റുകൂഇലും സുജൂദിലും നബി(സ) എല്ലായ്‌പ്പോഴും ഒരേ തരത്തിലുള്ള പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും തന്നെയാണോ ചൊല്ലിയിരുന്നത്? അതല്ല വ്യത്യസ്‌ത സന്ദര്‍ഭങ്ങളില്‍ പല തരത്തിലായിരുന്നുവോ?
മുഹമ്മദ് നവാല്‍ കൊച്ചി
ഈ വിഷയകമായി നബി(സ)യില്‍ നിന്ന് വ്യത്യസ്‌തമായ ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഒന്ന്, നബി(സ) റുകൂഇല്‍ സുബ്‌ഹാന റബ്ബിയല്‍ അദ്വീം എന്നും സുജൂദില്‍ സുബ്‌ഹാന റബ്ബിയല്‍ അഅ്‌ലാ എന്നും ചൊല്ലിയിരുന്നുവെന്ന് മുസ്‌ലിം, തിര്‍മിദി, അബൂദാവൂദ് തുടങ്ങിയവര്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതിന്റെ നിവേദകപരമ്പര അഥവാ സനദ് അന്യൂനമാണെന്ന് തിര്‍മിദി അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഫസബ്ബിഹ് ബിസ്‌മി റബ്ബികല്‍ അദ്വീം (വി.ഖു. 56:96) എന്ന വചനം അവതരിച്ചപ്പോള്‍ അതനുസരിച്ചുള്ള കീര്‍ത്തനം (സുബ്‌ഹാന റബ്ബിയല്‍ അദ്വീം) നിങ്ങള്‍ റുകൂഇല്‍ ചൊല്ലണമെന്ന് റസൂല്‍(സ) ഞങ്ങളോട് പറഞ്ഞുവെന്നും, സബ്ബിഹിസ്‌മ റബ്ബികല്‍ അഅ്‌ലാ (വി.ഖു. 87:1) എന്ന വചനം അവതരിച്ചപ്പോള്‍ അത് പ്രകാരമുള്ള കീര്‍ത്തനം (സുബ്‌ഹാന റബ്ബിയല്‍ അഅ്‌ലാ) സുജൂദില്‍ ചൊല്ലാന്‍ അവിടുന്ന് ഞങ്ങളോട് നിര്‍ദേശിച്ചുവെന്നും ഉഖ്‌ബത്തുബ്‌നു ആമിര്‍(റ) പറഞ്ഞതായി അഹ്‌മദ്, അബൂദാവൂദ്, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
`റുകൂഇല്‍ നിങ്ങള്‍ രക്ഷിതാവിന്റെ മഹത്വം വാഴ്‌ത്തണം' എന്ന് നബി(സ) കല്‌പിച്ചതായി ഇബ്‌നു അബ്ബാസില്‍(റ) നിന്ന് മുസ്‌ലിം, അഹ്‌മദ്, അബൂദാവൂദ്, നസാഈ എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്‌ത ഹദീസില്‍ കാണാം. റുകൂഇലും സുജൂദിലും ഈ ദിക്‌റുകള്‍ ചുരുങ്ങിയ പക്ഷം മൂന്നു പ്രാവശ്യം വീതം ചൊല്ലാന്‍ നബി(സ) നിര്‍ദേശിച്ചതായി ഇബ്‌നു മസ്‌ഊദില്‍ നിന്ന് തിര്‍മിദിയും മറ്റും ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ ആ ഹദീസിന്റെ നിവേദക പരമ്പരയ്‌ക്ക് ചില ന്യൂനതകള്‍ ഉള്ളതായി ചില ഹദീസ് പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ ഹദീസിന്റെ ചില റിപ്പോര്‍ട്ടുകളില്‍ വബിഹംദിഹി എന്ന വാക്കു കൂടിയുണ്ട്. എന്നാല്‍ അവയുടെയെല്ലാം നിവേദക പരമ്പരയ്‌ക്ക് ചില ബലഹീനതകളുണ്ട്.
രണ്ട്, നബി(സ) ഖുര്‍ആനിനെ വ്യാഖ്യാനിച്ചുകൊണ്ട് (110:3 സൂക്തത്തിലെ കല്‌പനയാണ് ഉദ്ദേശ്യം) റുകൂഇലും സുജൂദിലും സുബ്‌ഹാനകല്ലാഹുമ്മ റബ്ബനാ വബിഹംദിക അല്ലാഹുമ്മഗ്‌ഫിര്‍ ലീ എന്ന് ചൊല്ലാറുണ്ടായിരുന്നുവെന്ന് ആഇശ(റ)യില്‍ നിന്ന് ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതാണ് ഈ വിഷയകമായി ഏറ്റവും പ്രബലമായ ഹദീസ്. റുകൂഇലും സുജൂദിലും ഈ ദിക്‌റാണ് നബി(സ) കൂടുതല്‍ ചൊല്ലിയിരുന്നതെന്ന് മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍, റസൂല്‍(സ) വിയോഗത്തിന്റെ മുമ്പ് സുബ്‌ഹാനക വബിഹംദിക അസ്‌തഗ്‌ഫിറുക വഅതൂബു ഇലൈക എന്നാണ് കൂടുതലായി ചൊല്ലിയിരുന്നതെന്ന് കാണാം. മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍, സുബ്‌ഹാനക റബ്ബീ വബിഹംദിക അല്ലാഹുമ്മ ഗ്‌ഫീര്‍ലീ എന്നാണ് 110-ാം സൂറത്ത് അവതരിച്ചത് മുതല്‍ നബി(സ) എല്ലാ നമസ്‌കാരത്തിലും പ്രാര്‍ഥിച്ചിരുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ സുബ്‌ഹാനല്ലാഹി വബിഹംദിഹി അസ്‌തഗ്‌ഫിറുല്ലാഹവ അതൂബു ഇലൈഹി എന്ന് റസൂല്‍(സ) ചൊല്ലിയിരുന്നുവെന്നാണുള്ളത്. പദങ്ങളില്‍ ചെറിയ വ്യത്യാസമുണ്ടെങ്കിലും ഈ ദിക്‌റുകളുടെയെല്ലാം സാരം ഒന്നുതന്നെയാകുന്നു.
