ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

സഊദി സലഫികളും കേരളത്തിലെ സലഫിസവും

ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടും അതിന്റെ നേതൃത്വത്തോടും വീക്ഷണപരമായ വിയോജിപ്പുകള്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ അവരുടെ പ്രവര്‍ത്തനങ്ങളെ വിലമതിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള സന്നദ്ധത സുഊദി പണ്ഡിതന്മാരുടെ ഭാഗത്തു നിന്ന്‌ നിരന്തരം ഉണ്ടാകുന്നു എന്നതാണ്‌ നമുക്കിവിടെ കാണാനാകുന്നത്‌. ശൈഖ്‌ ഇബ്‌നുബാസും മുഹമ്മദ്‌ സ്വാലിഹ്‌ ഉസൈമീനും ഉള്‍പ്പെടെയുള്ള സലഫി പണ്ഡിതന്മാരെല്ലാം ഈ വീക്ഷണം വെച്ചുപുലര്‍ത്തുന്നവരാണ്‌. സയ്യിദ്‌ മൗദൂദിയും ശഹീദ്‌ ഹസനുല്‍ ബന്നയും സയ്യിദ്‌ ഖുത്വുബും മുഹമ്മദ്‌ ഖുത്വുബും ഖറദാവിയും ഉള്‍പ്പെടെയുള്ള നവോത്ഥാന നായകരെയും പണ്ഡിത ശ്രേഷ്‌ഠരെയും തെരുവുകളില്‍ നിഷ്‌കരുണം കൈകാര്യം ചെയ്യുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന ഒരു സലഫിസമാണ്‌ നിര്‍ഭാഗ്യവശാല്‍ നമ്മുടെ കേരളത്തില്‍ കാണാനാവുക.

എന്നാല്‍ ഇതേ വ്യക്തിത്വങ്ങള്‍ക്ക്‌ ലോകത്തിലെ ഏറ്റവും വലിയ അംഗീകാരമായ ഫൈസല്‍ അവാര്‍ഡ്‌ നല്‌കി ആദരിക്കുന്ന സലഫികളാണ്‌ സുഊദി അറേബ്യയിലുള്ളത്‌. ഫൈസല്‍ അവാര്‍ഡിന്‌ അര്‍ഹനായ പ്രഥമ വ്യക്തിത്വം ജമാഅത്തെ ഇസ്‌ലാമി സ്ഥാപകനും ഇസ്‌ലാമിന്റെ രാഷ്‌ട്രീയ സാമൂഹിക പ്രതിനിധാനം ലോകത്തെ ബോധ്യപ്പെടുത്താനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്‌ത സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദിയാണ്‌. അദ്ദേഹത്തിന്റെ പ്രസ്ഥാന ജീവിതത്തിലെ അവസാന നാളുകളിലാണ്‌ പ്രസ്‌തുത അവാര്‍ഡിന്‌ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്‌. (പ്രബോധനം -2011 ഏപ്രില്‍ 23)

ഈ ഉദ്ധരണിയോട്‌ മുസ്‌ലിമിന്റെ പ്രതികരണമെന്താണ്‌?

നിഷാദ്‌ മുഹമ്മദ്‌, മണ്ണാര്‍ക്കാട്‌

സയ്യിദ്‌ മൗദൂദിയോടും സയ്യിദ്‌ ഖുത്വ്‌ബിനോടുമുള്ള വിയോജിപ്പ്‌ വ്യക്തമാക്കിക്കൊണ്ട്‌ മുജാഹിദുകള്‍ ചിലപ്പോള്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്യാറുണ്ട്‌. മുജാഹിദുകളോടുള്ള വിയോജിപ്പ്‌ അതേ രീതിയില്‍ തന്നെ ജമാഅത്തുകാരും പ്രകടിപ്പിക്കാറുണ്ട്‌. എന്നാല്‍ പ്രബോധനം ലേഖകന്‍ എഴുതിയ പോലെ ജമാഅത്ത്‌-ഇഖ്‌വാന്‍ നേതാക്കളെ ചീത്തവിളിക്കുന്ന ഒരു പ്രസംഗവും `മുസ്‌ലിം' ഇതുവരെ കേട്ടിട്ടില്ല. ഈ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ലേഖനവും ശ്രദ്ധയില്‍ പെട്ടിട്ടില്ല. സുഊദി അറേബ്യയിലെ സലഫികളുടെ കൂട്ടത്തില്‍ ഇഖ്‌വാനീ നിലപാടുകളെ സൗമ്യമായി അവലോകനം ചെയ്‌തവരും നിശിതമായി വിമര്‍ശിച്ചവരുമുണ്ട്‌. ശൈഖ്‌ റബീഅ്‌ ഹാദീ മദ്‌ഖലി രണ്ടാമത്‌ പറഞ്ഞ വിഭാഗത്തിലെ ഒരു പ്രമുഖനാണ്‌.

സുഊദിയിലെയും ഇന്ത്യയിലെയും സാഹചര്യങ്ങളില്‍ ചില വ്യത്യാസങ്ങളുണ്ട്‌. ജാറംപൂജയെ വിമര്‍ശിച്ചതിന്റെ പേരില്‍ കേരളത്തിലെ സലഫികളെ ഇവിടത്തെ ജമാഅത്തുകാര്‍ `ശ്‌മശാന വിപ്ലവക്കാര്‍' എന്ന്‌ വിളിച്ച്‌ ലേഖനങ്ങളിലും പ്രസംഗങ്ങളിലും അപഹസിച്ചിട്ടുണ്ട്‌. അല്ലാഹുവല്ലാത്തവരോട്‌ പ്രാര്‍ഥിക്കുന്നത്‌ ശിര്‍ക്കാണെന്ന യാഥാര്‍ഥ്യത്തെക്കുറിച്ച്‌ ജനങ്ങളെ ബോധവത്‌കരിക്കാന്‍ കേരളത്തിലെ സലഫികള്‍ നടത്തുന്ന ശ്രമങ്ങളെ `മുസ്‌ലിംകളെ കാഫിറാക്കുന്ന' ഏര്‍പ്പാടായി പല ജമാഅത്തുകാരും ചിത്രീകരിച്ചിട്ടുണ്ട്‌. ഇന്ത്യാഗവണ്‍മെന്റിന്റെ ഭരണനിയമങ്ങള്‍ അനുസരിക്കുന്ന മുസ്‌ലിംകള്‍ രാഷ്‌ട്രീയ ശിര്‍ക്കില്‍ അകപ്പെട്ടിരിക്കയാണെന്ന്‌ ജമാഅത്ത്‌ ലേഖകര്‍ പലപ്പോഴും എഴുതിയിട്ടുണ്ട്‌.

ഇബാദത്ത്‌ വിഷയത്തില്‍ ജമാഅത്ത്‌ വീക്ഷണങ്ങളോടുള്ള വിയോജിപ്പ്‌ തികച്ചും മാന്യമായും പ്രമാണബദ്ധമായും വ്യക്തമാക്കിക്കൊണ്ട്‌ മര്‍ഹൂം കെ പി മുഹമ്മദ്‌ മൗലവി ഇബാദത്തും ഇത്വാഅത്തും എന്ന ഗ്രന്ഥം രചിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വിശദീകരണത്തെ ജമാഅത്തിന്റെ ഉന്നത നേതാവ്‌ വിശേഷിപ്പിച്ചത്‌ `ഗതികേടിന്റെ കുരങ്ങന്‍കളി' (ഇബാദത്ത്‌ ഒരു സമഗ്രപഠനം- ഒന്നാം പതിപ്പ്‌) എന്നായിരുന്നു. ഇതിനെയൊക്കെ ഏതെങ്കിലും സലഫി പ്രസംഗകനോ എഴുത്തുകാരനോ അല്‌പം നിശിതമായി വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അതിനെ `തെരുവില്‍ ചീത്ത വിളിക്കല്‍' എന്ന്‌ വിശേഷിപ്പിക്കുന്നതില്‍ ഒട്ടും ന്യായമില്ല.

എന്നാല്‍ ജമാഅത്ത്‌-ഇഖ്‌വാന്‍ നേതാക്കള്‍ അറബ്‌ നാടുകളിലെ സലഫികളെ ശ്‌മശാന വിപ്ലവക്കാര്‍ എന്നോ രാഷ്‌ട്രീയ ശിര്‍ക്കുകാര്‍ എന്നോ വിശേഷിപ്പിക്കാന്‍ ധാര്‍ഷ്‌ട്യം കാണിക്കാറില്ല. ജമാഅത്തിന്റെ പ്രത്യയശാസ്‌ത്ര പ്രകാരം സുഊദി ഭരണകൂടവും `ത്വാഗൂത്തി'ന്റെ വകുപ്പില്‍ തന്നെയാണ്‌ ഉള്‍പ്പെടുന്നതെങ്കിലും അതവര്‍ തുറന്നുപറയാറില്ല. ഈ കാരണത്താല്‍ സുഊദി സലഫികള്‍ക്ക്‌ ജമാഅത്ത്‌-ഇഖ്‌വാന്‍ നേതാക്കളെ ഖണ്ഡിക്കേണ്ട ആവശ്യം അധികമൊന്നും ഉണ്ടാകാറില്ല.

സുഊദി അറേബ്യയിലെ വിവിധ കമ്മിറ്റികളില്‍ സലഫികള്‍ക്ക്‌ മാത്രമല്ല പ്രാതിനിധ്യമുള്ളത്‌. വിവിധ മദ്‌ഹബുകാരും സലഫികളും ഇഖ്‌വാന്‍ ആശയക്കാരും അവിടത്തെ സമിതികളിലുണ്ടാകും. ഫൈസല്‍ അവാര്‍ഡ്‌ നിര്‍ണയ കമ്മിറ്റിയും ഇതില്‍ നിന്ന്‌ വ്യത്യസ്‌തമാവില്ല. സമകാലിക സമൂഹങ്ങളെ മുമ്പില്‍ കണ്ടുകൊണ്ട്‌ വിവിധ ഇസ്‌ലാമിക വിഷയങ്ങളെക്കുറിച്ച്‌ അനേകം ഗ്രന്ഥങ്ങളെഴുതിയ പണ്ഡിതന്‍ എന്ന നിലയിലായിരിക്കാം സയ്യിദ്‌ മൗദൂദി ഫൈസല്‍ അവാര്‍ഡിന്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. ഇസ്‌ലാമിലെ അടിസ്ഥാന സാങ്കേതിക പദങ്ങള്‍ക്ക്‌ രാഷ്‌ട്രീയ വ്യാഖ്യാനം നല്‌കിയതിന്റെ പേരില്‍ സയ്യിദ്‌ മൗദൂദിയെ വിമര്‍ശിച്ച പ്രശസ്‌ത പണ്ഡിതന്‍ അബൂഹസന്‍ അലി നദ്‌വിക്കും ഫൈസല്‍ അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌ എന്നത്‌ ഇതോട്‌ ചേര്‍ത്തു വായിക്കേണ്ടതാണ്‌. സലഫികളെ സംബന്ധിച്ചേടത്തോളം അവാര്‍ഡുകളല്ല ഖുര്‍ആനും പ്രാമാണികമായ ഹദീസുകളുമാണ്‌ ശരിയും തെറ്റും തീരുമാനിക്കുന്നതിന്‌ നിദാനം.

കേരളത്തില്‍ സലഫിസം എന്ന ഒരു ഇസമില്ല. മതകാര്യം തീരുമാനിക്കേണ്ടത്‌ ഖുര്‍ആനിന്റെയും പ്രാമാണികമായ ഹദീസിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കണമെന്ന്‌ സച്ചരിതരായ പൂര്‍വികര്‍ നിഷ്‌കര്‍ഷിച്ചിരുന്നതു പോലെ ഇവിടത്തെ ആദര്‍ശപ്രതിബദ്ധതയുള്ള പണ്ഡിതരും നിഷ്‌കര്‍ഷിക്കുന്നു എന്നേയുള്ളൂ. അത്‌ വിഭാഗീയതയുടെയോ സങ്കുചിതത്വത്തിന്റെയോ പ്രശ്‌നമല്ല.

മുജാഹിദ്‌ പ്രസ്ഥാനവും സാമൂഹ്യ അനീതികള്‍ക്കെതിരായ പോരാട്ടവും


ശിര്‍ക്കിനും ബിദ്‌അത്തിനുമെതിരെയുള്ള പോരാട്ടമാണ്‌ മുജാഹിദ്‌ പ്രസ്ഥാനം നടത്തിക്കൊണ്ടിരിക്കുന്നത്‌. എന്നാല്‍ പ്രവാചകന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ സാമൂഹ്യരംഗത്തെ അനീതികള്‍ക്കെതിരെയുള്ള പോരാട്ടവുമുണ്ടായിരുന്നു. മൂസാനബി ഇസ്‌റാഈല്യര്‍ക്കു വേണ്ടി ശബ്‌ദിച്ചതും ശുഐബ്‌ നബിയുടെ കച്ചവടത്തിലെ അനീതികള്‍ക്കെതിരെയുള്ള പോരാട്ടവും ഉദാഹരണം. സാമൂഹ്യരംഗത്തെ പ്രശ്‌നങ്ങള്‍ക്കെതിരെ നേരിട്ടുള്ള ഒരു പോരാട്ടത്തിന്‌ മുജാഹിദ്‌ പ്രസ്ഥാനം തയ്യാറാവുന്നില്ലെന്നും ഇത്‌ ഇസ്‌ലാമിന്റെ സമഗ്ര കാഴ്‌ചപ്പാടിന്‌ വിരുദ്ധമാണെന്നും ചില ആരോപണങ്ങളുണ്ട്‌. `മുസ്‌ലിമി'ന്റെ പ്രതികണം.

ഇ കെ ശൗക്കത്തലി, ഓമശ്ശേരി

വിശുദ്ധ ഖുര്‍ആനിലെയും പ്രബലമായ ഹദീസുകളിലെയും എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പിന്തുടരണമെന്നാണ്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനം ജനങ്ങളോട്‌ ആഹ്വാനം ചെയ്യുന്നത്‌. അല്ലാഹുവിന്റെ ഗ്രന്ഥം ജനങ്ങള്‍ക്ക്‌ മനസ്സിലാക്കേണ്ടതിന്‌ ഖുര്‍ആന്‍ പരിഭാഷകളും വ്യാഖ്യാനങ്ങളും മുജാഹിദുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഖുര്‍ആനിലെ ഏതെങ്കിലും ആയത്തോ സൂറത്തോ അപ്രധാനമാണെന്നോ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതില്ലെന്നോ മുജാഹിദുകള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. മൂസാനബി(അ)യുടെയും ശുഐബ്‌ നബി(അ)യുടെയും ചരിത്രമുള്‍പ്പെടെ ഖുര്‍ആനില്‍ വിവരിച്ച എല്ലാ ചരിത്ര സംഭവങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളാനാണ്‌ ക്ലാസുകളിലും ഖുത്വ്‌ബകളിലും മുജാഹിദുകള്‍ ജനങ്ങളോട്‌ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്‌.

മൂസാനബി(അ)യോ ശുഐബ്‌ നബി(അ)യോ കിനാലൂര്‍ മോഡല്‍ പോരാട്ടം നടത്തിയിട്ടില്ല. അക്രമവും അനീതിയും അധര്‍മവും വര്‍ജിക്കാന്‍ അധികാരികളും വ്യാപാരികളും ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം ജനങ്ങളോടും ആവശ്യപ്പെടുകയാണ്‌ ആ രണ്ടു പ്രവാചകന്മാരും ചെയ്‌തത്‌. അതു തന്നെയാണ്‌ മുജാഹിദുകളും ചെയ്യുന്നത്‌. ശിര്‍ക്കിനും ബിദ്‌അത്തിനും എതിരില്‍ മാത്രമല്ല സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരിലും കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണത്തിലെ അഴിമതികള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരിലും ഇസ്വ്‌ലാഹി പ്രബോധകര്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്യാറുണ്ട്‌. ശിര്‍ക്കിന്റെയും ബിദ്‌അത്തിന്റെയും കാര്യം പ്രത്യേകം ഊന്നിപ്പറയേണ്ടി വരുന്നത്‌ ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ള മുസ്‌ലിം സംഘടനകള്‍ ആ വിഷയങ്ങള്‍ അവഗണിക്കുന്നതുകൊണ്ടും കൂടിയാണ്‌.

മൂസാനബി(അ) ഫിര്‍ഔനും ശിങ്കിടികളുമായി സംവാദം നടത്തിയിട്ടുണ്ടെങ്കിലും അക്ഷരാര്‍ഥത്തിലുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. ഇസ്‌റാഈല്യരുടെ മോചനത്തിനു വേണ്ടി അദ്ദേഹം ചെയ്‌തത്‌ അവരെ ഒരു കൂട്ടപലായനത്തിനു പ്രേരിപ്പിക്കുകയാണ്‌. പലായനം ചെയ്യുന്ന ഇസ്‌റാഈലീ വംശജരെ പിന്തുടര്‍ന്ന്‌ പിടികൂടി കൊന്നൊടുക്കാന്‍ ഫിര്‍ഔനും സൈന്യവും പുറപ്പെട്ടപ്പോഴും മൂസാനബി(അ)യും കൂടെയുള്ളവരും പോരാട്ടം നടത്തിയിട്ടില്ല. അവര്‍ക്ക്‌ സുരക്ഷിതമായ പലായനത്തിന്‌ അല്ലാഹു അസാധാരണ രീതിയില്‍ വഴിയൊരുക്കിക്കൊടുക്കുകയും ഫിര്‍ഔനെയും സൈനികരെയും മുക്കി നശിപ്പിക്കുകയുമാണുണ്ടായത്‌. ശുഐബ്‌ നബി(അ) അളവിലും തൂക്കത്തിലും കമ്മി വരുത്തിയിരുന്ന വ്യാപാരികളോട്‌ പോരാടുകയല്ല, അല്ലഹുവെ മാത്രം ആരാധിക്കാനും വ്യാപാരത്തില്‍ സത്യസന്ധത പാലിക്കാനും അവരോട്‌ ആഹ്വാനം ചെയ്യുകയാണ്‌ ചെയ്‌തത്‌. ഇതൊക്കെ പ്രവാചകന്മാരുടെ ചരിത്രത്തെ സംബന്ധിച്ച്‌ സാമാന്യ ധാരണയുള്ള എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. ഇന്ത്യയില്‍ ഫിര്‍ഔന്റേതു പോലുള്ള ഭരണമല്ലാത്തതിനാല്‍ പലായനത്തിന്റെ ആവശ്യമില്ലാത്തതുകൊണ്ടാണല്ലോ ജമാഅത്തുകാരും മൂസാനബി(അ)യെപ്പോലെ കൂട്ട പലായനം സംഘടിപ്പിക്കാത്തത്‌.

ഇസ്‌ലാമിന്റെ യാതൊരു അധ്യാപനവും മുജാഹിദുകള്‍ അവഗണിക്കുകയോ മാറ്റിവെക്കുകയോ ചെയ്‌തിട്ടില്ലാത്തതുകൊണ്ട്‌ മുജാഹിദുകളുടെ നിലപാട്‌ സമഗ്രതയ്‌ക്ക്‌ വിരുദ്ധമാണെന്ന പ്രചാരണം ദുരുപദിഷ്‌ടിതമാണെന്ന്‌ പറയാതെ വയ്യ.

ആദ്യരാത്രിയില്‍ നമസ്‌കാരവും പ്രാര്‍ഥനയും


നവവധൂവരന്മാര്‍ ആദ്യരാത്രിയില്‍ റൂമില്‍ പ്രവേശിച്ച ഉടനെ രണ്ടുപേരും ആദ്യം രണ്ട്‌ റക്‌അത്ത്‌ നമസ്‌കരിക്കുക. എന്നിട്ട്‌ വരന്‍ വധുവിന്റെ തലയില്‍ കൈവെച്ച്‌ അവളില്‍ നിന്നുള്ള സകല പൈശാചികതയില്‍ നിന്നും തിന്മകളില്‍ നിന്നും അല്ലാഹുവിനോട്‌ രക്ഷതേടുക എന്നിങ്ങനെ ചെയ്യണമെന്ന്‌ ഒരു വിവാഹ ഖുതുബയില്‍ കേള്‍ക്കാനിടയായി. ഇതിന്‌ തെളിവുണ്ടോ?
അന്‍സാര്‍ ഒതായി

ദാമ്പത്യബന്ധം ആരംഭിക്കുമ്പോള്‍ വരന്‍ മാത്രമോ വധൂവരന്മാര്‍ രണ്ടുപേരും കൂടിയോ രണ്ടു റക്‌അത്ത്‌ നമസ്‌കരിക്കണമെന്ന്‌ നബി(സ) കല്‌പിച്ചതായി പ്രാമാണികമായ ഹദീസില്‍ `മുസ്‌ലിം' കണ്ടിട്ടില്ല. എന്നാല്‍ അംറ്‌ബിന്‍ ശുഐബ്‌(റ) മുഖേന അബൂദാവൂദും ഇബ്‌നുമാജയും റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ നബി(സ) ഇപ്രകാരം പറഞ്ഞതായി കാണാം: ``നിങ്ങളാരെങ്കിലും വിവാഹം കഴിക്കുകയോ ഒരു ഭൃത്യനെ (അടിമയെ) വാങ്ങുകയോ ഒരു മൃഗത്തെ വാങ്ങുകയോ ചെയ്‌താല്‍ അവളുടെ/അതിന്റെ മൂര്‍ധാവില്‍ പിടിച്ചുകൊണ്ട്‌ ഇപ്രകാരം പറയണം: `അല്ലാഹുവേ, അവള്‍/അത്‌ മുഖേനയുണ്ടാകുന്ന നന്മയും അവളുടെ/അതിന്റെ ഘടനയില്‍ നീ ഉള്‍ക്കൊള്ളിച്ച നന്മയും നിന്നോട്‌ ഞാന്‍ ചോദിക്കുന്നു. അവള്‍/അത്‌ മുഖേനയുണ്ടാകുന്ന തിന്മയില്‍ നിന്നും അവളുടെ/അതിന്റെ പ്രകൃതവുമായി ബന്ധപ്പെട്ട തിന്മയില്‍ നിന്നും നിന്നോട്‌ ഞാന്‍ അഭയം തേടുന്നു.''

പൈശാചികത എന്ന പദം ഈ ഹദീസിലില്ല. തിന്മയില്‍ നിന്നും അഭയം തേടുന്നതിന്റെ മുമ്പായി നന്മ തേടലും കൂടി ഹദീസിലുണ്ട്‌. ഇത്‌ സ്‌ത്രീയെ സംബന്ധിച്ച്‌ മാത്രം പറഞ്ഞ ഹദീസല്ല. ഇതുപോലെ വസ്‌ത്രം ധരിക്കുമ്പോഴും മറ്റും നന്മ തേടാനും തിന്മയില്‍ നിന്ന്‌ രക്ഷ ചോദിക്കാനും നബി(സ) പഠിപ്പിച്ചിട്ടുണ്ട്‌. സ്‌ത്രീയില്‍ തിന്മ മാത്രമാണുള്ളതെന്ന്‌ ഈ ഹദീസില്‍ നിന്ന്‌ ഗ്രഹിക്കുന്നത്‌ ശരിയല്ല.

നന്മയെയും തിന്മയെയും സംബന്ധിച്ച്‌ പറയുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്ന ചില സത്യങ്ങളാണ്‌ പ്രഥമമായും പ്രധാനമായും മനസ്സിലാക്കേണ്ടത്‌. ഒന്ന്‌, അല്ലാഹു സൃഷ്‌ടിച്ചതെല്ലാം നല്ല നിലയില്‍ അഥവാ നന്മയുള്ള നിലയിലാണ്‌ സൃഷ്‌ടിച്ചിട്ടുള്ളത്‌. ``താന്‍ സൃഷ്‌ടിച്ച എല്ലാ വസ്‌തുക്കളെയും വിശിഷ്‌ടമാക്കിയവനത്രെ അല്ലാഹു'' (വി.ഖു 32:7). പുരുഷനെയും സ്‌ത്രീയെയും ഏറ്റവും നല്ല ഘടനയിലാണ്‌ അല്ലാഹു സൃഷ്‌ടിച്ചിട്ടുള്ളത്‌. ``തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്‌ടിച്ചിരിക്കുന്നു'' (വി.ഖു 95:4). ``ഹേ; മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചുകളഞ്ഞതെന്താണ്‌? നിന്നെ സൃഷ്‌ടിക്കുകയും സംവിധാനിക്കുകയും ശരിയായ അവസ്ഥയിലാക്കുകയും താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിക്കുകയും ചെയ്‌തവനത്രെ ആ രക്ഷിതാവ്‌.'' (വി.ഖു 82:6-8)

എന്നാല്‍ അല്ലാഹു സൃഷ്‌ടിച്ചതിലുള്ള ന്യൂനത കൊണ്ടല്ലാതെ തന്നെ പുരുഷനും സ്‌ത്രീയും ജന്തുജാലങ്ങളും നിര്‍ജീവ വസ്‌തുക്കളും മുഖേന പല തിന്മകളും ഉണ്ടാകാം. പുരുഷന്റെയും സ്‌ത്രീയുടെയും വിചാരങ്ങളും വാക്കുകളും പ്രവൃത്തികളും മുഖേന തിന്മകളുണ്ടാകാം. മനുഷ്യരുടെ ആത്മാര്‍ഥമായ ശ്രമം കൊണ്ട്‌ പല തിന്മകളും ഒഴിവാക്കാന്‍ കഴിഞ്ഞേക്കാം. അല്ലാഹുവിന്റെ സഹായവും പിന്തുണയും കൂടി ഉണ്ടെങ്കിലേ തിന്മകളില്‍ നിന്ന്‌ മുക്തമായ ജീവിതം നയിക്കാന്‍ കഴിയൂ. വിശുദ്ധ ഖുര്‍ആനിലെ 113-ാം അധ്യായത്തില്‍, അല്ലാഹു സൃഷ്‌ടിച്ചിട്ടുള്ളവ മുഖേനയുണ്ടാകുന്ന തിന്മയില്‍ നിന്ന്‌ പുലരിയുടെ രക്ഷിതാവിനോട്‌ അഭയം തേടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. അല്ലാഹു സൃഷ്‌ടിച്ചതൊക്കെ ചീത്തയാണെന്ന്‌ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നതല്ല. നല്ല വസ്‌തുക്കള്‍ തന്നെ പല കാരണങ്ങളാല്‍ നമുക്ക്‌ ദോഷകരമായി പരിണമിക്കാമെന്ന്‌ മാത്രം.

സ്‌ത്രീകളുടെ പൊതു പ്രവര്‍ത്തനം

പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കാനും രാഷ്‌ട്രീയ മേഖലയില്‍ നിലയുറപ്പിക്കാനും സ്‌ത്രീകള്‍ മുന്നോട്ട്‌ വരണമെന്ന്‌ ചിലയാളുകളും എന്നാല്‍ സ്‌ത്രീകള്‍ക്ക്‌ വീട്ടു ഭരണമാണ്‌ നല്ലതെന്നും രാഷ്‌ട്രീയരംഗത്ത്‌ അവര്‍ക്ക്‌ `ഇട'മില്ലെന്നും മറ്റു ചിലരും പറയുന്നു. ആധുനിക കാലത്ത്‌ സ്‌ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങളുടെയും വിവേചനങ്ങളുടെയും വെളിച്ചത്തില്‍ പ്രമാണബദ്ധമായി `സ്‌ത്രീയുടെ ഇട'ത്തെ വിശദീകരിക്കാമോ?

ജസ്‌ന, ചെറുവാടി

ഇത്‌ വളരെ വിശദമായി വിശകലനം ചെയ്യേണ്ട വിഷയമാണ്‌. ഈ പംക്തിയുടെ പരിമിതി അതിന്‌ അനുവദിക്കുകയില്ല. കുടുംബിനി എന്ന നിലയില്‍ ഒരു സ്‌ത്രീക്ക്‌ നിര്‍വഹിക്കാനുള്ള ബാധ്യതകളില്‍ വീഴ്‌ച വരുത്തിക്കൊണ്ട്‌ അവള്‍ മറ്റു മേഖലകളിലേക്ക്‌ തിരിയുന്നത്‌ തെറ്റാണെന്ന്‌ തന്നെയാണ്‌ ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ഭര്‍ത്താവിനോടും മക്കളോടും മറ്റു കുടുംബാംഗങ്ങളോടുമുള്ള ബാധ്യത നിര്‍വഹിക്കുന്നതോടൊപ്പം ജോലികളിലോ സേവനങ്ങളിലോ ഒരു സ്‌ത്രീ ഏര്‍പ്പെടുന്നത്‌ നിഷിദ്ധമാണെന്ന്‌ പറയാന്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍ തെളിവില്ല. മൂസാനബി(അ)യുടെ ഭാര്യ വിവാഹത്തിന്‌ മുമ്പ്‌ അജപാലനത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 28:23 സൂക്തത്തില്‍ നിന്ന്‌ വ്യക്തമാകുന്നു. സബഇലെ രാജ്ഞിയെ സംബന്ധിച്ച്‌ സൂറത്തുന്നംലിലെ 23-44 സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. രാജ്യഭരണം സ്‌ത്രീകള്‍ക്ക്‌ നിഷിദ്ധമാണെന്ന്‌ ഈ സൂക്തങ്ങളിലോ ഖുര്‍ആനിലെ മറ്റു സൂക്തങ്ങളിലോ പറഞ്ഞിട്ടില്ല. അധിക വായനയ്‌ക്ക്‌ അത്തൗഹീദ്‌ മാസിക 2010 ഏപ്രില്‍-മെയ്‌ ലക്കത്തിലെ `സ്‌ത്രീ: സംവരണം, ജോലി, അധികാരം' എന്ന ലേഖനം കാണുക.

ശിര്‍ക്ക്‌ ചെയ്യുന്നവരെ തുടര്‍ന്നു നമസ്‌കരിക്കല്‍


``മുജാഹിദുകളുടെ വാദപ്രകാരം സുന്നികള്‍ ശിര്‍ക്ക്‌ ചെയ്യുന്നവരാണ്‌. ഈ വാദം തെളിയിക്കുന്നതിനായി വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങള്‍ അവര്‍ ഓതുകയും ചെയ്യാറുണ്ട്‌. എന്നാല്‍ ഈ വാദം ഉന്നയിക്കുന്ന മുജാഹിദുകള്‍ക്ക്‌ ഈ വാദത്തില്‍ വിശ്വാസമില്ല. ഇത്‌ അവരുടെ പ്രവൃത്തികൊണ്ട്‌ മനസ്സിലാക്കാന്‍ സാധിക്കുന്നു. ഉദാഹരണമായി സുന്നികളായ മുസ്‌ലിയാക്കന്മാര്‍ ഇമാമായി നമസ്‌കരിക്കുമ്പോള്‍ മുജാഹിദുകളായ പലരും അവരെ തുടര്‍ന്ന്‌ നമസ്‌കരിക്കുന്നു. ശിര്‍ക്ക്‌ ചെയ്യുന്നവരാണ്‌ ഞങ്ങളെങ്കില്‍ എങ്ങനെയാണ്‌ അവര്‍ക്ക്‌ ഞങ്ങളെ തുടര്‍ന്ന്‌ നമസ്‌കരിക്കാന്‍ സാധിക്കുക. ശിര്‍ക്ക്‌ ചെയ്യുന്നവരെ തുടര്‍ന്ന്‌ നമസ്‌കരിച്ചാല്‍ നമസ്‌കാരം ശരിയാവുമോ? അതിനാല്‍ നമ്മള്‍ ശിര്‍ക്ക്‌ ചെയ്യുന്നു എന്ന മുജാഹിദുകളുടെ വാദത്തില്‍ അവര്‍ക്ക്‌ തന്നെ വിശ്വാസമില്ല'' -സുന്നികളുടെ പ്രഭാഷണത്തില്‍ കേട്ടതാണിത്‌. എന്താണ്‌ മുസ്‌ലിമിന്റെ അഭിപ്രായം?

അബൂസാബിക്‌, കാരക്കുന്ന്‌

സുന്നികള്‍ ശിര്‍ക്ക്‌ ചെയ്യുന്നവരാണ്‌ എന്ന്‌ സമര്‍ഥിക്കലല്ല മുജാഹിദുകളുടെ ജോലി. ആരാധനയും പ്രാര്‍ഥനയും അല്ലാഹുവിന്‌ മാത്രമേ അര്‍പ്പിക്കാവൂ എന്ന ഖുര്‍ആനിക സത്യം മുജാഹിദുകള്‍ ഊന്നിപ്പറയുന്നത്‌ ആരെയെങ്കിലും കാഫിറാക്കാനോ മുശ്‌രിക്കാക്കാനോ വേണ്ടിയല്ല. മനുഷ്യരെ പൊതുവായാണ്‌ മുജാഹിദുകള്‍ കണിശമായ ഏകദൈവത്വ ആദര്‍ശത്തിലേക്ക്‌ ക്ഷണിക്കുന്നത്‌. സല്‍ബുദ്ധിയുള്ള മനുഷ്യര്‍ക്ക്‌ സ്വര്‍ഗത്തിലേക്കുള്ള വഴി ചൂണ്ടിക്കാണിച്ചുകൊടുക്കുക എന്ന സദുദ്ദേശം മാത്രമാണ്‌ മുജാഹിദുകളുടെ പ്രബോധന യത്‌നങ്ങള്‍ക്ക്‌ പ്രേരകം. സുന്നികള്‍ ശിര്‍ക്ക്‌ ചെയ്യുന്നവരാണെന്ന്‌ സ്ഥാപിക്കാന്‍ വേണ്ടിയല്ല, അല്ലാഹുവോട്‌ മാത്രമേ പ്രാര്‍ഥിക്കാവൂ എന്ന മഹത്തായ ആശയത്തിന്റെ ദൈവിക പ്രമാണങ്ങള്‍ മനുഷ്യര്‍ക്ക്‌ വ്യക്തമാക്കിക്കൊടുക്കാനാണ്‌ മുജാഹിദുകള്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിക്കാറുള്ളത്‌. അതുപോലെ വിശുദ്ധ ഖുര്‍ആനിലെ എല്ലാ അധ്യാപനങ്ങളും പ്രഭാഷണങ്ങളും ഖുത്വ്‌ബകളിലും ക്ലാസുകളിലും സത്യപ്രബോധകര്‍ വിശദീകരിക്കാറുണ്ട്‌.

ഏതെങ്കിലും വിഭാഗക്കാരെയോ വ്യക്തികളെയോ തുടര്‍ന്നു നമസ്‌കരിക്കരുതെന്ന്‌ മുജാഹിദുകള്‍ ആഹ്വാനം ചെയ്യാറില്ല എന്നത്‌ ശരിയാണ്‌. ആരുടെയും വിശ്വാസത്തെക്കുറിച്ച്‌ ചുഴിഞ്ഞന്വേഷിക്കേണ്ട ആവശ്യമില്ല. അത്‌ പ്രായോഗികവുമല്ല. എന്നാല്‍ അല്ലാഹുവല്ലാത്തവരോട്‌ പരസ്യമായി പ്രര്‍ഥിക്കുന്ന ആളുകളെ യഥാര്‍ഥ ഏകദൈവ വിശ്വാസികള്‍ തുടരാവുന്നതല്ല. മുഹമ്മദ്‌ നബി(സ) പഠിപ്പിച്ച നമസ്‌കാരത്തില്‍ അല്ലാഹു അല്ലാത്ത ആരോടുമുള്ള പ്രാര്‍ഥന ഉള്‍പ്പെട്ടിട്ടില്ലോ. നമസ്‌കാരത്തിലല്ലാത്തപ്പോഴും നബി(സ) അല്ലാഹുവോട്‌ മാത്രമേ പ്രാര്‍ഥിച്ചിട്ടുള്ളൂ. പൂര്‍വപ്രവാചകന്മാരും അവരുടെ സച്ചരിതരായ ശിഷ്യന്മാരും സ്വഹാബികളും മദ്‌ഹബ്‌ ഇമാമുകളുമെല്ലാം അല്ലാഹുവോട്‌ മാത്രമാണ്‌ പ്രാര്‍ഥിച്ചത്‌. വിശുദ്ധ ഖുര്‍ആനിലെ എല്ലാ പ്രാര്‍ഥനകളും അല്ലാഹുവോട്‌ മാത്രമുള്ളതാണ്‌. ഈ കാര്യങ്ങള്‍ മുജാഹിദുകള്‍ ചൂണ്ടിക്കാണിക്കുന്നത്‌ ആരോടുമുള്ള വിരോധം കൊണ്ടല്ല. അല്ലാഹുവോട്‌ മാത്രം പ്രാര്‍ഥിച്ചാല്‍ ഇഹത്തിലോ പരത്തിലോ എന്തെങ്കിലും നഷ്‌ടം സംഭവിക്കുമെന്ന്‌ മുസ്‌ലിയാന്മാരും ഇതുവരെ തെളിയിച്ചിട്ടില്ല. പിന്നെ എന്തിനാണ്‌ അനാവശ്യവും അപ്രസക്തവുമായ വിവാദങ്ങള്‍ ഉയര്‍ത്തിവിടുന്നത്‌?

ജമാഅത്തിന്‌ ഇരട്ടമുഖം?


“സാമ്രാജ്യത്വ വിരുദ്ധവും സാമൂഹികനീതിയിലധിഷ്‌ഠിതവുമായ ഒരു ഭരണം ഇന്ത്യയിലുണ്ടാകണമെന്നതാണ്‌ ജമാഅത്തിന്റെ നിലപാട്‌. അത്തരമൊരു രാഷ്‌ട്രം ലക്ഷ്യം വെച്ചാണ്‌ ജമാഅത്ത്‌ രാഷ്‌ട്രീയത്തില്‍ രംഗപ്രവേശം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്‌. ദാര്‍ശനിക പ്രബോധനം ജമാഅത്തെ ഇസ്‌ലാമി സ്വന്തം നിലക്ക്‌ തുടരും. അത്‌ പ്രായോഗിക രാഷ്‌ട്രീയത്തിന്റെ ഭാഗമല്ല.”(ജമാഅത്ത്‌ അമീര്‍ ടി ആരിഫലി, മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌-2010 ജൂണ്‍ 13, പേജ്‌ 14)
ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യത്തിന്റെ അവസാനത്തെ പോയന്റ്‌ ഹുകുമത്തെ ഇലാഹിയാണെന്നും ആരിഫലി മാതൃഭൂമിയിലെ അഭിമുഖത്തില്‍ പറയുന്നുണ്ട്‌ (പേജ്‌ 11). ജമാഅത്തെ ഇസ്‌ലാമിക്ക്‌ ഇരട്ടമുഖമുണ്ടെന്ന്‌ അതിന്റെ അമീര്‍ തന്നെ സൂചിപ്പിച്ച ഈ വരികളെപ്പറ്റി `മുസ്‌ലിമി'ന്റെ പ്രതികരണം?


ഇബ്‌നുഅബ്ബാസ്‌, തലശ്ശേരി

അമീറിന്റെ വാചകങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌ ജമാഅത്തുകാര്‍ക്ക്‌ ഇപ്പോള്‍ രണ്ടുതരം രാഷ്‌ട്രീയം ഉണ്ടെന്നാണ്‌. ഒന്ന്‌ പ്രായോഗികവും മറ്റൊന്ന്‌ അപ്രായോഗികവും. ഹുകൂമത്തെ ഇലാഹി അഥവാ ദൈവിക ഭരണം ദാര്‍ശനിക തലത്തില്‍ പ്രബോധനം ചെയ്യാന്‍ മാത്രം പറ്റിയതും രാഷ്‌ട്രീയത്തില്‍ പ്രായോഗികമായി നടപ്പാക്കാന്‍ പറ്റാത്തതുമാണെന്നും അപ്രായോഗിക രാഷ്‌ട്രീയ സിദ്ധാന്തത്തിന്മേലാണ്‌ ജമാഅത്തിന്റെ അസ്‌തിവാരമെന്നും അദ്ദേഹം ഇപ്പോള്‍ തുറന്നു സമ്മതിച്ചിരിക്കുകയാണ്‌.

മുജാഹിദുകളുടെ വീക്ഷണപ്രകാരം എക്കാലത്തും പ്രപഞ്ചത്തില്‍ നിലവിലുള്ളത്‌ അല്ലാഹുവിെന്റ ഭരണമാണ്‌. അല്ലാഹുവാണ്‌ ചിലര്‍ക്ക്‌ പരിമിതവും ക്ഷണികവുമായ അധികാരം നല്‌കുന്നത്‌. മറ്റു ചിലരെ അധികാരത്തില്‍ നിന്ന്‌ നീക്കുന്നതും അവന്‍ തന്നെയാണ്‌. വിശുദ്ധ ഖുര്‍ആനിലെ 3:26 സൂക്തത്തില്‍ നിന്ന്‌ ഈ കാര്യം സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാകുന്നുണ്ട്‌. അല്ലാഹുവിന്‌ ഭൂമിയിലെ അധികാരം നഷ്‌ടപ്പെട്ടിട്ടുണ്ടെന്നും നമ്മള്‍ അത്‌ തിരിച്ചുപിടിച്ചു കൊടുക്കണമെന്നും പറയുന്നത്‌ അസംബന്ധമാണ്‌. നമ്മുടെ കടമ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ വ്യക്തി-കുടുംബ-സാമൂഹ്യ ജീവിതരംഗങ്ങളില്‍ കഴിവിന്റെ പരമാവധി നടപ്പാക്കുകയാണ്‌. ഈ വിഷയത്തില്‍ സങ്കീര്‍ണതയോ അപ്രായോഗികതയോ ഇല്ല. അല്ലാഹു ഒരു മുസ്‌ലിമിന്‌ ഭരണാധികാരം നല്‌കുകയാണെങ്കില്‍ ഭരണസംബന്ധമായ ഇസ്‌ലാമിക നിയമങ്ങളും അയാള്‍ നടപ്പാക്കണം.

അല്ലാഹുവിന്റെ ആജ്ഞ നടപ്പാക്കുന്ന മുസ്‌ലിം ഭരണാധികാരിയുടെ റോള്‍ ഇലാഹി (ദൈവികം) എന്ന്‌ വിശേഷിപ്പിക്കപ്പെടാവുന്നതല്ല. അദ്ദേഹം തെറ്റുപറ്റാവുന്ന ഒരു മനുഷ്യന്‍ മാത്രമാണ്‌. ഒരു സത്യവിശ്വാസിയുടെ ഭരണത്തെ ദൈവിക ഭരണമായി ചിത്രീകരിക്കുന്നതിനോ അതിനെ ദാര്‍ശനിക അടിത്തറയായോ ലക്ഷ്യത്തിന്റെ അവസാനത്തെ പോയന്റായോ അവതരിപ്പിക്കുന്നതിനോ ഇസ്‌ലാമിക പ്രമാണങ്ങളുടെയൊന്നും പിന്‍ബലമില്ല.

വിധിവിലക്കുകള്‍ പാലിക്കല്‍ മാത്രമോ വിശ്വാസത്തിന്റെ താല്‍പര്യം?


തെറ്റാണെന്നറിഞ്ഞുകൊണ്ടു തന്നെയാണ്‌ മിക്കപ്പോഴും മനുഷ്യര്‍ തെറ്റുചെയ്യുന്നത്‌. മറ്റൊരവസരത്തില്‍ പശ്ചാത്തപിക്കുന്നതും ഇതേ മനസ്സുതന്നെ. അല്ലാഹു കല്‌പിച്ചു എന്നുള്ളതുകൊണ്ടു മാത്രമാണ്‌ ഞാനിന്നതു പ്രവര്‍ത്തിക്കുന്നത്‌. അവന്‍ വിലക്കി എന്ന കാരണത്താലാണ്‌ ഇന്നത്‌ ചെയ്യാതിരിക്കുന്നത്‌. ഇത്തരമൊരു കല്‌പനയില്ലായിരുന്നുവെങ്കില്‍ തെറ്റും ശരിയും നോക്കാതെ തോന്നിയതു പ്രവര്‍ത്തിക്കുമായിരുന്നു എന്നിങ്ങനെയൊക്കെയാണ്‌ ഒരാളുടെ വിശ്വാസത്തിന്റെ രൂപമെങ്കില്‍ അത്‌ ആത്മാര്‍ഥമായ ഈമാനാണോ? മനുഷ്യന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്‌ ചിന്തിക്കുമ്പോള്‍ ഇതുതന്നെയാണോ ശരിയായത്?

തബസ്സും മഞ്ചേരി

നമ്മളൊക്കെ അല്ലാഹുവിന്റെ ദാസന്മാരാണ്‌. അതിനാല്‍ അവന്‍ കല്‌പിച്ചാല്‍ അനുസരിക്കാനും വിലക്കിയാല്‍ വര്‍ജിക്കാനും നാം ബാധ്യസ്ഥരാണ്‌. അടിയന്മാര്‍ അത്യുന്നതനായ യജമാനന്‌ കീഴ്‌പ്പെട്ടു ജീവിക്കുകയാണ്‌ വേണ്ടത്‌. ഇത്‌ വിധേയത്വത്തിന്റെ തലം. അല്ലാഹു പരമമായ കാരുണ്യവും അത്യധികമായ സ്‌നേഹവും ഉള്ളവനാണ്‌. നമ്മോടുള്ള അവന്റെ കാരുണ്യവും സ്‌നേഹവും നിമിത്തമാണ്‌ നമുക്ക്‌ യഥാര്‍ഥത്തില്‍ ഗുണകരമായ കാര്യങ്ങള്‍ ചെയ്യാന്‍ അവന്‍ കല്‌പിക്കുകയും നമുക്ക്‌ ദോഷകരമായ കാര്യങ്ങള്‍ ചെയ്യരുതെന്ന്‌ വിലക്കുകയും ചെയ്യുന്നത്‌. ``നിങ്ങള്‍ പിഴച്ചുപോകുമെന്ന്‌ കരുതി അല്ലാഹു നിങ്ങള്‍ക്ക്‌ കാര്യങ്ങള്‍ വിവരിച്ചുതരുന്നു. അല്ലാഹു ഏത്‌ കാര്യത്തെക്കുറിച്ചും അറിവുള്ളവനാകുന്നു'' (വി.ഖു 4:176). അല്ലാഹു നിയോഗിച്ച പ്രവാചകനെപ്പറ്റി വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പറയുന്നു: ``അവരോട്‌ അദ്ദേഹം സദാചാരം കല്‌പിക്കുകയും ദുരാചാരങ്ങളില്‍ നിന്ന്‌ അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്‌തുക്കള്‍ അവര്‍ക്ക്‌ അദ്ദേഹം അനുവദനീയമാക്കുകയും ചീത്ത വസ്‌തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു'' (വി.ഖു 7:157). അല്ലാഹുവിന്റെ സ്‌നേഹപൂര്‍ണമായ മാര്‍ഗദര്‍ശനത്തെ മാനിച്ച്‌ അവന്റെ വിധിവിലക്കുകള്‍ പാലിക്കലാണ്‌ സൂക്ഷ്‌മതയുടെയും കൃതജ്ഞതയുടെയും തലം.

മനുഷ്യമനസ്സിന്റെ വ്യത്യസ്‌തമായ അവസ്ഥകള്‍ ഖുര്‍ആനില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. ``ഞാന്‍ എന്റെ മനസ്സിനെ കുറ്റത്തില്‍ നിന്ന്‌ ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ്‌ ദുഷ്‌പ്രവൃത്തിക്ക്‌ ഏറെ പ്രേരിപ്പിക്കുന്നത്‌ തന്നെയാകുന്നു. എന്റെ രക്ഷിതാവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ'' (വി.ഖു 12:53). ``കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്‌തുപറയുന്നു'' (വി.ഖു 75:2). ``ശ്രദ്ധിക്കുക: അല്ലാഹുവെ കുറിച്ചുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്‌'' (വി.ഖു 13:28). പല പരീക്ഷണങ്ങളിലൂടെ മനുഷ്യനെ മഹത്വത്തിലേക്കും ഔന്നത്യത്തിലേക്കും നയിക്കുന്നതിനു വേണ്ടിയാണ്‌ അല്ലാഹു മനുഷ്യമനസ്സിന്‌ അവസ്ഥാന്തരങ്ങള്‍ ഏര്‍പ്പെടുത്തിയത്‌.

ഇസ്‌ലാമിക്‌ ബാങ്കിംഗിലെ സാങ്കേതിക പദങ്ങള്‍


ഇസ്‌ലാമിക ബാങ്കുകളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യപ്പെടുന്ന സമയമാണല്ലോ ഇത്‌. ആധുനിക ബാങ്കുകള്‍ നിലനില്‌ക്കുന്നത്‌ വായ്‌പയിലൂടെ നേടിയെടുക്കുന്ന പലിശകളിലൂടെയാണ്‌. എന്നാല്‍ ഇസ്‌ലാമിക ബാങ്കുകള്‍ മുശാറക, മുദ്വാറബ, മുറാബഹ, ഇജാറ, ഖര്‍ദ്‌ ഹസന്‍ തുടങ്ങിയ രീതികളെയാണ്‌ അവലംബിക്കുന്നത്‌ എന്ന്‌ ഒരു ലേഖനത്തില്‍ വായിക്കാന്‍ കഴിഞ്ഞു. എങ്ങനെയാണ്‌ ഇവ ബാങ്കിംഗ്‌ സംവിധാനത്തില്‍ ഉപയോഗപ്പെടുക എന്നത്‌ വിശദമാക്കാമോ?

ഇ കെ സാജുദ്ദീന്‍ ഓമശ്ശേരി

മുശാറക: എന്ന പദത്തിന്റെ അര്‍ഥം പരസ്‌പരം പങ്കുചേരല്‍ എന്നാണ്‌. ഒരു വ്യാപാര/വ്യവസായ സ്ഥാപനത്തിന്‌ മൂലധനം മുടക്കുന്നതിലും ബിസിനസ്‌ നടത്തിപ്പിലും ഒരുപോലെ ഒന്നിലേറെ പേര്‍ പങ്കുചേരുകയും ലാഭവും നഷ്‌ടവും അവര്‍ മുന്‍കൂട്ടി നിശ്ചയിച്ച അനുപാതത്തില്‍ വീതിക്കുകയും ചെയ്യുന്ന രീതിയാണ്‌ മുശാറക. ഇസ്‌ലാമിക്‌ ബാങ്കിംഗ്‌ രീതിയില്‍ ഒരു ഭാഗത്ത്‌ ബാങ്കും മറ്റേ ഭാഗത്ത്‌ ഒന്നോ അധിലധികമോ വ്യക്തികളുമായിരിക്കും മൂലധനത്തിലും സംരംഭകത്വത്തിലും ഒരുപോലെ പങ്കാളികളാകുന്നത്‌. ബിസിനസ്‌ ലാഭമായാലും നഷ്‌ടമായാലും ബിസിനസില്‍ നിക്ഷേപിച്ച തുകയ്‌ക്ക്‌, സാധാരണ ബാങ്കിന്‌ പലിശ നല്‌കേണ്ടിവരും. എന്നാല്‍ ഇസ്‌ലാമിക്‌ ബാങ്ക്‌ പലിശ ഒഴിവാക്കി ബിസിനസിലുണ്ടായ ലാഭത്തിലോ നഷ്‌ടത്തിലോ പങ്കുചേരുന്നു.
ഒരു കക്ഷി മൂലധനം മാത്രം നല്‌കുകയും മറ്റേ കക്ഷി ബിസിനസ്‌ നടത്തിപ്പ്‌ മാത്രം നിര്‍വഹിക്കുകയും ഇരു വിഭാഗവും നിശ്ചിത അനുപാതത്തില്‍ ലാഭനഷ്‌ടങ്ങളില്‍ പങ്കാളികളാവുകയും ചെയ്യുന്ന സമ്പ്രദായമാണ്‌ മുദ്വാറബ. ഈ വിധത്തിലുള്ള പാര്‍ടണര്‍ഷിപ്പ്‌ മുമ്പ്‌ മുതലേ നിലവിലുള്ളതാണ്‌. എന്നാല്‍ ഇസ്‌ലാമിക്‌ ബാങ്കുകള്‍ ചെയ്യുന്നത്‌ മുദ്വാറബ രീതിയിലുള്ള ബിസിനസുകളില്‍ പണം നിക്ഷേപിക്കാന്‍ സന്നദ്ധതയുള്ള ആളുകളുടെ നിക്ഷേപങ്ങള്‍ സമാഹരിച്ച്‌ ലാഭപ്രതീക്ഷയുള്ള ബിസിനസുകളില്‍ നിക്ഷേപിക്കുകയാണ്‌. ലാഭത്തില്‍ ഒരു വിഹിതം ബാങ്ക്‌ എടുക്കുകയും ബാക്കി മൂലധന ഉടമകള്‍ക്കും സംരംഭകര്‍ക്കും നല്‌കുകയും ചെയ്യുന്നു. നഷ്‌ടമുണ്ടായാല്‍ അതിലും ഇസ്‌ലാമിക്‌ ബാങ്ക്‌ പങ്കുചേരുന്നു.

മുറാബഹ എന്ന പദത്തിന്‌ ലാഭത്തില്‍ പങ്കുചേരുക എന്നാണ്‌ ഭാഷാര്‍ഥം. ഇസ്‌ലാമിക്‌ ബാങ്കുകള്‍ ഒരു പ്രത്യേക തരം സാമ്പത്തിക ഇടപാടിനാണ്‌ ഈ പദം പ്രയോഗിക്കുന്നത്‌. പണം ആവശ്യമുള്ള വ്യക്തി തന്റെ വസ്‌തു/സ്വത്ത്‌ ഒരു നിശ്ചിത തുകയ്‌ക്ക്‌ ബാങ്കിന്‌ വില്‍ക്കുന്നതോടൊപ്പം തന്നെ നിശ്ചിത കാലത്തിനകം ലാഭവും ചെലവും നല്‌കി അത്‌ തിരിച്ചുവാങ്ങിക്കൊള്ളാമെന്നും കൂടി കരാര്‍ ചെയ്യുന്നതാണ്‌ ഈ ഇടപാട്‌. ഇത്‌ റസൂലി(സ)ന്റെ കാലത്ത്‌ നിലവിലില്ലാതിരുന്ന ഏര്‍പ്പാടാണ്‌. വില്‌പനയോടൊപ്പം നിശ്ചിതകാലത്തിനു ശേഷം ലാഭം നല്‌കി തിരിച്ചുവാങ്ങാമെന്ന്‌ വാഗ്‌ദാനം നല്‌കുന്നതില്‍ ഹറാമായ കാര്യങ്ങളൊന്നും അടങ്ങിയിട്ടില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ പലിശ ഇടപാടിന്‌ ബദലായി ഇസ്‌ലാമിക ബാങ്കുകള്‍ മുറാബഹ എന്ന സമ്പ്രദായം സ്വീകരിക്കുന്നത്‌. പലിശ എന്ന പേരിലല്ലെങ്കിലും കടം വാങ്ങുന്ന വ്യക്തി മൂലധനത്തിന്‌ പുറമെ വലിയൊരു തുക കൂടി തിരിച്ചു നല്‌കേണ്ടിവരുന്നു എന്നത്‌ ഇതിന്റെ ഒരു ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്‌.

ഇജാറ എന്നാല്‍ പാട്ടക്കരാര്‍ അഥവാ വാടകക്കരാറാണ്‌. പലിശയില്‍ അധിഷ്‌ഠിതമായ ഹയര്‍ പര്‍ച്ചെയ്‌സ്‌ സമ്പ്രദായത്തിന്‌ പകരമാണ്‌ ഇസ്‌ലാമിക്‌ ബാങ്കുകള്‍ ഇജാറയെ അവലംബിക്കുന്നത്‌. മാസംതോറും വാടകയും വിലയുടെ ഒരു വിഹിതവും കൂടി അടച്ചുകൊണ്ട്‌ വീടോ വാഹനമോ ഈ സ്‌കീം പ്രകാരം ഇസ്‌ലാമിക്‌ ബാങ്കുകളില്‍ നിന്ന്‌ വാങ്ങാം. വിലയിലേക്ക്‌ കൂടുതല്‍ വിഹിതം നല്‌കുമ്പോള്‍ വാടകയുടെ അംശം കുറഞ്ഞുവരികയും തവണകള്‍ തീരുന്നതോടെ സാധനം ഇടപാടുകാരന്റെ പൂര്‍ണ ഉടമസ്ഥതയിലാവുകയും ചെയ്യും. പാട്ടവും വാടകയും നബി(സ)യുടെ കാലത്ത്‌ ഉണ്ടായിരുന്നുവെങ്കിലും വാടകയും വിലയുടെ ഗഡുക്കളും കൂട്ടിയിണക്കിക്കൊണ്ടുള്ള ഇടപാട്‌ അന്ന്‌ നിലവിലുണ്ടായിരുന്നില്ല. ഖര്‍ദ്‌ ഹസന്‍ എന്നാല്‍ ഉത്തമമായ കടം അതായത്‌ പലിശയോ അതിന്‌ ബദലോ ആയി യാതൊന്നും നല്‌കാതെ മൂലധനം മാത്രം തിരിച്ചുനല്‌കിയാല്‍ മതിയാകുന്ന വായ്‌പ. ഇസ്‌ലാമിക്‌ ബാങ്കുകള്‍ വരുമാനത്തിന്റെ നിശ്ചിതഭാഗം ഈ നിലയില്‍ ജനങ്ങളെ സഹായിക്കാനായി വിനിയോഗിക്കുന്നു.

വഖ്‌ഫ്‌ ചെയ്‌ത സ്ഥലത്തിനു പകരം കൂടുതല്‍ അനുയോജ്യമായ സ്ഥലം വാങ്ങാമോ?


മദ്‌റസാ നിര്‍മാണത്തിന്‌ പള്ളിയോട്‌ ചേര്‍ന്ന്‌ എല്ലാ നിലയ്‌ക്കും സൗകര്യപ്രദമായ സ്ഥലം വില്‌പനക്കുണ്ട്‌. എന്നാല്‍ ഈ സ്ഥലം വാങ്ങുന്നതിന്‌ മദ്‌റസാ കമ്മിറ്റിയുടെ പക്കല്‍ ഫണ്ടില്ല. മദ്‌റസയുടെ പേരില്‍ വഖഫ്‌ ചെയ്യപ്പെട്ട സ്ഥലം കമ്മിറ്റിയുടെ പക്കല്‍ ഉണ്ടുതാനും. ഈ സ്ഥിതിക്ക്‌ മദ്‌റസക്ക്‌ അനുയോജ്യമായി തോന്നുന്ന സ്ഥലം വാങ്ങുന്നതിനു വേണ്ടി വഖഫ്‌ ചെയ്‌ത സ്ഥലം (രണ്ട്‌ സ്ഥലത്തിന്റെയും വിലയില്‍ ഏറ്റക്കുറവ്‌ നോക്കാതെ, തുല്യമൂല്യത്തില്‍) പകരമായി കൈമാറ്റം ചെയ്യുകയോ വില്‍ക്കുകയോ ചെയ്യാമോ? കൈമാറുകയോ പുതിയ സ്ഥലത്ത്‌ മദ്‌റസ വരികയോ ആണെങ്കില്‍ വഖഫ്‌ ചെയ്‌ത വ്യക്തിക്ക്‌ ലഭിക്കുന്ന പ്രതിഫലത്തില്‍ വല്ല കുറവും സംഭവിക്കുമോ?

എസ്‌ പി ടി പുളിക്കല്‍

വഖഫ്‌ ചെയ്‌ത സ്ഥലം വില്‍ക്കാനോ ദാനം ചെയ്യാനോ അനന്തരാവകാശമായി നല്‍കാനോ പാടില്ലെന്ന്‌ നബി(സ) പറഞ്ഞതായി ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. എന്തൊരു ആവശ്യത്തിനായി വഖ്‌ഫ്‌ ചെയ്‌തുവോ ആ ആവശ്യം അഭംഗുരം നടപ്പാക്കാന്‍ വേണ്ടിയാണ്‌ വഖ്‌ഫ്‌ സ്വത്തിന്റെ കൈമാറ്റം വിലക്കിയത്‌. എന്നാല്‍ വഖ്‌ഫ്‌ കൊണ്ട്‌ ഉദ്ദേശിക്കപ്പെട്ട ലക്ഷ്യം മറ്റൊരു സ്വത്ത്‌ കൊണ്ട്‌ കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ നിറവേറുമെങ്കില്‍ വഖ്‌ഫ്‌ സ്വത്ത്‌ വിറ്റിട്ട്‌ ആ സ്വത്ത്‌ വാങ്ങാന്‍ പറ്റുമോ എന്ന കാര്യം വീക്ഷണ വ്യത്യാസത്തിന്‌ സാധ്യതയുള്ളതാണ്‌. ഇസ്‌ലാം ലക്ഷ്യമാക്കുന്ന നന്മ നിറവേറുക എന്നതാണ്‌ പ്രധാനമെന്ന തത്വപ്രകാരം മദ്‌റസയ്‌ക്കു വേണ്ടി വഖ്‌ഫ്‌ ചെയ്‌ത സ്ഥലത്തിന്‌ പകരം കൂടുതല്‍ അനുയോജ്യമായ സ്ഥലം വാങ്ങുന്നതില്‍ അപാകതയില്ല. ഹദീസ്‌ അക്ഷരാര്‍ഥത്തില്‍ സ്വീകരിക്കുകയാണ്‌ പ്രധാനമെന്ന വീക്ഷണപ്രകാരം വഖ്‌ഫ്‌ സ്വത്ത്‌ യാതൊരു ക്രയവിക്രയത്തിനും വിധേയമാക്കാവുന്നതല്ല. വഖ്‌ഫ്‌ ചെയ്‌ത വ്യക്തി ഉദ്ദേശിച്ച നല്ല കാര്യം നടന്നുകൊണ്ടിരിക്കുന്നേടത്തോളം അയാള്‍ക്ക്‌ പ്രതിഫലത്തിന്‌ അര്‍ഹതയുണ്ടായിരിക്കും.

അവിശ്വാസികളുടെ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും പ്രതിഫലമില്ലേ?


വിശ്വാസം ശരിയാകാത്തവരുടെ സല്‍ക്കര്‍മങ്ങള്‍ക്ക്‌ അല്ലാഹു യാതൊരു പ്രതിഫലവും നല്‌കുന്നതല്ല എന്ന്‌ ഖുത്വ്‌ബയില്‍ കേള്‍ക്കാനിടയായി. അപ്പോള്‍ അവിശ്വാസികളായ പല മഹാന്മാരും നേതാക്കളും നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും യാതൊരു പ്രതിഫലവും ലഭിക്കില്ലേ?

അന്‍വര്‍ അബ്‌ദുല്ല തിരൂര്‍

ഇഹലോകത്തെ സല്‍പ്രവൃത്തികള്‍ക്ക്‌ ശാശ്വതമായ പരലോകത്ത്‌ പ്രതിഫലം ലഭിക്കണമെങ്കില്‍ അല്ലാഹു മാത്രമാണ്‌ രക്ഷിതാവും ആരാധ്യനുമെന്ന വിശ്വാസവും പരലോക വിശ്വാസവും അനിവാര്യമാണെന്ന്‌ മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി. കാരണം, പരലോകത്തിന്റെ അധിപന്‍ അല്ലാഹുവാണ്‌. അല്ലാഹുവെത്തന്നെ തള്ളിപ്പറയുന്നവര്‍ക്കും അല്ലാഹുവിന്‌ പുറമെ മറ്റാരെയെങ്കിലും ആരാധിക്കുന്നവര്‍ക്കും ശാശ്വതമായ പ്രതിഫലം നല്‌കാന്‍ അല്ലാഹു ബാധ്യസ്ഥനല്ല. ഈ ലോകത്തിനപ്പുറത്ത്‌ മറ്റൊരു ലോകവും ഇല്ലെന്ന്‌ പറയുന്നവര്‍ പരലോകത്തെ സൗഭാഗ്യമൊന്നും ആഗ്രഹിക്കുകയില്ലെന്ന്‌ വ്യക്തമാണ്‌. അവര്‍ നിഷേധിക്കുകയും ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നത്‌ അവര്‍ക്ക്‌ അല്ലാഹു നല്‌കാതിരിക്കുക സ്വാഭാവികമാകുന്നു.

എന്നാല്‍ വിശ്വാസികള്‍ക്കും നിഷേധികള്‍ക്കും ഒരു പോലെ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ഇഹലോകത്ത്‌ ലഭിക്കുമെന്നാണ്‌ പല ഖുര്‍ആന്റെ സൂക്തങ്ങളില്‍ നിന്നും ഗ്രഹിക്കാവുന്നത്‌.

``ക്ഷണികമായതിനെ (ഇഹലോകത്തെ) ആണ്‌ വല്ലവരും ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക്‌ അഥവാ (അവരില്‍ നിന്ന്‌) നാം ഉദ്ദേശിക്കുന്നവര്‍ക്ക്‌ നാം ഉദ്ദേശിക്കുന്നത്‌ വേഗത്തില്‍ നല്‌കുന്നതാണ്‌. പിന്നെ നാം അങ്ങനെയുള്ളവന്‌ നല്‌കുന്നത്‌ നരകമായിരിക്കും. അപമാനിതനും പുറംതള്ളപ്പെട്ടവനുമായിക്കൊണ്ട്‌ അവന്‍ അതില്‍ എരിയുന്നതാണ്‌. ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട്‌ അതിനു വേണ്ടി അതിന്റേതായ പരിശ്രമം നടത്തുകയും ചെയ്യുകയാണെങ്കില്‍ അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും. ഇക്കൂട്ടരെയും അക്കൂട്ടരെയും എല്ലാം തന്നെ (ഇവിടെ വെച്ച്‌) നാം സഹായിക്കുന്നതാണ്‌. നിന്റെ രക്ഷിതാവിന്റെ ദാനത്തില്‍ പെട്ടതത്രെ അത്‌. നിന്റെ രക്ഷിതാവിന്റെ ദാനം തടഞ്ഞുവെക്കപ്പെടുന്നതല്ല.'' (വി.ഖു 17:18-20)

ഏറ്റവും മഹത്തായ പുണ്യകര്‍മം തിരുകേശം സൂക്ഷിക്കലോ?

ഭൂലോകത്ത്‌ വെച്ച്‌ മനുഷ്യന്‌ ചെയ്യാനുള്ള ഏറ്റവും മഹത്തായ സല്‍കര്‍മം തിരുകേശം സൂക്ഷിക്കലാണെന്ന്‌ ആസിം പറഞ്ഞതായി ഒരു ഹദീസ്‌ ബുഖാരിയിലുണ്ടെന്ന്‌ ഒരു ബോര്‍ഡില്‍ എഴുതിക്കണ്ടു. ഇത്‌ സത്യമാണോ?

സാലിം കോഴിക്കോട്‌

ഖുര്‍ആനില്‍ അങ്ങനെയുണ്ടെന്ന്‌ പുരോഹിതന്മാര്‍ ബോര്‍ഡെഴുതി വെച്ചില്ലല്ലോ എന്ന്‌ നമുക്ക്‌ സമാശ്വസിക്കാം. ആസിം എന്നു പേരുള്ള ധാരാളം പേരുണ്ടാകാം. ഏതെങ്കിലുമൊരു ആസിം ഒരഭിപ്രായം പറഞ്ഞാല്‍ അതിന്‌ ഹദീസ്‌ എന്ന്‌ പേരു പറയാവുന്നതല്ല. അത്‌ ഇസ്‌ലാമില്‍ പ്രമാണവുമല്ല. മുഹമ്മദ്‌ നബി(സ) ഒരു കാര്യം പറയുകയോ പ്രവര്‍ത്തിക്കുകയോ അംഗീകരിക്കുകയോ ചെയ്‌തതായി വിശ്വസ്‌തര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതിനാണ്‌ ഹദീസ്‌ എന്ന്‌ പറയുന്നത്‌. `എന്റെ മുടി സൂക്ഷിക്കലാണ്‌ ഏറ്റവും മഹത്തായ സല്‍കര്‍മം' എന്ന്‌ നബി(സ) പറഞ്ഞതായി ബുഖാരിയോ മറ്റു പ്രാമാണികരായ ഹദീസ്‌ ഗ്രന്ഥകര്‍ത്താക്കളോ രേഖപ്പെടുത്തിയിട്ടില്ല. ഇമാം ബുഖാരി പ്രാമാണികമായ ഹദീസുകള്‍ ക്രോഡീകരിച്ച സഹീഹുല്‍ ബുഖാരി എന്ന ഗ്രന്ഥത്തിനാണ്‌ മുസ്‌ലിം ലോകം പ്രാമാണികത കല്‌പിക്കുന്നത്‌. ആ ഗ്രന്ഥത്തില്‍ ഇങ്ങനെയൊരു ഹദീസില്ല. ബുഖാരി പറഞ്ഞുവെന്ന്‌ ആരെങ്കിലും എവിടെയങ്കിലും എഴുതിവെച്ചാല്‍ അത്‌ ഇസ്‌ലാമിക പ്രമാണമാവുകയില്ല. മുഹമ്മദ്‌ നബി(സ) നമസ്‌കരിച്ച പള്ളികളിലൊന്നും അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ തിരുകേശം സൂക്ഷിക്കുകയോ പ്രതിഷ്‌ഠിക്കുകയോ ചെയ്‌തിട്ടില്ല എന്നതു തന്നെ തിരുകേശപ്പള്ളി സംരംഭം അനിസ്‌ലാമികമാണെന്നതിന്‌ മതിയായ തെളിവാകുന്നു.

മിനറല്‍വാട്ടര്‍ വ്യാപാരം നിഷിദ്ധമല്ലേ?

പുല്ല്‌, വെള്ളം എന്നിവ വില്‍ക്കരുതെന്ന്‌ നബി(സ) പഠിപ്പിച്ചിരിക്കെ മിനറല്‍ വാട്ടര്‍ വില്‍ക്കാനോ കമ്പനികളുടെ പരസ്യം സ്വീകരിക്കാനോ പാടുണ്ടോ? ഹറാമാക്കിയ വസ്‌തുവിന്റെ വിലയും ഹറാം എന്ന്‌ വ്യക്തമാക്കുന്ന ഹദീസ്‌ പ്രകാരം ഇത്‌ നിഷിദ്ധമല്ലേ?

ഇബ്‌നുഅബ്‌ദില്ല കോട്ടക്കല്‍

പുല്ലിനും വെള്ളത്തിനും വില നിശ്ചയിച്ചു വില്‍ക്കുന്നത്‌ നിഷിദ്ധമാണെങ്കിലും പുല്ല്‌ അരിഞ്ഞ്‌ കെട്ടാക്കിയും വെള്ളം കുപ്പിയിലാക്കി അടച്ചും ആവശ്യക്കാരുടെ മുമ്പില്‍ എത്തിച്ചുകൊടുക്കുക എന്ന സേവനത്തിന്‌ പ്രതിഫലം വാങ്ങുന്നത്‌ കുറ്റകരമല്ലെന്നാണ്‌ `മുസ്‌ലിം' കരുതുന്നത്‌. എന്നാല്‍ അതിന്റെ പേരില്‍ ഒരു മേച്ചില്‍പുറത്തെ പുല്ലോ ഒരു ജലാശയത്തിലെ വെള്ളമോ ആരും കുത്തകയാക്കിവെക്കാന്‍ പാടില്ല. ഒരാളുടെ അധീനത്തിലുള്ള ജലാശയത്തിലെ വെള്ളത്തില്‍ നിന്ന്‌ സ്വന്തം ആവശ്യം കഴിച്ച്‌ മിച്ചമുള്ളത്‌, കുടിക്കാനും കുളിക്കാനും വെള്ളം അത്യാവശ്യമുള്ളവര്‍ക്ക്‌ നിഷേധിക്കാന്‍ പാടില്ല. മുക്കിയെടുക്കുന്ന വെള്ളത്തിന്‌ വില ചോദിക്കാനും പാടില്ല.

ഇന്ന്‌ യാത്രയ്‌ക്കിടയിലും മറ്റും ധാരാളം പേര്‍ക്ക്‌ ശുദ്ധജലത്തിന്‌ അത്യാവശ്യം നേരിടുന്നു എന്നത്‌ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്‌. സര്‍ക്കാരും സമ്പന്നരും അത്‌ സൗജന്യമായി എത്തിച്ചുകൊടുക്കുകയാണ്‌ ഏറ്റവും നല്ലത്‌. പക്ഷേ, നിലവിലുള്ള സാഹചര്യത്തില്‍ അത്‌ പ്രായോഗികമായി എളുപ്പമുള്ള കാര്യമല്ല. ബസ്സിലോ ട്രെയ്‌നിലോ ദീര്‍ഘയാത്ര ചെയ്യുന്നവര്‍ക്ക്‌ ബസ്‌സ്റ്റാന്റില്‍ നിന്നോ റെയില്‍വേ സ്റ്റേഷനില്‍ നിന്നോ പ്രതിഫലം നല്‍കാതെ വെള്ളം ലഭിച്ചില്ലെന്ന്‌ വരാം. പൊതുടാപ്പുകളില്‍ നിന്ന്‌ ലഭിക്കുന്ന കുടിവെള്ളം ചിലര്‍ക്ക്‌ തൃപ്‌തികരമായില്ലെന്നും വരാം. അങ്ങനെയുള്ളവര്‍ക്കെല്ലാം ഒഴിച്ചുകൂടാത്തതാണ്‌ വാട്ടര്‍ബോട്ടിലുകള്‍. ഇത്‌ ന്യായമായ തുകയ്‌ക്ക്‌ ലഭ്യമാക്കുന്നവര്‍ കുറ്റക്കാരാണെന്ന്‌ പറയാന്‍ ന്യായം കാണുന്നില്ല. വിഗ്രഹം, ശവം, പന്നിമാംസം, മദ്യം മുതലായ നിഷിദ്ധമായ വസ്‌തുക്കള്‍ വിറ്റുകിട്ടുന്ന സംഖ്യയും നിഷിദ്ധമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ തിന്നാനോ തീറ്റാനോ പാടില്ലാത്ത നിഷിദ്ധവസ്‌തുക്കളുടെ കൂട്ടത്തില്‍ പെട്ടതല്ല പുല്ലും വെള്ളവും. അവയില്‍ മിച്ചമുള്ളത്‌ വില്‍ക്കരുതെന്ന്‌ വിലക്കിയത്‌ അവ കൂടുതല്‍ കാലികള്‍ക്കും മനുഷ്യര്‍ക്കും ലഭ്യമാക്കാന്‍ വേണ്ടിയാണ്‌.

ബോട്ടിലിനും ബോട്ടിലിംഗിനും വിതരണത്തിനുമുള്ള ന്യായമായ ചെലവ്‌ ഈടാക്കിക്കൊണ്ട്‌ മാത്രമേ വാഹനങ്ങളിലും മറ്റും കുടിനീര്‍ സര്‍വത്ര ലഭ്യമാക്കാന്‍ കഴിയൂ എന്നുണ്ടെങ്കില്‍ അത്‌ ഇസ്‌ലാമിന്റെ താല്‌പര്യത്തിന്‌ തീര്‍ത്തും വിരുദ്ധമാണെന്ന്‌ പറയാവുന്നതല്ല. വെള്ളം കുത്തകയാക്കുന്നതും ആവശ്യക്കാര്‍ക്ക്‌ നല്‌കാതെ നിഷേധിക്കുന്നതും തടയുകയാണല്ലോ അത്‌ വില്‌പനച്ചരക്കാക്കരുത്‌ എന്ന്‌ വിലക്കിയതിന്റെ താല്‌പര്യം. എന്നാല്‍ കുപ്പി, കുപ്പിയിലാക്കല്‍, വിതരണം എന്നിവയുടെ ചെലവിന്‌ പുറമെ വെള്ളത്തിന്‌ ഗണ്യമായൊരു തുക വേറെയും ചുമത്തുകയാണെങ്കില്‍ അത്‌ നിഷിദ്ധം തന്നെയാകുന്നു. കുപ്പിവെള്ളം ലഭ്യമാക്കുന്നതിനുള്ള യഥാര്‍ഥ ചെലവ്‌ എത്രയെന്ന്‌ കണിശമായി കണക്കാക്കാന്‍ അതിന്റെ വ്യാപാരികള്‍ക്കോ പരസ്യം സ്വീകരിക്കുന്നവര്‍ക്കോ സാധിച്ചില്ലെന്ന്‌ വരാം. അതിനാല്‍ അവരുടെ വ്യാപാരലാഭമോ പരസ്യച്ചാര്‍ജോ നിഷിദ്ധമായ സമ്പാദ്യമാെണന്ന്‌ ഉറപ്പിച്ച്‌ പറയാവുന്നതല്ല. കുപ്പിവെള്ളക്കമ്പനിക്കാര്‍ക്കാണ്‌ തങ്ങളുടെ സമ്പാദ്യത്തില്‍ ഹറാമായ ഇനം കലരാതെ സൂക്ഷിക്കാന്‍ കൂടുതല്‍ ബാധ്യതയുള്ളത്‌. വെള്ളം കച്ചവടച്ചരക്കാക്കുക എന്ന തെറ്റിന്‌ പുറമെ തങ്ങളുടെ ഫാക്‌ടറി പരിസരങ്ങളിലുള്ളവര്‍ക്ക്‌ കുടിനീര്‍ കിട്ടാതാവുക, പരിസരമലിനീകരണം കൊണ്ട്‌ ജനങ്ങള്‍ കഷ്‌ടപ്പെടുക എന്നിവ നിമിത്തവും അവര്‍ പാപികളായിത്തീരാന്‍ സാധ്യതയുണ്ട്‌.

അന്യന്റെ വിറകും പ്രായശ്ചിത്തവുംസര്‍ക്കാര്‍ ഭൂമിയില്‍ നിന്നോ ഒരാളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നോ അനുവാദമില്ലാതെ വീട്ടാവശ്യത്തിന്‌ വിറക്‌ എടുക്കുന്നത്‌ കുറ്റകരമാണോ? ഉടമസ്ഥന്‌ ആവശ്യമില്ലാതെ, ചിതല്‍പിടിച്ച്‌ നശിച്ചുപോകുന്ന വിറകാണെങ്കില്‍ പോലും എടുക്കാന്‍ പാടില്ലേ? ഇങ്ങനെ എടുത്തിട്ടുണ്ടെങ്കില്‍ അതിനുള്ള പ്രായശ്ചിത്തമെന്താണ്‌?

ഉമ്മുഅമീന്‍, മണ്ണാര്‍ക്കാട്‌

ഇത്തരം വിഷയങ്ങളില്‍ നാട്ടിലെ നിയമം ഏതൊക്കെ വിധത്തില്‍ നീങ്ങുമെന്നത്‌ `മുഖാമുഖ'ത്തിന്റെ പരിധിക്ക്‌ പുറത്താകുന്നു. എന്നാല്‍ ധര്‍മത്തിന്റെ കാര്യം സുവിദിതമാണ്‌. മസ്വ്‌ലഹത്തിന്‌ അഥവാ നന്മയ്‌ക്കാണ്‌ ഇസ്‌ലാമിക നിയമത്തില്‍ മുന്‍ഗണനയുള്ളത്‌. സര്‍ക്കാര്‍ ഭൂമിയിലായാലും ഒരു മുതലാളിയുടെ സ്ഥലത്തായാലും മരങ്ങളില്‍ നിന്ന്‌ ഉണങ്ങിവീഴുന്ന വിറക്‌ ആര്‍ക്കും ഉപകാരപ്പെടാതെ നശിച്ചുപോകുന്നതിനെക്കാള്‍ എത്രയോ നല്ലത്‌ അത്‌ ആര്‍ക്കെങ്കിലും ഉപകാരപ്പെടുന്നതാണ്‌. പഴുത്ത്‌ താഴെ വീഴുന്ന ഈന്തപ്പഴം എടുത്തുതിന്നാന്‍ നബി(സ) അനുവാദം നല്‍കിയ കാര്യം ഇത്തരുണത്തില്‍ സ്‌മരണീയമാകുന്നു.

എന്നാല്‍, സ്വന്തം ആവശ്യത്തിന്‌ വിറകോ വിറക്‌ വാങ്ങാന്‍ സാമ്പത്തിക ശേഷിയോ ഉള്ള ആള്‍ പൊതുസ്ഥലത്തു നിന്നോ സ്വകാര്യസ്വത്തുക്കളില്‍ നിന്നോ വിറക്‌ എടുക്കുന്നത്‌ ന്യായമല്ല. കാരണം, സ്വാശ്രയത്വമുള്ള ഏതൊരാളും ചെയ്യേണ്ടത്‌ അല്ലാഹു തനിക്ക്‌ നല്‌കിയതുകൊണ്ട്‌ തൃപ്‌തിപ്പെട്ടു ജീവിക്കുകയാണ്‌. സ്വന്തം തൊഴിലില്‍ നിന്നോ കൃഷിയിടത്തില്‍ നിന്നോ ഹലാലായ വ്യാപാരത്തില്‍ നിന്നോ ഉള്ള വരുമാനത്തിനപ്പുറം യാതൊന്നും കൈവശപ്പെടുത്താന്‍ ശ്രമിക്കാതിരിക്കുകയാണ്‌ സ്വാശ്രയത്വമുള്ള സത്യവിശ്വാസിക്ക്‌ അഭിലഷണീയമായിട്ടുള്ളത്‌.

സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന്‌ വിറകും മറ്റും ശേഖരിക്കാന്‍ ആര്‍ക്കെങ്കിലും കരാര്‍ കൊടുക്കുകയോ സ്വകാര്യസ്വത്തില്‍ നിന്ന്‌ വസ്‌തുക്കള്‍ സംഭരിക്കാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്‌തിട്ടുണ്ടെങ്കില്‍ മറ്റുള്ളവര്‍ അവിടങ്ങളില്‍ കടന്നുചെന്ന്‌ അനധികൃതമായി യാതൊന്നും എടുക്കാന്‍ പാടുള്ളതല്ല. ഒരു വസ്‌തു ഉടമസ്ഥന്‌ ആവശ്യമില്ലാത്തതാണെന്ന്‌ മറ്റൊരാള്‍ തീര്‍പ്പ്‌ കല്‌പിക്കുന്നത്‌ ന്യായമായ നടപടിയല്ല. ഉടമസ്ഥന്റെ വാക്കില്‍ നിന്നോ പെരുമാറ്റത്തില്‍ നിന്നോ വിറക്‌ അയാള്‍ക്ക്‌ ആവശ്യമില്ലെന്ന്‌ വ്യക്തമാണെങ്കിലേ ആവശ്യക്കാര്‍ക്ക്‌ അതെടുക്കാന്‍ പാടുള്ളൂ. സമ്മതംകൂടാതെ ആരുടെ സാധനം എടുത്താലും അത്‌ തെറ്റാണെന്ന്‌ ബോധ്യപ്പെട്ടാല്‍ ഉടനെ തിരിച്ചേല്‌പിക്കുകയോ സാധനം ഉപയോഗിച്ച്‌ തീര്‍ന്നതാണെങ്കില്‍ എടുത്തത്‌ പൊരുത്തപ്പെടാന്‍ ഉടമസ്ഥനോട്‌ അപേക്ഷിക്കുകയോ ആണ്‌ വേണ്ടത്‌. ഇതല്ലാതെ പ്രായശ്ചിത്തമായി എന്തെങ്കിലും ചെയ്യണമെന്ന്‌ വിശുദ്ധഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ കല്‌പിച്ചിട്ടില്ല.

കൃത്രിമ ബീജസങ്കലനം അനുവദനീയമോ?


ഉപജീവനത്തിനുവേണ്ടി പലരും സങ്കരയിനം പശുക്കളെ വളര്‍ത്താറുണ്ട്‌. സാധാരണ ലൈംഗിക രീതികളിലൂടെയല്ല ഇവയുടെ പ്രത്യുല്‍പാദന രീതി; കൃത്രിമ ബീജസങ്കലനത്തിലൂടെയാണ്‌. സര്‍ക്കാര്‍ സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും ഇങ്ങനെ മാത്രമേയുള്ളൂ. പ്രകൃതിക്ക്‌ യോജിച്ച ഒരു ലൈംഗിക സംവിധാനം ഇവയ്‌ക്ക്‌ ലഭിക്കാറുമില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഒരു വിശ്വാസിക്ക്‌ ഈ ഉപജീവനമാര്‍ഗം സ്വീകാര്യമാവുമോ? ജീവികളില്‍ കൃത്രിമ ബീജസങ്കലനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടോ?

അബ്‌ദുല്‍അഹദ്‌, ഇരവിപുരം

ജീവികളെയും സസ്യങ്ങളെയും മറ്റും അല്ലാഹു സൃഷ്‌ടിച്ചത്‌ അന്യൂനമായ വ്യവസ്ഥയോടെയാണ്‌ എന്നത്രെ വിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. 20:50, 32:7, 87:1-3 എന്നീ സൂക്തങ്ങള്‍ നോക്കുക. സര്‍വജ്ഞനായ ദൈവം എല്ലാം അന്യൂനമായി സൃഷ്‌ടിച്ചു എന്ന ആശയം അംഗീകരിക്കാത്ത ഭൗതികവാദികള്‍ പോലും പ്രകൃതിയില്‍ യുഗങ്ങളായി നിലനിന്നുപോന്ന ജീവസസ്യജാതികളുടെ മൗലികത അംഗീകരിക്കുന്നുണ്ട്‌. കൃഷിയും കാലിവളര്‍ത്തലുമൊക്കെ വ്യാവസായിക അടിസ്ഥാനത്തിലായതോടെ എല്ലാവരും ലാഭം മാത്രം ലക്ഷ്യമാക്കുന്ന അവസ്ഥയാണ്‌ നിലവിലുള്ളത്‌. ഏറ്റവും കൂടുതല്‍ പാല്‍ചുരത്തുന്ന, ഏറ്റവും കൂടുതല്‍ തടിച്ചുകൊഴുക്കുന്ന, ഏറ്റവുമധികം മുട്ടയിടുന്ന ജീവജാതികളെ വികസിപ്പിച്ചെടുക്കുന്നതിന്‌ സര്‍ക്കാരും ഫാം ഉടമകളും മറ്റും മുന്‍ഗണന നല്‌കുന്നതുകൊണ്ടാണ്‌ ബീജസങ്കലനം സാര്‍വത്രികമായത്‌.

അല്ലാഹു സംവിധാനിച്ച മൗലികമായ പ്രത്യുല്‍പാദന വ്യവസ്ഥയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയാണ്‌ ബീജസങ്കലനം സാധിക്കുന്നത്‌. ലാഭം ഉറപ്പാക്കാന്‍ ചിലപ്പോള്‍ ഇത്‌ സഹായകമാകുന്നുണ്ടെങ്കിലും സങ്കര ഇനങ്ങളുടെ ജൈവസവിശേഷതകളെ സംബന്ധിച്ച്‌ പഠനംനടത്തിയ ചില പരിസ്ഥിതി ശാസ്‌ത്രജ്ഞരും മറ്റും സങ്കരയിനത്തില്‍ പെട്ട ജീവികള്‍ക്ക്‌ ചില വിഷയങ്ങളില്‍ സംഭവിക്കുന്ന അപചയം ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. പാലിന്റെയും മാംസത്തിന്റെയും മുട്ടയുടെയും ഗുണമേന്മ കുറയുക, ജീവികളുടെ സ്വാഭാവിക രോഗപ്രതിരോധ ശക്തി ശോഷിക്കുക തുടങ്ങി പല അപചയങ്ങളും ഇതില്‍ ഉള്‍പ്പെടും. ലാഭം മാത്രം മുന്‍നിര്‍ത്തി സങ്കരയിനം വിത്തുകള്‍ മാത്രം ആളുകള്‍ കൃഷിചെയ്യുകയും സങ്കരവര്‍ഗത്തില്‍ പെട്ട ജീവികളെ മാത്രം വളര്‍ത്തുകയും ചെയ്യുന്നതോടെ അല്ലാഹു സൃഷ്‌ടിച്ച മൗലികഗുണങ്ങളുള്ള ജീവജാതികള്‍ അന്യംനിന്നു പോകുകയാണെങ്കില്‍ അത്‌ മാനവരാശിക്ക്‌ അപരിഹാര്യമായ നഷ്‌ടമായിരിക്കും.

അല്ലാഹു സൃഷ്‌ടിച്ച പ്രകൃതിവ്യവസ്ഥയ്‌ക്ക്‌ മാറ്റം വരുത്തുക എന്നത്‌ പൈശാചിക പ്രേരണയ്‌ക്ക്‌ വശംവദരായി മനുഷ്യര്‍ ചെയ്യുന്ന തെറ്റുകളിലൊന്നാണ്‌ എന്നത്രെ 4:119 സൂക്തത്തില്‍ നിന്ന്‌ മനസ്സിലാകുന്നത്‌. ഈ വിഷയം പറഞ്ഞ ശേഷം ഈ സൂക്തത്തില്‍ അല്ലാഹു നല്‌കുന്ന താക്കീത്‌ ശ്രദ്ധേയമാകുന്നു: ``വല്ലവനും അല്ലാഹുവിന്‌ പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്‌ടം പറ്റിയവനാകുന്നു.'' ജീവ-സസ്യജാലങ്ങളുടെ ജനിതക ഘടനയില്‍ മാറ്റം വരുത്തുന്നതും ജീവികളുടെ പ്രത്യുല്‍പാദന രീതിയില്‍ മാറ്റമുണ്ടാക്കുന്നതും മൃഗങ്ങളെ സ്വാഭാവികമായ ഇണചേരലിന്‌ അനുവദിക്കാതിരിക്കുന്നതുമെല്ലാം `അല്ലാഹു സൃഷ്‌ടിച്ച പ്രകൃതി വ്യവസ്ഥയ്‌ക്ക്‌ മാറ്റം വരുത്തുക' എന്ന വകുപ്പില്‍ ഉള്‍പ്പെടുമെന്നതില്‍ സംശയത്തിനവകാശമില്ല. ആയതിനാല്‍ 4:119 സൂക്തമനുസരിച്ച്‌ അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ വിട്ടുനില്‍ക്കുകയാണ്‌ യഥാര്‍ഥ വിശ്വാസികള്‍ ചെയ്യേണ്ടത്‌.

എന്നാല്‍ ഒരു മൃഗത്തെ എന്തെങ്കിലും കാരണത്താല്‍ സ്വാഭാവികരീതിയില്‍ ഇണചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടെങ്കില്‍ കൃത്രിമ ബീജസങ്കലനം നടത്തുന്നതില്‍ തെറ്റില്ല. അല്ലാഹു അനുവദിച്ചതാണെന്ന്‌ ഉറപ്പുള്ള ഉദ്യോഗങ്ങളും ജോലികളുമാണ്‌ സത്യവിശ്വാസികള്‍ സ്വീകരിക്കേണ്ടത്‌. നിഷിദ്ധമായ ഒരു തൊഴില്‍ അവര്‍ ഉപജീവനമാര്‍ഗമായി സ്വീകരിക്കാന്‍ പാടില്ല; മറ്റു ജോലികളൊന്നും ലഭ്യമല്ലാത്തതിനാല്‍ നിര്‍ബന്ധിതമായി ചെയ്യുന്നതൊഴികെ.

കണ്ണിന്റെ കാഴ്‌ചയും മരണവും

ഉമ്മുസലമ പറയുന്നു: ``അബൂസലമ മരിച്ചുകിടക്കുന്ന അവസരത്തില്‍ നബി അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണ്‌ തുറന്നുകിടക്കുകയാണ്‌. ഉടനെ തിരുനബി അത്‌ അടച്ചു. അനന്തരം പറഞ്ഞു: ആത്മാക്കളെ പിടിച്ചുകൊണ്ട്‌ പോകുമ്പോള്‍ കണ്ണ്‌ അതിനെ നോക്കിക്കൊണ്ടിരിക്കും. ഇതു കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബക്കാരില്‍ ചിലര്‍ പൊട്ടിച്ചിരിച്ചു.

അബൂഹുറയ്‌റ പറയുന്നു: ``നബി ഒരിക്കല്‍ ചോദിച്ചു: മനുഷ്യന്‍ മരിച്ചാല്‍ അവന്റെ കണ്ണ്‌ തുറന്നിരിക്കുന്നതായി നിങ്ങള്‍ കാണുന്നില്ലേ? അവര്‍ പറഞ്ഞു: അതെ. തിരുനബി പറഞ്ഞു: ആത്മാവ്‌ ശരീരത്തില്‍ നിന്നും പുറപ്പെട്ട്‌ പോകുന്നത്‌ കണ്ണ്‌ നോക്കുന്നതുകൊണ്ടാണ്‌ അത്‌ തുറന്നിരിക്കുന്നത്‌.'' (സ്വഹീഹ്‌ മുസ്‌ലിം, അലവി മൗലവി, പേ. 959,960) ഒരാള്‍ മരിച്ചാലും അയാളുടെ കണ്ണിന്‌ ജീവനുണ്ടാകുമെന്ന തരത്തിലുള്ള മേല്‍ ഹദീസുകളിലെ പരാമര്‍ശം സംശയാസ്‌പദമല്ലേ?

അമീന്‍, ചേന്നര, തിരൂര്‍

ചോദ്യകര്‍ത്താവ്‌ ഉദ്ധരിച്ച പരിഭാഷയില്‍ എന്തൊക്കെയാണുള്ളതെന്ന്‌ `മുസ്‌ലിമി'ന്‌ അറിയില്ല. എന്നാല്‍ സ്വഹീഹ്‌ മുസ്‌ലിം എന്ന ഹദീസ്‌ ഗ്രന്ഥത്തില്‍ `ഇത്‌ കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബക്കാരില്‍ ചിലര്‍ പൊട്ടിച്ചിരിച്ചു' എന്നര്‍ഥമുള്ള വാക്കുകളൊന്നും ഇല്ല. ഉമ്മുസലമ(റ)യില്‍ നിന്നുള്ള പ്രസ്‌തുത നിവേദനത്തിലുള്ളത്‌ ഫദ്വജ്ജനാസുന്‍ മിന്‍ ക്വൗമിഹീ (അപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബക്കാരില്‍ ചിലര്‍ പൊട്ടിക്കരഞ്ഞു) എന്നാണ്‌. ദ്വജ്ജ എന്ന പദത്തിന്‌ നിഘണ്ടുക്കളിലുള്ള അര്‍ഥം പൊട്ടിക്കരഞ്ഞു അഥവാ നിലവിളിച്ചു എന്നാണ്‌. ഉമ്മുസലമ(റ)യില്‍ നിന്നും അബൂഹുറയ്‌റ(റ)യില്‍ നിന്നുമുള്ള രണ്ടു ഹദീസുകളിലും `കണ്ണ്‌ ആത്മാവിനെ പിന്തുടരും' എന്നാണുള്ളത്‌. നോക്കിക്കൊണ്ടിരിക്കും എന്നല്ല. മരണത്തിന്‌ ശേഷം അഥവാ ആത്മാവിനെ അല്ലാഹു പൂര്‍ണമായി പിടിച്ചെടുത്ത ശേഷം കണ്ണ്‌ അതിനെ പിന്തുടരും അഥവാ പിന്നാലെ പോകും എന്നാണ്‌ ഹദീസിലുള്ളത്‌. മരണം സംഭവിക്കുന്നതോടെ കണ്ണ്‌ എന്ന ഭൗതികമായ അവയവം പ്രവര്‍ത്തനരഹിതമാകുമെന്ന വസ്‌തുത പ്രാചീനരും ആധുനികരുമായ എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. നബി(സ) പറഞ്ഞത്‌ മരണത്തിനു ശേഷവും കണ്ണുകള്‍ക്ക്‌ സാധാരണ കാഴ്‌ച ഉണ്ടായിരിക്കുമെന്നല്ല. മരണത്തിനു ശേഷം കണ്ണ്‌ ആത്മാവിനെ പിന്തുടരുക എന്നത്‌ അഭൗതികമായ ഒരു കാര്യമാണ്‌. ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിലാണ്‌ നബി(സ) അതിനെ സംബന്ധിച്ച്‌ പറഞ്ഞത്‌. അതിനെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞതില്‍ കൂടുതല്‍ വിശദീകരണം ലഭിക്കാന്‍ നമുക്കൊരു മാര്‍ഗവുമില്ല. മരണത്തിനപ്പുറത്തുണ്ടാകാവുന്ന ഭയങ്കരമായ പരിണതികളെക്കുറിച്ച്‌ ഓര്‍ത്തിട്ടാണ്‌ അബൂസലമ(റ)യുടെ ബന്ധുക്കള്‍ പൊട്ടിക്കരഞ്ഞത്‌.

മുഹമ്മദ്‌ നബി(സ) അല്ലാഹുവിന്റെ ദൂതനാണെന്ന്‌ വ്യക്തമായ ദൃഷ്‌ടാന്തങ്ങള്‍കൊണ്ട്‌ ബോധ്യമായ സ്വഹാബികള്‍ മരണത്തിനപ്പുറത്തുള്ള കാര്യങ്ങളെ സംബന്ധിച്ച്‌ ദിവ്യവെളിപാടുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളെ ഒരിക്കലും സംശയാസ്‌പദമായി ഗണിച്ചിട്ടില്ല. അവയെ അനിഷേധ്യമായ അഭൗതിക സത്യമായിട്ടാണ്‌ അവര്‍ വിലയിരുത്തിയത്‌. മരണത്തിന്‌ ശേഷമുള്ള കാര്യങ്ങളെ സംബന്ധിച്ച്‌ പ്രവാചകന്മാര്‍ മുഖേന ലഭിച്ചതല്ലാത്ത യാതൊരറിവും മനുഷ്യര്‍ക്ക്‌ നേടാനാവില്ല. ഈ വിഷയത്തില്‍ പൗരാണിക അറബികളും ആധുനിക മനുഷ്യരുമെല്ലാം തുല്യമാണ്‌. ചോദ്യകര്‍ത്താവിന്റെയും `മുസ്‌ലിമി'ന്റെയും അറിവിന്റെ പരിധിക്കപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച്‌ തര്‍ക്കിക്കുന്നത്‌ നിരര്‍ഥകവും നിഷ്‌ഫലവുമായിരിക്കും.

ലാക്‌റ്റോജന്‍ കുടിക്കുന്ന കുട്ടിയുടെ മൂത്രംമുലപ്പാല്‍ കുടിക്കുന്ന ആണ്‍കുട്ടി വസ്‌ത്രത്തില്‍ മൂത്രമൊഴിച്ചാല്‍ ആ ഭാഗത്ത്‌ വെള്ളം തളിച്ച ശേഷം വുദ്വുവെടുത്ത്‌ നമസ്‌കരിക്കാമെന്നാണല്ലോ. എന്നാല്‍ എനിക്ക്‌ മുലപ്പാല്‍ വളരെ കുറവായതിനാല്‍ കുട്ടിക്ക്‌ ലാക്‌റ്റോജന്‍ കൂടി നല്‌കാറുണ്ട്‌. കുട്ടിയുടെ പ്രായം നാല്‌പത്‌ ദിവസമാണ്‌. ലാക്‌റ്റോജന്‍ കഴിക്കുന്ന കുട്ടി മൂത്രമൊഴിച്ചാല്‍ ആ ഭാഗത്ത്‌ വെള്ളം തളിച്ചാല്‍ മതിയാകുമോ?
റാബിയ ഹസന്‍, മഞ്ചേരി

ഇത്‌ സംബന്ധമായ ഹദീസില്‍ നബി(സ)യുടെ വാക്കായി വന്നിട്ടുള്ളത്‌ `മുല കുടിക്കുന്ന ആണ്‍കുട്ടി' എന്ന്‌ മാത്രമാണ്‌. മുല കുടിക്കുന്ന കുട്ടിക്ക്‌, മുലപ്പാല്‍ കുറവായതിനാല്‍ അതിനു പുറമെ മറ്റേതെങ്കിലും പാല്‍ കുടിപ്പിക്കുന്നുണ്ടെങ്കിലും, അതുകൊണ്ട്‌ അവന്റെ മൂത്രം സംബന്ധിച്ച മതവിധിയില്‍ വ്യത്യാസം വരുകയില്ല. അവന്റെ പ്രധാന ആഹാരം കട്ടിയുള്ള ഭക്ഷണമാണെങ്കില്‍ മാത്രമേ മൂത്രം സ്‌പര്‍ശിച്ച വസ്‌ത്രവും മറ്റും കഴുകല്‍ നിര്‍ബന്ധമാവുകയുള്ളൂ. ഇതാണ്‌ പ്രമുഖരായ പൂര്‍വിക പണ്ഡിതന്മാരുടെ അഭിപ്രായം.

ലൈംഗികബന്ധം സന്താനോല്‍പാദനത്തിന്‌ മാത്രമോ?``സന്താനോല്‌പാദനത്തിന്‌ മാത്രമേ സ്‌ത്രീകളുമായി ലൈംഗികബന്ധം പാടുള്ളൂ. മൃഗങ്ങളെല്ലാം തന്നെ വര്‍ഷത്തിലൊരിക്കലോ അല്ലെങ്കില്‍ അവയ്‌ക്ക്‌ നിശ്ചയിക്കപ്പെട്ട സമയത്തോ ആണ്‌ ഇണചേരുക. മനുഷ്യനും അതുപോലെ സന്താനോല്‌പാദനത്തിന്‌ മാത്രമേ ഇണചേരാന്‍ പാടുള്ളൂ'' -ഒരു ശ്രീനാരായണ ഗുരു ഭക്തന്റെ പ്രഭാഷണത്തില്‍ നിന്നാണ്‌ ഈ ഉദ്ധരണി. ഈ അഭിപ്രായത്തോട്‌ `മുസ്‌ലിം' എങ്ങനെ പ്രതികരിക്കുന്നു?
അബ്‌ദുല്‍അഹദ്‌, മലപ്പുറം

ഇസ്‌ലാം മനുഷ്യനെ മൃഗകുടുംബത്തിലെ ഒരു മെമ്പറായിട്ടല്ല ഗണിക്കുന്നത്‌. വിശുദ്ധഖുര്‍ആന്‍ പറയുന്നു: ``തീര്‍ച്ചയായും ആദം സന്തതികളെ (മനുഷ്യരെ) നാം ആദരിക്കുകയും കരയിലും കടലിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും വിശിഷ്‌ടമായ വസ്‌തുക്കളില്‍ നിന്ന്‌ നാം അവര്‍ക്ക്‌ ഉപജീവനം നല്‌കുകയും നാം സൃഷ്‌ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക്‌ നാം സവിശേഷമായ ശ്രേഷ്‌ഠത നല്‌കുകയും ചെയ്‌തിരിക്കുന്നു'' (17:50). ``തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയില്‍ സൃഷ്‌ടിച്ചിരിക്കുന്നു'' (95:4). ഭൂമിയില്‍ ധാരാളം ഉത്തരവാദിത്വങ്ങള്‍ സ്വാതന്ത്ര്യത്തോടെ നിര്‍വഹിക്കേണ്ടതിനായി നിയോഗിക്കപ്പെട്ട സ്ഥാനപതി എന്നതാണ്‌ ഖുര്‍ആനിക വീക്ഷണത്തില്‍ മനുഷ്യന്റെ സവിശേഷത.

മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ലഭിക്കുന്ന ദൈവദത്തമായ സ്വാതന്ത്ര്യം ലൈംഗികജീവിതത്തിനും ബാധകമാകുന്നു. ദൈവദത്തമായ സ്വാതന്ത്ര്യം അനിയന്ത്രിതമായി കൈയാളാനുള്ളതല്ല. സര്‍വജ്ഞനായ ദൈവത്തിന്റെ അന്യൂനമായ മാര്‍ഗദര്‍ശനത്തിന്‌ വിധേയമായിട്ടാണ്‌ സ്വാതന്ത്ര്യം വിനിയോഗിക്കേണ്ടത്‌. സ്വന്തം ജീവിതപങ്കാളിയുമായി ലൈംഗികവേഴ്‌ച ആര്‍ത്തവവേളയിലും ചില പ്രത്യേക ആരാധനാ കര്‍മങ്ങള്‍ക്കിടയിലും മാത്രമേ ഇസ്‌ലാം വിലക്കിയിട്ടുള്ളൂ. വ്യഭിചാരവും പ്രകൃതിവിരുദ്ധ രതിയും കര്‍ശനമായി വിലക്കിയിരിക്കുന്നു.

സ്രഷ്‌ടാവും രക്ഷിതാവുമായ ദൈവം അനുവദിച്ച കാര്യങ്ങള്‍ വിലക്കാന്‍ മറ്റാര്‍ക്കും അധികാരമില്ല. മനുഷ്യന്‌ ഗുണകരമായ കാര്യങ്ങളാണ്‌ പരമകാരുണികനായ ദൈവം കല്‌പിക്കുകയും അനുവദിക്കുകയും ചെയ്‌തിട്ടുള്ളത്‌. മനുഷ്യന്‌ ദോഷകരമായ കാര്യങ്ങളാണ്‌ ദൈവം നിഷിദ്ധമായി വിധിച്ചിട്ടുള്ളത്‌. ദോഷകരമായിത്തീരുന്ന ലൈംഗികവേഴ്‌ചകളെല്ലാം സര്‍വജ്ഞനായ ദൈവം നിരോധിച്ചിട്ടുണ്ട്‌. മനുഷ്യന്‌ പരിമിതമായ അറിവേ ഉള്ളൂ. പരമമായ ജ്ഞാനം ദൈവത്തിന്‌ മാത്രമേയുള്ളൂ.

ഇസ്‌ലാമിക ദൃഷ്‌ട്യാ ലൈംഗികവികാരം സന്താനോല്‌പാദനത്തിലേക്ക്‌ നയിക്കുന്ന ഒരു രാസത്വരകം മാത്രമല്ല. മനുഷ്യബന്ധങ്ങളെയൊക്കെ സമ്പുഷ്‌ടമാക്കുന്ന സ്‌നേഹം, കാരുണ്യം എന്നീ വികാരങ്ങളുടെ സാഫല്യത്തിന്‌ ആധാരമായി വര്‍ത്തിക്കുന്ന ഒരു ഘടകവും കൂടിയാണത്‌. മനുഷ്യജീവിതം സംതൃപ്‌തവും സമാധാനപൂര്‍ണവും വിജയകരവുമായിത്തീരുന്നതില്‍ വൈകാരിക സാഫല്യത്തിനുള്ള പങ്ക്‌ മനശ്ശാസ്‌ത്രജ്ഞര്‍ക്കിടയിലും സാമൂഹ്യശാസ്‌ത്രജ്ഞര്‍ക്കിടയിലും പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാകുന്നു. വിശുദ്ധഖുര്‍ആന്‍ ഈ വിഷയത്തിലേക്ക്‌ വെളിച്ചം വീശുന്നത്‌ നോക്കൂ: ``നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വം ഒത്തുചേരേണ്ടതിന്നായി നിങ്ങളില്‍ നിന്ന്‌ തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്‌ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്‌തതും അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളുണ്ട്‌.'' (30:21)

സന്താനോല്‌പാദനത്തിന്‌വേണ്ടി മാത്രമേ ഇണചേരാന്‍ പാടുള്ളൂവെന്ന്‌ നിഷ്‌കര്‍ഷിച്ചാല്‍ ഒന്നിലധികം സന്തതികള്‍ക്ക്‌ ജന്മം നല്‌കാന്‍ പാടില്ല എന്ന്‌ നിയമമുള്ള ചൈനയിലെ യുവ ദമ്പതിമാര്‍ കഷ്‌ടത്തിലായിപ്പോവും. പ്രജനനശേഷി ഒട്ടുമില്ലാത്ത ദമ്പതിമാരുടെ കാര്യവും തഥൈവ. ശ്രീ ശങ്കരന്റെയും ശ്രീനാരായണഗുരുവിന്റെയും ദര്‍ശനങ്ങള്‍ അദൈ്വതത്തില്‍ അധിഷ്‌ഠിതമാണല്ലോ. എല്ലാം ദൈവമാണെന്നും ദൈവമല്ലാതൊന്നുമില്ലെന്നും സിദ്ധാന്തിക്കുന്ന അദൈ്വതവാദ പ്രകാരം, ലൈംഗികബന്ധത്തെ അനുവദനീയമെന്നും നിഷിദ്ധമെന്നും വേര്‍തിരിക്കാനുള്ള ന്യായമൊന്നും `മുസ്‌ലിം' കണ്ടിട്ടില്ല.

സിയാറത്തിനു വേണ്ടി ഖബ്‌ര്‍ കെട്ടിപ്പൊക്കാമോ?


അല്‍കഹ്‌ഫ്‌ സൂറത്തിലെ 21ാം സൂക്തത്തില്‍ ഖബ്‌റിന്മേല്‍ കെട്ടിടമുണ്ടാക്കുന്നതിന്‌ തെളിവുണ്ടെന്നും ഇത്‌ പാടില്ലെന്ന്‌ പറയുന്ന ഹദീസ്‌ സജ്ജനങ്ങളുടെ ഖബ്‌റിന്‌ ബാധകമല്ലെന്നും സിയാറത്ത്‌ ചെയ്യുന്നവര്‍ക്ക്‌ വെയിലും മഴയും ഏല്‌ക്കാതിരിക്കാന്‍ വേണ്ടി സാലിഹീങ്ങളുടെ ഖബ്‌റിന്‌ മേല്‍പുരയുണ്ടാക്കുന്നത്‌ പുണ്യകര്‍മമാണെന്നും ചില പണ്ഡിതന്മാര്‍ പറയുന്നു? ഈ വാദത്തിന്‌ പ്രമാണങ്ങളുടെ പിന്‍ബലമുണ്ടോ?
എം അബ്‌ദുല്‍ഗഫൂർ, നല്ലളം

ഒരു കാര്യം ഇസ്‌ലാമില്‍ നിര്‍ബന്ധമാണെന്നോ പുണ്യകരമാണെന്നോ നിഷിദ്ധമാണെന്നോ ഉള്ള മതവിധി വിശുദ്ധഖുര്‍ആനില്‍ നിന്ന്‌ നേരിട്ട്‌ കണ്ടുപിടിക്കാന്‍ നാലു ഇമാമുകളുടെ കാലശേഷമുള്ള ആര്‍ക്കും അര്‍ഹതയില്ലെന്നാണ്‌ കേരളത്തിലെ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ എക്കാലത്തും ഉറപ്പിച്ചു പറഞ്ഞു പോന്നിട്ടുള്ളത്‌. ഖുര്‍ആനില്‍ നിന്നോ നബിചര്യയില്‍ നിന്നോ ഇമാം ശാഫിഈയും ഇമാം അബൂഹനീഫയും കണ്ടെത്തിയതല്ലാത്ത യാതൊരു മതവിധിയും ഈ അടിസ്ഥാനത്തില്‍ കേരളത്തിലെ യാഥാസ്ഥിതികര്‍ സ്വീകരിക്കാന്‍ പാടില്ല. എന്നാല്‍, അല്‍കഹ്‌ഫ്‌ സൂറത്തിലെ 21ാം സൂക്തം ജാറം നിര്‍മാണം പുണ്യകരമാണെന്നതിന്‌ തെളിവാണെന്ന്‌ ഒരു മദ്‌ഹബിന്റെ ഇമാമും പറഞ്ഞിട്ടില്ല എന്നതാണ്‌ സത്യം. അങ്ങനെ ഉണ്ടെങ്കില്‍ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ അത്‌ ഉദ്ധരിക്കട്ടെ.

കേരളത്തിലെ ഏറ്റവും പ്രശസ്‌തനായ ശാഫിഈ പണ്ഡിതന്‍ ശൈഖ്‌ സൈനുദ്ദീന്‍ മഖ്‌ദൂമാണ്‌. അദ്ദേഹത്തിന്റെ സുപ്രധാന ഗ്രന്ഥമാണ്‌ ഫത്‌ഹുല്‍മുഈന്‍. ഇസ്‌ലാമിക കര്‍മശാസ്‌ത്രത്തിലെ ആധികാരിക പ്രമാണമായിട്ടാണ്‌ കേരളത്തിലെ ശാഫിഈ മദ്‌ഹബുകാരെല്ലാം ഈ ഗ്രന്ഥത്തെ കണക്കാക്കുന്നത്‌. ഖബ്‌റിന്മേല്‍ കെട്ടിടമുണ്ടാക്കല്‍ നിഷിദ്ധമാണെന്നും പൊതുസ്ഥലത്താണ്‌ കെട്ടിടമുണ്ടാക്കിയതെങ്കില്‍ അത്‌ പൊളിച്ചുനീക്കേണ്ടതാണെന്നുമാണ്‌ ശൈഖ്‌ മഖ്‌ദൂം ഈ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. സജ്ജനങ്ങളുടെ ഖബ്‌റിന്മേല്‍ കെട്ടിടമുണ്ടാക്കല്‍ അനുവദനീയമാണെന്നോ പുണ്യകരമാണെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല.

നബിചര്യയ്‌ക്ക്‌ വില കല്‌പിക്കുന്ന ആരും തള്ളിപ്പറയാത്ത ആധികാരിക ഹദീസ്‌ ഗ്രന്ഥമാണ്‌ സ്വഹീഹ്‌ മുസ്‌ലിം. ``ഖബ്‌റിന്മേല്‍ കുമ്മായമിടുന്നതും അതിന്മേല്‍ ഇരിക്കുന്നതും റസൂല്‍(സ) നിരോധിച്ചിരിക്കുന്നു'' എന്ന്‌ ജാബിര്‍(റ) എന്ന സ്വഹാബി മുഖേന ഇമാം മുസ്‌ലിമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഇമാം ശാഫിഈ കഴിഞ്ഞാല്‍ ശാഫിഈ മദ്‌ഹബില്‍ ഏറ്റവും പ്രാധാന്യം കല്‌പിക്കപ്പെടുന്ന പണ്ഡിതനാണ്‌ ഇമാം നവവി. അദ്ദേഹത്തിന്റെ രിയാദുസ്സ്വാലിഹീന്‍ എന്ന ഹദീസ്‌ സമാഹാരത്തില്‍ 348ാം അധ്യായത്തില്‍ ഈ ഹദീസ്‌ എടുത്തു ചേര്‍ത്തിട്ടുണ്ട്‌. നവവിയുടെ ഈ ഹദീസ്‌ സമാഹാരം സമസ്‌തക്കാരുടെ മദ്‌റസകളിലും പള്ളിദര്‍സുകളിലും വ്യാപകമായി പഠിപ്പിച്ചുവരുന്നുണ്ട്‌. വിദ്യാര്‍ഥികള്‍ക്ക്‌ അവര്‍ എന്തു ദുര്‍വ്യാഖ്യാനമാണ്‌ പറഞ്ഞുകൊടുക്കാറുള്ളതെന്ന്‌ `മുസ്‌ലിമി'ന്‌ അറിയില്ല.

റസൂലും(സ) ജാബിര്‍ എന്ന സ്വഹാബിയും അദ്ദേഹം ഉദ്ധരിച്ച ഹദീസ്‌ തെന്റ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ ഇമാം മുസ്‌ലിമും ആ ഹദീസ്‌ രിയാദുസ്സ്വാലിഹീന്‍ എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയ ഇമാം നവവിയുമെല്ലാം അല്‍കഹ്‌ഫിലെ 21ാം സൂക്തം അറിയുന്നവരാണ്‌. എന്നിട്ടും ഖബ്‌റിന്മേല്‍ കെട്ടിടമുണ്ടാക്കരുത്‌ എന്ന വിലക്ക്‌ ആ സൂക്തത്തിനെതിരാണെന്ന്‌ അവര്‍ക്കാര്‍ക്കും മനസ്സിലായില്ലെന്നല്ലേ സമസ്‌ത പുരോഹിതന്മാരുടെ വാദത്തിന്റെ ധ്വനി? ഖബ്‌ര്‍ സിയാറത്ത്‌ എന്ന പുണ്യകര്‍മത്തെപ്പറ്റി ധാരണയില്ലാത്തവരായിരുന്നില്ലല്ലോ റസൂലും(സ) സ്വഹാബികളും സച്ചരിതരായ പൂര്‍വികന്മാരും. സജ്ജനങ്ങളുടെ ഖബ്‌റും ദുര്‍ജനങ്ങളുടെ ഖബ്‌റും തമ്മില്‍ കെട്ടിടമുണ്ടാക്കുന്നത്‌ സംബന്ധിച്ച വിധിയുടെ കാര്യത്തില്‍ വ്യത്യാസമുണ്ടെന്ന്‌ ഇവരാരും പറഞ്ഞിട്ടില്ല.

പ്രാര്‍ഥന ഉറക്കെ ചൊല്ലാമോ?ഒരു സ്‌ത്രീ മരണപ്പെട്ടു. അവര്‍ക്കു വേണ്ടി സ്‌ത്രീകള്‍ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിച്ചപ്പോള്‍ അതിലെ പ്രാര്‍ഥനകള്‍ ഉറക്കെ ചൊല്ലുന്നതായി കേട്ടു. മയ്യിത്ത്‌ നമസ്‌കാരത്തില്‍ പ്രാര്‍ഥനകള്‍ ഉറക്കെ ചൊല്ലുന്നതില്‍ തെറ്റുണ്ടോ?

നബി(സ) മയ്യിത്ത്‌ നമസ്‌കാരത്തില്‍ അല്ലാഹുമ്മ ഗ്‌ഫിര്‍ ലഹു എന്ന്‌ തുടങ്ങുന്ന പ്രാര്‍ഥന ചൊല്ലുന്നത്‌ താന്‍ കേട്ടു എന്ന്‌ ഔഫുബ്‌നുമാലിക്‌ പറഞ്ഞതായി മുസ്‌ലിമും നസാഈയും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. പിന്നില്‍ നമസ്‌കരിക്കുന്നവര്‍ കേള്‍ക്കുമാറ്‌ അല്‌പം ഉച്ചത്തില്‍ നബി(സ) ഈ പ്രാര്‍ഥന ചൊല്ലാറുണ്ടായിരുന്നു എന്നത്രെ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. പിന്നിലുള്ളവര്‍ ഈ പ്രാര്‍ഥന അറിയാത്തവരാണെങ്കില്‍ അവര്‍ക്ക്‌ പഠിക്കാന്‍ അവസരമൊരുക്കാന്‍ വേണ്ടി ഇമാം ഇത്‌ അല്‌പം ഉച്ചത്തില്‍ ചൊല്ലുന്നതിന്‌ പ്രത്യേക പ്രസക്തിയുണ്ട്‌. സ്‌ത്രീകളുടെ മയ്യിത്ത്‌ നമസ്‌കാരത്തിന്‌ ഇമാമാകുന്ന സ്‌ത്രീയും ഈ ആവശ്യാര്‍ഥം പ്രാര്‍ഥന അല്‌പം ഉച്ചത്തിലാക്കുന്നത്‌ നിഷിദ്ധമല്ലെന്നാണ്‌ കരുതാവുന്നത്‌. ഇത്‌ വിലക്കുന്ന ഹദീസൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല.

ജമാഅത്തുകാരും ബിദ്‌അത്ത്‌ നിര്‍വചനവും

``ജമാഅത്ത്‌ മഹല്ലുകളിലും വൃത്തങ്ങളിലും ഒരുവിധ ശിര്‍ക്ക്‌ ബിദ്‌അത്തുകളും നടക്കുന്നില്ല. സലഫികള്‍ ശിര്‍ക്ക്‌ ബിദ്‌അത്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെല്ലാം അങ്ങനെത്തന്നെയാണോ എന്ന്‌ പരിശോധിക്കേണ്ടതുമുണ്ട്‌. നാലു സുന്നി മദ്‌ഹബുകളില്‍ ഏതെങ്കിലും ഒന്ന്‌ അംഗീകരിച്ച ചില ആചാരങ്ങള്‍ അപ്പടി ബിദ്‌അത്താണ്‌ എന്ന്‌ വിധി കല്‌പിക്കാന്‍ വയ്യ. റബീഉല്‍ അവ്വലില്‍ പ്രവാചകനെ അനുസ്‌മരിക്കുകയും തിരുമേനിയുടെ അധ്യാപനങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുന്ന പരിപാടികളെല്ലാം ബിദ്‌അത്താണെന്ന അഭിപ്രായം മറ്റു പലര്‍ക്കുമെന്ന പോലെ ജമാഅത്തിനുമില്ല.''

നബിദിനത്തിലെ ക്വിസ്‌ പ്രോഗ്രാം ന്യായീകരിച്ചുകൊണ്ട്‌ മാര്‍ച്ച്‌ 12ന്റെ പ്രബോധനത്തില്‍ (പേ. 30) പ്രസിദ്ധീകരിച്ചത്‌. മുസ്‌ലിമിന്റെ പ്രതികരണമെന്താണ്‌?

ഡോ. പി മുസ്‌തഫ, നീര്‍ചാല്‍, കണ്ണൂര്‍
ജമാഅത്തുകാര്‍ ശിര്‍ക്കും ബിദ്‌അത്തും ചെയ്യുന്നവരാണെന്നോ പ്രചരിപ്പിക്കുന്നവരാണെന്നോ മുജാഹിദുകള്‍ ആരോപിക്കാറില്ല. എന്നാല്‍ ശിര്‍ക്കിനും ബിദ്‌അത്തുകള്‍ക്കുമെതിരില്‍ മുജാഹിദുകള്‍ നടത്തുന്ന ബോധവത്‌കരണത്തെ, സമുദായത്തെ ഭിന്നിപ്പിക്കുന്ന നടപടിയായി ചിത്രീകരിച്ചുകൊണ്ട്‌ ജമാഅത്തുകാര്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്‌തിട്ടുണ്ട്‌. മുജാഹിദുകള്‍ രാഷ്‌ട്രീയശിര്‍ക്കില്‍ അകപ്പെട്ടിരിക്കുകയാണെന്ന്‌ സ്ഥാപിക്കാനും അവര്‍ ലേഖനങ്ങളിലൂടെ ശ്രമിച്ചിട്ടുണ്ട്‌. `മതമില്ലാത്ത ജീവന്റെ' വക്താക്കളായ ഭൗതികവാദികള്‍ക്ക്‌ നിരുപാധികം രാഷ്‌ട്രീയപിന്തുണ നല്‌കുന്നതിനെ തൗഹീദിന്റെ താല്‌പര്യമെന്നോണം അവര്‍ ന്യായീകരിച്ചിട്ടുണ്ട്‌. ജമാഅത്ത്‌ മഹല്ലുകളില്‍ യാതൊരു വിധ ബിദ്‌അത്തുകളും നടക്കുന്നില്ല എന്ന്‌ പറയുന്നതോടൊപ്പം ബിദ്‌അത്തിന്റെ നിര്‍വചനത്തില്‍ മായം കലര്‍ത്തുന്നത്‌ നെറികേടാണ്‌.

നാലു മദ്‌ഹബ്‌ ഇമാമുകളും ആ മദ്‌ഹബുകളിലെ പ്രമുഖ പണ്ഡിതന്മാരും അംഗീകരിച്ച നിലപാട്‌ ഒരു കാര്യം മതാചാരമായി സ്വീകരിക്കണമെങ്കില്‍ അത്‌ അല്ലാഹുവോ റസൂലോ(സ) പഠിപ്പിച്ചതായിരിക്കണമെന്നാണ്‌. അല്ലാഹുവോ റസൂലോ(സ) പഠിപ്പിക്കാത്ത വല്ല മതാചാരവും ആരെങ്കിലും നടപ്പാക്കിയാല്‍ അത്‌ ബിദ്‌അത്ത്‌ എന്ന നിലയില്‍ തള്ളിക്കളയേണ്ടതാണ്‌ എന്ന കാര്യത്തില്‍ മദ്‌ഹബ്‌ ഇമാമുകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. ഫത്‌ഹുല്‍മുഈന്‍ ഉള്‍പ്പെടെയുള്ള ശാഫിഈഫിഖ്‌ഹിന്റെ ഗ്രന്ഥങ്ങളില്‍ ചില നമസ്‌കാരങ്ങളും നോമ്പുകളും ബിദ്‌അത്താണെന്ന്‌ വ്യക്തമാക്കിയിട്ടുള്ളത്‌ അവയ്‌ക്ക്‌ നബിചര്യയില്‍ തെളിവില്ലാത്തതുകൊണ്ട്‌ തന്നെയാണ്‌. ഇതേ നിലപാട്‌ തന്നെയാണ്‌ ഈ വിഷയത്തില്‍ മുജാഹിദുകള്‍ക്കുള്ളത്‌. പ്രാമാണികമായ ഹദീസിനെക്കാള്‍ മദ്‌ഹബീ വീക്ഷണത്തിന്‌ മുന്‍ഗണന നല്‌കുന്ന രീതി നാലു മദ്‌ഹബിന്റെ ഇമാമുകളും അംഗീകരിച്ചിട്ടില്ല. പില്‌ക്കാലത്ത്‌ മദ്‌ഹബീ പക്ഷപാതിത്വത്തിന്‌ മുസ്‌ലിം സമൂഹത്തില്‍ വേരോട്ടമുണ്ടായപ്പോഴാണ്‌ ഇമാമിന്റെ വാക്കിന്‌ നബിവചനത്തെക്കാള്‍ പ്രാധാന്യം കല്‌പിക്കുന്ന ദുഷ്‌പ്രവണത വളര്‍ന്നുവന്നത്‌.

റബീഉല്‍അവ്വലില്‍ നബിദിനം ആചരിക്കണമെന്നോ മൗലീദ്‌ ഓതണമെന്നോ നബിദിന പ്രഭാഷണമോ ക്വിസ്സോ നടത്തണമെന്നോ നാലു ഇമാമുകളും അഭിപ്രായപ്പെട്ടിട്ടില്ല. നബി(സ) മാതൃക കാണിക്കാത്ത ഈ കാര്യങ്ങളെ മതാചാരമാക്കാന്‍ പാടില്ലെന്ന്‌ മുജാഹിദുകള്‍ പറയുന്നത്‌ പ്രബലമായ ഹദീസിന്റെയും നാലു ഇമാമുകള്‍ ഉള്‍പ്പെടെയുള്ള സച്ചരിതരായ പൂര്‍വികരുടെ നിലപാടിന്റെയും പിന്‍ബലത്തിലാണ്‌. എല്ലാതരം ബിദ്‌അത്തുകാരും കൂടി ഒരു രാഷ്‌ട്രീയ കോണ്‍ഫെഡറേഷന്‍ രൂപീകരിക്കുകയോ വോട്ടുകച്ചവടം നടത്തുകയോ ചെയ്യുക എന്ന അജണ്ട മദ്‌ഹബ്‌ ഇമാമുകളോ അവരുടെ പ്രമുഖ ശിഷ്യന്മാരോ അംഗീകരിക്കുന്നതല്ല. പ്രവാചക വ്യക്തിത്വത്തെ പരിചയപ്പെടുത്തുന്ന ക്ലാസുകളും പ്രഭാഷണങ്ങളും എല്ലാ കാലത്തും നടത്താം. അതുപോലെ തന്നെയാണ്‌ ക്വിസ്‌ പരിപാടികളും മറ്റും. അതൊക്കെ റബീഉല്‍ അവ്വലില്‍ മാത്രം അനുഷ്‌ഠിക്കുന്ന ആചാരങ്ങളാക്കുന്നതിനോടാണ്‌ വിയോജിപ്പ്‌.

ദേശസ്‌നേഹവും സ്വാതന്ത്ര്യസമരവും

ദേശസ്‌നേഹത്തെ സംബന്ധിച്ച്‌ ഇസ്‌ലാമിന്റെ കാഴ്‌ചപ്പാട്‌ എന്താണ്‌? ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത്‌ മരണംവരിച്ച മുസ്‌ലിംകള്‍ക്ക്‌ അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുമോ?
അബ്‌ദുല്‍അലീം, കോഴിക്കോട്‌

തന്റെ ജന്മദേശമായ മക്കയോട്‌ തനിക്കുള്ള സ്‌നേഹം നബി(സ) വ്യക്തമായി പ്രകടിപ്പിച്ചുവെന്ന്‌ പ്രബലമായ ഹദീസില്‍ കാണാം. സ്വദേശത്തോടുള്ള സ്‌നേഹം ന്യായവും സ്വാഭാവികവുമായ കാര്യമാണെന്നത്രെ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത സത്യവിശ്വാസികള്‍ക്ക്‌ അല്ലാഹുവിങ്കല്‍ സ്വീകാര്യമാകുന്ന സദുദ്ദേശ്യം ഉണ്ടായിരുന്നെങ്കില്‍ അവര്‍ അല്ലാഹുവിന്റെ പ്രതിഫലത്തിന്‌ അര്‍ഹരാകും. അക്രമഭരണത്തെ ചെറുക്കുക എന്നതും മര്‍ദിതജനതയുടെ മോചനത്തിനുവേണ്ടി പൊരുതുക എന്നതും അല്ലാഹു പ്രോത്സാഹിപ്പിച്ചിട്ടുള്ള കാര്യങ്ങളാണ്‌. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട്‌ ഈ കാര്യങ്ങള്‍ ചെയ്‌തവര്‍ അവന്റെ പ്രതിഫലത്തിന്‌ അര്‍ഹരായിരിക്കും.

പെണ്‍മക്കളുടെ സ്വത്തവകാശം

``ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്‍) വിട്ടേച്ചുപോയ സ്വത്തിന്റെ മുന്നില്‍ രണ്ട്‌ ഭാഗമാണ്‌ അവര്‍ക്കുള്ളത്‌.'' (സൂറതുനിസാഅ്‌ 11)

പെണ്‍കുട്ടികള്‍ മാത്രമുള്ള ഒരു പിതാവിന്റെ അനന്തരാവകാശ സ്വത്തില്‍ മാതൃ-പിതൃ സഹോദരങ്ങള്‍ക്ക്‌ അവകാശം ഉണ്ട്‌. എന്നാല്‍ ആണ്‍കുട്ടികള്‍ മാത്രമുള്ള അല്ലെങ്കില്‍ ഒരാണ്‍കുട്ടി മാത്രമുള്ള ഒരാളുടെ സ്വത്തില്‍ മക്കള്‍ക്ക്‌ മാത്രമാണ്‌ അവകാശമുള്ളത്‌. എന്തുകൊണ്ടാണ്‌ ഇസ്‌ലാം ഇത്തരത്തിലുള്ള ഒരു സ്വത്ത്‌ വ്യവസ്ഥ വെക്കാന്‍ കാരണം. പെണ്‍കുട്ടികളുടെ സംരക്ഷണം ഉദ്ദേശിച്ചിട്ടാണെങ്കില്‍ വിവാഹം കഴിഞ്ഞ പെണ്‍കുട്ടികളുടെ സംരക്ഷണം മാതൃ, പിതൃ സഹോദരങ്ങള്‍ എത്രത്തോളം ചെയ്യാന്‍ സാധ്യതയുണ്ട്‌. ഒരുപാട്‌ കുടുംബങ്ങളില്‍ കുടുംബവഴക്കിനും മറ്റും ഇതു കാരണമായിട്ടുണ്ട്‌.
മുഹമ്മദ്‌, കോഴിക്കോട്‌

അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ അനന്തരാവകാശ നിയമം പ്രഖ്യാപിച്ചിട്ടുള്ളത്‌ അവന്‍ സര്‍വജ്ഞനാണെന്നും അവന്റെ മാര്‍ഗദര്‍ശനം തികച്ചും കുറ്റമറ്റതാണെന്നും വിശ്വസിക്കുന്നവര്‍ക്കു വേണ്ടിയാണ്‌. അല്ലാഹുവിന്റെ വിധി നമ്മുടെ യുക്തിക്കും താല്‌പര്യങ്ങള്‍ക്കും യോജിച്ചാലും ഇല്ലെങ്കിലും സ്വീകരിക്കുക എന്നതാണ്‌ അല്ലാഹുവെ റബ്ബായും ഇലാഹായും അംഗീകരിക്കുന്നതിന്റെ താല്‌പര്യം. അല്ലാഹുവിന്റെ ദീന്‍ സമ്പൂര്‍ണമാണ്‌. അതിന്റെ മുഴുവന്‍ ഭാഗവും അംഗീകരിക്കുന്നവരേ യഥാര്‍ഥ മുസ്‌ലിംകളാവുകയുള്ളൂ.

പുരുഷന്മാര്‍ ഏത്‌ സാഹചര്യത്തിലും തങ്ങളുടെ ആശ്രിതരുടെ ജീവിതച്ചെലവുകള്‍ വഹിക്കണമെന്നാണ്‌ ഇസ്‌ലാമിക നിയമം. സ്‌ത്രീകള്‍ സ്വന്തം ചെലവോ മറ്റുള്ളവരുടെ ചെലവോ വഹിക്കേണ്ടതില്ലെന്നും. പെണ്‍മക്കളുടെ പിതാക്കളോ ഭര്‍ത്താക്കന്മാരോ മരിച്ചാല്‍ അവരുടെ സംരക്ഷണച്ചുമതല സഹോദരന്മാരോ പിതൃവ്യന്മാരോ മറ്റു അടുത്ത പുരുഷബന്ധുക്കളോ വഹിക്കണമെന്നാണ്‌ അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്‌. ഈ ബാധ്യതയുടെ അടിസ്ഥാനത്തിലാണ്‌ പെണ്‍മക്കളുടെ പിതാക്കള്‍ മരിച്ചാല്‍ ഈ അടുത്ത ബന്ധുക്കള്‍ക്ക്‌ ഒരു ചെറിയ വിഹിതം അനന്തരാവകാശം ലഭിക്കുന്നത്‌. അനന്തരാവകാശമായി യാതൊന്നും ലഭിക്കാനില്ലാത്ത സാഹചര്യത്തിലും അനാഥരാകുന്ന പെണ്‍മക്കളുടെ സംരക്ഷണം ഏറ്റവുമടുത്ത പുരുഷബന്ധു തന്നെയാണ്‌ ഏറ്റെടുക്കേണ്ടത്‌. ഇസ്‌ലാമികമായ ബാധ്യതകള്‍ നിറവേറ്റാന്‍ തയ്യാറില്ലാത്തവര്‍ അവകാശങ്ങള്‍ക്ക്‌ വേണ്ടി വാദിക്കാന്‍ അര്‍ഹരുമല്ല. ചില ആളുകള്‍ ഇസ്‌ലാമിക ബാധ്യതകള്‍ പാലിക്കുന്നില്ല എന്നതുകൊണ്ട്‌ അത്‌ സംബന്ധിച്ച നിയമം കാലഹരണപ്പെട്ടു എന്ന്‌ പറയാവുന്നതല്ല.

Followers -NetworkedBlogs-

Followers