
ജംഷീദ് നരിക്കുനി

വിശുദ്ധ ഖുര്‍ആനില്‍ രണ്ടുതരം അറിവുകളെ സംബന്ധിച്ച് പറയുന്നുണ്ട്. ഒന്ന്, ഇല്‍മുല്‍ഗൈബ്. രണ്ട്, ഇല്‍മുശ്ശഹാദ. പഞ്ചേന്ദ്രിയങ്ങളുടെ പരിധിയില്‍ വരാത്ത അഭൗതികയാഥാര്‍ഥ്യങ്ങളെ സംബന്ധിച്ച അറിവാണ് ഇല്‍മുല്‍ഗൈബ്. ഈ ജ്ഞാനം സര്‍വജ്ഞനായ ജഗന്നിയന്താവിന്റെ അധീനത്തിലാണുള്ളത്. അവന്‍ അറിയിച്ചുതരുമ്പോള്‍ മാത്രമേ മനുഷ്യര്‍ക്ക് അതില്‍ നിന്ന് വല്ലതും അറിയാന്‍ കഴിയൂ. “അവന്‍ അഭൗതിക ജ്ഞാനമുള്ളവനാണ്. അവന്‍ തന്റെ അഭൗതികമായ അറിവ് ആര്‍ക്കും വെളിപ്പെടുത്തിക്കൊടുക്കുകയില്ല; അവന്‍ തൃപ്‌തിപ്പെട്ട വല്ല ദൂതനുമല്ലാതെ. എന്നാല്‍ ആ ദൂതന്റെ മുമ്പിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തുക തന്നെ ചെയ്യുന്നതാണ്.''(വി.ഖു. 72:26,27)
പഞ്ചേന്ദ്രിയങ്ങളുടെ പരിധിയില്‍ വരുന്ന ഭൗതിക യാഥാര്‍ഥ്യങ്ങളെ സംബന്ധിച്ച അറിവാണ് ഇല്‍മുശ്ശഹാദ. ഭൗതികപ്രപഞ്ചത്തിലെ സൂക്ഷ്‌മവും സ്ഥൂലവുമായ സകല വസ്‌തുക്കളെയും സംബന്ധിച്ച പരമവും പൂര്‍ണവുമായ അറിവ് സ്രഷ്‌ടാവും രക്ഷിതാവുമായ അല്ലാഹുവിന് മാത്രമാണുള്ളതെങ്കിലും മനുഷ്യര്‍ക്ക് സ്ഥലകാല സാഹചര്യങ്ങളനുസരിച്ച് അവയില്‍ പലതിനെയും പഞ്ചേന്ദ്രിയങ്ങളും ബുദ്ധിയും ഉപയോഗിച്ച് പഠിക്കാനും വിലയിരുത്താനും കഴിയും. “പറയുക: അവനാണ് നിങ്ങളെ സൃഷ്‌ടിച്ചുണ്ടാക്കുകയും നിങ്ങള്‍ക്ക് കേള്‍വിയും കാഴ്‌ചകളും ഹൃദയങ്ങളും ഏര്‍പ്പെടുത്തിത്തരികയും ചെയ്‌തവന്‍. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ'' (വി.ഖു. 67:23). “നീ വായിക്കുക. നിന്റെ രക്ഷിതാവ് പേനകൊണ്ട് പഠിപ്പിച്ച അത്യുദാരനാകുന്നു. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു.'' (വി.ഖു. 96:3-5)
ദൈവവും ദിവ്യസന്ദേശവും ആത്മാവും മരണാനന്തരജീവിതവും മറ്റും ഭൗതികജ്ഞാനത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നില്ല എന്നതിനാല്‍ അജ്ഞേയതാവാദികള്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ഇസ്‌ലാമിന്റെ അധ്യാപനങ്ങളെ നിരാകരിക്കാന്‍ ഒരിക്കലും പര്യാപ്‌തമാകുന്നില്ല.
0 അഭിപ്രായങ്ങള്‍:
Post a Comment