മൂന്ന്, റസൂല്‍(സ) സുജൂദില്‍ അല്ലാഹുമ്മഗ്‌ഫിര്‍ലീ ദന്‍ബീക്കുല്ലഹു ദിക്വഹു വജില്ലഹു വഅവ്വലഹു വആഖിറഹു വഅലാനിയതഹു വസിര്‍തഹു (സാരം: അല്ലാഹുവേ, എനിക്ക് എന്റെ എല്ലാ പാപവും പൊറുത്തു തരേണമേ (കുറഞ്ഞതും കൂടിയതും ആദിമവും അന്തിമവും പരസ്യവും രഹസ്യവുമായ എല്ലാ പാപങ്ങളും) എന്ന് പ്രാര്‍ഥിക്കാറുണ്ടായിരുന്നുവെന്ന് അബൂഹുറയ്‌റ(റ)യില്‍ നിന്ന് മുസ്‌ലിം, അബൂദാവൂദ് എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
നാല്, റുകൂഇലും സുജൂദിലും റസൂല്‍(സ), സുബ്ബൂഹുന്‍ ഖുദ്ദൂസുന്‍ റബ്ബുല്‍ മലാഇകതിവര്‍റൂഹി എന്ന് ചൊല്ലാറുണ്ടായിരുന്നുവെന്ന് ആഇശ(റ) അറിയിച്ചതായി മുസ്‌ലിമും അബുദാവൂദും നസാഇയും ഉദ്ധരിച്ചിരിക്കുന്നു.
അഞ്ച്, ഒരിക്കല്‍ രാത്രി നമസ്‌കാരത്തിലെ സുജൂദില്‍ ഇങ്ങനെ ചൊല്ലിയിരുന്നു: അല്ലാഹുമ്മ അഊദുബിറിദ്വാക മിന്‍ സഖത്വിക അബി മുആഫാതിക മിന്‍ ഉക്വൂബതിക വഅഊദൂ ബിക മിന്‍ക ലാഉഹ്‌സ്വീ സനാഅന്‍ അലൈക അന്‍തകമാ അസ്‌നൈത അലാ നഫ്‌സിക് (സാരം: അല്ലാഹുവേ, നിന്റെ തൃപ്‌തികൊണ്ട് നിന്റെ കോപത്തില്‍ നിന്ന് ഞാന്‍ അഭയം തേടുന്നു. നീ നല്‌കുന്ന സൗഖ്യം കൊണ്ട് നിന്റെ ശിക്ഷയില്‍ നിന്ന് ഞാന്‍ അഭയം തേടുന്നു. നിന്നില്‍ നിന്ന് നിന്നോട് തന്നെ ഞാന്‍ അഭയം തേടുന്നു. നിനക്കുള്ള സ്‌തുതി എനിക്ക് ക്ലിപ്‌തപ്പെടുത്താന്‍ കഴിയില്ല. നിന്റെ അവസ്ഥ നീ തന്നെ സ്വയം വാഴ്‌ത്തിയതുപോലെയാകുന്നു.)
ഈ വിഷയകമായി ഇങ്ങനെ വൈവിധ്യപൂര്‍ണമായ ദിക്‌റുകളും പ്രാര്‍ഥനകളും നബി(സ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്, അവിടുന്ന് എല്ലായ്‌പ്പോഴും ഒരേ ദിക്‌റല്ല ചൊല്ലിയിരുന്നത് എന്നതിന് തെളിവാകുന്നു. സുജൂദില്‍ പ്രാര്‍ഥന വര്‍ധിപ്പിച്ചുകൊള്ളാന്‍ നബി(സ) നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ ന്യായമായ ഏത് കാര്യത്തിന് വേണ്ടിയും അല്ലാഹുവോട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കാവുന്നതാണ്. എന്നാല്‍ ഐഹികനേട്ടങ്ങള്‍ക്കായി മാത്രം പ്രാര്‍ഥിക്കുന്നത് വിശുദ്ധ ഖുര്‍ആനിലെ 2:200 സൂക്തത്തിലെ മാര്‍ഗനിര്‍ദേശത്തിന് വിരുദ്ധമാകുന്നു. റുകൂഇലും സുജൂദിലും ദീര്‍ഘമായി ദിക്‌റുകളും പ്രാര്‍ഥനകളും ചൊല്ലുന്നത് നല്ലതാണെങ്കിലും രോഗികളും വൃദ്ധരും പങ്കെടുക്കുന്ന ജമാഅത്തുകളില്‍ ഇമാമുകള്‍ റുകൂഉം സുജൂദും ഏറെ ദീര്‍ഘിപ്പിക്കരുത്. ഈ വിഷയകമായി നബി(സ)യുടെ പ്രത്യേക മാര്‍ഗ നിര്‍ദേശമുണ്ട്.
1 അഭിപ്രായങ്ങള്‍:
kollam nannayittundu !!
Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Kerala Motors
Incredible Keralam
Home Nalukettu
Agriculture Kerala
Janangalum Sarkarum
injass publicrelation
Indian stockmarket
Earn money by net
incredible keralam
Post a Comment