ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

സ്‌ത്രീ ദ്രോഹിയാണെങ്കില്‍ മറച്ചുവെക്കുന്നതെന്തിന്‌?


ഒരു പ്രസംഗത്തില്‍ `എന്റെ കാലശേഷം സ്‌ത്രീകളെക്കാള്‍ ഉപദ്രവകരമായ ഒരു ഫിത്‌നയും പുരുഷന്മാര്‍ക്ക്‌ വരാനില്ല' എന്നും ഒരു ലേഖനത്തില്‍ `ഭര്‍ത്താവിന്റെ സംതൃപ്‌തി നേടിയവളായിരിക്കെ വല്ല സ്‌ത്രീയും മരിച്ചാല്‍ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും' എന്നും കണ്ടു. ആദ്യത്തേത്‌ മുസ്‌ലിംകള്‍ മാത്രമുള്ള സദസ്സിലും രണ്ടാമത്തേത്‌ എല്ലാവരും വായിക്കുന്ന ഒരു പ്രസിദ്ധീകരണത്തിലുമാണ്‌ വന്നത്‌. സ്‌ത്രീയെ ഇസ്‌ലാം രണ്ടാം തരമായി കാണുന്നുവെന്നതിന്‌ തെളിവല്ലേ ഇത്‌?


എസ്‌ എം ജീന (കോഴിക്കോട്)


സ്‌ത്രീ-പുരുഷ ബന്ധത്തെ ഇസ്‌ലാം എങ്ങനെ അഭിവീക്ഷിക്കുന്നുവെന്നത്‌ ഏതെങ്കിലും ഒരു പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തേണ്ടതല്ല. സ്‌ത്രീ പുരുഷന്റെ വിപരീത ലിംഗമോ ശത്രുവോ അല്ല. ഇണയാണെന്നത്രെ വിശുദ്ധഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. അതുപോലെ തന്നെ പുരുഷന്മാര്‍ സ്‌ത്രീകളുടെ ഇണകളാണെന്നും. അസ്‌വാജ്‌ എന്ന പദമാണ്‌ ഇണകള്‍ എന്ന അര്‍ഥം കുറിക്കാന്‍ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുള്ളത്‌. 2:232 സൂക്തത്തില്‍ ഭര്‍ത്താക്കന്മാരെ കുറിക്കാനും 2:234 സൂക്തത്തില്‍ ഭാര്യമാരെ കുറിക്കാനും അസ്‌വാജ്‌ (ഇണകള്‍) എന്ന പദം പ്രയോഗിച്ചിരിക്കുന്നു. ഭര്‍ത്താവ്‌ (ഭരിക്കുന്നവന്‍), ഭാര്യ (ഭരിക്കപ്പെടുന്നവള്‍) എന്നീ പുരുഷ മേധാവിത്വ സൂചകമായ സംജ്ഞകള്‍ക്ക്‌ പകരം ഇരുവിഭാഗവും പരസ്‌പരം ഇണങ്ങിച്ചേരേണ്ടവരാണെന്ന്‌ ദ്യോതിപ്പിക്കുന്ന അസ്‌വാജ്‌ എന്ന പദപ്രയോഗം തികച്ചും നീതിയുക്തമാകുന്നു. ദാമ്പത്യത്തില്‍ ഇരുവിഭാഗത്തിനും അവകാശങ്ങളും കടമകളും തുല്യനിലയില്‍ ഉണ്ടെന്നാണ്‌ വിശുദ്ധഖുര്‍ആന്‍ സിദ്ധാന്തിക്കുന്നത്‌. അതോടൊപ്പം തന്നെ കുടുംബത്തിന്റെ മുഴുവന്‍ ചെലവും സംരക്ഷണോത്തരവാദിത്തവും വഹിക്കേണ്ട ആള്‍ എന്ന നിലയില്‍ പുരുഷന്‌ കുടുംബനാഥന്‍ എന്ന പദവി നല്‌കുകയും ചെയ്‌തിരിക്കുന്നു. ഇത്‌ ഒരു അവകാശമെന്നതിലുപരി ഒരു ബാധ്യതയാകുന്നു: ``സ്‌ത്രീകള്‍ക്ക്‌ (ജീവിത പങ്കാളികളോട്‌) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക്‌ അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്‌. എന്നാല്‍ പുരുഷന്മാര്‍ക്ക്‌ അവരെക്കാളുപരി ഒരു പദവിയുണ്ട്‌.'' (വി.ഖു. 2:228)



അല്ലാഹു നല്‌കുന്ന അനുഗ്രഹങ്ങളും മോക്ഷവും സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെയായിരിക്കുമെന്നാണ്‌ വിശുദ്ധഖുര്‍ആനില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ``അപ്പോള്‍ അവരുടെ രക്ഷിതാവ്‌ അവര്‍ക്ക്‌ ഉത്തരം നല്‌കി: പുരുഷന്നാകട്ടെ, സ്‌ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്‌ഫലമാക്കുകയില്ല. നിങ്ങളില്‍ ഓരോ വിഭാഗവും മറു വിഭാഗത്തില്‍ നിന്ന്‌ ഉത്ഭവിച്ചവരാകുന്നു'' (വി.ഖു. 3:195). ``ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട്‌ സല്‍കര്‍മം ചെയ്യുന്നപക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക്‌ നാം നല്‌കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന്‌ അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക്‌ നല്‌കുകയും ചെയ്യും.'' (വി.ഖു. 16:97)



ഫിത്‌ന എന്ന പദത്തിന്‌ ഉപദ്രവം എന്നല്ല പരീക്ഷണം എന്നാണര്‍ഥം. നല്ല കാര്യങ്ങള്‍ കൊണ്ടും ചീത്ത കാര്യങ്ങള്‍ കൊണ്ടും അല്ലാഹു മനുഷ്യരെ പരീക്ഷിക്കുമെന്ന്‌ വിശുദ്ധഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്‌: ``ഒരു പരീക്ഷണം എന്ന നിലയില്‍ തിന്മ നല്‍കിക്കൊണ്ടും നന്മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌'' (വി.ഖു 21:35). ഫിത്‌ന എന്ന പദം തന്നെയാണ്‌ ഈ സൂക്തത്തില്‍ പ്രയോഗിച്ചത്‌. ``നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും ഒരു ഫിത്‌ന (പരീക്ഷണം) ആണെന്നും അല്ലാഹുവിങ്കലാണ്‌ മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക'' (വി.ഖു. 8:28). മനുഷ്യജീവിതത്തില്‍ ഏറ്റവും പ്രിയംകരമായ സ്വത്തുകളും സന്തതികളും പരീക്ഷണമാണെന്ന്‌ അല്ലാഹു വ്യക്തമാക്കിയ സ്ഥിതിക്ക്‌ സ്‌ത്രീകള്‍ പരീക്ഷണമാണെന്ന്‌ പറഞ്ഞത്‌ അവരെ മാത്രം തരംതാഴ്‌ത്താനല്ലെന്ന്‌ വ്യക്തമാണ്‌. ധാര്‍മിക ബോധമില്ലാത്ത പുരുഷന്മാര്‍ സ്‌ത്രീകളോട്‌ എങ്ങനെ പെരുമാറുന്നു എന്ന അല്ലാഹുവിന്റെ പരീക്ഷയില്‍ പരാജയപ്പെടുന്നതിനെ സംബന്ധിച്ചാണ്‌ നബി(സ) മുന്നറിയിപ്പ്‌ നല്‌കിയത്‌. സ്‌ത്രീകളെ അവഗണിക്കുന്നതും പീഡിപ്പിക്കുന്നതും ലൈംഗികമായി ചൂഷണംചെയ്യുന്നതും പുരുഷന്മാര്‍ക്ക്‌ ഏറെ ദോഷകരമായി കലാശിക്കുമെന്ന താക്കീത്‌ സ്‌ത്രീകളെ തരം താഴ്‌ത്തലാകുന്നത്‌ എങ്ങനെയാണ്‌?



ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ സംതൃപ്‌തമായ പാരസ്‌പര്യമാണ്‌ ഇസ്‌ലാം നിര്‍ദേശിക്കുന്നത്‌. ഭാര്യ ഭര്‍ത്താവിനെതിരിലോ ഭര്‍ത്താവ്‌ ഭാര്യയ്‌ക്കെതിരിലോ വിമോചനസമരം നടത്തി കുടുംബാന്തരീക്ഷം കലുഷിതമാക്കാനുള്ള പദ്ധതി ഇസ്‌ലാമിലില്ല. അതിനാല്‍ ഒരു സ്‌ത്രീക്ക്‌ മരണം വെരയും തന്റെ ജീവിതപങ്കാളിയുടെ സംതൃപ്‌തി നേടാന്‍ കഴിയണമെന്ന്‌ നബി(സ) ഉണര്‍ത്തിയതില്‍ അസാംഗത്യമൊന്നുമില്ല.പലിശ ഇടപാടുകാര്‍ക്ക്‌

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers