അല്‍കഹ്‌ഫ് സൂറത്തിലെ 21ാം സൂക്തത്തില്‍ ഖബ്‌റിന്മേല്‍ കെട്ടിടമുണ്ടാക്കുന്നതിന് തെളിവുണ്ടെന്നും ഇത് പാടില്ലെന്ന് പറയുന്ന ഹദീസ് സജ്ജനങ്ങളുടെ ഖബ്‌റിന് ബാധകമല്ലെന്നും സിയാറത്ത് ചെയ്യുന്നവര്‍ക്ക് വെയിലും മഴയും ഏല്‌ക്കാതിരിക്കാന്‍ വേണ്ടി സാലിഹീങ്ങളുടെ ഖബ്‌റിന് മേല്‍പുരയുണ്ടാക്കുന്നത് പുണ്യകര്‍മമാണെന്നും ചില പണ്ഡിതന്മാര്‍ പറയുന്നു? ഈ വാദത്തിന് പ്രമാണങ്ങളുടെ പിന്‍ബലമുണ്ടോ?
എം അബ്‌ദുല്‍ഗഫൂർ, നല്ലളം
ഒരു കാര്യം ഇസ്‌ലാമില്‍ നിര്‍ബന്ധമാണെന്നോ പുണ്യകരമാണെന്നോ നിഷിദ്ധമാണെന്നോ ഉള്ള മതവിധി വിശുദ്ധഖുര്‍ആനില്‍ നിന്ന് നേരിട്ട് കണ്ടുപിടിക്കാന്‍ നാലു ഇമാമുകളുടെ കാലശേഷമുള്ള ആര്‍ക്കും അര്‍ഹതയില്ലെന്നാണ് കേരളത്തിലെ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ എക്കാലത്തും ഉറപ്പിച്ചു പറഞ്ഞു പോന്നിട്ടുള്ളത്. ഖുര്‍ആനില്‍ നിന്നോ നബിചര്യയില്‍ നിന്നോ ഇമാം ശാഫിഈയും ഇമാം അബൂഹനീഫയും കണ്ടെത്തിയതല്ലാത്ത യാതൊരു മതവിധിയും ഈ അടിസ്ഥാനത്തില്‍ കേരളത്തിലെ യാഥാസ്ഥിതികര്‍ സ്വീകരിക്കാന്‍ പാടില്ല. എന്നാല്‍, അല്‍കഹ്‌ഫ് സൂറത്തിലെ 21ാം സൂക്തം ജാറം നിര്‍മാണം പുണ്യകരമാണെന്നതിന് തെളിവാണെന്ന് ഒരു മദ്‌ഹബിന്റെ ഇമാമും പറഞ്ഞിട്ടില്ല എന്നതാണ് സത്യം. അങ്ങനെ ഉണ്ടെങ്കില്‍ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ അത് ഉദ്ധരിക്കട്ടെ.
കേരളത്തിലെ ഏറ്റവും പ്രശസ്‌തനായ ശാഫിഈ പണ്ഡിതന്‍ ശൈഖ് സൈനുദ്ദീന്‍ മഖ്‌ദൂമാണ്. അദ്ദേഹത്തിന്റെ സുപ്രധാന ഗ്രന്ഥമാണ് ഫത്‌ഹുല്‍മുഈന്‍. ഇസ്‌ലാമിക കര്‍മശാസ്‌ത്രത്തിലെ ആധികാരിക പ്രമാണമായിട്ടാണ് കേരളത്തിലെ ശാഫിഈ മദ്‌ഹബുകാരെല്ലാം ഈ ഗ്രന്ഥത്തെ കണക്കാക്കുന്നത്. ഖബ്‌റിന്മേല്‍ കെട്ടിടമുണ്ടാക്കല്‍ നിഷിദ്ധമാണെന്നും പൊതുസ്ഥലത്താണ് കെട്ടിടമുണ്ടാക്കിയതെങ്കില്‍ അത് പൊളിച്ചുനീക്കേണ്ടതാണെന്നുമാണ് ശൈഖ് മഖ്‌ദൂം ഈ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സജ്ജനങ്ങളുടെ ഖബ്‌റിന്മേല്‍ കെട്ടിടമുണ്ടാക്കല്‍ അനുവദനീയമാണെന്നോ പുണ്യകരമാണെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല.
നബിചര്യയ്‌ക്ക് വില കല്‌പിക്കുന്ന ആരും തള്ളിപ്പറയാത്ത ആധികാരിക ഹദീസ് ഗ്രന്ഥമാണ് സ്വഹീഹ് മുസ്‌ലിം. ``ഖബ്‌റിന്മേല്‍ കുമ്മായമിടുന്നതും അതിന്മേല്‍ ഇരിക്കുന്നതും റസൂല്‍(സ) നിരോധിച്ചിരിക്കുന്നു'' എന്ന് ജാബിര്‍(റ) എന്ന സ്വഹാബി മുഖേന ഇമാം മുസ്‌ലിമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇമാം ശാഫിഈ കഴിഞ്ഞാല്‍ ശാഫിഈ മദ്‌ഹബില്‍ ഏറ്റവും പ്രാധാന്യം കല്‌പിക്കപ്പെടുന്ന പണ്ഡിതനാണ് ഇമാം നവവി. അദ്ദേഹത്തിന്റെ രിയാദുസ്സ്വാലിഹീന്‍ എന്ന ഹദീസ് സമാഹാരത്തില്‍ 348ാം അധ്യായത്തില്‍ ഈ ഹദീസ് എടുത്തു ചേര്‍ത്തിട്ടുണ്ട്. നവവിയുടെ ഈ ഹദീസ് സമാഹാരം സമസ്‌തക്കാരുടെ മദ്‌റസകളിലും പള്ളിദര്‍സുകളിലും വ്യാപകമായി പഠിപ്പിച്ചുവരുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അവര്‍ എന്തു ദുര്‍വ്യാഖ്യാനമാണ് പറഞ്ഞുകൊടുക്കാറുള്ളതെന്ന് `മുസ്‌ലിമി'ന് അറിയില്ല.
റസൂലും(സ) ജാബിര്‍ എന്ന സ്വഹാബിയും അദ്ദേഹം ഉദ്ധരിച്ച ഹദീസ് തെന്റ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ ഇമാം മുസ്‌ലിമും ആ ഹദീസ് രിയാദുസ്സ്വാലിഹീന്‍ എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയ ഇമാം നവവിയുമെല്ലാം അല്‍കഹ്‌ഫിലെ 21ാം സൂക്തം അറിയുന്നവരാണ്. എന്നിട്ടും ഖബ്‌റിന്മേല്‍ കെട്ടിടമുണ്ടാക്കരുത് എന്ന വിലക്ക് ആ സൂക്തത്തിനെതിരാണെന്ന് അവര്‍ക്കാര്‍ക്കും മനസ്സിലായില്ലെന്നല്ലേ സമസ്‌ത പുരോഹിതന്മാരുടെ വാദത്തിന്റെ ധ്വനി? ഖബ്‌ര്‍ സിയാറത്ത് എന്ന പുണ്യകര്‍മത്തെപ്പറ്റി ധാരണയില്ലാത്തവരായിരുന്നില്ലല്ലോ റസൂലും(സ) സ്വഹാബികളും സച്ചരിതരായ പൂര്‍വികന്മാരും. സജ്ജനങ്ങളുടെ ഖബ്‌റും ദുര്‍ജനങ്ങളുടെ ഖബ്‌റും തമ്മില്‍ കെട്ടിടമുണ്ടാക്കുന്നത് സംബന്ധിച്ച വിധിയുടെ കാര്യത്തില്‍ വ്യത്യാസമുണ്ടെന്ന് ഇവരാരും പറഞ്ഞിട്ടില്ല.
0 അഭിപ്രായങ്ങള്‍:
Post a Comment