ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

പ്രബോധനവും രൂക്ഷവിമര്‍ശനവും

പല മതങ്ങളും വിശ്വാസങ്ങളും നിലനിര്‍ത്തുന്ന രാജ്യങ്ങളില്‍ വളച്ചുകെട്ടില്ലാതെ ഇസ്‌ലാമാണ്‌ സത്യമതം എന്നു പറയാന്‍ പ്രബോധകര്‍ക്ക്‌ ബാധ്യതയില്ലേ? സൂറതു ആലുഇംറാന്‍ 19,83,85 സൂക്തങ്ങള്‍ അതല്ലേ വ്യക്തമാക്കുന്നത്‌. എന്നാല്‍ മറ്റു മതങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട്‌ പ്രബോധനം നടത്തരുത്‌ എന്ന്‌ ചിലര്‍ പറയുന്നു. എന്താണ്‌ മുസ്‌ലിമിന്റെ അഭിപ്രായം?

മുഹമ്മദ്‌ ചാത്തോലി വണ്ടൂര്‍ ഇന്ന്‌ മുസ്‌ലിംകളും അമുസ്‌ലിംകളുമായ പലരും ഇസ്‌ലാമിനെ ഒരു സാമുദായിക മതം എന്ന നിലയിലാണ്‌ കാണുന്നത്‌. വിശുദ്ധ ഖുര്‍ആനില്‍ ഇസ്‌ലാം എന്ന പദം പ്രയോഗിച്ചിട്ടുള്ളത്‌ അല്ലാഹുവിന്‌ ജീവിതം സമര്‍പ്പിക്കുക എന്ന ആദര്‍ശപരമായ അര്‍ഥത്തിലാണ്‌. ആ മഹത്തായ ആദര്‍ശം മാത്രമാണ്‌ ആത്യന്തിക സത്യം എന്ന്‌ വളച്ചുകെട്ടില്ലാതെ പറയുക തന്നെ വേണം. അത്‌ പറയാന്‍ രൂക്ഷമായ വിമര്‍ശനശൈലിയുടെ ആവശ്യമില്ല. സത്യമതത്തിന്റെ കടുത്ത ശത്രുവായിരുന്ന ഫിര്‍ഔനോട്‌ സൗമ്യമായ ശൈലിയില്‍ സംസാരിക്കണമെന്നാണ്‌ മൂസാ(അ), ഹാറൂന്‍(അ) എന്നീ പ്രവാചകന്മാരോട്‌ അല്ലാഹു കല്‌പിച്ചത്‌ (20:44). അല്ലാഹുവിന്‌ പുറമെ ജനങ്ങള്‍ പ്രാര്‍ഥിക്കാറുള്ള ദൈവങ്ങളെ അഥവാ ആരാധ്യരെ ശകാരിക്കാന്‍ പാടില്ലെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ (6:108) വിലക്കിയിട്ടുണ്ട്‌. സാക്ഷാല്‍ ലോകരക്ഷിതാവായ അല്ലാഹുവല്ലാത്ത ആരെയും ആരാധിക്കാനോ പ്രാര്‍ഥിക്കാനോ പാടില്ലെന്നും അത്‌ കണിശമായ ഏകദൈവത്വത്തിന്‌ വിരുദ്ധമാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്‌ സത്യപ്രബോധകരുടെ സുപ്രധാന കടമ. കാര്യം ന്യായവും മാന്യവുമായ ശൈലിയില്‍ പറഞ്ഞാല്‍ മതി. രൂക്ഷമായ വിമര്‍ശനം നിമിത്തം ആളുകള്‍ സത്യത്തില്‍ നിന്ന്‌ കൂടുതല്‍ അകലാന്‍ ഇടയായാല്‍ അത്‌ പ്രബോധകന്റെ പരാജയമായിരിക്കും. സാമുദായികവും വര്‍ഗീയവുമായ സങ്കുചിത്വത്തിലേക്കാണ്‌ പ്രബോധകന്‍ ക്ഷണിക്കുന്നതെന്ന്‌ ഇതര സമുദായക്കാര്‍ക്ക്‌ തോന്നാന്‍ ഇടയായാല്‍ അത്‌ പ്രബോധനത്തിന്റെ ഫലപ്രാപ്‌തിയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്‌.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers