ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

അന്യന്റെ വിറകും പ്രായശ്ചിത്തവും



സര്‍ക്കാര്‍ ഭൂമിയില്‍ നിന്നോ ഒരാളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നോ അനുവാദമില്ലാതെ വീട്ടാവശ്യത്തിന്‌ വിറക്‌ എടുക്കുന്നത്‌ കുറ്റകരമാണോ? ഉടമസ്ഥന്‌ ആവശ്യമില്ലാതെ, ചിതല്‍പിടിച്ച്‌ നശിച്ചുപോകുന്ന വിറകാണെങ്കില്‍ പോലും എടുക്കാന്‍ പാടില്ലേ? ഇങ്ങനെ എടുത്തിട്ടുണ്ടെങ്കില്‍ അതിനുള്ള പ്രായശ്ചിത്തമെന്താണ്‌?

ഉമ്മുഅമീന്‍, മണ്ണാര്‍ക്കാട്‌

ഇത്തരം വിഷയങ്ങളില്‍ നാട്ടിലെ നിയമം ഏതൊക്കെ വിധത്തില്‍ നീങ്ങുമെന്നത്‌ `മുഖാമുഖ'ത്തിന്റെ പരിധിക്ക്‌ പുറത്താകുന്നു. എന്നാല്‍ ധര്‍മത്തിന്റെ കാര്യം സുവിദിതമാണ്‌. മസ്വ്‌ലഹത്തിന്‌ അഥവാ നന്മയ്‌ക്കാണ്‌ ഇസ്‌ലാമിക നിയമത്തില്‍ മുന്‍ഗണനയുള്ളത്‌. സര്‍ക്കാര്‍ ഭൂമിയിലായാലും ഒരു മുതലാളിയുടെ സ്ഥലത്തായാലും മരങ്ങളില്‍ നിന്ന്‌ ഉണങ്ങിവീഴുന്ന വിറക്‌ ആര്‍ക്കും ഉപകാരപ്പെടാതെ നശിച്ചുപോകുന്നതിനെക്കാള്‍ എത്രയോ നല്ലത്‌ അത്‌ ആര്‍ക്കെങ്കിലും ഉപകാരപ്പെടുന്നതാണ്‌. പഴുത്ത്‌ താഴെ വീഴുന്ന ഈന്തപ്പഴം എടുത്തുതിന്നാന്‍ നബി(സ) അനുവാദം നല്‍കിയ കാര്യം ഇത്തരുണത്തില്‍ സ്‌മരണീയമാകുന്നു.

എന്നാല്‍, സ്വന്തം ആവശ്യത്തിന്‌ വിറകോ വിറക്‌ വാങ്ങാന്‍ സാമ്പത്തിക ശേഷിയോ ഉള്ള ആള്‍ പൊതുസ്ഥലത്തു നിന്നോ സ്വകാര്യസ്വത്തുക്കളില്‍ നിന്നോ വിറക്‌ എടുക്കുന്നത്‌ ന്യായമല്ല. കാരണം, സ്വാശ്രയത്വമുള്ള ഏതൊരാളും ചെയ്യേണ്ടത്‌ അല്ലാഹു തനിക്ക്‌ നല്‌കിയതുകൊണ്ട്‌ തൃപ്‌തിപ്പെട്ടു ജീവിക്കുകയാണ്‌. സ്വന്തം തൊഴിലില്‍ നിന്നോ കൃഷിയിടത്തില്‍ നിന്നോ ഹലാലായ വ്യാപാരത്തില്‍ നിന്നോ ഉള്ള വരുമാനത്തിനപ്പുറം യാതൊന്നും കൈവശപ്പെടുത്താന്‍ ശ്രമിക്കാതിരിക്കുകയാണ്‌ സ്വാശ്രയത്വമുള്ള സത്യവിശ്വാസിക്ക്‌ അഭിലഷണീയമായിട്ടുള്ളത്‌.

സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന്‌ വിറകും മറ്റും ശേഖരിക്കാന്‍ ആര്‍ക്കെങ്കിലും കരാര്‍ കൊടുക്കുകയോ സ്വകാര്യസ്വത്തില്‍ നിന്ന്‌ വസ്‌തുക്കള്‍ സംഭരിക്കാന്‍ ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്‌തിട്ടുണ്ടെങ്കില്‍ മറ്റുള്ളവര്‍ അവിടങ്ങളില്‍ കടന്നുചെന്ന്‌ അനധികൃതമായി യാതൊന്നും എടുക്കാന്‍ പാടുള്ളതല്ല. ഒരു വസ്‌തു ഉടമസ്ഥന്‌ ആവശ്യമില്ലാത്തതാണെന്ന്‌ മറ്റൊരാള്‍ തീര്‍പ്പ്‌ കല്‌പിക്കുന്നത്‌ ന്യായമായ നടപടിയല്ല. ഉടമസ്ഥന്റെ വാക്കില്‍ നിന്നോ പെരുമാറ്റത്തില്‍ നിന്നോ വിറക്‌ അയാള്‍ക്ക്‌ ആവശ്യമില്ലെന്ന്‌ വ്യക്തമാണെങ്കിലേ ആവശ്യക്കാര്‍ക്ക്‌ അതെടുക്കാന്‍ പാടുള്ളൂ. സമ്മതംകൂടാതെ ആരുടെ സാധനം എടുത്താലും അത്‌ തെറ്റാണെന്ന്‌ ബോധ്യപ്പെട്ടാല്‍ ഉടനെ തിരിച്ചേല്‌പിക്കുകയോ സാധനം ഉപയോഗിച്ച്‌ തീര്‍ന്നതാണെങ്കില്‍ എടുത്തത്‌ പൊരുത്തപ്പെടാന്‍ ഉടമസ്ഥനോട്‌ അപേക്ഷിക്കുകയോ ആണ്‌ വേണ്ടത്‌. ഇതല്ലാതെ പ്രായശ്ചിത്തമായി എന്തെങ്കിലും ചെയ്യണമെന്ന്‌ വിശുദ്ധഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ കല്‌പിച്ചിട്ടില്ല.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers