ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഖുത്വ്‌ബയും സ്വലാത്തും

ജുമുഅ ഖുത്വ്‌ബയുടെ അര്‍കാനുകളില്‍ സാധാരണയായി ഹംദും സ്വലാത്തും തഖ്വാ കൊണ്ടുള്ള വസ്വിയ്യത്തും നടത്തിവരാറാണല്ലോ പതിവ്‌. എന്നാല്‍ ഇതില്‍ നബി(സ)യുടെ പേരില്‍ സ്വലാത്ത്‌ ചൊല്ലേണ്ടതില്ലെന്നും അങ്ങനെ ചെയ്യുന്നത്‌ ബിദ്‌അത്താണെന്നും ഒരു ഖുത്വ്‌ബയില്‍ കേള്‍ക്കാനിടയായി. ഖുത്വ്‌ബയിലും മറ്റു പ്രസംഗങ്ങളിലും നബിയുടെ പേരില്‍ സ്വലാത്ത്‌ ചൊല്ലുന്നത്‌ ബിദ്‌അത്താണോ? നബി(സ)യുടെ ഖുത്വ്‌ബയില്‍ നബി എങ്ങനെയായിരുന്നു ചെയ്‌തിരുന്നത്‌. നബി(സ) സ്വന്തം പേരില്‍ സ്വലാത്ത്‌ ചൊല്ലുക എന്നത്‌ അനൗചിത്യമല്ലേ?



ശഫീഖ്‌ അലി, ഒതായി.


ഖുത്വ്‌ബയുടെ റുക്‌നുകള്‍ അഥവാ ഫര്‍ദ്വുകള്‍ എന്ന പദപ്രയോഗം നബി(സ)യില്‍ നിന്ന്‌ ഉദ്ധരിക്കപ്പെട്ടിട്ടില്ല. എല്ലാ ഖുത്വ്‌ബയിലും നബി(സ) ഉള്‍പ്പെടുത്തിയിരുന്ന കാര്യങ്ങളെ പില്‌ക്കാല പണ്ഡിതന്മാരാണ്‌ റുക്‌നുകള്‍ എന്ന്‌ വിശേഷിപ്പിച്ചത്‌. ഖുത്വ്‌ബയുടെ തുടക്കത്തില്‍ ഹംദും ശഹാദത്ത്‌ കലിമയും നബി(സ) ഒഴിവാക്കാറുണ്ടായിരുന്നില്ലെന്ന്‌ ചില ഹദീസുകളില്‍ നിന്ന്‌ വ്യക്തമാകുന്നുണ്ട്‌. എന്നാല്‍ ജുമുഅ ഖുത്വ്‌ബയുടെ ആരംഭത്തില്‍ നബി(സ) സ്വലാത്ത്‌ ചൊല്ലുകയോ ചൊല്ലാന്‍ കല്‌പിക്കുകയോ ചെയ്‌തതായി പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. എങ്കിലും വിശുദ്ധ ഖുര്‍ആനിലെ 33:56 സൂക്തത്തില്‍ അല്ലാഹു കല്‌പിച്ചിട്ടുള്ള സ്വലാത്ത്‌, ഖുത്വ്‌ബ തുടങ്ങുമ്പോള്‍ ചൊല്ലുന്നത്‌ ബിദ്‌അത്താണെന്ന്‌ പറയാവുന്നതല്ലെന്നാണ്‌ ‘മുസ്‌ലിം’ കരുതുന്നത്‌. സ്വലാത്ത്‌ ഏതെങ്കിലും സന്ദര്‍ഭത്തില്‍ വര്‍ജിക്കേണ്ടതാണെന്ന്‌ അല്ലാഹുവോ റസൂലോ പഠിപ്പിച്ചിട്ടില്ല. നബി(സ)യുടെ മേല്‍ കാരുണ്യം ചൊരിയാന്‍ അല്ലാഹുവോട്‌ പ്രാര്‍ഥിക്കുകയാണ്‌ സ്വലാത്ത്‌. അല്ലാഹുവേ, എന്റെ മേല്‍ കരുണ ചൊരിയണമേ എന്നോ മുഹമ്മദിന്റെ മേല്‍ കരുണ ചൊരിയണമേ എന്നോ നബി(സ) പ്രാര്‍ഥിച്ചാല്‍ അതില്‍ അസാംഗത്യമൊന്നുമില്ല.

നബി(സ)യുടെ അവസാന വാക്ക്‌

“അവസാന വാക്യം ലാഇലാഹ... ആവുന്നത്‌ ശുഭലക്ഷണമായി പഠിപ്പിച്ച തിരുമേനി, അതു ചൊല്ലാതെ പകരം ‘റഫീഖുല്‍ അഅ്‌ലാ’ എന്നു പറഞ്ഞ്‌ മരിച്ചതില്‍ യുക്തി സാധ്യതകള്‍ പലതുണ്ട്‌.” (സുന്നിവോയ്‌സ്‌ -2009, മാര്‍ച്ച്‌) നബി(സ) മരണസമയത്ത്‌ അവസാനമായി പറഞ്ഞത്‌ മേല്‍ വാചകമാണെന്ന്‌ ആഇശ(റ) പറയുന്നതായി ഇതില്‍ എഴുതുന്നു. എത്രമാത്രം സത്യമുണ്ട്‌?


ശൗക്കത്തലി, ചങ്ങരംകുളം.


വല്ലവന്റെയും അവസാനത്തെ വാക്ക്‌ ലാഇലാഹ ഇല്ലല്ലാഹു എന്നായാല്‍ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും എന്ന്‌ നബി(സ) പറഞ്ഞതായി അഹ്മദ്‌, അബൂദാവൂദ്‌ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. സഹീഹു മുസ്‌ലിമിലും മറ്റുമുള്ള കൂടുതല്‍ പ്രബലമായ റിപ്പോര്‍ട്ടുകളില്‍ ലാഇലാഹ ഇല്ലല്ലാഹ്‌ എന്ന യാഥാര്‍ഥ്യം ബോധ്യമുള്ളവനായ നിലയില്‍ മരിച്ചാല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും എന്നാണുള്ളത്‌. ഇത്‌ പ്രകാരം അവസാനത്തെ വാക്ക്‌ ലാഇലാഹ ഇല്ലല്ലാഹ്‌ എന്നാകണമെന്നില്ല. തൗഹീദ്‌ എന്ന ആശയം മുറുകെ പിടിച്ചുകൊണ്ട്‌ ജീവിക്കുകയും മരിക്കുകയും ചെയ്യണം എന്നേയുള്ളൂ.


ആഇശ(റ)യില്‍ നിന്ന്‌ ബുഖാരിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസനുസരിച്ച്‌ റഫീഖുല്‍ അഅ്‌ലാ എന്ന്‌ മാത്രമായിരുന്നില്ല അല്ലാഹുമ്മ ഫിര്‌റഫീഖില്‍ അഅ്‌ലാ എന്നായിരുന്നു നബി(സ)യുടെ അവസാനത്തെ വാക്ക്‌. “അല്ലാഹുവേ, എന്നെ ഉന്നതരായ കൂട്ടുകാരില്‍ ഉള്‍പ്പെടുത്തണമേ” എന്നാണ്‌ ഇതിന്റെ അര്‍ഥം. പ്രവാചകന്മാര്‍, സത്യസന്ധര്‍, രക്തസാക്ഷികള്‍, സച്ചരിതര്‍ എന്നിവര്‍ നല്ല കൂട്ടുകാരാണെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 4:69 സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. പ്രവാചകന്മാരാണ്‌ ഇവരില്‍ ഉന്നത സ്ഥാനീയര്‍. മരണാനന്തര ജീവിതത്തില്‍ അവരോടൊപ്പം സ്ഥാനം നല്‌കാനാണ്‌ അല്ലാഹുവോട്‌ നേരിട്ട്‌ നബി(സ) അവസാനമായി പ്രാര്‍ഥിച്ചത്‌. ഇതില്‍ സൃഷ്‌ടികളോട്‌ പ്രാര്‍ഥിക്കലോ സൃഷ്‌ടികളെ മധ്യവര്‍ത്തികളാക്കി പ്രാര്‍ഥിക്കലോ ഇല്ല. സുന്നീ ലേഖകന്‍ അല്ലാഹുമ്മ എന്ന പദം ഒഴിവാക്കിയത്‌ നബി(സ) സമസ്‌തക്കാരുടെ കൂട്ടത്തില്‍ ചേര്‍ന്ന്‌ ഇസ്‌തിഗാസയോ തവസ്സുലോ നടത്തിയിട്ടുണ്ട്‌ എന്ന്‌ പൊഹ പരത്താന്‍ വേണ്ടിയായിരിക്കാം.

ഹദീസിന്റെ പ്രാമാണികതയും ചില സംശയങ്ങളും

ചില സ്വഹാബികളുടെ ജനനമരണങ്ങള്‍, നബി(സ)യുടെ തന്നെ ജനനവും മരണവും, ഇസ്‌റാഅ്‌, മിഅ്‌റാജ്‌ പോലെയുള്ള ചില പ്രധാന സംഭവങ്ങള്‍ തുടങ്ങിയവയുടെ കാലഗണന, ഹദീസ്‌ റിപ്പോര്‍ട്ടുകളില്‍ കാണുന്ന പദവ്യത്യാസം, ഹദീസ്‌ പ്രാമാണികതയെക്കുറിച്ച്‌ ഹദീസ്‌ പണ്ഡിതന്മാരുടെ അഭിപ്രായഭേദങ്ങള്‍ എന്നിവയൊക്കെ ഹദീസിന്റെ സ്വീകാര്യത സംബന്ധിച്ച്‌ സംശയമുളവാക്കുന്നില്ലേ? ഇതൊക്കെ ഉണ്ടായിരിക്കെ ഹദീസ്‌ ഖണ്ഡിതമായ തെളിവാണെന്ന്‌ എങ്ങനെ പറയാന്‍ കഴിയും?


അബൂനാജിയ, ഷാര്‍ജ.


ഒരു പ്രശസ്‌ത മലയാള കവിയുടെ ജനന തിയ്യതിയോ ചരമദിനമോ ജനന-മരണ സ്ഥലങ്ങളോ സംബന്ധിച്ച്‌ വല്ല കാരണത്താലും ആര്‍ക്കെങ്കിലും അഭിപ്രായഭേദമുണ്ടായാലും അദ്ദേഹത്തിന്റെ കവിതയുടെ മൗലികതയെ അത്‌ ബാധിക്കുകയില്ല. ഇതുപോലെ ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെ ജന്മദിനവും ചരമദിനവും സംബന്ധിച്ച്‌ ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായഭേദം ഉണ്ടായാലും അദ്ദേഹം ഉദ്ധരിച്ച നബിവചനത്തിന്റെ വിശ്വാസ്യതയെ അത്‌ ബാധിക്കുകയില്ല. കാരണം അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ പ്രാമാണികതയ്‌ക്ക്‌ ആധാരം അദ്ദേഹത്തിന്റെ സത്യസന്ധതയും ആദര്‍ശപ്രതിബദ്ധതയും സംബന്ധിച്ച ബോധ്യമാകുന്നു.


നബിചര്യ അഥവാ പ്രവാചക തിരുമേനിയുടെ വാക്കും പ്രവൃത്തിയും അംഗീകാരവുമാണ്‌ ഇസ്‌ലാമിലെ രണ്ടാം പ്രമാണം. ജനനവും മരണവും ചര്യയുടെ പരിധിയില്‍ പെടുന്ന കാര്യങ്ങളല്ല. മുഹമ്മദ്‌ നബി(സ)യുടെ പ്രവാചകത്വത്തില്‍ വിശ്വസിക്കുന്ന ഏതൊരാളെ സംബന്ധിച്ചേടത്തോളവും അദ്ദേഹത്തിന്റെ ചര്യ അനുകരണീയവും മാതൃകായോഗ്യവുമായിരിക്കും. ജനനമരണത്തിയ്യതികള്‍ ഉറപ്പായി അറിയുക എന്നത്‌ ഇതിന്‌ അനിവാര്യമായ ഉപാധിയല്ല. കലണ്ടര്‍ ഉപയോഗിക്കാതിരുന്ന, തിയ്യതികള്‍ എഴുതിവെക്കാറില്ലായിരുന്ന സ്വഹാബികള്‍ ഇസ്‌റാഉം മിഅ്‌റാജും റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോള്‍ നല്‌കിയ സമയവിവരണത്തില്‍ വ്യത്യാസം വന്നുപോയതുകൊണ്ട്‌ ആ സംഭവങ്ങള്‍ ശരിയല്ലെന്ന്‌ വരുന്നില്ല.


എല്ലാ ഹദീസുകളും ഒരുപോലെ അനിഷേധ്യ പ്രമാണമാണെന്നല്ല പൂര്‍വിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത്‌. സ്വഹാബികള്‍ മുതല്‍ ഹദീസ്‌ ഗ്രന്ഥകാരന്മാര്‍ വരെ റിപ്പോര്‍ട്ടര്‍മാര്‍ മുഴുവന്‍ സത്യസന്ധരായി അറിയപ്പെട്ടിട്ടുണ്ടെങ്കിലേ അവര്‍ ഹദീസുകള്‍ക്ക്‌ പ്രാമാണികത കല്‌പിച്ചിരുന്നുള്ളൂ. ചില ഹദീസുകളുടെ നിവേദക പരമ്പരയില്‍ സത്യസന്ധരാണോ, അല്ലേ എന്ന്‌ സംശയമുള്ള ചിലര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാവുന്നതാണ്‌. സത്യസന്ധരെന്ന്‌ ചില നിരൂപകര്‍ അഭിപ്രായപ്പെട്ട റിപ്പോര്‍ട്ടര്‍ മറ്റു നിരൂപകരുടെ വീക്ഷണത്തില്‍ അയോഗ്യനാണെന്നും വരാം. നിവേദകപരമ്പര പ്രബലമാണോ, അല്ലേ എന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാകാന്‍ ഇതൊക്കെയാണ്‌ കാരണം. സത്യസന്ധത സംശയാതീതമായിട്ടുള്ളവരുടെ റിപ്പോര്‍ട്ടിന്‌ മാത്രമേ ആധികാരികത കല്‌പിക്കേണ്ടതുള്ളൂ.

മഹ്‌റും വിവാഹവും

രക്തം, ആന്തരികാവയവം, സേവനം, അറിവ്‌, ആശയം, ബൗദ്ധിക സ്വത്ത്‌, പകര്‍പ്പവകാശം എന്നിവ മഹ്‌റായി പരിഗണിക്കാമോ? മഹ്രര്‍ മൂല്യം എന്തായിരിക്കണം? എയ്‌ഡ്‌സ്‌, എബോള പോലുള്ള മാരകരോഗ, പകര്‍ച്ചവ്യാധി ബാധിതര്‍ക്ക്‌ വിവാഹബന്ധം അനുവദനീയമാണോ? യൗവനം പിന്നിട്ട അവിവാഹിതരുടെ അവിഹിത ബന്ധങ്ങളില്‍ സമൂഹം ഏതു വിധത്തില്‍ ഉത്തരവാദികളാണ്‌?

അലക്‌സ്‌ അബ്ബാസ്‌, കൊല്ലം-പരവൂര്‍.


വിവാഹവേളയില്‍ വരന്‍ വധുവിന്‌ നിര്‍ബന്ധമായി നല്‌കേണ്ട സമ്മാനമാണ്‌ മഹ്രര്‍ എന്നത്രെ വിവിധ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌. വധു ഇഷ്‌ടപ്പെടുന്നതും മൂല്യമുള്ളതുമായ എന്തും മഹ്‌റായി നല്‌കാം എന്നത്രെ പ്രാമാണികമായ ഹദീസുകളില്‍ നിന്ന്‌ മനസ്സിലാക്കാവുന്നത്‌. മഹ്രര്‍ നല്‌കാന്‍ ഒരു ഇരുമ്പ്‌ മോതിരമെങ്കിലും കിട്ടുമോ എന്ന്‌ നോക്കാന്‍ നബി(സ) ഒരു അനുചരനോട്‌ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. വരന്‌ അറിയാവുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ വധുവിനു പഠിപ്പിച്ചു കൊടുക്കുക എന്നത്‌ മഹ്‌റായി നിശ്ചയിച്ചുകൊണ്ടുള്ള ഒരു വിവാഹം നബി(സ)യുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടതായി പ്രബലമായ ഹദീസില്‍ കാണാം. സേവനവും മഹ്‌റാകാമെന്നാണ്‌ ഇതില്‍ വ്യക്തമാകുന്നത്‌.


മഹ്‌റിന്റെ കൂടിയ മൂല്യം ഇത്രയേ ആകാവൂ എന്ന്‌ അല്ലാഹുവോ റസൂലോ(സ) നിര്‍ണയിച്ചിട്ടില്ല. അതുപോലെ തന്നെ ഏറ്റവും ചുരുങ്ങിയ മഹ്രര്‍ ഇത്രയായിരിക്കണമെന്നും നിര്‍ണയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ മഹ്രര്‍ എത്ര വേണമെന്ന്‌ സ്‌ത്രീയോ അവള്‍ക്കുവേണ്ടി രക്ഷിതാവോ ആവശ്യപ്പെടുന്നതില്‍ തെറ്റില്ല. മഹ്രര്‍ വരന്റെ ബാധ്യതയും വധുവിന്റെ അവകാശവുമാണ്‌. ``സ്‌ത്രീകള്‍ക്ക്‌ അവരുടെ വിവാഹമൂല്യങ്ങള്‍ മനസ്സംതൃപ്‌തിയോടുകൂടി നിങ്ങള്‍ നല്‌കുക. ഇനി അതില്‍ നിന്ന്‌ വല്ലതും സന്മനസ്സോടെ അവര്‍ വിട്ടുതരുന്ന പക്ഷം നിങ്ങളത്‌ സന്തോഷപൂര്‍വം സുഖമായി ഭക്ഷിച്ചുകൊള്ളുക.'' (വി.ഖു. 4:4)


പകര്‍ച്ചവ്യാധികളുള്ളവര്‍ വിവാഹം കഴിക്കുന്നത്‌ നിഷിദ്ധമാണെന്ന്‌ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ പറഞ്ഞിട്ടില്ല. എന്നാല്‍ ഇതരരെ വഞ്ചിക്കാനോ അവര്‍ക്ക്‌ ദ്രോഹം ചെയ്യാനോ പാടില്ല എന്ന ഇസ്‌ലാമിക നിയമം ഈ വിഷയത്തില്‍ പ്രസക്തമായിരിക്കും. ഒരു എയ്‌ഡ്‌സ്‌ രോഗി രോഗം മറച്ചുവെച്ചുകൊണ്ട്‌ വിവാഹം കഴിക്കുകയാണെങ്കില്‍ അത്‌ ജീവിതപങ്കാളിയെ വഞ്ചിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന നടപടിയായിരിക്കും. എന്നാല്‍ പകര്‍ച്ചവ്യാധി ചികിത്സിച്ചു മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ഉഭയ സമ്മതപ്രകാരം വിവാഹം നടത്തുന്നതില്‍ തെറ്റില്ല.


അവിവാഹിതരെ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുത്തേണ്ടത്‌ അവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിന്റെ ബാധ്യതയാണെന്നത്രെ വിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌. ``നിങ്ങളിലുള്ള അവിവാഹിതരെയും നിങ്ങളുടെ അടിമകളില്‍ നിന്നും അടിമ സ്‌ത്രീകളില്‍ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുത്തണം. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന്‌ അവര്‍ക്ക്‌ ഐശ്വര്യം നല്‌കുന്നതാണ്‌. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വജ്ഞനുമത്രെ'' (വി.ഖു 24:32). ചെറുപ്പക്കാര്‍ അവിവാഹിതരായി തുടരുന്നത്‌ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനാസ്ഥ കൊണ്ടാണെങ്കില്‍ അവരുടെ സദാചാരഭ്രംശത്തിന്‌ ഇവരും ഉത്തരവാദികളായിരിക്കും.

പുരുഷനും ബുര്‍ഖയോ?

അന്യപുരുഷനെ അന്യസ്‌ത്രീ നോക്കുന്നതും അന്യസ്‌ത്രീയെ അന്യ പുരുഷന്‍ നോക്കുന്നതും ഹറാമാണല്ലോ. ഔറത്ത്‌ മറക്കാന്‍ സ്‌ത്രീകള്‍ ബുര്‍ഖ ധരിക്കുന്നുമുണ്ട്‌. എന്നാല്‍ അന്യസ്‌ത്രീകള്‍ പുരുഷനെ കാണാതിരിക്കാന്‍ പുരുഷനും ബുര്‍ഖ ധരിക്കേണ്ടതല്ലേ?


മുഹമ്മദ്‌ ഹനീഫ, കൊടിഞ്ഞി.





ദൃഷ്‌ടികള്‍ താഴ്‌ത്താന്‍ അഥവാ മോഹത്തോടെയുള്ള നോട്ടം ഒഴിവാക്കാന്‍ വിശുദ്ധഖുര്‍ആനില്‍ ആദ്യമായി കല്‌പിച്ചിട്ടുള്ളത്‌ പുരുഷന്മാരോടാണ്‌; പിന്നീട്‌ സ്‌ത്രീകളോടും. ``നീ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്‌ടികള്‍ താഴ്‌ത്താനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്‌മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തു സൂക്ഷിക്കുവാനും അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും പറയുക.'' (24:30,31) പലരും ആരോപിക്കുന്നതുപോലെ ഇസ്‌ലാം പുരുഷമേധാവിത്വത്തിന്റെ മതമാണെങ്കില്‍ ആദ്യമായി പുരുഷന്മാരുടെ നോട്ടത്തിന്‌ നിയന്ത്രണമേര്‍പ്പെടുത്താന്‍ സാധ്യതയില്ല.


പുരുഷന്മാര്‍ ഗോപ്യഭാഗങ്ങള്‍ മറയുന്ന മാന്യമായ വസ്‌ത്രം ധരിക്കണമെന്ന്‌ തന്നെയാണ്‌ അല്ലാഹുവും റസൂലും(സ) പഠിപ്പിച്ചിട്ടുള്ളത്‌. സ്‌ത്രീകള്‍ മുഖവും കൈപ്പടങ്ങളും ഒഴികെയുള്ള ഭാഗങ്ങള്‍ മുഴുവന്‍ മറയുന്ന വസ്‌ത്രം ധരിക്കണമെന്ന്‌ പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുള്ളത്‌ അവരുടെ തെന്ന സുരക്ഷിതത്വത്തിനുവേണ്ടിയാണ്‌. വിശുദ്ധഖുര്‍ആനില്‍ അല്ലാഹു പറയുന്നത്‌ നോക്കുക: ``നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്‌ത്രീകളോടും തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്‌ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ്‌ ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.'' (33:59)


അംഗലാവണ്യം തുറന്നു കാണിക്കുന്ന വസ്‌ത്രധാരണം സ്‌ത്രീകള്‍ ലൈംഗികകൈയേറ്റത്തിന്‌ ഇരയാകാന്‍ ഒരു പ്രധാനകാരണമാണെന്ന്‌ പല സാമൂഹ്യശാസ്‌ത്രജ്ഞരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. പുരുഷന്മാര്‍ ഏത്‌ തരത്തിലുള്ള വസ്‌ത്രം ധരിച്ചാലും സ്‌ത്രീകള്‍ അവരുടെ നേരെ ലൈംഗികകൈയേറ്റം നടത്തുന്നില്ല എന്നത്‌ അനിഷേധ്യ സത്യമാണ്‌. ലൈംഗികപീഡനത്തിന്‌ ഇരയാകുന്ന സ്‌ത്രീകള്‍ വര്‍ണനാതീതമായ കഷ്‌ടതകള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍, അവര്‍ വേഷത്തിലും വാക്കിലും നോക്കിലും സൂക്ഷ്‌മത പുലര്‍ത്തണമെന്ന്‌ അല്ലാഹു അനുശാസിച്ചത്‌ പക്വമതികള്‍ക്കൊക്കെ യുക്തിസഹമെന്ന്‌ ബോധ്യപ്പെടും. യാഥാര്‍ഥ്യ ബോധമില്ലാത്തവര്‍ മാത്രമേ അനാവശ്യ സംശയങ്ങളുമായി തര്‍ക്കിക്കാന്‍ വരൂ.

ജീലാനിയുടെ പോരിശകള്‍!


ഏപ്രില്‍ 2009 ലെ സുന്നത്ത്‌ മാസികയിലെ അബ്‌ദുല്‍ ഖാദര്‍ ജീലാനി(റ)യെക്കുറിച്ച്‌ വന്ന ലേഖനത്തിലെ ചില ഭാഗങ്ങളാണ്‌ താഴെ ഉദ്ധരിക്കുന്നത്‌:
1). ശൈഖ്‌(റ) ഫുറൂസുല്‍ അജമിയില്‍ ആരാധനയില്‍ മുഴുകി ഇരിക്കുന്ന കാലം, ചിലപ്പോഴൊക്കെ ബഗ്‌ദാദില്‍ പോകുമായിരുന്നു. വഴിമധ്യേ ഒരു വയോവൃദ്ധന്‍ വീണുകിടക്കുന്നതു കണ്ടു. ശൈഖവര്‍കള്‍ക്ക്‌ സങ്കടം തോന്നി. സലാം പറഞ്ഞു. ശേഷം ചോദിച്ചു: നിങ്ങള്‍ എത്ര നേരമായി ഇവിടെ കിടക്കുന്നു? ഞാന്‍ കാലങ്ങളേറെയായി ഇവിടെ കിടക്കുന്നു. എന്നെ എഴുന്നേല്‌പിക്കാന്‍ ശക്തരായ ആരെങ്കിലും ഈ ലോകത്ത്‌ വേണ്ടേ? ശൈഖ്‌(റ) പറഞ്ഞു: എന്നാല്‍ ഞാന്‍ അല്ലാഹുവിന്റെ കുദ്‌റത്ത്‌ കൊണ്ട്‌ നിങ്ങളെ എഴുന്നേല്‌പിക്കാം. തദവസരം പ്രകൃതിയില്‍ അതുവരെയില്ലാത്ത മാറ്റങ്ങള്‍ വന്നുതുടങ്ങി. ആ വയോവൃദ്ധന്‍ സുന്ദരനായ ഒരു യുവാവായി മാറി. ആ യുവാവ്‌ പറഞ്ഞു: ഞാന്‍ മതമാണ്‌. അവശനായ എനിക്ക്‌ നിങ്ങള്‍ പുതുജീവന്‍ നല്‌കിയിരിക്കുന്നു. ഇന്നു മുതല്‍ നിങ്ങള്‍ ‘മുഹ്‌യിദ്ദീന്‍’ ആണ്‌.

2). ശൈഖ്‌ അബൂസകരിയ്യ(റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ മന്ത്രത്താല്‍ ജിന്നുകളെ വരുത്തി. പതിവിനു വിപരീതമായി അന്നു ജിന്നുകള്‍ വൈകിയാണ്‌ വന്നത്‌. കാര്യം തിരക്കിയപ്പോള്‍ ജിന്നുകള്‍ പറഞ്ഞു: ഇന്ന്‌ ശൈഖ്‌ ജീലാനി(റ)വിന്റെ പ്രഭാഷണം ഉണ്ടായിരുന്നു. ഇനി മുതല്‍ ഞങ്ങളെ ശൈഖ്‌(റ) പ്രസംഗിക്കുന്ന ദിവസം വിളിക്കരുത്‌. ഞങ്ങള്‍ക്ക്‌ അതില്‍ പങ്കെടുക്കേണ്ടതുണ്ട്‌. നിങ്ങള്‍ പങ്കെടുക്കാറുണ്ടോ? എന്നു ഞാന്‍ ചോദിച്ചു. അവര്‍ മറുപടി പറഞ്ഞു: മനുഷ്യവര്‍ഗത്തേക്കാള്‍ കൂടുതല്‍ അവിടെ സന്നിഹിതരാവുന്നത്‌ ഞങ്ങളുടെ വര്‍ഗമാണ്‌. ഞങ്ങളില്‍ പലരും അദ്ദേഹം മുഖേന സത്യസരണി പുല്‍കിയവരാണ്‌.

ഇതുപോലെ ധാരാളം അത്ഭുതസംഭവങ്ങള്‍ ശൈഖ്‌ ജീലാനി(റ)യുടെ ജീവിതത്തിലെന്ന പോലെ മരണ ശേഷവും സംഭവിച്ചിട്ടുണ്ടെന്ന്‌ ലേഖകന്‍ പറയുന്നു. ‘മുസ്‌ലിം’ ഇതിനോട്‌ എങ്ങനെ പ്രതികരിക്കുന്നു.

പി എ ബക്കര്‍, കടലുണ്ടി



‘മുഹ്‌യിദ്ദീന്‍’ എന്ന സ്ഥാനപ്പേരില്‍ പ്രസിദ്ധനായ അബ്‌ദുല്‍ ഖാദിര്‍ ജീലാനി പ്രസിദ്ധ പണ്ഡിതനും പ്രബോധകനും ആയിരുന്നു എന്നാണ്‌ ചരിത്രഗ്രന്ഥങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. എന്നാല്‍ മുഹ്‌യിദ്ദീന്‍ മാലയിലും മറ്റും അദ്ദേഹത്തിന്റെ പേരില്‍ ‘ഓവറാ’യി പലതും കെട്ടിച്ചമച്ചിട്ടുണ്ട്‌. അതൊക്കെ ശരിയായ സനദില്ലാതെ എഴുതിയുണ്ടാക്കിയതാണ്‌. ആ കൂട്ടത്തില്‍ പെട്ടത്‌ തന്നെയാണ്‌ ചോദ്യകര്‍ത്താവ്‌ ഉദ്ധരിച്ചിട്ടുള്ളവയും. ‘മുഹ്‌യിദ്ദീന്‍’ അഥവാ ദീനിന്‌ ജീവചൈതന്യം നല്‌കിയവന്‍ എന്ന സ്ഥാനപ്പേര്‌ അദ്ദേഹത്തിന്റെ ഉദ്‌ബോധനങ്ങളുടെ പേരില്‍ നല്‌കപ്പെട്ടതാണ്‌. അദ്ദേഹത്തിന്റെ മുമ്പില്‍ ദീന്‍ ഒരു വാതരോഗിയായി തളര്‍ന്ന്‌ കിടന്നിട്ട്‌ അത്ഭുത പ്രവൃത്തി കൊണ്ട്‌ യുവാവാക്കി മാറ്റിയതിന്റെ പേരിലല്ല. പല കാലങ്ങളില്‍ പല നാടുകളില്‍ ജനങ്ങളുടെ മതബോധം ദുര്‍ബലമായ സംഭവങ്ങളുണ്ടായിട്ടുണ്ട്‌. പൂര്‍വ പ്രവാചകന്മാരുടെ കാലത്തും മുഹമ്മദ്‌ നബി(സ)യുടെ കാലശേഷവുമെല്ലാം. അപ്പോഴൊന്നും എവിടെയും ദീന്‍ മനുഷ്യരൂപം പൂണ്ട്‌ തളര്‍ന്നുകിടന്ന സംഭവമുണ്ടായിട്ടില്ല. മന്ത്രിച്ച്‌ ജിന്നുകളെ വരുത്തുന്ന ശൈഖ്‌ ഏതോ ഇതിഹാസ കഥാപാത്രമാണ്‌. ഇത്തരം കെട്ടിച്ചമച്ച കഥകള്‍ മുഖേനയല്ല സുന്നത്ത്‌ ജമാഅത്ത്‌ നിലനിര്‍ത്തേണ്ടത്‌. ഇനി ഈ കഥകളൊക്കെ ശരിയാണെന്ന്‌ സങ്കല്‌പിച്ചാലും ശൈഖ്‌ ജീലാനിയെ വിളിച്ചു പ്രാര്‍ഥിക്കുന്നതിന്‌ അതൊന്നും തെളിവല്ല.

ഒന്നും ഉച്ചരിക്കാതെ അറുത്തത്‌ ഭക്ഷിക്കാമോ?

അല്ലാഹു അല്ലാത്തവരുടെ നാമം ഉച്ചരിച്ച്‌ അറുത്തത്‌ ഭക്ഷിക്കാന്‍ പാടില്ല എന്ന്‌ ഖുര്‍ആന്‍ പറയുന്നുണ്ട്‌. എന്നാല്‍ മുസ്‌ലിംകളല്ലാത്തവര്‍ ഒന്നും ഉച്ചരിക്കാതെ അറുക്കുന്നത്‌ ഭക്ഷിക്കാന്‍ പാടുണ്ടോ? ചില മുസ്‌ലിംകള്‍ അറുക്കുന്ന സമയത്ത്‌ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നുണ്ടോ എന്നും സംശയമാണ്‌. ഇങ്ങനെയുള്ളവയുടെ വിധിയെന്താണ്‌?


സി പി ജസീം, കോഴിക്കോട്‌



വിശുദ്ധ ഖുര്‍ആനിലെ 5:5 സൂക്തത്തില്‍ ഇപ്രകാരം കാണാം: “എല്ലാ നല്ല വസ്‌തുക്കളും നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്‌കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക്‌ അനുവദനീയമാണ്‌. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്‌.”

ക്രൈസ്‌തവരും യഹൂദരുമാണ്‌ ‘വേദം നല്‌കപ്പെട്ടവര്‍’ എന്ന വാക്കുകൊണ്ട്‌ വിവക്ഷിക്കപ്പെടുന്നത്‌. അവരുടെ ഭക്ഷണത്തില്‍ അവര്‍ അറുത്ത ഉരുവിന്റെ മാംസവും ഉള്‍പ്പെടുന്നു. അവര്‍ ദൈവനാമം ഉച്ചരിച്ചുകൊണ്ട്‌ തന്നെയായിരിക്കും അറുത്തതെന്ന്‌ നമുക്ക്‌ ഉറപ്പുവരുത്താനാവില്ല. അങ്ങനെ ഉറപ്പ്‌ വരുത്തണമെന്ന്‌ വേറെ ആയത്തുകളിലോ പ്രാമാണികമായ ഹദീസുകളിലോ നിഷ്‌കര്‍ഷിച്ചിട്ടുമില്ല. വേദക്കാര്‍ യാതൊന്നും ഉച്ചരിക്കാതെ അറുക്കാനും സാധ്യതയുണ്ട്‌. അതുപോലെ തന്നെയാണ്‌ മതനിഷ്‌ഠയില്ലാത്ത ചില മുസ്‌ലിംകളുടെ അവസ്ഥയും. വിശിഷ്യാ, കോഴിക്കടകളിലെ ചില മുസ്‌ലിം ജോലിക്കാര്‍. യഹൂദരും ക്രൈസ്‌തവരും അറുത്തത്‌ ദൈവനാമം ഉച്ചരിച്ചാണോ ഒന്നും ഉച്ചരിക്കാതെയാണോ എന്ന്‌ അന്വേഷിച്ചു ഉറപ്പുവരുത്തണമെന്ന്‌ അല്ലാഹു കല്‌പിച്ചിട്ടില്ലാത്ത സ്ഥിതിക്ക്‌ മുസ്‌ലിംകള്‍ അറുത്തതിന്റെ കാര്യത്തിലും അങ്ങനെ ഉറപ്പു വരുത്തേണ്ടതില്ല. അല്ലാഹുവല്ലാത്തവരുടെ പേരില്‍ ബലിയായോ നേര്‍ച്ചയായോ അറുത്തതാണെന്ന്‌ ഉറപ്പുള്ളത്‌ ഭക്ഷിക്കരുതെന്നേ ഉള്ളൂ.

പ്രവാചകനെ ഇടയാളനാക്കുന്നതിന്‌ ഖുര്‍ആനില്‍ തെളിവോ?


“...ഇബ്‌റാഹിം നബി(അ)ന്റെ ജീവിതചരിത്രത്തിലെ ഒരു ചെറിയ ഭാഗമാണ്‌ ഇവിടെ സൂചിപ്പിച്ചത്‌. അല്ലാഹുവിന്റെ നിര്‍ദേശം മാനിച്ചുകൊണ്ട്‌ സ്വന്തം കൈക്കുഞ്ഞിനെയും അവന്റെ മാതാവിനെയും വിജനമായ ഒരു ഭൂമിയില്‍ ഉപേക്ഷിക്കുമ്പോഴുള്ള ഒരു വ്യാകുലത വിശുദ്ധ ഖുര്‍ആന്‍ എടുത്തുദ്ധരിച്ച (14:37) ആ പ്രാര്‍ഥനയില്‍ നിഴലിക്കുന്നുണ്ട്‌. ഇതില്‍ അടങ്ങിയിരിക്കുന്ന ഒരു വലിയ സത്യം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പുറത്തുകൊണ്ടുവരുന്നത്‌ ശ്രദ്ധിക്കുക: പ്രാര്‍ഥനക്ക്‌ ഉത്തരം ലഭിക്കുന്നതിനായി മുഹമ്മദ്‌ നബി(സ)യെ മധ്യവര്‍ത്തിയാക്കുകയാണിവിടെ. ‘ഹാജറയും ഇസ്‌മാഈലും നഷ്‌ടമായാല്‍ അതിലൂടെ മുഹമ്മദ്‌ നബിയെയാണ്‌ ഞാന്‍ നഷ്‌ടപ്പെടുത്തുന്നത്‌' എന്നു പറയുന്നതിനു സമാനമാണ്‌ ഈ പ്രാര്‍ഥന. ഒരു പ്രവാചകന്‍ മറ്റൊരു പ്രവാചകനെക്കൊണ്ട്‌ ഇടതേടി ദുആ ചെയ്‌തു എന്നതിനപ്പുറം ഇബ്‌റാഹീം നബി(അ)യുടെ ഈ പ്രാര്‍ഥന ഉദ്ധരിക്കുന്നതിലൂടെ വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്‌ നബി(സ)യുടെ മഹത്വമാണ്‌.


ഇനി വിശുദ്ധ ഖുര്‍ആനിലുള്ള മറ്റൊരു ഉദാഹരണം കാണുക: അവരുടെ കൂടെയുള്ള ഗ്രന്ഥത്തെ അംഗീകരിക്കുന്ന മറ്റൊരു ഗ്രന്ഥം (ഖുര്‍ആന്‍) അവര്‍ക്കു വേണ്ടി അവതരിച്ചപ്പോള്‍ നേരത്തെ അവിശ്വാസികള്‍ക്കെതിരില്‍ മാധ്യമമാക്കി പ്രാര്‍ഥിച്ച അവര്‍ സത്യം അറിയാവുന്നതോടു കൂടി തന്നെ അതിനെ തള്ളിപ്പറഞ്ഞു (അല്‍ബഖറ 89). മദീനയില്‍ വസിച്ചിരുന്ന ജൂതകുടുംബങ്ങള്‍ മുഹമ്മദ്‌ നബി(സ) ആഗതമാവുന്നതിനു മുമ്പ്‌ ഭാവിയില്‍ വരാനിരിക്കുന്ന പ്രവാചകനെ ഇടനിലക്കാരനാക്കി തങ്ങളുടെ ശത്രുക്കള്‍ക്കെതിരില്‍ പ്രാര്‍ഥന നടത്താറുണ്ടായിരുന്നുവെന്നതാണ്‌ ഖുര്‍ആന്‍ പറയുന്നത്‌.” (സുന്നിവോയ്‌സ്‌ -2009 മാര്‍ച്ച്‌ 16-31, പേജ്‌ 32,33)


മേല്‍ വാചകങ്ങളിലെ ഖുര്‍ആന്‍ ആയത്തുകള്‍ക്ക്‌ നല്‌കിയിരിക്കുന്ന അര്‍ഥമനുസരിച്ചും, വിശദീകരിച്ചതനുസരിച്ചും നബി(സ)യെ ഇടയാളനാക്കി പ്രാര്‍ഥിക്കാമെന്നല്ലേ തെളിയുന്നത്‌.
ഇബ്‌റാഹീം നബി മുഹമ്മദ്‌ നബി(സ)യെ ഇടയാളനാക്കി പ്രാര്‍ഥിച്ചിട്ടുണ്ടോ?


അന്‍സാര്‍, ഒതായി



ഇസ്‌ലാമില്‍ ഇടതേട്ടമോ സൃഷ്‌ടികളില്‍ ആരെയെങ്കിലും ഇടയാളനാക്കി പ്രാര്‍ഥിക്കലോ ഇല്ല. സ്രഷ്‌ടാവും രക്ഷിതാവുമായ അല്ലാഹുവോട്‌, അവന്റെ മഹത്വത്തിന്റെ പേരില്‍ സൃഷ്‌ടികള്‍ വിനയപൂര്‍വം പ്രാര്‍ഥിക്കുക എന്നതാണ്‌ ശരിയായ ഇസ്‌ലാമിക രീതി. പ്രവാചകന്മാരും മലക്കുകളും


ഉള്‍പ്പെടെയുള്ള സൃഷ്‌ടികളെല്ലാം അല്ലാഹുവെ ആശ്രയിക്കുന്നവരും അവന്റെ അനുഗ്രഹത്താല്‍ നിലനില്‍ക്കുന്നവരുമാണ്‌. ഏതെങ്കിലുമൊരു സൃഷ്‌ടിയുടെ മഹത്വം ചൂണ്ടിക്കാണിച്ച്‌
സ്രഷ്‌ടാവായ അല്ലാഹുവോട്‌ വല്ലതും ആവശ്യപ്പെടുന്നത്‌ യഥാര്‍ഥത്തില്‍ അവനെ അവഹേളിക്കലാണ്‌. സൃഷ്‌ടിയെ ഉയര്‍ത്തലും സ്രഷ്‌ടാവിനെ താഴ്‌ത്തലുമാണ്‌. സൃഷ്‌ടികള്‍ക്ക്‌ മഹത്വം കൈവരുന്നത്‌ അല്ലാഹു അവരെ അനുഗ്രഹിക്കുമ്പോഴാണ്‌. പരമമായ മഹത്വം അല്ലാഹുവിന്‌ മാത്രം അവകാശപ്പെട്ടതാണ്‌. അതിനാല്‍ അല്ലാഹുവിന്റെ സാമീപ്യം (+പ്പശ്ലക്കടവ) ആഗ്രഹിക്കുന്ന സൃഷ്‌ടികളെല്ലാം അവനോട്‌ മാത്രം പ്രാര്‍ഥിക്കുകയാണ്‌ ചെയ്യേണ്ടത്‌. സ്രഷ്‌ടാവായ അല്ലാഹുവാണ്‌ സൃഷ്‌ടികളോട്‌ ഏറ്റവും അടുത്തവന്‍. സ്രഷ്‌ടാവിനും സൃഷ്‌ടികള്‍ക്കുമിടയില്‍ ഒരു ഇടയാളന്‌ ഇരിക്കാനുള്ള ഇടമില്ല.

"തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്‌ടിച്ചിരിക്കുന്നു. അവന്റെ മനസ്സ്‌ മന്ത്രിച്ചുകൊണ്ടിരിക്കുന്നത്‌ നാം അറിയുകയും ചെയ്യുന്നു. നാം (അവന്റെ) കണ്‌ഠനാഡിയെക്കാള്‍ അവനോട്‌ അടുത്തവനും ആകുന്നു." (വി.ഖു 50:16)

"എന്റെ ദാസന്മാര്‍ നിന്നോട്‌ എന്നെക്കുറിച്ച്‌ ചോദിച്ചാല്‍ ഞാന്‍ അടുത്തു തന്നെയുള്ളവനാണെന്ന്‌ (പറയുക:) പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ചു പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക്‌ ഉത്തരം നല്‌കുന്നതാണ്‌. അതുകൊണ്ട്‌ എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കാന്‍ വേണ്ടിയാണിത്‌." (വി.ഖു 2:186)

അല്ലാഹുവിന്റെ അനുഗ്രഹം ആശിക്കുന്ന ദാസന്മാരെല്ലാം അവനോട്‌ നേരിട്ട്‌ പ്രാര്‍ഥിക്കണമെന്നാണ്‌ അവന്‍ തന്നെ ആഹ്വാനം ചെയ്‌തിട്ടുള്ളത്‌. പ്രാര്‍ഥനയില്‍ ഇടയാളനോ മധ്യസ്ഥനോ യാതൊരു സ്ഥാനവും ഇല്ലെന്നത്രെ ഉപര്യുക്ത സൂക്തങ്ങള്‍ തെളിയിക്കുന്നത്‌. ഇടയാളന്റെ മഹത്വം ചൂണ്ടിക്കാണിച്ച്‌ യജമാനനെ അവഹേളിച്ചുകൊണ്ട്‌ പ്രാര്‍ഥിക്കണം എന്നത്‌ അല്ലാഹുവിന്റെയും മാനവരാശിയുടെയും ശത്രുവായ പിശാചിന്റെ ആഹ്വാനമാണ്‌. പ്രവാചകന്മാരോ സത്യപ്രബോധകരോ അങ്ങനെ ആഹ്വാനം ചെയ്‌തിട്ടില്ല. യാതൊരു പ്രവാചകനും ഇടയാളന്റെ പേരുപറഞ്ഞു പ്രാര്‍ഥിച്ചിട്ടില്ല. പൂര്‍വ പ്രവാചകന്മാരുടെ പ്രാര്‍ഥന വിശുദ്ധ ഖുര്‍ആനിലും പ്രാമാണികമായ ഹദീസുകളിലും ഉദ്ധരിച്ചിട്ടുള്ളത്‌ സൂക്ഷ്‌മമായി പരിശോധിക്കുന്ന ഏതൊരാള്‍ക്കും ഈ യാഥാര്‍ഥ്യം ബോധ്യമാകും. മുഹമ്മദ്‌ നബി(സ)യുടെ ധാരാളം പ്രാര്‍ഥനകള്‍ പ്രാമാണികമായ ഹദീസുകളിലുണ്ട്‌. ഏതെങ്കിലും പൂര്‍വ പ്രവാചകനെയോ മലക്കിനെയോ മധ്യവര്‍ത്തിയാക്കിക്കൊണ്ടുള്ള യാതൊരു പ്രാര്‍ഥനയും ആ കൂട്ടത്തിലില്ല.

14:37 സൂക്തത്തില്‍ ഇടയാളന്റെയോ ഇടതേട്ടത്തിന്റെയോ ലാഞ്‌ഛന പോലുമില്ല. അതിന്റെ പരിഭാഷ നോക്കുക: "ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന്‌ (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്വരയില്‍ നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്‌ബയുടെ) അടുത്ത്‌ ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കാന്‍ വേണ്ടിയാണ്‌ (അങ്ങനെ ചെയ്‌തത്‌). അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട്‌ ചായ്‌വുള്ളതാക്കുകയും, അവര്‍ക്ക്‌ കായ്‌കനികളില്‍ നിന്ന്‌ നീ ഉപജീവനം നല്‌കുകയും ചെയ്യേണമേ. അവര്‍ നന്ദി കാണിച്ചേക്കാം."

വിജനമായ മക്കയില്‍ ജീവിതപങ്കാളി ഹാജറിനെയും മകന്‍ ഇസ്‌മാഈലി(അ)നെയും അല്ലാഹുവിന്റെ കല്‌പനപ്രകാരം അധിവസിപ്പിച്ച സന്ദര്‍ഭത്തില്‍ ഇബ്‌റാഹീം നബി(അ) വ്യാകുലചിത്തനായിരുന്നു എന്നതിന്‌ വിശുദ്ധ ഖുര്‍ആനില്‍ യാതൊരു തെളിവുമില്ല. അദ്ദേഹം ജീവിതത്തിലുടനീളം തികച്ചും നിര്‍ഭയനായിരുന്നു എന്നതിനാണ്‌ ഖുര്‍ആനില്‍ (6:81-83) തെളിവുള്ളത്‌. വ്യാകുലതക്ക്‌ തെളിവ്‌ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണ്‌ സുന്നീലേഖകന്‍ 'വ്യാകുലത നിഴലിക്കുന്നു' എന്നാക്കിയത്‌. തുടര്‍ന്ന്, വ്യാകുലതയുടെ നിഴലില്‍ നിന്ന്‌ ഒരു ഇടയാളന്റെ നിഴല്‍ കണ്ടുപിടിക്കാനുള്ള കുത്സിത ശ്രമമാണ്‌ ലേഖകന്‍ നടത്തുന്നത്‌. മുഹമ്മദ്‌ നബി(സ)യുടെ പേര്‌ പൂര്‍വ പിതാമഹനായ ഇബ്‌റാഹീം നബി(അ) വല്ലപ്പോഴും പറഞ്ഞതായി ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ ഉദ്ധരിച്ചിട്ടില്ല. ഇസ്‌മാഈല്‍(അ) നഷ്‌ടപ്പെട്ടാല്‍ മുഹമ്മദ്‌ നബി(സ) നഷ്‌ടപ്പെടുമെന്ന്‌ ഇബ്‌റാഹീം നബി(അ) പറയുകയോ സൂചിപ്പിക്കുകയോ ചെയ്‌തിട്ടില്ല. ഇതൊന്നും കൂടാതെ ഇബ്‌റാഹീം നബി(അ) ഇടതേട്ട പ്രാര്‍ഥന നടത്തിയെന്ന്‌ പറയുന്നത്‌ ആ പ്രവാചക ശ്രേഷ്‌ഠന്റെ പേരിലുള്ള വ്യാജാരോപണമാകുന്നു.

ഖുര്‍ആനില്‍ സൂചിപ്പിക്കുക പോലും ചെയ്യാത്ത കാര്യങ്ങള്‍ എഴുതി നിറച്ച ചില വ്യാഖ്യാന ഗ്രന്ഥങ്ങളുണ്ടാകാം. അതിനൊന്നും ഇസ്‌ലാമില്‍ പ്രമാണികതയില്ല. മറ്റു ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നോ പ്രാമാണികമായ ഹദീസുകളില്‍ നിന്നോ ഗ്രഹിക്കാവുന്നതോ ഭാഷാപരമായ അടിസ്ഥാനമുള്ളതോ അല്ലാത്ത 'എഴുതാപ്പുറം വായന'കള്‍ക്കൊന്നും സത്യദീനില്‍ യാതൊരു പ്രസക്തിയുമില്ല.

അല്‍ബഖറ 89ലും ഇടയാളന്റെ മഹത്വത്തിന്റെ പേരില്‍ അല്ലാഹുവോട്‌ പ്രാര്‍ഥിക്കുക എന്ന വിഷയമില്ല. ഞങ്ങളിലേക്ക്‌ ഒരു പ്രവാചകനെ നിയോഗിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യുദ്ധം ചെയ്‌ത്‌ സത്യനിഷേധികള്‍ക്കെതിരില്‍ വിജയം കൈവരിക്കാന്‍ ഞങ്ങളെ സഹായിക്കുകയും ചെയ്യേണമേ എന്ന്‌ യഹൂദര്‍ അല്ലാഹുവോട്‌ പ്രാര്‍ഥിച്ചിരുന്നു എന്നാണ്‌ ഈ സൂക്തത്തില്‍ പറഞ്ഞിട്ടുള്ളത്‌. മുഹമ്മദ്‌ നബി(സ) അന്തിമ പ്രവാചകനായതുകൊണ്ട്‌ ഇന്നത്തെ സത്യവിശ്വാസികള്‍ക്ക്‌ ഇപ്രകാരം പ്രാര്‍ഥിക്കാനുള്ള ന്യായം അവശേഷിക്കുന്നില്ല എന്ന കാര്യവും ഇതോടൊപ്പം വിലയിരുത്തേണ്ടതാകുന്നു.

Followers -NetworkedBlogs-

Followers