ഉപജീവനത്തിനുവേണ്ടി പലരും സങ്കരയിനം പശുക്കളെ വളര്‍ത്താറുണ്ട്. സാധാരണ ലൈംഗിക രീതികളിലൂടെയല്ല ഇവയുടെ പ്രത്യുല്‍പാദന രീതി; കൃത്രിമ ബീജസങ്കലനത്തിലൂടെയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും ഇങ്ങനെ മാത്രമേയുള്ളൂ. പ്രകൃതിക്ക് യോജിച്ച ഒരു ലൈംഗിക സംവിധാനം ഇവയ്‌ക്ക് ലഭിക്കാറുമില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഒരു വിശ്വാസിക്ക് ഈ ഉപജീവനമാര്‍ഗം സ്വീകാര്യമാവുമോ? ജീവികളില്‍ കൃത്രിമ ബീജസങ്കലനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടോ?
അബ്‌ദുല്‍അഹദ്, ഇരവിപുരം
ജീവികളെയും സസ്യങ്ങളെയും മറ്റും അല്ലാഹു സൃഷ്‌ടിച്ചത് അന്യൂനമായ വ്യവസ്ഥയോടെയാണ് എന്നത്രെ വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഗ്രഹിക്കാവുന്നത്. 20:50, 32:7, 87:1-3 എന്നീ സൂക്തങ്ങള്‍ നോക്കുക. സര്‍വജ്ഞനായ ദൈവം എല്ലാം അന്യൂനമായി സൃഷ്‌ടിച്ചു എന്ന ആശയം അംഗീകരിക്കാത്ത ഭൗതികവാദികള്‍ പോലും പ്രകൃതിയില്‍ യുഗങ്ങളായി നിലനിന്നുപോന്ന ജീവസസ്യജാതികളുടെ മൗലികത അംഗീകരിക്കുന്നുണ്ട്. കൃഷിയും കാലിവളര്‍ത്തലുമൊക്കെ വ്യാവസായിക അടിസ്ഥാനത്തിലായതോടെ എല്ലാവരും ലാഭം മാത്രം ലക്ഷ്യമാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഏറ്റവും കൂടുതല്‍ പാല്‍ചുരത്തുന്ന, ഏറ്റവും കൂടുതല്‍ തടിച്ചുകൊഴുക്കുന്ന, ഏറ്റവുമധികം മുട്ടയിടുന്ന ജീവജാതികളെ വികസിപ്പിച്ചെടുക്കുന്നതിന് സര്‍ക്കാരും ഫാം ഉടമകളും മറ്റും മുന്‍ഗണന നല്‌കുന്നതുകൊണ്ടാണ് ബീജസങ്കലനം സാര്‍വത്രികമായത്.
അല്ലാഹു സംവിധാനിച്ച മൗലികമായ പ്രത്യുല്‍പാദന വ്യവസ്ഥയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയാണ് ബീജസങ്കലനം സാധിക്കുന്നത്. ലാഭം ഉറപ്പാക്കാന്‍ ചിലപ്പോള്‍ ഇത് സഹായകമാകുന്നുണ്ടെങ്കിലും സങ്കര ഇനങ്ങളുടെ ജൈവസവിശേഷതകളെ സംബന്ധിച്ച് പഠനംനടത്തിയ ചില പരിസ്ഥിതി ശാസ്‌ത്രജ്ഞരും മറ്റും സങ്കരയിനത്തില്‍ പെട്ട ജീവികള്‍ക്ക് ചില വിഷയങ്ങളില്‍ സംഭവിക്കുന്ന അപചയം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പാലിന്റെയും മാംസത്തിന്റെയും മുട്ടയുടെയും ഗുണമേന്മ കുറയുക, ജീവികളുടെ സ്വാഭാവിക രോഗപ്രതിരോധ ശക്തി ശോഷിക്കുക തുടങ്ങി പല അപചയങ്ങളും ഇതില്‍ ഉള്‍പ്പെടും. ലാഭം മാത്രം മുന്‍നിര്‍ത്തി സങ്കരയിനം വിത്തുകള്‍ മാത്രം ആളുകള്‍ കൃഷിചെയ്യുകയും സങ്കരവര്‍ഗത്തില്‍ പെട്ട ജീവികളെ മാത്രം വളര്‍ത്തുകയും ചെയ്യുന്നതോടെ അല്ലാഹു സൃഷ്‌ടിച്ച മൗലികഗുണങ്ങളുള്ള ജീവജാതികള്‍ അന്യംനിന്നു പോകുകയാണെങ്കില്‍ അത് മാനവരാശിക്ക് അപരിഹാര്യമായ നഷ്‌ടമായിരിക്കും.
അല്ലാഹു സൃഷ്‌ടിച്ച പ്രകൃതിവ്യവസ്ഥയ്‌ക്ക് മാറ്റം വരുത്തുക എന്നത് പൈശാചിക പ്രേരണയ്‌ക്ക് വശംവദരായി മനുഷ്യര്‍ ചെയ്യുന്ന തെറ്റുകളിലൊന്നാണ് എന്നത്രെ 4:119 സൂക്തത്തില്‍ നിന്ന് മനസ്സിലാകുന്നത്. ഈ വിഷയം പറഞ്ഞ ശേഷം ഈ സൂക്തത്തില്‍ അല്ലാഹു നല്‌കുന്ന താക്കീത് ശ്രദ്ധേയമാകുന്നു: ``വല്ലവനും അല്ലാഹുവിന് പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്‌ടം പറ്റിയവനാകുന്നു.'' ജീവ-സസ്യജാലങ്ങളുടെ ജനിതക ഘടനയില്‍ മാറ്റം വരുത്തുന്നതും ജീവികളുടെ പ്രത്യുല്‍പാദന രീതിയില്‍ മാറ്റമുണ്ടാക്കുന്നതും മൃഗങ്ങളെ സ്വാഭാവികമായ ഇണചേരലിന് അനുവദിക്കാതിരിക്കുന്നതുമെല്ലാം `അല്ലാഹു സൃഷ്‌ടിച്ച പ്രകൃതി വ്യവസ്ഥയ്‌ക്ക് മാറ്റം വരുത്തുക' എന്ന വകുപ്പില്‍ ഉള്‍പ്പെടുമെന്നതില്‍ സംശയത്തിനവകാശമില്ല. ആയതിനാല്‍ 4:119 സൂക്തമനുസരിച്ച് അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് യഥാര്‍ഥ വിശ്വാസികള്‍ ചെയ്യേണ്ടത്.
എന്നാല്‍ ഒരു മൃഗത്തെ എന്തെങ്കിലും കാരണത്താല്‍ സ്വാഭാവികരീതിയില്‍ ഇണചേര്‍ക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടെങ്കില്‍ കൃത്രിമ ബീജസങ്കലനം നടത്തുന്നതില്‍ തെറ്റില്ല. അല്ലാഹു അനുവദിച്ചതാണെന്ന് ഉറപ്പുള്ള ഉദ്യോഗങ്ങളും ജോലികളുമാണ് സത്യവിശ്വാസികള്‍ സ്വീകരിക്കേണ്ടത്. നിഷിദ്ധമായ ഒരു തൊഴില്‍ അവര്‍ ഉപജീവനമാര്‍ഗമായി സ്വീകരിക്കാന്‍ പാടില്ല; മറ്റു ജോലികളൊന്നും ലഭ്യമല്ലാത്തതിനാല്‍ നിര്‍ബന്ധിതമായി ചെയ്യുന്നതൊഴികെ.
0 അഭിപ്രായങ്ങള്‍:
Post a Comment