ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഇസ്‌ലാമിക ഭരണവ്യവസ്ഥ ഒരനാവശ്യകാര്യമോ?

ഇസ്‌ലാമിക സാമൂഹ്യവ്യവസ്ഥിതിക്ക്‌ വേണ്ടി മുസ്‌ലിംകള്‍ പരിശ്രമിക്കേണ്ടതല്ലേ? എന്ന ചോദ്യത്തിനുള്ള ഉത്തരത്തില്‍ (ലക്കം 28) `മുസ്‌ലിം' പറഞ്ഞു: ``ഇസ്‌ലാമിക ഭരണകൂടം എന്ന ശക്തികേന്ദ്രത്തിന്റെ അഭാവം കേരളത്തിലെ യഥാര്‍ഥ മുസ്‌ലിംകളുടെ തഖ്വയെയും ഇഖ്‌ലാസിനെയും പ്രതികൂലമായി ബാധിച്ചിട്ടില്ല. മദ്യഷാപ്പുകള്‍ തുറന്ന്‌ കിടക്കെതന്നെ അവര്‍ സമ്പൂര്‍ണ മദ്യവര്‍ജനം പാലിക്കുന്നു. ബാങ്കുകളും `ബ്ലേയ്‌ഡുകളും' സുലഭമായിരിക്കെ തന്നെ അവര്‍ പലിശ ഭുജിക്കാതെ ജീവിക്കുന്നു...''

മനുഷ്യനെ ദുഷിപ്പിക്കുന്നതില്‍ സാഹചര്യങ്ങള്‍ക്കും പങ്കുണ്ട്‌ എന്നതാണല്ലോ യാഥാര്‍ഥ്യം. ദേഹേച്ഛയുടെയും പിശാചിന്റെയും ശക്തമായ പ്രേരണയുണ്ടാവുന്ന പല തെറ്റുകളിലേക്കും വിശ്വാസികള്‍ പോലും വഴുതിപ്പോകാന്‍ തെറ്റുകള്‍ക്കനുകൂലമായ സാഹചര്യങ്ങള്‍ ഇടയാക്കുന്നു എന്ന്‌ കാണാം. മദ്യപാനത്തിന്റെ കാര്യം തന്നെയെടുക്കുക. മദ്യം എല്ലായിടത്തും നിയമാനുസൃതമായിത്തന്നെ ലഭ്യമാക്കുന്ന സാഹചര്യമൊരുക്കിയ ഭരണകൂടനയം മൂലം മുസ്‌ലിം സമുദായത്തില്‍ പോലും മദ്യപാനികളുടെ എണ്ണം കൂടിയിട്ടുണ്ട്‌ എന്ന്‌ സാമൂഹ്യനിരീക്ഷകര്‍ പറയുന്നു. ഇസ്‌ലാമിക ഭരണവ്യവസ്ഥയ്‌ക്കു കീഴില്‍ ദുര്‍വൃത്തികള്‍ക്കനുകൂലമായ സാഹചര്യം ഉണ്ടാവുകയില്ല. വസ്‌തുതകള്‍ ഇപ്രകാരമായിരിക്കെ ഇസ്‌ലാമിക ഭരണവ്യവസ്ഥയെ ഒരനാവശ്യകാര്യം എന്ന രീതിയില്‍ വിലയിരുത്തുന്നത്‌ ശരിയാണോ?

ടി മൊയ്‌തു മാസ്റ്റര്‍, പെരിമ്പലം

ഇസ്‌ലാമിക ഭരണവ്യവസ്ഥ അനാവശ്യമാണെന്ന്‌ `മുസ്‌ലിം' എഴുതിയിട്ടില്ല. ചോദ്യകര്‍ത്താവ്‌ എന്തോ മുന്‍വിധിയോടെ എന്റെ മറുപടി വായിച്ചതാണ്‌ തെറ്റിദ്ധാരണയ്‌ക്ക്‌ കാരണം. ഭരണമില്ലാത്ത ദീന്‍ ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഭവനം പോലെയാണെന്ന സയ്യിദ്‌ മൗദൂദിയുടെ ഖുത്വ്‌ബാത്തിലെ പരാമര്‍ശത്തോട്‌ സാമാന്യബുദ്ധിയുള്ള ആര്‍ക്കും യോജിക്കാന്‍ കഴിയില്ല. മൗദൂദിയുടെ നിഗമനം ശരിയാണെങ്കില്‍ കേരളത്തിലെ ഇസ്‌ലാം ആകാശകുസുമം മാത്രമാണെന്ന്‌ വരും. ലോകത്തിന്റെ മറ്റു പല ഭാഗങ്ങളെയും അപേക്ഷിച്ച്‌ കേരളത്തിലെ മുസ്‌ലിംകള്‍ ആദര്‍ശ നിഷ്‌ഠയില്‍ ഏറെ പിന്നിലാണെന്ന്‌ യാഥാര്‍ഥ്യബോധമുള്ള ആരും പറയില്ല.

മനുഷ്യനെ ദുഷിപ്പിക്കുന്നതില്‍ സാഹചര്യങ്ങള്‍ക്ക്‌ പങ്കുണ്ട്‌ എന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ഈ സാഹചര്യങ്ങള്‍ മാറ്റിയെടുക്കാന്‍ ഒരു ഇസ്‌ലാമിക ഭരണകൂടത്തിന്‌ കഴിയുന്നതുപോലെയോ അതിനോടടുത്ത അളവിലോ പ്രബോധന സംരംഭങ്ങള്‍ക്കും ശരിയായ മഹല്ല്‌ സംവിധാനത്തിനും കഴിയും. കേരളത്തിലെ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്കെല്ലാം വ്യക്തമായി അറിയാവുന്നതാണ്‌ ഈ യാഥാര്‍ഥ്യം. ജുമുഅ ഖുത്വ്‌ബകളിലൂടെയും ഖുര്‍ആന്‍ ക്ലാസുകളിലൂടെയും വ്യവസ്ഥാപിതമായ മഹല്ല്‌ പ്രവര്‍ത്തനത്തിലൂടെയും ശരിയായ ഇസ്‌ലാമിക അന്തരീക്ഷം നിലവില്‍ വന്നിട്ടുള്ള പല പ്രദേശങ്ങളും കേരളത്തിലുണ്ട്‌. ഇതൊന്നും മരീചികയോ ആകാശകുസുമമോ അല്ല.

ഇസ്‌ലാം എന്ന പദത്തിന്റെ അര്‍ഥം മനുഷ്യന്‍ സ്വമേധയാ ലോകരക്ഷിതാവിന്‌ ജീവിതം സമര്‍പ്പിക്കുക എന്നാണ്‌. `സമര്‍പ്പിപ്പിക്കുക' എന്നൊരു വാക്ക്‌ മലയാളത്തിലില്ല. അറബിഭാഷയിലും അത്തരം ഒരു ബലാല്‍ക്കാരപദം ഇല്ല. ജമാഅത്ത്‌ സാഹിത്യങ്ങളില്‍ മതത്തിന്റെ സംസ്ഥാപനം എന്നൊരു വാക്ക്‌ ധാരാളമായി പ്രയോഗിച്ചു കാണാം. ദീന്‍ അഥവാ അല്ലാഹുവിനുള്ള കീഴ്വണക്കം മുറപ്രകാരമാക്കുക/അന്യൂനമാക്കുക എന്നര്‍ഥമുള്ള ഇഖാമത്തുദ്ദീന്‍ എന്ന പദത്തിന്‌ തെറ്റായ തര്‍ജമ നല്‌കിയാണ്‌ `മതത്തിന്റെ സംസ്ഥാപന'മാക്കിയത്‌. ഭരണകൂടത്തിന്റെ ശക്തി ഉപയോഗിച്ച്‌ മതത്തെ എസ്റ്റാബ്ലിഷ്‌ ചെയ്യുക എന്നായിരിക്കാം സംസ്ഥാപനം എന്ന പദംകൊണ്ട്‌ ജമാഅത്തുകാര്‍ വിവക്ഷിക്കുന്നത്‌. ഇസ്‌ലാം എന്ന ആത്മസമര്‍പ്പണം അധികാരമുപയോഗിച്ച്‌ സംസ്ഥാപിക്കേണ്ട വിഷയമാണെന്ന്‌ ചോദ്യകര്‍ത്താവ്‌ കരുതുന്നുണ്ടോ എന്നറിയില്ല. ഈമാന്‍ എന്നാല്‍ ഓരോ മനുഷ്യന്റെയും മനസ്സില്‍ രൂഢമൂലമാകേണ്ട വിശ്വാസമാണ്‌. ഭരണകൂടശക്തി പ്രയോഗിച്ച്‌ മനസ്സില്‍ വിശ്വാസം എസ്റ്റാബ്ലിഷ്‌ ചെയ്യാന്‍ കഴിയുമെന്ന്‌ `മുസ്‌ലിം' കരുതുന്നില്ല. ഗുണകാംക്ഷാനിര്‍ഭരമായ ഉപദേശം കൊണ്ടു മത്രമേ മനുഷ്യരെ ആത്മസമര്‍പ്പണത്തിലേക്കും ദൃഢവിശ്വാസത്തിലേക്കും നയിക്കാന്‍ കഴിയൂ. ഗുണകാംക്ഷയുള്ള ഉപദേശി ഭരണകൂടത്താല്‍ നിയോഗിക്കപ്പെട്ടവനാകാം. ഒരു പ്രബോധന പ്രസ്ഥാനത്തില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ടവനാകാം. ദൈവിക ഗ്രന്ഥം പഠിച്ച്‌ പ്രചോദിതനായ ആളാകാം. ഉപദേശിക്ക്‌ അധികാരത്തിന്റെ പിന്‍ബലം ഉണ്ടോ ഇല്ലേ എന്നതിനേക്കാള്‍ ഉദ്ദേശശുദ്ധിയും ആത്മാര്‍ഥതയും ഉണ്ടോ എന്നതാണ്‌ നിര്‍ണായകം.

കുറ്റകൃത്യങ്ങള്‍ തടയുക, കുറ്റവാളികളെ ശിക്ഷിക്കുക എന്ന വിഷയത്തിലാണ്‌ ഇസ്‌ലാമിക ഭരണകൂടത്തിന്‌ നിര്‍ണായകമായ പങ്ക്‌ വഹിക്കാനുള്ളത്‌. അത്‌ പ്രാധാന്യമുള്ള വിഷയം തന്നെയാണ്‌. സ്വയം നിര്‍ണയാവകാശമുള്ള ഒരു മുസ്‌ലിം ഭൂ രിപക്ഷ രാഷ്‌ട്രത്തില്‍ ഭരണകൂടത്തിന്റെ അധിപന്‍ ഈ വിഷയത്തി ല്‍ അല്ലാഹുവിന്റെയും റസൂലി(സ)ന്റെയും ആജ്ഞകള്‍ നടപ്പിലാക്കുന്നില്ലെങ്കില്‍ അത്‌ ഗുരുതരമായ കുറ്റമാണ്‌. ദൈവികനിയമങ്ങളെ അയാ ള്‍ അലക്ഷ്യമാക്കുകയാണെങ്കില്‍ അയള്‍ സത്യനിഷേധിയായിരിക്കും.

എന്നാല്‍ മുസ്‌ലിംകള്‍ക്ക്‌ ആരാധനാ-പ്രബോധന സ്വാതന്ത്ര്യം നിഷേധിക്കാത്ത ഇന്ത്യയെപ്പോലുള്ള മതനിരപേക്ഷ രാഷ്‌ട്രങ്ങളിലെ ആദര്‍ശപ്രതിബദ്ധതയുള്ള മുസ്‌ലിംകള്‍ ചെയ്യേണ്ടത്‌ രാഷ്‌ട്രത്തെ മൊത്തമായോ ഏതെങ്കിലും പ്രദേശം മാത്രമായോ ഇസ്‌ലാമിക രാഷ്‌ട്രമാക്കിമാറ്റാന്‍ വേണ്ടി ശ്രമിക്കുകയല്ല. എല്ലാ വിഭാഗത്തില്‍ പെട്ട മനുഷ്യര്‍ക്കും ഇസ്‌ലാമിക ആദര്‍ശത്തിന്റെയും ദൈവിക നിയമങ്ങളുടെയും (രക്ഷാനിയമങ്ങളുടെയും ശിക്ഷാനിയമങ്ങളുടെയും) മൗലികത വ്യക്തമാക്കിക്കൊടുക്കുകയാണ്‌. എന്നിട്ട്‌ വിശുദ്ധ ഖുര്‍ആനിലെ 18:29ല്‍ പറഞ്ഞതുപോലെ വിശ്വസിക്കാന്‍ ഇഷ്‌ടമുള്ളവര്‍ വിശ്വസിക്കട്ടെ, അവിശ്വസിക്കാന്‍ ഇഷ്‌ടമുള്ളവര്‍ അവിശ്വസിക്കട്ടെ. ഇസ്‌ലാം പൂര്‍ണമായും ശരിയാണെന്ന്‌ വിശ്വാസമുള്ളവര്‍ ഭൂരിപക്ഷമാകുമ്പോള്‍ ഇസ്‌ലാമിക ഭരണകൂടം രൂപവത്‌കരിക്കാന്‍ അവര്‍ സ്വമേധയാ മുമ്പോട്ടുവരുമെന്ന്‌ പ്രതീക്ഷിക്കാം.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers