പെരുന്നാള്‍ വെള്ളിയാഴ്‌ചയായാല്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തവര്‍ ജുമുഅയ്‌ക്കും പങ്കെടുക്കേണ്ടതുണ്ടോ? അതല്ല അവര്‍ക്ക് ഇളവുണ്ടോ?
ശൗക്കത്തലി, ചങ്ങരംകുളം
അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ എന്നിവര്‍ സെയ്‌ദുബ്‌നു അര്‍ഖമില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: നബി(സ) പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചശേഷം ജുമുഅയുടെ കാര്യത്തില്‍ ഇളവനുവദിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: ``നമസ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നമസ്‌കരിച്ചുകൊള്ളട്ടെ.''
ഇബ്‌നുഅബ്ബാസി(റ)ല്‍ നിന്ന് ഇബ്‌നുമാജ റിപ്പോര്‍ട്ട് ചെയ്‌ത ഒരു ഹദീസ് ഇപ്രകാരമാകുന്നു. നബി(സ) പറഞ്ഞു: ``നിങ്ങളുടെ ഈ ദിവസത്തില്‍ രണ്ടു വിശേഷദിവസങ്ങള്‍ ഒരുമിച്ചുവന്നിരിക്കുകയാണ്. അതിനാല്‍ (പെരുന്നാള്‍ നമസ്‌കാരത്തില്‍ മാത്രം പങ്കെടുക്കാന്‍) വല്ലവനും ഉദ്ദേശിക്കുന്നുവെങ്കില്‍ ജുമുഅയ്‌ക്ക് പകരം അത് മതിയാവുന്നതാണ്. എന്നാല്‍ അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നാം തീര്‍ച്ചയായും ജുമുഅ നിര്‍വഹിക്കുന്നതാണ്.''
നബി(സ)യും കുറെ സ്വഹാബികളും കൂടി അന്ന് ജുമുഅ നമസ്‌കാരം നിര്‍വഹിച്ചുവെന്ന് മറ്റു ചില റിപ്പോര്‍ട്ടുകളില്‍ കാണാം. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്‌ച പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ച ആള്‍ക്ക് ജുമുഅ നമസ്‌കാരം നിര്‍ബന്ധമില്ലെന്നാണ് പൂര്‍വികരായ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. എന്നാല്‍ നബി(സ)യും സച്ചരിതരായ ഖലീഫമാരും ജുമുഅ സംഘടിപ്പിച്ചിരുന്നുവെന്ന് പല റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു. രണ്ടു നമസ്‌കാരത്തിന്റെയും പുണ്യം കരസ്ഥമാക്കണമെന്ന് ഉദ്ദേശിക്കുന്നവര്‍ക്കുവേണ്ടിയാണ് അങ്ങനെ ചെയ്‌തിരുന്നത്. ഓരോ വ്യക്തിക്കും ജുമുഅ നിര്‍ബന്ധമാണെന്ന് ഖുര്‍ആനില്‍ നിന്നും കൂടുതല്‍ പ്രാമാണികമായ ഹദീസുകളില്‍ നിന്നും ഖണ്ഡിതമായി തെളിയുന്നതിനാല്‍ അതിനെതിരില്‍ താരതമ്യേന പ്രബലമല്ലാത്ത ഉപര്യുക്ത റിപ്പോര്‍ട്ടുകള്‍ പ്രമാണമാക്കാവുന്നതല്ലെന്നാണ് ഇമാം ശാഫിഈയും ശിഷ്യന്മാരും അഭിപ്രായപ്പെട്ടത്. വെള്ളിയാഴ്‌ച പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചവന് ജുമുഅ: നമസ്‌കാരം നിര്‍ബന്ധമില്ലെങ്കിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി ഇമാം ജുമുഅ സംഘടിപ്പിക്കേണ്ടതാണ് എന്ന അഭിപ്രായത്തിന്നാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ മുന്‍ഗണന നല്‌കിയിട്ടുള്ളത്. നബി(സ)യില്‍ നിന്നും പ്രമുഖ സ്വഹാബികളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനോട് യോജിക്കുന്നതാണ് ഈ അഭിപ്രായമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നു.
0 അഭിപ്രായങ്ങള്‍:
Post a Comment