ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

അറഫാദിനത്തിലെ ഫര്‍ദ്വ്‌ നോമ്പ്‌?

ഒരാള്‍ക്ക്‌ റമദാനില്‍ നോമ്പ്‌ നഷ്‌ടപ്പെട്ടു. അയാള്‍ ആ നോമ്പിനെ അറഫാദിനത്തിലെ സുന്നത്ത്‌ നോമ്പിന്റെ കൂടെ റമദാനില്‍ നഷ്‌ടപ്പെട്ട നോമ്പിന്റെ നിയ്യത്തും വെച്ച്‌ അനുഷ്‌ഠിച്ചാല്‍ അയാള്‍ക്ക്‌ ഫര്‍ദ്‌ നോമ്പ്‌ വീടുമോ?


കെ ടി എസ്‌ കുനിയില്‍റമദാനിലെ നോമ്പ്‌ നഷ്‌ടപ്പെട്ടത്‌ പെരുന്നാളല്ലാത്ത ഏത്‌ ദിവസത്തിലും -അറഫയും ആശൂറാഉം ഉള്‍പ്പെടെ- നോറ്റുവീട്ടാവുന്നതാണ്‌. എന്നാല്‍ റമദാന്‍ നോമ്പ്‌ അറഫാദിനത്തില്‍ നോറ്റുവീട്ടിയാല്‍ രണ്ടിന്റെയും കൂടെ പ്രതിഫലം ലഭിക്കുമെന്ന്‌ നബി(സ) പറഞ്ഞിട്ടില്ല.

ബാങ്ക്‌പലിശ എങ്ങനെ കൈകാര്യംചെയ്യണം?

വര്‍ത്തമാന കാലത്തെ ഓരോ മനുഷ്യരും ബാങ്കിനെ ആശ്രയിച്ചാണ്‌ ജീവിക്കുന്നത്‌, മുഅ്‌മിനുകളായവര്‍ പോലും. എന്നാല്‍ ബാങ്കില്‍ നിന്നും പലിശ എടുക്കാന്‍ ഇവര്‍ മുതിരാറില്ല. ഈ പണം പിന്നീട്‌ ഇസ്‌ലാമിന്‌ എതിരെ ഉപയോഗിക്കുന്നതായ ചില വാര്‍ത്തകള്‍ സമീപകാലത്ത്‌ ഉയര്‍ന്നുകേട്ടിരുന്നു. ആയതുകൊണ്ട്‌ തന്നെ പലിശ സാമൂഹ്യരംഗങ്ങളില്‍ ഉപയോഗിക്കുന്നതിന്‌ ഇസ്‌ലാമില്‍ വിലക്കുണ്ടോ? ഇല്ലെങ്കില്‍ ഏതെല്ലാം രീതിയിലുള്ള സാമൂഹ്യസേവനമാകാം?

ആദില്‍ എറവറാംകുന്ന്‌
ഇന്ന്‌ മനുഷ്യരെല്ലാം ബാങ്കിനെ ആശ്രയിച്ചു ജീവിക്കുന്നു എന്ന്‌ പറയുന്നത്‌ ശരിയല്ല. പലര്‍ക്കും ബാങ്ക്‌ അക്കൗണ്ട്‌ ആവശ്യമായി വരുന്നു എന്നതാണ്‌ യാഥാര്‍ഥ്യം. അങ്ങനെ ആവശ്യമാകുന്നവര്‍ക്ക്‌ ഒന്നുകില്‍ പലിശയില്ലാത്ത കറന്റ്‌ അക്കൗണ്ടുകള്‍ തുടങ്ങാം. അല്ലെങ്കില്‍ സേവിംഗ്‌സ്‌ ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങി പലിശയുടെ കണക്കില്‍ വരുന്ന തുക ഭുജിക്കാതെ/അനുഭവിക്കാതെ സൂക്ഷിക്കുകയും ചെയ്യാം. നബി(സ)യുടെ കാലത്ത്‌ ബാങ്കുകളോ പലിശയിടപാടുകള്‍ അത്യാവശ്യമാകുന്ന സാഹചര്യമോ ഉണ്ടായിരുന്നില്ല എന്നതുകൊണ്ട്‌ ഈ വിഷയകമായി നബിചര്യയില്‍ നിന്ന്‌ പ്രത്യേക തെളിവ്‌ ലഭ്യമല്ല.

പലിശ തിന്നുന്നവനെയും തീറ്റുന്നവനെയും അതിന്റെ കണക്കെഴുത്തുകാരെയും സാക്ഷികളെയും റസൂല്‍(സ) ശപിച്ചതായി വിശ്വസനീയമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ബാങ്ക്‌ പലിശ ഇതില്‍ നിന്ന്‌ ഒഴിവാണെന്ന്‌ ചിലര്‍ പറയാറുണ്ടെങ്കിലും അതിന്‌ സ്വീകാര്യമായ തെളിവൊന്നും മുസ്‌ലിം കണ്ടിട്ടില്ല. അതിനാല്‍ സമ്പാദ്യത്തിലും ഉപജീവന മാര്‍ഗത്തിലും ഹറാം കലരാതെ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പലിശത്തുക സ്വന്തമായി അനുഭവിക്കുകയോ മറ്റുള്ളവര്‍ക്ക്‌ അനുഭവിക്കാന്‍ കൊടുക്കുകയോ ചെയ്യാതിരിക്കുകയാണ്‌ വേണ്ടത്‌. പലിശ വേണ്ട എന്ന്‌ എഴുതിക്കൊടുത്താല്‍ ബാങ്കുകാര്‍ ഇടപാടുകാരന്റെ കണക്കില്‍ പലിശ ചേര്‍ക്കുകയില്ല എന്നുറപ്പാണ്‌. അങ്ങനെ ചെയ്‌താല്‍ മതിയെന്നും, ഉപേക്ഷിച്ച പലിശത്തുക ബാങ്കുകാര്‍ എന്തു ചെയ്യും എന്നത്‌ ഇടപാടുകാരനെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നുമാണ്‌ ചില പണ്ഡിതന്മാരുടെ അഭിപ്രായം.

ഒരു വിഷയത്തിന്റെ എല്ലാ വശങ്ങളും പരിഗണിച്ച്‌ പരമാവധി തിന്മ ഒഴിവാക്കുകയും നന്മ സ്വായത്തമാക്കുകയും ചെയ്യേണ്ടതാണ്‌ എന്നതിനാല്‍, ഇടപാടുകാര്‍ ഉപേക്ഷിച്ച പലിശത്തുക ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ദോഷകരമായി ഉപയോഗിക്കപ്പെടാനുള്ള സാധ്യതയും ഒഴിവാക്കേണ്ടതാണെന്ന്‌ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. മുസ്‌ലിം ഇടപാടുകാര്‍ ബാങ്കുകളില്‍ നിന്ന്‌ വാങ്ങാതെ വിട്ടുകളയുന്ന പലിശത്തുക സംഘ്‌പരിവാര്‍ പോലുള്ള ചില ഇസ്‌ലാം വിരുദ്ധ സംഘടനകളുടെ ഫണ്ടിലേക്ക്‌ എത്താറുണ്ടെന്ന്‌ പലരും പറഞ്ഞുകേട്ടിട്ടുണ്ട്‌. മുസ്‌ലിമിന്‌ അതിനെ സംബന്ധിച്ച്‌ സൂക്ഷ്‌മമായി അറിയില്ല. അങ്ങനെയുണ്ടെങ്കില്‍ അതൊരു ഗുരുതരമായ പ്രശ്‌നമാണ്‌. ആ വഴിയിലൂടെ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ദോഷം വരുന്നത്‌ തടയേണ്ടതുമാണ്‌. അതിന്‌ ചില പണ്ഡിതന്മാര്‍ നിര്‍ദേശിക്കുന്ന മാര്‍ഗം ഇടപാടുകാരന്റെ കണക്കില്‍ വരുന്ന പലിശത്തുക ബാങ്കില്‍ നിന്ന്‌ വാങ്ങി ഹറാമല്ലാത്ത മാര്‍ഗത്തില്‍ വിനിയോഗിക്കുക എന്നതാണ്‌. ഇതനുസരിച്ച്‌ നിര്‍ബന്ധിത സാഹചര്യത്തില്‍ കടം വാങ്ങിയവന്‍ അടക്കേണ്ടി വരുന്ന പലിശയിലേക്ക്‌ ഈ പലിശത്തുക നല്‌കാവുന്നതാണ്‌. അന്യായമായി ചുമത്തപ്പെടുന്ന പിഴ അടയ്‌ക്കാനും ഈ തുക ഉപയോഗപ്പെടുത്താം. റോഡ്‌, പാലം, ബസ്സ്‌റ്‌റാന്‍ഡ്‌, പാര്‍ക്ക്‌ എന്നിവയുടെ നിര്‍മാണത്തിന്‌ ബാങ്കില്‍ നിന്ന്‌ കിട്ടുന്ന പലിശത്തുക ഉപയോഗപ്പെടുത്താമെന്ന്‌ ചില ആധുനിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഇത്തരം അഭിപ്രായങ്ങള്‍ വ്യക്തിപരമായ നിഗമനങ്ങള്‍ എന്ന നിലയിലേ പരിഗണിക്കേണ്ടതുള്ളൂ.

മീശ ഡൈ ചെയ്‌താല്‍ വുദ്വൂഇനെ ബാധിക്കുമോ?


ഒരാളുടെ മീശ നരച്ചപ്പോള്‍ അദ്ദേഹം അത്‌ കറുപ്പിക്കാന്‍വേണ്ടി ഡൈവാഷ്‌ ചെയ്‌തു. എന്നാല്‍ വുദ്വൂഅ്‌ എടുക്കുമ്പോള്‍ അവിടെ വെള്ളം ചേരുമോ?

കെ ടി എസ്‌ കുനിയില്‍മൈലാഞ്ചി, കതമ്‌ (ഒരു ചെടിയില്‍ നിന്നുള്ള ചായം) എന്നിവ ഉപയോഗിച്ച്‌ നരച്ച മുടിക്ക്‌ ചായം നല്‍കുന്നത്‌ നബി(സ) പ്രോത്സാഹിപ്പിച്ചതായും കറുപ്പ്‌ ചായം പൂശുന്നത്‌ അവിടുന്ന്‌ നിരോധിച്ചതായും പ്രാമാണികമായ ഹദീസുകളില്‍ കാണുന്നുണ്ട്‌. പ്രായംകുറച്ച്‌ കാണിക്കുന്നതിലൂടെ വിവാഹാന്വേഷണ വേളയിലും മറ്റും കബളിപ്പിക്കല്‍ നടക്കാന്‍ സാധ്യതയുള്ളതായിരിക്കാം കറുപ്പിക്കാന്‍ പാടില്ലെന്ന്‌ നബി(സ) വിലക്കിയതിന്റെ കാരണമെന്ന്‌ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഡൈവാഷ്‌ ചെയ്‌ത സ്ഥലത്ത്‌ വെള്ളം ചേരുമോ ഇല്ലേ എന്നത്‌ ചായത്തിന്റെ ഘടനയെ ആശ്രയിച്ചിരിക്കും. മെഴുകുപോലുളള ഡൈ മുടിയിലും ചര്‍മത്തിലും വെള്ളം ചേരുന്നതിന്‌ തടസ്സമായിരിക്കും. ഹെയര്‍ ഡൈകളുടെ ഇനങ്ങളെ സംബന്ധിച്ച്‌ `മുസ്‌ലിമി'ന്‌ അറിയില്ല. വെള്ളം ചേരുന്നതിന്‌ തടസ്സമാകുന്ന തരത്തിലുള്ള ഡൈ വുദ്വൂവിന്റെ സാധുതയെ ബാധിക്കുമെന്നതില്‍ സംശയമില്ല.

ബിദ്‌അത്ത്‌ എന്നാല്‍ രാജാധിപത്യമോ?


“യഥാര്‍ഥത്തില്‍ ബിദ്‌അത്ത്‌ അടിസ്ഥാന കാര്യങ്ങളില്‍ സുന്നത്തിന്‌ വിരുദ്ധമായ നടപടികളുണ്ടാക്കലാണ്‌. അതില്‍ പ്രധാനം ഭരണമാണ്‌. നിങ്ങള്‍ ഉമൂറിലെ പുത്തന്‍ രീതികള്‍ സൂക്ഷിക്കുക എന്നാണു നബി(സ) പറഞ്ഞിരിക്കുന്നത്‌. (ഇയ്യാക്കും വ മുഹ്‌ദസാത്തുല്‍ ഉമൂര്‍). ഉമൂര്‍ എന്നു പറഞ്ഞാല്‍ പ്രധാനമായും ഭരണമാണ്‌. നബിയും ഖുലഫാഉ റാഷിദുകളും കാണിച്ച മാതൃകയില്‍ നിന്നും ഇസ്‌ലാമിക ഭരണം രാജാധിപത്യലേക്കു മാറിയതാണ്‌ ആദ്യത്തെ ബിദ്‌അത്ത്‌. അതാണ്‌ ഗുരുതരമായിട്ടുള്ളത്‌.” (പ്രബോധനം 6-12-2008 പേജ്‌ 41-42)
‘മന്‍ അഹ്‌ദസ ഫീ അംറിനാ ഹാദാ' എന്ന ഹദീസിന്‌ നാളിതുവരെ കേട്ടുവന്ന വ്യാഖ്യാനം മതകാര്യങ്ങളിലെ പുത്തന്‍ നിര്‍മിതികള്‍ എന്നാണ്‌. ശബാബ്‌ 2009 ജനുവരി 9 ലെ ഹദീസ്‌ പംക്തിയിലും ഈ വിശദീകരണം വായിക്കാന്‍ സാധിച്ചു. ഒരു സ്ഥലത്ത്‌ അംറിനാ എന്നും മറ്റൊരു സ്ഥലത്ത്‌ അതിന്റെ ബഹുവചനരൂപം ഉമൂര്‍ എന്നും പ്രയോഗിച്ചു എന്നല്ലാതെ ഉമൂര്‍ എന്നാല്‍ ഭരണമാണെന്നു ഹദീസ്‌ പണ്ഡിതന്മാര്‍ വ്യാഖ്യാനിച്ചിട്ടുണ്ടോ?

ഡോ. മുസ്‌തഫ കണ്ണൂര്‍


അംറ്‌ എന്ന അറബി പദത്തിന്‌ കാര്യം എന്നും കല്‌പന എന്നും അര്‍ഥമുണ്ട്‌. കല്‌പന എന്ന അര്‍ഥത്തിലുള്ള അംറിന്റെ ബഹുവചനം അവാമിര്‍ എന്നും കാര്യം എന്ന അര്‍ഥത്തിലുള്ള അംറിന്റെ ബഹുവചനം ഉമൂര്‍ എന്നുമാണ്‌. അംറ്‌ എന്ന പദം കാര്യം, കല്‌പന എന്നീ അര്‍ഥങ്ങളില്‍ ഖുര്‍ആനിലും ഹദീസുകളിലും പ്രയോഗിച്ചിട്ടുണ്ട്‌. ഇതുപോലെ തന്നെ കാര്യങ്ങള്‍ എന്നര്‍ഥമുള്ള ഉമൂര്‍ എന്ന പദവും. അവാമിര്‍ എന്ന പദം ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടില്ല. അംറ്‌ എന്ന പദം ഖുര്‍ആനില്‍ കല്‌പന എന്ന അര്‍ഥത്തില്‍ പ്രയോഗിച്ച സന്ദര്‍ഭങ്ങളില്‍ ഭരണവും രാഷ്‌ട്രീയവുമായി ബന്ധമുള്ളതും അല്ലാത്തതുമായ അര്‍ഥങ്ങള്‍ വിവക്ഷിക്കപ്പെട്ടിട്ടുണ്ട്‌.
“അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും അത്‌ അഴകാര്‍ന്നതാവുകയും അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക്‌ കഴിയുമാറായെന്ന്‌ അതിന്റെ ഉടമസ്ഥന്‍ വിചാരിക്കുകയും ചെയ്‌തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കല്‌പന (അംറ്‌) അതിന്‌ വന്നെത്തുകയും തലേ ദിവസം അവയൊന്നും അവിടെ നിലനിന്നിട്ടില്ലാത്ത വിധത്തില്‍ നാം അവയെ ഉന്മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു.''
(വി.ഖു 10:24)
“അപ്പോള്‍ അദ്ദേഹത്തിന്‌ (സുലൈമാന്‍ നബിക്ക്‌) കാറ്റിനെ നാം കീഴ്‌പ്പെടുത്തിക്കൊടുത്തു. അദ്ദേഹത്തിന്റെ കല്‌പന (അംറ്‌) പ്രകാരം അദ്ദേഹം ലക്ഷ്യമാക്കിയേടത്തേക്ക്‌ സൗമ്യമായ നിലയില്‍ അത്‌ സഞ്ചരിക്കുന്നു'' (വി.ഖു 38:36). സുലൈമാന്‍ നബി(അ) മഹാരാജാവായിരുന്നെങ്കിലും അദ്ദേഹത്തിന്റെ രാഷ്‌ട്രീയമായ കല്‌പനയെ സംബന്ധിച്ചല്ല ഇവിടെ പരാമര്‍ശിച്ചിട്ടുള്ളത്‌.
കാര്യം എന്ന അര്‍ഥത്തിലുള്ള അംറ്‌, അതിന്റെ ബഹുവചനമായ ഉമൂര്‍ എന്നീ പദങ്ങളും രാഷ്‌ട്രീയ-രാഷ്‌ട്രീയേതര അര്‍ഥങ്ങളില്‍ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ട്‌. "(നബിയേ), കാര്യ(അംറ്‌)ത്തിന്റെ തീരുമാനത്തില്‍ നിനക്ക്‌ യാതൊരവകാശവുമില്ല. അല്ലാഹു ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവന്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു.''(വി ഖു 3:128) ഭരണപരമായ തീരുമാനമെടുക്കാന്‍ നബി(സ)ക്ക്‌ അവകാശമില്ലെന്നല്ല ഈ സൂക്തത്തിന്റെ താല്‌പര്യം.


“വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്ന്‌ അവന്റെ കാര്യത്തില്‍(അംറ്‌) അല്ലാഹു എളുപ്പമുണ്ടാക്കിക്കൊടുക്കുന്നതാണ്‌.'' (വി ഖു 65:4) ഭയഭക്തിയോടെ ജീവിക്കുന്നവര്‍ക്കെല്ലാം ഭരണവും അധികാരവും എളുപ്പമാക്കിക്കൊടുക്കുമെന്നല്ല ഈ സൂക്തത്തിന്റെ താല്‌പര്യം.


ലുഖ്‌മാന്‍(അ)ന്റെ ഉപദേശം വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം ഉദ്ധരിക്കുന്നു: "എന്റെ കുഞ്ഞുമകനേ, നീ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സദാചാരം കല്‌പിക്കുകയും ദുരാചാരം വിലക്കുകയും നിനക്ക്‌ ബാധിച്ച വിഷമങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഖണ്ഡിതമായി നിര്‍ദേശിക്കപ്പെട്ട കാര്യങ്ങളില്‍ (ഉമൂര്‍) പെട്ടതത്രെ അത്‌'' (31:17). ഈ സൂക്തത്തിലുള്ളത്‌ ഒരു രാഷ്‌ട്രീയ ആഹ്വാനമല്ല. `ഉമൂര്‍' എന്നാല്‍ പ്രധാനമായും ഭരണമാണെന്ന പ്രസ്‌താവം ശരിയല്ലെന്ന്‌ ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നു.


ബിദ്‌അത്ത്‌ എന്നാല്‍ 'സുന്നത്തിന്‌ വിരുദ്ധമായ ഉമൂറിലെ പുത്തന്‍ കാര്യങ്ങള്‍' എന്ന നിര്‍വചനം ആശയക്കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്‌. നബി(സ)യുടെ കാലശേഷം മുസ്‌ലിംകള്‍ പുതുതായി സ്വീകരിച്ച കാര്യങ്ങളില്‍ പുതിയ മതാചാരങ്ങളും പുതിയ ലൗകിക കാര്യങ്ങളുമുണ്ട്‌. നബി(സ)യുടെയോ മറ്റു മഹാന്മാരുടെയോ ജന്മദിനമാചരിക്കുക, അവരുടെ ഖബ്‌റുകളില്‍ ഉറൂസ്‌, ചന്ദനക്കുടം, കൊടികുത്തി നേര്‍ച്ച മുതലായ ആഘോഷങ്ങള്‍ നടത്തുക ഇതൊക്കെ മതപരമായ പുതിയ ആചാരങ്ങളാണ്‌. വിവിധ ഭരണവിഭാഗങ്ങള്‍ക്ക്‌ പ്രത്യേക ഓഫീസുകള്‍ സ്ഥാപിക്കുക, ഹൈവേകള്‍ നിര്‍മിക്കുക, മോട്ടോര്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ പുതുതായി ഏര്‍പ്പെടുത്തിയ ലൗകിക കാര്യങ്ങളാണ്‌.


അല്ലാഹു കല്‌പിക്കാത്തതും മുഹമ്മദ്‌ നബി(സ) മാതൃക കാണിക്കാത്തതുമായ മനുഷ്യനിര്‍മിത മതാചാരങ്ങള്‍ക്കാണ്‌ പൂര്‍വികരായ പണ്ഡിതന്മാര്‍ ബിദ്‌അത്ത്‌ എന്ന പദം പ്രയോഗിച്ചിട്ടുള്ളത്‌. ഖലീഫമാര്‍ ഭരണത്തില്‍ കാലോചിതമായി വരുത്തിയ മാറ്റങ്ങളെയും പരിഷ്‌കരണങ്ങളെയും പൂര്‍വിക പണ്ഡിതന്മാര്‍ ബിദ്‌അത്തിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സച്ചരിതരായ നാലു ഖലീഫമാരില്‍ നിന്ന്‌ വ്യത്യസ്‌തമായ രീതിയില്‍ ഭരണാധികാരം കരസ്ഥമാക്കുകയും തനിക്ക്‌ ശേഷം തന്റെ മകനായിരിക്കും ഭരണാധികാരിയെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌ത വ്യക്തിയാണ്‌ മുആവിയ(റ). എന്നാല്‍ സ്വഹാബികളോ താബിഉകളോ അദ്ദേഹത്തെ ഒരു ബിദ്‌അത്തുകാരനെന്ന്‌ വിശേഷിപ്പിച്ചിട്ടില്ല. ബുഖാരിയും മുസ്‌ലിമും ഉല്‍പ്പെടെയുള്ള പ്രമുഖ ഹദീസ്‌ പണ്ഡിതന്മാര്‍, മുആവിയ(റ)യില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട ഹദീസുകള്‍ക്ക്‌ പ്രാമാണികത കല്‌പിച്ചിട്ടുണ്ട്‌. രാജവാഴ്‌ചയോട്‌ കുറച്ചൊക്കെ സാമ്യമുള്ള അദ്ദേഹത്തിന്റെ ഭരണരീതിയെ ഗുരുതരമായ ആദര്‍ശ വ്യതിയാനമായി സച്ചരിതരായ മുന്‍ഗാമികള്‍ ഗണിച്ചിട്ടില്ല.


രാജാധിപത്യം ഗുരുതരമായ ബിദ്‌അത്താണെന്ന വാദത്തിന്‌ ഇസ്‌ലാമിക പ്രമാണങ്ങളുടെയൊന്നും പിന്‍ബലമില്ല. അല്ലാഹു അവന്റെ ശ്രേഷ്‌ഠരായ ചില പ്രവാചകന്മാര്‍ക്ക്‌ രാജാധിപത്യം നല്‌കിയ കാര്യം വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. "എന്നാല്‍ ഇബ്‌റാഹീം കുടുംബത്തിന്‌ നാം വേദവും ജ്ഞാനവും നല്‌കിയിട്ടുണ്ട്‌. അവര്‍ക്ക്‌ നാം മഹത്തായ രാജാധിപത്യവും നല്‌കിയിട്ടുണ്ട്‌''(വി.ഖു 4:54). പ്രബോധനം ലേഖകന്റെ ഭാഷ്യ പ്രകാരം അവര്‍ക്ക്‌ അല്ലാഹു `മഹത്തായ ബിദ്‌അത്ത്‌' നല്‌കി എന്ന്‌ പറയേണ്ടി വരും. 12:55 സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട്‌ സയ്യിദ്‌ മൗദൂദി തഫ്‌ഹിമുല്‍ ഖുര്‍ആനില്‍ സമര്‍ഥിച്ചിട്ടുള്ളത്‌ യൂസുഫ്‌ നബി(അ) ഈജിപ്‌തിലെ രാജാധികാരം ചോദിച്ചു വാങ്ങിയെന്നാണ്‌. `ഗുരുതരമായ ബിദ്‌അത്ത്‌' ഒരു പ്രവാചകന്‍ ചോദിച്ചു വാങ്ങുകയോ? ദാവൂദ്‌ നബി(അ)യെപ്പറ്റി അല്ലാഹു പറയുന്നു: "അദ്ദേഹത്തിന്റെ രാജാധിപത്യം നാം സുശക്തമാക്കുകയും അദ്ദേഹത്തിന്‌ നാം തത്വജ്ഞാനവും തീര്‍പ്പുകല്‌പിക്കാന്‍ വേണ്ട സംസാര വൈഭവവും നല്‌കുകയും ചെയ്‌തു.''(വി.ഖു 38:20)
സുലൈമാന്‍ നബി(അ) നിസ്‌തുലമായ രാജാധികാരത്തിനു വേണ്ടി പ്രാര്‍ഥിച്ചതും അല്ലാഹു ആ പ്രാര്‍ഥന സ്വീകരിച്ചതും വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം വിവരിച്ചിരിക്കുന്നു: "അദ്ദേഹം(സുലൈമാന്‍) പറഞ്ഞു: ``എന്റെ രക്ഷിതാവേ, നീ എനിക്ക്‌ പൊറുത്തു തരികയും എനിക്ക്‌ ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്‌ച നീ എനിക്ക്‌ പ്രദാനം ചെയ്യുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ്‌ ഏറ്റവും വലിയ ദാനശീലന്‍. അപ്പോള്‍ അദ്ദേഹത്തിന്‌ കാറ്റിനെ നാം കീഴ്‌പ്പെടുത്തിക്കൊടുത്തു... എല്ലാ കെട്ടിട നിര്‍മാണ വിദഗ്‌ധരും മുങ്ങല്‍ വിദഗ്‌ധരുമായ പിശാചുക്കളെയും (കീഴ്‌പ്പെടുത്തിക്കൊടുത്തു) ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട മറ്റു ചിലരെ (പിശാചുക്കളെ)യും. `ഇത്‌ നമ്മുടെ ദാനമാകുന്നു. ആകയാല്‍ നീ ഔദാര്യം ചെയ്യുകയോ കൈവശം വെച്ചുകൊള്ളുകയോ ചെയ്യുക. കണക്കു ചോദിക്കല്‍ ഉണ്ടാവില്ല.'' (എന്ന്‌ നാം സുലൈമാനോട്‌ പറയുകയും ചെയ്‌തു) വി.ഖു.38:35-39. തുല്യതയില്ലാത്ത ബിദ്‌അത്ത്‌ ഒരു പ്രവാചകന്‍ ചോദിച്ചുവാങ്ങിയെന്നും അല്ലാഹു അത്‌ നിറവേറ്റിക്കൊടുത്തുവെന്നുമല്ലേ പ്രബോധനം ലേഖകന്റെ വാദത്തിന്റെ അനിവാര്യ താല്‌പര്യം?
ഇസ്‌റാഈല്യരിലെ ശംവീല്‍ (ശമുവേല്‍) പ്രവാചകന്‍ പ്രാര്‍ഥിച്ചതിനെത്തുടര്‍ന്ന്‌ അല്ലാഹു അവര്‍ക്ക്‌ ത്വാലൂത്തിനെ രാജാവായി നിയോഗിച്ച സംഭവം വിശുദ്ധ ഖുര്‍ആനില്‍ വിവരിച്ചിട്ടുണ്ട്‌: "അവരോട്‌ അവരുടെ പ്രവാചകന്‍ പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക്‌ ത്വാലൂത്തിനെ രാജാവായി നിയോഗിച്ചിരിക്കുന്നു. അവര്‍ പറഞ്ഞു: അയാള്‍ക്കെങ്ങനെ ഞങ്ങളുടെ രാജാവാകാന്‍ പറ്റും? രാജാധികാരത്തിന്‌ അയാളേക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ളത്‌ ഞങ്ങള്‍ക്കാണല്ലോ. അയാള്‍ സാമ്പത്തിക സമൃദ്ധി ലഭിച്ച ആളല്ലല്ലോ. പ്രവാചകന്‍ പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ നിങ്ങളെക്കാള്‍ ഉല്‍കൃഷ്‌ടനായി തെരഞ്ഞെടുത്തിരിക്കുന്നു. കൂടുതല്‍ വിപുലമായ ജ്ഞാനവും ശരീരശക്തിയും നല്‌കുകയും ചെയ്‌തിരിക്കുന്നു. തന്റെ വകയായുള്ള ആധിപത്യം താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അല്ലാഹു കൊടുക്കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു''(2:247).


ഒരു പ്രവാചകന്റെ സാന്നിധ്യത്തില്‍ അല്ലാഹു ഒരു ബിദ്‌അത്തുകാരന്‌ അധികാരമേല്‌പിച്ചുകൊടുത്തുവെന്ന്‌ ഇസ്‌ലാമിനെക്കുറിച്ച്‌ സാമാന്യധാരണയുള്ള ആരും പറയാനിടയില്ല. ഭരണാധികാരിയുടെ പേര്‌ ഖലീഫ എന്നായാലും രാജാവ്‌ എന്നായാലും നീതിപൂര്‍വം ഭരിക്കുക എന്നതാണ്‌ നിര്‍ണായകമായ വിഷയം. നീതിക്ക്‌ വിരുദ്ധമായ ഭരണത്തിന്‌ ബിദ്‌അത്ത്‌ എന്നല്ല മഅ്‌സ്വിയത്ത്‌ (അധാര്‍മിക നടപടി) എന്നാണ്‌ പറയുക.

പൂര്‍ണ പ്രതിഫലം ഇഹലോകത്തില്‍ തന്നെ ലഭ്യമാവുക സാധ്യമല്ലേ?മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ (നന്മയായാലും തിന്മയായാലും) അവയ്‌ക്ക്‌ പൂര്‍ണ പ്രതിഫലം നല്‌കാനാണ്‌ പരലോകമെന്ന്‌ ഇസ്‌‌ലാം പറയുന്നു. ഇവിടെ ചെയ്‌ത പ്രവര്‍ത്തനത്തിന്‌ പൂര്‍ണമായ പ്രതിഫലം ഈ ലോകത്തുവെച്ച്‌ നല്‌കാന്‍ കഴിയില്ല എന്നത്‌ ഒരു മിഥ്യാധാരണയാണ്‌. യഥാര്‍ഥത്തില്‍ മനുഷ്യരായ നമുക്ക്‌ പ്രത്യക്ഷത്തില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. കോടിക്കണക്കിന്‌ പേരെ കൊന്ന ഹിറ്റ്‌ലര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അതിന്റെ വേദന അനുഭവിച്ച്‌ തീര്‍ന്നിട്ടില്ല എന്ന്‌ ഉറപ്പിച്ച്‌ പറയാന്‍ പറ്റുമോ? അതേപോലെ വലിയ നന്മകള്‍ ചെയ്‌തവര്‍ക്ക്‌ ഇവിടെ വെച്ചുതന്നെ പ്രതിഫലം ലഭിക്കുന്നതായി കാണാം. അവര്‍ക്ക്‌ ലഭിക്കുന്ന പ്രശസ്‌തിയും സല്‍പ്പേരും അവര്‍ ചെയ്‌ത നന്മക്കുള്ള പ്രതിഫലമല്ലേ? ഉദാഹരണമായി മദര്‍ തെരേസ. ഒരുപാട്‌ നന്മകള്‍ ചെയ്‌ത അവര്‍ക്ക്‌ സമൂഹത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രശസ്‌തി പ്രസ്‌തുത നന്മകള്‍ക്കുള്ള പ്രതിഫലമായിരിക്കാം. ചെയ്യുന്ന നന്മക്കും തിന്മക്കും പൂര്‍ണാര്‍ഥത്തില്‍ ഇവിടെ വെച്ചുതന്നെ പ്രതിഫലം ലഭിക്കുന്നുണ്ട്‌. നൂറുപേരെ കൊന്നവനെ ഒരു തവണയേ കൊല്ലാന്‍ കഴിയുന്നുള്ളൂ എന്ന്‌ നാം പറയുന്നുണ്ടെങ്കിലും ആ മനുഷ്യന്‍ അതിന്റെ പ്രതിഫലം ഈ ജീവിതത്തില്‍ വെച്ചുതന്നെ ഏറ്റുവാങ്ങിയിട്ടില്ല എന്ന്‌ പ്രത്യക്ഷ വസ്‌തുതകള്‍ മാത്രം അറിയാന്‍ കഴിയുന്ന നമുക്ക്‌ എങ്ങനെയാണ്‌ പറയാന്‍ കഴിയുക?


ജംഷിദ്‌ നരിക്കുനി


യുക്തിചിന്തയെ സംബന്ധിച്ച്‌ പലരുടെയും കാഴ്‌ചപ്പാടുകള്‍ വ്യത്യസ്‌തമാകാം. ഞാന്‍ യുക്തിയെന്ന്‌ കരുതുന്നത്‌ മറ്റൊരാള്‍ക്ക്‌ അയുക്തിയായി തോന്നാം. ദീര്‍ഘകാലം ജനങ്ങളെ സേവിച്ച വ്യക്തിക്ക്‌ നീണ്ടുനില്‌ക്കുന്ന സല്‍ഫലവും ദീര്‍ഘകാലം ദ്രോഹങ്ങള്‍ ചെയ്‌ത ആള്‍ക്ക്‌ നീണ്ടുനില്‌ക്കുന്ന ശിക്ഷയും ലഭിക്കേണ്ടതുണ്ടെന്ന്‌ യുക്തി ചിന്തയില്‍ തെളിയുന്നു എന്നതുകൊണ്ടല്ല, പൂര്‍ണമായ പ്രതിഫലം ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളിലാണ്‌ നല്‌കപ്പെടുകയെന്നും അത്‌ ശാശ്വതവാസത്തിന്റെ നാളായിരിക്കുമെന്നും പ്രപഞ്ച നാഥനായ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയതു കൊണ്ടാണ്‌ മുസ്‌ലിംകള്‍ പരലോകത്തില്‍ വിശ്വസിക്കുന്നത്‌.

“ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക്‌ പൂര്‍ണമായി നല്‌കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന്‌ അകറ്റി നിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ്‌ വിജയം നേടുന്നത്‌. ഐഹിക ജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല'' (വി.ഖു 3:185). “(അവരോട്‌ പറയപ്പെടും) സമാധാനപൂര്‍വം നിങ്ങള്‍ അവിടെ പ്രവേശിച്ചു കൊള്ളുക. ശാശ്വത വാസത്തിനുള്ള ദിവസമാകുന്നു അത്‌. അവര്‍ക്കവിടെ അവര്‍ ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും. നമ്മുടെ പക്കലാകട്ടെ കൂടുതലായി പലതുമുണ്ട്‌.'' (50:34,35)

അല്ലാഹു ഇഹലോകത്ത്‌ പ്രതിഫലമോ ശിക്ഷയോ നല്‌കുകയില്ലെന്ന്‌ ഇതിനര്‍ഥമില്ല. സത്യവിശ്വാസികള്‍ക്കും സച്ചരിതര്‍ക്കും അവന്‍ ഇഹലോകത്ത്‌ നല്‌കുന്ന പലതരം അനുഗ്രഹങ്ങളെയും സൗഭാഗ്യങ്ങളെയും സംബന്ധിച്ച്‌ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. എന്നാല്‍ അനശ്വരമായ പരലോക സൗഭാഗ്യങ്ങളെ അപേക്ഷിച്ച്‌ ക്ഷണികമായ ഐഹിക ജീവിതത്തിലെ ഏത്‌ മഹാഭാഗ്യവും നിസ്സാരം മാത്രമാണ്‌. നശ്വരവും അനശ്വരവും ഒരുപോലെ പൂര്‍ണമല്ലെന്ന്‌ സാമാന്യമായ യുക്തിബോധമുള്ള എല്ലാവര്‍ക്കും ഗ്രഹിക്കാവുന്നതാണ്‌.

“നിങ്ങളുടെ രക്ഷിതാവ്‌ എന്താണ്‌ അവതരിപ്പിച്ചിട്ടുള്ളതെന്ന്‌ സൂക്ഷ്‌മത പാലിക്കുന്നവരോട്‌ ചോദിക്കപ്പെട്ടു. അവര്‍ പറഞ്ഞു: ‘ഉത്തമമായത്‌ തന്നെ.’ നല്ലത്‌ ചെയ്‌തവര്‍ക്ക്‌ ഈ ദുന്‍യാവില്‍ തന്നെ നല്ല ഫലമുണ്ട്‌. പരലോകഭവനമാകട്ടെ കൂടുതല്‍ ഉത്തമമാകുന്നു. സൂക്ഷ്‌മത പാലിക്കുന്നവര്‍ക്കുള്ള ഭവനം എത്രയോ നല്ലത്‌!''(വി.ഖു 16:30). ശാശ്വതമായ പരലോക ശിക്ഷക്ക്‌ മുമ്പായി സത്യനിഷേധികളും അതിക്രമകാരികളുമായിട്ടുള്ളവര്‍ക്ക്‌ അല്ലാഹു ഇഹലോകത്ത്‌ നല്‌കിയ കഠിന ശിക്ഷയെകുറിച്ചും വിശുദ്ധ ഖുര്‍ആനില്‍ ഒട്ടേറെ പരാമര്‍ശങ്ങളുണ്ട്‌. പരലോകത്തെ വലിയ ശിക്ഷയെ അപേക്ഷിച്ച്‌ അതൊക്കെ നിസ്സാരമാണെന്ന്‌ വ്യക്തമാക്കിയിട്ടുമുണ്ട്‌.

“എന്നാല്‍ ധിക്കാരം കാണിച്ചവരാരോ അവരുടെ വാസസ്ഥലം നരകമാകുന്നു. അവര്‍ അതില്‍ നിന്നു പുറത്തു കടക്കാന്‍ ഉദ്ദേശിക്കുമ്പോഴൊക്കെ അതിലേക്ക്‌ തന്നെ അവര്‍ തിരിച്ചയയ്‌ക്കപ്പെടുന്നതാണ്‌. നിങ്ങള്‍ നിഷേധിച്ചു തള്ളിക്കളഞ്ഞിരുന്ന ആ നരകത്തിലെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക എന്ന്‌ അവരോട്‌ പറയപ്പെടുകയും ചെയ്യും. ഏറ്റവും വലിയ ആ ശിക്ഷ കൂടാതെ (ഐഹികമായ) ചില ചെറിയ തരം ശിക്ഷകളും നാം അവരെ ആസ്വദിപ്പിക്കുന്നതാണ്‌. അവര്‍ ഒരു വേള മടങ്ങിയേക്കാമല്ലോ.''(വി.ഖു 32:20,21)

മരണത്തോടുകൂടെ മനുഷ്യജീവിതം ശൂന്യതയില്‍ കലാശിക്കുന്നുവെങ്കില്‍ അതിനു ശേഷം അവാര്‍ഡുകളോ പ്രശംസകളോ ആദരാഞ്‌ജലികളോ റീത്തുകളോ ലഭിച്ചതു കൊണ്ട്‌ പരേതന്‌ യാതൊരു പ്രയോജനവുമില്ല. ഭൗതിക വാദികള്‍ സ്ഥാപിക്കുന്ന രക്തസാക്ഷി മണ്ഡപങ്ങളൊക്കെ വട്ടപൂജ്യത്തിന്‌ മുകളില്‍ കെട്ടിപ്പൊക്കുന്ന അസംബന്ധങ്ങള്‍ മാത്രമാണ്‌. ഏക ദൈവവിശ്വാസികള്‍ക്ക്‌ മാത്രമാണ്‌ നിലനില്‌ക്കുന്ന ദാനങ്ങള്‍ മുഖേനയും ബന്ധുമിത്രാദികളുടെ പ്രാര്‍ഥനകള്‍ മുഖേനയും മരണാന്തരം ദൈവികമായ അനുഗ്രഹങ്ങള്‍ ലഭിക്കുന്നത്‌. ഇരുപത്തിനാലു മണിക്കൂറുള്ള ഒരു ദിവസത്തിലെ ഭാഗ്യനിര്‍ഭാഗ്യങ്ങളെയും അനശ്വരതയുടെ യുഗത്തിലെ രക്ഷാശിക്ഷകളെയും തുല്യമായി ഗണിക്കാമെന്നാണ്‌ ഒരാളുടെ യുക്തി വിധിക്കുന്നതെങ്കില്‍ ആ യുക്തി മൗഢ്യത്തിന്റെ പര്യായം മാത്രമായിരിക്കും.

ജംഅ്‌ ചെയ്യുന്നവന്‍ ഇശാ ജമാഅത്തിന്‌ എത്തിയാല്‍

മഗ്‌രിബ്‌ നമസ്‌കാരം ഇശായോടു കൂടി ജംഅ്‌ ആക്കി നമസ്‌കരിക്കാന്‍ തീരുമാനിച്ച ഒരാള്‍ പള്ളിയില്‍ എത്തിയപ്പോള്‍ അവിടെ ഇശാഅ്‌ ജമാഅത്ത്‌ തുടങ്ങിയിട്ടുണ്ടെങ്കില്‍ എന്ത്‌ ചെയ്യണം?


ഫൈസല്‍ തിരൂരങ്ങാടിഇദ്ദേഹം യാത്രക്കാരനാണെങ്കില്‍ ജമാഅത്തില്‍ പങ്കെടുക്കാതെ മഗ്‌രിബ്‌ മൂന്നും ഇശാ രണ്ടും റക്‌അത്തായി (ജംഉം ഖസ്വ്‌റും) നമസ്‌കരിക്കാവുന്നതാണ്‌. യാത്രക്കാരന്‍ ജമാഅത്തില്‍ പങ്കെടുക്കാതിരിക്കുന്നതില്‍ തെറ്റില്ല. ജമാഅത്തില്‍ പങ്കെടുക്കണമെന്ന്‌ അയാള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രണ്ടിലൊന്ന്‌ ചെയ്യാം. ഒന്നുകില്‍ മഗ്‌രിബ്‌ വേഗത്തില്‍ നമസ്‌കരിച്ചശേഷം ഇമാമിനെ തുടര്‍ന്ന്‌ ഇശാ നമസ്‌കരിക്കുക. ബാക്കി വരുന്ന റക്‌അത്തുകള്‍ ഇമാം സലാം വീട്ടിയ ശേഷം പൂര്‍ത്തിയാക്കുക. നാലു റക്‌അത്ത്‌ നമസ്‌കരിക്കുന്ന ഇമാമിനെ തുടരുന്ന വ്യക്തി യാത്രയിലാണെങ്കിലും ഖസ്വ്‌റ് ചെയ്യാതെ പൂര്‍ണമായി നമസ്‌കരിക്കുക തന്നെ വേണം.

ഇശാ നമസ്‌കരിക്കുന്ന ഇമാമിനെ മൂന്നാമത്തെ റക്‌അത്തില്‍ തുടര്‍ന്ന്‌ കൊണ്ട്‌ മഗ്‌രിബ്‌ നമസ്‌കരിക്കുകയും (രണ്ടു റക്‌അത്ത്‌ ഇമാമിനോടൊപ്പവും ഒരു റക്‌അത്ത്‌ ഇമാം സലാം വീട്ടിയ ശേഷവും) അതിന്‌ ശേഷം ഇശാ നമസ്‌കരിക്കുകയുമാണ്‌ അയാള്‍ക്ക്‌ സ്വീകരിക്കാവുന്ന മറ്റൊരു മാര്‍ഗം.

ബാങ്ക്‌ വിളിക്കുമ്പോള്‍ തഹിയ്യത്ത്‌ നമസ്‌കരിക്കാമോ?

ഖത്വീബ്‌ മിമ്പറില്‍ കയറിയ ശേഷം ബാങ്കുവിളിച്ചുകൊണ്ടിരിക്കേ പള്ളിയിലേക്ക്‌ വരുന്ന ഒരാള്‍ ബാങ്കുവിളി അവസാനിക്കുന്നതിന്നു മുമ്പായിത്തന്നെ തഹിയ്യത്ത്‌ നമസ്‌കാരം തുടങ്ങാമോ?


അബൂസാജിദ്‌ ഫുജൈറ


ഈ വിഷയകമായി ഖണ്ഡിതമായ നിര്‍ദേശമൊന്നും നബി(സ)യില്‍ നിന്ന്‌ വിശ്വസനീയമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. ബാങ്ക്‌ വിളിക്കുന്ന സമയത്ത്‌ തഹിയ്യത്ത്‌ നമസ്‌കാരം പാടില്ലെന്നോ, ബാങ്ക്‌ വിളിച്ചുതുടങ്ങിയാല്‍ അത്‌ കഴിഞ്ഞ ശേഷമേ തഹിയ്യത്ത്‌ നമസ്‌കാരം തുടങ്ങാവൂ എന്നോ നബി(സ) നിര്‍ദേശിച്ചതായി പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. എന്നാല്‍ ബാങ്ക്‌ കേള്‍ക്കുന്ന ആള്‍ ബാങ്കിന്റെ വാക്കുകള്‍ ഏറ്റുപറയണമെന്ന്‌ പ്രബലമായ ഹദീസിലുണ്ട്‌. അതുപോലെ തന്നെ ബാങ്കിന്‌ ശേഷം `അല്ലാഹുമ്മ റബ്ബ...' എന്ന്‌ പ്രാര്‍ഥിക്കണമെന്നും. അതിനാല്‍ ഈ കാര്യങ്ങള്‍ കൂടി കഴിഞ്ഞിട്ട്‌ തഹിയ്യത്ത്‌ നമസ്‌കാരം തുടങ്ങുന്നതാണ്‌ നല്ലത്‌. ഖുത്വ്‌ബ തുടങ്ങിയ ശേഷം തഹിയ്യത്ത്‌ നമസ്‌കരിക്കുന്നതില്‍ അപാകതയൊന്നുമില്ല. ഖുത്വ്‌ബയ്‌ക്കിടയില്‍ പള്ളിയില്‍ കടന്നുവന്ന ആളോട്‌ തഹിയ്യത്ത്‌ നമസ്‌കരിക്കാന്‍ നബി(സ) കല്‌പിച്ചതായി പ്രബലമായ ഹദീസിലുണ്ട്‌. അവിടുന്ന്‌ നിര്‍ദേശിച്ച കാര്യങ്ങളൊന്നും വിട്ടുകളയാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുകയാണല്ലോ ഏറ്റവും മാതൃകാപരമായ നിലപാട്‌.

ഇസ്‌ലാമിക സാമൂഹ്യവ്യവസ്ഥിതിക്ക്‌ വേണ്ടി പരിശ്രമിക്കേണ്ടതല്ലേ?

ദൈവം മനുഷ്യന്റെ ഐഹികവും പാരത്രികവുമായ നന്മക്കുവേണ്ടി നല്‌കിയ ജീവിതവ്യവസ്ഥയാണല്ലോ ഇസ്‌ലാം. ഇത്‌ മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വെളിച്ചം വീശുന്നു എന്നതല്ലേ യാഥാര്‍ഥ്യം? മനുഷ്യസമൂഹത്തെ ശക്തമായി നിയന്ത്രിക്കുന്ന ശക്തികേന്ദ്രമാണല്ലോ ഭരണകൂടം. ദൈവിക നിയമങ്ങള്‍ക്ക്‌ തീരെ പരിഗണന നല്‌കാത്ത ഭരണവ്യവസ്ഥ നിലനില്‌ക്കുന്ന സമൂഹത്തില്‍ ഇസ്‌ലാം വിഭാവനം ചെയ്യുന്ന സദാചാരവും സാമൂഹ്യ നീതിയും പുലരുകയില്ല എന്നുറപ്പാണല്ലോ. എന്നിരിക്കെ ദൈവിക നിയമങ്ങള്‍ പൂര്‍ണമായും നടപ്പിലാവുന്ന ഉത്തമ സാമൂഹ്യവ്യവസ്ഥിതിക്ക്‌ വേണ്ടി സുസംഘടിതമായും സുചിന്തിതമായും വ്യവസ്ഥാപിതമായും സമാധാനപരമായും മനുഷ്യസ്‌നേഹത്തോടെയും പരിശ്രമിക്കേണ്ട ബാധ്യത ഇസ്‌ലാമിന്റെ കൈവശക്കാരായ മുസ്‌ലിംകള്‍ക്കില്ലേ?


ടി മൊയ്‌തു പെരിമ്പലം


അല്ലാഹു കല്‌പിച്ച കാര്യങ്ങള്‍ കഴിവിന്റെ പരമാവധി പ്രാവര്‍ത്തികമാക്കുകയും അവന്‍ വിലക്കിയ കാര്യങ്ങള്‍ കഴിയുന്നത്ര വര്‍ജിക്കുകയും ചെയ്‌താലേ ഏതൊരാളും മുസ്‌ലിമാവുകയുള്ളൂ എന്ന കാര്യം ആദര്‍ശബോധമുള്ള മുസ്‌ലിംകളെല്ലാം തര്‍ക്കം കൂടാതെ അംഗീകരിക്കുന്നതാണ്‌. ശരീഅത്തിന്‌ വലിയ വില കല്‌പിക്കാത്ത ത്വരീഖത്തുകാരൊഴികെയുള്ള മുസ്‌ലിം വിഭാഗങ്ങളെല്ലാം എക്കാലത്തും അംഗീകരിച്ചു പോന്നിട്ടുള്ളതുമാണ്‌ ഈ വിഷയം. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ ആരാധനാകര്‍മങ്ങള്‍ക്ക്‌ മാത്രമല്ല കച്ചവടം, കൃഷി, തൊഴില്‍, ഭരണം തുടങ്ങി എല്ലാ വിഷയങ്ങള്‍ക്കും ബാധകമാണെന്ന കാര്യത്തിലാകട്ടെ ഏതെങ്കിലും മദ്‌ഹബുകാരോ കക്ഷികളോ എതിരഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല. എല്ലാ മേഖലകളിലേക്കുമുള്ള ദൈവിക വിധിവിലക്കുകള്‍ കഴിവിന്റെ പരമാവധി പാലിക്കുക എന്നതാണ്‌ സമ്പൂര്‍ണ ഇസ്‌ലാമിക ജീവിതക്രമം. ജമാഅത്തുകാര്‍ ഇസ്‌ലാമിക ജീവിതവ്യവസ്ഥ എന്ന്‌ പറയുമ്പോള്‍ ഉദ്ദേശിക്കുന്നത്‌ ഇത്‌ തന്നെയാണോ എന്ന്‌ സംശയമുണ്ട്‌. ‘മുസ്‌ലിം’ മനസ്സിലാക്കിയതനുസരിച്ച്‌ സമ്പൂര്‍ണ ഇസ്‌ലാമിക ജീവിതക്രമം സ്വീകരിക്കാന്‍ ഒരു മസ്‌ലിമിനുള്ള പ്രേരകം സര്‍വശക്തനും സര്‍വജ്ഞനുമായ അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസമാണ്‌.

ഇഹലോകത്തിന്റെയും പരലോകത്തിന്റെയും അധിപനായ അല്ലാഹു തന്റെ സര്‍വതോമുഖമായ നന്മയ്‌ക്കുവേണ്ടി നല്‌കിയ മാര്‍ഗദര്‍ശനമാണ്‌ ഇസ്‌ലാം എന്നും, ജീവിതം മുഴുക്കെ അതനുസരിച്ച്‌ ചിട്ടപ്പെടുത്തേണ്ടത്‌ തന്റെ ഇഹപരസൗഭാഗ്യങ്ങള്‍ക്ക്‌ അനുപേക്ഷ്യമാണ്‌ എന്നുമുള്ള ഉത്തമ ബോധ്യമാണ്‌ ഇസ്ലാമിക ജീവിതക്രമം മുറുകെ പിടിക്കാന്‍ സത്യവിശ്വാസിക്ക്‌ പ്രചോദനമേകുന്നത്‌. താന്‍ ജീവിക്കുന്ന നാട്ടില്‍ ഒരു ഇസ്ലാമിക ഭരണകൂടം ഉണ്ടായാലും ഇല്ലെങ്കിലും ഈ വിശ്വാസിയുടെ ദീനീ പ്രതിബദ്ധതയില്‍ ഏറ്റക്കുറച്ചിലുണ്ടാവുകയില്ല.

കേരളത്തില്‍ ഒരു കാലത്തും ഇസ്ലാമിക ഭരണവ്യവസ്ഥ ഉണ്ടായിട്ടില്ല. അറക്കല്‍ രാജാവിന്റെ `ഠ' വട്ടത്തെ ഭരണവും ടിപ്പുവിന്റെ പടയോട്ടത്തിനിടയിലെ താല്‌ക്കാലിക വാഴ്‌ചയും `ഇസ്ലാമിക ഭരണവ്യവസ്ഥ' എന്ന വകുപ്പില്‍ ജമാഅത്തുകാര്‍ ഉള്‍പ്പെടുത്തുന്നുണ്ടോ എന്നറിഞ്ഞുകൂടാ. അങ്ങനെയുണ്ടെങ്കിലും അതൊക്കെ ഹ്രസ്വവും പരിമിതവുമായ പ്രതിഭാസങ്ങള്‍ മാത്രമാണ്‌. ഇസ്ലാമിക ഭരണമില്ലാത്ത കേരളത്തിലാണ്‌ ഈമാനും ഇസ്ലാമും കഴിയുന്നത്ര മുറുകെ പിടിച്ചുകൊണ്ട്‌ മുസ്ലിം തലമുറകള്‍ ആയുഷ്‌കാലം കഴിച്ചുകൂട്ടുന്നത്‌. ഇസ്ലാമിക ഭരണകൂടം എന്ന ശക്തികേന്ദ്രത്തിന്റെ അഭാവം കേരളത്തിലെ യഥാര്‍ഥ മുസ്ലിംകളുടെ തഖ്വയെയും ഇഖ്‌ലാസിനെയും പ്രതികൂലമായി ബാധിച്ചിട്ടില്ല. മദ്യഷാപ്പുകള്‍ തുറന്നുകിടക്കെത്തന്നെ അവര്‍ സമ്പൂര്‍ണ മദ്യവര്‍ജനം പാലിക്കുന്നു. ബാങ്കുകളും `ബ്‌ളേയ്‌ഡുകളും' സുലഭമായിരിക്കെ തന്നെ അവര്‍ പലിശ ഭുജിക്കാതെ ജീവിക്കുന്നു. പന്നിമാംസം യഥേഷ്‌ടം ലഭ്യമായിട്ടും അവരത്‌ തൊടുകപോലും ചെയ്യുന്നില്ല. പോലീസിനെയോ കോടതിയെയോ പേടിച്ചിട്ടല്ലാതെ തന്നെ അവര്‍ ദുര്‍വൃത്തികളില്‍ നിന്നും കുറ്റകൃത്യങ്ങളില്‍ നിന്നും വിട്ടുനില്‌ക്കുന്നു. വിശ്വാസത്താല്‍ പ്രചോദിതരായി മാത്രം അവര്‍ സകാത്തും സദഖയും നല്‌കുകയും അഗതികളോടും അനാഥകളോടും മറ്റുമുള്ള ബാധ്യതകള്‍ നിറവേറ്റുകയും ചെയ്യുന്നു.

കേരളത്തിലെ മുസ്ലിം സമൂഹത്തില്‍ ആദര്‍ശ പ്രതിബദ്ധത പുലര്‍ത്താത്ത ധാരാളം പേരുണ്ടെന്നുള്ള യാഥാര്‍ഥ്യം വിസ്‌മരിച്ചുകൊണ്ടല്ല ഇതെഴുതുന്നത്‌. അത്തരക്കാര്‍ ഇവിടെ മാത്രമല്ല, സുഊദി അറേബ്യയിലും ഇറാനിലും പാകിസ്‌താനിലും മറ്റുമുണ്ട്‌. എന്നാല്‍ ഇവിടത്തെ ഇസ്ലാമിക പ്രതിബദ്ധതയുള്ള മുസ്‌ലിംകളുടെ മതനിഷ്‌ഠ മുസ്ലിം രാഷ്‌ട്രങ്ങളിലെ വിശ്വാസികളെ അപേക്ഷിച്ച്‌ ഒട്ടും മോശമല്ല എന്നതാണ്‌ സത്യം. ഈ യാഥാര്‍ഥ്യത്തിനു നേരെ കണ്ണടച്ചുകൊണ്ടാണ്‌ ഇസ്ലാമിക ഭരണവ്യവസ്ഥയില്ലാത്ത സ്ഥലങ്ങളിലൊന്നും സദാചാരവും സാമൂഹ്യനീതിയും പുലരുകയില്ലെന്ന്‌ ജമാഅത്തുകാര്‍ വാദിക്കുന്നത്‌.

സ്ലാമിക ഭരണത്തിന്‌ പ്രാധാന്യമോ പ്രസക്തിയോ ഇല്ലെന്ന്‌ സമര്‍ഥിക്കാനല്ല ഇത്രയും എഴുതിയത്‌. ഒരു നല്ല ഭരണാധികാരിക്ക്‌ നന്മകള്‍ വ്യാപിപ്പിക്കുന്നതിലും തിന്മകള്‍ വിപാടനം ചെയ്യുന്നതിലും ഇസ്ലാമിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിലും നിര്‍ണായകമായ പങ്ക്‌ വഹിക്കാന്‍ കഴിയും എന്ന കാര്യം അവിതര്‍ക്കിതവും അനിഷേധ്യവുമാണ്‌. എന്നാല്‍ `ഭരണമില്ലാത്ത മതം ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഭവനം പോലെയാണ്‌' എന്ന മൗദൂദിയന്‍ സിദ്ധാന്തത്തിന്‌ അതൊന്നും സാധൂകരണമാവുകയില്ല. ഇസ്ലാമിക ഭരണകൂടത്തെ ഭയന്ന്‌, ദീനീ പ്രതിബദ്ധതയില്ലാത്ത ചിലരും സകാത്ത്‌ നല്‌കിയേക്കും. പാവങ്ങള്‍ക്ക്‌ അത്‌ പ്രയോജനപ്പെടുകയും ചെയ്യും. എന്നാല്‍ അല്ലാഹുവിന്റെ പ്രതിഫലം മാത്രം കാംക്ഷിച്ച്‌ നല്‌കുന്ന സകാത്തിനേ യഥാര്‍ഥ ഇസ്ലാമിക മൂല്യമുള്ളൂ. ആ സകാത്താകട്ടെ ഭരണകൂടത്തിന്റെ അഭാവത്തിലും നിലനില്‌ക്കുകയും ചെയ്യും. കൈ നഷ്‌ടപ്പെട്ടു പോകും എന്ന്‌ ഭയന്ന്‌ ഇസ്ലാമിക രാഷ്‌ട്രത്തിലെ ചില പ്രജകള്‍ മോഷണം വര്‍ജിച്ചേക്കും. പൗരന്മാരുടെ സ്വത്തുക്കള്‍ അത്രത്തോളം സുരക്ഷിതമാവുകയും ചെയ്യും. എന്നാല്‍ അല്ലാഹുവിന്റെ ശിക്ഷ ഭയപ്പെട്ട്‌ മോഷണം എന്ന കുറ്റകൃത്യം ഉപേക്ഷിക്കുന്നതിനേ ഇസ്‌ലാമിക മൂല്യമുള്ളൂ.

ഒരു പ്രദേശത്ത്‌ ഏതാനും ഒറ്റപ്പെട്ട ദരിദ്രരായ മുസ്ലിംകള്‍ മാത്രമേ ഉള്ളൂവെങ്കില്‍ അവര്‍ സകാത്ത്‌ വിതരണം എന്ന സാമൂഹ്യ ബാധ്യത നിറവേറ്റേണ്ടതില്ല. സകാത്ത്‌ നല്‌കാന്‍ വേണ്ടി സ്വത്ത്‌ സമ്പാദിക്കാനും അവര്‍ ബാധ്യസ്ഥരല്ല. സകാത്ത്‌ നിര്‍ബന്ധമാകുന്ന പരിധിയില്‍ അവരുടെ സാമ്പത്തിക ശേഷി എത്തിയാല്‍ നിശ്ചിത വിഹിതം അവര്‍ നല്‌കണമെന്നേയുള്ളൂ. പാവപ്പെട്ട മുസ്ലിംകള്‍ ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ സംസ്ഥാപിക്കാന്‍ ബാധ്യസ്ഥരല്ലെന്ന്‌ പറഞ്ഞാല്‍ അത്‌ ഇസ്ലാമിന്റെ സമ്പൂര്‍ണതയെ അലക്ഷ്യമാക്കലാവില്ല. ഇസ്ലാമിക ഭരണകൂടം നിലവില്‍ വന്നാല്‍ മാത്രമേ അല്ലാഹുവും റസൂലും(സ) നിശ്ചയിച്ച ശിക്ഷാനിയമങ്ങള്‍ നടപ്പാക്കേണ്ടതുള്ളൂ. കുറ്റവാളികള്‍ക്ക്‌ ഇസ്ലാമിക ശിക്ഷ നല്‌കുന്നതിനു വേണ്ടി മുസ്ലിംകള്‍ ന്യൂനപക്ഷമായ ഒരു മതനിരപേക്ഷ രാഷ്‌ട്രത്തെ ഇസ്ലാമിക രാഷ്‌ട്രമാക്കി മാറ്റാന്‍ നാം ബാധ്യസ്ഥരല്ല. മതേതര രാഷ്‌ട്രത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത്‌ ഇസ്ലാമിക രാഷ്‌ട്രം രൂപീകരിക്കേണ്ട ബാധ്യതയും നമുക്കില്ല. നിലവിലുള്ള സാഹചര്യത്തില്‍ നടപ്പാക്കാന്‍ പറ്റുന്ന സാമ്പത്തികവും സാമൂഹ്യവുമായ ഇസ്ലാമിക നിയമങ്ങള്‍ നടപ്പാക്കിയാല്‍ത്തന്നെ നാം അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റിയവരായിത്തീരും. നമ്മുടെ ദീന്‍ അന്യൂനവും സമ്പൂര്‍ണവുമായിത്തീരും.

ഈ മിഠായികളും പലഹാരങ്ങളും നിഷിദ്ധമാണോ?

ദീപാവലി, ക്രിസ്‌തുമസ്‌ തുടങ്ങിയ ആഘോഷവേളകളില്‍ മാത്രം തയ്യാറാക്കപ്പെടുന്ന പ്രത്യേക പലഹാരങ്ങള്‍ ബേക്കറികളില്‍ ലഭ്യമാവും. പ്രത്യേക മതവിഭാഗങ്ങളുടെ ആഘോഷത്തിന്റെ ഭാഗമായി വില്‍ക്കപ്പെടുന്ന ഇത്തരം മിഠായികള്‍ നമുക്ക്‌ അനുവദനീയമാണോ? ശബരിമലയില്‍ പോയി വരുന്ന സുഹൃത്തുക്കളും അയല്‍വാസികളും നല്‍കുന്ന അരവണയും മറ്റു പലഹാരങ്ങളും സ്വീകരിക്കാമോ?

മുജീബുര്‌റഹ്മാന്‍ പാലക്കല്‍അല്ലാഹുവും റസൂലും(സ) നിരോധിച്ചതല്ലാത്ത ഭക്ഷ്യവസ്‌തുക്കളെല്ലാം അനുവദനീയമാണ്‌ എന്നതത്രെ പൊതുവായ ഇസ്ലാമിക തത്വം. നിഷിദ്ധമായ കാര്യങ്ങള്‍ എടുത്തുപറഞ്ഞതിനുശേഷം “അതിനപ്പുറമുള്ളത്‌ നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു'' എന്ന്‌ വിശുദ്ധഖുര്‍ആനില്‍ (4:24) വ്യക്തമാക്കിയിട്ടുണ്ട്‌. അല്ലാഹുവല്ലാത്തവര്‍ക്ക്‌ നേര്‍ച്ചയായും ബലിയായും സമര്‍പ്പിക്കപ്പെട്ട ജന്തുക്കളുടെ മാംസം കഴിക്കുന്നത്‌ വിശുദ്ധ ഖുര്‍ആനില്‍ (5:3) നിരോധിച്ചിട്ടുണ്ട്‌. വിഗ്രഹങ്ങള്‍ക്കും അല്ലാഹുവിന്‌ പുറമെ ദിവ്യത്വം കല്‍പിക്കപ്പെടുന്നവര്‍ക്കും സമര്‍പ്പിക്കപ്പെടുന്ന മാംസേതരമായ ഭക്ഷ്യവസ്‌തുക്കള്‍ക്കും നിഷിദ്ധമായ മാംസത്തോട്‌ സാമ്യമുണ്ട്‌. അതിനാല്‍ അവ വര്‍ജിക്കുന്നതാണ്‌ നമ്മുടെ ജീവിതം പാപമുക്തമാക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗം. ഹറാമിനോട്‌ സാധര്‍മ്യമുള്ളതെല്ലാം വര്‍ജിക്കാന്‍ നബി(സ) പ്രേരിപ്പിച്ചതായി പ്രാമാണികമായ ഹദീസില്‍ കാണാം. എന്നാല്‍ പ്രത്യേക മധുരപലഹാരങ്ങളോ മറ്റു ഭക്ഷ്യവസ്‌തുക്കളോ കഴിക്കുന്നതുകൊണ്ട്‌ അല്ലാഹുവല്ലാത്ത ആരാധ്യരുടെ അനുഗ്രഹം ലഭിക്കുമെന്ന്‌ വിശ്വസിക്കുകയാണെങ്കില്‍ അത്‌ ശിര്‍ക്കിന്റെ (ബഹുദൈവാരാധന) വകുപ്പില്‍ ഉള്‍പ്പെടുന്നതാണ്‌. ഒരു ആഘോഷവേളയില്‍ ബേക്കറിക്കാരോ മറ്റോ തയ്യാറാക്കുന്നതാണ്‌ എന്നതിന്റെ പേരില്‍ മാത്രം ഒരു ഭക്ഷ്യവസ്‌തു നിഷിദ്ധമാണെന്ന്‌ പറയാന്‍ ന്യായം കാണുന്നില്ല.

യഥാസമയം നമസ്‌കരിക്കാന്‍ കഴിയാതായാല്‍

അസര്‍ നമസ്‌കാരം മഗ്‌രിബിന്റെ കൂടെ നമസ്‌കരിക്കുന്നത്‌ കുറ്റകരമാണെന്ന്‌ പറയുന്നു. അപ്പോള്‍ കുട്ടികള്‍ ക്ലാസു കഴിഞ്ഞു വരുമ്പോള്‍ വല്ല ബ്ലോക്കിലും മറ്റും കുടുങ്ങി അസര്‍ നമസ്‌കാരത്തിന്റെ സമയം കഴിഞ്ഞുപോയാല്‍ അവര്‍ എന്തുചെയ്യും? അതിന്റെ പേരില്‍ നമസ്‌കാരം നഷ്‌ടപ്പെടുത്തുന്നത്‌ കുറ്റകരമല്ലേ?

അബൂഖദീജ കൊയിലാണ്ടിയുദ്ധരംഗത്തുപോലും ശത്രുക്കള്‍ക്കെതിരില്‍ ജാഗ്രത പുലര്‍ത്തിക്കൊണ്ട്‌ തന്നെ പോരാളികള്‍ ഊഴമിട്ട്‌ നമസ്‌കാരം നിര്‍വഹിക്കണമെന്നാണ്‌ വിശുദ്ധ ഖുര്‍ആനിലെ 4:102 സൂക്തത്തില്‍ നിന്ന്‌ മനസ്സിലാക്കാവുന്നത്‌. അതിനുപോലും സാധിക്കാത്ത വിധത്തില്‍ മുഴുവന്‍ സമയ പോരാട്ടത്തില്‍ ഏര്‍പ്പെടേണ്ടി വരുന്നതുപോലുള്ള സന്ദര്‍ഭങ്ങളില്‍ യഥാസമയം നമസ്‌കാരം നിര്‍വഹിക്കാന്‍ കഴിയാതെ പോയെന്ന്‌ വരാം. നബി(സ)ക്കും സ്വഹാബികള്‍ക്കും ചില യുദ്ധവേളകളില്‍ സൂര്യന്‍ അസ്‌തമിക്കുന്നതുവരെ അസ്വ്‌ര്‍ നമസ്‌കരിക്കാന്‍ സാധിക്കാതെ പോവുകയും പിന്നീട്‌ അവര്‍ ആദ്യം അസ്വ്‌റും പിന്നീട്‌ മഗ്‌രിബും നമസ്‌കരിക്കുകയും ചെയ്‌തതായി പ്രബലായ ഹദീസുകളില്‍ കാണാം. ഇതല്ലാതെ സ്വദേശത്ത്‌ വെച്ചോ യാത്രയിലോ നബി(സ) അസ്വ്‌റ് നമസ്‌കാരം വൈകിച്ച്‌ മഗ്‌രിബിനോട്‌ ചേര്‍ത്ത്‌ നമസ്‌കരിച്ചതായി പ്രാമാണികമായ ഹദീസുകളില്‍ കാണുന്നില്ല.

യാത്രയിലും മറ്റു അനിവാര്യ സാഹചര്യങ്ങളിലും ദ്വുഹ്‌റും അസ്വ്‌റും കൂടി ദുഹ്‌റിന്റെ സമയത്ത്‌ തന്നെ നമസ്‌കരിക്കാവുന്നതാണ്‌. അസ്വ്‌റ് യഥാസമയം നിര്‍വഹിക്കാന്‍ വലിയ പ്രയാസം നേരിടുന്ന വിദ്യാര്‍ഥികള്‍ ഉച്ചയ്‌ക്ക്‌ ലഭിക്കുന്ന ഒഴിവുസമയത്ത്‌ ദ്വുഹ്‌റിനോടൊപ്പം അസ്വ്‌റും നമസ്‌കരിക്കുകയാണ്‌ വേണ്ടത്‌. അസ്വ്‌റ് യഥാസമയം നിര്‍വഹിക്കാന്‍ കഴിയുമെന്ന്‌ പ്രതീക്ഷിച്ചെങ്കിലും ഗതാഗത തടസ്സം നിമിത്തമോ മറ്റോ അതിന്‌ സാധിക്കാതെ വരികയാണെങ്കില്‍ വാഹനത്തില്‍ ഇരുന്നുകൊണ്ട്‌ തന്നെ നമസ്‌കരിക്കാവുന്നതാണ്‌. വുദ്വൂ (അംഗശുദ്ധി) ഇല്ലെങ്കില്‍ വാഹനത്തിന്റെ ഏതെങ്കിലും ഭാഗത്ത്‌ കൈകൊണ്ട്‌ അടിച്ച്‌ മുഖവും കൈപ്പടങ്ങളും തടവിയാല്‍ (തയമ്മും ചെയ്‌താല്‍) മതി. ഇതൊന്നും സാധിക്കാത്ത സാഹചര്യമാണെങ്കില്‍ മാത്രം സൂര്യാസ്‌തമനത്തിനു ശേഷം ആദ്യം അസ്വ്‌റും പിന്നീട്‌ മഗ്‌രിബും നമസ്‌കരിക്കാം. അത്‌ പതിവാക്കേണ്ടി വരാത്ത വിധത്തില്‍ അസ്വ്‌റ് യഥാസമയം നമസ്‌കരിക്കാന്‍ തന്നെയാണ്‌ പരമാവധി ശ്രമിക്കേണ്ടത്‌, ഒരു കാരണവശാലും നമസ്‌കാരം ഉപേക്ഷിക്കാന്‍ പാടില്ല.

ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഫിര്‍ദൗസ്‌ ലഭിക്കുമോ?

സ്വര്‍ഗാവകാശികളില്‍ തന്നെ വ്യത്യസ്‌ത തട്ടുകളിലുള്ളവര്‍ ഉണ്ടല്ലോ. ജന്നാത്തുല്‍ ഫിര്‍ദൗസ്‌ ആണല്ലോ അതില്‍ ഏറ്റവും മുന്തിയ സ്വര്‍ഗം. സ്വര്‍ഗാവകാശികള്‍ ആഗ്രഹിക്കുന്ന എന്തും ലഭിക്കുമെന്നാണല്ലോ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. എന്നാല്‍ താഴേ തട്ടിലുള്ള സ്വര്‍ഗത്തില്‍ പ്രവേശിച്ച മനുഷ്യന്‍ ജന്നാത്തുല്‍ ഫിര്‍ദൗസ്‌ ആഗ്രഹിച്ചാല്‍ അതവന്‌ ലഭ്യമാവുമോ? അത്‌ ലഭ്യമാവുമെങ്കില്‍ അല്ലാഹു എങ്ങനെയാണ്‌ നീതിമാനാവുന്നത്‌? ഇനി അത്‌ ലഭ്യമാവില്ലെങ്കില്‍ എന്തും അവിടെവെച്ച്‌ ലഭിക്കുമെന്ന ഖുര്‍ആനിന്റെ പ്രഖ്യാപനത്തില്‍ എന്ത്‌ പ്രസക്തിയാണുള്ളത്‌?

ജംഷിദ്‌ നരിക്കുനി


നമ്മുടെ യുക്തിക്ക്‌ ആധാരമായിട്ടുള്ളത്‌ നമ്മുടെ പഞ്ചേന്ദ്രിയങ്ങളും ബുദ്ധിയുമാണ്‌. ഭൗതികമായ വസ്‌തുക്കളെയും വസ്‌തുതകളെയും വിശകലനം ചെയ്യുന്നതിന്‌ മാത്രമേ യുക്തിചിന്ത പര്യാപ്‌തമാവുകയുള്ളൂ. പരലോകം ഈ ഭൗതികലോകത്തില്‍ നിന്ന്‌ വ്യത്യസ്‌തമായിരിക്കുമെന്ന്‌ വിശുദ്ധഖുര്‍ആനില്‍ (14:48) വ്യക്തമാക്കിയിട്ടുണ്ട്‌. അതിനാല്‍ സ്വര്‍ഗത്തിലെ സൗഭാഗ്യങ്ങളും പദവികളും മറ്റും നമ്മുടെ യുക്തിക്ക്‌ അനുസൃതമായിരിക്കുമെന്നോ ആയിരിക്കണമെന്നോ കരുതുന്നത്‌ ശരിയായിരിക്കുകയില്ല. ഈ വിഷയകമായി ഖുര്‍ആനിലും പ്രമാണികമായ ഹദീസുകളിലും വ്യക്തമാക്കപ്പട്ടതില്‍ കവിഞ്ഞ വിശദീകരണമൊന്നും നല്‌കാന്‍ `മുസ്ലിമി'ന്‌ കഴിയില്ല. “അവര്‍ക്ക്‌ അവിടെ (സ്വര്‍ഗത്തില്‍) അവര്‍ ഉദ്ദേശിക്കുന്നതെല്ലാം ലഭ്യമായിരിക്കു''മെന്ന്‌ വ്യക്തമാക്കിയ വിശുദ്ധ ഖുര്‍ആനില്‍ തന്നെ 76:30, 81:29 എന്നീ സൂക്തങ്ങളില്‍, “അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷമല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല'' എന്നും പറഞ്ഞിട്ടുണ്ട്‌. ഇഹലോകത്ത്‌ മനുഷ്യര്‍ക്ക്‌ വലിയ തോതില്‍ ഇച്ഛാസ്വാതന്ത്ര്യമുണ്ടെങ്കിലും അത്‌ അല്ലാഹുവിന്റെ ഹിതത്തിന്‌ വിധേയമാണെന്ന്‌ ഈ സൂക്തങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാം. പരലോകത്തും മനുഷ്യരുടെ ഇച്ഛയും ഇഷ്‌ടവും അല്ലാഹുവിന്റെ ഹിതത്തിന്‌ വിധേയമായിരിക്കാന്‍ സാധ്യതയുണ്ട്‌.

സംഘടനകളും നബിചര്യയും

`ദഅ്‌വത്തിന്‌ (പ്രബോധനത്തിന്‌) സ്വഹാബത്തും താബിഉകളും സംഘടന ഉണ്ടാക്കിയിട്ടില്ലെങ്കില്‍ പിന്നെ എങ്ങനെ നമുക്ക്‌ അതുണ്ടാക്കാനുള്ള അനുമതി ലഭിക്കും? ആരാണ്‌ ആ അനുമതി നമുക്ക്‌ നല്‌കിയത്‌? സ്വഹാബത്ത്‌ വിശ്വസിച്ചതുപോലെ വിശ്വസിച്ചാലല്ലേ നാം സന്‍മാര്‍ഗത്തിലാവുക? യഥാര്‍ഥത്തില്‍ ദുന്‍യവിയായ കാര്യങ്ങള്‍ക്ക്‌ മുസ്ലിംകള്‍ക്ക്‌ മേല്‍നോട്ടം വഹിക്കേണ്ടത്‌ മുസ്ലിംഭരണാധികാരികളും പാരത്രികവിഷയങ്ങളില്‍ മേല്‍നോട്ടം വഹിക്കേണ്ടത്‌ ഉലമാക്കളുമായിരുന്നു. അങ്ങനെയാണ്‌ പൂര്‍വസൂരികളുടെ ജീവിതത്തില്‍ നമുക്ക്‌ കാണാന്‍ കഴിയുക. പക്ഷെ, ദു:ഖത്തോടെ പറയട്ടെ, ഇന്ന്‌ ആ രണ്ട്‌ മഹനീയ പദവികളും സംഘടനകളും അതിന്റെ നേതാക്കളും കവര്‍ന്നെടുത്തു. സംഘടനകളുടെ കരാളഹസ്‌തങ്ങളില്‍ നിന്ന്‌ കുതറിമാറി സംഘടന പഠിപ്പിച്ചുകൊണ്ടിരിക്കുന്ന കക്ഷിത്വത്തിന്റെയും കിടമാത്സര്യത്തിന്റെയും വറചട്ടിയില്‍ നിന്ന്‌ സുന്നത്തിന്റെ വെള്ളി വെളിച്ചത്തിലേക്കുള്ള ഒരു ഉറച്ച കാല്‍വെപ്പ്‌ ചരിത്രം നമ്മോട്‌ ആവശ്യപ്പെടുന്നു.''

സംഘടന വേണ്ട എന്നു പറയുന്നവരുടെ ലഘുലേഖയില്‍ നിന്നു ചില വരികളാണ്‌ മുകളില്‍ ഉദ്ധരിച്ചത്‌. വിശദീകരണം പ്രതീക്ഷിക്കുന്നു.

