19
Feb
2009
Malayali Peringode
“ലോകത്ത് ചെറുതും വലുതുമായ നിരവധി മതസംഘടനകളുണ്ട്. ഓരോ മതവും തങ്ങളുടേതായ ദൈവങ്ങളെക്കുറിച്ച് പറയുന്നുണ്ട്. എന്നാല്‍, ഇന്നുവരെ ഒരു ദൈവത്തിന്റെയും അസ്‌തിത്വം തെളിയിക്കപ്പെട്ടിട്ടില്ല. യഹോവ, അല്ലാഹു, കൃഷ്‌ണന്‍, കുട്ടിച്ചാത്തന്‍ തുടങ്ങിയുള്ള നൂറുകണക്കിന് ദൈവങ്ങളെല്ലാം ആത്യന്തിക വിശകലനത്തില്‍ സങ്കല്‌പസൃഷ്‌ടികളും പരസ്‌പര വിരുദ്ധങ്ങളുമാണ്. യഹൂദമതവും ഇസ്ലാംമതവും ഏകദൈവത്തെക്കുറിച്ചാണ് പറയുന്നതെങ്കിലും, യഹൂദന്മാര്‍ അത് യഹോവ മാത്രമാണെന്നും മുസ്ലിംകള്‍ അത് അല്ലാഹു മാത്രമാണെന്നും വാശിപിടിക്കുന്നു. ക്രിസ്‌തുമതം പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെയുള്ള ത്രൈയേക ദൈവം എന്ന വിചിത്ര രൂപത്തിലാണ് ദൈവമെന്ന് അവകാശപ്പെടുന്നു. ഹിന്ദുമതത്തിലാകട്ടെ ആണും പെണ്ണുമൊക്കെയായി മുപ്പത്തിമുക്കോടി ദൈവങ്ങളാണുള്ളത്. ഓരോ മതത്തിന്റെയും ദൈവങ്ങള്‍ പരസ്‌പരം നിഷേധിക്കുന്നു. സത്യത്തില്‍ പ്രപഞ്ചത്തെ സൃഷ്‌ടിച്ച് പരിപാലിക്കുന്ന സര്‍വശക്തനായ ഒരു ദൈവം ഉണ്ടായിരുന്നുവെങ്കില്‍ ഇത്രത്തോളം ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന വൈരുധ്യം ദൈവസങ്കല്‌പങ്ങളില്‍ കാണുമായിരുന്നില്ല.” (സ്റ്റാര്‍ന്യൂസ് വീക്ക്, പേജ് 6) ഈ പ്രസ്‌താവനയെ മുസ്‌ലിം എങ്ങനെ നോക്കിക്കാണുന്നു.
അന്‍സാര്‍ ഒതായി
യഥാര്‍ഥത്തില്‍ ഒരു ദൈവമേ ഉള്ളൂ. മറ്റുള്ളതൊക്കെ മനുഷ്യര്‍ സങ്കല്‌പിച്ചുണ്ടാക്കുന്നതാണ്. പ്രപഞ്ചമാകെ സൃഷ്‌ടിച്ചു സംവിധാനിച്ച യഥാര്‍ഥ ദൈവത്തെ ഏത് ഭാഷയില്‍ ഏത് പേരില്‍ വിളിക്കുന്നതിനും കുഴപ്പമില്ല. പ്രപഞ്ചനാഥന്റെ മഹത്വത്തിന് നിരക്കാത്ത പേരാകരുതെന്നേ ഉള്ളൂ. അറബിഭാഷ സംസാരിക്കുന്ന യഹൂദരും ക്രിസ്‌ത്യാനികളും പ്രപഞ്ചനാഥന് `അല്ലാഹു' എന്ന പേരുതന്നെ പ്രയോഗിക്കാറുണ്ട്. യഹൂദരും ക്രൈസ്‌തവരും അറബിഭാഷയില്‍ രചിച്ചിട്ടുള്ള നിഘണ്ടുകളും വിജ്ഞാനകോശങ്ങളും പരിശോധിച്ചാല്‍ ഈ കാര്യം വ്യക്തമാകും. യഹോവ, ഖുദാ, ഗോഡ്, ദൈവം, ഈശ്വരന്‍ എന്നീ പദങ്ങള്‍ പ്രയോഗിക്കുന്നവര്‍ സാക്ഷാല്‍ പ്രപഞ്ചനാഥനെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ മുസ്‌ലിംകള്‍ക്ക് അതിനോട് ഒട്ടും വിയോജിപ്പില്ല. അല്ലാഹു എന്ന പദത്തെ സാമുദായികമോ വര്‍ഗീയമോ ആയ ഒരു ദൈവനാമം എന്ന നിലയിലല്ല ഇസ്‌ലാം പരിചയപ്പെടുത്തുന്നത്.
ക്രൈസ്‌തവ മതപ്രമാണങ്ങളായ ബൈബിള്‍ പുതിയ നിയമ പുസ്‌തകങ്ങളില്‍ ഏകദൈവത്വം പഠിപ്പിക്കുന്ന പല വചനങ്ങളുമുണ്ട്. ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട പൂര്‍വ പ്രവാചകരെല്ലാം ഏകദൈവത്വമാണ് പ്രബോധനം ചെയ്‌തത്. ത്രിയേകത്വ സങ്കല്‌പം പില്‌ക്കാലത്ത് ചര്‍ച്ച് ചമച്ചുണ്ടാക്കിയതാണ്. ഹൈന്ദവ വേദങ്ങളിലും ഉപനിഷത്തുകളിലും ഏക ദൈവത്വം പരാമര്‍ശിക്കപ്പെട്ട ഒട്ടേറെ സൂക്തങ്ങളുണ്ട്. വിവിധ നാടുകളില്‍ പല കാലങ്ങളില്‍ സാക്ഷാല്‍ ദൈവദൂതന്മാര്‍ പ്രപഞ്ചനാഥനെ സംബന്ധിച്ച് ജനങ്ങളെ പഠിപ്പിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് ഇതെല്ലാം. ദൈവദൂതന്മാരുടെ പാതയില്‍ നിന്ന് വ്യതിചലിച്ചവര്‍ ബഹുദൈവത്വ സങ്കല്‌പങ്ങള്‍ മെനഞ്ഞുണ്ടാക്കി എന്നതുകൊണ്ട് ഏകദൈവത്വത്തിന്റെ മൗലികതയ്‌ക്ക് മങ്ങലേല്‌ക്കുകയില്ല.
“പറയുക: നിങ്ങള്‍ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ (പരമകാരുണികന്‍) എന്ന് വിളിച്ചുകൊള്ളുക. ഏത് തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്‌ടമായ നാമങ്ങള്‍.'' (വി.ഖു 17:110)
പ്രപഞ്ചനാഥന്‍ മനുഷ്യര്‍ക്ക് ചിന്താസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നല്‌കിയത് അവന്റെ അപാരമായ അനുഗ്രഹമാണ്. മറ്റു ജന്തുജാലങ്ങള്‍ക്കൊന്നും ലഭിക്കാത്ത വിശേഷബുദ്ധിയും സ്വാതന്ത്ര്യവും ലഭിച്ച മനുഷ്യന്‍ തന്റെ അസ്‌തിത്വത്തെ സംബന്ധിച്ച് നേരെ ചൊവ്വേ ചിന്തിച്ചാല്‍ തന്നെ സ്രഷ്‌ടാവും പരിപാലകനുമായ ഏകദൈവത്തെ സംബന്ധിച്ച് മനസ്സിലാക്കാന്‍ കഴിയും. യാതൊരു ആശയക്കുഴപ്പവും കൂടാതെ പ്രപഞ്ചനാഥനെക്കുറിച്ച് മനസ്സിലാക്കുകയും അവനെ ആരാധിക്കുകയും ചെയ്യുന്ന ജനകോടികള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. കുറെ ആളുകള്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നതുകൊണ്ട് പ്രപഞ്ചനാഥന്നോ അവന്റെ വിനീത ദാസന്മാര്‍ക്കോ യാതൊരു നഷ്‌ടവും സംഭവിക്കാനില്ല.
1 അഭിപ്രായങ്ങള്‍:
നല്ല സംരംഭം. ദയവു ചെയ്തു ഗ്രൂപ്പിസം കൊണ്ടുവരരുതു
Post a Comment