ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

മതമൂല്യങ്ങള്‍ മര്‍ദനോപാധികളോ?


"ഏറ്റവും വലിയ മര്‍ദനോപാധികള്‍ മതം പ്രദാനംചെയ്യുന്ന സന്മാര്‍ഗിക സംഹിതകളാണ്‌. അതില്‍നിന്നും നിയമവ്യവസ്ഥയിലേക്ക്‌ നീണ്ടുപരന്നവ. സങ്കുചിതവും സാന്മാര്‍ഗികബോധങ്ങളുടെ ശിക്ഷാധിഷ്‌ഠിത പ്രയോഗപാഠങ്ങളും ഉപയോഗിച്ചുകൊണ്ട്‌ മതത്തിനകത്ത്‌ മനുഷ്യസ്വഭാവങ്ങള്‍ വേണ്ടുവോളം ഹനിക്കപ്പെട്ടിട്ടുണ്ട്‌. അസ്‌പഷ്‌ടമായ ഏതോ ഭൂതകാലത്തില്‍ മതം മനുഷ്യസ്വഭാവങ്ങളെ ഘനീഭവിപ്പിക്കുന്നു. അതാകട്ടെ, കായികമോ വൈകാരികമോ ആത്മീയമോ ആയി മനുഷ്യര്‍ സഹസ്രാബ്‌ദങ്ങളിലൂടെ നേടിയ പുരോഗതികളെ ശ്രദ്ധിക്കാതെ രൂപപ്പെടുത്തുന്നതുമാണ്‌." (ചരിത്രംകുറിച്ച വിധി, സമകാലിക മലയാളം വാരിക, പേജ്‌ 102-103)സ്വവര്‍ഗരതി അനുവദിച്ചുകൊണ്ട്‌ ഡല്‍ഹി കോടതി വിധിപ്രസ്‌താവിച്ചപ്പോള്‍ അതിനെ പരാമര്‍ശിച്ചുകൊണ്ട്‌ എഴുതിയ ഈ വരികളില്‍, ഇസ്‌ലാമിക സ്വഭാവമൂല്യങ്ങള്‍ മര്‍ദനോപാധിയായിട്ടാണ്‌ പരാമര്‍ശിച്ചത്‌. മാത്രവുമല്ല, സകല പുരോഗതിയെയും ഹനിക്കുന്നതും ഘനീഭവിപ്പിക്കുന്നതുമാണ്‌ ഇസ്‌ലാമിക സ്വഭാവങ്ങള്‍ എന്നും പറയുന്നു. എത്രമാത്രം യാഥാര്‍ഥ്യമുണ്ട്‌?

അന്‍സാര്‍ ഒതായി.

എഴുതാനും പ്രസംഗിക്കാനും കഴിവുള്ള മനുഷ്യര്‍ക്ക്‌ ബൗദ്ധികമായ കുഴമറിച്ചില്‍ സംഭവിച്ചാല്‍ ദൈവികമായ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ഉപാധികള്‍ മര്‍ദനോപാധികളാണെന്ന്‌ തോന്നും. ബുദ്ധിഭ്രമം എന്ന്‌ പറയുന്നത്‌ മസ്‌തിഷ്‌കത്തിന്റെ ഘടനയ്‌ക്ക്‌ അപചയം സംഭവിക്കുന്നതുകൊണ്ട്‌ മാത്രം ഉണ്ടാകുന്നതല്ല. മൃഗീയമെന്ന്‌ പോലും വിശേഷിപ്പിക്കാന്‍ കൊള്ളാത്ത കാമനകളുടെയും ആസക്തികളുടെയും പിന്നാലെ നിരന്തരപ്രയാണം ചെയ്യുന്ന ചില മനുഷ്യര്‍ക്ക്‌ നല്ലതെല്ലാം ദുഷിച്ചതായും ദുഷിച്ചതെല്ലാം ശ്രേഷ്‌ഠമായും തോന്നും. ഇത്‌ സൈക്യാട്രിയിലെ ഔഷധങ്ങള്‍ കൊണ്ട്‌ ചികിത്സിച്ചു മാറ്റാന്‍ പറ്റാത്ത രോഗമാണ്‌.


മതങ്ങള്‍ മനുഷ്യനെ എല്ലാ ജന്തുക്കള്‍ക്കും ഉപരിയായി പ്രതിഷ്‌ഠിക്കുന്നുവെന്നും അതുകൊണ്ടാണ്‌ മതവിശ്വാസികള്‍ മറ്റു ജന്തുക്കളെ കൊല്ലാനും തിന്നാനും പ്രോത്സാഹനം നല്‌കുന്നതെന്നും, യഥാര്‍ഥത്തില്‍ മനുഷ്യന്‍ ജന്തുസമൂഹത്തിന്റെ ഭാഗമാണെന്നുമാണ്‌ ഭൗതികവാദികള്‍ സമര്‍ഥിക്കാറുള്ളത്‌. എന്നാല്‍ യാതൊരു ജന്തുവും പ്രകൃതിവിരുദ്ധമായ രീതിയില്‍ കാമനിവൃത്തി വരുത്തുന്നില്ല എന്ന സത്യം മറന്നുകൊണ്ടോ മറച്ചുവെച്ചുകൊണ്ടോ ആണ്‌ അവര്‍ സ്വവര്‍ഗരതിയെ വൈകാരിക പുരോഗതിയായി ചിത്രീകരിക്കുന്നത്‌. "അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ്‌ കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ്‌ ശ്രദ്ധയില്ലാത്തവര്‍" എന്ന ഖുര്‍ആനിക പരാമര്‍ശം (7:179) ഇത്തരക്കാരുടെ കാര്യത്തില്‍ തികച്ചും പ്രസക്തമാകുന്നു.


സ്വവര്‍ഗരതിയെ എക്കാലത്തെയും സദ്‌ബുദ്ധിയുള്ള മനുഷ്യര്‍ പ്രകൃതിവിരുദ്ധമായാണ്‌ ഗണിച്ചിട്ടുള്ളത്‌. കെട്ടുറപ്പുള്ള ദാമ്പത്യത്തിലൂടെ വൈകാരിക സാഫല്യം നേടുകയും സ്‌നേഹവും കാരുണ്യവും പങ്കുവെക്കുകയും പുതിയ തലമുറയെ ലക്ഷണമൊത്ത വ്യക്തികളായി വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതാണ്‌ മാനവപ്രകൃതിയുടെ താല്‌പര്യമെന്നത്രെ സംസ്‌കാര സമ്പന്നരായ മനുഷ്യരെല്ലാം കരുതുന്നത്‌. ശുദ്ധമായ മാനവപ്രകൃതിക്ക്‌ ഇണങ്ങിയ ജീവിതം നയിക്കാനാണ്‌ വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു അനുശാസിക്കുന്നത്‌. "ആകയാല്‍ ഋജുമനസ്‌കനായിക്കൊണ്ട്‌ നിന്റെ മുഖത്തെ നീ മതത്തിലേക്ക്‌ തിരിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്‌ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്റെ സൃഷ്‌ടിവ്യവസ്ഥയ്‌ക്ക്‌ യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല" (30:30). ദൈവത്തെയും മതത്തെയും അംഗീകരിക്കാത്ത പ്രകൃതിവാദികള്‍ പോലും അടുത്തകാലം വരെയും ആണും പെണ്ണും ഇണചേരലാണ്‌ മനുഷ്യപ്രകൃതി എന്ന യാഥാര്‍ഥ്യം നിഷേധിച്ചിരുന്നില്ല.


സ്വവര്‍ഗരതി സഹസ്രാബ്‌ദങ്ങളിലൂടെ കൈവന്ന പുരോഗതിയല്ല. നാലു സഹസ്രാബ്‌ദങ്ങള്‍ക്ക്‌ മുമ്പ്‌ മനുഷ്യപ്രകൃതിയെ തള്ളിപ്പറഞ്ഞ സൊദോം ദേശക്കാര്‍ക്ക്‌ നേരിട്ട അധോഗതിയുടെ തനിയാവര്‍ത്തനമാണ്‌. വിവാഹമോ സ്‌ത്രീകളുമായുള്ള ബന്ധമോ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന്‌ പ്രഖ്യാപിക്കുകയും കാണാന്‍ കൊള്ളാവുന്ന പുരുഷന്മാരുമായെല്ലാം ലൈംഗികവേഴ്‌ചയ്‌ക്ക്‌ ശ്രമിക്കുകയും ചെയ്‌ത ഒരു സമൂഹമാണ്‌ സൊദോം ദേശത്തുണ്ടായിരുന്നത്‌. തങ്ങളെ ഉപദേശിച്ചു മാറ്റിയെടുക്കാന്‍ ശ്രമിച്ച ലൂത്വ്‌ നബി(അ)യെ ആക്രമിക്കാന്‍ മുതിര്‍ന്ന ആ ജനതയെ, ചരല്‍ക്കല്ലുകള്‍ വര്‍ഷിച്ച്‌ നശിപ്പിക്കുകയും അവരുടെ നാട്‌ കീഴ്‌മേല്‍ മറിക്കുകയുമാണ്‌ അല്ലാഹു ചെയ്‌തത്‌. ഇപ്പോള്‍ ചാവുകടല്‍ സ്ഥിതിചെയ്യുന്ന പ്രദേശമായിരുന്നു അത്‌. വിശുദ്ധ ഖുര്‍ആനിലെ പല അധ്യായങ്ങളില്‍ ഈ കാര്യം വിവരിച്ചിട്ടുണ്ട്‌. യഥാര്‍ഥത്തില്‍ മാനവ പുരോഗതിയുടെ പൂര്‍ണ നിരാകരണമാണ്‌ സ്വവര്‍ഗവിവാഹം. മനുഷ്യരെല്ലാം ഈ ദുരാചാരം സ്വീകരിച്ചാല്‍ ആരാണിവിടെ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‌കി പോറ്റിവളര്‍ത്തുക? പ്രസവവും സന്താനപരിപാലനവും നിലച്ചുപോയാല്‍ പുരോഗതിയുടെ സാരഥികളാകാന്‍ ഇവിടെ ആരാണുണ്ടാവുക? സ്വവര്‍ഗരതി ഒരു പുരോഗതിയാണെങ്കില്‍ അത്‌ നിലനിര്‍ത്താനും ഇവിടെ തലമുറകള്‍ ജനിച്ചുവളരണമല്ലോ!


മതം മനുഷ്യസ്വഭാവങ്ങളെ ഘനീഭവിപ്പിക്കുന്നു എന്നെഴുതിയ ലേഖകന്‍ എന്താണ്‌ ഉദ്ദേശിച്ചതെന്ന്‌ വ്യക്തമല്ല. മനുഷ്യ തലമുറകള്‍ ഉത്തമസ്വഭാവഗുണമുള്ളവരായി വളരുന്നത്‌ ഉത്തരവാദിത്തബോധവും സ്‌നേഹവുമുള്ള രക്ഷിതാക്കളുടെ സംരക്ഷണത്തിലാണ്‌. സ്വഭാവരൂപവത്‌കരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഘടകങ്ങളാണ്‌ വാത്സല്യവും ശിക്ഷണവും ശിക്ഷയും. ലൈംഗിക അരാജകത്വവാദം ഇതിനൊക്കെയുള്ള സാധ്യതയെ ഹനിക്കുകയാണ്‌ ചെയ്യുക. വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നതുപോലെ സ്‌നേഹവും കാരുണ്യവും പങ്കുവെക്കുന്ന, ഇണക്കവും പൊരുത്തവുമുള്ള ദാമ്പത്യത്തിന്റെ തണലിലേ സ്വഭാവശുദ്ധിയുള്ള കുഞ്ഞുങ്ങള്‍ വളര്‍ന്നുവരുകയുള്ളൂ.


"നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന്‌ തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്‌ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്‌തതും അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളുണ്ട്‌." (വി.ഖു 30:21) സമാധാനവും സ്‌നേഹവും കാരുണ്യവും മര്‍ദനോപാധികളായി തോന്നുന്നത്‌ സകലവിധ അധോഗതിയുടെയും തുടക്കലക്ഷണമായിരിക്കും.
Category:
Reactions: 

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers