തെറ്റാണെന്നറിഞ്ഞുകൊണ്ടു തന്നെയാണ് മിക്കപ്പോഴും മനുഷ്യര്‍ തെറ്റുചെയ്യുന്നത്. മറ്റൊരവസരത്തില്‍ പശ്ചാത്തപിക്കുന്നതും ഇതേ മനസ്സുതന്നെ. അല്ലാഹു കല്‌പിച്ചു എന്നുള്ളതുകൊണ്ടു മാത്രമാണ് ഞാനിന്നതു പ്രവര്‍ത്തിക്കുന്നത്. അവന്‍ വിലക്കി എന്ന കാരണത്താലാണ് ഇന്നത് ചെയ്യാതിരിക്കുന്നത്. ഇത്തരമൊരു കല്‌പനയില്ലായിരുന്നുവെങ്കില്‍ തെറ്റും ശരിയും നോക്കാതെ തോന്നിയതു പ്രവര്‍ത്തിക്കുമായിരുന്നു എന്നിങ്ങനെയൊക്കെയാണ് ഒരാളുടെ വിശ്വാസത്തിന്റെ രൂപമെങ്കില്‍ അത് ആത്മാര്‍ഥമായ ഈമാനാണോ? മനുഷ്യന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ചിന്തിക്കുമ്പോള്‍ ഇതുതന്നെയാണോ ശരിയായത്?
തബസ്സും മഞ്ചേരി
നമ്മളൊക്കെ അല്ലാഹുവിന്റെ ദാസന്മാരാണ്. അതിനാല്‍ അവന്‍ കല്‌പിച്ചാല്‍ അനുസരിക്കാനും വിലക്കിയാല്‍ വര്‍ജിക്കാനും നാം ബാധ്യസ്ഥരാണ്. അടിയന്മാര്‍ അത്യുന്നതനായ യജമാനന് കീഴ്‌പ്പെട്ടു ജീവിക്കുകയാണ് വേണ്ടത്. ഇത് വിധേയത്വത്തിന്റെ തലം. അല്ലാഹു പരമമായ കാരുണ്യവും അത്യധികമായ സ്‌നേഹവും ഉള്ളവനാണ്. നമ്മോടുള്ള അവന്റെ കാരുണ്യവും സ്‌നേഹവും നിമിത്തമാണ് നമുക്ക് യഥാര്‍ഥത്തില്‍ ഗുണകരമായ കാര്യങ്ങള്‍ ചെയ്യാന്‍ അവന്‍ കല്‌പിക്കുകയും നമുക്ക് ദോഷകരമായ കാര്യങ്ങള്‍ ചെയ്യരുതെന്ന് വിലക്കുകയും ചെയ്യുന്നത്. ``നിങ്ങള്‍ പിഴച്ചുപോകുമെന്ന് കരുതി അല്ലാഹു നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിവരിച്ചുതരുന്നു. അല്ലാഹു ഏത് കാര്യത്തെക്കുറിച്ചും അറിവുള്ളവനാകുന്നു'' (വി.ഖു 4:176). അല്ലാഹു നിയോഗിച്ച പ്രവാചകനെപ്പറ്റി വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പറയുന്നു: ``അവരോട് അദ്ദേഹം സദാചാരം കല്‌പിക്കുകയും ദുരാചാരങ്ങളില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്‌തുക്കള്‍ അവര്‍ക്ക് അദ്ദേഹം അനുവദനീയമാക്കുകയും ചീത്ത വസ്‌തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു'' (വി.ഖു 7:157). അല്ലാഹുവിന്റെ സ്‌നേഹപൂര്‍ണമായ മാര്‍ഗദര്‍ശനത്തെ മാനിച്ച് അവന്റെ വിധിവിലക്കുകള്‍ പാലിക്കലാണ് സൂക്ഷ്‌മതയുടെയും കൃതജ്ഞതയുടെയും തലം.
മനുഷ്യമനസ്സിന്റെ വ്യത്യസ്‌തമായ അവസ്ഥകള്‍ ഖുര്‍ആനില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ``ഞാന്‍ എന്റെ മനസ്സിനെ കുറ്റത്തില്‍ നിന്ന് ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ് ദുഷ്‌പ്രവൃത്തിക്ക് ഏറെ പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്റെ രക്ഷിതാവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ'' (വി.ഖു 12:53). ``കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്‌തുപറയുന്നു'' (വി.ഖു 75:2). ``ശ്രദ്ധിക്കുക: അല്ലാഹുവെ കുറിച്ചുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്'' (വി.ഖു 13:28). പല പരീക്ഷണങ്ങളിലൂടെ മനുഷ്യനെ മഹത്വത്തിലേക്കും ഔന്നത്യത്തിലേക്കും നയിക്കുന്നതിനു വേണ്ടിയാണ് അല്ലാഹു മനുഷ്യമനസ്സിന് അവസ്ഥാന്തരങ്ങള്‍ ഏര്‍പ്പെടുത്തിയത്.
0 അഭിപ്രായങ്ങള്‍:
Post a Comment