ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

സംഘടനകളും നബിചര്യയും

`ദഅ്‌വത്തിന്‌ (പ്രബോധനത്തിന്‌) സ്വഹാബത്തും താബിഉകളും സംഘടന ഉണ്ടാക്കിയിട്ടില്ലെങ്കില്‍ പിന്നെ എങ്ങനെ നമുക്ക്‌ അതുണ്ടാക്കാനുള്ള അനുമതി ലഭിക്കും? ആരാണ്‌ ആ അനുമതി നമുക്ക്‌ നല്‌കിയത്‌? സ്വഹാബത്ത്‌ വിശ്വസിച്ചതുപോലെ വിശ്വസിച്ചാലല്ലേ നാം സന്‍മാര്‍ഗത്തിലാവുക? യഥാര്‍ഥത്തില്‍ ദുന്‍യവിയായ കാര്യങ്ങള്‍ക്ക്‌ മുസ്ലിംകള്‍ക്ക്‌ മേല്‍നോട്ടം വഹിക്കേണ്ടത്‌ മുസ്ലിംഭരണാധികാരികളും പാരത്രികവിഷയങ്ങളില്‍ മേല്‍നോട്ടം വഹിക്കേണ്ടത്‌ ഉലമാക്കളുമായിരുന്നു. അങ്ങനെയാണ്‌ പൂര്‍വസൂരികളുടെ ജീവിതത്തില്‍ നമുക്ക്‌ കാണാന്‍ കഴിയുക. പക്ഷെ, ദു:ഖത്തോടെ പറയട്ടെ, ഇന്ന്‌ ആ രണ്ട്‌ മഹനീയ പദവികളും സംഘടനകളും അതിന്റെ നേതാക്കളും കവര്‍ന്നെടുത്തു. സംഘടനകളുടെ കരാളഹസ്‌തങ്ങളില്‍ നിന്ന്‌ കുതറിമാറി സംഘടന പഠിപ്പിച്ചുകൊണ്ടിരിക്കുന്ന കക്ഷിത്വത്തിന്റെയും കിടമാത്സര്യത്തിന്റെയും വറചട്ടിയില്‍ നിന്ന്‌ സുന്നത്തിന്റെ വെള്ളി വെളിച്ചത്തിലേക്കുള്ള ഒരു ഉറച്ച കാല്‍വെപ്പ്‌ ചരിത്രം നമ്മോട്‌ ആവശ്യപ്പെടുന്നു.''

സംഘടന വേണ്ട എന്നു പറയുന്നവരുടെ ലഘുലേഖയില്‍ നിന്നു ചില വരികളാണ്‌ മുകളില്‍ ഉദ്ധരിച്ചത്‌. വിശദീകരണം പ്രതീക്ഷിക്കുന്നു.

അഫ്‌സല്‍ കൊവ്വപ്പുറം കണ്ണൂര്‍

ദഅ്‌വത്തിന്‌ വേണ്ടി സ്വഹാബികള്‍ മൈക്കും നോട്ടീസും ഉപയോഗിച്ചിട്ടില്ല എന്നതുകൊണ്ട്‌ അത്‌ രണ്ടും ഹറാമാകുമോ? ലഘുലേഖ എന്നത്‌ സ്വഹാബികളും തൊട്ടടുത്ത തലമുറകളും ദഅ്വത്തിന്‌ വേണ്ടി ഉപയോഗിച്ചിട്ടില്ലല്ലോ. ഒന്നോ രണ്ടോ വ്യക്തികള്‍ ഓരോരുത്തരെ കണ്ട്‌ സത്യത്തിലേക്ക്‌ ക്ഷണിക്കുന്നത്‌ ശരിയായ രീതിയാണെങ്കില്‍ പത്തുപേര്‌ ചേര്‍ന്ന്‌ കൂടുതല്‍ പേരെ സത്യത്തിലേക്ക്‌ ക്ഷണിക്കാന്‍ ഫലപ്രദമെന്ന്‌ തോന്നുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്‌ തെറ്റായിത്തീരുന്നതിന്റെ യുക്തി `മുസ്ലിമി'ന്‌ ബോധ്യപ്പെട്ടിട്ടില്ല. തങ്ങള്‍ ദഅ്‌വത്തിന്‌ വേണ്ടി വ്യക്തിപരമായ ശ്രമങ്ങള്‍ നടത്തിയത്‌ സംഘടിത ദഅ്‌വത്തിന്‌ നബി(സ) അനുമതി നല്‌കാത്തതുകൊണ്ടാണെന്ന്‌ സ്വഹാബികളാരും പറഞ്ഞിട്ടില്ല. അതുകൊണ്ട്‌ തന്നെ സംഘടിതമായി ദഅ്‌വത്ത്‌്‌ നടത്താന്‍ പ്രത്യേക അനുമതി അനിവാര്യമാണെന്ന്‌ വാദിക്കുന്നതിന്‌ യാതൊരു ന്യായവുമില്ല.

സ്വഹാബികളില്‍ നിന്ന്‌ ഖലീഫമാരും വാലിമാരും ഖാദ്വിമാരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും ഉലമാക്കള്‍ എന്ന ഒരു വിഭാഗത്തെ ആരും പ്രത്യേകം ഉയര്‍ത്തിക്കാണിച്ചിട്ടില്ല. ആലിം എന്ന പദവി ആര്‍ജിച്ചവര്‍ മാത്രമേ ദഅ്‌വത്ത്‌ നടത്താവൂ എന്ന്‌ നബി(സ)യോ ഖലീഫമാരോ നിഷ്‌കര്‍ഷിച്ചിട്ടില്ല. ലാഇലാഹ ഇല്ലല്ലാഹു എന്ന വാക്യത്തിന്റെ സാരം മാത്രം അറിയുന്ന ഒരാള്‍ ആ ആശയത്തിലേക്ക്‌ മറ്റൊരാളെ ക്ഷണിച്ചാലും അത്‌ ദഅ്‌വത്ത്‌ തന്നെയാണ്‌. ഒരു മേഖലയിലെ `ഉലമാക്കള്‍ എന്ന മഹനീയ പദവി'യിലുള്ളവര്‍ സംഘടിച്ച്‌ പ്രഭാഷണം നടത്തുകയോ ലഘുലേഖ തയ്യാറാക്കുകയോ ചെയ്‌താല്‍ അത്‌ ഇസ്ലാമില്‍ അനുമതിയില്ലാത്ത സംഘാടനമാകുമെന്ന്‌ സംഘടനാവിരുദ്ധര്‍ വാദിക്കുകയില്ലെന്ന്‌ കരുതുന്നു.

സ്വഹാബികള്‍ വിശ്വസിച്ചതുപോലെ വിശ്വസിച്ചാലേ നാം സ്വര്‍ഗാവകാശികളാവുകയുള്ളൂ എന്ന ആശയം കുറച്ചുപേര്‍ ചേര്‍ന്ന്‌ പ്രചരിപ്പിച്ചാല്‍ അഥവാ സംഘടിത പ്രചാരണം നടത്തിയാല്‍ അത്‌ ശിര്‍ക്കോ കുഫ്‌റോ പാപമോ ആകുമോ? ഇസ്ലാമിനോടും മുസ്ലിംകളോടും ഗുണകാംക്ഷയുള്ള ആരും സംഘടിതമായ സത്യപ്രചാരണം അനിസ്ലാമിക പ്രവണതയാണെന്ന്‌ ജല്‌പിക്കുകയില്ലെന്നാണ്‌ `മുസ്ലിം' കരുതുന്നത്‌. ഖുര്‍ആനും നബിചര്യയും പ്രചരിപ്പിക്കാനുള്ള സംഘടിത ശ്രമങ്ങളോടേ `മുസ്ലിമി'ന്‌ യോജിപ്പുള്ളൂ. അഥവാ സംഘടനകളുടെ കിടമാത്സര്യങ്ങളോടും പോരുകളോടും കുനുഷ്‌ഠുകളോടും ഒട്ടും യോജിക്കുന്നില്ല.
Category: ,
Reactions: 

2 അഭിപ്രായങ്ങള്‍‌:

Basheer Puthur said...

