ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label പലിശ. Show all posts
Showing posts with label പലിശ. Show all posts

ബോണസും പലിശയും

ലൈഫ്‌ ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട ചില സംശയങ്ങളുണ്ട്‌. മൂന്നുമാസം കൂടുമ്പോള്‍ 3725 രൂപ അടക്കുന്ന സ്‌കീമില്‍ ഞാന്‍ ചേര്‍ന്നിട്ടുണ്ട്‌. വര്‍ഷത്തില്‍ 14900 രൂപ. പതിനാറ്‌ വര്‍ഷത്തെ സ്‌കീമാണിത്‌. പതിനാറ്‌ വര്‍ഷം കൊണ്ട്‌ 2,38,400 രൂപ അടയ്‌ക്കണം. എന്റെ സ്‌കീം രണ്ട്‌ ലക്ഷമാണ്‌. എനിക്ക്‌ പതിനാറ്‌ വര്‍ഷം മുഴുവന്‍ അടച്ചിട്ട്‌ മുഴുവന്‍ സംഖ്യ കിട്ടണമെങ്കില്‍ ബോണസ്‌ വാങ്ങണം. അത്‌ പലിശയാകും. രണ്ട്‌ ലക്ഷം അടച്ചതും അതിനു പുറമെ രണ്ട്‌ ലക്ഷം ബോണസും കിട്ടും എന്നാണ്‌ ഏജന്‍സി പറഞ്ഞത്‌. ഇത്‌ പലിശയാകില്ലേ? ബോണസ്‌ വാങ്ങിയില്ലെങ്കില്‍ എനിക്ക്‌ 38,400 രൂപ നഷ്‌ടം വരും. ഇതാണ്‌ ഒരുവിധം ലൈഫ്‌ ഇന്‍ഷൂറന്‍സിന്റെയെല്ലാം അവസ്ഥ. ഇത്‌ ശരിയാണോ?

ഷൗക്കത്തലി തടത്തില്‍

ജീവനക്കാര്‍ക്ക്‌ വര്‍ഷത്തിലൊരിക്കല്‍ ശമ്പളത്തിന്‌ പുറമെ സൗജന്യമായി നല്‌കുന്ന തുകയ്‌ക്കാണ്‌ സാധാരണ ബോണസ്‌ എന്ന പദം പ്രയോഗിക്കാറുള്ളത്‌. ഇതുപോലെ ഒരു നിശ്ചിത തുകയുടെ പോളിസി എടുക്കുന്നവര്‍ക്ക്‌ കമ്പനി സൗജന്യമായി നല്‌കുന്നതാണ്‌ ബോണസെങ്കില്‍ അത്‌ ഹറാമാണെന്ന്‌ ഉറപ്പിച്ചുപറയാന്‍ തെളിവില്ല. ഇന്‍ഷൂറന്‍സ്‌ കമ്പനി ബിസിനസ്സില്‍ പണം മുടക്കിയിട്ട്‌ ലഭിക്കുന്ന ലാഭത്തില്‍ നിന്നുള്ള വിഹിതമെന്ന നിലയിലാണ്‌ ബോണസ്‌ നല്‌കുന്നതെങ്കിലും അത്‌ ഹറാമാണെന്ന്‌ പറയാവുന്നതല്ല. എന്നാല്‍ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ ബിസിനസില്‍ മൂലധന നിക്ഷേപം നടത്തുന്നത്‌ ഇസ്‌ലാം അനുവദിക്കുന്ന ലാഭ-നഷ്‌ട പങ്കാളിത്ത വ്യവസ്ഥയിലല്ല; നിശ്ചിത ശതമാനം പലിശ മുന്‍കൂട്ടി നിശ്ചയിച്ചുകൊണ്ടാണെന്നാണ്‌ `മുസ്‌ലിമി'ന്‌ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്‌. അങ്ങനെയാണെങ്കില്‍ ആ പലിശയില്‍ നിന്ന്‌ ഒരു വിഹിതമാണ്‌ അവര്‍ ബോണസ്സായി നല്‌കുന്നത്‌. അത്‌ ഹലാലാവുകയില്ല. ബോണസ്‌ ഉള്‍പ്പെടെയുള്ള തുക വാങ്ങിയിട്ട്‌ താങ്കള്‍ അടച്ചതിനു പുറമെയുള്ള തുക പലിശ കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്ക്‌ നല്‌കുകയായിരിക്കും നല്ലത്‌.

കുടുംബശ്രീ അംഗത്വവും ബാങ്ക്‌ലോണും


ഞാന്‍ ഒരു കുടുംബശ്രീ പ്രവര്‍ത്തകയാണ്‌. ഞങ്ങളുടെ കുടുംബശ്രീ യൂനിറ്റിന്‌ ബാങ്ക്‌ വായ്‌പയായി സഹായം നല്‍കുന്ന ഒരു പദ്ധതിയുണ്ട്‌. ഇതിന്‌ യൂനിറ്റിലെ എല്ലാ അംഗങ്ങളും ഒപ്പ്‌ വെക്കണം. ഒരു മുസ്‌ലിമായ ഞാന്‍ ഒപ്പ്‌ വെക്കാത്തതുകൊണ്ട്‌ ഒരുകൂട്ടം ആളുകള്‍ക്ക്‌ സഹായം കിട്ടാതെ പോവുന്നു. ഒപ്പിട്ടാല്‍ ഞാന്‍ പലിശക്ക്‌ സാക്ഷി നില്‍ക്കുന്നയാളാകും. ഞാന്‍ ഒപ്പിടാത്തതുകൊണ്ട്‌ മുസ്‌ലിമായ വ്യക്തികള്‍ സമൂഹ നന്മക്ക്‌ തടസ്സം നില്‍ക്കുന്നവരാണ്‌ എന്ന ധാരണ വരുന്നു. എന്താണ്‌ ചെയ്യേണ്ടത്‌?

ഉമ്മു ഇബ്‌നു അബ്‌ദുര്‍റഹ്‌മാന്‍ (പുത്തൂര്‍)

കടുത്ത സാമ്പത്തിക പ്രയാസംകൊണ്ടും പലിശരഹിത വായ്‌പ ലഭ്യമല്ലാത്തതുകൊണ്ടും നിര്‍ബന്ധിതാവസ്ഥയിലാണ്‌ ഒരാള്‍ ബാങ്ക്‌ വായ്‌പയ്‌ക്ക്‌ ശ്രമിക്കുന്നതെങ്കില്‍ അപേക്ഷാഫോറത്തില്‍ സാക്ഷിയായി ഒപ്പിടുന്നതില്‍ തെറ്റില്ല. അത്യാവശ്യമില്ലാതെ, ലോണ്‍കിട്ടും എന്നതുകൊണ്ട്‌ മാത്രം അപേക്ഷിക്കുന്നവര്‍ക്ക്‌ വേണ്ടി സാക്ഷിയാകുന്നത്‌ നബിവചനത്തില്‍ വിലക്കിയിട്ടുള്ള `പലിശയ്‌ക്ക്‌ സാക്ഷ്യം വഹിക്കല്‍' എന്ന വകുപ്പിലാണ്‌ ഉള്‍പ്പെടുക. കിട്ടുന്നത്ര ലോണ്‍ വാങ്ങി തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യചെയ്യുന്നവരുടെ എണ്ണം പെരുകുന്ന കാലത്ത്‌ എല്ലാ ലോണും സമൂഹനന്മയ്‌ക്ക്‌ ഉപകരിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്‌. പാവപ്പെട്ടവരെ സഹായിക്കുകയാണ്‌ സര്‍ക്കാറിന്റെ ലക്ഷ്യമെങ്കില്‍ അവര്‍ക്ക്‌ പലിശയില്ലാത്ത സഹായം നല്‍കുകയല്ലേ വേണ്ടത്‌? ഹറാമായ കാര്യങ്ങളില്‍ സഹകരിക്കുന്ന കൂട്ടായ്‌മകളില്‍ നിന്ന്‌ അകന്നുനില്‍ക്കുകയാണ്‌ യഥാര്‍ഥ വിശ്വാസികള്‍ ചെയ്യേണ്ടത്‌. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിക്കുന്നവര്‍ക്ക്‌ അവന്‍ ഐശ്വര്യം നല്‍കുമെന്ന്‌ പ്രതീക്ഷിക്കാം.

മൂല്യശോഷണം പലിശ വാങ്ങാന്‍ മതിയായ ന്യായമാണോ?


പ്രോവിഡന്റ്‌ ഫണ്ടിന്റെ പലിശയെ സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയില്‍ മൂല്യശോഷണം മൂലമുള്ള നഷ്‌ടം പലിശ മുഖേന നികത്താമെന്ന്‌ സൂചിപ്പിച്ചു കണ്ടു. മൂല്യശോഷണം ബാങ്കിലെ നിക്ഷേപങ്ങള്‍ക്കും സംഭവിക്കുന്നുണ്ടല്ലോ. ആ നഷ്‌ടം നികത്താന്‍ ബാങ്ക്‌ പലിശ സ്വീകരിക്കുന്നത്‌ അനുവദനീയമാകുമോ?
മബ്‌റൂക്‌ കോഴിക്കോട്‌

യാതൊരു വിധ പലിശയും ഒരു സത്യവിശ്വാസി വാങ്ങി അനുഭവിക്കാന്‍ പാടില്ലെന്ന്‌ തന്നെയാണ്‌ `മുസ്‌ലിമി'ന്റെ അഭിപ്രായം. എന്നാല്‍ സാധാരണഗതിയില്‍ ഹറാമാകുന്ന ചില കാര്യങ്ങള്‍ നിര്‍ബന്ധിതാവസ്ഥയില്‍ അനുവദനീയമാകും. പ്രോവിഡന്റ്‌ ഫണ്ടില്‍ നിര്‍ബന്ധമായി നിക്ഷേപിക്കേണ്ടി വരുന്ന തുകയുടെ പലിശ സ്വീകരിക്കാന്‍ ആരും നിര്‍ബന്ധിതരാകുന്നില്ലെങ്കിലും അത്‌ സ്വീകരിക്കാത്തപക്ഷം മൂലധനത്തിന്റെ ഗണ്യമായ ഭാഗം മൂല്യശോഷണം മുഖേന നഷ്‌ടപ്പെടുക എന്നത്‌ ഗുരുതരമായ ഒരു പ്രശ്‌നം തന്നെയാണ്‌. അതിനെ സംബന്ധിച്ചാണ്‌ ഈ പംക്തിയില്‍ എഴുതിയത്‌. നിര്‍ബന്ധമായതില്‍ കൂടുതല്‍ തുക പി എഫില്‍ നിക്ഷേപിക്കുന്നവര്‍ക്കോ ബാങ്കില്‍ പണം നിക്ഷേപിക്കുന്നവര്‍ക്കോ നിര്‍ബന്ധിതാവസ്ഥയിലെ ഇളവ്‌ ബാധകമല്ല. ഇങ്ങനെ പണം നിക്ഷേപിക്കാന്‍ ആരും നിര്‍ബന്ധിതരാകുന്നില്ലല്ലോ. കൈയില്‍ കിട്ടുന്ന പണം മൂല്യശോഷണം നേരിടാത്ത വിധം ബിസിനസിലോ ഷെയറിലോ ഭൂമിയിലോ നിക്ഷേപിക്കാന്‍ വിശ്വാസികളുടെ മുമ്പില്‍ അവസരങ്ങള്‍ തുറന്നുകിടക്കുന്നുണ്ട്‌.

പി എഫ്‌ പലിശ വാങ്ങുന്നതിന്‌ ന്യായീകരണമോ?


പി എഫില്‍ നിന്ന്‌ പണം തിരിച്ചെടുക്കുമ്പോള്‍ പലരും പലിശ വാങ്ങുന്നു. അവര്‍ പറയുന്ന ന്യായീകരണം, നമ്മുടെ പണമുപയോഗിച്ച്‌ ഇസ്‌ലാമിനെതിരില്‍ പ്രയോഗിക്കും. അതിനാല്‍ നാം അത്‌ പൊതു ആവശ്യത്തിന്‌ ഉപയോഗിക്കാന്‍ വാങ്ങുന്നതില്‍ തെറ്റില്ല എന്നാണ്‌. ഖുര്‍ആന്‍ (2:278) ആയത്തിന്‌ വിരുദ്ധമല്ലേ ഈ ആശയം?

ഇബ്‌നു അബ്‌ദുര്‍റഹ്‌മാന്‍ പുത്തൂര്‍

പ്രോവിഡന്റ്‌ ഫണ്ടില്‍ നിര്‍ബന്ധമായി അടയ്‌ക്കേണ്ട തുക മാത്രം അടയ്‌ക്കുന്നവരും, അതില്‍ കൂടുതല്‍ തുക അടയ്‌ക്കുന്നവരുമുണ്ട്‌. പലിശയുമായി ബന്ധമുള്ള ഒരു ഫണ്ടില്‍ നിര്‍ബന്ധമായി പണം നിക്ഷേപിക്കേണ്ടിവരുന്നതും, സ്വയം സന്നദ്ധരായി പണം നിക്ഷേപിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്‌. പലിശപ്പണം ആഗ്രഹിക്കാത്ത ആളുകള്‍ പലിശബന്ധമുള്ള ഫണ്ടില്‍ പണം നിര്‍ബന്ധിതമായി നിക്ഷേപിക്കേണ്ടി വന്നാല്‍ അവര്‍ കുറ്റക്കാരാവില്ലെന്നാണ്‌ വിശുദ്ധ ഖുര്‍ആനിലെ 5:3 സൂക്തത്തിലെ അവസാന വാക്യത്തിന്റെ സൂചന. പി എഫില്‍ നിക്ഷേപിച്ച തുകയ്‌ക്ക്‌ പലിശ സ്വീകരിക്കേണ്ട എന്ന്‌ ഒരാള്‍ തീരുമാനിക്കുകയാണെങ്കില്‍ അത്‌ നല്ലതു തന്നെ. അയാള്‍ ഉപേക്ഷിച്ച പലിശത്തുക സര്‍ക്കാര്‍ ഏത്‌ ആവശ്യത്തിന്‌ ഉപയോഗിച്ചാലും അതിന്റെ പേരില്‍ അയാള്‍ കുറ്റക്കാരനാവുകയില്ല. അയാളുടെ ഉടമസ്ഥതയിലുള്ള പണം ദുര്‍വിനിയോഗം ചെയ്യുന്നതേ തെറ്റാവുകയുള്ളൂ.

എന്നാല്‍ ഇതിന്‌ മറ്റൊരു വശമുണ്ട്‌. പി എഫിന്റെ പലിശ വേണ്ടെന്ന്‌ വെക്കുന്ന ആള്‍ക്ക്‌ വി.ഖു 2:279 ല്‍ പറഞ്ഞിട്ടുള്ളതു പോലെ മൂലധനം പൂര്‍ണമായി തിരിച്ചുകിട്ടുകയില്ല എന്ന വസ്‌തുതയാണത്‌. അയാളുടെ മൂലധനത്തില്‍ നിന്ന്‌ ഓരോ വര്‍ഷവും ഏകദേശം പത്തുശതമാനം മൂല്യശോഷണം നിമിത്തം നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. തിരിച്ചെടുക്കുമ്പോള്‍ അയാള്‍ക്ക്‌ ലഭിക്കുന്നത്‌ അയാള്‍ അടച്ചതിനേക്കാള്‍ വളരെ മൂല്യം കുറഞ്ഞ കറന്‍സിയാണ്‌. പി എഫ്‌ നിക്ഷേപത്തിന്‌ സര്‍ക്കാര്‍ നല്‌കുന്ന പലിശത്തുക കൂടി ചേര്‍ത്താലും ഈ മൂല്യക്കുറവ്‌ നികത്താന്‍ പര്യാപ്‌തമാവുയില്ല എന്നതാണ്‌ ഇപ്പോഴത്തെ അനുഭവം. ഈ കാരണത്താല്‍ ഒരാള്‍, താന്‍ നിര്‍ബന്ധിതനായി നിക്ഷേപിച്ച തുകയുടെ മൂല്യം വളരെ കുറയാതെ തിരിച്ചു കിട്ടുക എന്ന ന്യായമായ ആവശ്യത്തിനു വേണ്ടി, പി എഫ്‌ പലിശ കൂടി സ്വീകരിക്കുന്നത്‌ കുറ്റകരമാവില്ല എന്ന്‌ കരുതിയാല്‍ അയാളെ ആക്ഷേപിക്കാവുന്നതല്ലെന്നാണ്‌ ഈ ലേഖകന്‍ കരുതുന്നത്‌. 2:279 ല്‍ മൂലധനം തിരിച്ചുവാങ്ങുന്നതിനെ സംബന്ധിച്ച്‌ പറഞ്ഞേടത്ത്‌ `നിങ്ങള്‍ അക്രമം ചെയ്യരുത്‌, നിങ്ങള്‍ അക്രമിക്കപ്പെടുകയും ചെയ്യരുത്‌' എന്ന്‌ വ്യക്തമാക്കിയിട്ടുള്ളത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. നിര്‍ബന്ധിത നിക്ഷേപത്തില്‍ നിന്ന്‌ ഗണ്യമായ അളവില്‍ മൂല്യം ചോര്‍ന്നുപോകുന്നത്‌ അക്രമത്തിനും അനീതിക്കും ഇരയാവുക എന്ന വകുപ്പിലാണല്ലോ ഉള്‍പ്പെടുക.

നിര്‍ബന്ധിതമായതിനെക്കാള്‍ കൂടുതല്‍ തുക പി എഫില്‍ നിക്ഷേപിക്കുന്ന ആള്‍ക്ക്‌ മൂല്യക്കുറവ്‌ നികത്തിക്കിട്ടാന്‍ വേണ്ടി പലിശ വാങ്ങാന്‍ ഏതായാലും ന്യായമില്ല. പലിശ കലരാത്ത വിധത്തില്‍ ആ തുക ഉപയോഗപ്പെടുത്താന്‍ അയാള്‍ക്ക്‌ അവസരം ലഭിച്ചിട്ടും ആവശ്യം കൂടാതെ പലിശ ഫണ്ടില്‍ നിക്ഷേപിക്കുകയാണല്ലോ അയാള്‍ ചെയ്‌തത്‌. പലിശ ആഗ്രഹിക്കാത്ത ആളുടെ അക്കൗണ്ടില്‍ ബാങ്കുകാര്‍ ചേര്‍ക്കുന്ന പലിശത്തുക ബാങ്കില്‍ നിന്ന്‌ വാങ്ങിയിട്ട്‌ പലിശ കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നവരെ സഹായിക്കാന്‍ ഉപയോഗപ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന്‌ ചുരുക്കം ചില ആധുനിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.
 

ആ പലിശയുടെ പേരില്‍ ഞാന്‍ കുറ്റക്കാരിയാകുമോ?

എന്റെ അയല്‍ക്കാരി എന്നോട്‌ കുറച്ച്‌ രൂപ കടമായി ചോദിച്ചു. എന്റെ കൈയില്‍ രൂപയായി കൊടുക്കാനുണ്ടായിരുന്നില്ല. അപ്പോള്‍ സ്വര്‍ണമാണെങ്കിലും മതി, കുറച്ചു മാസം കഴിഞ്ഞ്‌ തരാം എന്നു അവള്‍ പറഞ്ഞു. ഞാന്‍ വീട്ടില്‍ ചോദിച്ച്‌ സ്വര്‍ണം അവര്‍ക്കു കൊടുത്തു. എന്റെ അറിവോടുകൂടി അവരത്‌ പണയം വെച്ച്‌ രൂപയാക്കി. അങ്ങനെ അവര്‍ വാങ്ങിയ ആ പണത്തിന്റെ പലിശയില്‍ ഞാന്‍ തെറ്റുകാരിയാണോ? പലിശ ഹറാമാണെന്ന്‌ അറിഞ്ഞിരിക്കെ ഞാന്‍ സ്വര്‍ണം കൊടുത്തത്‌ തെറ്റാണോ?


നൗഷറ ഉമര്‍ ചെറുതുരുത്തി


പലിശ വാങ്ങലും കൊടുക്കലും നിഷിദ്ധമാണെന്ന്‌ പ്രബലമായ ഒരു ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാം. പലിശ വാങ്ങാന്‍ ആരും നിര്‍ബന്ധിതരാകുന്നില്ല. എന്നാല്‍ ചിലര്‍ക്ക്‌ ചിലപ്പോള്‍ പലിശയ്‌ക്ക്‌ കടം വാങ്ങേണ്ട നിര്‍ബന്ധിതാവസ്ഥയുണ്ടാകാം. നിഷിദ്ധമായ കാര്യം ചെയ്യാന്‍ നിര്‍ബന്ധിതനാകുന്ന വ്യക്തി കുറ്റക്കാരനല്ല. താങ്കളുടെ കൂട്ടുകാരി പണം കടം വാങ്ങിയത്‌ ഒഴിച്ചുകൂടാത്ത ആവശ്യത്തിനാണോ? പലിശ വ്യവസ്ഥയിലല്ലാതെ കടം കിട്ടാന്‍ സാധ്യതയൊന്നും ഇല്ലാത്തതിനാല്‍ പലിശക്ക്‌ കടം വാങ്ങാന്‍ നിര്‍ബന്ധിതയായതാണോ? അങ്ങനെയാണെങ്കില്‍ നിങ്ങള്‍ രണ്ടുപേരും കുറ്റക്കാരാവില്ല. നിര്‍ബന്ധിതാവസ്ഥയില്ലെങ്കില്‍ പലിശ കൊടുക്കല്‍ ഹറാമാണ്‌. ഹറാമായ വിഷയത്തില്‍ ബോധപൂര്‍വം സഹകരിക്കലും ഹറാം തന്നെയാണ്‌. കൂട്ടുകാരിക്ക്‌ കടം അനുപേക്ഷ്യമല്ലെങ്കില്‍ ഇനി പണയം വെക്കാന്‍ സ്വര്‍ണം കൊടുക്കരുത്‌. ചെയ്‌തുപോയതിന്റെ പേരില്‍ നിഷ്‌കളങ്കമായി പശ്ചാത്തപിക്കുക. സാധിക്കുമെങ്കില്‍ സദുപദേശം മുഖേന പലിശ ഇടപാടില്‍ നിന്ന്‌ കൂട്ടുകാരിയെ പിന്തിരിപ്പിക്കുക.

ബാങ്ക്‌പലിശ എങ്ങനെ കൈകാര്യംചെയ്യണം?

വര്‍ത്തമാന കാലത്തെ ഓരോ മനുഷ്യരും ബാങ്കിനെ ആശ്രയിച്ചാണ്‌ ജീവിക്കുന്നത്‌, മുഅ്‌മിനുകളായവര്‍ പോലും. എന്നാല്‍ ബാങ്കില്‍ നിന്നും പലിശ എടുക്കാന്‍ ഇവര്‍ മുതിരാറില്ല. ഈ പണം പിന്നീട്‌ ഇസ്‌ലാമിന്‌ എതിരെ ഉപയോഗിക്കുന്നതായ ചില വാര്‍ത്തകള്‍ സമീപകാലത്ത്‌ ഉയര്‍ന്നുകേട്ടിരുന്നു. ആയതുകൊണ്ട്‌ തന്നെ പലിശ സാമൂഹ്യരംഗങ്ങളില്‍ ഉപയോഗിക്കുന്നതിന്‌ ഇസ്‌ലാമില്‍ വിലക്കുണ്ടോ? ഇല്ലെങ്കില്‍ ഏതെല്ലാം രീതിയിലുള്ള സാമൂഹ്യസേവനമാകാം?





ആദില്‍ എറവറാംകുന്ന്‌




ഇന്ന്‌ മനുഷ്യരെല്ലാം ബാങ്കിനെ ആശ്രയിച്ചു ജീവിക്കുന്നു എന്ന്‌ പറയുന്നത്‌ ശരിയല്ല. പലര്‍ക്കും ബാങ്ക്‌ അക്കൗണ്ട്‌ ആവശ്യമായി വരുന്നു എന്നതാണ്‌ യാഥാര്‍ഥ്യം. അങ്ങനെ ആവശ്യമാകുന്നവര്‍ക്ക്‌ ഒന്നുകില്‍ പലിശയില്ലാത്ത കറന്റ്‌ അക്കൗണ്ടുകള്‍ തുടങ്ങാം. അല്ലെങ്കില്‍ സേവിംഗ്‌സ്‌ ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങി പലിശയുടെ കണക്കില്‍ വരുന്ന തുക ഭുജിക്കാതെ/അനുഭവിക്കാതെ സൂക്ഷിക്കുകയും ചെയ്യാം. നബി(സ)യുടെ കാലത്ത്‌ ബാങ്കുകളോ പലിശയിടപാടുകള്‍ അത്യാവശ്യമാകുന്ന സാഹചര്യമോ ഉണ്ടായിരുന്നില്ല എന്നതുകൊണ്ട്‌ ഈ വിഷയകമായി നബിചര്യയില്‍ നിന്ന്‌ പ്രത്യേക തെളിവ്‌ ലഭ്യമല്ല.

പലിശ തിന്നുന്നവനെയും തീറ്റുന്നവനെയും അതിന്റെ കണക്കെഴുത്തുകാരെയും സാക്ഷികളെയും റസൂല്‍(സ) ശപിച്ചതായി വിശ്വസനീയമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ബാങ്ക്‌ പലിശ ഇതില്‍ നിന്ന്‌ ഒഴിവാണെന്ന്‌ ചിലര്‍ പറയാറുണ്ടെങ്കിലും അതിന്‌ സ്വീകാര്യമായ തെളിവൊന്നും മുസ്‌ലിം കണ്ടിട്ടില്ല. അതിനാല്‍ സമ്പാദ്യത്തിലും ഉപജീവന മാര്‍ഗത്തിലും ഹറാം കലരാതെ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പലിശത്തുക സ്വന്തമായി അനുഭവിക്കുകയോ മറ്റുള്ളവര്‍ക്ക്‌ അനുഭവിക്കാന്‍ കൊടുക്കുകയോ ചെയ്യാതിരിക്കുകയാണ്‌ വേണ്ടത്‌. പലിശ വേണ്ട എന്ന്‌ എഴുതിക്കൊടുത്താല്‍ ബാങ്കുകാര്‍ ഇടപാടുകാരന്റെ കണക്കില്‍ പലിശ ചേര്‍ക്കുകയില്ല എന്നുറപ്പാണ്‌. അങ്ങനെ ചെയ്‌താല്‍ മതിയെന്നും, ഉപേക്ഷിച്ച പലിശത്തുക ബാങ്കുകാര്‍ എന്തു ചെയ്യും എന്നത്‌ ഇടപാടുകാരനെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നുമാണ്‌ ചില പണ്ഡിതന്മാരുടെ അഭിപ്രായം.

ഒരു വിഷയത്തിന്റെ എല്ലാ വശങ്ങളും പരിഗണിച്ച്‌ പരമാവധി തിന്മ ഒഴിവാക്കുകയും നന്മ സ്വായത്തമാക്കുകയും ചെയ്യേണ്ടതാണ്‌ എന്നതിനാല്‍, ഇടപാടുകാര്‍ ഉപേക്ഷിച്ച പലിശത്തുക ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ദോഷകരമായി ഉപയോഗിക്കപ്പെടാനുള്ള സാധ്യതയും ഒഴിവാക്കേണ്ടതാണെന്ന്‌ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. മുസ്‌ലിം ഇടപാടുകാര്‍ ബാങ്കുകളില്‍ നിന്ന്‌ വാങ്ങാതെ വിട്ടുകളയുന്ന പലിശത്തുക സംഘ്‌പരിവാര്‍ പോലുള്ള ചില ഇസ്‌ലാം വിരുദ്ധ സംഘടനകളുടെ ഫണ്ടിലേക്ക്‌ എത്താറുണ്ടെന്ന്‌ പലരും പറഞ്ഞുകേട്ടിട്ടുണ്ട്‌. മുസ്‌ലിമിന്‌ അതിനെ സംബന്ധിച്ച്‌ സൂക്ഷ്‌മമായി അറിയില്ല. അങ്ങനെയുണ്ടെങ്കില്‍ അതൊരു ഗുരുതരമായ പ്രശ്‌നമാണ്‌. ആ വഴിയിലൂടെ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ദോഷം വരുന്നത്‌ തടയേണ്ടതുമാണ്‌. അതിന്‌ ചില പണ്ഡിതന്മാര്‍ നിര്‍ദേശിക്കുന്ന മാര്‍ഗം ഇടപാടുകാരന്റെ കണക്കില്‍ വരുന്ന പലിശത്തുക ബാങ്കില്‍ നിന്ന്‌ വാങ്ങി ഹറാമല്ലാത്ത മാര്‍ഗത്തില്‍ വിനിയോഗിക്കുക എന്നതാണ്‌. ഇതനുസരിച്ച്‌ നിര്‍ബന്ധിത സാഹചര്യത്തില്‍ കടം വാങ്ങിയവന്‍ അടക്കേണ്ടി വരുന്ന പലിശയിലേക്ക്‌ ഈ പലിശത്തുക നല്‌കാവുന്നതാണ്‌. അന്യായമായി ചുമത്തപ്പെടുന്ന പിഴ അടയ്‌ക്കാനും ഈ തുക ഉപയോഗപ്പെടുത്താം. റോഡ്‌, പാലം, ബസ്സ്‌റ്‌റാന്‍ഡ്‌, പാര്‍ക്ക്‌ എന്നിവയുടെ നിര്‍മാണത്തിന്‌ ബാങ്കില്‍ നിന്ന്‌ കിട്ടുന്ന പലിശത്തുക ഉപയോഗപ്പെടുത്താമെന്ന്‌ ചില ആധുനിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഇത്തരം അഭിപ്രായങ്ങള്‍ വ്യക്തിപരമായ നിഗമനങ്ങള്‍ എന്ന നിലയിലേ പരിഗണിക്കേണ്ടതുള്ളൂ.

Followers -NetworkedBlogs-

Followers