ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ബഹുദൈവ വിശ്വാസികള്‍ എന്ന്‌ വിളിക്കാമോ?


ദൈവം ഒന്നേയുള്ളൂ എന്ന സത്യം മനുഷ്യരിലെ ദൈവസങ്കല്‌പം അറിയുന്നവരെല്ലാം വിശ്വസിക്കുന്നു. അത്‌ മക്കാമുശ്‌രിക്കുകളുടെ കാലത്തും ആധുനികതയുടെ ഈ കാലഘട്ടത്തിലും അങ്ങനെ തന്നെ. കാണിക്കകളും നേര്‍ച്ചകളും പൂജകളും വഴിപാടുകളും ദൈവേതര സൃഷ്‌ടികള്‍ക്ക്‌ (ദൈവത്തിന്റെ അവതാരം, മുരീദ്‌, പുത്രന്‍) മനുഷ്യന്‍ അര്‍പ്പിക്കുന്നുണ്ടെങ്കിലും ഇവരുടെ ഉദ്ദേശ്യം ഈ മഹാത്മാക്കള്‍ വഴി തങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ദൈവത്തിലേക്കെത്തിക്കുക എന്നതാണ്‌.

യഥാര്‍ഥത്തില്‍ ഇങ്ങനെ സംഭവിക്കുന്നത്‌ ദൈവസത്തയെക്കുറിച്ചറിയാത്തതിനാലോ അല്ലെങ്കില്‍ പണ്ഡിതന്മാരെ അന്ധമായി അനുകരിക്കുന്നതോ കൊണ്ടാണ്‌. ഇവരാരും തന്നെ രണ്ട്‌ ദൈവമുണ്ട്‌ എന്ന്‌ അവകാശപ്പെടുന്നില്ല. അതിനാല്‍ ഇവരെ അന്ധവിശ്വാസികളും അനാചാരകര്‍മകരും എന്ന്‌ വിളിക്കാമെന്നല്ലാതെ ബഹുദൈവവിശ്വാസികള്‍ എന്ന്‌ വിളിക്കാന്‍ പാടുണ്ടോ?

അബൂനുബ്‌ല, എറവറാംകുന്ന്‌ 

ഹൈന്ദവരില്‍ മഹാഭൂരിപക്ഷവും അവരുടെ ആരാധ്യരെ ദൈവങ്ങള്‍ എന്ന്‌ തന്നെയാണ്‌ വിളിക്കാറുള്ളത്‌. പല ലോകഭാഷകളിലും ദൈവങ്ങള്‍ എന്ന പദത്തിന്‌ സമാനമായ ബഹുവചനപദങ്ങളുണ്ട്‌. സാക്ഷാല്‍ പ്രപഞ്ചനാഥനെ കുറിക്കാന്‍ ദൈവം എന്ന ഏകവചനം പ്രയോഗിക്കുന്നുവെന്നതുകൊണ്ട്‌ ഹൈന്ദവര്‍ ബഹുദൈവാരാധകരല്ലാതാകുന്നില്ല. സര്‍വേശ്വരന്റെ താഴെയുള്ള ദൈവങ്ങള്‍ എന്ന നിലയില്‍ തന്നെയാണ്‌ അവര്‍ അവരുടെ ആരാധ്യരെ കണക്കാക്കുന്നത്‌. അതിനാലാണ്‌ അവരെ ബഹുദൈവ വിശ്വാസികളെന്ന്‌ വിശേഷിപ്പിക്കുന്നത്‌.


എന്നാല്‍ ലോകക്ഷിതാവിനെക്കൂടാതെ ഞങ്ങള്‍ക്ക്‌ വേറൊരു ദൈവവുമില്ല. എന്ന്‌ ഉറപ്പിച്ചു പറയുന്നതോടൊപ്പം തന്നെ മറ്റാരെയെങ്കിലും ആരാധിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യുന്ന ചിലര്‍ പല മതക്കാരിലുമുണ്ട്‌. അവരെ ബഹുദൈവവിശ്വാസികള്‍ എന്ന്‌ വിശേഷിപ്പിക്കാതെ വ്യതിയാനം സംഭവിച്ച വിശ്വാസികള്‍ എന്ന നിലയില്‍ വിലയിരുത്തുന്നതാണ്‌ ഉചിതമായിട്ടുള്ളത്‌. ഈസാനബി(അ) ദൈവപുത്രനാണെന്ന്‌ വാദിച്ച ക്രിസ്‌ത്യാനികളെയും ഉസൈര്‍(അ) അഥവാ എസ്‌റാ പ്രവാചകന്‍ ദൈവപുത്രനാണെന്ന്‌ വാദിച്ച യഹൂദരെയും വിശുദ്ധ ഖുര്‍ആനില്‍ വിമര്‍ശിച്ചിട്ടുണ്ട്‌. അതുപോലെ തന്നെ ക്രൈസ്‌തവരുടെ ത്രിയേക ദൈവസങ്കല്‌പത്തെയും എതിര്‍ത്തിട്ടുണ്ട്‌. എന്നിട്ടും ഖുര്‍ആനിലെ 98:6 സൂക്തത്തില്‍ വേദക്കാരെ (യഹൂദരെയും ക്രിസ്‌ത്യാനികളെയും) ബഹുദൈവ വിശ്വാസികളില്‍ നിന്ന്‌ വ്യത്യസ്‌തമായ ഒരു വിഭാഗമായിട്ടാണ്‌ ഗണിച്ചിട്ടുള്ളത്‌. എന്നാലും കണിശമായ ഏകദൈവ വിശ്വാസത്തില്‍ നിന്ന്‌ വ്യതിചലിച്ച വേദക്കാര്‍ ശാശ്വതമായ നരകശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന്‌ ഈ സൂക്തത്തില്‍ വ്യക്തമാക്കിയിരിക്കയാല്‍, അവരെ ബഹുദൈവ വിശ്വാസികള്‍ എന്ന വകുപ്പില്‍ ഉള്‍പ്പെടുത്താതിരുന്നതുകൊണ്ട്‌ അവര്‍ക്ക്‌ പ്രത്യേക മഹത്വമൊന്നും ഇല്ലെന്ന്‌ ഉറപ്പാകുന്നു. കണിശമായ ഏകദൈവ വിശ്വാസത്തില്‍ നിന്ന്‌ വ്യതിചലിച്ചുപോയ മുസ്‌ലിം സമുദായാംഗങ്ങളുടെ അവസ്ഥ ഇതില്‍ നിന്ന്‌ വ്യത്യസ്‌തമാകാനിടയില്ല.

1 അഭിപ്രായങ്ങള്‍‌:

chithrakaran:ചിത്രകാരന്‍ said...

ഇസ്ലാമിലെ ഏക ദൈവ വിശ്വാസവും,മറ്റു സമൂഹങ്ങളിലെ ബഹുദൈവ വിശ്വാസവും അടിസ്ഥാനപരമായുള്ള വ്യത്യാസം മതത്തിന്റെ പേരുമാത്രമാണ്.ഏക ദൈവത്തില്‍ വിശ്വസിക്കുന്നതും, കാണുന്നതിലെല്ലാം ദൈവത്തെ കാണുന്നതും അടിമ മനസ്സുകളുടെ ചിന്താപരമായ പരിമിതി കാരണമാണ്. രണ്ടു വിശ്വാസപ്രകാരവും ദൈവമോ,ദൈവങ്ങളോ മുകളില്‍ വാളും പിടിച്ച് മൊതലാളിയായി നില്‍ക്കുന്നുണ്ടെന്നത് ബാല്യത്തില്‍ വിശ്വാസത്തിന്റെ മഞ്ഞപ്പിത്തം പിടിപെട്ട് ബുദ്ധി മരവിച്ചു പോകുന്നതുകൊണ്ടുള്ള പ്രശ്നമാണ്.

മതത്തിന്റെ അടിമത്വത്തില്‍ നിന്നും സ്വതന്ത്രരായി മനുഷ്യനാകാന്‍ ഭാഗ്യമുണ്ടാകട്ടെ എന്ന് ചിത്രകാരന്‍ ആശംസിക്കുന്നു..!!!
സസ്നേഹം സ്വന്തം സഹോദരന്‍-ചിത്രകാരന്‍.

Followers -NetworkedBlogs-

Followers