വെള്ളിയാഴ്‌ച ദിവസം ബാങ്ക് കൊടുക്കുമ്പോള്‍ പള്ളിയില്‍ പ്രവേശിക്കുന്ന ഒരാള്‍ ബാങ്കിന് ഉത്തരം നല്‌കാന്‍ കാത്തുനില്‌ക്കേണ്ടതില്ല. മറിച്ച് അവന്‍ രണ്ട് റക്‌അത്ത് നമസ്‌കരിച്ചശേഷം ഖുത്വ്‌ബ ആദ്യം മുതല്‍ ശ്രവിക്കുന്നതിനാണ് പ്രാമുഖ്യം നല്‌കേണ്ടത് എന്ന് ഒരു ജുമുഅ ഖുത്വ്‌ബയില്‍ കേള്‍ക്കാനിടയായി. ബാങ്കിന് ഉത്തരം നല്‌കുമ്പോള്‍ ലഭ്യമാകുന്ന പുണ്യം ഇതിനാല്‍ നഷ്‌ടപ്പെടുകയില്ലേ?
അംദാന്‍ നൗഫല്‍ എറവറാംകുന്ന്
ജുമുഅയ്‌ക്ക് ബാങ്ക്‌വിളിക്കുന്ന സമയത്ത് പള്ളിയില്‍ പ്രവേശിക്കുന്ന വ്യക്തി ബാങ്ക് വിളി പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ തഹിയ്യത്ത് നമസ്‌കാരം തുടങ്ങണമെന്ന് നബി(സ) നിര്‍ദേശിച്ചതായി പ്രബലമായ ഹദീസിലൊന്നും കാണുന്നില്ല. അതിനാല്‍ ഇത് വീക്ഷണവ്യത്യാസത്തിന് സാധ്യതയുള്ള വിഷയമാണ്. മൂന്നു കാര്യങ്ങളില്‍ പൊതു നിര്‍ദേശമുള്ളതായി പ്രബലമായ ഹദീസുകളില്‍ കാണാം. ഒന്ന്, ബാങ്ക് കേള്‍ക്കുന്നവന്‍ ബാങ്കിന്റെ അതേ വാക്കുകള്‍ ഏറ്റുപറയണമെന്ന് നബി(സ) കല്‌പിച്ചിട്ടുണ്ട്. രണ്ട്, പള്ളിയില്‍ പ്രവേശിക്കുന്ന ആള്‍ രണ്ടു റക്‌അത്ത് നമസ്‌കരിച്ചിട്ടേ അവിടെ ഇരിക്കാവൂ എന്ന് നബി(സ) നിര്‍ദേശിച്ചിട്ടുണ്ട്. മൂന്ന്, ഖുത്വ്‌ബക്കിടയില്‍ പള്ളിയില്‍ കടന്നുവന്ന സുലൈക് അല്‍ ഗത്‌ഫാനി എന്ന സ്വഹാബിയോട് തല്‍സമയം രണ്ടു റക്‌അത്ത് നമസ്‌കരിക്കാന്‍ നബി(സ) കല്‌പിച്ചിട്ടുണ്ട്.
ബാങ്കിന്റെ വാക്കുകള്‍ ഏറ്റുപറയല്‍, ഖുത്വ്‌ബ ശ്രദ്ധിച്ചു കേള്‍ക്കല്‍, തഹിയ്യത്ത് നമസ്‌കാരം എന്നീ മൂന്നു കാര്യങ്ങളും നബിചര്യയില്‍ തെളിവുള്ള പുണ്യകര്‍മങ്ങളായിരിക്കെ അവയില്‍ ഏതിന് മുന്‍ഗണന നല്‌കണമെന്ന് പറയുന്നതിന് അനിഷേധ്യമായ തെളിവിന്റെയൊന്നും പിന്‍ബലമില്ല. ഖുത്വ്‌ബ ശ്രദ്ധിച്ചു കേള്‍ക്കല്‍ വളരെ പ്രധാനമാണെങ്കിലും ഖുത്വ്‌ബ നടക്കുമ്പോള്‍ തന്നെ രണ്ടു റക്‌അത്ത് (തഹിയ്യത്ത്) നമസ്‌കരിക്കാന്‍ സുലൈക് എന്ന സ്വഹാബിയോട് നബി(സ) നിര്‍ദേശിച്ചതില്‍ നിന്ന് മനസ്സിലാക്കാവുന്നത് ഖുത്വ്‌ബ ആദ്യാവസാനം പൂര്‍ണമായി കേള്‍ക്കുക എന്നതിനു വേണ്ടി ലഘുവായ രണ്ടു റക്‌അത്ത് നമസ്‌കാരം ഒഴിവാക്കാവുന്നതല്ല എന്നാണല്ലോ. നമസ്‌കാരത്തിന്റെ പ്രധാന ഘടകങ്ങള്‍ ഖുര്‍ആന്‍ പാരായണവും ദിക്‌റുകളുമാണ്. അതുപോലെ പ്രധാനപ്പെട്ട ദിക്‌റുകളാണ് ബാങ്ക് കേള്‍ക്കുമ്പോള്‍ ഏറ്റുപറയേണ്ട വാക്യങ്ങള്‍. ഖുത്വ്‌ബ മുഴുവന്‍ ശ്രദ്ധിക്കാന്‍ വേണ്ടി ആ ദിക്‌റുകള്‍ ഒഴിവാക്കണമെന്ന് പറയുന്നത് ശരിയാണോ എന്ന് സംശയമാണ്. ബാങ്കുവിളി നടക്കുമ്പോള്‍ നബി(സ)യോ സ്വഹാബികളോ ഏതെങ്കിലും നമസ്‌കാരത്തില്‍ പ്രവേശിച്ചതായി ഹദീസുകളില്‍ കാണാന്‍ കഴിയുന്നില്ല എന്ന വസ്‌തുതയും ഇതോടൊപ്പം പരിഗണിക്കേണ്ടതാണ്.
0 അഭിപ്രായങ്ങള്‍:
Post a Comment