ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

നോമ്പിന്റെ നിയ്യത്ത്‌ എങ്ങനെ?

നോമ്പിന്‌ നിയ്യത്ത്‌ നിര്‍ബന്ധമല്ലേ? നബി(സ) പഠിപ്പിച്ച നിയ്യത്തിന്റെ രൂപം എങ്ങനെയാണ്‌? സുന്നി പള്ളികളില്‍ തറാവീഹിന്‌ ശേഷം ‘നവയ്‌തു സൗമ ഗദിന്‍....’ എന്നിങ്ങനെ ആളുകള്‍ക്ക്‌ നിയ്യത്ത്‌ ചൊല്ലിക്കൊടുക്കാറുണ്ട്‌. നബി(സ) ഇങ്ങനെ ചൊല്ലിക്കൊടുത്തിട്ടുണ്ടോ?


പി കെ മുഹമ്മദ്‌ നാദിര്‍, കണ്ണൂര്‍ .

എല്ലാ കര്‍മങ്ങളും അല്ലാഹു പരിഗണിക്കുന്നത്‌ നിയ്യത്തുകളനുസരിച്ചാണ്‌ അഥവാ ചെയ്യുന്ന ആളുകളുടെ ഉദ്ദേശമനുസരിച്ചാണ്‌ എന്ന്‌ വ്യക്തമാക്കുന്ന നബിവചനം തന്നെയാണ്‌ നോമ്പിന്റെ നിയ്യത്തിനുമുള്ള പ്രധാന തെളിവ്‌. ഇതിനുപുറമെ അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: “വല്ലവനും റമദ്വാനില്‍ നോമ്പനുഷ്‌ഠിക്കുന്നത്‌ (അല്ലാഹുവിലുള്ള) വിശ്വാസത്തോടെയും അവന്റെ പ്രതിഫലം മാത്രം കാംക്ഷിച്ചുമാണെങ്കില്‍ അവന്‍ മുമ്പ്‌ ചെയ്‌തുപോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്‌‌.” അല്ലാഹുവിന്റെ മാത്രം പ്രതിഫലം കാംക്ഷിച്ചുകൊണ്ട്‌ നോമ്പനുഷ്‌ഠിക്കുക എന്നത്‌ നിയ്യത്തിന്റെ ഒരു വശമാകുന്നു.

പ്രവാചകപത്‌നി ഹഫ്‌സ(റ)യില്‍ നിന്ന്‌ അബൂദാവൂദും തിര്‍മിദിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു നബിവചനം ഇപ്രകാരമാകുന്നു. “നോമ്പനുഷ്‌ഠിക്കണമെന്ന്‌ ഫജ്‌റിന്‌ (പുലരിക്ക്‌) മുമ്പായി രാത്രിയില്‍ തന്നെ തീരുമാനിക്കാത്തവന്റെ നോമ്പ്‌ സാധുവല്ല.” ഒരു ദിവസം നോമ്പെടുക്കണമെന്ന്‌ അന്നത്തെ സ്വുബ്‌ഹിന്‌ മുമ്പുതന്നെ തീരുമാനിക്കുക എന്നത്‌ നിയ്യത്തിന്റെ ഒരു വശമാണെന്ന്‌ ഈ ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാം. എന്നാല്‍ സുന്നത്ത്‌ നോമ്പുകള്‍ക്ക്‌ രാവിലെ തീരുമാനിച്ചാല്‍ മതിയെന്ന്‌ മറ്റു ചില ഹദീസുകളില്‍ നിന്ന്‌ ഗ്രഹിക്കാം.
നിയ്യത്ത്‌ മനസ്സിലാണ്‌ ഉണ്ടാകേണ്ടത്‌. അത്‌ നാവ്‌കൊണ്ട്‌ ഉച്ചരിക്കണമെന്നതിനോ, തറാവീഹിന്‌ ശേഷം ഇമാം ചൊല്ലിക്കൊടുത്ത്‌ മഅ്‌മൂമുകള്‍ ഏറ്റുചൊല്ലുന്നതിനോ പ്രാമാണികമായ തെളിവൊന്നുമില്ല. നബി(സ) സ്വഹാബികള്‍ക്ക്‌ രാത്രിയില്‍ നോമ്പിന്റെ നിയ്യത്ത്‌ ചൊല്ലിക്കൊടുത്തതായി പ്രബലമായ ഹദീസിലൊന്നും കാണുന്നില്ല.

ഓര്‍മയില്ലാതെ തിന്നാല്‍?


നോമ്പാണെന്ന ഓര്‍മയില്ലാതെ റമദ്വാനിന്റെ പകലില്‍ വല്ലതും തിന്നാനോ കുടിക്കാനോ ഇടയായാല്‍ എന്തു ചെയ്യണം? നോമ്പ്‌ മുറിയുമോ? പകരം നോമ്പ്‌ വേണമോ? പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ടോ?

നാസിയ, കൊച്ചി .

നബി(സ) ഇപ്രകാരം പറഞ്ഞതായി അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നു. “മറവി നിമിത്തം വല്ലവനും തിന്നാനോ കുടിക്കാനോ ഇടയായാല്‍ അവന്‍ തന്റെ നോമ്പ്‌ പൂര്‍ത്തിയാക്കിക്കൊള്ളട്ടെ. അല്ലാഹു അവന്‌ തിന്നാനും കുടിക്കാനും കൊടുത്തു എന്ന്‌ മാത്രമേയുള്ളൂ” ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ അയാളുടെ നോമ്പ്‌ മുറിയുകയില്ലെന്നും, ആ നോമ്പ്‌ നോറ്റുവീട്ടേണ്ടതില്ലെന്നുമാണ്‌ മുസ്‌ലിം പണ്ഡിതന്മാരില്‍ ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്‌. മറവി നിമിത്തം, ചെയ്യാനിടയാകുന്ന തെറ്റിന്‌ സത്യവിശ്വാസികള്‍ കുറ്റക്കാരാവുകയില്ലെന്ന്‌ വ്യക്തമാക്കുന്ന ഹദീസും ഈ അഭിപ്രായത്തിന്‌ പിന്‍ബലമേകുന്നു. എന്നാലും വിശുദ്ധ ഖുര്‍ആനിലെ 2:286 സൂക്തത്തില്‍ അല്ലാഹു പഠിപ്പിക്കുന്നതുപോലെ, മറവിയുടെയും അബദ്ധത്തിന്റെയും പേരില്‍ ശിക്ഷിക്കാതിരിക്കാന്‍ അല്ലാഹുവോട്‌ പ്രാര്‍ഥിക്കുന്നതിന്‌ പ്രസക്തിയുണ്ട്‌.

നോമ്പ്‌ നിര്‍ബന്ധമല്ലാത്തവര്‍ ആരെല്ലാം?



റമദ്വാനില്‍ നോമ്പ്‌ നിര്‍ബന്ധമല്ലാത്തവരും ഉപേക്ഷിക്കേണ്ടവരും ആരൊക്കെയാണ്‌? പിന്നീട്‌ നോമ്പ്‌ നോറ്റുവീട്ടേണ്ടത്‌ ആരെല്ലാമാണ്‌? നോറ്റുവീട്ടാതെ പ്രായശ്ചിത്തം ചെയ്യേണ്ടവര്‍ ആരെല്ലാം?

കെ കെ ഫിറോസ്‌ കൊച്ചി .

രോഗികള്‍ക്കും യാത്രക്കാര്‍ക്കും നോമ്പ്‌ ഉപേക്ഷിക്കാന്‍ അനുവാദമുണ്ട്‌. കടുത്തരോഗവും ഏറെ ക്ഷീണമുണ്ടാക്കുന്ന യാത്രയുമാണെങ്കില്‍ ശരീരത്തിന്‌ അപകടമുണ്ടാക്കും വിധം നോമ്പെടുക്കുന്നത്‌ കുറ്റകരമാകുന്നു. രോഗികള്‍ സുഖം പ്രാപിച്ച ശേഷവും യാത്രക്കാര്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷവും വിട്ടുപോയ നോമ്പുകള്‍ നോറ്റുവീട്ടേണ്ടതുണ്ട്‌. രോഗം സുഖമാകുമെന്ന പ്രതീക്ഷയില്ലാത്ത രോഗികള്‍ ഓരോ നോമ്പിനും പകരം ഓരോ അഗതിക്ക്‌ ആഹാരം നല്‌കി പ്രായശ്ചിത്തം ചെയ്യുകയാണ്‌ വേണ്ടത്‌.

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്‌ത്രീകള്‍ക്കും നോമ്പ്‌ ഉപേക്ഷിക്കാവുന്നതാണ്‌. അവര്‍ നോറ്റുവീട്ടേണ്ടതില്ല; പ്രായശ്ചിത്തം ചെയ്‌താല്‍ മതി എന്ന്‌ ഇബ്‌നുഉമര്‍, സഈദുബ്‌നു ജുബൈര്‍ എന്നീ സ്വഹാബികള്‍ പറഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. അവര്‍ നോറ്റുവീട്ടുകയും പ്രായശ്ചിത്തം ചെയ്യുകയും വേണമെന്നാണ്‌ ഇമാം ശാഫിഈ, അഹ്‌മദ്‌(റ) എന്നിവരുടെ അഭിപ്രായം. പ്രായശ്ചിത്തം വേണ്ട; നോറ്റുവീട്ടിയാല്‍ മതി എന്നാണ്‌ ഹനഫികളുടെ വീക്ഷണം; വാര്‍ധക്യസഹജമായ അവശതകളുള്ളവര്‍ നോമ്പുപേക്ഷിച്ച്‌ പ്രായശ്ചിത്തം ചെയ്യുകയാണ്‌ വേണ്ടത്‌.

ആര്‍ത്തവവും പ്രസവാനന്തര രക്തസ്രാവവുമുള്ള സ്‌ത്രീകള്‍ക്ക്‌ നോമ്പനുഷ്‌ഠിക്കാന്‍ പാടില്ല. അവര്‍ അതിന്നുപകരം ശുദ്ധിയുള്ള അവസരത്തില്‍ നോമ്പനുഷ്‌ഠിക്കുകയാണ്‌ വേണ്ടത്‌. പകല്‍സമയത്ത്‌ കഠിനമായ ശാരീരികാധ്വാനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്കും നോമ്പ്‌ ഉപേക്ഷിക്കാവുന്നതാണെന്ന്‌ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ആ ജോലി വേണ്ടെന്ന്‌ വെച്ചാല്‍ മറ്റൊരു ഉപജീവനമാര്‍ഗവും കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക്‌ മാത്രമേ നിര്‍ബന്ധിതാവസ്ഥയുടെ ആനുകൂല്യത്തിന്‌ അര്‍ഹതയുണ്ടാവുകയുള്ളൂ.

അത്താഴവും നോമ്പുതുറയും



നോമ്പുകാരന്റെ രാത്രിയിലെ ഭക്ഷണം സംബന്ധിച്ച നബിചര്യ എപ്രകാരമാണ്‌? നോമ്പ്‌ തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും ഏറ്റവും ചുരുങ്ങിയ ഭക്ഷണം മാത്രം കഴിക്കുന്നതാണോ പുണ്യകരം? അത്താഴത്തിന്റെ ശരിയായ സമയം എപ്പോഴാണ്‌?

പി പി ആശിഖ്‌, എറണാകുളം .

സുബ്‌ഹിന്റെ അല്‌പം മുമ്പ്‌ അത്താഴം കഴിക്കുകയും സൂര്യന്‍ അസ്‌തമിച്ചാല്‍ ഉടനെ നോമ്പുതുറക്കുകയുമാണ്‌ നബിചര്യ. അതിന്നിടയില്‍ (രാത്രിയില്‍) എപ്പോഴൊക്കെ ഭക്ഷണം കഴിക്കണമെന്ന കാര്യത്തില്‍ പ്രത്യേകിച്ച്‌ നിര്‍ദേശമൊന്നുമില്ല. അത്താഴം കഴിക്കാന്‍ നബി(സ) പ്രേരിപ്പിച്ചിട്ടുണ്ട്‌. അത്‌ അനുഗൃഹീതമായ ഭക്ഷണമാണെന്ന്‌ പഠിപ്പിച്ചിട്ടുമുണ്ട്‌. നബി(സ)യുടെ അത്താഴത്തിനും സുബ്‌ഹ്‌ നമസ്‌കാരത്തിനും ഇടയില്‍ അമ്പത്‌ ആയത്ത്‌ ഓതാനുള്ള സമയമേ ഉണ്ടായിരുന്നുള്ളൂവെന്ന്‌ സൈദുബ്‌നുസാബിതി(റ)ല്‍ നിന്ന്‌ ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അത്താഴമോ നോമ്പുതുറക്കുന്ന ഭക്ഷണമോ തീരെ ചുരുങ്ങിയതായിരിക്കണമെന്ന്‌ നബി(സ) നിര്‍ദേശിച്ചിട്ടില്ല. അത്താഴം ആവശ്യത്തിന്‌ കഴിച്ചുകൊള്ളാന്‍ അവിടുന്ന്‌ നിര്‍ദേശിച്ചതായിത്തന്നെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. സമയമായാല്‍ ഒട്ടും വൈകാതെ നോമ്പുതുറക്കുന്നതാണ്‌ ഏറ്റവും ഉത്തമമെന്ന്‌ വ്യക്തമാക്കുന്ന ഒന്നിലേറെ ഹദീസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. നോമ്പ്‌ അവസാനിപ്പിക്കുന്നത്‌ ഈന്തപ്പഴമോ വെള്ളമോ കഴിച്ചുകൊണ്ടായിരിക്കലാണ്‌ ഉത്തമമെന്ന്‌ റസൂല്‍(സ) പഠിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ അതിനുശേഷം എന്തൊക്കെ ഭക്ഷണങ്ങള്‍ എത്രത്തോളം കഴിക്കണമെന്ന്‌ അവിടുന്ന്‌ നിഷ്‌കര്‍ഷിച്ചിട്ടില്ല. അമിതഭോജനം വിശുദ്ധ ഖുര്‍ആനില്‍ വിലക്കിയിട്ടുണ്ട്‌.

ആദ്യം കഴിക്കേണ്ടത്‌ കാരയ്‌ക്കയോ വെള്ളമോ?


നോമ്പു തുറക്കുമ്പോള്‍ വെള്ളമാണോ കാരയ്‌ക്കയാണോ കൂടുതല്‍ പുണ്യകരം?


പി അന്‍വര്‍ സാദത്ത്‌, വയനാട്‌ .

സുലൈമാനുബ്‌നു ആമിര്‍(റ) പറയുന്നു: നബി(സ) പറഞ്ഞു: “നിങ്ങളോരോരുത്തരും നോമ്പ്‌ തുറക്കുന്നത്‌ ഈത്തപ്പഴം കൊണ്ടായിരിക്കണം. അത്‌ കിട്ടാനില്ലെങ്കില്‍ വെള്ളംകൊണ്ട്‌ നോമ്പ്‌ തുറക്കാം. അത്‌ ശുദ്ധീകരണക്ഷമമത്രെ” (അബൂദാവൂദ്‌, തിര്‍മിദി, നസാഈ, ഇബ്‌നുമാജ, അഹ്മദ്‌). നോമ്പ്‌ തുറക്കുമ്പോള്‍ ഏറ്റവുമാദ്യമായി ഈത്തപ്പഴം കഴിക്കുന്നതാണ്‌ ഏറ്റവും ശ്രേഷ്‌ഠമെന്നത്രെ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. ഈ ഹദീസില്‍ തംറ്‌ എന്ന അറബി പദമാണ്‌ പ്രയോഗിച്ചിട്ടുള്ളത്‌. ഇതിന്‌ പലരും കാരയ്‌ക്ക എന്നാണ്‌ അര്‍ഥം പറയാറുള്ളതെങ്കിലും ഉണക്കി ജലാംശം തീര്‍ത്തും വറ്റിച്ചതിന്‌ മാത്രമല്ല ഈത്തപ്പഴം എന്ന പേരില്‍ വിപണനം ചെയ്യപ്പെടുന്ന പഴുത്തുപാകമായ പഴത്തിനും അറബികള്‍ തംറ്‌ എന്നുതന്നെയാണ്‌ പറയുന്നത്‌. നോമ്പ്‌ തുറക്കാന്‍ അതും ഉപയോഗിക്കാവുന്നതാണ്‌. കടിച്ചു ചവയ്‌ക്കാന്‍ പ്രയാസമുള്ള ഉറപ്പേറിയ കാരയ്‌ക്ക നോമ്പ്‌ തുറക്കാന്‍ കൂടുതല്‍ വിശേഷപ്പെട്ടതാണെന്നതിന്‌ പ്രത്യേക തെളിവൊന്നുമില്ല.

മണ്ണ്‌ മന്ത്രിച്ചിടല്‍



മയ്യിത്ത്‌ മറവ്‌ ചെയ്യുന്ന സന്ദര്‍ഭത്തില്‍ മണ്ണു വാരി അതില്‍ മന്ത്രിച്ചൂതിയ ശേഷം ഖബ്‌റിലേക്ക്‌ ഇടുന്ന ഒരു ആചാരം കാണാനിടയായി. ഖബ്‌റിലേക്ക്‌ വാരിയിടുന്ന മണ്ണില്‍ മന്ത്രിച്ച്‌ ഊതുന്നതിന്‌ നബിചര്യയില്‍ തെളിവുണ്ടോ?

വാരിസ്‌ തലശ്ശേരി .

ഇല്ല, ഖുര്‍ആനിലോ ഹദീസിലോ മണ്ണില്‍ മന്ത്രിച്ച്‌ ഊതാനുള്ള നിര്‍ദേശമില്ല. നബി(സ)യോ സ്വഹാബികളോ അപ്രകാരം ചെയ്‌തതായി വിശ്വസനീയമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. അടിസ്ഥാനമില്ലാത്ത ആചാരങ്ങള്‍ വര്‍ധിപ്പിക്കുന്നത്‌ പരേതനോട്‌ കൂടുതല്‍ സ്‌നേഹവും ബഹുമാനവും ഉണ്ടെന്നതിന്‌ തെളിവായി ഗണിക്കപ്പെടുമെന്നാണ്‌ ചിലര്‍ കരുതുന്നത്‌.

അഹ്‌മദിയാക്കളും മുസ്‌ലിംകളും





അഹ്മദിയ്യാക്കളില്‍ (ഖാദിയാനി) പെട്ടവര്‍ക്കു കുടുംബാംഗങ്ങളോ മറ്റുള്ളവരോ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിക്കുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്‌? മതനിയമങ്ങള്‍ക്കനുസൃതമായി നിര്‍വഹിക്കപ്പെടുന്ന വിവാഹം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളില്‍ മുസ്‌ലിംകള്‍ക്ക്‌ അവരോടുള്ള നിലപാട്‌ എന്തായിരിക്കണം?


റുദൈഫുസ്സലാം, വെണ്ണാലൂര്‍ .

മുഹമ്മദ്‌നബി(സ) അന്തിമ പ്രവാചകനാണെന്ന്‌ വിശുദ്ധ ഖുര്‍ആനിലും അദ്ദേഹത്തിന്‌ ശേഷം മറ്റൊരു പ്രവാചകനുമില്ലെന്ന്‌ പ്രാമാണികമായ ഹദീസുകളിലും വ്യക്തമാക്കിയിട്ടുള്ളതിന്‌ വിരുദ്ധമായി മീര്‍സാ ഗുലാം അഹ്മദ്‌ എന്നയാള്‍ പ്രവാചകനാണെന്ന്‌ വിശ്വസിക്കുന്നവരാണ്‌ ഖാദിയാനികള്‍. ഇക്കാരണത്താല്‍ അവരെ മുസ്‌ലിംകളായി ഗണിക്കാന്‍ പറ്റില്ലെന്നാണ്‌ മുസ്‌ലിംലോകത്തെ പ്രമുഖ പണ്ഡിതന്മാരെല്ലാം അഭിപ്രായപ്പെട്ടിട്ടുള്ളത്‌. അതിനാല്‍ അവരുടെ പേരില്‍ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിക്കാവുന്നതല്ല. ഒരു മുസ്‌ലിംസ്‌ത്രീയെ ഒരു ഖാദിയാനിക്ക്‌ നികാഹ്‌ ചെയ്‌തുകൊടുക്കാവുന്നതുമല്ല. ഇസ്‌ലാമിലെ അനന്തരാവകാശ നിയമവും മുസ്‌ലിംകള്‍ക്ക്‌ മാത്രം ബാധകമായിട്ടുള്ളതാണ്‌.

ഫസ്‌ഖ്‌ ചെയ്‌ത സ്‌ത്രീ ഇദ്ദ ആചരിക്കണമോ?



എട്ടു വര്‍ഷമായി ഭര്‍ത്താവ്‌ ബന്ധപ്പെടുകയോ ചെലവിന്‌ കൊടുക്കുകയോ ചെയ്യാത്തതിന്റെ പേരില്‍ ഒരു സ്‌ത്രീ വിവാഹം ഫസ്‌ഖ്‌ ചെയ്‌തിരിക്കുകയാണ്‌. അവള്‍ക്ക്‌ ഇപ്പോള്‍ ഒരു വിവാഹാലോചന വന്നിട്ടുണ്ട്‌. അതിന്‌ ഇദ്ദ കഴിയുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടോ? ഒരു സുന്നീപണ്ഡിതന്‍ പറഞ്ഞത്‌ ഇദ്ദ കഴിയാതെ വിവാഹം കഴിക്കാന്‍ പാടില്ലെന്നാണ്‌. അതിന്‌ ഖുര്‍ആനിന്റെയോ ഹദീസിന്റെയോ പിന്‍ബലമുണ്ടോ?


