ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ദൈവം നീതിമാനാണെന്നോ?


വിശ്വാസികള്‍ക്കെന്നും ദാരിദ്ര്യം, കഷ്‌ടപ്പാട്‌, മനോവിഷമം, വിഭവ നഷ്‌ടം, വേര്‍പാട്‌, ധനനഷ്‌ടം എന്നാണല്ലോ ഇസ്‌ലാമിക പരാമര്‍ശം. അവിശ്വാസികള്‍ക്ക്‌ നേരെ മറിച്ചും. `ഇസ്‌ലാം നീതിക്ക്‌ നന്മയ്‌ക്ക്‌' എന്ന്‌ കൊട്ടിഘോഷിച്ചുനടന്നവര്‍ക്ക്‌ ഇത്‌ ഏറ്റവും വലിയ അനീതിയായിട്ട്‌ തോന്നിയിട്ടില്ലേ. ദൈവം നീതിമാനാണെങ്കില്‍ നേരെ മറിച്ചാണല്ലോ സംഭവിക്കേണ്ടത്‌. ഇങ്ങനെയാണെങ്കില്‍ അവിശ്വാസികള്‍ എന്നും അവിശ്വാസികളും വിശ്വാസികള്‍ തന്നെ വിശ്വാസത്തില്‍ നിന്നും തെന്നിമാറുന്ന അവസ്ഥയുമല്ലേ സംജാതമാകുക?

ബനീഷ്‌ കുമാര്‍ കണ്ണൂര്‍

വിശ്വാസികള്‍ക്കെല്ലാം എക്കാലത്തും കഷ്‌ടപ്പാടായിരിക്കുമെന്ന്‌ ഖുര്‍ആനിലോ നബിവചനങ്ങളിലോ പറഞ്ഞിട്ടില്ല. ചില കഷ്‌ട നഷ്‌ടങ്ങളിലൂടെ വിശ്വാസികളെ അല്ലാഹു പരീക്ഷിക്കുമെന്ന്‌ വ്യക്തമാക്കിയ വിശുദ്ധ ഖുര്‍ആനില്‍ തന്നെ വിശ്വാസികള്‍ക്ക്‌ ഈ ലോകത്ത്‌ അല്ലാഹു നല്‌കുന്ന വിജയത്തെയും അനുഗ്രഹങ്ങളെയും സംബന്ധിച്ചു പറഞ്ഞിട്ടുണ്ട്‌. ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണുക:

``നിങ്ങളില്‍ നിന്ന്‌ വിശ്വസിക്കുകയും സത്‌കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തവരോട്‌ അല്ലാഹു വാഗ്‌ദാനം ചെയ്‌തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക്‌ പ്രാതിനിധ്യം നല്‌കിയതുപോലെത്തന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക്‌ പ്രാതിനിധ്യം നല്‌കുകയും അവര്‍ക്ക്‌ അവന്‍ തൃപ്‌തിപ്പെട്ടു കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക്‌ അവന്‍ സ്വാധീനം നല്‌കുകയും അവരുടെ ഭയപ്പാടിനു ശേഷം അവര്‍ ക്ക്‌ നിര്‍ഭയത്വം പകരം നല്‌കുകയും ചെയ്യുന്നതാണെന്ന്‌, എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്‌. എന്നോട്‌ യാതൊന്നിനെയും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിനു ശേഷം ആരെങ്കിലും നന്ദികേട്‌ കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍.'' (24:55)

നൂഹ്‌നബി(അ)യുടെ വാക്കുകള്‍ വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം ഉദ്ധരിക്കുന്നു: ``അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക്‌ മഴ സമൃദ്ധമായി അയച്ചുതരും. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട്‌ നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും നിങ്ങള്‍ക്കവന്‍ തോട്ടങ്ങളും അരുവികളും ഉണ്ടാക്കിത്തരികയും ചെയ്യും'' (71:10-12).

ദാവൂദ്‌, സുലൈമാന്‍(അ) എന്നീ പ്രവാചകന്മാര്‍ക്ക്‌ അല്ലാഹു നല്‌കിയ വിപുലമായ അധികാരത്തെയും അനുഗ്രഹങ്ങളെയും സംബന്ധിച്ച്‌ 21:78-82, 27:36-44, 34:10-13, 38:17-39 എന്നീ ഖുര്‍ആന്‍ സൂക്തങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. മുഹമ്മദ്‌ നബി(സ)ക്കും അനുചരന്മാര്‍ക്കും അല്ലാഹു നല്‌കിയ വിജയങ്ങളെയും അനുഗ്രഹങ്ങളെയും സംബന്ധിച്ചും അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌.

മനുഷ്യര്‍ക്കാര്‍ക്കും ദാരിദ്ര്യമോ കഷ്‌ടപ്പാടോ മനോവിഷമമോ വിരഹമോ ധനനഷ്‌ടമോ സംഭവിക്കാതിരുന്നാല്‍ ഭൂമിയില്‍ നന്മയും നീതിയും പുലരുമെന്നാണ്‌ ചോദ്യകര്‍ത്താവിന്റെ ധാരണയെങ്കില്‍ അത്‌ തികച്ചും തെറ്റാണ്‌. മറ്റുള്ളവരെപ്പോലെ സമ്പന്നരായിരിക്കുന്നതില്‍ മിക്കവരും സംതൃപ്‌തരാവുകയില്ല. അവരേക്കാള്‍ വളരെ കൂടുതല്‍ സമ്പത്ത്‌ തനിക്കു വേണം എന്ന മോഹമുള്ള കുറച്ചു പേരുണ്ടാകും. അവര്‍ കുതന്ത്രങ്ങളും ചൂഷണ പദ്ധതികളുമായി മുന്നോട്ടു നീങ്ങും. അധികാരമുള്ളവര്‍ തന്നെ കൂടുതല്‍ അധികാരം വെട്ടിപ്പിടിക്കാന്‍ വേണ്ടി ശ്രമിക്കും. ധനമോ അധികാരമോ ഉള്ളവര്‍ക്ക്‌ മനോവിഷമം ഒഴിവാക്കാന്‍ ഏറെ പ്രയാസമായിരിക്കും. ദൈവത്തിന്റെ പദ്ധതിയില്‍ നന്മയില്ലാത്തതുകൊണ്ടോ ദൈവം എല്ലാവരോടും നീതി പുലര്‍ത്താത്തതുകൊണ്ടോ അല്ല ഇങ്ങനെ സംഭവിക്കുന്നത്‌. ഒരാള്‍ക്ക്‌ ദാരിദ്ര്യം നേരിടുന്നതോടെ ദൈവം തന്നോട്‌ അനീതി കാണിക്കുന്നു എന്ന്‌ അയാള്‍ കരുതുന്നതാണ്‌ കുഴപ്പം. മനുഷ്യചരിത്രം പരിശോധിച്ചാല്‍ ദാരിദ്ര്യത്തില്‍ നിന്ന്‌ പടിപടിയായി ഉയര്‍ന്ന്‌ ഉന്നത സ്ഥാനങ്ങളിലെത്തിയ ധാരാളം പേരെ കാണാം. സമ്പന്നതയുടെ മടിത്തട്ടില്‍ വളര്‍ന്നതു കൊണ്ട്‌ ധാരാളികളും ദുര്‍വൃത്തരുമായിത്തീര്‍ന്ന്‌ ജീവിതം തന്നെ തുലഞ്ഞവരും ഏറെയുണ്ടാകും. സൗന്ദര്യം പലര്‍ക്കും വിനയായിത്തീരുന്നതായി വാര്‍ത്തകള്‍ നമുക്ക്‌ വ്യക്തമാക്കിത്തരുന്നു. കരുത്തുറ്റ ശരീരം ചിലര്‍ക്കെങ്കിലും പോക്കിരിത്തവും അക്രമവും ചെയ്യാന്‍ പ്രേരകമായിത്തീരുന്നു.

ഇസ്‌ലാമിക വിശ്വാസമനുസരിച്ച്‌ ഓരോ വസ്‌തുവിനും അതിന്റെ ഘടനാവിശേഷങ്ങള്‍ നല്‌കിയത്‌ പ്രപഞ്ചനാഥനാണ്‌ (വി.ഖു 20:50). പരമകാരുണികനായ പ്രപഞ്ച നാഥന്‍ ഏതൊരു മനുഷ്യനെയും സൃഷ്‌ടിച്ചു സംവിധാനിച്ചിട്ടുള്ളത,്‌ കാര്യങ്ങള്‍ തിരിച്ചറിഞ്ഞ്‌ ജീവിതം നന്മ നിറഞ്ഞതാക്കിത്തീര്‍ക്കാനുള്ള കഴിവോടെയാണ്‌.

ദാരിദ്ര്യമോ വൈരൂപ്യമോ വൈകല്യമോ ഒന്നും തന്നെ ലക്ഷ്യബോധത്തോടെ ജീവിക്കുന്ന മനുഷ്യര്‍ക്ക്‌ ജീവിത സാഫല്യത്തിന്‌ തടസ്സമാവുകയില്ല. നാഥന്‍ നല്‌കിയ കഴിവുകള്‍ ഉപയോഗപ്പെടുത്താതിരിക്കുന്നതോ ദുരുപയോഗപ്പെടുത്തുന്നതോ, ആണ്‌ പരാജയങ്ങള്‍ക്കും പതനങ്ങള്‍ക്കും നിമിത്തമാകുന്നത്‌. ``മനുഷ്യാസ്‌തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം, അതിന്‌ അതിന്റെ ദുഷ്‌ടതയും അതിന്റെ സൂക്ഷ്‌മതയും സംബന്ധിച്ച്‌ അവന്‍ ബോധനം നല്‌കിയിരിക്കുന്നു. തീര്‍ച്ചയായും അതിനെ (അസ്‌തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്‌തു.'' (വി.ഖു 91:7-10) സന്മാര്‍ഗത്തിലൂടെ ചരിക്കാനോ ദുര്‍മാര്‍ഗത്തിലേക്ക്‌ തെറ്റിപ്പോകാനോ ആരെയും നിര്‍ബന്ധിതരാക്കാതെ എല്ലാവര്‍ക്കും ഇഷ്‌ടപ്പെട്ട പാത തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‌കിയ ദൈവം തികച്ചും നീതിമാനാകുന്നു.


കോടിക്കണക്കിലാളുകള്‍ നിഷേധികളായി മാറിയാലും ലോക രക്ഷിതാവിന്‌ യാതൊന്നും നഷ്‌ടപ്പെടാനില്ല. വിശ്വാസികളുടെ സംഖ്യ എത്ര വര്‍ധിച്ചാലും അതുകൊണ്ട്‌ അവന്റെ ശക്തിയോ പ്രതാപമോ വര്‍ധിക്കുന്ന പ്രശ്‌നവുമില്ല. ആരൊക്കെ തെന്നി മാറിയാലും ലോകരക്ഷിതാവിന്‌ ഒരു നഷ്‌ടവും സംഭവിക്കാനില്ലെങ്കില്‍ വിശ്വാസികള്‍ അതിനെക്കുറിച്ച്‌ ഉത്‌കണ്‌ഠപ്പെടേണ്ടതുമില്ല. തങ്ങളുടെ എന്തെങ്കിലും തെറ്റായ നിലപാട്‌ നിമിത്തം ആളുകള്‍ പിഴച്ചുപോകാന്‍ ഇടയാകരുതെന്നേ വിശ്വാസികള്‍ നിഷ്‌കര്‍ഷിക്കേണ്ടതുള്ളൂ. പിന്നെ ഒരു കാര്യം: ദൈവം നീതിമാനല്ലെങ്കില്‍ പകരം ആരെ ചുമതലയേല്‌പിച്ചാലാണ്‌ പ്രപഞ്ചത്തില്‍ നീതി പുലരുക?

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers