അഖീഖ അറക്കുന്നതിനെ കുറിച്ച് തെക്കന്‍ ജില്ലയിലെ ഒരു സലഫി പള്ളിയിലെ ഖുത്വ്‌ബയില്‍ വിവരിച്ചതിങ്ങനെ: ``അഖീഖ എന്നാല്‍ പിറന്നു വീണ കുഞ്ഞിന്റെ തലമുടി ഏഴാം ദിവസം കളയുകയും തുടര്‍ന്ന് ബലിയറുക്കുകയും ചെയ്യുന്നതിനെ സംബന്ധിച്ചാണ്. അഖീഖ എന്നു പറയുന്നതിനെ നബി(സ) വെറുക്കുന്നതായും ഉഖൂഖ് എന്നു പറഞ്ഞാല്‍ മാതാപിതാക്കളെ വെറുക്കുക എന്നാണ് അര്‍ഥമെന്നും ആയതിനാല്‍ അഖീഖ എന്നു പറയുന്നതിനു പകരം നുസ്‌ക്ക് അഥവാ ബലികര്‍മം എന്നാണ് പറയേണ്ടതെന്നും പറയുകയുണ്ടായി. പിന്നീട് ഈ ഹദീസ് ഉദ്ധരിച്ചു: നിങ്ങളില്‍ ആരുടെയെങ്കിലും പിറന്നു വീഴുന്ന കുഞ്ഞിനെ ഏഴാം ദിവസം മുടികളയുകയും നുസ്‌ക്ക് കൊടുക്കുകയും ചെയ്യട്ടെ. ജനിച്ചുവീഴുന്ന കുഞ്ഞ് ആണാണെങ്കില്‍ രണ്ടാടിനെയും ഇനി അതല്ല പെണ്‍കുഞ്ഞാണെങ്കില്‍ ഒരാടിനെയും ബലികര്‍മം ചെയ്യട്ടെ. ഇനി അങ്ങനെ ചെയ്യാത്ത പക്ഷം ആ കുഞ്ഞ് അതു നല്‌കും വരെ പണയ വസ്‌തുവായിരിക്കുന്നതാണ്.''
അങ്ങനെയെങ്കില്‍ സാമ്പത്തികമായി വളരെ ബുദ്ധിമട്ടുന്നവന്റെ കുഞ്ഞിന് ഈ ബലികര്‍മം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവിതാവസാനം വരെ ആ കുഞ്ഞ് പണയവസ്‌തുവായിരിക്കുമോ? ഇനി കുഞ്ഞ് വലിയ ആളായിക്കഴിഞ്ഞാല്‍ അവന്റെ `ബലികര്‍മം' അവന്‍ തന്നെ നിര്‍വഹിച്ചാല്‍ മതിയോ? ഒന്നില്‍ കൂടുതല്‍ കുട്ടികളുടെ ബലികര്‍മം ഒന്നായി നിര്‍വഹിക്കാമോ? അതോ സാമ്പത്തിക സ്ഥിതിയനുസരിച്ച് ഓരോന്നായി കടം വീട്ടിയാല്‍ മതിയോ?
ഫാത്തിമ മുഹമ്മദലി കൊളത്തറ
കീറി, മുറിച്ചു എന്നൊക്കെ അര്‍ഥമുള്ള അഖ്‌ഖ എന്ന ക്രിയയുമായി ബന്ധമുള്ള പദങ്ങളാണ് ഉഖൂഖും അഖീഖയും. ഉഖൂഖ് എന്നാല്‍ മാതാപിതാക്കളെ ധിക്കരിക്കലും ദ്രോഹിക്കലുമാണ്. അഖീഖ എന്ന പദത്തിന് നവജാത ശിശുവിന്റെ തലമുടി എന്നും ആ മുടി നീക്കുന്ന സന്ദര്‍ഭത്തില്‍ നടത്തുന്ന ബലി എന്നും അര്‍ഥമുണ്ട്. അഖീഖ എന്ന പദം മാതാപിതാക്കളെ വെറുപ്പിക്കുകയോ ധിക്കരിക്കുകയോ ചെയ്യുക എന്ന അര്‍ഥത്തില്‍ അറബി ഭാഷയില്‍ ഒരിക്കലും പ്രയോഗിക്കപ്പെട്ടിട്ടില്ല. നവജാത ശിശുവിന്റെ പേരിലുള്ള ബലി എന്ന അര്‍ഥത്തില്‍ നബി(സ) അഖീഖ എന്ന പദം പല തവണ പ്രയോഗിച്ചതായി ബുഖാരി ഉള്‍പ്പെടെ പ്രമുഖ ഹദീസ് ഗ്രന്ഥകര്‍ത്താക്കള്‍ ഉദ്ധരിച്ച ഹദീസുകളില്‍ കാണാം.
ഉഖൂഖ് എന്ന പദത്തിന്റെ ധാതുവുമായി ബന്ധമുള്ളതിന്റെ പേരില്‍ അഖീഖ എന്ന വാക്കിനോട് നബി(സ) അനിഷ്‌ടം പ്രകടിപ്പിച്ചതായുള്ള റിപ്പോര്‍ട്ട് പ്രബലമാണെന്ന് പൂര്‍വികരായ ഹദീസ് പണ്ഡിതന്മാര്‍ ഉറപ്പിച്ചുപറഞ്ഞിട്ടില്ല. അഖീഖ എന്ന പദം പ്രബലമായ ഹദീസുകളില്‍ വന്നിട്ടുള്ളതിനാല്‍ ഇസ്‌ലാമിക ഗ്രന്ഥങ്ങളിലെല്ലാം വിപുലമായി പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. നുസ്‌ക്, നുസുക് എന്നീ പദങ്ങള്‍ക്ക് അര്‍പ്പണമെന്നും ബലിയെന്നും അര്‍ഥമുണ്ട്. അഖീഖയെ കുറിക്കാന്‍ നുസുക് എന്ന പദം ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ പ്രയോഗിച്ചു കണ്ടിട്ടില്ല. നസീക: എന്ന പദം ചുരുക്കത്തില്‍ പ്രയോഗിച്ചുകണ്ടിട്ടുണ്ട്. ഏതായാലും ഒരു പദപ്രയോഗം ഈ വിഷയത്തില്‍ നിര്‍ണായകമല്ല.
`ഇനി അങ്ങനെ ചെയ്യാത്ത പക്ഷം ആ കുഞ്ഞ് അത് നല്‌കും വരെ പണയ വസ്‌തുവായിരിക്കുന്നതാണ്' എന്നത് ഹദീസിന്റെ ഏകദേശം ആശയമാണ്. കൃത്യമായ പരിഭാഷ `ഓരോ ആണ്‍കുട്ടിയും അവന്റെ അഖീഖയ്‌ക്ക് പണയപ്പെട്ടവനാണ്' എന്നത്രെ. അഖീഖയുടെ പ്രാധാന്യം ഊന്നിപ്പറയുന്നതാണ് ഈ നബിവചനമെങ്കിലും ഒരു കുട്ടിയുടെ പേരില്‍ അഖീഖ: അറുക്കപ്പെട്ടിട്ടില്ലെങ്കില്‍ അവന് നരകത്തില്‍ നിന്ന് മോചനമില്ലെന്നോ അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടുകയില്ലെന്നോ പൂര്‍വിക പണ്ഡിതന്മാര്‍ ഇതിന് അര്‍ഥം കല്‌പിച്ചിട്ടില്ല.
ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ അഖീഖ: നിര്‍ബന്ധമാണെന്ന് ദാഹിരിയ്യാ വിഭാഗം അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം അത് ഐച്ഛികമായ (നിര്‍ബന്ധമല്ലാത്ത) പുണ്യകര്‍മമാണെന്നത്രെ. `വല്ലവനും തന്റെ കുട്ടിയുടെ പേരില്‍ ബലിയറുക്കാന്‍ ഇഷ്‌ടപ്പെടുന്നുവെങ്കില്‍ അങ്ങനെ ചെയ്യട്ടെ' എന്നര്‍ഥമുള്ള നബിവചനമാണ് അത് നിര്‍ബന്ധമല്ലെന്നതിന് അവര്‍ ചൂണ്ടിക്കാണിച്ച തെളിവ്.
ചെറുപ്പത്തില്‍ അഖീഖ: അറുത്തിട്ടില്ലെങ്കില്‍ പ്രായപൂര്‍ത്തിക്ക് ശേഷം സ്വന്തം നിലയില്‍ അറുക്കണമെന്ന് ഹദീസുകളിലൊന്നും പറഞ്ഞിട്ടില്ല. അഖീഖയുടെ പ്രായപരിധി പ്രായപൂര്‍ത്തി വരെ മാത്രമാണെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിന് ശേഷവും അറുക്കാവുന്നതാണെന്ന് മറ്റു ചിലര്‍ പറഞ്ഞിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ കുട്ടികളുടെ പേരില്‍ ഒരു മൃഗത്തെ അറുക്കാം എന്ന് പറയാന്‍ തെളിവൊന്നും കണ്ടിട്ടില്ല. സാമ്പത്തിക ശേഷിയില്ലാത്തവര്‍ കഴിവുണ്ടാകുമ്പോള്‍ അറുത്താല്‍ മതി. അഖീഖ: സംബന്ധിച്ച പല ഹദീസുകളും പ്രാമാണികമാണ്. അതിനാല്‍ അത് സുന്നത്തല്ലെന്ന് പറയാന്‍ ന്യായമില്ല. ഇമാം അബൂഹനീഫ അങ്ങനെ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച ഹദീസുകള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടാതെ പോയതാകാനിടയുണ്ട്.
0 അഭിപ്രായങ്ങള്‍:
Post a Comment