പി കെ മുഹമ്മദ്‌ സലീം, തിരൂര്‍ .

ഫസ്‌ഖിന്‌ ആധാരമായ തെളിവ്‌, തന്റെ പിതാവ്‌ തനിക്ക്‌ ഇഷ്‌ടമില്ലാത്ത ഒരാള്‍ക്ക്‌ തന്നെ വിവാഹം ചെയ്‌തു കൊടുത്തിരിക്കുകയാണെന്ന്‌ ഖന്‍സാഅ്‌ എന്ന സ്വഹാബി വനിത പരാതിപ്പെട്ടതിനെത്തുടര്‍ന്ന്‌ റസൂല്‍(സ) ആ വിവാഹം റദ്ദാക്കിയ സംഭവമാണ്‌. ഇത്‌ പ്രബലമായ ഹദീസിലുള്ളതാണ്‌. ഖന്‍സാഇനോട്‌ നബി(സ) ഇദ്ദ ആചരിക്കാന്‍ കല്‌പിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം ആ വനിതക്ക്‌ സ്വയം വിവാഹം റദ്ദാക്കാന്‍ നബി(സ) അനുവാദം നല്‌കുകയല്ല ഉണ്ടായത്‌ എന്നതാണ്‌. മുസ്‌ലിം സമൂഹത്തിന്റെ നേതാവ്‌ എന്ന നിലയില്‍ റസൂല്‍(സ) ആ വിവാഹം റദ്ദാക്കുകയാണുണ്ടായത്‌. നമ്മുടെ നാട്ടില്‍ ചില ആളുകള്‍ വിചാരിക്കുന്നതുപോലെ ഭാര്യക്ക്‌ സ്വന്തം നിലയില്‍ വിവാഹബന്ധം റദ്ദാക്കാവുന്നതല്ല. ഇന്നത്തെ സാഹചര്യത്തില്‍ ഖാദ്വിക്കും കോടതിക്കും മാത്രമാണ്‌ ഫസ്‌ഖ്‌ ചെയ്‌ത്‌ വിവാഹം റദ്ദാക്കാന്‍ അധികാരമുള്ളത്‌. ഇങ്ങനെ നിയമാനുസൃതം വിവാഹം റദ്ദാക്കിയാല്‍ ഭാര്യ ഇദ്ദ ആചരിക്കണം, അഥവാ പുനര്‍വിവാഹത്തിന്‌ മുമ്പ്‌ മൂന്ന്‌ മാസമുറക്കാലം കാത്തിരിക്കണം എന്നതിന്‌ ഖണ്ഡിതമായ തെളിവൊന്നുമില്ല. ഭര്‍ത്താവ്‌ മൊഴിചൊല്ലുകയോ ഭര്‍ത്താവ്‌ മരിക്കുകയോ ചെയ്‌താല്‍ ഭാര്യ ഇദ്ദ ആചരിക്കണമെന്നേ ഖുര്‍ആനിലും ഹദീസിലും പറഞ്ഞിട്ടുള്ളൂ.

ഇദ്ദ: കൊണ്ട്‌ പ്രധാനമായി രണ്ടു കാര്യങ്ങളാണ്‌ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. ബന്ധം പുന:സ്ഥാപിക്കപ്പെടാന്‍ സാധ്യതയുണ്ടോ എന്ന്‌ നോക്കുകയും വിവാഹമുക്തയായ ഭാര്യ മൊഴിചൊല്ലിയ ഭര്‍ത്താവിനാല്‍ ഗര്‍ഭിണിയായിട്ടില്ല എന്ന്‌ ഉറപ്പ്‌ വരുത്തുകയും. ദീര്‍ഘകാലം അകന്നുനിന്ന ശേഷം വിവാഹം ഫസ്‌ഖ്‌ ചെയ്യുന്ന സാഹചര്യത്തില്‍ ഈ രണ്ടു കാര്യങ്ങള്‍ക്കും പ്രസക്തിയില്ല. ഇദ്ദ: നിര്‍ബന്ധമാണെന്ന്‌ പറയുന്ന പണ്ഡിതന്മാര്‍ ഫസ്‌ഖും ത്വലാഖും സമാനമാണെന്ന്‌ വാദിച്ചുകൊണ്ടാണ്‌ രണ്ടിനും ഒരേ വിധി ബാധകമാക്കുന്നത്‌.

Followers -NetworkedBlogs-

Followers