സുബ്‌ഹിന്റെ ബാങ്കില്‍ `അസ്സലാതു ഖൈറുന്‍ മിനന്നൗം' എന്ന് പറയുന്നത് ബിദ്‌അത്താണെന്ന ഒരു വാദം ഈയിടെ കേള്‍ക്കാനിടയായി. ഇങ്ങനെ ചൊല്ലുന്നതിന് വ്യക്തമായ തെളിവില്ലെന്നും സുബ്‌ഹിന് രണ്ട് ബാങ്ക് ഉണ്ടെന്നും ഒന്നാമത്തെ ബാങ്കിലാണ് ഇത് പറയേണ്ടത് എന്നും വാദമുണ്ട്. നാല് ഖലീഫമാരുടെ കാലത്തും ശേഷവും നാമിപ്പോള്‍ ചെയ്യുന്നതുപോലെയല്ലേ നടന്നിരുന്നത്. ഇതിന് സുന്നത്തില്‍ തെളിവില്ലേ?
അജ്‌മല്‍ഖാന്‍ (നിലമ്പൂര്‍)
സുബ്‌ഹിന്റെ ബാങ്കില്‍ `അസ്സ്വലാതു ഖൈറുന്‍ മിനന്നൗം' എന്ന് പറയുന്നത് സംബന്ധിച്ച് പല നിവേദക പരമ്പരകളിലൂടെ ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ചില പരമ്പരകളില്‍ വിമര്‍ശന വിധേയരോ അജ്ഞാതരോ ആയ ചില റിപ്പോര്‍ട്ടര്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും മറ്റു ചില പരമ്പരകള്‍ അന്യൂനമാണെന്ന് പൂര്‍വികരായ ഹദീസ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സുബ്‌ഹിന്റെ ബാങ്കില്‍ `ഹയ്യ അലല്‍ ഫലാഹ്' എന്ന വാക്കിനുശേഷം `അസ്സ്വലാതു ഖൈറുന്‍ മിനന്നൗം' എന്ന് പറയണമെന്ന് റസൂല്‍(സ) തന്നെ പഠിപ്പിച്ചുവെന്ന് അബൂമഹ്‌ദൂറ(റ)യില്‍ നിന്ന് അബൂദാവൂദും നസാഇയും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതിന്റെ ഒരു പരമ്പരയ്‌ക്ക് ചില ന്യൂനതകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെങ്കിലും മറ്റു രണ്ടു പരമ്പരകള്‍ അന്യൂനമാണെന്ന് ഇബ്‌നുഖുസൈമ വ്യക്തമാക്കിയിട്ടുണ്ട്.
ബാങ്ക് വിളിയില്‍ `ഹയ്യ അലല്‍ ഫലാഹ്' എന്ന വാക്കിന് ശേഷം `അസ്സ്വലാതു ഖൈറുന്‍....' രണ്ടു തവണ പറയാറുണ്ടായിരുന്നുവെന്ന് ഇബ്‌നു ഉമറില്‍(റ) നിന്ന് മെച്ചപ്പെട്ട പരമ്പരയോടെ ത്വബ്‌റാനിയും ബൈഹക്വിയും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതിന്റെ പരമ്പര അന്യൂനമാണെന്ന് യഅ്‌മുരി വ്യക്തമാക്കിയിട്ടുണ്ട്. സുബ്‌ഹിന്റെ ബാങ്കില്‍ `ഹയ്യ അലല്‍ ഫലാഹ്' എന്ന വാക്കിന് ശേഷം `അസ്സലാതു ഖൈറുന്‍...' പറയല്‍ നബിചര്യയില്‍ പെട്ടതാണെന്ന് അനസ്(റ) പറഞ്ഞതായി ഇബ്‌നു ഖുസൈമ, ദാറക്വുത്വ്‌നി, ബൈഹക്വി എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. അതിന്റെ നിവേദകപരമ്പര അന്യൂനമാണെന്ന് യഅ്‌മൂരി വ്യക്തമാക്കിയിരിക്കുന്നു. പൂര്‍വിക പണ്ഡിതന്മാരില്‍ ഒട്ടേറെ പേര്‍ സുബ്‌ഹ് ബാങ്കില്‍ `അസ്സ്വലാതു ഖൈറുന്‍ മിനന്നൗം' എന്ന പറയുന്നത് സുന്നത്താണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹനഫികളും ശീഅകളും ഇത് അനാചാരമായിട്ടാണ് ഗണിക്കുന്നതെന്ന് പറയപ്പെടുന്നു. ഇമാം ശാഫിഈയുടെ ജദീദായ (പുതിയ) അഭിപ്രായപ്രകാരം ഇത് `മക്‌റൂഹ്' (അനഭിലഷണീയം) ആണെന്ന് ശൗക്കാനി നൈലുല്‍ ഔത്വാറില്‍ (പേജ് 277) രേഖപ്പെടുത്തിയിരിക്കുന്നു. ഇത് സുബ്‌ഹിന്റെ ആദ്യബാങ്കില്‍ മാത്രം നിര്‍ദേശിക്കപ്പെട്ടതാണെന്ന് വ്യക്തമാക്കുന്ന തെളിവൊന്നും കണ്ടിട്ടില്ല.
0 അഭിപ്രായങ്ങള്‍:
Post a Comment