ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

മഗ്‌രിബിന്റെ സുന്നത്തും ജമാആത്തും


കേരളത്തിലെ ഏതാണ്ടെല്ലാ പള്ളികളിലും മഗ്‌രിബ്‌ നമസ്‌കാരത്തിന്‌ ബാങ്കുവിളിച്ചാലുടന്‍ സുന്നത്ത്‌ നമസ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ സമയം കൊടുക്കാതെ ഇഖാമത്ത്‌ കൊടുക്കുന്നു. സുഊദിയിലെ പള്ളികളില്‍ മഗ്‌രിബ്‌ ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടക്ക്‌ പത്ത്‌ മിനിറ്റ്‌ സമയം സുന്നത്ത്‌ നമസ്‌കാരത്തിന്‌ നല്‌കാറുണ്ട്‌. ഈ രീതി നമുക്കും തുടര്‍ന്നുകൂടേ?
ടി കെ മൊയ്‌തീന്‍, ജിദ്ദ

മഗ്‌രിബ്‌ നമസ്‌കാരത്തിന്റെ മുമ്പത്തെ സുന്നത്ത്‌ നമസ്‌കാരം ഇഷ്‌ടമുള്ളവര്‍ക്ക്‌ നിര്‍വഹിക്കാമെന്നാണ്‌ നബി(സ) പറഞ്ഞിട്ടുള്ളത്‌. അതിനാല്‍ എല്ലാ പള്ളികളിലും ബാങ്ക്‌ കഴിഞ്ഞ്‌ പത്ത്‌ മിനിറ്റ്‌ കഴിഞ്ഞേ ജമാഅത്ത്‌ നടത്താവൂ എന്ന്‌ നിഷ്‌കര്‍ഷിക്കുന്നത്‌ ശരിയല്ല. ഒരു പ്രദേശത്ത്‌ ആരും ഈ സുന്നത്ത്‌ നമസ്‌കാരം നിര്‍വഹിക്കാറില്ലെങ്കില്‍ അവിടെ ബാങ്ക്‌ വിളിച്ച ഉടനെ മഗ്‌രിബ്‌ ജമാഅത്ത്‌ തുടങ്ങുന്നത്‌ തെറ്റായിരിക്കുകയില്ല. ഒരു പള്ളിയില്‍ വരുന്ന കുറെ പേര്‍ ഈ സുന്നത്ത്‌ നമസ്‌കാരം നിര്‍വഹിക്കുന്ന പതിവുണ്ടെങ്കില്‍ അവിടത്തെ ജമാഅത്ത്‌ നാലോ അഞ്ചോ മിനിറ്റ്‌ വൈകിക്കുന്നതായിരിക്കും ഉചിതം. രണ്ടു റക്‌അത്ത്‌ നമസ്‌കാരത്തിനുവേണ്ടി ഫര്‍ദ്വായ ജമാഅത്ത്‌ പത്ത്‌ മിനിറ്റ്‌ വൈകിക്കേണ്ട ആവശ്യമില്ലെന്നാണ്‌ `മുസ്‌ലിം' കരുതുന്നത്‌. സാധാരണഗതിയില്‍ ഓരോ ഫര്‍ദ്വ്‌ നമസ്‌കാരവും സമയത്തിന്റെ ആരംഭത്തില്‍ (ഏറെ വൈകാതെ) നിര്‍വഹിക്കുകയാണ്‌ നബിചര്യയെന്നാണ്‌ പ്രബലമായ ഹദീസുകളില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌.

ഭൗതിക ആചാരങ്ങള്‍ നിഷിദ്ധമോ?


``തൊപ്പി ധരിക്കുന്നത്‌ അനുവദനീയ (ദുന്‍യവി) കാര്യമാണ്‌. കാരണം വിലക്കില്ല എന്നത്‌ തന്നെ. എന്നാല്‍ മതപരമായിട്ടാണ്‌ ചെയ്യുന്നതെങ്കില്‍ അതിന്‌ തെളിവുവേണം.''
``നബി കാരക്ക തിന്നു എന്നത്‌ കൊണ്ട്‌ അത്‌ തിന്നുന്നത്‌ ഇബാദത്താവുകയില്ല. എന്നാലത്‌ നോമ്പ്‌ തുറക്കുമ്പോഴാണെങ്കില്‍ ഇബാദത്താണുതാനും. കാരണം അതിന്‌ മതപരമായ തെളിവുകളുണ്ട്‌.''
യഥാക്രമം സുന്നി- ജമാഅത്തുകാര്‍ക്കെതിരിലുള്ള മുജാഹിദുകളുടെ രണ്ട്‌ സമര്‍ഥനമാണിവ. ഈ വാദങ്ങളുടെ അടിസ്ഥാനത്തില്‍ പരീക്ഷയില്‍ വിജയിച്ചതിന്റെയോ പുതിയ വാഹനം വാങ്ങിയതിന്റെയോ കട തുടങ്ങിയതിന്റെയോ വീടുവെച്ചതിന്റെയോ സന്തോഷത്തില്‍ മധുരം നല്‌കുന്നതിന്‌ `തെളിവുണ്ടോ' എന്ന്‌ നോക്കേണ്ടതില്ല. `വിലക്കുണ്ടോ' എന്ന്‌ നോക്കിയാല്‍ മതി എന്ന്‌ മനസ്സിലാക്കാം. ഈ ആചാരങ്ങള്‍ ഭൗതികമാണെന്ന നിലക്ക്‌ അനുവദനീയമായത്‌ പോലെ ജന്മദിനത്തില്‍ കുട്ടികള്‍ കൂട്ടുകാര്‍ക്ക്‌ മധുരം നല്‌കുന്നത്‌ ഹലാലാവുകയില്ലേ? പിന്നെ എന്തിനാണ്‌ ഹറാമാക്കുന്നത്‌?
നാസ്വിഹ്‌, ബഹ്‌റൈന്‍

കട തുടങ്ങുന്നതിന്റെ സന്തോഷത്താല്‍ മധുരം നല്‌കുന്നതും ജന്മദിന സല്‍ക്കാരവും തമ്മില്‍ പല വ്യത്യാസങ്ങളുമുണ്ട്‌. ഒന്ന്‌, ജന്മദിനം എന്നത്‌ ഒരു സങ്കല്‌പം മാത്രമാണ്‌. ചാന്ദ്രവര്‍ഷത്തിന്റെ അടിസ്ഥാനത്തിലുള്ള ജന്മദിനമായിരിക്കില്ല സൗരവര്‍ഷമനുസരിച്ചുള്ള ജന്മദിനം. ഫെബ്രുവരി 29ന്‌ ജനിച്ച വ്യക്തിക്ക്‌ നാലു വര്‍ഷത്തിലൊരിക്കലേ ഈ സങ്കല്‌പത്തിനു പോലും സാധുതയുള്ളൂ. ശകവര്‍ഷ ഗണനയനുസരിച്ച്‌ ജന്മദിനം ഇതില്‍ നിന്നൊക്കെ വ്യത്യസ്‌തമായിരിക്കും. ബഹായീ വര്‍ഷക്കണക്ക്‌ പ്രകാരം ജന്മദിനങ്ങളുടെ എണ്ണം വളരെ കൂടും. കട തുടങ്ങുക എന്നത്‌ ഒരു യാഥാര്‍ഥ്യമായിരിക്കുമല്ലോ. രണ്ട്‌, ഒരു ദിവസം തന്റെ ജന്മദിനമാകുന്നു എന്നതുകൊണ്ട്‌ മാത്രം അയാള്‍ മൗലികമായി യാതൊന്നും നേടുന്നില്ല എന്നതിനാല്‍ പ്രത്യേക സന്തോഷ പ്രകടനത്തിന്‌ പ്രസക്തിയൊന്നുമില്ല. മൂന്ന്‌, നബി(സ)യും സ്വഹാബികളും ഒരിക്കലും ജന്മദിനം ആഘോഷിച്ചിട്ടില്ല എന്നതിനാല്‍ അത്‌ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഭാഗമല്ല. ഇതരരുടെ സാംസ്‌കാരിക പ്രതീകങ്ങളെ സ്വാംശീകരിക്കുന്നത്‌ അനുചിതമായ അനുകരണമാകുന്നു. നാല്‌, വീരാരാധനാപരമായ ആചാരങ്ങളിലൊന്നാണ്‌ ജന്മദിനാഘോഷം. ആ രീതിയില്‍ തുടങ്ങുന്നതല്ലാത്ത ജന്മദിനാഘോഷം പോലും വീരാരാധനാ പ്രവണതകളിലേക്ക്‌ വഴിതെളിക്കാനിടയുണ്ട്‌.

മയ്യിത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍

ബുഖാരിയിലെ ജനാസയുടെ അധ്യായത്തില്‍ ചുമലിലേറ്റി കൊണ്ടു ചെല്ലുമ്പോള്‍ `എന്നെയും കൊണ്ടു വേഗം പോവുക' എന്ന്‌ മയ്യിത്ത്‌ വിളിച്ചുപറയും എന്ന്‌ കാണുന്നു. മയ്യിത്തിനെങ്ങനെയാണ്‌ ഇതിന്‌ സാധിക്കുക? മയ്യിത്തിനെ ഹൈന്ദവ സഹോദരങ്ങള്‍ `ശവം' കൊണ്ടുപോകുന്ന രീതിയില്‍ വണ്ടിയില്‍ കൊണ്ടുപോകുന്ന രീതിയാണ്‌ തമിഴ്‌നാട്ടില്‍ കാണുന്നത്‌. ഇത്‌ അനിസ്‌ലാമികമാണോ? ഖബ്‌റടക്കിയതിന്‌ ശേഷം മൂന്ന്‌ പിടി മണ്ണ്‌ വാരിയിടുന്നതും അപ്പോള്‍ പ്രത്യേകം പ്രാര്‍ഥന ചൊല്ലുന്നതും സുന്നത്താണോ? മയ്യിത്ത്‌ നമസ്‌കാരം ഹനഫി മദ്‌ഹബുകാര്‍ പള്ളിയില്‍ വെച്ച്‌ നമസ്‌കരിക്കാറില്ല. ഇത്‌ സുന്നത്തിന്നെതിരാണോ?
അബ്‌ദുര്‍റശീദ്‌, തിരുനെല്‍വേലി

അബൂസഈദില്‍ ഖുദ്‌രി(റ) എന്ന സ്വഹാബിയില്‍ നിന്ന്‌ ഇമാം ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ മഞ്ചത്തില്‍ വഹിച്ചുകൊണ്ട്‌ പോകുന്ന മയ്യിത്ത്‌ സംസാരിക്കുമെന്നും മനുഷ്യനല്ലാത്ത സകല വസ്‌തുക്കളും അതിന്റെ ശബ്‌ദം കേള്‍ക്കുമെന്നും പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ റസൂല്‍(സ) നമുക്ക്‌ അറിയിച്ചുതന്നിട്ടില്ല. മരണത്തിനു ശേഷം മനുഷ്യന്റെ മുഴുവന്‍ കാര്യവും അല്ലാഹുവിന്റെ മാത്രം നിയന്ത്രണത്തിലാകുന്നു. മരിച്ച മനുഷ്യന്‌ സ്വന്തമായി എന്തെങ്കിലും പറയാനോ കേള്‍ക്കാനോ സാധിക്കുമെന്ന്‌ കരുതാന്‍ ന്യായമില്ല. എന്നാല്‍ അല്ലാഹു എന്തിനും കഴിവുള്ളവനാണ്‌. മയ്യിത്തിനെക്കൊണ്ട്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌ പറയിപ്പിക്കുകയോ കേള്‍പ്പിക്കുകയോ ചെയ്യുന്നത്‌ അസംഭവ്യമല്ല.

“ഏഴ്‌ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു. യാതൊരു വസ്‌തുവും അവനെ സ്‌തുതിച്ചുകൊണ്ട്‌ അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷേ, അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സമാധാനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു.'' (വി.ഖു. 17:44) `യാതൊരു വസ്‌തുവും' എന്ന വാക്കില്‍ ജീവനുള്ളതും ഇല്ലാത്തതുമെല്ലാം ഉള്‍പ്പെടും. അവയെല്ലാം അവന്റെ ഹിതമനുസരിച്ച്‌ അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നതിന്റെ വിശദാംശങ്ങള്‍ നമ്മുടെ അറിവിന്റെ പരിധിയില്‍ വരില്ല. അതുപോലെ തന്നെയാണ്‌ മയ്യിത്തിനെ അവന്‍ കേള്‍പ്പിക്കുകയും സംസാരിപ്പിക്കുകയും ചെയ്യുന്ന കാര്യവും.

മയ്യിത്തിനെ വഹിക്കുന്ന കട്ടില്‍ അഥവാ മഞ്ചം ആളുകള്‍ ചുമലിലേറ്റിക്കൊണ്ടു പോകുന്ന രീതിയാണ്‌ നബി(സ)യുടെ കാലത്തുണ്ടായിരുന്നതെന്ന്‌ ഈ ഹദീസില്‍ നിന്ന്‌ തന്നെ ഗ്രഹിക്കാം. ബുഖാരി ജനാഇസിന്റെ ഭാഗത്തിലെ 48-ാം അധ്യായത്തിന്‌ നല്‌കിയ ശീര്‍ഷകം `മയ്യിത്ത്‌ ആളുകളുടെ ചുമലുകളില്‍ നിന്ന്‌ ഇറക്കിവെക്കപ്പെടുന്നതുവരെ അതിനെ പിന്തുടര്‍ന്നവന്‍ ഇരിക്കരുത്‌. ആരെങ്കിലും ഇരുന്നാല്‍ അവനോട്‌ എഴുന്നേല്‌ക്കാന്‍ കല്‌പിക്കണം' എന്നാണ്‌. ചുമലിലേറ്റലാണ്‌ ഇസ്‌ലാമിക മാതൃകയെന്ന്‌ ഇതില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്‌. എന്നാല്‍ ഖബ്‌റിസ്‌താനിലേക്ക്‌ വാഹനത്തില്‍ മയ്യിത്ത്‌ കൊണ്ടുപോകുന്നത്‌ അല്ലാഹുവോ റസൂലോ(സ) വിലക്കിയിട്ടില്ല. അതിനാല്‍ അത്‌ നിഷിദ്ധമാണെന്ന്‌ പറയാവുന്നതല്ല.

ഉസ്‌മാനുബിനു മദ്വ്‌ഊന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഖബ്‌റിന്റെ അടുത്ത്‌ ചെന്നുനിന്ന്‌ നബി(സ) മൂന്ന്‌ പിടി മണ്ണുവാരി അദ്ദേഹത്തിന്റെ മേല്‍ എറിഞ്ഞതായി ആമിര്‍ബിന്‍ റബീഅഃ(റ)യില്‍ നിന്ന്‌ ദാറഖുത്വ്‌നി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അതില്‍ പ്രാര്‍ഥനയെപ്പറ്റി പറഞ്ഞിട്ടില്ല. എന്നാല്‍ മറ്റുചില റിപ്പോര്‍ട്ടുകളില്‍ `മിന്‍ഹാ ഖലഖ്‌നാകും' എന്നു തുടങ്ങുന്ന ഖുര്‍ആന്‍ സൂക്തം (20:55) മണ്ണുവാരിയിടുമ്പോള്‍ ചൊല്ലണമെന്ന നിര്‍ദേശമുണ്ട്‌. ഇത്‌ ഒരു പ്രാര്‍ഥനയല്ല. അല്ലാഹു പറയുന്ന വാക്കാണ്‌. അര്‍ഥം: ``ആ മണ്ണില്‍ നിന്നാണ്‌ നിങ്ങളെ നാം സൃഷ്‌ടിച്ചത്‌. അതിലേക്ക്‌ തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്ന്‌ തന്നെ മറ്റൊരു പ്രാവശ്യം നിങ്ങളെ നാം പുറത്തുകൊണ്ടുവരികയും ചെയ്യും.''

നബി(സ)യുടെ കാലത്ത്‌ പള്ളിയിലും പള്ളിയുടെ അടുത്ത്‌ ജനാസ നമസ്‌കാരത്തിന്റെ സ്ഥലം എന്ന്‌ അറിയപ്പെട്ടിരുന്ന ഒരു തുറന്ന സ്ഥലത്തും മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിക്കപ്പെട്ടിരുന്നുവെന്നാണ്‌ പ്രാമാണികമായ ഹദീസുകളില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌. ആ തുറന്ന സ്ഥലം പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചിരുന്ന സ്ഥലം തന്നെയാണെന്ന്‌ ചില പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മയ്യിത്ത്‌ നജസാണെന്ന്‌ തീര്‍പ്പ്‌ കല്‌പിച്ചുകൊണ്ട്‌ പള്ളിയില്‍ ജനാസ പ്രവേശിപ്പിക്കുന്നതും അവിടെ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിക്കുന്നതും അനഭിലഷണീയമാണെന്ന്‌ അഭിപ്രായപ്പെടുകയാണ്‌ ഇമാം അബൂഹനീഫയും സഹയാത്രികരും ചെയ്‌തത്‌. മറ്റു പ്രമുഖ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ കുളിപ്പിച്ച മയ്യിത്ത്‌ നജസല്ല. സുഹൈലുബ്‌നു ബൈദ്വാഇന്റെ പേരില്‍ റസൂല്‍(സ) മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിച്ചത്‌ പള്ളിയില്‍ തന്നെയാണെന്ന്‌ ആഇശ(റ) പറഞ്ഞതായി മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഖലീഫമാരായ അബൂബകര്‍(റ), ഉമര്‍(റ) എന്നിവരുടെ പേരില്‍ മയ്യിത്ത്‌ നമസ്‌കാരം നടന്നതും പള്ളിയിലായിരുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. നബി(സ) അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മൃതദേഹം അദ്ദേഹം താമസിച്ചിരുന്ന വീട്ടില്‍ തന്നെ വെക്കുകയും സ്വഹാബികള്‍ ഓരോരുത്തരായി അവിടെ ചെന്ന്‌ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിക്കുകയുമാണുണ്ടായത്‌.

മസ്‌തിഷ്‌ക മരണവും അവയവദാനവും

    തലയ്‌ക്ക്‌ ഗുരുതരമായി പരിക്കേറ്റ്‌ മരിക്കുമെന്ന്‌ ഉറപ്പായ ഒരാളുടെ രണ്ടു കിഡ്‌നികള്‍ എടുത്ത്‌ രണ്ടുപേര്‍ക്ക്‌ വെച്ചുകൊടുത്തതായി ഇയ്യിടെ പത്രവാര്‍ത്ത കണ്ടു. ഈ തരത്തിലുള്ള അവയവം മാറ്റിവെക്കലിന്‌ ഇസ്‌ലാമികമായി സാധുതയുണ്ടോ?
    നിദാല്‍ കൊച്ചി


ഒരാളുടെ മസ്‌തിഷ്‌കം പ്രവര്‍ത്തനക്ഷമമല്ലാതായാല്‍ അയാള്‍ വൈദ്യശാസ്‌ത്ര ദൃഷ്‌ട്യാ മരിച്ചതായി (ക്‌ളിനിക്കല്‍ ഡെത്ത്‌) കണക്കാക്കപ്പെടുന്നു. അയാളുടെ മറ്റു അവയവങ്ങള്‍ കുറെ സമയം കൂടി പ്രവര്‍ത്തിച്ചേക്കുമെങ്കിലും അയാളുടെ ജീവന്‍ നിലനിര്‍ത്തുക അസാധ്യമായിരിക്കും. ഈ ഘട്ടത്തില്‍ അയാളുടെ ആന്തരാവയവങ്ങള്‍ മറ്റാര്‍ക്കെങ്കിലും മാറ്റിവെക്കാന്‍ സാധ്യമാകും. `മസ്‌തിഷ്‌ക മരണം' സംഭവിച്ചവരുടെ അവയവങ്ങള്‍ അവരുടെയോ ബന്ധുക്കളുടെയോ അനുവാദത്തോടെ മുറിച്ചെടുത്ത്‌ മറ്റുള്ളവരുടെ ശരീരത്തില്‍ വെച്ചുപിടിപ്പിക്കുന്ന ശാസ്‌ത്രക്രിയകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഏറെക്കുറെ വിജയകരമായി നടത്തപ്പെടുന്നുണ്ട്‌.

ഇതിന്റെ ഇസ്‌ലാമിക സാധുതയെക്കുറിച്ച്‌ ആധുനിക പണ്ഡിതന്മാരെല്ലാം ഒരേ അഭിപ്രായക്കാരല്ല. മസ്‌തിഷ്‌ക മരണത്തെ സംബന്ധിച്ച ഡോക്‌ടര്‍മാരുടെ തീര്‍പ്പ്‌ തെറ്റാകാന്‍ സാധ്യതയുള്ളതുകൊണ്ട്‌, ശ്വാസം വിട്ടുകൊണ്ടിരിക്കുന്ന, ഹൃദയം മിടിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ അവയവങ്ങള്‍ മുറിച്ചു മാറ്റുന്നതിനെ അംഗീകരിക്കാന്‍ പറ്റില്ല എന്നാണ്‌ ചില പണ്ഡിതന്മാരുടെ അഭിപ്രായം. വിദഗ്‌ധ ഡോക്‌ടര്‍മാരുടെ ഒരു സംഘം ഒരാളുടെ മസ്‌തിഷ്‌ക മരണം ഉറപ്പുവരുത്തിയാല്‍ അയാളുടെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ ദാനംചെയ്യാവുന്നതാണെന്ന്‌ ചില പണ്ഡിതന്മാര്‍ക്ക്‌ അഭിപ്രായമുണ്ട്‌. ജീവന്റെ ലക്ഷണങ്ങള്‍ അവശേഷിക്കുന്ന ഒരാളെ `മയ്യിത്താ'യി കണക്കാക്കാന്‍ ആര്‍ക്കും അധികാരമോ അവകാശമോ ഇല്ലെന്ന്‌ കരുതുന്ന പണ്ഡിതന്മാരുമുണ്ട്‌. മരിച്ച ആളുടെ ശരീരത്തില്‍ നിന്ന്‌ ഒഴിച്ചുകൂടാത്ത ആവശ്യങ്ങള്‍ക്കു വേണ്ടിയല്ലാതെ യാതൊരു അവയവവും മുറിച്ചെടുക്കാന്‍ പാടില്ല എന്ന പ്രശ്‌നവും ചില പണ്ഡിതന്മാര്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്‌.

മസ്‌തിഷ്‌ക മരണം സംശയാതീതമാണെങ്കില്‍ അവയവങ്ങള്‍ മാറ്റിവെച്ച്‌ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ അധാര്‍മികതയില്ലെന്ന്‌ മാത്രമല്ല അത്‌ പുണ്യകരമാണെന്നും ചില പണ്ഡിതന്മാര്‍ക്ക്‌ അഭിപ്രായമുണ്ട്‌. ``ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത്‌ മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിക്കുന്നതിന്‌ തുല്യമാകുന്നു.'' എന്ന ഖുര്‍ആന്‍ വാക്യമാണ്‌ (5:22) അവര്‍ തെളിവായി ഉദ്ധരിക്കുന്നത്‌.

ചില മസ്‌തിഷ്‌കഭാഗങ്ങള്‍ക്ക്‌ കേടുപാടുകള്‍ സംഭവിച്ചവര്‍ പല വിധത്തില്‍ അതിജീവിക്കുന്നതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നതിനാല്‍ മസ്‌തിഷ്‌ക മരണം സംബന്ധിച്ച വൈദ്യശാസ്‌ത്ര വിദഗ്‌ധരുടെ തീരുമാനം സൂക്ഷ്‌മവും പ്രമാദമുക്തവുമാണെന്ന്‌ ഉറപ്പ്‌ വരുത്തുന്നത്‌ അത്യന്തം ഗൗരവമുള്ള വിഷയമാണ്‌. വൈദ്യശാസ്‌ത്ര രംഗത്ത്‌ ബിസ്‌നസ്‌ മനസ്ഥിതിയുടെ പ്രഭാവം പ്രകടമാവുകയും ദയാവധം പോലുള്ള വിഷയങ്ങളെ ചില ഭിഷഗ്വരന്മാര്‍ ലാഘവബുദ്ധ്യാ വീക്ഷിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ വിഷയകമായി പണ്ഡിതന്മാര്‍ക്ക്‌ ഏകോപിതമായ അഭിപ്രായമുണ്ടാകാന്‍ സാധ്യത കുറവാണ്‌.

തയമ്മുമും മുറിവ്‌ വെച്ചുകെട്ടിയതിന്മേല്‍ തടവലും

കാലില്‍ മുറിവേറ്റതിനാല്‍ വുദ്വുവിന്‌ പകരം തയമ്മും ചെയ്യുന്ന ആള്‍ അതിനു പുറമെ, കൈയും മുഖവും കാലില്‍ പരുക്കില്ലാത്ത ഭാഗവും കഴുകുകയും മുറിവ്‌ ഡ്രസ്‌ ചെയ്‌തതിന്മേല്‍ തടവുകയും ചെയ്യേണ്ടതുണ്ടോ?
ഖലീൽ, കോഴിക്കോട്‌

ശരീരത്തില്‍ മുറിവേറ്റ ആള്‍ രോഗിയുടെ ആനുകൂല്യങ്ങള്‍ക്ക്‌ അര്‍ഹനാണെന്ന കാര്യത്തില്‍ സംശയത്തിനവകാശമില്ല. രോഗികള്‍ക്ക്‌ വുദ്വൂവിനും കുളിക്കും പകരം തയമ്മും ചെയ്‌തുകൊണ്ട്‌ നമസ്‌കരിക്കാമെന്ന്‌ 5:6 ഖുര്‍ആന്‍ സൂക്തത്തില്‍ നിന്ന്‌ ഗ്രഹിക്കാം. ഇവിടെ തയമ്മുമിന്‌ പുറമെ മുറിവില്ലാത്ത ഭാഗം കഴുകണമെന്നോ മുറിവ്‌ ഡ്രസ്‌ ചെയ്‌തതിന്മേല്‍ തടവണമെന്നോ അല്ലാഹു കല്‌പിച്ചിട്ടില്ല. വലിയ അശുദ്ധിയുള്ളവര്‍ മുറിവ്‌ നിമിത്തം തയമ്മും ചെയ്യുന്നതിനെ സംബന്ധിച്ച്‌ പരാമര്‍ശിക്കുന്ന ഒരു ഹദീസില്‍ മുറിവില്ലാത്ത ഭാഗങ്ങള്‍ കഴുകുകയും മുറിവ്‌ വെച്ചുകെട്ടിയതിന്മേല്‍ തടവുകയും ചെയ്യണമെന്ന്‌ പറഞ്ഞിട്ടുണ്ട്‌. പക്ഷെ, ആ ഹദീസിന്റെ നിവേദക പരമ്പര പ്രബലമാണോ എന്ന കാര്യത്തില്‍ പൂര്‍വിക പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.

എങ്കിലും ക ര്‍മശാസ്‌ത്ര പണ്ഡിതന്മാരില്‍ പലരും തയമ്മുമിന്‌ പുറമെ മുറിവില്ലാത്ത ഭാഗം കഴുകുകയും മുറിവ്‌ ഡ്രസ്സ്‌ ചെയ്‌തതിന്മേല്‍ തടവുകയും വേണമെന്ന അഭിപ്രായക്കാരാകുന്നു.

മുടി പ്രവാചകന്റേതാണെന്ന്‌ ഉറപ്പുണ്ടെങ്കില്‍?


പ്രവാചകകേശത്തെക്കുറിച്ച്‌ നടക്കുന്ന ചര്‍ച്ചകളില്‍ മിക്കപ്പോഴും അതിന്റെ ആധികാരികത മാത്രമാണ്‌ ചര്‍ച്ചയാവുന്നത്‌. ആ മുടി പ്രവാചകന്റേതാണെന്നതിന്‌ തെളിവില്ല എന്ന രൂപത്തില്‍. എന്നാല്‍, അത്‌ പ്രവാചകന്റേതാണ്‌ എന്ന്‌ ഉറപ്പാണെങ്കില്‍ അതുമുഖേന ബര്‍കത്തെടുക്കുന്നതിന്‌ വിലക്കുണ്ടോ? നബിയുടെ ഉമിനീരും മറ്റും പലപ്പോഴും പല നിലയ്‌ക്കുള്ള ബര്‍കത്തുകള്‍ക്ക്‌ ഹേതുവായിട്ടുള്ളത്‌ ഹദീസുകളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടല്ലോ.
അമീന്‍ ചേന്നര, തിരൂര്‍
ഇത്‌ സംബന്ധമായി വിശദമായ ലേഖനങ്ങള്‍ ഇതിനകം ശബാബില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. രണ്ടു കാര്യങ്ങള്‍ മാത്രമേ ഈ വിഷയകമായി ഇവിടെ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ. 

ഒന്ന്‌: അല്ലാഹുവിന്‌ മാത്രമേ ബര്‍കത്ത്‌ അഥവാ അനുഗ്രഹം നല്‌കാന്‍ കഴിവുള്ളൂ. മറ്റുള്ളവര്‍ക്കോ മറ്റു വസ്‌തുക്കള്‍ക്കോ `അനുഗ്രഹദാതാവ്‌' ആകാന്‍ കഴിയില്ല. അത്തഹിയ്യാത്തിന്നു ശേഷമുള്ള സ്വലാത്തില്‍ നമ്മളൊക്കെ ചൊല്ലുന്നത്‌ അല്ലാഹുമ്മ ബാരിക്‌ അലാമുഹമ്മദ്‌ (അല്ലാഹുവേ, മുഹമ്മദ്‌ നബിയുടെ മേല്‍ നീ അനുഗ്രഹം ചൊരിയണമേ) എന്നാണല്ലോ നബി(സ)ക്കോ അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തിനോ സ്വന്തം നിലയില്‍ ബര്‍കത്ത്‌ നല്‌കാനുള്ള കഴിവുണ്ടെങ്കില്‍ ഇങ്ങനെ പ്രാര്‍ഥിക്കേണ്ട ആവശ്യമില്ലല്ലോ. അല്ലാഹു ഇഷ്‌ടപ്പെടുന്ന ഏത്‌ കാര്യം മുഖേനയും അവന്റെ അനുഗ്രഹം നമുക്ക്‌ ലഭിച്ചേക്കാം. അതിനായി അവനോട്‌ പ്രാര്‍ഥിക്കുകയും ചെയ്യാം. നബി(സ)യെ സ്‌നേഹിക്കുന്നതും അദ്ദേഹത്തിന്റെ ജീവിതമാതൃക പിന്തുടരുന്നതും അല്ലാഹു ഇഷ്‌ടപ്പെടുമെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌ വ്യക്തമാകുന്നു. അതിനാല്‍ അത്‌ മുഖേന അല്ലാഹുവിന്റെ ബര്‍കത്ത്‌ നമുക്ക്‌ ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കാം. നബി(സ)യെ സ്‌നേഹിക്കേണ്ടത്‌ എങ്ങനെയെന്ന്‌ വ്യക്തമാക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളും പ്രാമാണികമായ ഹദീസുകളും ഉണ്ട്‌. അതിലൊന്നും അദ്ദേഹത്തിന്റെ മുടിയിട്ട വെള്ളം കുടിക്കുകയോ ശരീരത്തില്‍ പുരട്ടുകയോ ചെയ്‌തുകൊണ്ടാണ്‌ സ്‌നേഹം പ്രകടിപ്പിക്കേണ്ടതെന്ന്‌ പറഞ്ഞിട്ടില്ല.

രണ്ട്: നബി(സ)യെ സ്വന്തത്തേക്കാളേറെ സ്‌നേഹിച്ചവരായിരുന്നു സ്വഹാബികൾ; വിശിഷ്യാ സച്ചരിതരായ ഖലീഫമാർ‍. അവരാരും അദ്ദേഹത്തിന്റെ മുടിയിഴകളെ സ്‌നേഹപ്രകടനത്തിനുള്ള ഉപാധിയോ ഉപകരണമോ വരുമാനമാര്‍ഗമോ ആക്കിയിട്ടില്ല. അവരാരും മുടിപ്പള്ളികള്‍ ഉണ്ടാക്കിയിട്ടില്ല. നബി(സ) ധാരാളമായി നമസ്‌കരിച്ച മക്കയിലെ മസ്‌ജിദുല്‍ ഹറമിലോ മദീനയിലെ മസ്‌ജിദുന്നബവിയിലോ മഹാന്മാരായ ഖലീഫമാര്‍ ഒരിക്കലും തിരുകേശം പ്രതിഷ്‌ഠിച്ചിട്ടില്ല. ഹജ്ജിനും ഉംറയ്‌ക്കും സിയാറത്തിനും വരുന്ന ദശലക്ഷക്കണക്കിലാളുകള്‍ക്ക്‌ ഓരോ മുടിവെള്ളക്കുപ്പി വില്‌ക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നെങ്കില്‍ ഭരണാധികാരികള്‍ക്കും ഇമാമുകള്‍ക്കും കോടാനുകോടി ദിര്‍ഹമുകളും ദീനാറുകളും സമ്പാദിക്കാമായിരുന്നു. വികസന പദ്ധതികള്‍ക്ക്‌ ആ പണം ഉപയോഗപ്പെടുത്താനുള്ള വിപുലമായ സാധ്യതയുണ്ടായിരുന്നു. ഇക്കാലം വരെയും മുസ്‌ലിം സമൂഹത്തിന്റെ സാരഥികള്‍ അങ്ങനെയൊരു കേശചൂഷണത്തിന്‌ മുതിരാതിരുന്നത്‌ അത്‌ ഇസ്‌ലാമിന്റെ അടിസ്ഥാന പാഠങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ ബോധ്യമുണ്ടായതുകൊണ്ടാണ്‌. സച്ചരിതരായ നാലു ഖലീഫമാരുടെ കാലത്തും അവര്‍ക്ക്‌ ശേഷം അധികാരത്തില്‍ വന്ന ബനൂഉമയ്യാ-അബ്ബാസിയാ ഖിലാഫത്തുകളുടെ കാലത്തും ബസറ, കൂഫ, ബഗ്‌ദാദ്‌, ഡമസ്‌കസ്‌ തുടങ്ങിയ നഗരങ്ങളിലും മറ്റും ധാരാളം പള്ളികള്‍ സ്ഥാപിക്കപ്പെടുകയുണ്ടായി. അവിടെയൊന്നും മുടി പ്രതിഷ്‌ഠയോ മുടിവെള്ള വില്‌പനയോ നടന്നിട്ടില്ല.

ഇത്‌ മതത്തില്‍ കൂട്ടിച്ചേര്‍ക്കലല്ലേ?


മയ്യിത്ത്‌ നമസ്‌കാരത്തിന്‌ മുമ്പ്‌ അടുത്ത ബന്ധുക്കള്‍ മയ്യിത്തിന്‌ ആരോടെങ്കിലും ജീവിച്ചിരുന്ന കാലത്ത്‌ സാമ്പത്തിക ഇടപാടുകളുണ്ടെങ്കില്‍ അവ ഏറ്റെടുക്കുന്നതായും അനിഷ്‌ടവാക്കുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പൊറുക്കാനും സാധാരണയായി അഭ്യര്‍ഥിക്കുന്നതായി കാണുന്നു. ഇത്‌ പ്രകടമായ ബിദ്‌അത്തല്ലേ?
അബ്‌ദുല്‍അഹദ്‌, മലപ്പുറം

മയ്യിത്ത്‌ നമസ്‌കാരത്തിന്‌ മുമ്പ്‌ പരേതന്റെ കടബാധ്യതയെപ്പറ്റി നബി(സ) അന്വേഷിക്കാറുണ്ടായിരുന്നുവെന്ന്‌ പ്രാമാണികമായ ഹദീസുകളില്‍ കാണാം. കടബാധ്യത ആരും ഏല്‍ക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ നബി(സ) മയ്യിത്ത്‌ നമസ്‌കാരത്തില്‍ നിന്ന്‌ മാറിനില്‍ക്കുമായിരുന്നു എന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ പരേതന്റെ അനിഷ്‌ടവാക്കുകളും മറ്റും പൊറുക്കാന്‍ നബി(സ) അഭ്യര്‍ഥിച്ചിരുന്നതായി ഹദീസുകളില്‍ കാണുന്നില്ല. മയ്യിത്ത്‌ നമസ്‌കാരത്തിന്‌ വരുന്നവര്‍ പരേതന്‌ വേണ്ടി പ്രാര്‍ഥിക്കാന്‍ സ്വയം സന്നദ്ധരായി വരുന്നവരാണല്ലോ. അപ്പോള്‍ അവരുടെ മനസ്സില്‍ പരേതനോട്‌ പകയോ വൈരാഗ്യമോ ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണ്‌. അതിനാല്‍ അനിഷ്‌ടവാക്കുകളും മറ്റും പൊറുക്കണമെന്ന്‌ അവരോട്‌ അഭ്യര്‍ഥിക്കുന്നതിന്‌ വലിയ പ്രസക്തിയുണ്ടെന്ന്‌ തോന്നുന്നില്ല. എന്നാലും കടം ഏറ്റെടുക്കുന്നതും അനിഷ്‌ടവാക്കുകളും പ്രവൃത്തികളും പൊറുക്കുന്നതും സംബന്ധിച്ച പ്രസ്‌താവന ഒരു മതാചാരമായി ആരും ഗണിക്കാത്തതിനാല്‍ അത്‌ ബിദ്‌അത്ത്‌ അഥവാ മതത്തില്‍ കൂട്ടിച്ചേര്‍ക്കല്‍/നൂതനനിര്‍മിതി ആവുകയില്ല.

സാമുദായികവാദം അവരുടേതും നമ്മുടേതും ഒരുപോലെയല്ലേ?


മനുഷ്യരെല്ലാം പിറന്നുവീഴുന്നത്‌ ഒരേ ശുദ്ധപ്രകൃതിയിലാണെന്നും, ഒരാളുടെ ഉമ്മ-വാപ്പമാര്‍ (സാഹചര്യങ്ങള്‍) ഓരോരുത്തരെ അതാത്‌ മതസ്ഥനാക്കുകയാണെന്നുമുള്ള നബിവചനങ്ങള്‍ തന്നെയുണ്ട്‌. ഏത്‌ സമുദായക്കാരനായാലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ച്‌ സല്‍കര്‍മം പ്രവര്‍ത്തിച്ചവര്‍ക്ക്‌ പ്രതിഫലമുണ്ട്‌, അത്തരക്കാര്‍ ദു:ഖിക്കേണ്ടതില്ല എന്ന്‌ ഖുര്‍ആന്‍ ആവര്‍ത്തിച്ചുപറയുകയും ചെയ്യുന്നു. യഹൂദിയോ ക്രിസ്‌ത്യാനിയോ ആവാഞ്ഞാല്‍ മോക്ഷമില്ല എന്ന്‌ അവരോരോ കൂട്ടരും തങ്ങളുടെ മതത്തെപ്പറ്റി പറഞ്ഞിരിക്കുന്നതിനെ പുച്ഛിച്ചുകൊണ്ട്‌, `ആര്‍ ദൈവത്തിന്‌ കീഴ്‌പ്പെട്ട്‌ (ഇസ്‌ലാം ആയി) നന്മ ചെയ്‌ത്‌ ജീവിച്ചുവോ, അവന്ന്‌ ദൈവത്തിങ്കല്‍ പ്രതിഫലമുണ്ട്‌' എന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. (2:111-113). ഈ അര്‍ഥം ധ്വനിപ്പിക്കുന്ന വേറെയും വചനങ്ങള്‍ ഖുര്‍ആനില്‍ കാണാം. ഇതൊക്കെ വിരല്‍ ചൂണ്ടുന്നത്‌ `ഇസ്‌ലാം' കേവലം ഒരു സംഘടിത മതം മാത്രമല്ലെന്നും, അല്‌പം കൂടി വിപുലമായ സംജ്ഞ ഇസ്‌ലാം എന്ന വാക്കിന്‌ കല്‌പിക്കേണ്ടതുണ്ടെന്നുമുള്ള ചിന്തയിലേക്കാണെന്ന്‌ ധരിക്കുന്നതില്‍ തെറ്റുണ്ടോ?

വിവിധ സമുദായത്തില്‍ ജനിച്ചു വളര്‍ന്നവരെല്ലാം മുസ്‌ലിം സമുദായത്തിലുള്ളവരെപ്പോലെ തന്നെ മുഹമ്മദ്‌ നബിയില്‍ വിശ്വസിച്ച്‌, നബി(സ) പഠിപ്പിച്ചുതന്ന ആരാധനാമുറകളും അനുഷ്‌ഠാനങ്ങളും ചെയ്യേണ്ടതുണ്ടെന്നും, ഏകദൈവത്തിലും അന്ത്യനാളിലും വിശ്വസിച്ച്‌ സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചതു കൊണ്ട്‌ മാത്രം പ്രയോജനമില്ലെന്നും വാദിക്കുന്നത്‌ ഖുര്‍ആന്‍ പുച്ഛിച്ച ജൂത-ക്രിസ്‌ത്യാനികളുടെ മേല്‍ അവകാശവാദം പോലെ ഒന്നല്ലേ? മനുഷ്യരാശിയെ മൊത്തത്തില്‍ ലക്ഷ്യമാക്കിക്കൊണ്ടും അവരുടെ പരലോക മോക്ഷം മുഖ്യ അജണ്ടയാക്കിക്കൊണ്ടുമുള്ള ഒരു പ്രബോധനശൈലി കാലഘട്ടത്തിന്റെ ആവശ്യമല്ലേ? മുസ്‌ലിം സമുദായത്തിനകത്തും പുറത്തും ഒരേ ശൈലി ശരിയോ?

എം ഖാലിദ്‌, നിലമ്പൂര്‍

``ഓരോ കുട്ടിയും ജനിക്കുന്നത്‌ ശുദ്ധ പ്രകൃതിയോടെയാണ്‌. അവന്റെ മാതാപിതാക്കളാണ്‌ അവനെ യഹൂദിയോ ക്രിസ്‌ത്യാനിയോ മജൂസിയോ (പാഴ്‌സി മതക്കാരന്‍) ആക്കുന്നത്‌'' എന്ന നബിവചനത്തില്‍ നിന്ന്‌ തന്നെ വ്യക്തമാണ്‌ ഈ മൂന്നു മതങ്ങളും ശുദ്ധപ്രകൃതിക്ക്‌ വിരുദ്ധമാണെന്ന്‌. ഈ നബിവചനത്തെ മാനിക്കുന്ന ഒരാളെങ്ങനെയാണ്‌ ഏത്‌ മത പ്രകാരം ജീവച്ചാലും മോക്ഷം ലഭിക്കുമെന്ന്‌ പറയുക? അല്ലാഹു മനുഷ്യന്‌ നല്‌കിയ ശുദ്ധപ്രകൃതിക്ക്‌ ഇണങ്ങുന്ന മതത്തില്‍ നിലകൊള്ളണമെന്നാണ്‌ വിശുദ്ധ ഖുര്‍ആന്‍ (30:30) അനുശാസിക്കുന്നത്‌. അതാണ്‌ സങ്കുചിത സാമുദായികത്വത്തിന്‌ അതീതമായ ഏകദൈവത്വ ആദര്‍ശം.

മുസ്‌ലിം സമുദായത്തിലെ അംഗങ്ങള്‍ക്കെല്ലാം മോക്ഷമുണ്ടെന്നാണ്‌ ഒരാള്‍ വാദിക്കുന്നതെങ്കില്‍ അത്‌ യഹൂദരുടെയും ക്രൈസ്‌തവരുടെയും സാമുദായിക വാദത്തില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തമല്ല. മുസ്‌ലിംകളില്‍ ചിലര്‍ തെറ്റായി പുലര്‍ത്തുന്ന സാമുദായിക സങ്കുചിതത്വം പോലും ഈ രണ്ടു സമുദായങ്ങളുടെ നിലപാടില്‍ നിന്ന്‌ അല്‌പം വ്യത്യസ്‌തമാണ്‌. റബ്ബും ഇലാഹും ഏകനാണ്‌ എന്ന ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന ഒരു സമൂഹത്തിന്റെ പേരിലാണല്ലോ മുസ്‌ലിം സാമുദായികവാദി സംസാരിക്കുന്നത്‌. കാല-ദേശ-വര്‍ണ വ്യത്യാസങ്ങള്‍ക്ക്‌ അതീതമായി ഇസ്‌ലാം സ്വീകരിച്ച എല്ലാവരെയും ഉദ്ദേശിച്ചാണ്‌ അയാള്‍ തന്റെ സമൂഹമെന്നോ സമുദായമെന്നോ പറയുന്നത്‌. എന്നാല്‍ ഇസ്‌റഈല്‍ സന്തതികള്‍ എന്ന ഒരു വര്‍ഗത്തെ മാത്രമാണ്‌ സമുദായം എന്ന വാക്കുകൊണ്ട്‌ യഹൂദര്‍ വിവക്ഷിക്കുന്നത്‌. ക്രൈസ്‌തവരുടെ സമുദായ സങ്കല്‌പം അത്രയും സങ്കുചിതമല്ലെങ്കിലും യേശുക്രിസ്‌തു ദൈവപുത്രനാണെന്ന്‌ വിശ്വസിക്കുന്നവര്‍ക്ക്‌ മാത്രമേ അവരുടെ വീക്ഷണപ്രകാരം മോക്ഷമുള്ളൂ. അവരുടെ വിശ്വാസപ്രകാരം ദൈവം ഒന്നായ മൂന്നോ മൂന്നായ ഒന്നോ ആണ്‌.

ഏത്‌ നിലയിലായാലും സാമുദായിക സങ്കുചിതത്വം ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌. മുസ്‌ലിം സമുദായത്തിലെ അംഗമായി അറിയപ്പെട്ടതുകൊണ്ട്‌ മാത്രം ഒരാള്‍ മോക്ഷത്തിന്‌ അര്‍ഹനാവുകയില്ല. അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും പ്രവാചകന്മാരിലും വേദഗ്രന്ഥങ്ങളിലും മറ്റും ഉറച്ച വിശ്വാസവും തദടിസ്ഥാനത്തിലുള്ള ജീവിതക്രമവും സ്വീകരിച്ചവര്‍ ഏത്‌ സമുദായത്തില്‍ പിറന്നാലും ഏത്‌ കാലത്ത്‌ ഏത്‌ നാട്ടില്‍ ജീവിച്ചാലും മോക്ഷത്തിന്‌ അര്‍ഹരാണ്‌ എന്ന ഇസ്‌ലാമിക അധ്യാപനം വളരെ വിശാലമാണല്ലോ. ഇതനുസരിച്ച്‌ ആദം(അ) മുതല്‍ അവസാന കാലത്തെ ഏകദൈവവിശ്വാസികള്‍ വരെ ഒരേയൊരു ആദര്‍ശ സമൂഹത്തിലെ അംഗങ്ങളാണ്‌. സാര്‍വകാലികവും സാര്‍വലൗകികവുമായ വിശ്വമാനവ വിശ്വാസി സമൂഹം.

പ്രപഞ്ചനാഥനായ അല്ലാഹു മൂന്ന്‌ വ്യക്തിത്വങ്ങളില്‍ ഒന്നാണെന്നോ യേശുക്രിസ്‌തു ദൈവമോ ദൈവപുത്രനോ ആണെന്നോ വിശ്വസിക്കുന്ന ക്രിസ്‌ത്യാനികള്‍ യഥാര്‍ഥത്തില്‍ അവിശ്വാസികളാണെന്നാണ്‌ വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുള്ളത്‌.

``മര്‍യമിന്റെ മകന്‍ മസീഹ്‌ തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു...'' (വി.ഖു 5:72)

``അല്ലാഹു മൂവരില്‍ ഒരാളാണ്‌ (ത്രിയേകത്വം) എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. ഏക ആരാധ്യനല്ലാതെ യാതൊരാരാധ്യനും ഇല്ലതന്നെ...'' (വി.ഖു 5:73)

``ഉസൈര്‍ (എസ്രാ പ്രവാചകന്‍) ദൈവപുത്രനാണെന്ന്‌ യഹൂദര്‍ പറഞ്ഞു. മസീഹ്‌ (മിശിഹ) ദൈവപുത്രനാണെന്ന്‌ ക്രിസ്‌ത്യാനികളും പറഞ്ഞു. അവരുടെ വായ്‌ കൊണ്ടുള്ള വാക്ക്‌ മാത്രമാണ്‌. മുമ്പ്‌ അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്‌?'' (വി.ഖു. 9:30)

``തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവ വിശ്വാസികളിലും പെട്ട അവിശ്വാസികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്‌ടികളില്‍ മോശക്കാര്‍.'' (വി.ഖു. 98:6)

അല്ലാഹുവിലുള്ള വിശ്വാസം തന്നെ ശരിയല്ലാത്തതുകൊണ്ട്‌ അവന്‍ അവിശ്വാസികളെന്ന്‌ വിശേഷിപ്പിക്കുകയും ശപിക്കുകയും നരകാവകാശികളാണെന്ന്‌ വ്യക്തമാക്കുകയും ചെയ്‌ത വിഭാഗങ്ങള്‍ മോക്ഷത്തിന്‌ അര്‍ഹരാണെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ മൊത്തമായി വിശ്വസിക്കുന്ന ആര്‍ക്കും പറയാന്‍ അവകാശമില്ല. ബഹുസ്വരതയുടെ പേര്‍ പറഞ്ഞ്‌ ഖുര്‍ആനില്‍ സര്‍വമത സത്യവാദമുണ്ടെന്ന്‌ സമര്‍ഥിക്കാന്‍ ശ്രമിക്കുന്ന ചിലര്‍ എപ്പോഴും ഉദ്ധരിക്കാറുള്ളത്‌ 2:62, 5:69 എന്നീ ഖുര്‍ആന്‍ സൂക്തങ്ങളാണ്‌. അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസത്തിന്റെ അനിവാര്യത ഈ രണ്ടു സൂക്തങ്ങളിലും ഊന്നിപ്പറഞ്ഞു എന്നതുകൊണ്ട്‌ മുഹമ്മദ്‌ നബി(സ)യിലും ഖുര്‍ആനിലും വിശ്വസിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന്‌ മനസ്സിലാക്കാവുന്നതല്ല. 2:228 സൂക്തത്തില്‍, ``അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ തങ്ങളുടെ ഗര്‍ഭാശയങ്ങളില്‍ അല്ലാഹു സൃഷ്‌ടിച്ചിട്ടുള്ളത്‌ അവര്‍ മറച്ചുവെക്കാന്‍ പാടുള്ളതല്ല'' എന്ന്‌ പറഞ്ഞിട്ടുണ്ട്‌. വിവാഹമുക്തകളായ സ്‌ത്രീകള്‍ രണ്ടു ഈമാന്‍ കാര്യങ്ങളില്‍ മാത്രം വിശ്വസിച്ചാല്‍ മതിയെന്നാണ്‌ ഇതിന്റെ അര്‍ഥമെന്ന്‌ ഇസ്‌ലാമിന്റെ ബാലപാഠങ്ങളെങ്കിലും അറിയുന്ന ആരും പറയാനിടയില്ല. അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസം ഏറെ പ്രധാനമായതിനാല്‍ അതിനെക്കുറിച്ച്‌ മാത്രം പരാമര്‍ശിക്കുന്ന അനേകം ആയത്തുകളും ഹദീസുകളുമുണ്ട്‌. മലക്കുകളിലും വേദങ്ങളിലും പ്രവാചകന്മാരിലും ദൈവികവിധിയിലുമുള്ള വിശ്വാസം അത്യാവശ്യമല്ലെന്ന്‌ പറയാന്‍ അവയൊന്നും തെളിവാക്കാവുന്നതല്ല. താഴെ ചേര്‍ക്കുന്ന സൂക്തങ്ങള്‍ കൂടി നോക്കുക:

``സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്റെ ദൂതനിലും അവന്റെ ദൂതന്‌ അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും അവന്‍ മുമ്പ്‌ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങള്‍ വിശ്വസിക്കൂ. അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥത്തിലും അവന്റെ ദൂതന്മാരിലും അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം അവന്‍ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു.'' (വി.ഖു 4:136)

വിശുദ്ധ ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്ന്‌ വിശ്വസിക്കാത്തവരെക്കുറിച്ച്‌ അല്ലാഹു പറയുന്നു: ``വിവിധ സംഘങ്ങളില്‍ നിന്ന്‌ അതില്‍ അവിശ്വസിക്കുന്നവരാരോ അവരുടെ വാഗ്‌ദത്ത സ്ഥാനം നരകമാകുന്നു. ആകയാല്‍ നീ അതിനെക്കുറിച്ച്‌ സംശയത്തിലാകരുത്‌. തീര്‍ച്ചയായും അത്‌ നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു. പക്ഷെ, ജനങ്ങളില്‍ അധികപേരും വിശ്വസിക്കുന്നില്ല.'' (വി.ഖു. 11:17)

മുഹമ്മദ്‌ നബി(സ)യുടെ പ്രവാചകത്വത്തെയും വിശുദ്ധ ഖുര്‍ആനിന്റെ പ്രാമാണികതയെയും നിഷേധിക്കുന്ന ഏതൊരാളും നരകശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ്‌ ഉപര്യുക്ത സൂക്തങ്ങളില്‍ നിന്ന്‌ സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാകുന്നത്‌. അന്തിമ പ്രവാചകനെയും അന്തിമ വേദത്തെയും അവിശ്വസിക്കുന്നവരാണല്ലോ യഹൂദ-ക്രൈസ്‌തവ വിഭാഗങ്ങളെല്ലാം. ഈ അവിശ്വാസം നരകശിക്ഷയ്‌ക്ക്‌ നിമിത്തമാകുമെന്ന്‌ പല ഖുര്‍ആന്‍ സൂക്തങ്ങളിലും വ്യക്തമാക്കിയിരിക്കെ അത്‌ അവഗണിച്ചുകൊണ്ട്‌ പരലോക മോക്ഷം മുഖ്യ അജണ്ടയാക്കി പ്രബോധനം നടത്താന്‍ യാതൊരു സാധ്യതയുമില്ല. പരലോകത്ത്‌ അല്ലാഹുവിന്‌ മാത്രമാണ്‌ അധികാരം. അല്ലാഹു പിതാവോ പുത്രനോ ആയിട്ടില്ലെന്നും അവന്‌ തുല്യമായി ആരുമില്ലെന്നും വിശുദ്ധ ഖുര്‍ആനില്‍ (അധ്യായം 112) വ്യക്തമാക്കിയത്‌ മറച്ചുവെച്ചുകൊണ്ട്‌, യേശു ദൈവമാണെന്നോ ദൈവപുത്രനാണെന്നോ വിശ്വസിക്കുന്നവര്‍ക്കും മോക്ഷം ലഭിക്കുമെന്ന്‌ വാദിക്കുന്നത്‌ ബഹുസ്വരതയുടെ പേരിലാണെങ്കിലും കാലഘട്ടത്തിന്റെ ആവശ്യം എന്ന പേരിലാണെങ്കിലും യഥാര്‍ഥ മുസ്‌ലിംകള്‍ക്ക്‌ അംഗീകരിക്കാനാവില്ല. ഇത്‌ പറയുന്നത്‌ സാമുദായിക സങ്കുചിതത്വത്തിന്റെ പേരിലല്ല. മുസ്‌ലിംസമുദായത്തിലുള്ളവര്‍ അല്ലാഹുവെപ്പറ്റി തെറ്റായ വിശ്വാസം വെച്ചുപുലര്‍ത്തിയാലും നരകശിക്ഷ അനുഭവിക്കുക തന്നെ വേണ്ടിവരും. മോക്ഷത്തിന്‌ നിദാനമായ അന്യൂനവിശ്വാസം സംബന്ധിച്ച്‌ ജനങ്ങള്‍ക്ക്‌ വ്യക്തമായ അവബോധമുണ്ടാക്കിക്കൊടുക്കുകയാണ്‌ ഏത്‌ കാലഘട്ടത്തിലും സത്യപ്രബോധകര്‍ ചെയ്യേണ്ടത്‌.


അപ്‌ഡേറ്റഡ്!
പുണ്യം ചെയ്യുന്ന ഏതു മതക്കാരനും സ്വര്‍ഗം ലഭിക്കേണ്ടതല്ലേ?
`സാമുദായിക വാദം അവരുടേതും നമ്മുടേതും ഒരുപോലെയല്ലേ' എന്ന ശീര്‍ഷകത്തില്‍ ഞാന്‍ നല്‍കിയ ചോദ്യത്തിന്‌ മുസ്‌ലിം എഴുതിയ മറുപടി വായിച്ചു (മുഖാമുഖം, പു. 34, ലക്കം 35). ``...മുസ്‌ലിം സമുദായക്കാരായതുകൊണ്ട്‌ മാത്രം മോക്ഷം ലഭിക്കണമെന്ന്‌ ഇസ്‌ലാം മതം പറയുന്നില്ല. എന്നാല്‍ യഹൂദരും ക്രിസ്‌തീയരും അവരെപ്പറ്റി ഇങ്ങനെ അവകാശപ്പെട്ടിരിക്കുന്നു. അതിനാല്‍ രണ്ടും ഒരുപോലെയല്ലാ'' എന്നൊക്കെയാണതില്‍ എഴുതിക്കണ്ടത്‌.
`തങ്ങളുടെ വിശ്വാസങ്ങളും ആരാധനാമുറകളും മാത്രമാണ്‌ ശരി, അതംഗീകരിച്ചവര്‍ക്ക്‌ മാത്രമേ മോക്ഷമുള്ളൂ' എന്നത്‌ അഹ്‌ലുല്‍കിതാബുകാര്‍ മാത്രമല്ല, ലോകത്തെ ഓരോ മതക്കാരും തങ്ങളെപ്പറ്റി കരുതുന്നുണ്ട്‌. അഹ്‌ലുല്‍കിതാബുകാരുടെ ഈ അവകാശവാദത്തെ പറ്റി പറഞ്ഞശേഷം ഖുര്‍ആന്‍ തന്നെ തുടര്‍ന്ന്‌ പറയുന്നത്‌, `അത്തരം വര്‍ത്തമാനം വിവരമില്ലാത്തവര്‍ ഇതുപോലെ പറഞ്ഞിട്ടുണ്ട്‌, ദൈവം ആ വ്യവസ്ഥകളെക്കുറിച്ച്‌ അന്ത്യനാളില്‍ വിധി നടത്തും' എന്നൊക്കെയാണല്ലോ. ഇസ്‌ലാമിക വിശ്വാസങ്ങളും നബി(സ) പഠിപ്പിച്ച ആരാധനാദികളും സ്വീകരിക്കാതെ, കേവലം ഏകദൈവവിശ്വാസവും അന്ത്യനാള്‍ വിശ്വാസവും സല്‍കര്‍മങ്ങളും കൊണ്ട്‌ സ്വര്‍ഗലബ്‌ധി ഉണ്ടാവില്ല എന്ന്‌ വിവിധ ഉദ്ധരണികള്‍ മുഖേന സ്ഥാപിക്കാനാണല്ലോ മുസ്‌ലിമും ശ്രമിച്ചിരിക്കുന്നത്‌. മുസ്‌ലിം സമുദായത്തില്‍ വന്ന്‌ പെട്ടവര്‍ക്കേ ഈ വിധം ഇസ്‌ലാമിക ചിട്ടവട്ടങ്ങള്‍ പാലിച്ച്‌ ജീവിക്കാന്‍ അവസരം ലഭിക്കുകയുള്ളൂ. അപ്പോള്‍, മുസ്‌ലിംകള്‍ക്ക്‌ മാത്രമേ മോക്ഷം ലഭ്യമാവൂ എന്ന്‌ തന്നെയല്ലേ ഫലത്തില്‍ മുസ്‌ലിം പറയുന്നതിനര്‍ഥം. ഇത്‌ മറ്റുള്ളവരുടെ `സാമുദായികവാദം' പോലെ ഒന്നല്ലെങ്കില്‍ മറ്റെന്താണ്‌?
മുസ്‌ലിം പറയുന്ന പോലെയാണെങ്കില്‍ ലോകത്തിന്നുള്ള ഏതു മനുഷ്യനും സ്വര്‍ഗം ലഭിക്കണമെങ്കില്‍, പ്രാഥമികമായി അവന്‍ നബി(സ)യില്‍ വിശ്വസിച്ച്‌, ഖുര്‍ആനും സുന്നത്തും പ്രകാരം ജീവിക്കാത്തവനാകണം. ``(നബിയില്‍ വിശ്വസിച്ചവര്‍, യഹൂദര്‍, നസ്വാറാക്കാള്‍, സാബികള്‍ (മറ്റു മതസമുദായക്കാര്‍) ഇവരില്‍ ആര്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്‌തുവോ, അവര്‍ക്ക്‌ അല്ലാഹുവിങ്കല്‍ പ്രതിഫലമുണ്ട്‌, അവര്‍ ഭയപ്പെടേണ്ടതില്ല, ദു:ഖിക്കേണ്ടതില്ല'' എന്ന ഖുര്‍ആന്‍ വചനപ്രകാരം ഒരു മനുഷ്യന്‌ സ്വര്‍ഗം ലഭിക്കാന്‍ പ്രാഥമികമായും പ്രധാനമായും വേണ്ടത്‌ നബി(സ)യില്‍ വിശ്വസിക്കാലോ മറ്റു മതങ്ങളില്‍ വിശ്വസിക്കലോ ഒന്നുമല്ല, മറിച്ച്‌ സ്രഷ്‌ടാവായ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കലാണ്‌. ആ വിശ്വാസ സഹിതം സല്‍കര്‍മം ചെയ്യലാണ്‌.
ഇവിടെ സുപ്രധാനമായ വിശ്വാസകാര്യങ്ങള്‍ എടുത്ത്‌ പറഞ്ഞെന്നേയുള്ളൂവെന്നും, എല്ലാവര്‍ക്കും ഇതുകൊണ്ട്‌ മാത്രം മോക്ഷം ലഭിക്കുമെന്ന്‌ കരുതിയാല്‍ അത്‌ ഇസ്‌ലാം അംഗീകരിക്കാത്ത `സര്‍വമതവാദ'മാകുമെന്നുമൊക്കെയാണ്‌ മുസ്‌ലിം പറയുന്നത്‌. ചോദ്യക്കാരനായ എന്നെയും അത്തരം ഒരു `സര്‍വമതസത്യവിശ്വാസിയായി' കാണരുതെന്ന അപേക്ഷയുണ്ട്‌. സര്‍വ മതങ്ങളിലും ഭാഗികമായി സത്യങ്ങള്‍ ഉണ്ടാവാമെന്നല്ലാതെ, എല്ലാ മതങ്ങളിലെ എല്ലാ കാര്യങ്ങളും ശരിയാണെന്നും ഏത്‌ മതപ്രകാരം ജീവിച്ചാലും മതി, മനുഷ്യന്‍ നന്നാവുകയേ വേണ്ടൂ, അവന്‌ സ്വര്‍ഗം ലഭിക്കും എന്ന വിധത്തിലുള്ള ധാരണ ഈ ഉള്ളവനില്ല. ഉപര്യുക്ത ഖുര്‍ആന്‍ വചനം കൊണ്ടങ്ങനെ വരുന്നുമില്ല. 
വിവിധ വിശ്വാസങ്ങള്‍ വെച്ച്‌ പുലര്‍ത്തുന്നവരായിക്കൊണ്ട്‌ ഏകദൈവത്തിലും അന്ത്യനാളിലും വിശ്വസിച്ച്‌ സല്‍കര്‍മം പ്രവര്‍ത്തിച്ചാല്‍ മതി എന്നല്ല അതില്‍ ഉള്ളത്‌. മറിച്ച്‌, `വിവിധ സമുദായങ്ങളില്‍ പെട്ടവരായിക്കൊണ്ട്‌' എന്നേ അതില്‍ പറയുന്നുള്ളൂ. അതായത്‌, സ്രഷ്‌ടാവായ ഈശ്വരന്റെ പരലോകത്തെ പ്രതിഫലത്തില്‍ വിശ്വസിക്കുകയും മറ്റ്‌ യാതൊരു പ്രത്യേക വിശ്വാസങ്ങള്‍ വെച്ച്‌ പുലര്‍ത്താതിരിക്കുകയും ചെയ്യുന്ന യഹൂദനും ഹൈന്ദവനുമൊക്കെ തന്റെ സല്‍കര്‍മങ്ങള്‍ക്ക്‌ ആ ഇശ്വരന്‍ പ്രതിഫലം നല്‌കുമെന്ന്‌ സാരം. ഇതെങ്ങനെ സര്‍വമത സത്യവാദമാകും? വേണമെങ്കില്‍, ഏകദൈവത്തിലും പരലോകത്തിലും ഉള്ള വിശ്വാസം, തദടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം എന്നതിനെ എല്ലാ സമുദായക്കാര്‍ക്കും വേണ്ടിയുള്ള ദൈവത്തിന്റെ `പൊതുമതം' എന്ന്‌ നമുക്ക്‌ വിളിക്കാം. മനുഷ്യരില്‍ ഏറെ പേരും ഒരു `പ്രാപഞ്ചികശക്തി'യിലെങ്കിലും വിശ്വസിക്കുന്നവരാണ്‌. വ്യത്യസ്‌ത സമുദായത്തില്‍ ജനിച്ചുവളര്‍ന്നവരായ ഇവരോട്‌, ഒരു പ്രത്യേക നബിയെയും മതത്തെയും പറ്റി പറഞ്ഞ്‌ കൊണ്ടിരുന്നാല്‍ ഉള്ളതിലേറെ ഫലം ചെയ്യുക മേല്‍പറഞ്ഞ `പൊതുമത'ത്തെ കുറിച്ച്‌ പറയലാവും. മനുഷ്യരാശിയുടെ പൊതുവിലുള്ള പരലോകമോക്ഷം എന്നതായിരിക്കണമല്ലോ ആത്മാര്‍ഥതയുള്ള ഒരു ഇസ്‌ലാമിക പ്രബോധകന്റെ ലക്ഷ്യം. മുസ്‌ലിം സമുദായത്തിനകത്ത്‌ പറയുന്ന പോലെയെല്ല, പുറത്തിറങ്ങുമ്പോള്‍ വേണ്ടത്‌ -രണ്ടു കൂട്ടരും ഒരേ തരത്തിലല്ല പ്രതികരിക്കുക.
ഇസ്‌ലാം ദീനും ശരീഅത്തും ഒന്നുമീ കാലഘട്ടത്തില്‍ പ്രബോധനം ചെയ്യേണ്ടവയല്ല എന്ന്‌ ഇതിനര്‍ഥമില്ല. ലഭ്യമായ സാഹചര്യങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കുമനുസൃതമായി മാത്രമേ ഓരോ മനുഷ്യനും അന്ത്യനാളില്‍ ചോദ്യംചെയ്യപ്പെടുകയുള്ളൂ. മുസ്‌ലിം സമുദായത്തില്‍ ജനിച്ചുവളര്‍ന്ന്‌ ഇസ്‌ലാം അറിഞ്ഞ്‌ ജീവിച്ചുപോന്നവനുള്ള ബാധ്യത, മതപരമായി ഈ സാഹചര്യം കിട്ടാത്ത, കൊച്ചുനാളിലേ മറ്റൊരു സമുദായത്തില്‍ വളര്‍ന്ന്‌ വന്നവര്‍ക്ക്‌ ഉണ്ടാകുമോ? അവിശ്വാസിയായ ഒരു മുസ്‌ലിമിന്‌ തൗബ ചെയ്‌ത്‌ ഇസ്‌ലാമിലേക്ക്‌ വരാന്‍ ഉള്ള എളുപ്പം, ഇസ്‌ലാമിലേക്ക്‌ വരാനാഗ്രഹിക്കുന്ന ക്രിസ്‌ത്യാനിക്കോ ഹൈന്ദവനോ ഉണ്ടോ? നീതിമാനായ ദൈവം പല ഘടകങ്ങളില്‍ വ്യത്യസ്‌തത പുലര്‍ത്തുന്ന കോടാനുകോടി മനുഷ്യരെ ഒരളവുകോല്‍ വെച്ച്‌ വിധി കല്‌പിക്കുമെന്ന്‌ ധരിക്കാമോ?
ചെറുപ്പത്തില്‍ ഉമ്മ-വാപ്പമാര്‍ നഷ്‌ടമായ എന്നെ സംരക്ഷിച്ച കമ്യൂണിസ്റ്റ്‌ നിരീശ്വരവാദിയായ എന്റെ മൂത്ത സഹോദരന്‍, എന്റെ കൗമാരപ്രായത്തില്‍ മതവിശ്വാസിയായിത്തീര്‍ന്നിരുന്നില്ലായിരുന്നെങ്കില്‍ ഞാന്‍ എങ്ങനെയുള്ളവനാകുമായിരുന്നുവെന്ന്‌ ചിന്തിക്കാറുണ്ട്‌. തുറന്ന്‌ ചോദിക്കട്ടെ, മതഭക്തരായ ഒരു ബ്രാഹ്‌ണകുടുംബത്തിലാണ്‌ താങ്കളുടെ ജനനവും വളര്‍ച്ചയുമെങ്കില്‍, താങ്കള്‍ക്ക്‌ ഇന്നത്തെ പോലെ ഒരു ഇസ്‌ലാമിക പ്രബോധകനാകാന്‍ കഴിയുമായിരുന്നോ? മതം പഠിച്ച്‌ ഇസ്‌ലാമിലേക്ക്‌ വരുന്ന ചുരുക്കം പേരെ വിസ്‌മരിച്ചല്ല ഇത്‌ പറയുന്നത്‌. ബാഹ്യസ്വാധീനം അത്ര ശക്തമാണ്‌. കമ്യൂണിസം വിട്ട ഡോ. ഉസ്‌മാന്‍ സാഹിബ്‌ പള്ളിയിലേക്ക്‌ കയറിയപ്പോള്‍, അതേ പാര്‍ട്ടി വിട്ട്‌ തൗബ ചെയ്‌ത ജോസഫ്‌ മുണ്ടശ്ശേരി ചര്‍ച്ചിലേക്കും, ഇന്ദുചൂടന്‍ ക്ഷേത്രത്തിലേക്കുമാണ്‌ കയറിയത്‌ എന്ന്‌ നാം കാണേണ്ട സത്യങ്ങളല്ലേ?
എം ഖാലിദ്‌ നിലമ്പൂര്‍
ഈ ചോദ്യകര്‍ത്താവിന്റെ ചോദ്യത്തിന്‌ വിവിധ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്‌ ഞാന്‍ നല്‌കിയ മറുപടി എന്റെ ഉത്തമ വിശ്വാസമനുസരിച്ച്‌ ശരിയാണ്‌. അല്ലാഹു അവതരിപ്പിച്ച ഏതെങ്കിലും ഗ്രന്ഥത്തെയോ അവന്‍ നിയോഗിച്ച ഏതെങ്കിലും പ്രവാചകനെയോ തള്ളിപ്പറയുന്നവര്‍ക്കും അല്ലാഹു സ്വര്‍ഗം നല്‍കുമെന്ന്‌ പറയാന്‍ എനിക്ക്‌ കഴിയില്ല. അല്ലാഹു ഏതെങ്കിലും വ്യക്തിയെയോ വിഭാഗത്തെയോ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കില്ലെന്ന്‌ അല്ലാഹുവോ റസൂലോ(സ) പറഞ്ഞതിന്റെ അടിസ്ഥാനത്തിലല്ലാതെ സ്വാഭിപ്രായമായി പറയാന്‍ എനിക്ക്‌ അധികാരവുമില്ല.
-മുസ്‌ലിം

18-ജൂൺ-2011
ശനിയാഴ്ച

വസ്വിയ്യത്തിന്റെ നിബന്ധനകള്‍


വസ്വിയ്യത്തിന്റെ നിബന്ധനകളെന്തൊക്കെയാണ്‌? വസ്വിയ്യത്ത്‌ രേഖപ്പെടുത്തണമെന്ന്‌ നിര്‍ബന്ധമുണ്ടോ? ഉറ്റ ബന്ധുക്കളോടോ സുഹൃത്തുക്കളോടോ പറഞ്ഞാല്‍ മതിയോ? തമാശരൂപേണ പറയുന്ന കാര്യങ്ങള്‍ വസ്വിയ്യത്തായി കണക്കാക്കേണ്ടതുണ്ടോ? വസ്വിയ്യത്ത്‌ ചെയ്‌തത്‌ പാലിച്ചില്ലെങ്കില്‍ കുറ്റമുണ്ടോ?
അബ്‌ദുര്‍റഹ്‌മാന്‍, കല്ലായ്‌

സൂറതുല്‍ മാഇദയിലെ 106-ാം സൂക്തത്തില്‍ ഇപ്രകാരം കാണാം: ``സത്യവിശ്വാസികളേ, നിങ്ങളിലൊരാള്‍ക്ക്‌ മരണം ആസന്നമായാല്‍ വസ്വിയ്യത്തിന്റെ സമയത്ത്‌ നിങ്ങളില്‍ നിന്നുള്ള നീതിമാന്മാരായ രണ്ടുപേര്‍ നിങ്ങള്‍ക്കിടയില്‍ സാക്ഷ്യംവഹിക്കേണ്ടതാണ്‌. ഇനി നിങ്ങള്‍ ഭൂമിയിലൂടെ യാത്ര ചെയ്യുന്ന സമയത്താണ്‌ മരണവിപത്ത്‌ നിങ്ങള്‍ക്ക്‌ വന്നെത്തുന്നതെങ്കില്‍ (വസ്വിയ്യത്തിന്‌ സാക്ഷികളായി) നിങ്ങളല്ലാത്തവരില്‍ പെട്ട രണ്ടുപേരായാലും മതി.'' (5:106)

വസ്വിയ്യത്ത്‌ വാക്കാല്‍ ആണെങ്കില്‍ അത്‌ കേട്ട രണ്ട്‌ സാക്ഷികള്‍ ഉണ്ടായിരിക്കണം എന്നത്രെ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. വസ്വിയ്യത്തും സാക്ഷ്യവും രേഖപ്പെടുത്തല്‍ നിര്‍ബന്ധമല്ലെങ്കിലും രേഖയുണ്ടാകലാണ്‌ ഉത്തമമെന്നത്രെ പ്രബലമായ ഒരു ഹദീസില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ഒരു സത്യവിശ്വാസിക്ക്‌ എന്തെങ്കിലും വസ്വിയ്യത്ത്‌ ചെയ്യാനുണ്ടെങ്കില്‍ അത്‌ രേഖപ്പെടുത്തി തന്റെ തലയ്‌ക്ക്‌ സമീപം വെക്കേണ്ടതാണെന്ന്‌ റസൂല്‍(സ) പറഞ്ഞതായി ഇബ്‌നുഉമറില്‍(റ) നിന്ന്‌ ബുഖാരിയും മുസ്‌ലിമും മറ്റു പ്രമുഖ ഹദീസ്‌ ഗ്രന്ഥകര്‍ത്താക്കളും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

വസ്വിയ്യത്ത്‌ ദ്രോഹകരമാകരുതെന്ന്‌ സൂറത്തുന്നിസാഇലെ 12-ാം സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അനന്തരാവകാശികള്‍ക്ക്‌ മൊത്തമായോ അവരില്‍ ചിലര്‍ക്ക്‌ പ്രത്യേകമായോ ദ്രോഹംവരുത്തിവെക്കുന്ന വിധത്തില്‍ വസ്വിയ്യത്ത്‌ ചെയ്യാന്‍ പാടില്ല. ഏതൊരാളും തന്റെ ആകെ സ്വത്തിന്റെ മൂന്നിലൊരു ഭാഗം മാത്രമേ വസ്വിയ്യത്തിലൂടെ നല്‍കാവൂ എന്നും ബാക്കിയുള്ളത്‌ അനന്തരാവകാശികള്‍ക്കായി വിട്ടേച്ചുപോവുകയാണ്‌ വേണ്ടതെന്നും റസൂല്‍(സ) വ്യക്തമാക്കിയതായി സഅ്‌ദുബ്‌നു അബീവക്വാസില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

ശപഥത്തെക്കുറിച്ച്‌ ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ളത്‌ ഇപ്രകാരമാകുന്നു: ``വെറുതെ പറഞ്ഞുപോകുന്ന ശപഥവാക്കുകള്‍ മൂലം അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. പക്ഷെ നിങ്ങള്‍ മനസ്സറിഞ്ഞു പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അല്ലാഹു നിങ്ങളെ പിടികൂടുന്നതാണ്‌'' (വി.ഖു 2:225). വസ്വിയ്യത്ത്‌ തമാശയാക്കേണ്ട വിഷയമല്ലെങ്കിലും മനസ്സറിഞ്ഞു പറഞ്ഞ വസ്വിയ്യത്തിനേ പ്രാബല്യമുണ്ടാകൂ എന്നത്രെ ഈ സൂക്തത്തിന്റെ സൂചന.

മരിച്ച വ്യക്തിക്ക്‌ കട ബാധ്യതയുണ്ടെങ്കില്‍ അത്‌ വീട്ടിയിട്ട്‌ ബാക്കിയുള്ള സ്വത്ത്‌ മാത്രമേ അയാളുടെ അവകാശികള്‍ക്ക്‌ ഭാഗിച്ചെടുക്കാന്‍ പാടുള്ളൂ എന്ന കാര്യം സുവിദിതമാണല്ലോ. അതുപോലെ അദ്ദേഹം സ്വത്തിന്റെ മൂന്നിലൊന്നില്‍ കവിയാത്ത ഭാഗം ആര്‍ക്കെങ്കിലും നല്‍കാന്‍ വസ്വിയ്യത്ത്‌ ചെയ്‌തിട്ടുണ്ടെങ്കില്‍ അത്‌ കഴിച്ചു ബാക്കിയുള്ളത്‌ മാത്രമേ അനന്തരാവകാശികള്‍ ഭാഗിച്ചെടുക്കാവൂ എന്നത്രെ 4:12 സൂക്തത്തില്‍ നിന്ന്‌ മനസ്സിലാക്കാവുന്നത്‌. വസ്വിയ്യത്ത്‌ ഉണ്ടെന്ന്‌ അറിഞ്ഞിട്ടും അത്‌ പ്രാവര്‍ത്തികമാക്കാതിരിക്കുന്നത്‌
സവ്യവിശ്വാസികള്‍ പാലിക്കേണ്ട വിശ്വസ്‌തതയ്‌ക്ക്‌ വിരുദ്ധമാകുന്നു.

അന്യസ്‌ത്രീപുരുഷന്മാര്‍ സലാം പറയല്‍


മുസ്‌ലിംകള്‍ പരസ്‌പരം കണ്ടാല്‍ സലാം പറയല്‍ സുന്നത്താണല്ലോ. എന്നാല്‍ അന്യ സ്‌ത്രീപുരുഷന്മാര്‍ പരസ്‌പരം സലാംപറയല്‍ പുണ്യകരമാണോ?
കെ ഉമർ‍, ആമയൂര്‍

സ്വഹീഹുല്‍ ബുഖാരിയില്‍ `പുരുഷന്മാര്‍ സ്‌ത്രീകള്‍ക്കും സ്‌ത്രീകള്‍ പുരുഷന്മാര്‍ക്കും സലാംചൊല്ലല്‍' എന്നൊരു അധ്യായമുണ്ട്‌. ഇതില്‍ അദ്ദേഹം രണ്ട്‌ ഹദീസുകള്‍ ഉദ്ധരിച്ചിരിക്കുന്നു. ഒന്ന്‌, ജുമുഅയ്‌ക്ക്‌ ശേഷം സ്വഹാബികള്‍ ഒരു കിഴവിയുടെ അടുത്തുചെന്ന്‌ അവള്‍ക്ക്‌ സലാം പറയുകയും അവള്‍ കൊടുക്കുന്ന ഒരുതരം പാനീയം കുടിച്ച്‌ സന്തുഷ്‌ടരാവുകയും ചെയ്യുമായിരുന്നുവെന്ന്‌ വ്യക്തമാക്കുന്ന ഹദീസ്‌. രണ്ട്‌, `ജിബ്‌രീല്‍ ഇതാ നിനക്ക്‌ സലാം പറയുന്നു' എന്ന്‌ നബി(സ) ആഇശ(റ)യോട്‌ പറയുകയും വ അലൈഹിസ്സലാം വറഹ്‌മത്തുല്ലാഹ്‌ എന്ന്‌ ആഇശ(റ) സലാം മടക്കുകയും ചെയ്‌തതായി പറയുന്ന ഹദീസ്‌.

താനടക്കമുള്ള ഏതാനും സ്‌ത്രീകളുടെ അടുത്തുകൂടി കടന്നുപോയപ്പോള്‍ നബി(സ) തങ്ങള്‍ക്ക്‌ സലാം ചൊല്ലുകയുണ്ടായി എന്ന്‌ യസീദ്‌ മകള്‍ അസ്‌മാ പറഞ്ഞതായി തിര്‍മിദി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ടെന്ന്‌ ഇബ്‌നുഹജര്‍ ഫത്‌ഹുല്‍ബാരിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അന്യസ്‌ത്രീ പുരുഷന്മാര്‍ പരസ്‌പരം സലാം പറയല്‍ മക്‌റൂഹ്‌ (അനഭിലഷണീയം) ആണെന്ന്‌ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും അതിന്‌ പ്രമാണികമായ ഹദീസിന്റെയൊന്നും പിന്‍ബലമില്ല

ത്വാഗൂത്ത്‌ ഇപ്പോള്‍ ബാധകമല്ലേ?


മുമ്പ്‌ ത്വാഗൂത്തായിരുന്ന ഭരണവും സര്‍ക്കാര്‍ ജോലിയുമെല്ലാം ഇപ്പോള്‍ ജമാഅത്തിന്‌ നല്ലതായിരിക്കുകയാണ്‌. മുമ്പ്‌ ഇങ്ങനെ ജോലി ഉപേക്ഷിച്ചവരോട്‌ ഇവരെന്ത്‌ മറുപടി പറയും? സമുദായത്തെ പിന്നോട്ട്‌ നയിച്ചതിന്‌ ഇവരെന്ത്‌ പ്രായശ്ചിത്തം ചെയ്യും?

അശ്‌റഫ്‌ ഫൈസി (കാവനൂര്‍)

ഇസ്‌ലാമികേതരമായ, `ദൈവികഭരണം' നടത്തുന്നതല്ലാത്ത ഏത്‌ ഭരണാധികാരിയും ത്വാഗൂത്താണെന്നും ത്വാഗൂത്തിനെ അനുസരിക്കല്‍ അല്ലാഹുവല്ലാത്തവര്‍ക്കുള്ള ഇബാദത്തായതിനാല്‍ ശിര്‍ക്കാണെന്നുമാണ്‌ ആദ്യകാല ജമാഅത്ത്‌ സാഹിത്യങ്ങളില്‍ സമര്‍ഥിച്ചിട്ടുള്ളത്‌. അതനുസരിച്ച്‌ പഞ്ചായത്ത്‌ പ്രസിഡന്റും ഒരു ത്വാഗൂത്ത്‌ തന്നെയാണ്‌. ആ ത്വാഗൂത്തിന്റെ കസാലയിലിരുന്നു സേവനം നടത്താനാണ്‌ ജമാഅത്തുകാര്‍ മത്സരിച്ചത്‌. ഏതായാലും ആ `ശിര്‍ക്കി'ല്‍ നിന്ന്‌ സമ്മതിദായകര്‍ അവരെ `രക്ഷിച്ചി'രിക്കുകയാണ്‌.

മൗദൂദി സാഹിബിനോടുള്ള അനുരാഗാത്മക ഭ്രമം ഉപേക്ഷിക്കാതെ തന്നെ ഓരോ വിഷയത്തിലും അദ്ദേഹം പറഞ്ഞതിന്‌ വിപരീതമായ നിലപാട്‌ സ്വീകരിക്കുകയും അതിന്‌ പല ന്യായീകരണങ്ങള്‍ പറഞ്ഞുണ്ടാക്കുകയുമാണ്‌ ഇപ്പോള്‍ ജമാഅത്തുകാര്‍ പുലര്‍ത്തുന്ന നിലപാട്‌. ധിക്കാരി അഥവാ അതിക്രമകാരി എന്നാണ്‌ ത്വാഗൂത്ത്‌ എന്ന പദത്തിന്റെ അര്‍ഥം. എക്കാലത്തും ഏത്‌ നാട്ടിലും ത്വാഗൂത്തുകളുണ്ടാകും. അവരെ ആരാധിക്കുന്നതും അവരോട്‌ പ്രാര്‍ഥിക്കുന്നതും ശിര്‍ക്കാണ്‌. എന്നാല്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക്‌ വിരുദ്ധമാകാത്ത വിഷയങ്ങളില്‍ അവരെ അനുസരിക്കുന്നത്‌ ശിര്‍ക്കോ കുഫ്‌റോ പാപമോ അല്ല. അത്‌ കാലാനുസൃതമായി മാറുന്ന കാര്യമല്ല. ജമാഅത്തുകാര്‍ ഇടയ്‌ക്കിടെ നിലപാടുകള്‍ മാറ്റുമെങ്കിലും തെറ്റുകള്‍ തിരുത്തുകയോ പ്രായശ്ചിത്തം ചെയ്യുകയോ പതിവില്ല.

രാഷ്‌ട്രീയം അനിവാര്യമോ?


``ഇബാദത്ത്‌ (ദൈവാടിമത്തം) ഭൂമിയില്‍ ദൈവിക വ്യവസ്ഥിതി ഉണ്ടെങ്കില്‍ അതില്‍ പൗരത്വം സ്വീകരിച്ച്‌ ആ വ്യവസ്ഥിതിക്ക്‌ കീഴ്‌പ്പെട്ട്‌ ജീവിക്കുക. അതില്ലെങ്കില്‍ ദൈവീക മാര്‍ഗദര്‍ശനം രാഷ്‌ട്രീയ വ്യവസ്ഥിതിയായംഗീകരിച്ച്‌ ആ വ്യവസ്ഥിതിയിലേക്കുള്ള പ്രബോധനമാര്‍ഗത്തില്‍ ആത്മാര്‍ഥതയോടെ നിലകൊള്ളുക. ഈ രണ്ടു മാര്‍ഗങ്ങളില്‍ ഏതെങ്കിലുമൊന്നംഗീകരിക്കാതെ ഏകദൈവവിശ്വാസിയോ യഥാര്‍ഥ മുസ്‌ലിമോ ആകാന്‍ ആര്‍ക്കും ഒരിക്കലും സാധ്യമല്ല. അവര്‍ മാത്രമാണ്‌ ദൈവത്തിന്റെ ദീനില്‍ പ്രവേശിച്ചവരും ജീവിതം ഇബാദത്താക്കിയവരും. തന്നെയുമല്ല ശഹാദത്ത്‌, നമസ്‌കാരം, വ്രതം, സകാത്ത്‌, ഹജ്ജ്‌, കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിശിഷ്‌ട കര്‍മങ്ങള്‍ പോലും ദൈവം സ്വീകരിക്കുമെന്നതിന്‌ വേദത്തിലും തിരുചര്യയിലും യാതൊരു പ്രമാണവുമില്ല. അപ്രകാരം ദൈവത്തിന്റെ ദീനിന്‌ `മത'മെന്നും അവനുള്ള ഇബാദത്തിന്‌ `ആരാധന-പ്രാര്‍ഥന'യെന്നും വിശുദ്ധ പ്രമാണങ്ങളില്‍ നിന്നും അര്‍ഥം ലഭിക്കുകയില്ലെന്നും നാം മനസ്സിലാക്കുക.'' (ജമാഅത്തെ ഇസ്‌ലാമിയുടെ ഇപ്പോഴത്തെ രാഷ്‌ട്രീയ നിലപാടിനോട്‌ വിയോജിക്കുന്നവരുടെ കൂട്ടായ്‌മയായ ഐഡിയല്‍ റിസര്‍ച്ച്‌ ആന്റ്‌ സ്റ്റഡീസ്‌ പ്രസിദ്ധീകരിച്ച ലഘുലേഖയില്‍ നിന്ന്‌, പേജ്‌ 5)
മേല്‍ പരാമര്‍ശങ്ങളെക്കുറിച്ച്‌ `മുസ്‌ലിം' എന്തുപറയുന്നു.
അന്‍സാര്‍ , ഒതായി

ഇബാദത്ത്‌ എന്ന പദത്തിന്‌ ദൈവാടിമത്തം എന്നര്‍ഥം പറയുന്നതില്‍ തെറ്റും ശരിയുമുണ്ട്‌. മുഴുവന്‍ മനുഷ്യരും ജിന്നുകളും ഒരര്‍ഥത്തില്‍ അല്ലാഹുവിന്റെ അടിമകളാണ്‌. നംറൂദും ഫിര്‍ഔനും അബൂജഹ്‌ലും ഹിറ്റ്‌ലറും മുസോളിനിയുമെല്ലാം ഈ അര്‍ഥത്തില്‍ അല്ലാഹുവിന്റെ അടിമകളാണ്‌. ഏറ്റവും കടുത്ത ദൈവനിഷേധിയുടെ പോലും ശരീരവ്യവസ്ഥ അല്ലാഹുവിന്‌ അടിമപ്പെട്ടാണ്‌ കഴിയുന്നത്‌. അയാളുടെ ആന്തരാവയവങ്ങളും സൂക്ഷ്‌മകോശങ്ങള്‍ പോലും അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ പ്രകാരമേ പ്രവര്‍ത്തിക്കുകയുള്ളൂ. എന്നാല്‍ അതിന്റെ പേരില്‍ അയാള്‍ അല്ലാഹുവിന്‌ ഇബാദത്ത്‌ ചെയ്യുന്നു എന്ന്‌ പറയാവുന്നതല്ല.

പ്രവാചകന്മാരുടെയൊക്കെ കാലത്ത്‌ അടിമത്ത സമ്പ്രദായമുണ്ടായിരുന്നു. മനുഷ്യരില്‍ ചിലര്‍ മറ്റു ചിലരെ അടിമകളാക്കി അവരെക്കൊണ്ട്‌ പലതരം ജോലികള്‍ ചെയ്യിക്കുന്ന സമ്പ്രദായം. മുഹമ്മദ്‌ നബി(സ)യുടെ അനുചരന്മാരുടെ കൂട്ടത്തില്‍ യജമാനന്മാരും അടിമകളുമുണ്ടായിരുന്നു. മുഹമ്മദ്‌ നബി(സ)യുടെ അടിമയായിരുന്നു സൈദുബ്‌നുഹാരിഥ(റ). പിന്നീട്‌ നബി(സ) അദ്ദേഹത്തെ അടിമത്തത്തില്‍ നിന്ന്‌ മോചിപ്പിക്കുകയാണ്‌ ചെയ്‌തത്‌. ഒരു അടിമയെ കൈവശം വെക്കുന്നത്‌ ഹറാമായതുകൊണ്ടല്ല; അടിമകളെ മോചിപ്പിച്ച്‌ സ്വതന്ത്രരാക്കിത്തീര്‍ക്കല്‍ അല്ലാഹുവിന്റെ ദീനില്‍ പുണ്യകരമായതുകൊണ്ടാണ്‌ അങ്ങനെ ചെയ്‌തത്‌. നബി(സ)യുടെ അടിമസ്‌ത്രീയായിരുന്നു മാരിയ(റ). സച്ചരിതരായ ഖലീഫമാരുടെ ഭരണകാലത്തും അടിമകളുണ്ടായിരുന്നു. മുസ്‌ലിം അടിമകളാരും തന്നെ മനുഷ്യരായ യജമാനന്മാര്‍ക്ക്‌ ഇബാദത്ത്‌ ചെയ്യുന്നവരായിരുന്നില്ല. പരമമായ അര്‍ഥത്തില്‍ അവര്‍ അല്ലാഹുവിനുള്ള അടിമത്തം മാത്രമേ അംഗീകരിച്ചിരുന്നുള്ളൂ. എന്നാല്‍ പരിമിതമായ അര്‍ഥത്തില്‍ അവര്‍ തങ്ങളുടെ യജമാനന്മാര്‍ക്കുള്ള അടിമത്തം അംഗീകരിച്ചിരുന്നു. എന്നാല്‍ ആ അടിമത്തം അല്ലാഹുവിനു മാത്രം അര്‍പ്പിക്കേണ്ട ഇബാദത്തിന്റെ വകുപ്പില്‍ പെട്ടതാണെന്ന്‌ സത്യവിശ്വാസികളായ അടിമകളോ യജമാനന്മാരോ കരുതിയിരുന്നില്ല.

ഭൂമിയില്‍ എക്കാലത്തും ദൈവിക വ്യവസ്ഥിതിയാണ്‌ നിലനിന്നിട്ടുള്ളത്‌. സകല ചരാചരങ്ങളും ജീവ-സസ്യജാലങ്ങളും മനുഷ്യരും അല്ലാഹുവിന്റെ ഭരണവ്യവസ്ഥക്ക്‌ കീഴിലായിരുന്നു ഏതു കാലത്തും. ഇക്കാലത്തും അങ്ങനെ തന്നെ. അല്ലാഹുവിന്‌ മനുഷ്യരുടെ മേല്‍ അധികാരം നഷ്‌ടപ്പെട്ട ഒരു കാലഘട്ടവും ഉണ്ടായിട്ടേയില്ലേ. അല്ലാഹുവിന്റെ ഒരു കല്‌പന നോക്കുക: ``പറയുക: ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ ആധിപത്യം നല്‌കുന്നു. നീ ഉദ്ദശിക്കുന്നവരില്‍ നിന്ന്‌ നീ ആധിപത്യം എടുത്തു നീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ പ്രതാപം നല്‌കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്റെ കൈവശമത്രെ നന്മയുള്ളത്‌. തീര്‍ച്ചയായും നീ ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു.'' (വി.ഖു 3:26)

ചരിത്രം കണ്ട സകല ഭരണാധികാരികള്‍ക്കും ആധിപത്യം ലഭിച്ചത്‌ അല്ലാഹു നല്‌കിയതു കൊണ്ടാണ്‌. അല്ലാഹു അവരുടെ അധികാരത്തിന്‌ അന്ത്യം കുറിക്കാന്‍ ഉദ്ദേശിച്ചപ്പോഴാണ്‌ അവര്‍ സ്ഥാനഭ്രഷ്‌ടരായത്‌. ഒരാളുടെ അധികാരാരോഹണത്തിലേക്കും അധികാര നഷ്‌ടത്തിലേക്കും നയിക്കുന്ന ധാരാളം ഭൗതിക സാഹചര്യങ്ങളുണ്ടായിരിക്കും. അതൊക്കെയും ഒരുങ്ങുന്നത്‌ അല്ലാഹുവിന്റെ ഹിതമനുസരിച്ചായിരിക്കും. അല്ലാഹു അധികാരത്തിലേറ്റിയ ആളെ അവിടെ നിന്ന്‌ ഇറക്കാനോ ഇറക്കിയ ആളെ വീണ്ടും കയറ്റാനോ അവന്‍ ആരെയും അധികാരപ്പെടുത്തിയിട്ടില്ല. നംറൂദിന്‌ രാജാധികാരം അല്ലാഹുവാണ്‌ നല്‌കിയതെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ (2:258) വ്യക്തമാക്കിയിട്ടുണ്ട്‌. ആ ഏകാധിപതിയുടെ നാട്ടിലേക്ക്‌ പ്രവാചകനായി ഇബ്‌റാഹീമിനെ(അ) അല്ലാഹു നിയോഗിച്ചത്‌ അയാളെ സ്ഥാനഭ്രഷ്‌ടനാക്കി അവിടെ `ദൈവിക ഭരണം' സ്ഥാപിക്കാനല്ല. മുഴുവന്‍ പ്രപഞ്ചത്തിന്റെയും അധിപനായ അല്ലാഹുവിന്റെ ഏകവും അതുല്യമായ പരമാധികാരത്തെക്കുറിച്ചും അവനല്ലാതെ യാതൊരു ആരാധ്യനും സൃഷ്‌ടികള്‍ക്ക്‌ ഉണ്ടാകാന്‍ പാടില്ല എന്നതിനെക്കുറിച്ചും നംറൂദിനെയും സ്വന്തം പിതാവ്‌ അടക്കമുള്ള നാട്ടുകാരെയും ബോധവല്‍കരിക്കുകയായിരുന്നു ഇബ്‌റാഹീം നബി(സ)യുടെ ദൗത്യം. അദ്ദേഹത്തിന്റെ പ്രബോധനത്തിന്റെ വിശദാംശങ്ങള്‍ വിശുദ്ധ ഖുര്‍ആനിലെ വിവിധ അധ്യായങ്ങളില്‍ കാണാം. 26-ാം അധ്യായത്തിലെ ഈ വിഷയകമായ പരാമര്‍ശം നോക്കുക:

``ഇബ്‌റാഹീമിന്റെ വൃത്താന്തം അവര്‍ക്ക്‌ നീ വായിച്ചു കേള്‍പ്പിക്കുക. അതായത്‌ നിങ്ങള്‍ എന്തൊന്നിനാണ്‌ ഇബാദത്ത്‌ ചെയ്‌തുകൊണ്ടിരിക്കുന്നതെന്ന്‌ തന്റെ പിതാവിനോടും തന്റെ ജനതയോടും അദ്ദേഹം ചോദിച്ച സന്ദര്‍ഭം. അവര്‍ പറഞ്ഞു: ഞങ്ങള്‍ ചില വിഗ്രഹങ്ങള്‍ക്ക്‌ ഇബാദത്ത്‌ ചെയ്യുകയും അവയുടെ മുമ്പില്‍ ഭജനമിരിക്കുകയും ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ അവരത്‌ കേള്‍ക്കുമോ? അഥവാ അവര്‍ നിങ്ങള്‍ക്ക്‌ ഉപകാരമോ ഉപദ്രവമോ ചെയ്യുമോ?'' (വി.ഖു 26: 69-72)

ഇബ്‌റാഹീം നബി(അ)യുടെ പിതാവും നാട്ടുകാരും നംറൂദിന്റെ ഭരണനിയമങ്ങള്‍ അനുസരിച്ച്‌ ജീവിക്കുന്നവരായിരുന്നു എന്ന കാര്യത്തില്‍ സാമാന്യമായ ചരിത്രബോധമുള്ള ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. മൗദൂദി സാഹിബിന്റെയും ഇബാദത്തിന്റെ വ്യാഖ്യാനത്തില്‍ അദ്ദേഹത്തെ പിന്തുടരുന്നവരുടെയും വീക്ഷണത്തില്‍ ഈ അനുസരണമാണ്‌ അല്ലാഹുവല്ലാത്തവര്‍ക്കുള്ള ഇബാദത്ത്‌ അഥവാ അത്യന്തം ഗുരുതരമായ ശിര്‍ക്ക്‌. എന്നാല്‍ `എന്തൊന്നിനാണ്‌ നിങ്ങള്‍ ഇബാദത്ത്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌?' എന്ന്‌ ഇബ്‌റാഹീം നബി(അ) ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പിതാവും നാട്ടുകാരും പറഞ്ഞ മറുപടി, `ഞങ്ങള്‍ ചില വിഗ്രങ്ങള്‍ക്ക്‌ ഇബാദത്ത്‌ ചെയ്യുന്നു' എന്നായിരുന്നു. ഇതിന്റെ അര്‍ഥം `ഞങ്ങള്‍ വിഗ്രഹങ്ങളുടെ രാഷ്‌ട്രീയവ്യവസ്ഥ സ്വീകരിക്കുന്നു' എന്നാണെന്ന്‌ നബി(സ)യോ സ്വഹാബികളോ താബിഉകളോ ആരും തന്നെ പറഞ്ഞിട്ടില്ല. ആധുനിക പണ്ഡിതന്മാരുടെ കൂട്ടത്തിലും പരിഗണനീയരായ ആരും അങ്ങനെ അഭിപ്രായപ്പെട്ടിട്ടില്ല. `ഈ വിഗ്രഹങ്ങള്‍ക്ക്‌ കുറ്റമറ്റ രാഷ്‌ട്രീയ വ്യവസ്ഥിതി കാണിച്ചുതരാന്‍ കഴിയുമോ' എന്നല്ല ഇബ്‌റാഹീം നബി(അ) അവരോട്‌ തിരിച്ചുചോദിച്ചത്‌. `നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കാന്‍ ആ വിഗ്രഹങ്ങള്‍ക്ക്‌ കഴിയുമോ' എന്നാണ്‌ അദ്ദേഹം ചോദിച്ചത്‌. വീണ്ടും അദ്ദേഹം ചോദിച്ചത്‌, `നിങ്ങള്‍ക്ക്‌ ആ വിഗ്രഹങ്ങള്‍ ഉപകാരമോ ഉപദ്രവമോ ചെയ്യുമോ' എന്നാണ്‌. രാഷ്‌ട്രീയമായ ഉപകാരവും ഉപദ്രവവുമാണ്‌ ഇവിടെ ഇബ്‌റാഹീം നബി(അ) ഉദ്ദേശിച്ചതെന്ന്‌ സാമാന്യബുദ്ധിയുള്ള ആരും പറയാനിടയില്ല. ഇബാദത്തിന്‌ ആരാധന/പ്രാര്‍ഥന എന്ന അര്‍ഥം തന്നെയാണ്‌ ഇബ്‌റാഹീം നബി(അ)യും നാട്ടുകാരും മനസ്സിലാക്കിയത്‌ എന്നാണ്‌ ഉപര്യുക്ത ഖുര്‍ആന്‍ സൂക്തത്തില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. രാഷ്‌ട്രീയ അന്ധത ബാധിക്കാത്തവര്‍ക്കെല്ലാം ഇത്‌ സുതരാം വ്യക്തമാകും.

പിതാവും നാട്ടുകാരും വിഗ്രഹങ്ങളെ ആരാധിക്കുന്നതും പ്രാര്‍ഥിക്കുന്നതും ഒഴിവാക്കാന്‍ തയ്യാറില്ലെന്ന്‌ ബോധ്യമായപ്പോള്‍ അദ്ദേഹം സ്വദേശം വിട്ടുപോകാനാണ്‌ തീരുമാനിച്ചത്‌. അന്യനാട്ടില്‍ പോയി ജനപിന്തുണയാര്‍ജിച്ച്‌ തിരിച്ചുവന്ന്‌ നംറൂദിന്റെ ദുര്‍ഭരണം അവസാനിപ്പിക്കണം എന്ന ഉദ്ദേശ്യത്തോടെയല്ല അദ്ദേഹം ദേശത്യാഗം ചെയ്‌തത്‌. ``അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ എന്റെ രക്ഷിതാവിങ്കലേക്ക്‌ പോവുകയാണ്‌. അവന്‍ എനിക്ക്‌ നിര്‍വഴി കാണിക്കും'' (വി.ഖു 37:99). അല്ലാഹുവിന്റെ മിത്രമായ ഇബ്‌റാഹീം നബി(അ)ക്ക്‌ അല്ലാഹു നേര്‍വഴി കാണിക്കുക തന്നെ ചെയ്‌തു. ഫലസ്‌ത്വീനിലും ഈജിപ്‌തിലുമൊക്കെ അദ്ദേഹം കണിശമായ ഏകദൈവവിശ്വാസം പ്രബോധനം ചെയ്‌തു. അവിടെയൊന്നും ഭരണകൂടത്തിന്‌ വേണ്ടി അദ്ദേഹം ജനങ്ങളെ സംഘടിപ്പിച്ചിട്ടില്ല. പിന്നീട്‌ അദ്ദേഹം മക്കയില്‍ പോയി. മകന്‍ ഇസ്‌മാഈലിനോടൊപ്പം കഅ്‌ബ പടുത്തുയര്‍ത്തി. ഹജ്ജിനുള്ള വിളംബരം നടത്തി. കഅ്‌ബയെ അറേബ്യയിലെയോ പരിസരങ്ങളിലെയോ ഭരണം മാറ്റിയെടുക്കാന്‍ വേണ്ടിയുള്ള രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ വേദിയാക്കാന്‍ അദ്ദേഹമോ അദ്ദേഹത്തിന്റെ ആദര്‍ശം സ്വീകരിച്ചവരോ ശ്രമിച്ചിട്ടില്ല. അലി ശരീഅത്തി എന്നൊരാള്‍ മാത്രമാണ്‌ ഹജ്ജ്‌ ഒരു സാമ്രാജ്യത്വ വിരുദ്ധ പോരാട്ടമാണെന്ന്‌ സമര്‍ഥിക്കാന്‍ ശ്രമിച്ചത്‌. ആ ഉദ്ദേശത്തോടെയല്ല ഹജ്ജ്‌ ചെയ്യുന്നതെങ്കില്‍ അല്ലാഹു അത്‌ സ്വീകരിക്കുകയില്ലെന്ന്‌ ഈ ലഘുലേഖക്കാര്‍ വാദിക്കുമോ എന്നാണ്‌ നമുക്ക്‌ അറിയേണ്ടത്‌.

ഈജിപ്‌തില്‍ ദൈവിക രാഷ്‌ട്രീയ വ്യവസ്ഥിതി സ്ഥാപിക്കാനാണ്‌ മൂസാനബി(അ)യെ അല്ലാഹു നിയോഗിച്ചതെങ്കില്‍ ഫിര്‍ഔനും പട്ടാളവും മുങ്ങിമരിച്ച ശേഷം അദ്ദേഹത്തിന്‌ അവിടെ രാജാവോ ഖലീഫയോ ആകാന്‍ ഒരു തടസ്സവും ഉണ്ടായിരുന്നില്ല. എന്നാല്‍ സീനാമരുഭൂമിയില്‍ പ്രയാസകരമായ ജീവിതം നയിക്കുക എന്നതായിരുന്നു മൂസാനബി(അ)യുടെയും ഹാറൂന്‍നബി(അ)യുടെയും കൂടെയുള്ള ഇസ്‌റാഈല്യരുടെയും കാര്യത്തില്‍ അല്ലാഹുവിന്റെ നിശ്ചയം. വിഗ്രഹങ്ങളെയും സ്വര്‍ണനിര്‍മിതമായ കാളക്കുട്ടിയെയും ആരാധിക്കുന്നതിനെതിരില്‍ ഇസ്‌റാഈല്യരെ ബോധവത്‌കരിക്കുക എന്നതായിരുന്നു സീനായില്‍ മൂസാനബി(അ)യുടെ നിയോഗം. വിഗ്രഹങ്ങള്‍ക്കും കാളക്കുട്ടിക്കും ഭരണാധികാരം നല്‌കുന്നതിനെയാണ്‌ അദ്ദേഹം എതിര്‍ത്തതെന്ന്‌ പൂര്‍വികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളാരും പറഞ്ഞിട്ടില്ല.

വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്ന കാലത്തെ റോമന്‍-സിറിയന്‍ ക്രിസ്‌ത്യാനികള്‍ റോമന്‍ ചക്രവര്‍ത്തിമാരുടെയും അവരുടെ കീഴിലുള്ള നാടുവാഴികളുടെയും ഭരണനിയമങ്ങള്‍ അനുസരിക്കുന്നവരായിരുന്നു. എന്നാല്‍ ഇത്‌ ഭരണാധികാരികള്‍ക്കുള്ള ഇബാദത്താണെന്നോ ശിര്‍ക്കാണെന്നോ അല്ലാഹുവും റസൂലും(സ) പറഞ്ഞിട്ടില്ല. അതിന്‌ പുറമെ മാര്‍പ്പാപ്പയെയും കര്‍ദിനാള്‍മാരെയും ബിഷപ്പുമാരെയും ത്രിയേക ദൈവ സങ്കല്‌പത്തിലെ ഒരു അസ്‌തിത്വമായ പരിശുദ്ധാത്മാവിന്റെ പിന്‍ബലമുള്ളവരായി പരിഗണിച്ച്‌ മതനിയമ ദാതാക്കളെന്ന നിലയില്‍ ക്രിസ്‌ത്യാനികള്‍ അനുസരിച്ചിരുന്നു. ഈസാനബി(അ)യെ ദൈവപുത്രനായി സങ്കല്‌പിച്ച്‌ അവര്‍ ആരാധിക്കുകയും ചെയ്‌തിരുന്നു. ഇതിനെയൊക്കെയാണ്‌ വിശുദ്ധ ഖുര്‍ആനിലെ 9:31 സൂക്തത്തില്‍ ശിര്‍ക്ക്‌ എന്ന നിലയില്‍ നിശിതമായി വിമര്‍ശിച്ചത്‌. ക്രിസ്‌ത്യാനികള്‍ പുരോഹിതന്മാരുടെ മതനിയമങ്ങള്‍ അനുസരിച്ചതിനെ അല്ലാഹു എതിര്‍ക്കുകയും അവര്‍ റോമന്‍ ഭരണാധികാരികളെ അനുസരിച്ചതിനെ എതിര്‍ക്കാതിരിക്കുകയും ചെയ്‌തതില്‍ നിന്ന്‌ നിഷ്‌പക്ഷമതികള്‍ക്കൊക്കെ മനസ്സിലാക്കാം മതവും രാഷ്‌ട്രീയവും തമ്മിലുള്ള വ്യത്യാസം. ഭരണാധികാരിക്ക്‌ ദൈവികമായ സ്ഥാനം കല്‌പിച്ച്‌ ആരാധിക്കുയോ പ്രാര്‍ഥിക്കുകയോ ചെയ്യാത്തപക്ഷം കേവലം രാഷ്‌ട്രീയമായ അനുസരണം ഇബാദത്തോ ശിര്‍ക്കോ ആവില്ലെന്ന്‌ സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം ഇതില്‍ നിന്ന്‌ മനസ്സിലാക്കാം.

സത്യപ്രബോധനം രാഷ്‌ട്രീയ വ്യവസ്ഥിതി മാറ്റത്തിനുള്ള ഉപാധിയാക്കാത്തവര്‍ യഥാര്‍ഥ മുസ്‌ലിമോ ഏകദൈവ വിശ്വാസിയോ ദീനില്‍ പ്രവേശിച്ചവനോ ആവില്ലെങ്കില്‍ നൂഹ്‌, ഇബ്‌റാഹീം, മൂസാ, ഈസാ (അലൈഹിമുസ്സലാം) എന്നീ പ്രവാചകന്മാരൊന്നും യഥാര്‍ഥ വിശ്വസികളോ സത്യദീനില്‍ ഉറച്ചുനിന്നവരോ അല്ലെന്ന്‌ കൂടി വാദിക്കേണ്ടിവരും. ദീന്‍ എന്നാല്‍ മതമല്ല, രാഷ്‌ട്രീയമാണെന്നും, ഇബാദത്ത്‌ എന്നാല്‍ ആരാധനയും പ്രാര്‍ഥനയുമല്ല വ്യവസ്ഥിതി മാറ്റത്തിനു വേണ്ടിയുള്ള ഊര്‍ജിത പ്രയത്‌നമാണെന്നും ഇസ്‌ലാമിക പ്രമാണങ്ങളിലൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറയുന്നവരില്‍ നിന്ന്‌ മാത്രമേ അല്ലാഹു ശഹാദത്തും നമസ്‌കാരവും മറ്റു സല്‍കര്‍മങ്ങളും സ്വീകരിക്കുകയുള്ളൂ എന്ന്‌ സയ്യിദ്‌ മൗദൂദിയോട്‌ അനുരാഗാത്മക ഭ്രമമുള്ളവരല്ലാതെ പ്രാമാണിക പണ്ഡിതന്മാരാരും അഭിപ്രായപ്പെട്ടിട്ടില്ല.

ഇത്രയും എഴുതയിത്‌ ഇസ്‌ലാമില്‍ രാഷ്‌ട്രീയമില്ല എന്ന്‌ സമര്‍ഥിക്കാനല്ല. ഇബാദത്തും ദീനുമൊക്കെ രാഷ്‌ട്രീയം തന്നെയാണ്‌ എന്ന ജല്‌പനത്തോടുള്ള വിയോജിപ്പ്‌ രേഖപ്പെടുത്താനാണ്‌. അല്ലാഹു ഏതൊരു സത്യവിശ്വാസിക്ക്‌ അധികാരം നല്‌കിയാലും അയാള്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക്‌ വിരുദ്ധമാകാത്ത വിധത്തില്‍ ഭരണം നടത്താനും വിധി കല്‌പിക്കാനും ബാധ്യസ്ഥനാണ്‌. അല്ലാഹു ഹലാലാക്കിയത്‌ ഹറാമാക്കിക്കൊണ്ടോ മറിച്ചോ ഒരു മുസ്‌ലിം ഭരണാധികാരി നിയമം നിര്‍മിച്ചാല്‍ അയാള്‍ അല്ലാഹുവിന്റെ ശിക്ഷയ്‌ക്ക്‌ പാത്രമാകുമെന്നാണ്‌ വിവിധ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന്‌ മനസ്സിലാക്കാവുന്നത്‌. `ഇത്‌ രാഷ്‌ട്രീയമാണ്‌, ഇതില്‍ മതനിയമങ്ങളൊന്നും പരിഗണിക്കേണ്ടതില്ല' എന്ന്‌ വല്ലവനും വാദിക്കുകയാണെങ്കില്‍ അവന്‌ ഇസ്‌ലാമില്‍ സ്ഥാനമില്ല.

ആദര്‍ശവും നയവും പ്രവര്‍ത്തനശൈലിയും


``കാലത്തിന്നനുസരിച്ച്‌ നയം മാറ്റാത്ത ഒരു പ്രസ്ഥാനത്തിനും നിലനില്‌പില്ല. ഇസ്‌ലാമിന്റെ സാര്‍വലൗകിക പ്രസക്തിയും കാലോചിതമായ നിര്‍വഹണമാണ്‌. ജമാഅത്ത്‌ എന്ത്‌ നേടി എന്ന്‌ ചോദിക്കുന്നവര്‍ പോലും ജമാഅത്തിന്റെ പ്രവര്‍ത്തനശൈലി കടമെടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടവരാണ്‌.'' (പ്രൊ. സിദ്ദിഖ്‌ഹസന്‍, മാധ്യമം -2010 ഫെബ്രുവരി 15)

ജമാഅത്തുകാര്‍ ആദര്‍ശത്തിലാണോ അതോ നയത്തിലാണോ മാറ്റംവരുത്തിയത്‌. ജമാഅത്തിന്റെ പ്രവര്‍ത്തനശൈലി വിമര്‍ശകര്‍ പോലും കടമെടുത്തിരിക്കുന്നു എന്ന്‌ പറയുന്നതിലെ സാംഗത്യമെന്ത്‌?

ഇ കെ ശൗക്കത്തലി ഓമശ്ശേരി

ദൈവികേതരമായ ഏത്‌ ഭരണകൂടവും ഖുര്‍ആനില്‍ പറഞ്ഞ ത്വാഗൂത്തിന്റെ വകുപ്പില്‍ പെട്ടതാണെന്നും ത്വാഗൂത്തിനെ വെടിഞ്ഞാലേ തൗഹീദ്‌ ശരിയാവുകയുള്ളൂവെന്നും, ജനാധിപത്യം ഇസ്‌ലാമിന്‌ തീര്‍ത്തും വിരുദ്ധമാണെന്നും, ബ്രിട്ടീഷ്‌ ഭരണം മാറി ഇന്ത്യയില്‍ ജനാധിപത്യഭരണം നിലവില്‍ വരുന്നത്‌ ലാത്ത എന്ന വിഗ്രഹം മാറിയിട്ട്‌ മനാത്ത എന്ന വിഗ്രഹം വരുന്നതു പോലെ മാത്രമാണെന്നും മറ്റും ജമാഅത്ത്‌ നേതാക്കള്‍ എഴുതിയത്‌ പലതവണ ശബാബില്‍ ഉദ്ധരിച്ചിട്ടുണ്ട്‌. ഇതൊക്കെ അടിസ്ഥാന ആദര്‍ശത്തിന്റെ ഭാഗമാണ്‌. സ്ഥലകാലങ്ങള്‍ക്കനുസരിച്ച്‌ മാറേണ്ട നയപരമായ കാര്യങ്ങളാണ്‌ തൗഹീദും ശിര്‍ക്കുമെന്ന്‌ ഇസ്‌ലാമിനെ സംബന്ധിച്ച്‌ സാമാന്യജ്ഞാനമുള്ള ആരും പറയില്ലെന്നാണ്‌ `മുസ്‌ലിം' കരുതിയിരുന്നത്‌.

ആശയപ്രചാരണത്തിന്‌ ഏതൊക്കെ പരിപാടികള്‍ സംഘടിപ്പിക്കണമെന്നത്‌ നയമായ കാര്യമാണ്‌. പ്രഭാഷണ പരമ്പരകള്‍, സമ്മേളനങ്ങള്‍, സെമിനാറുകള്‍, ഇന്റര്‍നെറ്റ്‌ പ്രോഗ്രാമുകള്‍ എന്നിങ്ങനെ ഏതൊക്കെ പരിപാടികളുമായി കാലാനുസൃതം മുന്നോട്ടു പോകണം എന്ന വിഷയത്തില്‍ വ്യക്തികളുടെയും സംഘടനകളുടെയും നിലപാടുകളില്‍ മാറ്റമുണ്ടാവുക സ്വാഭാവികമാണ്‌. ഇതിലെ കടമെടുക്കലും കടം കൊടുക്കലും അല്ല മുജാഹിദ്‌-ജമാഅത്ത്‌ തര്‍ക്ക വിഷയങ്ങള്‍.

നവോത്ഥാനത്തിന്റെ പോക്കറ്റടി


ചാലിലകത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയെപ്പോലുള്ളവരൊക്കെ അവരവര്‍ ജീവിച്ച സാമൂഹ്യ സാഹചര്യങ്ങളില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയവരായിരുന്നല്ലോ. ധാരാളം എതിര്‍പ്പുകള്‍ അവര്‍ക്ക്‌ നേരിടേണ്ടിയും വന്നു. എന്നാല്‍ അന്നത്തെ യാഥാസ്ഥിതികരുടെ പിന്മുറക്കാര്‍ നവോത്ഥാന നായകന്മാരെയൊക്കെ തങ്ങളുടേതാക്കി മാറ്റാന്‍ വിഫലശ്രമം നടത്തുന്നതായി കാണുന്നു. പുതിയ ഈ അധിനിവേശത്തെ കുറിച്ച്‌ `മുസ്‌ലിം' എന്തുപറയുന്നു?

ഇ കെ ശൗക്കത്തലി, ഓമശ്ശേരി

തങ്ങളും തങ്ങളുടെ മുന്‍ഗാമികളും തനി പിന്തിരിപ്പന്മാരാണെന്ന്‌ തുറന്നുപറയാന്‍ ആരും ഇഷ്‌ടപ്പെടുകയില്ല. അതിനാല്‍ മറ്റുള്ളവരെ ഏതെങ്കിലും വിധത്തില്‍ അപകീര്‍ത്തിപ്പെടുത്തി സ്വയം മേനി നടിക്കാനാണ്‌ മിടുക്കരായ യാഥാസ്ഥിതികരെല്ലാം ശ്രമിക്കാറുള്ളത്‌. സമൂഹമനസ്സില്‍ സ്വാധീനം നേടിയ പൂര്‍വികരെ തള്ളിപ്പറയുന്നവര്‍ സമൂഹദൃഷ്‌ടിയില്‍ മോശക്കാരായിരിക്കും. അതുകൊണ്ടാണ്‌ വിയോജിക്കുന്ന സമകാലീനരെ ഇകഴ്‌ത്തുന്നതോടൊപ്പം പരേതരോട്‌ വിയോജിപ്പുണ്ടെങ്കിലും അവരെ സ്വന്തമാക്കുകയോ ആദരിക്കുകയോ ചെയ്യുന്ന തന്ത്രം മതരംഗത്തും രാഷ്‌ട്രീയ രംഗത്തുമുള്ള ചില സമര്‍ഥന്മാര്‍ പയറ്റുന്നത്‌. ചാലിലകത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയെ സംബന്ധിച്ച്‌ ധാരാളം എഴുതപ്പെട്ടിട്ടുണ്ട്‌. ആ വ്യക്തിത്വത്തെ നിഷ്‌പ്രഭമാക്കാന്‍ ആരു വിചാരിച്ചാലും സാധിക്കുകയില്ല. അതിനാല്‍ തങ്ങളാണ്‌ അദ്ദേഹത്തിന്റെ യഥാര്‍ഥ പിന്മുറക്കാരെന്ന്‌ സ്ഥാപിച്ചുകൊണ്ട്‌ നല്ല പിള്ള ചമയാന്‍ മുസ്‌ലിയാന്മാര്‍ ശ്രമിക്കുന്നു. സാവധാനത്തില്‍ വക്കം മൗലവിയെപ്പോലുള്ള ചിലരെയും സ്വന്തക്കാരാക്കാന്‍ അവര്‍ ശ്രമിച്ചുകൂടായ്‌കയില്ല. ഇസ്‌ലാഹീ പ്രസ്ഥാനത്തിന്‌ അതുകൊണ്ട്‌ മൗലികമായി യാതൊന്നും നഷ്‌ടപ്പെടാനില്ല.

മറവിയുടെ സുജൂദും സലാമും

പള്ളിയില്‍ വെച്ച്‌ വിരലുകള്‍ കോര്‍ത്തുപിടിക്കല്‍ എന്ന അധ്യായത്തില്‍ ബുഖാരി(റ) ഉദ്ധരിക്കുന്ന ഹദീസില്‍ -അബൂഹുറയ്‌റ(റ) നിവേദനം- ആദ്യം ഒരു സലാം വീട്ടിയ ശേഷം മറവിയുടെ സുജൂദ്‌ ചെയ്യുകയും സുജൂദുകള്‍ക്ക്‌ ശേഷം രണ്ടാമത്തെ സലാം വീട്ടി വിരമിച്ചതായും കാണുന്നു. ഹനഫീ മദ്‌ഹബുകാര്‍ ഈ രീതിയാണ്‌ ഇവിടെ അവലംബിക്കുന്നത്‌. എന്നാല്‍ കേരളത്തില്‍ അത്തഹിയ്യാത്തിന്‌ ശേഷം മറവിയുടെ സുജൂദ്‌ ചെയ്യുകയും ശേഷം രണ്ട്‌ സലാമും ഒന്നിച്ച്‌ ചൊല്ലുകയും ചെയ്യുന്ന രീതിയാണ്‌ കാണുന്നത്‌. ഏതാണ്‌ ശരിയായ നബിചര്യ?

അബ്‌ദുല്‍കലാം, കോയമ്പത്തൂര്‍

മറവിയുടെ സുജൂദ്‌ സംബന്ധിച്ച നബി(സ)യുടെ നടപടി വ്യത്യസ്‌ത രീതികളില്‍ ഹദീസ്‌ ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. ഒന്ന്‌, ആദ്യത്തെ അത്തഹിയ്യാത്ത്‌ മറന്നുപോയതിനെത്തുടര്‍ന്ന്‌ നമസ്‌കാരത്തിന്റെ അവസാനത്തില്‍ സലാമിനു മുമ്പ്‌ നബി(സ) രണ്ടു സുജൂദ്‌ ചെയ്യുകയും പിന്നീട്‌ സലാം വീട്ടുകയും ചെയ്‌തതായി അബ്‌ദുല്ലാഹിബ്‌നു ബുഹൈന എന്ന സ്വഹാബിയില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും മറ്റു പ്രമുഖ മുഹദ്ദിസുകളും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. രണ്ട്‌, എത്ര റക്‌അത്ത്‌ നമസ്‌കരിച്ചു; മൂന്നോ നാലോ എന്ന്‌ സംശയമായാല്‍ ഒരു റക്‌അത്ത്‌ കൂടി നമസ്‌കരിച്ച ശേഷം സലാം വീട്ടുന്നതിന്‌ മുമ്പായി രണ്ടു സുജൂദ്‌ ചെയ്യാന്‍ നബി(സ) നിര്‍ദേശിച്ചതായി അബൂസഈദില്‍ നിന്ന്‌ മുസ്‌ലിം, അബൂദാവൂദ്‌, നസാഈ, ഇബ്‌നുമാജ എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്‌. മൂന്ന്‌, നബി(സ) നമസ്‌കരിച്ചു സലാംവീട്ടിയ ശേഷം അദ്ദേഹത്തിന്‌ മറവി പറ്റിയ കാര്യം സ്വഹാബികള്‍ ഓര്‍മിപ്പിച്ചപ്പോള്‍ ഖിബ്‌ലയുടെ ഭാഗത്തേക്ക്‌ തിരിഞ്ഞ്‌ രണ്ടു സുജൂദ്‌ ചെയ്‌തിട്ട്‌ അദ്ദേഹം സലാം വീട്ടിയ കാര്യം അല്‍ഖമയില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

ചോദ്യകര്‍ത്താവ്‌ ചൂണ്ടിക്കാണിച്ച ഹദീസ്‌ അബൂഹുറയ്‌റ(റ)യില്‍ നിന്നും ഇംറാനുബ്‌നു ഹുസൈനി(റ)ല്‍ നിന്നും രണ്ടു വിധത്തിലാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌. ഒരിക്കല്‍ ദുഹ്‌റോ അസ്വ്‌റോ രണ്ടു റക്‌അത്ത്‌ മാത്രം നബി(സ) നമസ്‌കരിച്ചതിനെ തുടര്‍ന്ന്‌ `ദുല്‍യദൈനി' എന്ന്‌ വിളിക്കപ്പെട്ടിരുന്ന ഒരാള്‍ ചോദിച്ചു; നമസ്‌കാരം ചുരുക്കിയോ അതല്ല മറവി പറ്റിയോ എന്ന്‌. അത്‌ രണ്ടും സംഭവിച്ചിട്ടില്ലെന്ന്‌ നബി(സ) മറുപടിപറഞ്ഞുവെങ്കിലും തുടര്‍ന്ന്‌ സ്വഹാബികളോട്‌ ചോദിച്ച്‌ ഉറപ്പു വരുത്തിയ ശേഷം അദ്ദേഹം രണ്ടു റക്‌അത്ത്‌ കൂടി നമസ്‌കരിച്ച്‌ സലാം വീട്ടിയിട്ട്‌ രണ്ടു സുജൂദ്‌ ചെയ്‌ത്‌ തലയുയര്‍ത്തി എന്നാണ്‌ അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ``അദ്ദേഹം സലാം വീട്ടുകയും ചെയ്‌തു'' എന്ന്‌ ഇംറാനുബ്‌നു ഹുസൈ്വന്‍ പറഞ്ഞതായി എനിക്ക്‌ വിവരം ലഭിച്ചിട്ടുണ്ടെന്ന്‌ അബൂഹുറയ്‌റ പറഞ്ഞുവെന്നുംകൂടി ഈ റിപ്പോര്‍ട്ടിലുണ്ട്‌. ഇംറാനുബ്‌നു ഹുസൈ്വനി(റ)ല്‍ നിന്ന്‌ മുസ്‌ലിം, അബൂദാവൂദ്‌, നസാഈ, ഇബ്‌നുമാജ എന്നിവര്‍ ഉദ്ധരിച്ച ഹദീസില്‍ കാണുന്നത്‌, റസൂല്‍(സ) ഒരിക്കല്‍ അസ്വ്‌ര്‍ നമസ്‌കാരം മൂന്ന്‌ റക്‌അത്ത്‌ മാത്രം നമസ്‌കരിച്ച ശേഷം വീട്ടില്‍ പ്രവേശിച്ചുവെന്നും ഖിര്‍ബാഖ്‌ എന്നൊരാള്‍ (ഇദ്ദേഹം തന്നെയാണ്‌ ദുല്‍യദൈനി എന്ന്‌ വിളിക്കപ്പെട്ടിരുന്നത്‌) അവിടെ ചെന്ന്‌ ഈ കാര്യം ശ്രദ്ധയില്‍പെടുത്തിയെന്നും തുടര്‍ന്ന്‌ അവിടുന്ന്‌ പള്ളിയിലേക്ക്‌ തിരിച്ചു ചെന്ന്‌ ഒരു റക്‌അത്ത്‌ കൂടി നമസ്‌കരിച്ച ശേഷം സലാം വീട്ടി മറവിയുടെ രണ്ടു സുജൂദുകള്‍ ചെയ്‌തിട്ട്‌ വീണ്ടും സലാം വീട്ടിയെന്നുമാണ്‌. ഇത്‌ ഒരേ സംഭവം രണ്ടു സ്വഹാബികള്‍ രണ്ടുവിധത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതാണോ അതല്ല രണ്ടു ദിവസങ്ങളില്‍ സംഭവിച്ചതാണോ എന്ന്‌ ഉറപ്പിച്ചുപറയാനാവില്ല. സുജൂദിനു മുമ്പും ശേഷവും ഓരോ സലാം മാത്രമാണ്‌ റസൂല്‍(സ) ചൊല്ലിയതെന്ന്‌ ഈ രണ്ടു റിപ്പോര്‍ട്ടുകളില്‍ നിന്നും തെളിയുന്നില്ല. സല്ലമ എന്ന ക്രിയയ്‌ക്ക്‌ സലാം ചൊല്ലി എന്നേ അര്‍ഥമുള്ളൂ. ചൊല്ലിയത്‌ എത്ര പ്രാവശ്യമാണെങ്കിലും ആ ക്രിയാപദം പ്രയോഗിക്കാവുന്നതാണ്‌.

അബൂഹുറയ്‌റ(റ)യില്‍ നിന്നും ഇംറാനുബ്‌നു ഹുസൈ്വനി(റ)ല്‍ നിന്നും ഉദ്ധരിക്കപ്പെട്ട ഹദീസൊഴികെ മറവിയുടെ സുജൂദ്‌ സംബന്ധിച്ച എല്ലാ റിപ്പോര്‍ട്ടുകളിലും ഒന്നുകില്‍ സലാം വീട്ടുന്നതിന്‌ മുമ്പ്‌ അല്ലെങ്കില്‍ സലാമിനു ശേഷം സുജൂദ്‌ ചെയ്‌തു എന്നാണ്‌ പറഞ്ഞിട്ടുള്ളത്‌. മറവി സംഭവിച്ച കാര്യം സലാമിനു ശേഷമാണ്‌ ബോധ്യമാകുന്നതെങ്കില്‍ അപ്പോഴേ സുജൂദ്‌ ചെയ്യാന്‍ കഴിയൂ എന്ന കാര്യം വ്യക്തമാണ്‌. സലാമിനു മുമ്പ്‌ തന്നെ അത്‌ ബോധ്യമായാല്‍ സുജൂദിന്‌ ശേഷമാണ്‌ സലാം വീട്ടേണ്ടതെന്ന്‌ കൂടുതല്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന്‌ ഗ്രഹിക്കാം. മദ്‌ഹബ്‌ ഇമാമുകള്‍ക്കിടയിലും പൂര്‍വിക പണ്ഡിതന്മാര്‍ക്കിടയിലും ഈ വിഷയകമായ ഹദീസുകള്‍ വ്യാഖ്യാനിക്കുന്നതില്‍ വീക്ഷണ വ്യത്യാസമുണ്ടായിരുന്നു. സലാമിനു ശേഷം നബി(സ) മറവിയുടെ സുജൂദ്‌ ചെയ്‌തുവെന്ന്‌ വ്യക്തമാക്കുന്ന ഹദീസുകള്‍ക്കാണ്‌ ഇമാം അബൂഹനീഫ മുന്‍ഗണന നല്‌കിയിട്ടുള്ളത്‌. സലാമിനു മുമ്പ്‌ നബി(സ) സുജൂദ്‌ ചെയ്‌തുവെന്ന്‌ വ്യക്തമാക്കുന്ന ഹദീസുകള്‍ക്കാണ്‌ ഇമാം ശാഫിഈ മുന്‍തൂക്കം നല്‌കിയത്‌. മറവികൊണ്ട്‌ റക്‌അത്ത്‌ വര്‍ധിക്കുകയാണ്‌ ചെയ്‌തതെങ്കില്‍ സലാമിന്‌ ശേഷവും റക്‌അത്ത്‌ കുറയുകയാണ്‌ ചെയ്‌തതെങ്കില്‍ സലാമിനു മുമ്പുമാണ്‌ സുജൂദ്‌ ചെയ്യേണ്ടതെന്നാണ്‌ ഇമാം മാലിക്ക്‌ അഭിപ്രായപ്പെട്ടത്‌. രണ്ടു വിധത്തിലും നബി(സ) ചെയ്‌തതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവിടുത്തെ അന്തിമ നിലപാട്‌ സലാമിന്‌ മുമ്പ്‌ സുജൂദ്‌ ചെയ്യുക എന്നതായിരുന്നുവെന്ന്‌ സുഹ്‌രി പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌.

ലൈംഗികവേഴ്‌ച പാപകര്‍മമോ?

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ലൈംഗികവേഴ്‌ച വിശുദ്ധ കര്‍മവും ആരാധനയുമായാണല്ലോ ഇസ്‌ലാം വിശദീകരിക്കുന്നത്‌. എന്നാല്‍ ചില പ്രത്യേക വേളകളില്‍ ഇതിനെ വെടിയാനും മതം കല്‌പിക്കുന്നു. ഹജ്ജില്‍ പ്രവേശിച്ചാല്‍ ലൈംഗികവൃത്തി പാടില്ല, നോമ്പ്‌ അനുഷ്‌ഠിക്കുന്നവന്‍ പകല്‍ സമയത്ത്‌ ഭാര്യാസംസര്‍ഗം ഒഴിവാക്കണം എന്നിവ ഉദാഹരണം. മാത്രമല്ല, ഹജ്ജില്‍ അധര്‍മം (ഫുസൂഖ്‌), തര്‍ക്കം (ജിദാല്‍) എന്നിവയുടെ കൂടെയാണ്‌ ലൈംഗികവൃത്തിയെ (റഫഥ്‌) പരാമര്‍ശിച്ചിരിക്കുന്നത്‌. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ലൈംഗികവേഴ്‌ച ഒരു പാപകര്‍മമായി ആരെങ്കിലും വീക്ഷിച്ചാല്‍ അത്‌ തെറ്റാകുമോ?

അമീന്‍ ചേന്നര, തിരൂര്‍

ആഹാരപാനീയങ്ങള്‍ പോലെ പ്രകൃതിപരമായ ആവശ്യങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടതാണ്‌ ലൈംഗികവേഴ്‌ച. തിന്നുന്നതും കുടിക്കുന്നതും ഇണചേരുന്നതും സ്വന്തം നിലയില്‍ ആരാധനാകര്‍മങ്ങളല്ല. അല്ലാഹു നിഷിദ്ധമാക്കിയ ആഹാരപാനീയങ്ങള്‍ അവന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട്‌ ഒഴിവാക്കുന്നതും അവന്‍ അനുവദിച്ചതേ കഴിക്കൂ എന്ന്‌ നിഷ്‌കര്‍ഷിക്കുന്നതും അവനുള്ള ആരാധനയാകുന്നു. അവന്റെ വിലക്ക്‌ പരിഗണിച്ച്‌ അമിതാഹാരം ഒഴിവാക്കുന്നതും അതുപോലെ തന്നെ. അല്ലാഹു വിലക്കിയ ലൈംഗികബന്ധങ്ങള്‍ ഉപേക്ഷിക്കുക, അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട്‌ ജീവിതപങ്കാളിയോടുള്ള ബാധ്യത നിറവേറ്റുക, അല്ലാഹുവിന്റെ അനുഗ്രഹമായ ലൈംഗികാനന്ദം അവനോടുള്ള കൃതജ്ഞതയോടെ അനുഭവിക്കുക എന്നിങ്ങനെയുള്ള ധര്‍മബദ്ധമായ ഘടകങ്ങളാണ്‌ ലൈംഗിക വേഴ്‌ചയെ വിശുദ്ധ കര്‍മമാക്കിത്തീര്‍ക്കുന്നത്‌.

എന്നാല്‍ അല്ലാഹുവിനു വേണ്ടി മാത്രം നാം ചെയ്യുന്ന നമസ്‌കാരം, സകാത്ത്‌, നിര്‍ബന്ധ വ്രതം, ഹജ്ജ്‌ എന്നീ ആരാധനാകര്‍മങ്ങള്‍ക്ക്‌ പ്രകൃതിപരമായ ആവശ്യങ്ങളുടെ ധാര്‍മിക നിര്‍വഹണത്തെക്കാള്‍ പ്രാധാന്യമുണ്ട്‌. അതുകൊണ്ടാണ്‌ നോമ്പിലും ഹജ്ജിലും ലൈംഗികവേഴ്‌ച വിലക്കിയത്‌. എന്നാല്‍ വൈവാഹിക ജീവിതത്തെ വിശുദ്ധ ഖുര്‍ആന്‍ വളരെ പ്രോത്സാഹിപ്പിക്കുകയും, റമദാന്‍ രാത്രികളില്‍ ദാമ്പത്യസുഖം അനുഭവിച്ചുകൊള്ളാന്‍ നിര്‍ദേശിക്കുകയും ചെയ്‌തിരിക്കേ ലൈംഗികതയെ ഇസ്‌ലാം പാപമായി ഗണിക്കുന്നു എന്നു പറയാന്‍ യാതൊരു ന്യായവുമില്ല.

കുട്ടികളെ പുറത്തുവിടല്‍


``കുട്ടികളെ സന്ധ്യാസമയത്ത്‌ പുറത്തു കൊണ്ടുപോകുന്നത്‌ നബി(സ) വിരോധിച്ചിരിക്കുന്നു. ജാബിര്‍(റ) പറയുന്നു: നബി(സ) പറഞ്ഞു: സന്ധ്യയുടെ ഇരുട്ട്‌ നീങ്ങുന്നതു വരെ കുട്ടികള്‍ പുറത്ത്‌ പോവുന്നത്‌ തടയുക. കാരണം, പിശാചുക്കള്‍ വ്യാപകമായി സഞ്ചരിക്കുന്ന സമയമാണത്‌.'' (മുസ്‌ലിം, ബുഖാരി, അദബുല്‍ മുഫ്‌റദ്‌) -2007 ജൂണിലെ പൂങ്കാവനം മാസികയില്‍ വന്ന വരികളാണിത്‌. ഇത്‌ ശരിയാണോ?

എ പി അബ്‌ദുല്‍അലി, ആമയൂര്‍

രക്ഷിതാക്കള്‍ കുട്ടികളെ കൂടെ കൊണ്ടുപോകുന്നതിനെ സംബന്ധിച്ചല്ല; കുട്ടികളെ തനിച്ചു രാത്രിയില്‍ പുറത്തുവിടുന്നതിനെ സംബന്ധിച്ചാണ്‌ ഹദീസിലെ പരാമര്‍ശമെന്നാണ്‌ `മുസ്‌ലിം' കരുതുന്നത്‌. പിശാചുക്കള്‍ എന്ന വാക്കിന്റെ പരിധിയില്‍ ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമുള്ള ദുഷ്‌ടന്മാര്‍ ഉള്‍പ്പെടുമെന്നാണ്‌ വിശുദ്ധ ഖുര്‍ആനിലെ 6:112 സൂക്തത്തില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. സന്ധ്യയ്‌ക്കും രാത്രിയിലും തനിച്ച്‌ പുറത്തിറങ്ങുന്ന കുട്ടികള്‍ ദുര്‍ബോധനത്തിന്‌ വശംവദരാകാനും പീഡിപ്പിക്കപ്പെടാനും പലവിധത്തില്‍ ദുരുപയോഗപ്പെടുത്തപ്പെടാനും ദുശ്ശീലങ്ങളിലേക്ക്‌ വഴുതിപ്പോകാനും ഏറെ സാധ്യതയുണ്ട്‌.

സഅ്‌ദിനെ ഉമര്‍(റ) കൊല്ലിച്ചുവോ?

സഅ്‌ദുബ്‌നു മുആദിനെ(റ) ഉമര്‍(റ) ആളെ വിട്ടു കൊല്ലിച്ചതാണെന്ന്‌ ഒരു ചരിത്രഗ്രന്ഥത്തില്‍ കണ്ടു. തന്റെ അധികാരത്തിന്‌ ഭീഷണിയായതിനാലാണ്‌ ഇപ്രകാരം ചെയ്യിച്ചതെന്നും അറിയാനിടയായി. ഇത്‌ ശരിയാണോ?

അന്‍വര്‍ ഹുസൈന്‍, കോഴിക്കോട്‌

സഅ്‌ദുബ്‌നു മുആദ്‌(റ) അന്‍സ്വാറുകളില്‍ പെട്ട ശ്രേഷ്‌ഠനായ ഒരു സ്വഹാബിയാണ്‌. ഖന്‍ദക്‌ യുദ്ധത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന്‌ നബി(സ)യുടെ കാലത്ത്‌ മദീനയില്‍ വെച്ച്‌ അദ്ദേഹത്തിന്റെ വിയോഗമുണ്ടായെന്നാണ്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസുകളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. സ്വഹീഹുല്‍ ബുഖാരിയുടെ `മനാഖിബുല്‍ അന്‍സ്വാര്‍' എന്ന അധ്യായത്തില്‍ നിന്നും അതിന്റെ വ്യാഖ്യാനങ്ങളില്‍ നിന്നും ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാകും. നബി(സ)യുടെ വിയോഗത്തിന്‌ മുമ്പു തന്നെ മരിച്ച ഒരു സ്വഹാബി ഖലീഫാ ഉമറിന്റെ അധികാരത്തിന്‌ ഭീഷണിയാകാന്‍ യാതൊരു സാധ്യതയുമില്ലല്ലോ.

സഅ്‌ദുബ്‌നു ഉബാദ(റ) അന്‍സ്വാറുകളില്‍ പെട്ട ശ്രേഷ്‌ഠനായ മറ്റൊരു പ്രമുഖ സ്വഹാബിയാണ്‌. അദ്ദേഹത്തെ സംബന്ധിച്ചും ബുഖാരി ഉള്‍പ്പെടെയുള്ള ഹദീസ്‌ ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്‌. അദ്ദേഹം ഖലീഫ ഉമറി(റ)ന്റെ ഭരണകാലത്ത്‌ സിറിയയില്‍ വെച്ചാണ്‌ മരിച്ചതെന്ന്‌ സ്വഹീഹുല്‍ബുഖാരിയുടെ വ്യാഖ്യാനഗ്രന്ഥമായ ഫത്‌ഹുല്‍ബാരിയില്‍ പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ അദ്ദേഹം ഉമറി(റ)നെതിരില്‍ രാഷ്‌ട്രീയനീക്കങ്ങള്‍ എന്തെങ്കിലും നടത്തിയതായോ ഉമര്‍(റ) അദ്ദേഹത്തിനെതിരില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചതായോ ആധികാരികമായ രേഖകളിലൊന്നും കാണുന്നില്ല. ഒരു പ്രമുഖ സ്വഹാബിയെ കൊല്ലിക്കാന്‍ ഉമര്‍(റ) കല്‌പന നല്‌കുക എന്നത്‌ അദ്ദേഹത്തിന്റെ ചരിത്രമറിയുന്നവര്‍ക്ക്‌ ഊഹിക്കാന്‍ പോലും പറ്റാത്ത കാര്യമാകുന്നു.

ഇസ്‌ലാമില്‍ കുടുംബാധിപത്യമോ?



`സച്ചരിതരായ ഖലീഫമാര്‍ എന്ന്‌ വിളിക്കപ്പെടുന്ന നാലുപേരും നബിയുടെ ബന്ധുക്കള്‍ എന്ന നിലയിലാണ്‌ അധികാരത്തിലെത്തിയത്‌. ഒന്നാം ഖലീഫ അബൂബക്കര്‍ നബിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ട ഭാര്യയായ ആഇശയുടെ പിതാവായിരുന്നു. നബിയുടെ മറ്റൊരു ഭാര്യയായ ഹഫ്‌സയുടെ പിതാവായിരുന്നു രണ്ടാം ഖലീഫ ഉമര്‍. നബിയുടെ പുത്രി ഉമ്മുകുല്‍സുവിന്റെ ഭര്‍ത്താവായിരുന്നു മൂന്നാം ഖലീഫ ഉസ്‌മാന്‍. നബിയുടെ മറ്റൊരു മകളായ ഫാത്വിമയുടെ ഭര്‍ത്താവായിരുന്നു നാലാം ഖലീഫ അലി. ഇവരുടെ അധികാര ലബ്‌ധിക്കോ ഭരണത്തിനോ ജനാധിപത്യ മൂല്യങ്ങളുമായി യാതൊരു ബന്ധവുമില്ല'' -ഒരു ഇസ്‌ലാം വിമര്‍ശകന്‍ എഴുതിയ കുറിപ്പിന്റെ സംഗ്രഹമാണിത്‌. ഇതെക്കുറിച്ച്‌ `മുസ്‌ലിം' എന്തുപറയുന്നു?

ഇബ്‌തിസാം, കോഴിക്കോട്‌

ഇവരൊക്കെ നബി(സ)യുടെ ബന്ധുക്കളാണെന്നത്‌ ശരി തന്നെ. എന്നാല്‍ പ്രവാചകബന്ധുക്കള്‍ എന്ന നിലയിലല്ല മുസ്‌ലിം സമൂഹം ഇവരുടെ നേതൃത്വം അംഗീകരിച്ചത്‌ എന്നതും അതുപോലെ തന്നെ ശരിയാണ്‌. ഒരു ആദര്‍ശ സമൂഹത്തിലെ ഏറ്റവും പ്രതിബദ്ധതയുള്ള വ്യക്തികള്‍ എന്ന നിലയിലും, പല തരം വെല്ലുവിളികളെ അതിവര്‍ത്തിച്ചുകൊണ്ട്‌ സമൂഹത്തെ മുന്നോട്ട്‌ നയിക്കാന്‍ കഴിവുള്ളവര്‍ എന്ന നിലയിലുമാണ്‌ മുസ്‌ലിംകള്‍ അവര്‍ക്ക്‌ ബൈഅത്ത്‌ (അനുസരണ പ്രതിജ്ഞ) ചെയ്‌തത്‌. പ്രവാചകപത്‌നി ആഇശ(റ)യുടെ പിതാവ്‌ എന്നതാണ്‌ നബി(സ)ക്ക്‌ ശേഷം മുസ്‌ലിം സമൂഹത്തിന്റെ മതപരവും ലൗകികവുമായ കാര്യങ്ങളില്‍ നേതൃത്വം നല്‌കാന്‍ തനിക്കുള്ള യോഗ്യതയെന്ന്‌ ഒരിക്കല്‍ പോലും അബൂബക്കര്‍ സിദ്ദീഖ്‌(റ) പറഞ്ഞിട്ടില്ല. അദ്ദേഹത്തെ ഖലീഫയായി അംഗീകരിച്ച്‌ അനുസരിച്ചവരും `പ്രവാചകന്റെ അമ്മോശന്‍' എന്നത്‌ അതിനുള്ള യോഗ്യതയായി ചൂണ്ടിക്കാണിച്ചിട്ടില്ല. ഇതു തന്നെയാണ്‌ രണ്ടാം ഖലീഫ ഉമറി(റ)ന്റെ അവസ്ഥയും. അമ്മോശന്‍ ബന്ധത്തെ അദ്ദേഹമോ മറ്റുള്ളവരോ ഖിലാഫത്തുമായി ബന്ധപ്പെടുത്തിയിട്ടില്ല. ഒന്നാം ഖലീഫ അബൂബക്കറാണ്‌(റ) തന്റെ പിന്‍ഗാമിയായി ഉമറി(റ)ന്റെ പേര്‍ നിര്‍ദേശിച്ചത്‌. നബി(സ)യുടെ ഭാര്യാപിതാവായതിനാല്‍ ഖിലാഫത്തിന്‌ ഉമറാണ്‌(റ) അര്‍ഹനെന്ന്‌ അബൂബക്കര്‍(റ) ഒരിക്കലും ചൂണ്ടിക്കാണിച്ചിട്ടില്ല.

മൂന്നാം ഖലീഫ ഉസ്‌മാന്‍ ആദ്യമായി പ്രവാചക പുത്രി റുഖിയ്യാ(റ)യെയും അവരുടെ മരണശേഷം നബി(സ)യുടെ മറ്റൊരു മകളായ ഉമ്മുകുല്‍സൂമി(റ)നെയും വിവാഹം കഴിച്ചിരുന്നു. അതിനാല്‍ അദ്ദേഹം `ദുന്നൂറൈന്‍' (രണ്ടു പ്രകാശത്തിന്റെ ഉടമ) എന്ന്‌ വിളിക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രവാചകന്റെ മരുമകന്‍ എന്ന നിലയില്‍ അദ്ദേഹത്തെ ഖലീഫയാക്കണമെന്ന്‌ പ്രവാചകശിഷ്യന്മാരാരെങ്കിലും അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ ഒരു ആറംഗസമിതി രൂപീകരിക്കുകയാണ്‌ രണ്ടാം ഖലീഫ ഉമര്‍(റ) ചെയ്‌തത്‌. അവരില്‍ ചിലര്‍ പ്രമുഖ സ്വഹാബിമാരുടെയെല്ലാം അഭിപ്രായമാരാഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്‌ ഉസ്‌മാനെ(റ) ഖലീഫയായി തെരഞ്ഞെടുത്തത്‌.

ഉസ്‌മാന്‍(റ) വധിക്കപ്പെട്ടത്‌ മുസ്‌ലിം സമൂഹത്തെ അസ്ഥിരീകരിക്കാന്‍ വേണ്ടി ശ്രമിച്ച ചില ദുശ്ശക്തികളുടെ ഗൂഢാലോചനകളുടെ ഫലമായിട്ടായിരുന്നു. അന്ന്‌ ജീവിച്ചിരുന്ന പ്രമുഖ സ്വാഹാബികളുടെ പൊതു അഭിപ്രായ പ്രകാരമാണ്‌ അലി(റ) ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടത്‌. ശീഅകള്‍ മാത്രമാണ്‌ അദ്ദേഹത്തിന്റെ ഖിലാഫത്തിനെ മരുമകന്‍ സ്ഥാനവുമായി ബന്ധപ്പെടുത്തിയത്‌. ഭൂരിപക്ഷ മുസ്‌ലിംകള്‍ അദ്ദേഹത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്‌തത്‌ ഏറ്റവും ആദ്യമായി ഇസ്‌ലാം ആശ്ലേഷിച്ച ചുരുക്കം പേരില്‍ ഒരാളെന്ന നിലയിലും മുസ്‌ലിം സമൂഹത്തിന്‌ വിലപ്പെട്ട സേവനങ്ങള്‍ അര്‍പ്പിച്ച വ്യക്തി എന്ന നിലയിലുമായിരുന്നു.

ഈ നാലു ഖലീഫമാരും സച്ചരിതര്‍ എന്നറിയപ്പെട്ടത്‌ പ്രവാചകനുമായി അവര്‍ക്കുള്ള കുടുംബബന്ധത്തിന്റെ പേരിലല്ല. ആദര്‍ശ പ്രതിബദ്ധതയോടും നീതിനിഷ്‌ഠയോഠും കൂടി അവര്‍ ഇസ്‌ലാമിക സമൂഹത്തിനും മുസ്‌ലിം രാഷ്‌ട്രത്തിനും നേതൃത്വം നല്‌കിയതിന്റെ പേരിലാണ്‌. മുസ്‌ലിം ചരിത്രകാരന്മാര്‍ മാത്രമല്ല, മറ്റു പാശ്ചാത്യ-പൗരസ്‌ത്യ ചരിത്രകാരന്മാരും ഈ ഖലീഫമാരുടെ നീതിനിഷ്‌ഠയെയും നിഷ്‌പക്ഷതയെയും ശ്ലാഘിച്ചിട്ടുണ്ട്‌. `ജനങ്ങളുടെ കാര്യം അവരുമായി കൂടിയാലോചിച്ച്‌ തീരുമാനിക്കേണ്ടതാണ്‌' എന്ന ഖുര്‍ആനിക അധ്യാപനമനുസരിച്ച്‌ ഭരണം നടത്തിയ ഈ ഖലീഫമാര്‍ ജനാധിപത്യം എന്നര്‍ഥമുള്ള ഏതെങ്കിലും പദം പ്രയോഗിച്ചിട്ടില്ലെങ്കിലും അവരുടെ ഭരണം ജനഹിതം മാനിച്ചു കൊണ്ടുള്ളതായിരുന്നു എന്ന കാര്യം ചരിത്രകാരന്മാര്‍ക്കിടയില്‍ അവിതര്‍ക്കിതമാകുന്നു.

രണ്ടാം ഭാര്യയുടെ അവകാശം


ഒരാള്‍ക്ക്‌ രണ്ടു ഭാര്യമാരുണ്ടായിരുന്നു. ആദ്യ ഭാര്യക്ക്‌ മാത്രമാണ്‌ മക്കളുള്ളത്‌. അയാള്‍ മരിക്കുന്നതിന്‌ മുമ്പു തന്നെ ആദ്യഭാര്യ മരിച്ചിരുന്നു. അയാളുടെ സ്വത്തില്‍ രണ്ടാം ഭാര്യക്കുള്ള അവകാശം എത്രയാണ്‌? ജീവിച്ചിരിക്കുന്ന ഏക ഭാര്യ എന്ന നിലയില്‍ എട്ടില്‍ ഒന്നാണോ? അതല്ല, മക്കളുള്ള വ്യക്തിയുടെ രണ്ടു ഭാര്യമാരില്‍ ഒരാള്‍ എന്ന നിലയില്‍ പതിനാറിലൊന്നോ? അതുമല്ല, മക്കളില്ലാത്ത ഭാര്യ എന്ന നിലയില്‍ നാലിലൊന്നോ?
മുഹ്‌യിദ്ദീന്‍ -തിരൂര്‍

ഭാര്യക്ക്‌ മക്കളുണ്ടോ എന്നത്‌ ഭര്‍ത്താവിന്റെ അനന്തരാവകാശത്തില്‍ പ്രശ്‌നമല്ല. മരിച്ച ആള്‍ക്ക്‌ മക്കളുണ്ടോ എന്നതാണ്‌ പ്രശ്‌നം. സന്താനമുള്ള ആള്‍ മരിച്ചാല്‍ ഭാര്യക്കുള്ള അനന്തരാവകാശ വിഹിതം എട്ടിലൊന്നാണ്‌. അയാള്‍ മരിക്കുമ്പോള്‍ ഒന്നിലേറെ ഭാര്യമാരുണ്ടെങ്കില്‍ എല്ലാവര്‍ക്കും കൂടി എട്ടിലൊന്നേ ലഭിക്കൂ. മരിച്ച ആള്‍ക്ക്‌ സന്താനമില്ലെങ്കില്‍ ഭാര്യക്കുള്ള വിഹിതം നാലിലൊന്നാണ്‌. സന്താനമില്ലാത്ത ആള്‍ മരിക്കുമ്പോള്‍ ഒന്നിലേറെ ഭാര്യമാര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ എല്ലാവര്‍ക്കും കൂടി അവകാശപ്പെട്ടത്‌ 1/4 മാത്രമാകുന്നു.

കന്നിമൂല


നിര്‍മാണത്തിലിരിക്കുന്ന എന്റെ വീടിന്റെ കന്നിമൂല എന്ന പ്രത്യേക ഭാഗത്ത്‌ മാലിന്യക്കുഴി എടുക്കാന്‍ പണിക്കാര്‍ തയ്യാറാവുന്നില്ല. കന്നിമൂലയ്‌ക്ക്‌ ഇസ്‌ലാമിക പ്രമാണവുമായി എന്തെങ്കിലും ബന്ധമുണ്ടോ?
എന്‍ എച്ച്‌ കല്ലുരുട്ടി

ഇസ്‌ലാമിക ദൃഷ്‌ട്യാ എല്ലാ മൂലയും അല്ലാഹുവിന്റെ ഭൂമിയുടെ ഭാഗമാണ്‌. കന്നിമൂലയില്‍ മാലിന്യക്കുഴി ഉണ്ടാക്കിയാല്‍ അല്ലാഹു ശിക്ഷിക്കുമെന്ന്‌ അല്ലാഹുവോ റസൂലോ(സ) പറഞ്ഞിട്ടില്ല. മറ്റാരെങ്കിലും അഭൗതികമായ ശിക്ഷയോ ഉപദ്രവമോ ഏല്‌പിക്കുമെന്ന്‌ വിശ്വസിക്കുന്നത്‌ ഏകദൈവവിശ്വാസത്തിന്‌ തികച്ചും വിരുദ്ധമാണ്‌. നിങ്ങളുടെ പണിക്കാര്‍ക്ക്‌ ഈ വിഷയത്തില്‍ വല്ല ഭയവും ഉണ്ടെങ്കില്‍ ഭയമില്ലാത്ത വല്ലവരെയും വിളിച്ചു പണിയെടുപ്പിക്കുക.
മാലിന്യക്കുഴിയുണ്ടാക്കുമ്പോള്‍ പരിഗണിക്കേണ്ട പ്രധാന വിഷയം സ്വന്തം കിണറിലെയോ അയല്‍ക്കാരുടെ കിണറിലെയോ വെള്ളം അതു നിമിത്തം മലിനമായിത്തീരുമോ എന്നതാണ്‌. അങ്ങനെ സംഭവിക്കാന്‍ ഇടയാകുന്ന വിധത്തില്‍ മാലിന്യക്കുഴി ഉണ്ടാക്കരുത്‌. കുഴി നിറഞ്ഞൊഴുകി ദുര്‍ഗന്ധം കൊണ്ട്‌ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. വിശിഷ്യാ കുഴി വീട്ടിന്റെ മുന്‍ഭാഗത്താണെങ്കില്‍.

നബി(സ)യുടെ കടവും മയ്യിത്ത്‌ നമസ്‌കാരവും


കടക്കാരനായി മരണപ്പെട്ട സ്വഹാബിയുടെ മയ്യിത്ത്‌ നമസ്‌കരിക്കാന്‍ നബി(സ) വിസമ്മതിച്ചതായി ഹദീസുകളില്‍ വന്നിട്ടുണ്ടല്ലോ. എന്നാല്‍ പ്രവാചകന്‍ മരണപ്പെട്ടപ്പോള്‍ അവിടുത്തെ പടയങ്കി ഒരു ജൂതന്റെയടുക്കല്‍ പണയത്തിലായിരുന്നുവെന്ന റിപ്പോര്‍ട്ടുമുണ്ട്‌. ഇത്‌ വൈരുധ്യമല്ലേ?
മുഹ്‌സിന്‍-കോഴിക്കോട്‌

കടം വാങ്ങുന്നത്‌ കുറ്റകരമാണെന്നതുകൊണ്ടല്ല, കടബാധ്യതയുള്ള നിലയില്‍ മരിച്ച ആള്‍ മോക്ഷത്തിന്‌ അര്‍ഹനാകാന്‍ ആ ബാധ്യത അയാള്‍ക്കു വേണ്ടി ആരെങ്കിലും കൊടുത്തു വീട്ടേണ്ടതുണ്ട്‌ എന്നതിനാലാണ്‌ അയാളുടെ പേരില്‍ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിക്കുന്നതില്‍ നിന്ന്‌ നബി(സ) വിട്ടുനിന്നത്‌. മറ്റുള്ളവര്‍ നമസ്‌കരിച്ചുകൊള്ളാന്‍ അദ്ദേഹം നിര്‍ദേശിച്ചതില്‍ നിന്ന്‌ കടബാധ്യതയുള്ള വ്യക്തിയുടെ പേരില്‍ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിക്കുന്നത്‌ തെറ്റല്ലെന്ന്‌ വ്യക്തമായി ഗ്രഹിക്കാം. പില്‍ക്കാലത്ത്‌, കടബാധ്യതയോടെ മരിച്ചവരുടെ കടം വീട്ടേണ്ട ഉത്തരവാദിത്തം നബി(സ) തന്നെ ഏറ്റെടുക്കുകയുണ്ടായി. അദ്ദേഹം മരിക്കുമ്പോള്‍ കടബാധ്യതയുണ്ടെങ്കില്‍ അത്‌ വീട്ടേണ്ടത്‌ അടുത്ത ബന്ധുക്കളോ ഖലീഫയോ ആയിരുന്നു.

പണയം കടത്തിനുള്ള ഈടാണല്ലോ. പണയവസ്‌തുവിന്‌ സാധാരണ ഗതിയില്‍ കടം വാങ്ങിയ തുകയെക്കാള്‍ മൂല്യമുണ്ടായിരിക്കും. അതിനാല്‍ തന്റെ ഉടമസ്ഥതയിലുള്ള ഒരു വസ്‌തു പണയപ്പെടുത്തി കടം വാങ്ങിയ വ്യക്തി മരിച്ചാല്‍ യഥാര്‍ഥത്തില്‍ അയാള്‍ കടക്കാരനാകണമെന്നില്ല. ഉദാഹരണമായി, ഒരു പവന്‍ തൂക്കമുള്ള ഒരു സ്വര്‍ണാഭരണം ഒരാള്‍ പതിനായിരം രൂപയ്‌ക്ക്‌ പണയം വെച്ച നിലയിലാണ്‌ മരിക്കുന്നതെങ്കില്‍ അയാളുടെ ആസ്‌തി മിക്കവാറും കടത്തെക്കാള്‍ കൂടുതലായിരിക്കുമല്ലോ. നബി(സ) പണയപ്പെടുത്തിയ പടയങ്കിയുടെ മൂല്യം പണയത്തുകയേക്കാള്‍ കൂടുതലായിരിക്കാനാണ്‌ സാധ്യത. അങ്ങനെയാണെങ്കില്‍ കടം വീട്ടാന്‍ മതിയായ ആസ്‌തി വിട്ടേച്ചു കൊണ്ടായിരിക്കുമല്ലോ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്‌.

തഹജ്ജുദും ജമാഅത്തും


തഹജ്ജുദ്‌ നമസ്‌കാരം (റമദാന്‍ അല്ലാത്ത കാലത്ത്‌) ഇമാമും മഅ്‌മൂമുമായി നമസ്‌കരിക്കാന്‍ പറ്റുമോ? പ്രവാചകനോ സ്വഹാബികളോ അപ്രകാരം നമസ്‌കരിച്ചതിന്ന്‌ വല്ല തെളിവുമുണ്ടോ?
വി പി സുബൈര്‍ -തൃക്കളയൂര്‍

പ്രവാചകപത്‌നിയും ഇബ്‌നുഅബ്ബാസി(റ)ന്റെ മാതൃസഹോദരിയുമായ മൈമൂന(റ)യുടെ വീട്ടില്‍ വെച്ച്‌ ഇബ്‌നു അബ്ബാസ്‌(റ) നബി(സ)യെ തുടര്‍ന്നുകൊണ്ട്‌ തഹജ്ജുദ്‌ നമസ്‌കാരം നിര്‍വഹിച്ചതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇത്‌ റമദാനിലായിരുന്നുവെന്നതിന്‌ തെളിവൊന്നുമില്ല. നബി(സ)യുടെ ഇടതുഭാഗത്തു നിന്ന ഇബ്‌നു അബ്ബാസി(റ)നെ അദ്ദേഹം വലതു ഭാഗത്തേക്ക്‌ മാറ്റിനിര്‍ത്തിയെന്നും ഈ ഹദീസില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. നബി(സ)യുടെ അറിവോടെയാണ്‌ ഇബ്‌നുഅബ്ബാസ്‌(റ) അദ്ദേഹത്തെ തുടര്‍ന്ന്‌ നമസ്‌കരിച്ചത്‌ എന്നതിനാല്‍ തഹജ്ജുദ്‌ നമസ്‌കാരം ജമാഅത്തായി നിര്‍വഹിക്കല്‍ അഭികാമ്യമാണെന്ന കാര്യത്തില്‍ സംശയത്തിന്നവകാശമില്ല. എന്നാല്‍ റമദാനല്ലാത്ത കാലത്ത്‌ കൂടുതല്‍ സ്വഹാബിമാരെ പങ്കെടുപ്പിച്ചുകൊണ്ട്‌ നബി(സ) തഹജ്ജുദ്‌ നമസ്‌കാരം നിര്‍വഹിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

ഇബ്‌ലീസിന്റെ പണി അല്ലാഹു ഏറ്റെടുക്കുകയോ?
ഖുര്‍ആനിലെ അഞ്ചാം അധ്യായത്തിലെ 14-ാം വചനത്തില്‍ പറയുന്നു: ക്രിസ്‌ത്യാനികള്‍ക്കിടയില്‍ അല്ലാഹു ലോകാവസാനം വരെ പരസ്‌പരം ശത്രുതയും വിദ്വേഷവും ഇളക്കിവിടുമെന്ന്‌. ഇത്‌ യഥാര്‍ഥത്തില്‍ ഇബ്‌ലീസിന്റെ പണിയല്ലേ? ഇബ്‌ലീസിന്റെ പണി അല്ലാഹു ഏറ്റെടുക്കുന്നത്‌ എന്തിന്റെ അടിസ്ഥാനത്തിലാണ്‌? അവരെ നന്നാക്കാന്‍ അവര്‍ക്കും ഹിദായത്ത്‌ കൊടുക്കുകയല്ലേ വേണ്ടത്‌? ചെയ്യാന്‍ കഴിയുന്നത്‌ ചെയ്യാതെ മനുഷ്യരെ വഴിപിഴപ്പിക്കുന്ന അല്ലാഹുവിന്റെ നടപടിയെ എങ്ങനെ ന്യായീകരിക്കും?
പി സുലൈമാന്‍-മഞ്ചേരി

സകല നിഷേധികളെയും ധിക്കാരികളെയും അക്രമികളെയും സന്മാര്‍ഗത്തിലാക്കുക എന്നതല്ല അല്ലാഹുവിന്റെ നടപടി ക്രമം. സന്മാര്‍ഗത്തോട്‌ ആഭിമുഖ്യം കാണിക്കുന്നവര്‍ക്ക്‌ ആ വഴിക്കുള്ള നീക്കം എളുപ്പമാക്കിക്കൊടുക്കുക, സന്മാര്‍ഗം അറിയിച്ചു കൊടുത്തിട്ടും ദുര്‍മാര്‍ഗം തെരഞ്ഞെടുക്കുന്നവരെ ആ വഴിക്കു തന്നെ തിരിച്ചുവിടുക- ഇതാണ്‌ അല്ലാഹുവിന്റെ നടപടിക്രമമെന്ന നിലയില്‍ വിശുദ്ധ ഖുര്‍ആനില്‍ പരിചയപ്പെടുത്തിയിട്ടുള്ളത്‌. അല്ലാഹുവിന്റെ പരമമായ കാരുണ്യത്തെക്കുറിച്ച്‌ സന്തോഷവാര്‍ത്ത അറിയിക്കുന്നതോടൊപ്പം തന്നെ അവന്റെ കഠിനമായ ശിക്ഷയെ സംബന്ധിച്ച്‌ മുന്നറിയിപ്പ്‌ നല്‌കാനും കൂടിയാണ്‌ അവന്‍ പ്രവാചകന്മാരെ നിയോഗിച്ചത്‌. സന്മാര്‍ഗം ഇഷ്‌ടപ്പെടുന്നവരെ ദുര്‍മാര്‍ഗത്തിലേക്ക്‌ നീങ്ങാന്‍ അല്ലാഹു നിര്‍ബന്ധിക്കുകയില്ല. അതുപോലെ ദുര്‍മാര്‍ഗം ഇഷ്‌ടപ്പെടുന്നവരെ സന്മാര്‍ഗത്തിലേക്ക്‌ നീങ്ങാനും നിര്‍ബന്ധിക്കുകയില്ല. അല്ലാഹു നല്‌കിയ വിശേഷബുദ്ധി ഉപയോഗിച്ച്‌ മനുഷ്യര്‍ തന്നെ സ്വന്തം വഴി കണ്ടെത്തണം.

ഈസാ നബി(അ) അഥവാ യേശുക്രിസ്‌തു മുഖേന അല്ലാഹു ജനങ്ങളോട്‌ വാങ്ങിയ കരാര്‍ അവനെ മാത്രം ആരാധിക്കുകയും അവന്റെ നിയമനിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണമെന്നാണ്‌. അദ്ദേഹത്തിന്റെ സമകാലീനരിലും തൊട്ടടുത്ത തലമുറയിലുമുള്ള ഉത്തമ ശിഷ്യന്മാര്‍ ആ കരാര്‍ പാലിച്ചുകൊണ്ടുതന്നെ ജീവിച്ചു. എന്നാല്‍ പൗലോസ്‌ ഇതിനെല്ലാം മാറ്റം വരുത്തി. സാക്ഷാല്‍ ദൈവമായ യഹോവയെ മാത്രം ആരാധിക്കണമെന്ന്‌ ബൈബിള്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും ഒരുപോലെ കല്‌പിച്ചത്‌ അവഗണിച്ചുകൊണ്ട്‌ യേശു ക്രിസ്‌തുവെ ദൈവപുത്രനെന്ന നിലയില്‍ ആരാധിക്കാനാണ്‌ പൗലോസ്‌ ക്രിസ്‌ത്യാനികളെ പഠിപ്പിച്ചത്‌. അതുപോലെ തന്നെ മൂസാനബി(അ)ക്ക്‌ അല്ലാഹു നല്‌കിയ നിയമങ്ങള്‍ നിലനിര്‍ത്താന്‍ ക്രിസ്‌തു നിര്‍ദേശിച്ചത്‌ തള്ളിക്കളഞ്ഞുകൊണ്ട്‌ ദൈവിക നിയമങ്ങളെ അവഗണിച്ചുകളയാനാണ്‌ പൗലോസ്‌ ക്രിസ്‌ത്യാനികളെ ഉപദേശിച്ചത്‌. അല്ലാഹുവിന്റെ മതത്തെയാകെ അട്ടിമറിക്കുന്ന ഏതു സമൂഹവും അവന്റെ ശിക്ഷ ക്ഷണിച്ചുവരുത്തുകയാണ്‌ ചെയ്യുന്നത്‌. ഇതൊരു സാമുദായിക വിഷയമല്ല. മുസ്‌ലിം സമുദായത്തില്‍ പെട്ടവര്‍ ബഹുദൈവത്വപരമോ മതനിഷേധപരമോ ആയ നിലപാടുകളിലേക്ക്‌ വഴുതിപ്പോയാലും അല്ലാഹു ശിക്ഷിക്കുക തന്നെ ചെയ്യും.

പിശാചിന്റെ ദുര്‍ബോധനം നിമിത്തമാണ്‌ ലോകരക്ഷിതാവിനെ മാത്രം ആരാധിക്കുക എന്ന ന്യായമായ നിലപാടില്‍ നിന്ന്‌ സമൂഹങ്ങള്‍ വ്യതിചലിച്ചുപോകുന്നത്‌. ദൈവിക വ്യവസ്ഥയനുസരിച്ച്‌ അതിന്റെ അനിവാര്യഫലമാണ്‌ അവര്‍ക്കിടയില്‍ ഗുരുതരമായ ഭിന്നതയുണ്ടാവുക എന്നത്‌. യേശുക്രിസ്‌തു ദൈവപുത്രനാണെന്ന്‌ വിശ്വസിക്കുന്ന, ബൈളില്‍ തന്നെയുള്ള ന്യായപ്രമാണം തങ്ങള്‍ക്ക്‌ ബാധകമല്ലെന്ന്‌ വാദിക്കുന്ന ക്രിസ്‌ത്യാനികള്‍ ഒട്ടേറെ വിഭാഗങ്ങളായി ഭിന്നിച്ചുകഴിയുന്നു എന്നത്‌ ആര്‍ക്കും അവ്യക്തമായി പോകാത്ത യാഥാര്‍ഥ്യമാണ്‌. ഒറ്റക്കെട്ടായി നില്‌ക്കാന്‍ ആഗ്രഹിക്കുന്ന സമൂഹത്തെ അല്ലാഹു കരുതിക്കൂട്ടി ഭിന്നിപ്പിക്കുകയല്ല; ഭിന്നിപ്പിന്റെ നിമിത്തങ്ങളെ സ്വയംവരിച്ച സമൂഹത്തെ അവരുടെ സ്വാഭാവിക പരിണതിയിലേക്ക്‌ അല്ലാഹു തിരിച്ചുവിടുകയാണുണ്ടായത്‌. അതിനാല്‍ ഇബ്‌ലീസിന്റെ പ്രവര്‍ത്തനരീതി അല്ലാഹു സ്വീകരിച്ചു എന്ന ആക്ഷേപം അസ്ഥാനത്താണ്‌.

ജിഎം വിത്തുകള്‍ ഇസ്‌ലാമിക കാഴ്‌ചപ്പാട്‌ എന്ത്‌?



ജനിതകമാറ്റം വരുത്തിയ വിത്ത്‌ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം നടക്കുകയാണല്ലോ. രാജ്യത്തെ പ്രമുഖ രാഷ്‌ട്രീയ കക്ഷികളുടെ അജണ്ടകള്‍ വരെ നിശ്ചയിക്കുന്ന കാര്യമായി ഇതു മാറിക്കഴിഞ്ഞു. ഈ വിഷയത്തില്‍ ഇസ്‌ലാമിന്റെ കാഴ്‌ചപ്പാടെന്താണ്‌? ഇത്തരം പരീക്ഷണങ്ങള്‍ ദൈവത്തിന്റെ പരമാധികാരത്തെ വരെ ചോദ്യം ചെയ്യുന്നതാണെന്ന്‌ ചിലര്‍ വാദിക്കുമ്പോള്‍ പ്രത്യേകിച്ചും.
ഇ കെ ശൗക്കത്തലി- ഓമശ്ശേരി

``അല്ലാഹുവിന്റെ സൃഷ്‌ടിപ്പിന്‌ മാറ്റം വരുത്താവുന്നതല്ല'' എന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 30:33 സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അല്ലാഹു സൃഷ്‌ടിച്ച പ്രകൃതിക്ക്‌ അഥവാ ഘടനയ്‌ക്ക്‌ മാറ്റം വരുത്തുക എന്നത്‌ പിശാചിന്റെ ദുര്‍ബോധനങ്ങള്‍ക്ക്‌ വശംവദരായ മനുഷ്യരുടെ പ്രവര്‍ത്തന രീതിയാണെന്ന്‌ 4:119 സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ജീവ-സസ്യജാലങ്ങള്‍ ഉള്‍പ്പെടെ അല്ലാഹു സൃഷ്‌ടിച്ചതെല്ലാം അന്യൂനമത്രെ. മനുഷ്യന്റെ ഘടനയില്‍ ഏതെങ്കിലും താളപ്പിഴയുണ്ടെന്നോ അതിന്‌ എന്തെങ്കിലും ഭേദഗതി ആവശ്യമുണ്ടെന്നോ ഇക്കാലം വരെ യാതൊരു ശാസ്‌ത്രജ്ഞനും യാതൊരു ശില്‌പിയും യാതൊരു കലാകാരനും ചൂണ്ടിക്കാണിച്ചിട്ടില്ല. അല്ലാഹു സൃഷ്‌ടിച്ച ഏതൊരു വിത്തും തികച്ചും കുറ്റമറ്റതാണ്‌. രുചി, വര്‍ണം, ഗന്ധം, പോഷക മൂല്യം തുടങ്ങി എല്ലാ കാര്യങ്ങളിലും തികഞ്ഞ മൗലികത്വമുള്ളതാണ്‌ ഓരോ വിത്തും. മനുഷ്യന്റെ ഘടന മാറ്റാന്‍ ശ്രമിക്കുന്നത്‌ അനാവശ്യമാണെന്നും അങ്ങനെ ആരെങ്കിലും ചെയ്‌താല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നും ശാസ്‌ത്രജ്ഞന്മാര്‍ തര്‍ക്കംകൂടാതെ അംഗീകരിക്കും. അതില്‍ നിന്ന്‌ ഒട്ടും വ്യത്യസ്‌തമല്ല അല്ലാഹു തികഞ്ഞ മൗലികതയോടെ സംവിധാനിച്ച ഓരോ വിത്തിന്റെയും കാര്യം.

സങ്കര നിര്‍മിതികളിലൂടെയും ജനിതക പരിഷ്‌കരണത്തിലൂടെയും വിത്തുകളുടെ ഘടനയില്‍ ശാസ്‌ത്രജ്ഞര്‍ ഇതപ്പര്യന്തം വരുത്തിയ മാറ്റങ്ങളൊക്കെത്തന്നെ അവയുടെ അനിതരമായ മൗലികത്വത്തിന്‌ പല തരത്തില്‍ അപചയം വരുത്തുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. നമ്മുടെ നാട്ടില്‍ നിലവിലുണ്ടായിരുന്ന ഒറിജിനല്‍ നെല്‍വിത്തുകളില്‍ നിന്നുണ്ടാക്കിയ അരിഭക്ഷണത്തിന്റെ രുചി അതിവിശിഷ്‌ടമായിരുന്നു. ആ വിത്തുകള്‍ ഇന്ന്‌ എവിടെയും ലഭ്യമല്ല. അവയുടെ തിരോഭാവം മാനവരാശിക്ക്‌ മൊത്തമായുള്ള നഷ്‌ടമാണ്‌. അത്യുല്‌പാദന ശേഷിയുടെയും കീടപ്രതിരോധത്തിന്റെയും പേരില്‍ കൃത്രിമമായി നിര്‍മിച്ചെടുത്ത സങ്കരവിത്തിനങ്ങള്‍ രുചിയിലും ഗുണത്തിലുമൊക്കെ വളരെ പിന്നാക്കമാണ്‌. എന്നാലും അവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ നിമിത്തമാകുമെന്ന ആശങ്ക പ്രകടമായിരുന്നില്ല. എന്നാല്‍ ജനിതക പരിഷ്‌കരണത്തിന്‌ വിധേയമായ വിത്തുകള്‍ ആരോഗ്യപരവും പാരിസ്ഥിതികവും മറ്റുമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക്‌ നിമിത്തമാകുമെന്ന്‌ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പല വിദഗ്‌ധരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. ലക്ഷം കോടികളുടെ ആസ്‌തിയുള്ള ആഗോള വിത്ത്‌ ഭീമന്മാരുടെ അടിമകളായി ലോകമെങ്ങുമുള്ള കര്‍ഷകര്‍ മാറാനിടയാവുക എന്നതും ഏറെ ആശങ്കിക്കേണ്ട വിഷയമാണ്‌. അല്ലാഹുവിന്റെ സൃഷ്‌ടി വ്യവസ്ഥയെ അലങ്കോലപ്പെടുത്തുകയും ജൈവമണ്ഡലത്തിലാകെ ദുരന്തം വിതയ്‌ക്കുകയും ചെയ്യുന്ന ജനിതക ദൈവം കളികളെ സത്യവിശ്വാസികള്‍ ശക്തിയുക്തം എതിര്‍ക്കുക തന്നെ വേണം.

സുജൂദില്‍ ആദ്യം വെക്കേണ്ടത്‌ കൈയോ കാല്‍മുട്ടോ?


സുജൂദിലേക്ക്‌ പോകുമ്പോള്‍ ആദ്യം കൈകളാണ്‌ നിലത്ത്‌ വെക്കേണ്ടതെന്നും അതല്ല കാല്‍മുട്ടുകളാണ്‌ വെക്കേണ്ടതെന്നും പറഞ്ഞുകേള്‍ക്കുന്നു. കോയക്കുട്ടി ഫാറൂഖി നമസ്‌കാരക്രമത്തെപ്പറ്റിയെഴുതിയ പുസ്‌തകത്തില്‍ ഈ രണ്ട്‌ രീതിയിലും ആവാമെന്നും കാണുന്നു. നബിചര്യയോട്‌ യോജിക്കുന്നത്‌ കൂടുതല്‍ ഏതാണ്‌?
അബ്‌ദുല്‍ഹക്കീം -പരപ്പനങ്ങാടി

ഈ വിഷയകമായി അബൂദാവൂദ്‌, തിര്‍മിദി, നസാഈ എന്നിവര്‍ അബഹുറയ്‌റ(റ)യില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസ്‌ ഇപ്രകാരമാകുന്നു: റസൂല്‍(സ) പറഞ്ഞു: ``സുജൂദ്‌ ചെയ്യുമ്പോള്‍ നിങ്ങളാരും ഒട്ടകം മുട്ടുകുത്തുന്നത്‌ പോലെ മുട്ടുകുത്തരുത്‌. കാല്‍മുട്ടുകളെക്കാള്‍ മുമ്പ്‌ കൈകളാണ്‌ (നിലത്ത്‌) വെക്കേണ്ടത്‌. വാഇലുബ്‌നു ഹുജ്‌റി(റ)ല്‍ നിന്ന്‌ അബൂദാവൂദ്‌, തിര്‍മിദി, നസാഈ, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത മറ്റൊരു ഹദീസ്‌ ഇപ്രകാരമാണ്‌: ``നബി(സ) സുജൂദ്‌ ചെയ്യുമ്പോള്‍ കൈകളെക്കാള്‍ മുമ്പായി കാല്‍മുട്ടുകള്‍ വെക്കുന്നത്‌ ഞാന്‍ കണ്ടിരിക്കുന്നു.'' സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാതാവായ ഹാഫിദ്‌ ഇബ്‌നു ഹജര്‍ അഭിപ്രായപ്പെട്ടത്‌ ആദ്യത്തെ ഹദീസാണ്‌ കൂടുതല്‍ പ്രബലമെന്നാണ്‌. എന്നാലും ഹദീസുകള്‍ രണ്ടുവിധത്തിലും ഉള്ള സ്ഥിതിക്ക്‌ ഏതെങ്കിലുമൊരു രീതി തെറ്റാണെന്ന്‌ പറയാന്‍ ന്യായം കാണുന്നില്ല.

തീവ്രവാദവും മധ്യനിലപാടും


ഇസ്‌ലാമിക തീവ്രവാദം എന്നത്‌ ഒരു സജീവ ചര്‍ച്ചാവിഷയമാണല്ലോ. അതിലെല്ലാം തീവ്രവാദികള്‍, മധ്യനിലപാടുകാര്‍ എന്നിങ്ങനെ തരംതിരിച്ച്‌ കാണുന്നു. `മുസ്‌ലിമി'ന്റെ അഭിപ്രായത്തില്‍ ഏതാണ്‌ ശരിയായ നിലപാട്‌? ഖുര്‍ആനും പ്രവാചകചര്യയും അക്ഷരംപ്രതി പുലര്‍ന്ന്‌ ശരീഅത്ത്‌ വ്യവസ്ഥ വരണമെന്ന്‌ ആഗ്രഹിക്കുന്ന മുജാഹിദുകള്‍ തീവ്ര നിലപാടുകാരാണോ അതോ മധ്യനിലപാടുകാരോ?
എം എ അജീഷ്‌ - മുള്ളത്തുപാറ

ഇസ്‌ലാമിക മൗലികവാദം, ഇസ്‌ലാമിക തീവ്രവാദം, ഇസ്‌ലാമിക ഭീകരവാദം എന്നീ പദപ്രയോഗങ്ങളൊക്കെ ഇസ്‌ലാമിനെ 'ഡെമണൈസ്‌' ചെയ്യാന്‍ വളരെ നേരത്തെ തീരുമാനമെടുത്ത സയണിസ്റ്റുകളും ചില ക്രിസ്‌ത്യന്‍ വിഭാഗങ്ങളും കൂടി രൂപപ്പെടുത്തിയതാണ്‌. അല്ലാഹുവിലും നബി(സ)യിലും വിശ്വസിക്കുന്ന മുസ്‌ലിംകളെല്ലാം ഇസ്‌ലാമിന്‌ മൗലികത്വം കല്‌പിക്കുന്നവരാണ്‌. ഇസ്‌ലാമിക ആദര്‍ശത്തെ പുറമ്പോക്കിലേക്ക്‌ തള്ളുന്ന ഒരു നിലപാടും അവര്‍ക്ക്‌ സ്വീകാര്യമായിരിക്കില്ല. ആദര്‍ശത്തെ അവഗണിച്ച്‌ തങ്ങളുടെ സംസ്‌കാരത്തെ പുല്‍കുന്ന മുസ്‌ലിംകള്‍ മാത്രമേ പാശ്ചാത്യര്‍ക്ക്‌ അഭിമതരായിരിക്കുകയുള്ളൂ. ഒരു മുസ്‌ലിം ആദര്‍ശപ്രതിബദ്ധത കൈവെടിയുമ്പോള്‍ മാത്രമാണ്‌ പാശ്ചാത്യരുടെ ദൃഷ്‌ടിയില്‍ മിതവാദിയാകുന്നത്‌. ഇത്തരമൊരു മിതവാദ സങ്കല്‌പം മുജാഹിദുകള്‍ക്ക്‌ സ്വീകാര്യമല്ല.

എന്നാല്‍ ഇസ്‌ലാമിക രാഷ്‌ട്രമല്ലാത്ത ഭരണകൂടങ്ങള്‍ക്ക്‌ കീഴില്‍ ജീവിക്കുന്ന മുസ്‌ലിംകളെല്ലാം അനുസരണശിര്‍ക്കു ചെയ്യുന്നവരാണെന്ന്‌ അഥവാ ശരിയായ ഏകദൈവ വിശ്വാസത്തില്‍ നിന്ന്‌ വ്യതിചലിച്ചവരാണെന്ന്‌ സിദ്ധാന്തിക്കുന്ന ചിലര്‍ ഇവിടെയുണ്ട്‌. അവരെ അടയാളപ്പെടുത്താനാണ്‌ മതമൗലികവാദി എന്ന വിശേഷണം ചിലര്‍ പ്രയോഗിക്കാറുള്ളത്‌. അല്ലാഹുവിന്റെയും റസൂലി(സ)ന്റെയും വിധിവിലക്കുകള്‍ക്ക്‌ വിരുദ്ധമായ ഭരണ നിയമങ്ങള്‍ അനുസരിക്കുന്നതേ പാപമാവുകയുള്ളുവെന്നാണ്‌ ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്ന്‌ മുജാഹിദുകള്‍ മനസ്സിലാക്കിയിട്ടുള്ളത്‌. യഥാര്‍ഥ വിശ്വാസികളുടെ മേല്‍ രാഷ്‌ട്രീയ ശിര്‍ക്ക്‌ ആരോപിക്കുന്നവരെ അപേക്ഷിച്ച്‌ മിതവാദികളാകുന്നു മുജാഹിദുകള്‍. ഈ അര്‍ഥത്തിലുള്ള മിതവാദത്തെക്കുറിച്ച്‌ മധ്യനിലപാടെന്നും പറയാവുന്നതാണ്‌.
അല്ലാഹു നിര്‍ബന്ധമായി വിധിച്ച നമസ്‌കാരത്തിന്റെയും നോമ്പിന്റെയും കാര്യത്തില്‍ പോലും വീഴ്‌ച വരുത്തുന്ന ചില മുസ്‌ലിംകളുണ്ട്‌. രാത്രിയില്‍ ഒട്ടും ഉറങ്ങാതെ ഐച്ഛിക നമസ്‌കാരത്തില്‍ മുഴുകുകയും രണ്ടു പെരുന്നാളൊഴിച്ച്‌ കൊല്ലം മുഴുവന്‍ നോമ്പനുഷ്‌ഠിക്കുകയും ചെയ്യുന്ന ചിലരുമുണ്ട്‌. ഇത്‌ മതാനുഷ്‌ഠാനത്തിലെ തീവ്രതയാണ്‌. ഈ രണ്ട്‌ നിലപാടുകള്‍ക്കും മധ്യേയുള്ളതാണ്‌ ശരിയും മിതവുമായ നിലപാട്‌. ഈ അര്‍ഥത്തിലും മുജാഹിദുകള്‍ മധ്യ നിലപാടുകാരാണ്‌. ശരീഅത്ത്‌ നിയമങ്ങള്‍ ആളുകളുടെ മേല്‍ അടിച്ചേല്‌പിക്കണമെന്നല്ല; സത്യവിശ്വാസികള്‍ സ്വയം സന്നദ്ധരായി ആ നിയമങ്ങള്‍ പാലിക്കണമെന്നാണ്‌ മുജാഹിദുകള്‍ പറയുന്നത്‌. അതില്‍ തീവ്രവാദം ഒട്ടുമില്ല.

ഖാദിയാനികള്‍ മുസ്‌ലിംകളിലെ ഒരു വിഭാഗമാണോ?


ഖാദിയാനികളെ സംബന്ധിച്ച ഇസ്‌ലാമിക വിധിയെന്താണ്‌? തബ്‌ലീഗ്‌, ജമാഅത്ത്‌, സുന്നി പോലുള്ള സംഘടനകളെപ്പോലെ അവരെ പരിഗണിക്കാമോ? അവരെ തുടര്‍ന്ന്‌ നമസ്‌കരിക്കാമോ?
കെ നൗഫല്‍ - ചേളന്നൂര്‍

മുഹമ്മ്‌ദ നബി(സ) അവസാനത്തെ പ്രവാചകനാണെന്നും അദ്ദഹത്തിന്‌ ശേഷം പ്രവാചകനിയോഗം ഉണ്ടാവുകയില്ലെന്നും മിസ്‌ലിംകളെല്ലാം വിശ്വസിക്കുന്നു. വിശുദ്ധ ഖുര്‍ആനിലെ 33:40 സൂക്തത്തിലും ബുഖാരിയിലും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസുകളിലും ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ ഇതിന്‌ വിരുദ്ധമായി മീര്‍സാ ഗുലാം അഹ്‌മദ്‌ എന്നയാള്‍ പ്രവാചകനാണെന്നത്രെ ഖാദിയാനികളുടെ വിശ്വാസം. മുസ്‌ലിംകളുടേതില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌ അവരുടെ വിശ്വാസമെന്നതിനാല്‍ അവരെ മുസ്‌ലിംകളില്‍ ഒരു വിഭാഗമായി ഗണിക്കാവുന്നതല്ല. അന്തിമ പ്രവാചകന്‍ പഠിപ്പിച്ച നമസ്‌കാരത്തിന്‌ വ്യാജ പ്രവാചകന്റെ അനുയായിയെ ഇമാമാക്കുന്നത്‌ ഒട്ടും ന്യായമല്ല.

മദ്‌ഹുര്‍റസൂല്‍ പുണ്യകരമല്ലേ?



ഇപ്പോള്‍ ചില സ്ഥലങ്ങളില്‍ മദ്‌ഹുര്‍റസൂല്‍ പ്രഭാഷണങ്ങള്‍ നടന്നുവരുന്നു. ഇത്‌ അനാചാരമാണോ? അതല്ല പുണ്യകര്‍മ്മമോ?
പി എം നദീർ ‍-പാലക്കാട്‌

നബി(സ)യെ സംബന്ധിച്ച്‌ വിശുദ്ധഖുര്‍ആനിലും പ്രബലമായ ഹദീസുകളിലുമുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക്‌ പറഞ്ഞുകൊടുത്തുകൊണ്ട്‌ ആ മഹാവ്യക്തിത്വത്തെ പരിചയപ്പെടുത്തുന്നത്‌ പുണ്യകരമായ കാര്യമാണെന്നതില്‍ സംശയത്തിനവകാശമില്ല. എന്നാല്‍ ഇത്‌ നബി(സ) ജനിച്ച മാസത്തില്‍ മാത്രം ചെയ്യേണ്ട കാര്യമല്ല. മറ്റു ഏത്‌ ഇസ്‌ലാമിക വിഷയത്തെ സംബന്ധിച്ചും പ്രഭാഷണം നടത്തുന്നതുപോലെ ഏത്‌ സമയത്തും പ്രസക്തിയുള്ള കാര്യമാകുന്നു. പ്രവാചക വ്യക്തിത്വത്തെ ജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്താന്‍ അദ്ദേഹം ജനിച്ച മാസം പ്രത്യേകമായി തെരഞ്ഞെടുക്കുന്നതിന്‌ ഇസ്‌ലാമിക പ്രമാണങ്ങളുടെയൊന്നും പിന്‍ബലമില്ല.

നബി(സ)യെ പുകഴ്‌ത്തുക എന്ന പേരില്‍ ആധികാരികതയില്ലാത്ത കഥകള്‍ ഉദ്ധരിക്കുന്നത്‌ പുണ്യകരമാവില്ല. പ്രാമാണികമായ തെളിവിന്റെ പിന്‍ബലമില്ലാത്ത കഥകള്‍ കളവായിരിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുണ്ട്‌. നബി(സ)യുടെ പേരില്‍ കളവ്‌ പറയുന്നവന്‍ നരകാവകാശിയായിത്തീരുമെന്ന്‌ വളരെ പ്രബലമായ ഹദീസില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ``മര്‍യമിന്റെ മകനെ (ഈസാ നബി(അ)യെ) ക്രിസ്‌ത്യാനികള്‍ അമിതമായി വാഴ്‌ത്തിയതുപോലെ നിങ്ങള്‍ എന്നെ അമിതമായി വാഴ്‌ത്തരുത്‌. ഞാന്‍ ഒരു ദാസന്‍ മാത്രമാകുന്നു. അതിനാല്‍ (എന്നെപ്പറ്റി) അല്ലാഹുവിന്റെ ദാസനും ദൂതനും എന്ന്‌ നിങ്ങള്‍ പറഞ്ഞുകൊള്ളുക'' എന്ന്‌ നബി(സ) പറഞ്ഞതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ആധികാരികതയില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ്‌ നബി(സ)യെ പുകഴ്‌ത്തുന്നത്‌ ഈ ഹദീസ്‌ പ്രകാരം നിഷിദ്ധമായിത്തീരാന്‍ ഏറെ സാധ്യതയുണ്ട്‌.

ത്വലാഖ്‌ ചൊല്ലപ്പെട്ട ഭാര്യയ്‌ക്ക്‌ സ്വത്തില്‍ അവകാശമുണ്ടോ?


ത്വലാഖ്‌ ചൊല്ലപ്പെട്ട ഭാര്യ ഇദ്ദയിലായിരിക്കേ ഭര്‍ത്താവ്‌ മരിച്ചാല്‍, ഇയാളുടെ സ്വത്തില്‍ നിന്നും ഭാര്യക്ക്‌ വല്ല സ്വത്തവകാശവുമുണ്ടോ? ഉണ്ടെങ്കില്‍ എത്ര കൊടുക്കണം?
വി പി സുബൈര്‍, തൃക്കളയൂര്‍

ഇസ്‌ലാമികമായ നിബന്ധനകള്‍ പാലിച്ചുകൊണ്ട്‌ ഒരാള്‍ തന്റെ ഭാര്യയെ ത്വലാഖ്‌ ചൊല്ലിയാല്‍ അവളുടെ ഭാര്യ എന്ന സ്ഥാനം ഇല്ലാതാവുകയും മുത്വല്ലഖ (വിവാഹമുക്ത) എന്ന സ്ഥാനത്താവുകയും ചെയ്യുന്നു. വിവാഹമുക്തയ്‌ക്ക്‌ ഭര്‍ത്താവ്‌ മൂന്നു കാര്യങ്ങള്‍ നല്‍കേണ്ടതുണ്ട്‌. ഒന്ന്‌, ഇദ്ദ കാലത്തെ താമസസൗകര്യം. രണ്ട്‌, ഇദ്ദകാലത്തെ ഭക്ഷണം, വസ്‌ത്രം. മൂന്ന്‌, മതാഅ്‌. ത്വലാഖ്‌ ചൊല്ലിയശേഷം ഭര്‍ത്താവ്‌ മരിച്ചാല്‍ ഈ മൂന്നു കാര്യങ്ങള്‍ അയാളുടെ സ്വത്തില്‍ നിന്ന്‌ വിവാഹമുക്തയ്‌ക്ക്‌ അവകാശപ്പെട്ടതാണ്‌. ഭര്‍ത്താവിന്റെ അനന്തരാവകാശികളാണ്‌ ഇത്‌ നല്‍കേണ്ടത്‌. അത്‌ കഴിച്ചു ബാക്കിയുള്ള സ്വത്തേ അവര്‍ ഭാഗിച്ചെടുക്കാവൂ. വിവാഹമുക്ത ഭര്‍ത്താവിന്റെ കുട്ടിക്ക്‌ മുലയൂട്ടുന്നുണ്ടെങ്കില്‍ അക്കാലത്ത്‌ ഭക്ഷണവും വസ്‌ത്രവും ലഭിക്കാന്‍ അവള്‍ക്ക്‌ അവകാശമുണ്ട്‌. ഭര്‍ത്താവ്‌ മരിച്ചാല്‍ അയാളുടെ അവകാശികളില്‍ നിന്നാണ്‌ അവള്‍ക്ക്‌ ഈ അവകാശം ലഭിക്കേണ്ടത്‌. വിശുദ്ധ ഖുര്‍ആനിലെ 2:233 സൂക്തം നോക്കുക. എന്നാല്‍ ഭാര്യ എന്ന നിലയിലുള്ള അനന്തരാവകാശവിഹിതം വിവാഹമുക്തയ്‌ക്ക്‌ ലഭിക്കുന്നതല്ല.

ദൈവനിഷേധപരമല്ലാത്ത പരിണാമവാദം

ലക്ഷക്കണക്കിനു വര്‍ഷങ്ങളിലൂടെയള്ള പരിണാമ പ്രക്രിയകളിലൂടെയാണ്‌ ഭൂമിയില്‍ ജീവജാലങ്ങള്‍ ഉടലെടുത്തത്‌ എന്ന ഡാര്‍വിന്റെയും സമാനവാദക്കാരായ പരിണാമ വാദികളുടെയും സിദ്ധാന്തങ്ങള്‍ക്ക്‌ പിന്നില്‍ കടുത്ത ദൈവനിഷേധമാണല്ലോ നമുക്ക്‌ വീക്ഷിക്കാന്‍ കഴിയുന്നത്‌.

എന്നാല്‍ ദൈവത്തിന്റെ പങ്ക്‌ അംഗീകരിച്ചുകൊണ്ട്‌ തന്നെ നിരന്തരമായ പ്രക്രിയയിലൂടെ ഒരു ജീവജാതിയില്‍ നിന്നും മറ്റൊരു ജീവജാതിയും ഉപജാതികളും ഉണ്ടാകുന്നുവെന്ന പരിണാമവാദം നമുക്ക്‌ അംഗീകരിച്ചുകൂടേ. ആദംനബി ആദ്യത്തെ മനുഷ്യനല്ലായിരുന്നുവെന്നും മാനസികവികാസം പ്രാപിക്കാത്ത നിയാണ്ടര്‍ത്താന്‍ മനുഷ്യനെയും ശിലായുഗ മനുഷ്യനെയും ആദമിന്‌ മുമ്പ്‌ ദൈവം സൃഷ്‌ടിച്ചിരുന്നുവെന്നും ഖാദിയാനികളുടെ ഒരു മാസികയില്‍ വായിക്കാന്‍ സാധിച്ചു. ഇത്‌ ഖുര്‍ആനിന്‌ വിരുദ്ധമല്ലേ?
ഇ കെ സാജുദ്ദീന്‍, ഓമശ്ശേരി

ഭൂമിയിലെ സസ്യജീവജാലങ്ങളും പരിസ്ഥിതി വ്യവസ്ഥകളുമൊക്കെ ഒരു നിമിഷത്തില്‍ ഇന്നുള്ള പോലെ ഉത്ഭൂതമാവുകയാണുണ്ടയതെന്ന്‌ വിശുദ്ധ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസുകളിലോ പറഞ്ഞിട്ടില്ല. ജൈവ അഭിവൃദ്ധിയും ഭക്ഷ്യശൃംഖലയുമടക്കം ഭൂമിയിലെ സൃഷ്‌ടിവ്യവസ്ഥകള്‍ നാലുദിവസങ്ങളിലാണ്‌ (അഥവാ ഘട്ടങ്ങളിലാണ്‌) അല്ലാഹു സംവിധാനിച്ചതെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 41:10 സൂക്തത്തില്‍ നിന്ന്‌ ഗ്രഹിക്കാം. `യൗമ്‌' (ദിവസം) കൊണ്ട്‌ ഉദ്ദേശിക്കപ്പെട്ടത്‌ ദീര്‍ഘമായ കാലയളവായിരിക്കാം എന്നതിന്‌ ഖുര്‍ആന്‍ സൂക്തങ്ങളില്‍ തന്നെ തെളിവുണ്ട്‌. എന്നാല്‍ ഒരു ജീവജാതിയില്‍ നിന്ന്‌ മറ്റൊരു ജീവജാതിയെ പരിണമിപ്പിക്കുക എന്നതാണ്‌ അല്ലാഹുവിന്റെ സൃഷ്‌ടിവ്യവസ്ഥയെന്ന്‌ പറയാന്‍ ഇസ്‌ലാമിക പ്രമാണങ്ങളുടെയൊന്നും പിന്‍ബലം കാണുന്നില്ല.

ചിമ്പന്‍സിയും ഗോറില്ലയും ഉള്‍പ്പെടെ പലതരം കുരങ്ങുകള്‍ അനേകായിരം വര്‍ഷങ്ങളായിട്ട്‌ ലോകത്ത്‌ നിലനില്‍ക്കുന്നുണ്ട്‌. മനുഷ്യനോടോ കുരങ്ങിനോടോ സാദൃശ്യമുള്ള പല ജീവജാതികള്‍ക്ക്‌ വംശനാശം സംഭവിച്ചിട്ടുമുണ്ടാകും. അവയില്‍ പലതിന്റെയും ഫോസിലുകള്‍ ഗവേഷകര്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌. അവയ്‌ക്കിടയില്‍ വല്ല സമാനതകളും കണ്ടാല്‍ ഒന്ന്‌ മറ്റൊന്നില്‍ നിന്ന്‌ പരിണമിച്ചുണ്ടായതാണെന്ന്‌ സിദ്ധാന്തിക്കുകയാണ്‌ ഡാര്‍വിന്‍ ചെയ്‌തതും ഡാര്‍വിനിസ്റ്റുകള്‍ ചെയ്‌തുകൊണ്ടിരിക്കുന്നതും.

എന്നാല്‍ ചരിത്രത്തിന്‌ അറിയാവുന്ന കാലങ്ങളിലൊന്നും ഒരു ജീവജാതി മറ്റൊന്നായി പരിണമിച്ചതായി തെളിവുകളുടെ പിന്‍ബലത്തോടെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഭീമാകാരമുള്ള ദിനോസറുകളുടെ അവശിഷ്‌ടങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ `പരിണാമശൃംഖല'യില്‍ അവയ്‌ക്ക്‌ തൊട്ടുമുമ്പും ശേഷവുമുള്ള കണ്ണികള്‍ ഏതൊക്കെയായിരുന്നുവെന്ന്‌ ഒരിക്കലും തെളിയിക്കപ്പെട്ടിട്ടില്ല. ദശലക്ഷക്കണക്കില്‍ ജീവജാതികളില്‍ അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്‌ പരിണാമമെങ്കില്‍ ജീവശാസ്‌ത്രം ഒട്ടൊക്കെ വികസിച്ച സമീപ നൂറ്റാണ്ടുകളില്‍ അതിന്റെ ഭൗതിക തെളിവുകള്‍ എവിടെ നിന്നെങ്കിലും ലഭ്യമാകേണ്ടതായിരുന്നു. അതൊരിക്കലും ഉണ്ടായിട്ടില്ല. സമാനതകളുള്ള ഫോസിലുകള്‍ നിരത്തിവെച്ച്‌ കാല്‍പനിക സിദ്ധാന്തം ചമച്ച്‌അനിഷേധ്യ ശാസ്‌ത്രസത്യമെന്നോണം അവതരിപ്പിക്കുകയാണ്‌ പരിണാമവാദികള്‍ എക്കാലത്തും ചെയ്‌തിട്ടുള്ളത്‌. യേശുക്രിസ്‌തുവിന്റെ ശവകുടീരം കശ്‌മീരിലാണെന്ന്‌ ഒരു കഥ ചമച്ചുണ്ടാക്കി അത്‌ മീര്‍സയുടെ പ്രവാചകത്വത്തിന്‌ തെളിവാക്കുന്ന ഖാദിയാനികള്‍ പരിണാമവാദത്തില്‍ നിന്നും വ്യാജ പ്രവാചകത്വത്തിന്‌ തെളിവുണ്ടാക്കിക്കൂടായ്‌കയില്ല.

കുറ്റവാസന ഗര്‍ഭാവസ്ഥയില്‍ നിന്നുണ്ടാകുന്നതോ?

`കുറ്റവാസനയുടെ ഉറവിടത്തെ കുറിച്ച്‌ നടത്തിയ പഠനത്തില്‍ അമ്മയുടെ ഗര്‍ഭാവസ്ഥയില്‍ നിന്നും ആരംഭിക്കുന്നതായി കണ്ടെത്തി. ഗര്‍ഭിണിക്ക്‌ മാനസിക സമ്മര്‍ദമുണ്ടെങ്കില്‍ അത്‌ ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിനെ ബാധിക്കുന്നു. പ്രസവശേഷം അസുഖങ്ങള്‍ ഉണ്ടാകാം. ഗര്‍ഭാവസ്ഥയില്‍ സ്‌ത്രീകള്‍ക്കുണ്ടാവുന്ന സമ്മര്‍ദത്തിന്റെ ഏറ്റക്കറച്ചിലിനനുസരിച്ചായിരിക്കും ക്രിമിനല്‍വാസനയും വളരുന്നത്‌. അക്രമസ്വഭാവം കാണിക്കുന്ന പലരുടെയും കുടുംബപശ്ചാത്തലം പരിശോധിച്ചാല്‍ ഇത്‌ മനസ്സിലാക്കാം.

കുട്ടികളുടെ ആരോഗ്യം അവരുടെ ഭ്രൂണാവസ്ഥ മുതല്‍ ശ്രദ്ധിക്കേണ്ടതാണ്‌. അമ്മയുടെ ചിന്തയും വികാരവും മനോനിലയും ശിശുക്കളെ സ്വാധീനിക്കുന്നുണ്ട്‌. ഗര്‍ഭകാലത്തെ മാനസികസമ്മര്‍ദം ശിശുക്കള്‍ക്ക്‌ ജീവിതകാലം മുഴുവനും നിലനില്‌ക്കുന്ന പ്രശ്‌നമായി മാറും. പിറവിയെടുത്തതിന്‌ ശേഷം സ്‌നേഹം ചൊരിയുന്നതിനെക്കാള്‍ ഗര്‍ഭസ്ഥശിശുവിനെ അംഗീകരിക്കാനും സ്‌നേഹിക്കാനും തയ്യാറാകുന്നതിലൂടെ താരതമ്യേന കുറ്റവാസന കുറഞ്ഞ കുട്ടികളുടെ ലോകം സൃഷ്‌ടിക്കാം. പാശ്ചാത്യരാജ്യങ്ങളില്‍ ഗര്‍ഭിണികളെ സംഗീതം കേള്‍പ്പിക്കുകയും അവര്‍ പാര്‍ക്കുന്നിടത്ത്‌ ഓമനത്തമുള്ള കുട്ടികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും പതിവാണ്‌.'' (സ്‌ത്രീ, 2010 ഡിസം. 21)

`ഓരോ കുട്ടിയും ശുദ്ധ പ്രകൃതിയോടെയാണ്‌ ജനിക്കുന്നത്‌' എന്ന നബിവചനവും ഈ കണ്ടെത്തലും തമ്മില്‍ എങ്ങനെയാണ്‌ യോജിക്കുക?
പി കെ മുസംബുലു, വേരുപാലം

അല്ലാഹു ഓരോ ബീജവും സൃഷ്‌ടിക്കുന്നത്‌ ഒരു അണ്ഡവുമായി ചേര്‍ന്ന്‌ ഭ്രൂണമായി വളര്‍ന്ന്‌ ലക്ഷണമൊത്ത ശിശുവായി ജനിക്കാന്‍ വേണ്ടിയാണ്‌. ഗര്‍ഭാശയ വ്യവസ്ഥകള്‍ കൂട്ടിയിണക്കിയിട്ടുള്ളത്‌ ഗര്‍ഭസ്ഥശിശുവിന്റെ യഥോചിതമായ വളര്‍ച്ചയ്‌ക്ക്‌ ഉതകുന്ന വിധമാണ്‌. എന്നാലും പലവിധ ഭൗതിക കാരണങ്ങളാല്‍ ചില കുട്ടികള്‍ക്ക്‌ ജന്മനാ ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങലുണ്ടാകാറുണ്ട്‌. അണുബോംബ്‌ വീണ നാടുകളിലും എന്‍ഡോസള്‍ഫാന്‍ പെയ്‌തിറങ്ങിയ നാടുകളിലും രാസവാതകം മഹാദുരന്തമായി പടര്‍ന്നുകയറിയ ഭോപ്പാലിലും മറ്റും ഇത്‌ ബീഭത്സമാംവിധം പ്രകടമാവുകയുണ്ടായി. ദൈവിക വ്യവസ്ഥ വികലമായതുകൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്‌.

ഇസ്‌ലാം വിഭാവനം ചെയ്യുന്നത്‌ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കുളിര്‍മയുള്ള സമാധാന നിര്‍ഭരമായ കുടുംബാംന്തരീക്ഷമാണ്‌. ``നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്‌ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്‌തതും അവന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളുണ്ട്‌'' (വി.ഖു 30:21). ഇത്തരം കുടംബാന്തരീക്ഷത്തില്‍ ഗര്‍ഭിണിക്കോ ഗര്‍ഭസ്ഥശിശുവിനോ നവജാതശിശുവിനോ വിവിധ പ്രായക്കാരായ കുട്ടികള്‍ക്കോ അരക്ഷിതാവസ്ഥയുണ്ടാവില്ല. ഓരോ കുട്ടിയും ശുദ്ധപ്രകൃതിയോടെ ജനിക്കുന്നത്‌ ഇങ്ങനെയുള്ള കുടുംബ സാഹചര്യത്തിലായിരിക്കും.

ഗര്‍ഭിണിയുടെ ജീവിതം അരക്ഷിതാവസ്ഥയിലാവുകയോ അവളുടെ ദുസ്സ്വഭാവങ്ങളും ദുശ്ശീലങ്ങളും അപപോഷണവും മറ്റും നിമിത്തം ഗര്‍ഭസ്ഥശിശുവിന്റെ സ്ഥിതി അരക്ഷിതമാവുകയോ ചെയ്‌താല്‍ ശിശുവിന്‌ മാനസികവും ശാരീരികവുമായ അപചയമുണ്ടാവുക സ്വാഭാവികമാണ്‌. കുറ്റവാസനയും ഈ അപചയത്തില്‍ നിന്ന്‌ ഉരുത്തിരിഞ്ഞുകൂടായ്‌കയില്ല.

ലൈംഗിക അരാജകത്വം കൊടികുത്തിവാഴുന്ന പാശ്ചാത്യ രാജ്യങ്ങളില്‍ കുടുംബത്തകര്‍ച്ച വ്യാപകമാണ്‌. ഇത്‌ നിമിത്തം ധാരാളം ഗര്‍ഭിണികള്‍ കടുത്ത മാനസിക സംഘര്‍ഷമനുഭവിക്കുന്നുണ്ടാകും. അതുകൊണ്ടാണ്‌ സംഗീതം, ചിത്രപ്രദര്‍ശനം തുടങ്ങിയ കൃത്രിമ മാര്‍ഗങ്ങളിലൂടെ സംഘര്‍ഷ ലഘൂകരണ യത്‌നങ്ങള്‍ നടത്തേണ്ടിവരുന്നത്‌. ഉത്തമ വികാരങ്ങള്‍ കൊണ്ട്‌ സമ്പുഷ്‌ടമായ ഇസ്‌ലാമിക കുടുംബാന്തരീക്ഷത്തില്‍ സംഘര്‍ഷത്തിന്റെ ലാവ പൊട്ടി ഒഴുകാന്‍ സാധ്യത വളരെ കുറവാണ്‌.

വിദ്യാര്‍ഥിസമ്മേളനത്തിലെ ജുമുഅ

മുസ്‌ലിംലീഗ്‌ വിദ്യാര്‍ഥി വിഭാഗം സംഘടിപ്പിച്ച സമ്മേളന നഗരിയില്‍ ജുമുഅ സംഘടിപ്പിച്ചത്‌ ഖേദകരവും ഇസ്‌ലാമിക കര്‍മശാസ്‌ത്ര പ്രമാണങ്ങള്‍ക്ക്‌ വിരുദ്ധവുമാണെന്ന്‌ എസ്‌ കെ എസ്‌ എസ്‌ എഫ്‌ കുറ്റപ്പെടുത്തിയതായി പത്രറിപ്പോര്‍ട്ടുകളില്‍ കണ്ടു. (മാധ്യമം, ഫെബ്രു. 19). അജ്ഞത മൂലം അബദ്ധങ്ങള്‍ സംഭവിക്കുമ്പോള്‍ അത്‌ സദുദ്ദേശപൂര്‍വം തിരുത്താനുള്ള സൗഹൃദ പൂര്‍ണമായ ശ്രമങ്ങളെ അവഗണിക്കുന്നത്‌ ധിക്കാരപരമാണ്‌. മഹാന്മാരായ സാത്വികര്‍ പടുത്തുയര്‍ത്തിയ ഒരു പ്രസ്ഥാനത്തെ നിക്ഷിപ്‌ത താല്‌പര്യക്കാരുടെ ആലയില്‍ തളയ്‌ക്കാന്‍ ശ്രമിച്ചാല്‍ അതിന്‌ കനത്ത വില നല്‌കേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ കണ്ടു.

ഹജ്ജ്‌ കമ്മിറ്റിയുടെ തലപ്പത്ത്‌ സുന്നി പണ്ഡിതന്മാര്‍ ഉള്ള സന്ദര്‍ഭങ്ങളില്‍ ഹാജിമാര്‍ക്കു വേണ്ടി താല്‍ക്കാലികമായി സൗകര്യപ്പെടുത്തുന്ന ഹജ്ജ്‌ ക്യാമ്പുകളില്‍ ജുമുഅ നമസ്‌കാരം നടത്തിക്കാണാറുണ്ട്‌. ഇതിന്റെയെല്ലാം ഇസ്‌ലാമിക വിധി എന്ത്‌?
കെ എം സല്‍മാന്‍, ഐക്കരപ്പടി

ധാരാളം പേര്‍ പങ്കെടുക്കുന്ന സമ്മേളനസ്ഥലങ്ങളില്‍ ജുമുഅ നമസ്‌കാരം നിര്‍വഹിക്കുന്നത്‌ ഇസ്‌ലാമിക പ്രമാണങ്ങള്‍ക്കൊന്നും വിരുദ്ധമല്ല. മദീനയിലെ മുസ്‌ലിംകള്‍ നബി(സ)യുടെ ഹിജ്‌റക്ക്‌ മുമ്പായി ഏറ്റവും ആദ്യം ജുമുഅ നമസ്‌കരിച്ചത്‌ `ഹസ്‌മുന്നബീത്ത്‌' എന്ന ചരല്‍ക്കല്ലുകള്‍ നിറഞ്ഞ പ്രദേശത്തായിരുന്നുവെന്നും അസ്‌അദുബ്‌നു സുറാറ(റ)യാണ്‌ ആ നമസ്‌കാരത്തിന്‌ നേതൃത്വം നല്‌കിയതെന്നും അബൂദാവൂദ്‌, ഇബ്‌നുമാജ എന്നീ ഹദീസ്‌ പണ്ഡിതന്മാര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അന്ന്‌ അവിടെ പള്ളിയുണ്ടായിരുന്നുവെന്ന്‌ ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല. ആ സ്ഥലത്ത്‌ നബി(സ)യോ സ്വഹാബികളോ സ്ഥിരമായി ജുമുഅ നമസ്‌കാരം നിര്‍വഹിച്ചിരുന്നുവെന്ന്‌ പ്രാമാണികമായ ഹദീസുകളില്‍ കാണുന്നുമില്ല. ഒരു താഴ്‌വരയുടെ താഴ്‌ഭാഗത്ത്‌ നബി(സ) ജുമുഅ നമസ്‌കാരം നിര്‍വഹിച്ചതായി ഇബ്‌നുസഅ്‌ദും മറ്റു ചരിത്രകാരന്മാരും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ടെന്ന്‌ ഇമാം ശൗക്കാനി നൈലുല്‍ ഔത്വാറില്‍ (പേജ്‌ 646) രേഖപ്പെടുത്തിയിട്ടുണ്ട്‌. ചരിത്രകാരന്മാരുടെ റിപ്പോര്‍ട്ട്‌ പ്രബലമല്ലെന്ന്‌ വന്നാല്‍ പോലും ജുമുഅ നമസ്‌കാരം പള്ളിയിലേ പാടുള്ളൂവെന്ന്‌ നബി(സ) പറഞ്ഞതായി ആരും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല എന്ന വസ്‌തുത പ്രാധാന്യപൂര്‍വം പരിഗണിക്കേണ്ടതുണ്ട്‌.

ഇനി ഫി ഖ്‌ഹിന്റെ കാര്യമാണെങ്കില്‍, ഇമാം അബൂഹനീഫ, ശാഫിഈ, മുഅയ്യദ്‌ ബില്ലാഹ്‌ എന്നിവരും മറ്റു പണ്ഡിതന്മാരും ജുമുഅ സ്വഹീഹാകുന്നതിന്‌ അത്‌ പള്ളിയിലായിരിക്കല്‍ ഒരു നിബന്ധനയല്ലെന്ന്‌ അഭിപ്രായപ്പെട്ടതായി ഇമാം ശൗക്കാനി (അതേപുസ്‌തകം) രേഖപ്പെടുത്തിയിട്ടുണ്ട്‌. രണ്ടു വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ `മുസ്‌ലിം' അഭിപ്രായപ്രകടനം നടത്താനുദ്ദേശിക്കുന്നില്ല. ഹാജിമാര്‍ വീട്ടില്‍ നിന്ന്‌ പുറപ്പെടുന്നത്‌ മുതല്‍ യാത്രയിലാണല്ലോ. യാത്രക്കാര്‍ക്ക്‌ ജുമുഅ നിര്‍ബന്ധമല്ല. എന്നിട്ടും ഹജ്ജ്‌ ക്യാമ്പില്‍ മുസ്‌ലിയാക്കന്മാര്‍ ജുമുഅ നമസ്‌കാരം നിര്‍വഹിക്കുന്നുവെങ്കില്‍ വിദ്യാര്‍ഥി ക്യാമ്പില്‍ ജുമുഅ പാടില്ല എന്ന്‌ പറയുന്നതിന്‌ യാതൊരു ന്യായീകരണവുമില്ല.

Followers -NetworkedBlogs-

Followers