ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

അത്താഴവും നോമ്പുതുറയും

നോമ്പുകാരന്റെ രാത്രിയിലെ ഭക്ഷണം സംബന്ധിച്ച നബിചര്യ എപ്രകാരമാണ്? നോമ്പ് തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും ഏറ്റവും ചുരുങ്ങിയ ഭക്ഷണം മാത്രം കഴിക്കുന്നതാണോ പുണ്യകരം? അത്താഴത്തിന്റെ ശരിയായ സമയം എപ്പോഴാണ്?

എ എം ആശിഖ്, പാലക്കാട്

സുബ്ഹിന്റെ അല്പം മുമ്പ് അത്താഴം കഴിക്കുകയും സൂര്യന്‍ അസ്തമിച്ചാല്‍ ഉടനെ നോമ്പുതുറക്കുകയുമാണ് നബിചര്യ. അതിന്നിടയില്‍ (രാത്രിയില്‍) എപ്പോഴൊക്കെ ഭക്ഷണം കഴിക്കണമെന്ന കാര്യത്തില്‍ പ്രത്യേകിച്ച് നിര്‍ദേശമൊന്നുമില്ല. അത്താഴം കഴിക്കാന്‍ നബി(സ) പ്രേരിപ്പിച്ചിട്ടുണ്ട്. 

അത് അനുഗൃഹീതമായ ഭക്ഷണമാണെന്ന് പഠിപ്പിച്ചിട്ടുമുണ്ട്. നബി(സ)യുടെ അത്താഴത്തിനും സുബ്ഹ് നമസ്‌കാരത്തിനും ഇടയില്‍ അമ്പത് ആയത്ത് ഓതാനുള്ള സമയമേ ഉണ്ടായിരുന്നുള്ളൂവെന്ന് സൈദുബ്‌നുസാബിതി(റ)ല്‍ നിന്ന് ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത്താഴമോ നോമ്പുതുറക്കുന്ന ഭക്ഷണമോ തീരെ ചുരുങ്ങിയതായിരിക്കണമെന്ന് നബി(സ) നിര്‍ദേശിച്ചിട്ടില്ല. അത്താഴം ആവശ്യത്തിന് കഴിച്ചുകൊള്ളാന്‍ അവിടുന്ന് നിര്‍ദേശിച്ചതായിത്തന്നെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. സമയമായാല്‍ ഒട്ടും വൈകാതെ നോമ്പുതുറക്കുന്നതാണ് ഏറ്റവും ഉത്തമമെന്ന് വ്യക്തമാക്കുന്ന ഒന്നിലേറെ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നോമ്പ് അവസാനിപ്പിക്കുന്നത് ഈന്തപ്പഴമോ വെള്ളമോ കഴിച്ചുകൊണ്ടായിരിക്കലാണ് ഉത്തമമെന്ന് റസൂല്‍(സ) പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതിനുശേഷം എന്തൊക്കെ ഭക്ഷണങ്ങള്‍ എത്രത്തോളം കഴിക്കണമെന്ന് അവിടുന്ന് നിഷ്‌കര്‍ഷിച്ചിട്ടില്ല. അമിതഭോജനം വിശുദ്ധ ഖുര്‍ആനില്‍ വിലക്കിയിട്ടുണ്ട്.

നോമ്പ് തുറപ്പിക്കലും ഫിത്വ്‌ർ സകാത്തും

ഗള്‍ഫ് നാടുകളിലെ ചില മലയാളി മുസ്‌ലിം സംഘടനകള്‍ റമദാന്‍ തുടക്കത്തില്‍ തന്നെ, ഫിത്വ്‌ര്‍ സകാത്തിനും നോമ്പ് തുറപ്പിക്കാനുമെന്ന് പറഞ്ഞ് ഒരു നിശ്ചിതസംഖ്യ മലയാളി മുസ്‌ലിംകളില്‍ നിന്നും പിരിച്ച് നാട്ടിലേക്ക് അയക്കുന്നു. നാട്ടില്‍ ആ പണം ഏത് രീതിയില്‍ ചിലവഴിക്കുന്നു എന്നറിയില്ല. ചിലപ്പോള്‍ ദരിദ്രര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനോ സമൂഹനോമ്പുതുറയ്‌ക്കോ ഒക്കെ ആയിരിക്കാം അത് വിനിയോഗിക്കുന്നത്. ഈദുല്‍ഫിത്വ്‌റിന് നല്‍കേണ്ട സകാത്ത് മുന്‍കൂട്ടി നല്‍കാനും അത് താന്‍ ഉള്ള സ്ഥലത്തല്ലാതെ മറ്റിടങ്ങളിലേക്ക് അയക്കാനും വകമാറി ചെലവഴിക്കാനും അനുവാദമുണ്ടോ?

എം പി ജുനൈസ്, മലപ്പുറം

ഫിത്വ്‌ര്‍ സകാത്ത് നിര്‍ബന്ധബാധ്യതയാണ്. ഈദുല്‍ ഫിത്വ്‌റിനോടനുബന്ധിച്ചാണ് നല്‍കേണ്ടത്. സകാത്ത് നിര്‍ബന്ധമാകുന്ന സമയത്തിന് മുമ്പ് നല്‍കുന്നതിന് വിരോധമില്ലെന്ന് വ്യക്തമാക്കുന്ന ചില ഹദീസുകളുണ്ട്. 

പാവപ്പെട്ട നോമ്പുകാരന് നോമ്പ് തുറക്കാന്‍ ഭക്ഷണം നല്‍കുന്നതിന് ഫിത്വ്‌ര്‍ സകാത്തിന്റെ വകുപ്പില്‍പ്പെട്ട തുകയോ ഭക്ഷ്യവസ്തുക്കളോ വിനിയോഗിക്കുന്നതില്‍ തെറ്റില്ല. അത് സകാത്തുല്‍ ഫിത്വ്‌ര്‍ എന്ന പദത്തോടും, ഹദീസില്‍ വിവരിക്കപ്പെട്ട അതിന്റെ ഉദ്ദേശ്യങ്ങളോടും യോജിക്കുന്നത് തന്നെയാണ്. 

