പുല്ല്, വെള്ളം എന്നിവ വില്‍ക്കരുതെന്ന് നബി(സ) പഠിപ്പിച്ചിരിക്കെ മിനറല്‍ വാട്ടര്‍ വില്‍ക്കാനോ കമ്പനികളുടെ പരസ്യം സ്വീകരിക്കാനോ പാടുണ്ടോ? ഹറാമാക്കിയ വസ്‌തുവിന്റെ വിലയും ഹറാം എന്ന് വ്യക്തമാക്കുന്ന ഹദീസ് പ്രകാരം ഇത് നിഷിദ്ധമല്ലേ?
ഇബ്‌നുഅബ്‌ദില്ല കോട്ടക്കല്‍
പുല്ലിനും വെള്ളത്തിനും വില നിശ്ചയിച്ചു വില്‍ക്കുന്നത് നിഷിദ്ധമാണെങ്കിലും പുല്ല് അരിഞ്ഞ് കെട്ടാക്കിയും വെള്ളം കുപ്പിയിലാക്കി അടച്ചും ആവശ്യക്കാരുടെ മുമ്പില്‍ എത്തിച്ചുകൊടുക്കുക എന്ന സേവനത്തിന് പ്രതിഫലം വാങ്ങുന്നത് കുറ്റകരമല്ലെന്നാണ് `മുസ്‌ലിം' കരുതുന്നത്. എന്നാല്‍ അതിന്റെ പേരില്‍ ഒരു മേച്ചില്‍പുറത്തെ പുല്ലോ ഒരു ജലാശയത്തിലെ വെള്ളമോ ആരും കുത്തകയാക്കിവെക്കാന്‍ പാടില്ല. ഒരാളുടെ അധീനത്തിലുള്ള ജലാശയത്തിലെ വെള്ളത്തില്‍ നിന്ന് സ്വന്തം ആവശ്യം കഴിച്ച് മിച്ചമുള്ളത്, കുടിക്കാനും കുളിക്കാനും വെള്ളം അത്യാവശ്യമുള്ളവര്‍ക്ക് നിഷേധിക്കാന്‍ പാടില്ല. മുക്കിയെടുക്കുന്ന വെള്ളത്തിന് വില ചോദിക്കാനും പാടില്ല.
ഇന്ന് യാത്രയ്‌ക്കിടയിലും മറ്റും ധാരാളം പേര്‍ക്ക് ശുദ്ധജലത്തിന് അത്യാവശ്യം നേരിടുന്നു എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. സര്‍ക്കാരും സമ്പന്നരും അത് സൗജന്യമായി എത്തിച്ചുകൊടുക്കുകയാണ് ഏറ്റവും നല്ലത്. പക്ഷേ, നിലവിലുള്ള സാഹചര്യത്തില്‍ അത് പ്രായോഗികമായി എളുപ്പമുള്ള കാര്യമല്ല. ബസ്സിലോ ട്രെയ്‌നിലോ ദീര്‍ഘയാത്ര ചെയ്യുന്നവര്‍ക്ക് ബസ്‌സ്റ്റാന്റില്‍ നിന്നോ റെയില്‍വേ സ്റ്റേഷനില്‍ നിന്നോ പ്രതിഫലം നല്‍കാതെ വെള്ളം ലഭിച്ചില്ലെന്ന് വരാം. പൊതുടാപ്പുകളില്‍ നിന്ന് ലഭിക്കുന്ന കുടിവെള്ളം ചിലര്‍ക്ക് തൃപ്‌തികരമായില്ലെന്നും വരാം. അങ്ങനെയുള്ളവര്‍ക്കെല്ലാം ഒഴിച്ചുകൂടാത്തതാണ് വാട്ടര്‍ബോട്ടിലുകള്‍. ഇത് ന്യായമായ തുകയ്‌ക്ക് ലഭ്യമാക്കുന്നവര്‍ കുറ്റക്കാരാണെന്ന് പറയാന്‍ ന്യായം കാണുന്നില്ല. വിഗ്രഹം, ശവം, പന്നിമാംസം, മദ്യം മുതലായ നിഷിദ്ധമായ വസ്‌തുക്കള്‍ വിറ്റുകിട്ടുന്ന സംഖ്യയും നിഷിദ്ധമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ തിന്നാനോ തീറ്റാനോ പാടില്ലാത്ത നിഷിദ്ധവസ്‌തുക്കളുടെ കൂട്ടത്തില്‍ പെട്ടതല്ല പുല്ലും വെള്ളവും. അവയില്‍ മിച്ചമുള്ളത് വില്‍ക്കരുതെന്ന് വിലക്കിയത് അവ കൂടുതല്‍ കാലികള്‍ക്കും മനുഷ്യര്‍ക്കും ലഭ്യമാക്കാന്‍ വേണ്ടിയാണ്.
ബോട്ടിലിനും ബോട്ടിലിംഗിനും വിതരണത്തിനുമുള്ള ന്യായമായ ചെലവ് ഈടാക്കിക്കൊണ്ട് മാത്രമേ വാഹനങ്ങളിലും മറ്റും കുടിനീര്‍ സര്‍വത്ര ലഭ്യമാക്കാന്‍ കഴിയൂ എന്നുണ്ടെങ്കില്‍ അത് ഇസ്‌ലാമിന്റെ താല്‌പര്യത്തിന് തീര്‍ത്തും വിരുദ്ധമാണെന്ന് പറയാവുന്നതല്ല. വെള്ളം കുത്തകയാക്കുന്നതും ആവശ്യക്കാര്‍ക്ക് നല്‌കാതെ നിഷേധിക്കുന്നതും തടയുകയാണല്ലോ അത് വില്‌പനച്ചരക്കാക്കരുത് എന്ന് വിലക്കിയതിന്റെ താല്‌പര്യം. എന്നാല്‍ കുപ്പി, കുപ്പിയിലാക്കല്‍, വിതരണം എന്നിവയുടെ ചെലവിന് പുറമെ വെള്ളത്തിന് ഗണ്യമായൊരു തുക വേറെയും ചുമത്തുകയാണെങ്കില്‍ അത് നിഷിദ്ധം തന്നെയാകുന്നു. കുപ്പിവെള്ളം ലഭ്യമാക്കുന്നതിനുള്ള യഥാര്‍ഥ ചെലവ് എത്രയെന്ന് കണിശമായി കണക്കാക്കാന്‍ അതിന്റെ വ്യാപാരികള്‍ക്കോ പരസ്യം സ്വീകരിക്കുന്നവര്‍ക്കോ സാധിച്ചില്ലെന്ന് വരാം. അതിനാല്‍ അവരുടെ വ്യാപാരലാഭമോ പരസ്യച്ചാര്‍ജോ നിഷിദ്ധമായ സമ്പാദ്യമാെണന്ന് ഉറപ്പിച്ച് പറയാവുന്നതല്ല. കുപ്പിവെള്ളക്കമ്പനിക്കാര്‍ക്കാണ് തങ്ങളുടെ സമ്പാദ്യത്തില്‍ ഹറാമായ ഇനം കലരാതെ സൂക്ഷിക്കാന്‍ കൂടുതല്‍ ബാധ്യതയുള്ളത്. വെള്ളം കച്ചവടച്ചരക്കാക്കുക എന്ന തെറ്റിന് പുറമെ തങ്ങളുടെ ഫാക്‌ടറി പരിസരങ്ങളിലുള്ളവര്‍ക്ക് കുടിനീര്‍ കിട്ടാതാവുക, പരിസരമലിനീകരണം കൊണ്ട് ജനങ്ങള്‍ കഷ്‌ടപ്പെടുക എന്നിവ നിമിത്തവും അവര്‍ പാപികളായിത്തീരാന്‍ സാധ്യതയുണ്ട്.
0 അഭിപ്രായങ്ങള്‍:
Post a Comment