ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label ബാങ്ക്‌ വിളി. Show all posts
Showing posts with label ബാങ്ക്‌ വിളി. Show all posts

കുഞ്ഞിന്റെ ചെവിയില്‍ ബാങ്ക്‌ കൊടുക്കുന്നത്‌ സുന്നത്തല്ലേ?

കുഞ്ഞ്‌ ജനിച്ചാല്‍ ചെവിയില്‍ ബാങ്ക്‌ കൊടുക്കുന്നത്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനം അംഗീകരിച്ച ഒരു സുന്നത്തായിട്ടാണ്‌ ഇതുവരെ മനസ്സിലാക്കിയിരുന്നത്‌. എന്നാല്‍ ഈയിടെ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ലേബലില്‍ ഒരു പണ്ഡിതന്‍, അതിനെപ്പറ്റി വന്ന ഹദീസുകളെല്ലാം ദുര്‍ബലമാണെന്നും അങ്ങനെ ഒരു സുന്നത്തില്ലെന്നും പറയുകയുണ്ടായി. കുഞ്ഞ്‌ ജനിച്ചാല്‍ ചെവിയില്‍ ബാങ്ക്‌ കൊടുക്കുന്നതിന്റെ വിധി എന്താണ്‌?
ശാസ്‌ത്രീയ സിദ്ധാന്തങ്ങളും കണ്ടുപിടുത്തങ്ങളും പോലെ ഹദീസുകളിലും പുതിയ പുതിയ കണ്ടെത്തലുകള്‍ ഉണ്ടാകുമോ? അങ്ങനെ കണ്ടെത്തുമ്പോള്‍ ഭാവിയില്‍ ഇനിയും സുന്നത്തുകളില്‍ മാറ്റത്തിരുത്തലുകള്‍ ഉണ്ടാകുമോ? ഇതുവരെ സുന്നത്താണെന്ന്‌ പറഞ്ഞിരുന്ന ഒരു കാര്യം മറ്റൊരിക്കല്‍ ഹദീസ്‌ ദുര്‍ബലമാണെന്ന്‌ പറയുന്നത്‌ ഏത്‌ പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും?
അബൂഅയ്‌മന്‍ കുമരനല്ലൂര്‍
ചില ഹദീസുകളുടെ പ്രാമാണികത സംബന്ധിച്ച്‌ പൂര്‍വികരായ പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ടായിട്ടുണ്ട്‌. ഹദീസ്‌ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ ഇതിന്‌ ധാരാളം ഉദാഹരണങ്ങള്‍ കാണാം. റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയിലെ ഒന്നോ രണ്ടോ പേരുടെ വിശ്വസ്‌തത സംബന്ധിച്ച സംശയമായിരിക്കും ഇതിനു കാരണം. ചില ഹദീസുകള്‍ക്ക്‌ ഒന്നിലേറെ പരമ്പരകളുണ്ടായിരിക്കും. അതിലൊന്ന്‌ പ്രബലവും മറ്റൊന്നു ദുര്‍ബലവുമായെന്ന്‌ വരാം. ഒരു പരമ്പര മാത്രമുള്ളത്‌ തന്നെ ഒരു പണ്ഡിതന്റെ വീക്ഷണത്തില്‍ പ്രബലവും മറ്റൊരാളുടെ വീക്ഷണത്തില്‍ ദുര്‍ബലവും ആകാനിടയുണ്ട്‌.
തന്റെ പൗത്രന്‍ ഹുസൈന്‍(റ) ജനിച്ചപ്പോള്‍ റസൂല്‍(സ) ചെവിയില്‍ ബാങ്ക്‌ വിളിക്കുന്നത്‌ കണ്ടുവെന്ന്‌ അബൂറാഫിഇല്‍ നിന്ന്‌ ഇമാം അഹ്‌മദ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. `പൗത്രന്‍ ഹസന്‍ ജനിച്ചപ്പോള്‍' എന്നാണ്‌ അബൂദാവൂദിന്റെയും തിര്‍മിദിയുടെയും റിപ്പോര്‍ട്ടില്‍. ഇത്‌ സഹീഹാണെന്ന്‌ തിര്‍മിദി പറഞ്ഞുവെന്ന്‌ ശൗക്കാനി രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ ആധുനിക ഹദീസ്‌ പണ്ഡിതന്‍ നാസിറുദ്ദീന്‍ അല്‍ബാനിയുടെ വീക്ഷണത്തില്‍ ഇതിന്റെ പരമ്പര സഹീഹ്‌ എന്ന്‌ വിശേഷിപ്പിക്കാന്‍ അര്‍ഹമല്ല. അല്‍ബാനിയുടെ അഭിപ്രായത്തിന്‌ മുന്‍ഗണന നല്‌കുന്നവരായിരിക്കും ഈ ബാങ്ക്‌ സുന്നത്തല്ലെന്ന്‌ പറയുന്നത്‌. അഹ്‌മദ്‌, അബൂദാവൂദ്‌, തിര്‍മിദി എന്നിവര്‍ക്ക്‌ പുറമെ ഹാകിം, ബൈഹഖി എന്നിവര്‍ കൂടി അബൂറാഫിഇന്റെ ഹദീസ്‌ ഉദ്ധരിച്ചിട്ടുള്ളതിനാല്‍ ഇത്‌ ബിദ്‌അത്താണെന്ന്‌ പറയാവുന്നതല്ലെന്നാണ്‌ `മുസ്‌ലിം' കരുതുന്നത്‌.

സുബ്‌ഹിന്റെ ബാങ്ക്‌


സുബ്‌ഹിന്റെ ബാങ്കില്‍ `അസ്സലാതു ഖൈറുന്‍ മിനന്നൗം' എന്ന്‌ പറയുന്നത്‌ ബിദ്‌അത്താണെന്ന ഒരു വാദം ഈയിടെ കേള്‍ക്കാനിടയായി. ഇങ്ങനെ ചൊല്ലുന്നതിന്‌ വ്യക്തമായ തെളിവില്ലെന്നും സുബ്‌ഹിന്‌ രണ്ട്‌ ബാങ്ക്‌ ഉണ്ടെന്നും ഒന്നാമത്തെ ബാങ്കിലാണ്‌ ഇത്‌ പറയേണ്ടത്‌ എന്നും വാദമുണ്ട്‌. നാല്‌ ഖലീഫമാരുടെ കാലത്തും ശേഷവും നാമിപ്പോള്‍ ചെയ്യുന്നതുപോലെയല്ലേ നടന്നിരുന്നത്‌. ഇതിന്‌ സുന്നത്തില്‍ തെളിവില്ലേ?


അജ്‌മല്‍ഖാന്‍ (നിലമ്പൂര്‍)


സുബ്‌ഹിന്റെ ബാങ്കില്‍ `അസ്സ്വലാതു ഖൈറുന്‍ മിനന്നൗം' എന്ന്‌ പറയുന്നത്‌ സംബന്ധിച്ച്‌ പല നിവേദക പരമ്പരകളിലൂടെ ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. ചില പരമ്പരകളില്‍ വിമര്‍ശന വിധേയരോ അജ്ഞാതരോ ആയ ചില റിപ്പോര്‍ട്ടര്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും മറ്റു ചില പരമ്പരകള്‍ അന്യൂനമാണെന്ന്‌ പൂര്‍വികരായ ഹദീസ്‌ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. സുബ്‌ഹിന്റെ ബാങ്കില്‍ `ഹയ്യ അലല്‍ ഫലാഹ്‌' എന്ന വാക്കിനുശേഷം `അസ്സ്വലാതു ഖൈറുന്‍ മിനന്നൗം' എന്ന്‌ പറയണമെന്ന്‌ റസൂല്‍(സ) തന്നെ പഠിപ്പിച്ചുവെന്ന്‌ അബൂമഹ്‌ദൂറ(റ)യില്‍ നിന്ന്‌ അബൂദാവൂദും നസാഇയും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതിന്റെ ഒരു പരമ്പരയ്‌ക്ക്‌ ചില ന്യൂനതകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെങ്കിലും മറ്റു രണ്ടു പരമ്പരകള്‍ അന്യൂനമാണെന്ന്‌ ഇബ്‌നുഖുസൈമ വ്യക്തമാക്കിയിട്ടുണ്ട്‌.



ബാങ്ക്‌ വിളിയില്‍ `ഹയ്യ അലല്‍ ഫലാഹ്‌' എന്ന വാക്കിന്‌ ശേഷം `അസ്സ്വലാതു ഖൈറുന്‍....' രണ്ടു തവണ പറയാറുണ്ടായിരുന്നുവെന്ന്‌ ഇബ്‌നു ഉമറില്‍(റ) നിന്ന്‌ മെച്ചപ്പെട്ട പരമ്പരയോടെ ത്വബ്‌റാനിയും ബൈഹക്വിയും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതിന്റെ പരമ്പര അന്യൂനമാണെന്ന്‌ യഅ്‌മുരി വ്യക്തമാക്കിയിട്ടുണ്ട്‌. സുബ്‌ഹിന്റെ ബാങ്കില്‍ `ഹയ്യ അലല്‍ ഫലാഹ്‌' എന്ന വാക്കിന്‌ ശേഷം `അസ്സലാതു ഖൈറുന്‍...' പറയല്‍ നബിചര്യയില്‍ പെട്ടതാണെന്ന്‌ അനസ്‌(റ) പറഞ്ഞതായി ഇബ്‌നു ഖുസൈമ, ദാറക്വുത്വ്‌നി, ബൈഹക്വി എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അതിന്റെ നിവേദകപരമ്പര അന്യൂനമാണെന്ന്‌ യഅ്‌മൂരി വ്യക്തമാക്കിയിരിക്കുന്നു. പൂര്‍വിക പണ്ഡിതന്മാരില്‍ ഒട്ടേറെ പേര്‍ സുബ്‌ഹ്‌ ബാങ്കില്‍ `അസ്സ്വലാതു ഖൈറുന്‍ മിനന്നൗം' എന്ന പറയുന്നത്‌ സുന്നത്താണെന്ന്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഹനഫികളും ശീഅകളും ഇത്‌ അനാചാരമായിട്ടാണ്‌ ഗണിക്കുന്നതെന്ന്‌ പറയപ്പെടുന്നു. ഇമാം ശാഫിഈയുടെ ജദീദായ (പുതിയ) അഭിപ്രായപ്രകാരം ഇത്‌ `മക്‌റൂഹ്‌' (അനഭിലഷണീയം) ആണെന്ന്‌ ശൗക്കാനി നൈലുല്‍ ഔത്വാറില്‍ (പേജ്‌ 277) രേഖപ്പെടുത്തിയിരിക്കുന്നു. ഇത്‌ സുബ്‌ഹിന്റെ ആദ്യബാങ്കില്‍ മാത്രം നിര്‍ദേശിക്കപ്പെട്ടതാണെന്ന്‌ വ്യക്തമാക്കുന്ന തെളിവൊന്നും കണ്ടിട്ടില്ല.

കുട്ടിയുടെ ചെവിയിലെ ബാങ്ക്‌ നിര്‍ബന്ധമാണോ?


ഒരു കുട്ടിയുടെ ജനനസമയത്ത്‌ ചെവിയില്‍ ബാങ്ക്‌ കേള്‍പ്പിക്കുന്നത്‌ നിര്‍ബന്ധമാണോ? ഇതു ചെയ്യുന്നതുകൊണ്ടാണ്‌ മയ്യിത്ത്‌ നമസ്‌കാരത്തിന്‌ ബാങ്ക്‌ ഇല്ലാത്തത്‌ എന്ന്‌ ഒരു പുസ്‌തകത്തില്‍ കാണാനിടയായി. ഇതില്‍ വസ്‌തുതയുണ്ടോ?
നജീബുദ്ദീന്‍, പൂങ്ങോട്‌

നവജാത ശിശുവിന്റെ ചെവിയില്‍ ബാങ്ക്‌ വിളിക്കല്‍ നിര്‍ബന്ധമല്ല. ഒരു ഹദീസിന്റെ അടിസ്ഥാനത്തില്‍ അത്‌ സുന്നത്താണെന്ന്‌ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. മയ്യിത്ത്‌ നമസ്‌കാരത്തിന്റെ വിഷയവും ഈ ബാങ്കുമായി യാതൊരു ബന്ധവുമില്ല. അഞ്ച്‌ നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങളില്‍ ഓരോന്നിന്റെയും സമയമായെന്ന്‌ അറിയിക്കാനുള്ളതാണ്‌ ബാങ്ക്‌. മയ്യിത്ത്‌ നമസ്‌കാരം ഒരു നിശ്ചിത സമയത്ത്‌ നിര്‍വഹിക്കാനുള്ളതല്ല എന്നതുകൊണ്ടാണ്‌ അതിനു വേണ്ടി ബാങ്കുവിളിക്കാന്‍ നിര്‍ദേശിക്കപ്പെടാത്തത്‌.


എല്ലാ ബാങ്കിനും `പ്രതികരിക്ക'ണമോ?

ബാങ്ക്‌ വിളിക്കുമ്പോള്‍ ശ്രോതാക്കള്‍ അതിന്നനുസരിച്ച്‌ പ്രതികരിക്കേണ്ടതുണ്ട്‌. അതിന്റെ രീതി റസൂല്‍(സ) പഠിപ്പിച്ചുതന്നിട്ടുമുണ്ട്‌. എന്നാല്‍ മിനിട്ടുകളുടെ വ്യത്യാസത്തിലാണ്‌ ഇന്ന്‌ വിവിധ പള്ളികളില്‍ നിന്ന്‌ ബാങ്ക്‌ കേള്‍ക്കുന്നത്‌. കേള്‍ക്കുന്ന ബാങ്കുകള്‍ക്കെല്ലാം പ്രതികരിക്കേണ്ടതുണ്ടോ?
കെ പി അബൂബക്കര്‍, മുത്തനൂര്‍

നബി(സ)യുടെ കാലത്ത്‌ ഒന്നിലേറെ ബാങ്ക്‌ കേള്‍ക്കുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌ ഈ വിഷയത്തെക്കുറിച്ച്‌ അദ്ദേഹം യാതൊന്നും പറഞ്ഞിട്ടില്ല. മൈക്ക്‌ വ്യാപകമായ ശേഷമാണ്‌ കുറച്ചൊക്കെ വ്യക്തമായും കുറെ അവ്യക്തമായും അനേകം ബാങ്കുവിളികള്‍ കേള്‍ക്കാന്‍ ഇടയാകുന്ന സാഹചര്യമുണ്ടായത്‌. അതിനാല്‍ കേള്‍ക്കുന്ന ബാങ്കിന്റെ വചനങ്ങളെല്ലാം ഏറ്റുപറയല്‍ നബിചര്യയാണെന്ന്‌ ഉറപ്പിച്ചുപറയാന്‍ തെളിവില്ല. വ്യക്തമായ നിലയില്‍ ആദ്യമായി കേള്‍ക്കുന്ന ബാങ്കിന്റെ വചനങ്ങള്‍ ഏറ്റുപറയേണ്ടതാണ്‌. പിന്നീട്‌ കേള്‍ക്കുന്നതും ഏറ്റുപറയുന്നതില്‍ കുഴപ്പമില്ല. ബാങ്ക്‌ കേള്‍ക്കുന്നവന്‍ ചൊല്ലേണ്ട എല്ലാ വാക്യങ്ങളും ഉത്തമമായ ദിക്‌റുകളാണല്ലോ. എന്നാലും ആവര്‍ത്തിച്ചു കേള്‍ക്കുന്ന ബാങ്കുകളുടെ കാര്യത്തിലെല്ലാം ഇത്‌ സുന്നത്താണെന്ന്‌ പറയാവുന്നതല്ല.

ബാങ്കും ഖുത്വ്‌ബയും തഹിയ്യത്ത്‌ നമസ്‌കാരവും


വെള്ളിയാഴ്‌ച ദിവസം ബാങ്ക്‌ കൊടുക്കുമ്പോള്‍ പള്ളിയില്‍ പ്രവേശിക്കുന്ന ഒരാള്‍ ബാങ്കിന്‌ ഉത്തരം നല്‌കാന്‍ കാത്തുനില്‌ക്കേണ്ടതില്ല. മറിച്ച്‌ അവന്‍ രണ്ട്‌ റക്‌അത്ത്‌ നമസ്‌കരിച്ചശേഷം ഖുത്വ്‌ബ ആദ്യം മുതല്‍ ശ്രവിക്കുന്നതിനാണ്‌ പ്രാമുഖ്യം നല്‌കേണ്ടത്‌ എന്ന്‌ ഒരു ജുമുഅ ഖുത്വ്‌ബയില്‍ കേള്‍ക്കാനിടയായി. ബാങ്കിന്‌ ഉത്തരം നല്‌കുമ്പോള്‍ ലഭ്യമാകുന്ന പുണ്യം ഇതിനാല്‍ നഷ്‌ടപ്പെടുകയില്ലേ?
അംദാന്‍ നൗഫല്‍ എറവറാംകുന്ന്‌

ജുമുഅയ്‌ക്ക്‌ ബാങ്ക്‌വിളിക്കുന്ന സമയത്ത്‌ പള്ളിയില്‍ പ്രവേശിക്കുന്ന വ്യക്തി ബാങ്ക്‌ വിളി പൂര്‍ത്തിയാകുന്നതിന്‌ മുമ്പുതന്നെ തഹിയ്യത്ത്‌ നമസ്‌കാരം തുടങ്ങണമെന്ന്‌ നബി(സ) നിര്‍ദേശിച്ചതായി പ്രബലമായ ഹദീസിലൊന്നും കാണുന്നില്ല. അതിനാല്‍ ഇത്‌ വീക്ഷണവ്യത്യാസത്തിന്‌ സാധ്യതയുള്ള വിഷയമാണ്‌. മൂന്നു കാര്യങ്ങളില്‍ പൊതു നിര്‍ദേശമുള്ളതായി പ്രബലമായ ഹദീസുകളില്‍ കാണാം. ഒന്ന്‌, ബാങ്ക്‌ കേള്‍ക്കുന്നവന്‍ ബാങ്കിന്റെ അതേ വാക്കുകള്‍ ഏറ്റുപറയണമെന്ന്‌ നബി(സ) കല്‌പിച്ചിട്ടുണ്ട്‌. രണ്ട്‌, പള്ളിയില്‍ പ്രവേശിക്കുന്ന ആള്‍ രണ്ടു റക്‌അത്ത്‌ നമസ്‌കരിച്ചിട്ടേ അവിടെ ഇരിക്കാവൂ എന്ന്‌ നബി(സ) നിര്‍ദേശിച്ചിട്ടുണ്ട്‌. മൂന്ന്‌, ഖുത്വ്‌ബക്കിടയില്‍ പള്ളിയില്‍ കടന്നുവന്ന സുലൈക്‌ അല്‍ ഗത്‌ഫാനി എന്ന സ്വഹാബിയോട്‌ തല്‍സമയം രണ്ടു റക്‌അത്ത്‌ നമസ്‌കരിക്കാന്‍ നബി(സ) കല്‌പിച്ചിട്ടുണ്ട്‌.

ബാങ്കിന്റെ വാക്കുകള്‍ ഏറ്റുപറയല്‍, ഖുത്വ്‌ബ ശ്രദ്ധിച്ചു കേള്‍ക്കല്‍, തഹിയ്യത്ത്‌ നമസ്‌കാരം എന്നീ മൂന്നു കാര്യങ്ങളും നബിചര്യയില്‍ തെളിവുള്ള പുണ്യകര്‍മങ്ങളായിരിക്കെ അവയില്‍ ഏതിന്‌ മുന്‍ഗണന നല്‌കണമെന്ന്‌ പറയുന്നതിന്‌ അനിഷേധ്യമായ തെളിവിന്റെയൊന്നും പിന്‍ബലമില്ല. ഖുത്വ്‌ബ ശ്രദ്ധിച്ചു കേള്‍ക്കല്‍ വളരെ പ്രധാനമാണെങ്കിലും ഖുത്വ്‌ബ നടക്കുമ്പോള്‍ തന്നെ രണ്ടു റക്‌അത്ത്‌ (തഹിയ്യത്ത്‌) നമസ്‌കരിക്കാന്‍ സുലൈക്‌ എന്ന സ്വഹാബിയോട്‌ നബി(സ) നിര്‍ദേശിച്ചതില്‍ നിന്ന്‌ മനസ്സിലാക്കാവുന്നത്‌ ഖുത്വ്‌ബ ആദ്യാവസാനം പൂര്‍ണമായി കേള്‍ക്കുക എന്നതിനു വേണ്ടി ലഘുവായ രണ്ടു റക്‌അത്ത്‌ നമസ്‌കാരം ഒഴിവാക്കാവുന്നതല്ല എന്നാണല്ലോ. നമസ്‌കാരത്തിന്റെ പ്രധാന ഘടകങ്ങള്‍ ഖുര്‍ആന്‍ പാരായണവും ദിക്‌റുകളുമാണ്‌. അതുപോലെ പ്രധാനപ്പെട്ട ദിക്‌റുകളാണ്‌ ബാങ്ക്‌ കേള്‍ക്കുമ്പോള്‍ ഏറ്റുപറയേണ്ട വാക്യങ്ങള്‍. ഖുത്വ്‌ബ മുഴുവന്‍ ശ്രദ്ധിക്കാന്‍ വേണ്ടി ആ ദിക്‌റുകള്‍ ഒഴിവാക്കണമെന്ന്‌ പറയുന്നത്‌ ശരിയാണോ എന്ന്‌ സംശയമാണ്‌. ബാങ്കുവിളി നടക്കുമ്പോള്‍ നബി(സ)യോ സ്വഹാബികളോ ഏതെങ്കിലും നമസ്‌കാരത്തില്‍ പ്രവേശിച്ചതായി ഹദീസുകളില്‍ കാണാന്‍ കഴിയുന്നില്ല എന്ന വസ്‌തുതയും ഇതോടൊപ്പം പരിഗണിക്കേണ്ടതാണ്‌.
 

മൈക്കില്‍ ബാങ്ക്‌ വിളിക്കുമ്പോള്‍

ബാങ്ക്‌ വിളിക്കുമ്പോള്‍ `ഹയ്യ അലസ്സലാത്ത്‌' എന്ന്‌ പറയുമ്പോള്‍ വലത്തോട്ടും `ഹയ്യഅലല്‍ഫലാഹ്‌' എന്ന്‌ പറയുമ്പോള്‍ ഇടത്തോട്ടും തിരിയണമെന്ന്‌ നിര്‍ദേശമുണ്ട്‌. കൂടുതല്‍ ആളുകള്‍ ബാങ്ക്‌ കേള്‍ക്കാന്‍ വേണ്ടി നബി(സ) നിര്‍ദേശിച്ചതാണല്ലോ ഇങ്ങനെ. ഇന്ന്‌ മൈക്കിലൂടെയാണ്‌ ബാങ്ക്‌ വിളിക്കുതെന്നിരിക്കെ വലത്തോട്ടും ഇടത്തോട്ടും തിരിയേണ്ടതുണ്ടോ?
കെ പി അബൂബക്കര്‍,
മുത്തനൂര്‍.

ബാങ്കില്‍ ഹയ്യഅലല്‍... പറയുമ്പോള്‍ വലത്തോട്ടും ഇടത്തോട്ടും തിരിയണമെന്ന്‌ നബി(സ) നിര്‍ദേശിച്ചുവെന്ന്‌ പ്രാമാണികമായ ഹദീസില്‍ വ്യക്തമാക്കപ്പെട്ടിട്ടില്ല. ബിലാല്‍(റ) ബാങ്ക്‌ വിളിക്കുമ്പോള്‍ അപ്രകാരം ചെയ്യാറുണ്ടായിരുന്നുവെന്നാണ്‌ ഹദീസ്‌ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. നബി(സ) ബിലാലിനോട്‌ അങ്ങനെ നിര്‍ദേശിച്ചിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നേ പറയാനൊക്കൂ. അങ്ങനെ ഇരുവശത്തേക്കും തിരിയുന്നതുകൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കപ്പെട്ടതെന്ന്‌ ഉറപ്പിച്ചുപറയാന്‍ തെളിവൊന്നും ലഭ്യമല്ല. ഇടത്തും വലത്തുമുള്ള ആളുകളെക്കൂടി കേള്‍പിക്കുക എന്ന ഉദ്ദേശമുണ്ടാകാം. `നമസ്‌കാരത്തിലേക്ക്‌ വരൂ, വിജയത്തിലേക്ക്‌ വരൂ' എന്ന്‌ പറയുമ്പോള്‍ മുമ്പിലുള്ള ആളുകളെ മാത്രമല്ല, ഇടതും വലതും ഭാഗങ്ങളിലുള്ളവരെയും ഉദ്ദേശിക്കുന്നുണ്ടെന്ന്‌ ഭാവത്തിലൂടെ സൂചിപ്പിക്കുക എന്നതും ഉദ്ദേശമാകാം. അതിനാല്‍ മൈക്കിലൂടെ ബാങ്ക്‌ വിളിക്കുന്ന ആള്‍ വലത്തോട്ടും ഇടത്തോട്ടും തിരിയേണ്ട ആവശ്യമില്ലെന്ന്‌ ഉറപ്പിച്ചുപറയാവുന്നതല്ല.

Followers -NetworkedBlogs-

Followers