ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

സ്‌ത്രീകള്‍ക്ക്‌ മാസമുറയുള്ളതുകൊണ്ടാണോ ബഹുഭാര്യാത്വം അനുവദിച്ചത്‌?

സ്‌ത്രീകളുടെ മാസമുറക്കാലത്ത്‌ ഭര്‍ത്താക്കന്മാര്‍ക്ക്‌ അവരുമായി ലൈംഗികബന്ധം നിഷിദ്ധമാക്കിയതുകൊണ്ടാണ്‌ ഇസ്ലാം ബഹുഭാര്യാത്വം അനുവദിച്ചിട്ടുള്ളതെന്നും അത്‌ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നുമുള്ള കാന്തപുരം മുസ്ലിയാരുടെ പ്രസ്‌താവനയെക്കുറിച്ച്‌ `മുസ്ലിം' എന്തുപറയുന്നു?


സുറൂര്‍ കോഴിക്കോട്‌


പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതുപോലെ തന്നെയാണ്‌ അദ്ദേഹം പറഞ്ഞതെങ്കില്‍ അത്‌ വിശുദ്ധ ഖുര്‍ആനിന്റെ പേരിലുള്ള വ്യാജാരോപണമാണെന്ന കാര്യത്തില്‍ സംശയമില്ല. ബഹുഭാര്യാത്വത്തെ മാസമുറയുമായി ബന്ധപ്പെടുത്തുന്ന യാതൊരു പരാമര്‍ശവും വിശുദ്ധ ഖുര്‍ആനിലോ പ്രാമാണികമായ നബിവചനങ്ങളിലോ ഇല്ല. ആര്‍ത്തവകാലത്ത്‌ സ്‌ത്രീകളില്‍ നിന്ന്‌ അകന്നുനില്‍ക്കണമെന്ന്‌, അഥവാ ലൈംഗികബന്ധം ഉപേക്ഷിക്കണമെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ (2:222) അനുശാസിച്ചിട്ടുണ്ട്‌. ഈ സൂക്തത്തിലോ അതിനടുത്ത സൂക്തങ്ങളിലോ ബഹുഭാര്യാത്വത്തെ സംബന്ധിച്ച്‌ പരാമര്‍ശിച്ചിട്ടേയില്ല.

4:3 സൂക്തത്തിലാണ്‌ ബഹുഭാര്യാത്വത്തെക്കുറിച്ച പരാമര്‍ശമുള്ളത്‌. അത്‌ ഇപ്രകാരമാണ്‌: ``അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക്‌ നീതിപാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്‌ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന രണ്ടോ മൂന്നോ നാലോ പേരെ വിവാഹംചെയ്‌തുകൊള്ളുക. എന്നാല്‍ (ഒന്നിലേറെ ഭാര്യമാര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹംചെയ്യുക). ഈ ഖുര്‍ആന്‍ സൂക്തം ബഹുഭാര്യാത്വത്തെ പ്രോത്സാഹിപ്പിക്കുകയോ നിരുപാധികം അനുവദിക്കുകയോ ചെയ്യുന്നില്ല. പ്രത്യുത, നീതിയില്‍ അധിഷ്‌ഠിതമാണെങ്കിലേ ബഹുഭാര്യാത്വം അനുവദനീയമാവുകയുള്ളൂവെന്ന്‌ വ്യക്തമാക്കുകയാണ്‌ ചെയ്യുന്നത്‌. ഈ സൂക്തത്തിലോ അടുത്ത സൂക്തങ്ങളിലോ മാസമുറയെ സംബന്ധിച്ച പരാമര്‍ശമേയില്ല.

ഖുര്‍ആനില്‍ നിഷ്‌കര്‍ഷിച്ച നീതി ബഹുഭാര്യമാര്‍ക്ക്‌ നിഷേധിക്കപ്പെടാതിരിക്കാന്‍ നിയമനിര്‍മാണത്തിലൂടെ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന കേരള ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ `മാസമുറ നിമിത്തം ഭോഗാവസരം നഷ്‌ടപ്പെടുന്ന പുരുഷനോട്‌ നീതിപുലര്‍ത്താനുള്ള മാര്‍ഗമാണ്‌ ബഹുഭാര്യാത്വം' എന്ന്‌ ജല്‌പിക്കുന്നത്‌ കോടതിയെ മാത്രമല്ല ഇസ്ലാമിനെയും അലക്ഷ്യമാക്കലാണ്‌. നാലു ഭാര്യമാര്‍ക്ക്‌ ഒന്നിച്ച്‌ മാസമുറയുണ്ടായാല്‍ എന്തുചെയ്യണമെന്ന്‌ മുസ്ലിയാന്മാര്‍ ഓതിയ ഏതെങ്കിലും കിതാബില്‍ ചര്‍ച്ചചെയ്‌തിട്ടുണ്ടോ എന്ന്‌ അന്വേഷിക്കുന്നത്‌ നന്നായിരിക്കും.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers