ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഖുത്വ്‌ബയും ഇമാമത്തും രണ്ടുപേര്‍ നിര്‍വഹിക്കാമോ?ഖുത്വ്‌ബ നിര്‍വഹിക്കുന്നത്‌ ഒരാളും നമസ്‌കാരസമയത്ത്‌ ഇമാമായി മറ്റൊരാളും നിന്ന്‌ ജുമുഅ നിര്‍വഹിക്കുന്ന പതിവ്‌ ചിലയിടങ്ങളില്‍ കണ്ടുവരുന്നു. ഇത്‌ ശരിയാണോ?


അബൂനസീം, തലശ്ശേരി

ഒരാള്‍ ഖുത്വ്‌ബ നിര്‍വഹിക്കുകയും അതിനു ശേഷം ജുമുഅ നമസ്‌കാരത്തന്‌ മറ്റൊരാള്‍ ഇമാമാവുകയും ചെയ്യുന്ന സമ്പ്രദായം നബി(സ)യുടെ കാലത്ത്‌ ഉണ്ടായിട്ടില്ല. അത്‌ സംബന്ധിച്ച്‌ അദ്ദേഹം എന്തെങ്കിലും അഭിപ്രായം പറഞ്ഞതായി വിശ്വസനീയമായി ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. എന്നാല്‍ അത്‌ പാടില്ലെന്ന്‌ അദ്ദേഹം പറഞ്ഞിട്ടില്ലാത്തതിനാല്‍ അത്‌ ഹറാമാണെന്ന്‌ പറയാന്‍ ന്യായവുമില്ല. നബി(സ)യുടെ കാലത്ത്‌ നിലവിലുണ്ടായിരുന്നതു പോലെ ഖുത്വ്‌ബയും ഇമാമത്തും ഒരാള്‍ തന്നെ നിര്‍വഹിക്കുന്നതാണ്‌ ഉത്തമം എന്ന കാര്യത്തില്‍ സംശയത്തിന്നവകാശമില്ല. ഖുത്വ്‌ബ കഴിഞ്ഞ ശേഷം ഖത്വീബിന്‌ എന്തെങ്കിലും വിഷമം നേരിട്ടാല്‍ മറ്റൊരാള്‍ ഇമാമായി നമസ്‌കരിക്കുക തന്നെയാണ്‌ വേണ്ടത്‌.

ചുംബനംകൊണ്ട്‌ നോമ്പ്‌ മുറിയുമോ?പകല്‍സമയത്ത്‌ ഭാര്യയെ ചുംബിച്ചാല്‍ നോമ്പ്‌ മുറിയുമോ? അല്ലെങ്കില്‍ അതു കാരണം നോമ്പിന്റെ പ്രതിഫലം കുറയുമോ?


നസീല്‍, പാലക്കാട്‌

നബി(സ) നോമ്പുകാരനായിരിക്കെ ഭാര്യമാരെ ചുംബിക്കാറുണ്ടായിരുന്നുവെന്ന്‌ അവിടുത്തെ പത്‌നിമാരായ ആഇശ(റ), ഹഫ്‌സ്വ(റ), ഉമ്മുസലമ(റ) എന്നിവരില്‍ നിന്ന്‌ വിശ്വാസ്യമായ നിവേദക പരമ്പരയോടെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. അതുകൊണ്ട്‌ നോമ്പിന്റെ പ്രതിഫലം കുറയുമെന്ന്‌ പറയാന്‍ തെളിവൊന്നും കാണുന്നില്ല. എന്നാല്‍ വികാരം നിയന്ത്രിക്കാന്‍ പ്രയാസമുള്ളവര്‍ ചുംബനം ഉള്‍പ്പെടെ ലൈംഗികവേഴ്‌ചയിലേക്ക്‌ നയിക്കാന്‍ ഇടയുള്ള കാര്യങ്ങളെല്ലാം ഉപേക്ഷിക്കുകയാണ്‌ വേണ്ടത്‌. നബി(സ) നോമ്പുള്ളപ്പോള്‍ ചുംബിക്കാറുണ്ടായിരുന്നുവെന്ന്‌ പറഞ്ഞ ആഇശ(റ) അദ്ദേഹം വികാരം നിയന്ത്രിക്കാന്‍ ഏറ്റവും കഴിവുള്ള ആളായിരുന്നുവെന്ന്‌ കൂടി പറഞ്ഞതായി മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

നോമ്പും പ്രായശ്ചിത്തവും സാധിക്കാത്തവര്‍ എന്തുചെയ്യണം?റമദ്വാനില്‍ നോമ്പെടുക്കാനോ പിന്നീട്‌ നോറ്റുവീട്ടാനോ കഴിയാത്ത വിധം രോഗിയായ ഒരാള്‍ക്ക്‌ സാമ്പത്തിക ഞെരുക്കം നിമിത്തം പ്രായശ്ചിത്തം നല്‌കാനും സാധിക്കാത്ത പക്ഷം അയാളുടെ കാര്യത്തിലുള്ള ഇസ്‌ലാമിക വിധി എന്താണ്‌?


വി കെ എസ്‌, തിരുവനന്തപുരം

ഇസ്‌ലാമിലെ ഏത്‌ ആജ്ഞയും അത്‌ നിറവേറ്റാന്‍ കഴിവുള്ളവനു മാത്രമേ ബാധകമാവുകയുള്ളൂ. "അല്ലാഹു യാതൊരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല" (2:286), "നിങ്ങള്‍ക്ക്‌ സാധിക്കുന്നേടത്തോളം അല്ലാഹുവെ (അവന്റെ വിധിവിലക്കുകളെ) നിങ്ങള്‍ സൂക്ഷിക്കുക" (64:16) എന്നീ ഖുര്‍ആന്‍ വചനങ്ങളുടെ അടിസ്ഥാനത്തില്‍ കഴിവിന്നതീതമായ കാര്യങ്ങള്‍ ചെയ്യാന്‍ ആരും ബാധ്യസ്ഥരല്ല. നോമ്പും പ്രായശ്ചിത്തവും ചെയ്യാന്‍ കഴിവില്ലാത്തവന്‍ മറ്റെന്തെങ്കിലും ചെയ്യണമെന്ന്‌ നബി(സ) നിര്‍ദേശിച്ചിട്ടുമില്ല.വലിയ അശുദ്ധിയോടെ വ്രതമനുഷ്‌ഠിക്കാമോ?രാത്രിയില്‍ ഒരാള്‍ക്ക്‌ ജനാബത്ത്‌ (വലിയ അശുദ്ധി) ഉണ്ടായാല്‍ സ്വുബ്‌ഹിന്റെ സമയമാകുന്നതിനുമുമ്പ്‌ കുളിച്ചാലേ നോമ്പെടുക്കാവൂ എന്ന്‌ നിബന്ധനയുണ്ടോ? വലിയ അശുദ്ധിയോടെ നോമ്പില്‍ പ്രവേശിക്കുന്നത്‌ കുറ്റകരമാണോ?

പി കെ നസീം, തൃശൂര്‍

നോമ്പെടുക്കണമെങ്കില്‍ സ്വുബ്‌ഹ്‌ ബാങ്കിനു മുമ്പ്‌ കുളിച്ചു ശുദ്ധിയാകണമെന്ന്‌ നിര്‍ബന്ധമില്ല. സൂര്യോദയത്തിന്റെ കുറച്ചുമുമ്പ്‌ കുളിച്ച്‌ സ്വുബ്‌ഹ്‌ നമസ്‌കരിച്ചാലും മതിയാകുന്നതാണ്‌. നോമ്പിന്റെ സമയത്തിനുമുമ്പ്‌ സംഭവിച്ച അശുദ്ധി തുടരുന്നത്‌ നോമ്പിന്റെ സാധുതയെ ബാധിക്കുകയില്ല. നബി(സ) വലിയ അശുദ്ധിയില്‍ ആയിരിക്കെ ഫജ്രര്‍ (പുലരി) ആവുകയും തുടര്‍ന്ന്‌ അദ്ദേഹം കുളിച്ച്‌ നോമ്പനുഷ്‌ഠിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന്‌ പ്രവാചക പത്‌നിമാരായ ആഇശ(റ)യും ഉമ്മുസലമ(റ)യും പറഞ്ഞതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

നഷ്‌ടപ്പെട്ട നോമ്പ്‌ അതേ വര്‍ഷത്തില്‍തന്നെ നോറ്റുവീട്ടേണ്ടതുണ്ടോ?
ഓരോ വര്‍ഷവും നഷ്‌ടമാകുന്ന നോമ്പ്‌ ആഇശ(റ)യും മറ്റും അതേ വര്‍ഷത്തില്‍ തന്നെ നോറ്റ്‌ വീട്ടിയിരുന്നുവെങ്കിലും അപ്രകാരം തന്നെ നോറ്റ്‌ വീട്ടല്‍ നിര്‍ബന്ധമുണ്ടോ? നോമ്പനുഷ്‌ഠിക്കാന്‍ കഴിയാതെ പ്രായശ്ചിത്തം നല്‌കാന്‍ ബാധ്യതയുള്ളവര്‍ ഓരോ വ്രതത്തിനും പ്രായശ്ചിത്തമായി ഒരു അഗതിക്ക്‌ ഭക്ഷണം നല്‌കുന്നതിന്‌ പകരം പണം നല്‌കിയാല്‍ മതിയാകുമോ?


പി ടി ഇഖ്‌ബാല്‍, മലപ്പുറം.

നിര്‍ബന്ധമായ നോറ്റുവീട്ടേണ്ട നോമ്പ്‌ കഴിയും വേഗം നിര്‍വഹിക്കുക തന്നെയാണ്‌ അഭികാമ്യം. കാരണം, മരണം എപ്പോഴാണെന്ന്‌ ആര്‍ക്കും അറിയില്ല. അല്ലാഹുവോടുള്ള ബാധ്യത നിര്‍വഹിക്കാന്‍ അവസരം ലഭിച്ചിട്ടും അത്‌ ചെയ്യാത്ത നിലയില്‍ മരിച്ചുപോകാന്‍ ഇടയാകുന്നത്‌ വലിയ നഷ്‌ടമായിരിക്കും. എന്നാല്‍ അടുത്ത റമദ്വാനിന്‌ മുമ്പ്‌ തന്നെ നോറ്റുവീട്ടല്‍ നിര്‍ബന്ധമാണെന്നതിന്‌ ഖണ്ഡിതമായ തെളിവൊന്നുമില്ല.


വിശുദ്ധഖുര്‍ആനില്‍ നിര്‍ദേശിച്ച പ്രായശ്ചിത്തം അഗതിക്ക്‌ ആഹാരം നല്‌കുക എന്നതാണ്‌. അല്ലാഹുവിന്റെ കല്‌പന അക്ഷരം പ്രതി പാലിച്ചുകൊണ്ട്‌ ഭക്ഷ്യപദാര്‍ഥം തന്നെ നല്‌കുന്നതാണ്‌ ഉത്തമം. എന്നാല്‍ അഗതികള്‍ക്ക്‌ ഇഷ്‌ടമുള്ള ആഹാരം വാങ്ങിക്കഴിക്കാന്‍ സൗകര്യപ്പെടുംവിധം പണം നല്‌കിയാലും മതിയാകുമെന്ന്‌ തന്നെയാണ്‌ മനസ്സിലാകുന്നത്‌. അല്ലാഹുവിന്റെ കല്‌പനകൊണ്ട്‌ ഉദ്ദേശിക്കപ്പെട്ട കാര്യം ഭക്ഷ്യപദാര്‍ഥത്തിന്റെ വില നല്‌കുന്നതു മുഖേനയും നിറവേറുമല്ലോ.

നോമ്പ്‌ നോറ്റുവീട്ടേണ്ട ആള്‍ മരിച്ചാല്‍?നോമ്പ്‌ നോറ്റു വീട്ടാന്‍ ബാധ്യതയുള്ള നിലയില്‍ ഒരാള്‍ മരിച്ചാല്‍ ബന്ധുക്കള്‍ ആ നോമ്പ്‌ വീട്ടേണ്ടതുണ്ടോ?


അബ്‌ദുല്‍മലിക്ക്‌ കൊച്ചി.

"വല്ലവനും നോമ്പ്‌ ബാധ്യതയുള്ള നിലയില്‍ മരിച്ചാല്‍ അയാള്‍ക്ക്‌ പകരം അയാളുടെ അടുത്ത ബന്ധു നോമ്പനുഷ്‌ഠിക്കേണ്ടതാണെന്ന്‌" നബി(സ) പറഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഈ വിഷയകമായി ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത മറ്റൊരു ഹദീസ്‌ ഇപ്രകാരമാകുന്നു: ഒരു സ്‌ത്രീ റസൂലി(സ)ന്റെ അടുത്ത്‌ വന്നു "ഒരു മാസത്തെ നോമ്പ്‌ ബാധ്യതയുള്ള നിലയില്‍ എന്റെ മാതാവ്‌ മരിച്ചിരിക്കുന്നു. അവര്‍ക്ക്‌ പകരം ഞാനത്‌ നോല്‍ക്കേണ്ടതുണ്ടോ" എന്ന്‌ ചോദിച്ചു. "അവര്‍ക്ക്‌ കട ബാധ്യതയുണ്ടായിരുന്നെങ്കില്‍ നീ വീട്ടുമായിരുന്നോ?" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. അവള്‍ അതെയെന്ന്‌ പറഞ്ഞപ്പോള്‍ അദ്ദേഹം പ്രതിവചിച്ചു: "എങ്കില്‍ അല്ലാഹുവിനുള്ള കടമാണ്‌ വീട്ടാന്‍ ഏറ്റവും അവകാശപ്പെട്ടത്‌."

മതമൂല്യങ്ങള്‍ മര്‍ദനോപാധികളോ?


"ഏറ്റവും വലിയ മര്‍ദനോപാധികള്‍ മതം പ്രദാനംചെയ്യുന്ന സന്മാര്‍ഗിക സംഹിതകളാണ്‌. അതില്‍നിന്നും നിയമവ്യവസ്ഥയിലേക്ക്‌ നീണ്ടുപരന്നവ. സങ്കുചിതവും സാന്മാര്‍ഗികബോധങ്ങളുടെ ശിക്ഷാധിഷ്‌ഠിത പ്രയോഗപാഠങ്ങളും ഉപയോഗിച്ചുകൊണ്ട്‌ മതത്തിനകത്ത്‌ മനുഷ്യസ്വഭാവങ്ങള്‍ വേണ്ടുവോളം ഹനിക്കപ്പെട്ടിട്ടുണ്ട്‌. അസ്‌പഷ്‌ടമായ ഏതോ ഭൂതകാലത്തില്‍ മതം മനുഷ്യസ്വഭാവങ്ങളെ ഘനീഭവിപ്പിക്കുന്നു. അതാകട്ടെ, കായികമോ വൈകാരികമോ ആത്മീയമോ ആയി മനുഷ്യര്‍ സഹസ്രാബ്‌ദങ്ങളിലൂടെ നേടിയ പുരോഗതികളെ ശ്രദ്ധിക്കാതെ രൂപപ്പെടുത്തുന്നതുമാണ്‌." (ചരിത്രംകുറിച്ച വിധി, സമകാലിക മലയാളം വാരിക, പേജ്‌ 102-103)സ്വവര്‍ഗരതി അനുവദിച്ചുകൊണ്ട്‌ ഡല്‍ഹി കോടതി വിധിപ്രസ്‌താവിച്ചപ്പോള്‍ അതിനെ പരാമര്‍ശിച്ചുകൊണ്ട്‌ എഴുതിയ ഈ വരികളില്‍, ഇസ്‌ലാമിക സ്വഭാവമൂല്യങ്ങള്‍ മര്‍ദനോപാധിയായിട്ടാണ്‌ പരാമര്‍ശിച്ചത്‌. മാത്രവുമല്ല, സകല പുരോഗതിയെയും ഹനിക്കുന്നതും ഘനീഭവിപ്പിക്കുന്നതുമാണ്‌ ഇസ്‌ലാമിക സ്വഭാവങ്ങള്‍ എന്നും പറയുന്നു. എത്രമാത്രം യാഥാര്‍ഥ്യമുണ്ട്‌?

അന്‍സാര്‍ ഒതായി.

എഴുതാനും പ്രസംഗിക്കാനും കഴിവുള്ള മനുഷ്യര്‍ക്ക്‌ ബൗദ്ധികമായ കുഴമറിച്ചില്‍ സംഭവിച്ചാല്‍ ദൈവികമായ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ഉപാധികള്‍ മര്‍ദനോപാധികളാണെന്ന്‌ തോന്നും. ബുദ്ധിഭ്രമം എന്ന്‌ പറയുന്നത്‌ മസ്‌തിഷ്‌കത്തിന്റെ ഘടനയ്‌ക്ക്‌ അപചയം സംഭവിക്കുന്നതുകൊണ്ട്‌ മാത്രം ഉണ്ടാകുന്നതല്ല. മൃഗീയമെന്ന്‌ പോലും വിശേഷിപ്പിക്കാന്‍ കൊള്ളാത്ത കാമനകളുടെയും ആസക്തികളുടെയും പിന്നാലെ നിരന്തരപ്രയാണം ചെയ്യുന്ന ചില മനുഷ്യര്‍ക്ക്‌ നല്ലതെല്ലാം ദുഷിച്ചതായും ദുഷിച്ചതെല്ലാം ശ്രേഷ്‌ഠമായും തോന്നും. ഇത്‌ സൈക്യാട്രിയിലെ ഔഷധങ്ങള്‍ കൊണ്ട്‌ ചികിത്സിച്ചു മാറ്റാന്‍ പറ്റാത്ത രോഗമാണ്‌.


മതങ്ങള്‍ മനുഷ്യനെ എല്ലാ ജന്തുക്കള്‍ക്കും ഉപരിയായി പ്രതിഷ്‌ഠിക്കുന്നുവെന്നും അതുകൊണ്ടാണ്‌ മതവിശ്വാസികള്‍ മറ്റു ജന്തുക്കളെ കൊല്ലാനും തിന്നാനും പ്രോത്സാഹനം നല്‌കുന്നതെന്നും, യഥാര്‍ഥത്തില്‍ മനുഷ്യന്‍ ജന്തുസമൂഹത്തിന്റെ ഭാഗമാണെന്നുമാണ്‌ ഭൗതികവാദികള്‍ സമര്‍ഥിക്കാറുള്ളത്‌. എന്നാല്‍ യാതൊരു ജന്തുവും പ്രകൃതിവിരുദ്ധമായ രീതിയില്‍ കാമനിവൃത്തി വരുത്തുന്നില്ല എന്ന സത്യം മറന്നുകൊണ്ടോ മറച്ചുവെച്ചുകൊണ്ടോ ആണ്‌ അവര്‍ സ്വവര്‍ഗരതിയെ വൈകാരിക പുരോഗതിയായി ചിത്രീകരിക്കുന്നത്‌. "അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ്‌ കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ്‌ ശ്രദ്ധയില്ലാത്തവര്‍" എന്ന ഖുര്‍ആനിക പരാമര്‍ശം (7:179) ഇത്തരക്കാരുടെ കാര്യത്തില്‍ തികച്ചും പ്രസക്തമാകുന്നു.


സ്വവര്‍ഗരതിയെ എക്കാലത്തെയും സദ്‌ബുദ്ധിയുള്ള മനുഷ്യര്‍ പ്രകൃതിവിരുദ്ധമായാണ്‌ ഗണിച്ചിട്ടുള്ളത്‌. കെട്ടുറപ്പുള്ള ദാമ്പത്യത്തിലൂടെ വൈകാരിക സാഫല്യം നേടുകയും സ്‌നേഹവും കാരുണ്യവും പങ്കുവെക്കുകയും പുതിയ തലമുറയെ ലക്ഷണമൊത്ത വ്യക്തികളായി വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതാണ്‌ മാനവപ്രകൃതിയുടെ താല്‌പര്യമെന്നത്രെ സംസ്‌കാര സമ്പന്നരായ മനുഷ്യരെല്ലാം കരുതുന്നത്‌. ശുദ്ധമായ മാനവപ്രകൃതിക്ക്‌ ഇണങ്ങിയ ജീവിതം നയിക്കാനാണ്‌ വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു അനുശാസിക്കുന്നത്‌. "ആകയാല്‍ ഋജുമനസ്‌കനായിക്കൊണ്ട്‌ നിന്റെ മുഖത്തെ നീ മതത്തിലേക്ക്‌ തിരിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്‌ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്റെ സൃഷ്‌ടിവ്യവസ്ഥയ്‌ക്ക്‌ യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല" (30:30). ദൈവത്തെയും മതത്തെയും അംഗീകരിക്കാത്ത പ്രകൃതിവാദികള്‍ പോലും അടുത്തകാലം വരെയും ആണും പെണ്ണും ഇണചേരലാണ്‌ മനുഷ്യപ്രകൃതി എന്ന യാഥാര്‍ഥ്യം നിഷേധിച്ചിരുന്നില്ല.


സ്വവര്‍ഗരതി സഹസ്രാബ്‌ദങ്ങളിലൂടെ കൈവന്ന പുരോഗതിയല്ല. നാലു സഹസ്രാബ്‌ദങ്ങള്‍ക്ക്‌ മുമ്പ്‌ മനുഷ്യപ്രകൃതിയെ തള്ളിപ്പറഞ്ഞ സൊദോം ദേശക്കാര്‍ക്ക്‌ നേരിട്ട അധോഗതിയുടെ തനിയാവര്‍ത്തനമാണ്‌. വിവാഹമോ സ്‌ത്രീകളുമായുള്ള ബന്ധമോ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന്‌ പ്രഖ്യാപിക്കുകയും കാണാന്‍ കൊള്ളാവുന്ന പുരുഷന്മാരുമായെല്ലാം ലൈംഗികവേഴ്‌ചയ്‌ക്ക്‌ ശ്രമിക്കുകയും ചെയ്‌ത ഒരു സമൂഹമാണ്‌ സൊദോം ദേശത്തുണ്ടായിരുന്നത്‌. തങ്ങളെ ഉപദേശിച്ചു മാറ്റിയെടുക്കാന്‍ ശ്രമിച്ച ലൂത്വ്‌ നബി(അ)യെ ആക്രമിക്കാന്‍ മുതിര്‍ന്ന ആ ജനതയെ, ചരല്‍ക്കല്ലുകള്‍ വര്‍ഷിച്ച്‌ നശിപ്പിക്കുകയും അവരുടെ നാട്‌ കീഴ്‌മേല്‍ മറിക്കുകയുമാണ്‌ അല്ലാഹു ചെയ്‌തത്‌. ഇപ്പോള്‍ ചാവുകടല്‍ സ്ഥിതിചെയ്യുന്ന പ്രദേശമായിരുന്നു അത്‌. വിശുദ്ധ ഖുര്‍ആനിലെ പല അധ്യായങ്ങളില്‍ ഈ കാര്യം വിവരിച്ചിട്ടുണ്ട്‌. യഥാര്‍ഥത്തില്‍ മാനവ പുരോഗതിയുടെ പൂര്‍ണ നിരാകരണമാണ്‌ സ്വവര്‍ഗവിവാഹം. മനുഷ്യരെല്ലാം ഈ ദുരാചാരം സ്വീകരിച്ചാല്‍ ആരാണിവിടെ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‌കി പോറ്റിവളര്‍ത്തുക? പ്രസവവും സന്താനപരിപാലനവും നിലച്ചുപോയാല്‍ പുരോഗതിയുടെ സാരഥികളാകാന്‍ ഇവിടെ ആരാണുണ്ടാവുക? സ്വവര്‍ഗരതി ഒരു പുരോഗതിയാണെങ്കില്‍ അത്‌ നിലനിര്‍ത്താനും ഇവിടെ തലമുറകള്‍ ജനിച്ചുവളരണമല്ലോ!


മതം മനുഷ്യസ്വഭാവങ്ങളെ ഘനീഭവിപ്പിക്കുന്നു എന്നെഴുതിയ ലേഖകന്‍ എന്താണ്‌ ഉദ്ദേശിച്ചതെന്ന്‌ വ്യക്തമല്ല. മനുഷ്യ തലമുറകള്‍ ഉത്തമസ്വഭാവഗുണമുള്ളവരായി വളരുന്നത്‌ ഉത്തരവാദിത്തബോധവും സ്‌നേഹവുമുള്ള രക്ഷിതാക്കളുടെ സംരക്ഷണത്തിലാണ്‌. സ്വഭാവരൂപവത്‌കരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഘടകങ്ങളാണ്‌ വാത്സല്യവും ശിക്ഷണവും ശിക്ഷയും. ലൈംഗിക അരാജകത്വവാദം ഇതിനൊക്കെയുള്ള സാധ്യതയെ ഹനിക്കുകയാണ്‌ ചെയ്യുക. വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നതുപോലെ സ്‌നേഹവും കാരുണ്യവും പങ്കുവെക്കുന്ന, ഇണക്കവും പൊരുത്തവുമുള്ള ദാമ്പത്യത്തിന്റെ തണലിലേ സ്വഭാവശുദ്ധിയുള്ള കുഞ്ഞുങ്ങള്‍ വളര്‍ന്നുവരുകയുള്ളൂ.


"നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന്‌ തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്‌ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്‌തതും അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളുണ്ട്‌." (വി.ഖു 30:21) സമാധാനവും സ്‌നേഹവും കാരുണ്യവും മര്‍ദനോപാധികളായി തോന്നുന്നത്‌ സകലവിധ അധോഗതിയുടെയും തുടക്കലക്ഷണമായിരിക്കും.

Followers -NetworkedBlogs-

Followers