അഫ്‌സല്‍ കൊവ്വപ്പുറം കണ്ണൂര്‍

ദഅ്‌വത്തിന്‌ വേണ്ടി സ്വഹാബികള്‍ മൈക്കും നോട്ടീസും ഉപയോഗിച്ചിട്ടില്ല എന്നതുകൊണ്ട്‌ അത്‌ രണ്ടും ഹറാമാകുമോ? ലഘുലേഖ എന്നത്‌ സ്വഹാബികളും തൊട്ടടുത്ത തലമുറകളും ദഅ്വത്തിന്‌ വേണ്ടി ഉപയോഗിച്ചിട്ടില്ലല്ലോ. ഒന്നോ രണ്ടോ വ്യക്തികള്‍ ഓരോരുത്തരെ കണ്ട്‌ സത്യത്തിലേക്ക്‌ ക്ഷണിക്കുന്നത്‌ ശരിയായ രീതിയാണെങ്കില്‍ പത്തുപേര്‌ ചേര്‍ന്ന്‌ കൂടുതല്‍ പേരെ സത്യത്തിലേക്ക്‌ ക്ഷണിക്കാന്‍ ഫലപ്രദമെന്ന്‌ തോന്നുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്‌ തെറ്റായിത്തീരുന്നതിന്റെ യുക്തി `മുസ്ലിമി'ന്‌ ബോധ്യപ്പെട്ടിട്ടില്ല. തങ്ങള്‍ ദഅ്‌വത്തിന്‌ വേണ്ടി വ്യക്തിപരമായ ശ്രമങ്ങള്‍ നടത്തിയത്‌ സംഘടിത ദഅ്‌വത്തിന്‌ നബി(സ) അനുമതി നല്‌കാത്തതുകൊണ്ടാണെന്ന്‌ സ്വഹാബികളാരും പറഞ്ഞിട്ടില്ല. അതുകൊണ്ട്‌ തന്നെ സംഘടിതമായി ദഅ്‌വത്ത്‌്‌ നടത്താന്‍ പ്രത്യേക അനുമതി അനിവാര്യമാണെന്ന്‌ വാദിക്കുന്നതിന്‌ യാതൊരു ന്യായവുമില്ല.

സ്വഹാബികളില്‍ നിന്ന്‌ ഖലീഫമാരും വാലിമാരും ഖാദ്വിമാരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും ഉലമാക്കള്‍ എന്ന ഒരു വിഭാഗത്തെ ആരും പ്രത്യേകം ഉയര്‍ത്തിക്കാണിച്ചിട്ടില്ല. ആലിം എന്ന പദവി ആര്‍ജിച്ചവര്‍ മാത്രമേ ദഅ്‌വത്ത്‌ നടത്താവൂ എന്ന്‌ നബി(സ)യോ ഖലീഫമാരോ നിഷ്‌കര്‍ഷിച്ചിട്ടില്ല. ലാഇലാഹ ഇല്ലല്ലാഹു എന്ന വാക്യത്തിന്റെ സാരം മാത്രം അറിയുന്ന ഒരാള്‍ ആ ആശയത്തിലേക്ക്‌ മറ്റൊരാളെ ക്ഷണിച്ചാലും അത്‌ ദഅ്‌വത്ത്‌ തന്നെയാണ്‌. ഒരു മേഖലയിലെ `ഉലമാക്കള്‍ എന്ന മഹനീയ പദവി'യിലുള്ളവര്‍ സംഘടിച്ച്‌ പ്രഭാഷണം നടത്തുകയോ ലഘുലേഖ തയ്യാറാക്കുകയോ ചെയ്‌താല്‍ അത്‌ ഇസ്ലാമില്‍ അനുമതിയില്ലാത്ത സംഘാടനമാകുമെന്ന്‌ സംഘടനാവിരുദ്ധര്‍ വാദിക്കുകയില്ലെന്ന്‌ കരുതുന്നു.

സ്വഹാബികള്‍ വിശ്വസിച്ചതുപോലെ വിശ്വസിച്ചാലേ നാം സ്വര്‍ഗാവകാശികളാവുകയുള്ളൂ എന്ന ആശയം കുറച്ചുപേര്‍ ചേര്‍ന്ന്‌ പ്രചരിപ്പിച്ചാല്‍ അഥവാ സംഘടിത പ്രചാരണം നടത്തിയാല്‍ അത്‌ ശിര്‍ക്കോ കുഫ്‌റോ പാപമോ ആകുമോ? ഇസ്ലാമിനോടും മുസ്ലിംകളോടും ഗുണകാംക്ഷയുള്ള ആരും സംഘടിതമായ സത്യപ്രചാരണം അനിസ്ലാമിക പ്രവണതയാണെന്ന്‌ ജല്‌പിക്കുകയില്ലെന്നാണ്‌ `മുസ്ലിം' കരുതുന്നത്‌. ഖുര്‍ആനും നബിചര്യയും പ്രചരിപ്പിക്കാനുള്ള സംഘടിത ശ്രമങ്ങളോടേ `മുസ്ലിമി'ന്‌ യോജിപ്പുള്ളൂ. അഥവാ സംഘടനകളുടെ കിടമാത്സര്യങ്ങളോടും പോരുകളോടും കുനുഷ്‌ഠുകളോടും ഒട്ടും യോജിക്കുന്നില്ല.

ദൈവസങ്കല്‌പത്തിലെ ആശയക്കുഴപ്പങ്ങള്‍

“ലോകത്ത്‌ ചെറുതും വലുതുമായ നിരവധി മതസംഘടനകളുണ്ട്‌. ഓരോ മതവും തങ്ങളുടേതായ ദൈവങ്ങളെക്കുറിച്ച്‌ പറയുന്നുണ്ട്‌. എന്നാല്‍, ഇന്നുവരെ ഒരു ദൈവത്തിന്റെയും അസ്‌തിത്വം തെളിയിക്കപ്പെട്ടിട്ടില്ല. യഹോവ, അല്ലാഹു, കൃഷ്‌ണന്‍, കുട്ടിച്ചാത്തന്‍ തുടങ്ങിയുള്ള നൂറുകണക്കിന്‌ ദൈവങ്ങളെല്ലാം ആത്യന്തിക വിശകലനത്തില്‍ സങ്കല്‌പസൃഷ്‌ടികളും പരസ്‌പര വിരുദ്ധങ്ങളുമാണ്‌. യഹൂദമതവും ഇസ്ലാംമതവും ഏകദൈവത്തെക്കുറിച്ചാണ്‌ പറയുന്നതെങ്കിലും, യഹൂദന്മാര്‍ അത്‌ യഹോവ മാത്രമാണെന്നും മുസ്ലിംകള്‍ അത്‌ അല്ലാഹു മാത്രമാണെന്നും വാശിപിടിക്കുന്നു. ക്രിസ്‌തുമതം പിതാവ്‌, പുത്രന്‍, പരിശുദ്ധാത്മാവ്‌ എന്നിങ്ങനെയുള്ള ത്രൈയേക ദൈവം എന്ന വിചിത്ര രൂപത്തിലാണ്‌ ദൈവമെന്ന്‌ അവകാശപ്പെടുന്നു. ഹിന്ദുമതത്തിലാകട്ടെ ആണും പെണ്ണുമൊക്കെയായി മുപ്പത്തിമുക്കോടി ദൈവങ്ങളാണുള്ളത്‌. ഓരോ മതത്തിന്റെയും ദൈവങ്ങള്‍ പരസ്‌പരം നിഷേധിക്കുന്നു. സത്യത്തില്‍ പ്രപഞ്ചത്തെ സൃഷ്‌ടിച്ച്‌ പരിപാലിക്കുന്ന സര്‍വശക്തനായ ഒരു ദൈവം ഉണ്ടായിരുന്നുവെങ്കില്‍ ഇത്രത്തോളം ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന വൈരുധ്യം ദൈവസങ്കല്‌പങ്ങളില്‍ കാണുമായിരുന്നില്ല.” (സ്റ്റാര്‍ന്യൂസ്‌ വീക്ക്‌, പേജ്‌ 6) ഈ പ്രസ്‌താവനയെ മുസ്‌ലിം എങ്ങനെ നോക്കിക്കാണുന്നു.


അന്‍സാര്‍ ഒതായി
യഥാര്‍ഥത്തില്‍ ഒരു ദൈവമേ ഉള്ളൂ. മറ്റുള്ളതൊക്കെ മനുഷ്യര്‍ സങ്കല്‌പിച്ചുണ്ടാക്കുന്നതാണ്‌. പ്രപഞ്ചമാകെ സൃഷ്‌ടിച്ചു സംവിധാനിച്ച യഥാര്‍ഥ ദൈവത്തെ ഏത്‌ ഭാഷയില്‍ ഏത്‌ പേരില്‍ വിളിക്കുന്നതിനും കുഴപ്പമില്ല. പ്രപഞ്ചനാഥന്റെ മഹത്വത്തിന്‌ നിരക്കാത്ത പേരാകരുതെന്നേ ഉള്ളൂ. അറബിഭാഷ സംസാരിക്കുന്ന യഹൂദരും ക്രിസ്‌ത്യാനികളും പ്രപഞ്ചനാഥന്‌ `അല്ലാഹു' എന്ന പേരുതന്നെ പ്രയോഗിക്കാറുണ്ട്‌. യഹൂദരും ക്രൈസ്‌തവരും അറബിഭാഷയില്‍ രചിച്ചിട്ടുള്ള നിഘണ്ടുകളും വിജ്ഞാനകോശങ്ങളും പരിശോധിച്ചാല്‍ ഈ കാര്യം വ്യക്തമാകും. യഹോവ, ഖുദാ, ഗോഡ്‌, ദൈവം, ഈശ്വരന്‍ എന്നീ പദങ്ങള്‍ പ്രയോഗിക്കുന്നവര്‍ സാക്ഷാല്‍ പ്രപഞ്ചനാഥനെയാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ മുസ്‌ലിംകള്‍ക്ക്‌ അതിനോട്‌ ഒട്ടും വിയോജിപ്പില്ല. അല്ലാഹു എന്ന പദത്തെ സാമുദായികമോ വര്‍ഗീയമോ ആയ ഒരു ദൈവനാമം എന്ന നിലയിലല്ല ഇസ്‌ലാം പരിചയപ്പെടുത്തുന്നത്‌.

ക്രൈസ്‌തവ മതപ്രമാണങ്ങളായ ബൈബിള്‍ പുതിയ നിയമ പുസ്‌തകങ്ങളില്‍ ഏകദൈവത്വം പഠിപ്പിക്കുന്ന പല വചനങ്ങളുമുണ്ട്‌. ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട പൂര്‍വ പ്രവാചകരെല്ലാം ഏകദൈവത്വമാണ്‌ പ്രബോധനം ചെയ്‌തത്‌. ത്രിയേകത്വ സങ്കല്‌പം പില്‌ക്കാലത്ത്‌ ചര്‍ച്ച്‌ ചമച്ചുണ്ടാക്കിയതാണ്‌. ഹൈന്ദവ വേദങ്ങളിലും ഉപനിഷത്തുകളിലും ഏക ദൈവത്വം പരാമര്‍ശിക്കപ്പെട്ട ഒട്ടേറെ സൂക്തങ്ങളുണ്ട്‌. വിവിധ നാടുകളില്‍ പല കാലങ്ങളില്‍ സാക്ഷാല്‍ ദൈവദൂതന്മാര്‍ പ്രപഞ്ചനാഥനെ സംബന്ധിച്ച്‌ ജനങ്ങളെ പഠിപ്പിച്ചിട്ടുണ്ട്‌ എന്നതിന്‌ തെളിവാണ്‌ ഇതെല്ലാം. ദൈവദൂതന്മാരുടെ പാതയില്‍ നിന്ന്‌ വ്യതിചലിച്ചവര്‍ ബഹുദൈവത്വ സങ്കല്‌പങ്ങള്‍ മെനഞ്ഞുണ്ടാക്കി എന്നതുകൊണ്ട്‌ ഏകദൈവത്വത്തിന്റെ മൗലികതയ്‌ക്ക്‌ മങ്ങലേല്‌ക്കുകയില്ല.

“പറയുക: നിങ്ങള്‍ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ (പരമകാരുണികന്‍) എന്ന്‌ വിളിച്ചുകൊള്ളുക. ഏത്‌ തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്‌ടമായ നാമങ്ങള്‍.'' (വി.ഖു 17:110)

പ്രപഞ്ചനാഥന്‍ മനുഷ്യര്‍ക്ക്‌ ചിന്താസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നല്‌കിയത്‌ അവന്റെ അപാരമായ അനുഗ്രഹമാണ്‌. മറ്റു ജന്തുജാലങ്ങള്‍ക്കൊന്നും ലഭിക്കാത്ത വിശേഷബുദ്ധിയും സ്വാതന്ത്ര്യവും ലഭിച്ച മനുഷ്യന്‍ തന്റെ അസ്‌തിത്വത്തെ സംബന്ധിച്ച്‌ നേരെ ചൊവ്വേ ചിന്തിച്ചാല്‍ തന്നെ സ്രഷ്‌ടാവും പരിപാലകനുമായ ഏകദൈവത്തെ സംബന്ധിച്ച്‌ മനസ്സിലാക്കാന്‍ കഴിയും. യാതൊരു ആശയക്കുഴപ്പവും കൂടാതെ പ്രപഞ്ചനാഥനെക്കുറിച്ച്‌ മനസ്സിലാക്കുകയും അവനെ ആരാധിക്കുകയും ചെയ്യുന്ന ജനകോടികള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്‌. കുറെ ആളുകള്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നതുകൊണ്ട്‌ പ്രപഞ്ചനാഥന്നോ അവന്റെ വിനീത ദാസന്മാര്‍ക്കോ യാതൊരു നഷ്‌ടവും സംഭവിക്കാനില്ല.

അജ്ഞേയവാദവും ഇസ്‌ലാമികാശയങ്ങളും

അജ്ഞേയവാദവും ഇസ്‌ലാമികാശയങ്ങളും തമ്മിലുള്ള ബന്ധത്തെയോ ഭിന്നതയെയോ കുറിക്കുന്ന വല്ലതും ഇസ്‌ലാമിന്‌ പറയാനുണ്ടോ? ഉണ്ടെങ്കില്‍ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ അജ്ഞേയവാദത്തിന്റെ നിലനില്‌പ്‌ എപ്രകാരമാണ്‌?

ജംഷീദ്‌ നരിക്കുനിഅനുഭവാതീതമായ യാതൊന്നിനെയും സംബന്ധിച്ച്‌ അറിയുക സാധ്യമല്ല എന്ന സിദ്ധാന്തത്തിന്നാണ്‌ അജ്ഞേയതാവാദം എന്ന്‌ പറയുന്നത്‌. പഞ്ചേന്ദ്രിയങ്ങള്‍ മുഖേന മാത്രമേ മനുഷ്യര്‍ക്ക്‌ ഉറപ്പായ അറിവ്‌ നേടാന്‍ കഴിയുകയുള്ളൂവെന്നും ദൈവം, ആത്മാവ്‌, പരലോകം തുടങ്ങിയ കാര്യങ്ങള്‍ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട്‌ അനുഭവിച്ചറിയാന്‍ കഴിയാത്തതിനാല്‍ അവയെക്കുറിച്ച്‌ നമുക്ക്‌ അറിയാം എന്ന്‌ പറയുന്നത്‌ തെറ്റാണെന്നുമാണ്‌ ഈ സിദ്ധാന്തത്തിന്റെ വക്താക്കള്‍ പറയുന്നത്‌. പുരാതനകാലം മുതല്‍ തന്നെ ഇന്ത്യയിലും മറ്റു പല നാടുകളിലും സന്ദേഹവാദികള്‍ ഉണ്ടായിരുന്നുവെങ്കിലും ആജ്ഞേയവാദം എന്ന പദം ആദ്യമായി പ്രയോഗിക്കുകയും തല്‍സംബന്ധമായ വിശദാംശങ്ങള്‍ അവതരിപ്പിക്കുകയും ചെയ്‌തത്‌ ബ്രിട്ടീഷ്‌ ജീവശാസ്‌ത്രജ്ഞനായ ടി എച്ച്‌ ഹക്‌സലിയാണത്രെ. അജ്ഞേയതാവാദികളില്‍ അധികപേരും ഫലത്തില്‍ നാസ്‌തികരായിരുന്നുവെങ്കിലും ദൈവവിശ്വാസികളായ ചുരുക്കം ചിലരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അവരുടെ ദൃഷ്‌ടിയില്‍ അറിവും വിശ്വാസവും വ്യത്യസ്‌ത കാര്യങ്ങളത്രെ.

വിശുദ്ധ ഖുര്‍ആനില്‍ രണ്ടുതരം അറിവുകളെ സംബന്ധിച്ച്‌ പറയുന്നുണ്ട്‌. ഒന്ന്‌, ഇല്‍മുല്‍ഗൈബ്‌. രണ്ട്‌, ഇല്‍മുശ്ശഹാദ. പഞ്ചേന്ദ്രിയങ്ങളുടെ പരിധിയില്‍ വരാത്ത അഭൗതികയാഥാര്‍ഥ്യങ്ങളെ സംബന്ധിച്ച അറിവാണ്‌ ഇല്‍മുല്‍ഗൈബ്‌. ഈ ജ്ഞാനം സര്‍വജ്ഞനായ ജഗന്നിയന്താവിന്റെ അധീനത്തിലാണുള്ളത്‌. അവന്‍ അറിയിച്ചുതരുമ്പോള്‍ മാത്രമേ മനുഷ്യര്‍ക്ക്‌ അതില്‍ നിന്ന്‌ വല്ലതും അറിയാന്‍ കഴിയൂ. “അവന്‍ അഭൗതിക ജ്ഞാനമുള്ളവനാണ്‌. അവന്‍ തന്റെ അഭൗതികമായ അറിവ്‌ ആര്‍ക്കും വെളിപ്പെടുത്തിക്കൊടുക്കുകയില്ല; അവന്‍ തൃപ്‌തിപ്പെട്ട വല്ല ദൂതനുമല്ലാതെ. എന്നാല്‍ ആ ദൂതന്റെ മുമ്പിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തുക തന്നെ ചെയ്യുന്നതാണ്‌.''(വി.ഖു. 72:26,27)

പഞ്ചേന്ദ്രിയങ്ങളുടെ പരിധിയില്‍ വരുന്ന ഭൗതിക യാഥാര്‍ഥ്യങ്ങളെ സംബന്ധിച്ച അറിവാണ്‌ ഇല്‍മുശ്ശഹാദ. ഭൗതികപ്രപഞ്ചത്തിലെ സൂക്ഷ്‌മവും സ്ഥൂലവുമായ സകല വസ്‌തുക്കളെയും സംബന്ധിച്ച പരമവും പൂര്‍ണവുമായ അറിവ്‌ സ്രഷ്‌ടാവും രക്ഷിതാവുമായ അല്ലാഹുവിന്‌ മാത്രമാണുള്ളതെങ്കിലും മനുഷ്യര്‍ക്ക്‌ സ്ഥലകാല സാഹചര്യങ്ങളനുസരിച്ച്‌ അവയില്‍ പലതിനെയും പഞ്ചേന്ദ്രിയങ്ങളും ബുദ്ധിയും ഉപയോഗിച്ച്‌ പഠിക്കാനും വിലയിരുത്താനും കഴിയും. “പറയുക: അവനാണ്‌ നിങ്ങളെ സൃഷ്‌ടിച്ചുണ്ടാക്കുകയും നിങ്ങള്‍ക്ക്‌ കേള്‍വിയും കാഴ്‌ചകളും ഹൃദയങ്ങളും ഏര്‍പ്പെടുത്തിത്തരികയും ചെയ്‌തവന്‍. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ'' (വി.ഖു. 67:23). “നീ വായിക്കുക. നിന്റെ രക്ഷിതാവ്‌ പേനകൊണ്ട്‌ പഠിപ്പിച്ച അത്യുദാരനാകുന്നു. മനുഷ്യന്‌ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചിരിക്കുന്നു.'' (വി.ഖു. 96:3-5)

ദൈവവും ദിവ്യസന്ദേശവും ആത്മാവും മരണാനന്തരജീവിതവും മറ്റും ഭൗതികജ്ഞാനത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളാണെന്ന്‌ ഇസ്‌ലാം പഠിപ്പിക്കുന്നില്ല എന്നതിനാല്‍ അജ്ഞേയതാവാദികള്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ഇസ്‌ലാമിന്റെ അധ്യാപനങ്ങളെ നിരാകരിക്കാന്‍ ഒരിക്കലും പര്യാപ്‌തമാകുന്നില്ല.

സ്‌ത്രീകള്‍ക്ക്‌ മാസമുറയുള്ളതുകൊണ്ടാണോ ബഹുഭാര്യാത്വം അനുവദിച്ചത്‌?

സ്‌ത്രീകളുടെ മാസമുറക്കാലത്ത്‌ ഭര്‍ത്താക്കന്മാര്‍ക്ക്‌ അവരുമായി ലൈംഗികബന്ധം നിഷിദ്ധമാക്കിയതുകൊണ്ടാണ്‌ ഇസ്ലാം ബഹുഭാര്യാത്വം അനുവദിച്ചിട്ടുള്ളതെന്നും അത്‌ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നുമുള്ള കാന്തപുരം മുസ്ലിയാരുടെ പ്രസ്‌താവനയെക്കുറിച്ച്‌ `മുസ്ലിം' എന്തുപറയുന്നു?


സുറൂര്‍ കോഴിക്കോട്‌


പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതുപോലെ തന്നെയാണ്‌ അദ്ദേഹം പറഞ്ഞതെങ്കില്‍ അത്‌ വിശുദ്ധ ഖുര്‍ആനിന്റെ പേരിലുള്ള വ്യാജാരോപണമാണെന്ന കാര്യത്തില്‍ സംശയമില്ല. ബഹുഭാര്യാത്വത്തെ മാസമുറയുമായി ബന്ധപ്പെടുത്തുന്ന യാതൊരു പരാമര്‍ശവും വിശുദ്ധ ഖുര്‍ആനിലോ പ്രാമാണികമായ നബിവചനങ്ങളിലോ ഇല്ല. ആര്‍ത്തവകാലത്ത്‌ സ്‌ത്രീകളില്‍ നിന്ന്‌ അകന്നുനില്‍ക്കണമെന്ന്‌, അഥവാ ലൈംഗികബന്ധം ഉപേക്ഷിക്കണമെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ (2:222) അനുശാസിച്ചിട്ടുണ്ട്‌. ഈ സൂക്തത്തിലോ അതിനടുത്ത സൂക്തങ്ങളിലോ ബഹുഭാര്യാത്വത്തെ സംബന്ധിച്ച്‌ പരാമര്‍ശിച്ചിട്ടേയില്ല.

4:3 സൂക്തത്തിലാണ്‌ ബഹുഭാര്യാത്വത്തെക്കുറിച്ച പരാമര്‍ശമുള്ളത്‌. അത്‌ ഇപ്രകാരമാണ്‌: ``അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക്‌ നീതിപാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്‌ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന രണ്ടോ മൂന്നോ നാലോ പേരെ വിവാഹംചെയ്‌തുകൊള്ളുക. എന്നാല്‍ (ഒന്നിലേറെ ഭാര്യമാര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹംചെയ്യുക). ഈ ഖുര്‍ആന്‍ സൂക്തം ബഹുഭാര്യാത്വത്തെ പ്രോത്സാഹിപ്പിക്കുകയോ നിരുപാധികം അനുവദിക്കുകയോ ചെയ്യുന്നില്ല. പ്രത്യുത, നീതിയില്‍ അധിഷ്‌ഠിതമാണെങ്കിലേ ബഹുഭാര്യാത്വം അനുവദനീയമാവുകയുള്ളൂവെന്ന്‌ വ്യക്തമാക്കുകയാണ്‌ ചെയ്യുന്നത്‌. ഈ സൂക്തത്തിലോ അടുത്ത സൂക്തങ്ങളിലോ മാസമുറയെ സംബന്ധിച്ച പരാമര്‍ശമേയില്ല.

ഖുര്‍ആനില്‍ നിഷ്‌കര്‍ഷിച്ച നീതി ബഹുഭാര്യമാര്‍ക്ക്‌ നിഷേധിക്കപ്പെടാതിരിക്കാന്‍ നിയമനിര്‍മാണത്തിലൂടെ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന കേരള ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ `മാസമുറ നിമിത്തം ഭോഗാവസരം നഷ്‌ടപ്പെടുന്ന പുരുഷനോട്‌ നീതിപുലര്‍ത്താനുള്ള മാര്‍ഗമാണ്‌ ബഹുഭാര്യാത്വം' എന്ന്‌ ജല്‌പിക്കുന്നത്‌ കോടതിയെ മാത്രമല്ല ഇസ്ലാമിനെയും അലക്ഷ്യമാക്കലാണ്‌. നാലു ഭാര്യമാര്‍ക്ക്‌ ഒന്നിച്ച്‌ മാസമുറയുണ്ടായാല്‍ എന്തുചെയ്യണമെന്ന്‌ മുസ്ലിയാന്മാര്‍ ഓതിയ ഏതെങ്കിലും കിതാബില്‍ ചര്‍ച്ചചെയ്‌തിട്ടുണ്ടോ എന്ന്‌ അന്വേഷിക്കുന്നത്‌ നന്നായിരിക്കും.

ഇഹ്‌റാമിന്റെ മുമ്പ്‌ സുന്നത്ത്‌ നമസ്‌കാരമോ?

ഇഹ്‌റാം ചെയ്യുന്നതിന്‌ മുമ്പ്‌ രണ്ട്‌ റക്‌അത്ത്‌ സുന്നത്ത്‌ നമസ്‌കാരം നിര്‍വഹിക്കേണ്ടതുണ്ടോ?


ഇബ്‌നുഅബ്‌ദില്ല മലപ്പുറം


ഇഹ്‌റാമിന്‌ പ്രത്യേക സുന്നത്ത്‌ നമസ്‌കാരമുണ്ടെന്ന്‌ നബിവചനങ്ങളില്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ നബി(സ) നിര്‍വഹിച്ച ഹജ്ജ്‌ എപ്രകാരമായിരുന്നു എന്ന്‌ വിവരിക്കുന്ന, ജാബിറില്‍(റ) നിന്ന്‌ മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍, നബി(സ) ദുല്‍ഹുലൈഫയിലെ (ഇപ്പോള്‍ അബ്‌യാര്‍ അലി എന്ന പേരിലാണ്‌ ഈ സ്ഥലം അറിയപ്പെടുന്നത്‌.) പള്ളിയില്‍ നമസ്‌കരിച്ചശേഷമാണ്‌ ഇഹ്‌റാമില്‍ പ്രവേശിച്ചതെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. പള്ളിയുടെ അടുത്ത്‌ നിന്നല്ലാതെ റസൂല്‍(സ) ഇഹ്‌റാമില്‍ പ്രവേശിച്ചിട്ടില്ല. അഥവാ ഹജ്ജിന്റെ പ്രഖ്യാപനം നടത്തിയിട്ടില്ല എന്ന്‌ ഇബ്‌നുഉമറില്‍(റ) നിന്ന്‌ ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ കാണാം. ഇഹ്‌റാമിന്‌ പ്രത്യേക സുന്നത്ത്‌ നമസ്‌കാരമുണ്ടെന്ന്‌ നബി(സ) അറിയിച്ചിട്ടില്ലാത്തതിനാല്‍ ഇഹ്‌റാമിന്‌ തൊട്ടുമുമ്പ്‌ അവിടുന്ന്‌ നിര്‍വഹിച്ചത്‌ ഫര്‍ദ്‌ നമസ്‌കാരമോ അതിന്‌ ശേഷമുള്ള സുന്നത്ത്‌ നമസ്‌കാരമോ ആയിരിക്കാനാണ്‌ സാധ്യത. ഇത്‌ പരിഗണിച്ച്‌ ഫര്‍ദോ മറ്റു തരത്തിലുള്ള ഏതെങ്കിലും സുന്നത്തോ ആയ നമസ്‌കാരം മീഖാത്തില്‍ നിന്ന്‌ നിര്‍വഹിച്ചശേഷം ഇഹ്‌റാമില്‍ പ്രവേശിക്കുന്നതാണ്‌ നബിചര്യയോട്‌ യോജിച്ച രീതി. പ്രമുഖ പണ്ഡിതന്മാരുടെ അഭിപ്രായവും ഇതത്രെ.

വനിതാഖത്വീബിന്‌ സാധുതയുണ്ടോ?

ആമിനാവദൂദ്‌ എന്ന സ്‌ത്രീ വീണ്ടും ജുമുഅക്ക്‌ നേതൃത്വംനല്‌കി വാര്‍ത്തയിലിടം പിടിച്ചിരിക്കുകയാണല്ലോ. പുരുഷന്മാരടക്കമുള്ളവര്‍ പള്ളിയില്‍ ഉണ്ടായിരിക്കെ ഒരു സ്‌ത്രീപണ്ഡിത ജുമുഅക്ക്‌ നേതൃത്വംനല്‌കുക എന്നത്‌ ഇസ്ലാമിക പരിപ്രേക്ഷ്യത്തില്‍ സാധുതയര്‍ഹിക്കുന്നതാണോ?

ജെ എ അരീക്കോട്‌


സത്യവിശ്വാസികളുടെ മാതാക്കള്‍ എന്ന്‌ വിളിച്ച്‌ മുസ്ലിം സമൂഹം മുഴുവന്‍ അംഗീകരിക്കുന്ന മഹതികളാണല്ലോ പ്രവാചകപത്‌നിമാര്‍. ഇവരില്‍ ചിലര്‍ നബി(സ)യുടെ കാലശേഷം വര്‍ഷങ്ങളോളം ജീവിച്ചിട്ടുണ്ട്‌. അതുപോലെ എല്ലാവരും ആദരിക്കുന്ന മഹതിയാണ്‌ പ്രവാചകപുത്രി ഫാത്വിമ(റ). അവരും തിരുമേനിയുടെ കാലശേഷം ജീവിച്ചിരുന്നിട്ടുണ്ട്‌. എന്നാല്‍ ഇവരെയൊന്നും സ്വഹാബികള്‍ ഇമാമുകളോ ഖത്വീബുമാരോ ആയി നിയോഗിച്ചിട്ടില്ല. ആ മഹതികളാരും ആ സ്ഥാനങ്ങള്‍ അവകാശപ്പെട്ടിട്ടുമില്ല. അവരും പ്രവാചകശിഷ്യന്മാരെല്ലാവരും ആ സ്ഥാനങ്ങള്‍ പുരുഷന്മാരാണ്‌ വഹിക്കേണ്ടത്‌ എന്ന നിലപാടുകാരായിരുന്നു എന്നത്രെ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. അക്കാലം മുതല്‍ സമീപകാലം വരെയും മുസ്ലിംലോകം തര്‍ക്കംകൂടാതെ അംഗീകരിച്ചുപോരുന്ന നിലപാടാണ്‌ പുരുഷന്മാര്‍ മാത്രം ഖത്വീബുമാരായിക്കൊണ്ട്‌ ജുമുഅ നമസ്‌കാരത്തിന്‌ നേതൃത്വംവഹിക്കുക എന്നത്‌. അതിന്‌ വിരുദ്ധമായ നിലപാട്‌ ഒരു കാരണത്താലും സാധൂകരിക്കപ്പെടാവുന്നതല്ല.

സൂര്യഗ്രഹണവും നമസ്‌കാരസമയവും

ഉച്ചക്ക്‌ ആരംഭിക്കുന്ന ഗ്രഹണം ഏകദേശം അസ്‌തമയസമയം വരെ നീളുകയാണെങ്കില്‍ രണ്ട്‌ റകഅത്തുള്ള ഗ്രഹണനമസ്‌കാരം ഗ്രഹണം ആരംഭിച്ചത്‌ മുതല്‍ ഗ്രഹണം അവസാനിക്കുന്നത്‌ വരെ നമസ്‌കരിക്കേണ്ടതുണ്ടോ? അതോ ഏകദേശം സൂര്യന്‍ അസ്‌തമിക്കുന്നതിന്റെ രണ്ട്‌ മണിക്കൂര്‍ മുമ്പ്‌ തുടങ്ങിയാല്‍ മതിയോ? ഏതായാലും നാല്‌ മണിക്കൂര്‍ തുടര്‍ച്ചയായി നില്‍ക്കാന്‍ ആളുകള്‍ക്ക്‌ സാധിച്ചെന്നുവരില്ല. എന്താണ്‌ ഇതിന്റെ വിധി? ഉച്ചയ്‌ക്ക്‌ ആരംഭിച്ച ഗ്രഹണം ഏകദേശം ആറ്‌ മണിവരെ നീളുകയാണെങ്കില്‍ അസ്വ്ര്‌ എപ്പോള്‍ നമസ്‌കരിക്കും?

വി പി സുബൈര്‍ തൃക്കളയൂര്‍


ഗ്രഹണം കഴിഞ്ഞ്‌ സൂര്യന്‍ തെളിയുന്നത്‌ വരെ നിങ്ങള്‍ നമസ്‌കരിക്കണം എന്ന്‌ നബി(സ) പറഞ്ഞതായി ജാബിറില്‍(റ) നിന്ന്‌ മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. നബി(സ)യുടെ ഗ്രഹണ നമസ്‌കാരം കഴിഞ്ഞപ്പോള്‍ സൂര്യന്‍ തെളിഞ്ഞിരുന്നു എന്ന്‌ പ്രബലമായ ഹദീസുകളില്‍ കാണുന്നുണ്ട്‌. എന്നാല്‍ ഉച്ചയ്‌ക്ക്‌ തുടങ്ങുകയും അസ്‌തമയത്തോടെ അവസാനിക്കുകയും ചെയ്യുന്ന ഗ്രഹണമാണെങ്കില്‍ ഒന്നുകില്‍ ദ്വുഹ്‌റിന്റെയും അസ്വ്‌റിന്റെയും സമയത്തിന്നിടയിലോ അല്ലെങ്കില്‍ അസ്വ്‌റിന്റെയും മഗ്രിബിന്റെയും സമയത്തിന്നിടയിലോ ഗ്രഹണനമസ്‌കാരം നിര്‍വഹിച്ചാല്‍ മതി. കാരണം, ഗ്രഹണനമസ്‌കാരം സുന്നത്താണ്‌ (ഐച്ഛികമാണ്‌). നിര്‍ബന്ധനമസ്‌കാരത്തിന്‌ ഭംഗം വരുത്തിക്കൊണ്ടോ അതിന്റെ സമയം തെറ്റിച്ചുകൊണ്ടോ സുന്നത്ത്‌ നമസ്‌കാരം നിര്‍വഹിക്കാവുന്നതല്ല. അസ്വ്‌റിന്‌ ശേഷമുള്ള സമയത്തെക്കാള്‍ സുന്നത്ത്‌ നമസ്‌കാരത്തിന്‌ അനുയോജ്യമായ സമയം ദ്വുഹ്‌റിനും അസ്വ്‌റിനും ഇടയിലാകുന്നു.

ഈ ജമാഅത്തില്‍പങ്കെടുക്കാത്തത്‌ തെറ്റാകുമോ?

എന്റെ വീടിനടത്തുള്ള പള്ളി നടത്തുന്നത്‌, ഓമാനൂര്‍ പോലുള്ള പള്ളികളില്‍ നേര്‍ച്ച വഴിപാടുകള്‍ നടത്തുന്നവരും ഖബ്‌റാളികളോട്‌ പ്രാര്‍ഥിക്കുന്നവരുമാണ്‌. ഇവരെ പിന്തുടര്‍ന്ന്‌ നമസ്‌കരിക്കാന്‍ പ്രയാസമുള്ളതുകൊണ്ട്‌ ഞാന്‍ ഈ പള്ളിയില്‍ ജമാഅത്തിന്‌ പങ്കെടുക്കാറില്ല. ഇത്‌ തെറ്റാകുമോ?

മുഹമ്മദ്‌കുട്ടി തിരൂര്‍ .


അല്ലാഹുവല്ലാത്തവരോട്‌ പ്രാര്‍ഥിക്കുന്ന ഇമാമിനെ തുടര്‍ന്ന്‌ നമസ്‌കരിക്കാതിരിക്കുന്നത്‌ കുറ്റകരമാവുകയില്ല. റസൂലി(സ)ന്റെയും സ്വഹാബികളുടെയും സച്ചരിതരായ മുന്‍ഗാമികളുടെയും (സലഫുസ്സാലിഹ്‌) കാലത്ത്‌ അല്ലാഹുവല്ലാത്തവരോട്‌ പ്രാര്‍ഥിക്കുന്ന ഇമാമുകള്‍ ഉണ്ടായിരുന്നില്ല. ഖുര്‍ആനില്‍ നിന്നും പ്രാമാണികമായ ഹദീസുകളില്‍ നിന്നും ഗ്രഹിക്കാവുന്നത്‌ യഥാര്‍ഥ ഏകദൈവവിശ്വാസികളും അല്ലാഹുവോട്‌ മാത്രം പ്രാര്‍ഥിക്കുന്നവരുമായ ഇമാമുകളുടെ നേതൃത്വത്തിലുള്ള ജമാഅത്തിന്റെ ശ്രേഷ്‌ഠതയാണ്‌. എന്നാല്‍ വീട്ടിലോ മറ്റെവിടെയെങ്കിലുമോ അല്ലാഹുവോട്‌ മാത്രം പ്രാര്‍ഥിക്കുന്നവരുടെ ജമാഅത്ത്‌ നമസ്‌കാരം നടത്താന്‍ സൗകര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്യേണ്ടതാണ്‌.

ദുഃഖാചരണമോ ഹജ്ജ്‌ യാത്രയോ?

എന്റെ സഹോദരിയും ഭര്‍ത്താവും ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ്‌കര്‍മത്തിന്‌ പുറപ്പെടാന്‍ നിശ്ചയിച്ചിരുന്നു. വിസയും മറ്റു യാത്രാ സൗകര്യങ്ങളുമെല്ലാം ശരിയാക്കി, ഹജ്ജിന്‌ മാനസികമായും തയ്യാറെടുത്തിരുന്നു. എന്നാല്‍ പെട്ടെന്ന്‌, സഹോദരിയുടെ ഭര്‍ത്താവ്‌ ഹൃദയസ്‌തംഭനംമൂലം മരണപ്പെട്ടു. ഈ സാഹചര്യത്തില്‍ എന്റെ സഹോദരിക്ക്‌ ഇദ്ദഃയാചരിക്കുകയാണോ, ഹജ്ജിന്‌ പുറപ്പെടുകയാണോ ഉത്തമമായിട്ടുള്ളത്‌?

എം അബ്‌ദുര്‍റഹ്മാന്‍, പാലക്കാട്‌ .


ഇത്തരമൊരു സന്ദര്‍ഭത്തില്‍ എന്തു ചെയ്യണമെന്ന്‌ നബി(സ) പ്രത്യേകം വിധി നല്‌കിയതായി പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. അതിനാല്‍ ഇത്‌ വീക്ഷണവ്യത്യാസത്തിന്‌ സാധ്യതയുള്ള വിഷയമാണ്‌. ഇദ്ദഃ കാലമായ നാലുമാസവും പത്തുദിവസവും ദുഃഖമാചരിക്കല്‍ ഭര്‍ത്താവ്‌ മരിച്ചതിനെത്തുടര്‍ന്നുള്ള കാലത്ത്‌ തന്നെ ചെയ്യേണ്ടതാണ്‌. അത്‌ മറ്റൊരു സന്ദര്‍ഭത്തിലേക്ക്‌ നീട്ടിവെക്കാവുന്നതല്ല. എന്നാല്‍ ഹജ്ജ്‌ ജീവിതത്തിലൊരിക്കല്‍ സൗകര്യങ്ങള്‍ ഒത്തുവരുമ്പോള്‍ മാത്രമേ നിര്‍ബന്ധമായി നിര്‍വഹിക്കേണ്ടതുള്ളൂ. അതിനാല്‍ യഥാസമയം നിര്‍വഹിക്കേണ്ട ദുഃഖാചരണത്തിന്‌ മുന്‍ഗണന നല്‌കുകയും ഹജ്ജിന്‌ അടുത്തവര്‍ഷം ഏതെങ്കിലും ഉറ്റബന്ധുവിന്റെ കൂടെ പോവുകയുമായിരിക്കും നല്ലത്‌.

മയ്യിത്തിനെ അനുഗമിക്കലെങ്ങനെ?മയ്യിത്തിനെ അനുഗമിക്കുന്നവര്‍ മയ്യിത്തിന്റെ മുന്നിലാണ്‌ പോകേണ്ടതെന്ന്‌ ഒരു പ്രഭാഷണത്തില്‍ കേള്‍ക്കാനിടയായി. യഥാര്‍ഥ നബിചര്യയെന്താണ്‌?ടി എം അബ്‌ദുല്‍കരീം ഇടുക്കി.
ഈ വിഷയകമായി വ്യത്യസ്‌തമായ നിലയില്‍ ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. മുഗീറത്തുബ്‌നു ശുഅ്‌ബയില്‍(റ) നിന്ന്‌ അഹ്മദ്‌, അബൂദാവൂദ്‌ എന്നിവര്‍ ഉദ്ധരിച്ച ഹദീസില്‍ ഇപ്രകാരം കാണാം. നബി(സ) പറഞ്ഞു: ``വാഹനത്തില്‍ സഞ്ചരിക്കുന്നവന്‍ ജനാസയുടെ പിന്നിലാണ്‌ പോകേണ്ടത്‌. നടന്നുപോകുന്നവന്‍ അതിന്റെ മുമ്പില്‍ അതിനോടടുത്തോ അതിന്റെ വലതുഭാഗത്തോ ഇടതുഭാഗത്തോ ആയിരിക്കണം.'' നബി(സ)യും ഖലീഫമാരായ അബൂബക്കറും ഉമറും(റ) ജനാസയുടെ മുമ്പില്‍ നടക്കുന്നതായി താന്‍ കണ്ടുവെന്ന്‌ ഇബ്‌നു ഉമര്‍(റ) പറഞ്ഞത്‌ പ്രമുഖ ഹദീസ്‌ ഗ്രന്ഥകാരന്മാര്‍ ഉദ്ധരിച്ചിട്ടുണ്ട്‌. ഈ ഹദീസുകളുടെ അടിസ്ഥാനത്തില്‍ ജനാസയോടൊപ്പം പോകുന്നവര്‍ മുമ്പില്‍ നടക്കുന്നതാണ്‌ സുന്നത്ത്‌ എന്നത്രെ സ്വഹാബികളില്‍ പലരും മദ്‌ഹബ്‌ ഇമാമുകളായ മാലിക്‌, ശാഫിഈ, അഹ്മദ്‌ എന്നിവരും അഭിപ്രായപ്പെട്ടത്‌.

എന്നാല്‍ ഇമാം അബൂഹനീഫയുടെയും സുഫ്യാനുസ്സൗരിയുടെയും മറ്റും അഭിപ്രായം ജനാസയുടെ പിന്നില്‍ നടക്കലാണ്‌ സുന്നത്ത്‌ എന്നത്രെ. നബി(സ) ചിലരുടെ ജനാസയെ പിന്തുടര്‍ന്നത്‌ സംബന്ധിച്ചും, ജനാസയെ പിന്തുടരുന്നവര്‍ പാലിക്കേണ്ട മര്യാദകളെപ്പറ്റി തിരുമേനി നല്‌കിയ വിശദീകരണങ്ങള്‍ സംബന്ധിച്ചുമുള്ള ഹദീസുകളാണ്‌ ഈ അഭിപ്രായക്കാര്‍ക്കുള്ള തെളിവ്‌. ജനാസയുടെ പിന്നില്‍ നടക്കേണ്ടത്‌ എപ്രകാരമാണെന്ന്‌ ഞങ്ങള്‍ ചോദിച്ചപ്പോള്‍ വലിയ വേഗത്തിലല്ലാതെ നടക്കൂ എന്ന്‌ നബി(സ) മറുപടി പറഞ്ഞുവെന്ന്‌ ഇബ്‌നു മസ്‌ഊദില്‍(റ) നിന്ന്‌ തിര്‍മിദിയും അബൂദാവൂദും ഉദ്ധരിച്ചിട്ടുണ്ട്‌. ജനാസയുടെ പിന്നിലല്ല നടക്കേണ്ടതെന്ന്‌ നബി അവരോട്‌ പറഞ്ഞില്ല എന്നതില്‍ നിന്ന്‌ പിന്നില്‍ നടക്കുന്നത്‌ അനുവദനീയമാണെന്ന്‌ വ്യക്തമാണ്‌. വാഹനത്തിലേറിയവന്‍ ജനാസയുടെ പിന്നില്‍ തന്നെയാണ്‌ പോകേണ്ടത്‌. ഈ കാര്യത്തില്‍ പ്രമുഖ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല.

ഹജ്ജ്‌ സല്‌ക്കാരം


ചില പ്രദേശങ്ങളില്‍ ഹജ്ജിനു പോകുന്നവര്‍ തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച്‌ ഭക്ഷണം നല്‌കുന്നു. ഇതിന്‌ `യാത്രാച്ചോറ്‌' എന്ന പേരാണ്‌ പറയുന്നത്‌. ഇത്തരം ഒരു സമ്പ്രദായം നബി(സ)യുടെ ചര്യയില്‍ കാണുന്നുണ്ടോ? ഇല്ലെങ്കില്‍ ഇത്‌ ഒരു ബിദ്‌അത്തല്ലേ?

അബൂആദില ഇഹ്‌സാന, കോഴിക്കോട്‌


ഹജ്ജിനു പോകുന്നവര്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ച്‌ സല്‌ക്കാരം നടത്തണമെന്ന്‌ അല്ലാഹുവോ റസൂലോ(സ) നിര്‍ദേശിച്ചിട്ടില്ല. അതുകൊണ്ട്‌ ഒരു മതാചാരം എന്ന നിലയില്‍ അങ്ങനെയൊരു സല്‌ക്കാരം നടത്താവുന്നതല്ല. ഒരു പ്രത്യേക മാതാചാരം എന്ന നിലയിലല്ലാതെ ഒരാള്‍ ആരെയെങ്കിലും വീട്ടിലേക്ക്‌ വിളിച്ച്‌ സല്‌ക്കരിക്കുകയാണെങ്കില്‍ അത്‌ ആചാരവല്‌കരണത്തിന്‌ വഴിവെക്കാത്ത വിധത്തിലാണെങ്കില്‍ നിഷിദ്ധമാവുകയില്ല. പക്ഷെ, ഹജ്ജിന്‌ പോകുന്നവരെല്ലാം ഇങ്ങനെയൊരു സല്‌ക്കാരം നടത്തുമ്പോള്‍ അത്‌ പ്രധാനപ്പെട്ട ഒരു മാതാചാരമാണെന്ന ധാരണ സമൂഹത്തില്‍ സാര്‍വത്രികമാകും. അതിനാല്‍ അനാചാരങ്ങള്‍ക്കെതിരായ പ്രതിബദ്ധത പുലര്‍ത്തുന്നവരൊക്കെ ഇത്തരം സല്‍ക്കാരം ഒഴിവാക്കുകയാണ്‌ വേണ്ടത്‌.

Followers -NetworkedBlogs-

Followers