ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

യഥാസമയം നമസ്‌കരിക്കാന്‍ കഴിയാതായാല്‍

അസര്‍ നമസ്‌കാരം മഗ്‌രിബിന്റെ കൂടെ നമസ്‌കരിക്കുന്നത്‌ കുറ്റകരമാണെന്ന്‌ പറയുന്നു. അപ്പോള്‍ കുട്ടികള്‍ ക്ലാസു കഴിഞ്ഞു വരുമ്പോള്‍ വല്ല ബ്ലോക്കിലും മറ്റും കുടുങ്ങി അസര്‍ നമസ്‌കാരത്തിന്റെ സമയം കഴിഞ്ഞുപോയാല്‍ അവര്‍ എന്തുചെയ്യും? അതിന്റെ പേരില്‍ നമസ്‌കാരം നഷ്‌ടപ്പെടുത്തുന്നത്‌ കുറ്റകരമല്ലേ?

അബൂഖദീജ കൊയിലാണ്ടിയുദ്ധരംഗത്തുപോലും ശത്രുക്കള്‍ക്കെതിരില്‍ ജാഗ്രത പുലര്‍ത്തിക്കൊണ്ട്‌ തന്നെ പോരാളികള്‍ ഊഴമിട്ട്‌ നമസ്‌കാരം നിര്‍വഹിക്കണമെന്നാണ്‌ വിശുദ്ധ ഖുര്‍ആനിലെ 4:102 സൂക്തത്തില്‍ നിന്ന്‌ മനസ്സിലാക്കാവുന്നത്‌. അതിനുപോലും സാധിക്കാത്ത വിധത്തില്‍ മുഴുവന്‍ സമയ പോരാട്ടത്തില്‍ ഏര്‍പ്പെടേണ്ടി വരുന്നതുപോലുള്ള സന്ദര്‍ഭങ്ങളില്‍ യഥാസമയം നമസ്‌കാരം നിര്‍വഹിക്കാന്‍ കഴിയാതെ പോയെന്ന്‌ വരാം. നബി(സ)ക്കും സ്വഹാബികള്‍ക്കും ചില യുദ്ധവേളകളില്‍ സൂര്യന്‍ അസ്‌തമിക്കുന്നതുവരെ അസ്വ്‌ര്‍ നമസ്‌കരിക്കാന്‍ സാധിക്കാതെ പോവുകയും പിന്നീട്‌ അവര്‍ ആദ്യം അസ്വ്‌റും പിന്നീട്‌ മഗ്‌രിബും നമസ്‌കരിക്കുകയും ചെയ്‌തതായി പ്രബലായ ഹദീസുകളില്‍ കാണാം. ഇതല്ലാതെ സ്വദേശത്ത്‌ വെച്ചോ യാത്രയിലോ നബി(സ) അസ്വ്‌റ് നമസ്‌കാരം വൈകിച്ച്‌ മഗ്‌രിബിനോട്‌ ചേര്‍ത്ത്‌ നമസ്‌കരിച്ചതായി പ്രാമാണികമായ ഹദീസുകളില്‍ കാണുന്നില്ല.

യാത്രയിലും മറ്റു അനിവാര്യ സാഹചര്യങ്ങളിലും ദ്വുഹ്‌റും അസ്വ്‌റും കൂടി ദുഹ്‌റിന്റെ സമയത്ത്‌ തന്നെ നമസ്‌കരിക്കാവുന്നതാണ്‌. അസ്വ്‌റ് യഥാസമയം നിര്‍വഹിക്കാന്‍ വലിയ പ്രയാസം നേരിടുന്ന വിദ്യാര്‍ഥികള്‍ ഉച്ചയ്‌ക്ക്‌ ലഭിക്കുന്ന ഒഴിവുസമയത്ത്‌ ദ്വുഹ്‌റിനോടൊപ്പം അസ്വ്‌റും നമസ്‌കരിക്കുകയാണ്‌ വേണ്ടത്‌. അസ്വ്‌റ് യഥാസമയം നിര്‍വഹിക്കാന്‍ കഴിയുമെന്ന്‌ പ്രതീക്ഷിച്ചെങ്കിലും ഗതാഗത തടസ്സം നിമിത്തമോ മറ്റോ അതിന്‌ സാധിക്കാതെ വരികയാണെങ്കില്‍ വാഹനത്തില്‍ ഇരുന്നുകൊണ്ട്‌ തന്നെ നമസ്‌കരിക്കാവുന്നതാണ്‌. വുദ്വൂ (അംഗശുദ്ധി) ഇല്ലെങ്കില്‍ വാഹനത്തിന്റെ ഏതെങ്കിലും ഭാഗത്ത്‌ കൈകൊണ്ട്‌ അടിച്ച്‌ മുഖവും കൈപ്പടങ്ങളും തടവിയാല്‍ (തയമ്മും ചെയ്‌താല്‍) മതി. ഇതൊന്നും സാധിക്കാത്ത സാഹചര്യമാണെങ്കില്‍ മാത്രം സൂര്യാസ്‌തമനത്തിനു ശേഷം ആദ്യം അസ്വ്‌റും പിന്നീട്‌ മഗ്‌രിബും നമസ്‌കരിക്കാം. അത്‌ പതിവാക്കേണ്ടി വരാത്ത വിധത്തില്‍ അസ്വ്‌റ് യഥാസമയം നമസ്‌കരിക്കാന്‍ തന്നെയാണ്‌ പരമാവധി ശ്രമിക്കേണ്ടത്‌, ഒരു കാരണവശാലും നമസ്‌കാരം ഉപേക്ഷിക്കാന്‍ പാടില്ല.
Category:
Reactions: 

1 അഭിപ്രായങ്ങള്‍‌:

മലയാ‍ളി said...

അസര്‍ നമസ്‌കാരം മഗ്‌രിബിന്റെ കൂടെ നമസ്‌കരിക്കുന്നത്‌ കുറ്റകരമാണെന്ന്‌ പറയുന്നു. അപ്പോള്‍ കുട്ടികള്‍ ക്ലാസു കഴിഞ്ഞു വരുമ്പോള്‍ വല്ല ബ്ലോക്കിലും മറ്റും കുടുങ്ങി അസര്‍ നമസ്‌കാരത്തിന്റെ സമയം കഴിഞ്ഞുപോയാല്‍ അവര്‍ എന്തുചെയ്യും? അതിന്റെ പേരില്‍ നമസ്‌കാരം നഷ്‌ടപ്പെടുത്തുന്നത്‌ കുറ്റകരമല്ലേ?

Followers -NetworkedBlogs-

Followers