജനിച്ചപ്പോള്‍' എന്നാണ്‌ അബൂദാവൂദിന്റെയും തിര്‍മിദിയുടെയും റിപ്പോര്‍ട്ടില്‍. ഇത്‌ സഹീഹാണെന്ന്‌ തിര്‍മിദി പറഞ്ഞുവെന്ന്‌ ശൗക്കാനി രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ ആധുനിക ഹദീസ്‌ പണ്ഡിതന്‍ നാസിറുദ്ദീന്‍ അല്‍ബാനിയുടെ വീക്ഷണത്തില്‍ ഇതിന്റെ പരമ്പര സഹീഹ്‌ എന്ന്‌ വിശേഷിപ്പിക്കാന്‍ അര്‍ഹമല്ല. അല്‍ബാനിയുടെ അഭിപ്രായത്തിന്‌ മുന്‍ഗണന നല്‌കുന്നവരായിരിക്കും ഈ ബാങ്ക്‌ സുന്നത്തല്ലെന്ന്‌ പറയുന്നത്‌. അഹ്‌മദ്‌, അബൂദാവൂദ്‌, തിര്‍മിദി എന്നിവര്‍ക്ക്‌ പുറമെ ഹാകിം, ബൈഹഖി എന്നിവര്‍ കൂടി അബൂറാഫിഇന്റെ ഹദീസ്‌ ഉദ്ധരിച്ചിട്ടുള്ളതിനാല്‍ ഇത്‌ ബിദ്‌അത്താണെന്ന്‌ പറയാവുന്നതല്ലെന്നാണ്‌ `മുസ്‌ലിം' കരുതുന്നത്‌.

റുകൂഇലെയും സുജൂദിലെയും ദിക്‌ര്‍ ദുആകള്‍

റുകൂഇലും സുജൂദിലും നബി(സ) എല്ലായ്‌പ്പോഴും ഒരേ തരത്തിലുള്ള പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും തന്നെയാണോ ചൊല്ലിയിരുന്നത്‌? അതല്ല വ്യത്യസ്‌ത സന്ദര്‍ഭങ്ങളില്‍ പല തരത്തിലായിരുന്നുവോ?
മുഹമ്മദ്‌ നവാല്‍ കൊച്ചി
ഈ വിഷയകമായി നബി(സ)യില്‍ നിന്ന്‌ വ്യത്യസ്‌തമായ ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. ഒന്ന്‌, നബി(സ) റുകൂഇല്‍ സുബ്‌ഹാന റബ്ബിയല്‍ അദ്വീം എന്നും സുജൂദില്‍ സുബ്‌ഹാന റബ്ബിയല്‍ അഅ്‌ലാ എന്നും ചൊല്ലിയിരുന്നുവെന്ന്‌ മുസ്‌ലിം, തിര്‍മിദി, അബൂദാവൂദ്‌ തുടങ്ങിയവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതിന്റെ നിവേദകപരമ്പര അഥവാ സനദ്‌ അന്യൂനമാണെന്ന്‌ തിര്‍മിദി അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

ഫസബ്ബിഹ്‌ ബിസ്‌മി റബ്ബികല്‍ അദ്വീം (വി.ഖു. 56:96) എന്ന വചനം അവതരിച്ചപ്പോള്‍ അതനുസരിച്ചുള്ള കീര്‍ത്തനം (സുബ്‌ഹാന റബ്ബിയല്‍ അദ്വീം) നിങ്ങള്‍ റുകൂഇല്‍ ചൊല്ലണമെന്ന്‌ റസൂല്‍(സ) ഞങ്ങളോട്‌ പറഞ്ഞുവെന്നും, സബ്ബിഹിസ്‌മ റബ്ബികല്‍ അഅ്‌ലാ (വി.ഖു. 87:1) എന്ന വചനം അവതരിച്ചപ്പോള്‍ അത്‌ പ്രകാരമുള്ള കീര്‍ത്തനം (സുബ്‌ഹാന റബ്ബിയല്‍ അഅ്‌ലാ) സുജൂദില്‍ ചൊല്ലാന്‍ അവിടുന്ന്‌ ഞങ്ങളോട്‌ നിര്‍ദേശിച്ചുവെന്നും ഉഖ്‌ബത്തുബ്‌നു ആമിര്‍(റ) പറഞ്ഞതായി അഹ്‌മദ്‌, അബൂദാവൂദ്‌, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

`റുകൂഇല്‍ നിങ്ങള്‍ രക്ഷിതാവിന്റെ മഹത്വം വാഴ്‌ത്തണം' എന്ന്‌ നബി(സ) കല്‌പിച്ചതായി ഇബ്‌നു അബ്ബാസില്‍(റ) നിന്ന്‌ മുസ്‌ലിം, അഹ്‌മദ്‌, അബൂദാവൂദ്‌, നസാഈ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ കാണാം. റുകൂഇലും സുജൂദിലും ഈ ദിക്‌റുകള്‍ ചുരുങ്ങിയ പക്ഷം മൂന്നു പ്രാവശ്യം വീതം ചൊല്ലാന്‍ നബി(സ) നിര്‍ദേശിച്ചതായി ഇബ്‌നു മസ്‌ഊദില്‍ നിന്ന്‌ തിര്‍മിദിയും മറ്റും ഉദ്ധരിച്ചിട്ടുണ്ട്‌. എന്നാല്‍ ആ ഹദീസിന്റെ നിവേദക പരമ്പരയ്‌ക്ക്‌ ചില ന്യൂനതകള്‍ ഉള്ളതായി ചില ഹദീസ്‌ പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. ഈ ഹദീസിന്റെ ചില റിപ്പോര്‍ട്ടുകളില്‍ വബിഹംദിഹി എന്ന വാക്കു കൂടിയുണ്ട്‌. എന്നാല്‍ അവയുടെയെല്ലാം നിവേദക പരമ്പരയ്‌ക്ക്‌ ചില ബലഹീനതകളുണ്ട്‌.

രണ്ട്‌, നബി(സ) ഖുര്‍ആനിനെ വ്യാഖ്യാനിച്ചുകൊണ്ട്‌ (110:3 സൂക്തത്തിലെ കല്‌പനയാണ്‌ ഉദ്ദേശ്യം) റുകൂഇലും സുജൂദിലും സുബ്‌ഹാനകല്ലാഹുമ്മ റബ്ബനാ വബിഹംദിക അല്ലാഹുമ്മഗ്‌ഫിര്‍ ലീ എന്ന്‌ ചൊല്ലാറുണ്ടായിരുന്നുവെന്ന്‌ ആഇശ(റ)യില്‍ നിന്ന്‌ ബുഖാരി, മുസ്‌ലിം, അബൂദാവൂദ്‌, നസാഈ, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതാണ്‌ ഈ വിഷയകമായി ഏറ്റവും പ്രബലമായ ഹദീസ്‌. റുകൂഇലും സുജൂദിലും ഈ ദിക്‌റാണ്‌ നബി(സ) കൂടുതല്‍ ചൊല്ലിയിരുന്നതെന്ന്‌ മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍, റസൂല്‍(സ) വിയോഗത്തിന്റെ മുമ്പ്‌ സുബ്‌ഹാനക വബിഹംദിക അസ്‌തഗ്‌ഫിറുക വഅതൂബു ഇലൈക എന്നാണ്‌ കൂടുതലായി ചൊല്ലിയിരുന്നതെന്ന്‌ കാണാം. മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍, സുബ്‌ഹാനക റബ്ബീ വബിഹംദിക അല്ലാഹുമ്മ ഗ്‌ഫീര്‍ലീ എന്നാണ്‌ 110-ാം സൂറത്ത്‌ അവതരിച്ചത്‌ മുതല്‍ നബി(സ) എല്ലാ നമസ്‌കാരത്തിലും പ്രാര്‍ഥിച്ചിരുന്നതെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ സുബ്‌ഹാനല്ലാഹി വബിഹംദിഹി അസ്‌തഗ്‌ഫിറുല്ലാഹവ അതൂബു ഇലൈഹി എന്ന്‌ റസൂല്‍(സ) ചൊല്ലിയിരുന്നുവെന്നാണുള്ളത്‌. പദങ്ങളില്‍ ചെറിയ വ്യത്യാസമുണ്ടെങ്കിലും ഈ ദിക്‌റുകളുടെയെല്ലാം സാരം ഒന്നുതന്നെയാകുന്നു.

മൂന്ന്‌, റസൂല്‍(സ) സുജൂദില്‍ അല്ലാഹുമ്മഗ്‌ഫിര്‍ലീ ദന്‍ബീക്കുല്ലഹു ദിക്വഹു വജില്ലഹു വഅവ്വലഹു വആഖിറഹു വഅലാനിയതഹു വസിര്‍തഹു (സാരം: അല്ലാഹുവേ, എനിക്ക്‌ എന്റെ എല്ലാ പാപവും പൊറുത്തു തരേണമേ (കുറഞ്ഞതും കൂടിയതും ആദിമവും അന്തിമവും പരസ്യവും രഹസ്യവുമായ എല്ലാ പാപങ്ങളും) എന്ന്‌ പ്രാര്‍ഥിക്കാറുണ്ടായിരുന്നുവെന്ന്‌ അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ മുസ്‌ലിം, അബൂദാവൂദ്‌ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

നാല്‌, റുകൂഇലും സുജൂദിലും റസൂല്‍(സ), സുബ്ബൂഹുന്‍ ഖുദ്ദൂസുന്‍ റബ്ബുല്‍ മലാഇകതിവര്‍റൂഹി എന്ന്‌ ചൊല്ലാറുണ്ടായിരുന്നുവെന്ന്‌ ആഇശ(റ) അറിയിച്ചതായി മുസ്‌ലിമും അബുദാവൂദും നസാഇയും ഉദ്ധരിച്ചിരിക്കുന്നു.

അഞ്ച്‌, ഒരിക്കല്‍ രാത്രി നമസ്‌കാരത്തിലെ സുജൂദില്‍ ഇങ്ങനെ ചൊല്ലിയിരുന്നു: അല്ലാഹുമ്മ അഊദുബിറിദ്വാക മിന്‍ സഖത്വിക അബി മുആഫാതിക മിന്‍ ഉക്വൂബതിക വഅഊദൂ ബിക മിന്‍ക ലാഉഹ്‌സ്വീ സനാഅന്‍ അലൈക അന്‍തകമാ അസ്‌നൈത അലാ നഫ്‌സിക്‌ (സാരം: അല്ലാഹുവേ, നിന്റെ തൃപ്‌തികൊണ്ട്‌ നിന്റെ കോപത്തില്‍ നിന്ന്‌ ഞാന്‍ അഭയം തേടുന്നു. നീ നല്‌കുന്ന സൗഖ്യം കൊണ്ട്‌ നിന്റെ ശിക്ഷയില്‍ നിന്ന്‌ ഞാന്‍ അഭയം തേടുന്നു. നിന്നില്‍ നിന്ന്‌ നിന്നോട്‌ തന്നെ ഞാന്‍ അഭയം തേടുന്നു. നിനക്കുള്ള സ്‌തുതി എനിക്ക്‌ ക്ലിപ്‌തപ്പെടുത്താന്‍ കഴിയില്ല. നിന്റെ അവസ്ഥ നീ തന്നെ സ്വയം വാഴ്‌ത്തിയതുപോലെയാകുന്നു.)

ഈ വിഷയകമായി ഇങ്ങനെ വൈവിധ്യപൂര്‍ണമായ ദിക്‌റുകളും പ്രാര്‍ഥനകളും നബി(സ)യില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌, അവിടുന്ന്‌ എല്ലായ്‌പ്പോഴും ഒരേ ദിക്‌റല്ല ചൊല്ലിയിരുന്നത്‌ എന്നതിന്‌ തെളിവാകുന്നു. സുജൂദില്‍ പ്രാര്‍ഥന വര്‍ധിപ്പിച്ചുകൊള്ളാന്‍ നബി(സ) നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ ന്യായമായ ഏത്‌ കാര്യത്തിന്‌ വേണ്ടിയും അല്ലാഹുവോട്‌ ആത്മാര്‍ഥമായി പ്രാര്‍ഥിക്കാവുന്നതാണ്‌. എന്നാല്‍ ഐഹികനേട്ടങ്ങള്‍ക്കായി മാത്രം പ്രാര്‍ഥിക്കുന്നത്‌ വിശുദ്ധ ഖുര്‍ആനിലെ 2:200 സൂക്തത്തിലെ മാര്‍ഗനിര്‍ദേശത്തിന്‌ വിരുദ്ധമാകുന്നു. റുകൂഇലും സുജൂദിലും ദീര്‍ഘമായി ദിക്‌റുകളും പ്രാര്‍ഥനകളും ചൊല്ലുന്നത്‌ നല്ലതാണെങ്കിലും രോഗികളും വൃദ്ധരും പങ്കെടുക്കുന്ന ജമാഅത്തുകളില്‍ ഇമാമുകള്‍ റുകൂഉം സുജൂദും ഏറെ ദീര്‍ഘിപ്പിക്കരുത്‌. ഈ വിഷയകമായി നബി(സ)യുടെ പ്രത്യേക മാര്‍ഗ നിര്‍ദേശമുണ്ട്‌.

ആറുനോമ്പിനു വ്യക്തമായ തെളിവുണ്ടോ?


ശവ്വാല്‍ മാസത്തില്‍ പെരുന്നാളിനു ശേഷം പലരും ആറുദിവസം സുന്നത്ത്‌ നോമ്പെടുക്കുന്നു. ഈ നോമ്പിന്‌ ഹദീസില്‍ തെളിവുണ്ടോ? ഉണ്ടെങ്കില്‍ അത്‌ ശവ്വാല്‍ രണ്ട്‌ മുതല്‍ തുടര്‍ച്ചയായി ആറുദിവസം തന്നെയാകണോ, അതല്ല ശവ്വാലിലെ ഏതെങ്കിലും ആറു ദിവസമായാല്‍ മതിയോ?
 
അബ്‌ദുല്‍മന്നാന്‍ -കോഴിക്കോട്‌

``വല്ലവനും റമദ്വാനില്‍ നോമ്പനുഷ്‌ഠിച്ചതിനെ തുടര്‍ന്ന്‌ ശവ്വാലില്‍ നിന്ന്‌ ആറുദിവസവും കൂടി നോമ്പെടുത്താല്‍ അത്‌ കൊല്ലം മുഴുവന്‍ നോമ്പെടുത്തതിനു തുല്യമായിരിക്കും'' എന്ന്‌ റസൂല്‍(സ) പറഞ്ഞതായി മുസ്‌ലിം, അബുദാവൂദ്‌, തിര്‍മിദി, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ ഈ നോമ്പ്‌ സുന്നത്താണെന്ന്‌ ഇമാം ശാഫിഈയും ഇമാം അഹ്‌മദും അഭിപ്രായപ്പെട്ടിരിക്കുന്നു. ഇങ്ങനെ നോമ്പെടുക്കുന്നത്‌ അനഭിലഷണീയമാണെന്നത്രെ ഇമാം മാലികിന്റെയും ഇമാം അബൂഹനീഫയുടെയും അഭിപ്രായം. ഈ ഹദീസ്‌ അവര്‍ക്ക്‌ അറിയാതെ പോയതുകൊണ്ടാകാം അവര്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്‌. ഈ ഹദീസ്‌ പ്രാമാണികമല്ലെന്ന്‌ അവര്‍ ചൂണ്ടിക്കാണിച്ചിട്ടില്ല. തുടര്‍ച്ചയായുള്ള ആറുദിവസമാകണമെന്ന്‌ ഹദീസില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍ ശവ്വാല്‍ മാസത്തിലെ ഏതെങ്കിലും ആറു ദിവസം നോമ്പെടുത്താല്‍ മതിയാകും.

കര്‍മങ്ങള്‍ക്ക്‌ അല്ലാഹു പതിന്മടങ്ങാണ്‌ പ്രതിഫലം നല്‌കുകയെന്ന്‌ പ്രാമാണികമായ ഹദീസില്‍ വന്നിട്ടുണ്ട്‌. അപ്പോള്‍ മുപ്പത്‌ നോമ്പിന്‌ മുന്നൂറു നോമ്പിന്റെ പ്രതിഫലമുണ്ടാകും. ആറുനോമ്പിന്‌ അറുപത്‌ നോമ്പിന്റെ പ്രതിഫലവും കൂടി ചേരുമ്പോള്‍ മൊത്തം ഒരു വര്‍ഷം നോമ്പെടുത്തതിന്റെ പ്രതിഫലം ലഭിക്കും എന്നാണ്‌ പണ്ഡിതന്മാര്‍ ഈ ഹദീസിന്‌ നല്‌കിയിട്ടുള്ള വിശദീകരണം.

മഗ്‌രിബിന്റെ സുന്നത്തും ജമാആത്തും


കേരളത്തിലെ ഏതാണ്ടെല്ലാ പള്ളികളിലും മഗ്‌രിബ്‌ നമസ്‌കാരത്തിന്‌ ബാങ്കുവിളിച്ചാലുടന്‍ സുന്നത്ത്‌ നമസ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ സമയം കൊടുക്കാതെ ഇഖാമത്ത്‌ കൊടുക്കുന്നു. സുഊദിയിലെ പള്ളികളില്‍ മഗ്‌രിബ്‌ ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടക്ക്‌ പത്ത്‌ മിനിറ്റ്‌ സമയം സുന്നത്ത്‌ നമസ്‌കാരത്തിന്‌ നല്‌കാറുണ്ട്‌. ഈ രീതി നമുക്കും തുടര്‍ന്നുകൂടേ?
ടി കെ മൊയ്‌തീന്‍, ജിദ്ദ

മഗ്‌രിബ്‌ നമസ്‌കാരത്തിന്റെ മുമ്പത്തെ സുന്നത്ത്‌ നമസ്‌കാരം ഇഷ്‌ടമുള്ളവര്‍ക്ക്‌ നിര്‍വഹിക്കാമെന്നാണ്‌ നബി(സ) പറഞ്ഞിട്ടുള്ളത്‌. അതിനാല്‍ എല്ലാ പള്ളികളിലും ബാങ്ക്‌ കഴിഞ്ഞ്‌ പത്ത്‌ മിനിറ്റ്‌ കഴിഞ്ഞേ ജമാഅത്ത്‌ നടത്താവൂ എന്ന്‌ നിഷ്‌കര്‍ഷിക്കുന്നത്‌ ശരിയല്ല. ഒരു പ്രദേശത്ത്‌ ആരും ഈ സുന്നത്ത്‌ നമസ്‌കാരം നിര്‍വഹിക്കാറില്ലെങ്കില്‍ അവിടെ ബാങ്ക്‌ വിളിച്ച ഉടനെ മഗ്‌രിബ്‌ ജമാഅത്ത്‌ തുടങ്ങുന്നത്‌ തെറ്റായിരിക്കുകയില്ല. ഒരു പള്ളിയില്‍ വരുന്ന കുറെ പേര്‍ ഈ സുന്നത്ത്‌ നമസ്‌കാരം നിര്‍വഹിക്കുന്ന പതിവുണ്ടെങ്കില്‍ അവിടത്തെ ജമാഅത്ത്‌ നാലോ അഞ്ചോ മിനിറ്റ്‌ വൈകിക്കുന്നതായിരിക്കും ഉചിതം. രണ്ടു റക്‌അത്ത്‌ നമസ്‌കാരത്തിനുവേണ്ടി ഫര്‍ദ്വായ ജമാഅത്ത്‌ പത്ത്‌ മിനിറ്റ്‌ വൈകിക്കേണ്ട ആവശ്യമില്ലെന്നാണ്‌ `മുസ്‌ലിം' കരുതുന്നത്‌. സാധാരണഗതിയില്‍ ഓരോ ഫര്‍ദ്വ്‌ നമസ്‌കാരവും സമയത്തിന്റെ ആരംഭത്തില്‍ (ഏറെ വൈകാതെ) നിര്‍വഹിക്കുകയാണ്‌ നബിചര്യയെന്നാണ്‌ പ്രബലമായ ഹദീസുകളില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌.

സുജൂദില്‍ ആദ്യം വെക്കേണ്ടത്‌ കൈയോ കാല്‍മുട്ടോ?


സുജൂദിലേക്ക്‌ പോകുമ്പോള്‍ ആദ്യം കൈകളാണ്‌ നിലത്ത്‌ വെക്കേണ്ടതെന്നും അതല്ല കാല്‍മുട്ടുകളാണ്‌ വെക്കേണ്ടതെന്നും പറഞ്ഞുകേള്‍ക്കുന്നു. കോയക്കുട്ടി ഫാറൂഖി നമസ്‌കാരക്രമത്തെപ്പറ്റിയെഴുതിയ പുസ്‌തകത്തില്‍ ഈ രണ്ട്‌ രീതിയിലും ആവാമെന്നും കാണുന്നു. നബിചര്യയോട്‌ യോജിക്കുന്നത്‌ കൂടുതല്‍ ഏതാണ്‌?
അബ്‌ദുല്‍ഹക്കീം -പരപ്പനങ്ങാടി

ഈ വിഷയകമായി അബൂദാവൂദ്‌, തിര്‍മിദി, നസാഈ എന്നിവര്‍ അബഹുറയ്‌റ(റ)യില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസ്‌ ഇപ്രകാരമാകുന്നു: റസൂല്‍(സ) പറഞ്ഞു: ``സുജൂദ്‌ ചെയ്യുമ്പോള്‍ നിങ്ങളാരും ഒട്ടകം മുട്ടുകുത്തുന്നത്‌ പോലെ മുട്ടുകുത്തരുത്‌. കാല്‍മുട്ടുകളെക്കാള്‍ മുമ്പ്‌ കൈകളാണ്‌ (നിലത്ത്‌) വെക്കേണ്ടത്‌. വാഇലുബ്‌നു ഹുജ്‌റി(റ)ല്‍ നിന്ന്‌ അബൂദാവൂദ്‌, തിര്‍മിദി, നസാഈ, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത മറ്റൊരു ഹദീസ്‌ ഇപ്രകാരമാണ്‌: ``നബി(സ) സുജൂദ്‌ ചെയ്യുമ്പോള്‍ കൈകളെക്കാള്‍ മുമ്പായി കാല്‍മുട്ടുകള്‍ വെക്കുന്നത്‌ ഞാന്‍ കണ്ടിരിക്കുന്നു.'' സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാതാവായ ഹാഫിദ്‌ ഇബ്‌നു ഹജര്‍ അഭിപ്രായപ്പെട്ടത്‌ ആദ്യത്തെ ഹദീസാണ്‌ കൂടുതല്‍ പ്രബലമെന്നാണ്‌. എന്നാലും ഹദീസുകള്‍ രണ്ടുവിധത്തിലും ഉള്ള സ്ഥിതിക്ക്‌ ഏതെങ്കിലുമൊരു രീതി തെറ്റാണെന്ന്‌ പറയാന്‍ ന്യായം കാണുന്നില്ല.

മഗ്‌രിബിന്‌ മുമ്പ്‌ സുന്നത്തുണ്ടോ?

ചില പള്ളികളില്‍ മഗ്‌രിബ്‌ ബാങ്ക്‌ വിളിച്ച ഉടനെ എല്ലാവരും എഴുന്നേറ്റ്‌ രണ്ട്‌ റക്‌അത്ത്‌ സുന്നത്ത്‌ നമസ്‌കരിക്കുന്നതായി കാണുന്നു. 10 റക്‌അത്ത്‌ സുന്നത്ത്‌ നമസ്‌കാരത്തിന്‌ നല്‌കുന്നതിലേറെ പ്രാധാന്യമാണ്‌ അവിടങ്ങളില്‍ ഇതിന്‌ നല്‌കി കാണുന്നത്‌. ഇതിന്‌ വല്ല അടിസ്ഥാനവുമുണ്ടോ?
കെ പി അബൂബക്കര്‍ മുത്തനൂര്‍

ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: റസൂല്‍(സ) പറഞ്ഞു: ``നിങ്ങള്‍ മഗ്‌രിബിന്‌ മുമ്പ്‌ നമസ്‌കരിക്കൂ. നിങ്ങള്‍ മഗ്‌രിബിനു മുമ്പ്‌ നമസ്‌കരിക്കൂ.'' മൂന്നാം പ്രാവശ്യം അദ്ദേഹം പറഞ്ഞു: ``അങ്ങനെ ചെയ്യാന്‍ ഉദ്ദേശിച്ചവര്‍ക്ക്‌.'' ജനങ്ങള്‍ അതൊരു പതിവായി സ്വീകരിക്കുമോ എന്ന ഭയം കൊണ്ടാണ്‌ അദ്ദേഹം അപ്രകാരം പറഞ്ഞത്‌. ഇബ്‌നുഹിബ്ബാന്‍ ഉദ്ധരിച്ച ഒരു ഹദീസില്‍ നബി(സ) മഗ്‌രിബിന്‌ മുമ്പ്‌ രണ്ടു റക്‌അത്ത്‌ നമസ്‌കരിച്ചുവെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

ഇബ്‌നു അബ്ബാസ്‌(റ) ഇപ്രകാരം പറഞ്ഞതായി മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌: ഞങ്ങള്‍ സൂര്യാസ്‌തമയത്തിന്‌ ശേഷം രണ്ടു റക്‌അത്ത്‌ നമസ്‌കരിക്കാറുണ്ടായിരുന്നു. നബി(സ) അത്‌ കണ്ടിട്ട്‌ ഞങ്ങളോട്‌ അപ്രകാരം ചെയ്യാന്‍ കല്‌പിക്കുകയോ ഞ ങ്ങളെ അതില്‍ നിന്ന്‌ വിലക്കുകയോ ചെയ്‌തില്ല. നബി(സ) പതിവായി നിര്‍വഹിച്ചിരുന്ന സുന്നത്ത്‌ നമസ്‌കാരങ്ങളെ സംബന്ധിച്ച കൂടുതല്‍ പ്രബലമായ റിപ്പോര്‍ട്ടുകളില്‍ ഈ സുന്നത്ത്‌ നമസ്‌കാരത്തെ സംബന്ധിച്ച്‌ പരാമര്‍ശിച്ചിട്ടില്ല. എന്നാലും ഇത്‌ സുന്നത്തല്ലെന്ന്‌ പറയാവുന്നതല്ല.

Followers -NetworkedBlogs-

Followers