ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

സുബ്‌ഹിന്റെ ബാങ്ക്‌


സുബ്‌ഹിന്റെ ബാങ്കില്‍ `അസ്സലാതു ഖൈറുന്‍ മിനന്നൗം' എന്ന്‌ പറയുന്നത്‌ ബിദ്‌അത്താണെന്ന ഒരു വാദം ഈയിടെ കേള്‍ക്കാനിടയായി. ഇങ്ങനെ ചൊല്ലുന്നതിന്‌ വ്യക്തമായ തെളിവില്ലെന്നും സുബ്‌ഹിന്‌ രണ്ട്‌ ബാങ്ക്‌ ഉണ്ടെന്നും ഒന്നാമത്തെ ബാങ്കിലാണ്‌ ഇത്‌ പറയേണ്ടത്‌ എന്നും വാദമുണ്ട്‌. നാല്‌ ഖലീഫമാരുടെ കാലത്തും ശേഷവും നാമിപ്പോള്‍ ചെയ്യുന്നതുപോലെയല്ലേ നടന്നിരുന്നത്‌. ഇതിന്‌ സുന്നത്തില്‍ തെളിവില്ലേ?


അജ്‌മല്‍ഖാന്‍ (നിലമ്പൂര്‍)


സുബ്‌ഹിന്റെ ബാങ്കില്‍ `അസ്സ്വലാതു ഖൈറുന്‍ മിനന്നൗം' എന്ന്‌ പറയുന്നത്‌ സംബന്ധിച്ച്‌ പല നിവേദക പരമ്പരകളിലൂടെ ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. ചില പരമ്പരകളില്‍ വിമര്‍ശന വിധേയരോ അജ്ഞാതരോ ആയ ചില റിപ്പോര്‍ട്ടര്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും മറ്റു ചില പരമ്പരകള്‍ അന്യൂനമാണെന്ന്‌ പൂര്‍വികരായ ഹദീസ്‌ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. സുബ്‌ഹിന്റെ ബാങ്കില്‍ `ഹയ്യ അലല്‍ ഫലാഹ്‌' എന്ന വാക്കിനുശേഷം `അസ്സ്വലാതു ഖൈറുന്‍ മിനന്നൗം' എന്ന്‌ പറയണമെന്ന്‌ റസൂല്‍(സ) തന്നെ പഠിപ്പിച്ചുവെന്ന്‌ അബൂമഹ്‌ദൂറ(റ)യില്‍ നിന്ന്‌ അബൂദാവൂദും നസാഇയും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതിന്റെ ഒരു പരമ്പരയ്‌ക്ക്‌ ചില ന്യൂനതകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെങ്കിലും മറ്റു രണ്ടു പരമ്പരകള്‍ അന്യൂനമാണെന്ന്‌ ഇബ്‌നുഖുസൈമ വ്യക്തമാക്കിയിട്ടുണ്ട്‌.ബാങ്ക്‌ വിളിയില്‍ `ഹയ്യ അലല്‍ ഫലാഹ്‌' എന്ന വാക്കിന്‌ ശേഷം `അസ്സ്വലാതു ഖൈറുന്‍....' രണ്ടു തവണ പറയാറുണ്ടായിരുന്നുവെന്ന്‌ ഇബ്‌നു ഉമറില്‍(റ) നിന്ന്‌ മെച്ചപ്പെട്ട പരമ്പരയോടെ ത്വബ്‌റാനിയും ബൈഹക്വിയും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതിന്റെ പരമ്പര അന്യൂനമാണെന്ന്‌ യഅ്‌മുരി വ്യക്തമാക്കിയിട്ടുണ്ട്‌. സുബ്‌ഹിന്റെ ബാങ്കില്‍ `ഹയ്യ അലല്‍ ഫലാഹ്‌' എന്ന വാക്കിന്‌ ശേഷം `അസ്സലാതു ഖൈറുന്‍...' പറയല്‍ നബിചര്യയില്‍ പെട്ടതാണെന്ന്‌ അനസ്‌(റ) പറഞ്ഞതായി ഇബ്‌നു ഖുസൈമ, ദാറക്വുത്വ്‌നി, ബൈഹക്വി എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അതിന്റെ നിവേദകപരമ്പര അന്യൂനമാണെന്ന്‌ യഅ്‌മൂരി വ്യക്തമാക്കിയിരിക്കുന്നു. പൂര്‍വിക പണ്ഡിതന്മാരില്‍ ഒട്ടേറെ പേര്‍ സുബ്‌ഹ്‌ ബാങ്കില്‍ `അസ്സ്വലാതു ഖൈറുന്‍ മിനന്നൗം' എന്ന പറയുന്നത്‌ സുന്നത്താണെന്ന്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഹനഫികളും ശീഅകളും ഇത്‌ അനാചാരമായിട്ടാണ്‌ ഗണിക്കുന്നതെന്ന്‌ പറയപ്പെടുന്നു. ഇമാം ശാഫിഈയുടെ ജദീദായ (പുതിയ) അഭിപ്രായപ്രകാരം ഇത്‌ `മക്‌റൂഹ്‌' (അനഭിലഷണീയം) ആണെന്ന്‌ ശൗക്കാനി നൈലുല്‍ ഔത്വാറില്‍ (പേജ്‌ 277) രേഖപ്പെടുത്തിയിരിക്കുന്നു. ഇത്‌ സുബ്‌ഹിന്റെ ആദ്യബാങ്കില്‍ മാത്രം നിര്‍ദേശിക്കപ്പെട്ടതാണെന്ന്‌ വ്യക്തമാക്കുന്ന തെളിവൊന്നും കണ്ടിട്ടില്ല.

അശുദ്ധിയോടെ ത്വവാഫ്‌ ചെയ്യാമോ?


``അശുദ്ധി മൂലം ഹജ്ജ്‌-ഉംറ കര്‍മങ്ങള്‍ തടസ്സപ്പെടുകയില്ല. ത്വവാഫ്‌ അല്ലാത്ത മറ്റെല്ലാ കര്‍മങ്ങളും നിര്‍വഹിക്കാം.... ഹജ്ജില്‍ രണ്ട്‌ ത്വവാഫ്‌ ഉണ്ട്‌. ത്വവാഫുല്‍ ഇഫാദയും ത്വവാഫുല്‍ വിദാഉം. അതില്‍ ഒന്നാമത്തെ ത്വവാഫ്‌ നിര്‍ബന്ധമാണ്‌. ദുല്‍ഹിജ്ജ 10-ാം തിയ്യതി നിര്‍വഹിക്കുന്ന ഈ ത്വവാഫ്‌ ഒഴിവാക്കാന്‍ പാടില്ല. അതിനാല്‍ ശുദ്ധിയാകുന്നതു വരെ കാത്തിരിക്കണം. നാട്ടിലേക്ക്‌ തിരിക്കുന്നതു വരെ ഈ കാത്തിരിപ്പ്‌ തുടരാം. മടങ്ങാന്‍ സമയമായിട്ടും ശുദ്ധിയായില്ലെങ്കില്‍ അശുദ്ധിയോടെയാണെങ്കിലും ഹജ്ജിന്റെ ത്വവാഫ്‌ നിര്‍വഹിക്കണം. അത്‌ നിര്‍വഹിക്കാതെ നാട്ടിലേക്ക്‌ മടങ്ങരുത്‌. അശുദ്ധിയുള്ളവര്‍ നമസ്‌കരിക്കാന്‍ പാടില്ല. ഖുര്‍ആന്‍ പാരായണം ചെയ്യാം. പ്രാര്‍ഥനാവചനങ്ങളും കീര്‍ത്തനങ്ങളും ചൊല്ലാം.'' (ഹജ്ജ്‌-ഉംറ, ഹാജിമാര്‍ക്ക്‌ ഒരു വഴികാട്ടി, പേജ്‌ 43,44)

അശുദ്ധിയോടെ ത്വവാഫുല്‍ ഇഫാദ നിര്‍വഹിക്കാമോ? മുസ്‌ലിം എന്തു പറയുന്നു.
എം ടി അജ്‌നാസ്‌ (കോഴിക്കോട്‌)

ആര്‍ത്തവകാരി കുളിച്ചു ശുദ്ധിവരുത്താതെ ത്വവാഫ്‌ ചെയ്യാന്‍ പാടില്ലെന്ന്‌ റസൂല്‍(സ) വിധിച്ചതായി ബുഖാരിയും മുസ്‌ലിമും ഉള്‍പ്പെടെയുള്ള പ്രമുഖ ഹദീസ്‌ ഗ്രന്ഥകര്‍ത്താക്കള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ഇക്കാലത്ത്‌ ഹജ്ജ്‌ യാത്ര നടക്കുന്നത്‌ ഭരണകൂടങ്ങളും എയര്‍ലൈനുകളും മറ്റും തീരുമാനിക്കുന്ന സമയക്രമമനുസരിച്ചാണ്‌. ആര്‍ത്തവകാരികള്‍ക്ക്‌ ശുദ്ധിയാകുന്നതു വരെ കാത്തിരിക്കാന്‍ അവസരം ലഭിക്കുകയില്ല. ത്വവാഫുല്‍ ഇഫാദ്വാ ചെയ്യാതെ ഹജ്ജ്‌ പൂര്‍ത്തിയാവുകയില്ലെന്നാണ്‌ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്‌. അതിനാല്‍ ഹജ്ജ്‌ നിര്‍വഹിക്കുന്ന ആര്‍ത്തവകാരികളെ സംബന്ധിച്ചേടത്തോളം ഇതൊരു നിര്‍ബന്ധിതാവസ്ഥയാണ്‌. നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ഇളവുകള്‍ പലതും ഉണ്ടെന്നാണ്‌ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും നബിവചനങ്ങളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്‌. ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്‌ രക്തസ്രാവം നിര്‍ത്താനുള്ള മരുന്നുകള്‍ ലഭ്യമാണെങ്കില്‍ അവ ഉപയോഗിക്കണമെന്നാണ്‌. ഇത്തരം മരുന്നുകളില്‍ പലതും പാര്‍ശ്വഫലങ്ങള്‍ ഉളവാക്കാനിടയുള്ളതിനാല്‍ വിദഗ്‌ധ ഡോക്‌ടറുടെ നിര്‍ദേശപ്രകാരമേ കഴിക്കാവൂ. നിര്‍ബന്ധിതാവസ്ഥയില്‍ ഹറാമായ ഭക്ഷണം അനുവദനീയമാകുന്നതു പോലെ അശുദ്ധിയോടെ ത്വവാഫ്‌ ചെയ്യലും അനുവദനീയമാകുമെന്ന്‌ അഭിപ്രായപ്പെട്ട പണ്ഡിതന്മാരുമുണ്ട്‌. മക്കയില്‍ നിന്ന്‌ പുറപ്പെടേണ്ട സമയത്തിന്‌ തൊട്ടുമുമ്പ്‌ വരെ കാത്തിരുന്ന ശേഷമാണ്‌ ഈ അഭിപ്രായ പ്രകാരം അശുദ്ധിയോടെ ത്വവാഫ്‌ ചെയ്യാവുന്നത്‌. അതിന്നിടയ്‌ക്ക്‌ ശുദ്ധിയാവുകയാണെങ്കില്‍ ശുദ്ധിയോടെത്തന്നെ ത്വവാഫ്‌ നിര്‍വഹിക്കാമല്ലോ. ആര്‍ത്തവകാരി ഖുര്‍ആന്‍ ഓതാന്‍ പാടുണ്ടോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരല്ല.

ഹിജാബ്‌ അടിച്ചേല്‍പിക്കേണ്ടതുണ്ടോ?


ആറാം നൂറ്റാണ്ടിലെ അറേബ്യന്‍ സ്‌ത്രീകള്‍ അണിഞ്ഞിരുന്ന പര്‍ദയും ബുര്‍ഖയും ആധുനിക സ്‌ത്രീയുടെ മേലും മതനേതാക്കന്മാര്‍ അടിച്ചേല്‌പിക്കുന്നുണ്ടല്ലോ. എന്നാല്‍, അറേബ്യന്‍ പുരുഷന്മാര്‍ അണിയുന്ന വേഷം ഇവിടത്തെ പുരുഷന്മാരുടെ മേല്‍ നിര്‍ബന്ധമാക്കുന്നുമില്ല. അഥവാ, പുരുഷന്മാര്‍ക്ക്‌ ഏതു വേഷവുമാകാം. സ്‌ത്രീകള്‍ക്കാവട്ടെ, ഒരേയൊരു നിശ്ചിത വേഷവും. ഇതുവഴി ഇസ്‌ലാം, പുരുഷമേധാവിത്വത്തിനു കൊടിപിടിക്കുകയല്ലേ ചെയ്യുന്നത്‌?
കെ പി റുമാന (മുതുമല)

ആറാം നൂറ്റാണ്ടിലെ അവിശ്വാസികളായ അറേബ്യന്‍ സ്‌ത്രീകള്‍ പര്‍ദയും ബുര്‍ഖയും അണിഞ്ഞിരുന്നില്ല. പല രൂപത്തിലും അളവിലുമുള്ള വസ്‌ത്രങ്ങളാണ്‌ അവര്‍ ധരിച്ചിരുന്നത്‌. മാര്‍വിടം പോലും തുറന്നിട്ടു നടക്കുന്നവരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

സ്‌ത്രീകളുടെയും പുരുഷന്മാരുടെയും ശക്തി ദൗര്‍ബല്യങ്ങളെ സംബന്ധിച്ച്‌ നന്നായി അറിയാവുന്ന ലോകരക്ഷിതാവ്‌ ഇരു വിഭാഗത്തിന്റെയും സര്‍വതോമുഖമായ നന്മയ്‌ക്കു വേണ്ടി നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അറേബ്യയിലെ സത്യവിശ്വാസികള്‍ അംഗീകരിച്ചതോടെയാണ്‌ ഇസ്‌ലാമിക വേഷത്തിന്റെ കാര്യത്തില്‍ അവര്‍ നിഷ്‌ഠപുലര്‍ത്താന്‍ തുടങ്ങിയത്‌. ഇന്നും യഥാര്‍ഥ വിശ്വാസികള്‍ ഈ നിലപാട്‌ തുടരുകയും ചെയ്യുന്നു. വേഷത്തിലും ഭാവത്തിലും മാന്യത പുലര്‍ത്തണമെന്ന്‌ അല്ലാഹു പുരുഷന്മാരോടും സ്‌ത്രീയോടും ഒരുപോലെ കല്‍പിച്ചിട്ടുണ്ട്‌: ``നീ സത്യവിശ്വാസികളോട്‌, അവരുടെ ദൃഷ്‌ടികള്‍ താഴ്‌ത്താനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെ സംബന്ധിച്ച്‌ സൂക്ഷ്‌മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്‌ടികള്‍ താഴ്‌ത്താനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴികെ മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും നീ പറയുക. അവരുടെ കുപ്പായമാറുകള്‍ക്കു മീതെ ശിരോവസ്‌ത്രങ്ങള്‍ അവര്‍ താഴ്‌ത്തിയിട്ടുകൊള്ളട്ടെ.'' (വി.ഖു. 24:30,31)

ലൈംഗിക വികാരത്തോടെ അന്യ സ്‌ത്രീ-പുരുഷന്മാര്‍ പരസ്‌പരം നോക്കുന്നത്‌ വിലക്കുകയും അന്യസ്‌ത്രീ-പുരുഷന്മാര്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ മാന്യതയോടെ ദൃഷ്‌ടി താഴ്‌ത്തണമെന്ന്‌ നിര്‍ദേശിക്കുകയും ചെയ്യുന്നേടത്ത്‌ വിശുദ്ധ ഖുര്‍ആന്‍ ലിംഗവിവേചനമൊന്നും കാണിച്ചിട്ടില്ല. ഇതില്‍ പുരുഷ മേധാവിത്വമോ സ്‌ത്രീ മേധാവിത്വമോ ഇല്ല. സദാചാര ഭ്രംശത്തിനുള്ള സാധ്യത ഒഴിവാക്കി ഇരു വിഭാഗത്തിന്റെയും സാന്മാര്‍ഗിക നില ഭദ്രമാക്കണമെന്ന സദുദ്ദേശ്യം മാത്രമേ ഈ നിര്‍ദേശത്തിലുള്ളൂ.

ആധുനിക കാലത്തെന്നപോലെ പ്രാചീനകാലത്തും അറേബ്യയിലെ പുരുഷന്മാരില്‍ ഭൂരിഭാഗവും വീട്ടില്‍ നിന്ന്‌ പുറത്തുപോകുമ്പോള്‍ ഉടുതുണിക്കു പുറമെ കുപ്പായവും തലപ്പാവും ഉള്‍പ്പെടെയുള്ള വേഷമാണ്‌ അണിഞ്ഞിരുന്നത്‌. തലപ്പാവ്‌ അണിയാത്തവരും തലയും കൈകളും പാദങ്ങളും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ മറച്ചിരുന്നു. അതിനാല്‍ അവരുടെ വസ്‌ത്രധാരണ രീതിയില്‍ മൗലികമായ മാറ്റം വരുത്തേണ്ട ആവശ്യമില്ലാതിരുന്നതിനാലാണ്‌ വിശുദ്ധഖുര്‍ആന്‍ ആ കാര്യം പരാമര്‍ശിക്കാതെ സ്‌ത്രീകളുടെ സുരക്ഷയ്‌ക്കും ധര്‍മനിഷ്‌ഠയ്‌ക്കും ആവശ്യമായ വേഷം നിര്‍ദേശിച്ചത്‌. മാറിടത്തിലെ നിമ്‌നോന്നതികള്‍ വ്യക്തമാകാത്ത വസ്‌ത്രമായിരിക്കണം പുരുഷന്മാര്‍ ധരിക്കേണ്ടത്‌ എന്ന്‌ പടച്ചവന്‍ എന്തുകൊണ്ട്‌ പറഞ്ഞില്ല എന്ന്‌ ചോദ്യകര്‍ത്താവിന്‌ സംശയമുണ്ടാവില്ലെന്ന്‌ പ്രതീക്ഷിക്കുന്നു.

ചരിത്രത്തില്‍ രൂപംകൊണ്ട ഭൗതിക നിയമങ്ങളിലൊക്കെ പുരുഷമേധാവിത്വ സ്വഭാവമുണ്ടായിരുന്നു. സ്‌പോര്‍ട്‌സിലും സിനിമയിലുമൊക്കെ സ്‌ത്രീയെക്കൊണ്ട്‌ ഏറ്റവും കുറഞ്ഞ അളവില്‍ വസ്‌ത്രം ധരിപ്പിച്ച്‌ അവളെ വില്‌പനച്ചരക്കാക്കുകയും അവളുടെ സൗന്ദര്യം ആസ്വദിക്കുകയുമാണ്‌ പുരുഷകേസരികള്‍ ഇപ്പോള്‍ ചെയ്യുന്നത്‌. എന്നാല്‍ ഒരു സമൂഹത്തിലെ സ്‌ത്രീകള്‍ മുഴുവന്‍ ഇസ്‌ലാമിക വേഷം ധരിച്ചാല്‍ അവരുടെ സൗന്ദര്യം ആസ്വദിക്കാനോ അവരെ വാണിജ്യവത്‌കരിക്കാനോ പുരുഷന്മാര്‍ക്കാര്‍ക്കും സാധിക്കാതെ വരികയാണ്‌ ചെയ്യുക. ഇത്തരമൊരവസ്ഥയ്‌ക്ക്‌ വേണ്ടി പുരുഷമേധാവിത്വവാദികളാരും രംഗത്ത്‌ വരികയില്ലെന്ന്‌ സാമാന്യ യുക്തിബോധമുള്ള ആര്‍ക്കും ഗ്രഹിക്കാവുന്നതാണ്‌.

പര്‍ദ എന്നോ ബുര്‍ഖ എന്നോ പേരുള്ള വസ്‌ത്രം തന്നെ ധരിക്കണമെന്ന്‌ ഇസ്‌ലാം നിര്‍ബന്ധിക്കുന്നില്ല. മുഖവും കൈപ്പടങ്ങളും ഒഴികെയുള്ള ശരീര ഭാഗങ്ങള്‍ മറയുന്നതും അംഗലാവണ്യം തെളിയിച്ചു കാണിക്കാത്തതുമായ ഏതുതരം വസ്‌ത്രവും സ്‌ത്രീകള്‍ക്ക്‌ ധരിക്കാവുന്നതാണ്‌. സ്‌ത്രീകളെ അനുകരിക്കുന്നതല്ലാത്തതും മാന്യതയ്‌ക്ക്‌ ഇണങ്ങുന്നതുമായ വേഷം മാത്രമേ ഇസ്‌ലാം പുരുഷന്മാര്‍ക്ക്‌ അനുവദിച്ചിട്ടുള്ളൂ. പുരുഷന്മാരെ വശീകരിക്കുന്ന വേഷം ധരിച്ചത്‌ നിമിത്തം സ്‌ത്രീകള്‍ ചൂഷണത്തിനും പീഡനത്തിനും ഇരയായതുപോലെ പുരുഷന്മാര്‍ ലൈംഗിക പീഡനത്തിന്‌ ഇരയാകാറില്ല എന്ന വസ്‌തുത ചോദ്യകര്‍ത്താവിന്‌ അജ്ഞാതമാകാനിടയില്ല. സ്‌ത്രീയുടെ വസ്‌ത്രധാരണത്തില്‍ ഇസ്‌ലാം അല്‌പം കൂടുതല്‍ നിഷ്‌കര്‍ഷ കാണിച്ചതിന്റെ താല്‌പര്യം സ്‌ത്രീകള്‍ക്ക്‌ സുരക്ഷയും വിശുദ്ധിയും ഉറപ്പുവരുത്തുക എന്നതാണ്‌. അവരുടെ മേല്‍ മേധാവിത്വം സ്ഥാപിക്കുകയല്ല.

ഇഹലോകത്ത്‌ ശിക്ഷയില്ലേ?


ഖുര്‍ആന്‍, ഹദീസ്‌ എന്നിവയില്‍ മനുഷ്യന്‍ ചെയ്യുന്ന ഒരുപാട്‌ തെറ്റുകുറ്റങ്ങള്‍ക്ക്‌ ശിക്ഷകള്‍ നിശ്ചയിച്ചിട്ടുണ്ട്‌. ഉദാഹരണമായി വ്യഭിചാരം, കൊല, മദ്യപാനം തുടങ്ങിയവക്കെല്ലാമുള്ള ശിക്ഷ ഇഹലോകത്ത്‌ തന്നെ മതം നിശ്ചയിച്ചിട്ടുണ്ട്‌. എന്നാല്‍ ആധുനിക മനുഷ്യന്‍ നേരിടുന്ന വലിയൊരു പ്രശ്‌നമാണ്‌ പലിശ. ധാരാളം ആളുകള്‍ പലിശക്കയത്തില്‍പെട്ട്‌ ജീവിതം നശിപ്പിച്ചിട്ടുണ്ട്‌. പക്ഷേ, മതപ്രമാണങ്ങളില്‍ പലിശ ഇടപാടു നടത്തുന്നവര്‍ക്ക്‌ ഇഹലോകത്ത്‌ ഒരു ശിക്ഷയും വിധിക്കാത്തത്‌ മതം അപൂര്‍ണമാണെന്നതിലേക്ക്‌ സൂചനയല്ലേ?
അബ്‌ദുല്‍ഖാദര്‍ (വയനാട്‌)

ഇസ്‌ലാം ഏറ്റവുമധികം ഊന്നിപ്പറയുന്നത്‌ അധര്‍മങ്ങളിലും കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്നവര്‍ക്ക്‌ ഇഹത്തിലും പരത്തിലും അല്ലാഹു നല്‍കുന്ന ശിക്ഷയെ സംബന്ധിച്ചാണ്‌. അല്ലാഹുവെ ഭയപ്പെട്ട്‌ കുറ്റകൃത്യങ്ങള്‍ വര്‍ജിക്കുന്നതിനേ അവന്‍ മൂല്യം കല്‌പിക്കുകയുള്ളൂ. ദൈവഭയമില്ലാത്ത മനുഷ്യന്‍ ഭരണകൂടത്തെയോ നീതിപീഠത്തെയോ ഭയപ്പെട്ട്‌ കുറ്റകൃത്യങ്ങളില്‍ നിന്ന്‌ പിന്മാറുന്നത്‌ കൊണ്ട്‌ സമൂഹത്തിന്‌ സൈ്വരവും സമാധാനവും ലഭിക്കുമെങ്കിലും അയാള്‍ക്ക്‌ ദൈവികമായ പ്രതിഫലമൊന്നും പ്രതീക്ഷിക്കാവുന്നതല്ല. അതിനാല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴികെയുള്ള പാപങ്ങള്‍ ചെയ്യാനുള്ള മനുഷ്യന്റെ സ്വാതന്ത്ര്യത്തില്‍ അല്ലാഹു ഭൗതികശിക്ഷ മുഖേന ഇടപെടുന്നില്ല. കള്ളം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കെത്തന്നെ അതിനുള്ള പ്രലോഭനത്തെ അതിജയിച്ചുകൊണ്ട്‌ സത്യസന്ധത മുറുകെ പിടിക്കാന്‍ മനുഷ്യന്‍ സന്നദ്ധനാകുമോ എന്നാണ്‌ അല്ലാഹു പരീക്ഷിക്കുന്നത്‌.

പലിശ ഗുരുതരമായ പാപമാണെങ്കിലും മോഷണം പോലെയോ കൊള്ളപോലെയോ അതൊരു ക്രിമിനല്‍ കുറ്റമല്ല. പലിശയ്‌ക്ക്‌ കടം കൊടുക്കുന്നവനെക്കൊണ്ട്‌ ഇതരര്‍ വിഷമിക്കുന്നത്‌ ഒഴിവാക്കാന്‍ പലിശയ്‌ക്ക്‌ നിയമസാധുത നല്‍കാതിരിക്കുക എന്നത്‌ തന്നെ മതി. ഒരു മുസ്‌ലിം സമൂഹം പലിശ വാങ്ങാനുള്ള അവകാശം ആര്‍ക്കും വകവെച്ചു കൊടുക്കുകയില്ല. ഒരു ഇസ്‌ലാമിക ഭരണകൂടം പലിശ ഇടപാടുകള്‍ക്കോ അത്‌ സംബന്ധമായ കരാറുകള്‍ക്കോ നിയമപരമായ പരിരക്ഷ നല്‍കുകയുമില്ല. അധമര്‍ണരില്‍ നിന്ന്‌ പലിശ ഈടാക്കാന്‍ ഭരണകൂടവും നിയമവും കൂട്ടുനില്‍ക്കാത്ത സാഹചര്യത്തില്‍ ആര്‍ക്കും പലിശ മുതലാളിയായി വളരാനോ ആളുകളെ കടക്കെണിയില്‍ കുടുക്കി കഷ്‌ടപ്പെടുത്താനോ കഴിയില്ല. അതിനാല്‍ ഈ വിഷയകമായ ഇസ്‌ലാമിക നിയമത്തിന്‌ യാതൊരു അപൂര്‍ണതയുമില്ല.

സ്‌ത്രീ ദ്രോഹിയാണെങ്കില്‍ മറച്ചുവെക്കുന്നതെന്തിന്‌?


ഒരു പ്രസംഗത്തില്‍ `എന്റെ കാലശേഷം സ്‌ത്രീകളെക്കാള്‍ ഉപദ്രവകരമായ ഒരു ഫിത്‌നയും പുരുഷന്മാര്‍ക്ക്‌ വരാനില്ല' എന്നും ഒരു ലേഖനത്തില്‍ `ഭര്‍ത്താവിന്റെ സംതൃപ്‌തി നേടിയവളായിരിക്കെ വല്ല സ്‌ത്രീയും മരിച്ചാല്‍ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും' എന്നും കണ്ടു. ആദ്യത്തേത്‌ മുസ്‌ലിംകള്‍ മാത്രമുള്ള സദസ്സിലും രണ്ടാമത്തേത്‌ എല്ലാവരും വായിക്കുന്ന ഒരു പ്രസിദ്ധീകരണത്തിലുമാണ്‌ വന്നത്‌. സ്‌ത്രീയെ ഇസ്‌ലാം രണ്ടാം തരമായി കാണുന്നുവെന്നതിന്‌ തെളിവല്ലേ ഇത്‌?


എസ്‌ എം ജീന (കോഴിക്കോട്)


സ്‌ത്രീ-പുരുഷ ബന്ധത്തെ ഇസ്‌ലാം എങ്ങനെ അഭിവീക്ഷിക്കുന്നുവെന്നത്‌ ഏതെങ്കിലും ഒരു പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തേണ്ടതല്ല. സ്‌ത്രീ പുരുഷന്റെ വിപരീത ലിംഗമോ ശത്രുവോ അല്ല. ഇണയാണെന്നത്രെ വിശുദ്ധഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. അതുപോലെ തന്നെ പുരുഷന്മാര്‍ സ്‌ത്രീകളുടെ ഇണകളാണെന്നും. അസ്‌വാജ്‌ എന്ന പദമാണ്‌ ഇണകള്‍ എന്ന അര്‍ഥം കുറിക്കാന്‍ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുള്ളത്‌. 2:232 സൂക്തത്തില്‍ ഭര്‍ത്താക്കന്മാരെ കുറിക്കാനും 2:234 സൂക്തത്തില്‍ ഭാര്യമാരെ കുറിക്കാനും അസ്‌വാജ്‌ (ഇണകള്‍) എന്ന പദം പ്രയോഗിച്ചിരിക്കുന്നു. ഭര്‍ത്താവ്‌ (ഭരിക്കുന്നവന്‍), ഭാര്യ (ഭരിക്കപ്പെടുന്നവള്‍) എന്നീ പുരുഷ മേധാവിത്വ സൂചകമായ സംജ്ഞകള്‍ക്ക്‌ പകരം ഇരുവിഭാഗവും പരസ്‌പരം ഇണങ്ങിച്ചേരേണ്ടവരാണെന്ന്‌ ദ്യോതിപ്പിക്കുന്ന അസ്‌വാജ്‌ എന്ന പദപ്രയോഗം തികച്ചും നീതിയുക്തമാകുന്നു. ദാമ്പത്യത്തില്‍ ഇരുവിഭാഗത്തിനും അവകാശങ്ങളും കടമകളും തുല്യനിലയില്‍ ഉണ്ടെന്നാണ്‌ വിശുദ്ധഖുര്‍ആന്‍ സിദ്ധാന്തിക്കുന്നത്‌. അതോടൊപ്പം തന്നെ കുടുംബത്തിന്റെ മുഴുവന്‍ ചെലവും സംരക്ഷണോത്തരവാദിത്തവും വഹിക്കേണ്ട ആള്‍ എന്ന നിലയില്‍ പുരുഷന്‌ കുടുംബനാഥന്‍ എന്ന പദവി നല്‌കുകയും ചെയ്‌തിരിക്കുന്നു. ഇത്‌ ഒരു അവകാശമെന്നതിലുപരി ഒരു ബാധ്യതയാകുന്നു: ``സ്‌ത്രീകള്‍ക്ക്‌ (ജീവിത പങ്കാളികളോട്‌) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക്‌ അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്‌. എന്നാല്‍ പുരുഷന്മാര്‍ക്ക്‌ അവരെക്കാളുപരി ഒരു പദവിയുണ്ട്‌.'' (വി.ഖു. 2:228)അല്ലാഹു നല്‌കുന്ന അനുഗ്രഹങ്ങളും മോക്ഷവും സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെയായിരിക്കുമെന്നാണ്‌ വിശുദ്ധഖുര്‍ആനില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ``അപ്പോള്‍ അവരുടെ രക്ഷിതാവ്‌ അവര്‍ക്ക്‌ ഉത്തരം നല്‌കി: പുരുഷന്നാകട്ടെ, സ്‌ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്‌ഫലമാക്കുകയില്ല. നിങ്ങളില്‍ ഓരോ വിഭാഗവും മറു വിഭാഗത്തില്‍ നിന്ന്‌ ഉത്ഭവിച്ചവരാകുന്നു'' (വി.ഖു. 3:195). ``ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട്‌ സല്‍കര്‍മം ചെയ്യുന്നപക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക്‌ നാം നല്‌കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന്‌ അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക്‌ നല്‌കുകയും ചെയ്യും.'' (വി.ഖു. 16:97)ഫിത്‌ന എന്ന പദത്തിന്‌ ഉപദ്രവം എന്നല്ല പരീക്ഷണം എന്നാണര്‍ഥം. നല്ല കാര്യങ്ങള്‍ കൊണ്ടും ചീത്ത കാര്യങ്ങള്‍ കൊണ്ടും അല്ലാഹു മനുഷ്യരെ പരീക്ഷിക്കുമെന്ന്‌ വിശുദ്ധഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്‌: ``ഒരു പരീക്ഷണം എന്ന നിലയില്‍ തിന്മ നല്‍കിക്കൊണ്ടും നന്മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌'' (വി.ഖു 21:35). ഫിത്‌ന എന്ന പദം തന്നെയാണ്‌ ഈ സൂക്തത്തില്‍ പ്രയോഗിച്ചത്‌. ``നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും ഒരു ഫിത്‌ന (പരീക്ഷണം) ആണെന്നും അല്ലാഹുവിങ്കലാണ്‌ മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക'' (വി.ഖു. 8:28). മനുഷ്യജീവിതത്തില്‍ ഏറ്റവും പ്രിയംകരമായ സ്വത്തുകളും സന്തതികളും പരീക്ഷണമാണെന്ന്‌ അല്ലാഹു വ്യക്തമാക്കിയ സ്ഥിതിക്ക്‌ സ്‌ത്രീകള്‍ പരീക്ഷണമാണെന്ന്‌ പറഞ്ഞത്‌ അവരെ മാത്രം തരംതാഴ്‌ത്താനല്ലെന്ന്‌ വ്യക്തമാണ്‌. ധാര്‍മിക ബോധമില്ലാത്ത പുരുഷന്മാര്‍ സ്‌ത്രീകളോട്‌ എങ്ങനെ പെരുമാറുന്നു എന്ന അല്ലാഹുവിന്റെ പരീക്ഷയില്‍ പരാജയപ്പെടുന്നതിനെ സംബന്ധിച്ചാണ്‌ നബി(സ) മുന്നറിയിപ്പ്‌ നല്‌കിയത്‌. സ്‌ത്രീകളെ അവഗണിക്കുന്നതും പീഡിപ്പിക്കുന്നതും ലൈംഗികമായി ചൂഷണംചെയ്യുന്നതും പുരുഷന്മാര്‍ക്ക്‌ ഏറെ ദോഷകരമായി കലാശിക്കുമെന്ന താക്കീത്‌ സ്‌ത്രീകളെ തരം താഴ്‌ത്തലാകുന്നത്‌ എങ്ങനെയാണ്‌?ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ സംതൃപ്‌തമായ പാരസ്‌പര്യമാണ്‌ ഇസ്‌ലാം നിര്‍ദേശിക്കുന്നത്‌. ഭാര്യ ഭര്‍ത്താവിനെതിരിലോ ഭര്‍ത്താവ്‌ ഭാര്യയ്‌ക്കെതിരിലോ വിമോചനസമരം നടത്തി കുടുംബാന്തരീക്ഷം കലുഷിതമാക്കാനുള്ള പദ്ധതി ഇസ്‌ലാമിലില്ല. അതിനാല്‍ ഒരു സ്‌ത്രീക്ക്‌ മരണം വെരയും തന്റെ ജീവിതപങ്കാളിയുടെ സംതൃപ്‌തി നേടാന്‍ കഴിയണമെന്ന്‌ നബി(സ) ഉണര്‍ത്തിയതില്‍ അസാംഗത്യമൊന്നുമില്ല.പലിശ ഇടപാടുകാര്‍ക്ക്‌

മിച്ചഭൂമി സ്വീകരിക്കാമോ?


കേരളത്തില്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമത്തിലൂടെ നിരവധി പേര്‍ക്ക്‌ അവരുടെ കൈവശഭൂമിയില്‍ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാനായി. മിച്ചഭൂമി പതിച്ചു നല്‌കല്‍ എന്ന പേരില്‍ ഇപ്പോഴും പലര്‍ക്കും ഇങ്ങനെ ഭൂമി ലഭിക്കുന്നുണ്ട്‌. ഇങ്ങനെ ലഭിക്കുന്ന ഭൂമി ഒരു മുസ്‌ലിമിന്‌ സ്വീകരിക്കാമോ? ഇത്തരം ഭൂമി ആരെങ്കിലും പള്ളിനിര്‍മാണത്തിനായി വഖഫ്‌ ചെയ്‌താല്‍ അവിടെ പള്ളി നിര്‍മിക്കാമോ?
അബൂസലീല്‍, ആമയൂര്‍, മഞ്ചേരി

സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ആര്‍ക്കെങ്കിലും പതിച്ചു നല്‍കിയാല്‍ അതവര്‍ക്ക്‌ ഹലാലാണ്‌. എന്നാല്‍ അന്യരുടെ ഭൂമി സര്‍ക്കാര്‍ നമുക്ക്‌ അനുവദിച്ചു എന്നതുകൊണ്ട്‌ മാത്രം ഇസ്‌ലാമിക ദൃഷ്‌ട്യാ ഹലാലാവുകയില്ല; യഥാര്‍ഥ ഉടമസ്ഥന്‍ തൃപ്‌തിപ്പെട്ടു തന്നെങ്കിലല്ലാതെ. അന്യായമായി കൈവശപ്പെടുത്തിയ ഭൂമി ദാനമായോ വഖ്‌ഫായോ നല്‌കാവുന്നതല്ല. അത്തരം ഭൂമിയില്‍ പള്ളി നിര്‍മിക്കാവുന്നതുമല്ല.

ഇസ്‌ലാമും തിയോക്രാറ്റിക്‌ സ്റ്റേറ്റും


``ഒരു തിയോക്രാറ്റിക്‌ സ്റ്റേറ്റും അന്യന്റെ മതത്തെ സഹിഷ്‌ണുതയോടെ കാണുന്നില്ല. അപരന്‍ അടിമയായിരിക്കണമെന്നാണതിന്റെ നിയമം'' -ഈ വിമര്‍ശനത്തോട്‌ മുസ്‌ലിം എങ്ങനെ പ്രതികരിക്കുന്നു?
ഇ കെ സാജുദ്ദീന്‍, ഓമശ്ശേരി

ഇസ്‌ലാമിക രാഷ്‌ട്രം ഒരു മതാധിപത്യ രാഷ്‌ട്രമല്ല. മതനേതാവിന്റെ ഹിതമല്ല അവിടെ നടപ്പാക്കപ്പെടുന്നത്‌. എല്ലാ മനുഷ്യരുടെയും നന്മയ്‌ക്ക്‌ വേണ്ടിയുള്ള ദൈവിക മാര്‍ഗദര്‍ശനം സ്വീകരിക്കുകയും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ അവരുമായി കൂടിയാലോചിക്കുകയും ചെയ്യുന്ന ഇസ്‌ലാമിക രാഷ്‌ട്രം ആരോടും അസഹിഷ്‌ണുത പുലര്‍ത്തുകയില്ല.

കുട്ടിയുടെ ചെവിയിലെ ബാങ്ക്‌ നിര്‍ബന്ധമാണോ?


ഒരു കുട്ടിയുടെ ജനനസമയത്ത്‌ ചെവിയില്‍ ബാങ്ക്‌ കേള്‍പ്പിക്കുന്നത്‌ നിര്‍ബന്ധമാണോ? ഇതു ചെയ്യുന്നതുകൊണ്ടാണ്‌ മയ്യിത്ത്‌ നമസ്‌കാരത്തിന്‌ ബാങ്ക്‌ ഇല്ലാത്തത്‌ എന്ന്‌ ഒരു പുസ്‌തകത്തില്‍ കാണാനിടയായി. ഇതില്‍ വസ്‌തുതയുണ്ടോ?
നജീബുദ്ദീന്‍, പൂങ്ങോട്‌

നവജാത ശിശുവിന്റെ ചെവിയില്‍ ബാങ്ക്‌ വിളിക്കല്‍ നിര്‍ബന്ധമല്ല. ഒരു ഹദീസിന്റെ അടിസ്ഥാനത്തില്‍ അത്‌ സുന്നത്താണെന്ന്‌ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. മയ്യിത്ത്‌ നമസ്‌കാരത്തിന്റെ വിഷയവും ഈ ബാങ്കുമായി യാതൊരു ബന്ധവുമില്ല. അഞ്ച്‌ നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങളില്‍ ഓരോന്നിന്റെയും സമയമായെന്ന്‌ അറിയിക്കാനുള്ളതാണ്‌ ബാങ്ക്‌. മയ്യിത്ത്‌ നമസ്‌കാരം ഒരു നിശ്ചിത സമയത്ത്‌ നിര്‍വഹിക്കാനുള്ളതല്ല എന്നതുകൊണ്ടാണ്‌ അതിനു വേണ്ടി ബാങ്കുവിളിക്കാന്‍ നിര്‍ദേശിക്കപ്പെടാത്തത്‌.


ഇദ്ദഃ സംബന്ധിച്ച, പ്രശ്‌നങ്ങള്‍


സ്‌ത്രീകള്‍ ഇദ്ദഃ ഇരിക്കേണ്ടത്‌ ഭര്‍ത്താവ്‌ മരിച്ചാല്‍ മാത്രമാണോ? ത്വലാഖ്‌ ചൊല്ലിയാലും ഇദ്ദ ഇരിക്കേണ്ടതല്ലേ? ഉണ്ടെങ്കില്‍ എത്രകാലം? ത്വലാഖ്‌ ചൊല്ലിയാല്‍ പുരുഷന്മാര്‍ പാലിക്കേണ്ട എന്തെങ്കിലും നിയമങ്ങളുണ്ടോ? ത്വലാഖ്‌ ചൊല്ലിയ ഭാര്യയുടെ വിവാഹം കഴിഞ്ഞതിനു ശേഷമേ പുരുഷന്‌ വിവാഹം കഴിക്കാവൂ എന്ന വാദം ശരിയാണോ?
അബൂവസീം, ദുബൈ

ഇദ്ദഃ എന്നാല്‍ പുനര്‍വിവാഹം ചെയ്യാതെ കാത്തിരിക്കേണ്ട കാലമാണ്‌. ദമ്പതിമാര്‍ തമ്മില്‍ ശാരീരിക ബന്ധമുണ്ടായിട്ടുണ്ടെങ്കില്‍ ത്വലാഖിന്‌ ശേഷം ഭാര്യ ഇദ്ദഃ ആചരിക്കേണ്ടതുണ്ട്‌. ആര്‍ത്തവമുണ്ടാകാറുള്ള സ്‌ത്രീകള്‍ മൂന്നു മാസമുറക്കാലമാണ്‌ ഇദ്ദ ആചരിക്കേണ്ടത്‌. ആര്‍ത്തവം നിലച്ചുപോയ സ്‌ത്രീകളുടെ ഇദ്ദ മൂന്നു മാസക്കാലമാണ്‌. ഗര്‍ഭിണികളുടെ ഇദ്ദ പ്രസവം വരെയാണ്‌. 2:228, 65:4 എന്നീ ഖുര്‍ആന്‍ സൂക്തങ്ങളില്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌.

ത്വലാഖ്‌ ചൊല്ലിയ പുരുഷന്‍ തന്റെ ഭാര്യയെ ഇദ്ദ കഴിയും വരെ തന്റെ വീട്ടില്‍ തന്നെ താമസിപ്പിക്കുകയും അവളുടെ ജീവിതച്ചെലവ്‌ വഹിക്കുകയും ചെയ്യണമെന്ന്‌ 65:6 സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അന്തിമമായി വേര്‍പിരിയുമ്പോള്‍ അവള്‍ക്ക്‌ മതാഅ്‌ (ജീവിതവിഭവം) നല്‌കുകയും വേണം. എന്നാല്‍ ത്വലാഖ്‌ ചൊല്ലിയ ഭാര്യയുടെ വിവാഹം കഴിഞ്ഞ ശേഷമേ അയാള്‍ വിവാഹം കഴിക്കാന്‍ പാടുള്ളൂവെന്ന്‌ അല്ലാഹുവോ റസൂലോ(സ) വിധിച്ചിട്ടില്ല.

ഭര്‍ത്താവിന്റെ പേര്‌ ചേര്‍ത്ത്‌ വിളിക്കല്‍


വിവാഹാനന്തരം സ്‌ത്രീയുടെ പേരിനോടു കൂടി ഭര്‍ത്താവിന്റെ പേര്‌ ചേര്‍ക്കുകയും അങ്ങനെ വിളിക്കപ്പെടുകയും ചെയ്യുന്ന സമ്പ്രദായം മുസ്‌ലിംകള്‍ക്കിടയിലും ഇന്ന്‌ വ്യാപകമാണ്‌. ഈ രൂപത്തില്‍ പേര്‌ വിളിക്കപ്പെടുന്നത്‌ ഖുര്‍ആനിനും സുന്നത്തിനും എതിരാവുമോ?
പി സാബിറ, കുമരനെല്ലൂര്‍

ഒരാളെ അയാളുടെ യഥാര്‍ഥ പിതാവല്ലാത്തവരിലേക്ക്‌ ചേര്‍ത്തുവിളിക്കുന്നത്‌ വിശുദ്ധ ഖുര്‍ആന്‍ വിലക്കിയിട്ടുണ്ട്‌. 33:4,5 സൂക്തങ്ങള്‍ നോക്കുക. ദത്തുപുത്രന്മാരെ അവരുടെ രക്ഷിതാക്കളിലേക്ക്‌ സ്വന്തം മക്കളെന്ന പോലെ ചേര്‍ത്തുവിളിക്കുന്നതാണ്‌ ഈ സൂക്തത്തില്‍ വിലക്കിയിട്ടുള്ളത്‌. ഹദീസ്‌ ഗ്രന്ഥങ്ങളിലും മറ്റും പുരുഷന്മാരെയും സ്‌ത്രീകളെയും ഒരുപോലെ അവരുടെ പിതാക്കളിലേക്ക്‌ ചേര്‍ത്ത്‌ പരിചയപ്പെടുത്തുന്ന രീതിയാണ്‌ അധികവും കാണുന്നത്‌. തിരിച്ചറിയേണ്ട ആവശ്യത്തിനു വേണ്ടി സ്‌ത്രീകളെ അവരുടെ ഭര്‍ത്താക്കന്മാരിലേക്ക്‌ ചേര്‍ത്ത്‌ പരിചയപ്പെടുത്തുന്ന രീതിയും ഹദീസ്‌-ചരിത്ര ഗ്രന്ഥങ്ങളില്‍ ചുരുക്കത്തില്‍ കാണാവുന്നതാണ്‌. എന്നാല്‍ ഫാത്വിമാ മുഹമ്മദ്‌, ആഇശാഖാലിദ്‌ പോലെയുള്ള പ്രയോഗങ്ങള്‍ ഈ ഗ്രന്ഥങ്ങളില്‍ കാണുന്നില്ല. എന്നാലും ഈ രീതിയില്‍ പേര്‍ വിളിക്കുന്നത്‌ നിഷിദ്ധമാണെന്ന്‌ പറയാവുന്നതല്ല. കാരണം, അല്ലാഹുവോ റസൂലോ(സ) അത്‌ വിലക്കിയിട്ടില്ല.

കൃത്രിമസൃഷ്‌ടിയും ദൈവികാധികാരവും


ജൈവ വസ്‌തുക്കളെ കൃത്രിമമായി സൃഷ്‌ടിക്കാമെന്ന്‌ ഇപ്പോള്‍ എല്ലാവരും അംഗീകരിക്കുന്നു. എന്നാല്‍ മുമ്പ്‌ ഇത്‌ ദൈവത്തിന്റെ കുത്തകയെന്ന്‌ കരുതപ്പെട്ടിരുന്നു. ഇന്ന്‌ `ശൂന്യതയില്‍ നിന്ന്‌ സൃഷ്‌ടിക്കാന്‍ കഴിയില്ല' എന്നതാണ്‌ ദൈവികാധികാരത്തെ വെല്ലുവിളിക്കാന്‍ ശ്രമിക്കുന്ന മനുഷ്യനോട്‌ മതം പറയുന്നത്‌. ഈ കടമ്പയും നിലനില്‌ക്കുമെന്ന്‌ `മുസ്‌ലിം' കരുതുന്നുണ്ടോ?
സുധീര്‍ബാബു, പാലക്കാട്‌

അപൂര്‍ണവും അപക്വവുമായ വസ്‌തുക്കള്‍ നിര്‍മിക്കുന്നതിനെ സംബന്ധിച്ചും സൃഷ്‌ടി എന്ന പദം പ്രയോഗിക്കാറുണ്ട്‌. അറബിയിലെ ഖല്‍ഖ്‌ എന്ന പദത്തിന്റെ പ്രയോഗവും ഇതുപോലെ തന്നെയാണ്‌. ഈസാനബി(അ) കളിമണ്ണുകൊണ്ട്‌ പക്ഷിയുടെ രൂപമുണ്ടാക്കുകയും അല്ലാഹുവിന്റെ അനുമതിപ്രകാരം അത്‌ പക്ഷിയായിത്തീരുകയും ചെയ്‌ത സംഭവത്തെപ്പറ്റി വിശുദ്ധഖുര്‍ആനില്‍ (3:49, 5:110) പരാമര്‍ശിച്ചിട്ടുണ്ട്‌. സൃഷ്‌ടിക്കുക എന്നര്‍ഥമുള്ള അഖ്‌ലുഖു, തഖ്‌ലുഖു എന്നീ പദങ്ങളാണ്‌ ഈ സൂക്തങ്ങളില്‍ പ്രയോഗിച്ചിട്ടുള്ളത്‌.

എന്നാല്‍ സാക്ഷാല്‍ സൃഷ്‌ടിപ്പ്‌ ഈസാനബി(അ)ക്കോ അല്ലാഹുവല്ലാത്ത മറ്റു വ്യക്തികള്‍ക്കോ സാധിക്കുകയില്ലെന്ന്‌ ഖുര്‍ആനില്‍ തന്നെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌. ``അല്ലാഹുവിന്‌ പുറമെ അവര്‍ ആരെയൊക്കെ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്‌ടിക്കുന്നില്ല. അവരാകട്ടെ സൃഷ്‌ടിക്കപ്പെടുന്നവരാണ്‌.'' (16:20) അല്ലാഹുവിന്റെ സൃഷ്‌ടിപ്പിന്റെ മൗലികത പല ഖുര്‍ആന്‍ സൂക്തങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്‌. ``എല്ലാ കാര്യങ്ങളും കുറ്റമറ്റതാക്കിത്തീര്‍ത്ത അല്ലാഹുവിന്റെ നിര്‍മിതിയത്രെ അത്‌.'' (27:88) ``താന്‍ സൃഷ്‌ടിച്ച എല്ലാ വസ്‌തുക്കളെയും വിശിഷ്‌ടമാക്കിയവനത്രെ അവന്‍''(32:7). ``താന്‍ ഒരുകാര്യം ഉദ്ദേശിച്ചാല്‍ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറയുക മാത്രമാകുന്നു അവന്റെ കാര്യം.'' (36:82) ``പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവന്‍ തന്നെ അവയ്‌ക്ക്‌ (ജീര്‍ണിച്ച അസ്ഥികള്‍ക്ക്‌) ജീവന്‍ നല്‌കുന്നതാണ്‌. അവന്‍ എല്ലാതരം സൃഷ്‌ടിപ്പിനെ സംബന്ധിച്ചും അറിവുള്ളവനത്രെ.'' (36:78) ``തീര്‍ച്ചയായും ധാന്യമണികളും ഈത്തപ്പഴക്കുരുവും പിളര്‍ത്തി മുളപ്പിക്കുന്നവനാകുന്നു അല്ലാഹു.'' നിര്‍ജീവമായതില്‍ നിന്ന്‌ ജീവനുള്ളതിനെ അവന്‍ പുറത്തുവരുത്തുന്നു. ജീവനുള്ളതില്‍ നിന്ന്‌ നിര്‍ജീവമായതിനെയും അവന്‍ പുറത്തുവരുത്തുന്നതാണ്‌.'' (6:95)

കലാകാരന്മാരും ശില്‌പികളും ദൈവദത്തമായ വസ്‌തുക്കളില്‍ ചില ആവിഷ്‌കാരങ്ങള്‍ നടത്തുകയും അതിനെക്കുറിച്ച്‌ സൃഷ്‌ടി എന്ന പദം പ്രേയാഗിക്കുകയും ചെയ്യാറുണ്ട്‌. ശാസ്‌ത്രജ്ഞന്മാര്‍ അല്‌പം വ്യത്യസ്‌തമായ തരത്തില്‍ നിര്‍ജീവ വസ്‌തുക്കളെയും ജീവകോശങ്ങളെയും കൈകാര്യം ചെയ്യുകയും യാന്ത്രിക നിര്‍മിതികള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അവരാരും നിര്‍ജീവ വസ്‌തുവെ ജീവിയാക്കിയിട്ടില്ല. ശൂന്യതയില്‍ നിന്ന്‌ വസ്‌തുക്കള്‍ ഉണ്ടാക്കിയിട്ടുമില്ല. ദൈവം സൃഷ്‌ടിച്ച ചില ജീവ കോശങ്ങളെ കൃത്രിമരീതികളില്‍ വളര്‍ത്തിയെടുത്തതല്ലാതെ സ്വന്തമായി യാതൊരു ജീവിയെയും അവര്‍ സൃഷ്‌ടിച്ചിട്ടില്ല. ക്രോസ്‌ബ്രീഡിംഗ്‌, ജനിറ്റിക്‌ മോഡിഫിക്കേഷന്‍, ക്ലോണിംഗ്‌ തുടങ്ങിയ രീതികളിലൂടെ ശാസ്‌ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത സസ്യങ്ങള്‍ക്കും ജീവികള്‍ക്കും പലതരം വൈകല്യങ്ങളുള്ളത്‌ സൂക്ഷ്‌മദൃക്കുകള്‍ ചൂണ്ടിക്കാണിക്കുകയും ദൈവദത്തമായ മൗലിക ഗുണങ്ങളുള്ള ജീവ- സസ്യ ജാലങ്ങള്‍ക്ക്‌ വംശനാശം സംഭവിക്കാന്‍ പോലും ശാസ്‌ത്രജ്ഞര്‍ നടത്തുന്ന കൃത്രിമങ്ങള്‍ നിമിത്തമായേക്കുമെന്ന്‌ ശാസ്‌ത്രരംഗത്തെ പക്വമതികള്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.

യുഗാന്തരങ്ങളായി മനുഷ്യരുടെ ശരീരവും മനസ്സും ആത്മാവും അന്യൂനമായി സംവിധാനിച്ചുകൊണ്ടിരിക്കുന്ന അജയ്യനായ സ്രഷ്‌ടാവിനെ അംഗീകരിക്കാന്‍ അഹന്ത അനുവദിക്കാത്തതിനാല്‍ വരട്ടുവാദങ്ങള്‍ ഉന്നയിക്കുന്നവര്‍ എന്തൊക്കെ ജല്‍പിച്ചാലും ഏകനായ ലോകരക്ഷിതാവ്‌ സൃഷ്‌ടിച്ച വസ്‌തുക്കളുടെ മൗലികതയും അതുല്യതയും വിലയിരുത്തുന്നതില്‍ പക്വമതികള്‍ക്ക്‌ തെറ്റുപറ്റുകയില്ല. ചില കൃത്രിമ നിര്‍മിതികളുടെ പേരില്‍ സ്രഷ്‌ടാക്കളായി ചമയാന്‍ ചിലര്‍ മുതിര്‍ന്നേക്കുമെന്നതിനാലായിരിക്കാം വിശുദ്ധ ഖുര്‍ആനില്‍ (23:14) അല്ലാഹുവെ `സ്രഷ്‌ടാക്കളില്‍ ഏറ്റവും മികച്ചവന്‍' എന്ന്‌ വിശേഷിപ്പിച്ചത്‌.

ഖുര്‍ആന്‍ അവതരണം എന്ന്‌?


റമദാനിലെ ഒരു രാത്രിയാണ്‌ ഖുര്‍ആന്‍ അവതരിച്ചത്‌ (അവതരിക്കാന്‍ ആരംഭിച്ചത്‌ എന്നല്ല) എന്ന്‌ ഒരിടത്തും ഒരു ഗ്രന്ഥമായി ഒന്നിച്ചിറക്കുകയുണ്ടായിട്ടില്ല എന്ന്‌ മറ്റൊരിടത്തും ഖുര്‍ആന്‍ പറയുന്നു. ഇത്‌ വൈരുധ്യമല്ലേ?
അബ്‌ദുര്‍റശീദ്‌-സേലം

ഞാന്‍ ഖുര്‍ആന്‍ ഓതി എന്നോ ഖുര്‍ആന്‍ കേട്ടുവെന്നോ പറയണമെങ്കില്‍ ഖുര്‍ആന്‍ മുഴുവന്‍ ഓതണമെന്നോ മുഴുവന്‍ കേള്‍ക്കണമെന്നോ ഇല്ല. ഒരായത്തോ ഒരു സൂറത്തോ ഓതിയ ആളെ സംബന്ധിച്ചും അയാള്‍ ഖുര്‍ആന്‍ ഓതി എന്ന്‌ പറയാവുന്നതാണ്‌. എന്റെ അഭിപ്രായത്തിന്‌ തെളിവ്‌ ഖുര്‍ആനാകുന്നു എന്ന്‌ പറഞ്ഞാല്‍ ഖുര്‍ആന്‍ മുഴുവനും കൂടി തെളിവാണെന്നര്‍ഥമില്ല. ഇതുപോലെ ഖുര്‍ആനില്‍ നിന്ന്‌ ഏതാനും സൂക്തങ്ങള്‍ അവതരിച്ചതിനെ സംബന്ധിച്ച്‌ ഖുര്‍ആന്‍ അവതരിച്ചു എന്ന്‌ പറയുന്നതിലും തെറ്റൊന്നുമില്ല. റമദാനിലോ ലൈലത്തുല്‍ ഖദ്‌ര്‍ എന്ന മഹത്തായ രാത്രിയിലോ ഖുര്‍ആന്‍ ഒന്നിച്ച്‌ ഇറക്കിയെന്ന്‌ പറഞ്ഞിട്ടുണ്ടെങ്കിലേ വൈരുധ്യത്തിന്റെ പ്രശ്‌നം ഉത്ഭവിക്കുന്നുള്ളൂ.
 

ഹിജഡകളെക്കുറിച്ച്‌ ഖുര്‍ആനില്‍ പരാമര്‍ശമില്ലേ?


പ്രകൃതി വിരുദ്ധ ലൈംഗികതയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ കൂടുതലും ഹിജഡകളാണല്ലോ. ഇവര്‍ക്ക്‌ എതിര്‍ലിംഗത്തോട്‌ തീരെ ആഭിമുഖ്യം ഉണ്ടാവുകയില്ല എന്നാണതിന്‌ ശാസ്‌ത്രം കാരണം പറയുന്നത്‌. ലൂത്വിന്റെ(അ) ജനത ചെയ്‌തിരുന്നത്‌ അവര്‍ക്ക്‌ എതിര്‍ലിംഗത്തോട്‌ ആഭിമുഖ്യമുള്ളപ്പോള്‍ തന്നെ പ്രകൃതിവിരുദ്ധ ലൈംഗികതയില്‍ ഏര്‍പ്പെടുകയായിരുന്നു. എന്നാല്‍ ലൂത്വിന്റെ(അ) ജനതയെപ്പറ്റി ഖുര്‍ആനില്‍ പരാമര്‍ശിക്കുമ്പോള്‍ ഹിജഡകളെക്കുറിച്ച്‌ ഖുര്‍ആനില്‍ വല്ല പരാമര്‍ശവുമുണ്ടോ? ഇല്ലെങ്കില്‍ ഹിജഡകള്‍ ചെയ്യുന്ന പ്രകൃതിവിരുദ്ധ ലൈംഗികതയെ തെറ്റ്‌ പറയാന്‍ എങ്ങനെ സാധിക്കും?
അമീന്‍ ചേന്നര-തിരൂര്‍

ഹിജഡകളുടെ എണ്ണം പല നാടുകളിലും വളരെ കുറവാണ്‌. ചില വന്‍ നഗരങ്ങളിലാണ്‌ അവരുടെ സാന്നിധ്യം കൂടുതലുള്ളത്‌. എന്നാല്‍ പ്രകൃതിവിരുദ്ധ ലൈംഗികത ഇവര്‍ക്കിടയിലാണ്‌ കൂടുതലുള്ളതെന്ന്‌ തെളിയിക്കുന്ന പഠനങ്ങളോ സ്ഥിതിവിവരക്കണക്കുകളോ കണ്ടിട്ടില്ല. പാശ്ചാത്യ രാജ്യങ്ങളില്‍ സ്വവര്‍ഗരതി നിയമവിധേയമാക്കാന്‍ വേണ്ടി വന്‍ പ്രകടനങ്ങള്‍ നടത്തിയവരില്‍ ഭൂരിഭാഗം പുരുഷന്മാരോ സ്‌ത്രീകളോ തന്നെയാണ്‌. ലൂത്വ്‌ നബി(അ)യുടെ കാലത്തെ സ്വവര്‍ഗരതിക്കാര്‍ ഹിജഡകളായിരുന്നുവെന്നതിന്‌ തെളിവൊന്നുമില്ല.

അല്ലാഹു മനുഷ്യരെ സൃഷ്‌ടിച്ചിട്ടുള്ളത്‌ പുരുഷന്‍, സ്‌ത്രീ എന്നീ രണ്ടു വിഭാഗങ്ങളായിത്തന്നെയാണെന്നത്രെ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. നപുംസകത്വം ഒരു ലൈംഗിക വൈകല്യം മാത്രമാണ്‌. എല്ലാ ഹിജഡകളും ലൈംഗികഘടനയ്‌ക്ക്‌ അപൂര്‍ണതയോ വൈകല്യമോ സംഭവിച്ചവരാണ്‌. ചിലരില്‍ പുരുഷത്വം അപൂര്‍ണരൂപത്തിലുണ്ടാകും. ചിലരില്‍ സ്‌ത്രീത്വം അപൂര്‍ണ രൂപത്തിലുണ്ടാകും. മതവിധികളുടെ കാര്യത്തില്‍, പുരുഷഭാവം മുന്നിട്ടു നില്‌ക്കുന്നവരെ പുരുഷന്മാരായും സ്‌ത്രൈണ ഭാവം മുന്നിട്ടു നില്‌ക്കുന്നവരെ സ്‌ത്രീകളായും ഗണിക്കണമെന്ന്‌ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഇക്കാലത്ത്‌ ശസ്‌ത്രക്രിയ മുഖേന ഈ അപൂര്‍ണത മാറ്റി അവരെ യഥാര്‍ഥ പുരുഷന്മാരോ സ്‌ത്രീകളോ ആക്കിത്തീര്‍ക്കുക സാധ്യമാണ്‌. ചില പ്രദേശങ്ങളിലുള്ളവര്‍ പൊതുവെ ഇതിനെക്കുറിച്ച്‌ ബോധവാന്മാരല്ലാത്തതു കൊണ്ടാണ്‌ അവിടെ ഹിജഡകള്‍ കൂടുതലായി കാണപ്പെടുന്നത്‌. സ്വവര്‍ഗരതി പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും ഒരുപോലെ നിഷിദ്ധമായതിനാല്‍ നുപുംസകങ്ങള്‍ക്കും അത്‌ നിഷിദ്ധം തന്നെയാണ്‌. നപുംസകത്വം എന്ന പ്രതിഭാസത്തെപ്പറ്റി വിശുദ്ധ ഖുര്‍ആനില്‍ പ്രതിപാദിച്ചിട്ടില്ല.

ഓണവും സ്വാതന്ത്ര്യദിനവും


ഓണത്തിന്‌ പിന്നില്‍ പല ഐതിഹ്യങ്ങളുണ്ടെങ്കിലും ഓണം ഒരു മതാഘോഷമല്ലല്ലോ. ആദ്യകാലം മുതല്‍ ശാന്തിയുടെയും സമാധാനത്തിന്റെയും പരസ്‌പരസൗഹാര്‍ദത്തിന്റെയും പ്രതീകമായി ജാതി മതഭേദമന്യെ കേരളീയര്‍ ആഘോഷിക്കുന്ന ഒരു ദേശീയ ആഘോഷമാണിത്‌. അതുകൊണ്ടുതന്നെ ഒരു ദേശത്തിന്റെ സ്വാതന്ത്ര്യദിന ആഘോഷങ്ങളിലും റിപ്പബ്ലിക്‌ ദിനങ്ങളിലും പങ്കെടുക്കുന്നത്‌ ആ ദേശത്തെ മുസ്‌ലിമിന്‌ കുറ്റകരമല്ലെങ്കില്‍ അവന്‌ സ്വന്തം ദേശത്തിന്റെ ആഘോഷം എന്ന നിലക്ക്‌ മറ്റുള്ളവരുമായി ശാന്തിയും സമാധാനവും പരസ്‌പരസൗഹാര്‍ദവും പങ്കിടുക എന്ന ഉദ്ദേശ്യത്തോടെ ഇസ്‌ലാമിക സംസ്‌കാരത്തെ കളങ്കപ്പെടുത്താത്ത രീതിയില്‍ ഓണം ആഘോഷിക്കുന്നതില്‍ തെറ്റുണ്ടോ?


എം അന്‍വര്‍ സാദത്ത്‌-ഇടുക്കി
ഐതിഹ്യങ്ങളിലെ നായകന്മാരായ മഹാബലിക്കും മറ്റും ആരാധന അര്‍പ്പിക്കുക എന്നത്‌ ഓണാഘോഷത്തിന്റെ ഒരു പ്രധാന ഭാഗമാകുന്നു. ഓണത്തിന്റെ ആരാധനാമൂര്‍ത്തിയെ പല വീടുകള്‍ക്ക്‌ മുമ്പിലും പ്രതിഷ്‌ഠിച്ചത്‌ ചോദ്യകര്‍ത്താവും കണ്ടിട്ടുണ്ടാകുമെന്ന്‌ കരുതുന്നു. ഹൈന്ദവ സംസ്‌കാരത്തിന്റെ ഭാഗമായിട്ടുള്ള വീരാരാധനാ ഉത്സവങ്ങളെ ദേശീയതയുടെ പര്യായങ്ങളെന്നോണം അവതരിപ്പിക്കാനുള്ള ശ്രമം തല്‍പരകക്ഷികള്‍ ഏറെക്കാലമായി നടത്തിവരികയാണ്‌. അതിന്റെ ഭാഗമാണ്‌ ഓണം ദേശീയാഘോഷമാക്കല്‍. മുസ്‌ലിംകളെയും മറ്റു ന്യൂനപക്ഷമതവിഭാഗങ്ങളെയും ഭൂരിപക്ഷത്തിന്റെ സംസ്‌കാരത്തില്‍ ലയിപ്പിക്കാനുള്ള ശ്രമത്തോട്‌ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ വ്യതിരിക്തതയെ സംബന്ധിച്ച്‌ ബോധമുള്ള മുസ്‌ലിംകള്‍ സഹകരിക്കാവുന്നതല്ല.

അനസി(റ)ല്‍ നിന്ന്‌ അബൂദാവൂദും നസാഈയും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസ്‌ നോക്കുക: ``റസൂല്‍(സ) മദീനയില്‍ ചെന്നപ്പോള്‍ അവിടത്തുകാര്‍ക്ക്‌ അവര്‍ കളിച്ചുല്ലസിക്കുന്ന രണ്ട്‌ ആഘോഷ ദിവസങ്ങളുണ്ടായിരുന്നു. അവരോട്‌ റസൂല്‍(സ) പറഞ്ഞു: ആ രണ്ടു ദിവസങ്ങള്‍ക്കു പകരം അവയെക്കാള്‍ ഉത്തമമായ രണ്ട്‌ സുദിനങ്ങള്‍ അല്ലാഹു നിങ്ങള്‍ക്ക്‌ നല്‌കിയിരിക്കുന്നു. ഈദുല്‍ അദ്വ്‌ഹാ, ഈദുല്‍ ഫിത്വ്‌ര്‍ എന്നീ രണ്ടു പെരുന്നാളുകളത്രെ അവ.'' ഇതിന്‌ ശേഷം മദീനയിലെ ഇതര മതക്കാരുടെ ആഘോഷങ്ങളിലൊന്നും നബി(സ)യോ അനുചരന്മാരോ പങ്കെടുത്തിട്ടില്ല. എന്നാല്‍ ഓണദിവസത്തില്‍ ബഹുദൈവാരാധനാപരമല്ലാത്തതും ഇസ്‌ലാമില്‍ നിഷിദ്ധമല്ലാത്തതുമായ കാര്യങ്ങളില്‍ അമുസ്‌ലിംകളുമായി സഹകരിക്കുന്നതിന്‌ മതപരമായ വിലക്കൊന്നുമില്ല.

ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തില്‍ നിന്ന്‌ ഇന്ത്യയ്‌ക്ക്‌ മോചനം ലഭിച്ച സ്വാതന്ത്ര്യദിനവും ഇന്ത്യ പൂര്‍ണ സ്വയാധികാര രാഷ്‌ട്രമായ റിപ്പബ്ലിക്‌ ദിനവും ബഹുദൈവാരാധനാപരമായ ആഘോഷദിവസങ്ങളല്ല. ഈ ദിനങ്ങളില്‍ സാക്ഷാല്‍കരിക്കപ്പെട്ട രാഷ്‌ട്രീയ നേട്ടങ്ങള്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടതാണ്‌. അതിനാല്‍ ഓണത്തെ ഈ ദിനങ്ങളുമായി തുലനംചെയ്യുന്നത്‌ ശരിയല്ല.

ഈദ്‌ ദിനത്തില്‍ വിനോദം


നബി(സ)യുടെ കാലത്ത്‌ ഈദിന്‌ പാട്ടുകേള്‍ക്കാനും അഭ്യാസങ്ങള്‍ കാണാനും അനുമതിയുണ്ടായിരുന്നല്ലോ. എന്നാല്‍ ഇക്കാലത്ത്‌ ഇവയത്രയും സംഗീതത്തിന്റെ ചേരുവയോടെയാണ്‌ സംഘടിപ്പിക്കപ്പെടുന്നത്‌. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാനും ആസ്വദിക്കാനും പെരുന്നാളുകള്‍ ഉപയോഗപ്പെടുത്തിക്കൂടേ?
പി എം എ റസാഖ്‌-കണ്ണൂര്‍

ചില സംഗീതോപകരണങ്ങളെ നബി(സ) ആക്ഷേപിച്ചതായി പ്രബലമായ ഹദീസുകളില്‍ കാണുന്നുണ്ട്‌. എന്നാല്‍ കവിത ചൊല്ലുന്നതോ പാട്ടുപാടുന്നതോ ദഫ്‌ മുട്ടുന്നതോ നിരോധിച്ചിട്ടില്ല. കളിയും വിനോദവും അനുവദിക്കപ്പെട്ട ദിനമാണ്‌ ഈദെങ്കിലും ആക്ഷേപിക്കപ്പെട്ടതും നിരോധിക്കപ്പെട്ടതുമായ ഇനങ്ങള്‍ അന്നും ഉപേക്ഷിക്കുകതന്നെ വേണം.

പള്ളികളും ഈദ്‌ഗാഹുകളും


ഈദ്‌ഗാഹ്‌ കൂടുതലാളുകളെ പങ്കെടുപ്പിക്കുന്നതിനും ആഘോഷം അതിന്റെ പൂര്‍ണാര്‍ഥത്തിലാകുന്നതിനും വേണ്ടിയാണെന്ന്‌ പല മിന്‍ബറുകളില്‍ നിന്നും കേട്ടിട്ടുണ്ട്‌. ഈയൊരാശയം പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ അടുത്തടുത്ത മഹല്ലുകള്‍ യോജിച്ച്‌ ഈദ്‌ഗാഹുകള്‍ സംഘടിപ്പിക്കുകയല്ലേ നല്ലത്‌?
എം എന്‍ -പാണ്ടിക്കാട്‌

ഒരു ഗ്രാമത്തിലെയോ പട്ടണത്തിലെയോ മുസ്‌ലിംകള്‍ക്കെല്ലാം ഒരു മൈതാനത്ത്‌ ഒരുമിച്ചുകൂടുക പ്രയാസകരമല്ല എന്നതിനാല്‍ അവിടത്തെ പല പള്ളികളില്‍ ജുമുഅ ജമാഅത്തുകളില്‍ പങ്കെടുക്കുന്നവരെല്ലാം ഒരു ഈദ്‌ഗാഹില്‍ ഒരുമിച്ചുകൂടുകയാണ്‌ നല്ലത്‌. എന്നാല്‍ ആളുകളെ വളരെ ദൂരെയുള്ള ഈദ്‌ഗാഹിലേക്ക്‌ പോകാന്‍ നിര്‍ബന്ധിക്കുന്നത്‌ ശരിയല്ല. ``നിങ്ങള്‍ക്ക്‌ എളുപ്പമുണ്ടാക്കാനാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ക്ക്‌ ഞെരുക്കമുണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല'' എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ താല്‌പര്യത്തിന്‌ വിരുദ്ധമാകും അങ്ങനെ ചെയ്യുന്നത്‌.

ആറുനോമ്പിനു വ്യക്തമായ തെളിവുണ്ടോ?


ശവ്വാല്‍ മാസത്തില്‍ പെരുന്നാളിനു ശേഷം പലരും ആറുദിവസം സുന്നത്ത്‌ നോമ്പെടുക്കുന്നു. ഈ നോമ്പിന്‌ ഹദീസില്‍ തെളിവുണ്ടോ? ഉണ്ടെങ്കില്‍ അത്‌ ശവ്വാല്‍ രണ്ട്‌ മുതല്‍ തുടര്‍ച്ചയായി ആറുദിവസം തന്നെയാകണോ, അതല്ല ശവ്വാലിലെ ഏതെങ്കിലും ആറു ദിവസമായാല്‍ മതിയോ?
 
അബ്‌ദുല്‍മന്നാന്‍ -കോഴിക്കോട്‌

``വല്ലവനും റമദ്വാനില്‍ നോമ്പനുഷ്‌ഠിച്ചതിനെ തുടര്‍ന്ന്‌ ശവ്വാലില്‍ നിന്ന്‌ ആറുദിവസവും കൂടി നോമ്പെടുത്താല്‍ അത്‌ കൊല്ലം മുഴുവന്‍ നോമ്പെടുത്തതിനു തുല്യമായിരിക്കും'' എന്ന്‌ റസൂല്‍(സ) പറഞ്ഞതായി മുസ്‌ലിം, അബുദാവൂദ്‌, തിര്‍മിദി, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ ഈ നോമ്പ്‌ സുന്നത്താണെന്ന്‌ ഇമാം ശാഫിഈയും ഇമാം അഹ്‌മദും അഭിപ്രായപ്പെട്ടിരിക്കുന്നു. ഇങ്ങനെ നോമ്പെടുക്കുന്നത്‌ അനഭിലഷണീയമാണെന്നത്രെ ഇമാം മാലികിന്റെയും ഇമാം അബൂഹനീഫയുടെയും അഭിപ്രായം. ഈ ഹദീസ്‌ അവര്‍ക്ക്‌ അറിയാതെ പോയതുകൊണ്ടാകാം അവര്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്‌. ഈ ഹദീസ്‌ പ്രാമാണികമല്ലെന്ന്‌ അവര്‍ ചൂണ്ടിക്കാണിച്ചിട്ടില്ല. തുടര്‍ച്ചയായുള്ള ആറുദിവസമാകണമെന്ന്‌ ഹദീസില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍ ശവ്വാല്‍ മാസത്തിലെ ഏതെങ്കിലും ആറു ദിവസം നോമ്പെടുത്താല്‍ മതിയാകും.

കര്‍മങ്ങള്‍ക്ക്‌ അല്ലാഹു പതിന്മടങ്ങാണ്‌ പ്രതിഫലം നല്‌കുകയെന്ന്‌ പ്രാമാണികമായ ഹദീസില്‍ വന്നിട്ടുണ്ട്‌. അപ്പോള്‍ മുപ്പത്‌ നോമ്പിന്‌ മുന്നൂറു നോമ്പിന്റെ പ്രതിഫലമുണ്ടാകും. ആറുനോമ്പിന്‌ അറുപത്‌ നോമ്പിന്റെ പ്രതിഫലവും കൂടി ചേരുമ്പോള്‍ മൊത്തം ഒരു വര്‍ഷം നോമ്പെടുത്തതിന്റെ പ്രതിഫലം ലഭിക്കും എന്നാണ്‌ പണ്ഡിതന്മാര്‍ ഈ ഹദീസിന്‌ നല്‌കിയിട്ടുള്ള വിശദീകരണം.

പെരുന്നാളും വെള്ളിയാഴ്‌ചയും ഒന്നിച്ചുവന്നാല്‍

   
പെരുന്നാള്‍ വെള്ളിയാഴ്‌ചയായാല്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തവര്‍ ജുമുഅയ്‌ക്കും പങ്കെടുക്കേണ്ടതുണ്ടോ? അതല്ല അവര്‍ക്ക്‌ ഇളവുണ്ടോ?
ശൗക്കത്തലി, ചങ്ങരംകുളം

അബൂദാവൂദ്‌, നസാഈ, ഇബ്‌നുമാജ എന്നിവര്‍ സെയ്‌ദുബ്‌നു അര്‍ഖമില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: നബി(സ) പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചശേഷം ജുമുഅയുടെ കാര്യത്തില്‍ ഇളവനുവദിച്ചുകൊണ്ട്‌ ഇപ്രകാരം പറഞ്ഞു: ``നമസ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നമസ്‌കരിച്ചുകൊള്ളട്ടെ.''

ഇബ്‌നുഅബ്ബാസി(റ)ല്‍ നിന്ന്‌ ഇബ്‌നുമാജ റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസ്‌ ഇപ്രകാരമാകുന്നു. നബി(സ) പറഞ്ഞു: ``നിങ്ങളുടെ ഈ ദിവസത്തില്‍ രണ്ടു വിശേഷദിവസങ്ങള്‍ ഒരുമിച്ചുവന്നിരിക്കുകയാണ്‌. അതിനാല്‍ (പെരുന്നാള്‍ നമസ്‌കാരത്തില്‍ മാത്രം പങ്കെടുക്കാന്‍) വല്ലവനും ഉദ്ദേശിക്കുന്നുവെങ്കില്‍ ജുമുഅയ്‌ക്ക്‌ പകരം അത്‌ മതിയാവുന്നതാണ്‌. എന്നാല്‍ അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നാം തീര്‍ച്ചയായും ജുമുഅ നിര്‍വഹിക്കുന്നതാണ്‌.''

നബി(സ)യും കുറെ സ്വഹാബികളും കൂടി അന്ന്‌ ജുമുഅ നമസ്‌കാരം നിര്‍വഹിച്ചുവെന്ന്‌ മറ്റു ചില റിപ്പോര്‍ട്ടുകളില്‍ കാണാം. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്‌ച പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ച ആള്‍ക്ക്‌ ജുമുഅ നമസ്‌കാരം നിര്‍ബന്ധമില്ലെന്നാണ്‌ പൂര്‍വികരായ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്‌. എന്നാല്‍ നബി(സ)യും സച്ചരിതരായ ഖലീഫമാരും ജുമുഅ സംഘടിപ്പിച്ചിരുന്നുവെന്ന്‌ പല റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു. രണ്ടു നമസ്‌കാരത്തിന്റെയും പുണ്യം കരസ്ഥമാക്കണമെന്ന്‌ ഉദ്ദേശിക്കുന്നവര്‍ക്കുവേണ്ടിയാണ്‌ അങ്ങനെ ചെയ്‌തിരുന്നത്‌. ഓരോ വ്യക്തിക്കും ജുമുഅ നിര്‍ബന്ധമാണെന്ന്‌ ഖുര്‍ആനില്‍ നിന്നും കൂടുതല്‍ പ്രാമാണികമായ ഹദീസുകളില്‍ നിന്നും ഖണ്ഡിതമായി തെളിയുന്നതിനാല്‍ അതിനെതിരില്‍ താരതമ്യേന പ്രബലമല്ലാത്ത ഉപര്യുക്ത റിപ്പോര്‍ട്ടുകള്‍ പ്രമാണമാക്കാവുന്നതല്ലെന്നാണ്‌ ഇമാം ശാഫിഈയും ശിഷ്യന്മാരും അഭിപ്രായപ്പെട്ടത്‌. വെള്ളിയാഴ്‌ച പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചവന്‌ ജുമുഅ: നമസ്‌കാരം നിര്‍ബന്ധമില്ലെങ്കിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി ഇമാം ജുമുഅ സംഘടിപ്പിക്കേണ്ടതാണ്‌ എന്ന അഭിപ്രായത്തിന്നാണ്‌ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ മുന്‍ഗണന നല്‌കിയിട്ടുള്ളത്‌. നബി(സ)യില്‍ നിന്നും പ്രമുഖ സ്വഹാബികളില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളതിനോട്‌ യോജിക്കുന്നതാണ്‌ ഈ അഭിപ്രായമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നു.

എണ്ണം നിശ്ചയിച്ച ആരാധനകള്‍ എന്തിന്‌?

എന്തിനാണ്‌ ഇസ്‌ലാമില്‍ എണ്ണം നിശ്ചയിച്ചുകൊണ്ടുള്ള ആരാധനാരീതികള്‍? അല്ലാഹു പ്രതിഫലം നല്‌കണമെങ്കില്‍ ആ വ്യക്തിയുടെ മാനസിക വിചാരം കണക്കിലെടുത്താല്‍ പോരേ?


ഇബ്‌നുഅബ്‌ദുര്‍റഹ്‌മാന്‍ പുത്തൂര്‍


അല്ലാഹു ഒരുക്കിത്തരുന്ന ആഹാരം ദിവസേന നാലോ അഞ്ചോ പ്രാവശ്യം കഴിക്കുന്നവരാണ്‌ പലരും. അല്ലാഹു ചൊരിഞ്ഞുതരുന്ന വെള്ളം എട്ടോ പത്തോ പ്രാവശ്യം കുടിക്കുകയും ചെയ്യുന്നു. അല്ലാഹു സജ്ജമാക്കിത്തരുന്ന ശുദ്ധവായു ഉള്‍ക്കൊള്ളുന്നതിന്റെ അളവോ എണ്ണമോ നമുക്ക്‌ തിട്ടപ്പെടുത്താന്‍ പോലും കഴിയില്ല. ഇതിനൊക്കെ നന്ദി പ്രകാശിപ്പിച്ചുകൊണ്ട്‌ അല്ലാഹുവിന്റെ മുമ്പില്‍ ഏതാനും തവണ കുമ്പിടുകയും സാഷ്‌ടാംഗം ചെയ്യുകയും സ്‌തുതികീര്‍ത്തനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യണമെന്ന്‌ നിര്‍ദേശിക്കുന്നതിന്റെ പ്രസക്തി മനസ്സിലാക്കാന്‍ എന്താണ്‌ പ്രയാസം?നിന്നും കുനിഞ്ഞും സാഷ്‌ടാംഗ പ്രണാമത്തിലായും അല്ലാഹുവെ പ്രാര്‍ഥിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നതിന്റെ ഗുണമെന്താണെന്ന്‌ തികഞ്ഞ വിശ്വാസത്തോടെ അതൊക്കെ ചെയ്യുന്നവര്‍ക്കേ ബോധ്യമാവുകയുള്ളൂ. സംശയത്തോടെയും അര്‍ധ മനസ്സോടെയും ആരാധനകള്‍ നടത്തുന്നവര്‍ക്ക്‌ അത്‌ ഒരിക്കലും ബോധ്യമാകാതിരിക്കാനാണ്‌ സാധ്യത.

ഏറ്റവും പുണ്യമുള്ള സ്ഥലം ഏത്‌?

``നബി(സ) അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ്‌ ലോകത്ത്‌ ഏറ്റവും പുണ്യമുള്ള സ്ഥലം (മിര്‍ഖാത്ത്‌ 1:417). മസ്‌ജിദുല്‍ ഹറാമിനെക്കാളും കഅ്‌ബയെക്കാളും അര്‍ശിനെക്കാളും പവര്‍ നബിയുടെ ഹുജ്‌റാശരീഫിനുണ്ട്‌. പ്രസ്‌തുത സ്ഥലത്തിനു റൗദശരീഫ്‌ എന്ന്‌ ഇമാമുകള്‍ രേഖപ്പെടുത്തിയതു കാണുന്നില്ല. എന്റെ വീടിന്റെയും (മറ്റൊരു റിപ്പോര്‍ട്ടില്‍ എന്റെ ഖബറിന്റെയും) മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം റൗദശരീഫാണെന്ന്‌ നബി(സ) പഠിപ്പിച്ചതില്‍ മിമ്പറും ഖബറും പെടില്ല.'' (സുന്നി അഫ്‌കാര്‍ -2011 ജൂണ്‍, പേജ്‌ 23)

നബി(സ) അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ്‌ ഏറ്റവും പുണ്യമുള്ള സ്ഥലമെന്ന്‌ പ്രാമാണികമായ വല്ല ഹദീസുകളിലും കാണുന്നുണ്ടോ?
അന്‍സാര്‍ ഒതായി

ലോക മുസ്‌ലിംകള്‍ തര്‍ക്കം കൂടാതെ അംഗീകരിക്കുന്ന കാര്യമാണ്‌ പാപവും പുണ്യവും ഹലാലും ഹറാമും തീരുമാനിക്കേണ്ടത്‌ വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിലാണ്‌ എന്നത്‌. അല്ലാഹുവിന്റെ അര്‍ശിനെ സംബന്ധിച്ച്‌ വിശുദ്ധ ഖുര്‍ആനില്‍ ഏറെ പരാമര്‍ശമുണ്ട്‌:

``എന്നാല്‍ അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍ (നബിയേ) നീ പറയുക: എനിക്ക്‌ അല്ലാഹു മതി. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്റെ മേലാണ്‌ ഞാന്‍ ഭരമേല്‌പിച്ചിരിക്കുന്നത്‌. അവനാണ്‌ മഹത്തായ അര്‍ശിന്റെ നാഥന്‍.'' (9:129)

``മലക്കുകള്‍ തങ്ങളുടെ രക്ഷിതാവിനെ സ്‌തുതിക്കുന്നതോടൊപ്പം കീര്‍ത്തനം ചെയ്‌തുകൊണ്ട്‌ അര്‍ശിന്റെ ചുറ്റും വലയം ചെയ്യുന്നതായി നിനക്ക്‌ കാണാം.''(വി.ഖു 39:75)

``അര്‍ശിനെ വഹിക്കുന്നവരും അതിന്റെ ചുറ്റുഭാഗത്തുള്ളവരുമായ മലക്കുകള്‍ തങ്ങളുടെ രക്ഷിതാവിനെ സ്‌തുതിക്കുന്നതോടൊപ്പം കീര്‍ത്തനം നടത്തുകയും അവനില്‍ വിശ്വസിക്കുകയും വിശ്വസിച്ചവര്‍ക്കു വേണ്ടി പാപമോചനം തേടുകയും ചെയ്യുന്നു.'' (40:7)

മസ്‌ജിദുല്‍ ഹറാമിനെക്കുറിച്ച്‌ വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പറയുന്നു: ``(നബിയേ), നിന്റെ മുഖം ആകാശത്തേക്ക്‌ തിരിഞ്ഞുകൊണ്ടിരിക്കുന്നത്‌ നാം കാണുന്നുണ്ട്‌. അതിനാല്‍ നീ തൃപ്‌തിപ്പെടുന്ന ഒരു ഖിബ്‌ലയിലേക്ക്‌ നിന്നെ നാം തിരിക്കുകയാണ്‌. ഇനിമേല്‍ നീ നിന്റെ മുഖം മസ്‌ജിദുല്‍ ഹറാമിന്റെ നേര്‍ക്ക്‌ തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ്‌ നിങ്ങള്‍ മുഖം തിരിക്കേണ്ടത്‌.''(2:144)

കഅ്‌ബയെക്കുറിച്ച്‌ വിശുദ്ധ ഖുര്‍ആനില്‍ പറയുന്നത്‌ ഇങ്ങനെ: ``പവിത്ര ഭവനമായ കഅ്‌ബയെയും, യുദ്ധം നിഷിദ്ധമായ മാസത്തെയും അല്ലാഹു ജനങ്ങളുടെ നിലനില്‌പിന്‌ ആധാരമാക്കിയിരിക്കുന്നു''(5:97). ``തീര്‍ച്ചയായും മനുഷ്യര്‍ക്കു വേണ്ടി സ്ഥാപിക്കെപ്പട്ട ഒന്നാമത്ത ആരാധനാമന്ദിരം ബക്ക(മക്ക)യില്‍ ഉള്ളതത്രെ. അനുഗൃഹീതമായും ലോകര്‍ക്ക്‌ മാര്‍ഗദര്‍ശകമായും (അത്‌ നിലകൊള്ളുന്നു.)'' (3:96)

നബി(സ)യുടെ ഖബ്‌റിനോ അതുള്‍ക്കൊള്ളുന്ന ഹുജ്‌റാശരീഫ എന്ന മുറിക്കോ ഇപ്പറഞ്ഞതു പോലെയോ അതിലുപരിയോ മഹത്വമുണ്ടെന്ന്‌ അല്ലാഹുവോ നബി(സ)യോ പറഞ്ഞിട്ടില്ല. പ്രാമാണികമായ നബിവചനങ്ങളിലൊന്നും ഖബ്‌റിന്റെ `പവറി'നെക്കുറിച്ച്‌ പറഞ്ഞിട്ടില്ല. അല്ലാഹുവിന്റെ അര്‍ശിനേക്കാള്‍ നബി(സ)യുടെ ഖബ്‌റിന്‌ മഹത്വമുണ്ടെന്ന്‌ പറയുന്നത്‌ മുഴുത്ത ധിക്കാരമാണ്‌; ദാസനെ യജമാനനേക്കാള്‍, സൃഷ്‌ടിയെ സ്രഷ്‌ടാവിനേക്കാള്‍ ഉയര്‍ത്തലാണ്‌. നബി(സ)യുടെ ഖബ്‌റിന്‌ മുമ്പില്‍ നമസ്‌കരിക്കണമെന്നോ അങ്ങോട്ട്‌ തീര്‍ഥയാത്ര ചെയ്യണമെന്നോ അല്ലാഹു കല്‌പിച്ചിട്ടില്ല. ആ ഖബ്‌ര്‍ സന്ദര്‍ശിക്കലും നബി(സ)ക്ക്‌ സലാം ചൊല്ലലും നിര്‍ബന്ധമല്ലാത്ത പുണ്യകര്‍മം മാത്രമാണ്‌. അന്തിമപ്രവാചകന്റെ ഖബ്‌റിനെ അര്‍ഹിക്കുന്ന വിധം ആദരിക്കണം. എന്നാല്‍ ആരാധിക്കുകയോ ആരാധനാകേന്ദ്രമാക്കുകയോ അരുത്‌.

