ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

പ്രവാചകത്വവും പുരുഷാധിപത്യവും


"ജനസമൂഹങ്ങളെ ദൈവികമാര്‍ഗത്തിലേക്ക്‌ ക്ഷണിക്കാന്‍ ഒരു ലക്ഷത്തി ഇരുപതിനായിരം പ്രവാചകരെ അയച്ചിട്ടുണ്ടെന്ന്‌ ഇസ്ലാം പറയുന്നു. എങ്കിലും അതില്‍ ഒരു പെണ്‍പ്രവാചകന്‍ പോലും ഇല്ലാതെ പോയത്‌ എന്തുകൊണ്ട്‌?" ഇസ്ലാം പുരുഷാധിപത്യത്തിന്റെ മതമാണെന്ന്‌ സമര്‍ഥിക്കാന്‍ ഉദ്ധരിക്കാറുള്ള വരികളാണിത്‌. 'മുസ്‌ലിം' എന്തുപറയുന്നു?

കെ ഇ എസ്‌ ഹമീദ്‌ പരുമണ്ണ 


സോവിയറ്റ്‌ യൂണിയന്‍, ചൈന, ക്യൂബ, വിയറ്റ്‌നാം എന്നീ കമ്യൂണിസ്റ്റ്‌ രാഷ്‌ട്രങ്ങളിലൊന്നും ഇത:പര്യന്തം വനിതാപ്രസിഡന്റോ വനിതാ പ്രധാനമന്ത്രിയോ ഉണ്ടായിട്ടില്ല എന്നതും, ഇന്ത്യയില്‍ കമ്യൂണിസ്റ്റുകള്‍ ഭരിച്ച ബംഗാള്‍, കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നാളിതുവരെ ഒരു വനിത മുഖ്യമന്ത്രിയായിട്ടില്ല എന്നതും കമ്യൂണിസം പുരുഷാധിപത്യ പ്രത്യയശാസ്‌ത്രമാണെന്നതിന്‌ തെളിവാണെന്ന്‌ ആരെങ്കിലും അഭിപ്രായപ്പെട്ടാല്‍ ഇസ്ലാം വിമര്‍ശകര്‍ അത്‌ അംഗീകരിക്കുമോ?




അല്ലാഹു ആദ്യം സൃഷ്‌ടിച്ചത്‌ എന്താണ്‌?

അല്ലാഹു ആദ്യം സൃഷ്‌ടിച്ചത്‌ പേനയാണെന്നും, മറ്റൊരു ഹദീസില്‍ ബുദ്ധിയാണ്‌ ആദ്യം സൃഷ്‌ടിക്കപ്പെട്ടതെന്നും കാണുന്നു. ആദ്യം സൃഷ്‌ടിക്കപ്പെട്ടത്‌ മുഹമ്മദ്‌ നബിയാണെന്ന്‌ മറ്റു ചിലരും പറയുന്നു. അല്ലാഹു ആദ്യം സൃഷ്‌ടിച്ചത്‌ എന്തിനെയാണ്‌?

കെ പി ജംഷിദ്‌ നരിക്കുനി 


"അല്ലാഹുവാണ്‌ ഏതൊരു വസ്‌തുവിന്റെയും സ്രഷ്‌ടാവ്‌'' എന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ (39:62) വ്യക്തമാക്കിയിട്ടുണ്ട്‌. ഇതനുസരിച്ച്‌ അല്ലാഹുവല്ലാത്തതെല്ലാം സൃഷ്‌ടിക്കപ്പെട്ടവയാണ്‌. ഇതില്‍ മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്ക്‌ ഗോചരമാകുന്നതും അല്ലാത്തവയും ഉണ്ടാകും. ആകാശഗോളങ്ങളും ഭൂമിയും ദൃശ്യപ്രപഞ്ചത്തിന്റെ ഭാഗമാണ്‌. അവയുടെ സൃഷ്‌ടിപ്പിനെ സംബന്ധിച്ച്‌ ഒരു ഖുര്‍ആന്‍ സൂക്തത്തില്‍ ഇപ്രകാരം കാണാം: "ആറു ദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്‌ടിച്ചത്‌ അവനത്രെ. അവന്റെ അര്‍ശ്‌ വെള്ളത്തിന്മേലായിരുന്നു'' (11:7). ആകാശങ്ങളും ഭൂമിയും സൃഷ്‌ടിക്കുന്നതിനു മുമ്പ്‌ അല്ലാഹുവിന്റെ അര്‍ശ്‌ ഉണ്ടായിരുന്നു എന്നത്രെ ഈ സൂക്തത്തില്‍ നിന്നും ചില നബിവചനങ്ങളില്‍ നിന്നും ഗ്രഹിക്കാവുന്നത്‌.



എന്താണ്‌ അര്‍ശ്‌? അതിന്റെ ഘടന എങ്ങനെയാണ്‌? ഇതിനൊന്നും വ്യക്തമായ ഉത്തരം വിശുദ്ധ ഖുര്‍ആനില്‍ നിന്നോ പ്രാമാണികമായ ഹദീസുകളില്‍ നിന്നോ ലഭിക്കുന്നില്ല. രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും ഇരിപ്പിടത്തെ അഥവാ അധികാരപീഠത്തെ കുറിക്കാന്‍ മലയാളത്തില്‍ പ്രയോഗിക്കുന്ന സിംഹാസനം എന്ന പദമാണ്‌ അര്‍ശിന്‌ തര്‍ജമയായി പലരും നല്‍കിക്കാണുന്നത്‌. ഈ പദപ്രയോഗത്തിന്റെ സാധുതയെ സംബന്ധിച്ച്‌ 'മുസ്ലിമി'ന്‌ ഉറപ്പിച്ചു പറയാനാവില്ല. അര്‍ശ്‌ ദൃശ്യപ്രപഞ്ചത്തിന്റെ ഭാഗമല്ലെന്നാണ്‌ 11:7 സൂക്തത്തിന്റെ സൂചന.



ഇംറാനുബ്‌നു ഹുസൈനില്‍ നിന്ന്‌ ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: "യമന്‍കാര്‍ നബി(സ)യുടെ അടുത്ത്‌ വന്നിട്ട്‌ പറഞ്ഞു: മതപരമായ അറിവ്‌ നേടാനാണ്‌ ഞങ്ങള്‍ താങ്കളുടെ അടുക്കല്‍ വന്നത്‌. ഈ കാര്യത്തിന്റെ ആരംഭത്തെക്കുറിച്ച്‌ ഞങ്ങള്‍ അങ്ങയോട്‌ ചോദിക്കട്ടെ. അവിടുന്ന്‌ പറഞ്ഞു: അല്ലാഹു ഉണ്ടായിരുന്നു. അവന്‌ മുമ്പ്‌/അവന്റെ കൂടെ/അവനല്ലാതെ യാതൊരു വസ്‌തുവും ഉണ്ടായിരുന്നില്ല. അവന്റെ അര്‍ശ്‌ വെള്ളത്തിന്മേലായിരുന്നു. ദിക്‌റില്‍ അവന്‍ എല്ലാ കാര്യവും എഴുതിവെച്ചു. ആകാശങ്ങളും ഭൂമിയും അവന്‍ സൃഷ്‌ടിക്കുകയും ചെയ്‌തു.'' ദൃശ്യപ്രപഞ്ചം സൃഷ്‌ടിക്കുന്നതിന്‌ മുമ്പ്‌ അര്‍ശ്‌ ഉണ്ടായിരുന്നുവെന്ന്‌ ഈ ഹദീസും സൂചിപ്പിക്കുന്നുണ്ട്‌. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ അര്‍ശാണ്‌ അല്ലാഹു സൃഷ്‌ടിച്ച ആദ്യവസ്‌തുവെന്ന്‌ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ അര്‍ശ്‌ വെള്ളത്തിന്മേലായിരുന്നുവെന്ന്‌ ഖുര്‍ആനിലും ഹദീസിലും വ്യക്തമാക്കിയിട്ടുള്ളതുകൊണ്ട്‌ ആദ്യം സൃഷ്‌ടിക്കപ്പെട്ടത്‌ വെള്ളമാണെന്നത്രെ മറ്റുചില പണ്ഡിതന്മാരുടെ അഭിപ്രായം. വെള്ളവും അര്‍ശും ഒരേ സമയത്തുതന്നെ സൃഷ്‌ടിക്കപ്പെട്ടിരിക്കാനും സാധ്യതയുണ്ട്‌. ആകാശഭൂമികള്‍ക്ക്‌ മുമ്പ്‌ അല്ലാഹു സൃഷ്‌ടിച്ച ജലം ദൃശ്യപ്രപഞ്ചത്തിന്റെ ഭാഗമായ, നമുക്ക്‌ പരിചിതമായ ജലമായിരിക്കാന്‍ സാധ്യതയില്ല. സ്ഥിതി ചെയ്യാന്‍ പാത്രത്തിന്റെയോ പ്രതലത്തിന്റെയോ ആവശ്യമില്ലാത്ത വാതകസമാനമായ ഒരുതരം സവിശേഷജലമായിരിക്കാനാണ്‌ സാധ്യത.



അല്ലാഹു ഏറ്റവും ആദ്യമായി സൃഷ്‌ടിച്ചത്‌ 'പേന'യാണെന്നും, അതിനോട്‌ എഴുതൂ എന്ന്‌ അവന്‍ കല്‍പിച്ചപ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാള്‍വരെ ഉണ്ടാകാനുള്ള കാര്യങ്ങളെല്ലാം ആലേഖനം ചെയ്യപ്പെട്ടുവെന്നും റസൂല്‍(സ) പറഞ്ഞതായി അഹ്മദ്‌, അബൂദാവൂദ്‌, തിര്‍മിദി എന്നിവര്‍ ഉബാദത്തുബ്‌നുസ്സാമിതില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. എന്നാല്‍, അര്‍ശിനെക്കാള്‍ മുമ്പ്‌ പേനയാണ്‌ അല്ലാഹു സൃഷ്‌ടിച്ചതെന്ന്‌ ഉറപ്പിച്ചുപറയാന്‍ മാത്രം പ്രബലമായ തെളിവല്ല ഈ ഹദീസ്‌. നേരത്തെ ഉദ്ധരിച്ച ബുഖാരിയുടെ ഹദീസിന്റെ വാചകഘടനപ്രകാരം പേനയുടെ സൃഷ്‌ടിപ്പും സര്‍വകാര്യങ്ങളുടെയും ആലേഖനവും അര്‍ശിനെ സൃഷ്‌ടിച്ചതിനു ശേഷമായിരിക്കാന്‍ സാധ്യതയുണ്ട്‌. ആദ്യം സൃഷ്‌ടിക്കപ്പെട്ടത്‌ ബുദ്ധിയാണെന്നോ മുഹമ്മദ്‌ നബി(സ)യാണെന്നോ വ്യക്തമാക്കുന്ന പ്രബലമായ തെളിവ്‌ `മുസ്ലിം' കണ്ടിട്ടില്ല.




അത്തഹിയ്യാത്തും സ്വലാത്തും: പ്രാമാണികരൂപം

നമസ്‌കാരത്തിലെ അത്തഹിയ്യാത്ത്‌ എത്രവരെ ഓതണം. ലില്ലാഹി വരെ ഓതിയാല്‍ ശരിയാവില്ലേ? അതിനുശേഷമുള്ള അസ്സലാമുഅലൈക അയ്യുഹന്നബിയ്യു എന്ന വാക്യം ഒഴിവാക്കി ശഹാദത്തും നബിക്കുവേണ്ടിയുള്ള പ്രാര്‍ഥനയും കൊണ്ട്‌ അവസാനിപ്പിക്കാമോ? മുകളില്‍ ഒഴിവാക്കേണ്ട വാക്യം നബിയേ, താങ്കള്‍ക്കും സമാധാനവും ബര്‍കത്തും ഉണ്ടാവട്ടെ എന്നാണല്ലോ. അപ്പോള്‍ നബിയേ എന്ന്‌ വിളിക്കുന്നത്‌ ശിര്‍ക്കാവാന്‍ സാധ്യതയില്ലേ? `



അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദ്‌ എന്ന്‌ പറയുന്നിടത്ത്‌ ഫര്‍ദ്‌ മതിയാകുമോ? ബാക്കിയുള്ള കമാ സ്വല്ലൈത്ത എന്ന്‌ തുടങ്ങുന്ന പ്രാര്‍ഥന സുന്നത്തില്‍ പെട്ടതാണോ. ഫര്‍ദ്‌ വീട്ടാന്‍ മുഴുവനും പ്രാര്‍ഥിക്കേണ്ടതുണ്ടോ?

ടി പി സൈനബി തെക്കില്‍ഫെറി 


നമസ്‌കാരം പോലുള്ള അനുഷ്‌ഠാനങ്ങള്‍ നബി(സ) നിര്‍വഹിച്ചതായി നമുക്ക്‌ വിവരം കിട്ടിയിട്ടുള്ള അതേ രൂപത്തിലാണ്‌ നിര്‍വഹിക്കേണ്ടത്‌. `ഞാന്‍ എങ്ങനെ നമസ്‌കരിക്കുന്നതായി നിങ്ങള്‍ കണ്ടുവോ, അപ്രകാരം തന്നെ നിങ്ങള്‍ നമസ്‌കരിക്കണം' എന്ന്‌ നബി(സ) പറഞ്ഞതായി പ്രാമാണികമായ ഹദീസിലുണ്ട്‌. നിര്‍ത്തത്തിലും റുകൂഇലും ഇരുത്തത്തിലുമൊക്കെ ചൊല്ലേണ്ടത്‌ നബി(സ) അനുചരന്മാര്‍ക്ക്‌ വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്‌. അതിലൊന്നും സ്വന്തം നിലയില്‍ നമ്മള്‍ യാതൊരു മാറ്റവും വരുത്താതിരിക്കുക എന്നതാണ്‌ ന്യായമായ നിലപാട്‌. അത്തഹിയ്യാത്തിന്റെ വാക്കുകള്‍ നബി(സ) അനുചരന്മാര്‍ക്ക്‌ പറഞ്ഞുകൊടുത്തത്‌ അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദ്‌(റ) എന്ന സ്വഹാബിയില്‍ നിന്ന്‌ ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. പദങ്ങളില്‍ നേരിയ വ്യത്യാസത്തോടെ, ആശയത്തില്‍ മാറ്റമില്ലാതെ ഇബ്‌നുഅബ്ബാസ്‌(റ) എന്ന സ്വഹാബിയില്‍ നിന്ന്‌ മുസ്ലിമും ഇത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. `നബിയേ, താങ്കളുടെ മേല്‍ സമാധാനവും അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ' എന്നര്‍ഥമുള്ള വാക്യം രണ്ട്‌ റിപ്പോര്‍ട്ടുകളിലുമുണ്ട്‌. ഇത്‌ ഒഴിവാക്കിക്കൊണ്ടുള്ള അത്തഹിയ്യാത്തിന്റെ രൂപം  നബി(സ) പഠിപ്പിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. നബി(സ) പഠിപ്പിച്ച വാക്യം മോശമാണെന്ന്‌ കരുതുന്നതും അത്‌ ഒഴിവാക്കുന്നതും ഒട്ടും ശരിയല്ല.


ഒരാളെ വിളിച്ച്‌ അയാളോട്‌ പ്രാര്‍ഥിക്കുന്നതും അയാള്‍ക്ക്‌ വേണ്ടി അല്ലാഹുവോട്‌ പ്രാര്‍ഥിക്കുന്നതും വ്യത്യസ്‌തമായ കാര്യങ്ങളാണ്‌. നബിയേ, താങ്കള്‍ എന്നെ സഹായിക്കേണമേ എന്ന്‌ അവിടുത്തെ വിയോഗത്തിന്‌ ശേഷം തേടുന്നത്‌ അഥവാ പ്രാര്‍ഥിക്കുന്നത്‌ ശിര്‍ക്കാണ്‌. അല്ലാഹുവല്ലാത്ത ആരോടും, യാതൊന്നിനോടും പ്രാര്‍ഥിക്കരുതെന്ന്‌ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ വിലക്കിയിട്ടുണ്ട്‌. എന്നാല്‍ `നബിയേ, താങ്കളുടെ മേല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള സമാധാനമുണ്ടായിരിക്കട്ടെ' എന്ന്‌ പറയുന്നത്‌ ശിര്‍ക്കല്ല. കാരണം, ഈ വാക്യത്തില്‍ നബി(സ)യോടല്ല അല്ലാഹുവോടാണ്‌ പ്രാര്‍ഥന. ഇത്തരത്തിലുള്ള പ്രാര്‍ഥന പ്രാമാണികമായ ഹദീസുകളില്‍ വേറെയും കാണാം. ശ്‌മശാനങ്ങളില്‍ ചെന്നാല്‍ അവിടെ ഖബ്‌റടക്കപ്പെട്ടവര്‍ക്ക്‌ സലാം പറയാന്‍ നബി(സ) പഠിപ്പിച്ചത്‌ ഇപ്രകാരമാണ്‌: “ഈ ഖബ്‌റുകളിലുള്ള മുസ്ലിംകളേ, മുഅ്‌മിനുകളേ, നിങ്ങള്‍ക്ക്‌ സമാധാനമുണ്ടായിരിക്കട്ടെ. അല്ലാഹു ഉദ്ദേശിച്ചാല്‍ ഞങ്ങളും നിങ്ങളുടെ കൂട്ടത്തില്‍ ചേരാന്‍ പോവുകയാണ്‌. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും സൗഖ്യം നല്‍കാന്‍ അല്ലാഹുവോട്‌ ഞാന്‍ അപേക്ഷിക്കുന്നു.” (ബുറൈദ(റ)യില്‍നിന്ന്‌ മുസ്ലിം ഉദ്ധരിച്ചത്‌)



അത്തഹിയ്യാത്തിനുശേഷം സ്വലാത്ത്‌ ചൊല്ലേണ്ട രൂപം നബി(സ) പഠിപ്പിച്ചത്‌ ബുഖാരിയും മുസ്ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അല്ലാഹുമ്മ സ്വല്ലി...... ഇന്നക ഹമീദുന്‍ മജീദ്‌ എന്നതാണ്‌ ആ രൂപം. അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ എന്ന്‌ മാത്രമായി നമസ്‌കാരത്തില്‍ ചൊല്ലാന്‍ നബി(സ) പഠിപ്പിച്ചുവെന്ന്‌ പ്രാമാണികമായ ഹദീസുകളിലൊന്നും കാണുന്നില്ല. അതിനാല്‍ ഫര്‍ദ്‌ അത്രത്തോളമാണെന്നും ബാക്കി സുന്നത്താണെന്നും പറയാന്‍ പ്രത്യേക തെളിവൊന്നുമില്ല. ഈ സ്വലാത്തിനെ ഫര്‍ദും സുന്നത്തുമായി വിഭജിച്ചത്‌ പില്‍ക്കാല പണ്ഡിതന്മാരാണ്‌. റസൂല്‍(സ) അങ്ങനെ വിഭജിച്ചിട്ടില്ല. അതിനാല്‍ നാം ചെയ്യേണ്ടത്‌ അവിടുന്ന്‌ പഠിപ്പിച്ചതുപോലെ അല്ലാഹുമ്മ സ്വല്ലി എന്നതു മുതല്‍ ഹമീദുന്‍ മജീദ്‌ എന്നുവരെ പൂര്‍ണരൂപത്തില്‍ സ്വലാത്ത്‌ ചൊല്ലുകയാണ്‌.




ഫാസിസവും പ്രതിരോധവും

ഫാസിസ്റ്റ്‌ ഭീകരതയെ ചെറുക്കാന്‍ യുവാക്കളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പ്രതിരോധസംഘടനകളെ മുസ്‌ലിംസമൂഹം എതിര്‍ക്കേണ്ടതുണ്ടോ? ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ സമുദായം വളരെ ഭീതിയിലും ആശങ്കയിലും കഴിയുന്ന സാഹചര്യത്തില്‍ പ്രതിരോധ സമിതികള്‍ സമുദായത്തിന്‌ തുണയും മുതല്‍ക്കൂട്ടുമല്ലേ? രൂക്ഷമായ വിമര്‍ശനത്തിന്‌ വിധേയരായിക്കൊണ്ടിരിക്കുന്ന പ്രതിരോധ സംഘടനയ്‌ക്ക്‌ പകരമായി ബദല്‍ നിര്‍ദേശം വെക്കാന്‍ പ്രതിരോധ സംഘടനാ വിരുദ്ധകര്‍ക്ക്‌ എന്താണുള്ളത്‌? 

എഫ്‌ എന്‍ പാലക്കാട്‌ 



ഇന്ത്യയിലെ മുസ്‌ലിംകളുടെ അവസ്ഥയെ സംബന്ധിച്ച്‌ വ്യത്യസ്‌ത കാഴ്‌ചപ്പാടുകളുണ്ടാകാം. മുഴുവന്‍ മുസ്‌ലിംകളും തീര്‍ത്തും അരക്ഷിതരാണെന്നായിരിക്കും തികച്ചും ദോഷൈകദൃക്കുകളായിട്ടുള്ള ആളുകള്‍ കരുതുന്നത്‌. സര്‍ക്കാര്‍ സര്‍വത്ര അവഗണിക്കുന്നു, ജനപ്രതിനിധി സഭകളിലും ഉദ്യോഗങ്ങളിലും അര്‍ഹമായ സ്ഥാനം ലഭിക്കുന്നില്ല, വര്‍ഗീയ വിവേചനത്തിന്‌ ഇരയാകുന്നു, കലാപങ്ങള്‍ക്കും കയ്യേറ്റങ്ങള്‍ക്കും ഇരയാകുന്നു എന്നിങ്ങനെ ധാരാളം പരാതികള്‍ അവര്‍ക്ക്‌ ഉന്നയിക്കാനുണ്ടാകും. ദോഷങ്ങള്‍ മാത്രമേ അവരുടെ ശ്രദ്ധയില്‍ പെടൂ. ഇന്ത്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന സൗഭാഗ്യങ്ങള്‍ അവര്‍ക്ക്‌ ശ്രദ്ധേയമായോ പ്രസ്‌താവ്യമായോ തോന്നുകയില്ല. കടുത്ത അശുഭചിന്തയില്ലാത്ത ആളുകളുടെ കാഴ്‌ചപ്പാട്‌ ഇതില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തമായിരിക്കും. പല രാഷ്‌ട്രങ്ങളെയും അപേക്ഷിച്ച്‌ മുസ്‌ലിംകള്‍ക്ക്‌ അഭിപ്രായപ്രകടനത്തിനും സംഘടിക്കാനും പ്രബോധനംനടത്താനും കൂടുതല്‍ സ്വാതന്ത്ര്യമുള്ള നാടാണ്‌ ഇന്ത്യ എന്ന വസ്‌തുതയിലായിരിക്കും അവരുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. ഏറ്റവും കടുത്ത മുസ്‌ലിംവിരോധം പുലര്‍ത്തുന്ന മോഡി ഭരിക്കുന്ന ഗുജറാത്തില്‍ പോലും മുസ്‌ലിംകള്‍ക്ക്‌ ആരാധനാ-പ്രബോധന സ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടില്ല. എന്നാല്‍ കമ്യൂണിസ്റ്റുരാഷ്‌ട്രങ്ങളിലും ചില ജനാധിപത്യ മതേതര രാഷ്‌ട്രങ്ങളിലും ചില മുസ്‌ലിംഭൂരിപക്ഷ രാഷ്‌ട്രങ്ങളില്‍ പോലും ഇന്ത്യയിലുള്ളത്ര വിപുലമായ സ്വാതന്ത്ര്യം മുസ്‌ലിംകള്‍ക്ക്‌ ലഭിക്കുന്നില്ല എന്നതാണ്‌ സത്യം.



ഇന്ത്യയിലെ ഹിന്ദുസമൂഹത്തിലെ ഒരു ന്യൂനപക്ഷം മാത്രമാണ്‌ ഫാസിസ്റ്റ്‌ പ്രവണതകള്‍ പ്രകടിപ്പിക്കുന്നവര്‍. ബഹുഭൂരിപക്ഷം ഹിന്ദുക്കളും മതനിരപേക്ഷ ജനാധിപത്യത്തിന്റെ പക്ഷത്ത്‌ നില്‌ക്കുന്നവരും മുസ്‌ലിംകളെ ശത്രുതയോടെ വീക്ഷിക്കാത്തവരുമാണ്‌. എന്നാല്‍ ഫാസിസ്റ്റുകളെ പ്രതിരോധിക്കാന്‍ മുസ്‌ലിംകള്‍ സംഘടിച്ചാല്‍ അതിനെ ഒരു ഹിന്ദുവിരുദ്ധ നീക്കമായി ചിത്രീകരിക്കുക എന്നതാണ്‌ ഫാസിസ്റ്റ്‌ മറുതന്ത്രം. വര്‍ഗീയമായി ചിന്തിക്കാത്ത ഹിന്ദുക്കളുടെ മനസ്സില്‍ പോലും മുസ്‌ലിംവിരോധം വളരുകയത്രെ ഇതിന്റെ ഫലം. മാറാട്‌ സംഭവം വര്‍ഗീയ ധ്രുവീകരണത്തിന്‌ എത്രമാത്രം ആക്കം കൂട്ടിയിട്ടുണ്ട്‌ എന്ന കാര്യം ശരാശരി പത്രവായനക്കാര്‍ക്കെല്ലാം അറിയാവുന്നതാണ്‌. ഇസ്‌ലാമിക പ്രബോധനസംരംഭങ്ങളും തെറ്റുധാരണകള്‍ നീക്കാനുള്ള ശ്രമങ്ങളും ഒട്ടൊക്കെ വിഫലമാകാനും വര്‍ഗീയ ധ്രുവീകരണം ഒരു നിമിത്തമായിത്തീരും. വര്‍ഗീയസംഘര്‍ഷം സമൂഹത്തിനും രാഷ്‌ട്രത്തിനും കഷ്‌ടനഷ്‌ടങ്ങള്‍ വരുത്തിവെക്കുമെന്നതിനാല്‍ അതിന്‌ വഴിയൊരുക്കുന്നവരെ ഭരണകൂടം കര്‍ക്കശമായി നേരിടുമ്പോഴും വിവിധ മതക്കാരായ ധാരാളം പേര്‍ക്ക്‌ കഷ്‌ടനഷ്‌ടങ്ങള്‍ നേരിടും. ചുരുക്കത്തില്‍ സാമുദായിക പ്രതിരോധശ്രമങ്ങള്‍ കൊണ്ട്‌ വെളുക്കാന്‍ തേച്ചത്‌ പാണ്ഡാകുന്ന അനുഭവമേ ഉണ്ടാകൂ. ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ശത്രുത പുലര്‍ത്താത്ത മതേതര സംഘടനകളുമായി സഹകരിച്ചുകൊണ്ട്‌ മാത്രമേ സംഘപരിവാറിന്റെ വിദ്രോഹനടപടികളെ പരാജയപ്പെടുത്താന്‍ കഴിയൂ. മുസ്‌ലിം പ്രതിരോധസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സംഘപരിവാറിന്‌ കരുത്ത്‌ പകരുകയേയുള്ളൂ. മുസ്‌ലിം ഭീകരതയുടെ പേരുപറഞ്ഞ്‌ സഹതാപ തരംഗം സൃഷ്‌ടിക്കാന്‍ എല്ലാ അടവുകളും അവര്‍ പയറ്റും.




രണ്ടാം റക്‌അത്തില്‍ താഴെയുള്ള സൂറത്തോ?

നമസ്‌കാരത്തില്‍ ഫാതിഹ പാരായണം ചെയ്‌ത ശേഷം ഏതെങ്കിലും സൂറത്ത്‌ പാരായണം ചെയ്യുന്നത്‌ സുന്നത്തുള്ള കാര്യമാണല്ലോ. അപ്രകാരം ചെയ്യുമ്പോള്‍ ഒന്നാം റക്‌അത്തില്‍ പാരായണം ചെയ്‌ത സൂറത്തിന്റെ താഴെയുള്ള സൂറത്തേ രണ്ടാം റക്‌അത്തില്‍ പാരായണം ചെയ്യാവൂ എന്ന്‌ നിബന്ധനയുണ്ടോ? അല്ലെങ്കിലും മേലെ സൂറത്ത്‌, താഴെ സൂറത്ത്‌ എന്നതിന്റെ അടിസ്ഥാനമെന്താണ്‌?


കെ പി അബൂബക്കര്‍ മുത്തനൂര്‍ 


ഒന്നാമത്തെ റക്‌അത്തില്‍ ഓതുന്ന സൂറത്തിന്റെ താഴെയുള്ള സൂറത്തായിരിക്കണം രണ്ടാമത്തെ റക്‌അത്തില്‍ ഓതുന്നതെന്ന്‌ നബി(സ) നിര്‍ദേശിച്ചതായി പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. രാത്രി നമസ്‌കാരത്തിലെ ഒന്നാമത്തെ റക്‌അത്തില്‍ തന്നെ ആദ്യമായി സൂറത്തു ബഖറയും രണ്ടാമതായി സൂറത്തുന്നിസാഉം മൂന്നാമതായി സൂറത്തു ആലുഇംറാനും നബി(സ) ഓതിയതായി ഹുദൈഫ(റ)യില്‍ നിന്ന്‌ മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. നമസ്‌കാരത്തില്‍ ഖുര്‍ആന്‍ ഓതുന്നത്‌ മുസ്‌ഹഫിലുള്ള അതേ ക്രമത്തില്‍ തന്നെ ആകണമെന്നില്ലെന്നാണ്‌ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌.



ജനങ്ങള്‍ക്ക്‌ ഇമാമായി നമസ്‌കരിക്കുമ്പോള്‍ വശ്ശംസി വദ്വുഹാഹാ, സബ്ബിഹിസ്‌മ റബ്ബികല്‍ അഅ്‌ലാ, ഇഖ്‌റഅ്‌ ബിസ്‌മി റബ്ബിക്ക, വല്ലൈലി ഇദാ യഗ്‌ശാ എന്നീ ഏറെ ദൈര്‍ഘ്യമില്ലാത്ത സൂറത്തുകള്‍ ഓതണമെന്ന്‌ മുആദി(റ)നോട്‌ നബി(സ) കല്‌പിച്ചതായി മുസ്‌ലിമിന്റെ ഒരു ഹദീസില്‍ കാണാം. ഈ സൂറത്തുകള്‍ നബി(സ) എടുത്തുപറഞ്ഞത്‌ മുസ്‌ഹഫിലുള്ള ക്രമത്തിലല്ല. ഇവ ഏതേത്‌ റക്‌അത്തുകളില്‍ ഓതണമെന്ന്‌ നബി(സ) നിര്‍ണയിച്ചിട്ടുമില്ല.



താഴെയുള്ള സൂറത്ത്‌, മേലെയുള്ള സൂറത്ത്‌ എന്നീ വാക്കുകള്‍ നബിവചനങ്ങളില്‍ കാണുന്നില്ല. മേലേ പതിനഞ്ച്‌, താഴേ പതിനഞ്ച്‌ എന്നീ പ്രയോഗങ്ങള്‍ മലയാളികള്‍ക്കിടയില്‍ മാത്രമുള്ളതാണെന്ന്‌ തോന്നുന്നു. ദീര്‍ഘമായ സൂറത്തുകള്‍, ചുരുങ്ങിയ സൂറത്തുകള്‍ എന്നീ പ്രയോഗങ്ങള്‍ ചില ഹദീസുകളില്‍ കാണാം. ഗ്രഹണനമസ്‌കാരത്തെ സംബന്ധിച്ച ഒരു ഹദീസില്‍ ഓരോ നിര്‍ത്തവും അതിന്റെ മുമ്പത്തേതിനേക്കാള്‍ ദൈര്‍ഘ്യം കുറഞ്ഞതായിരുന്നുവെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. രണ്ടാമത്തെ റക്‌അത്തില്‍ നബി(സ) ഓതിയ സൂറത്ത്‌ ഒന്നാമത്തേതില്‍ ഓതിയതിനേക്കാള്‍ ദൈര്‍ഘ്യം കുറഞ്ഞതായിരുന്നുവെന്ന്‌ ഈ ഹദീസില്‍ സൂചനയുണ്ട്‌. ഏതെങ്കിലുമൊരു സൂറത്ത്‌ താഴെ കിടയാണെന്ന്‌ കരുതാന്‍ യാതൊരു ന്യായവുമില്ല.


രണ്ടു ബാങ്കും റവാതിബ്‌ സുന്നത്തും

സുന്നികള്‍ ജുമുഅക്ക്‌ രണ്ട്‌ ബാങ്കുകള്‍ കൊടുക്കുന്നതുകൊണ്ട്‌, അവയ്‌ക്കിടയില്‍ രണ്ട്‌ റക്‌അത്ത്‌ റവാതിബ്‌ സുന്നത്ത്‌ നമസ്‌കരിക്കാന്‍ കഴിയുന്നു. മുജാഹിദുകള്‍ക്ക്‌ അതിനു കഴിയുന്നില്ല. അപ്പോള്‍ സുന്നികള്‍ ചെയ്യുന്നതല്ലേ ശരി?


കെ കെ അബ്‌ദുല്‍ മജീദ്‌ പൊന്നാനി 


സുന്നി എന്ന വാക്കിന്റെ ശരിയായ അര്‍ഥം നബിചര്യ അഥവാ നബിതിരുമേനി പറഞ്ഞതും പ്രവര്‍ത്തിച്ചതും അംഗീകരിച്ചതുമായ മാതൃക പിന്തുടരുന്നവന്‍ എന്നാണ്‌. നബി(സ)യുടെയും അബൂബക്കര്‍, ഉമര്‍(റ) എന്നീ ഖലീഫമാരുടെയും കാലത്ത്‌ ജുമുഅക്ക്‌ ഒരു ബാങ്ക്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന്‌ ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത പ്രാമാണികമായ ഹദീസില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌. ജുമുഅക്ക്‌ മുമ്പ്‌ നബി(സ) റവാതിബ്‌ സുന്നത്ത്‌ നമസ്‌കരിക്കുകയോ നമസ്‌കരിക്കാന്‍ അനുചരരോട്‌ കല്‌പിക്കുകയോ ചെയ്‌തിട്ടില്ല. എന്നാല്‍ പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ സുന്നത്തുള്ള തഹിയ്യത്ത്‌ നമസ്‌കാരം ജുമുഅക്ക്‌ എത്തുമ്പോഴും സുന്നത്താണ്‌. നബി(സ) ഖുത്വ്‌ബ നിര്‍വഹിക്കുന്നതിനിടയില്‍ പള്ളിയില്‍ കടന്ന്‌ ഇരുന്ന അനുചരനോട്‌ എഴുന്നേറ്റ്‌ രണ്ടു റക്‌അത്ത്‌ നമസ്‌കരിക്കാന്‍ അവിടുന്ന്‌ കല്‌പിച്ചതായി പ്രബലമായ ഹദീസില്‍ കാണാം.


വസ്‌ത്രധാരണവും നബിചര്യയും

മുസ്‌ലിംകള്‍ തങ്ങള്‍ ജീവിക്കുന്ന നാട്ടിലെ ആളുകള്‍ ധരിക്കുന്ന വസ്‌ത്രമല്ല ധരിക്കേണ്ടത്‌ എന്നും, നബി(സ) ധരിച്ചിരുന്ന (ഇന്ന്‌ അറബികള്‍ ധരിക്കുന്ന) വസ്‌ത്രധാരണരീതിയാണ്‌ പിന്തുടരേണ്ടത്‌, അതാകുന്നു സുന്നത്ത്‌ എന്നും ചിലര്‍ പ്രചരിപ്പിക്കുന്നു. യഥാര്‍ഥത്തില്‍ നബി(സ)യുടെ വസ്‌ത്രധാരണരീതി എങ്ങനെയായിരുന്നു? മുസ്‌ലിംകള്‍ സ്വന്തം രാജ്യത്തെ വസ്‌ത്രം ധരിക്കുന്നതില്‍ അനൗചിത്യമുണ്ടോ?

അന്‍സാര്‍ ഒതായി 


ഒരു പ്രത്യേക തരം വസ്‌ത്രം മാത്രമേ ധരിക്കാവൂ എന്ന്‌ നബി(സ) പറഞ്ഞതായി പ്രാമാണികമായ ഹദീസുകളിലൊന്നും കാണുന്നില്ല. നബി(സ)യും സ്വഹാബികളില്‍ ചിലരും ഇസാര്‍ അഥവാ മലയാളികള്‍ ധരിക്കുന്നതിനോട്‌ സാമ്യമുള്ള ഉടുതുണി ധരിച്ചിരുന്നതായി ചില ഹദീസുകളില്‍ നിന്ന്‌ ഗ്രഹിക്കാം. പൈജാമ പോലുള്ള വസ്‌ത്രം ധരിക്കുന്നവരും നബി(സ)യുടെ കാലത്തുണ്ടായിരുന്നു. ഏത്‌ വസ്‌ത്രമായാലും നെരിയാണി വിട്ട്‌ താഴോട്ട്‌ ഇറങ്ങരുതെന്ന്‌ നബി(സ) വിലക്കിയിട്ടുണ്ട്‌. അവയവങ്ങള്‍ മുഴപ്പിച്ചു കാണിക്കുന്ന തരത്തിലുള്ള ഇറുകിയ വസ്‌ത്രവും ശരീരം നല്ലവണ്ണം മറയാത്ത വിധത്തിലുള്ള വളരെ നേര്‍ത്ത വസ്‌ത്രവും അനഭിലഷണീയമാണെന്ന്‌ നബിവചനങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നു. കാവി വസ്‌ത്രം ധരിക്കുന്നത്‌ നബി(സ) വിലക്കിയിട്ടുണ്ട്‌. നമസ്‌കാരത്തിലും മറ്റുള്ളവര്‍ക്കിടയിലായിരിക്കുമ്പോഴും പൊക്കിളിനും കാല്‍മുട്ടുകള്‍ക്കും ഇടയിലുള്ള ഭാഗം വെളിപ്പെടാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും ഹദീസുകളില്‍ നിന്ന്‌ മനസ്സിലാക്കാം. ഉടുതുണിക്ക്‌ പുറമെ കുപ്പായവും തലപ്പാവും അദ്ദേഹം പലപ്പോഴും ധരിച്ചിരുന്നു. ഏത്‌ രാജ്യത്തെ വസ്‌ത്രധാരണരീതി സ്വീകരിക്കണമെന്നതല്ല നബി(സ)യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക്‌ വിരുദ്ധമല്ലാത്ത വസ്‌ത്രധാരണ രീതിയായിരിക്കണമെന്നതാണ്‌ സത്യവിശ്വാസികള്‍ നിഷ്‌കര്‍ഷിക്കേണ്ട കാര്യം.

പ്രബോധനവും രൂക്ഷവിമര്‍ശനവും

പല മതങ്ങളും വിശ്വാസങ്ങളും നിലനിര്‍ത്തുന്ന രാജ്യങ്ങളില്‍ വളച്ചുകെട്ടില്ലാതെ ഇസ്‌ലാമാണ്‌ സത്യമതം എന്നു പറയാന്‍ പ്രബോധകര്‍ക്ക്‌ ബാധ്യതയില്ലേ? സൂറതു ആലുഇംറാന്‍ 19,83,85 സൂക്തങ്ങള്‍ അതല്ലേ വ്യക്തമാക്കുന്നത്‌. എന്നാല്‍ മറ്റു മതങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട്‌ പ്രബോധനം നടത്തരുത്‌ എന്ന്‌ ചിലര്‍ പറയുന്നു. എന്താണ്‌ മുസ്‌ലിമിന്റെ അഭിപ്രായം?

മുഹമ്മദ്‌ ചാത്തോലി വണ്ടൂര്‍ 



ഇന്ന്‌ മുസ്‌ലിംകളും അമുസ്‌ലിംകളുമായ പലരും ഇസ്‌ലാമിനെ ഒരു സാമുദായിക മതം എന്ന നിലയിലാണ്‌ കാണുന്നത്‌. വിശുദ്ധ ഖുര്‍ആനില്‍ ഇസ്‌ലാം എന്ന പദം പ്രയോഗിച്ചിട്ടുള്ളത്‌ അല്ലാഹുവിന്‌ ജീവിതം സമര്‍പ്പിക്കുക എന്ന ആദര്‍ശപരമായ അര്‍ഥത്തിലാണ്‌. ആ മഹത്തായ ആദര്‍ശം മാത്രമാണ്‌ ആത്യന്തിക സത്യം എന്ന്‌ വളച്ചുകെട്ടില്ലാതെ പറയുക തന്നെ വേണം. അത്‌ പറയാന്‍ രൂക്ഷമായ വിമര്‍ശനശൈലിയുടെ ആവശ്യമില്ല. സത്യമതത്തിന്റെ കടുത്ത ശത്രുവായിരുന്ന ഫിര്‍ഔനോട്‌ സൗമ്യമായ ശൈലിയില്‍ സംസാരിക്കണമെന്നാണ്‌ മൂസാ(അ), ഹാറൂന്‍(അ) എന്നീ പ്രവാചകന്മാരോട്‌ അല്ലാഹു കല്‌പിച്ചത്‌ (20:44). അല്ലാഹുവിന്‌ പുറമെ ജനങ്ങള്‍ പ്രാര്‍ഥിക്കാറുള്ള ദൈവങ്ങളെ അഥവാ ആരാധ്യരെ ശകാരിക്കാന്‍ പാടില്ലെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ (6:108) വിലക്കിയിട്ടുണ്ട്‌. സാക്ഷാല്‍ ലോകരക്ഷിതാവായ അല്ലാഹുവല്ലാത്ത ആരെയും ആരാധിക്കാനോ പ്രാര്‍ഥിക്കാനോ പാടില്ലെന്നും അത്‌ കണിശമായ ഏകദൈവത്വത്തിന്‌ വിരുദ്ധമാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്‌ സത്യപ്രബോധകരുടെ സുപ്രധാന കടമ. കാര്യം ന്യായവും മാന്യവുമായ ശൈലിയില്‍ പറഞ്ഞാല്‍ മതി. രൂക്ഷമായ വിമര്‍ശനം നിമിത്തം ആളുകള്‍ സത്യത്തില്‍ നിന്ന്‌ കൂടുതല്‍ അകലാന്‍ ഇടയായാല്‍ അത്‌ പ്രബോധകന്റെ പരാജയമായിരിക്കും. സാമുദായികവും വര്‍ഗീയവുമായ സങ്കുചിത്വത്തിലേക്കാണ്‌ പ്രബോധകന്‍ ക്ഷണിക്കുന്നതെന്ന്‌ ഇതര സമുദായക്കാര്‍ക്ക്‌ തോന്നാന്‍ ഇടയായാല്‍ അത്‌ പ്രബോധനത്തിന്റെ ഫലപ്രാപ്‌തിയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്‌.

അല്ലാഹു ആകാശത്തിനുള്ളിലോ?


ഒരു വസ്‌തുവിനെ സൃഷ്‌ടിക്കുന്നവന്‍ ആ വസ്‌തുവിന്റെ ഉള്ളിലായിരിക്കും എന്നത്‌ അചിന്ത്യമാണല്ലോ. എന്നാല്‍ അല്ലാഹു ആകാശത്താണ്‌ എന്ന്‌ പ്രമാണങ്ങള്‍ പഠിപ്പിക്കുമ്പോള്‍ ആകാശത്തെ സൃഷ്‌ടിച്ചവന്‍ അല്ലാഹുവാണ്‌ എന്നും പറയുന്നത്‌ കാണാം. ആകാശത്തെ സൃഷ്‌ടിച്ചതിന്‌ മുമ്പ്‌ അല്ലാഹു എവിടെയായിരുന്നു? നിങ്ങള്‍ എവിടെയായിരുന്നാലും അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്‌ എന്ന്‌ പറയുമ്പോള്‍ അല്ലാഹുവിന്റെ സത്തയാണോ, അതല്ല അവന്റെ ദൃഷ്‌ടി (കാഴ്‌ച) യാണോ നമ്മോടൊപ്പമുള്ളത്‌?



കെ പി ജംഷിദ്‌ നരിക്കുനി



വിശുദ്ധഖുര്‍ആനിലെ 67:16, 17 സൂക്തങ്ങളിലാണ്‌ അല്ലാഹുവെ സംബന്ധിച്ച്‌ മന്‍ഫിസ്സമാഇ എന്ന്‌ പറഞ്ഞിട്ടുള്ളത്‌. സമാഅ്‌ എന്ന അറബി ഭാഷാപദത്തിന്‌ ഉന്നതി, ഉന്നതം, ഉപരിഭാഗം എന്നൊക്കെയാണ്‌ അര്‍ഥം. സാമാന്യമായി ആകാശം എന്ന്‌ അര്‍ഥം പറയുന്നു. മന്‍ഫിസ്സമാഇ എന്നതിന്‌ ആകാശത്തിനുള്ളിലുള്ളവന്‍ എന്നര്‍ഥം വരികയില്ല. ആകാശത്തുള്ളവന്‍ എന്നേ വരൂ. ഉപര്യുക്ത ഖുര്‍ആന്‍ സൂക്തങ്ങളില്‍ സമാഅ്‌ എന്ന പദത്തിന്‌ നാം ഉദ്ദേശിക്കുന്ന ഭൗതികമായ വാനലോകം എന്നു തന്നെയാണ്‌ അര്‍ഥമെന്ന്‌ ഉറപ്പിച്ചു പറയാനാവില്ല. 'അല്ലാഹു നിങ്ങളുടെ കൂടെ' 'കണ്‌ഠനാഡിയെക്കാള്‍ അടുത്തുള്ളവന്‍' മുതലായ ഖുര്‍ആനിക പരാമര്‍ശങ്ങള്‍ക്ക്‌ സ്വന്തം വകയായി വ്യാഖ്യാനം നല്‌കാന്‍ മുസ്‌ലിമിന്‌ അവകാശമില്ല. സ്ഥലകാല പരിമിതികള്‍ക്കുള്ളില്‍ കഴിയുന്ന നമ്മള്‍ അല്ലാഹുവെ നമ്മുടെ ധാരണയ്‌ക്ക്‌ അനുരൂപമായി വിലയിരുത്തുമ്പോള്‍ തെറ്റുപറ്റാന്‍ ഏറെ സാധ്യതയുണ്ട്‌.


‘ദൈവമാര്‍ഗം’ എന്നാല്‍ ജിഹാദ്‌ മാത്രമോ?

പള്ളിനിര്‍മാണം, മയ്യിത്ത്‌ സംസ്‌കരണം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം മറ്റു സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍, മതസംഘടനാ പ്രവര്‍ത്തനങ്ങള്‍ മുതലായവക്ക്‌ സകാത്തിന്റെ വിഹിതം മാറ്റിവെക്കുന്നതില്‍ തെറ്റുണ്ടോ? `ദൈവ മാര്‍ഗത്തില്‍' എന്ന വകുപ്പില്‍ പെടാവുന്ന മറ്റു ചില മേഖലകളേയും ഇതില്‍ ഉള്‍പ്പെടുത്തുന്നതിലും വല്ല തകരാറുമുണ്ടോ? ‘ദൈവമാര്‍ഗത്തില്‍’ എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ ജിഹാദ്‌ മാത്രമാണോ? കാലം മാറുന്നതിനനുസരിച്ച്‌ ഫീ സബീലില്ലാഹി എന്നതിന്റെ വ്യാപ്‌തി വര്‍ധിക്കുമല്ലോ, ആ നിലക്ക്‌ സകാത്തിന്റെ പണം വിനിയോഗിക്കുന്നതിന്റെ മതവിധിയെന്താണ്‌?


കെ പി ജംഷിദ്‌ നരിക്കുനി


ദരിദ്രരെയും അഗതികളെയും കടബാധിതരെയും സഹായിക്കലും അടിമകളെ മോചിപ്പിക്കലുമെല്ലാം വിശാലമായ അര്‍ഥത്തില്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്‌. എന്നാല്‍ വിശുദ്ധ ഖുര്‍ആനിലെ 9:60 സൂക്തത്തില്‍ സകാത്തിന്റെ അവകാശികളെക്കുറിച്ച്‌ വിവരിക്കുന്നേടത്ത്‌ ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുറമെയുള്ള ഒരു പ്രത്യേക ഇനമായിട്ടാണ്‌ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ഊര്‍ജിത ശ്രമത്തെ എടുത്തുപറഞ്ഞിട്ടുള്ളത്‌. കാലം മാറുന്നതിനനുസരിച്ച്‌ ഇതിന്റെ പരിധി വിപുലമാകാന്‍ സാധ്യതയുണ്ട്‌ എന്നതില്‍ സംശയമില്ല. എന്നാല്‍ പള്ളി നിര്‍മാണവും മയ്യിത്ത്‌ സംസ്‌കരണവും തൊഴില്‍ പരിശീലനവും നബി(സ)യുടെ കാലത്തും നിര്‍വഹിച്ചിരുന്ന കാര്യങ്ങളാണ്‌. അവയ്‌ക്കുവേണ്ടി അവിടുന്ന്‌ സകാത്ത്‌ ഫണ്ട്‌ വിനിയോഗിച്ചിരുന്നതായി പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും മതസംഘടനകളും നബി(സ)യുടെ കാലത്ത്‌ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവയ്‌ക്കുവേണ്ടി സകാത്ത്‌ ഫണ്ട്‌ വിനിയോഗിക്കുന്ന പ്രശ്‌നം അന്ന്‌ ഉത്ഭവിച്ചിട്ടില്ല.

എന്നാലും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ബോധവത്‌കരണവും ആദര്‍ശ പ്രചാരണവുമാണ്‌ ഒരു സ്ഥാപനത്തിന്റെയോ സംഘടനയുടെയോ കര്‍മപരിപാടിയെങ്കില്‍ അതിനുവേണ്ടി സകാത്ത്‌ ഫണ്ടില്‍ നിന്ന്‌ ഒരു വിഹിതം വിനിയോഗിക്കാവുന്നതാണ്‌. സകാത്തിന്റെ പ്രധാന അവകാശികള്‍ ഫഖീര്‍, മിസ്‌കീന്‍ എന്നീ വിഭാഗങ്ങളാണെന്നത്രെ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും ഹദീസുകളില്‍ നിന്നും മനസ്സിലാക്കാവുന്നത്‌. അതിനാല്‍ ആ വിഭാഗങ്ങളെ അവഗണിച്ചുകൊണ്ട്‌ മറ്റേതെങ്കിലും വിഭാഗത്തിലേക്ക്‌ മാത്രമായി സകാത്ത്‌ തുക വിനിയോഗിക്കാവുന്നതല്ല. `ദൈവമാര്‍ഗത്തില്‍' എന്നതുകൊണ്ട്‌ ജിഹാദ്‌ മാത്രമാണ്‌ ഉദ്ദേശ്യമെന്ന്‌ പറയാന്‍ ഖണ്ഡിതമായ തെളിവൊന്നും കണ്ടിട്ടില്ല. ജിഹാദ്‌ എന്നാല്‍ തന്നെ ആക്രമണകാരികള്‍ക്കെതിരിലുള്ള ചെറുത്തുനില്‌പും പോരാട്ടവും മാത്രമല്ല. ``ഈ ഖുര്‍ആന്‍ കൊണ്ട്‌ നീ അവരോട്‌ വലിയ ജിഹാദ്‌ നടത്തിക്കൊള്ളുക.'' (വി. ഖു 25:52) എന്ന സൂക്തത്തില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌ ഖുര്‍ആനിന്റെ പിന്‍ബലത്തോടെയുള്ള ഊര്‍ജിതമായ സത്യപ്രബോധനവും സുപ്രധാനമായ ജിഹാദാണെന്നത്രെ.

ആ പലിശയുടെ പേരില്‍ ഞാന്‍ കുറ്റക്കാരിയാകുമോ?

എന്റെ അയല്‍ക്കാരി എന്നോട്‌ കുറച്ച്‌ രൂപ കടമായി ചോദിച്ചു. എന്റെ കൈയില്‍ രൂപയായി കൊടുക്കാനുണ്ടായിരുന്നില്ല. അപ്പോള്‍ സ്വര്‍ണമാണെങ്കിലും മതി, കുറച്ചു മാസം കഴിഞ്ഞ്‌ തരാം എന്നു അവള്‍ പറഞ്ഞു. ഞാന്‍ വീട്ടില്‍ ചോദിച്ച്‌ സ്വര്‍ണം അവര്‍ക്കു കൊടുത്തു. എന്റെ അറിവോടുകൂടി അവരത്‌ പണയം വെച്ച്‌ രൂപയാക്കി. അങ്ങനെ അവര്‍ വാങ്ങിയ ആ പണത്തിന്റെ പലിശയില്‍ ഞാന്‍ തെറ്റുകാരിയാണോ? പലിശ ഹറാമാണെന്ന്‌ അറിഞ്ഞിരിക്കെ ഞാന്‍ സ്വര്‍ണം കൊടുത്തത്‌ തെറ്റാണോ?


നൗഷറ ഉമര്‍ ചെറുതുരുത്തി


പലിശ വാങ്ങലും കൊടുക്കലും നിഷിദ്ധമാണെന്ന്‌ പ്രബലമായ ഒരു ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാം. പലിശ വാങ്ങാന്‍ ആരും നിര്‍ബന്ധിതരാകുന്നില്ല. എന്നാല്‍ ചിലര്‍ക്ക്‌ ചിലപ്പോള്‍ പലിശയ്‌ക്ക്‌ കടം വാങ്ങേണ്ട നിര്‍ബന്ധിതാവസ്ഥയുണ്ടാകാം. നിഷിദ്ധമായ കാര്യം ചെയ്യാന്‍ നിര്‍ബന്ധിതനാകുന്ന വ്യക്തി കുറ്റക്കാരനല്ല. താങ്കളുടെ കൂട്ടുകാരി പണം കടം വാങ്ങിയത്‌ ഒഴിച്ചുകൂടാത്ത ആവശ്യത്തിനാണോ? പലിശ വ്യവസ്ഥയിലല്ലാതെ കടം കിട്ടാന്‍ സാധ്യതയൊന്നും ഇല്ലാത്തതിനാല്‍ പലിശക്ക്‌ കടം വാങ്ങാന്‍ നിര്‍ബന്ധിതയായതാണോ? അങ്ങനെയാണെങ്കില്‍ നിങ്ങള്‍ രണ്ടുപേരും കുറ്റക്കാരാവില്ല. നിര്‍ബന്ധിതാവസ്ഥയില്ലെങ്കില്‍ പലിശ കൊടുക്കല്‍ ഹറാമാണ്‌. ഹറാമായ വിഷയത്തില്‍ ബോധപൂര്‍വം സഹകരിക്കലും ഹറാം തന്നെയാണ്‌. കൂട്ടുകാരിക്ക്‌ കടം അനുപേക്ഷ്യമല്ലെങ്കില്‍ ഇനി പണയം വെക്കാന്‍ സ്വര്‍ണം കൊടുക്കരുത്‌. ചെയ്‌തുപോയതിന്റെ പേരില്‍ നിഷ്‌കളങ്കമായി പശ്ചാത്തപിക്കുക. സാധിക്കുമെങ്കില്‍ സദുപദേശം മുഖേന പലിശ ഇടപാടില്‍ നിന്ന്‌ കൂട്ടുകാരിയെ പിന്തിരിപ്പിക്കുക.

ജമാഅത്ത്‌ രാഷ്‌ട്രീയ പ്രസ്ഥാനത്തില്‍ അംഗമാകാമോ?

ജമാഅത്ത്‌ രൂപീകരിക്കാന്‍ പോകുന്ന രാഷ്‌ട്രീയ സംഘടനയില്‍ അംഗമാകാന്‍ സലഫികളെ ക്ഷണിച്ചുകൊണ്ട്‌ ആ സംഘടനയെ പ്രതിനിധീകരിച്ച്‌ ചിലര്‍ കൊടിയത്തൂരില്‍ പ്രസംഗിച്ചതായി മാധ്യമം (ജനു. 26) പത്രത്തില്‍ വാര്‍ത്ത വായിച്ചു. മുജാഹിദുകള്‍ക്ക്‌ ഏതു രാഷ്‌ട്രീയ സംഘടനയിലും അംഗമാകാന്‍ അനുവാദമുണ്ടല്ലോ എന്നാണ്‌ ആ പ്രഭാഷകന്‍ ചോദിച്ചത്‌. ജമാഅത്ത്‌, എന്‍ ഡി എഫ്‌ തുടങ്ങിയവര്‍ രൂപീകരിക്കുന്ന സംഘടനകളില്‍ മുജാഹിദുകള്‍ക്ക്‌ അംഗങ്ങളാകാന്‍ സാധിക്കുമോ?


ഇ കെ ശൗക്കത്തലി ഓമശ്ശേരി


‘മുഖാമുഖ’ത്തില്‍ പലപ്പോഴും വിശദീകരിച്ചിട്ടുള്ളതുപോലെ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ദോഷകരമായിത്തീരാത്ത രാഷ്‌ട്രീയ നിലപാട്‌ മാത്രമേ മുജാഹിദുകള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ മുസ്‌ലിംകളെല്ലാം സ്വീകരിക്കാന്‍ പാടുള്ളൂ. ഏത്‌ മുന്നണിയെ, കക്ഷിയെ, സ്ഥാനാര്‍ഥിയെ പിന്തുണയ്‌ക്കുമ്പോഴും ആ പിന്തുണകൊണ്ട്‌ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എത്രത്തോളം നന്മ കൈവരും അല്ലെങ്കില്‍ എത്രത്തോളം തിന്മ ഒഴിവാകും എന്നാണ്‌ ഉദ്ദേശശുദ്ധിയുള്ള മുസ്‌ലിംകള്‍ ചിന്തിക്കേണ്ടത്‌. ഏത്‌ രാഷ്‌ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്‌ എന്നൊരു നിലപാട്‌ ഇസ്‌ലാഹീപ്രസ്ഥാനം ഒരിക്കലും സ്വീകരിച്ചിട്ടില്ല.

ഇസ്‌ലാമിനെയോ മുസ്‌ലിംകളെയോ എതിര്‍ക്കുന്നതോ, ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ദോഷം വരുത്താനിടയുള്ളതോ ആയ ഒരു രാഷ്‌ട്രീയ കക്ഷിയിലും മുജാഹിദുകള്‍ അംഗത്വമെടുക്കാന്‍ പാടില്ല. അല്ലാഹു ഹറാമാക്കാത്ത സാമ്പത്തിക ഇടപാടുകള്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്നതുപോലെ, അവന്‍ വിലക്കാത്ത ഭക്ഷണമേ കഴിക്കാന്‍ പാടുള്ളൂ എന്നതുപോലെ അല്ലാഹുവിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക്‌ വിരുദ്ധമല്ലാത്ത രാഷ്‌ട്രീയ നിലപാട്‌ മാത്രമേ മുസ്‌ലിംകള്‍ക്ക്‌ സ്വീകരിക്കാന്‍ പാടുള്ളൂ. ജമാഅത്തെ ഇസ്‌ലാമിയും എന്‍ ഡി എഫും രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക്‌ കൂടുതല്‍ നന്മയാണോ തിന്മയാണോ ഉണ്ടാവുക എന്ന്‌ അവരുടെ പ്രവര്‍ത്തനത്തിലൂടെയാണ്‌ തെളിയേണ്ടത്‌.

അനാഥാലയങ്ങളില്‍ അഗതികളെ പഠിപ്പിക്കാമോ?

അനാഥാലയങ്ങളുടെ ഭാരവാഹികള്‍ അനാഥാലയങ്ങളില്‍ അഗതികളെയും ചേര്‍ത്ത്‌ പഠിപ്പിക്കുന്ന നടപടി സര്‍വസാധാരണമായിരിക്കുന്നു. എന്നാല്‍ അനാഥകളുടെ പേരില്‍ പിരിച്ചെടുക്കുന്ന കാശ്‌ അഗതികള്‍ക്ക്‌ കൂടി കൊടുക്കുന്ന നടപടി ഇസ്‌ലാമിന്‌ വിരുദ്ധമല്ലേ?


കെ പി അബൂബക്കര്‍ മുത്തനൂര്‍


അനാഥകളുടെയെന്ന പോലെ അഗതികളുടെ വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും സമ്പന്നരായ മുസ്‌ലിംകള്‍ സഹായം നല്‌കേണ്ടതാണ്‌. അതിനാല്‍ ഇരുവിഭാഗങ്ങളെയും പരിപാലിക്കാനും പഠിപ്പിക്കാനും വേണ്ടി ഒന്നിച്ചോ വെവ്വേറെയോ സ്ഥാപനങ്ങള്‍ നടത്താവുന്നതാണ്‌. എന്നാല്‍ പൊതുസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ അവയെ സംബന്ധിച്ച വിവരങ്ങള്‍ സംഭാവന നല്‌കുന്നവരില്‍ നിന്ന്‌ മറച്ചുവെക്കാന്‍ പാടില്ല. ഒരാള്‍ അനാഥകളുടെ ആവശ്യത്തിന്‌ മാത്രമേ സംഭാവന നല്‌കാന്‍ ഇഷ്‌ടപ്പെടുന്നുള്ളൂവെങ്കില്‍ അയാളുടെ പണം വാങ്ങി അഗതികള്‍ക്ക്‌ വേണ്ടി ചെലവഴിക്കാവുന്നതല്ല. പുണ്യകരമായ ഏത്‌ കാര്യത്തിനും ദാനം ചെയ്യാന്‍ തയ്യാറുള്ളവരുടെ സംഭാവന കൊണ്ട്‌ അനാഥകളെയും അഗതികളെയും ഒരുപോലെ പരിരക്ഷിക്കാവുന്നതാണ്‌. അനാഥകളോട്‌ താല്‌പര്യം കാണിക്കുന്നതോടൊപ്പം മറ്റു ദരിദ്രരെയും അഗതികളെയും അവഗണിക്കുന്ന നിലപാടിന്‌ സാധുതയുണ്ടെന്ന്‌ ഇപ്പറഞ്ഞതിന്‌ അര്‍ഥമില്ല. ``മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന്‌ നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളിക്കളയുകയും പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രോത്സാഹനം നല്‌കാതിരിക്കുകയും ചെയ്യുന്നവനത്രെ അത്‌'' (വി.ഖു 107:1-3). സത്യദീന്‍ അംഗീകരിക്കുന്നവരെല്ലാം അനാഥകളുടെയും മറ്റു പാവപ്പെട്ടവരുടെയും ഉപജീവനത്തില്‍ സഹായിക്കാന്‍ ബാധ്യസ്ഥരാണെന്നത്രെ ഈ സൂക്തങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌.

മാതാപിതാക്കള്‍ക്ക്‌ വേണ്ടി മക്കള്‍ നമസ്‌കരിക്കാമോ?

മരിച്ചുപോയ മാതാപിതാക്കള്‍ക്കുവേണ്ടി മക്കള്‍ ഹജ്ജ്‌ നിര്‍വഹിച്ചാല്‍ അതിന്റെ പ്രതിഫലം മാതാപിതാക്കള്‍ക്ക്‌ ലഭിക്കുമോ? ഇതുപോലെ നമസ്‌കാരത്തില്‍ അത്ര ശ്രദ്ധയൊന്നും പുലര്‍ത്താതിരുന്ന മാതാപിതാക്കള്‍ മരിച്ചുപോയാല്‍ അവര്‍ക്കുവേണ്ടി നമസ്‌കരിച്ചാല്‍ അല്ലാഹു അവര്‍ക്കുവേണ്ടി അതു സ്വീകരിക്കുമോ? മനുഷ്യന്‍ മരിച്ചുപോയാലും മൂന്ന്‌ കാര്യങ്ങള്‍ അവന്‌ ഉപകാരപ്പെടുമെന്ന്‌ പറഞ്ഞ കൂട്ടത്തില്‍ `തനിക്കുവേണ്ടി പ്രാര്‍ഥിക്കുന്ന നല്ല മക്കള്‍' എന്ന വിഭാഗമുള്ള സ്ഥിതിക്ക്‌ നിര്‍വഹിക്കപ്പെടാതെ പോയ മാതാപിതാക്കളുടെ നമസ്‌കാരം മക്കളിലൂടെ സാധ്യമായാല്‍ പോരേ?


പി റഹ്മാന്‍ കോഴിക്കോട്‌


മാതാപിതാക്കള്‍ക്ക്‌ നിര്‍വഹിക്കാന്‍ കഴിയാതെ പോയ നിര്‍ബന്ധമായ നോമ്പും ഹജ്ജും അവര്‍ക്കുവേണ്ടി മക്കള്‍ നിര്‍വഹിക്കണമെന്ന്‌ നബി

(സ) നിര്‍ദേശിച്ചതായി പ്രാമാണികമായ ഹദീസുകളില്‍ കാണാം. മരിച്ചവര്‍ക്ക്‌ പ്രതിഫലം ലഭിക്കാന്‍ വേണ്ടി അടുത്ത ബന്ധുക്കള്‍ ദാനം ചെയ്യുന്നതിനും പ്രാമാണികമായ ഹദീസില്‍ തെളിവുണ്ട്‌. എന്നാല്‍ മരിച്ച ആള്‍ നിര്‍വഹിക്കാന്‍ വിട്ടുപോയ നിര്‍ബന്ധ നമസ്‌കാരം അയാള്‍ക്കുവേണ്ടി മക്കളോ അടുത്ത ബന്ധുക്കളോ നിര്‍വഹിക്കണമെന്ന്‌ നബി(സ) നിര്‍ദേശിച്ചതായി പ്രാമാണികമായ ഹദീസുകളില്‍ കാണുന്നില്ല. `തനിക്കുവേണ്ടി പ്രാര്‍ഥിക്കുന്ന മക്കള്‍' എന്ന്‌ ഹദീസില്‍ പറഞ്ഞത്‌ മാതാപിതാക്കളുടെ നമസ്‌കാരം മക്കള്‍ `ഖദ്വാ' വീട്ടണം എന്ന അര്‍ഥത്തിലല്ല. മരിച്ചുപോയവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനുള്ള ഒരു അനുഷ്‌ഠാനമല്ലല്ലോ നമസ്‌കാരം. `അല്ലാഹുവേ, എന്റെ മാതാപിതാക്കള്‍ക്ക്‌ പൊറുത്തു കൊടുക്കുകയും അവരോട്‌ കരുണ കാണിക്കുകയും ചെയ്യേണമേ എന്നോ അവരെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും നരകത്തില്‍ നിന്ന്‌ രക്ഷിക്കുകയും ചെയ്യേണമേ എന്നോ മറ്റോ പ്രാര്‍ഥിക്കുന്നതാണ്‌ പരേതനുവേണ്ടി മക്കള്‍ പ്രാര്‍ഥിക്കുന്നതിനെ സംബന്ധിച്ച്‌ പരാമര്‍ശിക്കുന്ന ഹദീസില്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌.

അരയില്‍ ചരട്‌ കെട്ടല്‍

നമ്മുടെ നാട്ടില്‍ ചെറിയ കുട്ടികളും മുതിര്‍ന്നവരും ചരട്‌ (അരാക്ക്‌) അരയില്‍ കെട്ടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്‌. ആയതിന്റെ ഇസ്‌ലാമിക കാഴ്‌ചപ്പാട്‌ എന്താണെന്ന്‌ വിശദീകരിക്കാമോ?


അബ്‌ദുല്‍ഗഫൂര്‍ ഒളവണ്ണ


ചരട്‌ എന്തിനുവേണ്ടി കെട്ടുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും അത്‌ സംബന്ധമായ ഇസ്‌ലാമിക വിധി. തുണി അതില്‍ കോര്‍ത്ത്‌ ഉടുക്കുക പോലുള്ള ഏതെങ്കിലും ലൗകികമായ ആവശ്യത്തിനു വേണ്ടിയാണ്‌ ചരട്‌ കെട്ടുന്നതെങ്കില്‍ അത്‌ തികച്ചും അനുവദനീയമായ കാര്യമാകുന്നു. എന്നാല്‍ ചരട്‌ മുഖേന അഭൗതികമായ വല്ല നേട്ടവും ലഭിക്കുമെന്നോ വല്ല ഉപദ്രവവും നീങ്ങിപ്പോകുമെന്നോ പ്രതീക്ഷിച്ചുകൊണ്ടാണ്‌ അത്‌ കെട്ടുന്നതെങ്കില്‍ അത്‌ ശിര്‍ക്കിന്റെ ഇനങ്ങളില്‍ ഉള്‍പ്പെടുന്നതാണ്‌.

രക്തസ്രാവം നാലു ദിവസം മാത്രമായാല്‍?



സാധാരണ സ്‌ത്രീകള്‍ക്ക്‌ ആര്‍ത്തവം ഉണ്ടാവുന്നത്‌ ആറ്‌-ഏഴ്‌ ദിവസമാണല്ലോ. അധികരിച്ചാല്‍ പതിനഞ്ച്‌ ദിവസം. എന്നാല്‍ ചില സ്‌ത്രീകള്‍ക്ക്‌ നാല്‌ ദിവസം മാത്രം ആര്‍ത്തവം ഉണ്ടാകുന്നു. ഇവര്‍ക്ക്‌ ശുദ്ധിയായി നിസ്‌കാരവും നോമ്പും നിര്‍വഹിച്ചുകൂടെ. അതല്ല, ഏഴാം ദിവസത്തേക്ക്‌ കാത്തിരിക്കേണ്ടതുണ്ടോ?


സുനിത മഞ്ചേരി


ആര്‍ത്തവം ഏറ്റവും ചുരുങ്ങിയത്‌ ഏഴു ദിവസമായിരിക്കുമെന്നോ അതിനേക്കാള്‍ കുറഞ്ഞ കാലയളവില്‍ മാത്രമുണ്ടാകുന്ന രക്തസ്രാവം ആര്‍ത്തവമായി ഗണിക്കാവുന്നതല്ലെന്നോ ഖുര്‍ആനിലും പ്രാമാണികമായ ഹദീസിലും പറഞ്ഞിട്ടില്ല. നാലു ദിവസം കഴിയുന്നതോടെ രക്തസ്രാവം നിലച്ചുപോയാല്‍ കുളിച്ചു നമസ്‌കരിക്കേണ്ടതാണ്‌.

Followers -NetworkedBlogs-

Followers