ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label കുടുംബം. Show all posts
Showing posts with label കുടുംബം. Show all posts

ലൈംഗികബന്ധം സന്താനോല്‍പാദനത്തിന്‌ മാത്രമോ?



``സന്താനോല്‌പാദനത്തിന്‌ മാത്രമേ സ്‌ത്രീകളുമായി ലൈംഗികബന്ധം പാടുള്ളൂ. മൃഗങ്ങളെല്ലാം തന്നെ വര്‍ഷത്തിലൊരിക്കലോ അല്ലെങ്കില്‍ അവയ്‌ക്ക്‌ നിശ്ചയിക്കപ്പെട്ട സമയത്തോ ആണ്‌ ഇണചേരുക. മനുഷ്യനും അതുപോലെ സന്താനോല്‌പാദനത്തിന്‌ മാത്രമേ ഇണചേരാന്‍ പാടുള്ളൂ'' -ഒരു ശ്രീനാരായണ ഗുരു ഭക്തന്റെ പ്രഭാഷണത്തില്‍ നിന്നാണ്‌ ഈ ഉദ്ധരണി. ഈ അഭിപ്രായത്തോട്‌ `മുസ്‌ലിം' എങ്ങനെ പ്രതികരിക്കുന്നു?
അബ്‌ദുല്‍അഹദ്‌, മലപ്പുറം

ഇസ്‌ലാം മനുഷ്യനെ മൃഗകുടുംബത്തിലെ ഒരു മെമ്പറായിട്ടല്ല ഗണിക്കുന്നത്‌. വിശുദ്ധഖുര്‍ആന്‍ പറയുന്നു: ``തീര്‍ച്ചയായും ആദം സന്തതികളെ (മനുഷ്യരെ) നാം ആദരിക്കുകയും കരയിലും കടലിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും വിശിഷ്‌ടമായ വസ്‌തുക്കളില്‍ നിന്ന്‌ നാം അവര്‍ക്ക്‌ ഉപജീവനം നല്‌കുകയും നാം സൃഷ്‌ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക്‌ നാം സവിശേഷമായ ശ്രേഷ്‌ഠത നല്‌കുകയും ചെയ്‌തിരിക്കുന്നു'' (17:50). ``തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയില്‍ സൃഷ്‌ടിച്ചിരിക്കുന്നു'' (95:4). ഭൂമിയില്‍ ധാരാളം ഉത്തരവാദിത്വങ്ങള്‍ സ്വാതന്ത്ര്യത്തോടെ നിര്‍വഹിക്കേണ്ടതിനായി നിയോഗിക്കപ്പെട്ട സ്ഥാനപതി എന്നതാണ്‌ ഖുര്‍ആനിക വീക്ഷണത്തില്‍ മനുഷ്യന്റെ സവിശേഷത.

മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ലഭിക്കുന്ന ദൈവദത്തമായ സ്വാതന്ത്ര്യം ലൈംഗികജീവിതത്തിനും ബാധകമാകുന്നു. ദൈവദത്തമായ സ്വാതന്ത്ര്യം അനിയന്ത്രിതമായി കൈയാളാനുള്ളതല്ല. സര്‍വജ്ഞനായ ദൈവത്തിന്റെ അന്യൂനമായ മാര്‍ഗദര്‍ശനത്തിന്‌ വിധേയമായിട്ടാണ്‌ സ്വാതന്ത്ര്യം വിനിയോഗിക്കേണ്ടത്‌. സ്വന്തം ജീവിതപങ്കാളിയുമായി ലൈംഗികവേഴ്‌ച ആര്‍ത്തവവേളയിലും ചില പ്രത്യേക ആരാധനാ കര്‍മങ്ങള്‍ക്കിടയിലും മാത്രമേ ഇസ്‌ലാം വിലക്കിയിട്ടുള്ളൂ. വ്യഭിചാരവും പ്രകൃതിവിരുദ്ധ രതിയും കര്‍ശനമായി വിലക്കിയിരിക്കുന്നു.

സ്രഷ്‌ടാവും രക്ഷിതാവുമായ ദൈവം അനുവദിച്ച കാര്യങ്ങള്‍ വിലക്കാന്‍ മറ്റാര്‍ക്കും അധികാരമില്ല. മനുഷ്യന്‌ ഗുണകരമായ കാര്യങ്ങളാണ്‌ പരമകാരുണികനായ ദൈവം കല്‌പിക്കുകയും അനുവദിക്കുകയും ചെയ്‌തിട്ടുള്ളത്‌. മനുഷ്യന്‌ ദോഷകരമായ കാര്യങ്ങളാണ്‌ ദൈവം നിഷിദ്ധമായി വിധിച്ചിട്ടുള്ളത്‌. ദോഷകരമായിത്തീരുന്ന ലൈംഗികവേഴ്‌ചകളെല്ലാം സര്‍വജ്ഞനായ ദൈവം നിരോധിച്ചിട്ടുണ്ട്‌. മനുഷ്യന്‌ പരിമിതമായ അറിവേ ഉള്ളൂ. പരമമായ ജ്ഞാനം ദൈവത്തിന്‌ മാത്രമേയുള്ളൂ.

ഇസ്‌ലാമിക ദൃഷ്‌ട്യാ ലൈംഗികവികാരം സന്താനോല്‌പാദനത്തിലേക്ക്‌ നയിക്കുന്ന ഒരു രാസത്വരകം മാത്രമല്ല. മനുഷ്യബന്ധങ്ങളെയൊക്കെ സമ്പുഷ്‌ടമാക്കുന്ന സ്‌നേഹം, കാരുണ്യം എന്നീ വികാരങ്ങളുടെ സാഫല്യത്തിന്‌ ആധാരമായി വര്‍ത്തിക്കുന്ന ഒരു ഘടകവും കൂടിയാണത്‌. മനുഷ്യജീവിതം സംതൃപ്‌തവും സമാധാനപൂര്‍ണവും വിജയകരവുമായിത്തീരുന്നതില്‍ വൈകാരിക സാഫല്യത്തിനുള്ള പങ്ക്‌ മനശ്ശാസ്‌ത്രജ്ഞര്‍ക്കിടയിലും സാമൂഹ്യശാസ്‌ത്രജ്ഞര്‍ക്കിടയിലും പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാകുന്നു. വിശുദ്ധഖുര്‍ആന്‍ ഈ വിഷയത്തിലേക്ക്‌ വെളിച്ചം വീശുന്നത്‌ നോക്കൂ: ``നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വം ഒത്തുചേരേണ്ടതിന്നായി നിങ്ങളില്‍ നിന്ന്‌ തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്‌ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്‌തതും അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളുണ്ട്‌.'' (30:21)

സന്താനോല്‌പാദനത്തിന്‌വേണ്ടി മാത്രമേ ഇണചേരാന്‍ പാടുള്ളൂവെന്ന്‌ നിഷ്‌കര്‍ഷിച്ചാല്‍ ഒന്നിലധികം സന്തതികള്‍ക്ക്‌ ജന്മം നല്‌കാന്‍ പാടില്ല എന്ന്‌ നിയമമുള്ള ചൈനയിലെ യുവ ദമ്പതിമാര്‍ കഷ്‌ടത്തിലായിപ്പോവും. പ്രജനനശേഷി ഒട്ടുമില്ലാത്ത ദമ്പതിമാരുടെ കാര്യവും തഥൈവ. ശ്രീ ശങ്കരന്റെയും ശ്രീനാരായണഗുരുവിന്റെയും ദര്‍ശനങ്ങള്‍ അദൈ്വതത്തില്‍ അധിഷ്‌ഠിതമാണല്ലോ. എല്ലാം ദൈവമാണെന്നും ദൈവമല്ലാതൊന്നുമില്ലെന്നും സിദ്ധാന്തിക്കുന്ന അദൈ്വതവാദ പ്രകാരം, ലൈംഗികബന്ധത്തെ അനുവദനീയമെന്നും നിഷിദ്ധമെന്നും വേര്‍തിരിക്കാനുള്ള ന്യായമൊന്നും `മുസ്‌ലിം' കണ്ടിട്ടില്ല.

ലൈംഗികവേഴ്‌ച പാപകര്‍മമോ?

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ലൈംഗികവേഴ്‌ച വിശുദ്ധ കര്‍മവും ആരാധനയുമായാണല്ലോ ഇസ്‌ലാം വിശദീകരിക്കുന്നത്‌. എന്നാല്‍ ചില പ്രത്യേക വേളകളില്‍ ഇതിനെ വെടിയാനും മതം കല്‌പിക്കുന്നു. ഹജ്ജില്‍ പ്രവേശിച്ചാല്‍ ലൈംഗികവൃത്തി പാടില്ല, നോമ്പ്‌ അനുഷ്‌ഠിക്കുന്നവന്‍ പകല്‍ സമയത്ത്‌ ഭാര്യാസംസര്‍ഗം ഒഴിവാക്കണം എന്നിവ ഉദാഹരണം. മാത്രമല്ല, ഹജ്ജില്‍ അധര്‍മം (ഫുസൂഖ്‌), തര്‍ക്കം (ജിദാല്‍) എന്നിവയുടെ കൂടെയാണ്‌ ലൈംഗികവൃത്തിയെ (റഫഥ്‌) പരാമര്‍ശിച്ചിരിക്കുന്നത്‌. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ലൈംഗികവേഴ്‌ച ഒരു പാപകര്‍മമായി ആരെങ്കിലും വീക്ഷിച്ചാല്‍ അത്‌ തെറ്റാകുമോ?

അമീന്‍ ചേന്നര, തിരൂര്‍

ആഹാരപാനീയങ്ങള്‍ പോലെ പ്രകൃതിപരമായ ആവശ്യങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടതാണ്‌ ലൈംഗികവേഴ്‌ച. തിന്നുന്നതും കുടിക്കുന്നതും ഇണചേരുന്നതും സ്വന്തം നിലയില്‍ ആരാധനാകര്‍മങ്ങളല്ല. അല്ലാഹു നിഷിദ്ധമാക്കിയ ആഹാരപാനീയങ്ങള്‍ അവന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട്‌ ഒഴിവാക്കുന്നതും അവന്‍ അനുവദിച്ചതേ കഴിക്കൂ എന്ന്‌ നിഷ്‌കര്‍ഷിക്കുന്നതും അവനുള്ള ആരാധനയാകുന്നു. അവന്റെ വിലക്ക്‌ പരിഗണിച്ച്‌ അമിതാഹാരം ഒഴിവാക്കുന്നതും അതുപോലെ തന്നെ. അല്ലാഹു വിലക്കിയ ലൈംഗികബന്ധങ്ങള്‍ ഉപേക്ഷിക്കുക, അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട്‌ ജീവിതപങ്കാളിയോടുള്ള ബാധ്യത നിറവേറ്റുക, അല്ലാഹുവിന്റെ അനുഗ്രഹമായ ലൈംഗികാനന്ദം അവനോടുള്ള കൃതജ്ഞതയോടെ അനുഭവിക്കുക എന്നിങ്ങനെയുള്ള ധര്‍മബദ്ധമായ ഘടകങ്ങളാണ്‌ ലൈംഗിക വേഴ്‌ചയെ വിശുദ്ധ കര്‍മമാക്കിത്തീര്‍ക്കുന്നത്‌.

എന്നാല്‍ അല്ലാഹുവിനു വേണ്ടി മാത്രം നാം ചെയ്യുന്ന നമസ്‌കാരം, സകാത്ത്‌, നിര്‍ബന്ധ വ്രതം, ഹജ്ജ്‌ എന്നീ ആരാധനാകര്‍മങ്ങള്‍ക്ക്‌ പ്രകൃതിപരമായ ആവശ്യങ്ങളുടെ ധാര്‍മിക നിര്‍വഹണത്തെക്കാള്‍ പ്രാധാന്യമുണ്ട്‌. അതുകൊണ്ടാണ്‌ നോമ്പിലും ഹജ്ജിലും ലൈംഗികവേഴ്‌ച വിലക്കിയത്‌. എന്നാല്‍ വൈവാഹിക ജീവിതത്തെ വിശുദ്ധ ഖുര്‍ആന്‍ വളരെ പ്രോത്സാഹിപ്പിക്കുകയും, റമദാന്‍ രാത്രികളില്‍ ദാമ്പത്യസുഖം അനുഭവിച്ചുകൊള്ളാന്‍ നിര്‍ദേശിക്കുകയും ചെയ്‌തിരിക്കേ ലൈംഗികതയെ ഇസ്‌ലാം പാപമായി ഗണിക്കുന്നു എന്നു പറയാന്‍ യാതൊരു ന്യായവുമില്ല.

രണ്ടാം ഭാര്യയുടെ അവകാശം


ഒരാള്‍ക്ക്‌ രണ്ടു ഭാര്യമാരുണ്ടായിരുന്നു. ആദ്യ ഭാര്യക്ക്‌ മാത്രമാണ്‌ മക്കളുള്ളത്‌. അയാള്‍ മരിക്കുന്നതിന്‌ മുമ്പു തന്നെ ആദ്യഭാര്യ മരിച്ചിരുന്നു. അയാളുടെ സ്വത്തില്‍ രണ്ടാം ഭാര്യക്കുള്ള അവകാശം എത്രയാണ്‌? ജീവിച്ചിരിക്കുന്ന ഏക ഭാര്യ എന്ന നിലയില്‍ എട്ടില്‍ ഒന്നാണോ? അതല്ല, മക്കളുള്ള വ്യക്തിയുടെ രണ്ടു ഭാര്യമാരില്‍ ഒരാള്‍ എന്ന നിലയില്‍ പതിനാറിലൊന്നോ? അതുമല്ല, മക്കളില്ലാത്ത ഭാര്യ എന്ന നിലയില്‍ നാലിലൊന്നോ?
മുഹ്‌യിദ്ദീന്‍ -തിരൂര്‍

ഭാര്യക്ക്‌ മക്കളുണ്ടോ എന്നത്‌ ഭര്‍ത്താവിന്റെ അനന്തരാവകാശത്തില്‍ പ്രശ്‌നമല്ല. മരിച്ച ആള്‍ക്ക്‌ മക്കളുണ്ടോ എന്നതാണ്‌ പ്രശ്‌നം. സന്താനമുള്ള ആള്‍ മരിച്ചാല്‍ ഭാര്യക്കുള്ള അനന്തരാവകാശ വിഹിതം എട്ടിലൊന്നാണ്‌. അയാള്‍ മരിക്കുമ്പോള്‍ ഒന്നിലേറെ ഭാര്യമാരുണ്ടെങ്കില്‍ എല്ലാവര്‍ക്കും കൂടി എട്ടിലൊന്നേ ലഭിക്കൂ. മരിച്ച ആള്‍ക്ക്‌ സന്താനമില്ലെങ്കില്‍ ഭാര്യക്കുള്ള വിഹിതം നാലിലൊന്നാണ്‌. സന്താനമില്ലാത്ത ആള്‍ മരിക്കുമ്പോള്‍ ഒന്നിലേറെ ഭാര്യമാര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ എല്ലാവര്‍ക്കും കൂടി അവകാശപ്പെട്ടത്‌ 1/4 മാത്രമാകുന്നു.

ത്വലാഖ്‌ ചൊല്ലപ്പെട്ട ഭാര്യയ്‌ക്ക്‌ സ്വത്തില്‍ അവകാശമുണ്ടോ?


ത്വലാഖ്‌ ചൊല്ലപ്പെട്ട ഭാര്യ ഇദ്ദയിലായിരിക്കേ ഭര്‍ത്താവ്‌ മരിച്ചാല്‍, ഇയാളുടെ സ്വത്തില്‍ നിന്നും ഭാര്യക്ക്‌ വല്ല സ്വത്തവകാശവുമുണ്ടോ? ഉണ്ടെങ്കില്‍ എത്ര കൊടുക്കണം?
വി പി സുബൈര്‍, തൃക്കളയൂര്‍

ഇസ്‌ലാമികമായ നിബന്ധനകള്‍ പാലിച്ചുകൊണ്ട്‌ ഒരാള്‍ തന്റെ ഭാര്യയെ ത്വലാഖ്‌ ചൊല്ലിയാല്‍ അവളുടെ ഭാര്യ എന്ന സ്ഥാനം ഇല്ലാതാവുകയും മുത്വല്ലഖ (വിവാഹമുക്ത) എന്ന സ്ഥാനത്താവുകയും ചെയ്യുന്നു. വിവാഹമുക്തയ്‌ക്ക്‌ ഭര്‍ത്താവ്‌ മൂന്നു കാര്യങ്ങള്‍ നല്‍കേണ്ടതുണ്ട്‌. ഒന്ന്‌, ഇദ്ദ കാലത്തെ താമസസൗകര്യം. രണ്ട്‌, ഇദ്ദകാലത്തെ ഭക്ഷണം, വസ്‌ത്രം. മൂന്ന്‌, മതാഅ്‌. ത്വലാഖ്‌ ചൊല്ലിയശേഷം ഭര്‍ത്താവ്‌ മരിച്ചാല്‍ ഈ മൂന്നു കാര്യങ്ങള്‍ അയാളുടെ സ്വത്തില്‍ നിന്ന്‌ വിവാഹമുക്തയ്‌ക്ക്‌ അവകാശപ്പെട്ടതാണ്‌. ഭര്‍ത്താവിന്റെ അനന്തരാവകാശികളാണ്‌ ഇത്‌ നല്‍കേണ്ടത്‌. അത്‌ കഴിച്ചു ബാക്കിയുള്ള സ്വത്തേ അവര്‍ ഭാഗിച്ചെടുക്കാവൂ. വിവാഹമുക്ത ഭര്‍ത്താവിന്റെ കുട്ടിക്ക്‌ മുലയൂട്ടുന്നുണ്ടെങ്കില്‍ അക്കാലത്ത്‌ ഭക്ഷണവും വസ്‌ത്രവും ലഭിക്കാന്‍ അവള്‍ക്ക്‌ അവകാശമുണ്ട്‌. ഭര്‍ത്താവ്‌ മരിച്ചാല്‍ അയാളുടെ അവകാശികളില്‍ നിന്നാണ്‌ അവള്‍ക്ക്‌ ഈ അവകാശം ലഭിക്കേണ്ടത്‌. വിശുദ്ധ ഖുര്‍ആനിലെ 2:233 സൂക്തം നോക്കുക. എന്നാല്‍ ഭാര്യ എന്ന നിലയിലുള്ള അനന്തരാവകാശവിഹിതം വിവാഹമുക്തയ്‌ക്ക്‌ ലഭിക്കുന്നതല്ല.

കുറ്റവാസന ഗര്‍ഭാവസ്ഥയില്‍ നിന്നുണ്ടാകുന്നതോ?

`കുറ്റവാസനയുടെ ഉറവിടത്തെ കുറിച്ച്‌ നടത്തിയ പഠനത്തില്‍ അമ്മയുടെ ഗര്‍ഭാവസ്ഥയില്‍ നിന്നും ആരംഭിക്കുന്നതായി കണ്ടെത്തി. ഗര്‍ഭിണിക്ക്‌ മാനസിക സമ്മര്‍ദമുണ്ടെങ്കില്‍ അത്‌ ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിനെ ബാധിക്കുന്നു. പ്രസവശേഷം അസുഖങ്ങള്‍ ഉണ്ടാകാം. ഗര്‍ഭാവസ്ഥയില്‍ സ്‌ത്രീകള്‍ക്കുണ്ടാവുന്ന സമ്മര്‍ദത്തിന്റെ ഏറ്റക്കറച്ചിലിനനുസരിച്ചായിരിക്കും ക്രിമിനല്‍വാസനയും വളരുന്നത്‌. അക്രമസ്വഭാവം കാണിക്കുന്ന പലരുടെയും കുടുംബപശ്ചാത്തലം പരിശോധിച്ചാല്‍ ഇത്‌ മനസ്സിലാക്കാം.

കുട്ടികളുടെ ആരോഗ്യം അവരുടെ ഭ്രൂണാവസ്ഥ മുതല്‍ ശ്രദ്ധിക്കേണ്ടതാണ്‌. അമ്മയുടെ ചിന്തയും വികാരവും മനോനിലയും ശിശുക്കളെ സ്വാധീനിക്കുന്നുണ്ട്‌. ഗര്‍ഭകാലത്തെ മാനസികസമ്മര്‍ദം ശിശുക്കള്‍ക്ക്‌ ജീവിതകാലം മുഴുവനും നിലനില്‌ക്കുന്ന പ്രശ്‌നമായി മാറും. പിറവിയെടുത്തതിന്‌ ശേഷം സ്‌നേഹം ചൊരിയുന്നതിനെക്കാള്‍ ഗര്‍ഭസ്ഥശിശുവിനെ അംഗീകരിക്കാനും സ്‌നേഹിക്കാനും തയ്യാറാകുന്നതിലൂടെ താരതമ്യേന കുറ്റവാസന കുറഞ്ഞ കുട്ടികളുടെ ലോകം സൃഷ്‌ടിക്കാം. പാശ്ചാത്യരാജ്യങ്ങളില്‍ ഗര്‍ഭിണികളെ സംഗീതം കേള്‍പ്പിക്കുകയും അവര്‍ പാര്‍ക്കുന്നിടത്ത്‌ ഓമനത്തമുള്ള കുട്ടികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും പതിവാണ്‌.'' (സ്‌ത്രീ, 2010 ഡിസം. 21)

`ഓരോ കുട്ടിയും ശുദ്ധ പ്രകൃതിയോടെയാണ്‌ ജനിക്കുന്നത്‌' എന്ന നബിവചനവും ഈ കണ്ടെത്തലും തമ്മില്‍ എങ്ങനെയാണ്‌ യോജിക്കുക?
പി കെ മുസംബുലു, വേരുപാലം

അല്ലാഹു ഓരോ ബീജവും സൃഷ്‌ടിക്കുന്നത്‌ ഒരു അണ്ഡവുമായി ചേര്‍ന്ന്‌ ഭ്രൂണമായി വളര്‍ന്ന്‌ ലക്ഷണമൊത്ത ശിശുവായി ജനിക്കാന്‍ വേണ്ടിയാണ്‌. ഗര്‍ഭാശയ വ്യവസ്ഥകള്‍ കൂട്ടിയിണക്കിയിട്ടുള്ളത്‌ ഗര്‍ഭസ്ഥശിശുവിന്റെ യഥോചിതമായ വളര്‍ച്ചയ്‌ക്ക്‌ ഉതകുന്ന വിധമാണ്‌. എന്നാലും പലവിധ ഭൗതിക കാരണങ്ങളാല്‍ ചില കുട്ടികള്‍ക്ക്‌ ജന്മനാ ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങലുണ്ടാകാറുണ്ട്‌. അണുബോംബ്‌ വീണ നാടുകളിലും എന്‍ഡോസള്‍ഫാന്‍ പെയ്‌തിറങ്ങിയ നാടുകളിലും രാസവാതകം മഹാദുരന്തമായി പടര്‍ന്നുകയറിയ ഭോപ്പാലിലും മറ്റും ഇത്‌ ബീഭത്സമാംവിധം പ്രകടമാവുകയുണ്ടായി. ദൈവിക വ്യവസ്ഥ വികലമായതുകൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്‌.

ഇസ്‌ലാം വിഭാവനം ചെയ്യുന്നത്‌ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കുളിര്‍മയുള്ള സമാധാന നിര്‍ഭരമായ കുടുംബാംന്തരീക്ഷമാണ്‌. ``നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്‌ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്‌തതും അവന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളുണ്ട്‌'' (വി.ഖു 30:21). ഇത്തരം കുടംബാന്തരീക്ഷത്തില്‍ ഗര്‍ഭിണിക്കോ ഗര്‍ഭസ്ഥശിശുവിനോ നവജാതശിശുവിനോ വിവിധ പ്രായക്കാരായ കുട്ടികള്‍ക്കോ അരക്ഷിതാവസ്ഥയുണ്ടാവില്ല. ഓരോ കുട്ടിയും ശുദ്ധപ്രകൃതിയോടെ ജനിക്കുന്നത്‌ ഇങ്ങനെയുള്ള കുടുംബ സാഹചര്യത്തിലായിരിക്കും.

ഗര്‍ഭിണിയുടെ ജീവിതം അരക്ഷിതാവസ്ഥയിലാവുകയോ അവളുടെ ദുസ്സ്വഭാവങ്ങളും ദുശ്ശീലങ്ങളും അപപോഷണവും മറ്റും നിമിത്തം ഗര്‍ഭസ്ഥശിശുവിന്റെ സ്ഥിതി അരക്ഷിതമാവുകയോ ചെയ്‌താല്‍ ശിശുവിന്‌ മാനസികവും ശാരീരികവുമായ അപചയമുണ്ടാവുക സ്വാഭാവികമാണ്‌. കുറ്റവാസനയും ഈ അപചയത്തില്‍ നിന്ന്‌ ഉരുത്തിരിഞ്ഞുകൂടായ്‌കയില്ല.

ലൈംഗിക അരാജകത്വം കൊടികുത്തിവാഴുന്ന പാശ്ചാത്യ രാജ്യങ്ങളില്‍ കുടുംബത്തകര്‍ച്ച വ്യാപകമാണ്‌. ഇത്‌ നിമിത്തം ധാരാളം ഗര്‍ഭിണികള്‍ കടുത്ത മാനസിക സംഘര്‍ഷമനുഭവിക്കുന്നുണ്ടാകും. അതുകൊണ്ടാണ്‌ സംഗീതം, ചിത്രപ്രദര്‍ശനം തുടങ്ങിയ കൃത്രിമ മാര്‍ഗങ്ങളിലൂടെ സംഘര്‍ഷ ലഘൂകരണ യത്‌നങ്ങള്‍ നടത്തേണ്ടിവരുന്നത്‌. ഉത്തമ വികാരങ്ങള്‍ കൊണ്ട്‌ സമ്പുഷ്‌ടമായ ഇസ്‌ലാമിക കുടുംബാന്തരീക്ഷത്തില്‍ സംഘര്‍ഷത്തിന്റെ ലാവ പൊട്ടി ഒഴുകാന്‍ സാധ്യത വളരെ കുറവാണ്‌.

സ്‌ത്രീകളുടെ പൊതു പ്രവര്‍ത്തനം


പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കാനും രാഷ്‌ട്രീയ മേഖലയില്‍ നിലയുറപ്പിക്കാനും സ്‌ത്രീകള്‍ മുന്നോട്ട്‌ വരണമെന്ന്‌ ചിലയാളുകളും എന്നാല്‍ സ്‌ത്രീകള്‍ക്ക്‌ വീട്ടു ഭരണമാണ്‌ നല്ലതെന്നും രാഷ്‌ട്രീയരംഗത്ത്‌ അവര്‍ക്ക്‌ `ഇട'മില്ലെന്നും മറ്റു ചിലരും പറയുന്നു. ആധുനിക കാലത്ത്‌ സ്‌ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങളുടെയും വിവേചനങ്ങളുടെയും വെളിച്ചത്തില്‍ പ്രമാണബദ്ധമായി `സ്‌ത്രീയുടെ ഇട'ത്തെ വിശദീകരിക്കാമോ?

ജസ്‌ന, ചെറുവാടി

ഇത്‌ വളരെ വിശദമായി വിശകലനം ചെയ്യേണ്ട വിഷയമാണ്‌. ഈ പംക്തിയുടെ പരിമിതി അതിന്‌ അനുവദിക്കുകയില്ല. കുടുംബിനി എന്ന നിലയില്‍ ഒരു സ്‌ത്രീക്ക്‌ നിര്‍വഹിക്കാനുള്ള ബാധ്യതകളില്‍ വീഴ്‌ച വരുത്തിക്കൊണ്ട്‌ അവള്‍ മറ്റു മേഖലകളിലേക്ക്‌ തിരിയുന്നത്‌ തെറ്റാണെന്ന്‌ തന്നെയാണ്‌ ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ഭര്‍ത്താവിനോടും മക്കളോടും മറ്റു കുടുംബാംഗങ്ങളോടുമുള്ള ബാധ്യത നിര്‍വഹിക്കുന്നതോടൊപ്പം ജോലികളിലോ സേവനങ്ങളിലോ ഒരു സ്‌ത്രീ ഏര്‍പ്പെടുന്നത്‌ നിഷിദ്ധമാണെന്ന്‌ പറയാന്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍ തെളിവില്ല. മൂസാനബി(അ)യുടെ ഭാര്യ വിവാഹത്തിന്‌ മുമ്പ്‌ അജപാലനത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 28:23 സൂക്തത്തില്‍ നിന്ന്‌ വ്യക്തമാകുന്നു. സബഇലെ രാജ്ഞിയെ സംബന്ധിച്ച്‌ സൂറത്തുന്നംലിലെ 23-44 സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. രാജ്യഭരണം സ്‌ത്രീകള്‍ക്ക്‌ നിഷിദ്ധമാണെന്ന്‌ ഈ സൂക്തങ്ങളിലോ ഖുര്‍ആനിലെ മറ്റു സൂക്തങ്ങളിലോ പറഞ്ഞിട്ടില്ല. അധിക വായനയ്‌ക്ക്‌ അത്തൗഹീദ്‌ മാസിക 2010 ഏപ്രില്‍-മെയ്‌ ലക്കത്തിലെ `സ്‌ത്രീ: സംവരണം, ജോലി, അധികാരം' എന്ന ലേഖനം കാണുക.

Followers -NetworkedBlogs-

Followers