എന്നാല്‍ സകാത്തുല്‍ ഫിത്വ്‌റിന്റെ തുക സമ്പന്നരായ ആളുകള്‍ കൂടി പങ്കെടുക്കുന്ന സമൂഹ നോമ്പ്തുറയ്ക്ക് വിനിയോഗിക്കുന്നത് ശരിയല്ല. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ഏറ്റവും നല്ലത്, ഫിത്വ്‌ര്‍ സകാത്തിന്റെ തുക വേറെയും അതല്ലാത്ത ഇഫ്ത്വാര്‍ ഫണ്ട് വേറെയും സ്വരൂപിക്കുകയും വേറെത്തന്നെ വിനിയോഗിക്കുകയുമാണ്.

സകാത്ത് നല്‍കുന്ന വ്യക്തി താമസിക്കുന്ന സ്ഥലത്ത് തന്നെ അത് വാങ്ങാന്‍ അര്‍ഹതയുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് തന്നെ നല്‍കുന്നതാണ് ഏറ്റവും അനുയോജ്യം. എന്നാല്‍ ഗള്‍ഫ് മലയാളികള്‍ അവരുടെയും സ്വദേശത്തോ വിദേശത്തോ താമസിക്കുന്ന കുടുംബാംഗങ്ങളുടെയും പേരിലുള്ള സകാത്ത് സ്വദേശത്തെ അര്‍ഹരായ ആളുകള്‍ക്ക് തന്നെ നല്‍കാന്‍ ഏര്‍പ്പാട് ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല.

വിത്‌റിന്റെ സമയമെപ്പോള്‍?

ചിലര്‍ ഇശാക്കുശേഷം തറാവീഹ് എട്ട് റക്അത്ത് പള്ളിയില്‍വെച്ച് നമസ്‌കരിക്കുകയും മൂന്ന് റക്അത്ത് സ്വുബ്ഹിനുമുമ്പ് നമസ്‌കരിക്കാനായി മാറ്റിവെക്കുകയും ചെയ്തുകാണുന്നു. ഇങ്ങനെ നമസ്‌കരിക്കുന്നതുകൊണ്ട് കൂടുതല്‍ പ്രതിഫലം ലഭിക്കുമോ? നബിചര്യയില്‍ ഇതിന് വല്ല തെളിവുമുണ്ടോ?
 
അഹ്‌സന്‍, മഞ്ചേരി

'തറാവീഹ്' എട്ടു റക്അത്തും 'വിത്ര്‍' മൂന്നു റക്അത്തും എന്ന ധാരണതന്നെ പൂര്‍ണമായി ശരിയല്ല. തറാവീഹ് എന്നപദം റസൂലോ പ്രമുഖ സ്വഹാബികളോ പ്രയോഗിച്ചിട്ടില്ല. പില്‍ക്കാലത്ത് മുസ്‌ലിം പണ്ഡിതന്മാരാണ് ആ പേര് നല്‍കിയത്. വിശ്രമവേളകള്‍ എന്നാണ് ആ പദത്തിന് അര്‍ഥം. ഇടയില്‍ വിശ്രമിച്ചുകൊണ്ടാണ് റമദാന്‍ രാത്രികളില്‍ സുന്നത്ത് നമസ്‌കാരം നിര്‍വഹിച്ചിരുന്നത്. അതുകൊണ്ടാണ് തറാവീഹ് എന്ന പേരുവന്നത്. രാത്രിയിലെ സുന്നത്ത് നമസ്‌കാരം അഥവാ 'ഖിയാമുല്ലൈല്‍' ഒറ്റയായ റക്അത്തുകളായിട്ടാണ് നമസ്‌കരിക്കേണ്ടത്. അതിനാലാണ് വിത്ര്‍(ഒറ്റ) എന്ന് അതിന് പേരു നല്‍കുന്നത്. പതിനൊന്ന് റക്അത്തിന് മൊത്തമായി തറാവീഹ് എന്ന് പേരു പറയുന്നതുപോലെ വിത്ര്‍ എന്നും പേരുപറയാം. അവസാനത്തെ മൂന്നു റക്അത്തുകള്‍ക്കോ ഒരു റക്അത്തിനോ മാത്രമായും വിത്ര്‍ എന്നു പറയാം. എന്നാല്‍ എട്ടു റക്അത്ത് മാത്രമാണ് തറാവീഹ് എന്ന ധാരണയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല.

പേരെന്തു പറഞ്ഞാലും ഇശായ്ക്കും സ്വുബ്ഹിനും ഇടയില്‍, ഇശായുടെ ശേഷമുള്ള രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കാരവും സുബ്ഹിനു മുമ്പുള്ള രണ്ടുറക്അത്ത് സുന്നത്തും ഒഴികെ പതിനൊന്ന് റക്അത്തുള്ള ഒരു നമസ്‌കാരമേയുള്ളൂ. അത് റമദാന്‍ രാത്രിയില്‍ ജമാഅത്തായി നിര്‍വഹിച്ചുകൊണ്ട് നബി(സ) മാതൃക കാണിച്ചിട്ടുണ്ട്. രാത്രിയില്‍ ഉറങ്ങി എഴുന്നേറ്റശേഷം ഈ നമസ്‌കാരം നിര്‍വഹിക്കുന്നതാണ് കൂടുതല്‍ ശ്രേഷ്ഠമെന്ന് ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും ഗ്രഹിക്കാം. ഉറങ്ങി എഴുന്നേറ്റു നമസ്‌കരിക്കുകയാണെങ്കില്‍ ഈ നമസ്‌കാരത്തിന് 'തഹ്ജ്ജുദ്' എന്നും പേരുപറയും. എട്ടു റക്അത്ത് ഉറങ്ങുന്നതിന് മുമ്പും മൂന്ന് റക്അത്ത് അതിനുശേഷവുമാണ് നമസ്‌കരിക്കേണ്ടതെന്ന് നബി(സ) നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റസൂലിനുശേഷം രാത്രി നമസ്‌കാരത്തില്‍ ജമാഅത്ത് പുനസ്ഥാപിച്ച ഖലീഫ ഉമറും ഇങ്ങനെ നമസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. 

ഖിയാമുറമദാന്‍ അഥവാ റമദാന്‍ രാത്രിയിലെ സുന്നത്ത് നമസ്‌കാരം ഉറങ്ങി എഴുന്നേറ്റ് നമസ്‌കരിക്കുന്നതാണ് നല്ലതെന്ന് ഉമര്‍(റ) വ്യക്തമാക്കിയെങ്കിലും മൂന്നു റക്അത്ത് മാത്രം ആ സമയത്തേക്ക് മാറ്റിവെക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചിട്ടില്ല. ഉബയ്യുബ്‌നു കഅ്ബി(റ)നോടും തമീമുദ്ദാരി(റ)യോടും ജനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് പതിനൊന്ന് റക്അത്ത് നമസ്‌കരിക്കാന്‍ ഖലീഫ ഉമര്‍(റ) കല്പിച്ചുവെന്ന് ഇമാം മാലിക് മുവത്ത്വയില്‍ ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം എട്ടും മൂന്നും വേര്‍തിരിച്ചിട്ടില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ. 
 

സകാത്ത് മുന്‍കൂറായി നല്കാമോ?

ഒരു വ്യക്തിക്കോ ഒന്നിലധികം വ്യക്തികള്‍ക്കോ സകാത്ത് വിഹിതം ലഭിക്കല്‍ എത്രയും അനിവാര്യമായ ഒരു ഘട്ടത്തില്‍ ഒരു സകാത്ത് ദാതാവ് തന്റെ സകാത്ത് വിതരണ സമയം എത്തുന്നതിന് മുമ്പ് തനിക്ക് സ്വന്തമായി വിതരണം ചെയ്യാവുന്ന സകാത്ത് ക്വാട്ടയില്‍ നിന്ന് ഒരു സംഖ്യ മുന്‍കൂറായി കൊടുക്കുന്നത് ശറഇല്‍ അനുവദനീയമാണോ? എങ്കില്‍ അപ്രകാരം വിതരണം ചെയ്യുന്ന സംഖ്യ ടിയാന്റെ നിര്‍ബന്ധ സകാത്ത് ബാധ്യതയിലേക്ക് വകയിരുത്തിക്കൂടേ?

മുഹമ്മദ് , മലപ്പുറം

 
സമയമാകുന്നതിന് മുമ്പ് സകാത്ത് മുന്‍കൂറായി നല്കാന്‍ അബ്ബാസി(റ)ന് നബി(സ) അനുവാദം നല്കിയതായി അലി(റ)യില്‍ നിന്ന് അബൂദാവൂദും തിര്‍മിദിയും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 'സ്വന്തമായി വിതരണം ചെയ്യാവുന്ന സകാത്ത് ക്വാട്ട' എന്നൊന്നുണ്ടെതിന് പ്രബലമായ ഹദീസില്‍ തെളിവില്ല. പൊതുവായി സകാത്ത് ശേഖരിച്ച് വിതരണം ചെയ്യാന്‍ സംവിധാനം ഉള്ളേടത്ത് സത്യവിശ്വാസികളെല്ലാം അവരുടെ സകാത്ത് മുഴുവന്‍ ആ സംവിധാനത്തിലേക്ക് തിരിച്ചുവിടുകയാണ് വേണ്ടത്. എന്നാല്‍ ഒരാളുടെ ഏറ്റവും അടുത്ത ദരിദ്രരായ ബന്ധുക്കള്‍ പൊതുവിതരണ മേഖലയുടെ പരിധിയില്‍ ഉള്‍പ്പെടുകയില്ലെങ്കില്‍ അവര്‍ക്കുവേണ്ടി ഒരു വിഹിതം നേരിട്ട് നല്കാവുന്നതാണ്. സകാത്ത് എന്ന ഉദ്ദേശ്യത്തോടെ അവര്‍ക്ക് നല്കുന്നത് അയാള്‍ കൊടുക്കാന്‍ ബാധ്യസ്ഥമായ സകാത്തിലേക്ക് വകയിരുത്താം.

വിമാനയാത്രയില്‍ എപ്പോഴാണ് നോമ്പ് തുറക്കേണ്ടത്?

സുഊദിയില്‍ താമസിക്കുന്ന ഞാനും കുടുംബവും നാട്ടിലേക്ക് തിരിക്കാനിരിക്കുകയാണ്. വൈകിട്ട് അഞ്ചു മണിക്കാണ് വിമാനം പുറപ്പെടുക. സുഊദി സമയമനുസരിച്ച് ഏതാണ്ട് എഴ് മണിക്കാണ് നോമ്പ് തുറക്കേണ്ടത്. ഈ സമയം കൊണ്ട് വിമാനം ഏതാണ്ട് ഇന്ത്യയിലേക്ക് അടുത്തിരിക്കും. അപ്പോള്‍ ഇന്ത്യന്‍ സമയം ഏതാണ്ട് രാത്രി 9.30. അങ്ങനെയങ്കില്‍ ഞാന്‍ എപ്പോഴാണ് നോമ്പ് തുറക്കേണ്ടത്? താന്‍ മുമ്പ് മനസ്സിലാക്കിയിട്ടുള്ളത് നമ്മള്‍ ഏതു സ്ഥലത്താണോ എത്തുന്നത് അവിടത്തെ അസ്തമയ സമയത്ത് നോമ്പ് തുറക്കാം എന്നാണ്. പക്ഷെ, എന്റെ കാര്യത്തില്‍ വിമാനം ലാന്‍ഡു ചെയ്യുന്നത് ഇന്ത്യന്‍ സമയം ഏതാണ്ട് രാത്രി 10.30 നാണ്. അതുകൊണ്ട് ഞാന്‍ സുഊദി സമയം കണക്കാക്കി നോമ്പ് തുറന്നാല്‍ മതിയോ?

അബ്ദുര്‍റഹ്മാന്‍, ജിദ്ദ

 
സുഊദിയില്‍ വെച്ച് തുടങ്ങിയ നോമ്പ് അവിടത്തെ സമയം അടിസ്ഥാനമാക്കിത്തന്നെ അവസാനിപ്പിച്ചാല്‍ മതി. അതായത് വിമാനം പുറപ്പെടുന്നത് അഞ്ചു മണിക്കും സുഊദി സമയമനുസരിച്ച് സൂര്യാസ്തമനം ഏഴ് മണിക്കുമാണെങ്കില്‍ വിമാനം രണ്ടു മണിക്കൂര്‍ പറന്നുകഴിഞ്ഞാല്‍ നോമ്പ് തുറക്കാം. അപ്പോള്‍ വിമാനം പറക്കുന്ന വ്യോമമേഖലയിലെ സമയമോ അപ്പോഴത്തെ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയമോ ഈ കാര്യത്തില്‍ പരിഗണിക്കേണ്ടതില്ല.
ഇന്ത്യയിലെത്തിയിട്ട് നോമ്പെടുക്കുന്നവരേ നോമ്പ് തുറക്കാന്‍ ഇ ന്ത്യന്‍ സമയം പരിഗണിക്കേണ്ടതുള്ളൂ. 

ചെലവ് കഴിച്ച് ബാക്കി തുകയ്ക്ക് സകാത്ത് നല്‍കിയാല്‍ മതിയോ?

ഒരാള്‍ തന്റെ കൃഷിയോ കച്ചവടമോ വ്യവസായമോ ഉദ്യോഗമോ മറ്റേതെങ്കിലും ഹലാലായ വഴിക്കോ ആര്‍ജിക്കുന്ന മൊത്ത വരുമാനത്തില്‍ നിന്ന് അതത് ഏര്‍പ്പാടുകള്‍ക്കു വരുന്ന നടത്തിപ്പു ചെലവും തന്റെയും കുടുംബത്തിന്റെയും ദൈനംദിന ചെലവുകളും മാറ്റിനിര്‍ത്തി ബാക്കിവരുന്ന സംഖ്യ നിസാബെത്തുമെങ്കില്‍ മാത്രം അങ്ങനെയുള്ള സംഖ്യക്ക് അതത് ഇനത്തിന്റെ നിശ്ചിത തോതനുസരിച്ച് സകാത്ത് നല്കിയാല്‍ മതിയോ? അതോ മൊത്ത വരുമാനത്തിനുള്ള സകാത്ത് നല്കണോ? നടത്തിപ്പു ചെലവുകള്‍ കഴിച്ച് ബാക്കിവരുന്ന മാത്രം സംഖ്യക്ക് നല്കിയാല്‍ മതിയോ?
 
വി പി മുഹമ്മദലി, പന്തലിങ്ങല്‍

ഒരാള്‍ക്ക് സകാത്തിന്റെ പരിധിയെത്തിയ വരുമാനമുണ്ടെങ്കില്‍ മൊത്തം വരുമാനത്തിനാണ്, ചെലവ് കഴിച്ച് ബാക്കിയുള്ളതിനല്ല സകാത്ത് നല്‌കേണ്ടത്. എന്നാല്‍ ഒരാളുടെ വരുമാനം അത്യാവശ്യച്ചെലവുകള്‍ക്ക് തികയില്ലെങ്കില്‍ അയാള്‍ ഫഖീറോ മിസ്‌കീനോ ആയിരിക്കും. അത്തരക്കാര്‍ സകാത്ത് നല്കാന്‍ ബാധ്യസ്ഥരല്ല, വാങ്ങാന്‍ അവകാശപ്പെട്ടവരാകുന്നു. ഒരാള്‍ പതിനായിരം രൂപ മുതല്‍ മുടക്കി കൃഷി ചെയ്തിട്ട് നെല്ലും വൈക്കോലും കൂടി അയ്യായിരം രൂപയ്ക്കുള്ളതേ കിട്ടിയുള്ളൂവെങ്കില്‍  അതിനയാള്‍ സകാത്ത് നല്‌കേണ്ടതുണ്ടോ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരല്ല. കൃഷി ലാഭകരമായാലും അല്ലെങ്കിലും ലഭിച്ച ഉല്പന്നത്തിന് സകാത്ത് നല്കണമെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അയാള്‍ക്ക് കൃഷി മുഖേന യഥാര്‍ഥത്തില്‍ വരുമാനമൊന്നും ഉണ്ടായിട്ടില്ലാത്തതിനാല്‍ അയാള്‍ ആ വകയില്‍ സകാത്ത് നല്കാന്‍ ബാധ്യസ്ഥനല്ലെന്ന് കരുതാനും ന്യായമുണ്ട്. കൃഷിക്ക് മുടക്കിയ സംഖ്യ നിസ്വാബെത്തുമെങ്കില്‍, അതിന് ആ വര്‍ഷം സകാത്ത് നല്കിയിട്ടില്ലെങ്കില്‍ അത് നല്കണം. കാര്‍ഷിക വരുമാനത്തിന് സകാത്ത് നല്കുമ്പോള്‍ കൃഷിച്ചെലവ് കഴിച്ച് ബാക്കിയുള്ളതിന് നല്കിയാല്‍ മതിയോ എന്നതും വീക്ഷണവ്യത്യാസത്തിന് സാധ്യതയുള്ള വിഷയമാണ്.

അധ്വാനം കൂടാതെ ലഭിക്കുന്ന കാര്‍ഷിക വരുമാനത്തിന് പത്ത് ശതമാനവും അധ്വാനിച്ചുണ്ടാക്കുന്നതിന് അഞ്ച് ശതമാനവും സകാത്ത് നിശ്ചയിച്ച സ്ഥിതിക്ക് കൃഷിച്ചെലവ് വേറെ പരിഗണിക്കുന്നതിന് ന്യായം കാണുന്നില്ല. സകാത്തിനു വേണ്ടി വിളകളുടെ മതിപ്പ് കണക്കാക്കാന്‍ നിയോഗിച്ച ജോലിക്കാരോട് (വിളയുടെ) മൂന്നിലൊന്നോ നാലിലൊന്നോ ഒഴിവാക്കി വിടാന്‍ റസൂല്‍(സ) കല്പിച്ചതായി സഹ്‌ലുബ്‌നു അബീ ഹഥ്മയില്‍ നിന്ന് അബൂദാവൂദും തിര്‍മിദിയും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചില പണ്ഡിതന്മാരുടെ വീക്ഷണത്തില്‍, മതിപ്പ് കണക്കുപ്രകാരമുള്ള സകാത്തിന്റെ മൂന്നില്‍ ഒരു ഭാഗമോ നാലില്‍ ഒരു  ഭാഗമോ ഒഴിവാക്കി വിടാനാണ് നിര്‍ദേശം. ചിലരുടെ അഭിപ്രായപ്രകാരം ഒഴിച്ചുനിര്‍ത്തിയ സകാത്ത് സ്വത്തുടമ സ്വന്തം നിലയില്‍ വിതരണം ചെയ്യേണ്ടതാണ്. കച്ചവടത്തിന്റെയും വ്യവസായത്തിന്റെയും അറ്റാദായത്തിന്റെ പത്ത് ശതമാനം എന്ന നിലയില്‍ സകാത്ത് കണക്കാക്കുകയാണെങ്കില്‍ ബിസിനസ് സംബന്ധമായ ചെലവുകള്‍ കഴിച്ച് ബാക്കിയുള്ള ലാഭം പരിഗണി ച്ചാല്‍മതി. മൂലധനവും ഒരു വര്‍ഷ ത്തെ ലാഭവും ചേര്‍ത്തുള്ള തുക യ്ക്ക് രണ്ടര ശതമാനം സകാത്ത് നല്‍കണമെന്നാണ് മറ്റൊരഭിപ്രായം. ശമ്പളത്തില്‍ സകാത്ത് സംബന്ധിച്ച് ഖുര്‍ആനിലോ പ്രബലമായ ഹദീസിലോ ഖണ്ഡിതമായ നിര്‍ദേശമില്ല. ആധുനിക പണ്ഡിതന്മാരില്‍ പലരുടെയും അഭിപ്രായം രണ്ടര ശതമാനം സകാത്ത് നല്കിയാല്‍ മതിയെന്നാണ്. അധ്വാനിച്ചുകിട്ടുന്ന കാര്‍ഷിക വരുമാനം പോലെ കണക്കാക്കി അഞ്ചു ശതമാനം നല്കണമെന്ന് കരുതുന്നവരും ഉണ്ട്.

ഖുത്വ്‌ബയുടെ സമയത്ത് സംസാരം നിഷിദ്ധമല്ലേ?

ജുമുഅ ഖുത്വ്‌ബ ആരംഭിച്ചാല്‍, പള്ളിയില്‍ യാതൊരുവിധ സംസാരവും പാടില്ലെന്നും സംസാരിക്കുന്ന വ്യക്തിയുടെ ജുമുഅ നഷ്ടപ്പെടുമെന്നുമാണല്ലോ. എന്നാല്‍ രണ്ടാം ഖലീഫ ഉമറിന്റെ കാലത്ത് സ്ത്രീകള്‍ ആവശ്യപ്പെടുന്ന മഹര്‍ ക്രമാതീതമായി വര്‍ധിപ്പിക്കുകയും യുവാക്കള്‍ക്ക് സാമ്പത്തിക ഭദ്രതയില്ലാത്തതിനാല്‍ വിവാഹം കഴിക്കാന്‍ പറ്റാത്ത അവസ്ഥ സംജാതമാവുകയും ചെയ്തപ്പോള്‍ ഖുത്വ്‌ബയില്‍ വെച്ച് ഖലീഫ മഹറിന് പരിധി നിശ്ചയിച്ച് സംസാരിച്ചതും, അപ്പോള്‍ ഒരു വനിത എഴുന്നേറ്റ് 'അല്ലാഹു തങ്ങള്‍ക്ക് അനുവദിച്ച അവകാശം ഇല്ലാതാക്കാന്‍ താങ്കള്‍ക്ക് അവകാശമില്ല' എന്ന് പറഞ്ഞതും ചരിത്രത്തിലുണ്ട്. ഖുത്വ്‌ബ സമയത്ത് ശബ്ദിക്കാന്‍ പാടില്ലെന്ന നിയമവും മേല്പറഞ്ഞ സംഭവവും എങ്ങനെയാണ് യോജിക്കുക?
 
അസ്ഹാന്‍പരി, മലപ്പുറം

ഖുത്വ്‌ബ സമയത്ത് ശ്രോതാക്കള്‍ തമ്മില്‍ സംസാരിക്കുന്നത് നിഷിദ്ധമാണെന്ന് തന്നെയാണ് പ്രബലമായ ഹദീസുകളില്‍ നിന്ന് ഗ്രഹിക്കാവുന്നത്. എന്നാല്‍ പ്രധാനപ്പെട്ട എന്തെങ്കിലും കാര്യത്തെക്കുറിച്ച് ഖുത്വ്‌ബക്കിടയില്‍ ഖത്വീബ് ശ്രോതാക്കളോടോ അവര്‍  ഖത്വീബിനോടോ ചോദിക്കുന്നത് നിഷിദ്ധമല്ലെന്നതിന് ഹദീസുകളില്‍ തെളിവുണ്ട്. അനസി(റ)ല്‍ നിന്ന് ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ''നബി(സ) ഖുത്വ്‌ബ നിര്‍വഹിക്കുന്നതിനിടയില്‍ പള്ളിയില്‍ കയറിവന്ന ഒരാള്‍ പറഞ്ഞു: 

''അല്ലാഹുവിന്റെ ദൂതരേ, സ്വത്തുക്കള്‍ നശിക്കുകയും ജീവിതമാര്‍ഗങ്ങള്‍ മുറിഞ്ഞുപോവുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിച്ചുതരാന്‍ അങ്ങ് അല്ലാഹുവോട് പ്രാര്‍ഥിക്കണം.'' 'അല്ലാഹുവേ, ഞങ്ങള്‍ക്ക് മഴ നല്‌കേണമേ, അല്ലാഹുവേ ഞങ്ങള്‍ക്ക് മഴ നല്‌കേണമേ' എന്ന് അദ്ദേഹം പ്രാര്‍ഥിച്ചു. 

ഖുത്വ്‌ബക്കിടയില്‍ വരള്‍ച്ചയുടെ കെടുതികളെക്കുറിച്ച് സംസാരിച്ച ശ്രോതാവിനെ അദ്ദേഹം ആക്ഷേപിച്ചില്ല. കാരണം, സമൂഹത്തിന്റെ അടിയന്തരാവശ്യത്തിനുവേണ്ടി പ്രാര്‍ഥിക്കണമെന്നാണ് അയാള്‍ അപേക്ഷിച്ചത്. നബി(സ) ഖുത്വ്‌ബ നിര്‍വഹിച്ചുകൊണ്ടിരിക്കെ പള്ളിയില്‍ പ്രവേശിച്ച ഒരാളോട്, രണ്ടു റക്അത്ത് നമസ്‌കരിക്കാന്‍ കല്പിച്ചുവെന്ന് അബൂസഈദി(റ)ല്‍ നിന്ന് തിര്‍മിദിയും നസാഈയും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹ്‌റിന് പരിധി നിര്‍ണയിക്കുമെന്ന ഖലീഫാ ഉമറിന്റെ(റ) പ്രസ്താവന ഖുര്‍ആനിക അധ്യാപനത്തിന് വിരുദ്ധവും സ്ത്രീകളുടെ മൗലികാവകാശം നിഷേധിക്കലുമാവില്ലേ എന്ന ആശങ്കയാണ് ശ്രോതാക്കളുടെ കൂട്ടത്തില്‍ നിന്ന് ഒരു സ്ത്രീയെ അതിനെക്കുറിച്ച് ചോദിക്കാന്‍ പ്രേരിപ്പിച്ചത്. ശ്രോതാക്കള്‍ ഖുത്വ്‌ബക്കിടയില്‍ കുശുകുശുക്കുന്നത് പോലെയല്ല ഇത്.

നോമ്പും പ്രായശ്ചിത്തവും സാധിക്കാത്തവര്‍ എന്തുചെയ്യണം?

റമദാനിലെ നോമ്പെടുക്കാനോ പിന്നീട് നോറ്റുവീട്ടാനോ കഴിയാത്ത വിധം രോഗിയായ ഒരാള്‍ക്ക് സാമ്പത്തിക ഞെരുക്കം നിമിത്തം പ്രായശ്ചിത്തം നല്കാനും സാധിക്കാത്ത പക്ഷം അയാളുടെ കാര്യത്തിലുള്ള ഇസ്‌ലാമിക വിധി എന്താണ്?

വി കെ എസ്, തിരുവനന്തപുരം

ഇസ്‌ലാമിലെ ഏത് ആജ്ഞയും അത് നിറവേറ്റാന്‍ കഴിവുള്ളവനു മാത്രമേ ബാധകമാവുകയുള്ളൂ. ''അല്ലാഹു യാതൊരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല'' (2:286), ''നിങ്ങള്‍ക്ക് സാധിക്കുന്നേടത്തോളം അല്ലാഹുവെ (അവന്റെ വിധിവിലക്കുകളെ) നിങ്ങള്‍ സൂക്ഷിക്കുക'' (64:16) എന്നീ ഖുര്‍ആന്‍ വചനങ്ങളുടെ അടിസ്ഥാനത്തില്‍ കഴിവിന്നതീതമായ കാര്യങ്ങള്‍ ചെയ്യാന്‍ ആരും ബാധ്യസ്ഥരല്ല. നോമ്പും പ്രായശ്ചിത്തവും ചെയ്യാന്‍ കഴിവില്ലാത്തവന്‍ മറ്റെന്തെങ്കിലും ചെയ്യണമെന്ന് നബി(സ) നിര്‍ദേശിച്ചിട്ടുമില്ല.
 
 

നഷ്ടപ്പെട്ട നോമ്പ് അതേ വര്‍ഷത്തില്‍തന്നെ നോറ്റുവീട്ടേണ്ടതുണ്ടോ?


ഓരോ വര്‍ഷവും നഷ്ടമാകുന്ന നോമ്പ് ആഇശ(റ)യും മറ്റും അതേ വര്‍ഷത്തില്‍ തന്നെ നോറ്റ് വീട്ടിയിരുന്നുവെങ്കിലും അപ്രകാരം തന്നെ നോറ്റ് വീട്ടല്‍ നിര്‍ബന്ധമുണ്ടോ? നോമ്പനുഷ്ഠിക്കാന്‍ കഴിയാതെ പ്രായശ്ചിത്തം നല്കാന്‍ ബാധ്യതയുള്ളവര്‍ ഓരോ വ്രതത്തിനും പ്രായശ്ചിത്തമായി ഒരു അഗതിക്ക് ഭക്ഷണം നല്കുന്നതിന് പകരം പണം നല്കിയാല്‍ മതിയാകുമോ?
 
പി ടി ഇഖ്ബാല്‍, മലപ്പുറം

നിര്‍ബന്ധമായ നോമ്പ് നോറ്റുവീട്ടേണ്ടത് കഴിയും വേഗം നിര്‍വഹിക്കുക തന്നെയാണ് അഭികാമ്യം. കാരണം, മരണം എപ്പോഴാണെന്ന് ആര്‍ക്കും അറിയില്ല. അല്ലാഹുവോടുള്ള ബാധ്യത നിര്‍വഹിക്കാന്‍ അവസരം ലഭിച്ചിട്ടും അത് ചെയ്യാത്ത നിലയില്‍ മരിച്ചുപോകാന്‍ ഇടയാകുന്നത് വലിയ നഷ്ടമായിരിക്കും. എന്നാല്‍ അടുത്ത റമദാനിന് മുമ്പ് തന്നെ നോറ്റുവീട്ടല്‍ നിര്‍ബന്ധമാണെന്നതിന് ഖണ്ഡിതമായ തെളിവൊന്നുമില്ല. 

വിശുദ്ധഖുര്‍ആനില്‍ നിര്‍ദേശിച്ച പ്രായശ്ചിത്തം അഗതിക്ക് ആഹാരംനല്കുക എന്നതാണ്. അല്ലാഹുവിന്റെ കല്പന അക്ഷരം പ്രതി പാലിച്ചുകൊണ്ട് ഭക്ഷ്യപദാര്‍ഥം തന്നെ നല്കുന്നതാണ് ഉത്തമം. എന്നാല്‍ അഗതികള്‍ക്ക് ഇഷ്ടമുള്ള ആഹാരം വാങ്ങിക്കഴിക്കാന്‍ സൗകര്യപ്പെടുംവിധം പണം നല്കിയാലും മതിയാകുമെന്ന് തന്നെയാണ് മനസ്സിലാകുന്നത്. അല്ലാഹുവിന്റെ കല്പനകൊണ്ട് ഉദ്ദേശിക്കപ്പെട്ട കാര്യം ഭക്ഷ്യപദാര്‍ഥത്തിന്റെ വില നല്കുന്നതു മുഖേനയും നിറവേറുമല്ലോ. 

ലൈംഗികബന്ധത്തിലൂടെ നോമ്പ് മുറിച്ചാല്‍


ഒരാള്‍ ലൈംഗികവേഴ്ച മുഖേന നോമ്പ് മുറിക്കാന്‍ ഇടയായാല്‍ എന്താണ് ചെയ്യേണ്ടത്?

വി അബ്ദുല്‍വാഹിദ്, കുവൈത്ത്

ബുഖാരിയും മുസ്‌ലിമും മറ്റു പ്രമുഖ ഹദീസ് ഗ്രന്ഥകര്‍ത്താക്കളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒരു നബിവചനമനുസരിച്ച് അയാള്‍ പ്രായശ്ചിത്തം ചെയ്യേണ്ടതാണ്. ഒന്നുകില്‍ ഒരു അടിമയെ മോചിപ്പിക്കുക, അല്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്ഠിക്കുക, അതും സാധ്യമല്ലെങ്കില്‍ അറുപത് അഗതികള്‍ക്ക് ആഹാരം നല്കുക. ആഹാരത്തിന്റെ അളവ് നബി(സ) നിര്‍ണയിച്ചിട്ടില്ല. സംഭോഗം മുഖേന നോമ്പു മുറിച്ചവന്‍ അതിനു പകരം മറ്റൊരു ദിവസം നോമ്പെടുക്കണമെന്നും നബി(സ) പറഞ്ഞതായി അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നബി(സ)യുടെ അത്താഴ സമയം?


നബി(സ) റമദ്വാനില്‍ എപ്പോഴാണ് അത്താഴം കഴിച്ചിരുന്നത്? സുബ്ഹിന് തൊട്ടു മുമ്പോ കുറെ നേരത്തെയോ?
 
അബ്ദുല്‍കരീം, കോഴിക്കോട്

നബി(സ)യുടെ അത്താഴത്തിനും സുബ്ഹ് നമസ്‌കാരത്തിനും ഇടയില്‍ അമ്പത് ആയത്ത് ഓതാനുള്ള സമയമേ ഉണ്ടായിരുന്നുള്ളൂ എന്ന് സൈദുബ്‌നു സാബിത്ത്(റ) പറഞ്ഞതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വലിയ അശുദ്ധിയോടെ നോമ്പില്‍ പ്രവേശിക്കല്‍


സുബ്ഹ് ബാങ്ക് വിളിക്കുന്ന സമയത്ത് ഒരാള്‍ക്ക് വലിയ അശുദ്ധിയുണ്ടെങ്കില്‍ ആ നിലയില്‍ നോമ്പില്‍ പ്രവേശിക്കാമോ? അതല്ല, സുബ്ഹിന് മുമ്പുതന്നെ കുളിച്ച് ശുദ്ധിയായാലേ നോമ്പെടുക്കാന്‍ പറ്റൂ എന്നാണോ?
 
ഉമ്മര്‍ കുറ്റിയില്‍, ദോഹ

ലൈംഗിക ബന്ധത്താല്‍ വലിയ അശുദ്ധിയുള്ളവനായിരിക്കെ നബി(സ) നോമ്പില്‍ പ്രവേശിക്കാറുണ്ടായിരുന്നുവെന്ന് പ്രവാചക പത്‌നിമാരായ ആഇശ, ഉമ്മുസലമ(റ) എന്നിവരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ നിന്ന് വ്യക്തമാകുന്നു. സുബ്ഹിന്റെ സമയമായ ശേഷം കുളിച്ചിട്ടാണ് അദ്ദേഹം നമസ്‌കരിച്ചിരുന്നതെന്നാണ് ഇതില്‍നിന്ന് ഗ്രഹിക്കാവുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായം അബൂഹുറയ്‌റ(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം പണ്ഡിതന്മാര്‍ പ്രവാചകപത്‌നിമാരില്‍ നിന്നുള്ള റിപ്പോര്‍ട്ടാണ് പ്രമാണമായി സ്വീകരിച്ചിട്ടുള്ളത്. റമദ്വാനിന്റെ പകലില്‍ സ്വപ്നസ്ഖലനം മൂലം വലിയ അശുദ്ധിയുണ്ടാകുന്നതും നോമ്പിന്റെ സാധുതയെ ബാധിക്കുകയില്ല. ബോധപൂര്‍വം ലൈംഗികവൃത്തിയില്‍ ഏര്‍പ്പെട്ടാല്‍ നോമ്പ് മുറിയും എന്ന കാര്യം അവിതര്‍ക്കിതമാകുന്നു.

ഈത്തപ്പഴം കൊണ്ട് നോമ്പു തുറക്കല്‍

ഈത്തപ്പഴം കൊണ്ട് നോമ്പു തുറക്കുന്നതില്‍ പ്രത്യേക പുണ്യമുണ്ടോ? 
അന്‍വര്‍ശക്കീല്‍, തിരൂര്‍

 
ഉണങ്ങാത്ത ഈത്തപ്പഴം ലഭ്യമാണെങ്കില്‍ അതുകൊണ്ടും ഇല്ലെങ്കില്‍ ഉണങ്ങിയ ഈത്തപ്പഴം (കാരക്ക) കൊണ്ടും അതുമില്ലെങ്കില്‍ വെള്ളം കൊണ്ടുമാണ് നബി(സ) നോമ്പ് തുറന്നിരുന്നതെന്ന് അനസ്(റ) പറഞ്ഞതായി അബൂദാവൂദ്, തിര്‍മിദി, അഹ്മദ് എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ''ഈത്തപ്പഴം കൊണ്ടാണ് നിങ്ങള്‍ നോമ്പ് തുറക്കേണ്ടത്. അത് കിട്ടിയില്ലെങ്കില്‍ വെള്ളം കൊണ്ട് അത് ശുദ്ധീകരണ ക്ഷമമാകുന്നു'' എന്ന് റസൂല്‍(സ) പറഞ്ഞതായി സല്‍മാന്‍ ബിന്‍ ആമിറി(റ)ല്‍ നിന്ന് അബൂദാവൂദും തിര്‍മിദിയും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ കടിച്ചാല്‍ പറ്റാത്ത വിധം ഉണക്കിയ കാരക്ക കൊണ്ട് നോമ്പ് തുറക്കുന്നതില്‍ പ്രത്യേക പുണ്യമുണ്ടെന്ന ധാരണയ്ക്ക് അടിസ്ഥാനമില്ല.

അല്ലാഹുവിന് എന്തുകൊണ്ട് പൊറുത്തുകൂടാ?

ഉദ്ദേശ്യശുദ്ധിയില്‍ സംശയിക്കേണ്ടതില്ല എന്ന് ഞാന്‍ കരുതുന്ന ഒരു പണ്ഡിതനോട് ഒരിക്കല്‍ ഞാനൊരു സംശയം ചോദിച്ചു: അല്ലാഹു എത്രയോ ഉന്നതന്‍, ആരോടും മത്സരിക്കേണ്ട ആവശ്യമില്ലാത്തവന്‍. അവന് എന്തെങ്കിലുമൊരു നഷ്ടമുണ്ടാക്കാന്‍ ഒരാള്‍ക്കും കഴിയില്ല. അങ്ങനെയുള്ള അല്ലാഹുവിന് ആരാധനയുടെ കാര്യത്തില്‍ ഇത്ര കടുംപിടുത്തമെന്തിന്? ദൈവസാന്നിധ്യം അനുഭവിക്കാന്‍ ദുര്‍ബലനായ മനുഷ്യന്‍ ഒരു മാധ്യമം സ്വീകരിക്കുന്നത് അല്ലാഹുവിന് എന്തുകൊണ്ട് പൊറുത്തുകൂടാ?'' (എ സഈദ്, തേജസ് വാരിക, ജൂലൈ 1-15, 2012). ഇതിനെക്കുറിച്ച് 'മുസ്‌ലിം' എന്തു പറയുന്നു?

മുഹമ്മദ് ഫവാസ്, മലപ്പുറം

അല്ലാഹു അത്യുന്നതാണെന്ന് മാത്രമല്ല മനുഷ്യരോട് ഏറ്റവും അടുത്തുള്ളവനാണെന്നും അവന്‍ തന്നെ വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്. ''നിന്നോട് എന്റെ ദാസന്മാര്‍ എന്നെക്കുറിച്ച് ചോദിച്ചാല്‍ ഞാന്‍ അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്കും'' (വി.ഖു 2:186). ''തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം (അവന്റെ) കണ്ഠനാഡിയേക്കാള്‍ അവനോട് അടുത്തവനുമാകുന്നു'' (വി.ഖു 50:16). മനുഷ്യനെ സംബന്ധിച്ചേടത്തോളം സ്രഷ്ടാവും രക്ഷിതാവും പരിപാലകനുമായ അല്ലാഹുവെക്കാള്‍ അടുത്ത മറ്റാരുമില്ലെന്നാണ് ഈ സൂക്തങ്ങളില്‍ നിന്ന് സംശയാതീതമായി തെളിയുന്നത്. മലക്കുകളോ പ്രവാചകന്മാരോ പുണ്യാത്മാക്കളോ അല്ലാഹുവെക്കാള്‍ നമ്മോട് അടുത്തവരല്ല. അതിനാല്‍ അല്ലാഹുവിനും അടിയനുമിടയില്‍ ഒരു മാധ്യമത്തിന് അശേഷം സ്ഥാനമില്ല. ഒരു ഇടയാളനെ/മധ്യവര്‍ത്തിയെ ആരാധിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യുന്ന ഏതൊരാളും അല്ലാഹുവില്‍ നിന്ന് അകലുകയാണ്. അഥവാ അല്ലാഹുവാണ് മനുഷ്യന് ഏറ്റവും അടുത്തവന്‍ എന്ന ഖുര്‍ആനിക സത്യത്തെ നിഷേധിക്കുകയാണ് അവന്‍ ചെയ്യുന്നത്.

അല്ലാഹുവിന്റെ ഹിതം എന്താണെന്നറിയാന്‍ നമ്മുടെ മുമ്പില്‍ രണ്ടു മാര്‍ഗങ്ങളേയുള്ളൂ. ഒന്ന്, അവന്റെ ഗ്രന്ഥമായ ഖുര്‍ആന്‍. രണ്ട്, മുഹമ്മദ്‌നബി(സ)യില്‍ നിന്ന് വിശ്വസനീയമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകള്‍. ഇബാദത്ത് അഥവാ ആരാധന അല്ലാഹുവിന് മാത്രമേ അര്‍പ്പിക്കാന്‍ പാടുള്ളു എന്നത് അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ ഉറപ്പിച്ചുപറഞ്ഞ കാര്യമാണ്. നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു എന്നര്‍ഥമുള്ള ഇയ്യാക നഅ്ഖുദു എന്ന വാക്യം നാം നമസ്‌കാരത്തില്‍ ആവര്‍ത്തിച്ച് പാരായണം ചെയ്യുന്നതാണല്ലോ. സൂറത്തു ഇസ്‌റാഇല്‍ അല്ലാഹു പറയുന്നു: ''തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു.'' (വി.ഖു 17:23)

അല്ലാഹു അത്യുന്നതനായതു കൊണ്ട് അവനെ ആരാധിക്കാനും പ്രാര്‍ഥിക്കാനും ഒരു മാധ്യമം വേണമെന്ന വാദത്തെ ഖണ്ഡിച്ചുകൊണ്ട് മറ്റൊരു ഖുര്‍ആന്‍സൂക്തത്തില്‍ ഇപ്രകാരം പറയുന്നു: ''അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്‌കളങ്കമായ കീഴ്‌വണക്കം. അവന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) ''അല്ലാഹുങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ അവരെ ആരാധിക്കുന്നത്. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധി കല്പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനും ആയിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല, തീര്‍ച്ച.'' (വി.ഖു 39:3)

അല്ലാഹുവിന് (ആരാധനയിലും പ്രാര്‍ഥനയിലും) പങ്കാളിയെ ചേര്‍ക്കുന്നത് അവന്‍ പൊറുക്കുകയില്ലെന്നും ഖുര്‍ആനില്‍ തന്നെയാണ് പറഞ്ഞിട്ടുള്ളത്. ''തന്നോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴികെയുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തുകൊടുക്കും. ആര്‍ അല്ലാഹുവോട് പങ്കാളിയെ ചേര്‍ക്കുന്നുവോ അവന്‍  ബഹുദൂരം പിഴച്ചുപോയിരിക്കുന്നു.'' (വി.ഖു 4:116)

അല്ലാഹുവിന് അത് പൊറുത്തുകൂടെ എന്ന് ചോദിച്ചാല്‍ മനുഷ്യര്‍ക്ക് അവന്റെ തീരുമാനം ചോദ്യം ചെയ്യാന്‍ അവകാശമില്ല എന്നാണ് മറുപടി. ''അവന്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടാവുന്നതല്ല. അവരാകട്ടെ ചോദ്യം ചെയ്യപ്പെടുന്നതുമാണ്.'' (വി.ഖു 21:23)

Followers -NetworkedBlogs-

Followers