സംഘടിത ദഅവതും സംഘടന പ്രവര്‍ത്തനവും രണ്ടാണ്. അത് മനസ്സിലാക്കാന്‍ ശേഷിയില്ലാതവനാണ് മുസ്ലിമിലെ മറുപടിക്കാരന്‍ എന്ന തെറ്റിധാരണ എനിക്കില്ല. മറിച്ചു, അത് രണ്ടും കുട്ടിക്കുഴചാലെ വായനക്കാരനെ തെറ്റിദ്ധരിപ്പിക്കാന്‍ ഉതകു എന്നത് കൊണ്ടാണ് ഇത് രണ്ടും വേര്‍തിരിക്കാതെ തന്ത്ര പുര്‍വ്വം എഴുതിയത്.
ദഅവത്തിന് ഫലപ്രതമായ 'മാര്‍ഗങ്ങള്‍' സ്വീകരിക്കുന്നത് തെറ്റായിതീരുന്നതിന്‍റെ യുക്തി അടക്കം 'മുസ്ലിമിന്' മനസിലാവാത്ത പലതുമുണ്ട്. സഹാബികള്‍ എല്ലാവരും ആലിമുകള്‍ ആയിരുന്നു എന്ന വസ്തുത അവരുടെ ചരിത്രമറിയുന്ന ആരും നിഷേധിക്കില്ല. ആലിം, ഉലമാ തുടങ്ങിയ വിശേഷണം ഖുര്‍-ആനില്‍ പ്രസ്ഥാവ്യങ്ങലാണ്. ഇല്മു ഉള്ള ആളുകളാണ് ദഅവത് നടത്തേണ്ടത് എന്നതിനും തെളിവുകള്‍ അസംഘ്യം.
ഇന്ന് ദീനിന്‍റെയും ദഅവാതിന്‍റെയും പേരില്‍ സംഘടനയുണ്ടാക്കുകയും, പക്ഷം പിടിക്കുകയും വഴക്കും വക്കാണവും നടത്തുകയും ചെയ്യുന്ന പര സഹസ്രം 'പ്രവര്‍ത്തകരെ' മുസ്ലിമിന് ഞാന്‍ കാണിച്ചു തരാം. എന്നല്ല, സംഘടന നേതൃത്വം അന്ഗീഗരിക്കാത്തതിന്‍റെ പേരില്‍, പ്രവര്‍ത്തകര്‍ നിഷേധിച്ചു തള്ളുന്ന സ്വഹീഹായ ഹദീസുകളുടെ കണക്കു കാണിച്ചാല്‍ മുസ്ലിം നെറ്റി ചുളിക്കരുത്. ദഅവത്തിന്‍റെ പേരില്‍ സംഘടന പ്രവര്‍ത്തനം നടത്തുന്ന ദായിമാരില്‍ സുന്നത്തും തൌഹീദും അറിയാവുന്ന എത്ര പേരുണ്ട് എന്ന് ചോദിച്ചാല്‍ ബ ബ ബ പറയരുത്. അഹ്ലുസ്സുന്നതിന്‍റെ അഖീദയിലും സുന്നത്തിലും പ്രാവീണ്യവും ശരിയായ ധാരണയുമുള്ള ഒരാളെ, വെറും ഒരാളെ നിങ്ങളുടെ കുട്ടത്തില്‍ കാണിച്ചുതരാന്‍ ഞാന്‍ മുസ്ലിമിനെ വെല്ലുവിളിക്കുകയാണ്.

മുജീബ് റഹ്‌മാന്‍ ചെങ്ങര said...

>>>... അഹ്ലുസ്സുന്നതിന്‍റെ അഖീദയിലും സുന്നത്തിലും പ്രാവീണ്യവും ശരിയായ ധാരണയുമുള്ള ഒരാളെ, വെറും ഒരാളെ നിങ്ങളുടെ കുട്ടത്തില്‍ കാണിച്ചുതരാന്‍ ഞാന്‍ മുസ്ലിമിനെ വെല്ലുവിളിക്കുകയാണ്...<<<

അപ്പൊ, ബഷീര്‍ ഉസ്താദ് അങ്ങോട്ട്‌ പോയാല്‍ 'ഒരാള്‍' ഉണ്ടാവും ലെ ?

Followers -NetworkedBlogs-

Followers