കുഞ്ഞ് ജനിച്ചാല്‍ ചെവിയില്‍ ബാങ്ക് കൊടുക്കുന്നത് ഇസ്വ്‌ലാഹീ പ്രസ്ഥാനം അംഗീകരിച്ച ഒരു സുന്നത്തായിട്ടാണ് ഇതുവരെ മനസ്സിലാക്കിയിരുന്നത്. എന്നാല്‍ ഈയിടെ മുജാഹിദ് പ്രസ്ഥാനത്തിന്റെ ലേബലില്‍ ഒരു പണ്ഡിതന്‍, അതിനെപ്പറ്റി വന്ന ഹദീസുകളെല്ലാം ദുര്‍ബലമാണെന്നും അങ്ങനെ ഒരു സുന്നത്തില്ലെന്നും പറയുകയുണ്ടായി. കുഞ്ഞ് ജനിച്ചാല്‍ ചെവിയില്‍ ബാങ്ക് കൊടുക്കുന്നതിന്റെ വിധി എന്താണ്?
ശാസ്‌ത്രീയ സിദ്ധാന്തങ്ങളും കണ്ടുപിടുത്തങ്ങളും പോലെ ഹദീസുകളിലും പുതിയ പുതിയ കണ്ടെത്തലുകള്‍ ഉണ്ടാകുമോ? അങ്ങനെ കണ്ടെത്തുമ്പോള്‍ ഭാവിയില്‍ ഇനിയും സുന്നത്തുകളില്‍ മാറ്റത്തിരുത്തലുകള്‍ ഉണ്ടാകുമോ? ഇതുവരെ സുന്നത്താണെന്ന് പറഞ്ഞിരുന്ന ഒരു കാര്യം മറ്റൊരിക്കല്‍ ഹദീസ് ദുര്‍ബലമാണെന്ന് പറയുന്നത് ഏത് പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും?
അബൂഅയ്‌മന്‍ കുമരനല്ലൂര്‍
ചില ഹദീസുകളുടെ പ്രാമാണികത സംബന്ധിച്ച് പൂര്‍വികരായ പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ടായിട്ടുണ്ട്. ഹദീസ് വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ ഇതിന് ധാരാളം ഉദാഹരണങ്ങള്‍ കാണാം. റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയിലെ ഒന്നോ രണ്ടോ പേരുടെ വിശ്വസ്‌തത സംബന്ധിച്ച സംശയമായിരിക്കും ഇതിനു കാരണം. ചില ഹദീസുകള്‍ക്ക് ഒന്നിലേറെ പരമ്പരകളുണ്ടായിരിക്കും. അതിലൊന്ന് പ്രബലവും മറ്റൊന്നു ദുര്‍ബലവുമായെന്ന് വരാം. ഒരു പരമ്പര മാത്രമുള്ളത് തന്നെ ഒരു പണ്ഡിതന്റെ വീക്ഷണത്തില്‍ പ്രബലവും മറ്റൊരാളുടെ വീക്ഷണത്തില്‍ ദുര്‍ബലവും ആകാനിടയുണ്ട്.
തന്റെ പൗത്രന്‍ ഹുസൈന്‍(റ) ജനിച്ചപ്പോള്‍ റസൂല്‍(സ) ചെവിയില്‍ ബാങ്ക് വിളിക്കുന്നത് കണ്ടുവെന്ന് അബൂറാഫിഇല്‍ നിന്ന് ഇമാം അഹ്‌മദ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. `പൗത്രന്‍ ഹസന്‍ ജനിച്ചപ്പോള്‍' എന്നാണ് അബൂദാവൂദിന്റെയും തിര്‍മിദിയുടെയും റിപ്പോര്‍ട്ടില്‍. ഇത് സഹീഹാണെന്ന് തിര്‍മിദി പറഞ്ഞുവെന്ന് ശൗക്കാനി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആധുനിക ഹദീസ് പണ്ഡിതന്‍ നാസിറുദ്ദീന്‍ അല്‍ബാനിയുടെ വീക്ഷണത്തില്‍ ഇതിന്റെ പരമ്പര സഹീഹ് എന്ന് വിശേഷിപ്പിക്കാന്‍ അര്‍ഹമല്ല. അല്‍ബാനിയുടെ അഭിപ്രായത്തിന് മുന്‍ഗണന നല്‌കുന്നവരായിരിക്കും ഈ ബാങ്ക് സുന്നത്തല്ലെന്ന് പറയുന്നത്. അഹ്‌മദ്, അബൂദാവൂദ്, തിര്‍മിദി എന്നിവര്‍ക്ക് പുറമെ ഹാകിം, ബൈഹഖി എന്നിവര്‍ കൂടി അബൂറാഫിഇന്റെ ഹദീസ് ഉദ്ധരിച്ചിട്ടുള്ളതിനാല്‍ ഇത് ബിദ്‌അത്താണെന്ന് പറയാവുന്നതല്ലെന്നാണ് `മുസ്‌ലിം' കരുതുന്നത്.
0 അഭിപ്രായങ്ങള്‍:
Post a Comment