ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ജീലാനിയുടെ പോരിശകള്‍!


ഏപ്രില്‍ 2009 ലെ സുന്നത്ത്‌ മാസികയിലെ അബ്‌ദുല്‍ ഖാദര്‍ ജീലാനി(റ)യെക്കുറിച്ച്‌ വന്ന ലേഖനത്തിലെ ചില ഭാഗങ്ങളാണ്‌ താഴെ ഉദ്ധരിക്കുന്നത്‌:
1). ശൈഖ്‌(റ) ഫുറൂസുല്‍ അജമിയില്‍ ആരാധനയില്‍ മുഴുകി ഇരിക്കുന്ന കാലം, ചിലപ്പോഴൊക്കെ ബഗ്‌ദാദില്‍ പോകുമായിരുന്നു. വഴിമധ്യേ ഒരു വയോവൃദ്ധന്‍ വീണുകിടക്കുന്നതു കണ്ടു. ശൈഖവര്‍കള്‍ക്ക്‌ സങ്കടം തോന്നി. സലാം പറഞ്ഞു. ശേഷം ചോദിച്ചു: നിങ്ങള്‍ എത്ര നേരമായി ഇവിടെ കിടക്കുന്നു? ഞാന്‍ കാലങ്ങളേറെയായി ഇവിടെ കിടക്കുന്നു. എന്നെ എഴുന്നേല്‌പിക്കാന്‍ ശക്തരായ ആരെങ്കിലും ഈ ലോകത്ത്‌ വേണ്ടേ? ശൈഖ്‌(റ) പറഞ്ഞു: എന്നാല്‍ ഞാന്‍ അല്ലാഹുവിന്റെ കുദ്‌റത്ത്‌ കൊണ്ട്‌ നിങ്ങളെ എഴുന്നേല്‌പിക്കാം. തദവസരം പ്രകൃതിയില്‍ അതുവരെയില്ലാത്ത മാറ്റങ്ങള്‍ വന്നുതുടങ്ങി. ആ വയോവൃദ്ധന്‍ സുന്ദരനായ ഒരു യുവാവായി മാറി. ആ യുവാവ്‌ പറഞ്ഞു: ഞാന്‍ മതമാണ്‌. അവശനായ എനിക്ക്‌ നിങ്ങള്‍ പുതുജീവന്‍ നല്‌കിയിരിക്കുന്നു. ഇന്നു മുതല്‍ നിങ്ങള്‍ ‘മുഹ്‌യിദ്ദീന്‍’ ആണ്‌.

2). ശൈഖ്‌ അബൂസകരിയ്യ(റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ മന്ത്രത്താല്‍ ജിന്നുകളെ വരുത്തി. പതിവിനു വിപരീതമായി അന്നു ജിന്നുകള്‍ വൈകിയാണ്‌ വന്നത്‌. കാര്യം തിരക്കിയപ്പോള്‍ ജിന്നുകള്‍ പറഞ്ഞു: ഇന്ന്‌ ശൈഖ്‌ ജീലാനി(റ)വിന്റെ പ്രഭാഷണം ഉണ്ടായിരുന്നു. ഇനി മുതല്‍ ഞങ്ങളെ ശൈഖ്‌(റ) പ്രസംഗിക്കുന്ന ദിവസം വിളിക്കരുത്‌. ഞങ്ങള്‍ക്ക്‌ അതില്‍ പങ്കെടുക്കേണ്ടതുണ്ട്‌. നിങ്ങള്‍ പങ്കെടുക്കാറുണ്ടോ? എന്നു ഞാന്‍ ചോദിച്ചു. അവര്‍ മറുപടി പറഞ്ഞു: മനുഷ്യവര്‍ഗത്തേക്കാള്‍ കൂടുതല്‍ അവിടെ സന്നിഹിതരാവുന്നത്‌ ഞങ്ങളുടെ വര്‍ഗമാണ്‌. ഞങ്ങളില്‍ പലരും അദ്ദേഹം മുഖേന സത്യസരണി പുല്‍കിയവരാണ്‌.

ഇതുപോലെ ധാരാളം അത്ഭുതസംഭവങ്ങള്‍ ശൈഖ്‌ ജീലാനി(റ)യുടെ ജീവിതത്തിലെന്ന പോലെ മരണ ശേഷവും സംഭവിച്ചിട്ടുണ്ടെന്ന്‌ ലേഖകന്‍ പറയുന്നു. ‘മുസ്‌ലിം’ ഇതിനോട്‌ എങ്ങനെ പ്രതികരിക്കുന്നു.

പി എ ബക്കര്‍, കടലുണ്ടി‘മുഹ്‌യിദ്ദീന്‍’ എന്ന സ്ഥാനപ്പേരില്‍ പ്രസിദ്ധനായ അബ്‌ദുല്‍ ഖാദിര്‍ ജീലാനി പ്രസിദ്ധ പണ്ഡിതനും പ്രബോധകനും ആയിരുന്നു എന്നാണ്‌ ചരിത്രഗ്രന്ഥങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. എന്നാല്‍ മുഹ്‌യിദ്ദീന്‍ മാലയിലും മറ്റും അദ്ദേഹത്തിന്റെ പേരില്‍ ‘ഓവറാ’യി പലതും കെട്ടിച്ചമച്ചിട്ടുണ്ട്‌. അതൊക്കെ ശരിയായ സനദില്ലാതെ എഴുതിയുണ്ടാക്കിയതാണ്‌. ആ കൂട്ടത്തില്‍ പെട്ടത്‌ തന്നെയാണ്‌ ചോദ്യകര്‍ത്താവ്‌ ഉദ്ധരിച്ചിട്ടുള്ളവയും. ‘മുഹ്‌യിദ്ദീന്‍’ അഥവാ ദീനിന്‌ ജീവചൈതന്യം നല്‌കിയവന്‍ എന്ന സ്ഥാനപ്പേര്‌ അദ്ദേഹത്തിന്റെ ഉദ്‌ബോധനങ്ങളുടെ പേരില്‍ നല്‌കപ്പെട്ടതാണ്‌. അദ്ദേഹത്തിന്റെ മുമ്പില്‍ ദീന്‍ ഒരു വാതരോഗിയായി തളര്‍ന്ന്‌ കിടന്നിട്ട്‌ അത്ഭുത പ്രവൃത്തി കൊണ്ട്‌ യുവാവാക്കി മാറ്റിയതിന്റെ പേരിലല്ല. പല കാലങ്ങളില്‍ പല നാടുകളില്‍ ജനങ്ങളുടെ മതബോധം ദുര്‍ബലമായ സംഭവങ്ങളുണ്ടായിട്ടുണ്ട്‌. പൂര്‍വ പ്രവാചകന്മാരുടെ കാലത്തും മുഹമ്മദ്‌ നബി(സ)യുടെ കാലശേഷവുമെല്ലാം. അപ്പോഴൊന്നും എവിടെയും ദീന്‍ മനുഷ്യരൂപം പൂണ്ട്‌ തളര്‍ന്നുകിടന്ന സംഭവമുണ്ടായിട്ടില്ല. മന്ത്രിച്ച്‌ ജിന്നുകളെ വരുത്തുന്ന ശൈഖ്‌ ഏതോ ഇതിഹാസ കഥാപാത്രമാണ്‌. ഇത്തരം കെട്ടിച്ചമച്ച കഥകള്‍ മുഖേനയല്ല സുന്നത്ത്‌ ജമാഅത്ത്‌ നിലനിര്‍ത്തേണ്ടത്‌. ഇനി ഈ കഥകളൊക്കെ ശരിയാണെന്ന്‌ സങ്കല്‌പിച്ചാലും ശൈഖ്‌ ജീലാനിയെ വിളിച്ചു പ്രാര്‍ഥിക്കുന്നതിന്‌ അതൊന്നും തെളിവല്ല.

Reactions: 

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers