ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label മുഹമ്മദ് നബി(സ). Show all posts
Showing posts with label മുഹമ്മദ് നബി(സ). Show all posts

മുഹമ്മദ്‌നബി(സ) പ്രവാചകനാണെന്ന്‌ പരാമര്‍ശിച്ചതെവിടെ?

മൂസാനബി(അ)ക്ക്‌ തൗറാത്ത്‌ നല്‌കിയപ്പോള്‍, ഞാന്‍ നിന്നെ പ്രവാചകനായി തെരഞ്ഞെടുത്തിരിക്കുന്നു എന്നും നിങ്ങളിലേക്കയക്കപ്പെട്ട പ്രവാചകനാണ്‌ എന്നും പറയുന്നതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഈസാനബി(അ)യും തന്റെ ജനതയോട്‌ ഇപ്രകാരം പറയുന്നതായി ഖുര്‍ആനിലുണ്ട്‌. എന്നാല്‍ വിശുദ്ധഖുര്‍ആനിന്റെ അവതരണ ക്രമം പരിശോധിക്കുകയാണെങ്കില്‍ പ്രവാചകരേ, താങ്കളെ ഞാന്‍ പ്രവാചനകായി നിയോഗിച്ചിരിക്കുന്നു എന്ന്‌ ഖുര്‍ആനില്‍ എവിടെയാണ്‌ പരാമര്‍ശിച്ചിട്ടുള്ളത്‌ വ്യക്തമാക്കാമോ?

എം അലി അല്‍കോബാര്‍

``പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതന്‍.) അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍. നിങ്ങള്‍ക്ക്‌ നേര്‍മാര്‍ഗം പ്രാപിക്കാം'' (വി.ഖു. 7:158). മുഹമ്മദ്‌(സ) റസൂലും(ദൈവദൂതന്‍) നബി(പ്രവാചകന്‍)യും ആണെന്നും അദ്ദേഹത്തിന്റെ നിയോഗം മാനവരിലേക്ക്‌ മൊത്തമായിട്ടാണെന്നും ഈ ഖുര്‍ആന്‍ സൂക്തം സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കുന്നു.

``നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനും അല്ലാഹുവിന്റെ ഉത്തരവനുസരിച്ച്‌ അവങ്കലേക്ക്‌ ക്ഷണിക്കുന്നവനും പ്രകാശംനല്‌കുന്ന ഒരു വിളക്കും ആയിക്കൊണ്ട്‌ നിയോഗിച്ചിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക്‌ അല്ലാഹുവിങ്കല്‍നിന്ന്‌ വലിയ ഔദാര്യം ലഭിക്കാനുണ്ട്‌ എന്ന്‌ അവരെ നീ സന്തോഷവാര്‍ത്ത അറിയിക്കുക.'' (വി.ഖു. 33:45-47)

``നിന്നെ, നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത്‌ നല്‌കുന്നവനും ആയിക്കൊണ്ട്‌ തന്നെയാണ്‌ അയച്ചിട്ടുള്ളത്‌. പക്ഷേ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല'' (വി.ഖു. 34:28). ഈ സൂക്തങ്ങളിലൂടെയും അല്ലാഹു അദ്ദേഹത്തെ മാനവരാശിക്ക്‌ ആകമാനം ദൂതനും മാര്‍ഗദര്‍ശിയുമായി നിയോഗിച്ചിരിക്കുകയാണെന്ന്‌ വ്യക്തമാക്കുന്നു.

നബി(സ)യോടുള്ള അഭിസംബോധനകള്‍ സത്യവിശ്വാസികള്‍ക്ക്‌ ബാധകമോ?


വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു മുഹമ്മദ്‌ നബി(സ)യെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുന്നുണ്ടല്ലോ. ഇത്തരം അഭിസംബോധനകള്‍ കേവലം നബിയോട്‌ മാത്രമുള്ളതല്ലേ? ഇത്‌ സത്യവിശ്വാസികള്‍ക്ക്‌ ബാധകമാവുന്നതെങ്ങനെ? സത്യവിശ്വാസികളോടുള്ള സംബോധനകള്‍ വേറെ കാണുന്നുണ്ടല്ലോ?

കെ പി ജംഷീദ്‌ അരീക്കോട്‌

എല്ലാ നന്മകളിലേക്കും പ്രബോധിതര്‍ക്ക്‌ വഴികാണിക്കേണ്ട വ്യക്തിയാണല്ലോ പ്രവാചകന്‍. അതിനാല്‍ സമൂഹത്തോട്‌ എന്തൊക്കെ ആജ്ഞാപിക്കണമെന്ന്‌ അദ്ദേഹത്തെ അഭിസംബോധനം ചെയ്‌തുകൊണ്ട്‌ അല്ലാഹു പറയുക സ്വാഭാവികമാകുന്നു. നബി(സ)യുടെ നേതൃത്വത്തില്‍ സമൂഹം നിര്‍വഹിക്കേണ്ട ബാധ്യതകളെ സംബന്ധിച്ച്‌ അദ്ദേഹത്തോട്‌ ആജ്ഞാപിക്കുന്നതും അതുപോലെതന്നെ. നബിയേ എന്ന്‌ വിളിച്ചുകൊണ്ട്‌, സത്യനിഷേധികളോടും കപടന്മാരോടും ജിഹാദ്‌ ചെയ്യണമെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 9:73, 66:9 എന്നീ സൂക്തങ്ങളില്‍ അല്ലാഹു കല്‌പിച്ചിട്ടുണ്ട്‌. എന്നാല്‍ നബി(സ) തനിച്ചല്ല സത്യവിശ്വാസികള്‍ ഒന്നിച്ചാണ്‌ ജിഹാദ്‌ നിര്‍വഹിക്കേണ്ടതെന്ന്‌ മറ്റു അനേകം സൂക്തങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നു. ഒരു ഖുര്‍ആന്‍ സൂക്തം ആരംഭിക്കുന്നത്‌ യാ അയ്യുഹന്നബിയ്യു എന്നായതുകൊണ്ട്‌ അതിന്റെ ഉള്ളടക്കം നബിയല്ലാത്തവര്‍ക്ക്‌ ബാധകമല്ലെന്ന്‌ കരുതുന്നത്‌ തെറ്റാണെന്നത്രെ ഇതില്‍ നിന്ന്‌ തെളിയുന്നത്‌. 65:1 സൂക്തത്തില്‍ നബിയേ എന്ന്‌ വിളിച്ച ശേഷം ത്വലാഖ്‌ സംബന്ധിച്ച്‌ സമൂഹത്തിന്നാകെ ബാധകമായിട്ടുള്ള കല്‍പനകളാണ്‌ നല്‍കിയിട്ടുള്ളത്‌. നബി(സ)യെ അഭിസംബോധനം ചെയ്‌തുകൊണ്ട്‌ പത്‌നിമാരുടെ കാര്യത്തില്‍ അല്ലാഹു നല്‍കിയിട്ടുള്ള കല്‌പനകള്‍ അദ്ദേഹം മാത്രമാണ്‌ പ്രാവര്‍ത്തികമാക്കേണ്ടത്‌. എന്നാല്‍, അതില്‍ നിന്ന്‌ സത്യവിശ്വാസികള്‍ക്ക്‌ പല കാര്യങ്ങളും ഗ്രഹിക്കാനുണ്ട്‌.

മദ്‌ഹുര്‍റസൂല്‍ പുണ്യകരമല്ലേ?



ഇപ്പോള്‍ ചില സ്ഥലങ്ങളില്‍ മദ്‌ഹുര്‍റസൂല്‍ പ്രഭാഷണങ്ങള്‍ നടന്നുവരുന്നു. ഇത്‌ അനാചാരമാണോ? അതല്ല പുണ്യകര്‍മ്മമോ?
പി എം നദീർ ‍-പാലക്കാട്‌

നബി(സ)യെ സംബന്ധിച്ച്‌ വിശുദ്ധഖുര്‍ആനിലും പ്രബലമായ ഹദീസുകളിലുമുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക്‌ പറഞ്ഞുകൊടുത്തുകൊണ്ട്‌ ആ മഹാവ്യക്തിത്വത്തെ പരിചയപ്പെടുത്തുന്നത്‌ പുണ്യകരമായ കാര്യമാണെന്നതില്‍ സംശയത്തിനവകാശമില്ല. എന്നാല്‍ ഇത്‌ നബി(സ) ജനിച്ച മാസത്തില്‍ മാത്രം ചെയ്യേണ്ട കാര്യമല്ല. മറ്റു ഏത്‌ ഇസ്‌ലാമിക വിഷയത്തെ സംബന്ധിച്ചും പ്രഭാഷണം നടത്തുന്നതുപോലെ ഏത്‌ സമയത്തും പ്രസക്തിയുള്ള കാര്യമാകുന്നു. പ്രവാചക വ്യക്തിത്വത്തെ ജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്താന്‍ അദ്ദേഹം ജനിച്ച മാസം പ്രത്യേകമായി തെരഞ്ഞെടുക്കുന്നതിന്‌ ഇസ്‌ലാമിക പ്രമാണങ്ങളുടെയൊന്നും പിന്‍ബലമില്ല.

നബി(സ)യെ പുകഴ്‌ത്തുക എന്ന പേരില്‍ ആധികാരികതയില്ലാത്ത കഥകള്‍ ഉദ്ധരിക്കുന്നത്‌ പുണ്യകരമാവില്ല. പ്രാമാണികമായ തെളിവിന്റെ പിന്‍ബലമില്ലാത്ത കഥകള്‍ കളവായിരിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുണ്ട്‌. നബി(സ)യുടെ പേരില്‍ കളവ്‌ പറയുന്നവന്‍ നരകാവകാശിയായിത്തീരുമെന്ന്‌ വളരെ പ്രബലമായ ഹദീസില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ``മര്‍യമിന്റെ മകനെ (ഈസാ നബി(അ)യെ) ക്രിസ്‌ത്യാനികള്‍ അമിതമായി വാഴ്‌ത്തിയതുപോലെ നിങ്ങള്‍ എന്നെ അമിതമായി വാഴ്‌ത്തരുത്‌. ഞാന്‍ ഒരു ദാസന്‍ മാത്രമാകുന്നു. അതിനാല്‍ (എന്നെപ്പറ്റി) അല്ലാഹുവിന്റെ ദാസനും ദൂതനും എന്ന്‌ നിങ്ങള്‍ പറഞ്ഞുകൊള്ളുക'' എന്ന്‌ നബി(സ) പറഞ്ഞതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ആധികാരികതയില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ്‌ നബി(സ)യെ പുകഴ്‌ത്തുന്നത്‌ ഈ ഹദീസ്‌ പ്രകാരം നിഷിദ്ധമായിത്തീരാന്‍ ഏറെ സാധ്യതയുണ്ട്‌.

മുഹമ്മദ്‌ നബി(സ) വ്യായാമത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ?


മനുഷ്യജീവിതത്തിലുണ്ടാവുന്ന സകല കാര്യങ്ങളും പ്രവാചക ജീവിതത്തില്‍ കാണാനാവുമെന്ന്‌ നാം പറയാറുണ്ട്‌. എന്നാല്‍ മുഹമ്മദ്‌ നബി(സ) ഏതെങ്കിലും തരത്തില്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ടതായി കാണാന്‍ കഴിയുമോ?
ഫൈസല്‍  കോണോട്ട

മനുഷ്യജീവിതത്തില്‍ ഉണ്ടാകുന്ന സകല കാര്യങ്ങളും പ്രവാചക ജീവിതത്തില്‍ ഉണ്ടാകുമെന്ന്‌ അല്ലാഹുവോ മുഹമ്മദ്‌ നബി(സ)യോ പറഞ്ഞിട്ടില്ല. തെളിവില്ലാത്ത പ്രസ്‌താവനകള്‍ പ്രവാചകനെ സംബന്ധിച്ച്‌ നടത്താതിരിക്കുകയാണ്‌ യഥാര്‍ഥ വിശ്വാസികള്‍ ചെയ്യേണ്ടത്‌. മുഹമ്മദ്‌ നബി(സ)ക്ക്‌ പ്രമേഹമോ ഹൃദ്രോഗമോ കാന്‍സറോ മസ്‌തിഷ്‌കാഘാതമോ ഉണ്ടായതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. തേങ്ങയും മാങ്ങയും ചക്കയും അദ്ദേഹം തിന്നതായി അറിയപ്പെട്ടിട്ടില്ല.

നബി(സ) ധാരാളം നടക്കുകയും ചെറിയ മലകള്‍ കയറിയിറങ്ങുകയും ഭാര്യയുമായി ഓട്ടമത്സരം നടത്തുകയും ചെയ്‌തതായി പ്രബലമായ ഹദീസുകളില്‍ കാണാം. എന്നാല്‍ യോഗ പോലെയുള്ള വ്യായാമമുറകളിലോ കായികാഭ്യാസങ്ങളിലോ അദ്ദേഹം ഏര്‍പ്പെട്ടതായി പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. മനുഷ്യനെ അല്ലാഹു സൃഷ്‌ടിച്ചതു തന്നെ അധ്വാനിക്കേണ്ട അവസ്ഥയിലാണെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 90:4 സൂക്തത്തില്‍ കാണാം. അധ്വാനമില്ലാത്ത അലസതാ വിലസിതമായ ജീവിതം നബി(സ) ഒരിക്കലും നയിച്ചിട്ടില്ല.

ഇത്‌ നബി(സ)യുടെ സ്വാര്‍ഥതയല്ലേ?

``അല്ലാഹുവാണ്‌ സത്യം. നിങ്ങളിലൊരാളും വിശ്വാസിയായിത്തീരുകയില്ല; തന്റെ മക്കള്‍, മാതാപിതാക്കള്‍, മറ്റു മനുഷ്യര്‍ തുടങ്ങി എല്ലാവരെക്കാളും നിങ്ങള്‍ക്ക്‌ ഇഷ്‌ടപ്പെട്ടവന്‍ ഞാന്‍ ആകുന്നതുവരെ''(ബുഖാരി). ഹദീസില്‍ പറയുന്ന ഈ ചിന്താഗതി നബി(സ)യുടെ സ്വാര്‍ഥതയല്ലേ വെളിപ്പെടുത്തുന്നത്‌?
അമീന്‍ ചേന്നര തിരൂര്‍

അനുയായികളില്‍ നിന്ന്‌ ലൗകികമായ നേട്ടങ്ങളെന്തെങ്കിലും നബി(സ) കാംക്ഷിച്ചിരുന്നെങ്കിലേ അദ്ദേഹത്തെപ്പറ്റി എന്തെങ്കിലും ആക്ഷേപം പറയുന്നതില്‍ അര്‍ഥമുള്ളൂ. തന്നോടുള്ള നിഷ്‌കളങ്ക സ്‌നേഹത്തിന്റെ പേരില്‍ അനുചരന്മാര്‍ ആദര്‍ശദൃഢതയും ധര്‍മനിഷ്‌ഠയുമുള്ള ജീവിതം നയിക്കണമെന്ന്‌ മാത്രമേ അദ്ദേഹം ആവശ്യപ്പെട്ടുള്ളൂ. അദ്ദേഹം ആവശ്യപ്പെട്ട മറ്റൊരു കാര്യം അദ്ദേഹത്തിനു വേണ്ടി അല്ലാഹുവോട്‌ പ്രാര്‍ഥിക്കുന്ന സ്വലാത്ത്‌ ചൊല്ലണമെന്നാണ്‌. ഇതും അദ്ദേഹത്തിന്‌ ഭൗതിക നേട്ടമുണ്ടാക്കുന്ന കാര്യമല്ല. ഒരു രാഷ്‌ട്രത്തിന്റെ സാരഥിയായിട്ടും അദ്ദേഹത്തിന്റെ ജീവിതം ദാരിദ്ര്യമുക്തമായിരുന്നില്ല. ഇഹലോകവാസം വെടിയുമ്പോള്‍ അദ്ദേഹത്തിന്റെ പടയങ്കി ഒരു യഹൂദന്റെ പക്കല്‍ പണയം വെച്ച നിലയിലായിരുന്നു.

ഒരു സത്യവിശ്വാസിയെ സംബന്ധിച്ചേടത്തോളം അതിപ്രധാനമായ കാര്യം അല്ലാഹുവിന്‌ ഇഷ്‌ടപ്പെട്ട രീതിയില്‍ ജീവിതം നയിച്ചുകൊണ്ട്‌ ശാശ്വതമായ സ്വര്‍ഗീയ സൗഭാഗ്യത്തിന്‌ അവകാശിയായിത്തീരുക എന്നതാണ്‌. അതിനു വേണ്ട ഏറ്റവും ശരിയായ മാര്‍ഗദര്‍ശനം നല്‌കാന്‍ അല്ലാഹു നിയോഗിച്ച അന്ത്യ പ്രവാചകനായ മുഹമ്മദ്‌ നബി(സ)യെ മറ്റെല്ലാ മനുഷ്യരെക്കാളും ഉപരിയായി സ്‌നേഹിക്കണം എന്ന്‌ പറയുന്നത്‌ ആദര്‍ശത്തിന്റെ മൂല്യമറിയുന്നവര്‍ക്ക്‌ തികച്ചും ന്യായമെന്ന്‌ ബോധ്യമാകും.

Followers -NetworkedBlogs-

Followers