ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label സകാത്ത്. Show all posts
Showing posts with label സകാത്ത്. Show all posts

നോമ്പ് തുറപ്പിക്കലും ഫിത്വ്‌ർ സകാത്തും

ഗള്‍ഫ് നാടുകളിലെ ചില മലയാളി മുസ്‌ലിം സംഘടനകള്‍ റമദാന്‍ തുടക്കത്തില്‍ തന്നെ, ഫിത്വ്‌ര്‍ സകാത്തിനും നോമ്പ് തുറപ്പിക്കാനുമെന്ന് പറഞ്ഞ് ഒരു നിശ്ചിതസംഖ്യ മലയാളി മുസ്‌ലിംകളില്‍ നിന്നും പിരിച്ച് നാട്ടിലേക്ക് അയക്കുന്നു. നാട്ടില്‍ ആ പണം ഏത് രീതിയില്‍ ചിലവഴിക്കുന്നു എന്നറിയില്ല. ചിലപ്പോള്‍ ദരിദ്രര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനോ സമൂഹനോമ്പുതുറയ്‌ക്കോ ഒക്കെ ആയിരിക്കാം അത് വിനിയോഗിക്കുന്നത്. ഈദുല്‍ഫിത്വ്‌റിന് നല്‍കേണ്ട സകാത്ത് മുന്‍കൂട്ടി നല്‍കാനും അത് താന്‍ ഉള്ള സ്ഥലത്തല്ലാതെ മറ്റിടങ്ങളിലേക്ക് അയക്കാനും വകമാറി ചെലവഴിക്കാനും അനുവാദമുണ്ടോ?

എം പി ജുനൈസ്, മലപ്പുറം

ഫിത്വ്‌ര്‍ സകാത്ത് നിര്‍ബന്ധബാധ്യതയാണ്. ഈദുല്‍ ഫിത്വ്‌റിനോടനുബന്ധിച്ചാണ് നല്‍കേണ്ടത്. സകാത്ത് നിര്‍ബന്ധമാകുന്ന സമയത്തിന് മുമ്പ് നല്‍കുന്നതിന് വിരോധമില്ലെന്ന് വ്യക്തമാക്കുന്ന ചില ഹദീസുകളുണ്ട്. 

പാവപ്പെട്ട നോമ്പുകാരന് നോമ്പ് തുറക്കാന്‍ ഭക്ഷണം നല്‍കുന്നതിന് ഫിത്വ്‌ര്‍ സകാത്തിന്റെ വകുപ്പില്‍പ്പെട്ട തുകയോ ഭക്ഷ്യവസ്തുക്കളോ വിനിയോഗിക്കുന്നതില്‍ തെറ്റില്ല. അത് സകാത്തുല്‍ ഫിത്വ്‌ര്‍ എന്ന പദത്തോടും, ഹദീസില്‍ വിവരിക്കപ്പെട്ട അതിന്റെ ഉദ്ദേശ്യങ്ങളോടും യോജിക്കുന്നത് തന്നെയാണ്. 

എന്നാല്‍ സകാത്തുല്‍ ഫിത്വ്‌റിന്റെ തുക സമ്പന്നരായ ആളുകള്‍ കൂടി പങ്കെടുക്കുന്ന സമൂഹ നോമ്പ്തുറയ്ക്ക് വിനിയോഗിക്കുന്നത് ശരിയല്ല. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ഏറ്റവും നല്ലത്, ഫിത്വ്‌ര്‍ സകാത്തിന്റെ തുക വേറെയും അതല്ലാത്ത ഇഫ്ത്വാര്‍ ഫണ്ട് വേറെയും സ്വരൂപിക്കുകയും വേറെത്തന്നെ വിനിയോഗിക്കുകയുമാണ്.

സകാത്ത് നല്‍കുന്ന വ്യക്തി താമസിക്കുന്ന സ്ഥലത്ത് തന്നെ അത് വാങ്ങാന്‍ അര്‍ഹതയുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് തന്നെ നല്‍കുന്നതാണ് ഏറ്റവും അനുയോജ്യം. എന്നാല്‍ ഗള്‍ഫ് മലയാളികള്‍ അവരുടെയും സ്വദേശത്തോ വിദേശത്തോ താമസിക്കുന്ന കുടുംബാംഗങ്ങളുടെയും പേരിലുള്ള സകാത്ത് സ്വദേശത്തെ അര്‍ഹരായ ആളുകള്‍ക്ക് തന്നെ നല്‍കാന്‍ ഏര്‍പ്പാട് ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല.

സകാത്ത് മുന്‍കൂറായി നല്കാമോ?

ഒരു വ്യക്തിക്കോ ഒന്നിലധികം വ്യക്തികള്‍ക്കോ സകാത്ത് വിഹിതം ലഭിക്കല്‍ എത്രയും അനിവാര്യമായ ഒരു ഘട്ടത്തില്‍ ഒരു സകാത്ത് ദാതാവ് തന്റെ സകാത്ത് വിതരണ സമയം എത്തുന്നതിന് മുമ്പ് തനിക്ക് സ്വന്തമായി വിതരണം ചെയ്യാവുന്ന സകാത്ത് ക്വാട്ടയില്‍ നിന്ന് ഒരു സംഖ്യ മുന്‍കൂറായി കൊടുക്കുന്നത് ശറഇല്‍ അനുവദനീയമാണോ? എങ്കില്‍ അപ്രകാരം വിതരണം ചെയ്യുന്ന സംഖ്യ ടിയാന്റെ നിര്‍ബന്ധ സകാത്ത് ബാധ്യതയിലേക്ക് വകയിരുത്തിക്കൂടേ?

മുഹമ്മദ് , മലപ്പുറം

 
സമയമാകുന്നതിന് മുമ്പ് സകാത്ത് മുന്‍കൂറായി നല്കാന്‍ അബ്ബാസി(റ)ന് നബി(സ) അനുവാദം നല്കിയതായി അലി(റ)യില്‍ നിന്ന് അബൂദാവൂദും തിര്‍മിദിയും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 'സ്വന്തമായി വിതരണം ചെയ്യാവുന്ന സകാത്ത് ക്വാട്ട' എന്നൊന്നുണ്ടെതിന് പ്രബലമായ ഹദീസില്‍ തെളിവില്ല. പൊതുവായി സകാത്ത് ശേഖരിച്ച് വിതരണം ചെയ്യാന്‍ സംവിധാനം ഉള്ളേടത്ത് സത്യവിശ്വാസികളെല്ലാം അവരുടെ സകാത്ത് മുഴുവന്‍ ആ സംവിധാനത്തിലേക്ക് തിരിച്ചുവിടുകയാണ് വേണ്ടത്. എന്നാല്‍ ഒരാളുടെ ഏറ്റവും അടുത്ത ദരിദ്രരായ ബന്ധുക്കള്‍ പൊതുവിതരണ മേഖലയുടെ പരിധിയില്‍ ഉള്‍പ്പെടുകയില്ലെങ്കില്‍ അവര്‍ക്കുവേണ്ടി ഒരു വിഹിതം നേരിട്ട് നല്കാവുന്നതാണ്. സകാത്ത് എന്ന ഉദ്ദേശ്യത്തോടെ അവര്‍ക്ക് നല്കുന്നത് അയാള്‍ കൊടുക്കാന്‍ ബാധ്യസ്ഥമായ സകാത്തിലേക്ക് വകയിരുത്താം.

ചെലവ് കഴിച്ച് ബാക്കി തുകയ്ക്ക് സകാത്ത് നല്‍കിയാല്‍ മതിയോ?

ഒരാള്‍ തന്റെ കൃഷിയോ കച്ചവടമോ വ്യവസായമോ ഉദ്യോഗമോ മറ്റേതെങ്കിലും ഹലാലായ വഴിക്കോ ആര്‍ജിക്കുന്ന മൊത്ത വരുമാനത്തില്‍ നിന്ന് അതത് ഏര്‍പ്പാടുകള്‍ക്കു വരുന്ന നടത്തിപ്പു ചെലവും തന്റെയും കുടുംബത്തിന്റെയും ദൈനംദിന ചെലവുകളും മാറ്റിനിര്‍ത്തി ബാക്കിവരുന്ന സംഖ്യ നിസാബെത്തുമെങ്കില്‍ മാത്രം അങ്ങനെയുള്ള സംഖ്യക്ക് അതത് ഇനത്തിന്റെ നിശ്ചിത തോതനുസരിച്ച് സകാത്ത് നല്കിയാല്‍ മതിയോ? അതോ മൊത്ത വരുമാനത്തിനുള്ള സകാത്ത് നല്കണോ? നടത്തിപ്പു ചെലവുകള്‍ കഴിച്ച് ബാക്കിവരുന്ന മാത്രം സംഖ്യക്ക് നല്കിയാല്‍ മതിയോ?
 
വി പി മുഹമ്മദലി, പന്തലിങ്ങല്‍

ഒരാള്‍ക്ക് സകാത്തിന്റെ പരിധിയെത്തിയ വരുമാനമുണ്ടെങ്കില്‍ മൊത്തം വരുമാനത്തിനാണ്, ചെലവ് കഴിച്ച് ബാക്കിയുള്ളതിനല്ല സകാത്ത് നല്‌കേണ്ടത്. എന്നാല്‍ ഒരാളുടെ വരുമാനം അത്യാവശ്യച്ചെലവുകള്‍ക്ക് തികയില്ലെങ്കില്‍ അയാള്‍ ഫഖീറോ മിസ്‌കീനോ ആയിരിക്കും. അത്തരക്കാര്‍ സകാത്ത് നല്കാന്‍ ബാധ്യസ്ഥരല്ല, വാങ്ങാന്‍ അവകാശപ്പെട്ടവരാകുന്നു. ഒരാള്‍ പതിനായിരം രൂപ മുതല്‍ മുടക്കി കൃഷി ചെയ്തിട്ട് നെല്ലും വൈക്കോലും കൂടി അയ്യായിരം രൂപയ്ക്കുള്ളതേ കിട്ടിയുള്ളൂവെങ്കില്‍  അതിനയാള്‍ സകാത്ത് നല്‌കേണ്ടതുണ്ടോ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരല്ല. കൃഷി ലാഭകരമായാലും അല്ലെങ്കിലും ലഭിച്ച ഉല്പന്നത്തിന് സകാത്ത് നല്കണമെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അയാള്‍ക്ക് കൃഷി മുഖേന യഥാര്‍ഥത്തില്‍ വരുമാനമൊന്നും ഉണ്ടായിട്ടില്ലാത്തതിനാല്‍ അയാള്‍ ആ വകയില്‍ സകാത്ത് നല്കാന്‍ ബാധ്യസ്ഥനല്ലെന്ന് കരുതാനും ന്യായമുണ്ട്. കൃഷിക്ക് മുടക്കിയ സംഖ്യ നിസ്വാബെത്തുമെങ്കില്‍, അതിന് ആ വര്‍ഷം സകാത്ത് നല്കിയിട്ടില്ലെങ്കില്‍ അത് നല്കണം. കാര്‍ഷിക വരുമാനത്തിന് സകാത്ത് നല്കുമ്പോള്‍ കൃഷിച്ചെലവ് കഴിച്ച് ബാക്കിയുള്ളതിന് നല്കിയാല്‍ മതിയോ എന്നതും വീക്ഷണവ്യത്യാസത്തിന് സാധ്യതയുള്ള വിഷയമാണ്.

അധ്വാനം കൂടാതെ ലഭിക്കുന്ന കാര്‍ഷിക വരുമാനത്തിന് പത്ത് ശതമാനവും അധ്വാനിച്ചുണ്ടാക്കുന്നതിന് അഞ്ച് ശതമാനവും സകാത്ത് നിശ്ചയിച്ച സ്ഥിതിക്ക് കൃഷിച്ചെലവ് വേറെ പരിഗണിക്കുന്നതിന് ന്യായം കാണുന്നില്ല. സകാത്തിനു വേണ്ടി വിളകളുടെ മതിപ്പ് കണക്കാക്കാന്‍ നിയോഗിച്ച ജോലിക്കാരോട് (വിളയുടെ) മൂന്നിലൊന്നോ നാലിലൊന്നോ ഒഴിവാക്കി വിടാന്‍ റസൂല്‍(സ) കല്പിച്ചതായി സഹ്‌ലുബ്‌നു അബീ ഹഥ്മയില്‍ നിന്ന് അബൂദാവൂദും തിര്‍മിദിയും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചില പണ്ഡിതന്മാരുടെ വീക്ഷണത്തില്‍, മതിപ്പ് കണക്കുപ്രകാരമുള്ള സകാത്തിന്റെ മൂന്നില്‍ ഒരു ഭാഗമോ നാലില്‍ ഒരു  ഭാഗമോ ഒഴിവാക്കി വിടാനാണ് നിര്‍ദേശം. ചിലരുടെ അഭിപ്രായപ്രകാരം ഒഴിച്ചുനിര്‍ത്തിയ സകാത്ത് സ്വത്തുടമ സ്വന്തം നിലയില്‍ വിതരണം ചെയ്യേണ്ടതാണ്. കച്ചവടത്തിന്റെയും വ്യവസായത്തിന്റെയും അറ്റാദായത്തിന്റെ പത്ത് ശതമാനം എന്ന നിലയില്‍ സകാത്ത് കണക്കാക്കുകയാണെങ്കില്‍ ബിസിനസ് സംബന്ധമായ ചെലവുകള്‍ കഴിച്ച് ബാക്കിയുള്ള ലാഭം പരിഗണി ച്ചാല്‍മതി. മൂലധനവും ഒരു വര്‍ഷ ത്തെ ലാഭവും ചേര്‍ത്തുള്ള തുക യ്ക്ക് രണ്ടര ശതമാനം സകാത്ത് നല്‍കണമെന്നാണ് മറ്റൊരഭിപ്രായം. ശമ്പളത്തില്‍ സകാത്ത് സംബന്ധിച്ച് ഖുര്‍ആനിലോ പ്രബലമായ ഹദീസിലോ ഖണ്ഡിതമായ നിര്‍ദേശമില്ല. ആധുനിക പണ്ഡിതന്മാരില്‍ പലരുടെയും അഭിപ്രായം രണ്ടര ശതമാനം സകാത്ത് നല്കിയാല്‍ മതിയെന്നാണ്. അധ്വാനിച്ചുകിട്ടുന്ന കാര്‍ഷിക വരുമാനം പോലെ കണക്കാക്കി അഞ്ചു ശതമാനം നല്കണമെന്ന് കരുതുന്നവരും ഉണ്ട്.

സകാത്തിന്റെ അവകാശികള്‍ക്ക്‌ പൂര്‍ണ അവകാശമില്ലേ?


ഞങ്ങളുടെ പ്രദേശങ്ങളിലെ സകാത്ത്‌ കമ്മറ്റികള്‍ അവകാശികള്‍ക്ക്‌ നിര്‍മിച്ച്‌ നല്‌കുന്ന വീടുകള്‍ ക്രയവിക്രയ അധികാരമില്ലാതെ താമസസൗകര്യം പൂര്‍ണമായും നല്‌കുന്നവയാണ്‌. ഇതിന്റെ പ്രമാണങ്ങളും മറ്റും സക്കാത്ത്‌ കമ്മിറ്റിയുടെ പേരിലാണ്‌ നിലനില്‌ക്കുന്നത്‌. സകാത്ത്‌ സ്വീകരിക്കുന്ന ആളുകള്‍ അത്‌ നഷ്‌ടപ്പെടുത്താതിരിക്കാനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌ എന്നാണ്‌ സകാത്ത്‌ കമ്മിറ്റികളുടെ വിശദീകരണം. ഇത്‌ ഉചിതമായ പ്രവണതയാണോ?

ഷഫീഖ്‌ ഈരാറ്റുപേട്ട

സകാത്ത്‌ തുകയും അതുകൊണ്ട്‌ വാങ്ങിയ വസ്‌തുക്കളും ഗുണഭോക്താക്കള്‍ക്ക്‌ പൂര്‍ണമായി വിട്ടുകൊടുക്കുകയാണ്‌ വേണ്ടത്‌. ഉടമസ്ഥത സകാത്ത്‌ കമ്മിറ്റിയില്‍ നിക്ഷിപ്‌തമാക്കിക്കൊണ്ട്‌ വീട്ടില്‍ താമസിക്കാനുള്ള അവകാശം മാത്രം ഗുണഭോക്താവിന്‌ കൈമാറുന്നതിന്‌ ഖുര്‍ആനിന്റെയോ സുന്നത്തിന്റെയോ പിന്‍ബലമില്ല. സകാത്തായി നല്‌കിയ വീട്‌ ഗുണഭോക്താവ്‌ വിറ്റു തുലയ്‌ക്കുമെന്ന്‌ ആശങ്കയുണ്ടെങ്കില്‍ സകാത്ത്‌ ഫണ്ടില്‍ നിന്ന്‌, വീട്‌ നിര്‍മിക്കാന്‍ ആവശ്യമായ നിര്‍മാണ സാമഗ്രികളുടെ ഒരു ഭാഗം മാത്രം നല്‌കുകയായിരിക്കും നല്ലത്‌. ഗുണഭോക്താവ്‌ മറ്റു തരത്തില്‍ സമാഹരിച്ച തുകയും കൂടി ചേര്‍ത്താണ്‌ വീടുണ്ടാക്കുന്നതെങ്കില്‍ അയാള്‍ അത്‌ പെട്ടെന്ന്‌ വിറ്റു കാശാക്കാന്‍ സാധ്യത കുറവാണ്‌.

നോമ്പ്‌ തുറപ്പിക്കലും ഫിത്വ്‌ര്‍ സകാത്തും


ഗള്‍ഫ്‌ നാടുകളിലെ ചില മലയാളി മുസ്‌ലിം സംഘടനകള്‍ റമദാന്‍ തുടക്കത്തില്‍ തന്നെ, ഫിത്വ്‌ര്‍ സകാത്തിനും നോമ്പ്‌ തുറപ്പിക്കാനുമെന്ന്‌ പറഞ്ഞ്‌ ഒരു നിശ്ചിതസംഖ്യ മലയാളി മുസ്‌ലിംകളില്‍ നിന്നും പിരിച്ച്‌ നാട്ടിലേക്ക്‌ അയക്കുന്നു. നാട്ടില്‍ ആ പണം ഏത്‌ രീതിയില്‍ ചിലവഴിക്കുന്നു എന്നറിയില്ല. ചിലപ്പോള്‍ ദരിദ്രര്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കാനോ സമൂഹ നോമ്പുതുറയ്‌ക്കോ ഒക്കെ ആയിരിക്കാം അത്‌ വിനിയോഗിക്കുന്നത്‌. ഈദുല്‍ഫിത്‌്വറിന്‌ നല്‍കേണ്ട സകാത്ത്‌ മുന്‍കൂട്ടി നല്‍കാനും അത്‌ താന്‍ ഉള്ള സ്ഥലത്തല്ലാതെ മറ്റിടങ്ങളിലേക്ക്‌ അയക്കാനും വകമാറി ചെലവഴിക്കാനും അനുവാദമുണ്ടോ?
എം പി ജുനൈസ്‌  -മലപ്പുറം

ഫിത്വ്‌ര്‍ സകാത്ത്‌ നിര്‍ബന്ധബാധ്യതയാണ്‌. ഈദുല്‍ ഫിത്വ്‌റിനോടനുബന്ധിച്ചാണ്‌ നല്‍കേണ്ടത്‌. സകാത്ത്‌ നിര്‍ബന്ധമാകുന്ന സമയത്തിന്‌ മുമ്പ്‌ നല്‍കുന്നതിന്‌ വിരോധമില്ലെന്ന്‌ വ്യക്തമാക്കുന്ന ചില ഹദീസുകളുണ്ട്‌. പാവപ്പെട്ട നോമ്പുകാരന്‌ നോമ്പ്‌ തുറക്കാന്‍ ഭക്ഷണം നല്‍കുന്നതിന്‌ ഫിത്വ്‌ര്‍ സകാത്തിന്റെ വകുപ്പില്‍പ്പെട്ട തുകയോ ഭക്ഷ്യവസ്‌തുക്കളോ വിനിയോഗിക്കുന്നതില്‍ തെറ്റില്ല. അത്‌ സകാത്തുല്‍ ഫിത്വ്‌ര്‍ എന്ന പദത്തോടും, ഹദീസില്‍ വിവരിക്കപ്പെട്ട അതിന്റെ ഉദ്ദേശ്യങ്ങളോടും യോജിക്കുന്നത്‌ തന്നെയാണ്‌. എന്നാല്‍ സകാത്തുല്‍ ഫിത്വ്‌റിന്റെ തുക സമ്പന്നരായ ആളുകള്‍ കൂടി പങ്കെടുക്കുന്ന സമൂഹ നോമ്പ്‌തുറയ്‌ക്ക്‌ വിനിയോഗിക്കുന്നത്‌ ശരിയല്ല. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ഏറ്റവും നല്ലത്‌, ഫിത്വ്‌ര്‍ സകാത്തിന്റെ തുക വേറെയും അതല്ലാത്ത ഇഫ്‌ത്വാര്‍ ഫണ്ട്‌ വേറെയും സ്വരൂപിക്കുകയും വേറെത്തന്നെ വിനിയോഗിക്കുകയുമാണ്‌.

സകാത്ത്‌ നല്‍കുന്ന വ്യക്തി താമസിക്കുന്ന സ്ഥലത്ത്‌ തന്നെ അത്‌ വാങ്ങാന്‍ അര്‍ഹതയുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക്‌ തന്നെ നല്‍കുന്നതാണ്‌ ഏറ്റവും അനുയോജ്യം. എന്നാല്‍ ഗള്‍ഫ്‌ മലയാളികള്‍ അവരുടെയും സ്വദേശത്തോ വിദേശത്തോ താമസിക്കുന്ന കുടുംബാംഗങ്ങളുടെയും പേരിലുള്ള സകാത്ത്‌ സ്വദേശത്തെ അര്‍ഹരായ ആളുകള്‍ക്ക്‌ തന്നെ നല്‍കാന്‍ ഏര്‍പ്പാട്‌ ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല.

വാണിജ്യവിളകളുടെ സകാത്ത്‌


റബര്‍, കാപ്പി, ചായ തുടങ്ങിയ വാണിജ്യവിളകള്‍ക്ക്‌ ഏതളവിലാണ്‌ സകാത്ത്‌ നല്‌കേണ്ടത്‌? ഈ ഉത്‌പന്നങ്ങള്‍ എത്രത്തോളം ഉണ്ടായാലാണ്‌ സകാത്ത്‌ നല്‌കേണ്ടത്‌?
എ അബ്‌ദുര്‍റഹ്‌മാന്‍  -കാലടി

ഇവയില്‍നിന്നുള്ള ആദായം 590 ഗ്രാം വെള്ളിയുടെ വിലയ്‌ക്കുള്ളത്രയോ അതിലധികമോ ഉണ്ടെങ്കില്‍ ആദായത്തിന്റെ പത്ത്‌ ശതമാനം നല്‌കുകയാണ്‌ വേണ്ടത്‌. ഇവ വിറ്റുകിട്ടുന്ന പണമാണ്‌ നാം ഉപജീവനത്തിന്‌ എടുക്കുന്നത്‌ എന്നതിനാലാണ്‌ വെള്ളിയുടെ അഥവാ നാണയത്തിന്റെ പരിധി ഇതിന്‌ ബാധകമാക്കാമെന്ന്‌ കരുതുന്നത്‌. കാര്‍ഷികോത്‌പന്നങ്ങള്‍ക്ക്‌ നബി(സ) നിശ്ചയിച്ച സകാത്ത്‌ വിഹിതം പത്ത്‌ ശതമാനമായതുകൊണ്ടാണ്‌ ഇവയ്‌ക്കും ആ വിഹിതം നല്‌കണമെന്ന്‌ പറയുന്നത്‌. കൃഷിക്ക്‌ ജലസേചനവും വളംചേര്‍ക്കലും അനിവാര്യമാണെങ്കില്‍ അഞ്ചുശതമാനം സകാത്ത്‌ നല്‌കിയാല്‍ മതി.

റിയല്‍ എസ്റ്റേറ്റ്‌ ഭൂമാഫിയകളുടെ പ്രവര്‍ത്തനം അധാര്‍മികമല്ലേ?


ഒരു വസ്‌തുവിന്റെ മാര്‍ക്കറ്റ്‌ വില രൂപപ്പെടുന്നത്‌ അതിന്റെ ലഭ്യതയും ആവശ്യക്കാരുടെ എണ്ണവും അനുസരിച്ചാണല്ലോ. സ്വന്തമായി ഉപയോഗത്തിനാവശ്യമില്ലാത്തവര്‍ വസ്‌തുക്കള്‍ കൈയിലുള്ളതെല്ലാം മുടക്കി വാങ്ങിക്കൂട്ടുകയും വസ്‌തുവിന്റെ യഥാര്‍ഥ ആവശ്യക്കാര്‍ക്കിത്‌ മൂലം ഇവരോടിത്‌ വാങ്ങേണ്ടി വരികയും ചെയ്യുന്ന അവസ്ഥക്ക്‌ ഉദാഹരണമാണ്‌ ഇന്ന്‌ നമ്മുടെ നാട്ടിലെ ഭൂമിയുടെ കാര്യം. ഒരു ശരാശരി വരുമാനക്കാരനോ അതിന്‌ മുകളിലുള്ളവനോ പോലുമോ പാര്‍പ്പിടാവശ്യത്തിന്‌ അഞ്ചോ എട്ടോ സെന്റ്‌ ഭൂമി വാങ്ങുന്നത്‌ ഏതാണ്ട്‌ അസാധ്യമായിരിക്കുന്ന സ്ഥിതിയാണിത്‌ മൂലം ഉള്ളത്‌. ഒരു സാമൂഹ്യ സേവനം ആയിരിക്കേണ്ട സ്ഥാനത്ത്‌ സാമൂഹ്യ ദ്രോഹമായിത്തീര്‍ന്നിട്ടുള്ള ഈ ഏര്‍പ്പാടില്‍ ഒരു മുസ്‌ലിമിന്‌ പങ്കാളിയാവാമോ? `റിയല്‍എസ്റ്റേറ്റ്‌ ഭൂമാഫിയ'കളോളം വരില്ലെങ്കില്‍ തന്നെ, തങ്ങള്‍ നടത്തുന്നതിന്റെ തോതനുസരിച്ച്‌ ഏവരും മതദൃഷ്‌ട്യാ കുറ്റക്കാരാവില്ലേ? `കച്ചവടത്തിന്‌ വേണ്ടി മാത്രമുള്ള കച്ചവടം' നബി(സ) വിലക്കിയതായി ഹദീസുകളിലുണ്ടോ? ഉണ്ടെങ്കില്‍ അതില്‍ പെടില്ലേ ഇതും?

`വരുമാനമില്ലാത്ത ഭൂമിക്ക്‌ സകാത്തില്ല' എന്ന ഗണത്തില്‍ ഈ ഭൂമി അതെത്ര കുറവായാലും ഉള്‍പ്പെടുമോ? സ്വര്‍ണം-വെള്ളിയുടെ പോലെ ഇവക്കും സകാത്തും നല്‌കേണ്ടതില്ലേ? സ്വര്‍ണം-വെള്ളിക്ക്‌ സകാത്ത്‌ എന്നതിന്റെ `സ്‌പിരിറ്റ്‌' അല്ലേ കണക്കിലെടുക്കേണ്ടത്‌. അല്ലെങ്കില്‍, ചില പണ്ഡിതന്മാര്‍ പറഞ്ഞപോലെ, വന്‍ ധനികര്‍ കൈവശം വെക്കുന്ന സ്വര്‍ണത്തിന്റെ എത്രയോ ഇരട്ടി വിലവരുന്ന ഡയമണ്ട്‌ ആഭരണങ്ങള്‍ക്ക്‌ സകാത്ത്‌ വേണ്ടെന്ന്‌ വരില്ലേ? ഇത്‌ ഇസ്‌ലാമികമായി ശരിയാവുമോ?
എം ഖാലിദ്‌ നിലമ്പൂര്‍

കെട്ടിടങ്ങള്‍ നിര്‍മിക്കാനും കൃഷി ചെയ്യാനും മറ്റും വേണ്ടി ഭൂമി വാങ്ങലും വില്‌ക്കലും നബി(സ)യുടെ കാലത്ത്‌ അദ്ദേഹത്തിന്റെ അംഗീകാരത്തോടെ നടന്നിരുന്നുവെന്നാണ്‌ ഹദീസ്‌-ചരിത്രഗ്രന്ഥങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌. രണ്ടു അനാഥക്കുട്ടികളില്‍ നിന്ന്‌ നബി(സ) വില കൊടുത്തു വാങ്ങിയ സ്ഥലത്താണ്‌ മദീനയിലെ പള്ളി പണിതതെന്ന്‌ ബുഖാരിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ കാണാം. എന്നാല്‍ ഭൂസ്വത്തുക്കള്‍ വന്‍ തോതില്‍ കൈവശപ്പെടുത്തി കൊള്ളലാഭമെടുക്കുന്ന സമ്പ്രദായം അക്കാലത്ത്‌ ഉണ്ടായിരുന്നില്ല. ജനങ്ങള്‍ക്ക്‌ അത്യാവശ്യമുള്ള വസ്‌തുക്കള്‍ പൂഴ്‌ത്തിവെച്ചും കുത്തകയാക്കിയും കൃത്രിമ വിലക്കയറ്റമുണ്ടാക്കുന്നത്‌ നബി(സ) വിലക്കിയതായി ഉമര്‍, അബൂഹുറയ്‌റ, മഅ്‌ഖിലുബ്‌നുയസാര്‍ എന്നീ സ്വഹാബികളില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഭക്ഷ്യവസ്‌തുക്കള്‍ പൂഴ്‌ത്തിവെച്ച്‌ കൃത്രിമ വിലക്കയറ്റം സൃഷ്‌ടിക്കാനുള്ള ശ്രമമാണ്‌ അക്കാലത്ത്‌ ഒട്ടൊക്കെ നടന്നിരുന്നത്‌. വീട്‌ വെക്കാനും മറ്റും സ്ഥലത്തിന്‌ ഏറെ ആവശ്യക്കാരുള്ള പ്രദേശത്ത്‌ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടി വിലക്കയറ്റം സൃഷ്‌ടിക്കുന്നത്‌ നബി(സ) വിലക്കിയ പൂഴ്‌ത്തിവെപ്പിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഭൂമി ഒരു കച്ചവടച്ചരക്കാക്കുന്നത്‌ തീര്‍ത്തും നിഷിദ്ധമാണെന്ന്‌ പറയാന്‍ ഖണ്ഡിതമായ തെളിവില്ല. `കച്ചവടത്തിനുവേണ്ടി മാത്രമുള്ള കച്ചവടം' നിരോധിക്കുന്ന പ്രബലമായ ഹദീസൊന്നും `മുസ്‌ലിമി'ന്‌ കാണാന്‍ കഴിഞ്ഞിട്ടില്ല.
വില്‍ക്കാന്‍ വേണ്ടി ഭൂമി വാങ്ങിയാല്‍ അതൊരു കച്ചവടച്ചരക്കാണ്‌. അതിന്‌ സകാത്ത്‌ നിര്‍ബന്ധമാണ്‌. ഭൂമി വ്യാപാരത്തില്‍ നിക്ഷേപിച്ച പണത്തിന്റെ രണ്ടര ശതമാനമോ ഭൂമി വില്‌പനയിലെ അറ്റാദായത്തിന്റെ പത്തു ശതമാനമോ ആണ്‌ സകാത്ത്‌. ഭൂമിയില്‍ നിന്ന്‌ മറ്റു ആദായമുണ്ടെങ്കില്‍ അതിനും അതിന്റെ കണക്കനുസരിച്ച്‌ സകാത്ത്‌ നല്‌കണം. വരുമാനമില്ലാത്ത ഭൂമി സകാത്ത്‌ ബാധ്യതയില്‍ നിന്ന്‌ ഒഴിവാകുന്നത്‌ അത്‌ സ്വന്തമായി ഉപയോഗിക്കാന്‍ വേണ്ടി വാങ്ങിയതാണെങ്കില്‍ മാത്രമാണ്‌. ഭൂമി ഒരു കച്ചവടച്ചരക്കാക്കുമ്പോള്‍ അതിന്റെ നിസ്വാബ്‌ (സകാത്ത്‌ നിര്‍ബന്ധമാകുന്ന ചുരുങ്ങിയ പരിധി) ഇരുനൂറ്‌ ദിര്‍ഹം (590 ഗ്രാം) വെള്ളിയുടെ മൂല്യമായിരിക്കും. ഡയമന്‍ഡ്‌ ആഭരണങ്ങള്‍ ഒരു പുതിയ വിഷയമാണ്‌. അതിന്റെ സകാത്ത്‌ സംബന്ധമായി വീക്ഷണവ്യത്യാസങ്ങള്‍ക്ക്‌ സാധ്യതയുണ്ട്‌. വെള്ളിയാഭരണങ്ങളുമായി തുലനം ചെയ്‌ത്‌ അവയുടെ സകാത്തിന്റെ പരിധിയും വിഹിതവും കണക്കാക്കാവുന്നതാണ്‌.

ആഭരണത്തിന്റെ സകാത്ത്‌

എന്റെ ഭാര്യയുടെ ഉടമസ്ഥതയില്‍ 53.4 പവന്‍ സ്വാര്‍ണാഭരണമുണ്ട്‌. ഒരു വര്‍ഷം തികയുമ്പോള്‍ അതിന്റെ പൂര്‍ണമായ മൂല്യവില കണക്കാക്കി സകാത്ത്‌ കൊടുക്കേണ്ടതുണ്ടോ? സ്വര്‍ണാഭരണത്തിന്റെ നിസ്വാബ്‌ എത്രയാണ്‌? ആഭരണമായതിനാല്‍ ആവശ്യത്തിന്‌ അണിയാനുള്ളത്‌ മാറ്റിവെച്ച്‌ അവശേഷിക്കുന്ന അളവിന്‌ സകാത്ത്‌ നല്‌കിയാല്‍ മതി എന്ന അഭിപ്രായത്തിന്‌ തെളിവുണ്ടോ?
മുനവ്വര്‍ അലി കോഴിക്കോട്‌

നബി(സ) അവിടുത്തെ പത്‌നി ആഇശ(റ)യുടെ കൈയിലണിഞ്ഞ വെള്ളിവളകള്‍ക്കും, മറ്റൊരു പത്‌നി ഉമ്മുസലമ(റ) കാലിലണിഞ്ഞ സ്വര്‍ണ പാദസരങ്ങള്‍ക്കും, ഒരു സ്വഹാബി വനിത കൈയിലണിഞ്ഞ സ്വര്‍ണവളകള്‍ക്കും സകാത്ത്‌ നല്‌കാന്‍ കല്‌പിച്ചതായി പ്രബലമായ ഹദീസുകളില്‍ കാണാം. ശരീരത്തില്‍ അണിയുന്ന ആഭരണത്തിന്‌ സകാത്ത്‌ നല്‌കേണ്ടതില്ലെന്ന്‌ സൂചിപ്പിക്കുന്ന ഒരു ഹദീസുണ്ടെങ്കിലും ഉപര്യുക്ത ഹദീസുകളെ അപേക്ഷിച്ച്‌ അത്‌ പ്രബലമല്ല. എങ്കിലും പണ്ഡിതന്മാരില്‍ ഒരു വിഭാഗം, പതിവായി ഉപയോഗിക്കുന്ന ആഭരണത്തിന്‌ സകാത്ത്‌ നിര്‍ബന്ധമില്ലെന്ന്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ആഭരണം, നാണയം, ലോഹം എന്നിങ്ങനെ ഏത്‌ രൂപത്തിലാണെങ്കിലും സ്വര്‍ണത്തിന്‌ സകാത്ത്‌ നിര്‍ബന്ധമാകുന്ന പരിധി നബി(സ) വ്യക്തമാക്കിയതനുസരിച്ച്‌ ഇരുപത്‌ ദീനാര്‍ (ഏകദേശം പത്തരപവന്‍) ആകുന്നു. അതിന്‌ (അല്ലെങ്കില്‍ അതിന്റെ മൂല്യത്തിന്‌) രണ്ടര ശതമാനമാണ്‌ സകാത്ത്‌. പരിധി എത്തിയാല്‍ മൊത്തം മൂല്യത്തിന്റെ രണ്ടര ശതമാനമാണ്‌ നല്‌കേണ്ടത്‌. പരിധിയില്‍ കൂടുതലുള്ളതിന്‌ മാത്രമല്ല. ഈ കാര്യം ഹദീസുകളില്‍ നിന്ന്‌ വ്യക്തമാണ്‌. പണ്ഡിതന്മാര്‍ക്ക്‌ അതില്‍ അഭിപ്രായവ്യത്യാസമില്ല. ``നിനക്ക്‌ ഇരുപത്‌ ദീനാര്‍ ഉണ്ടാവുകയും ഒരു കൊല്ലം പൂര്‍ത്തിയാവുകയും ചെയ്‌താല്‍ അതില്‍ അരദീനാറാണ്‌ സകാത്ത്‌'' എന്ന്‌ നബി(സ) പറഞ്ഞതായി അലി(റ)യില്‍ നിന്ന്‌ അബൂദാവൂദ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നു.

അവിശ്വാസികളും അധര്‍മകാരികളും സകാത്തിന്‌ അര്‍ഹരാകുമോ?

അല്ലാഹുവിനെയും റസൂലിനെയും നിഷേധിക്കുന്ന പാവപ്പെട്ടവരായ കമ്യൂണിസ്റ്റുകാര്‍ക്കും നിരീശ്വരവാദികള്‍ക്കും വ്യഭിചരിക്കുകയും മദ്യംസേവിക്കുകയും അനര്‍ഹമായ രീതിയില്‍ പണം സമ്പാദിക്കുകയും ചെയ്‌തുവരുന്ന ദരിദ്രരായ `മുസ്‌ലിംകള്‍ക്കും' മുസ്‌ലിംകളോട്‌ ശത്രുതയില്ലാത്ത അമുസ്‌ലിംകള്‍ക്കും ഇസ്‌ലാമിലെ സകാത്ത്‌ നല്‌കുന്നതിന്റെ മതവിധി എന്താണ്‌? `മുഅല്ലഫത്തുല്‍ ഖുലൂബി'ന്റെ പരിധിയില്‍ വരുന്നവര്‍ ഇസ്‌ലാം ആശ്ലേഷിക്കാന്‍ സാധ്യതയുള്ളവര്‍ ആണോ? അതല്ല, ഇസ്‌ലാം സ്വീകരിക്കാന്‍ സാധ്യതയില്ലാത്തവരാണോ? മുഹമ്മദ്‌ നബി അമുസ്‌ലിംകള്‍ക്ക്‌ സകാത്ത്‌ നല്‌കിയിരുന്നോ?

ജംഷിദ്‌ നരിക്കുനി.

സകാത്തില്‍ നിന്നും അമുസ്‌ലിംകള്‍ക്ക്‌ നല്‌കുന്നത്‌ നിഷിദ്ധമാണെന്ന്‌ അല്ലാഹുവോ റസൂലോ(സ) വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സകാത്ത്‌ ലഭിക്കാന്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ മുസ്‌ലിംകളില്‍ പെട്ട ദരിദ്രരും അഗതികളും കടബാധിതരും സകാത്തിന്റെ ജോലിക്കാരും മറ്റും തന്നെയാണ്‌. സകാത്തിനെ സംബന്ധിച്ച ഒരു നബിവചനത്തില്‍ `അവരിലെ ധനികരില്‍ നിന്ന്‌ അത്‌ വാങ്ങുകയും അവരിലെ ദരിദ്രര്‍ക്ക്‌ അത്‌ നല്‌കുകയും' ചെയ്യേണ്ടതാണെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. മുസ്‌ലിംകളിലെ അധര്‍മകാരികള്‍ക്ക്‌ അവര്‍ ദരിദ്രരോ അഗതികളോ ആണെങ്കില്‍ സകാത്ത്‌ നല്‌കുന്നതിന്‌ നബി(സ) വിലക്കേര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ധര്‍മനിഷ്‌ഠയുള്ള പാവങ്ങള്‍ക്ക്‌ മുന്‍ഗണന നല്‌കുന്നതിന്‌ ന്യായമുണ്ട്‌.

`മുഅല്ലഫത്തുല്‍ ഖുലൂബ്‌' എന്ന വാക്കിന്‌ മനസ്സ്‌ ഇണക്കപ്പെട്ടവര്‍ എന്നും ഇണക്കപ്പെടേണ്ടവര്‍ എന്നും അര്‍ഥമാക്കാവുന്നതാണ്‌. എന്നാല്‍ മനസ്സ്‌ ഇണക്കപ്പെട്ടവര്‍ മുസ്‌ലിംസമൂഹത്തിലെ മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്‌തരല്ലാത്തതുകൊണ്ടും അവര്‍ ദരിദ്രരോ അഗതികളോ മറ്റോ ആണെങ്കില്‍ സകാത്തിന്‌ അവകാശികളാണെന്നതുകൊണ്ടും `മുഅല്ലഫത്തുല്‍ ഖുലൂബ്‌' എന്ന പ്രത്യേക വിഭാഗം, സകാത്ത്‌ നല്‌കി മനസ്സ്‌ ഇണക്കപ്പെടേണ്ടവര്‍ ആയിരിക്കാനാണ്‌ കൂടുതല്‍ സാധ്യത. ഈ വിഭാഗത്തില്‍ പുതുതായി ഇസ്‌ലാം ആശ്ലേഷിച്ചവരും ഇനിയും ഇസ്‌ലാം സ്വീകരിച്ചിട്ടില്ലാത്തവരും ഉള്‍പ്പെടും. സകാത്തില്‍ നിന്നും യുദ്ധാര്‍ജിത സ്വത്തുക്കളില്‍ നിന്നും അവിശ്വാസികളായ ചിലര്‍ക്ക്‌ നബി(സ) നല്‌കിയതായി പ്രാമാണികമായ ഹദീസുകളില്‍ കാണാം. `ഇസ്‌ലാം സ്വീകരിക്കാന്‍ സാധ്യതയില്ലാത്തവര്‍' എന്നൊരു വിഭാഗത്തെ നബി(സ) വേര്‍തിരിച്ചു നിര്‍ത്തിയതായി പ്രാമാണികമായ ഹദീസുകളില്‍ കാണുന്നില്ല.

Followers -NetworkedBlogs-

Followers