റൗദശരീഫ്‌ എന്നാല്‍ നബി(സ)യുടെ ഖബ്‌റല്ല എന്ന സത്യം സുന്നീ ലേഖകന്‍ തുറന്നെഴുതിയത്‌ അഭിനന്ദനീയമാണ്‌. അത്‌ റൗദശരീഫ്‌ അഥവാ സ്വര്‍ഗപ്പൂങ്കാവനത്തിന്‌ സമാനമായ പദവിയുള്ള സ്ഥലമാണെന്നാണ്‌ ധാരാളം മുസ്‌ല്യാന്മാര്‍ പ്രചരിപ്പിക്കുന്നതും മുസ്‌ലിം ബഹുജനങ്ങള്‍ വിശ്വസിക്കുന്നതും. റൗദത്തുന്‍ മിന്‍റിയാദില്‍ ജന്ന: അഥവാ `സ്വര്‍ഗത്തിലെ പൂങ്കാവനം' എന്ന്‌ നബി(സ) വിശേഷിപ്പിച്ച ആ സ്ഥലം മദീനയിലെ മസ്‌ജിദുന്നബവിയില്‍ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുള്ളത്‌ അവിടെ ചെല്ലുന്നവര്‍ക്കെല്ലാം കാണാവുന്നതാണ്‌. മിര്‍ഖാത്ത്‌ ബുഖാരിയോ മുസ്‌ലിമോ പോലെയുള്ള ആധികാരിക ഹദീസ്‌ ഗ്രന്ഥമല്ല. മിശ്‌കാത്ത്‌ എന്ന പലതരം ഹദീസുകള്‍ ക്രോഡീകരിച്ച സമാഹൃതകൃതിയുടെ വ്യാഖ്യാനഗ്രന്ഥമാണ്‌ മിര്‍ഖാത്ത്‌. വ്യാഖാതാക്കള്‍ക്ക്‌ പല അഭിപ്രായങ്ങളുണ്ടാകും. അതിനൊന്നും അനിഷേധ്യമായ പ്രാമാണികതയില്ല.

മരണപ്പെട്ടവരുടെ കാഴ്‌ചയെപ്പറ്റി

മുഖാമുഖത്തില്‍ പ്രസിദ്ധീകരിച്ച `കണ്ണിന്റെ കാഴ്‌ചയും മരണവും' എന്ന ചോദ്യത്തിനുള്ള ഉത്തരത്തില്‍ (ലക്കം 39) ഒരാള്‍ മരിച്ചാലും അയാളുടെ കണ്ണിനു കാഴ്‌ചയുണ്ടാകും എന്ന ഹദീസിനെക്കുറിച്ച്‌ സംശയമുന്നയിക്കുകയും അത്‌ ശരിവെക്കുംവിധം തന്നെ ഉത്തരം നല്‌കുകയും ചെയ്‌തുകണ്ടു. സത്യത്തില്‍ ആ ഹദീസിനെ സ്ഥിരീകരിക്കുന്ന കാര്യമല്ലേ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതും ഇന്നു നാം വ്യക്തമായി മനസ്സിലാക്കുന്നതും. ഒരാള്‍ മരണപ്പെട്ടാല്‍ കുറെ നേരത്തേക്കെങ്കിലും ചേതന നശിച്ചുപോകാതെ നില്‍ക്കുന്ന അവയവം കുണ്ണുതന്നെയാണ്‌. അതുകൊണ്ടാണല്ലോ മരണപ്പെട്ടവരുടെ കണ്ണ്‌ അഥവാ കണ്ണിന്റെ ലെന്‍സ്‌ അധികം വൈകാതെ നീക്കം ചെയ്‌ത്‌ കാഴ്‌ചയില്ലാത്തവരില്‍ വെച്ചുപിടിപ്പിക്കാനാവുന്നത്‌. മരണപ്പെട്ടവരുടെ മറ്റ്‌ അവയവങ്ങള്‍ ഇതുപോലെ ഉപയോഗപ്പെടുത്താനാവില്ല. അവ അചേതനമായിത്തീരുന്നു എന്നതു തന്നെ കാരണം. മനുഷ്യനെ മരണത്തിലേക്ക്‌ നയിക്കുന്നത്‌ തന്നെ ഈ നിശ്ചേതനാവസ്ഥയാണല്ലോ. ഹദീസില്‍ പറഞ്ഞതു പോലെ ആത്മാവിനെ പിടിച്ചുകൊണ്ടുപോകുമ്പോള്‍ കണ്ണ്‌ അതിനെ നോക്കിക്കൊണ്ടിരിക്കും എന്നത്‌ അക്ഷരാര്‍ഥത്തില്‍ തന്നെ സംഭവിക്കുന്ന കാര്യമാണ്‌ എന്നാണ്‌ വ്യക്തമാകുന്നത്‌. മരിച്ച ശരീരത്തില്‍ സ്ഥിരമായി കാഴ്‌ച നിലനില്‌ക്കുമെന്ന്‌ ഹദീസ്‌ ഉദ്ദേശിച്ചിട്ടില്ല. `മുസ്‌ലി'മിന്റെ മറുപടിയില്‍ അങ്ങനെയൊരു ധാരണ കടന്നുകൂടിയിട്ടുള്ളതു പോലെ തോന്നി. അതിന്റെ പശ്ചാത്തലത്തിലാകുമോ ഇങ്ങനെ മറുപടി കൊടുക്കേണ്ടി വന്നത്‌?
എം എ അബ്‌ദുല്‍ഖാദര്‍ കരൂപ്പടന്ന

ഒരാള്‍ മരിച്ചാലും അയാളുടെ കണ്ണിന്‌ കാഴ്‌ചയുണ്ടാകും എന്നല്ല ഹദീസിലുള്ളത്‌. അബൂസലമ: മരിച്ച ശേഷം അദ്ദേഹത്തിന്റെ തുറന്നു കിടന്നിരുന്ന കണ്ണ്‌ അടച്ചുപിടിച്ചുകൊണ്ട്‌ നബി(സ) പറഞ്ഞത്‌ ഇദാ ഖുബിദ്വര്‍റൂഹു തബിഅഹുല്‍ ബസ്വറു എന്നാണ്‌. ``ആത്മാവ്‌ പിടിക്കപ്പെട്ടാല്‍ കണ്ണ്‌ അതിനെ പിന്തുടരും'' എന്നാണ്‌ ഇതിന്റെ അര്‍ഥം. മരണം നടക്കുമ്പോള്‍ ശരീരത്തിലോ പുറത്തോ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ കാണാന്‍ കണ്ണ്‌ ഒരവസാന ശ്രമം നടത്തും എന്നേ ഇതില്‍ നിന്ന്‌ മനസ്സിലാക്കാന്‍ കഴിയുന്നുള്ളൂ.

കാഴ്‌ച എന്ന പ്രതിഭാസം കണ്ണിന്റെ ലെന്‍സ്‌ മുഖേനയാണ്‌ നടക്കുന്നതെങ്കിലും, കണ്ണില്‍ നിന്ന്‌ മസ്‌തിഷ്‌കത്തിലേക്കെത്തുന്ന സൂക്ഷ്‌മനാഡികളും അവയിലൂടെ വരുന്ന സന്ദേശം അപഗ്രഥിക്കുന്ന മസ്‌തിഷ്‌ക കോശങ്ങളും സജീവമാണെങ്കില്‍ മാത്രമേ കാണുക എന്ന കാര്യം നടക്കുകയുള്ളൂ. വൈദ്യശാസ്‌ത്ര ദൃഷ്‌ട്യാ മരണം സംഭവിക്കുന്നത്‌ മസ്‌തിഷ്‌കം പ്രവര്‍ത്തനരഹിതമാകുമ്പോഴാണ്‌. അതിന്‌ ശേഷവും കണ്ണിന്റെ കാഴ്‌ച ആ ശരീരത്തില്‍ നിലനില്‌ക്കുമെന്നതിന്‌ യാതൊരു തെളിവും `മുസ്‌ലിം' കണ്ടിട്ടില്ല.

ലെന്‍സിന്റെ ചൈതന്യം അല്‌പ സമയത്തേക്ക്‌ കൂടി നിലനില്‍ക്കുന്നതു കൊണ്ടാണ്‌ അത്‌ മറ്റൊരാളിലേക്ക്‌ മാറ്റിവെച്ച്‌ അയാളുടെ അന്ധത മാറ്റാന്‍ സാധിക്കുന്നത്‌. എന്നാല്‍ അയാള്‍ക്ക്‌ കാഴ്‌ച ലഭിക്കണമെങ്കില്‍ അയാളുടെ നേത്രനാഡികളും കാഴ്‌ചയുമായി ബന്ധപ്പെട്ട മസ്‌തിഷ്‌ക കോശങ്ങളും കുറ്റമറ്റതാകണം. മസ്‌തിഷ്‌ക മരണം സംഭവിച്ചതിനു ശേഷം ലെന്‍സിന്‌ ചൈതന്യമുണ്ടായതുകൊണ്ട്‌ മാത്രം കാഴ്‌ച എന്ന അനുഭവം ഉണ്ടാവുകയില്ല എന്ന്‌ തന്നെയാണ്‌ ഇതില്‍ നിന്നും ഗ്രഹിക്കാവുന്നത്‌. ജീവിതത്തിന്റെ അവസാന ഘട്ടം വരെയും കാഴ്‌ച എന്ന അനുഭവത്തിന്‌ വേണ്ടി കണ്ണ്‌ ശ്രമിക്കും എന്ന ആശയത്തോട്‌ `മുസ്‌ലിമി'ന്‌ യാതൊരു വിയോജിപ്പുമില്ല. മരിച്ചവര്‍ക്ക്‌ വല്ലതും കേള്‍പ്പിച്ചു കൊടുക്കാനോ കാണിച്ചുകൊടുക്കാനോ അല്ലാഹുവിന്‌ മാത്രമേ കഴിയൂ. അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.

വഹാബിസത്തിന്റെ ഭീകരതകള്‍

അമേരിക്കയിലെ പ്രശസ്‌തനായ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സ്റ്റീഫന്‍ സ്‌ക്വാര്‍ട്‌സ്‌, 9/11 ആക്രമണത്തിനുശേഷം വഹാബിസത്തിന്റെ ഭീകരതകള്‍ വിശകലനം ചെയ്‌ത്‌ എഴുതിയ പ്രബന്ധങ്ങളില്‍ അപകടകരമായ വഹാബിവല്‍കരണത്തിനെതിരെ അമേരിക്കന്‍ മുസ്‌ലിംകളെ സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്നതായി യാഥാസ്ഥിതികരുടെ മാസികയില്‍ കാണാനിടയായി. എന്താണ്‌ നിജസ്ഥിതി?

ശഫീഖ്‌ കണ്ണാഞ്ചേരി താനാളൂര്‍

അമേരിക്കയിലെ പ്രശസ്‌തരായ മാധ്യമ പ്രവര്‍ത്തകരില്‍ ഭൂരിഭാഗത്തിനും വേണ്ടത്‌ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തേജോവധം ചെയ്യുകയാണ്‌. അതിനുള്ള ഉപായങ്ങളൊക്കെ അവര്‍ ആരായുക സ്വാഭാവികമാണ്‌. ആധുനിക കുരിശുയുദ്ധത്തിന്റെ പതാകാവാഹകരായ പാശ്ചാത്യ എഴുത്തുകാരെ സത്യത്തിന്റെ സാക്ഷികളാക്കുന്നത്‌ സമസ്‌തക്കാരുടെ അധ:പതനത്തിന്റെ ആഴമാണ്‌ തെളിയിച്ചുകാണിക്കുന്നത്‌.

യഥാര്‍ഥത്തില്‍ വഹ്‌ഹാബിസം എന്നൊരു ഇസമില്ല. മുസ്‌ലിംകള്‍ ജീവിക്കേണ്ടത്‌ ഖുര്‍ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തിലാണെന്ന്‌ പ്രഖ്യാപിച്ച സത്യപ്രബോധകരെ ഒറ്റപ്പെടുത്താന്‍ വേണ്ടി ഒന്നാമതായി ബ്രിട്ടീഷുകാരും പിന്നീട്‌ ഇസ്‌ലാമിന്റെ മറ്റു ശത്രുക്കളും കണ്ടെത്തിയ വിളിപ്പേരാണ്‌ വഹ്‌ഹാബിസം. ഖുര്‍ആനിലോ പ്രാമാണികമായ നബിവചനങ്ങളിലോ ഭീകരാക്രമണങ്ങളോ ചാവേര്‍ സ്‌ഫോടനങ്ങളോ നടത്താനുള്ള ആഹ്വാനമില്ലാത്തതിനാല്‍ സത്യവിശ്വാസികള്‍ പ്രമാണബദ്ധമായി ജീവിക്കാന്‍ തീരുമാനിക്കുന്നതുകൊണ്ട്‌ പാശ്ചാത്യരോ പൗരസ്‌ത്യരോ ഉല്‍കണ്‌ഠാകുലരാകേണ്ട കാര്യമില്ല. മുസ്‌ലിംകള്‍ നാസ്‌തികരോ ഭൗതിക പ്രമത്തരോ ആയി മാറിയാല്‍ ഏറെ സന്തോഷം പ്രകടിപ്പിക്കുന്നവരാണ്‌ പാശ്ചാത്യ വിമര്‍ശകര്‍. സമസ്‌തക്കാര്‍ക്കും വേണ്ടത്‌ മുസ്‌ലിംകള്‍ സത്യവിശ്വാസത്തില്‍ നിന്ന്‌ അകന്ന്‌ മാറി ആദര്‍ശ പ്രതിബദ്ധതയില്ലാത്തവരായിത്തീരുക എന്നത്‌ തന്നെയാണോ?

Followers -NetworkedBlogs-

Followers